28/3/11

ദുരന്താഗ്നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍




ഡിസംബര്‍ ഒന്ന്‌.
എയ്‌ഡ്‌സെന്ന മഹാമാരിയെക്കുറിച്ച്‌ പലരുടെയും ചിന്തകളും ബോധവത്‌കരണങ്ങളും ഈഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ... അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും ഇവിടെ തീരുന്നില്ലെ... വെറുമൊരുസംശയമാണോ അത്‌. എന്നാല്‍ ജീവിതകാലം മുഴുവന്‍ ആ രോഗത്തിന്റെ അഗ്നിയില്‍ വേവുന്ന ഹൃദയവുമായി ജീവിക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യര്‍ നമുക്കിടയില്‍ നരകിച്ച്‌ കഴിയുന്നുണ്ടെന്ന്‌ ആരോര്‍ക്കുന്നു.


അവരില്‍ പുരുഷന്‍മാര്‍ മാത്രമല്ല അമ്മമാരും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുമുണ്ട്‌. മൂന്നുകോടിയോളം മനുഷ്യ ജീവനുകളെയാണ്‌ ഇതിനോടകം ഈ മഹാമാരി കവര്‍ന്നെടുത്തത്‌. 3. 32 കോടിയോളം മനുഷ്യര്‍ ഇന്നും അണുബാധിതരായി ലോകത്തുണ്ട്‌. 57 ലക്ഷത്തോളം ആളുകള്‍ ഇന്ത്യയിലുണ്ട്‌. ഇതില്‍ 5, 70,00 പേര്‍ കുട്ടികളാണ്‌. മൂന്നുലക്ഷത്തോളം അണുബാധിതര്‍ കേരളത്തിലുമുണ്ടായിരുന്നു. എന്നാല്‍ 55,167 അണുബാധിതരെയൂള്ളൂവെന്നാണ്‌ സംസ്ഥാന എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി കഴിഞ്ഞവര്‍ഷം പുറത്തുവിട്ട കണക്ക്‌. ഇന്ത്യയില്‍ 2.31 ദശലക്ഷം അണുബാധിതരെയുള്ളൂവെന്നും ആ കണക്കുകള്‍ പറയുന്നു.


കണക്കുകളിലല്ല കാര്യം. നാം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്‌. എങ്ങനെ നമ്മെയും നമ്മുടെ വേണ്ടപ്പെട്ടവരെയും ഈരോഗത്തിന്‌ പിടികൊടുക്കാതെ രക്ഷിക്കാം എന്നതിലാണ്‌. അറിഞ്ഞോ അറിയാതെയോ നമുക്കിടയിലെവിടെ എങ്കിലും അത്തരമൊരാള്‍ ഉണ്ടായാലോ... ഭയപ്പെടരുത്‌. അവരെ ഒറ്റപ്പെടുത്തരുത്‌. കുറ്റപ്പെടുത്തുകയുമരുത്‌.


കാരണം എയ്‌ഡ്‌സ്‌ ഒരു പകര്‍ച്ചാ വ്യാധിയല്ലെന്ന്‌ ആദ്യം തിരിച്ചറിയുക. എച്ച്‌ ഐ വി (ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷെന്‍സി വൈറസ്‌) എന്നത്‌ വൈറസിന്റെപേരും, എയ്‌ഡ്‌സ്‌ (അക്കേയര്‍ഡ്‌ ഇമ്മ്യൂണോ ഡെഫിഷെന്‍സി സിന്‍ഡ്രോം) എന്നത്‌ ഈ വൈറസ്‌ ബാധിച്ച വ്യക്തി ഒന്നിലേറെ തരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക്‌ അടിമപ്പെടുന്ന അവസ്ഥയുമാണ്‌.
എച്ച്‌ ഐ വി ചിലവ്യക്തികളില്‍ യാതൊരു രോഗലക്ഷണവും പ്രകടിപ്പിച്ചില്ലെന്ന്‌ വരാം. എന്നാല്‍ വൈറസ്‌ മറ്റുള്ളവരിലേക്ക്‌ പകര്‍ത്താന്‍ ഇവര്‍ക്ക്‌ സാധിക്കുന്നു. ഇത്‌ മനുഷ്യനെ മാത്രം ബാധിക്കുന്ന വൈറസാണ്‌ എച്ച്‌ ഐ വി.


എച്ച്‌ ഐ വി ബാധിതനോട്‌ സംസാരിക്കാം, ശരീരത്തില്‍ സ്‌പര്‍ശിക്കാം. ഒരുമിച്ച്‌ കളിക്കാം, ഷൈക്ക്‌ ഹാന്‍ഡ്‌ കൊടുക്കാം. അടുത്ത്‌ ഇടപഴകാം, ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കാം. ഒരേകട്ടിലില്‍ ഉറങ്ങാം. അപ്പോഴൊന്നും രോഗം മറ്റൊരാളിലേക്ക്‌ പകരുന്നില്ല. വിയര്‍പ്പിലൂടെയോ ഉമിനീരിലൂടെയോ കണ്ണുനീരിലൂടെയോ പകരുന്നില്ല, മറിച്ച്‌ രക്തത്തിലൂടെയും മുലപ്പാലിലൂടെയും സ്രവങ്ങളിലൂടെയും മാത്രമെ ഈ വൈറസ്‌ ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നുള്ളൂ.
രോഗം ബാധിച്ച സഹജീവിയോട്‌ കരുണയോടെയും സഹകരണത്തോടെയും ഇടപെടുകയാണ്‌ വേണ്ടത്‌. അവര്‍ക്ക്‌ സഹതാപമല്ല സമൂഹത്തിന്റെ പിന്‍ബലമാണ്‌ വേണ്ടത്‌. പിന്തുണയാണ്‌. അതില്ലെങ്കിലോ അവര്‍ പ്രതികാര ദാഹികളാവാം. പൈശാചികമായി ഇടപെടാം. അതെല്ലാം കൂടുതല്‍ അപകടത്തിലേക്കും ദുരന്തങ്ങളിലേക്കുമാവും ചെന്നെത്തിക്കുക.

അസാന്മാര്‍ഗിക ജീവിതം നയിച്ചിരുന്ന സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ ആണ്‌ ഈ വൈറസ്‌ ആദ്യമായി കണ്ടെത്തിയത്‌. 1981ലായിരുന്നുവത്‌. അമേരിക്കയിലെ ഡോക്‌ടര്‍ റോബര്‍ട്ട്‌ സിഗാലോ ആണ്‌ എയ്‌ഡ്‌സ്‌ വൈറസുകളെ കണ്ടെത്തിയത്‌. 1983ല്‍ അദ്ദേഹം 486 രോഗികളില്‍ നിന്ന്‌ എച്ച്‌ ഐ വി വൈറസുകളെ വേര്‍തിരിച്ചെടുത്തു. അമേരിക്കയിലും ആഫ്രിക്കന്‍രാജ്യങ്ങളിലും പടര്‍ന്ന ആ മഹാമാരി 1988ല്‍ നമ്മുടെ കൊച്ചുകേരളത്തിലുമെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്‌ ആദ്യത്തെ രോഗിയായി ഒരു യുവാവെത്തുന്നത്‌. നിയമപാലകനായിരുന്നു അയാള്‍. 1988മെയ്‌ 27ന്‌ ആദ്യമരണവും അയാളുടേതായി ചരിത്രത്തിലിടം നേടി.


എന്നാല്‍ ഇന്ന്‌ സ്‌ത്രീകളും കുട്ടികളുമാണ്‌ ഈ മഹാമാരിയുടെ ഇരകളായി തീരുന്നതിലേറെയും. അസാന്മാര്‍ഗിക ജീവിതം നയിക്കുന്ന പുരുഷന്‍മാരില്‍ നിന്നോ മറ്റോ സ്‌ത്രീകളിലേക്ക്‌ വൈറസ്‌ പടരുന്നു. അവരില്‍ നിന്ന്‌ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളിലേക്കുമെത്തുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ എച്ച്‌ ഐ വി ബാധിതയാണെന്നറിഞ്ഞാല്‍ പിറക്കാന്‍പോകുന്ന കുഞ്ഞിനെ ഈ വൈറസില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരുപരിധിവരെ സാധിക്കും. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ പലരും ഇതറിയാറില്ലെന്നതാണ്‌ പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്‌.


75 ശതമാനം സ്‌ത്രീകള്‍ക്കും ലൈംഗിക ബന്ധത്തിലൂടെയാണ്‌ എച്ച്‌ ഐ വി പകരുന്നത്‌. രണ്ടാം സ്ഥാനം രക്തം സ്വീകരിക്കുന്നതിലൂടെയാണ്‌. ഇതിന്റെ തോത്‌ അഞ്ച്‌ ശതമാനമാണ്‌. അഞ്ചുശതമാനം മറ്റുവഴികളിലൂടെയുമാവാം. വിവിധ ഘട്ടങ്ങളിലായി ഏറ്റവും കൂടുതല്‍ രക്തം സ്വീകരിക്കേണ്ടി വരുന്നതും സ്‌ത്രീകള്‍ക്കാണല്ലോ. രോഗം ബാധിച്ച സ്‌ത്രീകളില്‍ നിന്ന്‌ പുരുഷന്‌ പകരാനുള്ള സാധ്യത ഒരുശതമാനം മാത്രമെയൊള്ളൂ. എന്നാല്‍ പുരുഷനില്‍ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ പകരാനുള്ള സാധ്യത പത്തിരട്ടിയാണ്‌.

