അമ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അമ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

25/5/10

എന്താണ്‌ ഗര്‍ഭാശയം


ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഗര്‍ഭാശയത്തിന്‌ ഏകദേശം മൂന്ന്‌ ഇഞ്ച്‌ നീളവും രണ്ട്‌ ഇഞ്ച്‌ വീതിയും ഒരു ഇഞ്ച്‌ കനവും 40-50 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. യോനിക്കു ചുറ്റുമുള്ള സുദൃഢമായ പേശിവലയത്തിന്റെ സഹായത്തൂറെ നിലകൊള്ളുന്ന ഗര്‍ഭാശയം ബലമുള്ള മാംസപേശികളില്‍ നിര്‍മിക്കപ്പെട്ടതാണ്‌.

ഓരോ അണ്ഡാശയത്തിനും ശരാശരി മൂന്ന്‌ സെ മീ നീളവും അഞ്ച്‌ സെ മീ വീതിയും ഒരു സെ മീ കനവും 68 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കോര്‍ട്ടെക്‌സ്‌ എന്ന പുറംഭാഗവും മെഡുല്ല എന്ന ഉള്‍ഭാഗവും ഓരോ അണ്ഡാശയത്തിനും ഉണ്ട്‌. എല്ലാ സ്‌ത്രീകള്‍ക്കും രണ്ട്‌ അണ്ഡാശയങ്ങള്‍ ഉണ്ട്‌. എങ്കിലും ഓരോ ആര്‍ത്തവചക്രത്തിലും ഓരോ അണ്ഡാശയത്തില്‍ നിന്നും ഒരു അണ്ഡം വീതമാണ്‌ പുറപ്പെടുവിക്കുന്നത്‌. ഓരോ അണ്ഡാശയവും ഈ ജോലി മാറിമാറി ചെയ്യുന്നു. എന്നാല്‍ ചുരുക്കം ചില സ്‌ത്രീകളില്‍ രണ്ട്‌ അണ്ഡാശയങ്ങളും ഓരോ അണ്ഡങ്ങളെ പുറപ്പെടുവിക്കാറുണ്ട്‌.

അസാമാന്യ ശക്തിയുള്ള ഉള്‍ഭിത്തികളാണ്‌ ഗര്‍ഭാശയത്തിനുള്ളത്‌. ഒരു തരം ശ്‌ളേഷ്‌മ ചര്‍മം കൊണ്ട്‌ ഗര്‍ഭാശയ ഉള്ളറ മുഴുവന്‍ ആവരണം ചെയ്‌തിരിക്കുന്നു. ഓരോ ആര്‍ത്തവ ശേഷവും ഈ ഉള്‍ഭിത്തിയുടെ ചര്‍മം നേര്‍ത്തിരിക്കുകയും തുടര്‍ന്ന്‌ കട്ടി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈസ്‌ട്രോജന്റെയും പ്രോജസ്റ്ററോണിന്റെയും പ്രവര്‍ത്തന ഫലമായി ഉള്‍ഭിത്തിയുടെ ചര്‍മത്തില്‍ സൂക്ഷ്‌മ രക്തക്കുഴലുകള്‍ വര്‍ധിക്കുന്നു. ഗര്‍ഭധാരണം നടന്നാല്‍ ഭ്രൂണത്തെ സംരക്ഷിക്കാനും, ഗര്‍ഭധാരണം ഉണ്ടാകാതെ വരുമ്പോള്‍ ആര്‍ത്തവ രക്തമായി പുറത്തേക്ക്‌ തള്ളാനും ഇങ്ങനെയാണ്‌ സജ്ജീകരണങ്ങള്‍ ഉണ്ടാകുന്നത്‌. അതായത്‌ ഓരോ ആര്‍ത്തവം കഴിയുമ്പോഴും ഗര്‍ഭാശയത്തിനുള്ളില്‍ ഒരു പുതിയ അകംപാളി രൂപം കൊള്ളുന്നു.

ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ഡവാഹിനിക്കുഴലിന്‌ 10-15 സെ മീ നീളമുണ്ടായിരിക്കും. അണ്ഡാശയത്തില്‍ നിന്നും പാകമായ അണ്ഡത്തെ ഗര്‍ഭാശയത്തിലെത്തിക്കുകയാണിവയുടെ ധര്‍മം. അണ്ഡം അണ്ഡവാഹിനി വഴി ഗര്‍ഭാശയത്തിലെത്തുന്നതിനിടയില്‍ പുരുഷബീജത്തെ കണ്ടുമുട്ടുകയാണെങ്കില്‍ അവ ഒന്നിച്ച്‌ ഭ്രൂണമായിത്തീരുന്നു. ഭ്രൂണം ഗര്‍ഭാശയത്തില്‍ വളരുന്നതോടൊപ്പം ഗര്‍ഭാശയവും വികസിക്കുന്നു. 200 ദിവസങ്ങളാണ്‌ ഗര്‍ഭാശയം ഭ്രൂണത്തിന്‌ സംരക്ഷണം നല്‍കുന്നത്‌. അതിനിടയില്‍ ഭ്രൂണം ഒരു മനുഷ്യ രൂപമായി മാറുന്നു. പ്രസവത്തിനു തൊട്ടുമുമ്പ്‌ ഗര്‍ഭാശയത്തിന്‌ അവിവാഹിതയുടെ ഗര്‍ഭാശയത്തിന്റെ ഏകദേശം 20 ഇരട്ടി തൂക്കം ഉണ്ടാകുന്നു. പ്രസവത്തെത്തുടര്‍ന്ന്‌ സങ്കോചിച്ച്‌ പൂര്‍വസ്ഥിതിയെ വ്യാപിക്കാനുള്ള ശക്തിയും ഗര്‍ഭാശയത്തിനുണ്ട്‌.

കൂടുന്ന സിസേറിയന്‍
സുഖകരമായ പ്രസവം പ്രതീക്ഷിക്കുന്നവരാണ്‌ എല്ലാവരും. എന്നാല്‍ എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടിയുടെ കിടപ്പിലെ തകരാറുകള്‍, ഗര്‍ഭാശയം സങ്കോചിക്കുന്നതിലുള്ള ക്രമക്കേടുകള്‍, ഗര്‍ഭാശയ മുഴ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രസവത്തെ പ്രതികൂലമാക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ ആവശ്യമായിവരാം. ഇത്തരം ഓപ്പറേഷന്‍ സിസേറിയന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.
കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം കൂടുന്നുവെന്നാണ്‌ കണക്ക്‌. പണ്ട്‌ സിസേറിയന്‍ എന്നു കേട്ടാല്‍ ഒരു ഞെട്ടലുണ്ടായിരുന്നു. ഇന്ന്‌ ഇതൊരു ആശ്വാസമാണെത്രെ. ഇത്‌ വെറുതെ പറയുന്നതല്ല. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ തെളിയിച്ചതാണ്‌.

വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്‌ പ്രസവം. അതുകൊണ്ടുതന്നെ അവിചാരിതമായ ചില അടിയന്തര സാഹചര്യങ്ങള്‍ മൂലം കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന്‌ ഭീഷണിയുണ്ടാവാം. ഇത്തരം അവസരങ്ങളിലാണ്‌ ഗര്‍ഭപാത്രം തുറന്ന്‌ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്നത്‌.
ഒരു രാജ്യത്ത്‌ സിസേറിയന്റെ എണ്ണം 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന്‌ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പഠനപ്രകാരം 1987ല്‍ കേരളത്തില്‍ നടക്കുന്ന പ്രസവങ്ങളില്‍ 11 ശതമാനം മാത്രമായിരുന്നു സിസേറിയനുകള്‍. 1996 ആയപ്പോഴേക്കും 21 ശതമാനമായി. 98-99 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേ പ്രകാരം കേരളത്തിലെ നഗരങ്ങളില്‍ 35 ശതമാനവും ഗ്രാമങ്ങളില്‍ 29 ശതമാനവും സിസേറിയനുകള്‍ നടക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നുണ്ട്‌.

സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ്‌ ആദ്യം പുറത്തുവരേണ്ടത്‌. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തലയുടെ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരുന്നത്‌ അപൂര്‍വമാണ്‌. ഇത്തരം സാഹചര്യത്തില്‍ ഓപ്പറേഷന്‍ അനിവാര്യമാണ്‌. ശിശുവിന്റെ അംഗവൈകല്യങ്ങള്‍ പ്രസവത്തിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. പ്രസവിക്കുമ്പോള്‍ ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടായിരിക്കുക തുടങ്ങിയവയും ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക്‌ കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ്‌ ആദ്യ പ്രസവത്തിന്‌ പറ്റിയ പ്രായം. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ട്‌. പൊതുവേ സിസേറിയന്‍ ആവശ്യമായിരുന്ന ഘടകങ്ങള്‍ താഴെ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ്‌ ശരിയായ രീതിയിലല്ലെങ്കില്‍
ഗര്‍ഭിണിയുടെ പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍
തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍
ഗുരുതരമായ ടോക്‌സീമയ ഉള്ളപ്പോള്‍
ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിട്ടുള്ളപ്പോള്‍
ഗര്‍ഭിണിയുടെ അരക്കെട്ട്‌ ഇടുങ്ങിയതാകുമ്പോള്‍
ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ മുഴകള്‍ ഉണ്ടാകുമ്പോള്‍
ഗര്‍ഭപാത്രത്തിന്റെ സങ്കോചം ശരിയല്ലെങ്കില്‍
മറുപിള്ള ഗര്‍ഭാശയ സ്‌തരത്തില്‍ തടസ്സമുണ്ടാക്കുന്നെങ്കില്‍
ശിശുവിന്റെ ഹൃദയത്തുടിപ്പുകള്‍ മന്ദഗതിയിലാക്കുകയും ഉടനെ പ്രസവിക്കാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്‌താല്‍

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്‌, ഗര്‍ഭിണിയുടെ പരിചയക്കുറവ്‌ തുടങ്ങിയവ ആദ്യ പ്രസവത്തെ വിഷമകരമാക്കിയേക്കും. മാനസിക് തയ്യാറെടുപ്പാണ്‌ ഇതിനു വേണ്ടത്‌. മനഃശാസ്‌ത്രജ്ഞനെ കാണുന്നത്‌ ഗുണം ചെയ്യും.

സിസേറിയന്‍ എന്നു കേട്ടാല്‍ പലരും ഭയചകിതരായി കാണാറുണ്ട്‌. ഇതില്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. സമര്‍ഥരായ ഗൈനക്കോളജിസ്റ്റുകളും ആധുനിക സജ്ജീകരണങ്ങളും ഇന്ന്‌ ഇതൊരു വെല്ലുവിളിയല്ലാത്ത വിധം പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്‌. സ്വാഭാവിക രീതിയിലല്ലാതെ ഗര്‍ഭിണിയുടെ വയറ്‌ കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്‌ത്രക്രിയക്കാണ്‌ സിസേറിയന്‍ എന്നുപറയുന്നത്‌. രണ്ട്‌ വിധത്തില്‍ ഇതു ചെയ്യാറുണ്ട്‌. ഒന്ന്‌, ലോവര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍. രണ്ട്‌: അപ്പര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍.

അയവുള്ള വസ്‌ത്രം ധരിപ്പിച്ച്‌ ഗര്‍ഭിണിയുടെ തലമുടി രണ്ടായി ഒതുക്കിക്കെട്ടുന്നു. തല താഴ്‌ന്നും കാലുകള്‍ ഉയര്‍ന്നും ഇരിക്കത്തക്ക വിധത്തിലാണ്‌ ഗര്‍ഭിണിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കടത്തുക. ബോധം കെടുത്തിയ ശേഷമാണ്‌ ശസ്‌ത്രക്രിയ.

