28/8/10

മരുഭൂമിയില്‍ നിന്ന്‌ മടങ്ങിയെത്തിയത്‌ ഈ ജീവനുകള്‍ മാത്രം



രണ്ടുമാസം മുമ്പ്‌ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഉടുതുണിമാത്രമെ കൊണ്ടോട്ടി ഒളവട്ടൂരിലെ റംലയുടെ കൈവശമുണ്ടായിരുന്നുള്ളൂ. സഊദി അറേബ്യയിലെ അബഹയില്‍ നിന്ന്‌ എങ്ങനെയാണ്‌ അവിടംവരെ എത്തിയതെന്നതിനെക്കുറിച്ച്‌ ആലോചിക്കാനെ ആവുന്നില്ല ആ മുപ്പത്തിയഞ്ചുകാരിക്ക.്‌ അവിടെനിന്നും എങ്ങനെ വീട്ടിലെത്തിപ്പെടുമെന്നും.... നാടോ വീടോ ഒരിക്കല്‍കൂടി കാണാനാവുമെന്നും നിനച്ചിരുന്നില്ല അവര്‍. 

എങ്കിലും മാതൃരാജ്യത്തെത്തിപ്പെട്ടതിന്റെ ആഹ്ലാദത്തോടെയും ജീവനെങ്കിലും തിരിച്ചുകിട്ടിയതിലുള്ള ആശ്വാസത്തോടെയും ദല്‍ഹി മലയാളികള്‍ക്ക്‌ മുമ്പില്‍നിന്നും അവര്‍ പൊട്ടിക്കരയുകയായിരുന്നു. അവരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ പോലും ശരിയായത്‌. വഴിച്ചെലവിനുള്ള പണവും.ജൂണ്‍ ഇരുപത്തിരണ്ടാം തീയതി കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ മംഗള എക്‌സ്‌പ്രസില്‍ വന്നിറങ്ങുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്നത്‌ 39രൂപ മാത്രം. കുഞ്ഞുങ്ങള്‍ക്ക്‌ ഒരുമിഠായിപൊതിപോലും വാങ്ങാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയാണവര്‍ അവിടെനിന്നും വീട്ടിലേക്കു വണ്ടികയറിയത്‌.
ഗള്‍ഫ്‌ നാടുകളിലേക്ക്‌ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെടുകയും വീട്ടുതടങ്കലിലാക്കപ്പെടുകയും ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കുകയുമൊക്കെ ചെയ്‌തമലയാളി സ്‌ത്രീകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക്‌ പുതുമയുള്ളതല്ല. അതെത്ര ഞെട്ടിക്കുന്നതായാലും കേള്‍ക്കാനും പിന്നെ മറക്കാനും പഠിച്ചവരാണ്‌ മലയാളികള്‍. തല്‍ക്കാലത്തേക്കൊരു പത്രവാര്‍ത്തക്കപ്പുറം അതിന്‌ ആയുസുമുണ്ടാകാറില്ല. പ്രതിവിധി നിര്‍ദേശിക്കുക ശ്രകരമാണെങ്കിലും പരിഹാരമാരായുന്ന ചര്‍ച്ചകളോ നടപടികളോ ഒരിടത്തുനിന്നും ഉണ്ടാവാറുമില്ല.

മുഴുപട്ടിണിയില്‍ നിന്ന്‌ അരപ്പട്ടിണിയിലേക്കെങ്കിലും കുടുംബത്തെ കരകയറ്റണമെന്ന വലിയ സ്വപ്‌നവുമായി മണല്‍ക്കാട്ടിലെത്തിപ്പെട്ട ഒരുവീട്ടമ്മ വര്‍ഷങ്ങള്‍ക്കിപ്പുറം കൈനിറയെ പണവുമായി തിരികെയെത്തിയതിന്റെ ചിത്രമാണ്‌ മുകളില്‍ വിവരിച്ചത്‌. അനേകരില്‍ ഒരാള്‍ മാത്രമാണവര്‍. വേറെ പലരുടെയും ദയനീയവും ദുരിതപൂര്‍ണവുമായ ഒട്ടനവധികഥകളും അവര്‍വെളിപ്പെടുത്തി. പലകാലങ്ങളില്‍ ദൈന്യതനിറഞ്ഞമുഖവുമായി പലരും നമ്മുക്കിടയിലേക്കിറങ്ങിവന്നു. ജോലി ചെയ്‌തിരുന്ന വീട്ടുകാരുടെ പീഡനങ്ങളില്‍ സഹികെട്ട്‌്‌ ജീവനുംകൊണ്ടോടിപോന്ന ആലപ്പുഴ ജില്ലക്കാരിയായ റഹീമയുടെ കഥനകഥയും പറഞ്ഞതും റംലയാണ്‌. ഗള്‍ഫില്‍ സ്‌പോണ്‍സറുടെ വീട്ടിലെത്തിയതുമുതല്‍ ശംബളമില്ലാതെ ഒന്നരവര്‍ഷത്തോളമാണ്‌ റഹീമ ജോലിചെയ്‌തത്‌. ശബളത്തെക്കുറിച്ച്‌ മിണ്ടിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ആ ദുരിതപ്പുഴ താണ്ടി ഒടുവില്‍ കഴിഞ്ഞ ആഴ്‌ചയിലാണ്‌ അവര്‍ ജീവനുംകൊണ്ടോടി പോന്നത്‌.

ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഒടുവിലെത്തെ ഇരകളല്ല ഇവര്‍. രണ്ടുമാസത്തിനിപ്പുറം പിന്നെയും അത്തരം വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തികൊണ്ടിരുന്നു. കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും അബൂദബിയില്‍ നിന്നുമൊക്കെയായിരുന്നവത്‌. അവക്ക്‌ അവസാനമായിട്ടില്ല. ഇനി ഉണ്ടാവുമോ..?

കല്‍പ്പറ്റക്കടുത്ത്‌ വെള്ളാരംകുന്നിലെ ബീക്കുട്ടിയുടെ കഥ അത്രപെട്ടന്ന്‌ മറാക്കാന്‍ കഴിയില്ല മലയാളികള്‍ക്ക്‌. ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഏകമകളുടെ ഭാവി സുരക്ഷിതമാക്കാനായി സഊദി അറേബ്യയിലെ ദമാമിലെത്തിപ്പെട്ടതായിരുന്നു അവര്‍. പതിനാല്‌ വര്‍ഷങ്ങളാണ്‌ അവര്‍ക്ക്‌ സ്‌പോണ്‍സറുടെ വീടുതന്നെ തടവറയായത്‌. അറബിയുടെമക്കളെ സുബഹിക്ക്‌ വിളിച്ചുണര്‍ത്തി, കുളിപ്പിച്ച്‌, ഭക്ഷണം നല്‍കി മദ്രസയില്‍ പറഞ്ഞ്‌ വിട്ട്‌, പതിനാല്‌ വര്‍ഷം ആ വീട്ടിലെ മുഴുവന്‍ ജോലികളും ചെയ്‌ത്‌ നടുവൊടിക്കേണ്ടിവന്നു അവര്‍ക്ക്‌. ശബളമുണ്ടായിരുന്നില്ല. നാടും വീടുമായി ബന്ധമില്ലാതെ, മാതൃഭാഷപോലും മറന്നുപോയി അവര്‍. ഒടുവില്‍ ദൈവത്തിന്റെ കാരുണ്യംകൊണ്ട്‌ മാത്രം വീടണഞ്ഞപ്പോഴുണ്ടായ സമ്പാദ്യവും സ്വന്തം ജീവന്‍ മാത്രമായിരുന്നു.

മണല്‍ക്കാട്‌ മലയാളിയുടെ സ്വപ്‌നഭൂമിയായിമാറിയിട്ട്‌ പതിറ്റാണ്ടുകള്‍ പലതായി. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെതുടര്‍ന്നാണ്‌ അറബിപൊന്നിന്റെ വരവോടെ മലയാളിവീടുകളുടെ മുഖച്ഛായതന്നെ മാറിയത്‌. വിദേശങ്ങളിലേക്ക്‌ തൊഴില്‍തേടി വിമാനം കയറുന്നവരുടെ കൂട്ടത്തില്‍ സ്‌ത്രീ സാന്നിധ്യം കണ്ടുതുടങ്ങിയത്‌ പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. ആണുങ്ങളില്ലാത്ത വീടുകള്‍, ആണുങ്ങളുണ്ടായിട്ടും സ്‌ത്രീകള്‍ക്കും കുടുംബം പുലര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങള്‍,നിത്യവൃത്തിക്കു ഗതിയില്ലാത്തവര്‍,ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിവാഹകമ്പോളത്തില്‍ വിലയിടിഞ്ഞുപോയവര്‍, അങ്ങനെ യുള്ളവരെല്ലാം മറുനാടുകളിലേക്കുള്ള യാത്ര തുടങ്ങി. അതോടെ ജീവിതം കരുപിടിപ്പിക്കുവാനായി കൂടുവിട്ടു പറന്നുപോകേണ്ടിവരുന്ന പെണ്‍ജന്മങ്ങള്‍ നിത്യകാഴ്‌ചയായി.

അടുത്തദേശത്തേക്ക്‌, അയല്‍രാജ്യത്തേക്ക്‌, വിദേശത്തേക്ക്‌ തൊഴില്‍തേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ തൊഴിലിടങ്ങളില്‍ അവര്‍എത്രമാത്രം സുരക്ഷിതരാണ്‌..? അവിടെ പറയപ്പെട്ട തൊഴില്‍തന്നെയാണോ ലഭിക്കുന്നത്‌.അതൊന്നും ആരും അറിയുന്നില്ല. അന്വേഷിക്കുന്നുമില്ല. അറിയാനോ അറിയിക്കാനോ പലപ്പോഴും സൗകര്യങ്ങളും ഉണ്ടാവുന്നില്ല. സ്വന്തംവീട്ടില്‍ സുരക്ഷിതയാണെന്ന്‌ പറയാന്‍ കഴിയാത്തവര്‍ അന്യരാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...? അവര്‍ക്ക്‌ പിന്നീട്‌ എന്തുസംഭവിക്കുന്നു എന്നതിനെക്കുറിച്ചും കേള്‍ക്കുന്നില്ല.പലരും അകപ്പെട്ടകെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാന്‍ തയ്യാറാകുന്നുമില്ല.

അഭ്യസ്‌തവിദ്യരായ സ്‌ത്രീകള്‍ മുതല്‍ അക്ഷരജ്ഞാനമില്ലാത്തവര്‍വരെ ഇന്നും വിവിധ ഗള്‍ഫുരാജ്യങ്ങളിലെത്തിപ്പെടുന്നു. അവക്ക്‌ കൃത്യമായകണക്കുതന്നെയില്ല. മുപ്പതുലക്ഷം മലയാളികള്‍ വിദേശങ്ങളില്‍ അന്നം തിരഞ്ഞെത്തിയിട്ടുണ്ടെന്ന കണക്കുബുക്കില്‍ ഇവര്‍ക്കും ഇടമുണ്ടാകണം. ഇങ്ങനെ വിദേശങ്ങളിലെത്തിപ്പെടുന്ന ചില സ്‌ത്രീകള്‍ മാസങ്ങള്‍ക്കുമുമ്പേ തന്നെ ഒന്നും സംഭവിക്കാത്തതുപോലെ വീടുകളില്‍ തിരികെയെത്തുന്നു. ചിലരുടെ ജീവനില്ലാത്ത ശരീരങ്ങളും എവിടെനിന്നെങ്കിലും കണ്ടെടുക്കുന്നു. വേറെചിലര്‍ മനസ്‌നൊന്ത വേദനകളെക്കുറിച്ച്‌ തുറന്ന്‌ പറയാന്‍പോലുമാകാതെ വീട്ടകങ്ങളില്‍ കഴിഞ്ഞു കൂടുന്നു. ചിലരോ ഒരിക്കലും ജന്മദേശത്തേക്ക്‌ തിരിച്ചുവരാനാവാതെ ഏതൊക്കെയോ നിഗൂഢ ലോകത്ത്‌ നരകിച്ച്‌ ജീവിക്കുന്നു. ശരിയായ വിസയിലല്ല പലരേയും കയറ്റി അയക്കുന്നത്‌.സമാന്തര എംബസികള്‍ തുറന്നിരിക്കുകയാണ്‌ ഓരോ വിദേശരാജ്യത്തും മാഫിയകള്‍. ഇവരില്‍ പലരെപറ്റിയും വിവരങ്ങളില്ലാതെ കാത്തിരിപ്പു തുടരുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്‌. 

എന്നാല്‍കുഴപ്പങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളായി വിവിധയിടങ്ങളില്‍ വ്യത്യസ്ഥജോലി ചെയ്യുന്നവരുമുണ്ട്‌.
തിരിച്ചെത്തുന്നവരിലധികപേരും ലൈംഗിക പീഡനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്‌. സെക്‌സ്‌ മാഫിയകളുടെ കൈകളില്‍ അകപ്പെടുന്നവര്‍മാത്രമല്ല ഗള്‍ഫില്‍ വീട്ടുജോലിക്കായും മറ്റും എത്തുന്നവരും ഇതില്‍നിന്ന്‌ മുക്തരാവുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍, സെക്‌സ്‌മാഫിയകള്‍, ലൈംഗിക ചൂഷകര്‍ ഇവരുടെ എല്ലാം മോഹവലയങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നു ചില സഹോദരിമാര്‍.
കോഴിക്കോട്‌ കോര്‍പറേഷന്‍ പരിധിയില്‍ നിന്ന്‌ മാത്രം 2008-09 കാലയളവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 309 സ്‌ത്രീകള്‍ വ്യത്യസ്ഥ രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായതായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടികാട്ടുന്നു.

98ശതമാനവും ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 750പേര്‍ സ്വകാര്യ ഏജന്‍സി വഴിയും70പേര്‍ സര്‍ക്കാര്‍ സഹായത്തോടെയുമായിരുന്നു ഗള്‍ഫിലേക്ക്‌ പറന്നത്‌. 42പേരെ വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123പേര്‍ക്ക്‌ മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായൊള്ളൂ. 1836പേര്‍ പോയതും വീട്ടുജോലിക്കായിരുന്നു. ഇതില്‍ 1684പേര്‍ക്കും പതിനായിരത്തില്‍ താഴെമാത്രമെ ശബളം ലഭിച്ചൊള്ളൂ. 2000സ്‌ത്രീകളില്‍ നടത്തിയ സര്‍വേയുടെ ഫലം മാത്രമാണിത്‌. ഇവരില്‍ 1707പേരും ഇനി ഒരിക്കലും വിദേശത്തേക്ക്‌ ജോലിതേടിപോകില്ലെന്നാണ്‌ ആണയിടുന്നത്‌. ഇത്‌ ഒരു കോഴിക്കോടിന്റെ മാത്രം ചിത്രമല്ല. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെകൂടി ചരിത്രമാണ്‌. കോഴിക്കോട്‌ കേര്‍പറേഷന്‍ പരിധിയില്‍ നിന്നുമാത്രം 2000 സ്‌ത്രീകള്‍ ഇത്തരത്തില്‍ വിദേശങ്ങളില്‍ ജോലിതേടിപോയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന്‌ എത്രപേര്‍ പോയിട്ടുണ്ടാകണം...അവരില്‍ എത്രപേര്‍ക്ക്‌ വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്ക്‌ ഇരയാകേണ്ടി വന്നിട്ടുണ്ടാകണം.... എന്നാല്‍ അവരെക്കുറിച്ചൊന്നും പഠനമോ പരിഹാരമോ ഉണ്ടാകുന്നില്ല.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അത്‌25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെതോത്‌ കൂടികൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.
ഈ ഗള്‍ഫ്‌കാരില്‍ ഈ സ്‌ത്രീകള്‍ക്ക്‌ ഇടമുണ്ടോ എന്നറിഞ്ഞുകൂടാ. അധികൃത കണക്കെടുപ്പില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്തോ... എങ്കിലും ഈ വരുമാനത്തിന്റെ പെരുവെള്ളത്തിലേക്ക്‌ അവരുടേതായ പലതുള്ളിക്കും ഇടമുണ്ടായിരിക്കണം. കാരണം അവരും പ്രവാസികളാണല്ലോ.
ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. ചെറിയ രീതിയിലെങ്കിലും അതിന്‌ പരിഹാരവുമുണ്ടായി. അവരുടെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാറും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അവയിലെവിടെയും അരവയറൂണിന്റെ സമൃദ്ധി കിനാവ്‌ കണ്ടിറങ്ങിയ പാവം സ്‌ത്രീകളായ പ്രവാസികള്‍ ഉള്‍പ്പെട്ടിരുന്നില്ല.വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവരുടെ നിലവിളികളും സങ്കടങ്ങളും വലിയ ചര്‍ച്ചക്കും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെട്ടതുമില്ല.
നാട്ടുകാരുടേയും ബന്ധുക്കളുടേയും എതിര്‍പ്പുകളെ തൃണവത്‌കരിച്ചാണ്‌ പലരും യാത്രക്കൊരുങ്ങുന്നത്‌. മുന്‍കാല ചരിത്രങ്ങളും പലരുടേയും തിക്താനുഭവങ്ങളുമൊന്നും മിക്കവരേയും ഇരുത്തിചിന്തിപ്പിക്കാറില്ല. അവര്‍ക്കങ്ങനെയൊരനുഭവമുണ്ടായെന്ന്‌ കരുതി എല്ലാവരുടേതും അങ്ങനെയാവണമെന്നില്ലല്ലോ എന്നാണ്‌ യാത്രാവേളയില്‍ പലരും ചിന്തിക്കുന്നത്‌. ഭയപ്പാടോടെയാണെങ്കിലും പരീക്ഷണത്തിനായി സ്വയം സമര്‍പ്പിക്കുന്നു ചിലര്‍. ഒന്നിനേയും മുന്‍വിധിയോടെ കാണരുതെന്ന്‌ ഉപദേശിക്കാനും ധൈര്യം ചൊരിയാനും പ്രാപ്‌തരായ ഏജന്റുമാര്‍ തന്നെയാണ്‌ കെണിയൊരുക്കുന്നതും. സമ്പന്നരായി തിരിച്ചെത്തിയ പലരുടെയും ചരിത്രവും അവര്‍ക്ക്‌ നിരത്താനുമുണ്ടാകും. 

എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയവരുടെ കഥ പഴയതുപോലെ തന്നെയാണ്‌. ചിലരുടേത്‌ അതിലും ദയനീയവുമാണ്‌. പലരും കടംവാങ്ങിയും പലിശക്കെടുത്തും വീടിന്റെ ആധാരംപോലും പണയപ്പെടുത്തിയുമൊക്കെയാണ്‌ യാത്രക്കുള്ള പണം സംഘടിപ്പിച്ചത്‌. ഇതിനായുള്ള പരക്കംപാച്ചിലിനിടിയില്‍ കഴുത്ത്‌ നീട്ടികൊടുത്തിടത്തുനിന്നെല്ലാം ഉയരുന്നഭീഷണിയുടെ ശബ്‌ദങ്ങള്‍ അരക്ഷിതാവസ്ഥയിലാക്കിയ സ്‌ത്രീകളുടെ എണ്ണവും നിരവധിയാണ്‌.
കോഴിക്കോട്‌ മുഖദാറില്‍ നിന്ന്‌ വീട്ടുജോലിക്കായി പോയ യുവതി സ്‌പോണ്‍സറുടെ മൃഗീയ ക്രൂരതക്കാണ്‌ ഇരയായത്‌. 45 വയസായിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത സ്‌പോണ്‍സറുടെ ഇംഗിതത്തിന്‌ വിസമ്മതിച്ചപ്പോള്‍ സിഗരറ്റ്‌ കൊണ്ട്‌ ശരീരം മുഴുവന്‍ കുത്തിപൊള്ളിച്ചാണ്‌ അയാള്‍ കലിയൊടുക്കിയത്‌. ചിലര്‍ വിവാഹം കഴിക്കാമെന്ന്‌ പ്രലോഭിപ്പിക്കുകയും എല്ലാം കഴിയുമ്പോള്‍ കയ്യൊഴിയുകയും ചെയ്യുന്നു. നിലമ്പൂരിലെ 26 കാരിയായ യുവതി അങ്ങനെയാണ്‌ അഞ്ച്‌ വര്‍ഷത്തോളം സ്‌പോണ്‍സറുടെ വാക്കില്‍ മയങ്ങി വഴങ്ങിക്കൊടുത്തത്‌. ഒടുവില്‍ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞപ്പോള്‍ നാട്ടിലേക്ക്‌ വണ്ടികയറേണ്ടിവന്നു. ഇന്ന്‌ വീട്ടുകാരുടെ ആട്ടും തുപ്പുംകേട്ട്‌ കഴിയേണ്ട ഗതികേടിലാണിവരെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ പത്മനാഭന്‍ പറയുന്നു.
ചിലര്‍ വിവാഹത്തിനുമുമ്പാണ്‌ ഗള്‍ഫിലേക്ക്‌ പോകുന്നത്‌. പലരും വിദേശത്തുനിന്ന്‌ കണ്ടെത്തുന്ന ആരെയെങ്കിലുമൊക്കെ വിവാഹം കഴിക്കുന്നു.വീട്ടുകാര്‍പോലും അറിയുന്നില്ല ചിലബന്ധങ്ങള്‍. മലപ്പുറം വഴിക്കടവിലെ 26കാരി നാട്ടില്‍ മടങ്ങിയെത്തിയത്‌വരനെയും കൊണ്ടാണ്‌.വേറെ ഭാര്യയും മക്കളുമൊക്കെയുള്ള ആ മനുഷ്യനുമായി വിവാഹം നടത്തികൊടുക്കുകയെ വീട്ടുകാര്‍ക്ക്‌ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കോഴിക്കോട്ട്‌ നിന്ന്‌ വിവാഹത്തിനുമുമ്പ്‌ ഗള്‍ഫിലേക്ക്‌ പോയ159 യുവതികളില്‍ 33പേരും ഗള്‍ഫില്‍വെച്ച്‌ വിവാഹിതരാവുകയായിരുന്നു. ഇതില്‍ ഇരുപത്‌പേര്‍ക്ക്‌ കുട്ടികളുമുണ്ട്‌.ഇവരുടെ പൗരത്വം സംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്‌. വിദേശത്ത്‌ ജനിച്ചവരായതിനാല്‍ പലരും നാടുകടത്തല്‍ ഭീഷണിയേയും അഭിമുഖീകരിക്കുന്നു.
2009ല്‍ വനിതാ കമ്മീഷന്‍ കല്‍പ്പറ്റയില്‍ നടത്തിയ സിറ്റിംഗില്‍ രണ്ടുവീട്ടമ്മമാര്‍ കണ്ണീരോടെ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനോട്‌ വെളിപ്പെടുത്തിയത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വയനാട്ടില്‍ നിന്നുള്ള നിരവധിപെണ്‍കുട്ടികളെ വീട്ടുജോലിക്കെന്നും പറഞ്ഞ്‌ കൊണ്ടുപോയവരില്‍ പലരും സെക്‌സ്‌ റാക്കറ്റിന്റെ കെണിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നായിരുന്നു അവര്‍വെളിപ്പെടുത്തിയത്‌. പലരുടേയും പ്രായം മുപ്പത്‌ വയസ്സില്‍ താഴെയായിരുന്നു.
കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലയിടിയുകയും ബേങ്ക്‌ കടവും വട്ടിപലിശയും കുന്നുകൂടുകയും ചെയ്‌തപ്പോള്‍ കൂട്ട ആത്മഹത്യയുടെ വക്കില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കടല്‍ കടന്നുപോയവരില്‍ ചിലരാണ്‌ സെക്‌സ്‌ റാക്കറ്റുകളടെ കൈകളിലെത്തിപ്പെട്ടത്‌. അവരില്‍ നിന്നും എങ്ങനെയൊ രക്ഷപ്പെട്ടെത്തിയത്‌ രണ്ടുപേര്‍ മാത്രം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയവര്‍ നാട്ടില്‍ തിരികെ എത്തി.ബാക്കിയുള്ളവരെക്കുറിച്ചൊന്നും ഇപ്പോഴും വിവരമില്ല.
തലസ്ഥാനത്തെ ഒരുട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന സെക്‌സ്‌മാഫിയകളുടെ വലയിലായിരുന്നു ഈ യുവതികള്‍ കുരുങ്ങിപോയത്‌. ഉയര്‍ന്ന ജോലിയും മോഹിപ്പിക്കുന്ന ശബളവുമായിരുന്നു ദുബൈയിലേക്കുള്ള വിസക്കൊപ്പം ഇവര്‍ക്കുണ്ടായിരുന്ന വാഗ്‌ദാനം. സ്വപ്‌നങ്ങളില്‍ പോലും നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളെക്കുറിച്ച്‌ കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ ഇവര്‍ തയ്യാറായില്ല.
വയനാട്ടുകാരനായ ജോണി പീറ്റര്‍, വേണു, തിരുവനന്തപുരം സ്വദേശി ബാദുഷ, കര്‍ണാടക വീരാജ്‌പേട്ട സ്വദേശിയും ദുബായി കറാമസിറ്റിയില്‍ ജോലിചെയ്‌തിരുന്ന അബ്‌ദുല്‍കരീം എന്ന ഷമീറുമായിരുന്നു ഈ സംഘത്തിലെ സൂത്രധാരന്‍മാര്‍. ഇവരുടെ വലയില്‍ നേരത്തെ അകപ്പെട്ടുപോയവരായിരുന്നു വയനാട്ടുകാരി ഷീലയും സ്വപ്‌നയും തിരുവനന്തപുരത്തുകാരി സ്‌നേഹയും. പിന്നീട്‌ ഇവരും സംഘത്തിലെ സഹയാത്രികരായി. പുതിയഇരകളെ കുരുക്കുക( പുരുഷന്‍മാരെയും ) വിദേശത്തേക്ക്‌ കടക്കാന്‍ സ്വപ്‌നംകണ്ട്‌ നടക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തി വിദേശത്തേക്കെത്തിക്കുക. വലയിലകപ്പെട്ടവര്‍ രക്ഷപ്പെടാതെ കരുതലോടെ സൂക്ഷിക്കുക. തങ്ങളുമായി സഹകരിക്കാന്‍ മടിയുള്ളവരുടെ നഗ്നതപകര്‍ത്തി നീലകാസറ്റുകള്‍ സൃഷ്‌ടിക്കുക. അവവീട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി തനിക്കാക്കി ബടക്കാക്കുക. ഇതൊക്കെയായിരുന്നു ഇവരുടെ ജോലി. ഇവരെ എങ്ങനെയോ കബളിപ്പിച്ചാണ്‌ വയനാട്ടിലെ രണ്ട്‌ യുവതികള്‍ ജീവനും കൊണ്ടോടിപോന്നത്‌. 

സംഭവം വാര്‍ത്തയാവുകയും അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഈ സംഘത്തിലെമുഴുവന്‍ പ്രതികളെയും പിടികൂടി. രണ്ടുകേസുകളിലായി മൂന്നും നാലും പ്രതിയായിരുന്ന തിരുവനന്തപുരത്തുകാരി ഷീലയായിരുന്നു ഒടുവില്‍ പിടിയിലായത്‌. പലപെണ്‍കുട്ടികളെയും വലവീശിപ്പിടിക്കുകയും ഗള്‍ഫിലെത്തിച്ച്‌ പലര്‍ക്കായി കാഴ്‌ചവെക്കുകയും ചെയ്‌തതായി ഇവര്‍ അന്വേഷണസംഘത്തോട്‌ സമ്മതിക്കുകയുമുണ്ടായി. ഇതെല്ലാം കേവലം ഒരുചെറു സംഘത്തിലെ ചിലകണ്ണികള്‍ മാത്രം. ഇപ്പോഴും കണ്ണും തുറന്നിരിപ്പുണ്ട്‌ വേട്ടക്കാര്‍ പലവേഷത്തില്‍.എല്ലാം അറിഞ്ഞും ഒന്നുമറിയാതെയും ഇവരുടെ കൈകളില്‍ അകപ്പെടാന്‍ ഒരുങ്ങിയിരിക്കുന്ന ഇരകള്‍ ഇനിയുമുണ്ടാകും കാണാണറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍. 

വിദേശങ്ങളില്‍ ജോലിതേടിയെത്തുന്ന സഹോദരിമാര്‍ ചതിക്കപ്പെടുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത പ്രവാസികാര്യവകുപ്പിനുണ്ട്‌. എന്നാല്‍ ഇതിനുവേണ്ട നടപടികളോ ബോധവത്‌കരണങ്ങളോ ഉണ്ടാകുന്നില്ല.എന്നാല്‍ തങ്ങള്‍ ശരിയായ യാത്രാരേഖകളുമായാണോ യാത്രചെയ്യുന്നതെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത അവരവര്‍ക്ക്‌ തന്നെയാണ്‌. ഇടറി ജീവിക്കാനുള്ളതല്ല ജീവിതം. ഇടര്‍ച്ചകളെ അതിജീവിക്കാനുള്ളതാണ്‌.

22/8/10

പൊന്നും വിലക്കൊരു പൂക്കളമായി; പൂത്തുലയുമോ ഇനി മാനവമൈത്രി


തുമ്പപ്പൂവില്ലന്ന്‌ മുക്കുറ്റിപൂവില്ല
ഇല്ലല്ലോ കാക്കപ്പൂ തൊണ്ടിപ്പൂവും
ഉള്ളതു തമിഴക മന്തന്‍ ചെമന്തിപ്പൂ
ചെണ്ടുമല്ലിപ്പൂവും ചക്കമുല്ലേം
ലോറി കണക്കിനിങ്ങെത്തുമോണക്കാല-
ത്തതുകൊണ്ട്‌ പൂക്കളം തീര്‍ക്കും നമ്മള്‍
പുവട്ടി വാങ്ങേണ്ട
പൂപ്പാട്ടു പാടേണ്ട
പിള്ളേര്‍ക്ക്‌ പൂവിളി വേണ്ടവേണ്ട
(കുഞ്ഞുണ്ണി)

ആഘോഷങ്ങളുടെ ആത്മാവ്‌ സൂക്ഷിപ്പുകാരായിരുന്ന മലയാളികളില്‍ നിന്ന്‌ ഓണാഘോഷത്തിന്റെ മഹത്വങ്ങളൊക്കെ എന്നോ കൈമോശം വന്നിരിക്കുന്നു. ഓണപ്പൂക്കള്‍ മാത്രമല്ല നമുക്ക്‌ നഷ്‌ടമായത്‌. അവയുടെ പരിശുദ്ധിയും ഒരു മഹോത്സവത്തിന്റെ പൈതൃകവുമാണ്‌. ഇന്ന്‌ ഓണം പൊങ്ങച്ചത്തിന്റെ ഉത്സവമാണ്‌. വീട്ടുമുറ്റത്തും തൊടിയിലും പൂത്തുലഞ്ഞ്‌ നിന്നിരുന്ന പ്രകൃതിയുടെ സൗഭാഗ്യങ്ങളായ തുമ്പപ്പൂവും കൊങ്ങിണിപ്പൂവും ചെമ്പകപ്പൂവും പേരില്ലാപ്പൂക്കളും ഉപേക്ഷിച്ച നമ്മള്‍ ആയിരങ്ങള്‍ നല്‍കിയാണ്‌ കമ്പോളത്തില്‍ നിന്നും പൂക്കള്‍ വാങ്ങുന്നത്‌. അതു കൊണ്ടാണ്‌ കൃത്രിമത്വങ്ങളുടെ പൂക്കളം തീര്‍ക്കുന്നത്‌. ഏറ്റവും ചെലവ്‌ കൂടിയ പൂക്കളം എങ്ങനെ തീര്‍ക്കാമെന്നതിനാണ്‌ മത്സരിച്ച്‌ കൊണ്ടിരിക്കുന്നത്‌. ആഘോഷങ്ങളിലും നിഴല്‍ വിരിക്കുന്നത്‌ ഇത്തരം ആര്‍ഭാടകാഴ്‌ചകള്‍ തന്നെ.

മൂന്ന്‌ വര്‍ഷം മുമ്പ്‌ കൊയിലാണ്ടിയിലെ കോളജ്‌ വിദ്യാര്‍ഥികള്‍ പതിനാല്‌ മണിക്കൂര്‍ ചെലവഴിച്ച്‌ തീര്‍ത്ത പൂക്കളത്തില്‍ ഒരു ക്വിന്റല്‍ പൂക്കളാണ്‌ ഉപയോഗിച്ചത്‌. ഇതിനായി പൊടിച്ച്‌ കളഞ്ഞതോ അമ്പതിനായിരം രൂപയും. വിദ്യാര്‍ഥികള്‍ക്ക്‌ പോലും പൊങ്ങച്ചം അഭിമാനത്തിന്റെ സിംമ്പലായി തീര്‍ന്നിരിക്കുന്നു. ഒരു പത്ര കോളത്തില്‍ ഇടംനേടി നിര്‍വൃതി അടയാന്‍ അവരൊഴുക്കിക്കളഞ്ഞത്‌ അരലക്ഷം രൂപയാണത്രെ.പോയവര്‍ഷങ്ങളിലും ഇതിന്റെ ആവര്‍ത്തനങ്ങള്‍ കണ്ടു. ഇത്തവണയും കാണുന്നു അതിനേക്കാള്‍ ഭീകരമായ കാഴ്‌ചകള്‍.

കോഴിക്കോട്‌ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വപ്‌ന നഗരിയില്‍ വിരിയിച്ച ഒരുമയുടെ സ്‌നേഹപ്പൂക്കളത്തിന്‌ പതിനഞ്ച്‌ ടണ്‍പൂക്കളമാണ്‌ ചെലവഴിച്ചത്‌.1500 കിലോ പൂക്കള്‍. നാല്‌ വര്‍ഷംമുമ്പ്‌ ഒരുക്വിന്റല്‍ പൂക്കള്‍ക്ക്‌ അന്‍പതിനായിരം രൂപയായിരുന്നു വില. ഇന്നത്‌ ഇരട്ടിയായിട്ടുണ്ടാകണം. ഇത്തവണ 12ലോഡ്‌ പൂക്കള്‍ക്ക്‌ 6.7 ലക്ഷംരൂപയെ ആയൊള്ളൂ എന്നാണ്‌ അധികൃതര്‍ നല്‍കുന്നകണക്ക്‌. ഇത്‌പൂക്കള്‍ക്കുമാത്രം കൊടുക്കേണ്ട വില. ഇതോടൊപ്പം നാലുവേദികളില്‍ ആടാനും പാടാനും പ്രമുഖരുടെ നിരയെ നിരത്താനും വന്ന ചെലവ്‌ വേറെ. മനുഷ്യപ്രയത്‌നത്തിന്റെ വിലഅതിലുമേറെ. കുറഞ്ഞത്‌ പത്തുലക്ഷം രൂപയെങ്കിലും ആകടലില്‍ ഒഴുകിപ്പരന്നിരിക്കും.

ചെട്ടി, ജമന്തി, മുല്ല, കോഴിപ്പൂവ്‌, വാടാര്‍മല്ലി, അരളി, ഡാലിയ തുടങ്ങി ഏഴുതരം പൂക്കളാണ്‌ ഈ ഗിന്നസ്‌പൂക്കളത്തിനായി വാരിവിതറിയത്‌. നാനൂറ്‌ കള്ളികള്‍, ആയിരത്തി അഞ്ഞൂറോളം ആളുകള്‍,128 മിനുറ്റ്‌കൊണ്ട്‌ ലോകത്തിലെ ഏറ്റവും വലിയ പൂക്കളം വിടര്‍ന്നു. ഇനി എന്നും സാഹോദര്യവും മതേതരത്വവും കോഴിക്കോടന്‍ വാനില്‍ ഉയര്‍ന്ന്‌ പറക്കും. സാമൂതിരിയുടെ നാട്ടില്‍ വീണ്ടും മാവേലി ഭരണത്തിന്റെ നിയമാവലികള്‍ പ്രാവര്‍ത്തികമാവും. മതമൈത്രിയെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പാണെത്രെ പൊന്നുംവിലകൊടുത്ത്‌ വിടര്‍ത്തിയ ഈ സൗഹൃദക്കൂട്ടായ്‌മയുടെ പൂക്കളം.

മഹത്തരമായ ലക്ഷ്യങ്ങള്‍. ഒരിക്കലും പൂവണിയാത്ത സ്വപ്‌നങ്ങള്‍. ഈ സാങ്കല്‍പ്പിക സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഇത്രയും ലക്ഷങ്ങളുടെ ധൂര്‍ത്ത്‌ വേണമായിരുന്നോ...? സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നുതന്നെ ചോര്‍ത്തിക്കളയണമായിരുന്നോ ആ ലക്ഷങ്ങള്‍...ഈ ഭീമന്‍പ്പൂക്കളംകൊണ്ട്‌ സാധാരണക്കാരന്‌ എന്തുനേട്ടമുണ്ടായി. ഭരണകൂടത്തിനോ നാടിനോ ഉണ്ടായോ...?ഈ ചോദ്യത്തിന്‌ ആരാണ്‌ ഉത്തരം തരിക..?

ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയതിന്റെ ക്രഡിറ്റ്‌ ഇനി കോഴിക്കോടിന്‌ സ്വന്തമെന്ന്‌ പറയുമ്പോള്‍ നമ്മള്‍ വിചാരിക്കുക അമേരിക്കയുടേയോ അന്റാര്‍ട്ടിക്കയുടേയോ ബ്രിട്ടന്റേയോ ജപ്പാന്റേയോ റിക്കാര്‍ഡ്‌ തകര്‍ത്തു എന്നാവും.ലോകത്ത്‌ മലയാളികള്‍ക്ക്‌ മാത്രമല്ലെ ഓണാഘോഷമൊള്ളൂ. മറ്റാരെങ്കിലും അങ്ങനെയൊരു ശ്രമത്തിന്‌ മുതിരുമോ....? ഒരാഴ്‌ചമുമ്പ്‌ മാത്രം തൃശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ തീര്‍ത്ത പൂക്കളത്തിന്റെ റിക്കാര്‍ഡ്‌ മാത്രമാണിത്‌ ഭേധിച്ചത്‌. കുത്തകകളെയൊക്കെ മത്സരിച്ച്‌ തോല്‍പ്പിച്ച്‌ വേണോ ഇവിടെ സാഹോദര്യം വിരിയിക്കാന്‍..?

തൃശൂരില്‍ ഏതാണ്ട്‌ 12 ടണ്‍ പൂക്കള്‍ ഉപയോഗിച്ച്‌ 14,400 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയിലുള്ള പൂക്കളമാണ്‌ ഒരുക്കിയിരുന്നത്‌. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുത്തുന്നപൂക്കള്‍കൊണ്ടാണ്‌ കേരളത്തില്‍ മഹാമഹം നടത്തുന്നത്‌. ആവശ്യമായ പൂക്കള്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്നതിനെക്കുറിച്ചൊന്നും അധികാരികള്‍ക്ക്‌ മിണ്ടാട്ടമില്ല. സ്വയം പര്യാപ്‌തതയുടെ സമൃദ്ധിയില്‍ നിന്ന്‌ ഒരുമയുടെ ഓണമുണ്ടായിരുന്നു ഈ മേളഒരുക്കിയിരുന്നതെങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ അവര്‍ അങ്ങനെയൊരുസ്വപ്‌നം പോലും കാണുന്നില്ല.

ഒരുപത്തുകോടിയുടെ പൂക്കള്‍ കൂടി അയല്‍ സംസ്ഥാനത്തുനിന്ന്‌ വരുത്തിയിരുന്നുവെങ്കില്‍ ലോകാവസാനംവരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത പൂക്കളവും ഒരുക്കാമായിരുന്നു. കോഴിക്കോട്‌ അങ്ങാടിയെ മുഴുവന്‍ പൂക്കള്‍കൊണ്ട്‌ അഭിഷേകം ചെയ്യാമായിരുന്നു. മാനവമൈത്രിയുടെ ഈ പൂക്കളത്തെ അങ്ങനെ അഭിമാനപുരസരം ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കാമായിരുന്നു.

ഇതുവരെ പൂക്കളും പച്ചക്കറിയുമൊക്കെയേ നമ്മള്‍ വിലകൊടുത്തു വാങ്ങിയിരുന്നുള്ളു. സമൃദ്ധമായ സദ്യ ഒരുങ്ങിയിരുന്നത്‌ സ്വന്തം ഊട്ടുപുരയില്‍ നിന്നു തന്നെയായിരുന്നു. അമ്മയും അമ്മൂമ്മയും സഹോദരിമാരും ഒത്തുചേര്‍ന്ന്‌ സൗഹൃദത്തിന്റെ രുചിയിലും ഐക്യത്തിന്റെ ചേരുവയിലും തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്ക്‌ അമ്മിഞ്ഞ പാലിന്റെ മധുരമായിരുന്നു. മാതൃത്വത്തിന്റെ സ്‌നേഹമായിരുന്നു. അവയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, എത്ര വളര്‍ന്നാലും നാവിന്‍തുമ്പ്‌ മറക്കാത്ത രുചി ഭേദങ്ങളുടെ നന്മകളായിരുന്നു.

എന്നാല്‍ ഇന്നോ ഉത്രാടദിന സദ്യയും തിരുവോണ സദ്യയും വിരലമര്‍ത്തുമ്പോഴേക്ക്‌ വീട്ടു പടിക്കലെത്തുന്നു. അതുവരെ ചാനല്‍ ഓണാഘോഷങ്ങള്‍ കണ്ട്‌ രസിക്കാം. അന്യമായ ഓണക്കളികളും ഊഞ്ഞാലാട്ടവും മറന്ന്‌ വിശ്വ സുന്ദരിമാരുടെ അഭിമുഖങ്ങളിലും മിമിക്രിക്കാരുടെ കോപ്രായങ്ങളിലും മതിമറന്ന്‌ ചിരിക്കാം.

അടുക്കളയില്‍ തീ പുകക്കേണ്ട, സദ്യ ഒരുക്കാന്‍ തത്രപെടേണ്ട, പായസവും അടപ്രഥമനും പാലടയും എല്ലാം നമ്മുടെ വീട്ടു വാതില്‍ക്കലെത്തിക്കാന്‍ കാറ്ററിംഗ്‌ ഏജന്‍സികളും ഹോട്ടലുകളും ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയാണ്‌ മത്സരിക്കുന്നത്‌. അറുപത്‌ രൂപ മുതല്‍ 600രൂപ വരെയേ ഒരാള്‍ക്ക്‌ ചെലവ്‌ വരൂ. നേരത്തെ ബുക്ക്‌ ചെയ്‌താല്‍ മാത്രം മതി. സംസ്ഥാനത്ത്‌ തിരുവനന്തപുരം, എറണാകുളം കോഴിക്കോട്‌ തുടങ്ങിയ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം സേവനങ്ങള്‍ ഗ്രാമങ്ങളിലേക്ക്‌ കൂടി പടര്‍ന്നിരിക്കുന്നു.

ഒരു മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും പരിഹസിക്കുകയല്ലെ ഇതിലൂടെയെല്ലാം മലയാളികള്‍ ചെയ്യുന്നത്‌? അല്ലെങ്കില്‍ അതിന്റെ മഹത്വത്തെ വിസ്‌മരിക്കുകയാണ്‌. എല്ലാ ഉത്സവങ്ങള്‍ക്ക്‌ പിന്നിലും സുദീര്‍ഘമായ ചരിത്രമോ ഐതിഹ്യമോ കാണും. മലയാളിയുടെ ദേശീയോത്സവമായ ഓണത്തിനുമുണ്ട്‌ ഏറെ ഐതിഹ്യങ്ങള്‍. അത്‌ സമൃദ്ധിയുടെ യുഗത്തില്‍ കേരളം ഭരിച്ചിരുന്ന മഹാബലിയെ വാമനാവതാരം പൂണ്ട വിഷ്‌ണു പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ ഐതിഹ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.

