ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2/9/10

രക്തജന്യരോഗം: ചികിത്സയില്ലാതെ കേരളം; മഴയെത്തുംമുമ്പേ കൊഴിഞ്ഞുവീഴുന്നത്‌ ആയിരങ്ങള്‍


കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത്‌ മലബാറിലാണ്‌. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ രംഗത്തെ അഭയ കേന്ദ്രമായ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും ലുക്കീമിയ ഒഴികെ മറ്റു അസുഖങ്ങള്‍ക്ക്‌ ചികിത്സയില്ല. വിദഗ്‌ധ ഡോക്‌ടര്‍മാരില്ല, ആവശ്യത്തിന്‌ മരുന്നില്ല. ലുക്കീമിയക്കോ ഫലപ്രദമായ തരത്തില്‍ പരിചരണം ലഭിക്കുന്നുമില്ല. 


ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌. 


തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചറിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌. എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം.

ഇതെല്ലാം ചികിത്സ പിഴക്കാനിടയാക്കുന്നു. അശാസ്‌ത്രീയമായ സംവിധാനം മൂലം അണു ബാധയേല്‍ക്കുന്നു. എയ്‌ഡ്‌സ്‌ ബാധിതരേക്കാള്‍ 200 ശതമാനത്തോളം പ്രതിരോധ ശേഷി കുറവായ ഇവരുടെ മരണം നേരത്തെയാവാന്‍ ഇതെല്ലാം കാരണമാകുന്നതായും ബന്ധുക്കള്‍ചൂണ്ടിക്കാണിക്കുന്നു. ഇത്‌ ശരിവെക്കുകയാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ 1997 മുതല്‍ 2006 വരെ ഓങ്കോളജി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ: നാരായണന്‍ കുട്ടി വാര്യര്‍. ??


ലുക്കീമിയ ബാധിതരായ കുഞ്ഞുങ്ങളുടെയും രക്തജന്യ രോഗികളുടേയും ചികിത്സ തുടക്കം പിഴച്ചാല്‍ പിന്നെ പ്രയോജനമില്ല. പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരുടെ പരിചരണവും ആധുനിക ചികിത്സാസൗകര്യവും നിര്‍ബന്ധമാണ്‌. ചികിത്സ തുടക്കം പിഴച്ച കുഞ്ഞുങ്ങള്‍ അധികകാലം ജീവിച്ചിരിക്കാനോ സാധ്യത കുറവുമാണ്‌. ഇതില്ലാതാക്കാന്‍ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ മാത്രം പോര.എല്ലാ സൗകര്യങ്ങളോടും കൂടിയ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റുമാത്രമെ പരിഹാരമുള്ളൂ. അദ്ദേഹം പറയുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ലുക്കീമിയ മരണങ്ങളും ഇന്‍ഫെക്‌ഷന്‍ മൂലമാണെന്നാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതരുടെ വിശദീകരണം. അതുപോലെയേ ഇവിടെയും നടക്കുന്നുള്ളുവെന്നാണ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്‌ ഡോ: അഷ്‌റഫ്‌ പറയുന്നത്‌. 

അണുബാധാ ചികിത്സയില്‍ പ്രാവീണ്യം നേടിയ ഡോക്‌ടര്‍മാരുടെ അഭാവം തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്‌. അണുബാധ ഏറ്റാല്‍ തിരിച്ചറിയാനോ ഇവര്‍ക്ക്‌ എന്തു ചികിത്സ നല്‍കണമെന്ന്‌ നിശ്ചയിക്കാനോ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ക്കറിയില്ല. സാധാരണ മരുന്നുകളല്ല ഇവര്‍ക്ക്‌ നല്‍കേണ്ടത്‌. അണുബാധയേല്‍ക്കുന്നവരിലുണ്ടാകുന്ന ആദ്യപനിയുടെ ഒരുമണിക്കൂറിനുള്ളില്‍ ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിയാല്‍ രോഗി രക്ഷപ്പെടും. എന്നാല്‍ ഇതു തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സ വൈകുന്നതുമാണ്‌ പ്രശ്‌നങ്ങള്‍ക്കുകാരണമെന്നും ഡോ: നാരായണന്‍കുട്ടി വാര്യര്‍ വ്യക്തമാക്കുന്നു.


 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ അണുബാധയെ കുറിച്ച്‌ കുസുമകുമാരി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒറ്റ നിര്‍ദേശങ്ങളും ഇതുവരെ നടപ്പാക്കുകയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2003 ജൂണിലായിരുന്നു ഇവിടെ 25 കുട്ടികള്‍ക്ക്‌ അണുബാധയേറ്റത്‌. അഞ്ചു കുട്ടികള്‍ മരിച്ചു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തിരുവനന്തപുരം ആര്‍ സി സിയിലെ ഡോ: കുസുമ കുമാരിയെ കമ്മീഷനായി നിയമിച്ചത്‌. അവര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും ഫലം ഉണ്ടായില്ലന്ന്‌ മാത്രം.


കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌1989ല്‍ ഐക്യരാഷ്‌ട്ര സഭ അവതരിപ്പിച്ച പ്രമേയത്തെ ആഗോള തലത്തിലെ ആധികാരിക രേഖയായാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യയും 1992ല്‍ ഈപ്രമേയത്തെ അംഗീകരിച്ചിട്ടുണ്ട്‌. കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള അവകാശം എന്നാല്‍ കേവലം ഭക്ഷണത്തിനും മരുന്നിനുമുള്ള അവകാശമല്ല. ഉന്നത നിലവാരമുള്ള ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ കുട്ടിയുടെ അവകാശമാണ്‌. ഭരണകൂടം ഇവിടെ രക്ഷകരാകണം. അപൂര്‍ണതകളെ അങ്ങനെ നാം പൂരിപ്പിക്കാന്‍ ശ്രമിക്കണം, എന്നൊക്കെയാണ്‌ ഈ പ്രമേയത്തില്‍ അടിവരയിട്ട്‌ പറയുന്നത്‌. എന്നാല്‍ ഇവിടെ ഭരണകൂടം പലപ്പോഴും ശിക്ഷകരായി തീരുന്നില്ലേ..? 

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ അണുബാധാ മരണങ്ങളുണ്ടായത്‌. അന്താരാഷ്‌ട്ര പ്രഖ്യാപനങ്ങളേയും നിയമങ്ങളേയും കാറ്റില്‍പ്പറത്തിയപ്പോഴുണ്ടായ ശിശുഹത്യകളായിരുന്നു അത്‌. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കണമെന്നും പ്രമേയം ഊന്നിപ്പറയുന്നു. 
സംരക്ഷണത്തിനും ചികിത്സക്കുമായി ഏല്‍പ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ കാലാകാലങ്ങളില്‍ പരിശോധിക്കപ്പെടണമെന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു.

ചികിത്സയിലെ പിഴവ്‌മൂലം രോഗിമരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്നാണ്‌ സുപ്രീം കോടതി വിധി. ശാരീരിക വൈകല്യം സംഭവിച്ചാല്‍ 30,000 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കണം. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ സമര്‍ഥമായി കൈകഴുകുന്നു. കുഞ്ഞുങ്ങളുടെ അസുഖത്തിന്റെ ഭീകരാവസ്ഥയെ ചൂണ്ടി അവര്‍ രക്ഷപ്പെടുന്നു. പ്രബലമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ബന്ധുക്കള്‍ വിജയിക്കാറുമില്ല. അതുകൊണ്ടു തന്നെ ഈകുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക്‌ നഷ്‌ടപരിഹാരവും ലഭിക്കുന്നില്ല. 