രോഗങ്ങളെയും പകര്‍ച്ച വ്യാധികളെയും പ്രതിരോധിക്കുന്നതിന്‌ മനുഷ്യശരീരത്തില്‍ ഒരുപ്രതിരോധ സേന പ്രവര്‍ത്തിക്കുന്നുണ്ട്‌. രോഗ ബാധകളില്‍ നിന്നും ശരീരത്തെ കാത്തു സൂക്ഷിക്കുക എന്നതാണ്‌ ഇതിന്റെ ധര്‍മം. വിവിധ മാര്‍ഗങ്ങളിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കളെ ഈ പ്രതിരോധ സേന ചെറുത്തുതോല്‍പ്പിക്കുന്നു.


സിഡി ഫോര്‍ കോശങ്ങളെന്നറിയപ്പെടുന്ന ശരീരത്തിലെ ഒരു വിഭാഗം വെളുത്ത രക്താണുക്കള്‍ രോഗപ്രതിരോധശേഷി കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നവയാണ്‌. ഇതിനെ ശരീരത്തിന്റെ സംരക്ഷകരായാണ്‌ കണക്കാക്കുന്നത്‌. ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന എച്ച്‌ ഐ വി സിഡിഫോര്‍ കോശങ്ങളിലും എത്തുന്നു. ക്രമേണ ഈ വൈറസുകളുടെ എണ്ണം പെരുകുന്നു. ഇവ സി ഡിഫോര്‍ കോശങ്ങളെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുന്നു. എച്ച്‌ ഐ വി യുടെ ഉപദ്രവം ശക്തമാകുമ്പോള്‍ ആക്രമണത്തെ ചെറുക്കാന്‍ ശരീരം പുതിയ ആന്റിബോഡികളെ ഉത്‌പാദിപ്പിക്കുന്നു. തകര്‍ന്നുപോയ സിഡി ഫോര്‍ കോശങ്ങള്‍ക്കു പകരമായി പുതിയവ രൂപപെട്ടുവരുന്നു. എന്നാല്‍ എച്ച്‌ ഐ വിയെ ചെറുത്ത്‌ നില്‍ക്കാനുള്ള ശക്തി കാലങ്ങളായി ശരീരത്തിനുണ്ടാകില്ല. അതോടെ സി ഡി ഫോര്‍ കോശങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. അപ്പോള്‍ എച്ച്‌ ഐ വി വൈറസിന്റെ എണ്ണം കൂടുന്നു. ഇങ്ങനെ സിഡിഫോര്‍ കോശങ്ങളുടെ എണ്ണം 200ല്‍ താഴെയാകുമ്പോഴാണ്‌ ശരീരത്തിന്‌ രോഗങ്ങളെ ചെറുക്കാന്‍ കഴിയാതെ വരുന്നത്‌. അങ്ങനെയാണ്‌ 29ലേറെ രോഗങ്ങള്‍ക്കു മുമ്പില്‍ എച്ച്‌ ഐ വി ബാധിതരുടെ ശരീരം കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നത്‌.

എയ്‌ഡ്‌സ്‌ ഒരുരോഗമല്ല, ഒരുപാട്‌ രോഗങ്ങളുടെ സാഗരമാണത്‌. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക്‌ ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്ക്‌ രോഗി വിധേയനാകുന്നു. വയറിളക്കം, ചുമ, പനി, തൂക്കം കുറയല്‍, പൂപ്പല്‍ രോഗങ്ങള്‍, ത്വക്ക്‌ രോഗം, വിവിധ രൂപത്തിലുള്ള അര്‍ബുദം, ഇങ്ങനെ 29ലേറെ രോഗങ്ങളുടെ ആക്രമണങ്ങളാണ്‌ ഒരാളെ മരണത്തിലേക്ക്‌ നയിക്കുന്നത്‌.
നിരന്തരമായ സഹവാസം കൊണ്ട്‌ എയ്‌ഡ്‌സ്‌ നമുക്കിന്ന്‌ സുപരിചിതമാണ്‌. അതിന്റെ ഭീതിതമായ സമ്പര്‍ക്കം കൊണ്ട്‌ മരണമാവട്ടെ സജീവ യാഥാര്‍ഥ്യവുമാണ്‌. 



മറ്റുമാറാവ്യാധികളെപോലെ തന്നെ രോഗനിര്‍ണയം ചെയ്‌തു കഴിയുന്നതോടെ എച്ച്‌ ഐ വി ബാധിതന്റെ ദിനചര്യകളും ജീവിതപശ്ചാത്തലവും മാറുന്നു. എന്നാല്‍ എച്ച്‌ ഐ വി എന്നാല്‍ എയ്‌ഡ്‌സല്ല. എയ്‌ഡ്‌സെന്നാല്‍ മരണമാണെന്ന അര്‍ഥം ചമക്കേണ്ടതുമില്ല. 

ക്യാന്‍സര്‍, ഹൃദ്രോഗം, മറ്റുമാറാരോഗങ്ങള്‍ എന്നിവ പിടിപെട്ട ഒരാളുടെ ആയൂര്‍ദൈര്‍ഘ്യത്തേക്കാള്‍ എച്ച്‌ ഐ വി ബാധിതര്‍ക്ക്‌ ജീവിച്ചിരിക്കാനാവും. ഓരോരുത്തരുടേയും പ്രതിരോധ ശേഷിയാണ്‌ ആയൂര്‍രേഖയെ നിര്‍ണയിക്കുന്നത്‌. ക്യാന്‍സറും മറ്റും നേരത്തെകണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്‌. എന്നാല്‍ എയ്‌ഡ്‌സിന്‌ ഫലപ്രദമായ ചികിത്സയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗം നേരത്തെ കണ്ടെത്തിയാലും ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയോജനമില്ല. എങ്കിലും ഇപ്പോള്‍ ലഭിക്കുന്ന ആന്‍ട്രി റിട്രോ വൈറല്‍ തെറാപ്പി കൊണ്ടും വ്യക്തമായ ജീവിതചിട്ടകള്‍ കൊണ്ടും 20 വര്‍ഷം വരെ ആയുസ്‌ ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുന്നുണ്ട്‌. അതായത്‌ ഇപ്പോള്‍ എച്ച്‌ ഐ വി ബാധിതനായ ഒരാള്‍ക്കും 20 വര്‍ഷംവരെ ജീവിച്ചിരിക്കാന്‍ സാധിക്കും. എച്ച്‌ ഐ വി ഒരാളില്‍ പിടിപെട്ടിരിക്കുന്നു എന്ന്‌ തിരിച്ചറിയുന്നതിനുള്ള പ്രാഥമിക ലക്ഷണങ്ങള്‍ വിട്ടുമാറാത്ത പനി, ചുമ, വയറിളക്കം ജലദോശം തുടങ്ങിയവയാണ്‌. ഇവയെല്ലാം മറ്റു അസുഖങ്ങള്‍ നിമിത്തവുമാകാം. അല്ലെന്ന്‌ ഉറപ്പ്‌ വരുത്താന്‍ വേണ്ട ചികിത്സകള്‍ നടത്തുകമാത്രമെ വഴിയുള്ളൂ. മൂന്ന്‌ ആഴ്‌ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയും അപകടമാണ്‌. എച്ച്‌ ഐ വി പകരാനുള്ള പ്രധാനകാരണങ്ങള്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌. ലൈംഗിക സ്രവങ്ങള്‍, രക്ത സ്വീകരണം എന്നിവക്ക്‌ രണ്ടാംസ്ഥാനമെയൊള്ളൂ.


രോഗനിര്‍ണയത്തിനും അസുഖത്തിനും സൗജന്യ സേവനവും ചികിത്സയും മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാണ്‌. ജില്ലാ ആശുപത്രികളിലും ചില താലൂക്ക്‌ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന പുലരി ക്ലിനിക്കുകളില്‍ കൗണ്‍സിലിങ്ങും ലഭ്യമാണ്‌.
എയ്‌ഡ്‌സ്‌ വളര്‍ച്ചാ ഘട്ടത്തെ നാലായി തരം തിരിച്ചിട്ടുണ്ട്‌. ലക്ഷണങ്ങളില്ലാത്ത അവസ്ഥ, പലതരം രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്ന അവസ്ഥ. തൂക്കം കുറയല്‍, വായയില്‍ കുരുക്കള്‍ വൃണങ്ങള്‍, ത്വക്ക്‌ രോഗങ്ങള്‍, എന്നിവ പ്രത്യക്ഷപ്പെടുന്നതാണ്‌ ഈഘട്ടം. വയറിളക്കം, പനി, ക്ഷയം, ന്യൂമോണിയ, ശരീരഭാരം പത്ത്‌ ശതമാനത്തിലധികം കുറയല്‍ ഇതാണ്‌ മൂന്നാമത്തെ അവസ്ഥ. ശ്വാസകോശ സംബന്ധമായ രോഗങ്ങളും പ്രശ്‌നങ്ങളും, കരള്‍ രോഗങ്ങള്‍, വയറിളക്കം, ദഹനക്കുറവ്‌, ഓര്‍മക്കുറവ്‌ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നതാണ്‌ നാലാംഘട്ടം.
രോഗം ഒരു ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്‌. എയ്‌ഡ്‌സ്‌ ഒരു മഹാരോഗമാണ്‌. അത്‌ വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എയ്‌ഡ്‌സ്‌ ബാധിതനും ഒരു മനുഷ്യനാണ്‌. രോഗം രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠമാണ്‌. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാവില്ല. പരിഹാരവും അതല്ല. 