കൃഷി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന്‌ കരുതിപ്പോന്നിരുന്ന ഒരു ജനസമൂഹത്തിന്റെ കൊയ്‌ത്തുത്സവം കൂടിയാണ്‌ ഓണം. ഓണത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പ്രാചീന സാഹിത്യത്തില്‍ വരെ വിവരിക്കുന്നുണ്ട്‌.
മഴമാറി തെളിഞ്ഞ ശ്രാവണമാസത്തില്‍ (ചിങ്ങം) മധുരയില്‍ ഓണം ആഘോഷിക്കുന്നതിനെപ്പറ്റി മങ്കുടി മരുതനാരുടെ മധുരൈകാഞ്ചി എന്ന സംഘകാല തമിഴ്‌കൃതിയില്‍ വിവരിക്കുന്നതായി എ ശ്രീധരമേനോന്‍ തന്റെ കേരള സംസ്‌കാരം എന്നകൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്ത്‌ (എ ഡി 800-1112)രാജകീയാഡംബരങ്ങളോടെ തൃക്കാക്കരയില്‍ ഓണമാഘോഷിച്ചിരുന്നു. ഇരുപത്തെട്ട്‌ ദിവസം നീളുന്ന ഈ ആഘോഷത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.18ാംദശകത്തില്‍ ഈസ്റ്റ്‌ ഇന്ത്യയിലുള്ള സഞ്ചാരം എന്നകൃതിയില്‍ ബര്‍ത്തലോമിയോ കേരളത്തിലെ ഓണാഘോഷത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ 1961ലാണ്‌ കേരള സര്‍ക്കാര്‍ ഓണം ദേശീയോത്സവമെന്ന നിലയില്‍ കൊണ്ടാടാന്‍ തുടങ്ങിയത്‌.

ആഘോഷം അത്തം നാളിലാണ്‌ തുടങ്ങുക. കൊച്ചിയില്‍ രാജഭരണം നില നിന്നപ്പോള്‍ അത്തച്ഛമയാഘോഷത്തോടെ ഓണം കൊണ്ടാടിയിരുന്നു. ഇപ്പോഴത്‌ സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തന്നെയാണ്‌ ആഘോഷിക്കുന്നത്‌.
ഓണവിശേഷ ദിനങ്ങള്‍ ഉത്രാടം, തിരുവോണം എന്നിവയാണ്‌.അന്ന്‌കൂട്ടുകുടുംബങ്ങളെല്ലാം ഒത്തുകൂടുന്നു. പരസ്‌പരം സ്‌നേഹം പങ്കുവെക്കുന്നു.സമ്മാനങ്ങള്‍ കൈമാറുന്നു. കുടുംബകാരണവര്‍ ഇളയവര്‍ക്കും വീട്ടുജോലിക്കാര്‍ക്കുംപാട്ടക്കാര്‍ക്കും ഓണക്കോടി സമ്മാനിക്കുന്നു. പാട്ടക്കാര്‍ ജന്മിമാര്‍ക്ക്‌ മലക്കറികളും വാഴക്കുലകളും മറ്റും കാഴ്‌ചവെക്കുന്നു. ഇതൊക്കെയായിരുന്നു പോയകാലത്തെ ഓണാഘോഷങ്ങളുടെ രീതി. ജന്മിത്തം അവസാനിച്ചതോടെ ഈ ഓണക്കാഴ്‌ചാ സമ്പ്രദായം നിലച്ചു.

എന്നാല്‍ അന്നോ ശേഷമോ ഓണം ആര്‍ഭാടത്തിന്റേയും ധൂര്‍ത്തിന്റേയും കെട്ടിചമക്കലുകളായിരുന്നില്ല. ഒരു സുവര്‍ണകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഈ ചടങ്ങ്‌ വിപുലമാകുമ്പോള്‍ തന്നെ തീര്‍ച്ചയായും അതിന്റെ പാരമ്പര്യത്തേയും ഐതിഹ്യത്തെയും കാത്ത്‌ സൂക്ഷിക്കേണ്ടതുണ്ട്‌.
അത്‌ തിരിച്ചറിയേണ്ടതുമുണ്ട്‌. ആത്മാര്‍ഥമായും ഉള്ളറിഞ്ഞും ആഘോഷിക്കപ്പെടുമ്പോഴേ ഉത്സവമായാലും ആരാധനയായാലും അത്‌ അര്‍ഥവത്താകുന്നുള്ളു. 



എന്നാല്‍ ഇന്ന്‌ ഓണം മദ്യരാജാക്കന്മാര്‍ക്ക്‌ വയറ്‌ വീര്‍പ്പിക്കാനുള്ള അസുലഭ ദിനങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യാജമദ്യ ലോബികള്‍ക്ക്‌ തടിച്ച്‌ കൊടുക്കാനുള്ളതാണ്‌. യുവതലമുറക്ക്‌ മദ്യപ്പുഴകളില്‍ മുങ്ങിത്താഴാനുള്ളതാണ്‌. പച്ചക്കറി വിപണിയിലൂടെയും പഴ വിപണിയിലൂടെയും പൂവിപണിയിലൂടെയും അയല്‍ സംസ്ഥാനങ്ങള്‍ക്ക്‌ സമൃദ്ധി വാരാനുള്ളതാണ്‌. 


ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേടകങ്ങളിലിരുന്ന്‌ മലയാളിക്ക്‌ മറ്റുള്ളവരെ ഊട്ടാനല്ലേ അറിയൂ. അവന്റെ പോക്കറ്റും രാജ്യത്തിന്റെ ഖജനാവും ചോര്‍ന്ന്‌ കൊണ്ടേയിരിക്കുകയാണ്‌.അതാരും കാണുന്നില്ല.
ഒരു ഓണത്തിനും സാംസ്‌കാരികമായോ സാമ്പത്തികമായോ സാമൂഹികമായോ അവനെ ഉയര്‍ത്തുവാന്‍ കഴിയുന്നില്ല. കാലം പറയുന്ന കഥകളിലെല്ലാം മൂല്യ ശോഷണത്തിന്റെ മടിശ്ശീല പൊക്കിപ്പിടിക്കാനെ മലയാളിക്കാവുന്നുള്ളു. ഇത്‌ എന്നാണ്‌ നമ്മള്‍ സ്വയം തിരിച്ചറിയുക? എന്നാണ്‌ ഇതില്‍ നിന്നുമൊരു പിന്തിരിഞ്ഞ്‌ നടത്തമുണ്ടാവുക? 

19/8/10

മണല്‍കാട്ടില്‍ മലയാളികള്‍ പുതിയ ചതിക്കുഴികളില്‍ ഭാഗം രണ്ട്‌

മങ്കട ചേരിയത്തെ ഗഫൂര്‍ (32) പതിമൂന്ന്‌ വര്‍ഷമായി ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോകും. പിതാവും വര്‍ഷങ്ങളായി ഇവിടെയായിരുന്നു. അദ്ദേഹം നല്‍കിയ വിസയിലാണ്‌ ഗഫൂറും ജിദ്ദയിലെത്തുന്നത്‌. 13 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ്‌ ഗഫൂര്‍ തന്റെ സ്‌പോണ്‍സറായ ജാബിര്‍ അഹമ്മദ്‌ ഉനൈനെ കാണുന്നത്‌. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇഖാമ പുതുക്കിത്തരും. ഇന്‍ഷ്വറന്‍സ്‌ അടച്ചു തരും. എല്ലാം സ്‌പോണ്‍സറുടെ അനിയന്‍ ഈസാ അഹമ്മദ്‌ ഉനൈനായിരുന്നു. 

എന്നാല്‍ സ്‌പോണ്‍സറും അനിയനും തമ്മിലുണ്ടായ കുടുംബ വഴക്കിനു ബലിയാടായത്‌ ഗഫൂര്‍. ഇഖാമ പുതുക്കാനായപ്പോള്‍ പതിവുപോലെ സ്‌പോണ്‍സറുടെ സഹോദരനെ സമീപിച്ചു. 3000 റിയാല്‍ അതിനായും ഓഫീസിലെ അനന്തര നടപടികള്‍ക്കായി 600 റിയാലും കൊടുത്തു. പക്ഷേ ഇഖാമ പുതുക്കി നല്‍കിയില്ല. പണം കൈപ്പറ്റിയ ശേഷമാണ്‌ വിസ ഉറൂബ്‌ ചെയ്‌തകാര്യം തന്നെ പറയുന്നത്‌. ആകെ തകര്‍ന്നുപോയി ഗഫൂര്‍. സ്‌പോണ്‍സറുടെയും അയാളുടെ സഹോദരന്റെയും കാലുപിടിച്ചു കേണു നോക്കി. മനമിളകിയില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ലക്ഷ്യം. അതിനും സ്‌പോണ്‍സര്‍ തന്നെ കനിയണം. വിസ ക്യാന്‍സല്‍ ചെയ്‌തത്‌കൊണ്ട്‌ എയര്‍പോര്‍ട്ട ്‌വഴി കയറിപ്പോകാനാവില്ല. ജയില്‍വഴി വളരെ പെട്ടെന്ന്‌ കയറ്റിവിടാം എന്ന്‌ സമ്മതിച്ചത്‌ സ്‌പോണ്‍സര്‍ തന്നെയാണ്‌. പക്ഷേ അതിനായി 8000 റിയാല്‍ വേറെ സ്‌പോണ്‍സര്‍ക്ക്‌ നല്‍കണം. ഫ്‌ളൈറ്റ്‌ ടിക്കറ്റിനായി 800 റിയാലും കൊടുത്തു. ജിദ്ദാ ജയിലിനു പുറത്ത്‌ വെച്ചാണ്‌ ഈ തുകയും വിമാന ടിക്കറ്റും കൈമാറിയത്‌.

സ്‌പോണ്‍സര്‍ തന്നെ ജയിലില്‍ കൊണ്ടു വന്നു തള്ളി. പക്ഷേ എന്നിട്ടും അയാള്‍ വാക്ക്‌ പാലിച്ചില്ല. ജയിലിലേക്ക്‌ തിരിഞ്ഞു നോക്കിയുമില്ല. മൂന്നു മാസത്തെ നരകതുല്യമായ ജയില്‍ ജീവിതത്തിന്‌ ശേഷം ജീവനെങ്കിലും തിരിച്ചു കിട്ടിയ ആശ്വാസവുമായി കഴിഞ്ഞമാസം 26നാണ്‌ ഒടുവില്‍ ഗഫൂര്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.
ഇങ്ങനെ സഊദികളുടെ കുടിപ്പകയില്‍ പോലും ഇരകളായി തീരാന്‍ വിധിക്കപ്പെടുകയാണ്‌ മലയാളികള്‍. സഊദി അറേബ്യയില്‍ സ്വദേശിവത്‌കരണത്തിന്റെ ഭാഗമായി വിദേശികളെ തുടച്ചുമാറ്റുന്നുവെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. അതിനു സഹായകമാവുന്ന തരത്തില്‍ മാതൃരാജ്യത്തെ സഹായിക്കാനെന്നവണ്ണം സഊദി പൗരന്‍മാരും സംഘടിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഇതിനു ഭരണകൂടത്തിന്റെ രഹസ്യ പിന്തുണയുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്‌. 



സഊദി അറേബ്യയില്‍ നിന്ന്‌ രണ്ടു ലക്ഷം വിദേശികളെ നിഷ്‌കാസനം ചെയ്യുകയെന്നതാണ്‌ സഊദി മന്ത്രാലയം ലക്ഷ്യമിടുന്നതത്രെ. അതിന്‌ സഹായകമാവുന്ന തരത്തിലാണിപ്പോള്‍ തുടരുന്ന പല പ്രവണതകളും. ഇങ്ങനെ ഉറൂബ്‌ ചെയ്‌ത വിസ പുനരാരംഭിക്കണമെന്നുള്ളവരെ പിഴിയാന്‍ മറ്റൊരു മാഫിയയും രംഗത്തുണ്ട്‌. ജവാസാത്തില്‍ പിടിപാടുള്ള മലയാളികള്‍ തന്നെയാണ്‌ ഇതിനു പിന്നില്‍. 8000 റിയാല്‍ നല്‍കിയാല്‍ അവരാകൃത്യം നിറവേറ്റിത്തരും.
വളാഞ്ചേരി കൊട്ടാരത്തെ വാലിയില്‍ മുഹമ്മദലിയുടെ കഥ മറ്റൊന്നാണ്‌. ഇരുപതു വര്‍ഷമായി ജിദ്ദയിലായിരുന്നു ഇയാള്‍. പലയിടത്തും, പല ജോലികളും ചെയ്‌തു. ഏഴുവര്‍ഷമായി ഒരുറൊട്ടിക്കടയിലായിരുന്നു. മുപ്പത്‌ ജോലിക്കാരിലൊരാള്‍. റൂമില്‍ നിന്നും വുളു എടുത്ത്‌ അസര്‍ നിസ്‌കാരത്തിനായി പള്ളിയിലേക്കു നടക്കുന്നതിനിടെയാണ്‌ മുത്തവ്വ(നിസ്‌ക്കരിക്കാത്തവരെ പിടികൂടുന്ന സംഘം) മാരുടെ വലയിലായത്‌. കൂടെ എട്ടുപേരുണ്ടായിരുന്നു. ഒരു ബംഗാളിയും ഏഴു യമനികളും. തങ്ങള്‍ പള്ളിയിലേക്ക്‌ നിസ്‌ക്കരിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞിട്ടുകൂടി ചെവിക്കൊണ്ടില്ല അവര്‍. സാധാരണ നിലയില്‍ മൂന്നുതവണ മുത്തവ്വമാര്‍ പിടികൂടിയാലേ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളൂ. എന്നാല്‍ ഈ ഒമ്പതംഗ സംഘത്തേയും ജയിലിലേക്ക്‌ അയക്കുകയായിരുന്നു.



 എല്ലാവരോടും കാരണം പറഞ്ഞത്‌ നിങ്ങളുടെ വിസ ഉറൂബ്‌ ചെയ്‌തതാണെന്നും. ആറു മാസങ്ങള്‍ക്ക്‌ മുമ്പായിരുന്നു മുഹമ്മദലി യാത്രാരേഖകള്‍ പുതുക്കിയത്‌. കൂടെയുണ്ടായിരുന്നവരുടെ കഥയും അതു തന്നെ. എന്നിട്ടും ഇതായിരുന്നു ഫലം. മൂന്നര മാസം ജയിലില്‍ കിടന്ന്‌ കഴിഞ്ഞ ശഅബാന്‍ ആറിനാണ്‌ മുഹമ്മദലി നാട്ടില്‍ തിരിച്ചെത്തിയത്‌.
അക്കരെ കാണുന്ന വെളിച്ചത്തിലേക്ക്‌ കപ്പല്‍ കയറിപ്പോയവര്‍ സമ്പന്നരായി തിരിച്ചെത്തുന്നത്‌ കണ്ടപ്പോഴാണ്‌ കേരളീയരെ കൂടുതലായി അവിടേക്ക്‌ ആകര്‍ഷിച്ചത്‌. മണല്‍ക്കാടുകള്‍ മലയാളിയുടെ സ്വപ്‌നഭൂമിയായി മാറിയത്‌ അങ്ങനെയാണ്‌. അറുപതുകളില്‍ തുടങ്ങിയ പ്രയാണത്തെ തുടര്‍ന്നാണ്‌ അറബി പൊന്നിന്റെ വരവോടെ മലയാളിവീടുകളുടെ മുഖച്ഛായ മാറിയത്‌. ഇന്നും 16 ലക്ഷത്തോളം മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അന്നം തിരയുന്നത്‌. അവരില്‍ പത്തു ലക്ഷം മുസ്‌ ലിംകള്‍ തന്നെയുണ്ട്‌. അവരയക്കുന്ന വിദേശ നാണ്യത്തിന്റെ സമൃദ്ധി തന്നെയാണ്‌ ഇന്നും മലയാളികളെ തീറ്റിപ്പോറ്റുന്നത്‌. ആ പ്രതീക്ഷയുടെ പുഴയില്‍ നിന്നാണ്‌ കൊടും ക്രൂരതകളുടെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കുന്നത്‌.



എന്നാല്‍ ഇത്‌ അവസാനിപ്പിക്കാനോ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു തരുന്നതിലോ ഇന്ത്യന്‍ നയതന്ത്ര വിഭാഗത്തില്‍ നിന്നു നടപടി ഉണ്ടാകുന്നില്ല. ഇന്ത്യന്‍ എംബസിക്കാരും കഴിവുകെട്ടവരാണെന്ന്‌ ഓരോ തവണയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അനുഭവസ്ഥരായ മലയാളികള്‍ പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ശശി തരൂരില്‍ നിന്നും മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദില്‍ നിന്നും ലഭിച്ചതും പ്രതീക്ഷയുടെ മറുപടികളായിരുന്നില്ല. ഇന്ത്യന്‍ എംബസിയുടെ കൊള്ളരുതായ്‌മയിലേക്കും വിദേശ സഹമന്ത്രിമാരുടെ അവഗണനകളെക്കുറിച്ചും ഉടനെമൂന്ന്‌

ജിദ്ദാ ജയിലിന്റെ മൂന്ന്‌ നാല്‌, അഞ്ച്‌ സെല്ലുകളുടെ ചുമരുകളില്‍ പലയിടത്തായി വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും എം പി മാരുടേയും ടെലഫോണ്‍ നമ്പരുകള്‍ വലിയ അക്കങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്‌. പലയിടത്തായി. പുതുതായി എത്തുന്ന ഇരകള്‍ക്ക്‌ എത്രയും പെട്ടെന്നു ബന്ധപ്പെടാന്‍ സഹായകമാവുമെങ്കില്‍ ആവട്ടെയെന്ന്‌ കരുതി ആരോ കോറിയിട്ടതാണാ നമ്പരുകള്‍. ഇതുപോലെ തമിഴ്‌നാട്ടിലേയും യു പിയിലേയും എം പി മാരുടേയും കേന്ദ്രമന്ത്രിമാരുടെയും നമ്പറുകളുമുണ്ട്‌. പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ആരെങ്കിലും ജയിലിനകത്തേക്കു മൊബൈലുമായെത്തിയാല്‍ ഈ നമ്പരുകളില്‍ അവരെല്ലാം വിളിക്കാറുണ്ട്‌. ഏറെ പ്രതീക്ഷയോടെ. പലര്‍ക്കും, പലവട്ടം.

ഒരിക്കല്‍ ഇ അഹമ്മദ്‌, വിദേശ സഹമന്ത്രിയായിരിക്കെ, ജിദ്ദയിലെത്തി. ഇതറിഞ്ഞപ്പോള്‍ വയനാട്ടിലെ മുസ്‌ലിം ലീഗ്‌ സജീവപ്രവര്‍ത്തകനും ജിദ്ദയില്‍ കെ എം സി സി യുടെ പ്രവര്‍ത്തകനുമായിരുന്ന യുവാവ്‌ ജയിലില്‍ വെച്ച്‌ ഇ അഹമ്മദിനെ വിളിച്ചു. ഇയാള്‍ ഒമ്പത്‌ മാസത്തിലേറെയായി ജയിലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കൂടെയുള്ള 200 ഓളം മലയാളികള്‍ക്കു വേണ്ടികൂടിയാണ്‌ അയാള്‍ സംസാരിച്ചത്‌. സഹ തടവുകാരെല്ലാം മന്ത്രിയുടെ സാന്ത്വനവാക്കിനും ആശ്വാസകരമാവുന്ന ഒരു തീരുമാനത്തിനും കാതോര്‍ത്തു.
എന്നാല്‍ താന്‍ ഹജ്ജ്‌ ക്വാട്ടയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഇവിടെയെത്തിയതെന്നും അതിനിടയില്‍ നിങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യാനാവില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടിയെന്നു കൂടെയുണ്ടായിരുന്ന മങ്കടയിലെ ഗഫൂര്‍ പറയുന്നു. ഇതോടെ എല്ലാവരും നിരാശരായി. പിന്നീട്‌ ശശി തരൂര്‍ വിദേശകാര്യ സഹമന്ത്രിയായപ്പോഴും സഹായത്തിനായി അവര്‍ വിളിച്ചു. തങ്ങള്‍ സ്‌പോണ്‍സറുടെ അരികില്‍ നിന്ന്‌ ചാടിപ്പോയി എന്ന കുറ്റം ചുമത്തിയാണ്‌ പിടികൂടിയിരിക്കുന്നതെന്നും പറഞ്ഞു. അപ്പോള്‍ നിങ്ങളെന്തിനാണ്‌ ചാടിപ്പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യം അതല്ലെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടവരാണെന്നും കരഞ്ഞുപറഞ്ഞിട്ടും വിദേശകാര്യമന്ത്രിയതു ചെവികൊണ്ടില്ല. ഒരു നടപടിയും സ്വീകരിച്ചതുമില്ല.
തമിഴ്‌നാട്ടില്‍നിന്നുള്ള എം പിയും എഴുത്തുകാരിയുമായ കനിമൊഴിക്കും ചില തമിഴ്‌ സുഹൃത്തുക്കളുടെ സഹായത്തോടെ അവര്‍ വിളിച്ചു. അവര്‍ സംസാരിക്കാന്‍ തയ്യാറായി. മാന്യമായി ഇടപെടുകയും വേണ്ടതു ചെയ്യാമെന്ന ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. പ്രശ്‌നം പാര്‍ലിമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അവര്‍ ഒരുക്കമായി. അയല്‍നാട്ടുകാരിയായ കനിമൊഴിയുടെ കാരുണ്യം പോലും കേരളത്തിലെ മന്ത്രിമാരില്‍ നിന്നുമുണ്ടായില്ലെന്നും ഇവര്‍ രോഷമടക്കി പറയുന്നു.
ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഏറ്റവും മോശമാണെന്ന്‌ അനുഭവത്തിലൂടെ പറയാനാവുന്ന എത്രയോ പേര്‍ ജയിലിനകത്തും പുറത്തുമുണ്ട്‌. ഒരു തെറ്റും ചെയ്യാതെ, സ്‌പോണ്‍സറുടെ ചതിവില്‍ കുരുങ്ങിപ്പോയതിനു ഒമ്പതു മാസമാണ്‌ വയനാട്ടിലെ ഇഖ്‌ബാലിന്‌ ജയിലില്‍ കഴിയേണ്ടിവന്നത്‌. എംബസിയുടെ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഒരു മാസംകൊണ്ടു നാട്ടിലെത്താന്‍ കഴിയുമായിരുന്നുവെന്നു വിശ്വസിക്കുന്നു ഇയാളും ബന്ധുക്കളും. പുലാമന്തോള്‍ കുരുവമ്പലത്തെ മുനീര്‍ ജയിലഴിക്കുള്ളിലായിട്ട്‌ ആറു മാസം കടന്നു. ഇന്നും കണ്ണീരുമായി കാത്തിരിക്കുന്ന കുടുംബം മകന്റെ മോചനത്തിനായി മുട്ടാത്തവാതിലുകളില്ല. എന്നിട്ടും മോചനം മാത്രം അകലെയാണ്‌.

