23/6/14

പനിപ്പേടി വിതക്കുന്നു, കൊയ്യുന്നതോ?




പനി മരണങ്ങളുടെ ഭീതിത വാര്‍ത്തകള്‍ ഇപ്പോള്‍ പഴയതുപോലെ കാണുന്നില്ല. മഴക്കാലവും പനിക്കാലവും അല്ലാത്തതുകൊണ്ടാകുമോ..? എന്നാല്‍, ഇപ്പോഴും പനിബാധിതര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നു. കേരളത്തിലെ രണ്ടായിരത്തോളം സര്‍ക്കാര്‍ ആശുപത്രികളിലും ആയിരത്തി അഞ്ഞൂറോളം ഹോമിയോ ആശുപത്രികളിലും എണ്ണമറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മറ്റുമായി പ്രതിദിനം പത്ത് ലക്ഷത്തിനു മുകളില്‍ ആളുകള്‍ ഏത് കാലത്തും പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. സ്വയം ചികിത്സ നടത്തുന്നവര്‍ വേറെയും. പനി വരാതിരിക്കുന്ന ഒരു കാലം ഉണ്ടാകുകയേയില്ല. എന്നിട്ടും മഴക്കാലം പനിക്കാലമായി ഗണിക്കപ്പെട്ടിരിക്കുന്നു. പനിമരണ സീസണായി മഴക്കാലത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നു. 

പനിച്ച് വിറക്കുന്നവരുടെയും പേടിച്ച് വിറക്കുന്നവരുടെയും കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് ആ കാലങ്ങളില്‍ മാത്രം മതി. ഒരു മഴക്കാലത്ത് മാത്രം മുന്നൂറ് കോടി രൂപയുടെ പനി മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്. അപ്പോള്‍ പനിക്കാലമായി മാറ്റിയത് മരുന്ന് കമ്പനികളും അവരുടെ കുഴലൂത്തുകാരുമല്ലാതെ മറ്റാരാണ്…? ഏഴായിരത്തി അഞ്ഞൂറോളം ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍. ആയിരക്കണക്കിന് ചെറു കമ്പനികള്‍. അറുപത്തിയാറായിരത്തിലേറെ മരുന്നുകള്‍. മൂവായിരം പേര്‍ക്ക് ഒരു ഡോക്ടര്‍ വീതം. മള്‍ട്ടി സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ. നാടുനീളെ ആശുപത്രികളും ഡോക്ടര്‍മാരും ഉണ്ടാകുമ്പോള്‍ രോഗങ്ങള്‍ ഇല്ലാതാകുകയല്ലേ വേണ്ടത്…? 

ചികിത്സാ സംവിധാനം അത്യാധുനികമാകുമ്പോള്‍ മാരക രോഗങ്ങളെ പടിയടച്ച് പിണ്ഡം വെക്കുന്ന കാഴ്ചകളെയല്ലേ കാണേണ്ടത്…? എന്നാല്‍, നിസ്സാരമായ പനിക്കു മുമ്പില്‍ പോലും പകച്ചു നില്‍ക്കുന്നു ആധുനിക വൈദ്യശാസ്ത്ര ചികിത്സ. പനിബാധിതരുടെ ജീവനെടുക്കുന്നതില്‍ പ്രതിസ്ഥാനത്ത് സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആതുരാലയങ്ങളുമാണ്. സിറാജ്  സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ തയ്യാറാക്കിയ പരമ്പര ഇന്നു മുതല്‍. മൂന്ന് മാസത്തിനിടയില്‍ കേരളത്തെ വിറപ്പിച്ച പനി വാര്‍ത്തകള്‍ പരതിയപ്പോള്‍ കണ്ടെത്തിയത് മൂന്നൂറോളം പനി മരണങ്ങള്‍. അവരില്‍ 76 പേര്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. ചിത്രശലഭങ്ങളെപ്പോലെ പാറിനടന്നിരുന്ന മിടുക്കരും മിടുക്കികളുമായ 76 വിദ്യാര്‍ഥികള്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നിറഞ്ഞുനിന്നിരുന്ന പൊന്നോമനകള്‍. പഠനമുറിയില്‍ നിന്ന് അവരെ മരണം വിളിച്ചിറക്കി കൊണ്ടുപോയതല്ല. വിവിധ ആശുപത്രികളില്‍ സാധാരണ പനിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു ആ കുട്ടികള്‍. മികച്ച ചികിത്സതന്നെ ലഭിക്കാന്‍ വേണ്ടി മുന്തിയ ആശുപത്രികളിലേക്ക് തന്നെയാണ് ബന്ധുക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോയത്. എന്നിട്ടും മോര്‍ച്ചറികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് അവരുടെ ചേതനയറ്റ ശരീരങ്ങളെയായിരുന്നു. മരിച്ചവരില്‍ 160 പേര്‍ 20നും 40നും മധ്യേ പ്രായമുള്ളവര്‍. വീട്ടമ്മമാരും യുവാക്കളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവരില്‍. അവര്‍ക്കുമുണ്ടായിരുന്നില്ല കാര്യമായ അസുഖങ്ങള്‍. 64 പേര്‍ മാത്രമെ 45 വയസ്സിന് മുകളില്‍ കടന്നവരുണ്ടായിരുന്നുള്ളൂ. 20 പേരെ മാത്രമെ വാര്‍ധക്യസഹജമായ അസുഖങ്ങളെങ്കിലും അലട്ടിയിരുന്നുള്ളൂ. 206 പേരെ മരണം കവര്‍ന്നെടുത്തത് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം. 2010ല്‍ പനി മൂലം മരിച്ച 170 പേരെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട് മലപ്പുറം പകരയിലെ അബ്ദുല്‍ ലത്തീഫ്. 

അവരില്‍ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരാണ് 94 പേരും. 49 പേര്‍ കുഞ്ഞുമക്കളാണ്. 47 പേര്‍ ഗര്‍ഭിണികളും. ആരോഗ്യ പ്രശ്‌നങ്ങളേതുമില്ലാതെ സ്‌കൂളിലും കളിമുറ്റങ്ങളിലും ഓടികളിച്ചിരുന്ന കല്ലുവാതുക്കലെ അഞ്ചര വയസ്സുകാരി അഞ്ജലിയും പാണത്തൂരിലെ 11കാരന്‍ ജിബിന്‍ ജോര്‍ജും ആലിപ്പറമ്പ് അമ്മിനിക്കാട്ടെ പന്ത്രണ്ടുകാരന്‍ മുര്‍ഷിദും അഞ്ചരക്കണ്ടി ബാവോട് ഈസ്റ്റ് യു പി സ്‌കൂളിലെ അശ്വന്തിനും നിലമ്പൂര്‍ മണലൊടിയിലെ പ്ലസ് ടു വിദ്യാര്‍ഥി രാഹുലിനും എങ്ങനെയാണ് മരണത്തിന്റെ വെള്ളവസ്ത്രം പുതച്ച് പ്രിയപ്പെട്ടവര്‍ക്കുമുമ്പില്‍ കിടക്കേണ്ടി വന്നത്…? ചെന്ത്രാപ്പിന്നിയിലെ തോട്ടം പറമ്പില്‍ ശശിധരന്റെ മകള്‍ അഞ്ച് വയസ്സുകാരി അഞ്ജനക്കും പാപ്പനങ്കോട്ടെ ശ്രീനന്ദനക്കും പെരുമ്പടപ്പിലെ റമീസിനും ഉമ്മുസല്‍മക്കും പിന്നെയും എണ്ണമറ്റ കുഞ്ഞുങ്ങള്‍ക്കും എങ്ങനെയാണിവരുടെ പ്രതിനിധികളാകേണ്ടി വന്നത്…? 



