20/11/12

ദേശക്കാരറിയാന്‍ തിരക്കഥ


തിരക്കഥ
സീന്‍ ഒന്ന്‌

സഊദി അറേബ്യയിലെ ജനത്തിരക്ക്‌ കുറഞ്ഞ പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു പലചരക്ക്‌ കട(ബഗാല). രാവിലെ കട തുറന്നതാണ്‌. രണ്ട്‌ തൊഴിലാളികള്‍. ഒരാള്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്നു. മറ്റേയാള്‍ കൃത്യമായി അടുക്കിവെക്കുന്നു.(ഇരുവര്‍ക്കും 25നും മുപ്പതിനും മധ്യേപ്രായം. )
റിസപ്‌ഷനില്‍ മുപ്പത്‌ വയസ്സിനടുത്ത്‌ പ്രായമുള്ളസുമുഖനായ മലയാളി യുവാവ്‌ ഇരിക്കുന്നു. പേര്‌ സലീം. സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്‌. ചില്ല്‌ വാതില്‍തുറന്ന്‌ അറബിവേഷം ധരിച്ച ഒരാള്‍ അകത്തേക്ക്‌ കയറിവരുന്നു.(വിദേശിയാണ്‌. )
അറബി: അസ്സലാംഅലൈക്കും.
സലീം : വ അലൈക്കും സലാം( എന്ന്‌ പ്രതിവചിച്ച്‌ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം കടയിലെ ഒരു മൂലയിലേക്ക്‌ നീങ്ങി എന്തൊക്കെയോ സാധനങ്ങള്‍ നോക്കുന്നു.
സലീം: എടാ നജീബേ ഹറാം പെറന്നോനാ ഒരു കണ്ണ്‌ വേണം.
നജീബ്‌: ശരി സലീമിക്ക.(സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടയില്‍)
കടയുടെ ആകെയുള്ള ദൃശ്യം. അതിനിടയില്‍ മറ്റൊരു അറബിവേഷക്കാരന്‍ കൂടി സലാംചൊല്ലി കയറിവരുന്നു. അയാളും കടയുടെ മറ്റൊരുവശത്തേക്ക്‌ പോകുന്നു.
റിസപ്‌ഷനിലെ യുവാവ്‌ കമ്പ്യൂട്ടറില്‍ എന്തോ കണക്ക്‌ പരിശോധിക്കുകയാണ്‌. അതിനിടയില്‍ കമ്പ്യൂട്ടറിന്റെ ഡസ്‌ക്‌ടോപ്പിലേക്ക്‌ വരുന്നു. അവിടെ പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. അത്‌ അയാളുമായി വിവാഹം പറഞ്ഞുവെച്ച പെണ്‍കുട്ടിയുടെ ചിത്രമാണ്‌. അയാള്‍ അതിലേക്ക്‌ തന്നെ നോക്കി മധുരമായ ഓര്‍മകളിലേക്ക്‌.... കസേരയിലേക്ക്‌ അമര്‍ന്നിരുന്ന്‌ കൂടുതല്‍ ഓര്‍മകളിലേക്ക്‌ ഊളിയിടുന്നു. അതിനിടെ റിസപ്‌ഷനിലെ ഫോണ്‍ ശബ്‌ദിക്കുന്നു. സ്വപ്‌നത്തില്‍ നിന്ന്‌ ഉണരാന്‍ കുറച്ച്‌ സമയമെടുക്കുന്നു.
നജീബ്‌:ഇഞ്ഞിപ്പൊ ഫോണെടുക്കാനൊക്കെ വേറെ ആള്‌ വേണ്ടിവരും. സലീമിക്ക സ്വര്‍ഗത്തിലെത്തിയില്ലെ...? സലീമിക്കാ ഫോണ്‍...(അയാള്‍ ഞെട്ടി ഉണരുംപോലെ ഫോണെടുക്കുന്നു. അത്‌ കണ്ട്‌ ജീവനക്കാര്‍ ചിരിക്കുന്നു. സ്വപ്‌ന സഞ്ചാരം ആരും കണ്ടില്ലെന്ന്‌ ഉറപ്പ്‌ വരുത്താനുള്ള ശ്രമം. ജീവനക്കാരുടെ പരിഹാസച്ചിരി കണ്ടില്ലെന്ന്‌ നടിക്കുന്നു.)
സലീം: ഹലോ.. അലൈക്കും സലാം. മജീദിക്കയോ...നിങ്ങളെവിടെയാ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ..
മജീദ്‌(മറുതലക്കല്‍ നിന്നുള്ള ശബ്‌ദം. അയാള്‍ അന്‍പത്‌ വയസ്‌ കഴിഞ്ഞ മധ്യവയസ്‌കനാണ്‌. തനി നാടന്‍. എങ്കിലും ഗള്‍ഫില്‍ മലയാളികളുടെ പരോപകാരി. സംസാരം ശരിക്ക്‌ മറ്റുള്ളവര്‍ക്ക്‌ കേള്‍ക്കുന്നു. അല്ലെങ്കില്‍ മറുതലക്കല്‍ നിന്ന്‌ സംസാരിക്കുന്നത്‌ പ്രത്യേകം ചിത്രീകരിക്കുകയും വേണം) ഓരോരോ തെരക്ക്‌ തന്നെ. എപ്പളും കരുതും വെരണംന്ന്‌... അല്ല ഇയ്യ്‌ നാട്ടില്‍പോണെന്ന്‌ കേട്ടു. എന്നാ പോണത്‌...?
സലീം: രണ്ടാഴ്‌ച കൂടിയുണ്ട്‌.(പറയുന്നതിനിടയില്‍ കസേരയിലേക്ക്‌ അമര്‍ന്നിരിക്കുന്നു.
മജീദ്‌: എത്രകാലത്തേക്കാ പരോള്‍...?
സലീം: (ചിരിച്ച്‌ കൊണ്ട്‌) പരോള്‍....മൂന്ന്‌മാസം. എത്രകാലംവേണങ്കിലും നില്‍ക്കാം. പക്ഷേ, തിരിച്ച്‌ വരുമ്പോ ഈ സ്ഥാപനം ഇവിടെ ഉണ്ടാകുമോ എന്ന്‌കൂടി ഉറപ്പ്‌ വരുത്തണല്ലോ മജീദ്‌ക്കാ. മൂന്ന്‌ മാസം എന്ന്‌ പറയുന്നത്‌ മൂന്ന്‌ ദിവസംപോലങ്ങ്‌ പോകൂലെ. അതിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍. വീട്‌പണി. അതിലേക്കൊരു താമസക്കാരിയെയും കണ്ടെത്തണ്ടെ. കഴിഞ്ഞതവണയോ നടന്നില്ല. ഉമ്മാന്റെ അസുഖം. പെങ്ങളുടെ പ്രസവം. മൂത്തപെങ്ങളുടെ വീട്‌ പണി. രണ്ടാമത്തെ അളിയന്റെ വിസ. ഇതെല്ലാംകൂടി... (ഇതിനിടയില്‍ അറബികള്‍ സാധനം വാങ്ങി റിസപ്‌ഷനിലേക്ക്‌ വരുന്നു. ഫോണ്‍ ചെവിയില്‍ വെച്ചും സംസാരം തുടര്‍ന്നും സലീം പുഞ്ചിരിയോടെ കാശ്‌ വാങ്ങുന്നു. സന്തോഷത്തോടെ അവരെ യാത്രയാക്കുന്നു.അപ്പോള്‍ മറ്റൊരാള്‍ കയറി വരുന്നു.)