തിരുവന്തപുരത്തെ യാസര്‍ മുഹമ്മദിന്റെ മോചനം അനന്തമായി നീളുന്നത്‌ സഊദി അധികൃതരുടെ ചെറിയൊരനാസ്ഥകൊണ്ടാണ്‌. യാത്രാരേഖകള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പാസ്‌പോര്‍ട്ട്‌ പോലീസുകാരെ ഏല്‍പ്പിച്ചു. എന്നാല്‍ അത്‌ അധികൃതര്‍ നഷ്‌ടപ്പെടുത്തുകയായിരുന്നു. പിന്നീടത്‌ പറഞ്ഞപ്പോള്‍ നിഷേധിച്ചു. തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ പോലീസുകാരന്‍ ബെല്‍റ്റൂരി അടിക്കുകയായിരുന്നു. ആലപ്പുഴക്കാരന്‍ ഷാജഹാനും കായംകുളത്തെ നസീറും പെരുമ്പാവൂരിലെ സതീഷും കൊടിഞ്ഞിയിലെ അബ്ബാസും മറ്റും പറയുന്നതും സമാനമായ കഥകള്‍ തന്നെ. എംബസിയുടെ ഉചിതമായ ഇടപെടലുണ്ടാവുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്‌താല്‍ ഇത്തരം ദുരനുഭവങ്ങള്‍ ഒഴിവാക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംബസിക്കറിയാഞ്ഞിട്ടല്ല. അവരെ കൃത്യമായി അറിയിക്കുന്നുമുണ്ട്‌. എന്നാല്‍ ജയിലില്‍ മൂന്നാം സെല്ലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഇടപെടാന്‍ കഴിയില്ലെന്നാണ്‌ അവരുടെ വിശദീകരണം.
ഫിലിപ്പൈന്‍സ്‌, സുഡാന്‍, യമന്‍, പാക്കിസ്ഥാന്‍ എംബസികള്‍ വളരെ ശക്തമാണെന്നു പറയുന്നു കോട്ടക്കല്‍ ചെറുശ്ശോലയിലെ അബ്‌ദുള്‍നാസര്‍. ഇന്ത്യക്കാരുടെ ഇതേ പ്രശ്‌നങ്ങളനുഭവിക്കുന്ന ഇവരെല്ലാം രണ്ടാഴ്‌ചക്കുള്ളില്‍ ജയില്‍ മോചിതരാകുമ്പോഴാണ്‌ ഇന്ത്യക്കാര്‍ ആറു മാസവും ഒരുവര്‍ഷവും കിടക്കേണ്ടി വരുന്നത്‌. ഇന്ത്യന്‍ എംബസിയും പ്രവാസി മന്ത്രാലയവും കഴിവുകെട്ടവരാണന്നല്ലേ ഇത്‌ തെളിയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യന്‍ എംബസിയില്‍ നിന്നു ജയില്‍ അധികൃതര്‍ക്കു കെമാറേണ്ട സുപ്രധാന രേഖകള്‍ പോലും പാക്കിസ്ഥാന്‍ എംബസിക്കാരുടെ കൈകളില്‍ കൊടുത്തയക്കുന്ന ഉത്തരവാദിത്വമില്ലായ്‌മയും എംബസി അധികൃതര്‍ കാണിക്കുന്നത്‌ താന്‍ കണ്ടിട്ടുണ്ടെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു. ഇവിടെ പ്രധാന തസ്‌തികയിലുള്ളവരെല്ലാം ഹൈദരാബാദ്‌, കല്‍ക്കത്ത സ്വദേശികളാണ്‌. അപ്രധാന തസ്‌തികയിലുള്ള മലയാളികള്‍ക്കോ കേരളീയര്‍ക്കായി ശബ്‌ദിക്കാന്‍ നേരവുമില്ല. പിന്നെ എങ്ങനെ ശരിയാവും?

ജയിലധികൃതരുടെ സമീപനവും മൃഗീയമാണ്‌. അബൂഗുറൈബ്‌ ജയിലിലെ പീഡനംപോലെ പൈശാചികവുമാണ്‌ മര്‍ദനം. 500 പേരെ ഉള്‍ക്കൊള്ളുന്ന സെല്ലുകളില്‍ 1200 പേരെങ്കിലും ഉണ്ടാകും. കൊടും ചൂടിലും എ സിയില്ല. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ടോയ്‌ലറ്റുകള്‍ പോലുമില്ല. ഉള്ളവക്കു വാതിലില്ല. അതിനകത്തേക്ക്‌ കടക്കുമ്പോഴേക്ക്‌ ഛര്‍ദിക്കാന്‍ വരും. ഗതി മുട്ടുമ്പോള്‍ അതിനകത്തും പ്രാഥമിക കൃത്യം നിര്‍വഹിക്കേണ്ടിവരുന്നു. കുളിക്കേണ്ടതും ഇതിനകത്തു തന്നെ. അതിനും രാവിലെ മുതല്‍ ഊഴം കാത്തു നില്‍ക്കണം. ചിലപ്പോള്‍ തിരക്ക്‌ കൂടുമ്പോള്‍ ഉപയോഗിക്കാത്ത കക്കൂസിനകത്ത്‌ ഉടുമുണ്ടഴിച്ചു വിരിച്ചു കിടക്കേണ്ടിവന്ന അനുഭവം പറയുന്നു കരിങ്കല്ലത്താണിയിലെ യൂസുഫ്‌. കിടന്നാലും ഉറക്കം വരില്ല. കത്തുന്ന ചൂടിന്‌ ആശ്വാസം തേടി വാട്ടര്‍ ബോട്ടിലുകള്‍ നെടുകെകീറി അതു വിശറി രൂപത്തിലാക്കി വീശിക്കൊണ്ടിരിക്കും. അങ്ങനെ തളര്‍ന്നു തളര്‍ന്നുഅല്‍പ്പമൊന്ന്‌ മയങ്ങിയെങ്കിലായി.
പാക്കിസ്ഥാനികളും ബംഗ്ലാദേശികളും സുഡാനികളും ഇന്തോനേഷ്യക്കാരും, ലോകത്തിലെ ഏതാണ്ടെല്ലാ രാഷ്‌ട്രക്കാരും സംഗമിക്കുന്നു ഇവിടെ. കയ്യൂക്കുള്ളവനാകുന്നു കാര്യക്കാരന്‍. കുടിവെള്ളത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, കക്കൂസില്‍ പോകുന്നതിന്‌ എല്ലാം സംഘര്‍ഷമുണ്ടാകുന്നു. ദിവസത്തില്‍ നാലോ അഞ്ചോ തവണയെങ്കിലും ഇതു പതിവ്‌. സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ മാത്രമേ ജയിലധികൃതരറിയുന്നുള്ളൂ. അവരുടെ അടുക്കലെത്തിയാല്‍ ആരാണ്‌ തെറ്റുകാരെന്ന ചോദ്യമില്ല, എല്ലാവര്‍ക്കും ലഭിക്കും ബെല്‍റ്റൂരിയടി. അത്‌ ചിലപ്പോള്‍ ബൂട്ടിട്ട കാലുകള്‍കൊണ്ടുള്ള ചെവിട്ടിമെതിക്കലുമാകുമെന്ന്‌ അഞ്ചച്ചവടിയിലെ കുന്നത്ത്‌ ശിഹാബുദ്ദീന്‍ പറയുന്നു.
ജയിലില്‍ മതിയായ ചികിത്സയില്ല. ആര്‍ക്കെങ്കിലും അസുഖങ്ങളുണ്ടെന്ന്‌ അറിയിച്ചാല്‍ മണിക്കൂറുകള്‍ പലതു കഴിഞ്ഞാവും ജയിലധികൃതര്‍ തിരിഞ്ഞു നോക്കുന്നത്‌ പോലും. ഒതുക്കങ്ങലിലെ മുഹമ്മദ്‌ക്ക കഴിഞ്ഞമാസം മരിച്ചു. ഹൃദായാഘാതമായിരുന്നു. വിവരം സഹ തടവുകാര്‍ ഉടനെ തന്നെ പോലീസുകാരെ അറിയിച്ചു. പക്ഷേ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്‌ പോലീസുകാരെത്തിയത്‌. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചെമ്മാട്ടുകാരനായ അന്‍പതുകാരനും സമാനമായ അനുഭവമുണ്ടായി. അയാള്‍ കുഴഞ്ഞുവീണു, വായയിലൂടെ നുരയും പതയും വന്നു. കൂടെയുള്ളവര്‍ ഭയന്നു നിലവിളിച്ച്‌ പോലീസുകാരെ അറിയിച്ചുവെങ്കിലും ആളെത്താന്‍ മണിക്കൂറുകള്‍ പലതെടുത്തു. അയാള്‍ ഇന്നും അത്യാസന്ന നിലയില്‍ ചികിത്സയിലാണ്‌. ജയിലില്‍ വെച്ച്‌ ആരെങ്കിലും മരിച്ചാല്‍ എംബസിയെപ്പോലും അറിയിക്കില്ല. ഖബറടക്കവും ആരുമറിയാതെ നടത്തുകയാണ്‌ പതിവ്‌.
ഇങ്ങനെ കടുത്ത പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തടവറയിലാണിവര്‍ കഴിഞ്ഞ്‌ പോരുന്നത്‌. ഈ ഭൂമിയിലെ നരകത്തിലാണ്‌ ഒരു വര്‍ഷവും ആറുമാസവും ചെലവഴിക്കപ്പെടാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുന്നത്‌. ഇറാഖിലും ഫലസ്‌ത്തീനിലും ഇസ്രാഈലിലും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ ധര്‍മരോഷംകൊള്ളുന്നു മലയാളികള്‍. കൊടി പിടിച്ച്‌ തെരുവിലിറങ്ങുന്നു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍. എന്നാല്‍ കൂട്ടത്തില്‍ ചിലര്‍ മൃഗീയ പീഡനങ്ങള്‍ക്കും സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയരാകുമ്പോള്‍ ഇവിടെ ആരുടെയും സിരകളില്‍ ചോര തിളക്കുന്നില്ല. ഇതൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വാര്‍ത്തപോലുമാകുന്നുമില്ല.

നാല്‌

അരീക്കോട്‌ താഴത്തങ്ങാടിയിലെ കപ്പച്ചാലില്‍ അബ്‌ദുല്ലയുടെ മകന്‍ മുനീബിന്റ കുടുംബം വാടകവീട്ടിലാണ്‌ ഇപ്പോള്‍ കഴിയുന്നത്‌. മൂന്ന്‌ മാസമായി ഇയാള്‍ ജയിലിലായിട്ട്‌. അതോടെ കുടുംബത്തിന്റെ വരുമാനം മുട്ടി. ഭാര്യയും നാലു കുട്ടികളുമിപ്പോള്‍ കഴിയുന്നത്‌ നാട്ടുകാരുടെ കനിവിലാണ്‌. ഒന്‍പതിലും എട്ടിലും അഞ്ചിലും ഒന്നിലും പഠിക്കുന്ന നാലു കുട്ടികള്‍. അവരുടെ പഠനം, വീട്ടുചെലവ്‌, വാടക. എല്ലാത്തിനും എന്തുചെയ്യുമെന്നും ഇനിയും എത്രനാള്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവുണ്ടാകുമെന്നുമറിയാതെ നെടുവീര്‍പ്പിടുകയാണ്‌ മുനീബിന്റെ ഭാര്യ ഹാജറ.

കരിങ്കല്ലത്താണിയിലെ യൂസുഫിന്റെ വീടിന്റെ ആധാരം പോലും പണയത്തിലാണ്‌. ഭാര്യയുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും വിസക്ക്‌ വേണ്ടി കലങ്ങിപ്പോയി. ഇപ്പോള്‍ കൂലിവേലക്കുപോകുകയാണിയാള്‍. വെള്ളുവമ്പ്രത്തെ ഹസന്‍ ആറു മാസമായി ജയിലിലാണ്‌. ഇയാളുടെ മാനസികനില പോലും തകര്‍ന്നിരിക്കുന്നു. പറയുന്ന വാക്കുകള്‍ക്കു പരസ്‌പര ബന്ധമുണ്ടാവില്ല. ഒരിക്കല്‍ പറഞ്ഞതാവില്ല പിന്നെ പറയുന്നത്‌. എല്ലാവരെയും എപ്പോഴും തിരിച്ചറിയണമെന്നുമില്ല. എങ്ങനെ സമനിലതെറ്റാതാകും? വളരെ കഷ്‌ടപ്പെട്ടാണയാള്‍ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉരുക്കി തൂക്കി സഊദിയില്‍ ഒരു ബൂഫിയ തുടങ്ങിയത്‌. പലരില്‍ നിന്നും കടവും വാങ്ങിയിരുന്നു. സ്ഥാപനം പച്ച പിടിക്കുന്നതുകണ്ട സ്‌പോണ്‍സര്‍ക്ക്‌ ബൂഫിയ സ്വന്തമാക്കാന്‍ അയാള്‍ ഹസനെ ചതിക്കുകയായിരുന്നു. ഇതോടെ നാട്ടിലും സഊദിയിലും കടംപെരുകി. ഓര്‍ത്തോര്‍ത്ത്‌ ആധി പെരുകിയപ്പോഴാണ്‌ അയാളുടെ സമനില തെറ്റിയത്‌. ഇതുപോലെ പ്രിയപ്പെട്ടവര്‍ ജയിലഴിക്കുള്ളിലായതോടെ നാഥനില്ലാതായ എത്രയോ കുടുംബങ്ങളാണ്‌ ഇന്ന്‌ കണ്ണീരുമായി കേരളത്തില്‍ കഴിഞ്ഞു കൂടുന്നത്‌. നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലായവരുണ്ട്‌ അവരില്‍. പട്ടിണിപോലും പതിവാകുകയാണ്‌ ചില വീടുകളില്‍. അവരെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രായമായ മാതാപിതാക്കളും ഇന്നാഗ്രഹിക്കുന്നത്‌ തങ്ങളുടെ മക്കളൊന്ന്‌ തിരിച്ചെത്തിയെങ്കില്‍ എന്ന്‌ മാത്രമാണ്‌. അല്ലാതെ അവര്‍ക്കെന്ത്‌ ചെയ്യാനാവും?
ഇങ്ങനെയൊക്കെ തകര്‍ന്ന മലയാളികളെ പിഴിയാനുംചില മാഫിയകള്‍ പ്രവര്‍ത്തിക്കുണ്ട്‌. മലയാളികള്‍ തന്നെയാണ്‌ അവരിലും പ്രമുഖര്‍. ജയില്‍ മുഖാന്തിരമെങ്കിലും നാട്ടിലെത്തിപ്പെടാന്‍ വെമ്പല്‍കൊള്ളുന്ന അനധികൃത താമസക്കാരെയും വിസ ഉറൂബ്‌ ചെയ്യപ്പെട്ടവരേയുമാണിവര്‍ ചൂണ്ടയില്‍ കുരുക്കുന്നത്‌. റിയാദ,്‌ തായിഫ,്‌ ദമാം ,മക്ക, മദീന തുടങ്ങി സഊദി അറേബ്യയിലെ പല നഗരങ്ങളിലും ഇത്തരത്തില്‍ കഴിയുന്നവരെ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കാം എന്ന്‌ വിശ്വസിപ്പിച്ച്‌ ആകെ സ്വരുകൂട്ടിവെച്ച തുകയും ഇവര്‍ കൈക്കലാക്കുന്നു. ഏതെങ്കിലും കണ്ടയ്‌നര്‍ വണ്ടികളിലാണ്‌ ജിദ്ദയിലേക്കു ഇവരെ എത്തിക്കുന്നത്‌.


 500 റിയാലാണ്‌ ഇതിനായി വാങ്ങുന്നത്‌. നാട്ടില്‍ പോകും വരെ ജിദ്ദയില്‍ സുരക്ഷിതമായ താമസസൗകര്യവും വാഗ്‌ദാനം ചെയ്യും. ജയിലിലേക്ക്‌ എത്തിക്കാമെന്നതും വാഗ്‌ദാനം മാത്രമാകും. ഏതെങ്കിലും റൂമില്‍ താത്‌കാലിക ഇടമുണ്ടാക്കി കൊടുക്കും. കൈവശമുള്ള പണം തീരുന്നതോടെ ഇവിടെനിന്നും ചവിട്ടിപ്പുറത്താക്കും. പിന്നെ കിടക്കാന്‍ ഇടമില്ലാതെയും കയ്യില്‍ പണമില്ലാതെയും വലഞ്ഞവര്‍ ശറഫിയ്യയിലെയും കന്തറയിലേയും പാലത്തിനു ചുവട്ടിലാണ്‌ അന്തിയുറക്കം. വിവിധ രാജ്യക്കാരായി ഇവിടെ എപ്പോഴും ആയിരത്തോളം ആളുകള്‍ ഉണ്ടാകും. ഇവരെല്ലാവരും കറക്കു കമ്പനികളുടെ വാക്കുകളില്‍ കുരുങ്ങി കബളിക്കപ്പെട്ടവരാണെന്ന്‌ അടുത്തയിടെ ജിദ്ദയില്‍ നിന്നും ലീവിലെത്തിയ കാളികാവിലെ കെ പി സന്തോഷ്‌ പറയുന്നു. 


ഏതെങ്കിലും ജവാസാത്തിന്റെ വാഹനം തങ്ങളെ പിടികൂടിയെങ്കില്‍ എന്ന പ്രതീക്ഷയിലാണവര്‍ അവിടെ കഴിയുന്നത്‌. എന്നാല്‍ ഇവരെ തേടി പോലീസുകാര്‍ എത്തുകയില്ല. പോലീസുകാര്‍ പിടിക്കണെമെങ്കിലോ ചോദിക്കുന്ന പണം നല്‍കണം. എല്ലാത്തിനും ഗതിമുട്ടിയവര്‍ക്ക്‌ പിന്നെ എന്തുചെയ്യാനാവും.?


ഇത്തരത്തില്‍ എല്ലാം തകര്‍ന്നാണ്‌ പ്രവാസികള്‍ നാടണയാന്‍ ജയിലിലും പുറത്തും കലമ്പല്‍ കൂട്ടുന്നത്‌. രോഗവും ദുരിതവും മാത്രമാവും അവരുടെ സമ്പാദ്യം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ശിഷ്‌ടജീവിതമെങ്കിലും ചെലവഴിക്കാന്‍ വേണ്ടിയാണ്‌ തിരികെയെത്തുന്നതും. അല്ലാതെ കുടുംബത്തിനുപോലും അവരില്‍ പലരെകൊണ്ടും പ്രയോജനമുണ്ടായെന്നു വരില്ല. അതുകൊണ്ടു തന്നെ പ്രവാസികള്‍ക്ക്‌ വേണ്ടി പല ക്ഷേമ പ്രവര്‍ത്തനങ്ങളും വാഗ്‌ദത്തം ചെയ്‌ത സര്‍ക്കാര്‍ ഇവരുടെ പുനരധിവാസത്തിനും അടിയന്തരമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ.യു എ ഇയിലും ഇത്തരം പ്രശ്‌നങ്ങള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്‌. എന്നാല്‍ വ്യാപകമല്ല. ഇവിടെത്തെ നിയമം കര്‍ശനമായതു തന്നെ കാരണം.ഏതെങ്കിലും യു എ ഇ പൗരന്റെ പേരില്‍ ഇത്തരം പരാതികളുണ്ടായാല്‍ അവരുടെ പേരില്‍ പിന്നെ പുതിയ വിസ ഇഷ്യൂചെയ്‌തുകൊടുക്കില്ല. അവര്‍ക്കു ഗവണ്‍മെന്റ്‌ അനുവദിക്കുന്ന ആനുകൂല്യങ്ങളും തടഞ്ഞുവെക്കപ്പെടും.അബൂദബിയില്‍ ആര്‍ടിസ്റ്റായ സി ടി ഇബ്രാഹീം പറയുന്നു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ഒരാള്‍ ജോലി ചെയ്യുകയോ പിടിക്കപ്പെടുകയോ ചെയ്‌താല്‍ 50000 ദിര്‍ഹംവരെയാണ്‌ സ്‌പോണ്‍സര്‍ പിഴയൊടുക്കേണ്ടത്‌. ജോലിയെടുപ്പിക്കുന്ന ആളും പതിനായിരം ദിര്‍ഹം പിഴ ഈടാക്കണം. സഊദിയിലും ഇത്തരം നിയമങ്ങളില്ലാഞ്ഞിട്ടല്ല. പക്ഷെ അവിടെ അവര്‍ക്ക്‌ ഊരിപോരാന്‍ പഴുതുകളേറെയുണ്ട്‌. ഇതു തന്നെയാണ്‌ പ്രശ്‌നവും.