മുളയിലേ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ലല്ലോ അവര്‍. ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴുണ്ടായ രക്തസാക്ഷികളായിരുന്നു ഇവരെന്ന് ഇപ്പോള്‍ ബന്ധുക്കള്‍ തിരിച്ചറിയുന്നു. അവരത് കണ്ണീരോടെ ഏറ്റുപറയുന്നു. അത് കേള്‍ക്കാന്‍ നൂറോളം പനിമരണ വീടുകളിലാണ് കയറിച്ചെന്നത്. മലപ്പുറം വളവന്നൂരിലെ പത്താം ക്ലാസ് വിദ്യാര്‍ഥി, തയ്യില്‍ അസൈന്റെ മകന്‍ ജില്‍സാദിന്റെ അന്ത്യനാളുകളെക്കുറിച്ച് പറയുമ്പോള്‍ മാതാവിന്റെയും സഹോദരിയുടെയും വാക്കുകള്‍ മുറിയുന്നു. തൊണ്ടയിടറുന്നു. അരീക്കോട് മൈത്രയിലെ സൂരജിന്റെ ഭാര്യ പ്രസീദ (24), 32 കാരായ താമരശ്ശേരിയിലെ ജയേഷ്, രഞ്ജിത്ത്, മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ പത്തായക്കോടന്‍ ആഇശ, തിരൂരങ്ങാടിയിലെ പതിനൊന്നുകാരി റസീഖ, എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ ഫിറോസ് ബാബു(30), ചങ്ങരംകുളം നന്നംമുക്കിലെ സുധീറിന്റെ ഭാര്യ സറീന(24). ഇങ്ങനെ പനിമൂലം ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയവരുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് ചികിത്സാ പിഴവിന്റെ നൂറ് നൂറ് കഥകള്‍. രോഗത്തേക്കാള്‍ അപകടമാകുന്നു മരുന്നുകള്‍. മരുന്നിനേക്കാള്‍ ആപത്താകുന്നു ചികിത്സ. തെറ്റായ ചികിത്സയുടെയും അനാവശ്യ മരുന്നുകളുടെയും പാര്‍ശ്വഫലങ്ങളാണവരെ ജീവിതത്തില്‍ നിന്ന് തിരികെ വിളിച്ചതെന്നും കേരളത്തിലെ ഇരകളുടെ ബന്ധുക്കള്‍ ഇപ്പോള്‍ സംശയിക്കുന്നു. പലരും ഉറച്ച് വിശ്വസിക്കുന്നു. ചിലര്‍ അതെക്കുറിച്ച് പറയുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കണ്ണൂര്‍ കൊട്ടിയൂരിലെ തുള്ളമ്പാറയില്‍ ഷിജി (34)യുടെ ബന്ധുക്കളും തിരുവനന്തപുരം പ്രാവച്ചനമ്പലം കുഴിവിള ബംഗ്ലാവില്‍ സാമിയ സജീവിന്റെ ബന്ധുക്കളുമെല്ലാം ഇന്നും ആശുപത്രിക്കെതിരെ സമരമുഖത്താണ്. മരുന്ന് പരീക്ഷണങ്ങളുടെ ബലിയാടുകളാണ് ഇവരെന്ന് ബന്ധുക്കള്‍ ഉറക്കെ പറയുന്നു. അതേറ്റു പറയാനും സമരമുഖത്ത് സജീവമാകാനും സമരസമിതിയും ഉണ്ട്. ഇവരെല്ലാം രണ്ട് സീസണുകളിലുണ്ടായ പനി മരണങ്ങളിലെ ഏതാനും ഇരകള്‍. അഞ്ഞൂറ് പേരുടെ പ്രതിനിധികള്‍. മുന്‍ വര്‍ഷങ്ങളിലെ രക്തസാക്ഷികളുടെ കണക്കുകള്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പനി മരുന്നുകള്‍ മനുഷ്യനെ കൊല്ലുന്നു. സാമ്പത്തികമായും ശാരീരികമായും തകര്‍ക്കുന്നു. പല കുടുംബങ്ങളെയും അനാഥമാക്കുന്നു. ചെറുബാല്യങ്ങളെപ്പോലും ചുടുലപ്പറമ്പിലേക്ക് പറഞ്ഞയക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചൊന്നും ആരും ആലോചിക്കുന്നില്ല. അന്വേഷണങ്ങളില്ല. ഓരോ പനി മരണവും സംഭവിച്ചത് ആശുപത്രികളില്‍ നിന്നായിരുന്നു എന്നതിന് പത്രവാര്‍ത്തകള്‍ സാക്ഷി. ചികിത്സയിലെയും മരുന്നിന്റെയും ഭീകരത കൊണ്ടാണതെന്നതിന് കുടുംബങ്ങള്‍ സാക്ഷി. ചികിത്സാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതുകൊണ്ടാണ് പല മരണങ്ങളുമുണ്ടായതെന്നതിന് ആരോഗ്യ വകുപ്പിന്റെ കുറ്റസമ്മതം. പനിയുടെ ചികിത്സ ഇവര്‍ ചെയ്യുന്നതൊന്നുമല്ലെന്നതിന് ആധനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും തെളിവ്. എന്നിട്ടും അതിനെ വിചാരണ ചെയ്യാന്‍ ആരും ഒരുക്കമാകുന്നില്ല. ഈ അപകടത്തെക്കുറിച്ചുപോലും മലയാളി ബോധവാന്‍മാരുമല്ല. പനി ഒരു രോഗമല്ല, രോഗങ്ങളെ ഇല്ലാതാക്കാനുള്ള ശുദ്ധീകരണ പ്രക്രിയ മാത്രമാണ് എന്നാണ് പനിയെക്കുറിച്ചുള്ള ആധികാരിക രേഖകളിലെല്ലാം പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്. എനിക്ക് പനി തരൂ. ഞാന്‍ സകല രോഗങ്ങളെയും മാറ്റിത്തരാമെന്നായിരുന്നു. ലോകത്തിലെ ഏറ്റവും ആധികാരിക ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥമായ മാര്‍ട്ടിന്റൈല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ് എന്ന ഗ്രന്ഥത്തിന്റെ എട്ടാമത്തെ പേജില്‍ ഇത് ശരിവെക്കുന്നു. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്ന ഡേവിഡ് സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ എന്ന ഗ്രന്ഥത്തിന്റെ 136ാം പേജില്‍ ഇതിന് അടിവരയിടുന്നു. ലോകപ്രസിദ്ധമായ ഗൈട്ടന്റെ ടെക്സ്റ്റ് ബുക്ക് ഓഫ് മെഡിക്കല്‍ ഫിസിയോളജിയുടെ 73ാം അധ്യായത്തിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഇതെല്ലാം അലോപ്പതി ഡോക്ടര്‍മാരുടെ വേദ പുസ്തകങ്ങളാണ്. ആയൂര്‍വേദക്കാരും ഹോമിയോക്കാരും പ്രകൃതി ചികിത്സാവിധിക്കാരും സിദ്ധ, യൂനാനിക്കാരും ഇവയെ അംഗീകരിക്കുന്നു. അപ്പോള്‍ പിന്നെ ആര് ആരെയാണ് കബളിപ്പിക്കുന്നത്…? ആയൂര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും സ്വീകരിക്കുന്ന പനി ബാധിതര്‍ ചികിത്സമൂലം മരിക്കുന്നില്ല…? എന്നാല്‍ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിക്കപ്പെടുന്ന ആരോഗ്യവാന്‍മാരായ പനിബാധിതര്‍ ഇയ്യാംപാറ്റകളെപ്പോലെ മരിച്ചൊടുങ്ങുന്നു…? ചികിത്സയുടെ മാനദണ്ഡങ്ങള്‍ തെറ്റിച്ചത് കൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണിത്..? ഔഷധങ്ങള്‍ രോഗലക്ഷണങ്ങളെ താത്കാലികമായി മാറ്റുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും. രോഗ ലക്ഷണങ്ങളെ തടയുകയല്ല വേണ്ടത്, രോഗകാരണങ്ങളെ ഇല്ലാതാക്കുകയാണ്. രോഗകാരണങ്ങളെ ഇല്ലായ്മ ചെയ്താല്‍ രോഗത്തെ ശരീരം തന്നെ സ്വയം അകറ്റും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മന:ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി വിരമിച്ച ഡോ. ബേബി ജോണ്‍ പറയുന്നു. രോഗങ്ങള്‍ നമ്മെ കൊല്ലാനല്ല രക്ഷിക്കാനാണ് വരുന്നത്. മരണകാരണം രോഗങ്ങളല്ല, പ്രാണക്ഷയമാണ്. പ്രാണക്ഷയം സംഭവിച്ചു എന്ന് ശരീരം നമ്മോട് പറയുന്ന ഭാഷയാണ് രോഗങ്ങള്‍. രോഗങ്ങളെയല്ല, രോഗ കാരണങ്ങളെയാണ് തടയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മെഡിക്കല്‍ സയന്‍സില്‍ പഠിച്ചതിനും പഠിപ്പിച്ചതിനും നേര്‍വിപരീതമായാണ് ചില അലോപ്പതി ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും അവലംബിക്കുന്നത്. അതിന്റെ ഫലമായാണ് ഈ മരണങ്ങളില്‍ ഏറെയും ഉണ്ടാകുന്നതെന്ന് ആയൂര്‍വേദ ഡോക്ടറായ ഡോ പി പി രാധാകൃഷ്ണന്‍ പറയുന്നു. അത്തരത്തിലുണ്ടായ ഒരുപാട് മരണങ്ങളും അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ട്. കോഴിക്കോട്ടെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഡോ. എം സി സൗമ്യയും ഇതു തന്നെ ആവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള അനുഭവവും തിക്താനുഭവങ്ങളുമുണ്ടായ ഒട്ടേറെപ്പേരെയാണ് ഈ അന്വേഷണത്തില്‍ സിറാജിന് കണ്ടെത്താനായത്. ഇതെല്ലാം സത്യമാണെന്ന് സമര്‍ഥിക്കുന്നു സിറാജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും. 

