29/7/12

ആണുങ്ങളില്ലാത്ത ഊരുകള്‍....... രണ്ട്‌


നിലമ്പൂര്‍ ചെമ്പ്ര കാട്ടുനായ്‌ക്ക കോളനിയിലെ മുരളീധരന്‍ അകാലത്തില്‍ മരിക്കുമ്പോള്‍ നാല്‌ കുട്ടികളുടെ അമ്മയായിരുന്നു ഭാര്യ ശാന്ത. ഇവരെ ഭര്‍തൃസഹോദരന്‍ അനില്‍കുമാര്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു കുഞ്ഞ്‌ കൂടി പിറന്നു. മദ്യ ലഹരിയില്‍ 25 ാം വയസ്സില്‍ ചാലിയാറിന്റെ കുത്തൊഴുക്ക്‌ കൈനീട്ടി വാങ്ങുകയായിരുന്നു ആ യുവാവിനെ. ഒരാഴ്‌ച കഴിഞ്ഞാണ്‌ മൃതദേഹം വികൃതമായ നിലയില്‍ നെട്ടിക്കുളത്ത്‌ നിന്ന്‌ കണ്ടെടുത്തത്‌.

അനില്‍കുമാര്‍ മരിക്കുമ്പോള്‍ ശാന്ത രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അവര്‍ പിന്നീട്‌ പ്രസവിച്ചത്‌ ഇരട്ട കുട്ടികളെയാണ്‌. ഇപ്പോള്‍ ഏഴു കുട്ടികളുടെ മാതാവായ ആ സ്‌ത്രീ ജീവിതത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു.
തൊഴിലുറപ്പ്‌ പദ്ധതിയിലെ ജോലിക്കാണിവര്‍ പോകുന്നത്‌. പക്ഷേ, ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട്‌ ഇരട്ട കുട്ടികളേയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളേയും വീട്ടിലാക്കിയാണ്‌ പോകാറ്‌. ഇവരെ ശുശ്രൂഷിക്കാനോ സമയത്തിന്‌ ഭക്ഷണം കൊടുക്കുന്നതിനോ ആരുമില്ല. വീടിന്‌ പുറത്ത്‌ ആനയടക്കമുള്ള വന്യ മൃഗങ്ങളുടെ ഭീഷണിയുമുണ്ട്‌. തൊട്ടുതാഴെയുള്ള വീട്ടില്‍ ഭര്‍ത്താവിന്റെ പ്രായം തളര്‍ത്തിയ മാതാപിതാക്കളുണ്ട്‌. മന്ദനും മാതിയും. ഇവരെ ശ്രുശൂഷിക്കാനും ആരുമില്ല. ഏഴ്‌ മക്കളുടെ മാതാവായ ശാന്തക്ക്‌ വിധവാപെന്‍ഷന്‍ പോലും ലഭിക്കുന്നില്ല.
എസ്‌ റ്റി പ്രമോട്ടറായ സരോജിനിയുടെ ഭര്‍ത്താവ്‌ കൃഷ്‌ണന്‍ കഴിഞ്ഞ വിഷുവിന്‌ വെട്ടേറ്റാണ്‌ മരിച്ചത്‌. ശാന്തനും സാമൂഹികമായി ഇടപെടുന്നയാളുമായ കൃഷ്‌ണനെ കോളനിയിലെ നാഗരാജാണ്‌ വെട്ടിയത്‌. ഇരുവരും മദ്യപിച്ചുണ്ടായ തര്‍ക്കം കൊലയില്‍ കലാശിച്ചു. ഇതോടെ അഞ്ച്‌ കുട്ടികള്‍ക്കാണ്‌ അച്ഛനില്ലാതായത്‌. ഇന്ന്‌ അമ്മയുടെ തണലില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട ഈ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സരോജിനി പാടുപെടുകയാണ്‌.
മാസങ്ങള്‍ക്കു മുമ്പാണ്‌ ചോക്കാട്‌ നാല്‍പത്‌ സെന്റ്‌ ഗിരിജന്‍ കോളനിയില്‍ നാല്‍പതു കാരിയായ യുവതി ഭര്‍ത്താവിനെ തോര്‍ത്ത്‌ മുണ്ട്‌ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയത്‌. ഭര്‍ത്താവിന്റെ സംശയ രോഗമായിരുന്നു കൊലയിലേക്ക്‌ നയിച്ചത്‌. മദ്യ ലഹരിയില്‍ ഭര്‍ത്താവ്‌ യുവതിയെ മര്‍ദിച്ചു. ഇതാണ്‌ കൊലവിളിയിലൊടുങ്ങിയത്‌. യുവതി ഇന്ന്‌ ജയിലിലാണ്‌. ഇതോടെ മൂന്ന്‌ കുഞ്ഞുങ്ങളുടെ ഭാവിയിലും ഇരുള്‍ പരന്നു.


