സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

12/6/10

മലയാള സിനിമയില്‍ കഥാ മോഷണ മാഫിയ


മഴ തോരാതെ എന്ന എന്റെ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചാണ്‌ സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ പുറത്തിറക്കിയതെന്ന വിവാദവുമായി ബന്ധപ്പെട്ട്‌ കെ പി കുഞ്ഞിമ്മൂസ വര്‍ത്തമാനം ദിനപത്രത്തില്‍ എഴുതിയ അന്തിക്കാടും ആലുങ്ങലും എന്ന ലേഖനമാണ്‌ ഈ കുറിപ്പിനാധാരം.

മലയാള സാഹിത്യരംഗത്തോ പത്രപ്രവര്‍ത്തന രംഗത്തോ ഏറ്റവും വലിയ വട്ടപ്പൂജ്യമാണെന്ന്‌ സ്വയം തിരിച്ചറിയുന്ന ഒരാളാണ്‌ ഇതെഴുതുന്നത്‌. അവിടെ ഒരിടമുണ്ടാക്കാന്‍ മത്സരിക്കുന്ന ആളുമല്ല. സാഹിത്യ പ്രസ്ഥാനത്തിനോ ചലച്ചിത്ര ശാഖക്കോ എന്തെങ്കിലും സംഭാവന നല്‍കിയെന്നും അവകാശപ്പെടുന്നില്ല. നിര്‍ഭാഗ്യ വശാല്‍ ഈ പാവവും ചെറിയ ചില സാഹിത്യ രചനകളൊക്കെ നടത്തിപ്പോയിട്ടുണ്ട്‌. അതില്‍പ്പെട്ട ഒന്നാണ്‌ ഈ പറയപ്പെട്ട നോവല്‍.

അത്‌ പത്തു വര്‍ഷം മുമ്പ്‌ എഴുതിപോയതാണ്‌. അതൊരു തെറ്റായിപോയെങ്കില്‍ സാംസ്‌കാരിക കേരളം എന്നോട്‌ ക്ഷമിക്കുക. 2003 ഏപ്രില്‍ 13 മുതല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ അവസാന പേജില്‍ ബഹുവര്‍ണ കളറില്‍ അച്ചടിച്ചു വന്നതാണ്‌ പ്രസ്‌തുത നോവല്‍. 2005 സെപ്‌തംബറില്‍ പൂര്‍ണാ പബ്ലിക്കേഷന്‍സ്‌ പുസ്‌തകവുമാക്കി. 2005 ഡിസംബര്‍ 15ന്‌ അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ കഥാകൃത്ത്‌ പി സുരേന്ദ്രന്‌ നല്‍കി പ്രകാശന കര്‍മവും നിര്‍വഹിക്കപ്പെട്ടു.

ഇതൊക്കെ ജീവിക്കുന്ന തെളിവുകളാണ്‌ സര്‍. അഞ്ചുവര്‍ഷം മുമ്പ്‌ വിപണിയിലെത്തിയ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചുവെന്നാണ്‌ പറഞ്ഞത്‌. ആ നോവലിന്റെ അച്ചടിച്ച കോപ്പികളാണ്‌ പത്ര സമ്മേളനത്തില്‍ ഹാജരാക്കിയത്‌. പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരുടെ ഫോട്ടോയാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇതിനേക്കാള്‍ വലിയ തെളിവുകള്‍ ഇനി എന്താണ്‌ സര്‍ വേണ്ടത്‌.?

മോഷണക്കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ മഹത്വമാണോ മുഖ്യം...? തെളിവുകള്‍ അതല്ലേ പ്രധാനം.ആരോപണം ഉന്നയിച്ച വ്യക്തി തെളിവുകള്‍ നിരത്തിയല്ലേ സംസാരിച്ചതെന്നും അത്‌ പരിശോധിച്ചിട്ടല്ലേ മറുപടി അര്‍ഹിക്കുമോ ഇല്ലെയോ എന്ന്‌ പ്രതികരിക്കേണ്ടതെന്നും അന്തിക്കാടിന്റെ പ്രസ്‌ ദ മീറ്റില്‍ ചോദിക്കാന്‍ നട്ടെല്ലുള്ള ഒരുപത്രപ്രവര്‍ത്തകനുമില്ലാതെ പോയതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌.