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ പത്തു ശതമാനവും ഹെമറ്റോളജി, ഓങ്കോളജി കേസുകളാണ്‌. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇവിടെ ഈ വിഭാഗങ്ങളിലായി 59,74,24 കുട്ടികളാണ്‌ ചികിത്സ തേടിയെത്തിയത്‌.

2003ല്‍ 155903 കേസുകളും 2004ല്‍ 1556292 ഉം 2005ല്‍ 125024ഉം 2006ല്‍ 160868 കേസുകളും ഇവിടെ എത്തി. ലുക്കീമിയ വാര്‍ഡില്‍ മാത്രം പ്രതിദിനം 40 കേസുകളെങ്കിലും എത്തുന്നുണ്ട്‌. ഓരോ വര്‍ഷവും പത്തു ശതമാനം മുതല്‍ ഇരുപത്‌ ശതമാനം വരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇവരില്‍ സംതൃപ്‌തമായ ചികിത്സ ലഭിച്ചവര്‍ വിരളം. ജീവിതത്തിലേക്ക്‌ തിരിച്ചുനടന്നവരും കുറവ്‌. ഇതിന്‌ ആശുപത്രി ജീവനക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. സൗകര്യങ്ങളുടെ അപര്യാപ്‌തത തന്നെയാണ്‌ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌. സര്‍ക്കാറിന്റെ അനാസ്ഥക്കുമുണ്ട്‌ രണ്ടാം സ്ഥാനം.
 
അസുഖം നേരത്തെ നിര്‍ണയിക്കപ്പെടുകയും വിദഗ്‌ധ ചികിത്സ ലഭ്യമാക്കുകയും ചെയ്‌താല്‍ പല രക്തവൈകല്യ രോഗങ്ങള്‍ക്കും ഇന്ന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. എണ്‍പത്‌ ശതമാനം അര്‍ബുദരോഗങ്ങള്‍ക്കുമുണ്ട്‌ ചികിത്സ. തലാസീമിയ രോഗികള്‍ക്ക്‌ 40 വയസ്സുവരെ ഗുരുതര പ്രശ്‌നങ്ങളില്ലാതെ ജീവിക്കാനാകുമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഹീമോഫീലിയ ബാധിതര്‍ക്ക്‌ ഇതിനേക്കാള്‍ ആയുസുണ്ട്‌.
 
എന്നാല്‍ കേരളത്തില്‍ പലപ്പോഴും ഇവരുടെയെല്ലാം ആയുസ്‌ 15ല്‍ കുറുകുന്നു. ചികിത്സയുടെ അഭാവത്തിലേക്കും അധികൃതരുടെ അനാസ്ഥയിലേക്കുമാണിത്‌ വിരല്‍ചൂണ്ടുന്നത്‌. എന്നാല്‍ ഇതില്‍ അധികൃതര്‍ക്കു പരിഭ്രമം പോലുമില്ല. കാന്‍സര്‍ പോലുള്ള മാരകരോഗം ഇങ്ങനെയൊക്കെയേ കലാശിക്കൂ എന്ന നിലപാടാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌. പൊതുജനവും ചികിത്സകൊണ്ട്‌ ഫലമില്ലെന്ന മുന്‍വിധിയോടെ മാത്രമാണ്‌ കാര്യങ്ങളെ കാണുന്നത്‌.


 എന്നാല്‍ രക്തജന്യരോഗികളുടെ ചികിത്സക്കായി പ്രത്യേക യൂണിറ്റും വാര്‍ഡും അനുവദിക്കാമെന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ അധികൃതര്‍ ഉറപ്പു നല്‍കിയതാണ്‌. അതിനുള്ള പ്ലാനും എസ്റ്റിമേറ്റും ഒരുങ്ങി. എന്നിട്ടും യൂണിറ്റും വാര്‍ഡും മാത്രമുണ്ടായില്ല. ഹൈക്കോടതി പോലും അധികൃത നിലപാടിനെ വിമര്‍ശിച്ചു. മൂന്നുമാസത്തിനുള്ളില്‍ യൂണിറ്റും വാര്‍ഡും നിര്‍മിക്കണമെന്നും വിധിച്ചു. ആ ഉത്തരവിനെപോലും കാറ്റില്‍ പറത്തുകയായിരുന്നു

16/8/10

രോഗങ്ങളെ സത്‌ക്കരിക്കുന്ന മലയാളികള്‍

നിങ്ങള്‍ നിങ്ങളുടെ സമ്പത്തിന്റെ മൂന്നിലൊരു ശതമാനം എന്തു ചെയ്യുന്നു?
എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ ചോദ്യം സമ്പന്നനോടും സാധാരണക്കാരോടും ദരിദ്രരോടും എല്ലാം കൂടിയാണ്‌. എല്ലാവര്‍ക്കുമുള്ള ഉത്തരം ഒന്നു തന്നെയായിരിക്കും. രോഗ പ്രതിരോധത്തിന്‌. പലരുടെ കാര്യവും ഇവിടെ ഒതുങ്ങുമോ എന്നതും സംശയമാണ്‌.

സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ്‌ ആതുരാലയങ്ങള്‍, നഗരങ്ങളിലും നാട്ടന്‍പുറങ്ങളിലും സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്ന ഡോക്‌ടര്‍മാര്‍, ചെറിയ ചെറിയ നഴ്‌സിംഗ്‌ ഹോമുകള്‍, ഹോമിയോ ഡോക്‌ടര്‍മാര്‍, പാരമ്പര്യവൈദ്യന്‍മാര്‍, മുറി വൈദ്യന്‍മാര്‍, വിഷ ചികിത്സകാരികള്‍, വ്യാജസിദ്ധന്‍മാര്‍ എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന ഏതൊരാളുണ്ടോ, അവിടേക്കെല്ലാം രോഗികളൊഴുന്നു.

മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുന്നു. ഭീമമായ കണ്‍സള്‍ട്ടിംഗ്‌ ഫീസും വിലകൂടിയ മരുന്നും വാങ്ങി മടങ്ങുന്നു. ഒരൊറ്റ ആശ്ലേഷത്തിനു വേണ്ടി ദിവസങ്ങള്‍ തന്നെ ക്ഷമയോടെ കത്തിരിക്കാനും അവര്‍ക്കു മടിയില്ല. കൂനുകള്‍ പോലെ ചികിത്സാലയങ്ങള്‍ ഉദിച്ചു പൊങ്ങുന്നു. അവയെല്ലാം പച്ചപിടിച്ച്‌ ചിറകുവിരിച്ച്‌ പറക്കുന്നു. ഈ രംഗത്ത്‌ നിലച്ചുപോകുന്ന സ്ഥാപനങ്ങളില്ലെന്നതാണ്‌ വലിയ സത്യം. വിശ്വസിച്ച്‌ മുതല്‍മുടക്കാവുന്ന ഏക ബിസിനസ്‌ സാമ്രാജ്യമെന്ന്‌ ചുരുക്കം.
മരണത്തെ കണ്ട്‌ ഞെട്ടല്‍ മാറാത്ത തുരുമ്പിച്ച ആശുപത്രി കട്ടിലുകള്‍, അമര്‍ത്തിയ വേദനകളമരാതെ അവയില്‍ നിന്നും പുറത്തേക്ക്‌ വീഴുന്ന ഞെരുക്കങ്ങള്‍, നീളന്‍വരാന്തകളുടെ വിജനമായ ഇടവഴിയില്‍ നിന്നും മരണത്തിന്റെ പിറുപിറുപ്പ്‌, ഒന്നിനു പിറകെ മറ്റൊന്നായി എത്തുന്ന രോഗികള്‍, രോഗികളുടെ മുഖവും പ്രായവും മാത്രമേ മാറുന്നൊള്ളൂ. കുഷ്‌ഠരോഗാശുപത്രികളില്‍ മെഡിക്കല്‍കോളജ്‌ ആതുരാലയങ്ങളില്‍, പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പരിചരണ കേന്ദ്രങ്ങളില്‍, വൃദ്ധ സദനങ്ങളില്‍, പ്രതീക്ഷകളസ്‌തമിച്ചിട്ടും മരണവും മരുന്നും മണക്കുന്ന വീടുകളുടെ അകത്തളങ്ങളില്‍, എല്ലാം നാം അവരുടെ അനുഭവ ദൈന്യം പങ്കുവെക്കപ്പെടുന്നവരെ കണ്ടുമുട്ടുന്നു.