മജീദ്‌: ഇതൊക്കെ പേറാന്‍ അന്റൊരാളുടെ മുതുകേയുള്ളല്ലോ അല്ലെ... ഗള്‍ഫുകാരന്റെ അഭിമാനം കളയാന്‍ പറ്റൂലല്ലോ...ഇക്കുറി ഒക്കെശരിയാകും. ഇന്‍ശാ അല്ലാ. കല്യാണം ഏതാണ്ട്‌ ഒറപ്പിച്ചൂന്നാണല്ലോ കേട്ടത്‌.
സലീം: ങാ.... വീട്ടുകാര്‌ പോയി കണ്ടിരുന്നു. ഫോട്ടോയും അയച്ച്‌ തന്നിട്ടുണ്ട്‌. കുഴപ്പമില്ല. ഇനി നേരില്‍ കണ്ട്‌ ബോധ്യപ്പെടണം. അത്രേയുള്ളൂ...
മജീദ്‌: ഞാന്‍ ഇവടെ അടുത്ത്‌ നിന്ന്‌തന്നെയാ വിളിക്ക്‌ണത്‌. കടയില്‌ തെരക്കുണ്ടോ ഇപ്പോ...?
സലീം: ഇല്ല.
മജീദ്‌: എന്നാ ഞാനങ്ങട്ട്‌ വര്വാ ഒരു കാര്യണ്ട്‌.
സലീം: എന്തേ മജീദ്‌ക്ക.
മജീദ്‌: ഒക്കെ നേരിട്ട്‌ പറയാം.
സലീം: ആയിക്കോട്ടെ( ഫോണ്‍ വെക്കുന്നു. അതിനിടയില്‍ മൂന്നാമത്തെ അറബിയും സാധനം വാങ്ങി സലാം പറഞ്ഞ്‌ തിരിച്ച്‌ പോകുന്നു. വീണ്ടും സലീം കമ്പ്യൂട്ടറിലെ പെണ്‍കുട്ടിയുടെ ചിത്രത്തിലേക്ക്‌ മനസ്സുകൊടുക്കുന്നു.
വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങാന്‍ ഭാഗ്യം ലഭിച്ച ഒരു പ്രവാസിയുടെ ആഹ്ലാദം അയാളുടെ മുഖത്ത്‌ നിന്ന്‌ വായിച്ചെടുക്കാം. മനസ്സിനിണങ്ങിയ വിവാഹം ഒത്തുവന്നതിന്റെ സന്തോഷവും. വീണ്ടും സ്വപ്‌നലോകത്തിലേക്ക്‌... പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന ദൃശ്യം. കുണുങ്ങികുണുങ്ങിയുള്ള നടത്തം, അയാള്‍ സങ്കല്‍പ്പിക്കുന്നതിന്റെ ഫ്‌ളാഷ്‌ ബാക്ക്‌)
ഇപ്പോള്‍ കടയിലെ അടുക്കിവെക്കല്‍ അവസാനിപ്പിച്ച്‌ ജീവനക്കാര്‍ വെറുതെ നില്‍ക്കുകയാണ്‌. പേര്‌ കുഞ്ഞാപ്പ.നജീബ്‌, അവര്‍ സലീം കേള്‍ക്കാതെ)
നജീബ്‌: ഇങ്ങനെ സ്വപ്‌നം കാണുന്ന അസുഖം തുടങ്ങിയിട്ട്‌ രണ്ടാഴ്‌ചയായി. അതോണ്ട്‌ ഞമ്മക്കൊരു സമാധാനണ്ട്‌.
സല്‍മാന്‍: അല്ലെങ്കി എന്തേ അനക്ക്‌ സമാധാനക്കേട്‌..?
നജീബ്‌: അല്ലെങ്കി ഏത്‌ സമയവും നജീബേ അതെട്‌ക്ക്‌...ഇതെട്‌ക്ക്‌.. കുഞ്ഞാപ്പാ അതിന്റെ സ്റ്റോക്ക്‌ തീര്‍ന്നോ.. ഇതിന്റെ സ്റ്റോക്കെടുത്തോ എന്നൊക്കെ ചോദിച്ച്‌ ബാക്കിയുള്ളോനെ വെറുതെ നിക്കാനയക്കൂലല്ലോ.
സല്‍മാന്‍: ഇപ്പോ എപ്പളും ആ ഫോട്ടോയില്‌ നോക്കി സ്വപ്‌നം കാണ്‌ണതോണ്ട്‌ അതിനൊക്കെ ഇപ്പോ എവിടെയാ സമയമല്ലേ....(ഇരുവരും ചിരിക്കുന്നു)
സീന്‍ രണ്ട്‌
മജീദിക്കയും കൂടെയൊരാളും സലീമിന്റെ കടയുടെ വാതില്‍ തുറന്ന്‌ അകത്തേക്ക്‌ വരുന്നു. ഇരുവരും ഒരുമിച്ച്‌ സലാം പറയുന്നു
അസ്സലാമു അലൈക്കും
സലീം: വ അലൈക്കും സലാം. (മൂവരും പരസ്‌പരം ചിരിക്കുന്നു. അടുത്തെത്തി മജീദ്‌ക്ക ഹസ്‌തദാനം ചെയ്യുന്നു. കടയിലുള്ള ജീവനക്കാരെയും അയാള്‍ പരിചയഭാവത്തില്‍ നോക്കി ചിരിക്കുന്നു. കൂടെയുള്ളയാള്‍ സലീമിന്‌ അപരിചിതനാണ്‌. സംശയത്തോടെ)
സലീം: മൂപ്പരെ എനിക്ക്‌ മനസ്സിലായില്ല.
മജീദ്‌: ഞമ്മളെ പഴയ ദോസ്‌താണ്‌. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ കോഴിക്കോട്ടായിരുന്നല്ലോ... പത്തുകൊല്ലം മുമ്പല്ലേ മലപ്പുറത്തേക്ക്‌ പോന്നത്‌. കോഴിക്കോട്ടെ ഞമ്മളെ അയല്‍വാസിയാ മൂപ്പര്‌. കുഞ്ഞാണീന്ന്‌ വിളിക്കും.
