22/12/13

എച്ച് ഐ വി കസവിട്ട മംഗല്യപ്പുടവകള്‍




ബദ്‌രിയ്യയില്‍ ഇപ്പോള്‍ 26 ചിത്രശലഭങ്ങള്‍. അവര്‍ ഇനിയും വരും. പൂമ്പാറ്റകളായി പറന്ന് നടന്ന് പുതിയ പൂങ്കാവനം തീര്‍ക്കും. ഈ ശലഭങ്ങളില്‍ നമുക്ക് പ്രതീക്ഷയുണ്ട്. സ്വപ്നങ്ങളുണ്ട്. അത് സാക്ഷാത്കരിക്കപ്പെടണം. ഭാവിയില്‍ അവര്‍ അനേകം ചിത്രശലഭങ്ങള്‍ക്ക് തണലൊരുക്കണം. കാളികാവിലെ ബദ്‌രിയ്യ അറബിക് കോളജില്‍ 26 അനാഥരായ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ആമുഖത്തില്‍ നിന്നാണീ വരികള്‍. പദ്ധതിക്ക് അധികൃതര്‍ നല്‍കിയ പേരാണ് ചിത്രശലഭങ്ങള്‍ എന്നത്. ജീവിതത്തിലൊരിക്കലും പിതാവിനെ കണ്ടിട്ടേയില്ലാത്തവരാണീ കുഞ്ഞുങ്ങളില്‍ ഏറെയും. ഇവര്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ അവര്‍ കടന്നു കളഞ്ഞിരിക്കുന്നു. പിന്നീട് ഇന്നുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല ചിലരെക്കുറിച്ച്. ഒരു മിഠായി പൊതിപോലും ആ കുഞ്ഞുങ്ങള്‍ക്ക് അവരില്‍ നിന്ന് ലഭിച്ചിട്ടുമില്ല. 

കുഞ്ഞു പ്രായത്തില്‍ അനാഥരായ മൂന്നുവയസ്സുകാരി റസിയയും ഫാത്തിമ വാജിദയും ആറു വയസ്സുള്ള ഷംന ഷെറിനും നാലു വയസ്സുകാരികളായ നാജിയ തസ്‌നിയും ആനിയയും നിദയും ഒക്കെയാണ് ഇവിടെയെത്തിയ  ആദ്യ പ്രതിനിധികള്‍. ഒരു വയസ്സു മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ വീടുകളില്‍ ഉമ്മമാര്‍ക്കൊപ്പം  കഴിയുന്നു. ഇവരുടെ സംരക്ഷണത്തിനായി പ്രതിമാസം നിശ്ചിത തുകയാണ് സ്ഥാപനം നല്‍കിവരുന്നത്. അവരുടെ ഉമ്മമാരില്‍ അറുപത് ശതമാനത്തെയും അന്യ നാടുകളില്‍ നിന്ന് വന്നവര്‍ വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടവരോ സംരക്ഷിക്കാന്‍ ആളില്ലാത്തവരോ ആണെന്ന് സ്ഥാപന അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിരാലംബരുടെ 
നിലവിളികള്‍

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കണമെന്ന വിവാദത്തിന്റെ അലയൊലികള്‍ ഇന്നും ഒടുങ്ങിയിട്ടില്ല. ചര്‍ച്ചകള്‍ വലിയ ബഹളം കൂട്ടിയതല്ലാതെ ഒരു തീരവുമണഞ്ഞിട്ടുമില്ല. പ്രായം നിജപ്പെടുത്തിയാലും ഇല്ലെങ്കിലും ഏറനാട്ടില്‍ പഴയ പല്ലവിക്ക് വലിയ മാറ്റം സംഭവിച്ചുവോ?. ഇല്ലെന്നാണുത്തരം. അതുകൊണ്ട് മാത്രം വിവാഹ കമ്പോളത്തില്‍ വിലയിടഞ്ഞുപോയ ഹതഭാഗ്യരെ ഏറെയും പിന്നെ കൈപ്പിടിക്കാനെത്തിയത് ഊരില്ലാ വരന്‍മാരായിരുന്നു.  പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്ന അവരെ പിന്നെ കണ്ടിട്ടേയില്ല. 
കാലം മാറുന്നതിനനുസരിച്ച് ഇവിടെ കഥകളും മാറുന്നുണ്ട്. പക്ഷേ, ചില  കുടുംബങ്ങളുടെ വിവാഹ ചിത്രങ്ങള്‍ മാത്രം മാറുന്നില്ല. കൊണ്ടാലും കൊണ്ടാലും അവര്‍ പഠിക്കുന്നില്ല. ഇത്തരക്കാരിലൂടെ മുറിവേറ്റ ജീവിതങ്ങള്‍ കാണാന്‍ ഏറനാട്ടിലൂടെ യാത്ര ചെയ്തു. ഓരോ കവലകളിലും നിര്‍ത്തി ഇരകളുടെ കണക്കെടുത്തു. നാട്ടുകാരോടും മഹല്ല് ഭാരവാഹികളോടും സംവദിച്ചു. പലരുടെയും ജീവിതം കണ്ടു അന്ധാളിച്ചു നിന്നു. അവരുടെ പ്രായം ഇരുപതില്‍ തുടങ്ങുന്നു. നാല്‍പതില്‍ ഒടുങ്ങുന്നു. ഓരോ ഇരുനൂറ് മീറ്ററിനുള്ളിലും രണ്ടോ മൂന്നോ ഇരകള്‍ ഉണ്ടിവിടെ. അവരനുഭവിക്കുന്ന സാമൂഹികദുരന്തങ്ങങ്ങളെക്കുറിച്ച് ഇന്നും സമൂഹത്തിന് ബോധ്യം വന്നിട്ടില്ല. അവരെക്കുറിച്ചൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. അവര്‍ക്കൊരു സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്കായി ശബ്ദിക്കാന്‍ ഒരു സംഘടനയും രംഗത്ത് വരുന്നതും കാണുന്നില്ല. അവരെന്താ രണ്ടാം തരം പൗരകളാണോ..?
പലരേയും നിരാശ്രയരാക്കിയതിന് പ്രതിസ്ഥാനത്ത് സമുദായത്തിന്റെയോ ബന്ധുക്കളുടെയോ ജാഗ്രതക്കുറവ് മാത്രമാണ്. പൊന്നിന് വില കൂടുകയും പെണ്ണിന് വില കുറയുകയും ചെയ്യുന്ന പുതു കാലത്തും അവസാനിക്കുന്നില്ല ഇത്തരം മണവാളന്‍മാരുടെ ഒഴുക്ക്.  അവസാനിക്കുന്നുമില്ല അവര്‍ വഴിയാധാരമാക്കിയ ജീവിതങ്ങളുടെ നിലവിളികള്‍. ഇത്തരം വിവാഹങ്ങളില്‍ പത്ത് ശതമാനം പോലും വിജയിക്കാറില്ല. അനാഥത്വം പേറുന്ന തലമുറയും അരക്ഷിതത്വത്തിലേക്ക് കൂപ്പുകുത്തുന്ന സ്ത്രീ സമൂഹവും മാത്രം ബാക്കിയാകുന്ന ഈ പ്രക്രിയ എന്നിട്ടും  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  
ഏറനാട്ടിലെ അനാഥശാലകളുടെ അകത്തളങ്ങളില്‍ എത്തിപ്പെട്ടവരില്‍ ഒരുപാടുണ്ട് ഇത്തരത്തിലുള്ളവരുടെ മക്കള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എടക്കര മുസ്ലിം ഓര്‍ഫനേജിലും കരുവാരകുണ്ട് ദാറുന്നജാത്തിലും മൈലാടിയിലെ മുസ്‌ലിം ഓര്‍ഫനേജിലെയും കഥകളും സമാനം. ഇവിടുത്തെ 14 അനാഥശാലകളില്‍ രണ്ടായിരത്തി ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നു. മലയോര മേഖലയിലെ അഞ്ച് അനാഥശാലകളില്‍ മാത്രമായി 941 കുട്ടികളുണ്ട്. ഇവരില്‍ യഥാര്‍ഥ അനാഥര്‍ അന്‍പതില്‍ താഴെയാണ്. എന്നാല്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുടെയും വിവാഹ മോചിതരുടെയും മക്കളാണ് 90 ശതമാനവും. ഇവരില്‍ അന്യ സംസ്ഥാനക്കാരും അയല്‍ ജില്ലക്കാരും ഉപേക്ഷിക്കപ്പെട്ടതിലൂടെ നിരാശ്രരായി മാറിയവരാണ് 70 ശതമാനവുമെന്ന് മൈലാടി ഓര്‍ഫനേജിലെ മാനേജര്‍ പി അബ്ദുല്ല പറയുന്നു


ഞെട്ടിപ്പിക്കുന്ന 
കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയിലെ പത്രത്താളുകള്‍ പരതിയപ്പോള്‍ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാര്‍ത്തകളുടെ എണ്ണം അറുപത്. തട്ടിപ്പ് വീരന്‍മാര്‍ അപഹരിച്ചെടുത്ത പൊന്നിന്റേയും പണത്തിന്റെയും ഏകദേശ കണക്ക് പത്ത് കോടിക്കടുത്ത്. വഴിയാധാരമാക്കിയ പെണ്‍കുട്ടികളുടെ എണ്ണം 190. അനാഥമായ കുഞ്ഞുങ്ങള്‍ 180. 
തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നത് കാഞ്ഞങ്ങാട്ടു നിന്നോ കായംകുളത്തു നിന്നോ ആകട്ടെ. കേരളത്തില്‍ എവിടെ ഒരു വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട കേസ് കേട്ടുവോ ഇരകളിലേറെയും ഏറനാട്ടില്‍ നിന്നായിരുന്നു. എവിടെ ഒരു വിവാഹ തട്ടിപ്പു വീരന്‍ പിടിയിലായോ അയാള്‍ ഏറനാട്ടിലെ അഞ്ചോ ആറോ ഇരകളെയെങ്കിലും കുരുക്കി തടിതപ്പിയവനായിരുന്നു. കരുതലില്ലായ്മകൊണ്ട് മാത്രം കബളിപ്പിക്കപ്പെടുകയായിരുന്നു അവരിലേറെപ്പേരും.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ് തയ്യാറാക്കിയ  പഠനം പങ്കുവെക്കുന്നത് കേരളത്തില്‍ വിധവകള്‍ അധികരിക്കുന്നുവെന്നാണ്. അറുപത് വയസ്സിലേറെ പ്രായമുള്ള സ്ത്രീകളില്‍ 59 ശതമാനം പേര്‍ വിധവകളാണെന്ന് ഈ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഏറനാട്ടില്‍ വിധവകളേക്കാള്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരാണുള്ളത്. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഇപ്പോള്‍ മുന്നിലുള്ള ഇരകള്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങളുടെ ശിഷ്ട ജീവിതങ്ങളാണ്. മതം നിഷിദ്ധമാക്കിയതും നിയമം വിലക്കിയതുമായ സ്ത്രീധന വേട്ടക്കാരിലൂടെ ഇരകളായി മാറാന്‍ വിധിക്കപ്പെടുകയായിരുന്നു ഇവര്‍. കാലമെത്രയോ കഴിഞ്ഞിട്ടും പുതിയ ഇരകള്‍ ഉണ്ടായി കൊണ്ടേയിരിക്കുന്നു. ഒരേ കൂരക്കുകീഴില്‍ നിന്നുപോലും അവര്‍ പുനര്‍ജനിക്കുന്നു. 
വേട്ടക്കാര്‍ക്കിത് ചൂഷണങ്ങള്‍ക്കുള്ള വലിയ അവസരം. ചിലര്‍ക്കിത് തന്നെയാണ് ജീവിതോപാധിയും. പല നാടുകളില്‍ പല പേരുകളിലായി അവര്‍ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ക്കും രണ്ടാള്‍ക്കുമല്ല അവര്‍ ഇണകളാകുന്നത്. ഒരാളെയും നാലാളുകളേയുമല്ല കബളിപ്പിക്കുന്നത്. പൊന്നും പണവും മാത്രവുമല്ല അപഹരിക്കുന്നത്. രണ്ട് ഭാര്യമാരുടെ വൃക്കയും ഒരു ഭാര്യയിലെ കുഞ്ഞിനെയും വിറ്റ് പണവുമായി കടന്നു കളഞ്ഞ ഏറ്റുമാനൂരിലെ ഇബ്‌നു എന്ന തട്ടിപ്പ് വീരനെ കഴിഞ്ഞവര്‍ഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.  36 വയസ്സിനിടെ 24 വിവാഹത്തിലൂടെ 36 മക്കളുടെ പിതാവായ മജീദും നൂറ് വിവാഹങ്ങളില്‍ പുതുമണവാളനായി പ്രത്യക്ഷപ്പെട്ട മൈസൂരിലെ സാദിഖലിയും എല്ലാം ഈ വ്യവസായത്തില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡിനുടമകളാണ്. 
ഏറനാട്ടിലെ 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രം 2012ലെ ആറ് മാസത്തിനിടെ വിവാഹ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ അറുപത് പേരും മലയാളികളായിരുന്നു.  പിടിയിലായതോ എട്ട് പേര്‍ മാത്രവും. നീതി കാത്തു കഴിയുന്ന ഇരകള്‍ക്ക്  കണക്കേയില്ല. 
അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 300 പത്ര വാര്‍ത്തകളിലായി 370 ഇരകളെ കണ്ടെത്തിയതായി കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എടുത്ത ശശികല പറയുന്നു. അവര്‍ പി എച്ച് ഡിക്കായി തിരഞ്ഞെടുത്ത വിഷയമായിരുന്നു ഇത്. 
വനിതാ കമ്മീഷന്‍ 2008ല്‍ നടത്തിയ പഠനത്തില്‍  ഇത്തരം 9721 വിവാഹങ്ങള്‍ നടന്നതായാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്ന്. 6121 വിവാഹങ്ങള്‍, അതില്‍ 90 ശതമാനവും ഏറനാട്ടില്‍ നിന്നായിരുന്നു. നിര്‍ധന കുടുംബത്തിലെ പാവപ്പെട്ട രക്ഷിതാവിന് തല്‍ക്കാലത്തെ ആശ്വാസമാകുന്ന ഈ മരുമക്കള്‍  അങ്കലാപ്പും അത്യാഹിതവുമായി മാറുന്നതിന് അധികകാലം വേണ്ടി വന്നിട്ടില്ല. അതാണ് ഇതുവരെയുള്ള പാഠങ്ങള്‍. 


ഒരു കാര്യം ഓര്‍ത്താല്‍ മതി. വിവാഹ തട്ടിപ്പുകാരെല്ലാം സമ്മേളിക്കുന്നത് മുസ്‌ലിം സമുദായക്കാര്‍ക്കിടയിലാണ്. ജാതിയും മതവും ഇല്ലാത്തവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനും ഇവിടെയെത്തുന്നു. പിടിയിലായ എട്ടില്‍ ഏഴുപേരും പത്തിലധികം ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. മോഷണവും പിടിച്ചുപറിയും കൊലപാതകവും വരെ ഉള്‍പ്പെടുന്നു അതില്‍. ഇവരാണ് വേറൊരു നാട്ടില്‍ പോയി പുതിയ ഇരയെ കുരുക്കുന്നത്. കാര്യങ്ങള്‍ നടന്ന് കാണുംവരെ അയാള്‍ സത്യസന്ധനാകുന്നു. പള്ളിയില്‍ നിസ്‌കാരത്തിന് ആദ്യമെത്തുന്നു. മഹല്ലു കമ്മിറ്റികള്‍ എത്ര ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലും അവരെ കബളിപ്പിക്കുന്നു. ഇവരെ സംരക്ഷിച്ചും ഒത്താശചെയ്തും ഇടനിലക്കാരുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ വിവാഹ വീരന്‍മാര്‍ ചെയ്തുപോയ മഹാപാപത്തിന്റെ ശമ്പളം പറ്റാന്‍ വിധിക്കപ്പെട്ടത് നിരാലംബരായ പെണ്‍കുട്ടികളാണ്. എയ്ഡ്‌സ് അടക്കമുള്ള മഹാമാരിയുടെ രൂപത്തില്‍ പോലും അവരുടെ ജീവിതം തകര്‍ത്തു തുടങ്ങിയിരിക്കുന്നു. എന്നിട്ടും നാട്ടുകാര്‍ ഉണര്‍ന്നിട്ടേയില്ല.  നേരത്തെ മൈസൂര്‍ വിവാഹങ്ങളുടെയും അന്യ ജില്ലകളില്‍ നിന്നെത്തുന്ന തട്ടിപ്പ് സംഘങ്ങളുടെയും മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ നിര്‍ബന്ധിതരായവര്‍ ഇന്ന് ബീഹാറികള്‍ക്കും ഝാര്‍ഖണ്ട് കാര്‍ക്കും ആന്ദ്ര പ്രദേശുകാര്‍ക്കുമെല്ലാം മണവാട്ടികളാകുന്ന കാഴ്ചയുമുണ്ട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍. ഇതെല്ലാം അപകടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നതിന്റെ ചെറിയൊരു ചിത്രം കിട്ടാന്‍ ഈ കണക്കുകള്‍  കേള്‍ക്കുക. 

മലപ്പുറം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 475 എച്ച് ഐ വി ബാധിതരില്‍ നാല്‍പത് പേരും തമിഴ്‌നാട്ടില്‍ നിന്ന് വന്ന് വിവാഹം കഴിച്ചവരിലൂടെ ഇരകളായവരാണ്. ഇതര ജില്ലകളില്‍ നിന്നുള്ള വിവാഹത്തിന് കഴുത്ത് നീട്ടിയതിലൂടെ 39പേര്‍ എച്ച് ഐ വി ബാധിതരായി. ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ സ്ത്രീകളില്‍ 20പേര്‍, മൈസൂര്‍ വിവാഹത്തിലൂടെ എട്ട് പേര്‍, ഗോവയില്‍ നിന്നുള്ള പുതിയാപ്ല വഴി രണ്ട് പേര്‍, കാസര്‍കോടന്‍ കല്യാണത്തിലൂടെ നാലുപേര്‍, രാജസ്ഥാന്‍ വിവാഹം വഴി മൂന്ന് പേരും ഇതേ ദുരന്തത്തിനിരയായി. 
ഇത് മലപ്പുറത്തെ പ്രത്യാശാ കേന്ദ്രത്തില്‍ മാത്രം എത്തിപ്പെട്ട കേസുകള്‍.  കോഴിക്കോട് കേന്ദ്രത്തില്‍ ആകെയുള്ള എച്ച് ഐ വി ബാധിതര്‍ 324. ഇവരില്‍ 176 പുരുഷന്‍മാരും 133 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്. ഏഴ് സ്ത്രീകള്‍ തമിഴ്‌നാട് വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതരായവരാണ്. മഹാരാഷ്ട്രക്കാരായ ഇണകളിലൂടെ നാല് പേര്‍, കര്‍ണാടകക്കാരിലൂടെ ആറ് പേരും ആന്ദ്ര വിവാഹത്തിലൂടെ നാല് പേരും ഇതര ജില്ലക്കാരായ ജീവിത പങ്കാളിയില്‍ നിന്ന് 13പേരും ഈ മഹാമാരിയുടെ ദുരന്തമുഖത്തേക്ക് നടന്നടുത്തു. ഇരകള്‍ ഇനിയുമുണ്ടാകും കാണാമറയത്ത്. 
കോഴിക്കോട് ജില്ലയില്‍ വിവാഹവീരന്‍മാരിലൂടെ ചതിയിലകപ്പെട്ടത് വഴി എച്ച് ഐ വി ബാധിതരായി തീര്‍ന്ന ഒട്ടേറെപ്പേരുണ്ടെന്ന് പറയുന്നു കോഴിക്കോട് പ്രത്യാശാ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ പുരുഷോത്തമന്‍. 
അറിഞ്ഞതിനും കേട്ടതിനും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. വിവാഹ സമയത്ത് പൊന്നിന്റെയും പണത്തിന്റെയും മാറ്റു നോക്കുകയല്ല വേണ്ടത്. തറവാടിത്വവും ജാതകവുമല്ല പരിശോധിക്കേണ്ടത്. വധൂവരന്‍മാരുടെ സ്വഭാവ ശുദ്ധിയും മുന്‍കാല ചരിത്രവുമാണ്. മൈസൂര്‍ വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതയായി തീര്‍ന്ന നിലമ്പൂരിലെ യുവതിയുടെതാണ് ഈ വാക്കുകള്‍. 
മഹല്ല് കമ്മിറ്റികള്‍ നിക്കാഹ് സമയത്ത് മഹല്ലുകളില്‍ നിന്നുള്ള കത്തല്ല ആവശ്യപ്പെടേണ്ടത്. വരന്റെയും വധുവിന്റെയും എച്ച് ഐ വി ടെസ്റ്റിന്റെ റിസള്‍ട്ടാണെന്ന് മലപ്പുറത്തെ എയ്ഡ്‌സ് വിരുദ്ധ പ്രവര്‍ത്തകനായ മുഹമ്മദ് ശരീഫ് ചൂണ്ടിക്കാട്ടുന്നു. 

