ദിവസവും അന്‍പത് രൂപ മാറ്റിവെക്കൂ...അതുവഴി നിങ്ങള്‍ക്കൊരു എ സി സ്വന്തമാക്കാം. കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന നട്ടുച്ചയ്ക്ക് കോഴിക്കോട്ടെ ഒരു പ്രമുഖ ഇലക്‌ട്രോണിക് സ്ഥാപനം റേഡിയോയിലൂടെ നല്‍കുന്ന പരസ്യവാചകമാണിത്. സാധാരണക്കാരേകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരസ്യം. അത്‌കൊണ്ട് തന്നെ എ സി വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് നടക്കുന്നത്. ദിനംപ്രതി അന്‍പതോളം എ സികള്‍ വരെ വിറ്റിരിക്കുന്നു ഈ സീസണില്‍ കോഴിക്കോട്ടെ വ്യാപാരികള്‍. പാലക്കാട് ജില്ലയിലും റിക്കാര്‍ഡാണ് എ സി വില്‍പ്പനയില്‍. നിത്യ വരുമാനക്കാരുടെ കണക്ക് ഇതിന് പുറത്താണ്. 17,500 മുതല്‍ മുകളിലോട്ടാണ് എയര്‍ കണ്ടീഷണറിന്റെ വില. അത് 35000 രൂപവരെ യെത്തുന്നു. ഇതിന് മധ്യത്തിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ സീസണില്‍ എ സിയുടെ ആവശ്യക്കാരായി എത്തിയവരില്‍ എഴുപത് ശതമാനവും സാധാരണക്കാരാണന്നാണ് മാവൂര്‍ റോഡിലെ വ്യാപാരി അഷ്‌റഫ് പറയുന്നത്. വിപണിയിലെത്തുന്ന ഫാനുകളുടെ കമ്പനികളുടെ പേരുകള്‍ എണ്ണിയാലൊടുങ്ങില്ല. പ്രത്യേക പേരുകളില്ലാത്തവ വേറെയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫാന്‍ മതിയാകുന്നില്ല പാവങ്ങള്‍ക്ക് പോലും. എയര്‍ കണ്ടീഷന്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും സാര്‍വത്രികമാകുകയാണ്. ഫാനും എസിയുമില്ലാത്ത ജീവിതം ഓര്‍ക്കാന്‍ കൂടി വയ്യാതായിരിക്കുന്നു. എ സി യായാലും ഫാനായാലും രണ്ടും ആരോഗ്യത്തിന് ഹാനികരവും വിവിധ രോഗങ്ങള്‍ സംഭാവന ചെയ്യുന്നതുമാണെന്ന അറിവ് എത്ര പേര്‍ക്കുണ്ട്...?
ഭൂമിയിലെ സകല ജീവികളും ശുദ്ധവായുവാണ് ശ്വസിക്കുന്നത്. അവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനുഷ്യന്‍ മാത്രം ഫാനിന്റേയും എ സിയുടേയും കൃത്രിമതണുപ്പ് സ്വയം തിരഞ്ഞെടുക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടി പടലങ്ങള്‍ ഇളകി അവ ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ഇതുവഴി തുമ്മല്‍ ശ്വാസതടസ്സം, മൂക്കടപ്പ്, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നുണ്ട്. എ സി പുറത്ത് വിടുന്ന ത് ക്ലോറോ ഫ്‌ളൂറോ എന്ന കാര്‍ബണാണ്. ഇത് മാരകമാണ്. എ സി യുടേയും ഫാനിന്റേയും കീഴില്‍ ഇരിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നില്ല. അതും അപകടമാണ്.
