23/7/10

കുറ്റകൃത്യങ്ങളിലെ കുട്ടിരാജാക്കന്‍മാര്‍







ജൂണ്‍ ആദ്യവാരത്തില്‍ കോഴിക്കോട്‌ പബ്ലിക്‌ ലൈബ്രറിയുടെ മുമ്പില്‍ ടൂവീലറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്ത്‌ ഒരു പതിനാറുകാരന്‍ പയ്യന്‍.നഗരത്തിലെ മുന്തിയ സ്‌കൂളിലെ യൂണിഫോം ആണ്‌ വേഷം. ബൈക്കിനു താഴെ കുനിഞ്ഞിരിക്കുകയാണവന്‍. പെട്ടന്നാണ്‌ ടൗണ്‍ പോലീസ്‌ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ അതുവഴി വന്നത്‌. പയ്യന്‍ പെട്ടന്ന്‌ എണീറ്റ്‌നിന്നു.

പോലീസുകാരന്‍ എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുംമുമ്പേ അവന്‍ പറഞ്ഞു. അച്ഛന്‍ ബൈക്ക്‌ നിര്‍ത്തിപോയിട്ട്‌ കുറെ നേരമായി. കാണാനില്ല. വണ്ടിക്കെന്തങ്കിലും കുഴപ്പമുണ്ടോ എന്ന്‌ നോക്കിയതാ...
കാര്യമായ പന്തികേടൊന്നും മണക്കാത്തതിനാല്‍ വണ്ടിയിലേക്കും നമ്പര്‍ പ്ലേറ്റിലേക്കും ഒന്ന്‌ കണ്ണോടിച്ച്‌ പോലീസുകാരന്‍ നടന്നുപോയി. അടുത്ത ദിവസം രാവിലെ ഒരു ചെറുപ്പക്കാരന്‍ പോലീസ്‌ സ്റ്റേഷനില്‍ ബൈക്ക്‌ മോഷണംപോയ പരാതിയുമായെത്തുമ്പോഴും ഇതേ പോലീസുകാരന്‍ ഡ്യൂട്ടിയിലുണ്ട്‌. അയാളുടെ പരാതിയിലെ ബൈക്കിന്റെ നമ്പറും മോഡലും സെന്‍ട്രല്‍ ലൈബ്രറിക്കടുത്ത്‌ കണ്ട ബൈക്കിന്റേതു തന്നെ. മോഷണം പോയതും അവിടെവെച്ച്‌. രണ്ടാഴ്‌ചക്ക്‌ ശേഷം ഇതേ ബൈക്ക്‌ കണ്ടെടുത്തത്‌ തൊണ്ടയാട്‌ ബൈപ്പാസില്‍ ഒരപകടത്തില്‍പ്പെട്ട നിലയിലായിരുന്നു. ബൈക്കില്‍ സഞ്ചരിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായാണ്‌ ദൃക്‌സാക്ഷികള്‍ പോലീസിനോട്‌ പറഞ്ഞത്‌.
കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ സി ഐ ടി പി ശ്രീജിത്ത്‌ വാര്‍ത്താ സമ്മേളനത്തിലൂടെ ഒരു കുട്ടിമോഷ്‌ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ വീരശൂര പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത്‌ ജൂണ്‍19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ ബൈക്ക്‌ കവര്‍ച്ചകള്‍ കമ്പ്യൂട്ടര്‍ മോഷണങ്ങള്‍...എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നുവെത്രെ ആ സംഭവങ്ങളത്രയും നിറഞ്ഞാടിയത്‌. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം. മൂക്കത്ത്‌ വിരല്‍ വെച്ചുപോയി അവരുടെ സാഹസിക കൃത്യങ്ങള്‍ മുഴുവനും കേട്ടവരെല്ലാം. അന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത സംഘത്തില്‍ മുകളില്‍ പറഞ്ഞ പ്ലസ്‌ടു വിദ്യാര്‍ഥിയായ പയ്യനും ഉണ്ടായിരുന്നു. സംഘത്തിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളുമായിരുന്നു അവന്‍.


ഇത്‌ കോഴിക്കോട്‌ നഗരത്തില്‍ തുടങ്ങി ഇവിടെതന്നെ ഒടുങ്ങിയ ഒരു പ്രതിഭാസമല്ല. പുതിയ കാലത്തിന്റെ സന്തതികള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പ്രതിരൂപത്തെ മറ്റൊരു കോലത്തില്‍ വരച്ചിട്ടു എന്നാണ്‌ മനസിലാക്കേണ്ടത്‌.

പുതിയ തലമുറയുടെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ആകാശത്തെപോലും അതിര്‍ത്തിയായി കാണക്കാക്കാനാവില്ല. ഏത്‌ വിലക്കുകള്‍ ഭേദിക്കാനും അവര്‍ക്ക്‌ മടിയുമില്ല.ഒരു ദിവസം മാത്രം സ്വവര്‍ഗഭോഗികളായവരുടെ ആവശ്യങ്ങള്‍ക്ക്‌ നിന്നുകൊടുത്താല്‍ രണ്ടായിരം രൂപയിലേറെ സമ്പാദിക്കുന്ന രാമനാട്ടുകരയിലെ പതിനാറുകാരനായ മനോജ്‌, (യഥാര്‍ഥ പേരല്ല) സ്‌കൂളിനു മുമ്പിലെ പെട്ടിക്കടയില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്ന അമ്മാവന്‍ തരുന്ന ലഹരി വസ്‌തുക്കള്‍ കൂട്ടുകാര്‍ക്ക്‌ വിതരണം ചെയ്യുന്നതിലൂടെ അച്ഛനില്ലാത്ത കുടുംബത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച പയ്യോളിയിലെ സുനീഷ്‌, നീലച്ചിത്രങ്ങളുടെ എക്‌സ്‌ക്ലൂസീവുകള്‍ മാത്രം വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലൂടെ സ്വന്തം ആവശ്യങ്ങള്‍ക്കും ധൂര്‍ത്തിനും പണം കണ്ടെത്തുന്ന കരുവാരകുണ്ടിലെ റഷീദ്‌, സ്‌കൂള്‍ ബാഗില്‍ പാഠപുസ്‌തകങ്ങള്‍ക്ക്‌ പകരം ഏതുബൈക്കും തുറക്കാന്‍ കഴിയുന്ന താക്കോല്‍ കൂട്ടങ്ങളുമായി നടക്കുന്ന കോഴിക്കോട്ടെ കവര്‍ച്ച ക്കൂട്ടങ്ങള്‍....സ്വന്തം വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ തന്നെ മൂന്ന്‌ തവണയിലധികം മോഷ്‌ടിച്ച്‌ റിക്കാര്‍ഡിട്ട കോഴിക്കോട്ടെ റനീഷ്‌, ഇവരൊക്കെയാണ്‌ പുതിയ കാലത്തിന്റെ പ്രതിനിധികന്ദ്സ
ര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ കാര്യക്ഷമമാണിപ്പോള്‍. മാനേജ്‌മെന്റുകളുടെ പട്ടാളച്ചിട്ടയും വിദ്യാലയങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്നു. പി ടി എ കമ്മിറ്റികളും അമ്മമാരുടെ കൂട്ടായ്‌മകളും അധ്യാപക സംഘടനകളും എല്ലാം വിദ്യാലയങ്ങളുമായി അടുത്തിടപഴകുന്നു. അങ്ങനെയൊരുകാലത്തുകൂടിയാണിതെല്ലാം നടക്കുന്നത്‌. കോഴിക്കോട്‌ ജില്ലയില്‍ മതപരമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഥാപനത്തിലെ ഹോസ്റ്റലില്‍ ഒരുനാള്‍ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ കിട്ടിയത്‌ ഒരു ബക്കറ്റ്‌ നിറയെ നീലച്ചിത്ര സിഡികളായിരുന്നു. അതിലേറെ മള്‍ട്ടിമീഡിയ സംവിധാനത്തോടെയുള്ള മൊബൈലുകളും. അപ്പോള്‍ മറ്റു വിദ്യാലയങ്ങളുടെ കാര്യം പറയണോ...? ഈ പ്രവണതയെ സാംസ്‌കാരിക ജീര്‍ണതകളുടെ ഷോക്കാണെന്നാണ്‌ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിന്റെ വിലയിരുത്തല്‍.
മന:ശാസ്‌ത്രഞ്‌ജരുടെ അരികില്‍ മനോനില തെറ്റി ചികിത്സതേടിയെത്തിയ ഒട്ടേറെ കുട്ടിക്കുറ്റവാളികളെക്കുറിച്ച്‌ അവര്‍ പറഞ്ഞ്‌ തരുന്നു. ഏറെ വിചിത്രമാണ്‌ അവരുടെലോകം. വിഭിന്നമാണ്‌ മനസ്‌, ഞെട്ടിപ്പിക്കുന്നതാണ്‌ പ്രവര്‍ത്തികള്‍. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്‌. വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളുണ്ട്‌. അതില്‍ സംഭവിക്കുന്ന ഗുണദോഷങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്‌.രക്ഷിതാക്കളുടേയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഭാഷയും വേഷവും പെരുമാറ്റങ്ങളും വൈകല്യങ്ങളും എല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.

കൗമാരം സര്‍വോന്‍മുഖമായ വളര്‍ച്ചയുടെ മാറ്റത്തിന്റെ ഘട്ടമാണ്‌. എല്ലാകെട്ടുപാടുകളില്‍ നിന്നും ചിറകടിച്ച്‌ പറക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രായം. രക്ഷിതാക്കളുടെയും സഹോദരങ്ങളുടേയും മറ്റും ശ്രദ്ധ കൂടുതലായി പതിയേണ്ട സമയം. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്‌കരിക്കേണ്ട ഈ പ്രായത്തിലാണ്‌ അവര്‍ക്ക്‌ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുണയാകേണ്ടത്‌. ഉത്തമ വഴികാട്ടികളെ ലഭിക്കേണ്ടത്‌.ബാല്യത്തിനും യൗവനത്തിനുമിടയിലെ പൂര്‍വ കൗമാരത്തിലാണ്‌ മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസം സംഭവിക്കുന്നത്‌. ശാരീരികമായ മാറ്റങ്ങളോടൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. ഇതിനിടയിലാവും പുതിയ സൗഹൃദങ്ങളുടെ വരവ്‌. വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്‌. വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തേടുന്നതും ഇത്തരക്കാരെ തന്നെ.
ഇത്‌ ആണ്‍കുട്ടികളുള്ള ഓരോ രക്ഷിതാവും അഭിമുഖീകരിക്കേണ്ട സാഹചര്യമാണ്‌. പലരും ആ ഘട്ടത്തെ അതിജീവിച്ചുവെങ്കില്‍ കുട്ടികളെ പ്രത്യേകമായി ശ്രദ്ധിച്ചത്‌കൊണ്ടോ പരിഗണന നല്‍കിയതുകൊണ്ടോ ആവണം, അല്ലെങ്കില്‍ ദൈവാനുഗ്രഹം എന്നേ പറയേണ്ടൂ. ആണ്‍കുട്ടിയല്ലേ എവിടെ പോയാലും പ്രശ്‌നമില്ല. എന്ന്‌ കരുതിയിരുന്നവര്‍ക്കൊക്കെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു. കാരണം ഇന്ന്‌ ഏറ്റവും കൂടുതല്‍ വഴിതെറ്റിപോകുന്നത്‌ ആണ്‍കുട്ടികളാണ്‌. സ്വവര്‍ഗരതിക്കാരുടെ ഇരകളായി മാറുന്നത്‌ അവരാണ്‌. 2005മുതല്‍ 2009വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത്‌ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്‌ പോലീസ്‌ കണക്ക്‌ പ്രകാരം 280 ആണ്‍കുട്ടികളാണ്‌. ഇതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്‌. രണ്ടാമത്‌ കോഴിക്കോട്ടും. തിരുവനന്തപുരവും കണ്ണൂരുമാണ്‌ തൊട്ടുപിന്നില്‍. മദ്യമയക്കുമരുന്ന്‌ മാഫിയകളുടെ കരിയറുകളായി മാറുന്നതും അവര്‍ തന്നെ. വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു അവരുടെ മനസ്സുകളെ.

താമരശ്ശേരിക്കടുത്ത എട്ടാം ക്ലാസുകാരന്റെ കഥ ഇങ്ങനെയാണ്‌. പഠിക്കാന്‍ മിടുക്കനായ പയ്യന്റെ സ്വഭാവത്തില്‍ പെട്ടെന്നൊരുനാള്‍ മാറ്റം കണ്ടുതുടങ്ങി. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്‌തുക്കള്‍ അപ്രത്യക്ഷമാകുന്നു. ഒരു ദിവസം പിടിക്കപ്പെട്ടപ്പോള്‍ അമ്മയേയും അച്ഛനേയും തിരിച്ച്‌ ഉപദ്രവിക്കുകയായിരുന്നവന്‍. സ്‌കൂളില്‍ നിന്നും പരാതിയെത്തിയപ്പോഴാണ്‌ അവര്‍ ഒരു മനോരോഗവിദഗ്‌ധന്റെ സഹായം തേടിയത്‌. സ്‌കൂളിനടുത്ത്‌ വെച്ച്‌ യാദൃശ്ചികമായി പരിചയപ്പെട്ട ഒരുവ്യക്തി അവനെ മയക്കു മരുന്നുകളുടെ കരിയറായി ഉപയോഗിച്ചിരുന്നു. ഒന്ന്‌ തൃശൂര്‍വരെ പോകണം. അവിടെ ചില വ്യക്തികള്‍ക്ക്‌ ചില വസ്‌തുക്കള്‍ എത്തിച്ച്‌ കൊടുക്കണം. നല്ല പ്രതിഫലവും മികച്ച ഭക്ഷണവുമായിരുന്നു വാഗ്‌ദാനം. അയാളും തൃശൂരിലെ ഇടനിലക്കരും അവനെ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. എന്നാല്‍ പെട്ടന്നൊരുനാള്‍ അയാള്‍ അപ്രത്യക്ഷനാകുന്നു. പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.ഇതോടെ വരുമാനം മുട്ടിയതോടെയാണ്‌ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങുന്നത്‌.

ഇനി കോഴിക്കോട്ടെ സംഭവത്തിലേക്ക്‌ തന്നെ തിരികെ വരാം. കസബ, നടക്കാവ്‌, നല്ലളം, മെഡിക്കല്‍ കോളജ്‌, ഫറോക്ക്‌, ബേപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ കീഴില്‍നിന്ന്‌ വല്ലാതെ ടൂവീലറുകളും കമ്പ്യൂട്ടറുകളും പണവും മോഷണം പോകുന്നു. ആറുമാസം കഴിഞ്ഞു ഈ പ്രതിഭാസം തുടങ്ങിയിട്ട്‌. പരാതികള്‍ നിരന്തരം വരുന്നു. എന്നാല്‍ ഒന്നില്‍പോലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല. പതിവുള്ള കവര്‍ച്ചക്കാരെ ചുറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇതില്‍ പങ്കില്ലെന്ന്‌ തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലില്‍ ഉറപ്പായി.അതിനുശേഷമാണ്‌ പുതിയ സംഘത്തെക്കുറിച്ച്‌ സംശയം തോന്നി അന്വേഷണം ആ വഴിക്ക്‌ തിരിയുന്നത്‌.

വാഹന ചെക്കിംഗിനിടെ ബൈക്കിലെത്തുന്ന പയ്യന്‍മാര്‍ നിര്‍ത്താതെപോകുന്നത്‌ പതിവാണ്‌. പ്രധാനകാരണങ്ങളിലൊന്ന്‌ ലൈസന്‍സുണ്ടാവില്ല എന്നതാവും.എന്നാല്‍ ഇത്തരത്തില്‍ നിര്‍ത്താതെ പോയ പയ്യന്‍മാരിലെ ചിലരെ പിന്തുടര്‍ന്ന്‌ പിടികൂടിയപ്പോഴായിരുന്നു ആദ്യമായി കുട്ടിക്കള്ളന്‍മാരെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിക്കുന്നത്‌. അപകടം വരുത്തുന്ന ബൈക്ക്‌ ഉപേക്ഷിച്ച്‌ കടക്കുന്നു. പിന്നീടാണ്‌ ഇവ മോഷണം പോയതാണെന്നറിയുന്നതും. ഒടുവില്‍ സംഘത്തെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ പോലീസ്‌ പോലും ഞെട്ടിപോയി.