 എയ്‌ഡ്‌സിനെക്കുറിച്ച്‌ പഠിക്കുക. വരാതിരിക്കാന്‍ ശക്തമായ ബോധവത്‌കരണം നല്‍കുക. സ്വയം സൂക്ഷിക്കുക, ധാര്‍മികമായ ജീവിതം നയിക്കുക. അതുമാത്രമെ പോംവഴിയൊള്ളൂ.

21/3/11

പരീക്ഷയില്‍ വിജയിക്കാന്‍ 25 കല്‍പനകള്‍


പരീക്ഷയെ വിജയകരമായി നേരിടാന്‍ ഇതാ 25 മുന്‍കരുതലുകള്‍
1. ജനുവരിയുടെ തുടക്കത്തില്‍ തന്നെ വാര്‍ഷിക പരീക്ഷയ്‌ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാവുന്നതാണ്‌. തുടര്‍ന്നുള്ള പ്ലാനിങ്‌ പരീക്ഷയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം. അവസാനനിമിഷം ധൃതിപ്പെട്ടിട്ടുള്ള തയ്യാറെടുപ്പുകള്‍ കതിരിലെ വളം വയ്‌പ്പുപോലെ നിഷ്‌ഫലമായിരിക്കും.


2. പരീക്ഷയ്‌ക്ക്‌ എട്ടാഴ്‌ചയെങ്കിലും മുമ്പേ റിവിഷന്‍ പ്ലാന്‍ തയ്യാറാക്കണം. ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം റിവിഷന്‍ പ്ലാന്‍ വേണം.


3. നേരത്തേ പഠിച്ച ഭാഗങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാനുള്ളതാണ്‌ തുടര്‍ന്നുള്ള സമയം, വിഷയങ്ങള്‍ മാറിമാറി റിവിഷന്‍ ചെയ്യാന്‍ ശ്രമിക്കുക. ഒരു വിഷയത്തില്‍ മാത്രം ചടഞ്ഞിരിക്കരുത്‌. എല്ലാ വിഷയങ്ങളുടേയും ഒരു റൗണ്ട്‌ റിവിഷന്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം മാത്രം അടുത്ത റൗണ്ടിലേക്കു പ്രവേശിച്ചാല്‍ മതി.


4. ഓരോ വിഷയം പഠിക്കുന്നതിനും വ്യത്യസ്‌ത രീതികളാണ്‌ നല്ലത്‌. കണക്ക്‌ ചെയ്‌തുതന്നെ പഠിക്കുക. ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി എന്നിവ പഠിക്കാന്‍ ഡെമോണ്‍സ്‌ട്രേഷന്‍ (പ്രദര്‍ശിപ്പിച്ചു പഠിക്കുന്ന) രീതി നല്ലതാണ്‌. ഇംഗ്ലീഷ്‌ ഗ്രാമര്‍ മറ്റൊരാളെക്കൊണ്ട്‌ ക്ലാസ്സെടുപ്പിച്ച്‌ കേട്ട്‌ പഠിക്കുന്നത്‌ നന്നായിരിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ പോലുള്ള ഭാഷാവിഷയങ്ങള്‍ വായിച്ച്‌ പഠിക്കാം. പദ്യഭാഗങ്ങള്‍ മന:പഠമാക്കിയാലും തെറ്റില്ല. സൂത്രവാക്യങ്ങള്‍, സമവാക്യങ്ങള്‍, നിര്‍വചനങ്ങള്‍ എന്നിവ ആവര്‍ത്തിച്ച്‌ എഴുതി പഠിക്കുക. ചരിത്രം പഠിക്കാന്‍ ഏറ്റവും പറ്റിയത്‌ സെമിനാര്‍ രീതിയാണ്‌. കുട്ടികള്‍ നാലുപേരുടെ ഗ്രൂപ്പുകളായി തിരിച്ച്‌ ഒരാള്‍ സെമിനാര്‍ അവതരിപ്പിക്കട്ടെ. മറ്റുള്ളവര്‍ കേട്ടശേഷം സംശയം ചോദിക്കുക.


5. സാധാരണ ദിവസങ്ങളില്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങാമെങ്കിലും പരീക്ഷയടുക്കുമ്പോഴും പരീക്ഷാ ദിനങ്ങളിലും ഇത്‌ ആറുമണിക്കൂറായി ചുരുക്കുന്നതില്‍ തെറ്റില്ല. ദിവസവും ആറു മണിക്കൂറില്‍ കൂടുതല്‍ ഉറക്കമൊഴിച്ചുള്ള പഠിപ്പും ദോഷം ചെയ്‌തേക്കും.


6. ടൈംടേബിളിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും എത്ര പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്‌തുതീര്‍ക്കുമെന്ന്‌ മുന്‍കൂട്ടി കണക്കാക്കുന്നത്‌ നന്നായിരിക്കും. അത്‌ നിശ്ചിതസമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യാം. ഓരോ ദിവസത്തെയും പഠന പുരോഗതി അന്നന്നുതന്നെ വിലയിരുത്തുക. പോരായ്‌മകളുണ്ടെങ്കില്‍ അടുത്ത ദിവസം പരിഹരിക്കാനും ശ്രമിക്കുക.


7. ഓരോ വിഷയവും അതിന്റെ ഉപവിഭാഗങ്ങളും റിവ്യൂ ചെയ്യാന്‍ എത്ര സമയം വേണ്ടിവരുമെന്ന്‌ കണക്കാക്കി വേണം സമയത്തിന്റെ വിഭജനം. ഉദ്ദേശിച്ച സമയത്തിനു മുമ്പേ ഏതെങ്കിലും ഭാഗത്തിന്റെ റിവിഷന്‍ തീര്‍ന്നു പോയാല്‍ ഉടന്‍ അടുത്ത ഭാഗം തുടങ്ങാം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ ലാഭിക്കുന്ന സമയം മറ്റേതെങ്കിലും വിഷയങ്ങള്‍ക്ക്‌ സമയം പോരാതെ വരുമ്പോള്‍ ഉപയോഗപ്പെടുത്താം.


8. പരീക്ഷ ആരംഭിക്കുന്നതിന്‌ 24 മണിക്കൂറെങ്കിലും മുമ്പേ റിവ്യു പൂര്‍ത്തിയാകുന്നവിധമായിരിക്കണം സമയത്തിന്റെ ക്രമീകരണം. ഒരുവട്ടംകൂടി നോക്കേണ്ടി വരുന്ന പാഠഭാഗങ്ങള്‍ക്കും പരീക്ഷയ്‌ക്ക്‌ തൊട്ടുമുമ്പുള്ള മാനസികമായ തയ്യാറെടുപ്പിനും സമയം കാണാന്‍ ഈ മുന്‍കരുതല്‍ സഹായിക്കും.
9. പരീക്ഷയുമായി ബന്ധപ്പെട്ട സകലതിന്റേയും - ഉദാഹരണത്തിന്‌ നോട്ടുകള്‍, ചാര്‍ട്ടുകള്‍, അധ്യായങ്ങള്‍ തുടങ്ങിയവയുടെ ഒരു ചെക്ക്‌ ലിസ്റ്റ്‌ തയ്യാറാക്കാന്‍ ശ്രമിക്കുക. ചെക്ക്‌ ലിസ്റ്റ്‌ പാഠഭാഗങ്ങളേയും സമയത്തേയും സൗകര്യപ്രദങ്ങളായ ഭാഗങ്ങളാക്കി പഠനത്തെ ചിട്ടപ്പെടുത്താന്‍ സഹായിക്കും. ചെയ്‌തു തീര്‍ത്ത കാര്യങ്ങളോരോന്നും ടിക്‌ ചെയ്‌തുമുന്നേറുമ്പോള്‍ ചെക്ക്‌ ലിസ്റ്റില്‍ ബാക്കി വരുന്ന കാര്യങ്ങള്‍ കൂടി മാത്രമേ ചെയ്യാനുള്ളുവല്ലോ എന്ന ധാരണ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

. പഠിക്കാനുള്ള നോട്ടുകളുടെ സംഗ്രഹങ്ങളെ വര്‍ണശബളമായ മൈന്റ്‌ മാപ്പുകളും, ഡയഗ്രങ്ങളും ചാര്‍ട്ടുകളുമാക്കി വീട്ടില്‍ ചുമരുകളില്‍ ഒട്ടിച്ചുവയ്‌ക്കുക. പോസ്റ്ററുകള്‍ കണ്‍വെട്ടത്ത്‌ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമെന്നതിനാല്‍ നിങ്ങളുടെ ഭാഗത്തു നിന്ന്‌ കാര്യമായ ശ്രമമൊന്നും കൂടാതെതന്നെ മനസ്സില്‍ റിവിഷന്‍ നടന്നുകൊള്ളും.