സലീം: ഇരിക്കിം. നജീബേ ആ ബൂഫിയീന്ന്‌ മൂന്ന്‌ ചായപറഞ്ഞാ... ഒന്ന്‌ വിത്തൗട്ട്‌
മജീദ്‌: ചായയൊന്നും മാണ്ട. ഞങ്ങക്കും തിരക്കുണ്ട്‌. (മജീദ്‌ തോട്ടടുത്തുള്ള കസേരയിലിരിക്കുന്നു. ( കടയുടെ മറ്റൊരു മൂലയിലേക്ക്‌ നോക്കി നില്‍ക്കുകയാണ്‌ അപരിചിതന്‍. അയാള്‍ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല. ഇരിക്കുന്നില്ലെന്ന അര്‍ഥത്തില്‍ ഓരോ സാധനങ്ങള്‍ നോക്കി നില്‍ക്കുന്നു. നജീബ്‌ മജീദിക്കയുടെ അരികിലെത്തുന്നു.)
നജീബ്‌ ചായമാണ്ടാന്ന്‌ പറഞ്ഞത്‌ കാര്യത്തിലാ
മജീദ്‌ അല്ല തമാശീല്‌ ന്തേയ്‌.. നേരം വെളുത്തിട്ട്‌ മൂന്നെണ്ണായി ഇപ്പോതന്നെ പഹയാ അതോണ്ടാ..
നജീബ്‌ ചായ വെറ്‌തെയാണെങ്കിലും പള്ളങ്ങളതെന്നെ അല്ലെ.. (നജീബ്‌ തിരിച്ച്‌ പോരുന്നു)
സലീം:എന്തോ പറയാനുണ്ടെന്ന്‌ പറഞ്ഞല്ലോ...
മജീദ്‌: പറയാം. ഞാനിവടെ കുഞ്ഞയമൂട്ടി ഹാജിനെ കാണാന്‍ വന്നതാ. കൂട്ടത്തില്‍ നിന്നെയും. കാര്യം മൂപ്പര്‌ തന്നെ.( അപരിചിതനെ ചൂണ്ടികാണിക്കുന്നു. സലീമും മജീദും അയാളെനോക്കുന്നു. അയാളുടെ മുഖം അപ്പോള്‍ കാണില്ല. പിന്‍തിരിഞ്ഞ്‌ കൊണ്ട്‌ സാധനങ്ങള്‍ ഓരോന്നായി നോക്കുകയാണയാള്‍. കൂട്ടത്തില്‍ നജീബിനോട്‌ എന്തോ സാധനത്തിന്റെ വില ചോദിക്കുന്നതും വിദൂര ദൃശ്യത്തില്‍ കാണാം.) ആളൊരു സാധുവാ... ഇപ്പൊ ജോലിയൊന്നൂല്ല. ദമാമിലായിരുന്നു. അവടെ നല്ല ജോലീംണ്ടായിനു. സൂപ്പര്‍മാര്‍ക്കറ്റില്‌. തൊഴില്‍ പ്രശ്‌നത്തെതുടര്‍ന്ന്‌ ഒരുകൊല നടന്നത്‌ കഴിഞ്ഞ ആഴ്‌ച പത്രത്തിലുണ്ടായിനല്ലോ...ഇന്റൊപ്പാ ഇപ്പോ താമസം. ഒരു ജോലി വേണം. അതിലേറെ അത്യാവശ്യം വേറൊന്നാ. മൂപ്പരുടെ മോള്‌ടെ കല്യാണം ഒറപ്പിച്ചിക്ക്‌ണ്‌. ഇവട്‌ത്തെ കാര്യങ്ങളൊന്നുമറിയാതെ വീട്ട്‌കാര്‌ ഒറപ്പിച്ചതാ. നീ കാര്യായിട്ട്‌ ഒന്ന്‌ സഹായിക്കണം.
(സലീം നിശബ്‌ധനാകുന്നു. ഇരുവരും മുഖത്തോട്‌ മുഖം നോക്കുന്നു.)
സലീം എന്റെ കാര്യം ഇങ്ങക്കറിഞ്ഞൂടെ...നാട്ടില്‍പോകാന്‍ തന്നെ എത്രപേരില്‍ നിന്നാ കടം വാങ്ങിയിരിക്ക്‌ണത്‌. ജീവിതം തന്നെ ഒരഡ്‌ജസ്റ്റ്‌മെന്റല്ലേ മജീദ്‌ക്ക്വാ
മജീദ്‌: അതൊക്കെ ശരി തന്നെ സലീമേ എന്നാലും....
(സലീം മേശ വരിപ്പ്‌ തുറന്ന്‌ മനമില്ലാ മനസ്സോടെ നൂറിന്റെ രണ്ട്‌ റിയാലുകള്‍ എടുത്ത്‌ നീട്ടുന്നു.അപ്പോള്‍ മജീദ്‌ വിളിക്കുന്നു ) കുഞ്ഞാണ്യേ വാ...( തലയില്‍ തൊപ്പിയിട്ട്‌ താടി നരച്ച ആ മധ്യ വയസ്‌ക്കന്‍ അവിടേക്ക്‌ വരുന്നു.) ഇത്‌ വാങ്ങിക്ക്വാ
(അയാള്‍ ദൈന്യതയോടെ കണ്ണില്‍ വെള്ളം നിറച്ച്‌ ഭവ്യതയോടെ അത്‌ വാങ്ങുന്നു.)
സലീം അറിയാലോ എന്റെ നാട്ടില്‍ പോക്ക്‌... അത്‌കൊണ്ടാട്ട്വോ..
മജീദ്‌ അതൊന്നും സാരല്ല. അത്ര തന്നെ ഞമ്മളും പ്രതീക്ഷിച്ചിട്ടുള്ളൂ. എന്തായാലും ഇജ്ജ്‌ വെറും കയ്യോടെ മടക്കൂലാന്ന്‌ ഞമ്മക്കറിയായിനു. ധര്‍മം ചെയ്യുന്നത്‌ കൊണ്ട്‌ ഒരിക്കലും ധനം ചുരുങ്ങൂല്ല സലീമെ... മാപ്പ്‌ നല്‍കുന്നോന്‌ അല്ലാഹു പ്രതാപത്തെയല്ലാതെ വര്‍ധിപ്പിക്കുകയുമില്ല എന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചത്‌. എല്ലാം നല്ലതിനാ. പടച്ചോന്‍ രക്ഷിക്കട്ടെ.... എന്നാ ഞങ്ങളിഞ്ഞ്‌ നിക്ക്‌ണില്ല പോട്ടെ. ഇജ്ജ്‌ പോക്‌ണ അന്ന്‌ വരണ്ട്‌.