അഞ്ച്‌ പ്രമുഖ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍. പതിനാലുമുതല്‍ 18വരെ പ്രായത്തിലുള്ളവര്‍. വ്യത്യസ്‌ത കുടുംബ പശ്ചാത്തലമുള്ളവര്‍. ക്ലബുകളില്‍ വെച്ചും ജിംനേഷ്യകളില്‍ നിന്നുമായിരുന്നു അവര്‍ കണ്ടുമുട്ടിയിരുന്നത്‌. പിന്നെ സ്വതന്ത്രമായ ഒരു ശൃംഖലയായി ആകൂട്ട്‌ വളര്‍ന്നു. ആരെങ്കിലും ശ്രദ്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തില്ല. ബൈക്കുകളും കമ്പ്യൂട്ടറുകളും കവര്‍ച്ച നടത്തിയശേഷം വീടുകളില്‍ കൊണ്ടുവന്നു. എന്നിട്ടും ചില രക്ഷിതാക്കള്‍ അന്വേഷിച്ചില്ല. തിരക്കിയവരോടോ അവര്‍ മനഹോരമായ കള്ളവും പറഞ്ഞു. അതിന്റെ സത്യാവസ്ഥകളിലേക്കിറങ്ങിച്ചെല്ലാനും മെനക്കെട്ടതുമില്ല. നൂറില്‍പ്പരം കുട്ടികള്‍ പ്രത്യക്ഷമായോ പരേക്ഷമായോ ഈ കേസുകളില്‍ കണ്ണികളായിട്ടുണ്ടെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. ഇതിന്റെ തുടര്‍ച്ചയായി പിന്നെയും ഉണ്ടായി അറസ്റ്റുകള്‍. ജൂലൈയില്‍ ആദ്യദിനം രണ്ട്‌ കുട്ടികള്‍ നല്ലളം പോലീസിന്റെ പിടിയിലായി. ആറിന്‌ വീണ്ടും മൂന്ന്‌ കുട്ടികളെ പിടികൂടി. മാത്തോട്ടം സ്വദേശികളായ പതിനാലും പതിനാറും വയസ്സുള്ള മൂന്നുപേരെ അരീക്കാട്‌ നിന്നുമാണ്‌ മോഷ്‌ടിച്ച ബൈക്കുമായി പിടികൂടിയത്‌.

മോഷ്‌ടിക്കുന്ന ബൈക്കുകളും കമ്പ്യൂട്ടറുകളും കുറഞ്ഞ വിലക്ക്‌ വില്‍ക്കുന്നു. അത്‌ ഏറ്റവും പരിചയമുള്ളവരിലൂടെയാണ്‌ വിപണനം നടത്തിയിരുന്നത്‌. കിട്ടുന്ന പണംകൊണ്ട്‌ മദ്യപിക്കും. ധൂര്‍ത്തുകള്‍ക്കും ധാരാളം പണം. സഹപാഠികളെ അമ്പരപ്പിച്ചും അസൂയപ്പെടുത്തിയും സ്വപ്‌നം കാണാനാവാത്ത സൗഭാഗ്യങ്ങളില്‍ അവര്‍ അഭിരമിക്കുന്നു. ഇതുകണ്ട്‌ മറ്റുകുട്ടികളും അവരുടെ വഴി സ്വീകരിക്കാന്‍ തുനിയുന്നത്‌ സ്വാഭാവികം മാത്രമാണ്‌.
മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ തോന്നുന്നത്‌ കൗമാരപ്രായക്കാരുടെ സ്വഭാവമാണ്‌. തീക്ഷ്‌ണമായ വൈകാരിക ജീവിതം പുലര്‍ത്തുന്നവര്‍ക്ക്‌ എതിര്‍ലിംഗത്തിലെ അംഗങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസം ഉണ്ടാകും. വൈകാരിക വികസനം അന്തിമ രൂപം കൈവരിക്കുന്നതും കൗമാരകാലത്താണ്‌. ഉത്‌കണ്‌ഠ, സ്‌നേഹം, ഭയം, കോപം തുടങ്ങിയ വികാരങ്ങളുടെ തീവ്രതമൂലം ഈ ഘട്ടം വേറിട്ടുനില്‍ക്കുന്നു. വികാരപ്രകടനത്തില്‍ ഇവര്‍ സ്ഥിരസ്വഭാവം പുലര്‍ത്താറുമില്ല. മനശാസ്‌ത്രഞ്‌ജര്‍ വ്യക്തമാക്കുന്നു. ഇതൊക്കെ മനസിലാക്കിയും അവരുടെ മനസ്‌ വായിച്ചും വേണം ഇടപഴകാന്‍. പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും പഠിച്ച്‌ വേണം പരിഹാരം നിര്‍ദേശിക്കാന്‍. എന്നാല്‍ തിരക്കുകളുടെ ലോകത്ത്‌ നമുക്ക്‌ നമ്മെതന്നെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത കാലത്ത്‌ കുട്ടികളെ കയറൂരിവിട്ടാല്‍ എന്തുസംഭവിക്കുമെന്നതിന്‌ ഇതിനേക്കാള്‍ വലിയ ഉദാഹരണങ്ങള്‍ വേണോ....?

കുട്ടികള്‍ക്ക്‌ സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും ലഭിക്കേണ്ട പ്രായത്തില്‍ നല്‍കാത്തതിനെ തുടര്‍ന്ന്‌ അവര്‍ വഴിതെറ്റി പോയിട്ടുണ്ടെങ്കില്‍ ഒരുപരിധിവരെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. അവരെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനും വഴിത്തെറ്റാനും കഴിയാത്ത വിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും മാതാപിതാക്കളുടേതാണ്‌. വീട്ടകങ്ങളില്‍ നിന്ന്‌ സ്‌നേഹം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ എളുപ്പത്തില്‍ ചതിക്കുഴികളില്‍ കുരുങ്ങി പോകാം. ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന്‌ വരുന്നവര്‍ക്കിടയിലേക്ക്‌ വേഗത്തില്‍ കയറിച്ചെല്ലാനും അവരുടെ മനസ്സില്‍ ഇടം നേടാനും വേട്ടക്കാര്‍ക്ക്‌ സാധിക്കും. അത്‌ തിരിച്ചറിയുക. മക്കളുടെ മനസ്‌ കാണുക. അവര്‍ക്ക്‌ ഒരുപാട്‌ സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത്‌ വിഷയത്തിനും കാത്‌കൊടുക്കുക. മനസ്‌ തുറന്ന്‌ ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്‌ജനത്തിന്റെ വാതില്‍ തുറക്കപ്പെടും.

വിദ്യാലയങ്ങളില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍
രാജന്‍ കരുവാരകുണ്ട്‌


വര്‍ത്തമാനകാല കേരളീയ സമൂഹത്തില്‍ നമ്മെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ കുട്ടികളുടെ
കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള വിദ്യാലയങ്ങളില്‍ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാളാണ്‌ ഞാന്‍. പക്ഷേ വളരെ ചുരുങ്ങിയ എണ്ണം മാത്രമെ പുറംലോകം അറിയുന്നുള്ളൂ.അത്‌കൊണ്ടുതന്നെ അത്തരം കുറ്റങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നനിലയിലാണ്‌ സമൂഹം കാണുന്നത്‌.
കുട്ടികള്‍ക്കിടയില്‍ ലഹരി വസ്‌തുക്കള്‍ വില്‍ക്കുന്ന ഏജന്റുമാരും സ്ഥിരമായി ഉപയോഗിക്കുന്നവരും ഉണ്ട്‌. 



സ്‌കൂളിലേക്കെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങുകയും നഗരങ്ങളിലെ മദ്യശാലകളിലും നാടന്‍ കള്ളുഷാപ്പിലും പതിവായി മുഖം കൊടുത്ത്‌ ക്ലാസില്‍ എത്തുന്നവരും കുറവല്ല. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാകുന്നവരും ഇതുമൂലം ലഭിക്കുന്ന വരുമാനംകൊണ്ട്‌ ധൂര്‍ത്തടിച്ച്‌ നടക്കുന്നവരും ധാരാളം. ദൃശ്യമാധ്യമങ്ങളും സൈബര്‍ ലോകവും ഇതിനായി അവരെ പ്രാപ്‌തരാക്കിയെടുക്കുന്നു.
മൈതാനങ്ങളിലും ഇടവഴികളിലും ഒരുമൊബൈലിനുചുറ്റുമിരുന്ന്‌ നീലച്ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ പതിവ്‌ കാഴ്‌ചകളാണ്‌. പത്തുരൂപ മുടക്കിയാല്‍ ഏതുതരത്തിലുള്ള നീലച്ചിത്രവും മൊബൈലില്‍ പകര്‍ത്തിക്കൊടുക്കാനുള്ള സംവിധാനം ഇന്ന്‌ നാട്ടിന്‍പുറത്തെ മൊബൈല്‍ ഷോപ്പില്‍ പോലുമുണ്ട്‌. നഗരത്തിലെ കാര്യം പറയണോ...


കുട്ടിക്കാലത്ത്‌ ഒഴിവു ദിനങ്ങളില്‍ നല്ല പുസത്‌കങ്ങള്‍ വായിക്കാന്‍ തേടിപ്പിടാക്കാറുണ്ടായിരുന്നു. കൂട്ടുകാര്‍ തന്നെയാവും അത്‌ സംഘടിപ്പിച്ച്‌ തരിക. എന്നാല്‍ ഇന്നിപ്പോള്‍ അവധി ദിനമാഘോഷിക്കാന്‍ കുട്ടികള്‍ കൈമാറുന്നത്‌ നീല സീഡിയും പെന്‍ ഡ്രൈവുമാണ്‌. മൊബൈലില്‍ നിന്ന്‌ മൊബൈലിലേക്ക്‌ രതിവൈകൃതങ്ങളുടെ ദൃശ്യങ്ങള്‍ പറക്കുകയാണ്‌. ക്ലാസ്‌ മുറിയില്‍ കുട്ടികളുടെ ബാഗ്‌ പരിശോധിച്ചാല്‍ പഠന സിഡിയുടെ മറവില്‍ മറ്റു സിഡികളും പെന്‍ ഡ്രൈവുകളുമാണ്‌ കണ്ടെത്താനാവുക. ഇത്തരം നിരവധി കേസുകള്‍ ഏതൊരു ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്‌. ഈ സാഹചര്യമെല്ലാം കുട്ടികളെ ഏതുതരത്തിലുള്ള കുറ്റകൃത്യത്തിലേക്കും വഴി നടത്താന്‍ പര്യാപ്‌തമാക്കുന്നുണ്ട്‌.


മൊബൈല്‍ ഫോണ്‍ വിദ്യാലയങ്ങളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളില്‍ സൂക്ഷിക്കുകയാണ്‌ കുട്ടികള്‍ ചെയ്യുന്നത്‌. ഇടവേളകളില്‍ ഇവ ഉപയോഗിച്ച്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത്‌ ഇന്റര്‍നെറ്റ്‌ കഫേകളില്‍ എത്തിക്കുന്ന സംഭവത്തേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌. ഇതിന്റെ ഗൗരവം പെണ്‍കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ കൃത്യമായി അറിഞ്ഞുകൂടാ. മൊബൈലില്‍ ഒരു കുട്ടി ഫോട്ടോയെടുത്തതിനെക്കുറിച്ച്‌ പരാതിപറയാനെത്തിയത്‌ വേറൊരാളാണ്‌. ഇതന്വേഷിക്കാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ പ്രതികരണം അതൊക്കെ പ്രശ്‌നമാക്കണോ മാഷെ...ഫോട്ടോയങ്ങ്‌ ഡിലീറ്റ്‌ ചെയ്‌താല്‍ പോരെ എന്നായിരുന്നു.

സ്‌കൂള്‍ പരിസരങ്ങളിലുള്ള സൈബര്‍കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിരീക്ഷണം നടത്തുക തന്നെ വേണം. നടപടി എടുക്കേണ്ടത്‌ പോലീസാണെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറാനോ കണ്ണടക്കാനോ സ്‌കൂള്‍ അധികൃതര്‍ക്കാവില്ല. പി ടി എ കമ്മിറ്റികളും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കി എടുക്കേണ്ടതുണ്ട്‌. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തണം.
സര്‍ക്കാറിനു സമുഹത്തിനും രക്ഷിതാക്കള്‍ക്കും തെറ്റു പറ്റി
എന്‍ സുഭാഷ്‌ ബാബു
റിട്ട:  എസ്‌ പി


ഈയിടെ കോഴിക്കോട്‌ നഗരത്തില്‍ നിന്ന്‌ മാത്രം റിപ്പോര്‍ട്ട്‌ ചെയ്‌ത കവര്‍ച്ചക്കേസുകളില്‍ നൂറില്‍പ്പരം കുട്ടികള്‍ പ്രത്യക്ഷമായോ പരേക്ഷമായോ കണ്ണികളായിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്‌. മെഡിക്കല്‍ കോളജ്‌, നല്ലളം, നടക്കാവ്‌ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന്‌ മാത്രമാണിവ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച്‌ അറിവില്ലാത്തത്‌ വലിയ പ്രശ്‌നം സൃഷ്‌ടിക്കുന്നു. മുമ്പ്‌ മുത്തശ്ശനും മുത്തശ്ശിയും അമ്മാവന്‍മാരുമൊക്കെയായിരുന്നു കുട്ടികളുടെ ഉപദേശകര്‍. അണുകുടുംബത്തില്‍നിന്ന്‌ ആ നന്മ പടിയിറങ്ങിപ്പോയതോടെ വലിയ നഷ്‌ടം തന്നെയാണ്‌ നമുക്ക്‌ ഉണ്ടായത്‌. അധ്യാപകര്‍ക്കും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക താത്‌പര്യമുണ്ടായിരുന്നു. 



ഇന്നത്തെ അധ്യാപകര്‍ക്ക്‌ കുട്ടികളെ നിയന്ത്രിക്കുന്നതിനുള്ള ആര്‍ജവം നഷ്‌ടപ്പെട്ടിരിക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ പഠനനിലവാരം ശ്രദ്ധിക്കുന്നു.അതിനുവേണ്ടി മുതല്‍മുടക്കുന്നു. എന്നാല്‍ സൗഹൃദ വലയവും പ്രവര്‍ത്തന മേഖലകളും ശ്രദ്ധിക്കുന്നേയില്ല.
ഇന്റര്‍നെറ്റ്‌ സംവിധാനം പ്രയോജനപ്പെടുത്താത്ത കുട്ടികള്‍ വിരളമായിരിക്കുന്നു.കഫേകളിലും വീടുകളിലും കുട്ടികള്‍ ഏര്‍പ്പെടുന്നത്‌ കമ്പ്യൂട്ടര്‍ ഗെയിമുകളിലും വിവിധതരം കളികളിലാണ്‌. കാളപ്പോരും സനൂക്കര്‍ കളിയും പന്തയംവെപ്പും വയലന്‍സും എല്ലാം. തെറ്റുകള്‍ കണ്ടുകൊണ്ടേയിരിക്കുമ്പോള്‍ പിന്നെയത്‌ തെറ്റല്ലാതെ തോന്നും. ശരിത്തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ പ്രത്യേകിച്ചും.

വിദ്യാലയങ്ങളില്‍ കൗണ്‍സലിംഗ്‌ സംവിധാനമെന്ന ഒന്നുണ്ട്‌. എന്നാല്‍ പലയിടത്തും അതില്ല. ഉണ്ടെങ്കില്‍ തന്നെ പ്രാപ്‌തരായ കൗണ്‍സിലര്‍മാരില്ല. ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള കുട്ടികളെ പെട്ടെന്ന്‌ കണ്ടെത്താന്‍ കഴിയുക കുട്ടികള്‍ക്ക്‌ തന്നെയാണ്‌. കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചെലവഴിക്കുന്നവര്‍ എന്നനിലയില്‍ അവര്‍ക്കേ അതിന്‌ സാധിക്കൂ. വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കുട്ടിപോലീസിന്റെ സേവനത്തിലൂടെ ഇതിനും സാധിക്കണം. മോശപ്പെട്ട ചുറ്റുപാടില്‍ നിന്ന്‌ വരുന്നകുട്ടികളെയും ഇന്റര്‍നെറ്റ്‌ കഫേകളില്‍ എത്തുന്ന കുട്ടികളെയും ശ്രദ്ധിക്കുക തന്നെവേണം. ഇത്തരക്കാരെക്കുറിച്ച്‌ പോലീസ്‌ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന നിബന്ധന വെക്കണം. കഫേകളില്‍ എത്തുന്ന കുട്ടികളുടെ പേരും വിലാസവും ഫോണ്‍ നമ്പരും അവരുടെ കൈപ്പടയില്‍ തന്നെ എഴുതി വാങ്ങിക്കണം. പഴയ തലമുറക്ക്‌ ചിന്തിക്കാന്‍ പോലുമാകാത്ത സൗഭാഗ്യങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക്‌ ലഭിക്കുന്നു. പക്ഷേ അതോടൊപ്പം അവരുമായുള്ള മാനസികമായ അടുപ്പം കുറഞ്ഞു. മക്കളെ ഉപദേശിക്കാനോ നേര്‍വഴിക്ക്‌ നടത്താനോ ഉള്ള പ്രാപ്‌തി പല രക്ഷിതാക്കള്‍ക്കും നഷ്‌ടപ്പെട്ടിരിക്കുന്നു. കുടുംബ തകര്‍ച്ചയുടെ ആദ്യത്തെ അധ്യായമാണത്‌.

ഇന്ന്‌ കുട്ടികളെ ഭരിക്കുന്ന നിയമം ജുവനൈല്‍ ജസ്റ്റിസ്‌ കെയര്‍ ആന്റ്‌ പ്രൊട്ടക്ഷന്‍ ആക്‌ട്‌ ആണ്‌. പതിനെട്ട്‌ വയസ്സിന്‌ താഴെ പ്രായമുള്ള കുറ്റവാളികളായ കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന കൊടുക്കുകയും അവരെ മുതിര്‍ന്ന ക്രിമിനലുകളുടെ കൂട്ടത്തില്‍ പെടുത്താതെയും അവരോടൊപ്പം ജയിലിലടക്കാതെയും നല്ല പൗരന്‍മാരാക്കി തീര്‍ക്കുന്നതിനുള്ള സംരക്ഷണവും പരിശീലനവും നല്‍കുകയുമാണ്‌ ഈ നിയമത്തിന്റെ ഉദ്ദേശം.

ഏഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രവര്‍ത്തിമൂലം എന്ത്‌ തെറ്റ്‌തന്നെ സംഭവിച്ചാലും അത്‌ നിയമത്തിന്റെ മുമ്പില്‍ കുറ്റമാകുന്നില്ല. എഴുമുതല്‍ പന്ത്രണ്ടുവരെയുള്ള കുട്ടികളുടെ കാര്യത്തിലും നിയമം ഇതേകാഴ്‌ചപ്പാട്‌ സ്വീകരിക്കുന്നു. പതിനാലിനും പതിനെട്ടിനുമിനിടയിലെ കുട്ടികള്‍ കുറ്റം ചെയ്‌താലും അവരെ കുറ്റവാളിയെന്ന്‌ പോലും വിളിക്കാന്‍ പാടില്ല. നിയമവുമായി കലഹിച്ചു നില്‍ക്കുന്ന ആള്‍ എന്നേ വിളിക്കാവൂ. അവന്റെ ഭാവി ജീവിതത്തില്‍ പഴയ കാലത്തിലെ ഒരു അടയാളവും ശേഷിക്കാന്‍ പാടില്ല എന്നതിനാല്‍ ആകാലത്തെ രേഖകള്‍ പോലും നശിപ്പിച്ച്‌ കളയണമെന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. ഇതെല്ലാം കുട്ടികളുടെ നല്ലഭാവിക്കുവേണ്ടി നിയമം ഒരുക്കുന്ന സുരക്ഷിത കവചമാണ്‌.

ഇങ്ങനെയൊക്കെ നിയമത്തെ വഴിതെറ്റാതെ നടത്താനുള്ള സംവിധാനം ഒരുക്കിയവര്‍ക്ക്‌ അത്തരം കുഞ്ഞുങ്ങള്‍ വഴിത്തെറ്റി പോകുന്നത്‌ തടയാനുള്ള ബാധ്യതകൂടിയുണ്ട്‌. വഴിത്തെറ്റിപോകുന്ന യുവതലമുറയെ നേരെയാക്കാന്‍ ഇന്ന്‌ ശരിയായ മാര്‍ഗരേഖയൊന്നുമില്ല. അത്‌കണ്ടെത്തിയെ മതിയാകൂ. എല്ലാവര്‍ക്കും കുട്ടികളെക്കുറിച്ച്‌ബാധ്യതയുണ്ട്‌. സമൂഹം കൂട്ടുത്തരവാദിത്വത്തോടെ ചെയ്യേണ്ടതാണത്‌. സമൂഹത്തിനും സര്‍ക്കാറിനും രക്ഷിതാക്കള്‍ക്കും എല്ലാം വീഴ്‌ച പറ്റിയിട്ടുണ്ട്‌. ആദ്യം അത്‌ സമ്മതിക്കുക . പിന്നെ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അവയില്ലാതാക്കാന്‍ എന്തുചെയ്യണമെന്ന്‌ ആലോചിക്കുക. വളരെപ്പെട്ടന്ന്‌ അവസാനിക്കുന്ന ഒരു സംവിധാനമല്ല ആവശ്യം. എല്ലാ കാലത്തും നിലനില്‍ക്കുന്നതും ശക്തവുമാകണമത്‌.ഇത്‌ സാംസ്‌കാരിക പ്രത്യാഘാതം
ഡോ: പി എന്‍ സുരേഷ്‌ കുമാര്‍

കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകളെ ഒറ്റപ്പെട്ട സംഭവമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാനാവില്ല. ഇതിനുമുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്‌. ഉണ്ടാവുന്നുമുണ്ട്‌. എന്നാല്‍ അവ അറസ്റ്റിലോ പത്രവാര്‍ത്തകളിലോ ഇടം കണ്ടില്ലാ എന്നേയൊള്ളൂ.മാറുന്ന സംസ്‌കാരത്തിനനുസരിച്ച്‌ കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമായി വേണം ഈ പ്രവണതയെ കാണാന്‍. കള്‍ച്ചറല്‍ ഷോക്കാണിത്‌.

ദൃശ്യ മാധ്യമങ്ങളുടെയും പരസ്യങ്ങളുടേയും പ്രലോഭനങ്ങളില്‍ വേഗം കുരുങ്ങിപ്പോകുന്നു കൗമാര മനസുകള്‍. ഹൈടെക്‌ സംവിധാനങ്ങളോട്‌ അവര്‍ക്ക്‌ എന്തെന്നില്ലാത്ത അഭിനിവേശം തോന്നും. അവ സ്വന്തമാക്കണമെന്നത്‌ വലിയ സ്വപ്‌നവുമാവും. കൗമാര മനശാസ്‌ത്രമാണത്‌.എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്‌. ആത്മാഭിമാനം മാനത്തോളം കൊണ്ടുനടക്കുന്നവരാണ്‌ ഇവര്‍. മുതിര്‍ന്നവരേക്കാള്‍ അറിവും കഴിവുകളും ഉണ്ടെന്ന്‌ അഹങ്കരിക്കും. ദിവാസ്വപ്‌നം അനാവശ്യമായി കാണും. പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്‌പര്‍ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമാണ്‌ കൗമാരം. പാകതയില്ലാത്ത മനസ്സുകള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വരും വരായ്‌കകളെ കുറിച്ച്‌ ആലോചിക്കാതെയാണ്‌. കുറ്റകൃത്യങ്ങളേയും കവര്‍ച്ചകളേയും ലഘൂകരിക്കപ്പെടുന്ന ഒരുചുറ്റുപാടില്‍ മാതൃകയാവേണ്ടവര്‍ തന്നെ തെറ്റു ചെയ്‌തതിന്റെ പേരില്‍ പിടിയിലാകുമ്പോള്‍ കുട്ടികളും അവയിലേക്ക്‌ നടന്നടുക്കുന്നത്‌ സ്വാഭാവികമാണ്‌.

കുറ്റകൃത്യത്തിലേര്‍പ്പെടുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. അവരുടെ മാതാപിതാക്കളിലാരെങ്കിലും അത്തരം ചുറ്റുപാടില്‍ നിന്നുള്ളവരായിരിക്കും. അതല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ അവര്‍ക്കുണ്ടാകും. ഈയിടെ കോഴിക്കോട്‌ പിടിയിലായ ചിലകുട്ടികളുടെയെങ്കിലും കാര്യത്തില്‍ അങ്ങനെയുണ്ടെന്നാണ്‌ പത്രങ്ങളില്‍ വന്ന പോലീസ്‌ ഭാഷ്യം വ്യക്തമാക്കുന്നത്‌.

അണുകുടുംബ വ്യവസ്ഥ വലിയൊരു പ്രതിസന്ധിയാണ്‌ കുട്ടികളുടെ കാര്യത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. പിതാവ്‌ ഗള്‍ഫിലാവും. അമ്മയും കുട്ടികളും മാത്രമാവും വീട്ടില്‍.അടിപൊളി ജീവിതം. കുട്ടിക്ക്‌ ആവശ്യത്തിലേറെ സ്വാതന്ത്ര്യവും പണവും വീട്ടില്‍ നിന്ന്‌ ലഭിക്കും. കുറെ കഴിയുമ്പോഴാണ്‌ മകന്റെ വഴി അപഥസഞ്ചാരത്തിലേക്കാണെന്ന്‌ തിരിച്ചറിയുന്നത്‌. അപ്പോള്‍ പണം നല്‍കുന്നതില്‍ നിയന്ത്രണം വരുത്തും. പണം കിട്ടാതെ വരുമ്പോഴാണ്‌ പുതിയ വഴികണ്ടെത്തുന്നത്‌. കൂട്ടുകാരുടെ പിന്തുണയും സഹകരണവും ഉണ്ടാകുമ്പോള്‍ അത്‌ സംഘടിത ശൃംഖലയായും വളരുന്നു. അതുമല്ലെങ്കില്‍ വിവാഹ മോചിതരുടെ മക്കള്‍. അല്ലെങ്കില്‍ മാതാപിതാക്കളുടെ വഴക്കും വക്കാണവും നിത്യസംഭവമായ ഒരു വീട്ടില്‍. അവിടെയൊന്നും കുട്ടിക്ക്‌ ഒരുമാതൃകയുണ്ടാവുന്നില്ല.

ഈ കാലഘട്ടത്തിലാണ്‌ കുട്ടിക്ക്‌ രക്ഷിതാക്കളുടെ പൂര്‍ണ സഹകരണവും ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടത്‌.അവരുടെ റോള്‍ മോഡല്‍ മാതാപിതാക്കളാകണം. എന്നാല്‍ പലപ്പോഴും അതുണ്ടാകുന്നില്ല. കുട്ടികളെ വീട്ടില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. സ്‌കൂളുകളിലെ കൂട്ടുകെട്ട,്‌ പുറത്തുള്ള സഹവാസം എല്ലാത്തിലേക്കും കണ്ണും തുറന്നിരിക്കണം. സ്‌കൂളുകളില്‍ സോഷ്യല്‍ സയന്‍സ്‌ എന്ന വിഷയമുണ്ട്‌. അത്‌കാണാതെ പഠിച്ച്‌ പരീക്ഷയെഴുതിയാല്‍ മാര്‍ക്ക്‌ നല്‍കുന്നു. എന്നാല്‍ സ്വഭാവ രൂപവത്‌കരണവും പഠനവിഷയമാക്കണം. കുട്ടിയുടെ നല്ല പെരുമാറ്റത്തിനും മാര്‍ക്കിടണം. ഇതിനെയും പാഠ്യപദ്ധതിയില്‍ കൊണ്ടുവരണം.

20/7/10

മരണാനുഭവത്തിന്റെ ശാസ്‌ത്രഭാഷ



മരണം: അറിഞ്ഞവര്‍ക്കാര്‍ക്കും പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അത്ഭുത പ്രതിഭാസമാണത്‌. പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുമ്പോഴും നമ്മളതിന്റെ വിരല്‍ തുമ്പില്‍ പോലും സ്‌പര്‍ശിക്കുന്നില്ല. അജ്ഞാതമായ ഒരനുഭവത്തെ പരിചിതമായ പ്രതലത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഒരു ശ്രമത്തിനുപോലും സാധ്യവുമാകുന്നില്ല. 



ഹൃദയം അതിന്റെ മിടിപ്പ്‌ അവസാനിപ്പിക്കുമ്പോള്‍ ഒരാള്‍ മരിച്ചുവെന്ന്‌ നാം ലോകത്തെ അറിയിക്കുന്നു. അതോടെ അയാളുടെ ശരീരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിക്കുന്നില്ല. മുടിയും നഖവും പിന്നെയും വളരുന്നു. മരിച്ചയാളിന്റെ ഹൃദയവും കണ്ണുകളും മറ്റു അവയവങ്ങളും മറ്റൊരാളിലേക്ക്‌ മാറ്റിവെക്കുവാന്‍ സാധിക്കുന്നതും ശരീരത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഒടുങ്ങാത്തത്‌ കൊണ്ടുതന്നെയാണ്‌.

മരണം ഉടലിനെ വിറപ്പിക്കുന്നു. ഒരുപാട്‌ ജീവിതങ്ങളെ പ്രതിസന്ധിയില്‍ തളച്ചിടുന്നു. ഭീതിപ്പെടുത്തുന്ന ഒരു സ്വപ്‌നമായി നിറയുന്നു. ഒറ്റപ്പെടുത്തുന്ന ഒരു കിണറ്റിലേക്കു തള്ളിയിടുമ്പോഴുണ്ടാകുന്ന അലമുറപോലെ...ഉള്ളുണര്‍ത്തുന്ന ഭയമായി എപ്പോഴും കൂടെയുണ്ട്‌. എന്നാലും നമ്മളതിനെ കാത്തുകൊണ്ടേയിരിക്കണം. മരണത്തിന്റെ ആത്മാവിനെ ജീവിതത്തിന്റെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ ശ്രമിച്ചികൊണ്ടേയിരിക്കണം.
മരണത്തിന്റെ പ്രതിരൂപത്തില്‍ കാണുന്നത്‌ ജീവിതത്തിന്റെ മുഖപടം തന്നെയാണ്‌. മൃതിയുടെ കാല്‍പെരുമാറ്റം കണ്‍മുമ്പില്‍ കേള്‍ക്കുമ്പോള്‍ ജീവിതത്തെ നമ്മള്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. വ്യര്‍ഥമാക്കികളഞ്ഞ ആയുസ്സിന്റെ പുസ്‌തകത്തിലേക്ക്‌ വിരലോടിച്ച്‌ കൂടുതല്‍ സങ്കടപ്പെടുന്നു.



 ജീവിതത്തിന്റെ ഇടവഴികളിലെപ്പോഴെങ്കിലും മരണത്തെ മുഖാമുഖം കണ്ടവര്‍ ധാരാളമാണ്‌. മരുന്നുകളുടെ മണമുള്ള, മരണത്തിന്റെ ഗന്ധമുള്ള ചുറ്റുപാടുകളില്‍ വേവുന്ന ഹൃദയവുമായി കഴിച്ചു കൂട്ടിയവര്‍, അവര്‍ മരണവുമായിനടത്തിയ കൂടിക്കാഴ്‌ചകളെ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്‌.
വ്യത്യസ്‌തമായ ആ സമാഗമത്തിന്റെ ഭാഷകള്‍ വിഭിന്നമെങ്കിലും അതിന്റെ അന്തസത്ത ഒന്നു തന്നെയായിരുന്നു. വേദനകളുടെ നിലവിളികള്‍ക്കിടയിലും ഞരമ്പുകളിലൂടെ കോച്ചിവലിക്കുന്ന ഒരു പിടച്ചില്‍ മാത്രമായിരുന്നു ചിലര്‍ക്കത്‌. കൂരിരുട്ടിന്റെ അഗാധതയിലേക്ക്‌ വിലയം പ്രാപിക്കുകയായിരുന്നു മറ്റു ചിലര്‍ക്ക്‌. ശരീരത്തില്‍ നിന്നും ജീവന്റെ തുടിപ്പ്‌ പറന്നകന്നപ്പോള്‍ ശാന്തിയും സമാധാനവും അനുഭവിച്ചെത്ര ചിലര്‍. മസ്‌തിഷ്‌കത്തിലേക്ക്‌ അഞ്ചുമിനുറ്റ്‌ നേരം ഗ്ലുക്കോസും ഓക്‌സിജനും കടന്നു ചെന്നില്ലെങ്കില്‍ മസ്‌തിഷ്‌ക മരണം സംഭവിക്കുന്നു.


എന്നാല്‍ അന്തരീക്ഷോഷ്‌മാവ്‌ കുറഞ്ഞിരുന്നാല്‍ ഈ കാലയളവ്‌ കൂടുന്നതായും കണ്ടുവരുന്നു. മരണാനുഭവം ഉണ്ടാകുന്നതിന്‌ കാരണം `എന്‍ഡോര്‍ഫിനുകള്‍' ശരീരത്തില്‍ വളരെ കൂടുതലായി ഉത്‌പ്പാദിപ്പിക്കപ്പെടുന്നത്‌ കൊണ്ടാണെന്നാണ്‌ ശാസ്‌ത്ര ഭാഷ.

കലയിലും, കഥയിലും , കവിതയിലും നോവലിലും മരണം കാലഹരണപ്പെടാത്ത വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്നു. മരണാനുഭൂതികള്‍ അയവിറക്കാതെ, ഏത്‌ എഴുത്തുകാരനാണിവിടെ തന്റെ തൂലികയെ അടയാളപ്പെടുത്തി വെക്കാനായിട്ടുള്ളത്‌? അറിഞ്ഞിട്ടില്ലാത്ത മരണത്തിന്റെ താഴ്‌വരകളിലൂടെ ഭാവനയില്‍ നിറക്കാതെ ഏത്‌ കവിഭാവനയാണ്‌ പൂര്‍ണതയിലെത്തിയിട്ടുള്ളത്‌.

എഴുത്തുകാരനെയും ആ ഭീതി ത്രസിപ്പിക്കുന്നു. വരാനിരിക്കുന്ന ആ ദുരന്തത്തെ മുന്‍പേ നിറങ്ങളിലും വരികളിലും ചാലിക്കാതിരിക്കാന്‍ അയാള്‍ക്ക്‌ കഴിയാതിരിക്കുന്നതും അതുകൊണ്ട്‌ തന്നെയാണ്‌. മരണം സ്ഥലകാല ബോധമാരായാതെ എത്തുന്ന ഒരു വിരുന്നുകാരനായി തീരും അവര്‍ക്കു ചിലപ്പോള്‍. വേദനകളുടേയും വേവലാതികളുടേയും കെട്ട്‌ പൊട്ടിച്ച്‌ മരണത്തിലേക്കുള്ള തീര്‍ഥാടനത്തിനൊരുങ്ങുന്ന മനുഷ്യന്റെ മനസ്സ്‌ വായിച്ചെടുക്കാനാകാത്തവനെങ്ങനെ ഒരെഴുത്തുകാരനാവാന്‍ സാധിക്കും. ? 


ജീവിതത്തിനിടെ ഒരുക്കുന്ന ഓരോ ഫ്രെയിമിലും ഒരെഴുത്തുക്കാരന്‍ മരണത്തെ മുഖാമുഖം കാണുന്നുണ്ട്‌. അവന്റെ ജീവിത ബോധത്തെ ഉയര്‍ത്തി കാട്ടാനുള്ള ഉചിതമായ ശ്രമം നടത്തുന്നുണ്ട്‌.