വിവാഹതട്ടിപ്പിനിരയാകുമ്പോള്‍ നീതിതേടി പോകുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. എന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ മാത്രം അയല്‍ സംസ്ഥാന വിവാഹവുമായി ബന്ധപ്പെട്ട് 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറയുന്നു. എടക്കര, പോത്തുകല്ല്, നിലമ്പൂര്‍, കാളികാവ് പോലീസ് സ്റ്റേഷനുകളിലും ഇതിന്റെ തോത് ഉയരുന്നു. എന്നാല്‍ വരന്‍മാര്‍ നല്‍കുന്ന വിലാസങ്ങളില്‍ ചെന്ന് അന്വേഷിക്കുമ്പോഴാണ് അങ്ങനെയൊരു വിലാസമേയില്ലെന്നറിയുക. ഇത്തരക്കാരെ കണ്ടെത്താന്‍ വനിതാ കമ്മീഷന്‍ പോലും പല തവണ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നതാണ് വനിതാകമ്മീഷന്‍ മുന്‍ അഗം പി കെ സൈനബയുടെ സാക്ഷ്യം.

നിലമ്പൂരുപോലുള്ള പ്രദേശങ്ങളില്‍ ആയിരം വീട് പദ്ധതികള്‍ ഒരുങ്ങിയത് പെണ്‍മക്കളെ നാട്ടുനടപ്പുകള്‍ക്കൊത്ത് പറഞ്ഞയക്കാന്‍ ഒരുങ്ങിയതിലൂടെ വീടും പറമ്പുംവരെ അന്യാധീനപ്പെട്ടവരെ പുനരധിവസിക്കാനായിരുന്നു. പദ്ധതി പാതിവഴിയില്‍ തകര്‍ന്നുടഞ്ഞെങ്കിലും അത്തരം ഹതഭാഗ്യരുടെ അംഗസംഖ്യ എവിടെയും കൂടുകയാണ്.  എടക്കരയും നിലമ്പൂരും ഗൂഡല്ലൂരും കേന്ദ്രീകരിച്ച് ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്ന റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. എവിടെയുമുണ്ട്  വേട്ടക്കാര്‍. എടക്കരയിലെ ഒരു സംഘം ഏര്‍പ്പാടാക്കിയ വിവാഹം മഹിളാ സമഖ്യയിലെ പ്രവര്‍ത്തകരാണ് മുടക്കിയത്. 
വരന്റേത് നാലാം വിവാഹമായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍. ഒരു ഭാര്യയെ ഉപേക്ഷിച്ചു. മൂന്നാം ഭാര്യക്ക് ഒരുകുട്ടിയും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തിലുമുള്ള അവസരത്തിലാണ്  പുതിയ കല്യാണത്തിനെത്തിയത്. എന്നാല്‍ കല്യാണം മുടങ്ങിയപ്പോള്‍ അഭിനന്ദിക്കാനല്ല നിങ്ങളൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തില്ലേ എന്ന് പറഞ്ഞാണ് ചിലരെത്തിയതെന്ന് കോ ഓര്‍ഡിനേറ്റര്‍ സലീന വിശദീകരിക്കുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പിന്നെങ്ങനെ ബോധവത്കരണവുമായി ഇറങ്ങുമെന്നുമാണവര്‍ ചോദിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ടവരുടെ 
തലസ്ഥാനം

നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിലെ എഴുപത് ശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുടെ  അംഗസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് മഹിളാ സമഖ്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം. 
നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രം 120 സ്ത്രീകള്‍ അന്യ സംസ്ഥാനക്കാരായ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുണ്ട്. ചാലിയാര്‍, വഴിക്കടവ്, എടക്കര, ചുങ്കത്തറ, കാളികാവ് ചോക്കാട് പഞ്ചായത്തുകളിലാണ് ഇത്തരക്കാരെ കൂടുതലായി കണ്ടെത്തിയത്. ഇവരെല്ലാം അന്യ ജില്ലക്കാരിലെ ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക് മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഒന്നോ രണ്ടോ കുട്ടികളും ഉണ്ട് അവര്‍ക്കെല്ലാം. കൂടുതല്‍ പേരും ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെയാണ് ഭര്‍ത്താക്കന്‍മാര്‍ കടന്നുകളഞ്ഞത്. സര്‍വേക്ക് നേതൃത്വം നല്‍കിയ  സി സലീന പറയുന്നു. 
നിലമ്പൂര്‍ മൈലാടി മുസ്‌ലിം ഓര്‍ഫനേജിലെ കുട്ടികള്‍ ഏഴ് വര്‍ഷം മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ നടത്തിയ സര്‍വേയിലും കണ്ടെത്തിയത് വിവാഹ മോചിതരുടെയും വിധവകളുടേയും ഏറനാടന്‍ തലസ്ഥാനമാകുന്നു ചാലിയാര്‍ എന്നായിരുന്നു. സ്ഥാപനത്തിലെ അന്നത്തെ വിദ്യാര്‍ഥിനിയും ഇന്നത്തെ അധ്യാപികയുമായ മിന്‍സിയ സര്‍വേയിലെ ഒരംഗമായിരുന്നു. തൊണ്ണൂറ് ശതമാനം വീടുകളിലും ഒന്നോ രണ്ടോ പെണ്‍കുട്ടികളെ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടതായാണവിടെ കണ്ടെത്തിയത്. എരഞ്ഞിമങ്ങാട്, നമ്പൂരിപ്പൊട്ടി, എളമ്പിലാക്കോട്, മണ്ണട്ടുപാടം എന്നിവിടങ്ങളിലായിരുന്നു അവരെ കൂടുതലായും കണ്ടെത്തിയിരുന്നത്. അധ്യാപിക മിന്‍സിയയും മാനേജര്‍ പി അബ്ദുല്ലയും പറയുന്നു. 
ഈ പാഠങ്ങളെല്ലാം കണ്‍മുമ്പിലിരിക്കേയാണ് ഇതൊന്നുമറിയാതെ ഇന്നും ഇവിടെങ്ങളില്‍ അന്യ സംസ്ഥാന, അന്തര്‍ജില്ലാ വിവാഹങ്ങള്‍ കൊഴുക്കുന്നത്. അടുത്ത തലമുറയെകൂടി അരക്ഷിത ജീവിതങ്ങളിലേക്ക് ആട്ടിയോടിക്കുന്നത്. അവരുടെ മക്കളെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്.

2/12/13

പട്ടിണിയുടെ പാഠങ്ങള്‍ memmories

പട്ടിണിയുടെ പാഠങ്ങള്‍


മഴമാറി മാനം തെളിയുകയും വെയില്‍ ചിരിക്കുകയും ചെയ്യുന്നതോടെ അങ്ങാടിയില്‍ പുലിവെട്ടി ഇണ്ണിയുടെയും കുപ്പനത്ത് ഹസ്സന്റെയും കടയില്‍ ഓറഞ്ചും കരിമ്പും കമ്പവും മുന്തിരിയും വില്‍പ്പനക്കെത്തിയിട്ടുണ്ടാകും. ഇളം പച്ചയും മഞ്ഞയും നിറത്തിലുള്ള ഓറഞ്ചുകള്‍. തവിട്ട് നിറമുള്ള കരിമ്പ്. കറുപ്പും വെളുപ്പും കളറുകളിലുള്ള മുന്തിരി. അവ മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കും. അവയുടെ ഗന്ധമുയരുമ്പോള്‍ തന്നെ വായയില്‍ വെള്ളമൂറും. 
 അരികിലൂടെ പോയാല്‍ കൊതിപ്പിക്കുന്ന മണമുയരും. ഓറഞ്ച് നെടുകെ പിളര്‍ന്ന് മസാല പുരട്ടിയതിന്റെ ഒരു കഷ്ണത്തിന് പത്ത് പൈസയായിരുന്നു വില. അതിനും കൊതുപൂണ്ട് നടന്നിരുന്ന എത്രയെത്രെ നാളുകള്‍.  
ഓറഞ്ചിന്റെ ഒരു അല്ലിയൊക്കെ ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ തന്നങ്കിലായി. മധുരക്കരിമ്പിനും മുന്തിരിക്കുമൊക്കെ ഉണ്ടായിരുന്ന രുചി പിന്നീട് ജീവിതത്തില്‍ പലപ്പോഴും കഴിച്ചിട്ടുള്ള ഒരു പഴത്തിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. സ്‌കൂളിനു മുമ്പില്‍ ഒരു ചായപ്പീടികയുണ്ടായിരുന്നു. അതിന്റെ അകംപോലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. വലിയ വീട്ടിലെ കുട്ടികളൊക്കെ ഇടവേള സമയത്ത് പൊറോട്ടയും ചായയും കുടിക്കാന്‍ കയറുന്നത് കാണാം. കേക്കും മാല്‍പ്പൊരിയും സുഗീനും പൊറാട്ടയും ചില്ലിട്ട അലമാരയില്‍ നിരത്തിവെച്ചതും വിദൂരക്കാഴ്ചമാത്രമായിരുന്നു എനിക്ക്. ഒരിക്കലെങ്കിലും അതിനകത്തൊന്ന് കയറണമെന്നും അവയൊന്ന് കഴിക്കണമെന്നതും പൂര്‍ത്തീകരിക്കാനാകാത്ത സ്വപ്നം മാത്രമായി ശേഷിച്ചു.

കളിയുടെ ലോകത്ത് തീവ്രമായ ആവേശം ഫുട്‌ബോളിനോടായിരുന്നു. സ്‌കൂളിലും വീട്ടിലും പമ്പരമേറ്, ഗോട്ടികളി, കുട്ടീം കോലും, കള്ളനും പോലീസും, സാറ്റ് കളി,  തായംകളി  ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നുവെങ്കിലും ഫുട്‌ബോള്‍ തന്നെയായിരുന്നു രാജകീയമായ കളി. 
ആണ്ടിലൊരിക്കല്‍ നടക്കുന്ന പ്രദേശത്തിന്റെ ജനകീയോത്സവമായ എന്‍ എസ് സി ഫുട്‌ബോള്‍മേള ഞങ്ങള്‍ക്കും ആഘോഷമായിരുന്നു. സ്‌കൂള്‍ മൈതാനത്തിന് ചുറ്റും ഓലകൊണ്ട് മറച്ചിരിക്കും. പരിയങ്ങാട് റോഡിലും നാല് അതിര്‍ത്തികളിലും ടിക്കറ്റ് വില്‍പ്പന കൗണ്ടറുകളുണ്ടാകും. വൈകുന്നേരത്തോടെ സംഘാടകര്‍ കൗണ്ടറിനു മുമ്പില്‍ ബെഞ്ചുകളിട്ട് അതിലിരിപ്പുറപ്പിക്കും. ഉച്ചഭാഷിണിയില്‍ നിന്ന് ഇമ്പമുള്ള പാട്ടുകള്‍ ഒഴുകുന്നതിനിടെ അനൗണ്‍സ്‌മെന്റ് മുഴങ്ങും. 
രണ്ട് രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 50 പൈസ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷനുണ്ട്. 25 പൈസ. പക്ഷേ, അത് തന്നെ എവിടെ നിന്ന്. ഒരു ദിവസം പോരല്ലോ. കയ്യില്‍ പൈസയില്ലെങ്കിലും എന്നും ടിക്കറ്റ് കൗണ്ടറിനരികില്‍ ചെന്ന് നില്‍ക്കും. കളി തുടങ്ങിക്കഴിഞ്ഞാല്‍ കുട്ടികളെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ചില വളണ്ടിയര്‍മാരെത്തും. പത്തു പൈസ കൊടുത്താലും ചിലപ്പോള്‍ കടത്തിവിടും. അതും ഉണ്ടാകില്ല എന്റെ കയ്യില്‍. എന്ന് കരുതി കളികാണാന്‍ ചെല്ലാതിരിക്കുകയൊന്നുമില്ല. ഒരു പ്രതീക്ഷയാണ്. കരുണയുള്ള ആരെങ്കിലുമൊക്കെ അകത്തേക്ക് കയറ്റിവിടുമെന്ന പ്രതീക്ഷ. അവസാനം അത് സംഭവിക്കുമ്പോഴേക്കും കളിയുടെ ആവേശവും ആര്‍പ്പുവിളികളുമൊക്കെ അടങ്ങിയിട്ടുണ്ടാകും. നാളെ എന്തായാലും പൈസയുമായി വന്നെങ്കിലേ കടത്തിവിടൂ എന്ന് സംഘാടകര്‍ അന്ത്യശാസനം തന്നിരിക്കും. എന്നാലും പിറ്റേ ദിവസവും ചെല്ലും വെറും കയ്യോടെ. രണ്ടോ മൂന്നോ കൗണ്ടര്‍ ഉള്ളതിനാല്‍ ഇന്ന് ചെന്നിടത്താകില്ല നാളെ എത്തുക. അവരും അവസാനം വെറുതെ കടത്തിവിടുമ്പോഴും ഇതുതന്നെ ആവര്‍ത്തിക്കും. നാളെ ഉറപ്പായും കൊണ്ട് വരണം. പക്ഷേ, ഒരിക്കലും ആ ഉറപ്പ് പാലിക്കാന്‍ എനിക്കായിരുന്നില്ല.

മുത്തന്‍ തണ്ട് മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ പ്രധാന നടത്തിപ്പുകാരനായിരുന്നു എളായി കാരി. അയാള്‍ വൈകുന്നേരമായാല്‍ റോഡിലൂടെ കടന്നുപോകുന്നത് കാണാം. കറുത്തേനിയിലെ കള്ള് ഷാപ്പിലേക്കാണായാത്ര. തിരികെ വരുന്നത് നാലു കാലിലാകും. അദ്ദേഹത്തെ കബളിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു വിനോദം.
ഞാന്‍, അയല്‍വാസി ശിഹാബ്, ബന്ധുക്കളായ ചെറിയാപ്പ, കുഞ്ഞാപ്പു, അന്‍വര്‍, കാസിം. 
അന്ന് കടകളില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞ് തന്നിരുന്നത് തേക്കിലയിലായിരുന്നു. പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും പ്രചാരത്തിലായിട്ടില്ല. ശര്‍ക്കരയും മല്ലിയും മുളകും മീനുമെല്ലാം പൊതിഞ്ഞിരുന്നത് തേക്കിലയില്‍ തന്നെ. കടകളില്‍ തേക്കില ഒടിച്ചുകൊണ്ടുകൊടുത്താല്‍ ഒരു രൂപയോ ഒന്നരരൂപയോ കിട്ടുമായിരുന്നു. നടു റോഡില്‍ ഒരു തേക്കില പൊതി കണ്ടാല്‍ ആരും എടുത്തുപോകും. ആരോ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണുപോയതാണെന്നേ കരുതൂ. കാരിയേട്ടന്‍ തിരികെ വരുമ്പോള്‍ റോഡില്‍ ഒരു പൊതി വീണു കിടപ്പുണ്ടാകും. ഞങ്ങള്‍ പതുങ്ങി നില്‍ക്കും. അതെടുത്ത് വേച്ച് വേച്ച് പോകുന്നത് കണ്ട് പിന്നെ ഊറി ചിരിക്കും. ഞങ്ങളെ അയാള്‍ കാണാറില്ല. ആ പൊതി ചെറിയാപ്പയുടെ സംഭാവനയായിരിക്കും. 
അതില്‍ ചത്ത ഓന്ത്, എലി, അല്ലെങ്കില്‍ മണ്ണ്, കല്ല് ഇവയേതുമാകാം. എല്ലാ ദിവസവും പൊതി എടുത്തേ കാരിയേട്ടന്‍  മടങ്ങൂ. അതെന്താണ് ചെയ്യാറെന്നറിയില്ല. പല ദിവസവും പല സ്ഥലത്താണ് പൊതി പ്രത്യക്ഷപ്പെടുക. പല വലിപ്പത്തില്‍. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാളത് എടുക്കാതെ കടന്നുപോയി. 
എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. 
കല്ലും മണ്ണും പൊതിഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് ബോധ്യമായപ്പോള്‍ ചെറിയാപ്പ അടവൊന്നുമാറ്റി. അന്ന് റോഡിലിട്ടത് മലം പൊതിഞ്ഞായിരുന്നു.! അന്നത് കാരിയേട്ടന്‍ എടുത്തുകൊണ്ടുപോകുക തന്നെ ചെയ്തു. പിറ്റേന്നായിരുന്നു അതിന്റെ പുകില്‍. വീട്ടില്‍ വന്ന് കയറുമ്പോള്‍ ബാപ്പ നിന്ന് തിളക്കുന്നു. കാരിയേട്ടന്റെ ഭാര്യ അമ്മച്ചി പരാതിയുമായി എത്തിയിരിക്കുന്നു. ആ വിചാരണയില്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞു. ബാപ്പ എനിക്ക് അന്ത്യശാസനം നല്‍കി. ചെറിയാപ്പയേയും താക്കീത് ചെയ്തുവെന്നാണ് ഓര്‍മ.