10. ഫോര്‍മുലകള്‍, നിര്‍വചനങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സ്‌കെച്ച്‌ പേനയുപയോഗിച്ച്‌ 3.5 ഇഞ്ച്‌ വലിപ്പമുള്ള കാര്‍ഡുകളില്‍ എഴുതി വിഷയക്രമത്തില്‍ ടാഗ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നത്‌ റിവ്യൂ എളുപ്പമാക്കും. ആശയങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയുവാനും സൂചനകളില്‍നിന്ന്‌ പൂര്‍ണ ആശയം ഊഹിച്ചെടുക്കാനും ഉള്ള കഴിവ്‌ കൊണ്ട്‌ ഉണ്ടാകും.


11. പാഠഭാഗങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്‌തു കേള്‍ക്കുന്നത്‌ നന്നായിരിക്കും. വിശ്രമസമയങ്ങളിലോ യാത്രാവേളകളിലോ കാര്യമായ മുഷിപ്പോ പ്രയാസമോ കൂടാതെ പാഠങ്ങള്‍ റിവ്യൂ ചെയ്യാന്‍ ഇതുവഴി കഴിയും.


12. മുന്‍കാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചു കൂട്ടുകാരോടൊപ്പം ഗ്രൂപ്പായി ചര്‍ച്ച ചെയ്യാം. ചര്‍ച്ചകളില്‍ ഉത്തരങ്ങള്‍ വിശകലനം ചെയ്യുന്നതിനു പുറമേ സാധ്യതയുള്ള ചോദ്യങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കാനും മറക്കരുത്‌.


13.മുന്‍ ചോദ്യപേപ്പറുകളുപയോഗിച്ച്‌ വീട്ടിലിരുന്ന്‌ സ്വയം പരീക്ഷയെഴുതി മൂല്യനിര്‍ണ്ണയം ചെയ്‌തു നോക്കുന്നതും ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കും. ഇത്തരം പരീക്ഷകള്‍ സമയബന്ധിതമാക്കാന്‍ ശ്രദ്ധിക്കണം. ചോദ്യക്കടലാസിന്റെ മാതൃകയുമായി പൊരുത്തപ്പെടുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും ഇത്‌ സഹായിച്ചേക്കും.


14. നേരത്തെ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിച്ച്‌ പോരായ്‌മകളെക്കുറിച്ച്‌ മനസ്സിലാക്കി തുടര്‍ന്നുള്ള പരീക്ഷകളില്‍ നികത്താന്‍ ശ്രമിക്കാം. മുന്‍ പരീക്ഷകളില്‍ നികത്താന്‍ ശ്രമിക്കാം. മുന്‍ പരീക്ഷകളിലെ അനുഭവങ്ങളെക്കുറിച്ച്‌ സഹപാഠികള്‍ക്കിടയില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഗ്രൂപ്പുചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുമാവാം.


15. ഓരോ ദിവസവും റിവിഷനുവേണ്ടി ഇരിക്കുന്നതിനുമുമ്പ്‌ തന്നെ പുസ്‌തകങ്ങള്‍, നോട്ടുകള്‍, പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവ കൈയ്യെത്തും ദൂരത്ത്‌ വെയ്‌ക്കുക. പഠനസാമഗ്രികളുടെ തിരച്ചിലിനുവേണ്ടി സമയം നഷ്‌ടപ്പെടുത്തുന്നത്‌ കൂടുതല്‍ നീട്ടിവെപ്പിനു കാരണമാകും.


16. നിശ്ചിത പഠനസമയമോ പഠനലക്ഷ്യമോ പൂര്‍ത്തീകരിക്കുന്നതുവരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ ശ്രമിക്കരുത്‌. കൂട്ടുകാരുടെയോ മറ്റോ പഠനമുറിയിലേക്കുള്ള പ്രവേശനം സ്‌നേഹപൂര്‍വം നിരൂത്സാഹപ്പെടുത്തണം.


17. പഠന മുറിയില്‍ ടി.വി.റോഡിയോ, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഇഷ്‌ടതാരങ്ങളുടെ ചിത്രങ്ങള്‍ എന്നിവ വേണ്ട, ഇവ പഠനത്തില്‍നിന്ന്‌ ശ്രദ്ധ തിരിക്കും,


18. പഠിക്കാനേറെയുണ്ടല്ലോ എന്ന ഭയം റിവിഷനെ പ്രതികൂലമായി ബാധിക്കും. പുസ്‌തകക്കൂമ്പാരങ്ങള്‍ കാണുമ്പോള്‍ത്തന്നെ പഠനത്തോട്‌ വല്ലാത്ത വിരക്തി അനുഭവപ്പെട്ടേക്കാം. പാഠ്യവിഷയങ്ങളെ കൊച്ചുകൊച്ചു ഭാഗങ്ങളാക്കി ഓരോന്നോരോന്നായി സമയബന്ധിതമായി പഠിച്ചുതീര്‍ക്കുകയാണ്‌ ഇതിനുള്ള പരിഹാരം. ഒരു സമയം ഒരു ഭാഗത്തില്‍ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവയെക്കുറിച്ച്‌ ചിന്തിക്കുകയേ അരുത്‌.


19. അവസാന നിമിഷങ്ങളിലെ തിടുക്കപ്പെട്ടുള്ള പഠനം അസ്വസ്ഥതയും പിരിമുറുക്കവും ഉണ്ടാക്കും. ഇതുപോലുള്ള അവസ്ഥകള്‍ തരണം ചെയ്‌താണ്‌ മിടുക്കന്മാരായ കുട്ടികള്‍പോലും പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതെന്ന്‌ മനസ്സിലാക്കി മുന്നേറുക.


20.പരീക്ഷകളെ മത്സരമായിക്കാണുന്നതിനുപകരം സ്വയം വിലയിരുത്താനുള്ള ഉപാധിയായിക്കാണാന്‍ ശ്രമിക്കുക.


21. മിതമായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കിയാല്‍ പരീക്ഷയോടനുബന്ധിച്ചുള്ള പിരിമുറുക്കം കുറയ്‌ക്കാം.അമിതമായ വ്യായാമം ശാരീരികക്ഷീണവും ഉത്‌ക്കണ്‌ഠയും വര്‍ദ്ധിപ്പിക്കാനേ ഉതകൂ. ദിവസവും പരിശീലിക്കാന്‍ ലഘുവായ ഒരു വ്യായാമം വിശദമാക്കാം.
ഒരു കിടക്കയില്‍ മലര്‍ന്നുകിടക്കുകയോ ഇരിപ്പിടത്തില്‍ നട്ടെല്ലുവളയാത്തവിധത്തില്‍ നിവര്‍ന്നിരിക്കുകയോ ചെയ്യുക. കണ്ണുകള്‍ സാവധാനത്തിലടച്ച്‌ ശരീരം മുഴുവന്‍ തളര്‍ത്തിയിട്ട്‌ ശ്വാസോച്ഛാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. വായു പ്രവഹിക്കുമ്പോള്‍ മൂക്കിനുള്‍ഭാഗത്തും തൊണ്ടയിലും ശ്വസനനാളത്തിലുണ്ടാകുന്ന സ്‌പര്‍ശനാനുഭൂതികളും നേര്‍ത്ത ശബ്‌ദവും ശ്രദ്ധിക്കുക. വയറ്റിലും നെഞ്ചിലുമുണ്ടാകുന്ന വികാസസങ്കോചങ്ങളും ശ്രദ്ധിക്കുക. ഓരോ പ്രാവശ്യവും ഉച്ഛ്വാസവായുവിനോടൊപ്പം ടെന്‍ഷനും പ്രയാസങ്ങളും പിരിമുറുക്കങ്ങളും പുറത്തേക്കു പ്രവഹിക്കുന്നതായി സങ്കല്‍പ്പിക്കുക. ഇനി പതുക്കെ എണ്ണാന്‍ തുടങ്ങാം. ഓരോ ശ്വാസത്തോടും ഉഛ്വാസത്തോടുമൊപ്പം ഒന്ന്‌.....രണ്ട്‌......മൂന്ന്‌..... എന്നിങ്ങനെ പത്തുവരെ മുകളിലേക്കു എണ്ണുക. ശരീരത്തിനും മനസ്സിനും ശാന്തതയും സമാധാനവും അനുഭവപ്പെടും. അല്‍പ്പനേരം ഇങ്ങനെ കിടന്ന്‌ സാവധാനത്തില്‍ പൂര്‍വ സ്ഥിതിയിലേക്കുമടങ്ങുക.