ശരീരത്തെ വിയര്‍ക്കാന്‍ വിടുകയാണ് ചെയ്യേണ്ടത്. ശരീരത്തില്‍ അസംഖ്യം മാലിന്യങ്ങളും വിഷവസ്തുക്കളും രൂപം കൊള്ളുന്നുണ്ട്. അവയെ പുറത്ത് വിട്ടു കൊണ്ടേയിരിക്കുന്ന പ്രക്രിയയിലാണ് ശരീരം ഏര്‍പ്പെടുന്നത്. മലവും മൂത്രവും വിയര്‍പ്പും കഫങ്ങളും കാര്‍ബണ്‍ഡയോക്‌സൈഡും എല്ലാം പുറം തള്ളേണ്ടതാണ്. എന്നാല്‍ എ സി യുടെയും ഫാനിന്റേയും കൃത്രിമക്കാറ്റില്‍ ശരീരത്തിനാ ധര്‍മം നിര്‍വഹിക്കാനാകുന്നില്ല. ഇതെല്ലാം സമീപ ഭാവിയില്‍ പ്രത്യാഘാതമുണ്ടാക്കുക തന്നെ ചെയ്യും. എ സി പുറത്ത് വിടുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണിന്റെ ദുരിതം കാണാന്‍ പോകുന്നതേയുള്ളൂ.
പ്ലാസ്റ്റിക്കില്‍ നിന്ന്
മാരക രോഗങ്ങള്‍
പ്ലാസ്റ്റിക് വിതക്കുന്ന ദുരന്തങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്നും വേണ്ടത്ര ബോധവാന്‍മാരല്ല നമ്മള്‍. ആ ദുരന്തത്തില്‍ നിന്ന് തിരിച്ച് കയറാനുള്ള പോംവഴികളും തുറക്കപ്പെട്ടിട്ടില്ല. പ്ലാസ്റ്റിക് തരുന്ന രോഗങ്ങള്‍ ഭീകരമാണ്. വര്‍ഷം തോറും 15 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ലോകത്തിന് ആവശ്യമുള്ളത്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയുടെ ഉപഭോഗം 22 ലക്ഷം ടണ്ണായിരുന്നു. പ്രതിവര്‍ഷം 20 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികള്‍ കേരളത്തില്‍ മാത്രം ഉപേക്ഷിക്കപ്പെടുന്നുണ്ട്. കവറുകളുടെ കണക്ക് കോടാനുകോടിയാണ്.
പ്ലാസ്റ്റിസിറ്റി എന്ന വാക്കില്‍ നിന്നാണ് പ്ലാസ്റ്റിക് എന്ന പേര് വന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ശുദ്ധമായ പ്ലാസ്റ്റിക് കൊണ്ട് മാത്രം നിര്‍മിക്കുന്നവയല്ല. കോള്‍ടാര്‍ ചായങ്ങളും അസോ നൈട്രോ, കാര്‍ബോണിക് ചായങ്ങളും ഇവയില്‍ പ്രധാനമായും ചേര്‍ക്കുന്നു. അര്‍ബുദത്തിന് കാരണമായി തീരുന്നവയാണിത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യങ്ങളും ഇവ സൃഷ്ടിക്കുന്നുണ്ട്. ഘര്‍ഷണം കുറക്കാനായി കൊഴുപ്പമ്ലങ്ങള്‍, ക്ലോറിനേറ്റഡ് പാരഫിനുകള്‍, ഘനലോഹ സോപ്പുകള്‍ തുടങ്ങിയ ലൂബ്രിക്കന്റുകളും ഉപയോഗിക്കുന്നുണ്ട്. ഈ ലോഹങ്ങള്‍ എല്ലുകള്‍ ദഹിപ്പിക്കുകയും ഞരമ്പു രോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്നതും സംശയമില്ലാതെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
അപകടം വിതക്കാന്‍
പി വി സി പൈപ്പുകള്‍