ഇത്രയധികം രോഗികളുണ്ടോ ഈ ഭൂമുഖത്ത്‌? ഇത്രയധികം ജനങ്ങള്‍ രോഗശന്തിക്കായി പ്രാര്‍ഥനകളോടെയും ഏകാഗ്രതയോടെയും വിവിധ ചികിത്സാവിധികളെ അവലംബിക്കുന്നുണ്ടോ? ജീവിത സംസ്‌കാരത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ പരിസ്ഥിതിയുടെ ഭീകരാവസ്ഥ മൂലം പുതിയ പുതിയ അസുഖങ്ങള്‍ ജനിക്കുന്നു. ആധുനിക ടെക്‌നോളജി വികസനത്തിന്റെ വിസ്‌മയകഥകള്‍ തന്നെ പറയുന്നുണ്ടെങ്കിലും ശാസ്‌ത്രത്തിനു തോല്‍പ്പിക്കാന്‍ കഴിയാത്ത അസുഖങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

അറുനൂറ്‌ കോടി മനുഷ്യരാണ്‌ ഈ മുഖത്തുള്ളത്‌. അതില്‍ ഇരുപതു കോടിയോളം പ്രമേഹ രോഗികള്‍ തന്നെയുണ്ട്‌. ഇന്ത്യയില്‍ മാത്രം മൂന്നു കോടി പ്രമേഹ രോഗികളുണ്ട്‌. 2030ല്‍ ഇത്‌ എട്ടു കോടി വരുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായവും പ്രമേഹമെന്നുമാണ്‌ അന്താരാഷ്‌ട്ര പ്രമേഹ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

2010 ആകുമ്പോഴേക്കും ലോകത്തിലെ ഹൃദ്രോഗികളില്‍ പകുതിയിലധികവും ഇന്ത്യക്കാരായിരിക്കും. പശ്ചാത്യ രാജ്യങ്ങളില്‍ അറുപത്‌ വയസില്‍ താഴെയുള്ളവരുടെ ഹൃദയാഘാത മരണങ്ങള്‍ ഇരുപത്തിരണ്ടു ശതമാനമാണെങ്കില്‍ ഇന്ത്യയിലിത്‌ അമ്പത്‌ ശതമാനത്തിനു മുകളിലാണെന്ന മുന്നറിയിപ്പ്‌ തരുന്നത്‌ ലോകാരോഗ്യ സംഘടനയാണ്‌.

ഇന്ത്യയിലെ ഹൃദ്രോഗികളില്‍ 75 ശതമാനം പുകവലിക്കാരാണ്‌. ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണമായ കൊളസ്‌ട്രോളും പലപ്പോഴും നിശബ്‌ദ ഘാതകനായി മാറുന്നുണ്ട്‌.
അഞ്ചു കോടി എച്ച്‌ ഐ വി ബാധിതരുണ്ട്‌ ലോകത്ത്‌. 35 ലക്ഷം എച്ച്‌ ഐ വി ബാധിതരായ സ്‌ത്രീകളും. പതിനെട്ടിനും 30 വയസിനുമിടയിലാണ്‌ ഇവരുടെ പ്രായം. 1981 മുതല്‍ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ എന്ന രോഗാണു മൂലം ദുരിതമനുഭവിക്കുകയും മരണത്തിന്റെ കൈയൊതുക്കത്തിലേക്ക്‌ പ്രതിവര്‍ഷം നടന്നടുക്കുകയും ചെയ്യുന്നത്‌ ലക്ഷങ്ങളാണ്‌. മനുഷ്യരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്‌ടിച്ച എയ്‌ഡ്‌സ്‌ രോഗത്തിനു മുമ്പില്‍ ഇന്നും പ്രതിവിധിയില്ലാതെ പകച്ചു നില്‍ക്കാനെ വൈദ്യശാസ്‌ത്രത്തിനാകുന്നുള്ളൂ.

ലോകജനസംഖ്യയുടെ 40 ശതമാനത്തോളം ഇന്നും മലമ്പനി രോഗത്തിന്‌ അടിമകളാകുന്നു. പ്രതിവര്‍ഷം അമ്പത്‌ കോടിയോളം ജനങ്ങളെ മലമ്പനിപിടിപെടുകയും പത്തു ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ്‌ ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത്‌ ചെലവഴിച്ചിട്ടുള്ളത്‌. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും ഇന്നും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്‌നമായി ഈ രോഗം അവശേഷിക്കുന്നു.

മുപ്പതുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ്‌ ഈ രോഗത്തിന്റെ വ്യാപനത്തല്‍ ഇന്നുമുള്ളത്‌. പ്രതിവര്‍ഷം പന്ത്രണ്ട്‌ ലക്ഷത്തോളം ക്യാന്‍സര്‍ രോഗമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനു പുറമെ, പകര്‍ച്ചവ്യാധികളായ ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി പുതിയ പേരുകളിട്ട്‌ വിളിക്കുന്ന നിരവധി രോഗങ്ങളും ദിനം പ്രതിയെന്നോണം എത്തിക്കൊണ്ടുമിരിക്കുന്നു.

രോഗങ്ങള്‍ക്കു പഞ്ഞമില്ല, രോഗികള്‍ക്കു അവക്കുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു ക്ഷാമവുമില്ല, ജനസംഖ്യയിലെ വലിയൊരു ശതമാനവും ഇങ്ങനെ ആശുപത്രികളോടും മരുന്നുകളോടും സല്ലപിച്ചു കഴിയുന്നു. അവന്റെ അദ്ധ്വാനത്തിന്റേയും കുടുംബത്തിന്റെ വരുമാനത്തിന്റേയും വലിയൊരു പങ്ക്‌ ഇതിലേക്കു മാറ്റിവെക്കുന്നു. ദരിദ്രരും സാധാരണക്കാരും അതിനാകാതെ അന്യരുടെ കാരുണ്യത്തിനും കൈനീട്ടുന്നു. പത്രത്താളുകളില്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്ന ചിത്രങ്ങള്‍ നിറയാത്തതെന്നാണ്‌? ചികിത്സക്കുവേണ്ടി വീടും പറമ്പും പണയപ്പെടുത്തുന്നവര്‍, പലിശക്കും വട്ടിക്കും പണംകടം വാങ്ങുന്നവര്‍.

എന്നിട്ടും തികയാതെ ഇനി എന്തു ചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുന്നവര്‍, നമുക്ക്‌ ചുറ്റും ഇത്തരം മുഖച്ഛായകളുള്ളവര്‍ നൂറുക്കണക്കിനല്ലെ? എന്നാല്‍, രോഗമേതായാലും ചികിത്സ എന്ത്‌ തന്നെയായാലും ഈ സാമ്പാദ്യം ചെലവഴിക്കപ്പെടുന്നത്‌ പാഴായിപ്പോകുന്ന ശ്രമങ്ങള്‍ക്ക്‌ വേണ്ടിയായാലോ?
അതെ, അതാണ്‌ കേരളീയരിലെ വലിയൊരു വിഭാഗത്തിന്റേയും അനുഭവം. പലപ്പോഴുംചികിത്സക്കു വേണ്ടി വിനിയോഗിക്കുന്ന തുക വെറുതെയാകുന്നു. രോഗം ഏതു തന്നെയാകട്ടെ, ചികിത്സയുടെ കാര്യത്തില്‍ ഏറെ പ്രധാന്യവുമര്‍ഹിക്കുന്ന ഒന്നാണ്‌ നേരത്തെയുള്ള രോഗനിര്‍ണയം. തുടക്കത്തിലെയുള്ള ചികിത്സ. ചികിത്സയുടെ വിജയവും പരാജയവും എല്ലായ്‌പ്പോഴും അതിനെ ആശ്രയിച്ചിരിക്കും.