അഞ്ച്‌

ഒരാള്‍ ജോലി തേടി സഊദിയിലെത്തുകയും അനധികൃതമായ രീതിയില്‍ പിടിക്കപ്പെടുകയും ചെയ്‌താല്‍ സ്‌പോണ്‍സറും കുറ്റക്കാരനാണ്‌. അയാളെ പുറത്തിറക്കി കൊണ്ടുവരികയെന്ന ബാധ്യതയും അയാളുടെതാണ്‌. മറ്റൊരിടത്ത്‌ ജോലി ചെയ്‌താല്‍ അധികൃതരെ കാരണം ബോധിപ്പിക്കേണ്ടതും സ്‌പോണ്‍സര്‍ തന്നെ. ഇതില്‍ നിന്നു രക്ഷപ്പെടാനും കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാനും ഉചിത മാര്‍ഗമായി തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു സഊദികള്‍ വിസ ഉറൂബ്‌ ചെയ്യുക എന്നത്‌. അപ്പോള്‍ അവര്‍ സുരക്ഷിതര്‍. ഇത്‌ ചോദ്യം ചെയ്യാനോ സ്‌പോണ്‍സറെ കോടതികയറ്റാനോ ആരും തയ്യാറാവില്ല. കാരണം അവിടുത്തെ നിയമം തന്നെ പ്രശ്‌നം. കേസിന്‌ പോയാലോ വര്‍ഷങ്ങളോളം നിയമ നടപടികള്‍ക്കായി കാത്തിരിക്കേണ്ടി വരും. അതുവരെ പരാതിക്കാരന്‍ ജയിലില്‍ കഴിഞ്ഞുകൂടുകയും വേണം. ഇതോര്‍ത്ത്‌ ആരും നിയമനടപടികളിലേക്കുമിറങ്ങാറില്ല.

സഊദി അറേബ്യയിലിപ്പോള്‍ പുതിയ വിസയൊന്നും ഇറങ്ങുന്നില്ല. ഉള്ളതോ ഹൗസ്‌ ഡ്രൈവര്‍, കൃഷിപ്പണി ഇവ ഏതെങ്കിലുമാവും. ഇതിന്റെ വിതരണക്കാരാവട്ടെ അധികവും കറക്കു കമ്പനിക്കാരാണ്‌. വമ്പന്‍ വലവിരിച്ചു കുരുക്കാന്‍ ഇഷ്‌ടം പോലെ ഏജന്‍റുമാരും. ഇടനിലക്കാര്‍ എത്രയുണ്ടോ അത്രകണ്ട്‌ വിസയുടെ റേറ്റ്‌കൂടും. അതുകൊണ്ടാണ്‌ ഇടനിലക്കാര്‍ കൈമാറികൈമാറിയെത്തിയ വിസയില്‍ മലപ്പുറം വണ്ടൂരിലെ ആ അഞ്ചംഗ സംഘവും കുരുങ്ങിയത്‌. 


വണ്ടൂരിലെ ട്രാവല്‍ ഏജന്‍സിയില്‍നിന്നാണ്‌ അഞ്ചച്ചവടിയിലെ ശിഹാബുദ്ദീനും കുഞ്ഞിമുഹമ്മദിനും കരുളായിയിലെ മുഹമ്മദ്‌ ശരീഫിനും വണ്ടൂരിലെ ഹിദായത്തിനും ഉച്ചാരക്കടവിലെ ആബിദിനും വിസ ലഭിക്കുന്നത്‌. ശിഹാബുദ്ദീനില്‍ നിന്ന്‌ ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയവര്‍ കുഞ്ഞിമുഹമ്മദില്‍ നിന്ന്‌ 1.15000 മാണ്‌വാങ്ങിയത്‌. ഇതേ വിസക്ക്‌ ആബിദ്‌ നല്‍കിയത്‌ 1,60,000 രൂപ. ഈ സംഘത്തിലെ അഞ്ചു പേരും കബളിപ്പിക്കപ്പെട്ടു. ജിദ്ദയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിസ റദ്ദാക്കിയതാണെന്നും വ്യക്തമായി. ഇവരെല്ലാവരും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. 


രണ്ട്‌ മാസവും നാലു മാസവും ആറു മാസവും ജയിലില്‍ കിടന്നാണിവര്‍ മടങ്ങിയെത്തിയത്‌. ബന്ധുക്കള്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട്‌ ജില്ലയിലെ അത്തോളിക്കാരന്‍ കെ സി അഹമ്മദാണ്‌ വിസ തന്നതെന്നും തങ്ങള്‍ നിരപരാധികളാണെന്നും പറഞ്ഞ്‌ കൈമലര്‍ത്തുകയായിരുന്നു അവര്‍.
അത്തോളിയിലെ അഹമ്മദ്‌ നേരത്തെ മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നയാളാണെന്നും ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും തട്ടിപ്പിനിരയായ അഞ്ചച്ചവടിയിലെ കുഞ്ഞിമുഹമ്മദ്‌ പറയുന്നു. ഇയാള്‍ പോലീസിനെ ഭയന്നു നാട്ടില്‍ വരാനാവാതെ ജിദ്ദയില്‍ തന്നെ തുടരുകയാണെന്നും കുഞ്ഞിമുഹമ്മദ്‌ പറയുന്നു.

പ്രതിമാസം 4000 റിയാല്‍ ശബളം ലഭിക്കുന്ന സഊദി പൗരനു ഹൗസ്‌ ഡ്രൈവറുടെ വിസ അനുവദിച്ചു കിട്ടും. 2000 റിയാല്‍മാത്രം ജവാസാത്തില്‍ അടച്ചാല്‍ മതി. അയാള്‍ക്കു സ്‌കൂളില്‍ പോകുന്ന രണ്ടുകുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി വേറെയും ഇതേ വിസ ലഭിക്കും. ഓഫീസോ മറ്റു സ്ഥാപനമോ ഉണ്ടെങ്കില്‍ അവിടേക്കും നിബന്ധനക്കു വിധേയമായി തൊഴില്‍ വിസ അനുവദിക്കും. എന്നാല്‍ ഇവിടെയെല്ലാം പണമാണ്‌ വാഴുന്നത്‌. സ്വാധീനവും സാമര്‍ഥ്യവുമുള്ളവര്‍ക്ക്‌ കയ്യിട്ടു വാരാം. അത്തരക്കാരോടൊപ്പം തോളില്‍ കയ്യിട്ട്‌ നടക്കുന്ന മലയാളികള്‍ അവ കൈക്കലാക്കുകയും പിന്നീട്‌ ഇടനിലക്കാര്‍ക്ക്‌ നല്‍കുകയുമാണ്‌ പതിവ്‌. അങ്ങനെ കടല്‍ കടന്ന മലയാളികള്‍ അവിടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തി. നാട്ടില്‍ പുതിയ ആകാശങ്ങള്‍ പണിതു. ആയിരം രൂപ പോലും ചെലവ്‌ വരാത്ത വിസയുടെ പേരില്‍ ലക്ഷങ്ങള്‍ കൊള്ള ലാഭം നേടി. എന്നിട്ടും അവക്കുവേണ്ടി ക്യൂ നില്‍ക്കാന്‍ മലയാളികള്‍ കാത്തുകെട്ടിക്കിടന്നു. അന്നതില്‍ സത്യസന്ധതയുണ്ടായിരുന്നു.
ഇന്ത്യക്കാര്‍ അറബികളുടെ വിശ്വസ്‌തരായി. മലയാളികള്‍ ഏറെപ്രിയപ്പെട്ടവരും. അവരെ നയിക്കാനും ബുദ്ധി ഉപദേശിക്കാനുംവരെ മലയാളികള്‍ വളര്‍ന്നു. ആ ദൗര്‍ബല്യത്തെ ചൂഷണം ചെയ്‌തവരിലും മലയാളിയുണ്ടായി. ഒരേ സമയം വിശ്വസ്‌തരാണെന്നു കാണിക്കാന്‍ മഹാഭൂരിപക്ഷത്തിനുമായപ്പോള്‍ പറയിപ്പിക്കപ്പെടാനും ചിലരുണ്ടായി. തട്ടിപ്പിലും വെട്ടിപ്പിലും അവരുടെ മുഖങ്ങള്‍ കണ്ടു. വിസാ തട്ടിപ്പിലും അവരും പിന്‍മുറക്കാരായി എത്തിയവര്‍ തിളങ്ങി. തലവെച്ചു കൊടുക്കുവാന്‍ എപ്പോഴും എവിടെയും ഹതഭാഗ്യരുള്ളതുകൊണ്ട്‌ ഇന്നും അത്തരക്കാര്‍ പ്രയാണം തുടരുന്നു. സഊദികളും വിസാട്രെന്റ്‌ മനസിലാക്കി. വിദേശികളേയും. അവര്‍ക്കും വിസ ഒരു കച്ചവടമായി. അവ സംഘടിപ്പിക്കാന്‍ വളഞ്ഞവഴികളൊക്കെ പയറ്റി. വില പറഞ്ഞു വില്‍ക്കാന്‍ മാത്രമല്ല കുറഞ്ഞ സമയത്തിനകം പണമുണ്ടാക്കാന്‍ വൃത്തികെട്ട എല്ലാമാര്‍ഗങ്ങളും അവര്‍ സ്വീകരിച്ചു. മനുഷ്യത്വം മരവിച്ചു പോയവര്‍ കണ്ടെത്തിയ ഏറ്റവും പുതിയ തട്ടിപ്പാണിപ്പോള്‍ അരങ്ങ്‌ വാഴുന്നത്‌. അതിനോടു പ്രതിരോധിക്കാനാവാതെ തളര്‍ന്നു പോവുകയാണിപ്പോള്‍ ഇന്ത്യക്കാരും.
ഇന്നു വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 75 ശതമാനവും സാദാ തൊഴിലാളികളാണ്‌. 23 ശതമാനം ഇടത്തരം കച്ചവടക്കാരും, വിവിധ ഉദ്യോഗങ്ങളില്‍ തുടരുന്നവരുമുണ്ട്‌. ബാക്കിയുള്ള മൂന്ന്‌ ശതമാനം മാത്രമാണ്‌ സാമാന്യം ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്നത്‌. ഇവരില്‍ സാദാ തൊഴിലാളികളായവരാണ്‌ കൂടുതലായി പീഡിപ്പിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും. ഇവരുടെ ഭാവിയാണ്‌ ഭീഷണിയുടേയും അനിശ്ചിതത്വത്തിന്റേയും വാളിനുമുന്നില്‍ തൂങ്ങിയാടുന്നത്‌.
ഇത്‌ പരിഹരിക്കപ്പെട്ടേ മതിയാവൂ. നമ്മുടെ സഹോദരങ്ങള്‍ വിദേശങ്ങളില്‍ ചതിക്കപ്പെടുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത പ്രവാസികാര്യ വകുപ്പിനുണ്ട്‌. സര്‍ക്കാരിനും, എന്നാല്‍ തങ്ങള്‍ ശരിയായ യാത്രാരേഖകളുമായാണോ യാത്രചെയ്യുന്നത്‌ എന്നു ഉറപ്പ ്‌വരുത്തേണ്ട ബാധ്യത അവരവര്‍ക്കു തന്നെയാണ്‌. പക്ഷേ അതിന്‌ പ്രവാസികാര്യ വകുപ്പ്‌ ചിലതെങ്കിലും ചെയ്‌തുകൊടുക്കേണ്ടതുമുണ്ട്‌. അതു ചെയ്യുന്നില്ല എന്നത്‌ വളരെ വ്യക്തമാണ്‌.
മാത്രമല്ല, ശരിയായ യാത്രാരേഖകളുമായി വിദേശത്തെത്തുന്ന തൊഴിലാളിയുടെ പാസ്‌പോര്‍ട്ട്‌ സൂക്ഷിക്കുന്നത്‌ സ്‌പോണ്‍സറാണ്‌. പകരം അയാള്‍ ഇഖാമയാണ്‌ നല്‍കുന്നത്‌. ഈ ഇടപാടുകളില്‍ മധ്യവര്‍ത്തികളുണ്ടാകുന്നില്ല. എംബസി അറിയുകയോ ഇടപെടുകയോചെയ്യുന്നുമില്ല. ഇതുകൊണ്ടുതന്നെ സ്‌പോണ്‍സറും തൊഴിലാളിയും തമ്മിലുണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ക്കു പോലും തൊഴിലാളി ബലിയാടാകുന്നു. ഇഖാമ പുതുക്കുക എന്ന ബാധ്യത സ്‌പോണ്‍സറുടേതായിട്ടും ഇതിന്‌ അവര്‍ ആവശ്യപ്പെടുന്ന തുകയാണ്‌ നല്‍കേണ്ടത്‌. ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാനും യഥാര്‍ഥ വിസക്കാരന്‍ അനധികൃത താമസക്കാരനല്ലെന്ന്‌ ഉറപ്പ്‌വരുത്താനും എംബസി ഇടപെട്ടേ മതിയാവൂ, 


 കുറഞ്ഞപക്ഷം എംബസി മുഖാന്തിരമേ സ്‌പോണ്‍സറും തൊഴിലാളിയും തമ്മിലെ ഉടമ്പടികള്‍ നടക്കാന്‍ പാടുള്ളൂ എന്ന നിയമം വരണം. അപ്പോഴേ വിദേശികള്‍ക്കുനിര്‍ഭയമായി തൊഴിലെടുക്കാനും തൊഴിലിനു സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയൂ. നാടിനും കുടുംബത്തിനും വേണ്ടി ചെലവഴിക്കപ്പെടേണ്ട ഒരുപാട്‌ മനുഷ്യ ജീവിതങ്ങളെ കാരാഗൃഹത്തിന്റെ ഇരുണ്ട മുറിക്കുള്ളില്‍ നിന്ന്‌ മോചിപ്പിക്കാനും കഴിയൂ. ഇനിയെങ്കിലും പ്രവാസി കാര്യ വകുപ്പും സര്‍ക്കാരും ശക്തമായനടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥക്ക്‌ കാതലായ സംഭാവന ചെയ്യുന്ന പ്രവാസികളുടെ അകാല ചരമത്തിന്‌ തന്നെ രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരും.അതിന്‌ ഇടവരുത്തണോ ?


16/8/10

രോഗങ്ങളെ സത്‌ക്കരിക്കുന്ന മലയാളികള്‍

നിങ്ങള്‍ നിങ്ങളുടെ സമ്പത്തിന്റെ മൂന്നിലൊരു ശതമാനം എന്തു ചെയ്യുന്നു?
എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ ചോദ്യം സമ്പന്നനോടും സാധാരണക്കാരോടും ദരിദ്രരോടും എല്ലാം കൂടിയാണ്‌. എല്ലാവര്‍ക്കുമുള്ള ഉത്തരം ഒന്നു തന്നെയായിരിക്കും. രോഗ പ്രതിരോധത്തിന്‌. പലരുടെ കാര്യവും ഇവിടെ ഒതുങ്ങുമോ എന്നതും സംശയമാണ്‌.

സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ്‌ ആതുരാലയങ്ങള്‍, നഗരങ്ങളിലും നാട്ടന്‍പുറങ്ങളിലും സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്ന ഡോക്‌ടര്‍മാര്‍, ചെറിയ ചെറിയ നഴ്‌സിംഗ്‌ ഹോമുകള്‍, ഹോമിയോ ഡോക്‌ടര്‍മാര്‍, പാരമ്പര്യവൈദ്യന്‍മാര്‍, മുറി വൈദ്യന്‍മാര്‍, വിഷ ചികിത്സകാരികള്‍, വ്യാജസിദ്ധന്‍മാര്‍ എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന ഏതൊരാളുണ്ടോ, അവിടേക്കെല്ലാം രോഗികളൊഴുന്നു.

മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുന്നു. ഭീമമായ കണ്‍സള്‍ട്ടിംഗ്‌ ഫീസും വിലകൂടിയ മരുന്നും വാങ്ങി മടങ്ങുന്നു. ഒരൊറ്റ ആശ്ലേഷത്തിനു വേണ്ടി ദിവസങ്ങള്‍ തന്നെ ക്ഷമയോടെ കത്തിരിക്കാനും അവര്‍ക്കു മടിയില്ല. കൂനുകള്‍ പോലെ ചികിത്സാലയങ്ങള്‍ ഉദിച്ചു പൊങ്ങുന്നു. അവയെല്ലാം പച്ചപിടിച്ച്‌ ചിറകുവിരിച്ച്‌ പറക്കുന്നു. ഈ രംഗത്ത്‌ നിലച്ചുപോകുന്ന സ്ഥാപനങ്ങളില്ലെന്നതാണ്‌ വലിയ സത്യം. വിശ്വസിച്ച്‌ മുതല്‍മുടക്കാവുന്ന ഏക ബിസിനസ്‌ സാമ്രാജ്യമെന്ന്‌ ചുരുക്കം.
മരണത്തെ കണ്ട്‌ ഞെട്ടല്‍ മാറാത്ത തുരുമ്പിച്ച ആശുപത്രി കട്ടിലുകള്‍, അമര്‍ത്തിയ വേദനകളമരാതെ അവയില്‍ നിന്നും പുറത്തേക്ക്‌ വീഴുന്ന ഞെരുക്കങ്ങള്‍, നീളന്‍വരാന്തകളുടെ വിജനമായ ഇടവഴിയില്‍ നിന്നും മരണത്തിന്റെ പിറുപിറുപ്പ്‌, ഒന്നിനു പിറകെ മറ്റൊന്നായി എത്തുന്ന രോഗികള്‍, രോഗികളുടെ മുഖവും പ്രായവും മാത്രമേ മാറുന്നൊള്ളൂ. കുഷ്‌ഠരോഗാശുപത്രികളില്‍ മെഡിക്കല്‍കോളജ്‌ ആതുരാലയങ്ങളില്‍, പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ പരിചരണ കേന്ദ്രങ്ങളില്‍, വൃദ്ധ സദനങ്ങളില്‍, പ്രതീക്ഷകളസ്‌തമിച്ചിട്ടും മരണവും മരുന്നും മണക്കുന്ന വീടുകളുടെ അകത്തളങ്ങളില്‍, എല്ലാം നാം അവരുടെ അനുഭവ ദൈന്യം പങ്കുവെക്കപ്പെടുന്നവരെ കണ്ടുമുട്ടുന്നു.

ഇത്രയധികം രോഗികളുണ്ടോ ഈ ഭൂമുഖത്ത്‌? ഇത്രയധികം ജനങ്ങള്‍ രോഗശന്തിക്കായി പ്രാര്‍ഥനകളോടെയും ഏകാഗ്രതയോടെയും വിവിധ ചികിത്സാവിധികളെ അവലംബിക്കുന്നുണ്ടോ? ജീവിത സംസ്‌കാരത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ പരിസ്ഥിതിയുടെ ഭീകരാവസ്ഥ മൂലം പുതിയ പുതിയ അസുഖങ്ങള്‍ ജനിക്കുന്നു. ആധുനിക ടെക്‌നോളജി വികസനത്തിന്റെ വിസ്‌മയകഥകള്‍ തന്നെ പറയുന്നുണ്ടെങ്കിലും ശാസ്‌ത്രത്തിനു തോല്‍പ്പിക്കാന്‍ കഴിയാത്ത അസുഖങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.

അറുനൂറ്‌ കോടി മനുഷ്യരാണ്‌ ഈ മുഖത്തുള്ളത്‌. അതില്‍ ഇരുപതു കോടിയോളം പ്രമേഹ രോഗികള്‍ തന്നെയുണ്ട്‌. ഇന്ത്യയില്‍ മാത്രം മൂന്നു കോടി പ്രമേഹ രോഗികളുണ്ട്‌. 2030ല്‍ ഇത്‌ എട്ടു കോടി വരുമെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായവും പ്രമേഹമെന്നുമാണ്‌ അന്താരാഷ്‌ട്ര പ്രമേഹ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

2010 ആകുമ്പോഴേക്കും ലോകത്തിലെ ഹൃദ്രോഗികളില്‍ പകുതിയിലധികവും ഇന്ത്യക്കാരായിരിക്കും. പശ്ചാത്യ രാജ്യങ്ങളില്‍ അറുപത്‌ വയസില്‍ താഴെയുള്ളവരുടെ ഹൃദയാഘാത മരണങ്ങള്‍ ഇരുപത്തിരണ്ടു ശതമാനമാണെങ്കില്‍ ഇന്ത്യയിലിത്‌ അമ്പത്‌ ശതമാനത്തിനു മുകളിലാണെന്ന മുന്നറിയിപ്പ്‌ തരുന്നത്‌ ലോകാരോഗ്യ സംഘടനയാണ്‌.

ഇന്ത്യയിലെ ഹൃദ്രോഗികളില്‍ 75 ശതമാനം പുകവലിക്കാരാണ്‌. ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണമായ കൊളസ്‌ട്രോളും പലപ്പോഴും നിശബ്‌ദ ഘാതകനായി മാറുന്നുണ്ട്‌.
അഞ്ചു കോടി എച്ച്‌ ഐ വി ബാധിതരുണ്ട്‌ ലോകത്ത്‌. 35 ലക്ഷം എച്ച്‌ ഐ വി ബാധിതരായ സ്‌ത്രീകളും. പതിനെട്ടിനും 30 വയസിനുമിടയിലാണ്‌ ഇവരുടെ പ്രായം. 1981 മുതല്‍ ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ എന്ന രോഗാണു മൂലം ദുരിതമനുഭവിക്കുകയും മരണത്തിന്റെ കൈയൊതുക്കത്തിലേക്ക്‌ പ്രതിവര്‍ഷം നടന്നടുക്കുകയും ചെയ്യുന്നത്‌ ലക്ഷങ്ങളാണ്‌. മനുഷ്യരാശിയുടെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്‌ടിച്ച എയ്‌ഡ്‌സ്‌ രോഗത്തിനു മുമ്പില്‍ ഇന്നും പ്രതിവിധിയില്ലാതെ പകച്ചു നില്‍ക്കാനെ വൈദ്യശാസ്‌ത്രത്തിനാകുന്നുള്ളൂ.