22.ഫാസ്റ്റ്‌ഫുഡുകള്‍, കോളകള്‍, വറുത്തതും പൊരിച്ചതും അധികം എരിവും പുളിയുമുള്ളതുമായ ആഹാരസാധനങ്ങള്‍, മാംസാഹാരം എന്നിവ പരീക്ഷാക്കാലത്ത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഇത്തരം ആഹാരസാധനങ്ങള്‍ ആമാശയത്തിലെ അമ്ലത കൂട്ടുമെന്നതിനാല്‍ മനസ്സിന്റെ പിരുമുറുക്കം വര്‍ധിപ്പിക്കും.


23. റിവിഷന്റെ സമയത്ത്‌ ഉണ്ടാകുന്ന സംശയങ്ങള്‍ അപ്പോള്‍തന്നെ ഒരു നോട്ട്‌ ബുക്കില്‍ എഴുതിവയ്‌ക്കണം. അധ്യാപകരോടോ സഹപാഠികളോടോ ചോദിച്ച്‌ തൊട്ടടുത്ത ദിവസംതന്നെ സംശയം ദുരീകരിക്കാനും ശ്രമിക്കുക.


24.പഠിച്ചത്‌ ഓര്‍മയില്‍ നില്‍ക്കാന്‍ നിശ്ചിത ഇടവേളകളില്‍ ക്രമമായി റിവിഷന്‍ നടത്തുക. റിവിഷന്‍ പരീക്ഷയുടെ തലേന്നും തൊട്ട ദിവസങ്ങളിലുമുള്ള ബദ്ധപ്പാടും മാനസികസംഘര്‍ഷവും ഒഴിവാക്കും.


25. പരീക്ഷാ ഹാളിലെത്തിയാല്‍ ഓരോ തരം ചോദ്യത്തിനും സ്വഭാവത്തിനും അനുസരിച്ച്‌ സമയം നിശ്ചയിക്കണം. പൊതുവെ സ്വീകാര്യമായ സമയ വിഭജനം വിശദമാക്കാം. ഒറ്റ വാക്കിന്‌ 15-30 സെക്കന്റ്‌, ഒബ്‌ജക്‌റ്റീവിന്‌ 30.-60 സെക്കന്‍ഡ്‌. ഒറ്റ വാചകത്തില്‍ ഉത്തരമെഴുതേണ്ടവയ്‌ക്ക്‌ രണ്ടുമുതല്‍ അഞ്ചോ പത്തോ മിനുട്ട്‌. എസ്സേ ടൈപ്പിന്‌ 25 മുതല്‍ 30 മിനുട്ട്‌. ഇതിനുപുറമേ ആദ്യത്തെ പത്തോ മിനുട്ട്‌ ചോദ്യപേപ്പര്‍ വായിച്ചു നോക്കാനും അവസാനത്തെ പത്ത്‌മിനുട്ട്‌ എഴുതിയ ഉത്തരക്കടലാസ്‌ ഒരുതവണ കൂടി ഓടിച്ചു നോക്കാനും നീക്കിവെക്കാനും ശ്രമിക്കുക. എങ്കില്‍ ഉന്നത വിജയം നിങ്ങളുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടാവും തീര്‍ച്ച. 

11/3/11

പുഴുക്കളെപോലെ മരിച്ച്‌ ജീവിച്ച ജനത;കുഞ്ഞാലിയുടെ ജീവിതകഥ ഏഴ്‌

വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ കഴുതകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജന സമൂഹത്തിന്റെ ആവാസകേന്ദ്രമായിരുന്നു അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്‌. സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി അവര്‍ ഒരുപറ്റം പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്‌തു. ചവിട്ടിയരച്ചു. അവകാശങ്ങള്‍ നിഷേധിച്ചു. അവരുടേത്‌ മാത്രമായ നീതിയും നിയമവും നടപ്പാക്കി കൊണ്ടിരുന്നു.

അന്ന്‌ നിലമ്പൂര്‍ കോവിലകക്കാര്‍ക്ക്‌ അവകാശപ്പെട്ടതായിരുന്നു ഏറനാട്ടിലെ മുഴുവന്‍ ഭൂമികളും. കൊട്ടാരത്തിലെ ഓരോ തമ്പുരാക്കന്‍മാരുടേയും തമ്പുരാട്ടിമാരുടേയും വാക്കാലുണ്ടായിരുന്ന ഉറപ്പ്‌, ചില വെള്ള പേപ്പറുകളില്‍ അവര്‍ എഴുതികൊടുത്തിരുന്ന കുറിപ്പടി. ഇവ മാത്രമായിരുന്നു ഭൂമികൈമാറ്റങ്ങള്‍ക്കുണ്ടായിരുന്ന ആധികാരിക രേഖ. ഭൂമിയുടെ മേലുണ്ടായിരുന്ന അവകാശങ്ങള്‍ സംബന്ധിച്ച്‌ കുറിപ്പടി എഴുതിക്കൊടുത്തിരുന്ന തമ്പുരാക്കന്‍മാര്‍ക്കും എഴുതിവാങ്ങിച്ചിരുന്ന കൈവശക്കാര്‍ക്കുമിടയില്‍ ആശങ്കകളും അവ്യക്തകളും ഏറെ നിലനിന്നു.


കോവിലകത്തേക്ക്‌ ഒരുകാര്യം പറയാന്‍ പോകുന്നവര്‍ കോവിലകം റോഡിലേക്ക്‌ പ്രവേശിച്ചാല്‍ ഭയംകൊണ്ട്‌ വിറക്കും. തലയിലെ കെട്ടഴിക്കും. നടത്തം പതുക്കയാക്കും. നോട്ടം ഭീതിയോടെയാകും. കോവിലകക്കാരുടെ മുമ്പില്‍ ഓച്ചാനിച്ചാണ്‌ നില്‍ക്കുക. അവര്‍ പറയുന്നതെന്തും വേദവാക്യം. അങ്ങോട്ടൊന്നും കയറി പറഞ്ഞുകൂടാ... സംശയം തീര്‍ത്തു കൂടാ... ഇതുകൊണ്ട്‌ കൂടിയായിരുന്നു ഈ അവ്യക്തതകള്‍.


കോവിലകക്കാരുടെ അറിവില്ലാതെ തന്നെ ചില മുതലാളിമാര്‍ വലിയ തോതില്‍ ഭൂമികള്‍ കയ്യേറി കൈവശം വെച്ചിരുന്ന സംഭവങ്ങളും ഒട്ടേറെയുണ്ടായിരുന്നു. തിരുമേനിമാര്‍ മറ്റാര്‍ക്കെങ്കിലും എഴുതി നല്‍കുന്ന ഭൂമിയില്‍ നിന്നുപോലും ഈ മുതലാളിമാര്‍ ഒഴിഞ്ഞുപോയിരുന്നില്ല. ഇങ്ങനെ കോവിലകം ഭൂമി അവരുടെ സമ്മതമില്ലാതെ കയ്യേറി കുട്ടിപ്രഭുക്കളായി തീര്‍ന്ന ഒരുപാട്‌ പേരുണ്ടായിരുന്നു ഏറനാട്ടില്‍. 


ഇത്തരക്കാര്‍ കൈവശം വെച്ച്‌ പോന്നിരുന്ന തോട്ടങ്ങള്‍, കേരള, ആര്‍ത്തല, മധുമല, മുണ്ടേരി, പുല്ലങ്കോട്‌, ചുള്ളിയോട്‌, മരുത തുടങ്ങിയ പ്രദേശങ്ങളിലായി വിസ്‌തൃതമായി കിടന്നിരുന്ന വലിയതോട്ടങ്ങള്‍, ചെറിയ എസ്റ്റേറ്റുകള്‍ ഇവകളിലെല്ലാമായി പതിനായിരങ്ങളാണ്‌ പണിയെടുത്ത്‌ പോന്നിരുന്നത്‌. ഉടമകള്‍ പറയുന്നതെന്തും അനുസരിക്കണം. അവര്‍ക്ക്‌ തൃപ്‌തിയാവുംവരെ പണിയെടുക്കണം. തൊഴിലിടങ്ങളില്‍ പ്രത്യേക സമയമോ വ്യവസ്ഥാപിത നിയമമോ ഇല്ല. ഇവയില്‍ വന്‍കിട മുതലാളിമാരും ബ്രിട്ടീഷ്‌ അധികാരികളും പാട്ടത്തിനെടുത്ത്‌ നടത്തിപ്പോന്നിരുന്ന തോട്ടങ്ങളുമുണ്ടായിരുന്നു.


അവര്‍ക്ക്‌ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അതിനുവേണ്ട സാഹചര്യങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പുനഃസ്ഥാപിക്കപ്പെടണമായിരുന്നു. അവരില്‍ സംഘബോധത്തിന്റെ വളമിട്ട്‌ ലക്ഷ്യബോധത്തിലേക്കെത്തിക്കാന്‍ നേതൃത്വം നല്‍കുന്നതിനായി ഇടതുപക്ഷ പ്രസ്ഥാനം നിയോഗിച്ച സാരഥിയായിരുന്നു പയ്യന്നൂര്‍ക്കാരന്‍ ഈശ്വരന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്‌ തുടങ്ങി. ഓരോ തോട്ടത്തിലും ചെറുതൊഴില്‍ കേന്ദ്രങ്ങളിലും യൂണിയന്‌ യൂണിറ്റുകളുണ്ടാക്കി. ഓരോഗ്രാമങ്ങളിലും ചില അനുഭാവികളെ കണ്ടെത്തി. യോഗം വിളിച്ച്‌ ചെറുയോഗങ്ങളില്‍ നിന്നും കേഡര്‍മാരെ തിരഞ്ഞെടുത്തു. ഭാവി പരിപാടികള്‍ ആവിഷ്‌കരിച്ചു. അങ്ങനെ ചില മുന്നേററങ്ങള്‍ നടത്തികൊണ്ടിരുന്നു. അയാളെ നാടറിഞ്ഞു തുടങ്ങി.