ഇത്‌ സാംസ്‌കാരിക രംഗത്തെ ദളിതനും സവര്‍ണനും തമ്മിലുള്ള പ്രശ്‌നമായി വേണം കാണാന്‍. ഞാന്‍ സാംസ്‌കാരിക രംഗത്തെ അധകൃതനാണ്‌. അത്രപോലും ഇടവും എനിക്കവിടെ കിട്ടുമെന്നും കരുതുന്നില്ല. കിട്ടാത്തതില്‍ പരാതിയുമില്ല. അതുകൊണ്ടാണ്‌ എന്റെ ആരോപണത്തിന്‌ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം കിട്ടാതെ പോയത്‌.

കുഞ്ഞിമ്മൂസ സാഹിബ്‌ പോലും കാളപ്പെറ്റന്ന്‌ കേട്ടപ്പോള്‍ കയറെടുക്കാനാണ്‌ ഓടിയത്‌. നോവല്‍ വായിച്ചിട്ടോ സിനിമകണ്ടിട്ടോ അല്ല ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയിരിക്കുന്നത്‌. ഒരു നാട്ടു നടപ്പ്‌ പറഞ്ഞെന്ന്‌ മാത്രം. സവര്‍ണന്റെ കാലുതിരുമ്മിയാലും പുറംചൊറിഞ്ഞാലും പലര്‍ക്കുമുണ്ട്‌ കാര്യം. അല്ലാതെ ഈ കീഴ്‌ജാതിക്കാരനൊക്കെ ജയ്‌ വിളിച്ചിട്ട്‌ എന്ത്‌കിട്ടാനാണല്ലേ സര്‍....

നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന്‌ പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണ്‌. ഇനി ബഷീറിന്റെ ബാല്യകാല സഖി മോഷണക്കഥയല്ലെന്ന്‌ തെളിയിച്ചവരെപോലെ ആര്‍ക്കും ഒരുപോസ്റ്റുമോര്‍ട്ടത്തിന്‌ സജ്ജരാകാം. അവര്‍ വിധിക്കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാം . എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ എനിക്ക്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്‌.

നാടോടിക്കാറ്റ്‌ സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയാണ്‌. ഇതിന്റെ കഥ പടം പുറത്ത്‌ വരുമ്പോള്‍ അന്തിക്കാടിന്റേത്‌ തന്നെയായിരുന്നു. എന്നാല്‍ പിന്നീട്‌ അവകാശികളെത്തി. അവര്‍ പില്‍ക്കാലത്ത്‌ സിദ്ദീഖ്‌ ലാല്‍ എന്ന പേരില്‍ സിനിമാരംഗത്ത്‌ സജീവമായി. അപ്പോള്‍ പുതിയ പ്രിന്റില്‍ അവരുടെ പേര്‌ എഴുതികാണിക്കാന്‍ അന്തിക്കാട്ടുകാരനും നിര്‍ബന്ധിതനായി.

അമ്മയും വിനോദയാത്രയും ചില സ്‌പാനിഷ്‌ സിനിമകളുടെ ഫോട്ടോ സ്റ്റാറ്റാണെന്നത്‌ സിനിമാ രംഗത്ത്‌ പരസ്യമായ രഹസ്യങ്ങളാണ്‌. ഇംഗ്ലീഷ്‌ സിനിമകളുടെ പ്രേതം ബാധിച്ച ഒട്ടേറെ സിനിമകള്‍ ഇവിടെ പുറത്ത്‌ വരികയും അവര്‍ മലയാളി പ്രേക്ഷകനുമുമ്പില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുകയും ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.

സിനിമാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചില മാഫിയകളെക്കുറിച്ച്‌ പറഞ്ഞത്‌ നടന്‍ തിലകനാണ്‌. എന്നാല്‍ സിനിമാ രംഗത്ത്‌ കഥാ മോഷണ മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ സംസ്ഥാന അവാര്‍ഡ്‌ നേടിയ ഒരു സിനിമയുടെ തിരക്കഥയെഴുതിയത്‌ എന്റെ തന്നെ ഒരു സുഹൃത്താണ്‌. ഒരുലക്ഷം രൂപയാണ്‌ അയാള്‍ക്ക്‌ പ്രതിഫലം നല്‍കിയത്‌. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തിരക്കഥാകാരന്റെ പേര്‌ സംവിധായകന്റേതായിരുന്നു. സഹ സംവിധായകരുടെ കൂട്ടത്തില്‍ സുഹൃത്തിന്റെ പേരും എഴുതിചേര്‍ത്തു. നല്ലകഥയുടെ ത്രെഡ്‌ ഉണ്ടെങ്കില്‍ 10000 രൂപമുതല്‍ 25000 രൂപവരെ കൊടുക്കുന്ന നിര്‍മാതാക്കളും സംവിധായകരുമുണ്ടെത്രെ. കഥയുടെ പിതൃത്വം അവര്‍ക്ക്‌ നല്‍കണമെന്ന്‌ മാത്രം.

മുമ്പൊരിക്കല്‍ ഇപ്പോള്‍ വിവാദമായ മഴതോരാതെ എന്ന നോവല്‍ സിനിമയാക്കാന്‍ ഒരു നിര്‍മാതാവിന്റെ ഇടനിലക്കാരന്‍ എന്നെ സമീപ്പിക്കുകയുണ്ടായി. അന്നത്‌ കാര്യമാക്കിയിരുന്നില്ല. 100000 രൂപവരെ തരാം എന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ എന്റെ കുഞ്ഞിന്റെ പിതൃത്വം മറ്റാര്‍ക്കെങ്കിലും തീറെഴുതികൊടുക്കാന്‍ താത്‌പര്യമില്ലാത്തത്‌കൊണ്ട്‌ ആ കച്ചവടം ഉറപ്പിച്ചില്ല.

ഒരു ചാനല്‍ പൈങ്കിളി എന്നോട്‌ പറഞ്ഞത്‌ അന്തിക്കാടിനെതിരെയൊന്നും വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല ചേട്ടാ എന്നാണ്‌. ഒരേ പത്രത്തില്‍ ജോലിയെടുക്കുകയും വര്‍ഷങ്ങളോളം ഒരേപായയില്‍ ഉറങ്ങുകയും ചെയ്‌ത ആത്മ സുഹൃത്തിന്‌ പോലും എന്റെ വാര്‍ത്താ സമ്മേളനം അവന്റെ ചാനലില്‍ വരുത്താന്‍ കഴിയാതെ പോയത്‌ ആരോപണത്തില്‍ കഴമ്പില്ലാതെ പോയത്‌കൊണ്ടല്ല. അന്തിക്കാടിനെ പിണക്കാന്‍ കഴിയാത്തത്‌ കൊണ്ടായിരുന്നു.

ഇന്ത്യാവിഷന്‍ ചാനലില്‍ വളരെ നല്ലനിലയില്‍ ആ വാര്‍ത്ത നല്‍കിയത്‌ പത്രസമ്മേളനം നടത്തിയത്‌ കൊണ്ടുമാത്രമല്ല സര്‍. അവര്‍ നോവല്‍ വായിക്കുകയും സിനിമകാണുകയും ചെയ്‌ത്‌പോയത്‌ കൊണ്ടാണ്‌. ഇനി ഒരുകാര്യം കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ. എന്റെ നോവലിന്റെ പ്രസാധകാവകാശം പൂര്‍ണാ പബ്ലിക്കേഷന്‍സിന്‌ തീറെഴുതികൊടുത്തതാണ്‌. അന്ന്‌ ഒരു പുസ്‌തകമിറങ്ങികാണാനുള്ള ആഗ്രഹം കൊണ്ട്‌ അങ്ങനെയൊരബദ്ധമൊക്കെ കാണിച്ചുപോയി. അതിന്റെ കോപ്പി വിറ്റുപോയിട്ട്‌ എനിക്ക്‌ ഒരു ലാഭവുമില്ല. ഈ നോവലിന്റെ ഒരു കോപ്പി പോലും എനിക്ക്‌ നാല്‍പത്‌ ശതമാനം വിലക്കുറച്ച്‌ നല്‍കിയെങ്കില്‍ മാത്രമെ ലഭിക്കുകയുമുള്ളൂ. അങ്ങനെയൊരു നോവലിന്റെ കോപ്പി വില്‍ക്കാന്‍ എന്റെ പോക്കറ്റ്‌ കാലിയാക്കികൊണ്ട്‌ ഞാന്‍ ഇറങ്ങിത്തിരിക്കുമോ...?

ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ്‌ പബ്ലിസിറ്റിയുണ്ടാക്കേണ്ടത്‌. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ്‌ ചിലര്‍ ആളാവുന്നതു കണ്ടാണ്‌ പ്രതികരിക്കേണ്ടി വന്നത്‌. അതൊരു ഗതികെട്ടവന്റെ നിലവിളിയായിരുന്നു. അതിനോട്‌ ഐക്യദാര്‍ഢ്യമൊന്നും വേണ്ട. പരിഹസിക്കാതിരിക്കാം സര്‍... പബ്ലിസിറ്റിയാണ്‌ ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല പരിപാടികളില്ലേ സര്‍...ഈ യുദ്ധത്തില്‍ ഞാന്‍ കാലിടറിവീണേക്കാം. നാളെ ഈ കഥയുടെ പിതൃത്വത്തിന്‌ വേണ്ടിയുള്ള ഡി എന്‍ എ ടെസ്റ്റ്‌ നടക്കാതെ വിസ്‌മൃതിയിലേക്കെടുത്തെറിയപ്പെടുകയും ചെയ്യാം. അത്‌ ന്യായവും നീതിയും എന്റെ പക്കലില്ലാത്തതുകൊണ്ടല്ല. ശത്രുവിന്റെ ഉയരത്തില്‍ ഓങ്ങിവെട്ടണമെങ്കില്‍ ആവശ്യമായ മൂലധനമില്ലാത്തത്‌ കൊണ്ടുമാത്രമാണ്‌.

കീഴാള വിഭാഗത്തിന്റെ കീഴടങ്ങലുകളെ അപ്പോഴും വിജയമായി ആഘോഷിക്കാന്‍ ധാരാളം പേര്‍ കണ്ടേക്കാം. പണംകൊണ്ട്‌ പലതും വാങ്ങാം സര്‍.. നീതിന്യായ വ്യവസ്ഥയിലും വിജയക്കൊടി നാട്ടാം... പക്ഷേ പാവപ്പെട്ടവന്റെ ബുദ്ധിശക്തിക്കും ഇച്ഛാശക്തിക്കും മാത്രം വിലപേശരുത്‌

3/6/10

കഥ മോഷണം:`കഥ തുടരുന്നു'വിന്റെ പ്രദര്‍ശനം തടയണം




ത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയുടെ കഥക്ക്‌ മഴതോരാതെ എന്ന തന്റെ നോവലിന്റെ പ്രമേയവുമായി വളരെ സാമ്യമുണ്ടെന്ന്‌ നോവലിസ്റ്റും പത്ര പ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നോവല്‍ 2003ല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വന്നതാണ്‌. 2005 സെപ്‌തംബറില്‍ കോഴിക്കോട്‌ പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള തൃശൂര്‍ നളന്ദ പബ്ലിക്കേഷന്‍സ്‌ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. എ പി അനില്‍കുമാര്‍ എം എല്‍ എ സാംസ്‌കാരിക മന്ത്രിയായിരിക്കേ വണ്ടൂരില്‍ വെച്ച്‌ അദ്ദേഹമായിരുന്നു നോവലിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. പ്രശസ്‌ത കഥാകൃത്ത്‌ പി സുരേന്ദ്രനാണ്‌ നോവല്‍ ഏറ്റുവാങ്ങിയത്‌.