പൊക്കിളിന്റെ അടിഭാഗത്തു നിന്നും നേരെ കീഴോട്ട്‌ ഉദരം രണ്ടായി പിളര്‍ന്ന ഭാഗത്ത്‌ സലൈന്‍ സൊലൂഷനില്‍ മുക്കിയ തുണി വെച്ച്‌ സംരക്ഷിക്കുന്നു. ശേഷം കുടലുകള്‍ ഒരു വശത്തേക്ക്‌ മാറ്റി വയ്‌ക്കുകയും സോയന്‍സ്‌ റിട്രേക്‌ടറ്റര്‍ എന്ന ഉപകരണം കൊണ്ട്‌ പിളര്‍ന്ന ഭാഗത്തെ ഉള്‍ഭിത്തികള്‍ സാവധാനത്തില്‍ വലിച്ച്‌ വികസിപ്പിക്കുന്നു. പിന്നീട്‌ പൊരിട്ടോണിയം വിലങ്ങനെ കീറുന്നു. മൂത്രാശയം കീഴോട്ടമര്‍ത്തി വെക്കും. തുടര്‍ന്ന്‌ ഗര്‍ഭാശയത്തിന്റെ കീഴ്‌ഭാഗം ഏകദേശം ഒമ്പത്‌ സെ മീ കീറിയിട്ടാണ്‌ കുട്ടിയെ പുറത്തെടുക്കുന്നത്‌. വില്ലെറ്റ്‌ ഫോര്‍സെപ്‌സ്‌ കൊണ്ടാണ്‌ കുട്ടിയുടെ തല പിടിച്ച്‌ പുറത്തേക്കെടുക്കുന്നതും പൊക്കിള്‍ക്കൊടി കെട്ടിമുറിച്ച്‌ മറുപിള്ളയും മുന്നീര്‍ക്കൂട്ടത്തോലും നീക്കം ചെയ്യുന്നതും. ശേഷം ഗര്‍ഭാശയവും ഉദരഭാഗവും തുന്നിക്കെട്ടുന്നു. ഇതാണ്‌ ലോവര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍.

മേല്‍പറഞ്ഞ പ്രകാരം എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ്‌ അപ്പര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍ തുടങ്ങുന്നത്‌. പൊക്കാളിസ്‌ അല്‍പം മേല്‍ഭാഗം കീറിയാണ്‌ ഈ ശസ്‌ത്രക്രിയ നടത്തുന്നത്‌. ഗര്‍ഭാശയം 10 സെ മീ നീളത്തില്‍ നെടുകെ കീറി ഡോക്‌ടറുടെ ഒരു കൈ ഗര്‍ഭാശയത്തിനുള്ളില്‍ കടത്തി ശിശുവിന്റെ കാലുകള്‍ പിടിച്ച്‌ പുറത്തേക്കെടുക്കുകയാണ്‌ ചെയ്യുന്നത്‌. ശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. വിദഗ്‌ധ ഡോക്‌ടറുടെ ഉപദേശപ്രകാരം അവ ശ്രദ്ധയോടെ ചെയ്യണം.
.