സലീം എന്നാലങ്ങനെയാവട്ടെ.( കൂടെയുള്ളയാളും സലീമിന്‌ കൈകൊടുത്ത്‌ നന്ദിയോടെ യാത്ര പറയുന്നു. കടയുടെ വാതില്‍ അടയുന്നു.) ഈ പിരിവ്‌ കാരെകൊണ്ട്‌ മനുഷ്യന്‍ തോറ്റു. നാട്ടിചെന്നാ ഏതായാലും രക്ഷയില്ല. ഇവടീം ഇങ്ങനെയായാലോ പടച്ചോനെ...( നജീബും കുഞ്ഞാപ്പയും ചിരിക്കുന്നു)
സീന്‍ മൂന്ന്‌
കേരളത്തിലെ എയര്‍പോര്‍ട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുന്ന ഒരു ഗള്‍ഫ്‌കാരനേയും വഹിച്ചുകൊണ്ടുപോകുന്ന കാര്‍. കാറിന്റെ മുകളിലും ഡിക്കിയിലും നിറയെ സാധനങ്ങള്‍. പിറകിലെ സീറ്റില്‍ സലീം. അയാള്‍ മാറിയ നാടിന്റെ മുഖച്ഛായ ശ്രദ്ധിക്കുന്നു.
സലീം മൂന്ന്‌ കൊല്ലംകൊണ്ട്‌ എന്ത്‌ മാത്രം മാറി നമ്മുടെ നാട്‌
ഡ്രൈവര്‍ അതൊക്കെ സാറിന്റെ തോന്നലാണ്‌. കുറച്ചൊക്കെ മാറിയിട്ടുണ്ട്‌. (പെട്ടെന്ന്‌ കാര്‍ ഒരുഘട്ടറില്‍ വീഴുന്നു)
സലീം എന്തൊക്കെ മാറിയാലും ഈ റോഡിന്‌ മാത്രം മാറ്റമുണ്ടാകൂലല്ലേ...
ഡ്രൈവര്‍: അത്‌ പിന്നെങ്ങനെതന്നെ. ഇപ്പോ ഇവിടെയെവിടെയാ റോഡ്‌. എല്ലാം കെടങ്ങല്ലെ...(ഇരുവരും ചിരിക്കുന്നു)
സീന്‍ നാല്‌
കാര്‍ മെയിന്‍ റോഡില്‍ നിന്ന്‌ ഒരു ചെറിയ റോഡിലേക്ക്‌ തിരിയുന്നു. ചെറിയറോഡിന്‌ മുന്നില്‍ ഇരുനില വീടിനു മുമ്പില്‍ കാര്‍ നിര്‍ത്തുന്നു. വീട്ട്‌മുറ്റത്ത്‌ ചെറിയൊരാള്‍ക്കൂട്ടം. രണ്ട്‌മൂന്ന്‌ ബൈക്കുകള്‍. ഒരു കാര്‍. വരാന്തയില്‍ അയാളെ സ്വീകരിക്കാന്‍ നില്‍ക്കുന്നവര്‍. ഉമ്മ അറുപതിനടുത്ത്‌ പ്രായമുള്ള നാട്ടുപ്രമാണിയായ വീട്ടമ്മ. രണ്ടു സഹോദരിമാര്‍ സലീന, സറീന. മുപ്പതിനടുത്ത്‌ പ്രായം. അവരുടെ ഭര്‍ത്താക്കന്‍മാരായ രണ്ടുപേര്‍ നാല്‍പതു വയസ്സുള്ള കുഞ്ഞലവി, മുപ്പത്തിയഞ്ചുവയസ്സുള്ള സമദ്‌. അല്‍പം പരിഷ്‌ക്കാരവും പൊങ്ങച്ചവുമൊക്കെയുള്ളവര്‍. അവരുടെ നാല്‌ കുട്ടികള്‍. പത്തും എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികള്‍. കാര്‍ വന്ന്‌ നില്‍ക്കുമ്പോള്‍ വരാന്തയിലെ ദൃശ്യങ്ങള്‍.
ഉമ്മ: ന്റെ മോന്‍ വന്നല്ലോ...( ഓടി കാറിനരികിലേക്ക്‌. എല്ലാവരും അവരുടെ പിറകിലായി കാറിനടുത്തേക്ക്‌. കാറിന്റെ പിറകിലെ ഡോര്‍ തുറന്ന്‌ പുഞ്ചിരിയോടെ സലീം ഇറങ്ങുന്നു. ആദ്യം ഉമ്മയെ ചേര്‍ത്ത്‌ പിടിക്കുന്നു. പിന്നെ സഹോദരിമാരുടെ കൈകള്‍ കവരുന്നു.തോളില്‍ തട്ടി സന്തോഷം പങ്കുവെക്കുന്നു. ഒപ്പം അളിയന്‍മാരെയും മരുമക്കളേയും. മുന്നിലെ ഡോര്‍ തുറന്ന്‌ ഡ്രൈവറും ഇറങ്ങുന്നു. അയാള്‍ ഡിക്കിയിലേയും മുകളിലേയും പെട്ടികളഴിക്കുന്നു)
സലീം ഉമ്മാ.. സലീനാ.. സമീറാ.. അളിയാക്കാ.. ശരീഫേ... (കുറച്ച്‌ നേരം ആഹ്ലാദവും ആനന്ദക്കണ്ണീരും.) നീയല്ലേ സലീന പറഞ്ഞത്‌ (ചിരിച്ച്‌ കൊണ്ട്‌) ഉമ്മയാകെ വാടിപോയെന്ന്‌.
ഉമ്മ: ഇനിക്കൊരു കൊഴപ്പോല്ല. ഇന്റെ മോനെ കാണാത്തീന്റെ വെശമം മാത്രേയുള്ളൂ.
സലീന: ഉമ്മ ഇപ്പൊ തടിച്ചതാ... ഉമ്മാക്ക്‌ സുഖല്ലാന്ന്‌ പറഞ്ഞാലല്ലേ ഇക്ക ഈ വഴിക്കൊക്കെ ഒന്ന്‌ വെരൂ. അതോണ്ട്‌ പറഞ്ഞതാ.
സലീം തോന്നുമ്പോക്കിന്‌ ഓടിപ്പോരാന്‍ പറ്റ്വാ.. അന്യ നാടല്ലെ. പിന്നെ ഞാന്‍ തന്നെ നടത്ത്‌ണ കടയും. വിശ്വസ്ഥരായ ആരെ എങ്കിലും കിട്ടണ്ടേ...?
