23/7/13

നോവ് പെയ്യുന്ന നോമ്പുകാലങ്ങള്‍ സ്മരണ



നോമ്പ്. പ്രാര്‍ഥനകളുടെ പകലിരവുകളിലേക്ക് ദൈവത്തിന്റെ കാരുണ്യകടാക്ഷങ്ങള്‍ പെയ്തിറങ്ങുന്ന വസന്തകാലം. ദാനധര്‍മങ്ങള്‍ക്കും പുണ്യകര്‍മങ്ങള്‍ക്കും ഇരട്ടി പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട  പുണ്യകാലം. നോമ്പുകാലം എനിക്ക് നഷ്ട സൗഭാഗ്യങ്ങളിലേക്കും തിക്തസ്മരണകളിലേക്കുമുള്ള തിരിച്ചു നടത്തം കൂടിയാണ്.

പത്തിരി മണവും കോഴിച്ചാറിന്റെ ഗന്ധവും മുറ്റി നില്‍ക്കുന്ന സന്ധ്യകള്‍. വത്തക്കയും ആപ്പിളും  പൈനാപ്പിളും തൊലിച്ചെത്തി നിരത്തിവെച്ച സുപ്രകള്‍.  ഒരുപകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചവന് മുമ്പില്‍ കാത്തിരിപ്പിനൊടുവില്‍  നിരത്തിവെച്ച കൊതിപ്പിക്കുന്ന വിഭവങ്ങള്‍. പക്ഷേ, അത്തരം രുചിഭേദങ്ങളുടെ സൗഭാഗ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍പോലും ഭാഗ്യമില്ലാതിരുന്ന ബാല്യകാലമായിരുന്നു എന്റേത്. 

നോമ്പുകാലത്തിന് പിന്നെയും കഷ്ടപ്പാടിന്റെ കൈപ്പാണ്. വറുതിയുടെ ചവര്‍പ്പണ്. സമൃദ്ധിയുടെ പൂക്കാലത്തെക്കുറിച്ച് ഒരിക്കലും ഉമ്മ സ്വപ്‌നം കണ്ടിരുന്നില്ല. വലിയ വലിയ മോഹങ്ങളും ഉണ്ടായിരുന്നില്ല അവര്‍ക്ക്. ബാപ്പ ഓര്‍മവെക്കുമ്പോഴെ ഒരു നിത്യരോഗിയായിരുന്നു. വല്ലപ്പോഴും ഒരു പണിക്കുപോയാല്‍ കിട്ടുന്നതിലേറെയും പ്രഭാകരന്‍ ഡോക്ടറുടെ ആശുപത്രിയില്‍ കൊണ്ടു കൊടുക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് ഹൈദര്‍ ഹാജിയുടെ ഞാറ്റുകണ്ടത്തിലും കൊയ്ത്തുപാടത്തും സ്വയം ഉരുകിയാണ് ഉമ്മ ഞങ്ങള്‍ ആറ് മക്കളെ നെഞ്ചോട് ചേര്‍ത്തത്.

നോമ്പു കാലത്ത് ഉമ്മക്കോ വല്യാത്തക്കോ പണിക്ക് പോകാനാകില്ല. ബാപ്പയും നിസഹായനായിരുന്നു. പലപ്പോഴും ചക്കയും കപ്പയും ഗോതമ്പുകൊണ്ടുമായിരുന്നു നോമ്പു തുറക്കുകയും അത്താഴം  കഴിക്കുകയും ചെയ്തിരുന്നത്.  മറ്റാരും അതറിഞ്ഞില്ല. 
സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ കൂട്ടുകാരുടെ വീടുകളിലൊക്കെ ഇറച്ചിയും പത്തിരിയും ഉണ്ടാകും നോമ്പുതുറക്ക്. വീട്ടിലും നേരിയ പുരോഗതിയുണ്ടായി. ഗോതമ്പിന്റെ പത്തിരിയും കിഴങ്ങോ കപ്പയോ കറിയുമായിരുന്നു അടുക്കളയിലെ വിഭവം. എന്റെ ജനനം ശഅബാന്‍ പതിനഞ്ചിനായിരുന്നു.  നോമ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ്. എന്നെ ഗര്‍ഭം ധരിച്ച് ഏറെനാള്‍ ഉമ്മ ഹൈദര്‍ ഹാജിയുടെ പാടത്ത്  കൊയ്ത്തിനിറങ്ങിയിരുന്നു. പൂര്‍ണ ഗര്‍ഭിണിയാകും വരെ. എനിക്ക് നാല്‍പത് ദിവസം പ്രായമുള്ളപ്പോള്‍ വീണ്ടും ഉമ്മ അതേ പാടത്തേക്ക് വീണ്ടും അരിവാളുമായി ഇറങ്ങി. ജേഷ്ഠന് അന്ന് പത്ത് വയസ്സ്. 250 ഗ്രാം ഇറച്ചിയുടെ  വില  അറുപത് പൈസ.  പക്ഷേ, അതിനും ഗതിയില്ലായിരുന്നല്ലോ ഉമ്മക്ക്. 