സ്‌കൂളില്‍ ഏഴാം തരം കഴിഞ്ഞപ്പോള്‍ ചെറിയാപ്പയെ വല്യാപ്പ (അളിയാക്ക)പള്ളി ദര്‍സില്‍ അയച്ച് മോല്യേരുട്ടിയാക്കാന്‍ തീരുമാനിച്ചു.  
അവന്റെ കുരുത്തക്കേടുകള്‍ പലപ്പോഴും വീട്ടുകാര്‍ക്കൊരു തലവേദനയായിരുന്നു. വീട്ടിലെ അണ്ടി പെറുക്കികൊടുത്താല്‍ (കശുവണ്ടി)വട്ടച്ചെലവിനുള്ള കൂലികൊടുക്കും അളിയാക്ക. അണ്ടി തന്നെയാണ് കൂലിയായി കൊടുക്കുക. പലപ്പോഴും ഞാനും അവനെ സഹായിച്ചിരുന്നു. എന്നാല്‍ ആ കൂലികൊണ്ട് അവന്‍ തൃപ്തനായില്ല. അപ്പോള്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിക്കും. അണ്ടി മോഷണം തന്നെ. അറിഞ്ഞാല്‍ കുഴപ്പമാണ്. വഴക്കുപറയും. ഇക്കാക്ക ബാപ്പു കയ്യോടെ പിടികൂടി മണ്ടക്കിട്ട് മേടും. എത്രവഴക്ക് കേട്ടാലും മണ്ടക്ക് മേട്ടം കിട്ടിയാലും ചെറിയാപ്പക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. അവന്‍ അണ്ടിക്കടത്തിന് പുതിയ വഴികള്‍ കണ്ടെത്തി. 
അരയിലും മടിക്കുത്തിലും വെച്ച് കടത്തുന്ന രീതികളാണ് പലപ്പോഴും പിടിക്കപ്പെട്ടത്. അപ്പോഴാണ് വായയില്‍ കുത്തിനിറച്ചും അണ്ടിപ്പന്ത് നിര്‍മിച്ചും ന്യൂതന വിദ്യ കണ്ടു പിടിച്ചത്. ഞങ്ങളും നിശബ്ദരായി അതിനുവേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. അളിയാക്കയുടെയും ബാപ്പുവിന്റെയും 'ചെക്ക്‌പോസ്റ്റു'കള്‍ കടന്നാല്‍ പിന്നെ തടസ്സങ്ങളില്ല. അരയിലും തുണിയിലും എന്താണെന്ന് പരിശോധിക്കുന്നതിനിടയില്‍ വായയില്‍ എന്താണെന്ന് അവര്‍ നോക്കില്ല. 

ഒരു ദിവസം അതും പിടികൂടിയതില്‍ പിന്നെയാണ് അണ്ടിപ്പന്തുണ്ടാക്കിയത്. ആവശ്യമുള്ളത്ര കശുവണ്ടി ശേഖരിച്ച് പഴന്തുണിയില്‍ പൊതിയും. അതിനു മുകളില്‍ പേപ്പറും പുല്ലും പ്ലാസ്റ്റിക്കും ചേര്‍ത്ത് വരിഞ്ഞ് കെട്ടി കെട്ട് പന്ത് പരുവത്തിലാക്കുന്നത് ചെറിയാപ്പ തന്നെ. ഞങ്ങള്‍ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ പാറാവ് നിന്നാല്‍ മതി. പിന്നെ അളിയാക്കയെ ബോധ്യപ്പെടുത്താന്‍ മുറ്റത്ത് ആ പന്ത് തട്ടിക്കളിക്കും. തുടര്‍ന്ന് പൂച്ചപ്പൊയില്‍ റോഡിലേക്ക് കളിമാറ്റുന്നതായി ഉറക്കെ പ്രഖ്യാപിക്കും. വല്യാപ്പ കേള്‍ക്കാനാണത്. കൂടെ പന്തു തട്ടാന്‍ ഞാനും ശിഹാബും കുഞ്ഞാപ്പുവും ചിലപ്പോള്‍ കാസുമും ഉണ്ടാകും. പൂച്ചപ്പൊയില്‍ റോഡിലൂടെ തട്ടിക്കളിച്ച് കുറെ ദൂരെ കൊണ്ടുവരും. ആരും കാണുന്നില്ലെന്ന് ബോധ്യമായെങ്കിലേ പന്ത് കയ്യിലെടുക്കൂ. 
എന്നാല്‍ ഒരു ദിവസം പന്തുവിദ്യയും അളിയാക്ക പിടികൂടി. ആ സൂത്രം പറഞ്ഞുകൊടുത്തത് ബാപ്പുവാണ്. അന്നും അദ്ദേഹം ഞങ്ങളെ ഒരാട്ടാട്ടിയത് ഇന്നും മറന്നിട്ടില്ല. എനിക്കും കുറ്റബോധം തോന്നി. കൂട്ടു നില്‍ക്കുന്നത് കളവിനാണ്. അവരുടെ വീട്ടിലെ അണ്ടിയാണെങ്കിലും കളവിന് ഒത്താശ ചെയ്യുന്നത് തെറ്റു തന്നെയല്ലേ. ഇത്തരത്തില്‍ എന്തെല്ലാം കുസൃതികളായിരുന്നു അന്ന് ഞങ്ങള്‍ ഒപ്പിച്ചിരുന്നത്. എല്ലാത്തിന്റേയും ലീഡര്‍ ചെറിയാപ്പ തന്നെ. ഞാനും കൂട്ടുപ്രതിയായിരുന്നു. അവന്‍ പറയുന്നു. ഞങ്ങള്‍ അനുസരിക്കുന്നു.

ആ കശുമാവുകള്‍ നിന്ന സ്ഥലം ഇന്ന് ഞങ്ങളുടെ ബാല്യകാല കൂതൂഹലങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഓടിക്കളിച്ച കളിമുറ്റത്തിന്റെയും ഇടവഴികളുടെയും മുഖം തിരിച്ചറിയാനാകാത്തത്രയും വികൃതമായിരിക്കുന്നു. എങ്കിലും ആ നാട്ടിടവഴികളില്‍ തിരഞ്ഞാല്‍ എനിക്കെന്റെ  കാലടിപ്പാടുകളെ കാണാനാകും. അന്നത്തെ കുസൃതികള്‍ കുഞ്ഞുടുപ്പുകളിട്ട് ഓടിക്കളിക്കുന്നതും കൈകൊട്ടി ചിരിക്കുന്നതും കണ്ടെത്താനാകും.

24/11/13

കരിക്കട്ടത്തൂറിയ കുട്ടി




തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ സ്‌കൂളിന്റെ മുറ്റത്ത് ഞാനെത്തുമ്പോള്‍ സ്‌കൂളിന് സ്വന്തമായുണ്ടായിരുന്നത് ഒരു പൊടി പിടിച്ച ഹാള്‍ മാത്രം. ഞങ്ങള്‍ അതിനെ മണ്ണ് സ്‌കൂള്‍ എന്ന് വിളിച്ചു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടത്തെ മഞ്ഞ സ്‌കൂളെന്നും വിളിച്ചു. രാവിലെ ക്ലാസില്‍ വന്നിരുന്നാല്‍ വസ്ത്രത്തിലും ബുക്കിലും നിറയെ മണ്ണും പൊടിയുമായി വൈകീട്ട് മടങ്ങാം.  
ഒരു പെരുമഴ പെയ്ത് തോര്‍ന്ന ജൂണ്‍ മാസത്തില്‍ ബാപ്പയുടെ നീളന്‍ ഷീലക്കുടയില്‍ പാതിനനഞ്ഞാണ് ആശങ്കയോടെ ആ ഹാളിലേക്ക് കയറി ചെന്നത്. വര്‍ണക്കുടയില്ല. പുത്തനുടുപ്പില്ല. പുതിയ പുസ്തകങ്ങളില്ല. പ്രവേശനോത്സവവുമില്ല. നവാഗതര്‍ക്ക് മധുരവും വിളമ്പിയില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമില്ല. എന്നത്തേതും പോലൊരു ദിനം. 
സഹോദരി സുലൈഖ അന്ന് ആറാം ക്ലാസില്‍ പഠിക്കുന്നുണ്ട്. ഇടക്കെന്റെ വിവരങ്ങള്‍ അറിയാന്‍ എത്തിയിരുന്നതും അവളായിരുന്നു. ആദ്യ ആഴ്ചയില്‍ പാഠഭാഗങ്ങളൊന്നും പഠിപ്പിച്ചതേയില്ല. സ്ഥിരമായി ഞങ്ങള്‍ക്കൊരു അധ്യാപകനേയും കിട്ടിയില്ല. ഇടക്കെപ്പോഴോ ഏതൊക്കെയോ മാഷുമാര്‍ വന്നു. ചില കഥകള്‍ പറഞ്ഞു തന്നു. ആവശ്യത്തിന് അധ്യാപകരുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചില്ല. പൊടി നിറഞ്ഞ ക്ലാസ് മുറിയില്‍ ആഴ്ചകളോളം കുട്ടികളുടെ വലിയബഹളം മാത്രം. പുറത്ത് മഴയുടെ സീല്‍ക്കാരവും. ഇടിവിറപ്പിച്ചില്ല. കാറ്റിന്റെ അകമ്പടിയില്ല. മിന്നലിന്റെ കടന്നാക്രമണവുമില്ല. മഴയുടെ വെള്ളിനൂലുകള്‍ ഗ്രൗണ്ടിലും റോഡിലും കുഞ്ഞു പ്രളയങ്ങള്‍ തീര്‍ക്കുന്ന കാഴ്ച കണ്ടിരുന്നു. 

എന്റെ തൊട്ടടുത്തിരുന്നിരുന്നത് കോട്ടേപ്പാടന്‍ ബഷീറെന്ന കുട്ട്യാപ്പുവായിരുന്നു. പരിയങ്ങാട്ടെ  ഗഫൂര്‍, വെന്തോടന്‍ മുസ്തഫ, ഇമ്പിച്ചിയുടെ മകന്‍ സുരേഷ്, മേനാട്ടുകുയ്യന്‍ ഷംസുദ്ധീന്‍, അങ്ങനെ കുറേ പേരുകള്‍. ഗഫൂറുമായും കുട്ട്യാപ്പുവുമായും ഞാന്‍ വേഗത്തില്‍ അടുത്തു. എന്നാല്‍ സുരേഷെന്റെ പേടി സ്വപ്‌നമായിരുന്നു. ആവശ്യമില്ലാതെ പിച്ചിയും മാന്തിയും പെന്‍സില്‍ തട്ടിപ്പറിച്ചുമൊക്കെ ആനന്ദം കണ്ടെത്തിയിരുന്ന വൃത്തികെട്ട സ്വഭാവമായിരുന്നു സുരേഷിന്റേത്.  മാഷോട് പറയാന്‍ ധൈര്യമില്ല. പറഞ്ഞാല്‍ അവന്‍ കൂടുതല്‍ പരാക്രമം കാണിക്കുകയേയുള്ളൂ. അതിനാല്‍ എല്ലാം നിശബ്ദം സഹിച്ചു. ഒറ്റക്കവനെ നേരിടാന്‍ ധൈര്യവും പോരായിരുന്നു. 

കുട്ട്യാപ്പുവിന് നന്നായി കാളയുടെ ചിത്രം വരക്കാനറിയും. വലിയ കൊമ്പുള്ള കാളകളുടെ ചിത്രമാണവന്‍ വരക്കുക. സ്ലേറ്റില്‍ വരച്ച് എല്ലാവര്‍ക്കും കാണിച്ച് കൊടുക്കും. അവനിഷ്ടമുള്ളവരുടെ സ്ലേറ്റിലും വരച്ച് കൊടുക്കും. അല്ലാത്തവര്‍ പ്രതിഫലം നല്‍കണം. ഒരു മിഠായിയുടെ പൊട്ട്, കണ്ണിമാങ്ങ, പുളിങ്ങാക്കുരു, മഷിതണ്ട്, പെന്‍സില്‍ കഷ്ണം ഇതൊക്കെയായിരുന്നു അവനെ പ്രലോഭിപ്പിക്കാനുള്ള കൈക്കൂലികള്‍. ഒരു കൈക്കൂലിയുമില്ലാതെ എനിക്ക് വരച്ചു തന്നിരുന്നു. കാരണം അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നല്ലോ ഞാന്‍. 
ഓര്‍മയില്‍ തെളിയുന്ന ആദ്യത്തെ അധ്യാപകന്റെ മുഖം സോമന്‍ മാഷിന്റേതാണ്. 

ഇടുക്കി ജില്ലക്കാരനായ അദ്ദേഹം വര്‍ഷങ്ങളോളം ഞങ്ങളുടെ സ്‌കൂളിലെ കിരീടം വെക്കാത്ത രാജാവായി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ നയം.  ഞങ്ങളുടെ പേടി സ്വപ്‌നവും അദ്ദേഹമായിരുന്നു. കറുത്ത താടി, മുഖത്ത് കട്ടികണ്ണട, കനത്ത ശബ്ദം, തുറിച്ചുള്ള നോട്ടം, എപ്പോഴും കയ്യില്‍ നീട്ടിപ്പിടിച്ച വടി, ഒത്തപൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ഭീകര ജീവിയായിരുന്നു ഞങ്ങള്‍ക്കദ്ദേഹം. തെറ്റോ കുറ്റമോ കണ്ടാല്‍ ഒരലര്‍ച്ചയാണ്. അതുമാത്രം മതി നിന്നനില്‍പ്പില്‍ ഏത് ഭയങ്കരനും മൂത്രമൊഴിക്കാന്‍. അങ്ങനെ മൂത്രമൊഴിച്ചവരുടെ കണക്കെടുക്കുക പ്രയാസം. മാഷ് അടുത്തേക്ക് വരുന്നത് തന്നെ കുട്ടികള്‍ക്ക് പേടിയായിരുന്നു. ഒന്നു കണ്ണുരുട്ടിയാല്‍ മാത്രം മതി എല്ലാ കള്ളത്തരവും പുറത്തേക്ക് വരും.

എന്നാല്‍ മാഷ് അടിക്കുന്നത് വല്ലപ്പോഴുമായിരുന്നു. ആ കനത്ത ശബ്ദത്തിന്റെ ആജ്ഞ. അതായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അതില്‍ എല്ലാവരെയും അടക്കി നിര്‍ത്തി. കുരുത്തക്കേട് കാണിക്കുന്നവരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി. എല്ലാവരും സ്‌കൂള്‍വിട്ട് പോയാലും അവരെമാത്രം പിടിച്ച് വെച്ചു. അന്ന് രാത്രി മുഴുവന്‍ ഒറ്റക്ക് ആ ക്ലാസില്‍ കഴിയാനാകും കല്‍പ്പന. എല്ലാ കുട്ടികളും സ്‌കൂള്‍ പരിസരം വിട്ട് പോയിട്ടുണ്ടാകും. അപ്പോള്‍ കുഴപ്പക്കാരായ കുട്ടികളെ വിചാരണ ചെയ്യുകയാകും അദ്ദേഹം. പിന്നെ ജിന്നുകളുടെയും പിശാചുക്കളുടെയും പേടിപ്പെടുത്തുന്ന കഥകൂടി  പറഞ്ഞെങ്കിലേ മൂപ്പര്‍ക്ക് തൃപ്തിയാകൂ. അപ്പോള്‍ കുട്ടികള്‍ ഭയന്ന് വിറക്കും. കൂട്ട നിലവിളി ഉയരും. അതിന് ശേഷമേ കുറെ താക്കീതുകള്‍ നല്‍കി പറഞ്ഞ് വിടുകയുള്ളൂ. ഇങ്ങനെ സോമന്‍ മാഷിന് മാത്രമുള്ള ലീലാവിലാസങ്ങള്‍ ഒരുപാടുണ്ട്.

ഭയന്നുവിറച്ച എത്രയോ അനുഭവങ്ങള്‍ സോമന്‍ മാഷ് പിടികൂടിയതിനെത്തുടര്‍ന്ന് എനിക്കും ഉണ്ടായിട്ടുണ്ട്. മാഷ്‌ക്ക് കാരണങ്ങള്‍ ഏറെയൊന്നും വേണ്ട. പിടികൂടാന്‍, ശാസിക്കാന്‍, ക്രൂശിക്കാന്‍, കണ്ണുരുട്ടി പേടിപ്പിക്കാന്‍, വടിചുഴറ്റി അലറാന്‍. പക്ഷേ, ഒരിക്കലും ഞങ്ങള്‍ക്കറിയില്ലായിരുന്നു അതെല്ലാം ഞങ്ങളെ പേടിപ്പിക്കാന്‍വേണ്ടി മാത്രം മാഷ് കാണിക്കുന്ന ചില നമ്പരുകളായിരുന്നുവെന്ന്.  
പക്ഷേ, പിഞ്ചു മനസ്സുകളില്‍ സോമന്‍ മാഷ് വിതക്കുന്ന ഭീതിയുടെ വിത്തുകള്‍ അപ്പോഴേക്കും വളര്‍ന്ന് വികസിച്ചിരിക്കും. നന്നായി പഠിക്കുന്ന കുട്ടികളെപ്പോലും ആ ഭയം ഗ്രസിച്ചിരിക്കും. 
കുട്ടികള്‍ക്ക് ക്ലാസ്സിനിടക്ക് മൂത്രമൊഴിക്കാന്‍ അനുവാദം ചോദിക്കാന്‍ പോലും ഭയമായിരുന്നു. അതുകൊണ്ട് തന്നെ താഴ്ന്ന ക്ലാസ്സുകളിലെ ബെഞ്ചില്‍ പ്രഥമികകൃത്യം നിര്‍വഹിക്കുന്നവര്‍ പതിവായിരുന്നു. എല്ലാം കഴിഞ്ഞ് സമീപത്തിരിക്കുന്ന കുട്ടികളാകും അധ്യാപകരോട് പറയുക. അപ്പോള്‍ മാത്രം മിഴിച്ചുനോക്കുന്നു അധ്യാപകര്‍. ഞാനും അതിന്റെ ഇരയായതിന്റെ  ഓര്‍മകളില്‍ ഇന്നും ജാള്യത വന്നുമൂടുന്നു.

ഒന്നാം ക്ലാസ്സില്‍ തന്നെയായിരുന്നു ഞാന്‍. 
സോമന്‍ മാഷിന്റെ ഭേദ്യം ചെയ്യലുകള്‍ക്ക് വിധേയമായ ഒരു ദിനത്തിന്റെ പിറ്റേന്നാണെന്നാണ് ഓര്‍മ. വീണ്ടും അദ്ദേഹം ക്ലാസിലെത്തിയിരിക്കുന്നു. ചിരിച്ചും കളിച്ചും ക്ലാസെടുക്കുന്നു. തലേന്നത്തെ സംഭവമെല്ലാം അദ്ദേഹം മറന്നത് പോലെ. എന്നാല്‍ എന്റെ വിറയല്‍ മാഞ്ഞിരുന്നില്ല. ഉച്ചയോടടുത്ത സമയം. എനിക്ക് ഭയങ്കരമായ വയറുവേദന. ഇടവേള കഴിഞ്ഞുള്ള ആദ്യ പീരിയഡില്‍ തുടങ്ങിയതാണ്. ആരോടും പറഞ്ഞില്ല. കടിച്ചു പിടിച്ചു.  മാഷിന്റെ ക്ലാസൊന്നും  ചെവിയില്‍ കയറുന്നില്ല. എനിക്ക് പുറത്തുപോയേ മതിയാകൂ. കക്കൂസില്‍ ഇരുന്നെങ്കിലേ അതടങ്ങൂ. പക്ഷേ, എന്തുചെയ്യും...?
വേദന സഹിക്കുന്നില്ല. കരച്ചില്‍ വരുന്നു. സങ്കടം വരുന്നു. കണ്ണുകള്‍ നിറയുന്നു. എന്നിട്ടും തുറന്നുപറയാന്‍ നാവ് പൊങ്ങുന്നില്ല. ഒടുവില്‍....
മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മുഖം അപമാനഭാരത്താല്‍ താഴുകയാണ്. കളിയാക്കി ചിരിച്ച കുട്ടികളുടെയും പുലഭ്യം പറഞ്ഞ ലില്ലി ടീച്ചറുടെയും മുഖം ഞാന്‍ കണ്‍മുമ്പില്‍ കാണുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലെ ആദ്യ ഹാളില്‍ ആദ്യത്തെ ക്ലാസ് മുറിയിലെ മൂന്നാമത്തെ ബെഞ്ചിലായിരുന്നു എന്റെ.. ഗതിമുട്ടിയപ്പോള്‍ പറ്റിപ്പോയതായിരുന്നു. 
എന്നിട്ടും ഒരു കൊലപാതകിയെപ്പോലെ എന്നെ എല്ലാവരും തുറിച്ചുനോക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാന്‍ തലതാഴ്ത്തിയിരുന്നു. ആരാച്ചാരുടെ ഊഴവും കാത്ത് നില്‍ക്കുന്നവനെപ്പോലെ ക്ലാസില്‍ വിറപൂണ്ട് നിന്നു. ആകാശം ഇടിഞ്ഞു വീഴുന്ന സോമന്‍ മാഷിന്റെ അലര്‍ച്ചക്കും വിധിതീര്‍പ്പിനുമുള്ള കാത്തിരിപ്പ്. എന്നാല്‍  മാഷ് അലറിവിളിച്ചില്ല. ചൂരല്‍ ചുഴറ്റി വിധി പ്രസ്താവിച്ചില്ല. പകരം വല്ലാത്തൊരു നോട്ടമെന്നെ നോക്കി. പക്ഷേ അതുമതിയായിരുന്നു ഞാന്‍ കൂടുതല്‍ തകര്‍ന്നുപോകാന്‍. ബെഞ്ചില്‍ പ്രാഥമിക കൃത്യം നിര്‍വഹിച്ചു എന്നതിലല്ല അതിന്റെ അതിശയം ഒളിഞ്ഞിരിക്കുന്നത്. ടീച്ചര്‍മാരെയും കുട്ടികളെയും ആശ്ചര്യപ്പെടുത്തിയതും മലത്തിന്റെ നിറമായിരുന്നു. 
അതെ കരിക്കട്ടയുടെ നിറം. 

