ദിവസവും അന്‍പത് രൂപ മാറ്റിവെക്കൂ...അതുവഴി നിങ്ങള്‍ക്കൊരു എ സി സ്വന്തമാക്കാം. കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്ന നട്ടുച്ചയ്ക്ക് കോഴിക്കോട്ടെ ഒരു പ്രമുഖ ഇലക്‌ട്രോണിക് സ്ഥാപനം റേഡിയോയിലൂടെ നല്‍കുന്ന പരസ്യവാചകമാണിത്. സാധാരണക്കാരേകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരസ്യം. അത്‌കൊണ്ട് തന്നെ എ സി വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് നടക്കുന്നത്. ദിനംപ്രതി അന്‍പതോളം എ സികള്‍ വരെ വിറ്റിരിക്കുന്നു ഈ സീസണില്‍ കോഴിക്കോട്ടെ വ്യാപാരികള്‍. പാലക്കാട് ജില്ലയിലും റിക്കാര്‍ഡാണ് എ സി വില്‍പ്പനയില്‍. നിത്യ വരുമാനക്കാരുടെ കണക്ക് ഇതിന് പുറത്താണ്. 17,500 മുതല്‍ മുകളിലോട്ടാണ് എയര്‍ കണ്ടീഷണറിന്റെ വില. അത് 35000 രൂപവരെ യെത്തുന്നു. ഇതിന് മധ്യത്തിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈ സീസണില്‍ എ സിയുടെ ആവശ്യക്കാരായി എത്തിയവരില്‍ എഴുപത് ശതമാനവും സാധാരണക്കാരാണന്നാണ് മാവൂര്‍ റോഡിലെ വ്യാപാരി അഷ്‌റഫ് പറയുന്നത്. വിപണിയിലെത്തുന്ന ഫാനുകളുടെ കമ്പനികളുടെ പേരുകള്‍ എണ്ണിയാലൊടുങ്ങില്ല. പ്രത്യേക പേരുകളില്ലാത്തവ വേറെയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫാന്‍ മതിയാകുന്നില്ല പാവങ്ങള്‍ക്ക് പോലും. എയര്‍ കണ്ടീഷന്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും സാര്‍വത്രികമാകുകയാണ്. ഫാനും എസിയുമില്ലാത്ത ജീവിതം ഓര്‍ക്കാന്‍ കൂടി വയ്യാതായിരിക്കുന്നു. എ സി യായാലും ഫാനായാലും രണ്ടും ആരോഗ്യത്തിന് ഹാനികരവും വിവിധ രോഗങ്ങള്‍ സംഭാവന ചെയ്യുന്നതുമാണെന്ന അറിവ് എത്ര പേര്‍ക്കുണ്ട്...?
ഭൂമിയിലെ സകല ജീവികളും ശുദ്ധവായുവാണ് ശ്വസിക്കുന്നത്. അവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ മനുഷ്യന്‍ മാത്രം ഫാനിന്റേയും എ സിയുടേയും കൃത്രിമതണുപ്പ് സ്വയം തിരഞ്ഞെടുക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടി പടലങ്ങള്‍ ഇളകി അവ ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ഇതുവഴി തുമ്മല്‍ ശ്വാസതടസ്സം, മൂക്കടപ്പ്, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നുണ്ട്. എ സി പുറത്ത് വിടുന്ന ത് ക്ലോറോ ഫ്‌ളൂറോ എന്ന കാര്‍ബണാണ്. ഇത് മാരകമാണ്. എ സി യുടേയും ഫാനിന്റേയും കീഴില്‍ ഇരിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നില്ല. അതും അപകടമാണ്.