ക്യാന്‍സര്‍ രോഗത്തിന്റെ കാര്യം തന്നെയെടുക്കാം. രോഗം പിടിപെട്ട അവയവത്തില്‍ തന്നെ രോഗം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണ്‌ ആദ്യഘട്ടം. ഈ അവസ്ഥയില്‍ അസുഖം കണ്ടെത്തിയാല്‍ 90 ശതമാനവും ചികിത്സിച്ചു ഭേദമക്കാന്‍ കഴിയുന്നു. സമീപ അവയവങ്ങളിലേക്കു കൂടി രോഗം വ്യാപിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ്‌ കണ്ടെത്തുന്നതെങ്കില്‍ അറുപത്‌ ശതമാനമാളുകളിലാണ്‌ ചികിത്സ ഫലപ്രദമാകുക. ഇതും കഴിഞ്ഞുള്ള മൂന്നാമത്തെ ഘട്ടത്തില്‍ ചികിത്സ തുടങ്ങുമ്പോള്‍ പത്തു ശതമാനമാളുകള്‍ക്കേ ജീവിതത്തിലേക്ക്‌ നടന്നു കയറാന്‍സാധിക്കൂ.

എന്നാല്‍, എണ്‍പതു ശതമാനം അര്‍ബുദ രോഗികളും ആദ്യത്തെ രണ്ടു ഘട്ടം കഴിഞ്ഞേ ചികിത്സക്കെത്തൂന്നുള്ളൂ. അപ്പോഴാകട്ടെ ചികിത്സ ഫലപ്രദമല്ല തന്നെ. എന്ന്‌ കരുതി ആരും ചികിത്സ നിര്‍ത്തുന്നില്ല. സാന്ത്വനചികിത്സയില്‍ ഒതുക്കുന്നില്ല, ഉള്ളതെല്ലാം വിറ്റു പെറുക്കിയും മറ്റും നടത്തുന്ന ഈ ശ്രമങ്ങളെല്ലാം പാഴ്‌ശ്രമങ്ങളായി മാറുന്നു. എച്ച്‌ ഐ വി ബാധിതരായ ഒരാളില്‍ ആദ്യ ലക്ഷണങ്ങള്‍ ആറുമാസത്തിനിടെ കണ്ടു തുടങ്ങുന്നു. പിന്നെ ആരോഗ്യമുള്ള ഒരാളില്‍ പത്തുവര്‍ഷം വരെ കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടു കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ അയാള്‍ രോഗവാഹകനാണെന്ന്‌ തിരിച്ചറിയാനുള്ള അടയാളങ്ങളുമില്ല.

എന്നാല്‍ , കേരളത്തിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഉഷസ്‌ കേന്ദ്രങ്ങളില്‍ എച്ച്‌ ഐ വി ബാധിതര്‍ക്കുള്ള സൗജന്യ ആന്റി റിട്രോ വൈറല്‍ ചികിത്സ സ്വീകരിക്കുന്നതിലൂടെ അയാള്‍ക്ക്‌ പത്തു മുതല്‍ പതിനഞ്ച്‌ വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. രോഗം ഏത്‌ എന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ശരീരമാവശ്യപ്പെടുന്ന സമയത്തു നല്‍കുന്നുണ്ടോ എന്നതാണ്‌ പ്രധാനം.

കേവലം ഒരു പനി വന്ന്‌ ആളുകള്‍ മരിച്ചു പോകുന്നില്ലേ, മഞ്ഞപ്പിത്തം മൂത്ത്‌ മരണംസംഭവിക്കുന്നില്ലേ... മാരകമായ രോഗങ്ങളില്‍ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുക്കുന്നില്ലേ, ഇതെല്ലാം സംഭവിക്കുന്നതും ചികിത്സയോട്‌ രോഗികള്‍കാണിക്കുന്ന അഭിനിവേശവും അവഗണനയും കൊണ്ടുതന്നെയാണ്‌.

ആരോഗ്യത്തെക്കുറിച്ച്‌ വളരെ ശ്രദ്ധാലുക്കളാണ്‌ നമ്മള്‍. കുട്ടികളുടെ ആരോഗ്യത്തിനും വലിയ പ്രധാന്യംനല്‍കുന്നു. അവര്‍ക്ക്‌ രോഗം വരാതിരിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഒരു പനി വന്നാല്‍ നമുക്കത്‌ സഹിക്കില്ല. എന്നാല്‍, സ്വന്തം കാര്യങ്ങളില്‍ പലര്‍ക്കും ഈ ശ്രദ്ധയില്ല. അതുകൊണ്ടു തന്നെ മലയാളികള്‍ക്കിന്ന്‌ എല്ലാരോഗവും സുപരിചിതമാണ്‌. അസുഖം പിടിപെട്ടാല്‍ ഡോക്‌ടറെ ചെന്നു കാണുന്നു, വില കൂടിയ മരുന്നുകള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അതിനേക്കാള്‍ വില കൂടിയ ഉപദേശങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട്‌ നിസ്സാരമായി തള്ളിക്കളയുന്നു. മിക്ക രോഗങ്ങളും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവയാണ്‌. ചിലര്‍ക്ക്‌ പാരമ്പര്യമായും പകര്‍ന്ന്‌ കിട്ടുന്നു.കാസര്‍കോട്‌ ജില്ലയിലെ പതിമൂന്ന്‌ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തിന്റെ പരിസരങ്ങളെ മരണത്താഴ്‌വര എന്നു വിളിക്കേണ്ടി വന്നത്‌ ഇവിടെ എന്‍ഡോസള്‍ഫാനെന്ന വിഷദ്രാവകം തെളിച്ചതു കൊണ്ടായിരുന്നു. ഇന്നും ഇവിടെ ജനിതക തകരാറുമായി കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നു. അംഗവൈകല്യത്തോടെ പിറക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു.

ത്വക്‌ രോഗങ്ങള്‍ കൂടുന്നു, സ്‌ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ ഉണ്ടാകുന്നു, പലര്‍ക്കും ആപത്‌കരമായ ആസ്‌തമയുണ്ട്‌. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു. സ്‌ത്രീപുരുഷ വന്ധ്യതയും ഗര്‍ഭമലസലും മിക്ക വീടുകളുടേയും ശാപമായി മാറിയിരിക്കുന്നു. ഇവര്‍ എന്‍ഡോസള്‍ഫാന്റെ ഇരകളെങ്കില്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു തന്നെയല്ലെ, നമുക്കും പലരോഗങ്ങളും തിരിച്ചു കിട്ടിക്കൊണ്ടേയിരിക്കുന്നത്‌.