സ്‌കൂളിലെ ഒരുകുട്ടി കരിക്കട്ട തൂറിയിരിക്കുന്നു.!
അധ്യാപകര്‍ക്കും മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്കുമെല്ലാം പറഞ്ഞ് നടക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ഒരു കഥയായിരിക്കുന്നു. കരിക്കട്ടതൂറിയകുട്ടി. ഏറെ കാലത്തേക്ക് എനിക്കുള്ള വിളിപ്പേരായിരുന്നു അത്. തിരിച്ചറിവിനായി പലരും എന്നെ അങ്ങനെ വിളിച്ചു. സല്‍കീര്‍ത്തി ഇഴഞ്ഞ് നീങ്ങുമ്പോള്‍ ദുഷ്‌കീര്‍ത്തി പാഞ്ഞാണല്ലോ നീങ്ങുക. എല്ലാവരും അറിഞ്ഞു ആ കഥ. അറിയാത്തവര്‍ക്ക് കൂടി വഴിയോരത്ത് നിന്ന് ചിലര്‍ ചൂണ്ടിക്കാണിച്ച് കൊടുത്തു.
ദാ ആ പോണതാ...
പാവം എന്റെ സഹോദരി സുലൈഖ.
ഞാന്‍ ക്ലാസില്‍ ഈ കൃത്യം നിര്‍വഹിച്ചപ്പോള്‍ അത് വൃത്തിയാക്കേണ്ട ഗതികേടുണ്ടായത് അവള്‍ക്കായിരുന്നു. എന്നെ മാത്രമല്ല, അവളെയും വെറുതെവിട്ടില്ല പരിഹാസ കമ്മിറ്റിക്കാര്‍. എത്ര അപമാനം സഹിച്ചുകൊണ്ടായിരിക്കും അവളാ ക്ലാസ് മുറിയില്‍ വന്ന് ... എന്നിട്ടും അവളത് ചെയ്തു. 
എത്രയോ സ്ഥലത്തുവെച്ച് ഞാന്‍ അപമാനിക്കപ്പെട്ടു. ഉമ്മയും സഹോദരിയും അപഹാസ്യരായി. എല്ലാം ഈ ഒരു സംഭവത്തിന്റെ പുറത്ത്. 
പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. 
കൂടെ പഠിച്ചിരുന്ന സമീറയും ശരീഖയും സഫിയ്യയും സുബൈദയും വിവാഹിതരായി. രണ്ടോ മൂന്നോ കുഞ്ഞുങ്ങളുടെ ഉമ്മമാരായി. അതിന് ശേഷം ഞാന്‍ വീണ്ടും  സമീറയെ കണ്ടു. പ്രദേശത്തെ പത്രഏജന്റായിരിക്കുമ്പോള്‍ അവളുടെ വീട്ടില്‍ പത്രമിട്ടപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നും അവള്‍ എന്നെ ഓര്‍ത്തെടുത്തത് ഈ കരിക്കട്ട തൂറിയ കഥ പറഞ്ഞ് കൊണ്ടായിരുന്നു. 
ഒരുകാര്യം തീര്‍ത്തുപറയട്ടെ. ഇത്രയും വലിയ അപമാന ഭാരം പേറി പതിറ്റാണ്ടുകളോളം എനിക്ക് തലതാഴ്ത്തി നടക്കേണ്ട ഗതികേട് ഉണ്ടാക്കി തന്നതിനു പിന്നില്‍ അധ്യാപകരുടെ ഇടപെടല്‍ തന്നെയായിരുന്നു. പേടിപ്പിച്ചും ഭയപ്പെടുത്തിയും അവര്‍ ഉണ്ടാക്കിയെടുത്ത അകല്‍ച്ചയുടെ വന്‍ മതിലിനോട് ഞാനെങ്ങനെ അടുക്കും...? അവരോട് ഹൃദയം തുറന്ന് സംസാരിക്കാന്‍ എങ്ങനെ ഒരു ആറ് വയസ്സുകാരന് സാധിക്കും...? ആ നിലപാടുകളെ തൂറി തോല്‍പ്പിക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാനാകും...?


വാല്‍ കഷ്ണം
കരിക്കട്ട തൂറിയതിന്റെ ഗുട്ടന്‍സ് എനിക്ക് തന്നെ പിടികിട്ടാന്‍ ദിവസങ്ങളെടുത്തു. വീട്ടില്‍ നിന്നും ഞാന്‍ ചിലപ്പോഴെല്ലാം മണ്ണും ചിതലും തിന്നിരുന്നു. ഒരു രസത്തിന് കരിക്കട്ടയേയും കൂടെക്കൂട്ടി. റോഡില്‍ വാഹനങ്ങളില്‍ നിന്ന് തെറിച്ച് വീണ ഗ്രീസ് തിന്നാന്‍ എന്നെ പഠിപ്പിച്ചത് കൂട്ടുകാരന്‍ ചെറിയാപ്പയാണ്. കൂട്ടത്തില്‍ ഞാന്‍ കരിക്കട്ടയും ധാരാളമായി ഉപയോഗിച്ചു. ആരുമറിയാതെ. ആര്‍ക്കും പിടികൊടുക്കാതെ.

27/10/13

ആട്ടിയോടിച്ചവന് നിഷേധിച്ച കല്യാണച്ചോറ് memmories




ഉമ്മ എനിക്കെന്നുമൊരു നോവായിരുന്നു. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച് മാത്രം കിനാവ് കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും നന്മയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ച സ്‌നേഹ ഗോപുരം. ഇല്ലായ്മയുടെ അടുപ്പ് പുകക്കാന്‍ കൊയ്ത്തുപാടത്തിന്റെ ഉച്ചച്ചൂടിലേക്ക് ഉമ്മ വീണ്ടും ഇറങ്ങിത്തിരിക്കുമ്പോള്‍ എനിക്ക് നാല്‍പത് ദിവസം. അതെ നാല്‍പ്പത് ദിവസം. നിറവയറുമായി ഉമ്മ അവിടെ നിന്നും കയറി വന്നതും എന്നെ ഒമ്പത് മാസം വയറ്റില്‍ ചുമന്നായിരുന്നു.
പാവം ഉമ്മ. പത്തുമക്കളെ പ്രസവിച്ചു. നാല് പെണ്‍കുട്ടികള്‍. ആറ് ആണ്‍ മക്കളും. ആണ്‍മക്കളില്‍ നാല് പേരും മരിച്ചു. പലഘട്ടങ്ങളിലായി വിധി ബാക്കിവെച്ചത് രണ്ടുപേരെ മാത്രം.  എന്റെ ജനനത്തിന് മുമ്പ് ഉമ്മയുടെ നാല് കുഞ്ഞുങ്ങള്‍ ആ വീട്ടില്‍ നിന്നും പള്ളിപ്പറമ്പിലേക്ക് പടിയിറങ്ങിപ്പോയിരുന്നു. അവരൊക്കെ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍...
വിശപ്പിന്റെ ഭാഷ നന്നായി സംസാരിച്ചിരുന്നു ഞങ്ങളുടെ അടുക്കള. പലപ്പോഴും കഞ്ഞിക്കലത്തിനും കറിക്കലത്തിനും ഒന്ന് നിറഞ്ഞുതൂവാനുള്ള സൗഭാഗ്യം കൂടി ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ പാരമ്പര്യം പൈതൃകമായി കിട്ടിയിരുന്നു ആ വടക്കിണിക്ക്. ഉമ്മയും മൂത്ത സഹോദരി വല്യാത്തയും അതേറെ കുടിച്ച് വറ്റിച്ചിട്ടുണ്ട്. 
അതുകൊണ്ടാണ് മൂന്നാം ക്ലാസ്സില്‍ പഠനത്തിന് അവധി നല്‍കി വല്യാത്ത ഹൈദര്‍ ഹാജിയുടെ കൊയ്ത്തുപാടത്തെ പൊരിവെയിലില്‍ ഉമ്മയോടൊപ്പം വാടിത്തളര്‍ന്നത്. ഇത്തിരി പ്രായത്തിലെ വിശപ്പിന്റെ ഭാരം ചുമക്കാന്‍ ഉമ്മക്കും ഒരു സഹായിയായി വല്യാത്ത. ജീവിത സായാഹ്നത്തിലും ഉമ്മക്ക് കൂട്ടിനുണ്ട് ആ അത്താണി. ഞങ്ങള്‍ ബാക്കി അഞ്ച് പേരെയും സുരക്ഷിതത്വത്തിന്റെ ആ കൈകള്‍ തന്നെയാണ് ഊട്ടിയത്. പ്രതിസന്ധികളുടെ കടുത്ത വേനലില്‍ ആ കനിവില്‍ നിന്നുതന്നെയായിരുന്നു പുതിയ ചില്ലകള്‍ തളിര്‍ത്തതും. 
ഓര്‍മവെക്കുമ്പോഴേ ഒരു നിത്യരോഗിയായിരുന്നു ബാപ്പ. വല്ലപ്പോഴും ഒരു കൂലിപ്പണിക്കുപോയാല്‍ കിട്ടുന്നതിലേറെയും പ്രഭാകരന്‍ ഡോക്ടറുടെയും മോയീന്‍കുട്ടി ഡോക്ടറുടെയും ക്ലിനിക്കുകളില്‍ കൊണ്ടുകൊടുക്കാനെ തികഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്  ഞാറ്റുകണ്ടത്തിലും കൊയ്ത്തുപാടത്തും സ്വയം ഉരുകിയാണ് ഉമ്മ ഞങ്ങളെ നെഞ്ചോട് ചേര്‍ത്തത്. 


അയല്‍പക്കത്ത് എട്ടു വീടുകള്‍. മെയിന്‍ റോഡിനു ഇരുവശങ്ങളിലായിട്ടായിരുന്നു ഞങ്ങളുടെയും മുഹമ്മദ് ഹാജിയുടെയും വീട്. ആ വീടെപ്പോഴും ശബ്ദമുഖരിതം. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി  വലിയ ആള്‍ക്കൂട്ടവും കാണും. ഹാജിയാര്‍ കാക്കയുടെ ഭാര്യ ഞങ്ങള്‍ക്ക് മമ്മീരി താത്തയായിരുന്നു. അവരുടെ കൈകളിലായിരുന്നു ആ വീടിന്റെ ഭരണം. ആ അടുക്കളയില്‍ എപ്പോഴും തീ പുകയുന്നു. രുചികരമായ വിഭവങ്ങളുടെ ഗന്ധം അന്തരീക്ഷത്തില്‍ നിറയുന്നു. പലപ്പോഴും അവരുടെ കനിവില്‍ ഞങ്ങളും വിശപ്പിന്റെ കാളലടക്കിയിട്ടുണ്ട്. 
തൊട്ടടുത്തുള്ള വീട് മൂത്താപ്പയുടേതായിരുന്നു. ആലുങ്ങല്‍ അലവിക്കുട്ടി. ബാപ്പയുടെ അര്‍ധ സഹോദരന്‍. ഈ രണ്ടു വീടുകളിലുമുള്ള കുട്ടികള്‍ എന്നേക്കാള്‍ മുതിര്‍ന്നവരായിരുന്നു. മൂത്താപ്പയുടെ ഇളയ മകന്‍ മുജീബ് എന്റെ മൂത്തതും ഒരു മകള്‍ എന്നേക്കള്‍ ഇളയതുമാണ്. എന്തുകൊണ്ടോ അവരുമായൊന്നും കൂട്ടുകൂടാന്‍ എനിക്കായിരുന്നില്ല. സത്യത്തില്‍ ആ വീട്ടിലെ കുട്ടികളെല്ലാം എന്റെ സഹോദരിമാരോ സഹോദരന്‍മാരോ ആണ്. അടുത്ത് ഇടപഴകേണ്ടവര്‍. ഒരുമിച്ച് കഴിഞ്ഞുകൂടേണ്ടവര്‍. എന്നാല്‍ അലവിക്കുട്ടി മൂത്താപ്പയുമായോ മക്കളുമായോ ഞങ്ങള്‍ക്ക് ആഴത്തിലുള്ള അടുപ്പം ഉണ്ടായിരുന്നില്ല. ഒരാത്മബന്ധവും രൂപപ്പെട്ടിരുന്നില്ല. 
 സാമ്പത്തിക അസമത്വത്തിന്റെയും മാനസികപൊരുത്തക്കേടിന്റെയും വലിയ മതില്‍ക്കെട്ടുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു...? 
അടിയാളരും കീഴാളരുമെന്ന നീതി ശാസ്ത്രത്തില്‍ ഞങ്ങളെന്നും കീഴാളരായിരുന്നു. അതുകൊണ്ട് തന്നെ അലവിക്കുട്ടി മൂത്താപ്പ ഞങ്ങള്‍ക്കെന്നും പേടിസ്വപ്‌നമായി. ബാപ്പയും മൂത്താപ്പയും തമ്മില്‍ ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആ വഴക്ക് തീര്‍ക്കാന്‍ ആരെങ്കിലും ഇടയില്‍ നിന്നിരുന്നോ...? അറിയില്ല. അവര്‍ തമ്മിലുണ്ടായ ഒരു അടിപിടിക്ക് കാഴ്ചക്കാരനാകേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇന്നും മറന്നിട്ടില്ല. എന്തായിരുന്നു മൂത്താപ്പയെ പ്രകോപിപ്പിച്ചതെന്നറിയില്ല. ഒരു വൈകുന്നേരത്ത് മൂത്താപ്പ അങ്ങാടിയിലിട്ട് ബാപ്പയെ തല്ലി. എനിക്ക്  കയ്യും കാലും വിറച്ചു. കളിയാരവങ്ങള്‍ക്കിടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ വന്നതായിരുന്നു ഞങ്ങള്‍ കുട്ടികള്‍. അതോടെ കളിയുടെ ആവേശം കെട്ടുപോയി. ആരൊക്കെയോ രണ്ടുപേരെയും പിടിച്ചു മാറ്റി. 
രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല. അന്ന് ഞാന്‍ കരഞ്ഞതുപോലെ ബാപ്പ മരണപ്പെട്ടിട്ടുപോലും കരഞ്ഞിട്ടില്ല. അന്ന് മൂത്താപ്പയെ വെറുത്തത് പോലെ ജീവിതത്തിലൊരിക്കലും മറ്റാരെയും വെറുത്തിരിക്കില്ല. ഇത്രക്ക് നിസ്സാഹയനും ദുര്‍ബലനുമായിരുന്നു ബാപ്പ എന്നും അന്നാണ് മനസ്സിലായത്. 
മൂത്താപ്പക്ക് ബാപ്പയോട് മാത്രമായിരുന്നോ വിരോധം...? അത് ഞങ്ങളോട് കൂടി ഉണ്ടായിരുന്നുവോ...? ആ വെറുപ്പിന്റെ കനലൂതിയൂതി നിലനിര്‍ത്തിയിരുന്ന് എന്തിനുവേണ്ടിയായിരുന്നു...? ഇന്നും മനസ്സിലായിട്ടില്ല. ഇന്ന് മൂത്താപ്പയില്ല. അതിനും മുമ്പേ ബാപ്പയാണ് മടങ്ങിയത്. എങ്കിലും പറയാതിരിക്കാനാകുന്നില്ല. ഒരു പുരുഷായുസ്സിനിടക്ക് മൂത്താപ്പ ഞങ്ങളോടാരോടെങ്കിലും ഒരു വാക്കു മിണ്ടിയിട്ടില്ല. ഒന്നു ചിരിക്കുകകൂടി ചെയ്തിട്ടില്ല.  
പിന്നീട് മൂത്താപ്പ ആ വീടും പറമ്പും വിറ്റു. അവര്‍ മുത്തന്‍ തണ്ട് പുഴയോരത്തുള്ള വീട്ടിലേക്ക് താമസം മാറി. ഞങ്ങളുടെ വീട്ടില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അപ്പുറത്തായിരുന്നു ആ വീട്. ആ തീരുമാനം ഞങ്ങള്‍ക്ക് വല്ലാത്ത ആശ്വാസമാണ് തന്നത്. 
മൂത്താപ്പയും കുടുംബവും താമസം മാറിയ ശേഷം ആ വീട്ടിലായിരുന്നു മൂത്തമകന്റെ വിവാഹം. ഈ കല്യാണം പറയാന്‍  മൂത്തമ്മ വീട്ടില്‍ വന്നു. ബാപ്പയോട് കല്യാണം പറഞ്ഞിരുന്നോ എന്നറിയില്ല. അയല്‍ വാസികളും അമ്മായിമാരുമൊക്കെ കല്യാണത്തിന് പോകുന്നുണ്ട്.
കുഞ്ഞാപ്പുവും ചെറിയാപ്പയും രണ്ട് അമ്മായിമാരുടെ പേരക്കുട്ടികളാണ്. അയല്‍ക്കാരായ അവരായിരുന്നു എന്റെ കളിക്കൂട്ടുകാര്‍. 