ഇതിനിടയിലായിരുന്നു ഈശ്വരന്‍ നമ്പൂതിരിക്ക്‌ സ്വദേശത്തേക്ക്‌ തിരിച്ചുമടങ്ങേണ്ടി വന്നത്‌. പകരം തോട്ടം തൊഴിലാളികളെ നയിക്കാന്‍ കരുത്തനായ ഒരു സാരഥിയെ തന്നെ വേണമായിരുന്നു. ഉജ്ജ്വലനായ ഒരു സേനാ നായകന്റെ സാന്നിധ്യത്തിന്‌ ഏറനാടന്‍ മണ്ണും കാത്തിരിക്കുകയായിരുന്നു. അഹന്തയുടെ ഗോപുരനടകളില്‍ കയറിയിരുന്ന്‌ വിരാജിക്കുന്ന നാടുവാഴികളോടും പ്രഭുക്കന്‍മാരോടും ബ്രിട്ടീഷ്‌ അധിപന്‍മാരോടും പോരാടാന്‍ വീറും വാശിയും കരുത്തും തന്റേടവുമുള്ള ഒരാളെ തന്നെ  വേണമായിരുന്നു.


അതിനാണ്‌ ഒരു നിയോഗം പോലെ അയാള്‍ കടന്നുവന്നത്‌. ഇല്ലായ്‌മകളുടെ ജീവിത പരിസരത്തുനിന്നും വിപ്ലവത്തിന്റെ കനല്‍ പാതയിലേക്ക്‌ നെഞ്ചും വിരിച്ച്‌ നടന്ന്‌ കയറിയ കുഞ്ഞാലി. പട്ടിണിയെ തൊട്ടറിഞ്ഞവന്‍, പ്രതിസന്ധികള്‍ക്കു മുമ്പിലും സമര മുഖങ്ങളില്‍ വീറോടെ പോരാടുന്നവന്‍. അര്‍ഹതക്കുള്ള അംഗീകാരം പോലെ ജനം മനസില്‍ തൊട്ട്‌ നേതാവായി വാഴിച്ചവന്‍. അനുഭവങ്ങളുടെ അറിവില്‍ നിന്നും ലോകത്തെ വായിക്കുന്നവന്‍.
അങ്ങനെ അയാള്‍ കിഴക്കന്‍ ഏറനാടിന്റെ ചുമതലക്കാരാനായി. വലിയൊരു ജനവാസകേന്ദ്രമായിരുന്നു കിഴക്കന്‍ ഏറനാട്‌. ഒരറ്റത്ത്‌ നിന്നും മറ്റേ അറ്റത്തെത്തിപ്പെടാന്‍ അനേകം മയിലുകള്‍ താണ്ടണം. കുന്നും മലയും കയറി ഇറങ്ങണം. വെട്ടുവഴികളും പാടവും കാടും എല്ലാം നടന്ന്‌ തീര്‍ക്കണം. ഒരു വാഹനം പോലുമില്ലാതെ, ദുര്‍ഘടമായ ഇടവഴികളിലൂടെ, കുണ്ടും കുഴിയും മാത്രം നിറഞ്ഞ കല്ല്‌ പതിച്ച റോഡുകളിലൂടെ അയാള്‍ നിത്യവും നടന്നു നീങ്ങി. ഏറനാടിന്റെ മധ്യഭാഗമായിരുന്ന കാളികാവില്‍ തന്നെ സ്ഥിര താമസവുമാക്കി. 


കാളികാവിലെ സുബേദാര്‍ ബംഗ്ലാവ്‌. ഇവിടെയായിരുന്നു പില്‍ക്കാലത്ത്‌ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ആസ്ഥാനമായിമാറിയത്‌. ആ കെട്ടിടം തന്നെ പാര്‍ട്ടി ഓഫീസായും ഉപയോഗിച്ചു. ആ മലയോരത്തിന്റെ മറ്റു മൂലകളിലെല്ലാം ഓടി നടന്ന്‌  പ്രവര്‍ത്തിക്കണമെങ്കില്‍ ആത്മാര്‍ത്ഥയും ചുറുചുറുക്കുമുള്ള ഒരാള്‍ തന്നെ വേണമായിരുന്നു. ആ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാള്‍ തന്നെയായിരുന്നു കുഞ്ഞാലി. അതിനപ്പുറത്തുള്ള ധാരാളം ഗുണങ്ങളും അയാള്‍ക്കുണ്ടായിരുന്നു.


കരുവാരക്കുണ്ട്‌, കാളികാവ്‌, ചോക്കാട്‌, കരുളായി, നിലമ്പൂര്‍, വഴിക്കടവ്‌, എടക്കര, മരുത, ചുങ്കത്തറ, അമരമ്പലം, പോത്തുകല്ല്‌, മുണ്ടേരി, അകമ്പാടം, ഇങ്ങനെയുള്ള പ്രധാനകേന്ദ്രങ്ങളുമായും ഇതിനെചുറ്റിപ്പറ്റിയുണ്ടായിരുന്ന ഗ്രാമങ്ങളുമായെല്ലാം കുഞ്ഞാലി എളുപ്പത്തില്‍ പരിചയപ്പെട്ടു. റോഡുകളും ഇടനാഴികളും എല്ലാം മനസ്സിലാക്കി. ഭൂമിശാസ്‌ത്രത്തെ മാത്രമല്ല മനുഷ്യ മനഃശാസ്‌ത്രവും പഠിച്ചെടുത്തു. പിന്നീട്‌ അവിടങ്ങളില്‍ കുഞ്ഞാലിക്ക്‌ പരിചയമില്ലാത്ത വീടോ, കുഞ്ഞാലിയെ അറിഞ്ഞുകൂടാത്ത വീട്ടുകാരോ ഇല്ലാതായി. അത്രത്തോളം ആ ബന്ധം വളര്‍ന്നു. അങ്ങനെ ജന്മം കൊണ്ട്‌ കുണ്ടോട്ടിക്കാരാനായ കുഞ്ഞാലി കര്‍മം കൊണ്ട്‌ ഏറനാട്ടുകാരനായി.


കുഞ്ഞാലി ഏറനാട്ടിലെത്തുമ്പോള്‍ തോട്ടങ്ങളില്‍ നിന്നും ഉയര്‍ന്ന ശമ്പളംപറ്റി കഴിഞ്ഞിരുന്ന എസ്റ്റേറ്റു സൂപ്രണ്ടുമാരുടെ ഭരണമായിരുന്നു എസ്റ്റേറ്റ്‌ പരിസരങ്ങളില്‍. പണക്കൊഴുപ്പ്‌, അധികാരത്തിന്റെ ഹുങ്ക്‌, തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന അളവില്‍ കവിഞ്ഞ വിശ്വാസം, അഹങ്കാരത്തിന്റെ ആകാശങ്ങളില്‍ കയറി ഇരിക്കുന്നവരുടെ വിളയാട്ട ഭൂമികയായിരുന്നു അവിടം. അവരുടെ താമസ സ്ഥലത്ത്‌കൂടെ പട്ടാപ്പകലില്‍ പോലും സ്‌ത്രീകള്‍ക്ക്‌ വഴിനടക്കാനാകുമായിരുന്നില്ല. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക്‌ മാത്രമല്ല പരിസരങ്ങളിലുള്ള മറ്റു സ്‌ത്രീകളുടെ അനുഭവവും ഇതായിരുന്നു. മരുതയില്‍ ബിര്‍ളയുടെ യൂക്കാലീ തോട്ടങ്ങളുടെ പരിസരങ്ങളില്‍ ഈ പ്രവണത ഭയാനകമായിരുന്നു.
അവിടെ ഐ എന്‍ ടി യു സിക്കായിരുന്നു ഭൂരിപക്ഷം. ഈ എസ്റ്റേറ്റില്‍ ആയിരക്കണക്കിന്‌ തൊഴിലാളികളുണ്ടായിരുന്നു. അവരില്‍ തൊണ്ണൂറ്‌ ശതമാനവും ഐ എന്‍ ടി യു സിയില്‍ നിന്നുള്ളവര്‍. ഇവിടെയാണ്‌ കുഞ്ഞാലി എ ഐ ടി യു സിക്ക്‌ യൂണിറ്റ്‌ രൂപവത്‌കരിച്ചത്‌. ആദ്യയോഗത്തിനെത്തിയത്‌ മുപ്പതില്‍ താഴെ ആളുകള്‍. അവരെ വെച്ച്‌ പ്രവര്‍ത്തനം തുടങ്ങി. അവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ സംഘടിച്ചു. പ്രതികരിച്ചു, പോരാടി.