1948 ജനുവരി 30
സന്ധ്യയുടെ മഞ്ഞവെയിലേറ്റ്‌ പതിവു പോലെ ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിന്റെ മുന്‍ വശത്തുള്ള മൈതാനിയില്‍ നടത്താനിരുന്ന പ്രാര്‍ത്ഥനാ യോഗത്തിലേക്ക്‌ നടന്നു വരികയായിരുന്നു ഗാന്ധിജി. ജനക്കൂട്ടത്തിനിടയില്‍ നിന്ന്‌ പെട്ടന്നാണ്‌ ഒരു യുവാവ്‌ ഗാന്ധിജിയുടെ മുന്നില്‍ വന്നുനിന്നത്‌. അനുഗ്രഹം വാങ്ങാനാണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ തോന്നിപ്പിക്കുംവിധം അയാള്‍ ഒന്ന്‌ കുനിഞ്ഞു. പിന്നെ ഞൊടിയിടയില്‍ കൈത്തോക്കുയര്‍ത്തി ഗാന്ധിജിയുടെ നെഞ്ചിലേക്ക്‌ മൂന്നു തവണ കാഞ്ചി വലിച്ചു. വൈകാതെ രക്തപുഴയില്‍ നീന്തി ``ഹരേറാം'' എന്ന്‌ ഉച്ചരിച്ച്‌ ആ യുഗപുരുഷന്‍ പിന്നോട്ടു ചാഞ്ഞു. അതോടെ കിഴക്കന്‍ ചക്രവാളത്തില്‍ ഒരു യുഗോദയത്തിന്റെ പ്രകാശം പൊലിഞ്ഞു.
(ഗാന്ധിജി നമ്മുടെ രാഷ്‌ട്രപിതാവ്‌)

ജീവിതം കൊണ്ട്‌ മാതൃഭൂമിക്ക്‌ സ്വാതന്ത്ര്യവും മരണംകൊണ്ട്‌ സാഹോദര്യവും സമ്മാനിച്ചു കടന്നുപോയ ഗാന്ധിജിയും മരണത്തെ ചുംബിച്ചത്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ്‌. ജീവിതം പോലെതന്നെ മരണം കൊണ്ടും അദ്ദേഹത്തിന്‌ ലോകത്തെ പിടിച്ചു കുലുക്കുവാന്‍ കഴിഞ്ഞു. ചില മരണങ്ങള്‍ നമുക്ക്‌ വേദന തരുന്നു. പകരംവെക്കാനില്ലാത്ത ശൂന്യത തരുന്നു. ഇടവപാതിയില്‍ മതിച്ചു പായുന്ന പുഴയിലേക്കു സങ്കടം മലവെള്ളം പോലെ എത്തുന്നു. ഒറ്റപെടലിന്റെ, അനാഥത്വത്തിന്റെ എത്രയോ മുഖങ്ങള്‍ നിലവിളികളായി കാഴ്‌ചകളില്‍ നിറയുന്നു.

മരണം ഒരനാവശ്യതയാണ.്‌ അതൊരു അനുഗ്രഹമാണ്‌. വിശ്വാസവും ജീവിതരീതികളും മറ്റും പലതുമാകും. ഏത്‌ കുലത്തില്‍ ജനിച്ചവനും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ ഒന്നാണ്‌ മരണം. ആര്‍ക്കും അതിനെ കബളിപ്പിക്കാനോ കൈപിടിയില്‍ നിന്നും കുതറിയോടാനോ കഴിയുകയില്ല. ജനനം മുതല്‍ ജീവിതത്തിന്റെ ഏത്‌ അവസ്ഥയിലും അത്‌ പടികടന്ന്‌ വരുന്നതും മുന്നറിയിപ്പ്‌ തന്നെയാണ്‌. എങ്കിലും അതെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്തവരാണ്‌ അധികവും.

മരണഭയമില്ലാത്തവരുണ്ടാകില്ല. എന്നാല്‍ പ്രായ വ്യത്യാസമനുസരിച്ച്‌ അതിന്‌ വ്യതിയാനമുണ്ടാകുമെന്നാണ്‌ ശാസ്‌ത്ര തത്വം. ചെറുപ്പക്കാര്‍ മരണം തങ്ങളെ പിടികൂടുന്ന ഒന്നായി കാണുന്നേയില്ലത്രെ. എന്നാലും മരണഭയം കൂടുതലലട്ടുന്നത്‌ അവരെയാണ്‌. മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തുന്നതോ അറുപത്തിയഞ്ച്‌ വയസിനുമുകളിലുള്ളവരാണ്‌. വാര്‍ധക്യം ദുസ്സഹമായ ഒരു തടവറയായി മാറുമ്പോള്‍ മരണം പടികടന്നെത്താത്തതില്‍ വ്യാകുലപ്പെടുന്നവരെയും ധാരാളം കാണാറുണ്ട്‌. മരണത്തെ സ്വയം വരിക്കാന്‍ കോടതി കയറുന്നവരുടെ അംഗസംഖ്യ വര്‍ധിക്കുന്നതും ഇത്തരക്കാരിലാണല്ലോ.

മരണം വിശദീകരണം ആവശ്യപ്പെടുന്ന പ്രഹേളികയാണ്‌. അതെക്കുറിച്ച്‌ ഉപന്യസിച്ചവര്‍ക്കാര്‍ക്കും വിഷയത്തോടുള്ള ആര്‍ത്തി ഒടുങ്ങിയിട്ടില്ല. അതിന്റെ ആഴങ്ങളില്‍ മുങ്ങിനിവര്‍ന്ന്‌ കൊതിയടങ്ങിയിട്ടുമില്ല. അത്‌ ജീവിതത്തിന്റെ അര്‍ധവിരാമം മാത്രമാണോ? സ്വയം അറിഞ്ഞ്‌ കഴിഞ്ഞ്‌ മരണത്തെ അടയാളപ്പെടുത്തിവെക്കാമെന്ന്‌ മോഹിച്ചവര്‍കാര്‍ക്കും അതിനു കഴിഞ്ഞിട്ടില്ല. 1718-1783 കാലഘട്ടത്തില്‍ ജീവിച്ച വില്യംഹണ്ടര്‍ മരണ കിടക്കയില്‍ നിന്നും അഭിപ്രായപ്പെട്ടത്‌ എനിക്ക്‌ പേന പിടിക്കുവാനുള്ള ശക്തിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പകര്‍ത്തിവെക്കുമായിരുന്നു മരണം എത്ര സുഗമവും സുഖകരവുമായ അനുഭൂതിയാണെന്നാണ്‌.

8/7/10

ഭീകരതയുടെ തിരക്കഥ: ഭീതിയൊഴിയാതെ ഇന്നും ദളിത്‌ കോളനികള്‍


ര്‍ക്കല തൊടുവ ദളിത്‌ കോളനിയില്‍ ഭീകരത താണ്‌ഡമാടിയ 2009 സെപ്‌തംബര്‍ ഒന്‍പതിലെ രാത്രിയുടെ ഓര്‍മ ഇന്നും ഞെട്ടിപ്പിക്കുന്നതാണ്‌ പഴയചന്തപ്പടി ഗവ സ്‌കൂളിലെ നാലാം ക്ലാസുകാരിയായ രാജിക്കും രണ്ടാം ക്ലാസുകാരന്‍ രാഹുലിനും. സഹപാഠികളായ ഉണ്ണിയുടെയും രഞ്‌ജിത്തിന്റെയും അരുണിന്റെയും അജിത്തിന്റെയും ആശയുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല. പത്തോളം വീടുകളില്‍ അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നശിപ്പിക്കപ്പെട്ടത്‌ ഈ കുഞ്ഞുങ്ങളുടെ പാഠ പുസ്‌തകങ്ങളും പഠനോപകരണങ്ങളും കൂടിയായിരുന്നു. പിന്നീട്‌ ചിലര്‍ നല്‍കിയ പുതിയ പാഠ പുസ്‌തകങ്ങളുമായിട്ടാണ്‌ അവര്‍ സ്‌കൂളില്‍ പോയി തുടങ്ങിയത്‌.

പുതിയ ഭീകര പ്രസ്ഥാനത്തിന്റെ നിഴലിനെയും വെളിച്ചത്തെയും വേട്ടയാടാന്‍ ദളിത്‌ കോളനികളിലേക്കിറങ്ങി പുറപ്പെട്ട പോലീസോ പട്ടാളമോ അല്ല ഭീകരതയുടെ ഈ തിരക്കഥ രചിച്ചത്‌. കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമ പഞ്ചായത്തില്‍ ഒരു മെമ്പര്‍ പോലുമില്ലാത്ത ശിവസേന എന്ന രാഷ്‌ട്രീയ സംഘടനയുടെ പ്രവര്‍ത്തകരാണ്‌. വീടുകളെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. വീട്ടിനകത്തുണ്ടായിരുന്ന ടി വി, ഫാന്‍, അലമാര, പാത്രങ്ങള്‍ എല്ലാം തച്ചുടക്കപ്പെട്ടു. വീടുകളെല്ലാം താമസ
യോഗ്യമല്ലാതാക്കി. 


2009 സെപ്‌തംബര്‍ 23ന്‌ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ്‌ എന്ന 61 കാരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടു, അതിനുശേഷമാണ്‌ വര്‍ക്കലക്കടുത്ത്‌ 28ദളിത്‌ കോളനികളുണ്ടെന്ന കഥ കേരളീയരറിയുന്നത്‌. അവിടെ വസിക്കുന്നവരെല്ലാവരും ?ഭീകരന്‍മാരാണന്നും പോലീസ്‌ മാലോകരെ അറിയിക്കുന്നത്‌. ആ പോലീസ്‌ ഭാഷ്യം തന്നെയാണിന്നും ആധികാരിക രേഖ. അതിനപ്പുറത്തേക്കുള്ള യഥാര്‍ഥ്യങ്ങളെ കേള്‍ക്കാന്‍ ആര്‍ക്കുണ്ട്‌ നേരം. ?പോലീസ്‌ നര നായാട്ടിന്‌ ശേഷം ഇവിടുത്തെ മനുഷ്യരുടെ കഥ ചര്‍ച്ചാ വിഷയവുമല്ല. അതൊക്കെ അറിയാന്‍ ആര്‍ക്കും താത്‌പര്യവുമില്ല. അടിസ്ഥാന പ്രശ്‌നത്തിന്റെ മര്‍മമറിഞ്ഞു കൊണ്ടായിരുന്നോ പോലീസിന്റെ ഇടപെടല്‍.? സത്യത്തിലെന്താണ്‌ വര്‍ക്കല കോളനികളിലരങ്ങേറിയ പോലീസ്‌ ഭീകരതയുടെ കഥകള്‍. ഡി എച്ച്‌ ആര്‍ എം (ദളിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌) ആരാണവര്‍.?

ക്രമ സമാധാനത്തിന്‌ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ നേടിയ കേരളത്തില്‍ ഈ അക്രമം അരങ്ങേറിയിട്ട്‌ പത്ത്‌ മാസങ്ങള്‍ കടന്ന്‌ പോയിരിക്കുന്നു. എന്നിട്ടും പോലീസ്‌ ഒരു എഫ്‌ ഐ ആര്‍ പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. തൊടുവക്കടുത്തുള്ള ഈഞ്ചിയം കോളനിയില്‍ നാല്‌ പട്ടിക വര്‍ഗക്കാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തി. കഴുത്തില്‍ ഇരുമ്പു തുളച്ചു കയറിയ നിലയിലായിരുന്നു ഒരു മൃതദേഹം. ഈ കേസില്‍ മാത്രം ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തതൊഴിച്ചാല്‍ മറ്റു മരണങ്ങളിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. യാതൊരു നടപടിയും കൈകൊണ്ടിട്ടുമില്ല. ഇതുചില ഉദാഹരണങ്ങള്‍ മാത്രം. പിന്നെയും അരങ്ങേറി ഭീകര വേട്ടകള്‍... അതില്‍ കിടപ്പാടം ഇല്ലാതായവര്‍, കൈകാല്‍ തകര്‍ന്നവര്‍, ശിരസ്‌ മുറിഞ്ഞവര്‍, ആട്ടിയോടിക്കപ്പെട്ടവര്‍, അവര്‍ക്കൊന്നും വീട്ടകങ്ങളിലേക്ക്‌ ഇനിയും തിരിച്ചെത്താനായിട്ടില്ല. ബന്ധു വീടുകളിലും അകന്ന പരിചയക്കാര്‍ക്കുമൊപ്പമാണിവര്‍ ഇന്നും കഴിഞ്ഞ്‌ കൂടുന്നത്‌. രണ്ടു സെന്റിലുള്ള വീടുകളില്‍ പലതും ഇന്ന്‌ അഭയാര്‍ഥി ക്യാമ്പുകളാണ്‌. ഒരേ വീട്ടില്‍ തന്നെ മൂന്നും നാലും കുടുംബങ്ങള്‍.

ഡി എച്ച്‌ ആര്‍ എം ആരാണവര്‍?
ശിവഗിരി തീര്‍ഥാടന കേന്ദ്രത്തിനരികിലായി സ്ഥിതി ചെയ്യുന്ന വര്‍ക്കല ഒരു അന്താരാഷ്‌ട്ര ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌. ടൂറിസത്തിന്റെ മണ്ണില്‍ മദ്യ മയക്കു മരുന്ന്‌ വ്യവസായത്തിന്‌ വേരോട്ടമുണ്ടാകുന്നത്‌ സ്വാഭാവികം മാത്രം. ലഹരി വ്യാപാരത്തിന്റെ താഴെ തട്ടിലുള്ള കണ്ണികളായി പ്രവര്‍ത്തിക്കാ നെത്തുന്നവരിലൂടെയായിരുന്നു മദ്യമാഫിയ ഇവിടെ സാമ്രാജ്യം കെട്ടിപ്പൊക്കിയത്‌. അവര്‍ ദളിത്‌ കോളനികളില്‍ നിന്നുള്ളവരായിരുന്നു.


അതോടെ കോളനി വീടുകളിലും മദ്യവും മയക്കു മരുന്നും പതിവുകാരനായി. കോളനി വാസികള്‍ ഏറിയ പങ്കും ഇവരുടെ കരിയറുകളായി. കോളനിയിലും ലഹരി പതഞ്ഞുപൊങ്ങി. വീട്ടകങ്ങളില്‍ കലഹവും പൊട്ടിത്തെറികളുമുണ്ടായി. സ്‌ത്രീകളുടെയും കുട്ടികളുടെയും ജീവിതങ്ങള്‍ ദുരന്ത പൂര്‍ണവുമായി. കലഹവും കലാപവും അരക്ഷിതാവസ്ഥയുടെ വിത്തുപാകിയ മണ്ണിലേക്കാണ്‌ ഒരുനാള്‍ അവരെത്തിയത്‌. ഡി എച്ച്‌ ആര്‍ എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദളിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌. എറണാകുളത്ത്‌ 1955ല്‍ തിരുകൊച്ചി ധര്‍മ ശാസ്‌ത്ര സംഘങ്ങളുടെ രജിസ്റ്റര്‍ നിയമപ്രകാരം 2007ല്‍ രൂപവത്‌കരിക്കപ്പെട്ട സംഘടന. പട്ടിക ജാതി വര്‍ഗങ്ങളുടെ ക്ഷേമവും സാമൂഹിക പുരോഗതിയുമായിരുന്നു ലക്ഷ്യം. അവരനുഭവിക്കുന്ന ജാതീയമായ പീഡനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുമെന്നുമാണ്‌ അതിന്റെ നിയമാവലികളില്‍ പറയുന്നത്‌. 


അവര്‍ ഇറങ്ങിച്ചെന്നത്‌ കോളനികളിലെ അകത്തളങ്ങളിലേക്കായിരുന്നു. പ്രശ്‌നങ്ങളെ പഠിച്ചും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും കോളനി വാസികളുമായി അവര്‍ അടുത്തു. അവിടെ ആധിപത്യവുമുറപ്പിച്ചു. ചിട്ടയായ ബോധവത്‌കരണത്തിലൂടെ കോളനി നിവാസികളെ സ്വാധീനിച്ചു. സംഘടനയുടെ പ്രവര്‍ത്തകരാക്കിമാറ്റിയെടുത്തു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്നും വിപണനത്തില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. ഇതോടെ വര്‍ക്കലയുടെ പരിസര കോളനികളില്‍ താമസിച്ചിരുന്ന ദളിതര്‍ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കാന്‍ തയ്യാറായി. കച്ചവടത്തില്‍ നിന്നും പിന്തിരിഞ്ഞു. നേരത്തെ തന്നെ ഡി ആര്‍ എച്ച്‌ എം മയക്ക്‌ മരുന്ന്‌ മാഫിയകളുടെ നോട്ടപ്പുള്ളിയായിരുന്നു. പിന്നെ നിലനില്‍പ്പിന്റേയും ചെറുത്തു നില്‍പ്പിന്റേയും യുദ്ധ മുറകളായിരുന്നു.


മയക്കു മരുന്നു മാഫിയ മാത്രമായിരുന്നില്ല അവരില്‍. ശിവസേന എന്ന പ്രസ്ഥാനത്തോടൊപ്പം പോലീസും ഭരണകൂട മേലാളന്മാരും ഉണ്ടായതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദളിത്‌ തീവ്രവാദ സംഘടനയും പറന്നതായിലോകം അറിഞ്ഞു.