പി വി സി പൈപ്പുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റി സൈസറുകള്‍ അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കുന്ന വിഷ വസ്തുക്കളാണ്. പി വി സി പൈപ്പുകളിലെ പ്ലാസ്റ്റിസൈസര്‍ കാലക്രമേണ നഷ്ടപ്പെടും. അത് കൊണ്ടാണ് പൈപ്പുകള്‍ പൊടിഞ്ഞ് പോകുന്നത്. പൊതുജല വിതരണത്തിനുപയോഗിക്കുന്ന പൈപ്പുകളിലെ പ്ലാസ്റ്റിസൈസര്‍ ജലത്തില്‍ കുറേശ്ശെയായി കലര്‍ന്ന് കൊണ്ടിരിക്കും. ഭക്ഷണ സാധനങ്ങള്‍ വഴിയും വെള്ളം വഴിയും ഇത് മനുഷ്യ ശരീരത്തിലെത്തുന്നു. ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതില്‍ സ്‌പെറം കൗണ്ട് എന്ന പ്ലാസ്റ്റിസൈസറുകള്‍ക്ക് കാര്യമായ പങ്കുണ്ട്. ജല വിതരണപൈപ്പുകള്‍, ഭക്ഷ്യ വസ്തുക്കളുടെ പാക്കിംഗുകള്‍, ശീതള പാനീയങ്ങളുടെ കപ്പുകള്‍ തുടങ്ങിയവക്ക് വേണ്ടിയാണ് ഈ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്. കാന്‍സര്‍, ബ്രോങ്കൈറ്റീസ്, ത്വക്ക് രോഗങ്ങള്‍, പിത്താശയ രോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളില്‍ കാണപ്പെടുന്ന ബുദ്ധിമാന്ദ്യവും വൈകല്യങ്ങളും എല്ലാം ഇവയില്‍ നിന്ന് മാത്രം ഉണ്ടാകുന്നതാണ്.
പോളിസ്റ്റൈറീന്‍ എന്ന തരം പ്ലാസ്റ്റിക് കൊണ്ടും ഒട്ടേറെ അസുഖങ്ങള്‍ നമ്മെ പിടികൂടുന്നു. മത്സ്യം, മാംസം, നെയ്യ് എന്നിവയുടെ കണ്ടെയ്‌നറുകള്‍, പ്ലെയ്റ്റുകള്‍, ഓഡിയോ കാസറ്റുകളുടെ കെയ്‌സുകള്‍, സി ഡി കേയ്‌സുകള്‍, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന കപ്പുകള്‍, ച്യൂയിംഗം തുടങ്ങിയവയാണ് ഇത്‌കൊണ്ട് ഉദ്പാദിപ്പിക്കുന്നവയില്‍ ചിലത്. ഇതില്‍ നിന്ന് സ്റ്റൈറീന്‍ ഭക്ഷ്യ വസ്തുക്കളില്‍ കലരുകയും അതുവഴി ശരീരത്തിലെ കൊഴുപ്പില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന രാസവസ്തുക്കള്‍ ലിംഫാറ്റിക് ക്യാന്‍സറിന് കാരണമാകും. മരവിപ്പ്, ബോധക്ഷയം എന്നിവയും ഇതുവഴി ഉണ്ടാകും.
കാരി ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, വീട്ടുപകരണങ്ങള്‍, പാല്‍ക്കവറുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പോളിത്തീന്‍ പ്ലാസ്റ്റിക്കും ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പൊളിത്തീനില്‍ ചേര്‍ക്കുന്ന ചായവും ആന്റി ഓക്‌സിഡന്റുകളും അര്‍ബുദത്തിന് കാരണമാകുന്നതായി കോഴിക്കോട്ടെ കേരള ശാസ്ത്ര പരിഷത്ത് പ്രവര്‍ത്തകനായ പ്രൊഫ. കെ എം ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ ചൂണ്ടിക്കാട്ടുന്നു. തുണിത്തരങ്ങളും കിടക്കകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോളിസ്റ്ററുകള്‍ ശ്വസന നാളത്തിലെ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നതായും അദ്ദേഹം പറയുന്നു. ബോര്‍ഡുകളും പ്ലൈവുഡുകളും നിര്‍മിക്കാനുപയോഗിക്കുന്ന യൂറിയ ഫോര്‍മാള്‍ഡി ഹൈഡ് പ്ലാസ്റ്റിക്കുകള്‍ ജനനവൈകല്യങ്ങള്‍ക്കും ചുമക്കും നേത്ര രോഗങ്ങള്‍ക്കുമാണ് ഹോതുവാകുന്നത്. ഇതില്‍ നിന്ന് തന്നെ ശ്വാസകോശ രോഗങ്ങളും ഉണ്ടാകാം.