വല്ലപ്പുഴ കോളനിയിലെ രാജു ഒരു വര്‍ഷം മുമ്പ്‌ കുത്തേറ്റ്‌ മരിച്ചു. 25 വയസ്സുണ്ടായിരുന്ന രാജുവിനെ കൊലപ്പെടുത്തിയത്‌ സുഹൃത്ത്‌ സുന്ദരനായിരുന്നു. അവിഹിത ബന്ധമുണ്ടെന്ന സംശയം ചോദ്യം ചെയ്‌തത്‌ കുടിച്ച്‌ സമനില തെറ്റിയപ്പോഴായിരുന്നു. കുത്തേറ്റ്‌ വീണത്‌ രാജു. ഇന്ന്‌ 22 വയസ്സ്‌ മാത്രമുള്ള രാജുവിന്റെ വിധവ ശാലിനി രണ്ട്‌ കുഞ്ഞുങ്ങളേയും കൊണ്ട്‌ ചെറിയമ്മയുടെ വീട്ടില്‍ അഭയാര്‍ഥിയാണ്‌. ഇവര്‍ക്ക്‌ പോകാന്‍ സ്വന്തമായൊരു വീട്‌ പോലുമില്ല.
ചുങ്കത്തറ പഞ്ചായത്തിലെ ശാന്തയുടെ ഭര്‍ത്താവ്‌ ചന്ദ്രന്‍ രണ്ട്‌ വര്‍ഷം മുമ്പാണ്‌ വീടിന്റെ ഉത്തരത്തില്‍ തൂങ്ങി ആടിയത്‌. മരിക്കുമ്പോള്‍ 28 വയസ്സേയുണ്ടായിരുന്നുള്ളൂ. മൂന്ന്‌ കുട്ടികളേയും കൊണ്ട്‌ നരകിക്കുകയാണിന്ന്‌ ശാന്ത. ഇളയ കുഞ്ഞിന്‌ ഹൃദയ സംബന്ധമായ അസുഖത്തിനുള്ള ചികിത്സയും ശാന്തയുടെ ചുമലിലാണ്‌. ആശ്വാസം പകരാന്‍പോലും മറ്റൊരാളില്ലെന്നാണ്‌ ഇവരുടെ പരാതി.