അളിയന്‍ സമദ്‌ അളിയാ വരുന്ന വിവരത്തിന്‌ ഒന്ന്‌ വിളിച്ചിരുന്നെങ്കി ഞാന്‍ കാറും കൊണ്ട്‌ എയര്‍പോര്‍ട്ടിലെത്തില്ലായാരുന്നോ...
അളിയന്‍ കുഞ്ഞലവി പിന്നെ ഞമ്മളും വരൂലേയ്‌ന്വേ...
ഡ്രൈവര്‍ ഇങ്ങളെല്ലാരും കൂടി കാറും കൊണ്ട്‌ വന്നാ പിന്നെ ഞമ്മളെപ്പോലത്തോല്‍ക്കും ജീവിക്കണ്ടേ...(സാധനങ്ങള്‍ അഴിക്കുന്നതിനിടയില്‍)
ഉമ്മ ആരീം ബുദ്ധിമുട്ടിക്കേണ്ടാന്ന്‌ പറഞ്ഞത്‌ ഓന്‍
തന്നെയാ...
സമദ്‌ പിന്നെ ഞമ്മളെ പുന്നാര അളിയന്‍ അക്കരെന്ന്‌ വരുമ്പോ ഒന്ന്‌ എയര്‍പോര്‍ട്ട്‌ക്ക്‌ പോണതാപ്പോ ബുദ്ധിമുട്ട്‌. അതൊക്കെയൊരു ആഘോഷല്ലെ...
ഉമ്മ: ഇന്റെ കുട്ടിനെ ഈ വഴിയില്‍ തന്നെ നിര്‍ത്തിയിട്ടാ വര്‍ത്താനം... ഓനൊന്ന്‌ അൗത്ത്‌ക്ക്‌ വന്നോട്ടെ.
(സലീം എല്ലാവരുടേയും കൈപിടിച്ച്‌ അകത്തേക്ക്‌ കയറിപോകുന്നതിന്റെ പിറകില്‍ നിന്നുള്ള ദൃശ്യം.
സീന്‍ അഞ്ച്‌
വീടിന്റെ സ്വീകരണ മുറിയില്‍ രണ്ടാഴ്‌ചകള്‍ക്ക്‌ ശേഷം സലീം, ഉമ്മ, അളിയന്‍മാരായ സമദും കുഞ്ഞലവിയും സലീമിന്റെ വിവാഹകാര്യത്തെകുറിച്ച്‌ സംസാരിക്കുന്നു.
അളിയന്‍ സമദ്‌: അളിയന്റെ അത്യാവശ്യങ്ങളൊക്കെ കഴിഞ്ഞില്ലേ...നീ വന്നവിവരം ഞാന്‍ ഓലോട്‌ വിളിച്ച്‌ പറഞ്ഞിരുന്നു. ഇന്ന്‌ വരും നാളെവരുമെന്നൊക്കെ.. ഇതുവരെ പറ്റീല ഇനിയെന്തായാലും വൈകണ്ട.
കുഞ്ഞലവി നല്ലകുട്ട്യാ. കുടുംബവും. ഞമ്മെക്കന്ത്‌കൊണ്ടും ചേരും. വല്യപത്രാസ്‌ കാരൊന്നും അല്ല. ഇനി ഒരു മോളെയൊള്ളൂ കെട്ടിക്കാന്‍. മൂപ്പരും അക്കരെയായതോണ്ട്‌ ഞമ്മള്‌ ഡിമാന്‍ഡൊന്നും പറഞ്ഞിട്ടൂല്ല. എന്നാലും ഒരറുപത്‌ പവനില്‍ കൊറയരുതെന്ന സൂചന കൊടുത്തിട്ട്‌ണ്ട്‌.
സലീം (ദേശ്യത്തോടെ) എന്തിനാ അങ്ങനെ പറഞ്ഞത്‌...?നമുക്ക്‌ ഒരു ഡിമാന്‍ഡും ഇല്ല. കുട്ടി നന്നാവണം. കുടുംബവും അത്രേയും മതി.(ഉമ്മ എല്ലാം കേട്ട്‌ കൊണ്ട്‌ ചായ ഡ്രേയുമായി അവിടേക്ക്‌ കടന്നു വരുന്നു.)
ഉമ്മ അതിനെന്തിനാ സലീമെ ഇജ്ജ്‌ ബേജാറാക്‌ണ്‌...? നമ്മള്‌ ഡിമാന്റൊന്നും പറഞ്ഞില്ല...അവരെ മോള്‌ക്ക്‌ അവരെന്താ കൊട്‌ക്ക്‌ണതെന്ന്‌ വെച്ചാ ഓല്‌ തീരുമാനിച്ചോട്ടെ. ഇവടീംണ്ടായിനല്ലോ രണ്ടെണ്ണം. ഓല്‌ക്ക്‌ ചോയ്‌ച്ചതൊക്കെ കൊടുത്തിട്ടല്ലേ പറഞ്ഞയച്ചത്‌. അപ്പോ ആരും ന്യായക്കേട്‌ പറയാനില്ലായിരുന്നല്ലോ...സഹായിക്കാനും ആരുംണ്ടായിനില്ല. അറുപത്‌ തന്നെ കുറഞ്ഞ്‌ പോയോന്നാനിക്ക്‌ തോന്ന്‌ണത്‌.
(മരുമക്കളുടെ മുഖത്ത്‌ വല്ലായ്‌മ. സലീമിനും. മൂവരും ചായ കുടിക്കുന്നു.)
സമദ്‌ അളിയാ എന്നാ ഞമ്മള്‌ പോകല്ലേ... ദൂരം കുറച്ച്‌ണ്ട്‌. (ചായകുടിച്ച്‌ കഴിഞ്ഞശേഷം)
സലീം എന്നാ പോകാം. ഉമ്മ പോയി വരട്ടെ. സലീനാ... സറീനാ... നീട്ടി വിളിക്കുന്നു. (അകത്ത്‌ നിന്നും അവര്‍ സമ്മതം മൂളുന്നു. അവര്‍ മൂവരും എണീക്കുന്നു.
പുറത്ത്‌ നിന്ന്‌ കാര്‍ സ്റ്റാര്‍ട്ടാകുന്നു. അതകന്ന്‌ പോകുന്നു.
സീന്‍ ആറ്‌
മറ്റൊരു റോഡിലൂടെ കാര്‍ ഓടുന്നു. കുറെ ദൂരം ചെല്ലുമ്പോള്‍ പള്ളിയില്‍ നിന്നും ബാങ്ക്‌ വിളിയുടെ ശബ്‌ദം. കാര്‍ പതിയെ നിര്‍ത്തുന്നു. നിര്‍ത്തിയ കാറില്‍ നിന്ന്‌ സലീം പുറത്തിറങ്ങുന്നു.