സാനിട്ടറി നാപ്കിനുകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍, പെയിന്റുകള്‍, മിക്‌സിയുടെ ഡോമുകള്‍ എന്നിവയുടെ നിര്‍മാണത്തിന് വേണ്ട അക്രെലിക് പ്ലാസ്റ്റിക്കുകളും ചര്‍ദി, മനം പുരട്ടല്‍, വയറിളക്കം, തളര്‍ച്ച, ക്ഷീണം, തലവേദന, ശ്വാസ തടസ്സം എന്നിവക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് കത്തിച്ച് കളയുന്നതും വലിയ ദുരന്തമാണ് വരുത്തിവെക്കുന്നത്. കത്തിക്കുമ്പോള്‍ 44 തരം വിഷ വാതകങ്ങളാണ് അന്തരീക്ഷത്തില്‍ ഉയരുന്നത്. ഇവയ്ക്ക് മറുപിള്ളയില്‍ കൂടി നുഴഞ്ഞ് കയറി ഗര്‍ഭസ്ഥശിശുവിലെത്താന്‍ കഴിവുണ്ട്. കുട്ടികളുടെ ജനന വൈകല്യത്തിനു പോലും ഇതു കാരണമാകുന്നുണ്ട്.
ഇനി മലിനമാകാന്‍ എന്താണുള്ളത്. നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന ഭക്ഷണമോ വസ്ത്രമോ വീട്ടുപകരണങ്ങളോ ഇല്ലാതായിരിക്കുന്നു. ലാഭത്തില്‍ മാത്രമാണ് വ്യവസായികളുടെ കണ്ണും കാതും. പെട്ടിനിറക്കാന്‍ ഏതറ്റം വരേയും അവര്‍ പോകുന്നു. ഭക്ഷണക്കാര്യത്തിലെങ്കിലും അല്‍പം ശ്രദ്ധയും കരുതലും ഉണ്ടായാല്‍ അത്രയും നല്ലത്. എല്ലാ രോഗവും ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയയാണ്. പതിറ്റാണ്ടുകളായി ഭക്ഷണത്തിലൂടെയും അന്തരീക്ഷ മലിനീകരണം വഴിയും ശരീരത്തിലെത്തിച്ചേരുന്ന വിഷവസ്തുക്കളെ താങ്ങാനുള്ള ശക്തി നഷ്ടപ്പെടുമ്പോഴാണ് ശരീരം അതിനെ പുറം തള്ളാന്‍ശ്രമിക്കുന്നത്. ഈ അവസ്ഥയെയാണ് രോഗമെന്ന് വിളിക്കുന്നത്. വിരുദ്ധ ഭക്ഷണം ശരീരത്തെ വിഷമയമാക്കുന്നത് ഒറ്റയടിക്ക് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല എന്നത് കൊണ്ടാണ് പതിയെ പതിയെ അവയുടെ ആക്രമണത്തിന് നാമിരയായികൊണ്ടിരിക്കുന്നത്. വായുവിലൂടെയും വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ശരീരത്തിന് ആവശ്യമില്ലാത്തതും സഹിക്കാന്‍ കഴിയാത്തതുമായ വിഷവസ്തുക്കളെയാണ് ശരീരം സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇത്രയും കാലം അതിജീവിച്ചത് ശരീരത്തിന്റെ പ്രതിരോധ ശക്തികൊണ്ട് മാത്രമാണെന്ന് തിരിച്ചറിയുക. ഇനിയും ഏറെ നാള്‍ അതിനാകില്ലെന്നും മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ വൈകരുത്. വൈകിയാല്‍....?
നല്ല വാര്‍ത്ത
മറുപടിഇല്ലാതാക്കൂനല്ല വിവരണം.ഉപകാരപ്രദം.
മറുപടിഇല്ലാതാക്കൂഎന്നാലും ഇതൊക്കെ ഉണ്ടങ്കിലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതിയാണ് ഏവര്‍ക്കും!
ആശംസകള്‍