ഭക്ഷണക്കാര്യത്തില്‍ നമുക്ക്‌ ഒരു ശ്രദ്ധയുമില്ല. കിട്ടുന്നതെന്തും വാരിവലിച്ചു കഴിക്കുന്ന മലയാളീശീലത്തിന്‌ അറുതിയുണ്ടായിട്ടുമില്ല. മത്സ്യം, മാംസം,മുട്ട, എണ്ണ കൂടുതലായുപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വര്‍ജിക്കണമെന്നാണ്‌. ആരോഗ്യ പ്രവര്‍ത്തകരും അത്‌ നിരുത്സാഹപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഡോക്‌ടര്‍ ഈ ശീലം ഉപേക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്‌. അമിതമായ മൃഗക്കൊഴുപ്പ്‌, അച്ചാറുകളുടെ വര്‍ധിത ഉപയോഗം, എരിവ്‌, പുളി, മസാല എന്നിവയുടെ ഉപയോഗവും നന്നല്ല. മൃഗക്കൊഴുപ്പ്‌ അച്ചാറുകളുടെ ഉപയോഗം എന്നിവ ക്യാന്‍സറിന്‌ പോലും കാരണമാകുന്നു. എണ്ണയില്‍ വറുത്തവയും ബേക്കറി പലഹാരങ്ങളും തടി കൂടാന്‍ കാരണമാകുന്നു. അമിതമായി ഉറങ്ങരുത്‌. ഉച്ചയുറക്കവും തടിവര്‍ധിപ്പിക്കും, ഭക്ഷണം നിയന്ത്രിക്കാതെ വ്യായാമത്തെ മാത്രം ആശ്രയിച്ചിട്ടും കാര്യമില്ല.

എന്നാല്‍, വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്‌. ശാരീരികധ്വാനമില്ലാത്ത ജോലി ചെയ്യുന്നവരിലും വ്യായാമമില്ലാത്തവരിലും ഹൃദ്രോഗ സാധ്യത ഇരട്ടിയാണ്‌. വ്യായാമമുള്ളയാളുടെ ഹൃദയത്തിന്‌ അതില്ലാത്തയാളുടെതിനേക്കാള്‍ ഒന്നര മടങ്ങിലധികം അദ്ധ്വാനം കുറവാണ്‌ എന്നതാണ്‌ ഇതിനു കാരണം. ഹൃദയത്തിന്‌ ജോലി ഭാരം കൂടുന്നതിനനുസരിച്ച്‌ ഹൃദയപേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കുന്നുണ്ട്‌. ഇത്‌ ക്രമേണ ഹൃദയാഘാതത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ്‌.

ചുരുക്കത്തില്‍ മിക്ക രോഗങ്ങളേയും നമ്മളോ നമ്മുടെ പരിസ്ഥിതിയോ ബോധപൂര്‍വം സൃഷ്‌ടിച്ചെടുക്കുന്നവയാണ്‌. അലസത ഇതിന്റെ സാധ്യതകളെ ഊട്ടിയുറപ്പിക്കുന്നു. മഹാരോഗങ്ങളെക്കുറിച്ചും അതിന്റെ ആരംഭസൂചനകളെക്കുറിച്ചും എല്ലാവര്‍ക്കും ഏകദേശധാരണയുണ്ട്‌. എന്നാല്‍, അവ കണ്ടെത്തിയാലും രോഗനിര്‍ണയം നടത്താന്‍ തൊണ്ണൂറ്‌ശതമാനമാളുകളും ഒരുക്കമല്ല. ഈ അലംഭാവം തന്നെയണ്‌ മിക്ക രോഗങ്ങളുടേയും അവസ്ഥകളെ ഭീകരമാക്കിത്തീര്‍ക്കുന്നത്‌.

വൈകി ശ്രമിക്കുന്ന പല പ്രയത്‌നങ്ങളേയും പാഴ്‌ശ്രമങ്ങളാക്കി മാറ്റുന്നതും, ഇങ്ങനെ നിഷ്‌പ്രഭമായ ഒരു ചികിത്സക്കുവേണ്ടി നവ വിഭവശേഷിയുടെ വലിയൊരു ശതമാനമാണ്‌ പാഴാക്കിക്കളയുന്നത്‌. അതേക്കുറിച്ച്‌ ആരും ബോധവാന്‍മാരല്ല തന്നെ. ഡോക്‌ടര്‍മാരും ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ചികിത്സാ രംഗത്തും ബോധവത്‌ക്കരണ രംഗത്തും പ്രവര്‍ത്തിക്കുമ്പോഴും ഗൗരവപൂര്‍വം ആലോചിക്കേണ്ടതും സാധാരണക്കാരേയും മറ്റും ആഴത്തില്‍ ഉണര്‍ത്തിക്കേണ്ടതും ഈ കാര്യത്തെക്കുറിച്ചാണ്‌. ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതും ഇതിനാണ്‌. 

25/5/10

എന്താണ്‌ ഗര്‍ഭാശയം


ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഗര്‍ഭാശയത്തിന്‌ ഏകദേശം മൂന്ന്‌ ഇഞ്ച്‌ നീളവും രണ്ട്‌ ഇഞ്ച്‌ വീതിയും ഒരു ഇഞ്ച്‌ കനവും 40-50 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. യോനിക്കു ചുറ്റുമുള്ള സുദൃഢമായ പേശിവലയത്തിന്റെ സഹായത്തൂറെ നിലകൊള്ളുന്ന ഗര്‍ഭാശയം ബലമുള്ള മാംസപേശികളില്‍ നിര്‍മിക്കപ്പെട്ടതാണ്‌.

ഓരോ അണ്ഡാശയത്തിനും ശരാശരി മൂന്ന്‌ സെ മീ നീളവും അഞ്ച്‌ സെ മീ വീതിയും ഒരു സെ മീ കനവും 68 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കോര്‍ട്ടെക്‌സ്‌ എന്ന പുറംഭാഗവും മെഡുല്ല എന്ന ഉള്‍ഭാഗവും ഓരോ അണ്ഡാശയത്തിനും ഉണ്ട്‌. എല്ലാ സ്‌ത്രീകള്‍ക്കും രണ്ട്‌ അണ്ഡാശയങ്ങള്‍ ഉണ്ട്‌. എങ്കിലും ഓരോ ആര്‍ത്തവചക്രത്തിലും ഓരോ അണ്ഡാശയത്തില്‍ നിന്നും ഒരു അണ്ഡം വീതമാണ്‌ പുറപ്പെടുവിക്കുന്നത്‌. ഓരോ അണ്ഡാശയവും ഈ ജോലി മാറിമാറി ചെയ്യുന്നു. എന്നാല്‍ ചുരുക്കം ചില സ്‌ത്രീകളില്‍ രണ്ട്‌ അണ്ഡാശയങ്ങളും ഓരോ അണ്ഡങ്ങളെ പുറപ്പെടുവിക്കാറുണ്ട്‌.

അസാമാന്യ ശക്തിയുള്ള ഉള്‍ഭിത്തികളാണ്‌ ഗര്‍ഭാശയത്തിനുള്ളത്‌. ഒരു തരം ശ്‌ളേഷ്‌മ ചര്‍മം കൊണ്ട്‌ ഗര്‍ഭാശയ ഉള്ളറ മുഴുവന്‍ ആവരണം ചെയ്‌തിരിക്കുന്നു. ഓരോ ആര്‍ത്തവ ശേഷവും ഈ ഉള്‍ഭിത്തിയുടെ ചര്‍മം നേര്‍ത്തിരിക്കുകയും തുടര്‍ന്ന്‌ കട്ടി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈസ്‌ട്രോജന്റെയും പ്രോജസ്റ്ററോണിന്റെയും പ്രവര്‍ത്തന ഫലമായി ഉള്‍ഭിത്തിയുടെ ചര്‍മത്തില്‍ സൂക്ഷ്‌മ രക്തക്കുഴലുകള്‍ വര്‍ധിക്കുന്നു. ഗര്‍ഭധാരണം നടന്നാല്‍ ഭ്രൂണത്തെ സംരക്ഷിക്കാനും, ഗര്‍ഭധാരണം ഉണ്ടാകാതെ വരുമ്പോള്‍ ആര്‍ത്തവ രക്തമായി പുറത്തേക്ക്‌ തള്ളാനും ഇങ്ങനെയാണ്‌ സജ്ജീകരണങ്ങള്‍ ഉണ്ടാകുന്നത്‌. അതായത്‌ ഓരോ ആര്‍ത്തവം കഴിയുമ്പോഴും ഗര്‍ഭാശയത്തിനുള്ളില്‍ ഒരു പുതിയ അകംപാളി രൂപം കൊള്ളുന്നു.

ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ഡവാഹിനിക്കുഴലിന്‌ 10-15 സെ മീ നീളമുണ്ടായിരിക്കും. അണ്ഡാശയത്തില്‍ നിന്നും പാകമായ അണ്ഡത്തെ ഗര്‍ഭാശയത്തിലെത്തിക്കുകയാണിവയുടെ ധര്‍മം. അണ്ഡം അണ്ഡവാഹിനി വഴി ഗര്‍ഭാശയത്തിലെത്തുന്നതിനിടയില്‍ പുരുഷബീജത്തെ കണ്ടുമുട്ടുകയാണെങ്കില്‍ അവ ഒന്നിച്ച്‌ ഭ്രൂണമായിത്തീരുന്നു. ഭ്രൂണം ഗര്‍ഭാശയത്തില്‍ വളരുന്നതോടൊപ്പം ഗര്‍ഭാശയവും വികസിക്കുന്നു. 200 ദിവസങ്ങളാണ്‌ ഗര്‍ഭാശയം ഭ്രൂണത്തിന്‌ സംരക്ഷണം നല്‍കുന്നത്‌. അതിനിടയില്‍ ഭ്രൂണം ഒരു മനുഷ്യ രൂപമായി മാറുന്നു. പ്രസവത്തിനു തൊട്ടുമുമ്പ്‌ ഗര്‍ഭാശയത്തിന്‌ അവിവാഹിതയുടെ ഗര്‍ഭാശയത്തിന്റെ ഏകദേശം 20 ഇരട്ടി തൂക്കം ഉണ്ടാകുന്നു. പ്രസവത്തെത്തുടര്‍ന്ന്‌ സങ്കോചിച്ച്‌ പൂര്‍വസ്ഥിതിയെ വ്യാപിക്കാനുള്ള ശക്തിയും ഗര്‍ഭാശയത്തിനുണ്ട്‌.

കൂടുന്ന സിസേറിയന്‍
സുഖകരമായ പ്രസവം പ്രതീക്ഷിക്കുന്നവരാണ്‌ എല്ലാവരും. എന്നാല്‍ എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടിയുടെ കിടപ്പിലെ തകരാറുകള്‍, ഗര്‍ഭാശയം സങ്കോചിക്കുന്നതിലുള്ള ക്രമക്കേടുകള്‍, ഗര്‍ഭാശയ മുഴ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രസവത്തെ പ്രതികൂലമാക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ ആവശ്യമായിവരാം. ഇത്തരം ഓപ്പറേഷന്‍ സിസേറിയന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.
കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം കൂടുന്നുവെന്നാണ്‌ കണക്ക്‌. പണ്ട്‌ സിസേറിയന്‍ എന്നു കേട്ടാല്‍ ഒരു ഞെട്ടലുണ്ടായിരുന്നു. ഇന്ന്‌ ഇതൊരു ആശ്വാസമാണെത്രെ. ഇത്‌ വെറുതെ പറയുന്നതല്ല. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ തെളിയിച്ചതാണ്‌.

വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്‌ പ്രസവം. അതുകൊണ്ടുതന്നെ അവിചാരിതമായ ചില അടിയന്തര സാഹചര്യങ്ങള്‍ മൂലം കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന്‌ ഭീഷണിയുണ്ടാവാം. ഇത്തരം അവസരങ്ങളിലാണ്‌ ഗര്‍ഭപാത്രം തുറന്ന്‌ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്നത്‌.
ഒരു രാജ്യത്ത്‌ സിസേറിയന്റെ എണ്ണം 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന്‌ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പഠനപ്രകാരം 1987ല്‍ കേരളത്തില്‍ നടക്കുന്ന പ്രസവങ്ങളില്‍ 11 ശതമാനം മാത്രമായിരുന്നു സിസേറിയനുകള്‍. 1996 ആയപ്പോഴേക്കും 21 ശതമാനമായി. 98-99 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേ പ്രകാരം കേരളത്തിലെ നഗരങ്ങളില്‍ 35 ശതമാനവും ഗ്രാമങ്ങളില്‍ 29 ശതമാനവും സിസേറിയനുകള്‍ നടക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നുണ്ട്‌.

സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ്‌ ആദ്യം പുറത്തുവരേണ്ടത്‌. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തലയുടെ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരുന്നത്‌ അപൂര്‍വമാണ്‌. ഇത്തരം സാഹചര്യത്തില്‍ ഓപ്പറേഷന്‍ അനിവാര്യമാണ്‌. ശിശുവിന്റെ അംഗവൈകല്യങ്ങള്‍ പ്രസവത്തിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. പ്രസവിക്കുമ്പോള്‍ ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടായിരിക്കുക തുടങ്ങിയവയും ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക്‌ കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ്‌ ആദ്യ പ്രസവത്തിന്‌ പറ്റിയ പ്രായം. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ട്‌. പൊതുവേ സിസേറിയന്‍ ആവശ്യമായിരുന്ന ഘടകങ്ങള്‍ താഴെ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ്‌ ശരിയായ രീതിയിലല്ലെങ്കില്‍
ഗര്‍ഭിണിയുടെ പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍
തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍
ഗുരുതരമായ ടോക്‌സീമയ ഉള്ളപ്പോള്‍
ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിട്ടുള്ളപ്പോള്‍
ഗര്‍ഭിണിയുടെ അരക്കെട്ട്‌ ഇടുങ്ങിയതാകുമ്പോള്‍
ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ മുഴകള്‍ ഉണ്ടാകുമ്പോള്‍
ഗര്‍ഭപാത്രത്തിന്റെ സങ്കോചം ശരിയല്ലെങ്കില്‍
മറുപിള്ള ഗര്‍ഭാശയ സ്‌തരത്തില്‍ തടസ്സമുണ്ടാക്കുന്നെങ്കില്‍
ശിശുവിന്റെ ഹൃദയത്തുടിപ്പുകള്‍ മന്ദഗതിയിലാക്കുകയും ഉടനെ പ്രസവിക്കാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്‌താല്‍

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്‌, ഗര്‍ഭിണിയുടെ പരിചയക്കുറവ്‌ തുടങ്ങിയവ ആദ്യ പ്രസവത്തെ വിഷമകരമാക്കിയേക്കും. മാനസിക് തയ്യാറെടുപ്പാണ്‌ ഇതിനു വേണ്ടത്‌. മനഃശാസ്‌ത്രജ്ഞനെ കാണുന്നത്‌ ഗുണം ചെയ്യും.

സിസേറിയന്‍ എന്നു കേട്ടാല്‍ പലരും ഭയചകിതരായി കാണാറുണ്ട്‌. ഇതില്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. സമര്‍ഥരായ ഗൈനക്കോളജിസ്റ്റുകളും ആധുനിക സജ്ജീകരണങ്ങളും ഇന്ന്‌ ഇതൊരു വെല്ലുവിളിയല്ലാത്ത വിധം പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്‌. സ്വാഭാവിക രീതിയിലല്ലാതെ ഗര്‍ഭിണിയുടെ വയറ്‌ കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്‌ത്രക്രിയക്കാണ്‌ സിസേറിയന്‍ എന്നുപറയുന്നത്‌. രണ്ട്‌ വിധത്തില്‍ ഇതു ചെയ്യാറുണ്ട്‌. ഒന്ന്‌, ലോവര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍. രണ്ട്‌: അപ്പര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍.