വിഷയം സിനിമാ നിര്‍മാതാവായ തങ്കച്ചന്‍ ഇമ്മാനുവലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം ഡയറക്‌ടറായ സത്യന്‍ അന്തിക്കാടുമായി സംസാരിച്ച ശേഷം എന്നെ വിളിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരുനടപടിയുമുണ്ടായിട്ടില്ല. ഇതോടെ നടന്നത്‌ കഥാമോഷണമാണെന്ന എന്റെ സംശയങ്ങള്‍ സത്യമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.
ഒരു യാഥാസ്ഥിക മുസ്‌ലിം കുടുംബത്തിലെ നസീമ എന്ന പെണ്‍കുട്ടിയുടേയും അവരുടെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ അധ്യാപകനായെത്തുന്ന പ്രസാദ്‌ മാഷിന്റെയും വിജാതീയ വിവാഹമാണ്‌ നോവലിന്റെ ഇതിവൃത്തത്തെ സംഘര്‍ഷഭരിതമാക്കുന്നത്‌. പ്രസാദ്‌മാഷ്‌ ഒരു അപകടത്തില്‍ മരിക്കുമ്പോള്‍ സിനിമയില്‍ ക്വട്ടേഷന്‍ സംഘം ആളുമാറി കഥാനായകനെ കൊലപ്പെടുത്തുകയാണ.്‌ നോവലില്‍ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെടുന്ന ഗര്‍ഭിണിയായ നസീമയുടെ അലച്ചിലിന്റേയും ഒറ്റപ്പെടലിന്റേയും കഥപറയുന്നു. സിനിമയില്‍ ഒരുകുഞ്ഞിന്റെ അമ്മയായ ശേഷമുള്ള കഥാ നായികയുടെ ദുരിതങ്ങള്‍ പറയുന്നു.


സിനിമയില്‍ ചേരി നിവാസികള്‍ നായികക്ക്‌ തുണയാകുമ്പോള്‍ നോവലിലെ നായികക്ക്‌ ദൂരെയുള്ള ഒരുവീട്ടുകാരും ഊര്‍മ്മിളയെന്ന പെണ്‍കുട്ടിയുമാണ്‌ അഭയമേകുന്നത്‌. സിനിമയില്‍ കോളനി വാസികള്‍ അവളെ ഡോക്‌ടറാക്കാന്‍ വേണ്ടതുചെയ്യുമ്പോള്‍ നോവലില്‍ ഊര്‍മിളയും മറ്റുള്ളവരും ചേര്‍ന്ന്‌ അവളെ ടീച്ചറാക്കുന്നു. പ്രസവംവരെ അവരുടെ ചെലവിലാണ്‌ നടക്കുന്നത്‌. ആ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നസീമയും കുഞ്ഞും ഏറെ പ്രിയപ്പെട്ടവരായി മാറുന്നുണ്ട്‌.
2003ല്‍ പുറത്തുവരികയും 2005ല്‍ പുസ്‌തകമായി വിപണിയിലെത്തുകയും ചെയ്‌ത ഈ നോവല്‍ ഇന്ത്യയിലെ പ്രമുഖ പുസ്‌തകശാലകളിലൂടെ ലഭ്യമായിരുന്നു. ഇപ്പോഴും ലഭ്യവുമാണ്‌. അതുപോലൊരു കഥ 2010ല്‍ സിനിമയായി പുറത്തുവരുമ്പോള്‍ കഥാ ചോരണത്തിനുള്ള സാധ്യതകള്‍ ഊഹിക്കാമല്ലോ... എഴുത്തുകാരന്റെ അനുവാദത്തോടെ നോവല്‍ സിനിമാ രൂപം പ്രാപിക്കുമ്പോള്‍ പോലും നോവലില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥത പുലര്‍ത്താറുണ്ട്‌. എഴുത്തിന്റെ ഭാഷയെ ദൃശ്യവത്‌കരിക്കുമ്പോള്‍ അതങ്ങനെയെ സാധിക്കൂ. എന്നതുപോലെ ഇവിടെയും കഥാ സന്ദര്‍ഭവും പശ്ചാത്തലവും ഒക്കെ മാറുന്നുണ്ട്‌. പുതിയ കഥാപാത്രവും സന്ദര്‍ഭങ്ങളും കടന്നുവരുന്നുമുണ്ട്‌. എങ്കിലും കഥതുടരുന്നു എന്ന സിനിമയുടെ പ്രമേയവും എന്റെ നോവലിന്റെ ജീവനും ഒന്നു തന്നെയാണ്‌.