നിലമ്പൂര്‍ പാടിക്കുന്ന്‌ കോളനിയിലെ ചന്ദ്രന്‍ തൂങ്ങിയാണ്‌ മരിച്ചത്‌. ഇതോടെ അഞ്ച്‌ കുഞ്ഞുങ്ങളേയും കൊണ്ട്‌ 36 കാരിയായ ഗീത ഒറ്റപ്പെട്ടു. മൂന്ന്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമാണിവര്‍ക്കുള്ളത്‌. അയല്‍ വീടുകളില്‍ വീട്ടുജോലിക്ക്‌ പോയാണ്‌ ഇവര്‍ ഇപ്പോള്‍ കുട്ടികളെ പോറ്റുന്നത്‌. ഒരു വര്‍ഷം മുമ്പ്‌ നിലമ്പൂരിലെ പെരുമുണ്ട കോളനിയില്‍ ഒരു യുവാവ്‌ തൂങ്ങി മരിച്ചു. ഈ മരണവീട്ടില്‍ പോയതുമായുണ്ടായ തര്‍ക്കമാണ്‌ വല്ലപ്പുഴ കോളനിയിലെ രാജേഷും സുമിതയും തമ്മിലെ കലഹത്തിന്‌ വഴി മരുന്നിട്ടത്‌. ഒടുവില്‍ രാജേഷ്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ വെച്ചാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന സുമിത രണ്ട്‌ കുഞ്ഞുങ്ങളേയും കൊണ്ടാണ്‌ വേദന തിന്ന്‌ കഴിയുന്നു.
കഴിഞ്ഞ വിഷു ആഘോഷിക്കാന്‍ രാവിലെ ബാറിലേക്കിറങ്ങിയതായിരുന്നു മുപ്പത്‌കാരനായ മധു. ആഘോഷം കഴിഞ്ഞ്‌ തിരിച്ച്‌ വരുമ്പോള്‍ ചാലിയാറില്‍ കുളിക്കാനിറങ്ങി. ഒരാഴ്‌ച കഴിഞ്ഞാണ്‌ വികൃതമായ നിലയില്‍ ആ ശരീരം തിരിച്ച്‌ കിട്ടിയത്‌. മുതീരി കോളനിയില്‍ സ്‌ത്രീ മരിച്ചത്‌ ഭര്‍ത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പുറപ്പെട്ടവഴിയില്‍ ബൈക്ക്‌ തട്ടിയായിരുന്നു. അവരും മദ്യപിച്ചിരുന്നു.
മറ്റൊരു വിഷുദിനത്തില്‍ നിലമ്പൂരില്‍ നിന്നും വീട്ടിലേക്ക്‌ അരി വാങ്ങി വരികയായിരുന്ന 45 കാരന്‍ ചാലിയാറില്‍ കാല്‍തെറ്റിയാണ്‌ വീണത്‌. ജീര്‍ണിച്ച ശരീരമാണ്‌ പിന്നെ കിട്ടിയത്‌. ആവശ്യത്തിലധികം മദ്യം അകത്താക്കിയിരുന്ന ഇദ്ദേഹം അത്യാവശ്യത്തിനുള്ളത്‌ മടിയിലും സൂക്ഷിച്ചിരുന്നു. തണ്ടംകല്ല്‌ കോളനിയിലുള്ള നാല്‍പതുകാരന്‍ വാണിയമ്പുഴയിലുള്ള വനവിഭവ കേന്ദ്രത്തില്‍ ഈന്ത്‌ കായ നല്‍കി തിരികെ വരുമ്പോഴായിരുന്നു പുഴയില്‍ വീണത്‌. രണ്ട്‌ ദിവസം കഴിഞ്ഞു മൃതദേഹം പൊങ്ങാന്‍.
ചെറിയ ചെമ്പന്‍, അമ്പുമലയിലെ ചെറിയ ചേന്ദന്‍, വെണ്ണക്കോട്ടെ കര്‍ക്കിടകന്‍, സുരേഷ്‌, പാക്കിരി ബാലന്‍, പണപ്പന്‍പൊയില്‍ ചന്ദ്രന്‍, മൊടവണ്ണയിലെ കുട്ടന്‍, പൂളപ്പൊടി ചന്ദ്രന്‍, നെടുങ്കയത്തെ ഗോപാലന്‍, ചോലശ്ശേരിക്കുന്നന്‍ സുകുമാരന്‍, ഇങ്ങനെ 64 ഓളം മരണങ്ങള്‍. ദുരൂഹതയുടെ ദുര്‍ഭൂതങ്ങള്‍ നിലമ്പൂര്‍ കാടുകളിലെ ഊരുകളില്‍ ഇപ്പോഴും അലഞ്ഞ്‌ നടക്കുന്നുണ്ട്‌. എന്തായിരുന്നു ഇവരുടെയെല്ലാം മരണത്തിന്‌ പിന്നിലെ കാരണം. പരിഹരിക്കപ്പെടാനാകാത്ത പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ്‌ കുടുംബങ്ങള്‍ പറയുന്നത്‌. അത്‌ സ്ഥിരീകരിക്കുന്നു ഈ പഞ്ചായത്തുകളിലെ എസ്‌ റ്റി പ്രമോട്ടര്‍മാര്‍.