അപകടത്തിലേക്ക്‌ നയിച്ചത്‌
രാഷ്‌ട്രീയ പ്രവേശം

വിവധ ഉപ വിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പട്ടിക ജാതിക്കാരെ ഒരു കുടക്കീഴില്‍ ഒരുമിച്ച്‌ കൂട്ടിയും വിദ്യഭ്യാസ പരമായും സാംസ്‌കാരികപരമായും ഉന്നതിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ഡി എച്ച്‌ ആര്‍ എം രാഷ്‌ട്രീയത്തിലേക്ക്‌ കൂടി കടന്നതോടെ അത്‌ ദളിത്‌ വിഭാഗങ്ങളുടെ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികളിലും അലോസരമുണ്ടാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷികളുടെ അഭ്യര്‍ഥനയെ നിഷ്‌കരുണം തള്ളിക്കളഞ്ഞു. സ്വന്തമായി സ്ഥാനാര്‍ഥിയെയും നിര്‍ത്തി. തിരഞ്ഞടുപ്പ്‌ കണ്‍വെന്‍ഷനുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 


പോലീസ്‌ അനുമതിയോടെ തന്നെ നിരവധി പൊതുപരിപാടികള്‍ നടത്തി. 5217 വോട്ടുകളാണ്‌ അവര്‍ നേടിയത്‌. ഇതിനെ സമീപഭാവിയിലെ ഏറ്റവും വലിയ അപകടമായാണ്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ കണ്ടത്‌. മാത്രമല്ല, വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തിന്റെ കനം വലിയ രീതിയില്‍ക്കുറക്കുവാനും സാധിച്ചു. ഈ അയ്യായിരത്തില്‍പ്പരംവോട്ട്‌ വിജയിച്ച സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീഴേണ്ടതാണെന്ന സത്യം ഇതോടോപ്പം ചേര്‍ത്തുവായിക്കുമ്പോഴെ ഡി എച്ച്‌ ആര്‍ എം പ്രവര്‍ത്തകരെ തീവ്രവാദികളാക്കി തീര്‍ക്കാനുള്ള ഭരണകൂട വ്യഗ്രത ബോധ്യമാകൂ. 


ഹിന്ദുമത പാരമ്പര്യത്തെ തള്ളിക്കളഞ്ഞ്‌ ബുദ്ധദര്‍ശനത്തിന്‌ അനുയോജ്യമായ ജീവിതരീതി സ്വീകരിക്കാനായിരുന്നു ഡി എച്ച്‌ ആര്‍ എം അംഗങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നത.്‌ ബുദ്ധമത ആശയത്തില്‍പ്പറയുന്ന ഒന്നാമത്തെ പ്രതിജ്ഞയായ അഹിംസക്ക്‌ വേണ്ടി നിലകൊള്ളുവാന്‍ അവര്‍ അംഗങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്‌തിരുന്നു. ഇതാവണം കഴിഞ്ഞ പത്തുവര്‍ഷമായി ദളിത്‌ കോളനിയില്‍ സാന്നിധ്യമുറപ്പിച്ച ശിവസേനയെ ചൊടിപ്പിച്ച മറ്റൊരുകാരണം. കോളനിയില്‍ അവരുടെ ആധിപത്യം നഷ്‌ടപ്പെട്ടു. അത്‌ തിരിച്ചുപിടിക്കേണ്ടത്‌ അവരുടെ ഏറ്റവും വലിയ ആവശ്യമായിമാറി. അംഗങ്ങള്‍ക്കിടയില്‍ തുല്യതാബോധം വളര്‍ത്താന്‍ സ്‌ത്രീപുരുഷഭേദമന്യേ എല്ലാവരും ഒരേ യൂണിഫോം ധരിക്കണമെന്നുമാണ്‌ സംഘടന നിഷ്‌കര്‍ശിക്കുന്നത്‌. യൂണിഫോമില്‍ ആലേഖനം ചെയ്‌തിരിക്കുന്നത്‌ ഭരണഘടനാ ശില്‍പ്പിയായ അംബേദ്‌കറുടെ ചിത്രമാണ്‌.

ആട്ടിയോടിക്കാന്‍ തീവ്രവാദമെന്ന ആയുധം
28കോളനികളില്‍ പുലയരും കുറുവരും ചാന്ദാന്‍ എന്നിങ്ങനെ പലവിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്‌. നാലു തലമുറകളായി അവര്‍ അവിടെ വസിക്കുന്നു.1250ലേറെ കുടുംബങ്ങള്‍. രണ്ടുസെന്റുമുതല്‍ അഞ്ചുസെന്റുവരെയുള്ള ഭൂമിയില്‍ ചെറിയ കൂരകള്‍. വീടെന്നതിനെ പറയാനാവില്ല. ഉള്ളഭൂമിക്കോ പട്ടയമില്ല. ചിലര്‍ക്ക്‌ റേഷന്‍ കാര്‍ഡുകളോ കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ മാത്രമുണ്ട്‌. കുട്ടികള്‍ക്ക്‌ കളിക്കാനും പഠിക്കാനും ഉണ്ണാനും ഉറങ്ങാനും ഇത്തിരി ഇടം മാത്രം. കൂട്ടത്തിലാരെങ്കിലും മരിച്ചാല്‍ അടക്കുന്നതും ഈ വീടുകള്‍ക്കകത്ത്‌. പലവീടുകളിലും കക്കൂസുകളുമില്ല.
തൊടുവകോളനിയോട്‌ ചേര്‍ന്നാണ്‌ ശിവഗിരിയുടെ ക്ഷേത്ര സമുച്ഛയങ്ങളും അനുബന്ധ സ്ഥാപനങ്ങളും. ഇതിനരികിലൂടെ ഒരു തടാകം ഒഴുകിയിരുന്നു.10മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വീതിയുണ്ടായിരുന്ന തടാകം. ഇതുവഴി ബോട്ടുസര്‍വീസുമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്‌ ഒരഴുക്കുചാല്‍ മാത്രമാണ്‌. ശിവഗിരിയുടേയും വര്‍ക്കലയുടേയും വിഴുപ്പുഭാണ്‌ഡങ്ങളെല്ലാം അടിഞ്ഞുകൂടുന്ന മാലിന്യപ്പുഴ. ശിവഗിരിയുടെ ടൂറിസം വികസനത്തിന്‌ ഏറ്റവും വലിയ വിഘാതമായ ഈ മാലിന്യതടാകത്തിനിരുവശങ്ങളിലാണ്‌ തൊടുവ കോളനി. ശിവഗിരി തീര്‍ഥാടന കാലങ്ങളില്‍ തൊടുവ കോളനിയുടെ ദുര്‍ഗന്ധ കാഴ്‌ചകളെമറക്കാന്‍ പ്ലാസ്‌റ്റിക്കിന്റെ വലിയ പായകള്‍ ഉയര്‍ത്തുകയായിരുന്നു പതിവ്‌. പക്ഷേ ഇപ്പോള്‍ ആദുര്‍ഗന്ധങ്ങളേമറക്കാനുള്ള ശക്തി ഈ പ്ലാസ്റ്റിക്‌പായകള്‍ക്കില്ലാതായിരിക്കുന്നു. കാറ്റിലലയുന്ന ദുര്‍ഗന്ധങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പലവഴികള്‍ ആലോചിച്ച്‌ തലപുകച്ചവരുടെ മനസ്സിലെത്തിയ ഒടുവിലെത്തെ വഴിയാണ്‌ ഈ കോളനിവാസികളെ കുടിയൊഴിപ്പിക്കുക എന്നത്‌. അതിന്‌ തീവ്രവാദത്തിന്റെ മേലങ്കികൂടിയുണ്ടാകുമ്പോള്‍ തിരക്കഥ പൂര്‍ണമായി. ആട്ടിയോടിക്കാന്‍ പുതിയ കാരണങ്ങള്‍ തേടേണ്ടതുമില്ല. അങ്ങനെയൊരു ഹിഡന്‍ അജന്‍ഡകൂടിയാണ്‌ ഡി എച്ച്‌ ആര്‍ എം എന്ന സംഘടനയേയും പ്രവര്‍ത്തകരേയും വേട്ടയാടുന്നതിനു പിന്നിലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നെന്ന്‌ പി യു സി എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍ പറയുന്നു. 


വര്‍ക്കല സംഭവത്തെക്കുറിച്ച്‌ ദളിത്‌ കോളനികളിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌ക്കറിന്റേയും അഡ്വ പി എ പൗരന്റേയും നേതൃത്വത്തിലുള്ള വസ്‌തുതാ അന്വേഷണ സംഘം കോളനികള്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട അയിരൂര്‍ ശിവപ്രസാദിന്റെ ബന്ധുക്കളേയും കോളനി നിവാസികളേയും അവര്‍ കണ്ടു. സംഭവത്തിലേക്ക്‌ നയിച്ച വസ്‌തുതകള്‍ പഠിച്ചു. അന്വേഷണോദ്യോഗസ്ഥരെ കണ്ടുംചര്‍ച്ചകള്‍ നടത്തി. അവര്‍ എത്തിചേര്‍ന്ന നിഗമനം ഡി എച്ച്‌ ആര്‍ എം എന്ന സംഘടനക്ക്‌ ശിവപ്രസാദിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ്‌. മാധ്യമങ്ങളും പോലീസും പറയുന്ന കഥകള്‍ വിശ്വസനീയവുമല്ല. മാത്രവുമല്ല പാര്‍ശ്വത്‌ക്കരിക്കപ്പെട്ട ഒരുജനവിഭാഗത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും സ്വീകാര്യതയും രാഷ്‌ട്രീയപാര്‍ട്ടികളിലും ഭരണാധികാരികള്‍ക്കിടയിലും ഞെട്ടലുണ്ടാക്കി. അവരുടെ വളര്‍ച്ചയെ തടയിടേണ്ടത്‌ ആരുടെയൊക്കെയോ ആവശ്യമായിരുന്നു. അതിനായുള്ള ഹിഡന്‍ അജന്‍ഡകളാണ്‌ അരങ്ങേറുന്നതെന്നുമാണ്‌ അന്വേഷണ സംഘാഗങ്ങള്‍ പറയുന്നത്‌.


എന്തായായാലും വര്‍ക്കല കോളനിയിലെ ജീവിതം ഇപ്പോഴും ദുരിതപൂര്‍ണമാണ്‌. അവിടെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇപ്പോഴും വീടുകളിലേക്ക്‌ തിരികെ പോകാനായിട്ടില്ല. സംരക്ഷകരായി എത്തിയ സംഘടനയും അവരുടെ പ്രവര്‍ത്തകരും ഇന്നും കരിമ്പട്ടികയിലാണ്‌. ഡി ആര്‍ എച്ച്‌ എമ്മസിന്റെ പ്രവര്‍ത്തകനായതില്‍ പിന്നെയാണ്‌ തന്റെ മകന്‍ മദ്യപാനം നിര്‍ത്തിയത്‌. ഭാര്യയേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുന്നത്‌ നിര്‍ത്തിയത്‌. കൂലിപ്പണിചെയ്‌ത്‌ കിട്ടിയിരുന്ന 250 രൂപയും വീട്ടാവശ്യങ്ങള്‍ക്ക്‌ മാത്രമായി നല്‍കിത്തുടങ്ങിയത്‌. തൊടുവ കോളനിയിലെ ശോഭന പറയുന്നു. ഇങ്ങനെ മദ്യപാനം ഉപേക്ഷിക്കുകയും മനുഷ്യരായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്‌ത ഒട്ടേറെപ്പേരെ ഈ കോളനിയിലുള്ളവര്‍ ചൂണ്ടികാണിച്ച്‌ തരുന്നു. ഇങ്ങനെ നല്ലവരായി ജീവിക്കാനും തോന്നിയപോലെ ജീവിച്ച്‌ ജീവിതം നശിപ്പിക്കുന്നവരെ നേര്‍വഴിക്ക്‌ നടത്താനുമായിരുന്നു സംഘടന ഉപദേശിച്ചിരുന്നതെന്നും അവര്‍ പറയുന്നു. അതാണോ ഭീകരപ്രവര്‍ത്തനം...? }ഇവര്‍ ചോദിക്കുന്നു. ഭീകരവാദികളായി ചിത്രീകരിക്കപ്പെട്ട സ്‌ത്രീകളെപോലും വേട്ടയാടിയത്‌ പുരുഷന്‍മാരായ പോലീസുകാരായിരുന്നു. സ്‌ത്രീകളെ അറസ്റ്റുചെയ്യാനും കസ്റ്റഡിയിലെടുക്കാനും സ്‌ത്രീ പോലീസുകാര്‍ വേണമെന്നിരിക്കെ ആ നിയമവും തങ്ങള്‍ക്ക്‌ ബാധകമായിരുന്നില്ലെന്ന്‌ സ്‌ത്രീകള്‍ക്ക്‌ നേരെ പോലീസ്‌ നടത്തിയ നിരവധി തേര്‍വാഴ്‌ചകളെക്കുറിച്ച്‌ ഡി എച്ച്‌ ആര്‍ എമ്മിന്റെ വനിതാവിംഗ്‌ പ്രവര്‍ത്തകയായ സരിതാദാസ്‌ ചൂണ്ടികാണിക്കുന്നു.


ഡി ആര്‍ എച്ച്‌ എം ഭീകരപ്രസ്ഥാനമാണോ എന്നത്‌ ഇനിയും തെളിയിക്കപ്പെടേണ്ട സത്യമാണ്‌. തെളിയിക്കപ്പെടേണ്ടത്‌ അത്യാവശ്യവുമാണ്‌. പക്ഷേ അത്‌ സത്യസന്ധമായ അന്വേഷണത്തിലൂടെയാവണമെന്ന നിര്‍ബന്ധം അധികൃതര്‍ക്കില്ലെങ്കിലും പൊതുജനത്തിനുണ്ട്‌. വേട്ടയാടലും ശിക്ഷവിധിക്കലുമൊക്കെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടതിന്‌ ശേഷം മതി. അതുവരെ ആപാവങ്ങളെ ജീവിക്കാനനുവദിക്കുക. പക്ഷേ ഇപ്പോഴത്തേതുപോലുള്ള അന്വേഷണം ഒരിക്കലും ശരിയായ ദിശയിലൂടെയല്ലെന്ന്‌ വ്യക്തമാണ്‌. ഇനിയും അത്തരം നീക്കങ്ങളുമായിമുന്നോട്ടുപോകാന്‍ തന്നെയാണോ അധികൃത നിലപാട്‌...?


3/7/10

കേരളത്തിന്റെ പച്ചപ്പില്‍ സെക്‌സ്‌ ടൂറിസത്തിന്‌ വിളവെടുപ്പ്‌

ടൂറിസമാണ്‌ ഇന്ന്‌ ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്‌. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട്‌ അവരില്‍.
കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്‌. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന്‌ മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട്‌ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക്‌ അവിടെ 40,000 ഡോളര്‍ ചെലവ്‌ വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ.

 
ഇതുകൊണ്ടെല്ലാം തന്നെ ആഫ്രിക്ക, യൂറോപ്പ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ പ്രധാനമായും ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിവിധ ആതുരാലയങ്ങളില്‍ ചികിത്സതേടിയെത്തുന്നത്‌. മെഡിക്കല്‍ ടൂറിസമെന്ന ഓമനപ്പേരിലൂടെ ഇവിടെയെത്തുന്നത്‌ കോടികളുടെ വിദേശ്യനാണ്യമാണ്‌. അതുകൊണ്ടുതന്നെ ഈ ടൂറിസവ്യാപനത്തിന്‌ സര്‍വഐശ്വര്യങ്ങളുമുണ്ടാവട്ടേ എന്നാണ്‌ സര്‍ക്കാരും പ്രാര്‍ഥിക്കുന്നത്‌. ഒരുവര്‍ഷം ഒമ്പതുലക്ഷത്തോളം പേരാണ്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തുന്നത്‌. ഇവരില്‍ നാല്‍പതുശതമാനവും വിദേശികളാണ്‌. സത്യത്തില്‍ കണ്ണുമഞ്ഞളിച്ചുപോകുന്ന കാഴ്‌ചകള്‍ ഇത്രമാത്രമെന്താണിവിടെ എന്നു അതിശയിക്കുന്നവരുമുണ്ട്‌. എന്നാല്‍ ആയൂര്‍വേദത്തിന്റെ മറവില്‍ നടക്കുന്ന `സുഖചികിത്സ'യെ ഉന്നംവെച്ചാണ്‌ നാട്ടിലും മറുനാട്ടിലുമുള്ളവരെത്തുന്നതെന്ന വസ്‌തുതയെ അധികൃതര്‍ പോലും തള്ളിക്കളയുന്നില്ല.

 
സുഖചികിത്സയുടെ അനന്ത സാധ്യതകള്‍ തേടുന്നവരെ കുരുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായാണ്‌ നമ്മുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ആയൂര്‍വേദ മസാജ്‌ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജവുമാണ്‌ ഈ സംവിധാനം. ലോകത്തിന്റെ ഏത്‌കോണില്‍ നിന്നും ആര്‍ക്കും എപ്പോഴും ബന്ധപ്പെടാം. തികച്ചും സ്വകാര്യമായ ഈ ഇടപാടുതന്നെയാണ്‌ ഇരുകൂട്ടര്‍ക്കും കൂടുതല്‍ സൗകര്യവും.
ആവശ്യക്കാരന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള മറുപടികള്‍ ഒരുക്ലിക്കില്‍ ലഭ്യമാകുമ്പോള്‍ അതില്‍പരം സംതൃപ്‌തമായ സേവനം മറ്റെന്തുണ്ട്‌?. നേരത്തെയാണെങ്കില്‍ ഇടനിലക്കാരിലൂടെയും പത്രപരസ്യങ്ങളിലൂടെയുമൊക്കെയായിരുന്നു കസ്റ്റമേഴ്‌സിനെ തേടിയിരുന്നത്‌. ഇപ്പോള്‍ അതുവേണ്ട. ആവശ്യക്കാരന്‌ പോക്കറ്റിന്റെ കനത്തിനനുസരിച്ച്‌ ഇഷ്‌ടകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കൈവരുന്നു.