സലീം നമ്മളൊരു ചായ കുടിക്ക്വാ... നിസ്‌കരിച്ചശേഷം ഇനിപോകാം. ( മറ്റുള്ളവരും കാറില്‍ നിന്നിറങ്ങുന്നു. അടുത്ത്‌ കണ്ട പള്ളിയിലേക്ക്‌ കയറുന്നു.

സീന്‍ ഏഴ്‌
പള്ളിയുടെ വിദൂര ദൃശ്യം. അകത്ത്‌ ജമാഅത്ത്‌ നടക്കുന്നു. പള്ളിയില്‍ നിറയെ ആളുകള്‍. സലീം മുമ്പിലെ വരിയില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു റകഅ്‌ത്ത്‌ നിസ്‌കാരം കഴിയുമ്പോള്‍ എല്ലാവരും സലാം വീട്ടുന്നു. നിസ്‌കാരത്തിന്റേയും കൂട്ട പ്രാര്‍ഥനയുടെയും നിശബ്‌്‌ദ ദൃശ്യങ്ങളും. നിസ്‌കാരാനന്തരം ഇമാം എഴുന്നേറ്റ്‌ നിന്ന്‌ പ്രസംഗിക്കാനാരംഭിക്കുന്നു.
നാല്‍പത്‌ വയസ്സിനടുത്ത്‌ പ്രായമുള്ള തലയില്‍കെട്ടുള്ള ശുഭ്ര വസ്‌ത്രധാരിയായ മുസലിയാര്‍.)
മുസലിയാര്‍ അസ്സലാമു അലെക്കും. പ്രിയമുള്ള മുഅ്‌മിനീങ്ങളെ. സത്യവിശ്വാസി എന്ന്‌ പറഞ്ഞാല്‍ സ്വന്തം ആവശ്യത്തിന്‌ മറ്റുള്ളവന്റെ ആവശ്യത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നവനെന്നാണര്‍ഥം. വിനയവും എളിമയും ധാനധര്‍മങ്ങളും സത്യവിശ്വാസിയുടെ മഹത്വം ഉയര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.
പരമകാരുണികന്റെ അടിയാറുകള്‍ ഭൂമിയില്‍ എളിമയോടെ നടക്കുന്നവരാണെന്നാണ്‌ ഖുര്‍ആന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്‌. സഹജീവിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിയണമെന്നും സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ അതില്‍ തന്റേതായ ഭാഗേദയം അര്‍പ്പിക്കാനും ഓരോ വിശ്വാസിയോടും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്‌.
ഒറ്റയാന്റെ ജീവിതവും സ്വന്തത്തിലേക്ക്‌ ചുരുങ്ങുന്ന പ്രവണതയും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടേയില്ല. ഇത്രയും ആമുഖമായി പറഞ്ഞത്‌ ഒരു പ്രധാനകാര്യം സൂചിപ്പിക്കാനാണ്‌. ഇവിടെ എന്റെ നാട്ടുകാരനും എനിക്ക്‌ വേണ്ടപ്പെട്ടയാളുമായ ഒരാള്‍ ഒരു സഹായം ആവശ്യപ്പെട്ട്‌ വന്നിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്‌. നിങ്ങള്‍ക്കറിയാമല്ലോ ഇന്നത്തെകാലത്ത്‌ ഒരു പെണ്‍കുട്ടിയുടെ വിവാഹമെന്നോക്കെ പറയുമ്പോഴുള്ള ചെലവ്‌. എല്ലാവര്‍ക്കുമതറിയാം. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ആ സഹോദരി നമ്മുടെ കൂടി സഹോദരിയാണ്‌. അവളെ വിവാഹം ചെയ്‌ത്‌ അയക്കാനുള്ള ബാധ്യതയും നമുക്കുണ്ട്‌. അതുകൊണ്ട്‌ നിങ്ങള്‍ കഴിവിന്റെ പരമാവധി അദ്ദേഹത്തെ സഹായിക്കണം. വരാന്തയില്‍ വിരിച്ച മുണ്ടില്‍ നിങ്ങള്‍ക്ക്‌ കഴിയാവുന്ന സംഭാവന നിക്ഷേപിക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയാണ്‌.
((സലീം മുസ്‌ലിയാരുടെ പ്രസംഗം തുടരുന്നതിനിടയില്‍
പിറകിലേക്ക്‌ തിരിഞ്ഞ്‌ നോക്കുന്നു. അപ്പോള്‍ തൊട്ടു പിന്നിലെ സ്വഫ്‌ഫില്‍ ഗള്‍ഫില്‍ നിന്നും മകളുടെ വിവാഹത്തിന്‌ സഹായം ആവശ്യപ്പെട്ട്‌ മജീദിക്കയോടൊപ്പം വന്ന മനുഷ്യനെ കാണുന്നു. എന്നാല്‍ അയാള്‍ സലീമിനെ കാണുന്നില്ല. )
സലീം  (പിറിപിറുക്കുന്നു)
(പ്രസംഗം തുടര്‍ന്ന്‌ കേള്‍ക്കുന്നു)
മുസലിയാര്‍ അന്ത്യനാളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവരും എന്റെ ഇരിപ്പിടത്തോടടുത്ത ഇരിപ്പിടം ലഭിക്കുന്നവരും നിങ്ങളിലെ ഉത്തമ സ്വഭാവികളും ധാനശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുമായിരിക്കുമെന്ന പ്രവാചക വചനം നമ്മള്‍ ഓര്‍ക്കണം. നാളെ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ ഇരിപ്പിടം ഉറപ്പാക്കിയവരുടെ കൂട്ടത്തില്‍ നമ്മേയും അല്ലാഹു സുബ്‌ഹാനവു തഅ്‌ല ഉള്‍പ്പെടുത്തുമാറാകാട്ടെ. ആമീന്‍. വ ആഖിര്‍ ദഅ്‌വാനാ അനില്‍ഹംദു ലില്ലാഹി റബ്ബില്‍ ആലിമീന്‍. അസ്സലാമു അലൈക്കും.

(മുസലിയാരുടെ പ്രസംഗം തീരുംവരെ എല്ലാവരും അയാളെ തന്നെ നോക്കുന്നു. മുഴുവന്‍ ആളുകളുടേയും ദൃശ്യം. കൂട്ടത്തില്‍ രണ്ടാമത്തെ സ്വഫ്‌ഫിലിരിക്കുന്ന മനുഷ്യനിലേക്കുതിരിയുന്നു ഏവരുടേയും ശ്രദ്ധ. പ്രസംഗം തീരുന്നതോടെ എഴുന്നേറ്റു പോകാന്‍ തിക്കിതിരക്കുന്നവരുടെ കലമ്പല്‍.)