ലോകജനസംഖ്യയുടെ 40 ശതമാനത്തോളം ഇന്നും മലമ്പനി രോഗത്തിന്‌ അടിമകളാകുന്നു. പ്രതിവര്‍ഷം അമ്പത്‌ കോടിയോളം ജനങ്ങളെ മലമ്പനിപിടിപെടുകയും പത്തു ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ്‌ ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത്‌ ചെലവഴിച്ചിട്ടുള്ളത്‌. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും ഇന്നും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്‌നമായി ഈ രോഗം അവശേഷിക്കുന്നു.

മുപ്പതുവര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ്‌ ഈ രോഗത്തിന്റെ വ്യാപനത്തല്‍ ഇന്നുമുള്ളത്‌. പ്രതിവര്‍ഷം പന്ത്രണ്ട്‌ ലക്ഷത്തോളം ക്യാന്‍സര്‍ രോഗമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനു പുറമെ, പകര്‍ച്ചവ്യാധികളായ ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി പുതിയ പേരുകളിട്ട്‌ വിളിക്കുന്ന നിരവധി രോഗങ്ങളും ദിനം പ്രതിയെന്നോണം എത്തിക്കൊണ്ടുമിരിക്കുന്നു.

രോഗങ്ങള്‍ക്കു പഞ്ഞമില്ല, രോഗികള്‍ക്കു അവക്കുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു ക്ഷാമവുമില്ല, ജനസംഖ്യയിലെ വലിയൊരു ശതമാനവും ഇങ്ങനെ ആശുപത്രികളോടും മരുന്നുകളോടും സല്ലപിച്ചു കഴിയുന്നു. അവന്റെ അദ്ധ്വാനത്തിന്റേയും കുടുംബത്തിന്റെ വരുമാനത്തിന്റേയും വലിയൊരു പങ്ക്‌ ഇതിലേക്കു മാറ്റിവെക്കുന്നു. ദരിദ്രരും സാധാരണക്കാരും അതിനാകാതെ അന്യരുടെ കാരുണ്യത്തിനും കൈനീട്ടുന്നു. പത്രത്താളുകളില്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്ന ചിത്രങ്ങള്‍ നിറയാത്തതെന്നാണ്‌? ചികിത്സക്കുവേണ്ടി വീടും പറമ്പും പണയപ്പെടുത്തുന്നവര്‍, പലിശക്കും വട്ടിക്കും പണംകടം വാങ്ങുന്നവര്‍.

എന്നിട്ടും തികയാതെ ഇനി എന്തു ചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുന്നവര്‍, നമുക്ക്‌ ചുറ്റും ഇത്തരം മുഖച്ഛായകളുള്ളവര്‍ നൂറുക്കണക്കിനല്ലെ? എന്നാല്‍, രോഗമേതായാലും ചികിത്സ എന്ത്‌ തന്നെയായാലും ഈ സാമ്പാദ്യം ചെലവഴിക്കപ്പെടുന്നത്‌ പാഴായിപ്പോകുന്ന ശ്രമങ്ങള്‍ക്ക്‌ വേണ്ടിയായാലോ?
അതെ, അതാണ്‌ കേരളീയരിലെ വലിയൊരു വിഭാഗത്തിന്റേയും അനുഭവം. പലപ്പോഴുംചികിത്സക്കു വേണ്ടി വിനിയോഗിക്കുന്ന തുക വെറുതെയാകുന്നു. രോഗം ഏതു തന്നെയാകട്ടെ, ചികിത്സയുടെ കാര്യത്തില്‍ ഏറെ പ്രധാന്യവുമര്‍ഹിക്കുന്ന ഒന്നാണ്‌ നേരത്തെയുള്ള രോഗനിര്‍ണയം. തുടക്കത്തിലെയുള്ള ചികിത്സ. ചികിത്സയുടെ വിജയവും പരാജയവും എല്ലായ്‌പ്പോഴും അതിനെ ആശ്രയിച്ചിരിക്കും.

ക്യാന്‍സര്‍ രോഗത്തിന്റെ കാര്യം തന്നെയെടുക്കാം. രോഗം പിടിപെട്ട അവയവത്തില്‍ തന്നെ രോഗം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണ്‌ ആദ്യഘട്ടം. ഈ അവസ്ഥയില്‍ അസുഖം കണ്ടെത്തിയാല്‍ 90 ശതമാനവും ചികിത്സിച്ചു ഭേദമക്കാന്‍ കഴിയുന്നു. സമീപ അവയവങ്ങളിലേക്കു കൂടി രോഗം വ്യാപിക്കുന്ന രണ്ടാമത്തെ ഘട്ടത്തിലാണ്‌ കണ്ടെത്തുന്നതെങ്കില്‍ അറുപത്‌ ശതമാനമാളുകളിലാണ്‌ ചികിത്സ ഫലപ്രദമാകുക. ഇതും കഴിഞ്ഞുള്ള മൂന്നാമത്തെ ഘട്ടത്തില്‍ ചികിത്സ തുടങ്ങുമ്പോള്‍ പത്തു ശതമാനമാളുകള്‍ക്കേ ജീവിതത്തിലേക്ക്‌ നടന്നു കയറാന്‍സാധിക്കൂ.

എന്നാല്‍, എണ്‍പതു ശതമാനം അര്‍ബുദ രോഗികളും ആദ്യത്തെ രണ്ടു ഘട്ടം കഴിഞ്ഞേ ചികിത്സക്കെത്തൂന്നുള്ളൂ. അപ്പോഴാകട്ടെ ചികിത്സ ഫലപ്രദമല്ല തന്നെ. എന്ന്‌ കരുതി ആരും ചികിത്സ നിര്‍ത്തുന്നില്ല. സാന്ത്വനചികിത്സയില്‍ ഒതുക്കുന്നില്ല, ഉള്ളതെല്ലാം വിറ്റു പെറുക്കിയും മറ്റും നടത്തുന്ന ഈ ശ്രമങ്ങളെല്ലാം പാഴ്‌ശ്രമങ്ങളായി മാറുന്നു. എച്ച്‌ ഐ വി ബാധിതരായ ഒരാളില്‍ ആദ്യ ലക്ഷണങ്ങള്‍ ആറുമാസത്തിനിടെ കണ്ടു തുടങ്ങുന്നു. പിന്നെ ആരോഗ്യമുള്ള ഒരാളില്‍ പത്തുവര്‍ഷം വരെ കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടു കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ അയാള്‍ രോഗവാഹകനാണെന്ന്‌ തിരിച്ചറിയാനുള്ള അടയാളങ്ങളുമില്ല.

എന്നാല്‍ , കേരളത്തിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഉഷസ്‌ കേന്ദ്രങ്ങളില്‍ എച്ച്‌ ഐ വി ബാധിതര്‍ക്കുള്ള സൗജന്യ ആന്റി റിട്രോ വൈറല്‍ ചികിത്സ സ്വീകരിക്കുന്നതിലൂടെ അയാള്‍ക്ക്‌ പത്തു മുതല്‍ പതിനഞ്ച്‌ വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. രോഗം ഏത്‌ എന്നതിനേക്കാള്‍ മെച്ചപ്പെട്ട ചികിത്സ ശരീരമാവശ്യപ്പെടുന്ന സമയത്തു നല്‍കുന്നുണ്ടോ എന്നതാണ്‌ പ്രധാനം.

കേവലം ഒരു പനി വന്ന്‌ ആളുകള്‍ മരിച്ചു പോകുന്നില്ലേ, മഞ്ഞപ്പിത്തം മൂത്ത്‌ മരണംസംഭവിക്കുന്നില്ലേ... മാരകമായ രോഗങ്ങളില്‍ നിന്നും ഒരിക്കലും രക്ഷപ്പെടില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുക്കുന്നില്ലേ, ഇതെല്ലാം സംഭവിക്കുന്നതും ചികിത്സയോട്‌ രോഗികള്‍കാണിക്കുന്ന അഭിനിവേശവും അവഗണനയും കൊണ്ടുതന്നെയാണ്‌.

ആരോഗ്യത്തെക്കുറിച്ച്‌ വളരെ ശ്രദ്ധാലുക്കളാണ്‌ നമ്മള്‍. കുട്ടികളുടെ ആരോഗ്യത്തിനും വലിയ പ്രധാന്യംനല്‍കുന്നു. അവര്‍ക്ക്‌ രോഗം വരാതിരിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഒരു പനി വന്നാല്‍ നമുക്കത്‌ സഹിക്കില്ല. എന്നാല്‍, സ്വന്തം കാര്യങ്ങളില്‍ പലര്‍ക്കും ഈ ശ്രദ്ധയില്ല. അതുകൊണ്ടു തന്നെ മലയാളികള്‍ക്കിന്ന്‌ എല്ലാരോഗവും സുപരിചിതമാണ്‌. അസുഖം പിടിപെട്ടാല്‍ ഡോക്‌ടറെ ചെന്നു കാണുന്നു, വില കൂടിയ മരുന്നുകള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അതിനേക്കാള്‍ വില കൂടിയ ഉപദേശങ്ങള്‍ ഒരു ചെവിയിലൂടെ കേട്ട്‌ നിസ്സാരമായി തള്ളിക്കളയുന്നു. മിക്ക രോഗങ്ങളും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവയാണ്‌. ചിലര്‍ക്ക്‌ പാരമ്പര്യമായും പകര്‍ന്ന്‌ കിട്ടുന്നു.കാസര്‍കോട്‌ ജില്ലയിലെ പതിമൂന്ന്‌ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കശുമാവിന്‍ തോട്ടത്തിന്റെ പരിസരങ്ങളെ മരണത്താഴ്‌വര എന്നു വിളിക്കേണ്ടി വന്നത്‌ ഇവിടെ എന്‍ഡോസള്‍ഫാനെന്ന വിഷദ്രാവകം തെളിച്ചതു കൊണ്ടായിരുന്നു. ഇന്നും ഇവിടെ ജനിതക തകരാറുമായി കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നു. അംഗവൈകല്യത്തോടെ പിറക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു.

ത്വക്‌ രോഗങ്ങള്‍ കൂടുന്നു, സ്‌ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ ഉണ്ടാകുന്നു, പലര്‍ക്കും ആപത്‌കരമായ ആസ്‌തമയുണ്ട്‌. കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു. സ്‌ത്രീപുരുഷ വന്ധ്യതയും ഗര്‍ഭമലസലും മിക്ക വീടുകളുടേയും ശാപമായി മാറിയിരിക്കുന്നു. ഇവര്‍ എന്‍ഡോസള്‍ഫാന്റെ ഇരകളെങ്കില്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു തന്നെയല്ലെ, നമുക്കും പലരോഗങ്ങളും തിരിച്ചു കിട്ടിക്കൊണ്ടേയിരിക്കുന്നത്‌.

ഭക്ഷണക്കാര്യത്തില്‍ നമുക്ക്‌ ഒരു ശ്രദ്ധയുമില്ല. കിട്ടുന്നതെന്തും വാരിവലിച്ചു കഴിക്കുന്ന മലയാളീശീലത്തിന്‌ അറുതിയുണ്ടായിട്ടുമില്ല. മത്സ്യം, മാംസം,മുട്ട, എണ്ണ കൂടുതലായുപയോഗിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വര്‍ജിക്കണമെന്നാണ്‌. ആരോഗ്യ പ്രവര്‍ത്തകരും അത്‌ നിരുത്സാഹപ്പെടുത്തുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഡോക്‌ടര്‍ ഈ ശീലം ഉപേക്ഷിക്കുവാനും ആവശ്യപ്പെടുന്നുണ്ട്‌. അമിതമായ മൃഗക്കൊഴുപ്പ്‌, അച്ചാറുകളുടെ വര്‍ധിത ഉപയോഗം, എരിവ്‌, പുളി, മസാല എന്നിവയുടെ ഉപയോഗവും നന്നല്ല. മൃഗക്കൊഴുപ്പ്‌ അച്ചാറുകളുടെ ഉപയോഗം എന്നിവ ക്യാന്‍സറിന്‌ പോലും കാരണമാകുന്നു. എണ്ണയില്‍ വറുത്തവയും ബേക്കറി പലഹാരങ്ങളും തടി കൂടാന്‍ കാരണമാകുന്നു. അമിതമായി ഉറങ്ങരുത്‌. ഉച്ചയുറക്കവും തടിവര്‍ധിപ്പിക്കും, ഭക്ഷണം നിയന്ത്രിക്കാതെ വ്യായാമത്തെ മാത്രം ആശ്രയിച്ചിട്ടും കാര്യമില്ല.

എന്നാല്‍, വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്‌. ശാരീരികധ്വാനമില്ലാത്ത ജോലി ചെയ്യുന്നവരിലും വ്യായാമമില്ലാത്തവരിലും ഹൃദ്രോഗ സാധ്യത ഇരട്ടിയാണ്‌. വ്യായാമമുള്ളയാളുടെ ഹൃദയത്തിന്‌ അതില്ലാത്തയാളുടെതിനേക്കാള്‍ ഒന്നര മടങ്ങിലധികം അദ്ധ്വാനം കുറവാണ്‌ എന്നതാണ്‌ ഇതിനു കാരണം. ഹൃദയത്തിന്‌ ജോലി ഭാരം കൂടുന്നതിനനുസരിച്ച്‌ ഹൃദയപേശികള്‍ക്ക്‌ ബലക്ഷയം സംഭവിക്കുന്നുണ്ട്‌. ഇത്‌ ക്രമേണ ഹൃദയാഘാതത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ്‌.

ചുരുക്കത്തില്‍ മിക്ക രോഗങ്ങളേയും നമ്മളോ നമ്മുടെ പരിസ്ഥിതിയോ ബോധപൂര്‍വം സൃഷ്‌ടിച്ചെടുക്കുന്നവയാണ്‌. അലസത ഇതിന്റെ സാധ്യതകളെ ഊട്ടിയുറപ്പിക്കുന്നു. മഹാരോഗങ്ങളെക്കുറിച്ചും അതിന്റെ ആരംഭസൂചനകളെക്കുറിച്ചും എല്ലാവര്‍ക്കും ഏകദേശധാരണയുണ്ട്‌. എന്നാല്‍, അവ കണ്ടെത്തിയാലും രോഗനിര്‍ണയം നടത്താന്‍ തൊണ്ണൂറ്‌ശതമാനമാളുകളും ഒരുക്കമല്ല. ഈ അലംഭാവം തന്നെയണ്‌ മിക്ക രോഗങ്ങളുടേയും അവസ്ഥകളെ ഭീകരമാക്കിത്തീര്‍ക്കുന്നത്‌.

വൈകി ശ്രമിക്കുന്ന പല പ്രയത്‌നങ്ങളേയും പാഴ്‌ശ്രമങ്ങളാക്കി മാറ്റുന്നതും, ഇങ്ങനെ നിഷ്‌പ്രഭമായ ഒരു ചികിത്സക്കുവേണ്ടി നവ വിഭവശേഷിയുടെ വലിയൊരു ശതമാനമാണ്‌ പാഴാക്കിക്കളയുന്നത്‌. അതേക്കുറിച്ച്‌ ആരും ബോധവാന്‍മാരല്ല തന്നെ. ഡോക്‌ടര്‍മാരും ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ചികിത്സാ രംഗത്തും ബോധവത്‌ക്കരണ രംഗത്തും പ്രവര്‍ത്തിക്കുമ്പോഴും ഗൗരവപൂര്‍വം ആലോചിക്കേണ്ടതും സാധാരണക്കാരേയും മറ്റും ആഴത്തില്‍ ഉണര്‍ത്തിക്കേണ്ടതും ഈ കാര്യത്തെക്കുറിച്ചാണ്‌. ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതും ഇതിനാണ്‌. 

10/8/10

ഭ്രാന്ത്‌; ആരെയാണ്‌ ചങ്ങലകളില്‍ ബന്ധിക്കേണ്ടത്‌?


മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വന്‍ വീഴ്‌ചകളുടെ തനിയാവര്‍ത്തനങ്ങളില്‍ നിന്നോ കുടുംബ ബന്ധങ്ങളുടെ പൊട്ടിത്തെറികളില്‍ നിന്നോ മറ്റോ മനസ്സിന്റെ സമനില തെറ്റിപ്പോയി ചിത്തഭ്രമത്തിന്റെ തടവിലാക്കപ്പെട്ടവര്‍ സമൂഹത്തില്‍ അനവധിയാണ്‌. ജനസംഖ്യയിലെ രണ്ടു ശതമാനത്തോളം ആളുകളെങ്കിലും ഈ രോഗത്തിന്റെ വലയത്തില്‍ പെട്ട്‌ ജീവിതം ഹോമിക്കേണ്ടി വരുന്നുണ്ട്‌.
ബാല്യത്തിലോ കൗമാരത്തിലോ യൗവനാരംഭത്തിലോ ഏതെങ്കിലും തരത്തില്‍ കരള്‍ പിളര്‍ത്തിയ ഒരനുഭവം. ഇതാവാം കാരണം. ജീവ ശാസ്‌ത്ര പരമായ ഘടകങ്ങളും മസ്‌തിഷ്‌കത്തിലെ ജീവ-രാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയുമാണ്‌ അടിസ്ഥാനപരമായ കാരണമെന്നാണ്‌ വൈദ്യശാസ്‌ത്ര മതം. സാധാരണ നിലയില്‍ ഇരുപതിനും മുപ്പതിനുമിടയില്‍ തുടങ്ങുന്നു. ചിലരില്‍ നാല്‍പതാം വയസ്സിലും അറുപതിലും പ്രത്യക്ഷപ്പെടുന്നു. പാരമ്പര്യം അസുഖത്തിന്‌ ഒരു ഘടകം തന്നെയാണ്‌. സാധാരണ ഒരാളില്‍ രോഗം പിടിപെടാന്‍ സാധ്യത ഒരു ശതമാനം മാത്രമാകുമ്പോള്‍ അസുഖമുണ്ടായിരുന്ന വ്യക്തിയുടെ കുഞ്ഞുങ്ങളില്‍ തോത്‌ പത്തു ശതമാനമാണ്‌. 

ചികിത്സയുടെ പേരില്‍ മറ്റു ചികിത്സയിലെന്നതിനേക്കാള്‍ വ്യാജന്‍മാരാണ്‌ അധികവും. ബന്ധത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ പരമാവധി മൂടിവെക്കാനാവും ശ്രമം. രഹസ്യ ചികിത്‌സകളാവും തുടരുക. അപ്പോഴാണ്‌ വ്യാജന്‍മാരുടെ നീരാളിക്കൈകളില്‍ അകപ്പെടുന്നത്‌. പാലക്കാട്‌ കൊടുവായൂരിലുള്ള ഗോപാലകൃഷ്‌ണന്റെയും കുടുംബത്തിന്റെയും അനുഭവം ഇതിനുദാഹരണമാണ്‌.
അന്തരീക്ഷത്തില്‍ നിന്ന്‌ ചില അശരീരികള്‍ കേള്‍ക്കുന്നതായാണ്‌ നാല്‍പതുകാരനായ ഗോപാലകൃഷ്‌ണന്‌ ആദ്യം തോന്നിയിരുന്നത്‌. നോക്കാത്ത ചികിത്സയില്ല. ആദ്യം പ്രദേശത്തുള്ള ഒരു മന്ത്ര വാദിയെ സമീപിച്ചു. കുറെ വഴിപാടുകളും പൂജകളും നടത്തി. കാരണം ദൈവദോഷമാണെന്ന്‌ അദ്ദേഹം കണ്ടെത്തി. ചികിത്സയും വിധിച്ചു. വീടിന്റെ അടുക്കള പൊളിച്ചു പണിയണം. അതായിരുന്നു പ്രതിവിധികളിലൊന്ന്‌.
മന്ത്രവാദിക്കുള്ള ഭീമമായ `വഴിപാടും' അടുക്കള മാറ്റിപ്പണിയലും കഴിഞ്ഞപ്പോള്‍ കുടുംബം തളര്‍ന്നു. അസുഖം മാറിയില്ല. മറ്റൊരു പണിക്കരുടെ അരികിലെത്തി. അവിടെ വീടിന്റെ പൂമുഖമായിരുന്നു പ്രശ്‌നക്കാരന്‍. പൂമുഖം പൊളിച്ചു. രക്ഷയില്ല, മൂന്നാമനരികിലേക്ക്‌ ഓടി. അദ്ദേഹം കല്‍പ്പിച്ചത്‌ കിണര്‍ മൂടാനാണ്‌. ചില വഴിപാടുകളും. കുടുംബത്തിന്റെ കുടിവെള്ളം പോലും മുട്ടി. ചികിത്സക്കായി പുതിയ മേച്ചില്‍പുറങ്ങളും തേടി. അടുത്ത ചികിത്സകന്‍ വീടിന്‌ സമീപത്ത്‌ ഒരമ്പലം പണിയാന്‍ കല്‍പിച്ചു. അതും ചെയ്‌തു. പിന്നീടാണവര്‍ ഒരു മാനസികരോഗ വിദഗ്‌ധനെ സമീപിക്കുന്നത്‌. ഇന്ന്‌ ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ഡോ. പി എന്‍ സുരേഷ്‌കുമാറിന്റെ സാക്ഷ്യം.
വിവരമില്ലായ്‌മയെ വ്യാജന്‍മാര്‍ ചൂഷണം ചെയ്യുന്നു. അതില്‍ വിശ്വാസമില്ലാത്തവര്‍ക്കുപോലും പലപ്പോഴും തലവെച്ചു കൊടുക്കേണ്ടി വരുന്നു. ജനങ്ങള്‍ക്കു ബോധവത്‌കരണമാണ്‌ വേണ്ടത്‌. മാനസിക രോഗങ്ങളും പ്രഷറും പ്രമേഹവുംപോലെ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന്‌ ഇനിയും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിദഗ്‌ധന്‍ ഡോ. പി.എന്‍. സുരേഷ്‌ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്നിനുമപ്പുറം മനോരോഗ ചികിത്സയിലെ ആദ്യത്തെ ഔഷധം സ്‌നേഹമാണ്‌. കാരുണ്യവും കനിവും പരിഗണനയും കാണിക്കേണ്ടത്‌ ആദ്യം ബന്ധുക്കളാണ്‌. അവരുടെ പിന്തുണയും പൂര്‍ണ സഹകരണവും തന്നെയാണ്‌ രോഗിക്കുണ്ടാവേണ്ടത്‌. എന്നാല്‍, ഇന്നും ഇത്തരം പിന്തുണ ലഭിക്കുന്നവര്‍ കുറവാണ്‌. അസുഖം മാറിയിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വരാതെ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെ. അസുഖം മാറിയിട്ടും തിരിച്ചു പോകാന്‍ താത്‌പര്യമില്ലാത്തവര്‍ അതിലേറെ.