28/4/14

വിഷാദക്കാറ്റില്‍ വളര്‍ന്ന ചിത്രശലഭങ്ങള്‍




മണ്ണാര്‍ക്കാട്ടെ ആശയുടെ ജീവിതത്തില്‍ നിന്ന് നിരാശയുടെ കാര്‍മേഘങ്ങള്‍ ഇപ്പോള്‍ പെയ്‌തൊഴിഞ്ഞിരിക്കുന്നു. കരയാനും ചിരിക്കാനും മറന്നു തുടങ്ങിയ അവര്‍ക്കിപ്പോള്‍ പുതിയ പ്രതീക്ഷകള്‍ തുന്നാനും പലരെയും ജീവിതത്തിലേക്ക് കൈപ്പിടിച്ച് നടത്താനും സാധിച്ചിരിക്കുന്നു.
വണ്ടൂരിലെ ദേവി നാട്ടുകാര്‍ക്കെല്ലാം ഒരു നോവിന്റെ ചിത്രമായിരുന്നു. എന്നാലിപ്പോള്‍ അവളുടെ മുഖത്തും പ്രതിസന്ധികളുടെ വന്‍ മതില്‍ ചാടിക്കടന്നതിന്റെ ആഹ്ലാദം. അത് കാണുമ്പോള്‍ രോഗിയായ അമ്മയുടെയും സഹോദരിയുടെയും മുഖത്തും സമൃദ്ധിയുടെ നിറപുഞ്ചിരി.
തന്റെ ജീവിതത്തിലിനി കളി ചിരികള്‍ക്ക് സ്ഥാനമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടായിരുന്നില്ല നെടുമങ്ങാട്ടെ 19കാരി ജാനകി. എന്നാലിപ്പോള്‍ അവളിലൂടെ 15 കുടുംബങ്ങള്‍ക്കെങ്കിലും ആശ്വാസത്തിന്റെ പുതിയ ചില്ലയില്‍ കൂടുകൂട്ടാനായിരിക്കുന്നു. 
വിഷാദക്കാറ്റേറ്റ് വാടിയ ആശയുടെയും ദേവിയുടെയും നിഷയുടെയും നിരോഷയുടെയും സ്‌നേഹയുടെയും ആരിഫയുടെയും ആസിഫയുടെയും ജാനകിയുടെയുമെല്ലാം മുഖത്ത് ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ നിലാവ് ചിരിക്കുന്നു. പുതിയ ദൗത്യവുമായി പ്രസന്നതയോടെ അവര്‍ ജീവിച്ചു മുന്നേറുന്നു. 
ജീവിതത്തിന്റെ അടഞ്ഞ വഴികളിലേക്ക് നോക്കി വിതുമ്പുകയും പുതിയ യാഥാര്‍ഥ്യങ്ങളുടെ മരവിപ്പില്‍ നിന്നും മോചനം നേടാനാകാതെ കണ്ണീര്‍വാര്‍ക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലമായിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. 
കാരണം ജനിച്ചു വീണപ്പോള്‍ മുതല്‍ സമൂഹം അവര്‍ക്കൊരു ഓമനപ്പേരിട്ട് പച്ചകുത്തിയിരുന്നു. എച്ച് ഐ വി ബാധിതര്‍. രോഗം ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്. രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠവുമാണത്. എന്നിട്ടും ഈ കുട്ടികളോട് കരുണ കാണിക്കാന്‍ പലപ്പോഴും സമൂഹത്തിനായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ അവരുടെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ശമ്പളം പറ്റേണ്ടി വന്നതും അവര്‍ കൂടിയായിരുന്നു. 

അതേ. ഇവരെല്ലാം കേരളത്തില്‍ എച്ച് ഐ വി ബാധിതരായി ജനിച്ചു വീണവരാണ്. അതും പെണ്‍കുട്ടികള്‍. വിദ്വേഷത്തിന്റെ ചുടുകാറ്റേറ്റ് തളര്‍ന്നും അമര്‍ഷത്തിന്റെ കൂരമ്പേറ്റ് പുളഞ്ഞും അവഗണനയുടെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. വീട്ടിലും നാട്ടിലും കലാലയത്തിലും വിവേചനത്തിന്റെ പാഠങ്ങള്‍ പഠിച്ച ആ കുട്ടികളില്‍ പലരും ഇന്ന് വളര്‍ന്നിരിക്കുന്നു. അവര്‍ വിവാഹിതരായി പല നാടുകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നു. സഹ ജീവികള്‍ക്ക് ജീവജലവും പകര്‍ന്ന് നല്‍കുന്നു.
എയ്ഡ്‌സെന്നാല്‍ മഹാമാരിയാണെന്നും മരണത്തിലേ അതൊടുങ്ങൂ എന്നും ധരിച്ചുവെച്ചവര്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ എച്ച് ഐ വി ബാധിതരായി പിറന്നവര്‍ ഇന്ന് കുടുംബമായി  ജീവിതം നയിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് അത്ഭുതമാകുക മാത്രമല്ല അവര്‍. ഏതു വലിയ പ്രതിസന്ധിയിലും തളരാതെയും ആത്മവിശ്വാസത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭങ്ങളോട് പടപൊരുതിയും കരുത്തരാകുക കൂടിയാണ്. 
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹിതരായി കുടുംബവുമായി ജീവിക്കുന്നത്. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട പല പദ്ധതികളും ആവിഷ്‌കരിച്ചതും സാക്ഷാത്കരിച്ചതും അവരാണ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടക്കുന്ന ടൈലറിംഗ് യൂനിറ്റിന്റെ ചുമതലക്കാരിയാണ് നിരോഷ.
22 സ്ത്രീകളാണ് ഈ യൂനിറ്റിലുള്ളത്. പലരും എച്ച് ഐ വി ബാധിതര്‍. പക്ഷേ പുറം ലോകത്തിനതറിയില്ല. പ്രതിമാസം പതിനായിരം രൂപയില്‍ കുറയാത്ത വരുമാനം ഈ യൂനിറ്റില്‍ നിന്ന് ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് നിരോഷ പറയുന്നു. പാലക്കാട് ചിറ്റൂരില്‍ ടൈലറാണ് സ്‌നേഹ. എച്ച് ഐ വി പോസറ്റീവ് സ്പീക്കര്‍ കൂടിയായ സ്‌നേഹയും ഇവിടെ സ്‌നേഹത്തിന്റെയും ഒരുമയുടെയും കൂടാരമൊരുക്കിയിരിക്കുന്നു. അതുവഴി അശരണരായ നിരവധി കുടുംബങ്ങള്‍ക്ക് ജീവിതോപാധിയും കണ്ടെത്താനായിരിക്കുന്നു. 
ഭര്‍ത്താവ് രമണനും അവരെ സഹായിക്കാനും അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ഓടി നടക്കുന്നതിനാല്‍ ഈ കൂട്ടായ്മയിലെ 18 വീടുകളിലും ആഹ്ലാദവും സന്തോഷവും നിറയുന്നുണ്ട്. 
കൊല്ലം ജില്ലയിലുമുണ്ട് ഇത്തരത്തിലുള്ള മൂന്ന് പെണ്‍കുട്ടികള്‍. പാലക്കാടും മലപ്പുറത്തും കാസര്‍കോടുമെല്ലാമായി ഒമ്പത് പെണ്‍കുട്ടികള്‍. കാസര്‍കോട് മൂന്ന് പെണ്‍കുട്ടികളെങ്കിലും വിവാഹപ്രായം തെറ്റി നില്‍ക്കുന്നു. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയായ പ്രത്യാശാ കേന്ദ്രങ്ങളിലും അവരുടെ നെറ്റ്‌വര്‍ക്കായ സി പി കെ പ്ലസിലും (കൗണ്‍സില്‍ ഓഫ് പീപ്പിള്‍ ലിവിംങ് വിത്ത് എച്ച് ഐ വി) രജിസ്റ്റര്‍ ചെയ്തവരാണിവര്‍. കാണാമറയത്ത് വേറെയും ഉണ്ടാകാം. എന്നാല്‍ ഇവര്‍ ദുരന്തപൂര്‍ണമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് ബാധ്യതയാകുകയല്ല. കണ്ണീരിലും പുഞ്ചിരിക്കാന്‍ പാടുപെടുന്നവര്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ വിളക്കില്‍ എണ്ണപകര്‍ന്ന് നല്‍കുകയാണ്. കരയാനും കണ്ണീര്‍ വാര്‍ക്കാനുമുള്ളതല്ല ജീവിതമെന്ന് കാലത്തിനും സഹജീവികള്‍ക്കും  കാണിച്ചുകൊടുക്കുകയാണ്. 

കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ നിന്ന ജാനകിയെയും അമ്മയെയും ഇറക്കിവിട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എച്ച് ഐ വി ബാധിതരെ ചികിത്സിക്കാനാകില്ലെന്നായിരുന്നു ഡോക്ടറുടെ പ്രഖ്യാപനം. നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ബഹിഷ്‌കരണത്തിന്റെ കാഹളം മുഴക്കി. രോഗികളും കൂട്ടിരുപ്പുകാരും അതുറക്കെ വിളിച്ചുകൂവി. പട്ടിയെപ്പോലെ ആട്ടിപ്പായിച്ചവരിലൊരാള്‍ പിന്നീട് എച്ച് ഐ വി ബാധിതനായി. അപ്പോള്‍ ആദ്യം കരഞ്ഞുകൊണ്ട് ഓടി എത്തിയത് ജാനകിയുടെ അമ്മക്കരികിലായിരുന്നു. 
ഇനി എന്തുചെയ്യണമെന്നറിയാന്‍. അയാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിലേക്കുള്ള യാത്രയില്‍ അയാള്‍ക്ക് താങ്ങായതും ജാനകിയുടെ അമ്മയായിരുന്നു. ഇന്ന് എച്ച് ഐ വി ബാധിതരായ അയാളുടെ ഭാര്യയും മകളും ജാനകിയുടെ നേതൃത്വത്തില്‍ നടത്തുന്ന കറി പൗഡര്‍ യൂനിറ്റിലെ ജീവനക്കാരാണ്. മകള്‍ക്ക് കല്യാണപ്രായമായതിനാല്‍ പറ്റിയൊരാളെ കണ്ടെത്താനുള്ള ചുമതലഏറ്റെടുത്തിരിക്കുന്നതും ജാനകിയാണ്.
ഈ പെണ്‍കുട്ടിയെപ്പോലെ കല്യാണപ്രായമായ ഒട്ടേറെ കുട്ടികളാണ് കേരളത്തിന്റെ വിവിധ ദിക്കുകളില്‍ ഉള്ളത്. എച്ച് ഐ വി ബാധിതരായവരുടെ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനുള്ള കേരളീയം പദ്ധതിയില്‍ 350 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 100 പേരെങ്കിലും വിവാഹപ്രായമെത്തിയവരാണ്. ഈ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്.
എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയോ എം എല്‍ എയുടെയോ ശിപാര്‍ശക്കത്ത് വേണം. സ്റ്റാറ്റസ് വെളിപ്പെടുത്താത്ത ഭൂരിഭാഗം കുട്ടികള്‍ക്കും ഇതുമൂലം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ മാത്രം എഴുപതോളം കുട്ടികള്‍ എച്ച് ഐ വി ബാധിതരായുണ്ട്. എന്നാല്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തത് 28 കുട്ടികള്‍ മാത്രം. ഇതുപോലെ തന്നെയാണ് മറ്റു ജില്ലകളിലേയും അവസ്ഥ.
എയ്ഡ്‌സ് രോഗത്തിന്റെ ബോധവത്കരണത്തിനാണ് ലോകം ഏറ്റവും കൂടുതല്‍ പണമൊഴുക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 800 കോടി രൂപ ഇതിനായി വിനിയോഗിക്കുന്നു. എന്നാല്‍ കേരളത്തിലെ എ ആര്‍ ടി സെന്ററുകളില്‍ കുട്ടികളെ ചികിത്സിക്കാന്‍ ഇന്നും ഒരു ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നതാണ് അവസ്ഥ.  ബോധവത്കരണത്തിന്റെ പേരില്‍ കോടികള്‍ ഒഴുകുമ്പോഴും ജനങ്ങളിലെ തെറ്റിധാരണകളെ വേണ്ട വിധം തിരുത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ല. എച്ച് ഐ വി ബാധിതര്‍ മരണത്തിന്റെ കൈപിടിച്ചാണ് നടക്കുന്നതെന്ന മിഥ്യാബോധം കൊണ്ടു നടക്കുന്നവരാണ് വലിയൊരു ജനവിഭാഗം. 