സീന്‍ എട്ട്‌
പള്ളിയുടെ വരാന്തയില്‍ വിരിച്ച മുണ്ടിനരികില്‍ അയാള്‍ വിഷണ്ണനായി ഇരിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്‌ പത്തിന്റേയും ഇരുപതിന്റേയും അന്‍പതിന്റേയും നോട്ടുകള്‍ മുണ്ടിലേക്ക്‌ വീഴുന്നു. ഒന്നോ രണ്ടോ നൂറിന്റെ നോട്ടുകളും. സലീമിന്റെ അളിയന്‍ സമദും ഒരു പത്ത്‌ രൂപ നോട്ടെടുത്ത്‌ മുണ്ടില്‍ നിക്ഷേപിക്കുന്നു.പിശുക്കനായ അലവിക്കുട്ടി അത്‌ കാണാത്തത്‌പോലെ നടന്ന്‌ നീങ്ങുന്നു.
നിസ്‌കാരം കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവരുടെ മധ്യത്തില്‍ സലീമും അളിയന്‍മാരും. അന്‍പതില്‍ കുറയാത്ത ആള്‍ക്കൂട്ടം പള്ളിയില്‍ നിന്ന്‌ പുറത്തേക്ക്‌.
 (സലീം ചിന്തയിലാകുന്നു. പിന്നെ ദൂരക്കാഴ്‌ചയില്‍ ആ മനുഷ്യനെ നോക്കുന്നു. ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ പള്ളിയില്‍ നിന്ന്‌ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്പോള്‍ മുണ്ടിലെ ചില്ലറത്തുട്ടുകളും നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ അടുത്തു നിന്നുള്ള ദയനീയ ചിത്രം.
സീന്‍ ഒമ്പത്‌
സലീമിന്റെ വീട്‌. ഒരു കല്യാണ വീടിന്റെ ഒരുക്കങ്ങള്‍. ചെറിയ ആള്‍ക്കൂട്ടം.
ഉമ്മ വരാന്തയില്‍, പ്രായമായ ഒരു സ്‌ത്രീയും പ്രായമായ കാരണവരും.
ഉമ്മ ഏതായാലും അതങ്ങ്‌ കഴിഞ്ഞു. ന്റെകുട്ടിന്റെ ആഗ്രഹംപോലെ തന്നെ മൊഞ്ച്‌ള്ള ഒരുകുട്ടീനെ ഒത്തുവന്നല്ലോ... അല്‍ഹംദുലില്ലാ... ഇന്ന്‌ നിക്കാഹ്‌. രണ്ടാഴ്‌ച കഴിഞ്ഞ്‌ കല്യാണം.
അമ്മായി ഞമ്മക്ക്‌ ചോര്‍ന്ന കുടുംബല്ലാന്നാണല്ലോ കുഞ്ഞയമു പറഞ്ഞത്‌. ബാപ്പ ഇപ്പളും അക്കരെത്തന്നെല്ലേ... അതോണ്ട്‌ തട്ടിമുട്ടി പോണ്‌ന്നേയുള്ളൂ എന്നും.
ഉമ്മ കുട്ടിനെപറ്റിയപ്പോ പിന്നെ കുടുംബോം സ്വത്തും ഒന്നും നോക്കീലമ്മാ... പടച്ചോന്റെട്‌ത്ത്‌ എത്രങ്ങാനും മൊതല്‌ണ്ട്‌.
അമ്മായി പള്ളീന്നാ നിക്കാഹ്‌.. അതോ...?
അളിയന്‍ സമദ്‌ പള്ളീന്നാ... മഹറ്‌ കെട്ടാന്‍ ഞങ്ങള്‌ പെരീല്‌ പോണ്‌ണ്ട്‌
ഉമ്മ എന്നാ ഇഞ്ഞ്‌ വൈകണ്ട. പത്ത്‌ പതിനഞ്ച്‌ മൈല്‌ ദൂരല്ലേ..
കാരണവര്‍ ന്നാ ഓന്റൊപ്പം പോകാനുള്ളോരൊക്കെ വന്നോളീന്‍... ഇഞ്ഞ്‌ വൈകണ്ട...
സമദ്‌ കുഞ്ഞാക്കാ, നാണ്യേ, ചെറിയാപ്യോ, ഹമീദെ സലാമേ വേഗം വെരീം.
(എട്ട്‌ പത്ത്‌ ചെറുപ്പക്കാര്‍ പൂമുഖത്തേക്ക്‌ വരുന്നു.)
സലീം എന്നാ എല്ലാരോടും ..ഞങ്ങള്‍ പോയിവരട്ടെ..ഉമ്മാ അമ്മായീ... കുഞ്ഞളിയാക്കാ...സലീനാ സറീനാ..
സീന്‍ പത്ത്‌
പുറത്ത്‌ രണ്ട്‌ കാറുകള്‍ സ്റ്റാര്‍ട്ടാകുന്നു. ഒന്നിനു പിറകിലായി ഒന്ന്‌ പതിയെ കടന്നു പോകുന്നു. വീടിന്റെ വരാന്തയില്‍ ആ കാഴ്‌ച നോക്കി ഉമ്മയും അമ്മായിയും സഹോദരിമാരും കാരണവരും കുട്ടികളും. കാര്‍ അകന്നകന്ന്‌ പോകുന്ന വിദൂരക്കാഴ്‌ച
സീന്‍ പതിനൊന്ന്‌
വധുവിന്റെ വീട്‌. ഓടിട്ട പഴയ വീടാണെങ്കിലും തറവാടിത്വത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതാണ്‌. കുറച്ചാളുകള്‍. നിക്കാഹ്‌ പള്ളിയില്‍ നിന്ന്‌ കഴിഞ്ഞ്‌ വരനും കൂട്ടുകാരും വധുവിന്‌ മഹര്‍കെട്ടാന്‍ വരുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ്‌. പായസം തയ്യാറാക്കുന്നു. കുറച്ച്‌ കുട്ടികള്‍ മുറ്റത്ത്‌ ഓടിച്ചാടി നടക്കുന്നു.അതിനരികില്‍ അതിഥികളെ കാത്ത്‌ പത്ത്‌ കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. പ്രായമായ കാരണവര്‍ അതിലൊന്നിലിരിക്കുന്നു.
കാരണവര്‍ വേഗം നോക്കിം സുല്‍ഫീ ഓലിപ്പൊങ്ങെത്തും.
(സുല്‍ഫി. വധുവിന്റെ ഇളയ സഹോദരനാണ്‌. )
സുല്‍ഫി ദാ ആയിക്ക്‌ണ്‌ കുഞ്ഞാക്ക. ഇഞ്ഞ്‌ ഓലിങ്ങട്ട്‌ വന്നാ മതി.