 വീണ്ടും ചവിട്ടിപ്പുറത്താക്കിയ ശേഷം പുനരധിവാസ കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തിയവരുമുണ്ട്‌. കോഴിക്കോട്‌ മാനസികാരോഗ്യ കേന്ദ്രത്തിനു കീഴിലെ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ അസുഖം മാറിയിട്ടും വീട്ടുകാര്‍ ഇറക്കിവിട്ട ഒരു നാല്‍പതുകാരന്‍ ഇന്നും കഴിയുന്നു.
മെഡിക്കല്‍ കോളജില്‍ നിന്നു ലാസ്റ്റ്‌ ഗ്രേഡ്‌ സര്‍വന്റായി വിരമിച്ച വൃദ്ധയുടെ അറുപതാമത്തെ വയസ്സില്‍ മനസ്സിന്റെ താളം തെറ്റി. സ്വന്തം മകന്‍ വഴിതെറ്റി പോകുന്നത്‌ കണ്ട്‌ കരള്‍ നൊന്തുപോയ ഒരമ്മയുടെ മനസ്സിന്റെ പ്രതിപ്രവര്‍ത്തനമായിരുന്നു അത്‌. ഒരു ദിവസം മകന്റെ നിഷ്‌ഠൂരമായ പീഡനങ്ങളില്‍ പരിക്കേറ്റ്‌ അവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മകന്‍ തിരിഞ്ഞു നോക്കിയില്ല. ഇവരും പുനരധിവാസ കേന്ദ്രത്തിലെ സ്ഥിരാംഗമാണ്‌. ഒരിക്കലും വീട്ടില്‍ പോകണമെന്നില്ല. ഏക മകനേയും കാണണമെന്നില്ല. വീടിന്റെ കാര്യമോ മകന്റെ പേരോ കേള്‍ക്കുമ്പോഴേക്ക്‌ അവരുടെ സമനില തെറ്റിപ്പോകും.
ലോകം അത്രയേറെ മാറിക്കഴിഞ്ഞിരിക്കുന്നു. മനസ്സിന്റെ താളം കൈവിട്ടുപോയത്‌ മകനാണെന്നോ മകള്‍ക്കാണെന്നോ പെറ്റ തള്ളയ്‌ക്കാണെന്നോ ഓര്‍ക്കാന്‍ അവര്‍ക്ക്‌ സമയമില്ല. അവര്‍ ബുദ്ധിയില്ലാതെ കാണിക്കുന്ന അരുതായ്‌മകളോട്‌ പൊറുക്കാനും സഹിക്കാനും രാജിയാകാനും മനസ്സുമില്ല. നാളെ തന്നെപോലും ഈ അവസ്ഥ കയ്യെത്തിപ്പിടിച്ചേക്കാം എന്ന വിചാരവും അലട്ടുന്നില്ല. എന്നാണിവര്‍ പാഠം പഠിക്കുക.? ആരാണിവരെ ബോധവാന്മാരാക്കുക...?
ഭ്രാന്ത്‌ മാത്രമല്ല, ഒരാളുടെ മനസ്സിന്റെ സമനില തകര്‍ത്ത്‌ അവിടെ അധികാരം നടത്തുന്നത്‌. വിഷാദ രോഗവും ഉന്‍മാദവും ഭ്രാന്തിലേക്കുള്ള കൈവഴികളാണ്‌. സമൂഹത്തില്‍ നൂറില്‍ ഒരാളെയെങ്കിലും വിഷാദ രോഗവും ഉന്മാദവും പിടികൂടുന്നുണ്ട്‌. കേരളത്തില്‍ മൂന്നു ലക്ഷം ആളുകളിലെങ്കിലും ഈ അസുഖമുണ്ട്‌. 20-30 പ്രായപരിധിക്കിടയിലുള്ളവരിലാണ്‌ അസുഖം ആരംഭിക്കുന്നത്‌. മറ്റു പ്രായക്കാരിലും കാണുന്ന അസുഖത്തിന്റെ മൂല കാരണം ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല. മദ്യാസക്തി ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്‌. മദ്യപാനം ശാരീരികവും മാനസികവുമായ ഒട്ടേറെ രോഗങ്ങളെയും സംഭാവന ചെയ്യുന്ന. അല്‍ഷിമേഴ്‌സ്‌(മറവിരോഗം) മൂലം നിരവധി മാനസിക രോഗ ലക്ഷണങ്ങളാണ്‌ ഒരാളില്‍ പ്രകടമാകുന്നത്‌. 65 വയസ്സിനു മുകളിലുള്ള 4.4 ശതമാനം ആളുകളിലാണ്‌ അല്‍ഷിമേഴ്‌സ്‌ പിടിപെടുന്നത്‌.
അമിതവൃത്തിയും അധിക ശ്രദ്ധയും (വസ്‌വാസ്‌) മറ്റൊരു മാനസിക രോ ഗമാണെന്നാണ്‌ ശാസ്‌ ത്ര മതം. ചികിത്സ ല ഭ്യ മായതും പരിഹാരം നിര്‍ദേശിക്കപ്പെടുന്നതുമാണിത്‌. എന്നാല്‍, പലര്‍ക്കുമറിഞ്ഞു കൂടാ. വിവിധ മാനസി ക രോഗങ്ങള്‍ തളര്‍ ത്തുന്നതും ആ രോഗി യെ മാത്രമല്ല അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ കൂടിയാണ്‌. സാമൂഹികവും സാമ്പത്തികവുമായി മാത്രമല്ല, ക്ഷയിപ്പിക്കുന്നത്‌. അത്രയും ജീവിതങ്ങളെ കൂടി തകര്‍ക്കുമെന്നതിനാല്‍ തുടക്കത്തിലേ ചികിത്സ ലഭ്യമാക്കുകയാണാവശ്യം. അതിന്‌ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കൂടിയേ മതിയാകൂ. 

5/8/10

സഹനത്തിന്റെ തണല്‍മരയായി എന്റെ ഉമ്മ


ഉമ്മ എനിക്കെന്നുമൊരു നോവാണ്‌. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത തനി നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും ക്ഷമയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരം. പ്രയാസങ്ങളുടെ കടത്തുതോണിയില്‍ കയറിയിട്ട്‌ ആറുപതിറ്റാണ്ടു കടന്നുപോയി. പക്ഷേ ഇന്നും ആതോണി സുരക്ഷിതമായ ഒരു തീരമണഞ്ഞുവോ..? ഇല്ലെന്നാവും ഉമ്മയുടെ ഉത്തരം. എങ്കിലും പട്ടിണിയും പരിവട്ടവും മാത്രം വിരുന്നുണ്ടുപോയിരുന്ന ആപേക്കാലത്തില്‍ നിന്ന്‌ ഏറെ ദൂരംതാണ്ടിയതിലുള്ള ആശ്വാസത്തെക്കുറിച്ച്‌ ഉമ്മ ഇടക്കിടെ പറയാറുണ്ട്‌.


അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം കൊയ്‌ത്തുപാടത്തെ ചേറിന്റേയും ചെളിയുടേയും ഗന്ധവുമായാണ്‌ ഉമ്മ ഓര്‍മകളുടെ പടിപ്പുര ഇറങ്ങി വരുന്നത്‌. സമൃദ്ധിയുടെ പൂക്കാലത്തെക്കുറിച്ച്‌ ഒരിക്കലും ഉമ്മ സ്വപ്‌നം കണ്ടിരുന്നില്ല. വലിയ വലിയ മോഹങ്ങളും ഉണ്ടായിരുന്നില്ല അവര്‍ക്ക്‌. ഉപ്പ ഓര്‍മവെക്കുമ്പോഴെ ഒരു നിത്യരോഗിയായിരുന്നു. വല്ലപ്പോഴും ഒരുജോലിക്കുപോയാല്‍ കിട്ടുന്നതിലേറെയും ഡോ.മോയീന്‍കുട്ടിയുടെ ആശുപത്രിയില്‍ കൊണ്ടുകൊടുക്കേണ്ടിവരുമായിരുന്നു. അതുകൊണ്ട്‌ ഹൈദര്‍ ഹാജിയുടെ ഞാറ്റുകണ്ടത്തിലും കൊയ്‌ത്തുപാടത്തും സ്വയം ഉരുകിയാണ്‌ ഉമ്മ ഞങ്ങളെ നെഞ്ചോട്‌ ചേര്‍ത്തത്‌.



 എന്നെ പെറ്റിട്ടതിന്റെ നാല്‍പതാം നാളില്‍ വീണ്ടും കൊയ്‌ത്തരിവാളുമായി അതേ പാടത്തേക്കിറങ്ങേണ്ടിവന്ന ഉമ്മയുടെ ഗതികേടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ കണ്ണുകളില്‍ നനവ്‌ പടരുന്നു. അതിരാവിലെ മുലപ്പാല്‍ നല്‍കിയാണ്‌ ഉമ്മ കൊയ്‌ത്തുപാടത്തേക്ക്‌ പോവുക. പിന്നെ എനിക്ക്‌ കാവലിന്‌ മൂത്ത സഹോദരിമാരുണ്ടാവും. ഉറക്കമുണര്‍ന്ന്‌ കരഞ്ഞാല്‍ എന്നെയും എടുത്തുകൊണ്ട്‌ പാടവരമ്പിലേക്ക്‌ ഓടേണ്ടത്‌ മൂത്തസഹോദരിയായിരുന്നു. കൊയ്‌ത്തു പാടത്തെ ഇടവേളകളില്‍ മാത്രം ചുരത്തുന്ന മധുരമായിരുന്നു എനിക്ക്‌ അമ്മിഞ്ഞ. അതുകൊണ്ടുതന്നെയാണ്‌ അതിനോടൊപ്പം ചേറിന്റേയും ചെളിയുടേയും ഗന്ധവും കൂടി കടന്നുവരുന്നത്‌.

ചെറിയകുട്ടിയായിരുന്നപ്പോള്‍ മാത്രമല്ല, മുതിര്‍ന്നപ്പോഴും എന്നെ നനച്ചുവളര്‍ത്തിയതിലെ പ്രധാനപങ്ക്‌മൂത്ത സഹോദരിക്കുള്ളതാണ്‌. സഹോദരിയാണെങ്കിലും എന്റെ ഉമ്മയല്ലാത്ത ഉമ്മയാണവര്‍. ഉമ്മ കാരുണ്യത്തിന്റെ തേന്‍മരമാണെങ്കില്‍ വല്യാത്ത എന്ന്‌ ഞങ്ങള്‍ വിളിക്കുന്ന മൂത്ത സഹോദരി ആശ്വാസത്തിന്റെ തണല്‍ചില്ലയായിരുന്നു. ഉപ്പയുടേയും ഉമ്മയുടേയും സ്ഥാനമാണവര്‍ ഒരേ സമയം ഏറ്റെടുത്തിരുന്നത്‌.


അന്നുമാത്രമല്ല ഇന്നും വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലം ഉമ്മക്കില്ല. ആഘോഷവേളകളില്‍പോലും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കുമ്പോഴും അല്‍പ്പം കഞ്ഞിവെള്ളത്തില്‍ ഇത്തിരിവറ്റിട്ടേ കുടിക്കൂ. ഞങ്ങളെത്ര പറഞ്ഞാലും ഉമ്മക്ക്‌ തൃപ്‌തിവരണമെങ്കില്‍ ആ കഞ്ഞിതന്നെ കുടിക്കണം. അതായിരുന്നു എന്റെ ഉമ്മ. ആ മാതൃത്വത്തിന്റെ സംതൃപ്‌തി ഞങ്ങള്‍ക്കായി പട്ടിണികിടക്കുന്നതിലായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പണികഴിഞ്ഞെത്തുന്ന ഉമ്മയുടെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി പൊതിഞ്ഞു സൂക്ഷിച്ച പലഹാരങ്ങളുണ്ടാവും. ജോലിയുള്ള വീടുകളിലെ പണികാര്‍ക്കെല്ലാം നാലുമണിചായയോടൊപ്പം നല്‍കാറുള്ള മധുര പലഹാരങ്ങള്‍.



 ഒരിക്കലും അതിന്റെ രുചിപോലും ഉമ്മ നോക്കാറില്ല. അതെല്ലാം മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി കരുതിവെക്കും. പിന്നെ രാത്രിവീടണയുമ്പോള്‍ എല്ലാം ഞങ്ങള്‍ക്കായി വീതിച്ചു നല്‍കും. രുചിയുള്ളതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മ കഴിക്കില്ല. ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. അതെല്ലാം ഞങ്ങള്‍ക്ക്‌. അത്‌ ഗള്‍ഫുകാരാരെങ്കിലും സമ്മാനമായി നല്‍കുന്ന വില കുറഞ്ഞ തുണിത്തരങ്ങളോ മറ്റോ ആയാലും ശരി. ഇപ്പോഴും പുതിയ വസ്‌ത്രങ്ങള്‍ ധരിക്കുന്നതും ഉമ്മക്കിഷ്‌ടമല്ല. ആദ്യമൊക്കെ കിട്ടാന്‍ മാര്‍ഗമില്ലാഞ്ഞിട്ടായിരുന്നുവെങ്കില്‍ പിന്നെ കിട്ടിയാലും വേണ്ടന്നായി. 


ചമഞ്ഞൊരുങ്ങി എങ്ങോട്ടെങ്കിലും പോകുന്ന ശീലവുമില്ല ഉമ്മക്ക്‌. പോക്കും വരവും എല്ലാം അത്യാവശ്യത്തിന്‌. അതുപോലെ തന്നെ രോഗങ്ങളെന്തങ്കിലും ഉണ്ടങ്കില്‍ ആശുപത്രിയിലേക്ക്‌ ഓടുന്ന പതിവില്ല. തന്റേടിയായ ഒരു സ്‌ത്രീയായിരുന്നില്ല ഉമ്മ. എങ്കിലും പ്രയാസങ്ങളെ ഉള്ളിലൊതുക്കി കണ്ണീരിനിടയിലും തളരാതിരിക്കാനുള്ള ഒരു കരുത്ത്‌ അവര്‍ക്കുണ്ടായിരുന്നു. എഴുത്തും വായനയും ഒന്നുമറിയില്ലെങ്കിലും പ്രാദേശികവാര്‍ത്തകളുടെ കലവറയായിരുന്നു ഉമ്മ. ചിലപ്പോള്‍ അവയില്‍ അന്താരാഷ്‌ട്ര വാര്‍ത്തകള്‍ വരെയുണ്ടാകും. കാര്യപ്രാപ്‌തിയില്‍ വലിയ മാര്‍ക്കൊന്നും നേടാനായിട്ടില്ലെങ്കിലും അനുഭവ പാഠങ്ങളായിരുന്നു ഉമ്മയുടെ കരുത്ത്‌.



പത്തുമക്കളെ പെറ്റിട്ടും അതില്‍ ബാക്കിയായത്‌ ആറുപേര്‍ മാത്രം. അതില്‍ രണ്ടുആണ്‍തരികളില്‍ ഇളയവനാണ്‌ ഞാന്‍. മുമ്പേ പോയവരിലൊരാളുടെ സ്‌മാരകമാണ്‌ എന്റെ പേര്‌ പോലും. എപ്പോഴും എനിക്കൊരു വേദനയാണ്‌ ഉമ്മ. ഞങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നുകരുതി സ്വന്തം ജീവിതം ഉരുക്കി തൂക്കിയ ആ ഉമ്മക്ക്‌ ജീവിതം കൊണ്ട്‌ ഇവിടെ ഉയര്‍ച്ച ഉണ്ടായി എന്ന്‌ പറയാനാവില്ല. അവര്‍ നട്ട മരങ്ങളിലെത്ര കാമ്പും കായും വിരിഞ്ഞെന്ന കണക്കെടുക്കുമ്പോള്‍ പൂര്‍ണ തൃപ്‌തി തന്നിട്ടുമില്ല. എങ്കിലും ആ ഉമ്മയുടെ മകനായി പോയതില്‍ എനിക്കെന്നും അഭിമാനമേ തോന്നിയിട്ടുള്ളൂ. നാളെ അല്ലാഹുവിന്റെ സന്നിധിയില്‍ നിന്നെങ്കിലും ഉമ്മക്ക്‌ അര്‍ഹമായ പ്രതിഫലം ലഭിക്കാതിരിക്കില്ല. ആ പ്രാര്‍ഥനയെയൊള്ളൂ എന്നും.... 

1/8/10

നാടുനീങ്ങി പേറ്റിച്ചികള്‍; സംസ്‌കൃതിയുടെ പാഠങ്ങളും


പേറ്റിച്ചികള്‍...പോയകാലങ്ങളില്‍ അവരുടെ കാര്‍മികത്വത്തിലായിരുന്നു ഓരോ ജനനവും. ഇന്ന്‌ വംശനാശം സംഭവിച്ചിരിക്കുന്നു ഈ വിഭാഗത്തിന്‌. അവരുടെ പിന്‍മുറക്കാര്‍ പോലും ആതുരാലയങ്ങളില്‍ അഭയം തേടുന്നു.അപ്പോള്‍ വിസ്‌മൃതിയിലാണ്ടത്‌ ഒരുജനവിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നു. കൈമോശം വന്നത്‌ ഒരു സംസ്‌കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്‌.


പുതിയകാലത്തില്‍ ചിന്തിക്കാന്‍പോലുമാകാത്ത ഉയരത്തിലേക്ക്‌ വൈദ്യശാസ്‌ത്രം വളര്‍ന്നിരിക്കുന്നു. പുതിയ തലമുറ അതിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിച്ച്‌ സുഖകരമായ പ്രസവങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളേയും പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒരു തലമുറ സങ്കീര്‍ണമായ ഈ പ്രതിസന്ധികളെ തരണം ചെയ്‌തത്‌ എങ്ങനെയായിരുന്നു. ഓര്‍ക്കുമ്പോള്‍ അത്‌ഭുതം തോന്നാം. വിശ്വസിക്കാന്‍ പ്രയാസം നേരിടാം. കേള്‍ക്കുമ്പോള്‍ ഭീതിയുടെ ചിറകടിയൊച്ചകള്‍ മുഴങ്ങാം.

ആ കാലത്തിന്റെ പ്രതിനിധിയായ മലപ്പുറം അഞ്ചച്ചവടിയിലെ പുതിയത്ത്‌ കുഞ്ഞീമ ഓര്‍ത്തെടുക്കുന്നു പോയകാല സ്‌മൃതികള്‍.


നാട്ടുപാതകളില്‍ വാഹനങ്ങളും വൈദ്യുതി വിളക്കുകളും വിരുന്നെത്തിയിട്ടില്ലാത്ത ഒരുകാലം. ആശുപത്രികളും ഡോക്‌ടര്‍മാരും സേവനം തുടങ്ങിയിരുന്നുവെങ്കിലും ആതുരാലയങ്ങളിലേക്ക്‌ പ്രസവാവശ്യത്തിനായി പോകാന്‍ ഭയന്നിരുന്നവര്‍. നാട്ടുവൈദ്യത്തേയും പാരമ്പര്യ ചികിത്സാ രീതികളേയും പിന്തുടര്‍ന്നവരെ പരിചരിക്കാനെത്തിയിരുന്നത്‌ പേറ്റിച്ചികളായിരുന്നു. 



ഓരോ ഗ്രാമത്തിനും സ്വന്തമായുണ്ടാകും അവര്‍. ഒസ്സാന്‍മാരും. അന്ന്‌ അങ്ങാടികളില്‍ ബാര്‍ബര്‍ ഷാപ്പുകള്‍ വന്നിട്ടില്ല. പുരുഷന്‍മാര്‍ പ്രദേശത്തുകാരുടെ തലമൊട്ടയടിക്കും. മുടിവെട്ടും. ക്ഷൗരം ചെയ്യും. കുട്ടികളുടെ സുന്നത്ത്‌ കല്യാണ കര്‍മം നടത്തും. കയ്യോ കാലോ വീണ്‌ ഒടിവോ ചതവോ പറ്റിയാല്‍ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ടവരും അവരായിരുന്നു.