ഉമ്മാ അറുപത് പൈസണ്ടെങ്കി 250 അറച്ചി കിട്ടൂലേ... ഇനിക്കതിന്റെ ചാറ് മാത്രം മതിമ്മാ.... ചാറ് മാത്രം.... എല്ലാരോടീം പത്തിരീം അറച്ചീം ഞമ്മളോടെ മാത്രം കയ്ച്ച്ണ പൂളീം കേങ്ങും മാത്രം... ഇറച്ചി കറിക്ക് വേണ്ടി കരയുന്ന ജേഷ്ടന്റെ കാര്യം ഇപ്പോഴും ഉമ്മ ഓര്‍മപ്പെടുത്താറുണ്ട്. 
അത്രയെങ്കിലും ഒപ്പിച്ചെടുക്കാന്‍ ഉമ്മപെടുന്നപാട് അവനുണ്ടോ അറിയുന്നു...? ഞങ്ങളുണ്ടോ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്കു മുമ്പില്‍ അത്രയെങ്കിലും  വിളമ്പണമെങ്കില്‍ ഉമ്മ എത്രമാത്രം പട്ടിണി തിന്നിട്ടുണ്ടാകണം...? അടുക്കളക്കലത്തിലെ ഇത്തിരി വറ്റില്‍ ഒത്തിരി വെള്ളവും ഉപ്പും ചേര്‍ത്തു വയറിന്റെ കാളലടക്കുമ്പോഴും ആ വാക്കുകള്‍ ഉമ്മയെ എത്രയേറെ  കുത്തിമുറിവേല്‍പ്പിച്ചിട്ടുണ്ടാകണം...? 

  ബാപ്പയെ മിക്ക ദിവസവും ആരെങ്കിലും നോമ്പു തുറക്കാന്‍ വിളിക്കും. പള്ളി ദര്‍സില്‍ പഠിക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിയാരുകുട്ടിയായ ജേഷ്ടനെ വിളിക്കാനും ആളുണ്ടായി. പക്ഷേ, അപ്പോഴും എന്നെയും  ഉമ്മയെയും സഹോദരിമാരെയും വിളിക്കാന്‍  ആരുമുണ്ടായിരുന്നില്ല. എല്ലാ വീടുകളിലും എന്നെങ്കിലുമൊരു ദിവസം നോമ്പുതുറയുണ്ടാകും. അതും ഞങ്ങളുടെ വീടിന് അപ്രാപ്യമായിരുന്നു. ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ച്  നോമ്പു തുറപ്പിക്കാനുള്ള പണമുണ്ടായിരുന്നുവെങ്കില്‍ എത്രയോ ദിനങ്ങളില്‍ ഞങ്ങളുടെ പാതിവയറുകള്‍ പുലരുമായിരുന്നുവല്ലോ.

ചെറിയ പെരുനാളിനെ പുതിയൊരു കുപ്പായവും വെള്ളമുണ്ടും കിട്ടിയിരുന്നുള്ളൂ.  എല്ലാവര്‍ഷവും പ്രതീക്ഷിക്കാനും പാടില്ല. പെരുന്നാളിനെ വീട്ടില്‍ ഇറച്ചി വാങ്ങൂ. വാസനസോപ്പ് മേടിക്കൂ. നെയ്‌ച്ചോറിന്റേയോ തേങ്ങാച്ചോറിന്റേയോ ഗന്ധം അടുക്കളയില്‍ നിന്ന്  ഉയരൂ. എണ്ണതേച്ചുള്ള കുളിയും ആണ്ടില്‍ രണ്ടു പെരുനാളിനെയുള്ളൂ. 