എന്നാല്‍ അര്‍ബുദരോഗവും ഹൃദ്രോഗവും ക്ഷയ രോഗികളും വൃക്ക രോഗികളുമൊക്കെ ജീവിച്ചിരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വര്‍ഷം ഇവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. വിവിധ തൊഴിലുകള്‍ ചെയ്യുന്നു. ഇരുപത്തിയെട്ട് വര്‍ഷത്തിലധികമായി ഈ അസുഖം ബാധിച്ചിട്ടും ഇന്നും കാര്യമായ കുഴപ്പങ്ങളില്ലാതെ ജീവിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് സി പി കെ പ്ലസിന്റെ സംസ്ഥാന പ്രസിഡന്റ് അനില്‍ ജോസഫ് പറയുന്നു. 25 വര്‍ഷം മുമ്പ് രോഗം തിരിച്ചറിഞ്ഞിട്ടും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നവരും ഒട്ടേറെയുണ്ടെന്നും അദ്ദേഹം.
എന്നിട്ടും കാരുണ്യമോ സഹാനുഭൂതിയോ അവര്‍ക്ക് സമൂഹത്തില്‍ നിന്ന് വേണ്ടത്ര ലഭിക്കുന്നില്ല. എയ്ഡ്‌സ് ഏതു മാര്‍ഗത്തിലൂടെ കിട്ടിയവനായാലും അയാള്‍ സമൂഹത്തിനു മുമ്പില്‍ ശപിക്കപ്പെട്ടവരാണ്. ക്യാന്‍സറോ ടി ബിയോ മറ്റോ ആണ് അസുഖമെന്നു കേള്‍ക്കുമ്പോള്‍ സഹതപിക്കാനും സഹായിക്കാനും ഏറെപ്പേര്‍ തയ്യാറാകും. സഹായ കമ്മിറ്റികള്‍ രൂപവത്കരിക്കും. എന്നാല്‍ എച്ച് ഐ വി ബാധിതരാണെന്നറിഞ്ഞാല്‍ ഇതൊന്നും പ്രതീക്ഷിക്കരുതെന്ന് മാത്രമല്ല ഊരുവിലക്കെപ്പോള്‍  വന്നു എന്ന് ചോദിച്ചാല്‍ മതി. 
20 വര്‍ഷമായി എച്ച് ഐ വി ബാധിതനായ നല്ലളത്തെ നടരാജന്‍ പറയുന്നു.

എയ്ഡ്‌സ് ഒരു രോഗമല്ല. ഒരുപാട് രോഗ ലക്ഷണങ്ങളുടെ സാഗരമാണത്. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക് ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്കു രോഗി വിധേയനാകുന്നു.  29 ഓളം രോഗാക്രമണങ്ങളാണ് രോഗിയെ തളര്‍ത്തുന്നത്.
എന്നാല്‍ കൃത്യമായ ചിട്ടകളും കരുതലുമുണ്ടെങ്കില്‍ അവയെയൊക്കെ അതിജീവിക്കാന്‍ ഇന്നാകും. അതുകൊണ്ടാണ് രോഗം തിരിച്ചറിഞ്ഞവര്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തും ആരോഗ്യത്തോടെ ജീവിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ രോഗവുമായി പിറന്നുവീണിട്ടും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പുതിയ മാതൃകകളായി മാറുന്നത്.
അവരുടെ കൈപിടിക്കാനെത്തിയവരും ഒരേ തൂവല്‍പക്ഷികളായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനായി  ഇവരുടെ കൈപിടിക്കാനെത്തുകയായിരുന്നു ഒരു നിയോഗം പോലെ അവര്‍.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേരില്‍ ഒരുപെണ്‍കുട്ടി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. 23 വയസ്സേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അവള്‍ പ്രസവിച്ച കുഞ്ഞിനിന്ന് മൂന്ന് വയസ്സ്. എച്ച് ഐ വി ബാധിതയായ അമ്മയ്ക്കും അച്ഛനുമുണ്ടായ കുഞ്ഞ് എച്ച് ഐ വി ബാധിതനല്ല എന്നതും ആഹ്ലാദകരമായ വാര്‍ത്ത. എന്നാല്‍ ശഫീഖിന് ഉമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ അവനും ഒറ്റപ്പെട്ടു. എങ്കിലും ഇന്ന് വലിയുമ്മയുടെയും അമ്മാവന്റെയും തണലിലുറങ്ങുന്നു.
മലപ്പുറത്തെ ദേവിയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഈ കുട്ടികളോട് പ്രദേശവാസികള്‍ കാണിച്ചത് കടുത്ത അവഗണനയായിരുന്നു. വീട്ടിലെ കോഴികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ചെല്ലുന്നതുപോലും വിലക്കിയിരുന്നു ചിലര്‍. ദേവിയുടെ സഹോദരി എച്ച് ഐ വി പോസിറ്റീവായിരുന്നില്ല. എന്നിട്ടുപോലും ഇവരെ നാടുകടത്തണമെന്ന പക്ഷക്കാരായിരുന്നു പഞ്ചായത്ത് ഭരണ സമിതി. 
കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന വാദക്കാരനായിരുന്നു സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പോലും. ഈ വിലക്കുകളെ അതിജീവിച്ചും  ബഹിഷ്‌കരണത്തെ ചെറുത്തുതോല്‍പ്പിച്ചും ദേവി പ്ലസ്ടുവരെ പഠിച്ചു. ചേച്ചിയുടെ വിവാഹം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് നടന്നു. പത്തൊമ്പതാം വയസ്സില്‍ അവള്‍ക്കും ഒരു ജീവിത പങ്കാളിയെത്തി. കുറ്റിയാടിയില്‍ നിന്നായിരുന്നു വരന്‍. ഒരു വര്‍ഷം മുമ്പായിരുന്നു തന്റെ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ ഒരേ മനസ്സുള്ള ഒരാള്‍ അവളുടെ കൈപ്പിടിക്കാനെത്തിയത്. ഇന്ന് ദേവിയും ഭര്‍ത്താവും കുറ്റിയാടിയില്‍ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവര്‍ പറയുന്നു.
പാലക്കാട് ചിറ്റൂരിലെ സ്‌നേഹയുടെ അച്ഛനും അമ്മയും എയ്ഡ്‌സ് രോഗത്തിന്റെ ഇരകളായാണ് ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയതെന്ന് ആര്‍ക്കുമറിയുമായിരുന്നില്ല. അച്ഛന് ഹോട്ടല്‍ ജോലിയായിരുന്നു. ഇടക്ക് ഡ്രൈവറായും പോകും. അച്ഛന്‍ മരിച്ച ശേഷം ഒമ്പത് വര്‍ഷം കഴിഞ്ഞാണ് അമ്മയ്ക്കും അച്ഛനുണ്ടായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. സംശയം തോന്നി നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് അമ്മയും എച്ച് ഐ വി ബാധിതയാണെന്നറിയുന്നത്. അന്ന് സ്‌നേഹ ഒമ്പതാം ക്ലാസില്‍ അവസാന പരീക്ഷ എഴുതിയിരുന്നു. പിന്നീടാണ് അവളുടെ രക്തവും പരിശോധിക്കുന്നത്. അന്നു മുതല്‍ അവള്‍ക്കും സ്വന്തമായി പുതിയ മേല്‍വിലാസം. അതില്‍ പിന്നെ അവള്‍ ഏകയായിരുന്നു. 
ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് പ്രത്യാശയുടെ വിളക്കുതെളിച്ച് ഒരു കൂട്ടമാളുകള്‍ വീടിന്റെ പടകടന്നുവന്നത്. 
അവരില്‍ തന്റെ ദൈന്യത കണ്ടപ്പോള്‍, ആ മുഖങ്ങളില്‍ കണ്ണീരിന്റെ നനവിനിടയിലും സഹാനുഭൂതിയുടെ പുഴ തെളിഞ്ഞപ്പോള്‍ ആ കൂട്ടായ്മയില്‍ അവളും പങ്കാളിയാകുകയായിരുന്നു.
അവിടെ നിന്നാണ് സങ്കടങ്ങളുടെ മഹാകടല്‍ നീന്തിക്കടന്ന രമണന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എട്ട് വര്‍ഷം മുമ്പൊരു ഏപ്രില്‍ 19ന്റെ പ്രഭാതത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു രമണന്‍ സ്‌നേഹയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. അയാളും അവളെപ്പോലെ ചിറകറ്റ മറ്റൊരു പക്ഷി. എട്ട് വര്‍ഷമായി ഈ ദാമ്പത്യം അല്ലലില്ലാതെ മുന്നേറുന്നു. അവരുടെ വീട്ടില്‍ പോലും പലര്‍ക്കുമറിയില്ല തങ്ങള്‍ക്കീ അസുഖമുണ്ടെന്ന്. ഏട്ടന്റെ അമ്മയ്ക്കും അച്ഛനുമൊന്നുമറിയല്ല, അവരൊക്കെ പ്രായമായവരല്ലേ. പഴയ ആള്‍ക്കാര്‍. എങ്ങനെയാകും ഇതിനെ ഉള്‍ക്കൊള്ളുക എന്നറിയില്ലല്ലോ. സ്‌നേഹ പറയുന്നു.
തങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതം പുഷ്പിക്കുന്നതുകാണുമ്പോഴുള്ള സന്തോഷത്തിലൂടെ സ്വയം ആഹ്ലാദിക്കുകയാണ് ഈ ദമ്പതികളെല്ലാം. സമൂഹത്തോട് ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. എയ്ഡ്‌സ് വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എച്ച് ഐ വി ബാധിതരും മനുഷ്യരാണ്. രോഗം രോഗിക്കു മാത്രല്ല, സമൂഹത്തിനുകൂടിയുള്ള മുന്നറിയിപ്പാണ്. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാകില്ല. പരിഹാരവും അതല്ലല്ലോ.