പേറ്റുനോവിന്റെ ലക്ഷണങ്ങള്‍ തുടങ്ങും മുമ്പേ ബന്ധുക്കള്‍ വിളിക്കാനാളെ വിടും. നേരത്തെ ചിലര്‍ സൂചനയും തരും. നട്ടപ്പാതിരക്കാവും പലരും കടന്ന്‌ വരിക. എപ്പോഴും എവിടേക്കും പോകാന്‍ തയ്യാറായി നിന്നുകൊള്ളണം. ഇടുങ്ങിയ പാതകളിലൂടെ ഓലച്ചൂട്ടുകളോ സുറൂങ്കുറ്റികളോ വെളിച്ചം തെളിക്കും. വിദൂരങ്ങളിലാണെങ്കില്‍ പോത്തും വണ്ടികളായിരിക്കും യാത്ര. വീട്ടില്‍ നിന്നും ആണുങ്ങളാരെങ്കിലും കൂടെപോരും. മഹത്തായ ഒരുപുണ്യകര്‍മമല്ലേ ചെയ്യേണ്ടത്‌. രണ്ടു ജീവനുകള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്നു പിടയുമ്പോള്‍ ദൈവ നിയോഗംപോലെയാണവിടെ എത്തുന്നത്‌. കുലത്തൊഴില്‍ മാത്രമായിരുന്നില്ല അത്‌. ഒരു സുകൃതം ചെയ്യലായിരുന്നു. മുറുമുറുപ്പ്‌ പറഞ്ഞ്‌ പിന്തിരിഞ്ഞ്‌ നടക്കാന്‍ എങ്ങനെയാവും...?

വറുതിയുടെ കാലമാണ. പട്ടിണിയും പരിവട്ടവും വിരുന്നുണ്ടുപോയിരുന്ന പതിവുദിനങ്ങള്‍. വീടുകളിലെ വയറുകള്‍ പുലരണമെങ്കില്‍ ഈ വരുമാനവും മുഖ്യഘടകമായിരുന്നു . മൂന്നിടങ്ങഴി നെല്ല്‌. മൂന്നാഴി അരി. അതായിരുന്നു പ്രസവമെടുത്താല്‍ കിട്ടിയിരുന്ന കൂലി. ആദ്യത്തെ പ്രസവമാണെങ്കില്‍ തുണിയും കുപ്പായവും കിട്ടും ഒത്താച്ചിക്ക്‌. 


സാധാരണക്കാരുടെ വീടെങ്കില്‍ പ്രസവം കഴിഞ്ഞാല്‍ പതിനാലിന്റെ അന്ന്‌ മുടികളയാനും പോകും. അരി, തേങ്ങ, വെറ്റില ഒരിടങ്ങഴി അരി എന്നിവ തെമ്മാനം വെക്കണം. അതിനുശേഷം മൂന്നുതല പടിവെച്ച്‌ അതിന്മേല്‍ ഇരുന്ന്‌ ഇരുമ്പ്‌ കത്തികൊണ്ടാണ്‌ മുടികളയുക. സമ്പന്നവീടുകളാണെങ്കില്‍ നാല്‍പതു ദിവസവും പെണ്ണിനേയും കുട്ടിയേയും കുളിപ്പിക്കണം. മുടികളയുന്ന അന്ന്‌ ബലി ദാനമുണ്ടാകും. ഒസ്സാന്‌ തല കൊടുക്കണം. ഒത്താച്ചിക്ക്‌ വലത്തെ കൊറക്‌, പിന്നെ അരിയും തേങ്ങയും തുണിയും കുപ്പായവും നാഴി എണ്ണയും. അതായിരുന്നു നാട്ടുനടപ്പ്‌. അതിന്‌ കഴിവില്ലാത്തവര്‍ മൂന്നിടങ്ങഴി നെല്ലും മുന്നാഴി അരിയും മൂന്ന്‌ കുയ്യല്‍ (300 ഗ്രാം)എണ്ണയും നല്‍കണം. പണമായി നാല്‍പ്പതിന്റെ അന്ന്‌ മുതലാളിമാരുടെ വീടുകളില്‍ നിന്ന്‌ 50 രൂപ ലഭിക്കും. കുട്ടിയുടെ ബാപ്പാന്റെ കൂട്ടക്കാരാണ്‌ നല്‍കേണ്ടത്‌. പെണ്‍വീട്ടുകാര്‍ അതറിയില്ല. എന്നാല്‍ നാട്ടുനടപ്പുകള്‍ പലപ്പോഴും തെറ്റിപ്പോകും. അപ്പോഴും ഇല്ലായ്‌മകളോടും വല്ലായ്‌മകളോടും കലഹിക്കാറില്ല.

ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ്‌ കുഞ്ഞീമ ആദ്യമായി പ്രസവമെടുക്കാന്‍ പോകുന്നത്‌. ഉമ്മയായിരുന്നു ഗുരു. എന്നാല്‍ മുമ്പൊരിക്കലും ഉമ്മ കൂടെകൊണ്ടുപോയിട്ടില്ല. ഒറ്റക്കുപോയാണ്‌ പഠിച്ചത്‌. ആശങ്കയോടെയാണ്‌ കടന്നുചെന്നത്‌. വലിയ പ്രയാസങ്ങളൊന്നുമില്ലാതെ ആദ്യ കടമ്പ കടന്നു. എന്നാല്‍ പിന്നാലെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും പലതവണ കടന്നു വന്നു. ചില മരണങ്ങള്‍ക്കും മൂക സാക്ഷിയായി. 


അതെല്ലാം ഓര്‍ക്കുമ്പോള്‍ അറുപത്തിയെട്ടാം വയസ്സിലും അവര്‍ നടുങ്ങുന്നു. ഇതിനകം എത്ര ജന്മങ്ങള്‍ക്കാണ്‌ കാര്‍മികത്വം വഹിച്ചത്‌. എണ്ണിയിട്ടില്ല. എണ്ണിയാല്‍ ഒടുങ്ങുകയുമില്ല.
വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്‌ പ്രസവം. വൈദ്യശാസ്‌ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും ഭയപ്പാടോടെ മാത്രമെ സമീപ്പിക്കുന്നുള്ളൂ. ചില അടിയന്തര സാഹചര്യങ്ങളില്‍ കുഞ്ഞിന്റേയും മാതാവിന്റേയും ജീവന്‌ ഭീഷണിയുണ്ടാവാം.



 ആ ഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ മാതൃശിശു മരണ നിരക്ക്‌ 13913ആണ്‌. മലപ്പുറം ജില്ലയിലാണ്‌ ഇതിന്റെ തോത്‌ കൂടുതല്‍. ഈ കാലയളവില്‍ മലപ്പുറത്ത്‌ മാത്രമുണ്ടായത്‌ 3213 മരണങ്ങള്‍. അത്യാസന്ന നിലയില്‍ നിന്ന്‌ രണ്ടു ജീവനുകളെ സുരക്ഷിതരാക്കുംവരെ ഉറ്റവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പ്രവചനാതീതമാണ്‌. ഗര്‍ഭിണിയുടെ വേദനയേയും വേവലാതികളേയും അടയാളപ്പെടുത്തുവാനും പ്രയാസമാണ്‌. ഓരോ പേറ്റുനോവും പാതിമരണത്തെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌.

അവരുടെ വേദന ലഘൂകരിക്കാനും പ്രസവം വേഗത്തിലാക്കാനും എത്തുന്ന പേറ്റിച്ചികളും പ്രാര്‍ഥനകളോടെയാണ്‌ വീടിറങ്ങുന്നത്‌. ഏതു പ്രതിസന്ധിയേയും തരണം ചെയ്യേണ്ടി വന്നേക്കാം. ആപത്തുകള്‍ ഒന്നും സംഭവിക്കരുതേ എന്നുമാത്രമാണ്‌ പ്രാര്‍ഥന. പുതിയ ആളുകള്‍ പടിപ്പുര കയറിവരുമ്പോഴും പേറ്റിച്ചിയുടെ മനസും പിടക്കാന്‍ തുടങ്ങുന്നു. അതെത്ര പരിചിതരായാലും ശരി. പ്രസവം ശുഭകരമായി പര്യവസാനിക്കുമ്പോള്‍ മാത്രമേ നെഞ്ചിലെ തീ അണയുന്നുള്ളൂ. എന്നാല്‍ മനസ്‌ പതറിക്കൂടാ.ആത്മധൈര്യം കൈവിട്ടുപോകാനും പാടില്ല.


കുഞ്ഞീമയുടെ ബന്ധുതന്നെയായ ആച്ചുവിന്റെ മരണത്തിന്‌ സാക്ഷിയാവേണ്ടി വന്നതാണ്‌ ഇന്നും ഉള്ളുണര്‍ത്തുന്ന വേദനയായി അവരുടെ മനസില്‍ നിറയുന്നത്‌. അഞ്ചാമത്തെ പ്രസവമായിരുന്നു. രാത്രിവൈകിയാണ്‌ പേറ്റുനോവ്‌ തുടങ്ങിയത്‌. കുഞ്ഞീമ സ്ഥലത്തെത്തുമ്പോഴെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. 


അവര്‍ വേദനകൊണ്ട്‌ പുളയുന്നു. ആരൊക്കെയോ കാളികാവിലെ ആശുപത്രിയിലേക്ക്‌ ഡോക്‌ടറെ വിളിക്കാന്‍ പാഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക്‌ തന്നെ കൊണ്ടുപോകണ്ടായെന്ന്‌ തന്നെ ഗര്‍ഭിണി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ വയറ്‌ കീറും. അതുവേണ്ട..ഞാനിവിടെ കിടന്ന്‌ മരിച്ചോളാം... എന്നായിരുന്നു ഒടുവിലത്തേയും വാക്കുകള്‍. രാത്രിയായത്‌കൊണ്ട്‌ വീട്ടിലേക്ക്‌ വരാന്‍ ഡോക്‌ടറും കൂട്ടാക്കിയില്ല. പക്ഷേ നേരം വെളുത്തില്ല. അര്‍ധരാത്രിയില്‍ തന്നെ മരണം പടികടന്നുവന്നു. കുഞ്ഞിനേയും അമ്മയേയും കൂട്ടികൊണ്ടുപോയി. പിന്നെയും നിരവധി അപകട ഘട്ടങ്ങളില്‍ തളര്‍ന്നുപോകേണ്ടി വന്നിട്ടുണ്ട്‌. അത്യാസന്ന നിലയില്‍ കുഞ്ഞിനെ വലിച്ചൂരിയെടുത്ത്‌ കുട്ടിയേയും ഉമ്മയേയും ജീവിതത്തിലേക്ക്‌ തിരികെ നടത്തിച്ചിട്ടുമുണ്ട്‌. 


ഈ സമയത്ത്‌ കഴുത്ത്‌ കുടുങ്ങിപോകുന്നതാണ്‌ പ്രശ്‌നം സങ്കീര്‍ണമാക്കുക. വീടിന്‌ തൊട്ടടുത്ത്‌ തന്നെയുള്ള വീട്ടിലെ സ്‌ത്രീയുടെ നാല്‌ കുഞ്ഞുങ്ങള്‍ മരിച്ചു. എല്ലാത്തിലും ഇതേ പ്രശ്‌നമായിരുന്നു വിഘാതമായത്‌. ആപത്‌ ഘട്ടങ്ങളില്‍ ആരും കുറ്റപ്പെടുത്തുകയോ കുറ്റവാളികളാക്കുകയോ ചെയ്‌തിട്ടില്ല. അവരെകൊണ്ട്‌ അത്രയേ ചെയ്യാനാവൂ എന്നായിരുന്നു ആളുകള്‍ പറയുക. എന്നാല്‍ അന്ന്‌പൊക്കിള്‍ക്കൊടി മുറിച്ച ശേഷം വലുതായാല്‍ അത്‌ ഒത്താച്ചിയുടെ കുറ്റംകൊണ്ടാണെന്ന്‌ പറയുമായിരുന്നു.


 എന്നാല്‍ ഇന്ന്‌ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ പോലും പൊക്കിള്‍ക്കൊടി വലുതാകുന്നുണ്ട്‌. എന്നാല്‍ അതിലാര്‍ക്കും പരാതിയില്ലെന്നുമാണ്‌ ഇവരുടെ പരാതി.
ഇന്ന്‌ ഡോക്‌ടര്‍മാര്‍പോലും പറയുന്നത്‌ ഗര്‍ഭിണികളോട്‌ ദേഹം അനങ്ങരുതെന്നാണ്‌. പഴയകാലത്തെ ഗര്‍ഭിണികള്‍ ദേഹമനങ്ങി പണിയെടുക്കുമായിരുന്നു. അവര്‍ക്ക്‌ പ്രത്യേക പരിഗണനയോ പരിചരണമോ ലഭിച്ചിരുന്നില്ല. പ്രത്യേക ഭക്ഷണമില്ല. പത്തുമാസം തികയുംവരെ പലരും നെല്ല്‌കുത്തുകയും കൊയ്യുകയും ചെയ്‌തിരുന്നു. പ്രസവിച്ചാല്‍ നാല്‍പത്‌ ദിവസം മാത്രമേ വിശ്രമമുണ്ടായിരുന്നുള്ളൂ. എന്നാല്‍ചിലര്‍ അപ്പോഴും വീട്ടുജോലികളൊക്കെ ചെയ്യും. ആടിന്റെ ഊരയോ തലയോ കിട്ടിയാല്‍ അത്‌ വലിയ അനുഗ്രഹമായിവേണം കരുതാന്‍.

സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ്‌ ആദ്യം പുറത്തുവരേണ്ടത്‌. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരും. അപൂര്‍വമാണത്‌. ഇത്തരം സാഹചര്യങ്ങളിലാണ്‌ ഓപ്പറേഷന്‍ അനിവാര്യമാകുന്നത്‌. കുഞ്ഞിന്റെ അംഗവൈകല്യങ്ങളും പ്രസവത്തിന്‌ തടസ്സം സൃഷ്‌ടിച്ചിരുന്നു. ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടെങ്കിലും പ്രതി സന്ധി രൂക്ഷമാകുന്നു. ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക്‌ കാരണമാകും.


 19 മുതല്‍ 25 വയസ്സുവരെയാണ്‌ ആദ്യ പ്രസവത്തിന്‌ പറ്റിയ പ്രായമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ടെന്നും ഡോക്‌ടര്‍മാര്‍ വിധിക്കുമ്പോള്‍ ഈ പഴമക്കാരി അതിന്‌ മാര്‍ക്കിടില്ല. വിയോജനക്കുറിപ്പുകള്‍ പലതും രേഖപ്പെടുത്താനുമുണ്ട്‌.
ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ്‌ ശരിയായ രീതിയിലല്ലെങ്കില്‍, പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍, തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍ എല്ലാം വിഘാതങ്ങള്‍ വന്ന്‌ കുമിയുന്നു. 


എന്നാല്‍ ഇതെല്ലാം എന്തുകൊണ്ട്‌ എന്നതിനുള്ള വ്യക്തമായ മറുപടികള്‍ ഉണ്ടായിരുന്നില്ല. കാരണം ഇന്നത്തെ പ്രശ്‌നങ്ങളുടെ മുഖമായിരുന്നില്ല. നാളെയെത്തുന്ന വീട്ടിലെ പെണ്ണിന്റെ പേറ്റു നോവിന്റെ ലക്ഷണങ്ങള്‍. വേദനയുടെ സീല്‍ക്കാരം കൊണ്ട്‌ പിടയുന്നവളുടെ അടയാളങ്ങളായിരുന്നില്ല അടുത്ത ദിനം ചെല്ലുന്ന വീട്ടിലെ ഗര്‍ഭിണിയുടെ പ്രയാസങ്ങള്‍. പ്രത്യേകിച്ചൊരു പ്രശ്‌നവും കൂടാതെ വളരെ പെട്ടന്ന്‌ പ്രസവമുഖത്ത്‌ നിന്ന്‌ രക്ഷപ്പെടാനാവുന്നവരും ഉണ്ട്‌. അതെല്ലാം അവരവരുടെ പ്രായത്തേയും ശരീരഘടനയേയും ആശ്രയിച്ചിരിക്കുന്നു. ചിലര്‍ക്ക്‌ ഭാഗ്യം തുണയായി മാറുന്നു. മറ്റുള്ളവര്‍ ഗതികേടുകളുടെ യുഗങ്ങള്‍ താണ്ടുന്നു. ഓരോന്നിനും അനുഭവത്തിന്റെ പാഠപുസ്‌തകങ്ങളില്‍ നിന്നും അവര്‍ക്ക്‌ പലതും പറയാനുണ്ട്‌. പഴമക്കാരായ ഒത്താച്ചികള്‍ക്കും കാരണവത്തികള്‍ക്കുമുണ്ടായിരുന്നു ഉപദേശങ്ങളും നിര്‍ദേശങ്ങളും കൈമാറാന്‍.

പഴയ കാലത്ത്‌ ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കാന്‍പോലും ആശുപത്രിയിലേക്ക്‌ പോയിരുന്നില്ല. അത്യാസന്ന ഘട്ടങ്ങളില്‍പോലും ആശുപത്രിയെക്കുറിച്ച്‌ ആലോചിക്കാനും ഭീതിയായിരുന്നു. കുഞ്ഞീമ തന്നെ 12 തവണ പ്രസവിച്ചു. ഒരിക്കലും ആശുപത്രി വരാന്തപോലും കണ്ടില്ല. മൂന്ന്‌ കുട്ടികള്‍ മരിച്ചു. ബാക്കിയുള്ളവരെല്ലാം ഇന്നും ജീവിക്കുന്നു. അവര്‍ക്ക്‌ മക്കളും മരുമക്കളുമായി. പേറ്റുപനിമൂലം അന്നെല്ലാം പല മരണങ്ങളുമുണ്ടായിട്ടുണ്ട്‌. പ്രസവിച്ചു മൂന്നാലു ദിവസംകഴിഞ്ഞുണ്ടാകുന്ന പനിയെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ അതിനുശേഷം ഉണ്ടാകുന്ന പനിയെ പേടിക്കണം. അണു അക്രമം മൂലമായിരുന്നു ഈ പനിയുടെ വരവ്‌. അണുനാശക ഔഷധങ്ങള്‍ വിപണിയിലെത്തുംമുമ്പ്‌ പേറ്റുപനിയുണ്ടാകുന്നവരില്‍ അന്‍പത്‌ ശതമാനംപേരും മരണത്തിന്‌ കീഴടങ്ങാറായിരുന്നു പതിവെന്ന്‌ സാഹിത്യ പ്രവര്‍ത്തക സംഘം പുറത്തിറക്കിയ വിശ്വ വിഞ്‌ജാന കോശത്തില്‍ പറയുന്നുണ്ട്‌. പിന്നീട്‌ സള്‍ഫെണോ മൈഡും ആന്റി ബയോട്ടിക്കുകളും വന്നതിനുശേഷമാണ്‌ പേറ്റുപനിമൂലമുള്ള മരണം കുറഞ്ഞത്‌.

ഒടിവോ ചതവോ പറ്റിയാലുള്ള പരിശോധനയും ചികിത്സയും ഒസ്സാന്‍മാരുടേതായിരുന്നു. കുഞ്ഞീമയുടെ ഭര്‍ത്താവ്‌ പരേതനായ പുതിയത്ത്‌ അഹമ്മദ്‌ എണ്ണംപറഞ്ഞ ഒസ്സാനായിരുന്നു. കുട്ടികളുടെ സുന്നത്ത്‌ കര്‍മം നടത്തുന്നതിലും കയ്യോ കാലോ ഒടിഞ്ഞാലും അദ്ദേഹത്തിന്റെ അരികിലായിരുന്നു ഓടി എത്തിയിരുന്നത്‌. അനുഭവ പരിജ്ഞാനം കൊണ്ട്‌ അദ്ദേഹം വേഗത്തില്‍ ഒടിവിനും ചതവിനും ചികിത്സ വിധിച്ചിരുന്നു. എക്‌സറേയില്ലാത്തത്‌ കൊണ്ട്‌ പൊട്ടുള്ള ഭാഗം പിടിച്ച്‌ നോക്കും. പ്ലാസ്റ്ററിന്‌ പകരം മുളങ്കോല്‌വെച്ചാണ്‌ കെട്ടുക. കുളര്‍മാവിന്റെ തോല്‌, പച്ചയിലയും മറ്റും ചേര്‍ത്ത്‌ അരച്ചെടുത്ത പച്ചമരുന്ന്‌ തേച്ചശേഷമാണ്‌ കെട്ടുക. മൂന്നാഴ്‌ചകൊണ്ട്‌ ഏത്‌ പൊട്ടലും ശരിയാവും. ഡോക്‌ടര്‍മാരുടെ വാക്കുകളെക്കാളും വലിയ വിശ്വാസമായിരുന്നു നാട്ടുകാര്‍ക്ക്‌ അയാളെ. ഡോക്‌ടര്‍മാര്‍ ചികിത്സിച്ചിട്ട്‌ നേരെയാവാത്ത പല കേസുകളും അയാള്‍ ശരിപ്പെടുത്തിയ സംഭവങ്ങളും കുഞ്ഞീമ ഓര്‍ക്കുന്നു. എന്നാല്‍ ഈ പാരമ്പര്യത്തൊഴിലിനെ ഭര്‍ത്താവ്‌ തന്നെ ഉപേക്ഷിച്ചത്‌ കാഴ്‌ച മങ്ങി തുടങ്ങിയതോടെയാണ്‌. 


അപ്പോഴേക്കും ആശുപത്രികള്‍ സജീവമായി. കൂടുതല്‍ സൗകര്യങ്ങള്‍ കണ്‍മുന്നിലെത്തിയപ്പോള്‍ ആളുകളും അതിന്റെ പിന്നാലെ പോയി. അതില്‍ അവര്‍ക്ക്‌ പരിഭവമോ കുലത്തൊഴില്‍ അന്യം നിന്നതില്‍ വേദനയോ ഇല്ല. എങ്കിലും ആ പഴയ കാലംതന്നെയായിരുന്നു ജീവിതത്തിന്റെ സുകൃതങ്ങള്‍ എന്നുതന്നെയാണിപ്പോഴും ഈ പഴമക്കാരി പറയുന്നത്‌.