നോമ്പു തുടങ്ങുന്നതോടെ അഞ്ചച്ചവടിയിലെ ഏക തുണിക്കടയായ മൂസക്കുട്ടി ഹാജിയുടെ കടയിലും ആള്‍പെരുമാറ്റം കണ്ടു തുടങ്ങും. ഷോകേസുകളില്‍ പുതിയ കോളുകള്‍ മിന്നിതിളങ്ങും. രാവിലെ മദ്‌റസ വിട്ട് മടങ്ങുമ്പോഴും ളുഹ്ര്‍ നിസാക്കാരത്തിനായി അങ്ങാടി പള്ളിയിലേക്ക് ഓടുമ്പോഴും അതിലേക്ക് കൊതിയോടെ ഒരു നോട്ടമുണ്ട്. പുത്തന്‍ മണക്കുന്ന ആ തുണിത്തരങ്ങളില്‍ നിന്ന്  ഒന്ന് എന്നാണ് എനിക്കും സ്വന്തമാകുക...? പുതിയ കുപ്പായം വാങ്ങിതന്നില്ലെങ്കിലും തുന്നിക്കിട്ടിയില്ലെങ്കിലും പെരുന്നാള്‍ വലിയ ആഘോഷം തന്നെയായിരുന്നു. 

ബാപ്പയെ പോലുള്ള പലരും മൂസക്കുട്ടി ഹാജിയുടെ തുണിക്കടയിലെ പറ്റുകാരായിരുന്നു. പഴയ പറ്റിലേക്ക് എന്തെങ്കിലും ചെറിയൊരു തുകകൊടുത്ത് അയാള്‍ക്കു മുമ്പില്‍ തലചൊറിഞ്ഞ് നില്‍ക്കണം. അയാള്‍ പറയുന്നതിനെല്ലാം മൂളികൊടുക്കണം. അവസാനം  കനിഞ്ഞേക്കും. മുമ്പെങ്ങോ കൊണ്ടു വന്നുവെച്ചതില്‍ ചെലവാകാത്ത തുണി എടുത്താണ് അവര്‍ക്ക് കാണിച്ചുകൊടുക്കുക. പുതിയതിലേക്കൊന്നും അവര്‍ക്ക് നോക്കികൂടാ.


ഇതന്റെ ചക്കരപ്പൊടിക്ക് കിട്ട്ണതല്ല, മുന്തിയ സാധനാണ്. എന്നാണയാള്‍ പറയുക. അങ്ങനെ മൂസക്കുട്ടി ഹാജി നാട്ടുകാര്‍ക്ക് ചക്കരപ്പൊടിയായി. അയാളുടെ കട ചക്കരപ്പൊടിയുടെ കടയായി. മൂപ്പര്‍ കാണിച്ച് കൊടുക്കുന്ന  കുപ്പായമോ ശീലയോ  ഇഷ്ടപ്പെടാതെ തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ ഉടനെ വരും മറുപടി. ...ഇജ്ജൊക്കെ അതിടാനെ ആയിട്ടുള്ളൂ.

ആ വിധിയെ ശിരസാവഹിക്കാനെ ബാപ്പയെ പോലുള്ളവര്‍ക്ക് ആയിരുന്നുള്ളൂ.  അവിടെ നിന്ന് കൊണ്ടു തന്നിരുന്ന വിലകുറഞ്ഞ കോറകുപ്പായ ശീലയുമായി തുന്നല്‍ക്കടയില്‍ ചെന്നാല്‍ തിരക്കുമൂലം തുന്നിക്കിട്ടിയെന്നും വരില്ല.  