മൂത്താപ്പയുടെ വീട്ടിലെ ആദ്യ കല്യാണമായിരുന്നു അതെന്നാണ് ഓര്‍മ. കുഞ്ഞാപ്പുവും ചെറിയാപ്പയുമൊക്കെ ആ കല്യാണത്തിന് പോകുന്നതുകൊണ്ട് എനിക്കും പോകണമായിരുന്നു. സഹോദരിമാരായ ആമിനയും സുലൈഖയും പോകാന്‍ ഒരുങ്ങിയിട്ടുണ്ട്. 
ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു ബാപ്പ പടി കടന്നു വന്നത്. മുന്‍കോപത്താല്‍ ബാപ്പയുടെ മുമ്പില്‍ മൂത്താപ്പപോലും തോല്‍ക്കും. ബാപ്പയുടെ നിയന്ത്രണം വിട്ടു. ആദ്യം വഴക്ക് കേട്ടത് ഉമ്മക്കാണ്. ആരും പോകണ്ടെന്ന അന്ത്യശാസനവും നല്‍കി. 
 ചെറിയാപ്പക്കും കുഞ്ഞാപ്പുവിനുമൊപ്പം എന്നിട്ടും ഞാന്‍ ഓടിക്കൂടി. ബാപ്പയുടെ വാക്കുകളെ ധിക്കരിച്ചതിനുള്ള ശിക്ഷ എന്നേ പറയേണ്ടൂ. ഞാനനുഭവിക്കുക തന്നെ ചെയ്തു. 
കല്യാണ വീട്ടില്‍ തിരക്കു തുടങ്ങിയിരുന്നു. വീട്ടില്‍ നിന്നും പതിവുള്ള പത്തുമണി കഞ്ഞിപോലും കുടിച്ചിരുന്നില്ല. പന്തലില്‍ വിളമ്പുകാരുടെ ബഹളം. തേങ്ങാച്ചോറിന്റേയും ഇറച്ചിക്കറിയുടെയും കൊതിപ്പിക്കുന്ന ഗന്ധം. വിശന്നിട്ട് കണ്ണുകാണാന്‍ വയ്യാത്ത അവസ്ഥ. 
ചോറിന് തിക്കിതിരക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ ആരൊക്കെയോ നിലയുറപ്പിച്ചിരിക്കുന്നു. കുട്ടികള്‍ അവര്‍ക്കൊരു അധികപറ്റാണ്. വലിയവര്‍ ഇരുന്നിട്ട് സ്ഥലവും സൗകര്യവുമുണ്ടെങ്കില്‍ മാത്രം പരിഗണിക്കാനുള്ളവരാണ് കുട്ടികള്‍. അവരുടേത് വിശപ്പൊന്നുമല്ലല്ലോ. മൂത്താപ്പയും അടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്നു. എന്റെ കൂടെ ചെറിയാപ്പയും കുഞ്ഞാപ്പുവും ഉണ്ടായിരുന്നു. ചെറിയാപ്പ സമര്‍ഥനാണ്. എവിടെയും നുഴഞ്ഞ് കയറും. ഇവിടെയും അവന്‍ നുഴഞ്ഞ് കയറി. വായയില്‍ നാവുള്ളവന് വയനാട്ടിലും ചോറ് എന്നാണല്ലോ. കുഞ്ഞാപ്പു പിന്നീട് വന്ന അവന്റെ ബാപ്പയോടൊപ്പവും ഇരിപ്പുറപ്പിച്ചു. കൂടെ മുതിര്‍ന്ന ആണുങ്ങളുണ്ടെങ്കില്‍ അവര്‍ക്കും പരിഗണനയുണ്ട്. പക്ഷേ, ഞാന്‍ മാത്രം തനിച്ചായി. എന്നെ അകത്തേക്ക് കയറ്റിവിട്ടില്ലെന്ന് മാത്രമല്ല അടുത്ത ട്രിപ്പില്‍ അകത്തേക്ക് കടക്കാന്‍ ഉത്സാഹം കാട്ടിയ എന്നെ മൂത്താപ്പ പുറത്തേക്കൊരു തള്ള്. ഞാന്‍ വീടിന്റെ ചുമരില്‍ ചെന്ന് വീണു.  
വലിയവര്‍ ഇരുന്നിട്ട് ഇരുന്നാലൊന്നും പോരെ അനക്കൊന്നും. 
അങ്ങനെയൊരു ആട്ടും പിന്നാലെ വന്നു. എത്രപേരത് കണ്ടു എന്നറിയില്ല. ആരൊക്കെയോ എന്നെ തുറിച്ചുനോക്കി. എന്തൊക്കെയോ പിറുപിറുത്തു. ഞാനാരാണെന്ന് തിരിച്ചറിഞ്ഞിരുന്നുവോ അവര്‍...? മൂത്താപ്പയുടെ കലിയും തീര്‍ന്നില്ലെന്ന് തോന്നുന്നു. പിന്നെയും എന്തൊക്കെയോ അയാള്‍ പുലമ്പികൊണ്ടിരുന്നു. 
അപമാനഭാരത്താല്‍ വിശപ്പ് കെട്ടുപോയി. എനിക്ക് കരച്ചില്‍ വന്നു. സങ്കടം നിറഞ്ഞു വിതുമ്പി. പിന്നെ അവിടെ നിന്നില്ല. ചോറ് കഴിക്കാനും തോന്നിയില്ല. ആര്‍ക്കുവേണം പട്ടിയെപ്പോലെ ആട്ടിയിറക്കിയവരുടെ കല്യാണച്ചോറ്...? ആണുങ്ങള്‍ക്ക് പിറന്നവര്‍ക്ക് പ്രാണനേക്കാള്‍ വലുത് അഭിമാനമല്ലേ. പുഴയോരത്തേക്ക് നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു. വീട്ടിലെത്തുംവരെ ആ ഓട്ടം തുടര്‍ന്നു. നിശബ്ദമായി കരഞ്ഞു. ഇന്നും ഞാന്‍ മറന്നിട്ടില്ല ആ സംഭവം. 
ഒരുപക്ഷേ, എന്നെ തിരിച്ചറിഞ്ഞ് കൊണ്ടാകില്ല മൂത്താപ്പയങ്ങനെ ചെയ്തത്. എന്നാലും ആ മുറിവില്‍ നിന്ന് പിന്നെയും ചോര കിനിഞ്ഞിരുന്നു. ശരീരത്തിനേല്‍ക്കുന്ന എത്ര ആഴത്തിലുള്ള മുറിവും ആറാഴ്ചകൊണ്ട് ഉണങ്ങുന്നു. പക്ഷേ, മനസ്സിനേറ്റ മുറിവുണങ്ങാന്‍ സംവത്സരങ്ങള്‍ കഴിഞ്ഞാലും സാധിച്ചെന്ന് വരില്ലല്ലോ. അതുകൊണ്ടാകും ആ പോറല്‍ ഇന്നും അവിടെയുള്ളത്. 
വീട്ടിലെത്തുമ്പോള്‍ കഞ്ഞിക്കലം കഴുകി വൃത്തിയാക്കിവെച്ചിരുന്നു ഉമ്മ. കല്യാണത്തിന് പോയവന് പിന്നെന്തിന് കഞ്ഞി...പട്ടിണിയുടെ ആദ്യത്തെ പാഠമൊന്നുമായിരുന്നില്ല. തീണ്ടിക്കൂടായ്മയുടെ ആദ്യത്തെ ആട്ടുമായിരുന്നില്ല അത്. പിന്നെയും എത്രയോ തവണ. പക്ഷേ, ആ ആട്ട.്  ഇന്നും അപകര്‍ഷതാ ബോധത്തിന്റെ പടുകുഴിയില്‍ എന്നെ തളച്ചിടുന്നു. പലയിടത്തും ഒരധികപ്പറ്റാകുമോ എന്ന ഭയംകൊണ്ട്  ഒരിടത്തും വലിഞ്ഞ് കയറാന്‍ ശ്രമിക്കാറുമില്ല. അതൊരു ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമായി ഇന്നും എന്നോടൊപ്പമുണ്ട്. 
സാമ്പത്തിക പിന്നാക്കാവസ്ഥയുടെ ഏറ്റവും അടിതട്ടിലായിരുന്നു ഞങ്ങളുടെ വീട്. കുടുംബത്തില്‍ ഇത്രയധികം ദാരിദ്ര്യം പൂത്ത വീട് വേറെയില്ല. അതുകൊണ്ട് പലര്‍ക്കും അവഗണിക്കാന്‍, ആട്ടിയോടിക്കാന്‍ പലപ്പോഴും കണ്ടെത്തിയ മുഖങ്ങള്‍ ഞങ്ങളുടെതായിരുന്നു. 
മൂത്താപ്പയും മരിച്ചു. മൂത്തമ്മയും മക്കളും ഇന്നുമുണ്ട്. ആണ്‍മക്കളോടെല്ലാം ഇന്നും നല്ല സൗഹൃദമാണ്. പക്ഷേ, അവരുടെ പെണ്‍മക്കള്‍. എന്റെയും സഹോദരിമാര്‍. അവരുടെ മുഖംപോലും എനിക്കോര്‍മയില്ല. വഴിയോരത്തു നിന്നും കണ്ടുമുട്ടിയാല്‍ പൂര്‍വജന്മത്തില്‍ പോലും  തിരിച്ചറിയാന്‍ കഴിയാത്ത അപരിചിതര്‍ മാത്രമാകുമവര്‍. 
തീര്‍ച്ച. എന്റെ ബന്ധങ്ങളും ബന്ധുക്കളും പലരും ഇങ്ങനെ തന്നെയാണല്ലോ. 
ചന്ദ്രിക വാരാന്തപ്പതിപ്പ്‌

23/7/13

നോവ് പെയ്യുന്ന നോമ്പുകാലങ്ങള്‍ സ്മരണ



നോമ്പ്. പ്രാര്‍ഥനകളുടെ പകലിരവുകളിലേക്ക് ദൈവത്തിന്റെ കാരുണ്യകടാക്ഷങ്ങള്‍ പെയ്തിറങ്ങുന്ന വസന്തകാലം. ദാനധര്‍മങ്ങള്‍ക്കും പുണ്യകര്‍മങ്ങള്‍ക്കും ഇരട്ടി പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട  പുണ്യകാലം. നോമ്പുകാലം എനിക്ക് നഷ്ട സൗഭാഗ്യങ്ങളിലേക്കും തിക്തസ്മരണകളിലേക്കുമുള്ള തിരിച്ചു നടത്തം കൂടിയാണ്.

പത്തിരി മണവും കോഴിച്ചാറിന്റെ ഗന്ധവും മുറ്റി നില്‍ക്കുന്ന സന്ധ്യകള്‍. വത്തക്കയും ആപ്പിളും  പൈനാപ്പിളും തൊലിച്ചെത്തി നിരത്തിവെച്ച സുപ്രകള്‍.  ഒരുപകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചവന് മുമ്പില്‍ കാത്തിരിപ്പിനൊടുവില്‍  നിരത്തിവെച്ച കൊതിപ്പിക്കുന്ന വിഭവങ്ങള്‍. പക്ഷേ, അത്തരം രുചിഭേദങ്ങളുടെ സൗഭാഗ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍പോലും ഭാഗ്യമില്ലാതിരുന്ന ബാല്യകാലമായിരുന്നു എന്റേത്. 

നോമ്പുകാലത്തിന് പിന്നെയും കഷ്ടപ്പാടിന്റെ കൈപ്പാണ്. വറുതിയുടെ ചവര്‍പ്പണ്. സമൃദ്ധിയുടെ പൂക്കാലത്തെക്കുറിച്ച് ഒരിക്കലും ഉമ്മ സ്വപ്‌നം കണ്ടിരുന്നില്ല. വലിയ വലിയ മോഹങ്ങളും ഉണ്ടായിരുന്നില്ല അവര്‍ക്ക്. ബാപ്പ ഓര്‍മവെക്കുമ്പോഴെ ഒരു നിത്യരോഗിയായിരുന്നു. വല്ലപ്പോഴും ഒരു പണിക്കുപോയാല്‍ കിട്ടുന്നതിലേറെയും പ്രഭാകരന്‍ ഡോക്ടറുടെ ആശുപത്രിയില്‍ കൊണ്ടു കൊടുക്കേണ്ടി വരുമായിരുന്നു. അതുകൊണ്ട് ഹൈദര്‍ ഹാജിയുടെ ഞാറ്റുകണ്ടത്തിലും കൊയ്ത്തുപാടത്തും സ്വയം ഉരുകിയാണ് ഉമ്മ ഞങ്ങള്‍ ആറ് മക്കളെ നെഞ്ചോട് ചേര്‍ത്തത്.

നോമ്പു കാലത്ത് ഉമ്മക്കോ വല്യാത്തക്കോ പണിക്ക് പോകാനാകില്ല. ബാപ്പയും നിസഹായനായിരുന്നു. പലപ്പോഴും ചക്കയും കപ്പയും ഗോതമ്പുകൊണ്ടുമായിരുന്നു നോമ്പു തുറക്കുകയും അത്താഴം  കഴിക്കുകയും ചെയ്തിരുന്നത്.  മറ്റാരും അതറിഞ്ഞില്ല. 
സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ കൂട്ടുകാരുടെ വീടുകളിലൊക്കെ ഇറച്ചിയും പത്തിരിയും ഉണ്ടാകും നോമ്പുതുറക്ക്. വീട്ടിലും നേരിയ പുരോഗതിയുണ്ടായി. ഗോതമ്പിന്റെ പത്തിരിയും കിഴങ്ങോ കപ്പയോ കറിയുമായിരുന്നു അടുക്കളയിലെ വിഭവം. എന്റെ ജനനം ശഅബാന്‍ പതിനഞ്ചിനായിരുന്നു.  നോമ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ്. എന്നെ ഗര്‍ഭം ധരിച്ച് ഏറെനാള്‍ ഉമ്മ ഹൈദര്‍ ഹാജിയുടെ പാടത്ത്  കൊയ്ത്തിനിറങ്ങിയിരുന്നു. പൂര്‍ണ ഗര്‍ഭിണിയാകും വരെ. എനിക്ക് നാല്‍പത് ദിവസം പ്രായമുള്ളപ്പോള്‍ വീണ്ടും ഉമ്മ അതേ പാടത്തേക്ക് വീണ്ടും അരിവാളുമായി ഇറങ്ങി. ജേഷ്ഠന് അന്ന് പത്ത് വയസ്സ്. 250 ഗ്രാം ഇറച്ചിയുടെ  വില  അറുപത് പൈസ.  പക്ഷേ, അതിനും ഗതിയില്ലായിരുന്നല്ലോ ഉമ്മക്ക്. 

ഉമ്മാ അറുപത് പൈസണ്ടെങ്കി 250 അറച്ചി കിട്ടൂലേ... ഇനിക്കതിന്റെ ചാറ് മാത്രം മതിമ്മാ.... ചാറ് മാത്രം.... എല്ലാരോടീം പത്തിരീം അറച്ചീം ഞമ്മളോടെ മാത്രം കയ്ച്ച്ണ പൂളീം കേങ്ങും മാത്രം... ഇറച്ചി കറിക്ക് വേണ്ടി കരയുന്ന ജേഷ്ടന്റെ കാര്യം ഇപ്പോഴും ഉമ്മ ഓര്‍മപ്പെടുത്താറുണ്ട്. 
അത്രയെങ്കിലും ഒപ്പിച്ചെടുക്കാന്‍ ഉമ്മപെടുന്നപാട് അവനുണ്ടോ അറിയുന്നു...? ഞങ്ങളുണ്ടോ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്കു മുമ്പില്‍ അത്രയെങ്കിലും  വിളമ്പണമെങ്കില്‍ ഉമ്മ എത്രമാത്രം പട്ടിണി തിന്നിട്ടുണ്ടാകണം...? അടുക്കളക്കലത്തിലെ ഇത്തിരി വറ്റില്‍ ഒത്തിരി വെള്ളവും ഉപ്പും ചേര്‍ത്തു വയറിന്റെ കാളലടക്കുമ്പോഴും ആ വാക്കുകള്‍ ഉമ്മയെ എത്രയേറെ  കുത്തിമുറിവേല്‍പ്പിച്ചിട്ടുണ്ടാകണം...? 

  ബാപ്പയെ മിക്ക ദിവസവും ആരെങ്കിലും നോമ്പു തുറക്കാന്‍ വിളിക്കും. പള്ളി ദര്‍സില്‍ പഠിക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിയാരുകുട്ടിയായ ജേഷ്ടനെ വിളിക്കാനും ആളുണ്ടായി. പക്ഷേ, അപ്പോഴും എന്നെയും  ഉമ്മയെയും സഹോദരിമാരെയും വിളിക്കാന്‍  ആരുമുണ്ടായിരുന്നില്ല. എല്ലാ വീടുകളിലും എന്നെങ്കിലുമൊരു ദിവസം നോമ്പുതുറയുണ്ടാകും. അതും ഞങ്ങളുടെ വീടിന് അപ്രാപ്യമായിരുന്നു. ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ച്  നോമ്പു തുറപ്പിക്കാനുള്ള പണമുണ്ടായിരുന്നുവെങ്കില്‍ എത്രയോ ദിനങ്ങളില്‍ ഞങ്ങളുടെ പാതിവയറുകള്‍ പുലരുമായിരുന്നുവല്ലോ.

ചെറിയ പെരുനാളിനെ പുതിയൊരു കുപ്പായവും വെള്ളമുണ്ടും കിട്ടിയിരുന്നുള്ളൂ.  എല്ലാവര്‍ഷവും പ്രതീക്ഷിക്കാനും പാടില്ല. പെരുന്നാളിനെ വീട്ടില്‍ ഇറച്ചി വാങ്ങൂ. വാസനസോപ്പ് മേടിക്കൂ. നെയ്‌ച്ചോറിന്റേയോ തേങ്ങാച്ചോറിന്റേയോ ഗന്ധം അടുക്കളയില്‍ നിന്ന്  ഉയരൂ. എണ്ണതേച്ചുള്ള കുളിയും ആണ്ടില്‍ രണ്ടു പെരുനാളിനെയുള്ളൂ. 

നോമ്പു തുടങ്ങുന്നതോടെ അഞ്ചച്ചവടിയിലെ ഏക തുണിക്കടയായ മൂസക്കുട്ടി ഹാജിയുടെ കടയിലും ആള്‍പെരുമാറ്റം കണ്ടു തുടങ്ങും. ഷോകേസുകളില്‍ പുതിയ കോളുകള്‍ മിന്നിതിളങ്ങും. രാവിലെ മദ്‌റസ വിട്ട് മടങ്ങുമ്പോഴും ളുഹ്ര്‍ നിസാക്കാരത്തിനായി അങ്ങാടി പള്ളിയിലേക്ക് ഓടുമ്പോഴും അതിലേക്ക് കൊതിയോടെ ഒരു നോട്ടമുണ്ട്. പുത്തന്‍ മണക്കുന്ന ആ തുണിത്തരങ്ങളില്‍ നിന്ന്  ഒന്ന് എന്നാണ് എനിക്കും സ്വന്തമാകുക...? പുതിയ കുപ്പായം വാങ്ങിതന്നില്ലെങ്കിലും തുന്നിക്കിട്ടിയില്ലെങ്കിലും പെരുന്നാള്‍ വലിയ ആഘോഷം തന്നെയായിരുന്നു. 

ബാപ്പയെ പോലുള്ള പലരും മൂസക്കുട്ടി ഹാജിയുടെ തുണിക്കടയിലെ പറ്റുകാരായിരുന്നു. പഴയ പറ്റിലേക്ക് എന്തെങ്കിലും ചെറിയൊരു തുകകൊടുത്ത് അയാള്‍ക്കു മുമ്പില്‍ തലചൊറിഞ്ഞ് നില്‍ക്കണം. അയാള്‍ പറയുന്നതിനെല്ലാം മൂളികൊടുക്കണം. അവസാനം  കനിഞ്ഞേക്കും. മുമ്പെങ്ങോ കൊണ്ടു വന്നുവെച്ചതില്‍ ചെലവാകാത്ത തുണി എടുത്താണ് അവര്‍ക്ക് കാണിച്ചുകൊടുക്കുക. പുതിയതിലേക്കൊന്നും അവര്‍ക്ക് നോക്കികൂടാ.