അയവുള്ള വസ്‌ത്രം ധരിപ്പിച്ച്‌ ഗര്‍ഭിണിയുടെ തലമുടി രണ്ടായി ഒതുക്കിക്കെട്ടുന്നു. തല താഴ്‌ന്നും കാലുകള്‍ ഉയര്‍ന്നും ഇരിക്കത്തക്ക വിധത്തിലാണ്‌ ഗര്‍ഭിണിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കടത്തുക. ബോധം കെടുത്തിയ ശേഷമാണ്‌ ശസ്‌ത്രക്രിയ.

പൊക്കിളിന്റെ അടിഭാഗത്തു നിന്നും നേരെ കീഴോട്ട്‌ ഉദരം രണ്ടായി പിളര്‍ന്ന ഭാഗത്ത്‌ സലൈന്‍ സൊലൂഷനില്‍ മുക്കിയ തുണി വെച്ച്‌ സംരക്ഷിക്കുന്നു. ശേഷം കുടലുകള്‍ ഒരു വശത്തേക്ക്‌ മാറ്റി വയ്‌ക്കുകയും സോയന്‍സ്‌ റിട്രേക്‌ടറ്റര്‍ എന്ന ഉപകരണം കൊണ്ട്‌ പിളര്‍ന്ന ഭാഗത്തെ ഉള്‍ഭിത്തികള്‍ സാവധാനത്തില്‍ വലിച്ച്‌ വികസിപ്പിക്കുന്നു. പിന്നീട്‌ പൊരിട്ടോണിയം വിലങ്ങനെ കീറുന്നു. മൂത്രാശയം കീഴോട്ടമര്‍ത്തി വെക്കും. തുടര്‍ന്ന്‌ ഗര്‍ഭാശയത്തിന്റെ കീഴ്‌ഭാഗം ഏകദേശം ഒമ്പത്‌ സെ മീ കീറിയിട്ടാണ്‌ കുട്ടിയെ പുറത്തെടുക്കുന്നത്‌. വില്ലെറ്റ്‌ ഫോര്‍സെപ്‌സ്‌ കൊണ്ടാണ്‌ കുട്ടിയുടെ തല പിടിച്ച്‌ പുറത്തേക്കെടുക്കുന്നതും പൊക്കിള്‍ക്കൊടി കെട്ടിമുറിച്ച്‌ മറുപിള്ളയും മുന്നീര്‍ക്കൂട്ടത്തോലും നീക്കം ചെയ്യുന്നതും. ശേഷം ഗര്‍ഭാശയവും ഉദരഭാഗവും തുന്നിക്കെട്ടുന്നു. ഇതാണ്‌ ലോവര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍.

മേല്‍പറഞ്ഞ പ്രകാരം എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ്‌ അപ്പര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍ തുടങ്ങുന്നത്‌. പൊക്കാളിസ്‌ അല്‍പം മേല്‍ഭാഗം കീറിയാണ്‌ ഈ ശസ്‌ത്രക്രിയ നടത്തുന്നത്‌. ഗര്‍ഭാശയം 10 സെ മീ നീളത്തില്‍ നെടുകെ കീറി ഡോക്‌ടറുടെ ഒരു കൈ ഗര്‍ഭാശയത്തിനുള്ളില്‍ കടത്തി ശിശുവിന്റെ കാലുകള്‍ പിടിച്ച്‌ പുറത്തേക്കെടുക്കുകയാണ്‌ ചെയ്യുന്നത്‌. ശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. വിദഗ്‌ധ ഡോക്‌ടറുടെ ഉപദേശപ്രകാരം അവ ശ്രദ്ധയോടെ ചെയ്യണം.
.

20/5/10

ഈ കുഞ്ഞുങ്ങളുടെ രക്തം നമ്മോട്‌ നിലവിളിക്കുന്നു 1



ബഹുമാനപ്പെട്ട കലക്‌ടര്‍ സര്‍,
എന്റെ പേര്‌ അനീന. മലപ്പുറം ജില്ലയിലെ വാഴക്കാട്‌ ഗവ യു പി സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉമ്മയില്ല, മരിച്ചുപോയി. ഏക സഹോദരന്‍ അമീനും എന്നെവിട്ടുപോയി. ഉപ്പ എന്നൊരാള്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല. കത്തയക്കാറില്ല, ഫോണ്‍ വിളിക്കാറുമില്ല.
ആദ്യം ഉമ്മയാണ്‌ }ഞങ്ങളെവിട്ട്‌ പോയത്‌. 2006 ഫിബ്രുവരി 13നായിരുന്നു മരണം. എങ്ങനെയാ മരിച്ചതെന്നറിയോ? ലുക്കീമിയ എന്ന രോഗം ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹോദരന്‍ അമീന്‍. അവിടെ വെച്ച്‌ അണുബാധയെ തുടര്‍ന്ന്‌ മഞ്ഞപ്പിത്തം പിടിപെട്ടു. ഈ അസുഖം ഉമ്മക്കും പകര്‍ന്നു...അങ്ങനെയാണ്‌ ആദ്യം ഉമ്മ... ഒരുവര്‍ഷം കഴിയുന്നതിനിടക്ക്‌ അമീനും...
നന്നായി പഠിക്കുന്നുണ്ട്‌ ഞാന്‍. പക്ഷെ പഠിപ്പിക്കാന്‍ വലിയുപ്പക്കാവുന്നില്ല. ദിവസവും ഓട്ടോറിക്ഷയില്‍ കയറ്റി അയക്കണം. ബാഗ്‌, കുട, യൂണിഫോം,ഉടുപ്പുകള്‍ ഇതിനൊക്കെ എന്തോരം പൈസ വേണം? പ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത, 69 വയസായ വലിയുപ്പാക്കെങ്ങനെയാണതിനാവുന്നത്‌.? ഉമ്മ ഉണ്ടായിരുന്നുവെങ്കില്‍...അമീന്‍...ഉപ്പ..
എന്റെ ഉമ്മയും സഹോദരനും മരിച്ചത്‌ മെഡിക്കല്‍ കോളജില്‍ നിന്നുണ്ടായ ചികിത്സയിലെ പിഴവ്‌ കൊണ്ടാണെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും എന്റെ പഠനവും ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുവത്‌. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. നഷ്‌ടപരിഹാരവും ലഭിച്ചില്ല. ചികിത്സയിലെ പിഴവുമൂലം മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കുമെത്രെ. എന്നാല്‍ ഇതുവരെ ഞങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ല. അത്‌ കിട്ടാന്‍ അര്‍ഹതയില്ലേ എനിക്ക്‌...?ഉറ്റവരുടെ മരണത്തോടെ അനാഥമാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തു നഷ്‌ട പരിഹാരമാണാവോ ലഭിക്കുക... 26- 5 -08ന്‌ ഏറനാട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ1000 രൂപ അനുവദിച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ ലഭിച്ചിരുന്നു. അതിനായി മഞ്ചേരിയിലേക്ക്‌ നടന്നുനടന്നു തളര്‍ന്നു വലിയുപ്പ. അതുമാത്രം മതിയോ...? ഞാന്‍ ഇനിയും പഠിക്കണ്ടെന്നാണോ?.
ഈ പരാതിക്കൊരു പരിഹാരമുണ്ടാക്കിത്തരില്ലെ..? ഏറെ പ്രതീക്ഷയോടെ..
അനീന
കുന്നുമ്മല്‍ വീട്‌ , വാഴക്കാട്‌, മലപ്പുറം ജില്ല.