4/2/10

കൂടുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം


കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പാലക്കാട്‌ മലമ്പുഴയിലും മിനിഞ്ഞാന്ന്‌ കണ്ണൂരിലെ കാടാച്ചിറയിലും ഉണ്ടായ സംഭവങ്ങളാണ്‌ ഇതില്‍ ഒടുവിലെത്തേത്‌. രണ്ട്‌ കുഞ്ഞുങ്ങളെ ഡാമിലെറിഞ്ഞ്‌ ജീവനൊടുക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു പാലക്കാട്‌ മേപ്പറമ്പ്‌ വാര്യം പറമ്പിലെ ദിലീഷിന്റെ ഭാര്യ നളിനി. ഭര്‍ത്താവിന്റെ മദ്യപാനമാണെത്രെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. നളിനിയും ഇളയകുഞ്ഞും മരിച്ചു. കാടാച്ചിറയിലെ പൊതുവാച്ചേരി സജിനാ നിവാസില്‍ സനല്‍കുമാറിന്റെ ഭാര്യ ബിന്ദു(26)വിനേയും ഏകമകള്‍ ശ്രീനന്ദ(2)യേയുമാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വയറ്റില്‍ മുഴകണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മരണത്തിലാണ്‌ രണ്ടുവയസുകാരിയായ മകളെയും ഇവര്‍ കൂടെക്കൂട്ടിയത്‌. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവുമായി 2010ലെ ആദ്യമാസം തന്നെ കഴിഞ്ഞ വര്‍ഷങ്ങളെ പിന്നിലാക്കുകയാണ്‌. ഇത്‌ ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്‌. ഒരാഴ്‌ച മുമ്പാണ്‌ കരുവാരകുണ്ടിലെ വീട്ടുകിണറ്റില്‍ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പുതിയ പ്രഭാതങ്ങളിലും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. 2004ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കുടുംബ ആത്മഹത്യകളില്‍ ഉള്‍പ്പെട്ട 46 കുഞ്ഞുങ്ങളേയും അമ്മമാര്‍ കൊലപ്പെടുത്തുകയായിരുന്നു. 2007ലെ 72 കൂട്ട മരണങ്ങളില്‍ 63കുട്ടികളേയും മാതാപിതാക്കളായിരുന്നു കൊലപ്പെടുത്തിയത്‌. ശേഷം അവരും ആത്മഹത്യ ചെയ്‌തു. 2008ല്‍ 92 കേസുകളുടെ സ്ഥിതിയും ഇതുതന്നെ.2008ലെ ആദ്യ നാലുമാസത്തിനിടെ സംസ്ഥാനത്തെ അമ്മമാരും ബന്ധുക്കളും മാത്രം കൊന്നുതള്ളിയത്‌ 45 കുഞ്ഞുങ്ങളെയാണ്‌. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയും 2008ല്‍ ഇരുപത്‌ കുഞ്ഞുങ്ങളുടെ ജീവിതമാണ്‌ കുരുതികഴിച്ചത്‌. ഇവര്‍ക്കെല്ലാം ന്യായത്തിനുവേണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. കുടുംബ കലഹം. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത്‌ ഇരുപത്‌ അമ്മമാരാണ്‌. അവിഹിത ഗര്‍ഭങ്ങളായിരുന്നു ഇവക്കുള്ള കാരണങ്ങള്‍. മാലിന്യകൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നെല്ലാം ഉറുമ്പരിച്ചും പട്ടിക്കടിച്ചും ലഭിക്കുന്ന കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു പിന്നിലും അവിഹിത ഗര്‍ഭങ്ങളുടെ കഥകള്‍ തന്നെയാണ്‌ ഏറെയും. എന്നാല്‍ അണു കുടുംബവുമായി ജീവിക്കുന്നവരിലെ സ്‌ത്രീകളാണ്‌ ഇപ്പോള്‍ ഏറെയും കുഞ്ഞുങ്ങളെകൊല്ലുന്നത്‌. ഇതാണ്‌ സാമൂഹിക പ്രവര്‍ത്തകരെയും മറ്റും ഞെട്ടിച്ചിരിക്കുന്നത്‌.സമാധാനത്തിന്റെ അഭയമായിരുന്ന കേരളീയ കുടുംബങ്ങളിലെ പൊട്ടിത്തെറികളുടെ എണ്ണം ഭീകരാമാംവിധം ഉയര്‍ന്നതിന്റെ സൂചനകളിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.നൂറുവീടുകളില്‍ 32 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത്‌ ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായിമാറുകയാണ്‌. പല പൊട്ടിത്തെറിയുടെയും കാരണം ഭര്‍ത്താക്കന്‍മാരുടെ മദ്യപാനമാണ്‌. സ്‌ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം വില്ലനായി കടന്നുവരുന്നുമുണ്ട്‌. ഭര്‍ത്താവിനോടൊ കുടുംബാഗങ്ങളോടൊ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക്‌ മുമ്പില്‍ അരിഞ്ഞുവീഴ്‌ത്താന്‍ ഇരകളായി തീരുകയാണ്‌ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഭര്‍തൃ പീഡനങ്ങള്‍ ദുസഹമാവുമ്പോഴാണ്‌ പലവീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച്‌ കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവെച്ചോ ജീവിതത്തെ തോല്‍പ്പിക്കുന്നത്‌. തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന ചിന്തയുമാണ്‌ അമ്മമാരെ കുഞ്ഞുങ്ങളേയും ആത്മഹത്യയിലേക്ക്‌ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇതേകുറിച്ച്‌ ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്‌കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ല.