ആയൂര്‍വേദ ചികിത്സാരംഗത്ത്‌ കേരളത്തിന്റെ കീര്‍ത്തിയെ കടല്‍ കടത്തിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌. കോട്ടക്കല്‍ ആര്യവൈദ്യശാലയും തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നവും നാഗാര്‍ജുനയും ശ്രീധരീയവും സര്‍ക്കാര്‍ സംരഭമായ ഔഷധിയുമെല്ലാം അവയില്‍ ചിലതുമാത്രം. 792 ആയൂര്‍വേദ ചികിത്സാ സ്ഥാപനങ്ങളും 679 ഡിസ്‌പെന്‍സറികളും 113 ആയൂര്‍വേദ ആശുപത്രികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ആധികാരിക രേഖ. ഇതിനുപുറമേ കേളികേട്ട നാട്ടുവൈദ്യന്‍മാരുടെ പടയുമുണ്ട്‌. ഇവരുടെയൊക്കെ മറവില്‍ വ്യാജനാണയങ്ങളുമുണ്ട്‌.

അലോപ്പതിയില്‍ പോലും ചികിത്സ ലഭ്യമല്ലാത്ത 95 ശതമാനം അസുഖങ്ങള്‍ക്കും ആയൂര്‍വേദം ചികിത്സ വാഗ്‌ദാനം ചെയ്യുന്നു.പക്ഷാഘാതം, ത്വക്ക്‌ രോഗങ്ങള്‍. അസ്ഥി - സന്ധിരോഗങ്ങള്‍, നട്ടെല്ലിലെ അപാകതകള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവക്കുപുറമേ മറ്റനേകം രോഗങ്ങള്‍ക്കും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സയാണ്‌ ആയൂര്‍വേദത്തിന്റെ കൈമുതല്‍. മറ്റൊരു ചികിത്സക്കും നല്‍കാന്‍ കഴിയാത്ത ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്‍മേഷവും അത്‌ പ്രധാനം ചെയ്യുന്നു. അലോപ്പതി ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ശരീരത്തെ തളര്‍ത്തുമ്പോള്‍ അതില്‍ നിന്നും മോക്ഷം തേടിയെത്തുന്നതും ആയൂര്‍വേദത്തിന്റെ കൈകളിലേക്കാണ്‌.
 
എന്നാല്‍ നൂറ്റാണ്ടുകളുടെ അടിത്തറയേയും പാരമ്പര്യ വൈദ്യന്‍മാരുടെ അറിവിനേയും ചൂഷണം ചെയ്‌തുകൊണ്ടാണ്‌ പല സ്ഥാപനങ്ങളും ഇന്ന്‌ പ്രവര്‍ത്തിക്കുന്നത്‌. അടുത്തകാലത്ത്‌ ഇന്ത്യയിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നടത്തിയ സര്‍വേയില്‍ 25 ശതമാനം ആതുരാലയങ്ങളുടേയും പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ്‌ കണ്ടെത്തിയത്‌. അവര്‍ തങ്ങളുടെ വിജയ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. അവയില്‍ ഒമ്പത്‌ ശതമാനവും ആയൂര്‍വേദത്തിന്റെ പേരില്‍ വലിയ പരസ്യവാചകങ്ങളിലൂടെ മികച്ച ചികിത്സ വാഗ്‌ദാനം ചെയ്യുന്നവയായിരുന്നു. ഇവയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നാണ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ (ഐ സി എം ആര്‍)ന്റെ സര്‍വേ അടിവരയിടുന്നത്‌. ഉപഭോക്താക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട്‌ പ്രതികരിക്കാന്‍ പോലും ചില മാനേജ്‌മെന്റുകള്‍ തയ്യാറായില്ലത്രെ. ആയൂര്‍വേദ മസാജ്‌ സെന്ററുകളില്‍ നിന്ന്‌ നഴ്‌സുമാര്‍ നല്‍കുന്ന പരിചരണം കൊണ്ട്‌ സംതൃപ്‌തി കണ്ടെത്താനുമാണെത്രെ പലരും ഉഴിച്ചില്‍ ചികിത്സക്കെത്തുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ തിരൂരിലെ ഒരു മര്‍മ ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സംഘടിച്ചെത്തിയ നാട്ടുകാര്‍ക്ക്‌ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ കയ്യോടെ പിടികൂടേണ്ടിവന്നത്‌ പ്രദേശത്തെ പോലീസുകാരെ തന്നെയായിരുന്നു.

 ഉഴിച്ചിലുകാരിയും വേറെ ചിലമാന്യന്‍മാരും പിറകുവഴിയിലൂടെ ഓടി മറഞ്ഞു. കൊടുവള്ളിയില്‍ കഴിഞ്ഞ ദിവസമാണ്‌ വീട്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന മര്‍മ ചികിത്സാ കേന്ദ്രത്തില്‍ നിന്ന്‌ മൂന്നുപേരെയും ഒരു സ്‌ത്രീയേയും അറസ്റ്റ്‌ ചെയ്‌തത്‌. നാട്ടുകാര്‍ക്ക്‌ നേരത്തെ സംശയം തോന്നിയിരുന്നുവെങ്കിലും ഈയിടെയാണ്‌ അവര്‍ നിരീക്ഷണം ശക്തമാക്കിയത്‌. എന്നാല്‍ ഇതെല്ലാം പരല്‍മീനുകള്‍ മാത്രമാണ്‌. തിമിംഗലങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ലെന്ന്‌ മാത്രമല്ല അവര്‍ക്ക്‌ എത്രകാലംവേണമെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാണ്‌ കേരളം.
 
ഗൂഡല്ലൂരിലെ മര്‍മ ചികിത്സാകേന്ദ്രത്തിലേക്ക്‌ ഇരുപത്തിയഞ്ച്‌ വയസ്സില്‍ താഴെ പ്രായമുള്ള നഴ്‌സുമാരെ ആവശ്യമുണ്ട്‌. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകളും മറ്റാനുകൂല്യങ്ങളും. മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം.

ഒന്നരവര്‍ഷംമുമ്പ്‌ പ്രമുഖ പത്രത്തിലെ ക്ലാസിഫൈഡ്‌പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ശ്രദ്ധയില്‍പ്പെട്ടാണ്‌ വിവാഹമോചിതയും ഒരുകുഞ്ഞിന്റെ മാതാവുമായ നിലമ്പൂരിലെ സുനന്ദയും (യഥാര്‍ഥപേരല്ല) കൂട്ടുകാരിയും വിളിക്കുന്നത്‌. നഴ്‌സിംഗിന്‌ പഠിച്ചുകൊണ്ടിരിക്കേയായിരുന്നു സുനന്ദയുടെ വിവാഹം. മൂന്നുവര്‍ഷത്തിനിടെ വിവാഹവും പ്രസവവും വിവാഹമോചനവും എല്ലാം കഴിഞ്ഞു. പിന്നെ അവള്‍ക്കാവശ്യം ഒരു ജോലിയായിരുന്നു. അതിനുള്ള അന്വേഷണത്തിനിടെയായിരുന്നു ആ പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്‌.

ഇന്റര്‍വ്യൂ സമയത്ത്‌ മാനേജിംഗ്‌ ഡയറക്‌ടറായ ഡോക്‌ടര്‍ തന്നെ ഇവരോട്‌ പറഞ്ഞു. ഇവിടെ വരുന്ന കസ്റ്റമേഴ്‌സിനെ പൂര്‍ണമായി തൃപ്‌തിപ്പെടുത്തുക എന്നതാണ്‌ നിങ്ങളുടെ ഡ്യൂട്ടി. അതിനു ചില വിട്ടുവീഴ്‌ച്ചക്കൊക്കെ തയ്യാറാവേണ്ടി വരും. അതിനു സമ്മതമാണോ...? സുനന്ദ വിട്ടുവീഴ്‌ചക്ക്‌ തയ്യാറായി. കൂട്ടുകാരി ഇന്റര്‍വ്യൂ പൂര്‍ത്തിയാകുംമുമ്പേ മുറിവിട്ടോടേണ്ടി വന്നു. എന്നാല്‍ വിട്ടുവീഴ്‌ചയുടെ വ്യാപ്‌തിയെക്കുറിച്ച്‌ കൂട്ടുകാരി അറിയുന്നത്‌ സ്ഥാപനയുടമയടക്കം പത്തോളം പേര്‍ അനാശാസ്യപ്രവര്‍ത്തനത്തിന്‌ പോലീസ്‌ പിടിയിലായപ്പോഴായിരുന്നു. അവരിലൊരാളായിരുന്നു സുനന്ദയും
.
സുനന്ദയെപോലെ ഇരകളായിതീര്‍ന്നവരും അടുത്തകെണിയില്‍ കുരുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നവരുമുണ്ട്‌ ഒരുപാട്‌. ആയൂര്‍വേദ ചികിത്സാവികസനത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെടുന്നത്‌ പലപ്പോഴും തൊഴില്‍തേടിയെത്തുന്ന സ്‌ത്രീകളാണ്‌. ചിലര്‍ക്ക്‌ രോഗികളില്‍ നിന്നുണ്ടാകുന്ന ദുരനുഭവമാണെങ്കില്‍ പെരിന്തല്‍മണ്ണക്കടുത്തുള്ള സ്ഥാപനത്തില്‍ നഴ്‌സായിരുന്ന 23കാരിക്ക്‌ സ്ഥാപനത്തിലെ ഡോക്‌ടര്‍ തന്നെയായിരുന്നു വില്ലന്‍. വിവാഹ വാഗ്‌ദാനത്തില്‍ മോഹാലസ്യപ്പെട്ട്‌ അവള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടിവന്നത്‌ പലവൃത്തികേടുകള്‍ക്കുമായിരുന്നുവെത്രെ. ഇവിടെനിന്നും രക്ഷപ്പെട്ട്‌ ഗൂഡല്ലൂരിലെ സ്ഥാപനത്തിലാണവള്‍ എത്തിപ്പെട്ടത്‌. പോലീസ്‌ റെയ്‌ഡുണ്ടായ ദിവസം ഡ്യൂട്ടിയില്ലാത്തത്‌കൊണ്ട്‌ മാത്രമാണ്‌ രക്ഷപ്പെട്ടതും.

കോഴിക്കോട്‌ ഒരു മസാജ്‌ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന രാജിയുടെ വിലാസവും ഫോണ്‍ നമ്പറും തന്നത്‌ ശാഹിദ എന്ന നഴ്‌സായിരുന്നു. അവള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ തുറന്നുപറയാന്‍ രാജി തയ്യാറായില്ല. ഈ മേഖലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട്‌ സ്ഥാപനങ്ങളുണ്ട്‌. അവിടെ മാന്യമായ രീതിയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്‌. അവരെല്ലാം മോശപ്പെട്ടവരാണെന്ന സന്ദേശമാവും ഇതിലൂടെ ഉണ്ടാവുക. ചിലകള്ള നാണയങ്ങളുണ്ട്‌. അവര്‍ക്ക്‌ വഴങ്ങി പ്രവര്‍ത്തിക്കുന്നവരുമുണ്ടാവും. പക്ഷേ എന്നുകരുതി എല്ലാവരേയും ഒരേ അളവുകോല്‍കൊണ്ട്‌ അളക്കുന്നത്‌ ശരിയല്ലല്ലോ. എന്നാണ്‌രാജിയുടെ പക്ഷം. ഈ രംഗത്ത്‌ സേവനം ചെയ്യുന്ന പലരും പ്രതികരിക്കാനും തയ്യാറായില്ല.

ആയൂര്‍വേദ മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളെ സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന്‌ ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. അംഗീകൃത യോഗ്യതയില്ലാതെ പ്രകൃതിചികിത്സ നടത്തുന്നവര്‍ക്ക്‌ ബി ക്ലാസ്‌ രജിസ്‌ട്രേഷന്‍ നല്‍കാനുള്ള സംസ്ഥാന നിലപാട്‌ കേന്ദ്ര നിര്‍ദേശത്തിന്‌ വിരുദ്ധമാണെന്നാണ്‌ അവര്‍ പറയുന്നത്‌. അംഗീകൃത യോഗ്യതയുള്ളവരുടെ തന്നെ വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടുവാണ്‌. പതിനഞ്ച്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും മുപ്പത്തിയഞ്ച്‌ വയസ്സും ഉള്ളവര്‍ക്ക്‌ പ്രത്യേകയോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ബി ക്ലാസ്‌ രജിസ്‌ട്രേഷന്‍ നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശം.

എന്നാല്‍ ഇതിന്റെ മറവില്‍ യോഗ്യത എസ്‌ എസ്‌ എല്‍ സിയും ചികിത്സാ പരിചയം പത്തുവര്‍ഷമാക്കി ഇളവുചെയ്യുകയാണ്‌ സര്‍ക്കാറെന്നും ഇവര്‍ പറയുന്നു. നിലവിലുള്ള സ്ഥാപനത്തെക്കുറിച്ചു തന്നെ വ്യാപകമായ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ പുതിയ നിയമംകൂടി പ്രാബല്യത്തിലായാല്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളും അതുവഴി ചൂഷണങ്ങളും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മറ്റൊരു തമാശകേള്‍ക്കണോ..? വിപണിയില്‍ ഇന്ന്‌ പുറത്തിറങ്ങുന്നത്‌ ആയിരക്കണക്കിന്‌ ആയൂര്‍വേദ മരുന്നുകളാണ്‌. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ്‌ തന്നെ പച്ചമരുന്നിലാണ്‌. എന്നാല്‍ ചികിത്സക്കും മരുന്ന്‌ നിര്‍മാണത്തിനും ആവശ്യമായ പച്ച മരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. തമിഴ്‌നാടിനെ ആശ്രയിച്ചായിരുന്നു സംസ്ഥാനത്ത്‌ അടുത്തകാലംവരെ പച്ചമരുന്നുകളുടെ നിര്‍മാണം. എന്നാല്‍ സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍, തുടങ്ങിയ ഔഷധ സസ്യങ്ങളെല്ലാം നാടുനീങ്ങിയിരിക്കുന്നു. കാട്ടുമരങ്ങളുടെ തോല്‍ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്നാണ്‌ വനം വകുപ്പിന്റെ നിര്‍ദേശം. ഇതുമൂലം മരുന്ന്‌ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ആവശ്യത്തിന്‌ ലഭിക്കുന്നില്ല. വേണ്ടത്ര ഔഷധക്കൂട്ടുകളില്ലാതെയാണ്‌ പല മരുന്നുകളും വിപണിയിലെത്തുന്നതും. പക്ഷേ അതൊന്നും വിദഗ്‌ധ ചികിത്സ വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളോ മരുന്ന്‌ കമ്പനികളോ അംഗീകരിച്ചു തരില്ല. എന്നാല്‍ ലോകത്തിലെ സകലമാന അസുഖങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ വാഗ്‌ദാനം ചെയ്യുന്ന മരുന്നുകളിലെല്ലാം ഈ ഔഷധക്കൂട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന പരസ്യവാചകമാവും കാണുക. ദഹന വ്യവസ്ഥയുടെ താളംതെറ്റല്‍ കാരണമായി ഉണ്ടാകുന്ന പൈല്‍സിന്‌ ഫലപ്രദമായ ഔഷധമായ ഹരിദ്രയില്‍ ഈ കൂട്ടുകളെല്ലാം പ്രത്യേക ആനുപാതത്തില്‍ ചേര്‍ക്കുന്നുവെന്നാണ്‌ പരസ്യവാചകം. പൈല്‍സിനുമാത്രമല്ല മറ്റനവധി രോഗങ്ങള്‍ക്കും അത്യുത്തമമാണെന്ന അവകാശവാദത്തിലാണ്‌ വിപണനം നടത്തുന്നത്‌.

 ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നെന്ന പേരില്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്ന മുസ്ലി പവര്‍ എക്‌സട്രയുടെ മൂവാറ്റുപുഴയിലെ ഫാക്‌ടറിയില്‍ 2009 ഒക്‌ടോബര്‍ 15ന്‌ ട്രഗ്‌സ്‌ കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം റെയ്‌ഡ്‌ നടത്തുകയുണ്ടായി. വ്യാജമരുന്നുകളും ഔഷധക്കൂട്ടുകളുമാണ്‌ പിടിച്ചെടുത്തത്‌. പക്ഷേ സംഭവം വാര്‍ത്തയെയായില്ല. ഇന്നും മലയാളിയെ ലോകവിവരങ്ങള്‍ അറിയിക്കുന്ന ദൃശ്യമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ കുടംബത്തിന്‌ അധികക്കരുത്ത്‌ വാഗ്‌ദാനം ചെയ്യുന്ന ഈ ഔഷധമാണ്‌. ലോകത്തു തന്നെ ആദ്യമായി എയ്‌ഡ്‌സിന്‌ മരുന്നെന്ന അവകാശ വാദത്തിന്റെ ശബ്‌ദമുയര്‍ന്നത്‌ ആയൂര്‍വേദത്തിന്റെ മറവില്‍ കൊച്ചുകേരളത്തില്‍ നിന്നാണ്‌. അതേ വ്യക്തി ഇതാ വീണ്ടും കാന്‍സര്‍, ഹൃദ്രോഗം, കരള്‍രോഗം, ലൈംഗിക രോഗങ്ങള്‍, തൈറോയ്‌ഡ്‌, അസ്ഥിക്ഷയം, അള്‍ഷിമേഴ്‌സ്‌, തുടങ്ങിയ ഒട്ടനവധി അസുഖങ്ങള്‍ക്ക്‌ മരുന്ന്‌ കണ്ടെത്തിയതായി അവകാശപ്പെടുന്നു. സി എഫ്‌ എസ്‌ ക്യൂര്‍ എന്ന ക്യാപ്‌സ്‌ൂളും സിറപ്പും ഉത്തമമാണെന്നാണ്‌ ഇദ്ദേഹം തന്റെ വെബ്‌സൈറ്റിലും പ്രമുഖ മലയാള പത്രത്തിലും പരസ്യം ചെയ്യുന്നത്‌. ഇതെല്ലാം ആയൂര്‍വേദത്തിന്റെ പേരിലാണ്‌.