പതിനെട്ട്  വയസ്സെത്തും വരെ വീട്ടിലെ ദാരിദ്ര്യത്തിന്റെ മുഖം വിളറി വെളുത്തു നിന്നു. നോമ്പു വിഭവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എന്നെ നോമ്പുതുറക്കാന്‍ വിളിക്കാനൊന്നും  അധികമാരുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം എന്നെയും സുഹൃത്ത് ഷാജഹാന്‍   നോമ്പ് തുറക്കാന്‍ ക്ഷണിച്ചു. അഞ്ചാം നോമ്പിനായിരുന്നു. ഞാനേറെ ആഹ്ലാദിച്ചു.  വീട്ടില്‍ പറഞ്ഞിരുന്നില്ല. നേരം വെളുത്തിട്ട് പറയാമെന്ന് കരുതി.  എന്നാല്‍ അന്ന് പ്രഭാതത്തിലേക്ക് വിളിച്ചുണര്‍ത്തിയത് ബാപ്പയുടെ ഖുര്‍ആന്‍ പാരായണമായിരുന്നില്ല. തുവ്വപ്പെറ്റയിലെ അയ്യൂബിന്റെ പരിഭ്രമം നിറഞ്ഞ വാക്കുകളായിരുന്നു. നിങ്ങളെ ബാപ്പ പയ്യിനെ തീറ്റിയപ്പോ... പാടത്ത് വീണു....

പാതിയുറക്കത്തില്‍ നിന്ന് കണ്ണും തിരുമ്മി പുഴയോരത്തെ മൊയ്തീന്‍ക്കയുടെ വീട്ടുമുറ്റത്തേക്ക് ഓടുകയായിരുന്നു. മുറ്റത്ത് ചെറിയൊരാള്‍ക്കൂട്ടം. കാവിതേച്ച കോലായിയില്‍ നിശ്ചലനായി കിടക്കുന്ന ബാപ്പ.  പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു നോമ്പു കാലത്തിന്റെ കണ്ണീരില്‍  കുതിര്‍ന്ന ആ ഓര്‍മ ഇന്നും കനത്തു വിങ്ങുന്നുണ്ട് . 

രണ്ട് മരണങ്ങളാണ്  തലേന്നും പിറ്റേന്നുമായി ഗ്രാമത്തില്‍ നിന്നും പടിയിറങ്ങിപ്പോയത്. 
മറ്റൊന്ന് പ്രിയ സ്‌നേഹിതന്‍  ചെറിയാപ്പു.  മദ്രസാ അധ്യാപകനായിരുന്ന കുട്ടി മുസ്‌ലിയാരുടെ മൂത്ത മകനായിരുന്നു ചെറിയാപ്പു എന്ന അബ്ദുല്‍ബാരി. 
ആ ചെറിയ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ചെറിയാപ്പുവിന്റെ മരണം പാമ്പുകടിയേറ്റായിരുന്നു. ജീവിച്ചിരിക്കുന്നവരെയൊക്കെ കരയിപ്പിച്ച് ഇരുപതാമത്തെ വയസ്സില്‍ അവന്‍ കണ്ണടച്ചപ്പോള്‍ കരഞ്ഞുപോയത്  ഗ്രാമം ഒന്നടങ്കമായിരുന്നു.
ചെറിയാപ്പു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 സുഖമുണ്ടെന്നും ഉടനെ ഞങ്ങള്‍ക്കിടയിലേക്ക് പുഞ്ചിരിയുമായി അവന്‍ കടന്നുവരുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലേക്കാണ് അവന്റെ സ്ഥിതി വഷളായെന്ന വിവരമെത്തിയത്. ആ വിവരം കേട്ട മാത്രയില്‍ പുഴയോരത്തെ പാടത്ത് കുഴഞ്ഞു വീഴുകയായിരുന്നു ബാപ്പ. പിന്നെ ഉണര്‍ന്നതേയില്ല. എന്നാല്‍ അപ്പോഴും അതൊരു മരണമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായിരുന്നില്ല. ദാരിദ്യത്തിന്റെ നിറഞ്ഞുതൂവിയ മടിശ്ശീലയുമായി യാത്രയായ ബാപ്പയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ആരൊക്കെയോ പിരിവെടുക്കുന്ന കാഴ്ചയും എനിക്ക് കാണേണ്ടി വന്നു. ഖബറടക്കം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നോമ്പുകാരനായിരുന്നിട്ടും വിശപ്പ് കെട്ടിരുന്നു. ആദ്യമായൊരാള്‍ നോമ്പ് തുറക്കാന്‍ ക്ഷണിച്ചിട്ടും അത് സ്വീകരിക്കാനാകാത്തതിന്റെ നോവ് ഓരോ നോമ്പുകാലത്തും എന്നെ തട്ടി ഉണര്‍ത്താറുണ്ട്. ഒപ്പം നോവുപെയ്യുന്ന നോമ്പുകാലവും അതില്‍ നിന്ന് യാത്രപോയ ബാപ്പയും.