സൂപ്രണ്ടുമാരില്‍ അത്‌ ഞെട്ടലുണ്ടാക്കുക തന്നെ ചെയ്‌തു. ഇന്നലെ പെയ്‌ത മഴയിലെ തവരകളാണ്‌ കുഞ്ഞാലിയും കൂട്ടരുമെന്ന്‌ അവര്‍ പരിഹസിച്ചു. അവരെ ഒതുക്കാന്‍ ഗുണ്ടകളെ ഇറക്കി. അപ്പോഴാണ്‌ ആ പോരാളിയുടെ വീറുണര്‍ന്നത്‌. ഗുണ്ടകളെ മാത്രമല്ല അവര്‍ക്കു ചെല്ലും ചെലവും കൊടുത്തിരുന്ന സൂപ്രണ്ടുമാരെവരെ ഓഫീസില്‍ കയറി പെരുമാറി കുഞ്ഞാലി. അതിന്‌ ശേഷം അവര്‍ ഒതുങ്ങി എന്ന്‌ മാത്രമല്ല കുഞ്ഞാലിയുടെ നേതൃത്വത്തിന്‍ കീഴിലെ സംഘടനയിലേക്ക്‌ തൊഴിലാളികളുടെ ഒഴുക്കു തന്നെയുണ്ടായി. ദിനംപ്രതി അവരുടെ അംഗബലം കൂടി വന്നു.


എതിര്‍ ചേരിയിലുള്ളവരെ പോലും മനുഷ്യത്വപരമായ ഇടപെടലുകള്‍ കൊണ്ടും പുതിയ സമീപനങ്ങള്‍ കണ്ടും ആകര്‍ഷിച്ച്‌ വരുതിയിലാക്കുന്ന കഴിവ്‌ കുഞ്ഞാലിയുടെ പ്രത്യേകതയായിരുന്നു. നേരത്തെ സൂപ്രണ്ടുമാരില്‍ നിന്നോ മറ്റോ ഏതെങ്കിലും സ്‌ത്രീകള്‍ക്ക്‌ അപമാനം നേരിട്ടാലും ചോദ്യംചെയ്യപ്പെടാന്‍ ആരുമുണ്ടായിരുന്നില്ല. ഭര്‍ത്താക്കന്‍മാരോ ബന്ധുക്കളോ ശ്രമിച്ചാലോ അവരെ കണ്ണുരുട്ടി പേടിപ്പിക്കാനും വഴങ്ങാത്തവരെ കൈകാര്യം ചെയ്യാനുമായിരന്നു സൂപ്രണ്ടുമാര്‍ തുനിഞ്ഞിരുന്നത്‌. ഒന്നും പുറത്ത്‌ പറയാന്‍ പോലുമാകാതെ ഉള്ളില്‍ ഒതുക്കി കഴിഞ്ഞിരുന്നവരും നിരവധിയായിരുന്നു.


എന്നാല്‍ കുഞ്ഞാലി അവയെ എല്ലാം അമര്‍ച്ച ചെയ്‌തു. സൂപ്രണ്ടുമാര്‍ക്കും അവരുടെ ശിങ്കിടിമാര്‍ക്കും കുഞ്ഞാലി പിന്നെയൊരു പേടി സ്വപ്‌നമായി. പല അവസരങ്ങളിലും തൊഴിലാളികളുടെ രക്ഷകനായി. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം എപ്പോഴും എന്തു പ്രശ്‌നവും ചെന്നുപറയാനുള്ള ഒരത്താണിയുമായി മാറി കുഞ്ഞാലി. അങ്ങനെയൊരു രക്ഷകനെത്തന്നെയായിരുന്നു അവര്‍ കാത്തിരുന്നത്‌. 


ഓരോ തൊഴിലാളികളുമായും കുഞ്ഞാലി വ്യക്തിബന്ധം സ്ഥാപിച്ചെടുത്തു. അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും അയാള്‍ ഇടപ്പെട്ടു. അവയ്‌ക്ക്‌ പരിഹാരവും നിര്‍ദേശിച്ചു. എന്ത്‌ വിഷയവും ഒളിച്ചുവെക്കാതെ അവരാ മനുഷ്യനോട്‌ പറഞ്ഞു. കുടുംബവഴക്കുകളും വ്യക്തിപരമായ പ്രശ്‌നങ്ങളും സ്വത്തു തര്‍ക്കവും വഴിതര്‍ക്കങ്ങളും അങ്ങനെ പ്രത്യേക പേര്‌ ചൊല്ലി വിളിക്കാന്‍ പോലുമാകാത്ത പ്രശ്‌നങ്ങള്‍. ആര്‍ക്കെങ്കിലും ഒരാപത്ത്‌ പിണഞ്ഞിരിക്കുന്നുവെന്നറിഞ്ഞാല്‍ ഏത്‌ പാതിരാത്രിയിലും കുഞ്ഞാലി അവിടെ ഓടി എത്തി.

ഒരു വെള്ളിയാഴ്‌ച്ച രാത്രിയില്‍ കുഞ്ഞാലി പതിവുള്ള ഊരുചുറ്റലുകളൊക്കെ മതിയാക്കി വൈകുന്നേരത്തോടെ കാളികാവില്‍ തിരിച്ചെത്തി. അയാള്‍ വന്നതില്‍ പിന്നെ പാര്‍ട്ടി ഓഫീസില്‍ എപ്പോഴും തിരക്കാണ്‌. പല പല ആവശ്യങ്ങള്‍ക്കായി എത്തി ചേരുന്നവര്‍. വിവിധ ദേശക്കാര്‍, പാര്‍ട്ടി അനുഭാവികള്‍, തൊഴിലാളി സുഹൃത്തുക്കള്‍, മറ്റുപാര്‍ട്ടികളില്‍പെട്ടവര്‍, പലരും ഇടപെട്ടിട്ടും പരിഹാരം കാണാനാവാത്ത സമസ്യകള്‍ക്ക്‌ ഉത്തരം തേടി എത്തുന്നവര്‍.


എല്ലാത്തിനും കുഞ്ഞാലിയുടെ കോടതിയില്‍ പരിഹാരമുണ്ടായിരുന്നു. പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ രാത്രിയിലും കുഞ്ഞാലിക്കൊപ്പമുണ്ടാകും. ഉറക്കവും പാര്‍ട്ടി ഓഫീസിലാകും. അന്ന്‌ കൂടെ യുണ്ടായിരുന്നത്‌ പള്ളിപ്പാടന്‍ മുഹമ്മദ്‌ എന്ന പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അവര്‍ ഭക്ഷണം കഴിച്ച്‌ വളരെ വൈകിയാണ്‌ ഉറങ്ങാന്‍ കിടന്നത്‌.


ഉറക്കത്തിലേക്ക്‌ വഴുതി പോയതും പെട്ടെന്നായിരുന്നു. വാതിലില്‍ തുരുതരായുള്ള മുട്ട്‌ കേട്ടായിരുന്നു ഉണര്‍ന്നത്‌. വിളക്ക്‌ കത്തിച്ച്‌ വാതില്‍ തുറന്നു. പുറത്തു നിലമ്പൂരില്‍ നിന്നെത്തിയ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍. അയാള്‍ കുഞ്ഞാലിയെ കണ്ടപാടെ പറഞ്ഞു.
സഖാവെ ഇടിവെണ്ണ എസ്റ്റേറ്റിലെ നമ്മുടെ പ്രവര്‍ത്തകരെ ഐ എന്‍ ടി യു സി ക്കാര്‍ ആക്രമിച്ചു. കുറേപേര്‍ക്ക്‌ കുത്തേറ്റിട്ടുണ്ട്‌.
അപ്പോള്‍ സമയം പന്ത്രണ്ട്‌ മണിയോടടുത്തിരുന്നു. വിവരങ്ങള്‍ അറിയിക്കാനെത്തിയ പ്രവര്‍ത്തകന്‍ തിരിച്ചു പോയി. കുഞ്ഞാലി മറ്റൊന്നും ആലോചിച്ചില്ല.കാളികാവില്‍ നിന്നും നാല്‍പത്‌ കിലോമീറ്ററുകള്‍ക്കപ്പുറത്താണ്‌ ചാലിയാര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇടിവെണ്ണ എസ്റ്റേറ്റ്‌. അന്ന്‌ പഞ്ചായത്തുകള്‍ രൂപവത്‌കരിക്കപെട്ടിട്ടില്ല. ആ സമയത്തു ഒരു വാഹനവും കിട്ടില്ല. ഏക ആശ്രയം സൈക്കിള്‍ മാത്രമാണ്‌.