അസുഖങ്ങള്‍ വരുമ്പോള്‍ മാത്രമല്ല അസുഖമില്ലാത്തപ്പോഴും ശരീരത്തിനും മനസ്സിനും ഉണര്‍വും ഉന്‍മേഷവും പകരുന്ന മികച്ച ട്രീറ്റുമെന്റുകളാണ്‌ മസാജ്‌ പാര്‍ലറുകളുടേയും വാഗ്‌ദാനം. പുരുഷന്‍മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ ആവശ്യമെങ്കില്‍ പുരുഷന്‍മാരെയും വെച്ചാണ്‌ മികച്ച ചികിത്സാ പരിചരണമൊരുക്കുന്നതും. എല്ലാത്തിനും ആയൂര്‍വേദത്തിന്റെ തലയില്‍തൊട്ടാണ്‌ ആധികാരികത നല്‍കുന്നതും.
ഇതിന്റെയെല്ലാം പേരില്‍ കൊഴുക്കുന്നത്‌ ലൈംഗിക വ്യാപാരമാണ്‌. ഇരകളാക്കപ്പെടുന്നതോ പാവപ്പെട്ട ജീവനക്കാരും. കുറുക്കുവഴികളിലൂടെ കുതിച്ചുയരാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്‌ ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്‌. ഇവരോടൊപ്പം എന്തിനും തയ്യാറുള്ള ചില സ്‌ത്രീകളും ഉണ്ടാവും. ഇവരെവെച്ചാണ്‌ സ്ഥാപനം മുന്നോട്ടു പോകുന്നതും. ഇതിനിടയിലേക്കാണ്‌ പലരും വന്ന്‌ വീഴുന്നതും. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ആയൂര്‍വേദത്തിന്റെ മഹത്വത്തെ കടല്‍ കടത്തുകയും ചെയ്‌ത സ്ഥാപനങ്ങള്‍ക്കെല്ലാം ചീത്തപ്പേരുണ്ടാക്കുകയാണിത്തരം സ്ഥാപനങ്ങള്‍.

ജരാനരകളെ പഴങ്കഥയാക്കാനും നിത്യയൗവനം മോഹിച്ചും ആയൂര്‍വേദത്തിലൂടെ ആരോഗ്യകരമായ ജീവിതം സ്വപ്‌നം കാണുന്നവരില്‍ എത്രപേര്‍ക്കാണ്‌ സന്തോഷകരമായ ജീവിതം തിരികെ ലഭിക്കുന്നത്‌....? ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ എത്രപേരാണ്‌ ചൂഷണത്തിനിരയാകാതിരിക്കുന്നത്‌...? സംശയങ്ങളുടെ നിഴലില്‍ നിന്ന്‌ എന്നാണിവര്‍ സംശുദ്ധിയുടെ പാതയിലേക്ക്‌ ഇറങ്ങിവരിക ...? അതുവരെ മലയാളിയുടെ സംശയങ്ങള്‍ അവശേഷിക്കുക തന്നെചെയ്യും.

1/7/10

ഇ -കടങ്ങളുടെ അക്ഷയഖനി

ദുബൈയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ ഒരു വിസയുണ്ട്‌. കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ്‌ അടിസ്ഥാനയോഗ്യത. പോകാന്‍ തന്നെയായിരുന്നു മേലാറ്റൂരുകാരനായ അബ്‌ദുല്‍ ജലീലിന്റെ തീരുമാനം. വിസക്കുള്ള പണം സംഘടിപ്പിക്കണമെങ്കില്‍ സഹോദരിമാരുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ വീടിന്റെ ആധാരം പണയപ്പെടുത്തണം... എങ്കിലും പോകാന്‍ തന്നെ ഉറച്ചു.



അതിനിടയിലാണ്‌ വലിയൊരു മോഹിപ്പിക്കലുമായി ആ പദ്ധതി വന്നത്‌. വിവര സാങ്കേതികവിദ്യയുടെ വിസ്‌മയ വാഗ്‌ദാനമായി മലപ്പുറം ജില്ലയിലേക്ക്‌ കടന്നുവന്ന അക്ഷയ കമ്പ്യൂട്ടര്‍ പദ്ധതി. സംസ്ഥാനത്ത്‌ ആദ്യമായി മലപ്പുറത്താണ്‌ ഈ സ്വപ്‌ന പദ്ധതി നടപ്പാക്കുന്നത്‌. സഹോദരിമാരുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ട. ആധാരവും പണയപ്പെടുത്തേണ്ട. ആവശ്യമായ വായ്‌പകള്‍ ബേങ്കുകള്‍ തരും.
``ഈ പെങ്കുട്ട്യാളെ കഴുത്തില്‍ കിടക്ക്‌ണതൊക്കെ വിറ്റ്‌ അന്യനാട്ടില്‍പ്പോയി കഷ്‌ടപ്പെടുന്നതിലും നല്ലത്‌ ഇതല്ലേ, മോനെ...?'' ഉമ്മയുടെ ചോദ്യവും ഉപ്പയുടെ മൗനവും സഹോദരിമാരുടെ ദൈന്യത നിറഞ്ഞ മുഖങ്ങളും ജലീലിനെ അക്ഷയയില്‍ എത്തിച്ചു. പറഞ്ഞപോലെ കാര്യങ്ങളും നടന്നു. ബേങ്കുകളുടെ ?വിശാല മനസ്‌കതയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും നാടിന്റെ ആശീര്‍വാദവും... ആഘോഷമായിട്ടായിരുന്നു ജലീലിന്റെ അക്ഷയ സെന്ററിന്റെ ഉദ്‌ഘാടനം. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. സഹോദരിമാരുടെ ആഭരണങ്ങളും വീടിന്റെ ആധാരവും മാത്രമല്ല കൈമോശം വന്നത്‌. തീരാത്ത കടങ്ങള്‍ ഇന്ന്‌ ഈ ചെറുപ്പക്കാരനേയും കുടുംബത്തേയും ഞെരുക്കുകയാണ്‌.
അക്ഷയ വാഗ്‌ദാനങ്ങള്‍



ഒരു വീട്ടില്‍ നിന്ന്‌ കുറഞ്ഞത്‌ ഒരാളെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുക, അഭ്യസ്‌തവിദ്യരായ നൂറുകണക്കിന്‌ തൊഴില്‍ രഹിതര്‍ക്ക്‌ ആദായകരവും അന്തസ്സുള്ളതുമായ ഒരു ജീവിതോപാധി ലഭ്യമാക്കുക, നികുതികളും ബില്ലുകളും അടക്കാന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ സര്‍ക്കാറിന്റെ ഓണ്‍ ലൈന്‍ സേവനകേന്ദ്രം ഓരോ ഗ്രാമങ്ങള്‍ക്കും സ്വന്തമായുണ്ടാവുക... അതിരുകളില്ലാത്ത അവസരങ്ങള്‍, അതിശയിപ്പിക്കുന്ന സേവന സാധ്യതകള്‍...
ഇതിനുപുറമേ ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്കുള്ള കമ്പ്യൂട്ടര്‍ കോഴ്‌സ്‌, ആയിരം കാതമകലെയുള്ള ഗള്‍ഫുകാരന്‍ ഭര്‍ത്താവിനോട്‌ ഇങ്ങ്‌ മലപ്പുറത്തിരുന്ന്‌ പ്രിയതമക്ക്‌ മുഖാമുഖം കണ്ട്‌ സംസാരിക്കാനുള്ള അത്ഭുത വിദ്യ. അടക്കാക്കുണ്ടിലുള്ള രോഗിക്ക്‌ അമേരിക്കയിലുള്ള വിദഗ്‌ധ ഡോക്‌ടറുടെ സേവനം ഉറപ്പു വരുത്തുന്ന നൂതന സംവിധാനം. അറബിക്കഥയിലെ അതൃപ്പങ്ങള്‍ പോലും തോല്‍ക്കുന്ന സൗകര്യങ്ങള്‍. പോരാത്തതിന്‌ ഡാറ്റാ എന്‍ട്രി ജോലികള്‍. ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ സൗകര്യം, ബില്ലുകള്‍ അടക്കുന്നതിനുള്ള ഇ പെയ്‌മെന്റ്‌ സര്‍വീസ്‌, വൈവിധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍... ജില്ലാ പഞ്ചായത്ത്‌ കൊണ്ടുവന്ന ആശയത്തെ ഐ ടി വകുപ്പ്‌ സ്റ്റെഡിനാണ്‌ കൈമാറിയത്‌. അവരാണ്‌ ഇതിന്‌ `അക്ഷയ'യെന്ന്‌ നാമകരണം ചെയ്‌ത്‌ സംരഭകരെ അതിരില്ലാത്ത കടക്കെണിയിലേക്ക്‌ ക്ഷണിച്ചത്‌. കണ്ണ്‌ തള്ളിപ്പോകുന്ന വരുമാനക്കണക്കുകളായിരുന്നു പലരേയും ഇതിലേക്ക്‌ ആകര്‍ഷിച്ചത്‌. മാനദണ്ഡങ്ങളില്ലാതെ വായ്‌പ നല്‍കാന്‍ ബേങ്കുകളും തയ്യാറായപ്പോള്‍ പദ്ധതിയുടെ ആകര്‍ഷണീയതയില്‍ മോഹിതരായവര്‍ കുറച്ചല്ല.



വാഗ്‌ദാനങ്ങളുടെ പെരുമഴയുമായി കടന്നുവന്ന അക്ഷയ പദ്ധതിയെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കെട്ടിപ്പൊക്കിയവരില്‍ കൂലിപ്പണിക്കാരന്‍ മുതല്‍ അധ്യാപകരും അഭിഭാഷകരും വരെ. 18 മുതല്‍ എണ്‍പതുവരെ പ്രായമുള്ളവര്‍. അക്ഷയ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ സംരഭകനായതിനെ തുടര്‍ന്ന്‌ കടക്കെണിയില്‍ കുരുങ്ങിയ അറുനൂറിലേറെ യുവാക്കളുടെ പ്രതിനിധിയായ ജലീലിന്റെ കഥ ഇതാണെങ്കില്‍ ചേലേമ്പ്ര പഞ്ചായത്തിലെ 356ാം നമ്പര്‍ സെന്റര്‍ നടത്തിയിരുന്ന കെ പി അബ്‌ദുര്‍റഹ്‌മാന്‍ (ഫോട്ടോയില്‍) എന്ന അറുപതുകാരന്‌ പറയാനുള്ള സങ്കടം കേട്ടേതീരൂ. എന്നാലെ അക്ഷയകഥ പൂര്‍ണമാകു.
കെണിയില്‍പ്പെട്ടവര്‍ അനവധി



ചേലേമ്പ്രയിലെ യൂറോസ്‌ സ്‌പിന്നിംഗ്‌ മില്ലിലെ തൊഴിലാളിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍. കമ്പനി പൂട്ടിയപ്പോള്‍ ലഭിച്ച ഗ്രാറ്റിവിറ്റിയും പ്രൊവിഡന്‍ ഫണ്ടും എല്ലാം കൂടി തട്ടിക്കൂട്ടിയപ്പോള്‍ കിട്ടിയ മൂന്നു ലക്ഷത്തോളം രൂപയാണ്‌ അക്ഷയ `ഖനി'യില്‍ ഒഴുക്കിയത്‌. 1,45000 രൂപ ബേങ്കില്‍ നിന്നും വായ്‌പയുമെടുത്തിരുന്നു. 85000 രൂപ പല തവണകളായി തിരിച്ചടച്ചു. നാലുലക്ഷം രൂപ അതില്‍ കുത്തിയൊലിച്ചുപോയതിനുശേഷം ഇനിയും ഒരുലക്ഷത്തി നാല്‍പ്പതിനായിരത്തിന്റെ കടക്കാരനാണിയാള്‍. സര്‍ക്കാരിന്റെ ഒറ്റത്തവണത്തീര്‍പ്പാക്കലിലൂടെ ഇത്‌ 25000മായി ചുരുങ്ങും. അക്ഷയ പദ്ധതിയുടെ പേരില്‍ മികവിനുള്ള പുരസ്‌കാരം ലഭിച്ച പഞ്ചായത്താണ്‌ ചേലേമ്പ്ര. ഏഴു സെന്ററുകളാണ്‌ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ എണ്ണത്തില്‍ രണ്ടായി ചുരുങ്ങുകയും പ്രവര്‍ത്തനത്തില്‍ ഒന്നായി ഒതുങ്ങുകയും ചെയ്‌തിരിക്കുന്നു.



മഞ്ചേരിയിലെ ഒരു കുടുംബശ്രീ പ്രവര്‍ത്തകയെ ഈയിടെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു. ഭാര്യ അക്ഷയ പദ്ധതിയിലൂടെ ഉണ്ടാക്കിവെച്ച ബാധ്യതകളെ ചൊല്ലിയുള്ള കലഹമാണ്‌ അവരുടെ ദാമ്പത്യത്തിനു മുമ്പില്‍ വഴിപിരിയലിന്റെ വാതില്‍ തുറന്നിട്ടത്‌. മുപ്പതുകാരിയായ ഈയുവതി ഇന്ന്‌ അഞ്ചു വയസ്സുള്ള മകളേയും കൊണ്ട്‌ ജീവിതപ്പെരുവഴിയിലാണ്‌. കൂട്ടിന്‌ഒന്നരലക്ഷത്തിന്റെ ബേങ്ക്‌ കടവുമുണ്ട്‌. വിട്ടുവീഴ്‌ച്ച ചെയ്യാന്‍ ബേങ്ക്‌ അധികൃതര്‍ തയ്യാറല്ല.
ഇരുമ്പുഴിയിലെ കുഴിക്കണ്ടന്‍ കബീര്‍ കനറാബേങ്കില്‍ നിന്നാണ്‌ 1,50,000 രൂപയുടെ വായ്‌പയെടുത്തത്‌. അക്ഷയ സംരഭം തകര്‍ന്നതോടെ ബേങ്കിന്റെ പലിശക്കെണിയില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നു പിന്നെ ലക്ഷ്യം. അതിനായി വിദേശത്തുള്ള സഹോദരങ്ങളോടെല്ലാം യാചിച്ചാണ്‌ പണം കണ്ടെത്തിയത്‌. ഒടുവില്‍ ബാധ്യതയെല്ലാം ഒഴിഞ്ഞെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ്‌ ബേങ്കില്‍ നിന്നും വീണ്ടും നോട്ടീസ്‌. ഒരുലക്ഷം രൂപ കൂടി ബാധ്യതയുണ്ടെന്നറിയിച്ചുകൊണ്ടുള്ള നോട്ടീസ്‌. ഒരാഴ്‌ച്ച മുമ്പ്‌ നടന്ന അദാലത്തിലേക്ക്‌ കബീറിനെ വിളിപ്പിച്ചിരുന്നു. ഈ കുരുക്കഴിച്ച്‌ കിട്ടാന്‍ ഇനി ഞാനെന്ത്‌ ചെയ്യണം? ഏതുകോടതിയില്‍ പോകണം? കബീര്‍ ചോദിക്കുന്നു.



അങ്ങാടിപ്പുറത്തെ ഹംസക്ക്‌ വായ്‌പക്ക്‌ ജാമ്യം നിന്നത്‌ സഹോദരനായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ല. അടവ്‌ മുടങ്ങിയതിനെ തുടര്‍ന്ന്‌ ബേങ്കുകാര്‍ ജാമ്യക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ അക്ഷയ സംരഭകരുടെ സംഘടനാ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നു. ഇങ്ങനെ അതിരുകളില്ലാത്ത അവസരങ്ങളുമായി കടന്നുവന്ന പദ്ധതി അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിട്ട അനവധികുടുംബങ്ങളുണ്ട്‌ ജില്ലയില്‍. ആത്മഹത്യാ മുനമ്പില്‍ നിന്ന്‌ ജീവിതത്തിലേക്ക്‌ അവരെ തിരിച്ചു നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാതെയായിരുന്നു മലപ്പുറത്തിന്റെ മണ്ണില്‍ പരീക്ഷിച്ച്‌ പരാജയമടഞ്ഞ സംരഭത്തെ മറ്റുജില്ലകളിലേക്കും വ്യാപിപ്പിച്ചത്‌.