അനീനക്കറിയില്ല, ഈ പരാതിയിലെ പല വാക്കുകളുടെയും അര്‍ഥം. ജില്ലാകലക്‌ടര്‍ക്ക്‌ സമര്‍പ്പിക്കുവാനായി തയ്യാറാക്കിയ അപേക്ഷയിലെ പല സംഭവങ്ങളെക്കുറിച്ചും ആ ആറുവയസ്സുകാരിക്ക്‌ കേട്ടറിവേയുള്ളൂ. എന്നാല്‍ ഒരുകാര്യം ആ കുഞ്ഞും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തന്റെ അനാഥത്വം. അനിശ്ചിതത്വത്തിലേക്കു നീങ്ങിക്കൊണ്ടേയിരിക്കുന്ന ഭാവി.
സുല്‍ത്താന്‍ ബത്തേരിക്കടുത്ത പേലേംപറ്റ ശിവശങ്കരന്റേയും സിന്ധുവിന്റേയും മകള്‍ നിഥില (12)ഈയിടെ മരിച്ചു. കുഞ്ഞോം യു പി സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ നിഥിലക്ക്‌ സിക്കിള്‍സെല്‍ അനീമിയയായിരുന്നു. ഈ ദമ്പതികളുടെ ഒരുകുഞ്ഞ്‌ ഇതേരോഗത്തെ തുടര്‍ന്ന്‌ നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്കും സര്‍ക്കാരില്‍ നിന്നും യാതൊരു നഷ്‌ടപരിഹാരവും ലഭിച്ചിട്ടില്ല.


രക്തജന്യ രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ കുഞ്ഞുങ്ങള്‍ ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങുകയാണ.്‌ ഇതിന്‌ അധികൃതരുടെ പക്കല്‍പോലും കൃത്യമായ കണക്കുകളില്ല. അവരെ ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവര്‍ക്ക്‌ അണുബാധയേല്‍ക്കുന്നുണ്ട്‌.അതുമൂലമുണ്ടാകുന്ന മരണത്തിന്റെ രജിസ്റ്ററും അവിടെ സൂക്ഷിക്കുന്നില്ല.


പേരാമ്പ്ര കക്കയം എടത്തൊടി ചാമിക്കുട്ടിയുടെ മകന്‍ ജീവന്‍, ജീവനുണ്ടായിട്ടും ജീവിതമില്ലാതെ മാസങ്ങളോളമാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നരകിച്ച്‌ കിടന്നത്‌. ചികിത്സക്കിടയില്‍ അണുബാധയെ തുടര്‍ന്ന്‌ ഈ 15 കാരന്റെ കണ്ണ്‌ വീര്‍ത്ത്‌ വികൃതമായി. പിന്നെ കാഴ്‌ച്ചയും നഷ്‌ടപ്പെട്ടു. പുഴുവിനെ പോലെ കിടന്നാണ്‌ ആ കുട്ടി മരിച്ചത്‌. മലപ്പുറം ചെമ്മാട്ടെ എരഞ്ഞിക്കല്‍ പറമ്പ്‌ റജീനയുടെ മകന്‍ ഫാസിലിന്റെയും കണ്ണ്‌ വീര്‍ത്ത്‌ ഭീഭത്സമായി. പിന്നീട്‌ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെട്ടു. ചെറിയ ജീവിതത്തിനിടയില്‍ വലിയ ദുരിതം അനുഭവിച്ച്‌ തീര്‍ത്ത്‌ ആ നാലു വയസ്സുകാരനും കഴിഞ്ഞവര്‍ഷം കണ്ണടച്ചു. മലപ്പുറം കടന്നമണ്ണയിലെ കാരാട്ടുതൊടി നിഷയുടെ മകന്‍ ആദര്‍ശ്‌ (5) ഇതിന്റെ രണ്ട്‌ ദിവസം മുമ്പ്‌ മരണത്തിന്‌ കീഴടങ്ങിയതും ചികിത്സക്കിടയിലെ അണുബാധയെ തുടര്‍ന്നായിരുന്നുവെത്രെ. മാങ്ങാട്‌ സ്വദേശി മുളിയന്‍ പിലാക്കല്‍ ഗോവിന്ദിന്റെ മകള്‍ അശ്വതി (6)യുടേയും കോഴിശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്‌ദുല്‍ വാഹിദിന്റേയും (ഒന്നര)ഓരോ കൈകളുടെ സ്വാധീനമാണ്‌ ആദ്യം നഷ്‌ടപ്പെട്ടത്‌. അശാസ്‌ത്രീയമായ കുത്തിവെപ്പിനെ തുടര്‍ന്നായിരുന്നു ഇത്‌. പ്രശ്‌നം മുഖ്യമന്ത്രി വിഎസ്‌അച്യുതാനന്ദന്റെ ശ്രദ്ധയില്‍പോലും പെടുത്തി. ഈകുഞ്ഞുങ്ങളേയും മരണം പിടികൂടിയിട്ടും കുടുംബങ്ങള്‍ക്കെന്തങ്കിലും നഷ്‌ടപരിഹാരം ലഭിച്ചില്ല. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയുമുണ്ടായില്ല.
മലപ്പുറം താനാളൂരിലെ പനയോടന്റകത്ത്‌ കുഞ്ഞിമൊയ്‌തീന്റെ മകന്‍ സെയ്‌ദ്‌ മുഹമ്മദിന്റെ (13) മരണത്തിന്‌ കാരണം രക്തം സ്വീകരിച്ചതിലൂടെയുണ്ടായ അണുബാധയായിരുന്നു. വയനാട്ടിലെ ചീയമ്പത്തെ കൊട്ടാരവിളയില്‍ അനില്‍കുമാറിന്റെ മകന്‍ അഖിലിന്റെ മരണത്തിന്‌ കാരണവും മറ്റെന്നല്ലെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു.
തിരൂരിലെ പച്ചാട്ടിരി സ്വദേശികളായ വിനീഷ്‌ (10) ബിജു(12) എന്നിവരും ഇവരുടെ പിന്‍മുറക്കാര്‍ തന്നെ. താനാളൂരിലെ മീനടത്തൂര്‍ നസിറുദ്ദീന്‍ഷാ(7) കണ്ണൂര്‍ പള്ളിക്കുന്നിലെ തറയില്‍ അഭിലാഷ്‌ (12) വെള്ളേരിയിലെ ചെമക്കോട്ടൂര്‍ ജാസ്‌മി (7) പുലാമന്തോളിലെ ചെമ്മലശ്ശേരി സുഹ്‌റ (13) ചെട്ടിപ്പടിയിലെ വലിയപറമ്പില്‍ സമീറ (17) മക്കരപ്പറമ്പിലെ ഹാരിസ്‌(12) മഞ്ചേരി കാരക്കുന്നിലെ ഷമീല്‍(ഒന്നര) ഇവരെല്ലാം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അണുബാധയെതുടര്‍ന്ന്‌ പെലിഞ്ഞ കുഞ്ഞുങ്ങളാണെന്ന്‌ ബന്ധുക്കള്‍ പറയുന്നു.


എല്ലാവരും ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഹീമോഫീലിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ടവര്‍. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല ഇവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ദീര്‍ഘകാലം ഇവര്‍ക്ക്‌ ജീവിക്കാനാകുമായിരുന്നു.


ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌. എന്നാല്‍ ഈ സംവിധാനവും ഇവിടെ നടപ്പാക്കുന്നില്ല. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചരിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌.

എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം. എന്തുകൊണ്ടിങ്ങനെ തുടരുന്നു?