ഇതന്റെ ചക്കരപ്പൊടിക്ക് കിട്ട്ണതല്ല, മുന്തിയ സാധനാണ്. എന്നാണയാള്‍ പറയുക. അങ്ങനെ മൂസക്കുട്ടി ഹാജി നാട്ടുകാര്‍ക്ക് ചക്കരപ്പൊടിയായി. അയാളുടെ കട ചക്കരപ്പൊടിയുടെ കടയായി. മൂപ്പര്‍ കാണിച്ച് കൊടുക്കുന്ന  കുപ്പായമോ ശീലയോ  ഇഷ്ടപ്പെടാതെ തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ ഉടനെ വരും മറുപടി. ...ഇജ്ജൊക്കെ അതിടാനെ ആയിട്ടുള്ളൂ.

ആ വിധിയെ ശിരസാവഹിക്കാനെ ബാപ്പയെ പോലുള്ളവര്‍ക്ക് ആയിരുന്നുള്ളൂ.  അവിടെ നിന്ന് കൊണ്ടു തന്നിരുന്ന വിലകുറഞ്ഞ കോറകുപ്പായ ശീലയുമായി തുന്നല്‍ക്കടയില്‍ ചെന്നാല്‍ തിരക്കുമൂലം തുന്നിക്കിട്ടിയെന്നും വരില്ല.  

പതിനെട്ട്  വയസ്സെത്തും വരെ വീട്ടിലെ ദാരിദ്ര്യത്തിന്റെ മുഖം വിളറി വെളുത്തു നിന്നു. നോമ്പു വിഭവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എന്നെ നോമ്പുതുറക്കാന്‍ വിളിക്കാനൊന്നും  അധികമാരുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം എന്നെയും സുഹൃത്ത് ഷാജഹാന്‍   നോമ്പ് തുറക്കാന്‍ ക്ഷണിച്ചു. അഞ്ചാം നോമ്പിനായിരുന്നു. ഞാനേറെ ആഹ്ലാദിച്ചു.  വീട്ടില്‍ പറഞ്ഞിരുന്നില്ല. നേരം വെളുത്തിട്ട് പറയാമെന്ന് കരുതി.  എന്നാല്‍ അന്ന് പ്രഭാതത്തിലേക്ക് വിളിച്ചുണര്‍ത്തിയത് ബാപ്പയുടെ ഖുര്‍ആന്‍ പാരായണമായിരുന്നില്ല. തുവ്വപ്പെറ്റയിലെ അയ്യൂബിന്റെ പരിഭ്രമം നിറഞ്ഞ വാക്കുകളായിരുന്നു. നിങ്ങളെ ബാപ്പ പയ്യിനെ തീറ്റിയപ്പോ... പാടത്ത് വീണു....

പാതിയുറക്കത്തില്‍ നിന്ന് കണ്ണും തിരുമ്മി പുഴയോരത്തെ മൊയ്തീന്‍ക്കയുടെ വീട്ടുമുറ്റത്തേക്ക് ഓടുകയായിരുന്നു. മുറ്റത്ത് ചെറിയൊരാള്‍ക്കൂട്ടം. കാവിതേച്ച കോലായിയില്‍ നിശ്ചലനായി കിടക്കുന്ന ബാപ്പ.  പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു നോമ്പു കാലത്തിന്റെ കണ്ണീരില്‍  കുതിര്‍ന്ന ആ ഓര്‍മ ഇന്നും കനത്തു വിങ്ങുന്നുണ്ട് . 

രണ്ട് മരണങ്ങളാണ്  തലേന്നും പിറ്റേന്നുമായി ഗ്രാമത്തില്‍ നിന്നും പടിയിറങ്ങിപ്പോയത്. 
മറ്റൊന്ന് പ്രിയ സ്‌നേഹിതന്‍  ചെറിയാപ്പു.  മദ്രസാ അധ്യാപകനായിരുന്ന കുട്ടി മുസ്‌ലിയാരുടെ മൂത്ത മകനായിരുന്നു ചെറിയാപ്പു എന്ന അബ്ദുല്‍ബാരി. 
ആ ചെറിയ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ചെറിയാപ്പുവിന്റെ മരണം പാമ്പുകടിയേറ്റായിരുന്നു. ജീവിച്ചിരിക്കുന്നവരെയൊക്കെ കരയിപ്പിച്ച് ഇരുപതാമത്തെ വയസ്സില്‍ അവന്‍ കണ്ണടച്ചപ്പോള്‍ കരഞ്ഞുപോയത്  ഗ്രാമം ഒന്നടങ്കമായിരുന്നു.
ചെറിയാപ്പു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 സുഖമുണ്ടെന്നും ഉടനെ ഞങ്ങള്‍ക്കിടയിലേക്ക് പുഞ്ചിരിയുമായി അവന്‍ കടന്നുവരുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലേക്കാണ് അവന്റെ സ്ഥിതി വഷളായെന്ന വിവരമെത്തിയത്. ആ വിവരം കേട്ട മാത്രയില്‍ പുഴയോരത്തെ പാടത്ത് കുഴഞ്ഞു വീഴുകയായിരുന്നു ബാപ്പ. പിന്നെ ഉണര്‍ന്നതേയില്ല. എന്നാല്‍ അപ്പോഴും അതൊരു മരണമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായിരുന്നില്ല. ദാരിദ്യത്തിന്റെ നിറഞ്ഞുതൂവിയ മടിശ്ശീലയുമായി യാത്രയായ ബാപ്പയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ആരൊക്കെയോ പിരിവെടുക്കുന്ന കാഴ്ചയും എനിക്ക് കാണേണ്ടി വന്നു. ഖബറടക്കം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നോമ്പുകാരനായിരുന്നിട്ടും വിശപ്പ് കെട്ടിരുന്നു. ആദ്യമായൊരാള്‍ നോമ്പ് തുറക്കാന്‍ ക്ഷണിച്ചിട്ടും അത് സ്വീകരിക്കാനാകാത്തതിന്റെ നോവ് ഓരോ നോമ്പുകാലത്തും എന്നെ തട്ടി ഉണര്‍ത്താറുണ്ട്. ഒപ്പം നോവുപെയ്യുന്ന നോമ്പുകാലവും അതില്‍ നിന്ന് യാത്രപോയ ബാപ്പയും.

14/6/13

വിളംബരം ബ്ലോഗിന് വീണ്ടും അംഗീകാരം



പ്രിയപ്പെട്ടവരെ...

എന്റെ ബ്ലോഗെഴുത്തിന്  നാല് വയസ്സാകുന്നു. പത്രങ്ങളിലും 
മറ്റും എഴുതുന്ന ലേഖന പരമ്പരകളും ഫീച്ചറുകളുമെല്ലാമായിരുന്നു ഇതിലെ വിഭവങ്ങള്‍. ഇപ്പോള്‍ അതിന്റെ എണ്ണം 131 കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിനും രണ്ടിരട്ടിയിലേറെ ബ്ലോഗിലിടാനുണ്ട്. 131 പോസ്റ്റുകള്‍ ഒരു വലിയ ബഹുമതിയൊന്നുമല്ല.
ഏഴ് പുസ്തകങ്ങള്‍ പുറത്ത് വന്നത് ഇതിനകത്ത് പ്രസിദ്ധീകരിച്ച മാറ്ററുകളെ അടിസ്ഥാനപ്പെടുത്തിയാണ്. സഖാവ് കുഞ്ഞാലിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍, ലൈംഗിക ചന്തയില്‍ ആണ്‍കുട്ടികള്‍, വില്‍പ്പനക്കുണ്ട് രോഗങ്ങള്‍ എന്നിവയെല്ലാം അതില്‍ പ്രധാനം. 
അതിനേക്കാള്‍, അതിനകത്ത് പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങള്‍ക്കായി പതിനൊന്ന് പുരസ്‌കാരങ്ങളാണ് എന്നെ തേടിയെത്തിയത്. അതില്‍ ഏഴും വളരെ പ്രധാനപ്പെട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം 50000 രൂപ ബഹുമാന്യനായ വി എസ് അച്യുതാനന്ദനില്‍ നിന്നാണ് ഞാനും മാതൃഭൂമിയിലെ യാസര്‍ഫയാസും പങ്കിട്ടത്. ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായിരുന്നു അത്. 
ഏറ്റവും ഒടുവിലായി ഡോ സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡും ലഭിച്ചു. വിലക്കുവാങ്ങാം മരണങ്ങള്‍, വിപണനം ചെയ്യാം രോഗങ്ങള്‍ എന്ന ലേഖന പരമ്പരക്കായിരുന്നു ആ പുരസ്‌കാരം. ചെന്നൈയിലെ സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡും മാനസികാരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍ എന്ന ലേഖന പരമ്പരക്കാണ് ലഭിച്ചത്. അഞ്ച് അധ്യായങ്ങളിലായി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ ലേഖന പരമ്പരക്ക് ഇന്ത്യയിലെ 25 പത്രങ്ങളോട് മത്സരിച്ചാണ് പ്രാദേശിക ഭാഷാവിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനായത്. 
മാതൃഭൂമി ആരോഗ്യമാസികക്കായിരുന്നു രണ്ടാം സ്ഥാനം. ചെന്നൈയിലെ സ്‌കീസോഫ്രീനിയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ പൗത്രനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാലകൃഷ്ണ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങിയതും അദ്ദേഹത്തോടൊപ്പം അഞ്ച് മണിക്കൂര്‍ ചെലവഴിച്ചതും വലിയ ഭാഗ്യമായാണ് കരുതുന്നത്.
തൃശൂരില്‍ നടന്ന ചടങ്ങിലാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള പുരസ്‌കാരം ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശില്‍ നിന്ന് ഏറ്റുവാങ്ങിയത്.

എന്നാല്‍ ഇടക്കാലത്ത് എന്റെ ബ്ലോഗെഴുത്ത് വളരെ കുറഞ്ഞുപോയി. എഴുത്ത് കുറഞ്ഞുപോയിട്ടല്ല. എഴുതിയവ പോസ്റ്റ് ചെയ്യാനുള്ള മടിയും മറവിയുമായിരുന്നു. പലപ്പോഴും ഇവിടെ വരാനെ കഴിഞ്ഞില്ല. എന്നിട്ടും ഇവിടെ വന്ന് പോയ വായനക്കാരുടെ കാലടിപ്പാടുകള്‍ വഴികണക്കില്‍ ഉണ്ട്. 
പ്രതികരണം അറിയിക്കുന്നവരോട് ഒരു നന്ദിപോലും പ്രകാശിപ്പിക്കാത്തയാളാണ് ഞാന്‍. എനിക്കുമതറിയാം. പക്ഷേ, ആ നന്ദി വാക്കുകളിലോ ഒരു പ്രതികരണത്തിലോ ഒതുക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. എല്ലായിടത്തും വന്ന് മുഖം കാട്ടിപോരാന്‍ ഇപ്പോള്‍ സമയം മതിയാകുന്നില്ല. ഫെയ്‌സ് ബുക്കിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണിത്. എന്തായാലും  ഇനി ഒന്നുകൂടെ സജീവമാകണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെ സഹകരിച്ചവരോടും സഹായിച്ചവരോടും നന്ദി. 

വായിച്ച് പ്രതികരണമറിയിച്ചവരോടും വായിച്ച് പ്രതികരണം പറയാത്തവരോടും പ്രത്യേകമായ നന്ദി. ഈ നാലാം പിറന്നാളിന് ആഘോഷമൊന്നുമില്ല. കൂടുതല്‍ സജീവമാകാം എന്ന വാഗ്ദാനം മാത്രമെയുള്ളൂ. എന്നാലും എല്ലാവരെയും ഓര്‍ക്കുന്നു ഈ മിനിഷം. അഭിമാനത്തോടെ, ആഹ്ലാദത്തോടെ. എല്ലാവര്‍ക്കും എപ്പോഴും വിളംബരത്തിലേക്ക ്‌സ്വാഗതം. വിളംബരത്തിന്റെ പടിപ്പുര എല്ലാവര്‍ക്കു മുമ്പിലും എപ്പോഴും തുറന്ന് തന്നെ കിടക്കും. 

31/5/13

ഓര്‍മകള്‍ തളിര്‍ക്കുന്ന കലാലയ മുറ്റങ്ങള്‍


ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും നിറഞ്ഞ ബഹളങ്ങളില്‍ നിന്ന് വേനലവധിയുടെ ഓര്‍മകളിലേക്ക് വേര്‍പ്പെട്ടുപോയവരുടെ പുനഃസമാഗമത്തിനായി വിദ്യാലയങ്ങള്‍ വീണ്ടും തളിര്‍ക്കുന്നു. 
ഇനി കളിചിരികള്‍ക്ക് തല്‍ക്കാലം ഇടവേള, പാഠ പുസ്തകങ്ങള്‍ക്കും പഠനവഴികളിലെ പുത്തന്‍ പ്രവണതകള്‍ക്കും സുസ്വാഗതം. ചര്‍ച്ചകളും സംവാദങ്ങളും ഓര്‍മപരിശോധനകളും ക്ലാസ് മുറികളില്‍ ഇനി സജീവമാകുകയാണ്. 

പഠനത്തിന്റെ സ്വീകാര്യതക്കുവേണ്ടി പങ്കിട്ടെടുത്ത സൗഹൃദങ്ങളും കൂട്ടായ്മകളും സായാഹ്നങ്ങളും തിരിച്ചുവരികയാണ്. 
ജൂണ്‍ ഒരോര്‍മപ്പെടുത്തലാണ്. അധ്യയനത്തിന്റെ കല്‍വിളക്കുമാത്രമല്ല അത് തെളിയിക്കുന്നത്. പുതുവര്‍ഷത്തിന്റെ ആഹ്ലാദങ്ങളെയും ആശങ്കകളെയുമല്ല മടക്കിക്കൊണ്ടുവരുന്നത്. പുതുമഴയുടെ സീല്‍ക്കാരവും വിറപ്പിക്കുന്ന ഇടിയുടെ രൗദ്രഭാവത്തെയുമല്ല ഓര്‍മപ്പെടുത്തുന്നത്. നഷ്ടപ്പെടലുകളുടെ കനത്തഭാരം തൂങ്ങുന്ന നമ്മുടെ ബാല്യകാലത്തിലേക്ക് കൂടി മാടി വിളിക്കുകയാണ് ഈ പള്ളിക്കൂടയാത്രകള്‍. 

കാത്തിരുന്ന് കാത്തിരുന്ന് വന്നണഞ്ഞിരുന്ന ആ വേനലവധി. ആഹ്ലാദതിമര്‍പ്പിന്റെ ആരവങ്ങള്‍ക്കൊത്ത് അടിച്ചുപൊളിക്കുമ്പോള്‍ ഒരു മാസം കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷാ ഫലം നമ്മെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന വിധിയായിരുന്നിട്ടും ജയ പരാജയങ്ങളില്‍ ആശങ്കപ്പെട്ടിരുന്നില്ല. നമ്മുടെ പഠനം ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. ഫസ്റ്റ് ക്ലാസും റാങ്കും എ പ്ലസും വാങ്ങാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ട്യൂഷനും വെക്കേഷനും അതു കഴിഞ്ഞും അവസാനിക്കാത്ത പഠനയാത്രയിലേക്കു പോകാതിരുന്നിട്ടും നമ്മളെ നമ്മളാക്കിമാറ്റിയ ആ ഓര്‍മ പാടത്തേക്കല്ലേ ഈ ജൂണ്‍ കൂട്ടിക്കൊണ്ടുപോകുന്നത്? 
ആദ്യത്തെ പള്ളിക്കൂടയാത്രയെ ഓര്‍ത്തെടുക്കുമ്പോള്‍ നൂറുനാക്കായിരിക്കും എല്ലാവര്‍ക്കും. അന്ന് കാണിച്ച കുസൃതിയും കുശുമ്പും കാലമെത്രയേറെ കഴിഞ്ഞാലും മറന്നുപോകില്ല. എഴുപതാം വയസ്സിലും അതേപറ്റി ഓര്‍ക്കുന്നവരുടെ മനസ്സില്‍ ഒരു ജാള്യത വന്നുമൂടാതിരിക്കില്ല. 

അമ്മയുടെ മടിക്കുത്തിലും അച്ഛന്റെ വിരല്‍ തുമ്പിലും പിടിച്ചുള്ള ആദ്യയാത്ര. ഇപ്പോഴും അതേപറ്റി ഓമനിക്കുന്നതും ഓര്‍മകളില്‍ താലോലിക്കുന്നതും നിറഞ്ഞ സ്‌നേഹത്തോടെയല്ലെ...? 
ആകാശം മഴമേഘത്തുണ്ടുകളൊരുക്കിവെച്ച് കാത്തിരിക്കുന്ന ഈ ജൂണ്‍ ചിലര്‍ക്കെങ്കിലും ചിന്നിച്ചിതറി തുടങ്ങുന്ന മഴയുടെ ലാസ്യ നൃത്തം ആസ്വദിക്കാനുള്ളതല്ല. പഠനത്തിന്റെ വഴിയില്‍ വിലങ്ങുതടികളുടെ സര്‍വേകല്ലുകളുയരുമ്പോള്‍ യാത്രാമൊഴി പറയാനുള്ളതാണ്. 

ഇനി? ചിലര്‍ക്ക് പുതിയ കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. ഉന്നത പഠനത്തിനായി മറ്റൊരു കലാലയത്തിന്റെ വാതില്‍ക്കല്‍ ചെന്നുകയറണം. പഴയ സ്‌കൂളിലെ പുതിയൊരു ക്ലാസ് മുറിയില്‍ തിരിച്ചെത്തുന്നവരും ധാരാളം. പിന്നീടൊരിക്കലും തിരിച്ചെത്താത്തവരെക്കുറിച്ച് ആരാലോചിക്കുന്നു? മറ്റൊരു ജന്മത്തില്‍വെച്ച് കണ്ടുമുട്ടുമ്പോള്‍ അവരെ ആരോര്‍മിക്കുന്നു? 

ഓരോ അധ്യയന വര്‍ഷത്തിലും പുതിയ ലോകം കാണുന്ന അമ്പരപ്പോടെ തന്നെയാണ് നമ്മള്‍ ഓരോ ക്ലാസിലേക്കും കയറി ചെന്നത്. പുതിയ കലാലയമുറ്റത്ത് ശങ്കിച്ചുനിന്നത്. പുതുതായി കിട്ടിയ സൗഹൃദങ്ങളുമായി ഇണങ്ങിചേര്‍ന്നത്. ഓരോ പുതുമഴക്കുമൊപ്പം അമ്മമാര്‍ ഇടവഴി തിരിയുന്നതുവരെ നിറഞ്ഞ കണ്ണുകളോടെ തന്നെയാണ് നമ്മെ നോക്കിനിന്നത്. രണ്ടു നാഴിക അപ്പുറത്തുള്ള സ്‌കൂളിലേക്ക് യാത്രയാക്കുമ്പോഴും രണ്ടു വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തുന്ന മകന്റെ വേര്‍പാടിനെ ധ്വനിപ്പിക്കുന്ന ദുഃഖമാണ് ആ മുഖത്ത് ഘനീഭവിച്ചുനിന്നത്. 
ആ അമ്മ ഇന്ന് വൃദ്ധ സദനത്തിലെ പുരാവസ്തുവായി തീര്‍ന്നിരിക്കുന്നു. ആ മക്കളിന്ന് പുതിയ അച്ഛനും അമ്മയുമായി വളര്‍ന്നിരിക്കുന്നു. അവര്‍ വീട്ടിലെ കുട്ടികളെ ഊട്ടിയിലും ഊട്ടിയിലെ പട്ടികളെ വീട്ടിലും ഓമനിച്ചുവളര്‍ത്തുന്നു. കേരളത്തിലെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനത്തിലെ അമിതമായ ഉത്കണ്ഠയുള്ളു. ഓരോ കുടുംബവും തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലഴിക്കുന്നതും മക്കളുടെ വിദ്യാഭ്യാസത്തിനാണ്. എല്‍ കെ ജി മുതല്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിലൂടെ പഴുപ്പിച്ചെടുക്കുന്ന ഈ മക്കള്‍ക്ക് നല്‍കിയ സ്‌നേഹവും ചെലവഴിച്ച പണവും തൂക്കി നോക്കിയാല്‍ വിദ്യാഭ്യാസ ചെലവിന്റെ തട്ടു തന്നെയാകും നിറഞ്ഞു തൂവുന്നത്. 