മഹത്തായ ഈ പദ്ധതി ലക്ഷ്യ പ്രാപ്‌തി കൈവരിക്കുമെന്ന്‌ തന്നെയാണ്‌ ഏവരും വിശ്വസിച്ചത്‌. ലക്ഷങ്ങള്‍ വായ്‌പ അനുവദിക്കുമ്പോള്‍ കുമിഞ്ഞുകൂടുന്ന കോടികളുടെ പലിശയെക്കുറിച്ചോര്‍ത്ത്‌ ബേങ്കുകളും മനപ്പായസമുണ്ടു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ വീണുകിട്ടിയ സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത്‌ അക്ഷയ സംരഭകര്‍ കണ്ട സ്വപ്‌നങ്ങളെല്ലാം എന്നാല്‍ പാഴ്‌ക്കിനാവുകളാവുകയായിരുന്നു. ഏറെ കൊട്ടിഘോഷിച്ച്‌ മലപ്പുറത്തിന്റെ അഭിമാന സംരഭമായി കൊണ്ടുവന്ന പദ്ധതിക്കായി 20കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചു. പ്രചാരണത്തിനു മാത്രമായി ഇതില്‍ പത്തര കോടി രൂപയും ഒഴുക്കിക്കളഞ്ഞു. 1999ല്‍ ഐ ടി മിഷന്‍ സ്ഥാപിച്ചതു മുതല്‍ അക്ഷയ പദ്ധതി ഉള്‍പ്പടെയുള്ളവക്കായി ഒഴുക്കിയത്‌ 214.73 കോടി രൂപയാണ്‌. ഏറെ അവകാശവാദങ്ങളുമായി കടന്നുവന്ന അക്ഷയ പദ്ധതി എന്തിനുവേണ്ടിയായിരുന്നുവെന്ന്‌ ചോദിക്കുന്നവര്‍ക്ക്‌ ഈ കണക്കുകളില്‍ നിന്ന്‌ ചില ഉത്തരങ്ങള്‍ ലഭിക്കും.
പ്രതിഷേധിക്കാന്‍ ഇ- തെണ്ടല്‍



വാഗ്‌ദാനങ്ങള്‍ ജലരേഖയാവുകയും പദ്ധതി പാളം തെറ്റി ഓടുകയും ചെയ്‌തതോടെ അധികൃതരുടെ കണ്ണ്‌ തുറപ്പിക്കാന്‍ സംരഭകര്‍ക്ക്‌ സംഘടിക്കേണ്ടി വന്നു. തുടര്‍ന്ന്‌ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നു. പതിവ്‌ പ്രതിഷേധ ങ്ങള്‍ക്കു പുറമേ ഇ- തെണ്ടലടക്കമുള്ള സമരമുറകള്‍ പരീക്ഷിച്ചു. അക്ഷയ എന്റര്‍പ്രണേഴ്‌സ്‌ അസോസിയേഷനാണ്‌ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ചത്‌. പ്രയത്‌നം വെറുതെയായില്ല. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ സംരഭകര്‍ക്ക്‌ ആശ്വാസമാകുന്ന തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ മാസം18ന്‌ കൈക്കൊണ്ടു. സംരഭകര്‍ വിവിധ ബേങ്കുകളില്‍ നിന്നെടുത്ത വായ്‌പയില്‍ 37.5 ശതമാനം തിരിച്ചടക്കാനുള്ള ബാധ്യതയാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ ഏറ്റെടുത്തത്‌. ഇതു പ്രകാരം നിലവില്‍ അടക്കേണ്ട തുകയുടെ 75 ശതമാനം മാത്രം ഇനി തിരിച്ചടച്ചാല്‍ മതിയാകും. ആകെ തിരിച്ചടക്കാനുള്ള 12കോടി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ സര്‍ക്കാര്‍ മൂന്ന്‌ കോടിയായി ചുരുക്കി. എന്നാല്‍ ഈ തുക പോലും തിരിച്ചടക്കാന്‍ ശേഷിയില്ലാതെ തകര്‍ന്നുപോയവരാണ്‌ മിക്ക സംരഭകരുമെന്നതത്രെ ഏറെ ഖേദകരം.



2002 നവംബര്‍ 18നാണ്‌ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍കലാം അക്ഷയ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 2003മെയ്‌ മാസത്തിലായിരുന്നു മലപ്പുറം ജില്ലയില്‍ പദ്ധതി ആരംഭിച്ചത്‌. രണ്ടു വാര്‍ഡുകള്‍ക്ക്‌ ഒരു സെന്റര്‍ പ്രകാരം 639 അക്ഷയ സെന്ററുകള്‍ തുറന്നു. ഓരോ സെന്ററിലും ആയിരംപേര്‍ പഠിതാക്കളായെത്തും. ഒരാള്‍ പത്തു ദിവസംകൊണ്ട്‌ പഠനം പൂര്‍ത്തിയാക്കും. ആറുമാസംകൊണ്ട്‌ ഇവരുടെ കോഴ്‌സ്‌ അവസാനിക്കും. അതോടെ അടുത്തബാച്ചുകാരുടെ ഊഴം. തദ്ദേശ സ്ഥാപനമാണ്‌ പഠിതാക്കളെ തിരഞ്ഞെടുക്കുക. ഇവരില്‍ ഒരാള്‍ക്ക്‌ 120 രൂപ ത്രിതല പഞ്ചായത്തുകള്‍ നല്‍കും. ഗുണഭോക്താക്കള്‍ 20 രൂപ നല്‍കിയാല്‍ മതി. ഇങ്ങനെ ഒരാളില്‍ നിന്ന്‌ സംരഭകന്റെ പോക്കറ്റില്‍ 140 രൂപയെത്തുന്നു. ആദ്യബാച്ചുകാരില്‍ നിന്ന്‌മാത്രം ലഭിക്കേണ്ടത്‌ 70,000 രൂപ. അധികൃത കണക്കുപ്രകാരം ജില്ലയില്‍ 2415400 പേര്‍ അക്ഷയ പദ്ധതിയിലൂടെ ഇതിനകം കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിച്ചു! ഇവരില്‍ നിന്ന്‌ മാത്രം സംരഭകര്‍ക്ക്‌ ത്രിതല പഞ്ചായത്തുകളില്‍ നിന്ന്‌ 338,156000 രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ലഭിച്ചതോ ഉപഭോക്താക്കളില്‍ നിന്നുള്ള 48,308000 രൂപ മാത്രമാണ്‌.



2003ല്‍ മലപ്പുറം ജില്ലയില്‍ 312 സെന്ററുകളാണ്‌ തുടങ്ങിയത്‌. ആ വര്‍ഷം 354000 പേര്‍ പഠനം നടത്തിയതായാണ്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക്‌. 2004ല്‍ സെന്ററുകള്‍ 647 ആയി വളര്‍ന്നു. ആ വര്‍ഷം 595000 പേര്‍ പഠനം നടത്തിയത്രെ. സെന്ററുകളുടെ എണ്ണം 2005ല്‍ 368ഉം 2007ല്‍ 281 മായി ചുരുങ്ങിയപ്പോഴും ഓരോ വര്‍ഷവും പഠിതാക്കളുടെ എണ്ണത്തില്‍ കുറവുവന്നിട്ടില്ലെന്നാണ്‌ കണക്ക്‌. ഇതു കബളിപ്പിക്കലാണെന്ന്‌ അക്ഷയ സംരഭകരും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടികാട്ടുന്നു.



സെന്ററുകളുടെ മേല്‍നോട്ടത്തിന്‌ ജില്ലാ പ്രൊജക്‌ട്‌ ഓഫീസ്‌ തുറന്നു. രണ്ട്‌ ബ്ലോക്കുകള്‍ക്ക്‌ ഒരോ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അണിനിരന്നു. അവര്‍ക്ക്‌ താഴെ ഓരോ പഞ്ചായത്തിനും ഒരു കോ ഓര്‍ഡിനേറ്റര്‍ വേറെയും. എന്നിട്ടും ആസൂത്രണം പിഴച്ചു. മൂന്ന്‌ മാസംകൊണ്ടു തീരേണ്ട പദ്ധതി ആറുമാസത്തിലേക്ക്‌ നീണ്ടു. അത്‌ പിന്നെയും വൈകി. സംരഭകര്‍ നെട്ടോട്ടം തുടങ്ങി. പഠിതാക്കളെത്താതായതോടെ അവരുടെ വീടുകളിലേക്ക്‌ കമ്പ്യൂട്ടറുമായി ചെല്ലേണ്ടി വന്നു. പദ്ധതി തുടങ്ങി ആദ്യത്തെ ആറുമാസം തികയുമ്പോള്‍ ഓരോ സംരംഭകനും 70,000രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലഭിക്കണമായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും തുക ലഭ്യമായില്ല. അതോടെ കാര്യങ്ങള്‍ പിടിവിട്ടുപോകാന്‍ തുടങ്ങി. ബേങ്കുകളുടെ വായ്‌പാ തിരിച്ചടവ്‌ വൈകി. ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം രൂപ വരെയാണ്‌ വായ്‌പ. 




വിവിധ ബേങ്കുകളില്‍ നിന്നായി നാലുകോടിയോളം രൂപ അക്ഷയ സംരഭകര്‍ വായ്‌പയെടുത്തിരുന്നു. മുറി വാടകയും കറന്റുബില്ലും ജീവനക്കാരുടെ ശമ്പളവും കുന്നുകൂടി. വൈദ്യുതി വകുപ്പ്‌ ഫ്യൂസ്‌ ഊരി. ഇതിനിടെ 217 കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മോശമാണെന്ന്‌ ചൂണ്ടിക്കാട്ടി അവരെ പിരിച്ചുവിട്ടും അധികൃതര്‍ രസിച്ചു. ഇവരുടെ വായ്‌പകള്‍ നേരിട്ട്‌ തിരിച്ചുവാങ്ങാനും ബേങ്കുകള്‍ക്ക്‌ നിര്‍ദേശവും നല്‍കി. അതോടെ ബേങ്കുകാര്‍ കാടിളക്കി വന്നു. ചില പഞ്ചായത്തുകളാകട്ടെ അഞ്ഞൂറോ അറുനൂറോ പഠിതാക്കളുടെ ഫീസ്‌ മാത്രം നല്‍കാനാണ്‌ തീരുമാനിച്ചത്‌. ഇതില്‍ 40 ശതമാനം തുകമാത്രമേ സംരഭകര്‍ക്ക്‌ ലഭിച്ചുള്ളൂ. ശേഷിക്കുന്ന തുക തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ബേങ്കുകളില്‍ അടക്കുകയായിരുന്നു.



വാഗ്‌ദാനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ തന്നെ ലംഘിക്കുകയായിരുന്നു. അക്ഷയ വിഭാവനം ചെയ്‌ത ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യമായിരുന്നു ബ്രോഡ്‌ബാന്റ്‌ സംവിധാനം. വാഗ്‌ദാനം ചെയ്‌ത, ബ്രോഡ്‌ബാന്റ്‌ നെറ്റ്‌ സൗകര്യം നഗരപ്രദേശങ്ങളില്‍ ഒന്നര വര്‍ഷത്തിന്‌ ശേഷമെത്തിയെങ്കിലും ഗ്രാമങ്ങളിലെ കേന്ദ്രങ്ങള്‍ക്കത്‌ ഇന്നും പ്രാപ്യമല്ല. ഇന്റര്‍നെറ്റ്‌ സംവിധാനം ഒരുക്കുവാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതും സ്വകാര്യ കമ്പനിയെയായിരുന്നു. അവരുടെ നെറ്റ്‌ ഉപയോഗിച്ചപ്പോള്‍ കാര്യക്ഷമത മാത്രമല്ല ഇല്ലാതായത്‌. വൈറസ്‌ പ്രശ്‌നവും വേഗതയില്ലായ്‌മയും തീരാശാപമായി. ഇതിനിടെ ഒരുമാസം പരിധികളില്ലാതെ നെറ്റ്‌ ഉപയോഗിക്കാന്‍ സ്വകാര്യ കമ്പനി 1000 രൂപ മതിയെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്തെത്തി. അതിജീവനത്തിനായി പലവഴികള്‍ തേടിയവര്‍ ആ കുരുക്കിലും തലയിട്ടുകൊടുത്തു.



ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഡാറ്റാ എന്‍ട്രി പ്രവൃത്തികള്‍ക്കായി ഏതാനും സംരംഭകര്‍ 32000 രൂപ സമാഹരിച്ച്‌ കാത്തിരുന്നു. കാത്തിരിപ്പ്‌ വെറുതെയായതേയുള്ളൂ. അധികൃതര്‍ കുടുംബശ്രീയെയാണ്‌ ജോലി ഏല്‍പ്പിച്ചത്‌. ചില കമ്പനികള്‍ നല്‍കിയ ഡാറ്റാ എന്‍ട്രി ജോലിക്ക്‌ കൂലി ലഭിച്ചില്ല. പ്രതീക്ഷകള്‍ തകിടം മറിയുകയും വരുമാന വഴികളില്‍ പ്രതിബന്ധങ്ങള്‍ മാത്രം നിറയുകയും ചെയ്‌തതോടെ അക്ഷയ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തി. നിലനില്‍പ്പിനായി സ്വന്തം നിലയില്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ പദ്ധതികളും അത്ഭുതങ്ങള്‍ സംഭവിപ്പക്കുന്നതായിരുന്നില്ല.



സര്‍ക്കാര്‍ മേഖലയില്‍ നിന്നും അക്ഷയ വഴി ചെയ്യാവുന്ന പല പദ്ധതിയെക്കുറിച്ചും സംരഭകരുടെ സംഘടനകള്‍ സര്‍ക്കാറിനെ പലതവണ അറിയിച്ചിരുന്നു. അത്‌ ചെവികൊള്ളാതെ സര്‍ക്കാര്‍ തലത്തിലുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ സ്വകാര്യമേഖലക്കാണ്‌ ഇന്നും നല്‍കുന്നത്‌. അക്ഷയ വാഗ്‌ദാനം ചെയ്യുന്ന പല കോഴ്‌സുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരമില്ലെന്നതാണ്‌ `വലിയ തമാശ'. സാധ്യതകളുള്ള പുതിയ കോഴ്‌സുകളൊന്നും അക്ഷയ വഴി തുടങ്ങിയതുമില്ല. ജില്ലയില്‍ 313 സംരഭകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ അധികൃതരുടെ കണക്ക്‌. എന്നാല്‍ നൂറ്‌ കേന്ദ്രങ്ങള്‍ പോലും ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നില്ല.




 നേരത്തെ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളോടനുബന്ധിച്ച്‌ കേന്ദ്രങ്ങള്‍ തുടങ്ങിയവര്‍ മാത്രമെ പിടിച്ചു നിന്നിട്ടുള്ളൂ.
അടുത്തകാലത്ത്‌ റവന്യൂ വകുപ്പ്‌ നടപ്പിലാക്കിയ ഫെയര്‍ വാല്യൂ രജിസ്‌ട്രേഷന്‍ അക്ഷയ വഴി ചെയ്യാമായിരുന്നു. എന്നാലിതിന്‌ സ്വകാര്യ കമ്പനിയെയാണ്‌ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്‌. രണ്ടു ശതമാനം കമ്മീഷന്‍ ലഭിക്കുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ സംവിധാനവും അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാവുന്നതായിരുന്നു. ആ അവസരവും സംരഭകര്‍ക്ക്‌ ലഭിച്ചില്ല.



പിന്നെയും നിരവധി പദ്ധതികളാണ്‌ അക്ഷയ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 30 മണിക്കൂര്‍കൊണ്ട്‌ കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ- വിദ്യ, എട്ടിനും 16നുമിടയിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രവര്‍ത്തന പ്രൊജക്‌ട്‌ രീതിയിലുള്ള ഇന്റല്‍ ലേണ്‍ പദ്ധതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം, ഇംഗ്ലീഷ്‌ പഠന പരിപാടിയായ ലേണ്‍ ആന്റ്‌ സ്‌പീക്ക്‌ ഇംഗ്ലീഷ്‌, അന്ധര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിയായ ഇന്‍സൈറ്റ്‌, അറബി ഭാഷാ ടൈപ്പിംഗ്‌ പദ്ധതിയായ അറബിക്‌ ടൈപ്പിംഗ്‌ ട്യൂട്ടര്‍, നാട്ടറിവുകളേയും കണ്ടുപ്പിടുത്തങ്ങളേയും പരിപോഷിപ്പിക്കുന്നതിനുള്ള കേരള ഇന്നവേഷന്‍ ഫൗണ്ടേഷന്‍, ഇ - കൃഷി തുടങ്ങി ഇരുപതിലധികം പ്രധാന പദ്ധതികളാണ്‌ പ്രവര്‍ത്തനം തുടങ്ങുക പോലും ചെയ്യാതിരുന്നത്‌. മലപ്പുറത്തെ പാഠം മുമ്പിലിരിക്കേയാണ്‌ മറ്റുജില്ലകളിലേക്ക്‌ കൂടി പദ്ധതി പറിച്ചു നട്ടത്‌. 


മലപ്പുറത്ത്‌ അപേക്ഷകന്റെ യോഗ്യത മാനദണ്‌ഡമാക്കിയില്ലയെന്നതായിരുന്നു പ്രധാന പ്രശ്‌നം. പഞ്ചായത്തുകളില്‍ ഒന്നോ രണ്ടോ സെന്ററുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി ആവശ്യമെങ്കില്‍ കൂടുതല്‍ അനുവദിക്കാമെന്നകാര്യവും അധികൃതര്‍ പരിഗണിച്ചതുമില്ല. എന്തായാലും മലപ്പുറത്തുകാരുടെ അനുഭവം മറ്റാര്‍ക്കുമുണ്ടാവാതിരിക്കട്ടേ...