17/3/14

ആ പന്തലില്‍ വിളമ്പിയ തേങ്ങാച്ചോറ്

നാലാം ക്ലാസ് വരെ അന്ന് സ്‌കൂളില്‍ ഉപ്പ് മാവ് ലഭിക്കും. അത് ലഭിക്കാന്‍ വേണ്ടി കൂടിയായിരുന്നു അന്നൊക്കെ സ്‌കൂളിലെത്തിയിരുന്നത്. ഉപ്പ് മാവ് എന്ന് പേരേയുള്ളൂ. വലിയ രുചിയൊന്നും കാണില്ല. എന്നാലും ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ. അന്ന് കുട്ടികള്‍ക്ക് ഇരട്ടപ്പേര് വീഴുന്നതുപോലും ദാരിദ്ര്യത്തെ കൊഞ്ഞനം കുത്തിയായിരുന്നു. കോറ കരീം, പഴങ്കഞ്ഞി അഷ്‌റഫ്, മോറീസ് സൈതലവി, കോഴിപാത്തു, മന്തന്‍ കുഞ്ഞാണി, കോറ ഉമ്മര്‍ക്കയുടെ മകന് എന്നും കോറ കുപ്പായമേ കാണൂ. കോറത്തുണി ദാരിദ്ര്യത്തിന്റെ അടയാളവും പോളിസ്റ്റര്‍ സമ്പന്നതയുടെ ഗമയുമാണെത്രെ. അഷ്‌റഫിനെന്നും പഴങ്കഞ്ഞി കിട്ടാനെ ഗതിയുള്ളൂ. സൈതലവിയുടെ ബാപ്പക്ക് പാത്രം കഴുകലായിരുന്നു ഉപജീവനം. അതൊക്കെ തന്നെയായിരുന്നു വീട്ടിലെയും അവസ്ഥ. പഴങ്കഞ്ഞി തന്നെ പതിവ്. ചിലപ്പോള്‍ കഞ്ഞിയുണ്ടാക്കിയിട്ടുണ്ടാകും. ചമ്മന്തിയോ ഉണക്കമീന്‍ ചുട്ടതോ ആകും കൂട്ടാന്‍. വെളിച്ചണ്ണയില്‍ ഉണക്കമീന്‍ മുളകിട്ട് പൊരിച്ച് തരും ഇത്താത്ത . അതായിരുന്നു അന്നത്തെ മഹാരുചിയുടെ സൗഭാഗ്യം.
അവള്‍ അന്ന് പഠനം മതിയാക്കിയിട്ടുണ്ട്. നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു അത്. രണ്ടര രൂപ പരീക്ഷാ ഫീസടക്കണം. അതടക്കുന്നവര്‍ക്കേ കൊല്ലപരീക്ഷ എഴുതാനാകൂ. ഫീസ് കൊടുക്കാന്‍ ഉമ്മയുടെ കൈവശമില്ല. എന്നാലിനി സ്‌കൂളില്‍ പോകണ്ടെന്നായി ബാപ്പ. അതോടെ അവളുടെ പഠനത്തിന്റെ അധ്യായം അടച്ചു. 
രണ്ടര രൂപ അന്ന് വലിയ തുകയാണ്. കാരണം ഹൈദര്‍ ഹാജിയുടെ കന്നുകാലികള്‍ക്ക് ഇരുപത് കെട്ട് പുല്ലരിഞ്ഞ് കൊടുത്താല്‍ ഉമ്മക്ക് കിട്ടിയിരുന്നത് 50 പൈസയായിരുന്നു. രണ്ട് നാഴി നെല്ലും. അപ്പോള്‍ രണ്ടര രൂപ വലിയ തുക തന്നെ. ഈ അന്‍പത് പൈസക്കായിരുന്നു ഉമ്മ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. പത്ത് പൈസക്ക് ശര്‍ക്കര, പത്ത് പൈസക്ക് മല്ലി, പത്ത് പൈസയുടെ മുളക് അങ്ങനെ. അപ്പോള്‍ രണ്ടര രൂപ ഉമ്മക്ക് സ്വപ്‌നം കാണാന്‍ പോലും ആകില്ലല്ലോ. 
75 പറ വിത്ത് വിതച്ച് കൊയ്യാനുള്ളത്രയും പാടമുണ്ടായിരുന്നുവെത്രെ ഹൈദര്‍ ഹാജിക്ക്. ഒരു കൊയ്ത്തുകാലം കഴിയുമ്പോള്‍ അയാളുടെ വീട്ടിലെ പത്തായങ്ങള്‍ നിറഞ്ഞ് തൂവും. മൂന്ന് അറ നിറയെ നെല്ലുണ്ടാകും. പത്ത് പറ നെല്ല് കൊയ്ത് മെതിച്ച് അളന്ന് കൊടുത്താല്‍ ഒരു പറ നെല്ലാണ് കൂലി. നൂറ് മുടി ഞാറ് പറിച്ച് നട്ടാല്‍ ഒന്നര ഇടങ്ങഴി നെല്ലും കിട്ടുമായിരുന്നുവെത്രെ. ഈ പണികള്‍ക്കെല്ലാം ഉമ്മയെ സഹായിക്കാനാണ് മൂന്നാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി മൂത്ത പെങ്ങള്‍ വല്യാത്ത നേരത്തെ ഉമ്മയുടെ സഹായിയായത്. 
ഇക്കാക്കയെ മദ്‌റസാ പഠനം കഴിഞ്ഞതോടെ ബാപ്പ പള്ളി ദര്‍സിലേക്ക് പറഞ്ഞുവിട്ടു. ദാരിദ്ര്യം തന്നെ. അന്ന് പലരെയും മക്കളെ പള്ളിദര്‍സില്‍ പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ചത് ചെലവ് കഴിഞ്ഞ് കിട്ടുമല്ലോ എന്നതുകൊണ്ട് കൂടിയാണ്. ആഴ്ചയില്‍ മാത്രം അവന്‍ വീട്ടില്‍ വന്നുപോയി. അതുകൊണ്ട് വെയിലേറ്റ് വാടാതെ രക്ഷപ്പെട്ടു. 