സ്‌നേഹം എന്നത് ഒരുകെട്ട് നോട്ടും ഒരു പാട് ശാസനകളും ഓര്‍മപ്പെടുത്തലുകളുമാണവര്‍ക്ക്. അമ്മയും അച്ഛനും സഹോദരങ്ങളും അവധിക്കാലങ്ങളിലെ വിരുന്നുകാരാണ്. ബാല്യവും കൗമാരവും യൗവനവും എല്ലാം പഠനമുറിയില്‍ തളച്ചിടുമ്പോള്‍ അനുഭവങ്ങള്‍ എന്താണെന്ന് അവര്‍ അറിയുന്നില്ല. വിശപ്പും കഷ്ടപ്പാടും നിഘണ്ടുവില്‍കണ്ട രണ്ടു പദാവലികളാകുമ്പോള്‍ യഥാര്‍ഥ സ്വപ്നവും ജീവിത ലക്ഷ്യവും സ്വന്തമായുണ്ടാക്കിയെടുക്കുന്നതാകില്ല. രക്ഷിതാക്കളുടെ ഇച്ഛക്കൊത്തുണ്ടാകുന്ന യാന്ത്രിക സ്വപ്നമായും ലക്ഷ്യമായും അവ മാറുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ദിശാബോധമില്ലാത്ത ഒരു തലമുറയെ തന്നെയല്ലേ. 

ഭീം സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുടയെടുത്തിരുന്നില്ല. അവിചാരിതമായി മഴ തുടങ്ങി. പുസ്തകങ്ങള്‍ നനയരുതല്ലോ. എന്തു ചെയ്യും? ഷര്‍ട്ടിനുള്ളില്‍ ഭദ്രമായി തിരുകിവെച്ചു. പക്ഷെ, മഴ കനക്കുക തന്നെയാണ്. അവന്‍ തൊട്ടടുത്തുള്ള ഒരു പഴയ വീടിന്റെ ചുമരിനോട് ചേര്‍ന്ന് മഴ നനയാതിരിക്കാന്‍ ഒതുങ്ങി നിന്നു. പെട്ടെന്ന് വൃദ്ധയായ ഒരു സ്ത്രീ വാതില്‍തുറന്നു. അവരുടെ മുഖം അവനെ കണ്ട് ദേഷ്യം കൊണ്ട് ചുവന്നു. 
ഒരു മഹ്ര്‍ എന്റെ വീട് തൊട്ട് അശുദ്ധമാക്കി. തെമ്മാടി നിന്നെ ഞാന്‍...... അവര്‍ അവനെ പുറത്തേക്ക് പിടിച്ചുതള്ളി. ഭീം കാല്‍വഴുതി ചെളിവെള്ളത്തില്‍ വീണു. പുസ്തകങ്ങള്‍ നാലുപാടും ചിതറി. മുണ്ടും ശര്‍ട്ടും ചെളിയില്‍ കുതിര്‍ന്നു. കരഞ്ഞുകൊണ്ട് നടന്നകലുമ്പോള്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഞാനും ഒരു മനുഷ്യനല്ലേ.....? (ഡോ. ബി ആര്‍ അംബേദ്കറുടെ ആത്മകഥ)

അധ്വാനത്തിന്റെ ഫലം മധുരിക്കണമെങ്കില്‍ വിത്തും വേരും കയ്ക്കുന്നതു തന്നെയാകണം എന്ന വലിയ പാഠം ഒരുപാട് അവസരങ്ങളില്‍ സ്വന്തം ജീവിതം അംബേദ്കര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. സ്‌കൂളില്‍ പോകുമ്പോള്‍ ഇരിക്കാന്‍ ഒരു ചാക്ക് കഷ്ണം കൂടി കൊണ്ടുപോയി ആ കുട്ടി. ക്ലാസ് മുറിയുടെ ഒരറ്റത്ത് ആ ചാക്ക് വിരിച്ച് അതിലിരുന്നാണവന്‍ പഠിച്ചത്. നീണ്ട യാതനകള്‍ക്കൊടുവിലാണെങ്കിലും അംബേദ്കര്‍ക്ക് ചരിത്രത്തിലിടം നേടിക്കൊടുത്തത് ആ ക്ലാസ് മുറിയിലെ അവഹേളനങ്ങളുടെ പാഠങ്ങളോട് പൊരുതാനുറച്ച ഇച്ഛാശക്തി തന്നെയായിരുന്നു. അരത്തിനോടുരുമ്മുമ്പോള്‍ ഇരുമ്പിനും തേയ്മാനം സംഭവിക്കുമെന്ന് അവന്‍ കുഞ്ഞുനാളിലെ പഠിച്ചെടുത്തിരുന്നു. 
ഇപ്പോള്‍ വിദ്യാഭ്യാസ ശതമാനകണക്ക് വാണം പോലെ ഉയര്‍ന്നപ്പോള്‍ തന്നെ നിലവാരം കുത്തനെ താഴ്ന്നിരിക്കുന്നു. തൊഴിലില്ലാ പടയുടെ ശതമാനവും ഉയരുന്നു? സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് മാത്രം ഓരോ വര്‍ഷവും 800 ഡോക്ടര്‍മാര്‍ ബിരുദവുമായി പുറത്തിറങ്ങുന്നു. 2000ത്തിലെ കണക്കുപ്രകാരം മാത്രം കേരളത്തില്‍ ഉന്നത പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ കണക്ക് 14585 ആണ്. 

കൃഷി അന്യമായ നാട്ടിലേക്ക് കൃഷി എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയും വലിയൊരു വിഭാഗം പ്രതീക്ഷകളോടെ കടന്നുവരുന്നു. പതിനായിരത്തോളം ബി എഡുകാര്‍ ഓരോ വര്‍ഷവും സനദുമായി പുറത്തിറങ്ങിവരുന്നത് വര്‍ഷത്തില്‍ 100 നിയമനങ്ങള്‍ പോലും നടക്കാത്ത ഒരിടത്തേക്കാണ്. വക്കീലന്‍മാരുടെ അംഗസംഖ്യയില്‍ സര്‍വകാല റിക്കാര്‍ഡാണ് കേരളത്തിനുള്ളത്. ഇവരില്‍ വലിയൊരു വിഭാഗം ഉപജീവനം തേടുന്നത് എല്‍ ഐ സി ഏജന്റുമാരായിട്ടാണ്. 
തൊഴിലില്ലാപ്പടയുടെ അംഗസംഖ്യ വര്‍ധിപ്പിച്ച് ബഹുമതി നേടാന്‍ വേണ്ടിയാണോ നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി മക്കളെ പഠിപ്പിക്കുന്നത്? സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും നഷ്ടപ്പെടുത്തുന്നത്? 

നേടിയ വിദ്യാഭ്യാസം കൊണ്ട് ഇവരില്‍ എത്രപേര്‍ക്ക് ജീവിക്കാനാകുമെന്ന വലിയ ചോദ്യത്തിനുമുന്നില്‍ പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇത്രകാലമായിട്ടും ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ അധ്യയനവര്‍ഷവും അതേചോദ്യം നമ്മളെ അലോസരപ്പെടുത്തുന്നുണ്ട്. ഉത്തരം കണ്ടെത്തി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഈ കഠിനധ്വാനത്തിന്റെ ഫലം എന്നാണ് മധുരിക്കുക.....?

12/3/13

മരുന്ന് എല്ലാ രോഗികള്‍ക്കും സൗജന്യമാക്കണം


സാധാരണ ഗതിയില്‍ സമൂഹത്തില്‍ രണ്ട് ശതമാനം ആളുകള്‍ കാര്യമായ മാനസിക രോഗമുള്ളവരും അഞ്ച് ശതമാനത്തോളം ആളുകള്‍ ചികിത്സ ആവശ്യമുള്ള ലഘു മാനസിക രോഗമുള്ളവരുമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ചികിത്സക്കെത്തുന്നവരില്‍ 25 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാ മാനസികാരോഗ്യ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് ജില്ലകളില്‍ മാനസികാരോഗ്യ ചികിത്സ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ അടക്കം പൂര്‍ണമായ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. 

2007 ജൂണിലാണ് വയനാട് ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ പതിനായിരം രോഗികള്‍ ചികിത്സ തേടി എത്തിയതായാണ് കണക്ക്. 2008ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും 2009ല്‍ കാസര്‍കോടും പദ്ധതി തുടങ്ങി. കോഴിക്കോട് 16,247 രോഗികള്‍ക്കും മലപ്പുറത്ത് 9539 പേര്‍ക്കും കാസര്‍കോട് 4575 പേര്‍ക്കും  പ്രയോജനം ലഭിച്ചതായും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍  ഈ ജില്ലകളില്‍ ആയിരക്കണക്കിന് ബോധവത്കരണ പരിപാടികളും ചികിത്സാ ക്യാമ്പുകളും ഡോക്യുമെന്ററി നിര്‍മാണവും എല്ലാം ഈ പദ്ധതിയുടെ ഭാഗമായി നടന്നിട്ടും മാനസിക രോഗത്തിന്റെ  ദുരിതം പേറുന്നവരുടെ ബന്ധുക്കളെ പോലും ബോധവത്കരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വേദനാജനകമായ കാര്യം.  കുറഞ്ഞ പക്ഷം അവരെയെങ്കിലും ഉത്ബുദ്ധരാക്കിയിരുന്നുവെങ്കില്‍ കുതിരവട്ടത്തും പേരൂര്‍ക്കടയിലും റെസ്‌ക്യൂ ഹോമിലും ആശാഭവനുകളിലും ഇത്രയേറെ അനാഥ പ്രേതങ്ങള്‍ തിങ്ങി നിറയില്ലായിരുന്നു. മനോരോഗങ്ങളുടെ കാരണങ്ങളേയും ചികിത്സയേയും കുറിച്ച് കൂടുതല്‍ ബോധവത്കരിച്ച് തെറ്റിദ്ധാരണകള്‍ തിരുത്തുക എന്നതും മര്‍മപ്രധാനമായ കാര്യമാണ്. എന്നാലാകട്ടെ ഒട്ടും നടക്കാത്തതും നടത്തിയിട്ടും ഫലപ്രദമാകാത്തതുമായ പ്രവൃത്തിയും ഇതു തന്നെയാണ്. 

അതുകൊണ്ടല്ലേ ദുര്‍മന്ത്രവാദ കേന്ദ്രങ്ങളില്‍ നിന്നും തട്ടിപ്പ് ചികിത്സാലയങ്ങളില്‍ നിന്നും ഇവര്‍ക്ക് മോചനം സാധ്യമാകാത്തത്?  ''എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതില്‍ വിദഗ്ധരാണ് മലയാളികള്‍. എന്നാല്‍ മനോരോഗത്തെക്കുറിച്ചുള്ള അവരുടെ അറിവ് വട്ടപ്പൂജ്യമാണ്'' കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ ഇ മുകുന്ദന്‍ പറയുന്നു. ദുര്‍മന്ത്രവാദവും മറ്റും കഴിഞ്ഞ് ഒന്നും ഫലിക്കാതെ വരുമ്പോഴാണ് പലരും ഇവിടെ കൊണ്ടുവന്ന് തള്ളുന്നതെന്നും അദ്ദേഹം. ചില ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ പോകുന്നു. പക്ഷേ, നിരന്തരമായ ചികിത്സ മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയാണ് പലരെയും തളര്‍ത്തുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ട് വന്നിടുന്നത്. എന്തെല്ലാം  ചികിത്സകള്‍ കഴിഞ്ഞാലും പ്രിയപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിനായി എല്ലാം ക്ഷമിച്ചും കൂടെ കഴിയുന്നു ചില മാതാപിതാക്കള്‍. അവരെ നമിക്കുകയാണ് വേണ്ടതെന്നും ഡോ മുകുന്ദന്‍.

മനോരോഗാശുപത്രികളില്‍ രോഗശമനത്തിന് ലഭ്യമായ  ചികിത്സാ സൗകര്യങ്ങളല്ല ഉള്ളതെന്നും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നും  വിശ്വസിക്കുന്നവര്‍ മനോരോഗ വിദഗ്ധര്‍ക്കിടയില്‍ തന്നെയുണ്ട്. ഇതിനുള്ള കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. 
സ്‌കിസോഫ്രീനിയ, കടുത്ത ഉന്മാദം എന്നീ രോഗങ്ങള്‍ ബാധിച്ചവരാണ് ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവര്‍. ഇവരില്‍ ഉന്മാദ രോഗികളുടെ അസുഖം മൂന്നോ നാലോ ആഴ്ചകൊണ്ട് ഒ പി ചികിത്സ മാത്രം വേണ്ടി വരുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. സ്‌കിസോഫ്രീനിയ  ബാധിച്ചവര്‍ക്ക് കുറച്ചുകൂടി ദീര്‍ഘകാലമെടുത്താലും ഈ അവസ്ഥയിലെത്തിച്ചേരാനും ഇന്ന്  ചികിത്സ ലഭ്യമാണ്. എന്നാല്‍ ദീര്‍ഘകാലം ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുന്നവരില്‍ പലപ്പോഴും കാണപ്പെടുന്നത് അക്രമവാസനയല്ല, മറിച്ച് ഉള്‍വലിയല്‍, ആശയവിനിമയത്തിനും ആളുകളുമായി ഇടപഴകാനുമുള്ള വിമുഖത, അലസത എന്നീ നെഗറ്റീവ് രോഗലക്ഷണങ്ങളാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. എം ടി ഹാരിഷ് ചൂണ്ടിക്കാട്ടുന്നു.
 ഏകാന്തവും ആവര്‍ത്തനവിരസവുമായ ആശുപത്രി തടവറ രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം. ഏറെക്കാലം ഇത്തരത്തില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന രോഗികളില്‍ ഉള്ളകഴിവുകള്‍ കൂടി നഷ്ടപ്പെട്ട് ജഡാവസ്ഥയില്‍ ആകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ മാനസിക രോഗ കേന്ദ്രങ്ങളാകുന്നു എന്ന് പറയുന്നത്. മിക്ക ആതുരാലയങ്ങളും പ്രവര്‍ത്തിക്കുന്നതോ സങ്കീര്‍ണമായ ഘടനാ സംവിധാനത്തിലാണ്. ഡോക്ടര്‍മാര്‍ ഉയര്‍ന്ന തട്ടില്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സുമാരും അവര്‍ക്ക് താഴെ മറ്റു ജീവനക്കാരുമെന്ന അധികാര ശ്രേണി നിലനില്‍ക്കുന്നു. ഭരണപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഓഫീസ് ജീവനക്കാരുടെത് മറ്റൊരു  തട്ടുമായതിനാല്‍ അധികാര പരിധികളില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോകാനും രോഗികള്‍ക്ക് പ്രയാസങ്ങള്‍  നേരിടാനുമുള്ള സാധ്യതയും ഏറെയാണ്. തകരാറ് വ്യക്തികള്‍ക്കല്ല, സംവിധാനത്തിന് തന്നെയാണ്. തെരുവില്‍ അലഞ്ഞു തിരിയുന്നവരെ  നിരീക്ഷിക്കാന്‍ കോടതി മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അയച്ചവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നത് ഇതൊക്കെ കൊണ്ടാണ്.  

കോടതിയുടെ ഉത്തരവാദിത്വത്തില്‍ ഇവിടെ എത്തുന്നവരുടെ പോലും സ്ഥിതി ഇതാണെങ്കില്‍ പിന്നെന്തു ചെയ്യും?
   നമുക്കാവശ്യം ഇത്തരം ആശുപത്രികളേയല്ല. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര വിദഗ്ധരും മനോരോഗാശുപത്രികള്‍ കാലഹരണപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നത് അതിനാലാണ്. പകരം എല്ലാ ജില്ലകളിലും സാമൂഹിക മാനസികാരോഗ്യ പരിപാടി നടപ്പാക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മനോരോഗ ചികിത്സ ലഭ്യമാക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഭൂരിഭാഗം രോഗികള്‍ക്കും ഇതുവഴി തന്നെ സുഖപ്പെടും. 
കിടത്തി ചികിത്സ വേണ്ടവര്‍ക്ക് ജില്ലാ താലൂക്ക് ആശുപത്രികളില്‍ തന്നെ സൗകര്യം ഒരുക്കണമെന്നും ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ട ചെറിയ ശതമാനം രോഗികള്‍ക്കുവേണ്ടി കേന്ദ്രങ്ങള്‍ തുറക്കണമെന്നും അവര്‍ നിര്‍ദേശം ഉന്നയിക്കുന്നു. ധാരാളം പുനരധിവാസ കേന്ദ്രങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുന്നതോടെ സ്വന്തം കാലില്‍  നില്‍ക്കാനുള്ള ത്രാണി ഇവര്‍ക്കുണ്ടാകുന്നു. അതോടെ തന്നെ വലിയൊരു പ്രതിസന്ധി ലഘൂകരിക്കപ്പെടുന്നു.

ആവശ്യമായ മരുന്നുകള്‍ തുടര്‍ച്ചയായി സൗജന്യമായി നല്‍കാന്‍ സാധിച്ചാല്‍ തന്നെ ഈ മേഖലയിലെ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഡോ. കമാല്‍ ഹുസൈന്‍. മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില തന്നെയേ ഇവക്കും വരുന്നുള്ളൂ. എന്നാല്‍ ഇടത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് പോലും തുടര്‍ച്ചയായ ചികിത്സ കനത്ത ഭാരമാകുന്നു. ഈ അവസ്ഥക്ക് മാറ്റം വരിക തന്നെ വേണം. അദ്ദേഹം പറയുന്നു. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒന്ന് വീതം ഉണ്ടായാല്‍ അതിനും പരിഹാരമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. 
സര്‍ക്കാര്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കുന്ന കാര്യങ്ങളാണിവയെല്ലാമെന്ന് ഡോ എന്‍ കെ സാദിഖ്. മാനസികാതുരാലയങ്ങളുടെ മുഖച്ഛായ മാറണമെങ്കില്‍ നിര്‍മാണ മേഖലയുടെ അടിസ്ഥാന തത്വം തന്നെ മാറണം. ഗവ ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് കൃത്യമായ പ്ലാനുകളില്ല. സൂപ്പര്‍വൈസ് ചെയ്യുന്നതിന് ആളില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ കെട്ടിടങ്ങള്‍ ഒന്നിനും കൊള്ളാത്ത രീതിയിലാണ് പണികഴിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എന്തായാലും രോഗം ചങ്ങലക്ക് തന്നെയാണ്. അത് ഇനിയെങ്കിലും തിരിച്ചറിയാന്‍ തയ്യാറാകുകയാണ് അധികൃതര്‍ ആദ്യം ചെയ്യേണ്ടത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനും നിയമസഭാ സമിതി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ എങ്കിലും നടപ്പാക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍? (അവസാനിച്ചു.)