നോവലില്‍ നായികയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്‌നേഹത്തോടെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോകാനെത്തുമ്പോള്‍ നസീമ എതിര്‍ക്കുന്നില്ല. ഭര്‍തൃവീട്ടുകാരുടെ ഇഷ്‌ടത്തിനൊത്ത്‌ കുഞ്ഞിനെ വളര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രശ്‌നം സൃഷ്‌ടിക്കാന്‍ ഒടുവില്‍ നസീമയുടെ പിതാവും കഥയിലെത്തുന്നുണ്ട്‌. അയാള്‍ വരുന്നത്‌ കുഞ്ഞിനേയും മകളേയും കൂട്ടികൊണ്ടുപോകാനാണ്‌. അവിടെയാണ്‌ നോവല്‍ വായനക്കാരന്റെ മനസ്സില്‍ ചിലചോദ്യങ്ങള്‍ അവശേഷിപ്പിച്ച്‌ അവസാനിപ്പിക്കുന്നത്‌. അവിടെയാണ്‌ മഴതോരാതെ എന്നപേരും അര്‍ഥവത്താകുന്നത്‌. കഥതുടരുന്നു, മഴതോരാതെ...പേരില്‍പോലും ഒരുസാമ്യം തോന്നുന്നു.


നോവലില്‍ നായികയുടെ പിതാവ്‌ കുഞ്ഞിനെ കണ്ടുമുട്ടുമ്പോള്‍ സിനിമയില്‍ നായകന്റെ ഉമ്മയാണ്‌ കാണുന്നത്‌. നോവലില്‍ നായകന്റെ അമ്മ കുഞ്ഞിനെ സ്വീകരിക്കാനെത്തുമ്പോള്‍ പറയുന്നുണ്ട്‌. ഞങ്ങളിനി ഇവനിലൂടെയാണ്‌ എന്റെ മോനെ കാണുന്നത്‌. സമാനമായ സംഭാഷണം സിനിമയിലും ആ ഉമ്മ നടത്തുന്നുണ്ട്‌.


കഥാനായകന്റെ മരണാനന്തരം മൃതദേഹം അടക്കുന്നതിനെചൊല്ലി നോവലില്‍ സംഘര്‍ഷമുണ്ടാകുന്നുണ്ട്‌. സമാനമായ ഒരുരംഗം സിനിമയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇങ്ങനെ എന്റെ നോവലിന്റെ മര്‍മ പ്രധാനമായ പലഭാഗങ്ങളും സിനിമയില്‍ ചില്ലറ മാറ്റങ്ങളോടെ കടന്ന്‌ വരുന്നുണ്ട്‌. എന്നാല്‍ പെട്ടന്ന്‌ മോഷണമാണെന്ന്‌ തിരിച്ചറിയാതിരിക്കാനുള്ള മായാജാലം നടത്തിയത്‌ ബോധപൂര്‍വമാണെന്നും ഞാന്‍ സംശയിക്കുന്നു. പരിചയ സമ്പന്നനായ ഒരു ചലച്ചിത്രകാരന്‌ അതിന്‌ സാധിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. സത്യന്‍ അന്തിക്കാടിനെപോലുള്ള ഒരാള്‍ ഇങ്ങനെ ചെയ്‌തതില്‍ വിഷമമുണ്ട്‌. എന്റെ അറിവോ സമ്മതമോ ഇല്ലാതെ നോവലിന്റെ ആശയം സിനിമക്ക്‌ ഉപയോഗിച്ചതോടെ എന്റെ നോവല്‍ ഹോം സിനിമയാക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ സിനിമയുടെ പ്രദര്‍ശനം തടയണം. ഇതിനുത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹംസ ആലുങ്ങല്‍ ആവശ്യപ്പെട്ടു.