 വീട്ടിലെ പട്ടിണിയുടെ മുഖം കൂടുതല്‍ അനുഭവിക്കേണ്ടിയും വന്നില്ല.  
നാട്ടിലെത്രയോ അഗതി മന്ദിരങ്ങളുണ്ട്. എന്റെ ഇത്തമാരെ അത്തരം സഥാപനങ്ങളില്‍ കൊണ്ടുചേര്‍ക്കാന്‍ പോലും ബാപ്പക്ക് തോന്നാത്തതിലാണ് സങ്കടം. എങ്കില്‍ അവരൊന്നും ഇന്നിങ്ങനെയാകുമായിരുന്നില്ലല്ലോ.
ഹൈദര്‍ ഹാജിയുടെ പാടത്തെ പണികള്‍ ഉമ്മക്ക് വല്ലപ്പോഴുമായി. പത്ത് പറ നെല്ല് കൊയ്ത് അളന്ന് കൊടുത്താല്‍ ഒരു പറ കൂലി എന്ന നാട്ടുനടപ്പ് തെറ്റിക്കുകയായിരുന്നു ആദ്യം. പന്ത്രണ്ട് പറക്കേ ഒരു പറ നല്‍കൂ എന്നായി ഹാജിയാര്‍. അതോടെ പലരും മറ്റു പല തൊഴിലും തേടിയിറങ്ങി. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ തന്നെ കൊയ്ത്തിനിറങ്ങി. പിന്നെ പിന്നെ ആ തറവാടിന്റെ സമൃദ്ധി ക്ഷയിച്ചു.  ഹാജ്യാരുടെ മരണത്തോടെ ആ വെളിച്ചം കെട്ടു. ഭാഗം വെപ്പ് നടന്നു. പാടവും പറമ്പും പലരുടെയും കൈകളിലായി. ഉരല്‍പ്പുരയും നെല്ല് കുത്ത് പുരയും അപ്രത്യക്ഷമായി. കാലികള്‍ നിറഞ്ഞിരുന്ന തൊഴുത്തിന്റെ പ്രതാപം കുറഞ്ഞു. അതോടെ പുതിയ തൊഴിലും ലാവണങ്ങളും തേടാന്‍ ഉമ്മയും വല്യാത്തയും നിര്‍ബന്ധിതരായി. 
കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നാട്ടില്‍ വ്യാപകമാകുന്നത് അതില്‍ പിന്നെയാണ്. മൈലാടിയിലും കളപ്പാട്ടുമുണ്ടയിലും പൂങ്ങോടും എല്ലാം ക്വാറികള്‍ സജീവമായി. പൊരിവെയിലിലും പെരുമഴയിലും അവിടെ മെറ്റലുടക്കുന്ന പണിയായിരുന്നു പിന്നെ ഉമ്മക്ക്. കൂലിപ്പണിയല്ല. ഒരു പെട്ടി മെറ്റലുടച്ചാല്‍ ഒരു രൂപ കൂലി. കൈകളുടെ വേഗതക്കും കഠിനാധ്വാനത്തിന്റെ വ്യാപ്തിക്കുമനുസരിച്ച് പണി എടുക്കാം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി ഇരുട്ടുമ്പോഴേ ഉമ്മയും വല്യാത്തയും തിരിച്ചെത്തിയിരുന്നുള്ളൂ. ഇടക്കിടെ അവര്‍ക്കുള്ള കഞ്ഞിയുമായി ഇത്താത്തമാര്‍ പോകും. ചിലപ്പോള്‍ ഞാനും പോയിരുന്നു.
വലിയ ബോളറുകളുടെ ഇടയില്‍ നിന്ന് കിട്ടുന്ന ചീളുകള്‍ ഇരുമ്പ് കൈമുട്ടി ഉപയോഗിച്ച് ഇടിച്ച് മെറ്റല്‍ പരുവത്തിലാക്കണം. എളുപ്പത്തില്‍ കല്ലുടക്കുമ്പോള്‍ അറിയാതെ വിരലിലാകും ചിലപ്പോള്‍ മുട്ടി തറക്കുക. പടച്ചോനെ... അന്നു പിന്നെ  ഒന്നും വേണ്ട. അത്രക്ക് കഠിനമാണ് വേദന. എത്രയോ തവണ ഉമ്മയും വല്യാത്തയും കയ്യില്‍ ഇടിച്ച് വേദനയില്‍ പുളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 
എന്നാലും അവര്‍ പ്രശ്‌നമാക്കില്ല. വിരലില്‍ ഒരു തുണികഷ്ണം ചുറ്റും. വേദന കടിച്ച് വീണ്ടും പണി തുടുരം. അതില്‍ നിന്ന് രക്തം കിനിയുന്നുണ്ടാകും. പലപ്പോഴും രണ്ടോ മൂന്നോ വിരലിലെങ്കിലും തുണികഷ്ണം ചുറ്റിയാകും വീട്ടിലേക്ക് വരിക. 
പണി കഴിഞ്ഞെത്തുന്ന ഉമ്മയുടെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി പൊതിഞ്ഞുസൂക്ഷിച്ച പലഹാരമുണ്ടാകും. നാലു മണിചായക്കൊപ്പം നല്‍കുന്ന പലഹാരമാകും അത്. പൊറോട്ടയോ കായപ്പമോ നെയ്യപ്പമോ. ഒരിക്കലും അതിന്റെ രുചിപോലും ഉമ്മ നോക്കാറില്ല. അതെല്ലാം വാത്സല്യത്തിന്റെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി കരുതിവെക്കും. രാത്രി വീടണയുമ്പോള്‍ എല്ലാം ഓരോരുത്തര്‍ക്കായി വീതിച്ചു തരും. 
രുചി കൂടിയതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മ കഴിക്കില്ല. ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഉമ്മക്ക് വേണ്ടെന്നുപറയും. അല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറയും. അതെല്ലാം ഞങ്ങള്‍ക്ക്. രുചിയുള്ളതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മക്ക് വേണ്ട.  ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആദ്യമൊക്കെ കിട്ടാന്‍ മാര്‍ഗമില്ലാഞ്ഞിട്ടായിരുന്നു.  പിന്നെ കിട്ടിയാലും വേണ്ടന്നായി. ആ മാതൃത്വത്തിന്റെ സംതൃപ്തി ഞങ്ങള്‍ക്കായി തേഞ്ഞുരുകുന്നതിലായിരുന്നു. 
മൈലാടിയിയിലെ  ക്വാറി മുഴുവന്‍ തുരന്ന് തീര്‍ന്നപ്പോള്‍ ക്വാറി ഉടമകള്‍ ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് പറന്നു. താളിയം കുണ്ടില്‍ അതിലൊന്നിന്റെ നടത്തിപ്പുകാരന്‍ അമ്മായിയുടെ മകനായിരുന്നു. തൊട്ടടുത്ത് തന്നെ ചെറിയമ്മാവനും. അവര്‍ക്കൊപ്പം ചെറിയ ഇത്തമാരും മെറ്റലുടക്കുന്ന പണിക്ക് പോയി തുടങ്ങി. പിന്നീട് ഒരിക്കലും ആ വെയില്‍ ചൂടില്‍ നിന്ന് അവര്‍ക്കൊരു മോചനമുണ്ടായിട്ടില്ല. പ്രായം തികഞ്ഞ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുകയാണ് നാട്ടു നടപ്പ്. അതിന് കൈനിറയെ പൊന്ന് വേണം. എന്റെ വീട്ടില്‍ നാല് സഹോദരിമാര്‍. അവരുടെ കൂടെ പഠിച്ചവരും താഴെ പഠിച്ചവരുമെല്ലാം സുമംഗലികളായി നാടിന്റെ അനുഗ്രഹത്തോടെ പടിയിറങ്ങിപ്പോയി. അപ്പോഴും എന്റെ വീട്ടില്‍ മാത്രം ഒരു കല്യാണപന്തലുയര്‍ന്നില്ല. ഒരു സത്കാരത്തിന്റെ ബിരിയാണി ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞില്ല. 
എന്റെ സഹോദരിമാര്‍ പാടത്തും പറമ്പിലും പെയ്ത വെയിലേറ്റ് തളര്‍ന്നതേയുള്ളൂ. അടുത്ത വീടുകളിലും അകന്ന ബന്ധങ്ങളിലുമെല്ലാം വിവാഹങ്ങള്‍ നടന്നു. ഇത്താത്തമാരുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് തന്നെ ഞാനും അതിലെല്ലാം പങ്കെടുത്തു. അന്നൊക്കെ ഞാനും ആശ്വസിച്ചു. വൈകാതെ എന്റെ വീട്ടുമുറ്റത്തും കല്യാണ പന്തലുകള്‍ ഉയരും. ആ അന്തരീക്ഷത്തിലും നെയ്‌ച്ചോറിന്റെ ഗന്ധം പരക്കും. പ്രതീക്ഷിച്ചു. കാത്തിരുന്നു. പ്രാര്‍ഥിച്ചു. തപസ്സിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ പലതു കഴഞ്ഞിട്ടും ആ പന്തലുകള്‍ മാത്രം ഉയര്‍ന്നില്ല. നാട്ടുനടപ്പുകള്‍ക്കൊത്തുയരാന്‍ എന്റെ വീട്ടുകാര്‍ക്കായില്ല. 
ഉമ്മയുടെ നെടുവീര്‍പ്പുകളും ഇത്താത്തമാരുടെ നിശ്വാസങ്ങളും മാത്രം വീട്ടില്‍ ഉയര്‍ന്ന് പൊങ്ങി. അവരുടെ സ്വപ്‌നങ്ങളില്‍ കരുവാളിച്ച നിഴല്‍വീണ് പൊള്ളി. നിസ്സാഹയന്റെ നിലവിളിയോടെ ബാപ്പയും നെടുവീര്‍പ്പിട്ടു. നിത്യരോഗിയായ ബാപ്പയുടെ കയ്യില്‍ എവിടെ നിന്നാണ് പണം...? സഹായിക്കാന്‍ ബന്ധു ബലവുമില്ല. 

ഒടുവില്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും ആദ്യത്തെ പന്തലുയര്‍ന്നു. അടുത്ത ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരുമൊക്കെ പങ്കെടുക്കാനുമെത്തി. തേങ്ങാച്ചോറും ഇറച്ചിക്കറിയും അതിഥികള്‍ക്കു മുമ്പില്‍ വിളമ്പി.
പക്ഷേ, അതെന്റെ സഹോദരിമാരുടെ കല്യാണപന്തലായിരുന്നില്ലെന്ന് മാത്രം. ബാപ്പയുടെ ചാവടിയന്തരമുണ്ണാനെത്തിയവരെ സ്വീകരിക്കാനുയര്‍ന്ന പന്തലായിരുന്നു. നാല് പെണ്‍മക്കളില്‍ ഒരുത്തിപോലും വീടിന്റെ പടികളിറങ്ങിപോകുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ കണ്ണടച്ച ബാപ്പയുടെ ചാവടിയന്തരത്തിന്റെ പന്തലായിരുന്നു അത്.