മദ്യാസക്തിയും മനോരോഗം

വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള രോഗമാണ് മദ്യാസക്തി. മദ്യപാനം അതിന് അടിമപ്പെട്ടവരില്‍ ഗുരുതരമായ ശാരീരിക രോഗങ്ങളും മാനസിക രോഗങ്ങളും ഉണ്ടാക്കുന്നു. സാമൂഹികമായ പ്രശ്‌നങ്ങള്‍ വേറെയും സൃഷ്ടിക്കുന്നു. പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കാണുന്നു.

 വിഷാദ രോഗം മദ്യപന്‍മാരില്‍ സാധാരണമാണ്. മദ്യം നിര്‍ത്തുമ്പോഴും താത്കാലികമായി വിഷാദ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇവരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. ഇത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെക്കൂടുതലാണ്. മദ്യപിക്കുന്നവര്‍ കൂടുതല്‍ പുകവലിക്കുന്നു. മയക്കുമരുന്നും ഉപയോഗിക്കുന്നു. പങ്കാളിയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയ രോഗവും ഇവരില്‍ കൂടുതലാണ്. മദ്യപരില്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാല്‍ ലൈംഗിക ശേഷി കുറക്കുന്നു എന്നതാണ് സത്യം. 

പ്രാചീന കാലങ്ങളില്‍ കഞ്ചാവിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് കഠിനമായ ചര്‍ദ്ദിക്കും വേദനക്കും അപസ്മാരത്തിനും മരുന്നായി കഞ്ചാവ് ഉപയോഗിച്ചിരുന്നു.  കഞ്ചാവിന്റെ ദൂശ്യവശങ്ങളില്‍  ഏറ്റവും മാരകം അതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ തന്നെയാണ്. ആദ്യമായി ഉപയോഗിക്കുന്നവരില്‍ തീവ്രമായ ഉത്കണ്‍ഠ, പേടി, സ്ഥലകാലവിഭ്രാന്തി, സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥ , ആത്മഹത്യാ ചിന്ത, അക്രമവാസന എന്നിവ  ഉണ്ടാക്കുന്നു. ശരീരത്തേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കത്തിന്റെ ശക്തികേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മയക്കുമരുന്നുകളും മാദക ദ്രവ്യങ്ങളും മനുഷ്യമനസ്സിന്റെ സ്വാഭാവികമായ താളത്തെയാണ് തെറ്റിക്കുന്നത്. ഈ താളഭ്രംശനം ഭ്രാന്ത് എന്ന അവസ്ഥയിലേക്ക് പിച്ചവെക്കുന്നു.

11/1/13

മാനസികാതുരാലയങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ part 3

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം 1872ല്‍ സ്ഥാപിച്ചതായാണ്‌ ചരിത്രരേഖകള്‍. മലബാറില്‍ 1850കള്‍ മുതല്‍ ബ്രിട്ടീഷ്‌ അതിക്രമങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളില്‍ എല്ലാം തകര്‍ന്ന്‌ മനോനില തെറ്റിയ പൂക്കോട്ടൂരിലെ മാപ്പിളമാരായിരുന്നു ആദ്യത്തെ അന്തേവാസികള്‍. ചരിത്രം വളച്ചൊടിക്കാനും ചിലരെ നിലക്കു നിര്‍ത്താനും അവര്‍ ഈ കേന്ദ്രത്തെ ഉപയോഗിച്ചു പോന്നിരുന്നു. പില്‍ക്കാലത്ത്‌ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മനോരോഗികളുടെ പ്രതീക്ഷയായി കേന്ദ്രം. എന്നാല്‍ എല്ലാവര്‍ക്കും പുച്ഛവും അവജ്ഞയുമാണ്‌. എവിടെയാണ്‌ വീടെന്ന്‌ ചോദിക്കുമ്പോള്‍ കുതിരവട്ടത്തെന്ന്‌ പറയാന്‍ മടിക്കുന്നവരും ഏത്‌ ആശുപത്രിയിലാ ജോലിയെന്ന്‌ അന്വേഷിച്ചാല്‍ പറയാന്‍ അറക്കുന്നവരും ഇന്നുണ്ട്‌. ഇവിടേക്ക്‌ വരാന്‍ മടിക്കുന്ന ഡോക്‌ടര്‍മാര്‍ പോലുമുണ്ട്‌.
ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി താണ്ടുമ്പോഴും പരാധീനതകള്‍ മറുവശത്ത്‌ ഈ കേന്ദ്രത്തെ ശ്വാസം മുട്ടിക്കുന്നുണ്ട്‌. അസൗകര്യങ്ങളുടെ നിറവില്‍ 1500 രോഗികളെ പാര്‍പ്പിച്ച ഭൂതകാലം ഈ ആതുരാലയത്തിന്‌ ഓര്‍ത്തെടുക്കാനുണ്ട്‌. എന്നാല്‍ ഇന്ന്‌ 592 പേരാണിവിടെയുള്ളത്‌. 336 പുരുഷന്‍ മാരും 256 സ്‌ത്രീകളും. ഫാമിലി തെറാപ്പി വാര്‍ഡില്‍ 150 പേരുണ്ട്‌. ഇവരെ പരിചരിക്കാന്‍ ബന്ധുക്കളുണ്ടാകും. പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ഇത്തരത്തിലുള്ള ഓരോ വാര്‍ഡുണ്ട്‌. ക്ലോസ്‌ഡ്‌ വാര്‍ഡില്‍ 350 പേരാണുള്ളത്‌. ഇവരെ പരിചരിക്കാന്‍ ബന്ധുക്കളില്ല. ചിലരുടെ വീടോ നാടോ എവിടെയാണെന്നറിയില്ല. ബന്ധുക്കളെ കണ്ടെത്താത്തവര്‍, സംരക്ഷിക്കാനാളില്ലാത്തവര്‍, ഉണ്ടായിട്ടും കൊണ്ടുപോകാത്തവര്‍...



ഫോറന്‍സിക്‌ വാര്‍ഡിലും 150 രോഗികള്‍ ഉണ്ട്‌. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിചാരണയില്‍ കഴിയുന്നവര്‍, റിമാന്‍ഡ്‌ പ്രതികള്‍, കുറ്റവിമുക്തരാക്കപ്പെട്ടിട്ടും മോചനം സാധ്യമാകാത്തവര്‍, അലഞ്ഞു തിരിഞ്ഞ്‌ നടക്കുന്നതിനിടെ കോടതി മുഖാന്തരം അയക്കുന്നവര്‍ ...
മറ്റാരും അഭയമില്ലാത്ത 256 സ്‌ത്രീകളില്‍ 88 പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ 133 പേരും മലയാളികളാണ്‌. സങ്കടകരമായ കാര്യം ഇവരില്‍ 17 പേരുടെ ബന്ധുക്കള്‍ മാത്രമേ എന്നെങ്കിലും വന്ന്‌ നോക്കാറുള്ളൂ എന്നതാണ്‌. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കുറിച്ച്‌ ബന്ധുക്കള്‍ക്കറിയാത്തതുകൊണ്ടാ അവരെ അറിയിക്കാന്‍ സാധിക്കാത്തതു കൊണ്ടോ ആണ്‌. എന്നാല്‍ മലയാളികളില്‍ പലരും എല്ലാം അറിഞ്ഞു തന്നെ മുഖം തിരിക്കുന്നു. 336 പുരുഷന്‍മാരില്‍ 273 പേരാണ്‌ ഉടായോരില്ലാത്തവരുടെ സെല്ലുകളിലുള്ളത്‌. 216 പേരും കേരളീയരാണ്‌. 77 പേര്‍ ഇതര സംസ്ഥാനങ്ങളിലുള്ളവരും. 107 പേരുടെ ബന്ധുക്കള്‍ വല്ലപ്പോഴുമൊന്ന്‌ എത്തി നോക്കാറുണ്ട്‌. ശേഷിക്കുന്ന 166 പേരും അനന്തമായ കാത്തിരിപ്പിലാണ്‌. ഇവരില്‍ 200 പേരെങ്കിലും കാര്യമായ അസുഖമുള്ളവരേയല്ല.


കേരളാ മെന്റല്‍ ഹെല്‍ത്ത്‌ ആക്‌ട്‌ പ്രകാരമുള്ള സ്റ്റാഫ്‌ പാറ്റേണ്‍ ഇവിടെ നടപ്പായിട്ടില്ല. 600 രോഗികളുടെ ആവശ്യത്തിന്‌ ഇന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബില്ല. ഉള്ളതാകട്ടെ ഒരു ലാബ്‌ ടെക്‌നീഷ്യന്‍ മാത്രം. അസമയത്ത്‌ നെഞ്ചു വേദനയുണ്ടായാല്‍ ഇ സി ജി കൊടുക്കാനാളില്ല. മെഡിക്കല്‍ ഫിസിഷ്യനില്ല. നേരത്തെ ഇവിടെ ഉണ്ടായിരുന്ന രണ്ട്‌ യൂനിറ്റിനെ മെഡിക്കല്‍ കോളജിലേക്ക്‌ കരകടത്തിയതോടെ ആറ്‌ ഡോക്‌ടര്‍മാരുടെ കുറവാണ്‌ കേന്ദ്രത്തിനുണ്ടായത്‌. മറ്റു ജീവനക്കാരുടെ കുറവ്‌ വേറെയും. മൂന്ന്‌ ഗവ ഹെല്‍ത്ത്‌ സര്‍വീസ്‌ യൂനിറ്റ്‌, രണ്ട്‌ മെഡിക്കല്‍ കോളജ്‌ യൂനിറ്റ്‌, ഒരു ഇംഹാന്‍സ്‌ യൂനിറ്റ്‌ എന്നിങ്ങനെ ആറ്‌ യൂനിറ്റുകളിലെ ഡോക്‌ടര്‍മാര്‍ ചേര്‍ന്നതായിരുന്നു ഈ കേന്ദ്രം. രണ്ട്‌ വര്‍ഷം മുമ്പാണ്‌ ഈ യൂനിറ്റുകളെ മാറ്റിയത്‌. പകരം സംവിധാനമുണ്ടാക്കിയില്ല. അപ്പോഴും നിരവധി സൗകര്യങ്ങള്‍ നഷ്‌ടപ്പെട്ടു. ഇങ്ങനെ വളരുന്തോറും തളരുന്ന ഒരു പ്രസ്ഥാനമായി ഈ സ്ഥാപനം മാറുമ്പോഴും അധികൃതര്‍ ഉറക്കമുണരുന്നേയില്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന്‌ പടിയിറങ്ങുന്നത്‌ മൂന്ന്‌ പ്രമുഖ ഡോക്‌ടര്‍മാരാണ്‌.
പേരൂര്‍ക്കട ആശുപത്രിയില്‍ 450 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്‌. ഇപ്പോള്‍ അഞ്ഞൂറ്‌ പേരുണ്ട്‌. 36 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു ഈ ക്യാമ്പസ്‌. നാല്‌ ഫോറന്‍സിക്‌ വാര്‍ഡുകളുണ്ട്‌. പരിതാപകരമാണ്‌ ഇവയുടെ അവസ്ഥ. ഒമ്പതാം വാര്‍ഡിനെ നരകമെന്നാണ്‌ ജീവനക്കാര്‍ തന്നെ വിശേഷിപ്പിക്കുന്നത്‌. ഈ വാര്‍ഡുകളില്‍ 21 സിംഗിള്‍ സെല്‍ മുറികളും പത്ത്‌ പേര്‍ക്ക്‌ പാര്‍ക്കാവുന്ന രണ്ട്‌ ഹാളുകളുമാണുള്ളത്‌. 41 പേര്‍ക്കു മാത്രം സൗകര്യമുള്ള സ്ഥലത്ത്‌ ഇപ്പോഴും എഴുപതോ എണ്‍പതോ പേരുണ്ട്‌. അക്രമകാരികളാണെന്നറിഞ്ഞുതന്നെ പത്തോളം പേരെ ഒറ്റക്ക്‌ പാര്‍പ്പിക്കുന്നു. മറ്റെന്ത്‌ ചെയ്യും? 11 സിംഗിള്‍ സെല്‍ മുറികളില്‍ ഓരോന്നിലും ഒന്നിലധികം പേരെ പാര്‍പ്പിക്കേണ്ടി വരുന്നു. ഈ അവസ്ഥയില്‍ എങ്ങനെ സംഘട്ടനങ്ങള്‍ ഉണ്ടാകാതിരിക്കും? ജീവനക്കാര്‍ ചോദിക്കുന്നു. വെളിച്ചമില്ലാത്ത സെല്‍ മുറികളാണ്‌ പലതും. കെട്ടിടത്തിന്റെ ഘടന മൂലം രോഗികളെ നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക്‌ സാധിക്കുന്നില്ല. ഏറെ സുരക്ഷിതവും നിരീക്ഷണ സൗകര്യവുമുള്ളതാകണം ഫോറന്‍സിക്‌ വാര്‍ഡുകള്‍ എന്നിരിക്കേയാണ്‌ പഴഞ്ചന്‍ ജയിലറകള്‍ പോലുള്ള സെല്ലുകള്‍.
ഫോറന്‍സിക്‌ വാര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്ന്‌ മുതല്‍ പത്ത്‌ വരെയുള്ള വാര്‍ഡുകള്‍ക്ക്‌ രാത്രി സമയത്ത്‌ ഒരു സ്റ്റാഫ്‌ നഴ്‌സ്‌ മാത്രമാണുണ്ടാകുന്നത്‌. ആശുപത്രിയില്‍ നൂറ്‌ നഴ്‌സുമാര്‍ വേണം. ഉള്ളത്‌ 50 മാത്രം. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌, അറ്റന്‍ഡര്‍ തുടങ്ങിയ തസ്‌തികകളിലായി 44 എണ്ണമാണ്‌ ഒഴിഞ്ഞു കിടക്കുന്നത്‌.
ഒരുപാട്‌ സമയം ചെലവഴിച്ച്‌ ഓരോ രോഗിയുടെയും രോഗാവസ്ഥ വിലയിരുത്തി ചികിത്സ നല്‍കേണ്ട രോഗികളാണിവിടെയുണ്ടാകുക. എന്നാല്‍ കേരളത്തിലെ ഫോറന്‍സിക്‌ വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത്‌ ആശുപത്രിയില്‍ നിന്ന്‌ ഏറെ മാറിയോ വിദൂരമായ കോണുകളിലോ ആണ്‌. അടിയന്തര ചികിത്സ ആവശ്യമുള്ള ഇവര്‍ക്ക്‌ ഏറെ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്‌. അവരെ ശ്രദ്ധിക്കാന്‍ കഴിയാത്ത രീതിയിലാണ്‌ ആശുപത്രി സംവിധാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജയപ്രകാശ്‌ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ മാനസിക രോഗം ബാധിച്ചവര്‍ മറ്റുള്ളവരുടെ ജീവന്‍ മാത്രമല്ല സ്വന്തം ജീവന്‍ തന്നെ അപായപ്പെടുത്താറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സുരക്ഷയും ശുശ്രൂഷിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്‌. എന്നാല്‍ അതിനുള്ള സാഹചര്യം മാനസികാരോഗ്യ കേന്ദ്രങ്ങളിലില്ല. ആവശ്യമായ ജീവനക്കാരുടെ എണ്ണവുമില്ല. അക്രമം തടയുകയും ചികിത്സ നല്‍കുകയും ചെയ്യുന്നത്‌ പോലെ പ്രധാനമാണ്‌ രോഗികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതും. ഈ സാഹചര്യത്തില്‍ അതും പാലിക്കപ്പെടാനാകുന്നില്ല. 


ഡോക്‌ടര്‍മാരേക്കാള്‍ രോഗികള്‍ക്കൊപ്പം ചെലവഴിക്കുന്നത്‌ മറ്റു ജീവനക്കാരാണ്‌. സൈക്യാട്രിസ്റ്റ്‌ നഴ്‌സ്‌ എന്ന തസ്‌തിക സൃഷ്‌ടിക്കപ്പെട്ടിട്ടേയില്ല. സാധാരണ ആശുപത്രികളിലെ നഴ്‌സിംഗ്‌ അസിസ്റ്റന്റും പാര്‍ട്ട്‌ ടൈം സീപ്പറും ഒക്കെതന്നെയാണിവിടെയും ഉള്ളത്‌. ഇവരൊന്നും മനോരോഗത്തെക്കുറിച്ചോ രോഗികളുടെ മനഃശാസ്‌ത്രത്തെക്കുറിച്ചോ ഒരു പരിശീലനവും ലഭിച്ചവരല്ല. ശിക്ഷണ നടപടി എന്ന നിലയിലാണ്‌ പലരേയും ഇവിടേക്ക്‌ മാറ്റിയിട്ടുള്ളതെന്നും ആേക്ഷപ മുണ്ട്‌. മനോരോഗത്തിന്റെ ബാലപാഠം അവര്‍ കേള്‍ക്കുന്നത്‌ ഇവിടെ എത്തുമ്പോഴാണ്‌. കുറേക്കാലം ആശുപത്രിയുടെയും രോഗികളുടെയും മനസ്സ്‌ ഇവര്‍ പഠിച്ചെടുക്കുമ്പോഴേക്ക്‌ മറ്റൊരിടത്തേക്ക്‌ മാറിപ്പോയിട്ടുണ്ടാകും. ഫലത്തില്‍ രോഗികള്‍ക്കിതിന്റെ ഫലം ലഭിക്കുന്നേയില്ല. കോഴിക്കോട്‌ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന്‍ പറയുന്നു.
തമ്മില്‍ ഭേദമെന്ന്‌ പറയാവുന്നത്‌ തൃശൂരിലെ ആശുപത്രിയാണ്‌. ഇവിടെ 12 വര്‍ഷം മുമ്പാണ്‌ ഒരാള്‍ കൊല്ലപ്പെട്ടത്‌. രോഗികള്‍ അക്രമാസക്തരാകുമ്പോള്‍ ഉണ്ടാകുന്ന പതിവ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ജീവനക്കാരുടെ കുറവ്‌ ഇവിടെയുമുണ്ട്‌. എല്ലാ മേഖലയിലും ആള്‍ക്ഷാമവും നേരിടുന്നു. എങ്കിലും വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകുന്നു എന്നാണ്‌ സൈക്കോളജിസ്റ്റ്‌ ഡോ. സുബ്രഹ്‌മണ്യന്‍ പറയുന്നത്‌.
മൂന്ന്‌ ആശുപത്രികളിലേയും ഇരുണ്ട മുറികളില്‍ കഴിയുന്നവരില്‍ ബന്ധുക്കള്‍ തിരസ്‌കരിച്ചവരുടെ നിഷ്‌കളങ്ക മുഖങ്ങള്‍ക്ക്‌ കൃത്യമായ കണക്ക്‌ തന്നെയില്ല. വ്യര്‍ഥമായ ഈ കാത്തിരിപ്പ്‌ തീവ്രവും അസഹ്യവുമാണ്‌. എന്നാല്‍ ഇത്തരക്കാരെ തേടി ചിലപ്പോള്‍ ബന്ധുക്കള്‍ വരും. പക്ഷേ, രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളില്‍ അവരെ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും. അവര്‍ക്ക്‌ വേണ്ടത്‌ ഇവരുടെ സ്വത്തുക്കള്‍ മാത്രമാണ്‌. അവരെക്കുറിച്ച്‌ ............