കുറച്ച്‌ കുട്ടികള്‍ മുറ്റത്ത്‌ നിന്ന്‌ റോഡിലേക്ക്‌ നോക്കി നില്‍ക്കുന്നു. അവര്‍ ഒരു കാറിനെ കണ്ടമാത്രയില്‍ ഉറക്കെ വിളിച്ച്‌ പറയുന്നു.
കുട്ടികള്‍ ദാ കാറ്‌ വര്‌ണ്ട്‌( അത്‌ കേട്ട്‌ വീട്ടിലെ ബഹളം. സ്‌ത്രീകളുടെയും കുട്ടികളുടേയും ആഹ്ലാദത്തിന്റെ ആരവം. മാരുതികാര്‍ വീടിന്റെ വരാന്തയില്‍ വന്ന്‌ നര്‍ത്തുന്നു. രണ്ട്‌ മൂന്ന്‌ കാരണവന്‍മാര്‍ അപ്പോഴേക്ക്‌ കാറിനരികിലേക്ക്‌. അളിയന്‍ സുല്‍ഫിയും മുറ്റത്തിരിന്നിരുന്ന കാരണവരും ഭവ്യതയോടെ അവരെ സ്വീകരിച്ചിരിത്തുന്നു.
കാരണവര്‍ വെരീം... ഇങ്ങോട്ടിരിക്വാ.. ( വരന്‍ സലീമും കൂട്ടുകാരും, നാലുപേര്‍ രണ്ടളിയന്‍മാരും മറ്റു രണ്ടുപേരും കസേരയിലിരിക്കുന്നു. അവരെ വന്ന്‌ പരിചയപ്പെടാന്‍ തിരക്കു കൂട്ടുന്ന ചിലര്‍. കൂട്ടത്തില്‍ സുല്‍ഫിയെ കാരണവര്‍ പരിചയപ്പെടുത്തുന്നു.
കാരണവര്‍ ഇത്‌ മൂപ്പരുടെ ചെറിയ മോനാ... നിസ്‌കാരം കഴിഞ്ഞപ്പൊ ഞങ്ങള്‍ ഇങ്ങട്ട്‌ ഓടിപോന്നു. ഇങ്ങള്‌ തമ്മില്‌ കണ്ടിട്ട്‌ണ്ടാവൂല
സലീം (പുഞ്ചിരിയോടെ അവന്റെ കരംകവരുന്നു.)എന്താ പേര്‌
സുല്‍ഫി സുല്‍ഫി
സലീം എന്ത്‌ ചെയ്യുന്നു...?
സുല്‍ഫി ഡിഗ്രി ഫസ്റ്റിയറാണ്‌. എന്റെ നേരെ ഇളയതാ ജസ്‌ല
സലീം ഉപ്പാന്റെ വിശേഷം എന്തൊക്കയാ...? വിളിച്ചിരുന്നില്ലെ...
സുല്‍ഫി വിളിച്ചിരുന്നു. നിങ്ങളുടെ നമ്പര്‍ കൊടുത്തിട്ടുണ്ട്‌. ഉപ്പ വിളിക്കും. ഇങ്ങള്‌ കണ്ടിട്ടില്ലല്ലോ അല്ലേ ഉപ്പാനെ.... ജിദ്ദയില്‍ തന്നെയാണിപ്പോ... അവിടെചെല്ലുമ്പോ നേരിട്ട്‌ കാണാം. ഞാന്‍ ഉപ്പാന്റെ ഫോട്ടോ കൊണ്ടന്ന്‌ തര്വാ( സുല്‍ഫി പോകുന്നു)
സലീം സുഹൃത്തുക്കളുമായും കാരണവന്‍മാരുമായും സംസാരിക്കുന്നതിന്റെയും ചിരിക്കുന്നതിന്റേയും നിശബ്‌ദ ദൃശ്യങ്ങള്‍. അകത്ത്‌ നിന്ന്‌ പുതിയാപ്ലയെ കാണാന്‍ തിരക്ക്‌ കൂട്ടുന്ന സ്‌ത്രീകളുടെ ബഹളങ്ങള്‍. അതിനിടയില്‍ ~ഒരാള്‍ പായസം വിളമ്പിയ ഡ്രേയുമായി അവര്‍ക്കിടയിലെത്തുന്നു. എല്ലാവര്‍ക്കും വിതരണം ചെയ്യുന്നു. എല്ലാവരും വാങ്ങിക്കുടിക്കുന്നു.
ആവേശത്തോടെ സുല്‍ഫി ഒരാല്‍ബവുമായി അവിടേക്ക്‌ വരുന്നു. അത്‌ സലീമിനെ ഏല്‍പ്പിക്കുന്നു.)
സുല്‍ഫി ഇതാ ഇതിലുണ്ട്‌ ഉപ്പാന്റെ ഫോട്ടോ...(താളുകള്‍ മറിക്കുന്നു. രണ്ടാമത്തെ താളില്‍ ഒരു ഫോട്ടോ. അത്‌ കാണുമ്പോള്‍) ഇതാ ഇതാണ്‌ ഉപ്പ.
താടിവെച്ച്‌ തലയില്‍ തൊപ്പിയിട്ട്‌ നില്‍ക്കുന്ന ആ മനുഷ്യനെ കണ്ട്‌ സലീം അന്ധാളിച്ച്‌ നില്‍ക്കുന്നു. അടുത്ത താളില്‍ അയാളും ഗള്‍ഫിലെ മജീദിക്കയും കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ.
സുല്‍ഫി ഇത്‌ ഉപ്പാന്റെ അടുത്ത പരിചയക്കാരനാ മൂപ്പരും ഗള്‍ഫിലാ...
(ഗള്‍ഫിലെ കടയില്‍ സഹായമാവശ്യപ്പെട്ട്‌ വന്ന മനുഷ്യന്റെ ദയനീയത മുറ്റിയ മുഖവും പള്ളിയില്‍ വിഷണ്ണനായിരിക്കുന്നയാളിന്റെ ചിത്രവും ഫ്‌ളാഷ്‌ബാക്കില്‍.
ഉസ്‌താദിന്റെ പ്രസംഗവും മജീദിക്കയുടെ സംസാരവും...ആ ഫോട്ടോയിലേക്ക്‌ നോക്കി സ്‌തംഭിച്ച്‌ നില്‍ക്കുന്ന സലീം.

സ്‌ക്രീനില്‍ ഒരു സന്ദേശം
മതം നിഷിദ്ധമാക്കിയ ഒരു ദുരാചാരത്തെ
പടികടത്തുന്നതിന്‌ പകരം വളര്‍ത്തുന്നതിനാണ്‌
ഖുര്‍ആനിനേയും ഹദീസിനേയും പോലും
മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്നത്‌.