17/1/14

സീതിക്കോയയുടെ ഉമ്മാ മാപ്പ് memmoreis



ഫറോക്കിനടുത്ത കരുവന്‍തുരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു എന്റെ ദര്‍സ് പഠനകാലം. ഓടിട്ടതെങ്കിലും പുരാതനമായ മന്ന് നിലകെട്ടിടമായിരുന്നു പള്ളി. അതിനു ചുറ്റും നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നു. അടുത്ത് തന്നെ തലമുറകള്‍ അന്ത്യനിദ്രകൊള്ളുന്ന പള്ളിശ്മശാനം. പകല്‍ സമയങ്ങളില്‍പ്പോലും പള്ളിക്കകത്ത് ഒറ്റക്കിരിക്കാന്‍ ഭയം തോന്നും. ഒരുള്‍ഭയം എപ്പോഴും ചെറിയ കുട്ടികളായ ഞങ്ങളെ ഗ്രസിച്ചു. 
ദര്‍സില്‍ ഇരുപതോളം കുട്ടികള്‍. ഞങ്ങള്‍ നാലുപേര് മാത്രമായിരുന്നു കന്നിക്കാര്‍. ഞാന്‍, പള്ളി മുഅദ്ദിനിന്റെ മകന്‍ ആക്കോട്ടുകാരന്‍ അഹമ്മദ് കുട്ടി, എടക്കര ചെമ്മന്തട്ടയിലെ മൂസാന്‍, വടപുറത്തെ സീതിക്കോയ. ഞാനും അഹമ്മദ് കുട്ടിയുമായിരുന്നു പ്രായത്തില്‍ ചെറുപ്പം. 
ഉച്ചക്ക് കായല്‍ക്കടവത്തെ വീട്ടിലായിരുന്നു എനിക്ക് ഭക്ഷണം. കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരനായിരുന്നു ആ വീട്ടുകാരന്‍. അദ്ദേഹം ആഴ്ചയിലെ വീട്ടില്‍ വരൂ. വീട്ടില്‍ ഭാര്യയും മൂന്ന് മക്കളും. നല്ല സ്‌നേഹമുള്ള മനുഷ്യര്‍. ധാരാളം സംസാരിക്കും. അവരുടെ ഉപ്പ വരുന്ന ദിവസം വീട്ടില്‍ ഒരു പെരുന്നാള്‍ തന്നെയായിരുന്നു. നല്ല തമാശകള്‍ പറയും അദ്ദേഹം. ഭാര്യയും മക്കളും കൂടെക്കൂടും. അന്ന് വളരെ വൈകിയേ പള്ളിയിലെത്തൂ. അത്രയും രുചികരമായ ഭക്ഷണം ഞാന്‍ ആദ്യമായി കഴിക്കുന്നത് അവിടെ നിന്നാണ്. 
പേര് പോലും ഓര്‍മയില്ലാത്ത പല വിഭവങ്ങളും കാണുന്നതും കഴിക്കുന്നതും അവിടെ നിന്ന് തന്നെ. ആ ഉമ്മയുണ്ടാക്കിയ നെയ്‌ച്ചോറിന്റെയും മീന്‍കറികളുടെയും വെളുത്തുള്ള അച്ചാറിന്റേയും രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്. 
രാത്രിയില്‍ പള്ളിക്കടുത്തുള്ള ഒരു വീട്ടിലായിരുന്നു അത്താഴം. അവിടെ ഒരുമ്മയും മരുമകളും മാത്രം. മകന്‍ ഗള്‍ഫില്‍. അവര്‍ കൂടുതല്‍ ചോദിക്കുകയോ വര്‍ത്തമാനം പറയുകയോ ഇല്ല. വല്ലതും പറയുന്നതും ആ ഉമ്മ മാത്രമായിരുന്നു. ഒരു വര്‍ഷം എനിക്കാ വീട്ടിലെ മരുമകള്‍ ഭക്ഷണം വിളമ്പി തന്നിട്ടും ഒരിക്കല്‍പോലും  ഞാന്‍ അവരുടെ മുഖം കണ്ടില്ലെന്നതാണ് രസകരം. ശബ്ദവും കേട്ടില്ല. കേട്ടത് ആ വളകിലുക്കം മാത്രം. പദനിസ്വനം മാത്രം. അറിഞ്ഞത് അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി മാത്രം. അവസാന ദിവസം യാത്ര ചോദിക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടിലേക്കും പോയിരുന്നു. വല്ലാത്തൊരു നഷ്ടബോധം തോന്നി. അവര്‍ക്കെന്ത് പ്രായം വരുമെന്ന് കൂടി എനിക്കറിയില്ലായിരുന്നു. 
കായല്‍ക്കടവില്‍ കടത്തുതോണിയുണ്ടായിരുന്നു. അത്രയും വലിയ കായലും പുഴയും (ഫറോക്ക് പുഴ) ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എനിക്കതെല്ലാം അത്ഭുതമായി. കായലിനക്കരെ ചാലിയമാണ്. ബേപ്പൂര്‍ തുറമുഖം കാണാനും കടല്‍ക്കരയില്‍ കാറ്റേറ്റിരിക്കാനും കടത്തുതോണി കടന്ന് ഞങ്ങള്‍ പോകാറുണ്ടായിരുന്നു. ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് യാത്ര. അതും ഹൃദ്യവും ആദ്യാനുഭവവുമായിരുന്നു. കടല്‍കാണുന്നതും കരുവന്‍ തിരുത്തിയില്‍ വന്നശേഷമാണ്. 
രണ്ടാഴ്ചയിലൊരിക്കലായിരുന്നു വീട്ടിലേക്ക് പോയിരുന്നത്.അടിവാരത്തെ അസീസ് മുസ്‌ലിയാര്‍ മാളിയേക്കലിലെ ഷൗക്കത്തും അസ്‌ക്കറും എടക്കരയിലെ ഹമീദുമായിരുന്നു മുതിര്‍ന്ന കുട്ടികള്‍.  
വൃത്തിക്കേടുകളുടെ ആദ്യ പാഠം കേള്‍ക്കുന്നതും  ആ പള്ളിയുടെ അകത്തളങ്ങളില്‍ നിന്ന് തന്നെയായിരുന്നു. മുതിര്‍ന്ന കുട്ടികളായിരുന്നു വഴിപിഴപ്പിക്കാനെത്തിയിരുന്നത്. ഉസ്താദ് വീട്ടിലേക്ക് പോകുന്ന വ്യാഴാഴ്ച രാത്രികളില്‍ അവര്‍ അഴിഞ്ഞാടി. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ഞങ്ങള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ദൗത്യം അടിവാരത്തെ അസീസ് മുസ്‌ലിയാര്‍ ഏറ്റെടുത്തു. പകല്‍ സമയത്ത് ഞങ്ങളെ ഹദീസ് പഠിപ്പിക്കുന്നയാള്‍ പോലും രാത്രിയില്‍ സീതിക്കോയക്കരികിലും അഹമ്മദ് കുട്ടിക്കരികിലും ഊഴം കാത്ത് നിന്നു.  ആദ്യമായി ഞാനൊരു സിനിമ കാണുന്നത് പള്ളി ദര്‍സില്‍ പഠിക്കുമ്പോഴായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങുക. മഞ്ചേരിയില്‍ എത്തിയാല്‍ അന്നത്തെ മാറ്റിനിയും കണ്ടേ വീട്ടിലേക്ക് തിരിക്കൂ. തട്ടാരമുണ്ടയിലെ  ഷംസുദ്ദീനാണ് എന്നെ ആദ്യമായി സിനിമ കാണിക്കാന്‍ കൊണ്ടുപോയത്.  
പിന്നീട് ഈ സിനിമ കാണല്‍ പതിവാക്കി. 

മഞ്ചേരിയില്‍ കളിക്കുന്ന ഏതെങ്കിലുമൊരു സിനിമ കണ്ടേ വീട്ടിലേക്ക് മടങ്ങൂ. തിരികെ മടങ്ങുമ്പോഴും ഒരു സിനിമ പതിവാക്കി.