~ഓരോ ദിവസവും കിലോമീറ്ററുകള്‍ താണ്ടിയുള്ള നടത്തം. ഇത്‌ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചിരുന്നു. ഈ ബുദ്ധിമുട്ട്‌ മനസിലാക്കിയ ആര്‍ത്തല എസ്റ്റേറ്റിലെ തൊഴിലാളികളാണ്‌ അതിന്‌ ഒരു ചെറിയ പരിഹാരം കണ്ടത്‌. അവരെല്ലാവരും ചേര്‍ന്ന്‌ അദ്ദേഹത്തിനൊരു സൈക്കിള്‍ വാങ്ങി കൊടുത്തു. പിന്നീട്‌ ഇതിലായിരുന്നു സഞ്ചാരം. ആ സൈക്കിളുണ്ടായിരുന്നു.
സഖാവെ സമയമിത്രമായില്ലെ- ഇനി രാവിലെ പോയാല്‍ പോരെ- എന്ന്‌ മുഹമ്മദിന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമുണ്ടായില്ല. ചോദിച്ചാല്‍ കുഞ്ഞാലി കോപിക്കും. പിന്നെ തനിച്ചാവും യാത്ര. എന്നാലും പോകാതിരിക്കില്ല. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കുന്ന പരിപാടിയെ ഇല്ല.

 തന്റെ തൊഴിലാളികള്‍ക്കൊരു ആപത്ത്‌ പിണഞ്ഞിരിക്കുന്നു എന്നുകേട്ടാല്‍ മൂടി പുതച്ചുറങ്ങാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ഉടനെ സംഭവസ്ഥലത്തെത്തിയേ മതിയാവൂ. മുന്നിലുള്ള പ്രതിബന്ധങ്ങളൊന്നും പ്രശ്‌നമായി കാണില്ല.
കുഞ്ഞാലിക്കൊപ്പം മുഹമ്മദും യാത്ര പുറപ്പെട്ടു. കുഞ്ഞാലിയായിരുന്നു  സൈക്കിള്‍ ചവിട്ടിയിരുന്നത്‌. മുഹമ്മദ്‌ പിറകിലിരുന്നു. ഒരുമണിയോടെ അവര്‍ നിലമ്പൂരിലെ പാര്‍ട്ടി ഓഫീസിലെത്തി.അവിടെ ഒന്നു രണ്ടു പ്രവര്‍ത്തകരുണ്ടായിരുന്നു.അവരോട്‌ വിവരങ്ങള്‍ ആരാഞ്ഞു. ഇടിവെണ്ണയില്‍ പ്രശ്‌നങ്ങളെന്തൊക്കെയോ നടന്നിട്ടുണ്ട്‌. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്നതിനെകുറിച്ച്‌ അവര്‍ക്കു കൃത്യമായി അറിയുമായിരുന്നില്ല. എന്തായാലും സഖാവ്‌ ഈ അസമയത്ത്‌ അങ്ങോട്ട്‌ പോകണ്ട.
എന്നായിരുന്നു പാര്‍ട്ടി ഓഫീസിലെ സഖാക്കള്‍ക്കു മുന്നറിയിപ്പ്‌ നല്‍കുവാനുണ്ടായിരുന്നത്‌.പക്ഷേ അവരുടെ ഉപദേശവും മുന്നറിയിപ്പുമൊന്നും കുഞ്ഞാലി ചെവി കൊണ്ടില്ല. കുഞ്ഞാലി മുഹമ്മദിനോടൊപ്പം സൈക്കിളില്‍ യാത്ര തുടര്‍ന്നു.
രണ്ടു മണിയോടെ അവര്‍ ചാലിയാര്‍ പുഴക്കടവിലെത്തി. ഏറനാടിന്റെ ഗംഗ നിറഞ്ഞ്‌ കവിഞ്ഞ്‌ നില്‍ക്കുന്ന സമയമാണ്‌. ഒരിടത്തും ഒരു നടപ്പാലം പോലുമില്ല. ആകെയുള്ളത്‌ ഒരു കടത്തു തോണി മാത്രം.
തോണിയിറങ്ങുമോ എന്ന്‌ തന്നെ കടത്തുകാരനറിയില്ല. എന്തായാലും ആസമയം മറ്റാരെങ്കിലും തോണിയിറക്കാന്‍ പറഞ്ഞാലും അയാള്‍ തയ്യാറാവില്ല. എന്നാല്‍ കുഞ്ഞാലി ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക്‌ മറുത്തൊന്നും പറയാനാകുമായിരുന്നില്ല.
രണ്ടരമണിയോടെ കുഞ്ഞാലിയും മുഹമ്മദും ഇടിവെണ്ണയിലെത്തി ചേര്‍ന്നു.


ഗ്രാമം ഗാഢനിദ്രയിലാണ്ടു കിടക്കുന്നു. ഒരു വലിയ സംഘര്‍ഷം നടന്നതിന്റെ യാതൊരു സൂചനപോലുമില്ല. മലയോരമേഖലയാണ്‌. നേരം ഇരുട്ടുമ്പോഴേക്ക്‌ വന്യ മൃഗങ്ങള്‍ മേഞ്ഞു നടക്കുന്ന നിരത്തു വക്കുകള്‍. സന്ധ്യ മയങ്ങിയാല്‍ പിന്നെ പുറത്താരെയും കാണില്ല. അങ്ങാടിയിലുണ്ടാകുന്ന ആള്‍ക്കൂട്ടവും എട്ടു മണിയോടെ വീടണയും. അത്തരമൊരു പ്രദേശത്ത്‌ പുലര്‍ച്ചെ രണ്ടരമണിക്ക്‌ ആരാണ്‌ ഉറക്കമുണര്‍ന്നിരിക്കുക-? പ്രത്യേകിച്ചും രാവിലെ പണിക്കിറങ്ങേണ്ട തൊഴിലാളികളുറങ്ങുന്ന വീടുകളില്‍.


അറുപത്‌ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇടിവെണ്ണയിലെ ആനയിറങ്ങുന്ന കാടുകള്‍ക്കു അരികുപ്പററിയുള്ള വീടുകളില്‍ ഈ അവസ്ഥക്ക്‌ വലിയ  മാറ്റമൊന്നും വന്നിട്ടില്ല. ആ പുലെര്‍ച്ചെയിലും കുഞ്ഞാലിയും മുഹമ്മദും അവിടുത്തെ പ്രധാനപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി. അവരെ വിളിച്ചുണര്‍ത്തി സംഭവത്തെകുറിച്ച്‌ ആരാഞ്ഞു.
കുഞ്ഞാലിക്ക്‌ ലഭിച്ച വിവരം അത്ര ശരിയായിരുന്നില്ല. ചെറിയ ചില പ്രശ്‌നങ്ങള്‍ ഇടിവെണ്ണയില്‍ ഉണ്ടായി എന്നത്‌ നേരായിരുന്നു. എന്നാല്‍ സംഘര്‍ഷമോ കത്തിക്കുത്തോ ഉണ്ടായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പരിക്കും പറ്റിയിട്ടില്ല. അന്ന്‌ ഐ എന്‍ ടി യു സിക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. അയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോലും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.


ഒരു സംഘര്‍ഷ സാധ്യതയുള്ള അവസരത്തെ പാര്‍ട്ടി പ്രവര്‍ത്തകരും തള്ളികളഞ്ഞിരുന്നില്ല. അവര്‍ ഒരുങ്ങിയിരുന്നു. പ്രതീക്ഷ തെറ്റിയില്ല. സംഘര്‍ഷമുണ്ടായി. സംഘട്ടനം കൊഴുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തിയായി തിരിച്ചടിച്ച്‌ എതിരാളികളെ ഓടിച്ചു. അതിനിടയില്‍ ചില പ്രവര്‍ത്തകര്‍ക്കു ചില്ലറ പരിക്കുകളുണ്ടായി. അത്‌ കാര്യമാക്കാനില്ല. എന്നാല്‍ നിലമ്പൂരില്‍ ലഭിച്ച വിവരം അങ്ങനെയായിരുന്നില്ല. കുഞ്ഞാലിക്ക്‌ വിവരം കൊടുത്തതും അതു പ്രകാരമായിരുന്നു.
അതായിരുന്നു കുഞ്ഞാലി.


തന്റെ അനുയായികള്‍ ഒരാപത്തിനു മുമ്പിലാണെന്നറിഞ്ഞാല്‍ അവര്‍ ഏത്‌ പാതാളത്തിലാണെന്നറിഞ്ഞാലും അവിടെ ഓടി എത്തുമായിരുന്നു. സ്വന്തം ജീവന്‍ അപായത്തിലാണെങ്കില്‍ പോലും ആ യാത്രയെ ഒഴിവാക്കണമെങ്കില്‍ കുഞ്ഞാലി മരിച്ച്‌ വീഴേണ്ടി വരും.
കുഞ്ഞാലി ഏറനാട്ടിലെ ഓരോ പുല്‍നാമ്പിനു പോലും സുപരിചിതനായി തീര്‍ന്നു. ഓരോ മണല്‍തരിയും ആ സാന്നിധ്യം തിരിച്ചറിഞ്ഞ്‌ തുടങ്ങി. #േഅതോടൊപ്പം ഭൂവുടമകളുടേയും നാടുവാഴികളുടേയും എസ്റ്റേറ്റ്‌ മാനേജ്‌മെന്റുകളുടേയും ശത്രുതാലിസ്റ്റില്‍ ഒന്നാമത്തെ പേരായും മാറി.