ചുവടുറപ്പിക്കുന്ന ലഹരി മാഫിയ
ആത്മഹത്യ ചെയ്യാന്‍ പല വഴികളാണ്‌ മനുഷ്യര്‍ സ്വീകരിക്കുന്നത്‌. വിഷം കഴിച്ചുള്ള മരണങ്ങളായിരുന്നു ആദ്യകാലത്ത്‌ ഏറ്റവും കൂടുതല്‍. (35. 5 ശതമാനം). തൂങ്ങി മരണം രണ്ടാമതും (32.8 ശതമാനം). തീപ്പൊള്ളല്‍ (8.7%) മുങ്ങി മരണം(7.3%) തൊട്ടുതാഴെയും. അടുത്തകാലത്ത്‌ ആത്മഹത്യ ചെയ്‌തവരില്‍ 21 ശതമാനവും ആദിവാസി മേഖലയില്‍ നിന്നുള്ളവരായിരുന്നു. നിലമ്പൂര്‍ മേഖലയിലെ ആദിവാസി മരണങ്ങളെല്ലാം മദ്യം കഴിച്ചായിരുന്നു. ഇവര്‍ക്ക്‌ ഭക്ഷണം വേണ്ട, മദ്യം മാത്രം മതി എന്നതാണ്‌ അവസ്ഥ. ആഢ്യന്‍പാറയിലെ ടൂറിസ്റ്റ്‌ ഗൈഡ്‌ ജാന്‍സി പറയുന്നു: തൂങ്ങി മരിച്ചവരും തീപ്പൊള്ളലേറ്റവരും വെള്ളത്തില്‍ ചാടിയവരും അമിതമായി മദ്യപിച്ചിരുന്നു. വെള്ളത്തില്‍ കുളിക്കാനിറങ്ങിയവരൊന്നും ആത്മഹത്യചെയ്യാന്‍ ഒരുങ്ങിയവരായിരുന്നില്ല. ഇവരുടെ എല്ലാം പ്രായം ഇരുപത്തിയഞ്ചിനും നാല്‍പതിനും മധ്യേയായിരുന്നു. ഇവരുടെ മരണത്തോടെ ഭാര്യമാര്‍ വിധവകളായി. കുട്ടികള്‍ അനാഥരായി. അനാശാസ്യത്തിലേക്കും ചൂഷണങ്ങളുടെ കൈകളിലേക്കുമാണിവരില്‍ പലരും പിന്നെ പിച്ചവെച്ചത്‌.
അതിനവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കോളനികളിലെ ചിലര്‍ തന്നെ മുന്നോട്ട്‌ വരുന്നു. പുറമെ നിന്ന്‌ സഹായിക്കാന്‍ കള്ളവാറ്റുകാരുണ്ട്‌. പിറകില്‍ മദ്യമാഫിയകളും. അവരുടെ പിടിയിലാണ്‌ ഇന്ന്‌ കോളനികളുടെ ഭരണം. ഇത്‌ നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികളുടെ മാത്രം ചിത്രമല്ല. കേരളത്തിലെ മിക്ക ആദിവാസി ഊരുകളുടേയും ചരിത്രമാണ്‌. സംസ്ഥാനത്ത്‌ മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയാകുന്നത്‌ ആദിവാസികളാണ്‌. അക്രമത്തിന്‌ ഇരയാകുന്നവരിലും അവരുണ്ട്‌ മുമ്പില്‍.
വിവിധ തരത്തിലായി 1368 പീഡനങ്ങളാണ്‌ സംസ്ഥാനത്ത്‌ ഇവര്‍ക്കെതിരെ നടന്നത്‌. 138 സ്‌ത്രീകള്‍ മാനഭംഗത്തിന്‌ ഇരയായി. 57 സ്‌ത്രീകളെ തൊഴിലിടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചു. 53 കുട്ടികള്‍ കൈയേറ്റത്തിനിരയായി. 529 പേരെ ശാരീരികമായി പീഡിപ്പിച്ചു. 529 കുടുംബങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. 66 കുടുംബങ്ങളുടെ വീട്ടു സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടു. എന്നിട്ടും ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഫലപ്രദമായ നിയമം നോക്കുകുത്തിയായി തുടരുന്നു.


ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയിട്ടും ഈ നിയമമനുസരിച്ച്‌ കേരളത്തില്‍ കേസെടുത്തത്‌ 236 സംഭവങ്ങളില്‍ മാത്രമാണ്‌. ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കോളനിയാണ്‌. ജില്ലാ കലക്‌ടറും പരിവാരങ്ങളും കോടതി നിര്‍ദേശപ്രകാരം ഇവിടെ സന്ദര്‍ശിച്ചിരുന്നു. പോഷകാഹാര കുറവിന്റെ കെടുതികള്‍ അനുഭവിക്കുന്നവരാണ്‌ കോളനിവാസികളെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്‌. അന്ന്‌ കോടതിയുടെ കണ്ണില്‍ പൊടിയിടാനായി ചില ജാലവിദ്യകള്‍! പക്ഷേ, ഇന്ന്‌ എന്താണ്‌ ഈ കോളനിയുടെ അവസ്ഥ....? മദ്യമാഫിയകളും കള്ളവാറ്റുകാരും തന്നെയാണിവിടെ അധികാരം കുറിച്ചിരിക്കുന്നത്‌. എങ്ങനെയാണ്‌ കോളനികളില്‍ മദ്യമാഫിയ പിടി മുറുക്കുന്നത്‌...? അതേക്കുറിച്ച്‌.....

2 അഭിപ്രായങ്ങൾ:

  1. സാക്ഷരതാകേരളത്തിന്‍റെ ഗതി.?
    വരികളില്‍ ഗ്യാപ്പുണ്ടായാല്‍ നന്ന്.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  2. ഇതൊന്നും കാണുവാൻ അധികാരി വർഗ്ഗങ്ങൾ തയ്യാറാവുന്നില്ലേ...
    ബിഹാറിലെയും സോമാലിയയിലേയും പട്ടിണിക്കഥകൾ ഘോരഘോരം പ്രസംഗിക്കുന്ന നമ്മുടെ മനുഷ്യസ്നേഹികളൊക്കെ എവിടെ?
    56-ആം പ്രതിയെ അറസ്റ്റ് ചെയ്യുന്നത് മുൻപേജിൽ വാർത്ത കൊടുക്കാനും സെലിബ്രിറ്റി മരണങ്ങൾ ലൈവായി റിപ്പോർട്ടു ചെയ്യാനും മാത്രമായി അധഃപതിച്ചു പോയല്ലോ നമ്മുടെ ദ്ര്‌ശ്യമാധ്യമങ്ങൾ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നുന്നു...

    മറുപടിഇല്ലാതാക്കൂ