ഇതിനിടയിലാണ് മറക്കാനാകാത്ത ആ സംഭവം. അതിന്റെ കുറ്റബോധം ഇന്നും മനസ്സില്‍ക്കിടന്ന് പൊള്ളുന്നുണ്ട്. ഒരു വ്യാഴാഴ്ച ദിവസം ഞാനും സീതിക്കോയയും പള്ളിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. രാത്രി മഞ്ചേരിയില്‍ തങ്ങണം. രണ്ടോ മൂന്നോ സിനിമകള്‍ കാണണം. പാണ്ടിക്കാട് റോഡിലെ വലിയ പള്ളിയില്‍പ്പോയി ഉറങ്ങണം. അതിരാവിലെ വീട്ടിലേക്ക് മടങ്ങണം. അതായിരുന്നു പ്ലാന്‍. 
സീതിക്കോയക്ക് മലയാളം എഴുതാനറിയുമായിരുന്നില്ല. കഷ്ടപ്പെട്ട് വായിക്കുകയേയുള്ളൂ. സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠനം നിര്‍ത്തിയതായിരുന്നു അവന്‍. അവന്റെ വീട്ടില്‍ നിന്ന് അനിയത്തിയാണ് കത്തെഴുതുക. അതിന് ആരെക്കൊണ്ടെങ്കിലും മറുപടി എഴുതിക്കും. പലപ്പോഴും ആ ദൗത്യം ഏല്‍പ്പിച്ചിരുന്നത് എന്നെയായിരുന്നു. വിവരങ്ങളും വിശേഷങ്ങളും അവന് വേണ്ടി ഞാനായിരുന്നു എഴുതിയിരുന്നത്. വരുന്ന കത്തുകള്‍ വായിച്ച് കൊടുത്തതും ഞാനായിരുന്നു. എന്റെ ഭാഷക്കും കൈപ്പടക്കും നല്ല ആകര്‍ഷകത്വമുണ്ടെന്നായിരുന്നു അവന്റെ കണ്ടെത്തല്‍.  അവന്റെ സഹോദരി അന്ന് നാലിലോ അഞ്ചിലോ ആകണം പഠിച്ചിരുന്നത്. ഈ കത്തെഴുത്തിലൂടെ അവളും എനിക്ക് പെങ്ങളായി. അവന്റെ ഉമ്മ എന്റെയും ഉമ്മയായി. പരസ്പരം കണ്ടില്ലെങ്കിലും ആ കൈപ്പട എനിക്ക് പരിചിതമായി. അവന്റെ ഉമ്മക്കെന്തോ അസുഖമുണ്ടായിരുന്നു. കത്തില്‍ അധികവും ആശുപത്രി വാസത്തെക്കുറിച്ചും മരുന്ന് മണക്കുന്ന വേദനകളെക്കുറിച്ചായിരുന്നു. 
നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്ന വീട്ടില്‍ നിന്നും  പലപ്പോഴും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള പണം തരാറുണ്ട്. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഉമ്മയും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വണ്ടിക്കൂലി ഒപ്പിച്ച് തരും. ഈ പണമാണ് ഞങ്ങള്‍ സിനിമ കാണാനും മറ്റും ഉപയോഗിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നു. അന്ന് ഞാനും സീതിക്കോയയും വലിയ ആഹ്ലാദത്തിലായിരുന്നു. മഞ്ചേരി നഗരവും അന്നെന്തോ സമ്മേളനത്തിന്റെ തിരക്കില്‍ അലിഞ്ഞു. വലിയ പ്രകടനവും ബാന്‍ഡ് വാദ്യങ്ങളും നഗരത്തെ പുളകമണിയിച്ചു.  ഈ ആഹ്ലാദങ്ങള്‍ക്കിയിലെപ്പോഴോ സീതിക്കോയ പറഞ്ഞു. 
ഇതെന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ്.
അതുപോലെ തന്നെ സംഭവിച്ചു. ആ ദിവസത്തിന്റെ ഓര്‍മകള്‍ പിന്നീടെന്നും അവനെ വേട്ടയാടി. എന്നെയും വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്തു. അന്നത്തെ അവിവേകത്തിന് പ്രത്യുപകാരം ചെയ്യാന്‍ ഇന്നെങ്കിലും സീതിക്കോയക്ക് സാധിച്ചിരിക്കുമോ...? 
ബാഗും സാധനങ്ങളും ഒരു ഭാരമായതുകൊണ്ട് അതാദ്യം ക്ലോക്ക് റൂമില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു ഞങ്ങള്‍. പിന്നെ മൂന്ന് സിനിമ കണ്ടു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകി പള്ളിയില്‍ കിടന്നുറങ്ങി. സുബഹിക്ക് ഞങ്ങളെത്തേടി ഒരാള്‍ പള്ളിയില്‍ വന്നു. ഷൗക്കത്ത്. കൂടെ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥി. പ്രായത്തില്‍ മുതിര്‍ന്നവനെങ്കിലും ഞങ്ങളുമായി നല്ല അടുപ്പമായിരുന്നു. ഞങ്ങളുടെ പ്ലാനുകളൊക്കെ അറിയാവുന്നവന്‍. എനിക്കെന്തോ പരിഭ്രമം തോന്നി. സീതിക്കോയ ബാത്ത് റൂമിലേക്ക് പോയ സമയം ഷൗക്കത്ത് എന്നെ മാറ്റി നിര്‍ത്തി  കാര്യം പറഞ്ഞു. 
നിങ്ങള്‍ പള്ളിയില്‍ നിന്ന് പോന്ന ഉടനെ സീതിക്കോയയുടെ വീട്ടില്‍ നിന്ന് ആള് വന്നിരുന്നു. വീട്ടില്‍ നിങ്ങള്‍ എത്തിയിട്ടില്ലെന്നറിഞ്ഞാണ് ഞാന്‍ വന്നത്. ഇനിക്കറിയായിരുന്നു നിങ്ങളിവിടെ കാണുംന്ന്... ഓന്റെ ഉമ്മ...
ഞാന്‍ തരിച്ചു നിന്നുപോയി. എന്തുപറയണമെന്നറിയാതെ. സീതിക്കോയ അപ്പോഴും കാര്യമറിഞ്ഞിട്ടില്ല. അവനോട് പറയേണ്ടന്നും ഷൗക്കത്ത് പറഞ്ഞു. അവന്‍ അപ്പോഴും ആഹ്ലാദചിത്തനാണ്. 
ക്ലോക്ക് റൂമില്‍ നിന്ന് അവന്റെ സാധനമെടുത്ത് നീ വീട്ടിലേക്ക് പെയ്‌ക്കോ... അവനെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് ചെല്ലട്ടെ. 
എന്നാല്‍ സീതിക്കോയയും ഷൗക്കത്തും വീട്ടിലെത്തുംവരെ ബന്ധുക്കള്‍ കാത്തില്ല. അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒന്ന് കാണാന്‍ കൂടി സീതിക്കോയക്ക് ഭാഗ്യമുണ്ടായില്ല. അപ്പോഴേക്കും രണ്ടട്ടിമണ്ണ് പുതച്ചു കിടപ്പൂ വീടാക്കടമേ മമ ജന്മം  എന്ന ഇടശ്ശേരിക്കവിതപോലെ പള്ളിപ്പറമ്പിലെ ആറടി മണ്ണില്‍ രണ്ടട്ടി മണ്ണ് പുതച്ച് കിടന്നിരുന്നു അവന്റെ ഉമ്മ. വീട്ടില്‍ ഒരു കള്ളവും സീതിക്കോയക്ക് പറയേണ്ടി വന്നു. അവന്‍ എന്റെ വീട്ടില്‍ അതിഥിയായിരുന്നു ഇന്നലെ. അതുകൊണ്ടാണ്...........
ആ നുണ. ഇന്നും അങ്ങനെയാണിരിക്കുന്നത്.
ആ വര്‍ഷം സീതിക്കോയയും അടുത്ത വര്‍ഷം ഞാനും പള്ളി ദര്‍സിനോട് വിട പറഞ്ഞു. പിന്നീട് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം  എന്തോ ആവശ്യത്തിന് വടപുറത്ത് വന്ന് മടങ്ങുമ്പോള്‍ സീതിക്കോയയെക്കുറിച്ചോര്‍ത്തു. ഒന്ന് കാണണമെന്നാഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ ഒരാള്‍ കാണിച്ചു തന്നത് അവനെ തന്നെയായിരുന്നു. രണ്ടു പേര്‍ക്കും ആ കാഴ്ച സര്‍പ്രൈസായിരുന്നു. അവന്റെ മാറിയ മുഖം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വലിയ സന്തോഷമായി ഇരുവര്‍ക്കും. അവനൊരേ നിര്‍ബന്ധം. വീട്ടിലേക്ക് ചെല്ലണമെന്ന്. ഉപ്പയെയും പെങ്ങളെയും കാണണമെന്ന്.


എന്റെ മനസ്സിലുമുണ്ടായിരുന്നുവല്ലോ കുറ്റബോധത്തിന്റെ വലിയ കുരിശുമല. ഞാനന്ന്  വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുന്നുണ്ട്.  
വീട്ടില്‍ അവന്റെ ഉപ്പയുണ്ടായിരുന്നു. സഹോദരിയും. അവര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു സീതിക്കോയ.
ഉമ്മ മരിക്കുമ്പോള്‍ ഞാന്‍ ഇവന്റെ വീട്ടിലായിരുന്നു. 
അപ്പോഴും ആ കള്ളം തന്നെ സീതിക്കോയ ആവര്‍ത്തിച്ചു. എനിക്കാ തെറ്റ് തിരുത്താനുള്ള അവസരം കൂടി അവന്‍ നിഷേധിച്ചു. അവന്റെ സഹോദരി. എന്റെയും കൂടി പെങ്ങളാണെന്ന് കത്തുകളില്‍ അവള്‍ തന്നെ അംഗീകരിച്ചിരുന്നവള്‍. സുന്ദരിയായിരുന്നു. എന്നാല്‍ അവള്‍ മറ്റൊരു ഞെട്ടലാണ് എനിക്ക് സമ്മാനിച്ചത്. ഞാന്‍ മാത്രമല്ല അവളും ഞെട്ടിയിരിക്കുന്നു എന്നെ കണ്ടപ്പോള്‍. അന്നെനിക്ക് ഇരുപത് വയസ്സ്. അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു അവള്‍. എനിക്കവളെ അറിയാമായിരുന്നു. അത് സീതിക്കോയയുടെ അനിയത്തിയായിട്ടല്ല. ബസ് സ്റ്റാന്‍ഡില്‍ നിന്നും എന്നും കാണുന്ന സുന്ദരിക്കുട്ടിയോട് അറിയാതെ മനസ്സില്‍ തോന്നിയ ഒരിഷ്ടം. 
പ്രിയ സുഹൃത്തിന്റെ സഹോദരിയോടാണല്ലോ ആദ്യാനുരാഗം തോന്നിപ്പോയത് എന്നോര്‍ത്താണ് ഞാന്‍ ഞെട്ടിയതും ലജ്ജിച്ചതും. അവളും. 
അന്നു തന്നെ ആ പ്രണയത്തിന് ചരമ ഗീതമെഴുതിയാണ് ഞാന്‍ അവിടെ നിന്നും യാത്ര പറഞ്ഞത്. പിന്നീട് ഞാനൊരിക്കലും സീതിക്കോയയെ കണ്ടിട്ടില്ല. അവന്റെ പെങ്ങളെയും. എങ്കിലും അവന്റെ ഉമ്മ... ഇന്നും ആ കുടുംബത്തോട് അതെക്കുറിച്ച് തുറന്ന് പറയാനാകാത്തതിലെ പ്രയാസം, ഇടക്കിടെ എന്നെ കുത്തി നോവിക്കാറുണ്ട്.