8/9/16

ജയിലിലേക്കുള്ള വിസകള്‍

മണല്‍ക്കാട് മലയാളിയുടെ സ്വപ്നഭൂമിയായി മാറിയിട്ട് കാലങ്ങള്‍ പലതായി. കേരളീയ ഗ്രാമങ്ങള്‍ക്കു മുകളില്‍ അഭിവൃദ്ധിയും പ്രതീക്ഷയുടെ സമൃദ്ധിയും കൊണ്ടുവന്നു ആ മണല്‍പരപ്പും എണ്ണക്കിണറുകളും. ഒരുപാട് മനുഷ്യരെ സ്വപ്നം കാണാനും നിവര്‍ന്നു നില്‍ക്കാനും പ്രേരിപ്പിച്ചു ആ ആകാശം. പുതിയ പ്രതീക്ഷകള്‍ തളിര്‍ക്കാനും പഴയ കിനാവുകള്‍ക്ക് വളമിടാനും ആ വെളിച്ചം തുണയുമായി. ഭാഗ്യവാന്‍മാര്‍ കരപറ്റിയതിന്റെയും നിര്‍ഭാഗ്യവാന്‍മാര്‍ തിരിച്ചെത്തിയതിന്റെയും നൂറ് നൂറ് കഥകള്‍. ഈ പ്രതീക്ഷ പലരെയും ഉന്നതതൊഴില്‍ പഠിക്കുന്നതില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ നിന്നുപോലും പിന്തിരിപ്പിച്ചിട്ടുമുണ്ട്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും. എന്തെങ്കിലും ജോലി പഠിച്ചെടുത്തിട്ടായിരുന്നില്ല ആ യാത്ര. പഠിച്ച ജോലി ലഭിക്കണമെന്നുമില്ല. നിര്‍ഭാഗ്യങ്ങളുടെ സഹയാത്രികരോട് പലപ്പോഴും മണല്‍ക്കാട് കടാക്ഷിച്ചില്ല. പിന്നെയും അവരതേ കരയിലേക്കുതന്നെയാണ് തുഴ എറിഞ്ഞത്. ഇപ്പോഴിതാ എണ്ണവിപണിയുടെ ചാഞ്ചാട്ടത്തെ ചൊല്ലി ഗള്‍ഫ് നാടുകള്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. തൊഴിലാളി ജീവിതങ്ങള്‍ ആശങ്കകളുടെ നടുകടലില്‍ മുങ്ങുന്നു. പ്രവാസികളുടെ മടക്കം എത്രമാത്രം മലയാളികളെ ബാധിക്കും? അവര്‍ തിരിച്ചെത്തുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്ന പരമ്പര. ഒന്ന് തിരികെ നല്‍കാനാകുമോ ഇവരുടെ സമ്പാദ്യങ്ങള്‍? മലപ്പുറം കൂട്ടിലങ്ങാടിയിലെ ഉസ്മാന്‍ കോയ മൂന്നാഴ്ച മുമ്പാണ് സഊദി അറേബ്യയില്‍ നിന്നും തിരിച്ചെത്തിയത്. നാല്‍പ്പത്തി ഏഴാം വയസ്സില്‍ ഇരുപത് വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ചായിരുന്നു ആ വരവ്. എണ്ണ വിപണിയുടെ ഏറ്റക്കുറച്ചിലിന്റെ ഇരയല്ല ഇദ്ദേഹം. എന്നാല്‍ സ്വദേശിവല്‍കരണത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയില്‍പെട്ടായിരുന്നു മടക്കം. അതും നാലു മാസത്തെ ജയില്‍ യാതനകളെ കുടിച്ച് വറ്റിച്ച്. ഇപ്പോള്‍ അയാളെ ഒരുപാട് ചോദ്യങ്ങള്‍ അലട്ടുന്നു. രണ്ടുപതിറ്റാണ്ട് മണല്‍ക്കാട്ടില്‍ ഉരുകിത്തീരുന്നതിനിടയില്‍ ഒരു തൊഴില്‍പോലും പഠിച്ചെടുത്തില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് പ്രവാസം. ഇപ്പോള്‍ ഗള്‍ഫുകാരന്‍ എന്ന മേല്‍വിലാസവും ഇല്ലാതായിരിക്കുന്നു. ഗള്‍ഫു പണത്തിന്റെ പളപളപ്പും അത്തര്‍ മണക്കുന്ന ഉടുപ്പും കണ്ട് ബഹുമാനം കൂറിയവര്‍ക്കിടയില്‍ സാധാരണ ജോലി ചെയ്ത് ജീവിക്കുന്നതെങ്ങനെ.? ഗള്‍ഫിലെ ഹോട്ടലില്‍ എച്ചില്‍പ്പാത്രം കഴുകിക്കിട്ടിയും ഒഴിവുവേളയില്‍ പെപ്‌സിക്കുപ്പി പെറുക്കിവിറ്റും കിട്ടിയ പണം ഉരുക്കിത്തൂക്കിയപ്പോള്‍ സഹോദരിമാര്‍ക്കൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കാനായി. പലരെയും പല തരത്തില്‍ സഹായിച്ചു. സ്വന്തം വീടെന്ന സ്വപ്നം പോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. തറവാട്ടുവീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് ഇപ്പോള്‍ ഈ മനുഷ്യന്‍. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും ചോദ്യങ്ങളെ എങ്കിലും അഭിമുഖീകരിക്കേണ്ടതില്ലല്ലോ. എണ്ണവിപണിയുടെ ചാഞ്ചാട്ടത്തെ തുടര്‍ന്നോ സ്വദേശിവല്‍കരണത്തിന്റെ പേരിലോ നാടണയാന്‍ വിധിക്കപ്പെട്ട പ്രവാസി മലയാളികളുടെ പ്രതിനിധിയാണിദ്ദേഹം. കോഴിക്കോട് കിനാലൂരിലെ അബ്ദുല്‍ ലത്തീഫും മങ്കടയിലെ കക്കാടന്‍ മുഹമ്മദ് ശബീബും കരുവാരകുണ്ടിലെ മുഹമ്മദ് നിസാറും പുനലൂരിലെ സുല്‍ഫീക്കര്‍ അലിയും കല്‍പ്പകഞ്ചേരിയിലെ മുഹമ്മദ് ബഷീറും കോങ്ങാട്ടെ മുഹമ്മദ് ഫൈസലും ഇതേ ആശങ്കകളുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന അനേകായിരങ്ങളിലെ ചിലര്‍. ഇവരെല്ലാവരും നാട്ടില്‍ തിരിച്ചെത്തിയത് ദിവസങ്ങള്‍ക്കു മുമ്പ് മാത്രം. വന്നതോ ജയില്‍ ജീവിതത്തിലെ മറക്കാനാകാത്ത ദുരിതദിനങ്ങള്‍ താണ്ടിയും. അവര്‍ക്കൊന്നും ഇനി അഞ്ചുവര്‍ഷത്തേക്ക് സഊദിയിലേക്ക് തിരികെപോകാനാകില്ല. തിരിച്ചുവരാന്‍ പലര്‍ക്കും പല കാരണങ്ങളാണെങ്കിലും അവരുടെയൊക്കെ വീട്ടകങ്ങളിലെ ദൈന്യതക്ക് ഒരേ മുഖങ്ങളാണ്. എണ്ണപ്പണത്തിന്റെ മാന്ദ്യം കാരണം ലേബര്‍ ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയാലും ഇനിയും തിരിച്ചുപോകാമെന്ന പ്രതീക്ഷ എങ്കിലുമുണ്ട്. ഇഖാമ മാറാനോ അവിടെത്തന്നെ തുടരാനോ ഉള്ള നീക്കങ്ങളും അധികൃതര്‍ ആരംഭിച്ചിരിക്കുന്നു. എന്നാല്‍ ഉസ്മാന്‍ കോയ അടക്കമുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തേക്കെങ്കിലും പോകാനാകില്ല. കിഴിശ്ശേരിയിലെ മുഹമ്മദ് നവാസിനെ ഇരുപതുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും അധികൃതര്‍ നാട്ടിലേക്ക് കയറ്റിയയച്ചപ്പോള്‍ അദ്ദേഹത്തെ അലട്ടുന്നതും ഇവരെല്ലാം ഉയര്‍ത്തുന്ന അതേ ചോദ്യം തന്നെ. അടുത്ത ദേശത്തേക്ക്. അയല്‍ സംസ്ഥാനത്തേക്ക്. അങ്ങനെയായിരുന്നു മലയാളീ പ്രവാസത്തിന്റെ ആരംഭം. അറുപതുകളില്‍ തുടങ്ങിയ ആ പ്രയാണത്തെതുടര്‍ന്നാണ് അറബിപ്പൊന്നിന്റെ സാന്നിധ്യം മലയാളനാട്ടില്‍ സ്ഥിരം സാന്നിധ്യമായത്. പിന്നീട് കള്ള ലോഞ്ചുകളിലും മറ്റുമായി അവര്‍ അറേബ്യന്‍ നാടുകളിലുമെത്തി. കടല്‍ യാത്രകള്‍ ആകാശയാത്രക്ക് വഴിമാറിയപ്പോള്‍ പല പല രാജ്യങ്ങളിലേക്കും ചേക്കേറി. ആ പ്രവാസത്തിനിപ്പോള്‍ വയസായിരിക്കുന്നു. ബാല്യവും യൗവ്വനവും കടന്നാല്‍ വാര്‍ധക്യം അടുത്താണല്ലോ. വാര്‍ധക്യത്തിനൊടുവില്‍ മരണവും. എണ്ണക്കിണറുകളിലെ ഉറവ വറ്റാനും സ്വര്‍ണഖനികളിലെ സമൃദ്ധി ക്ഷയിക്കാനും തുടങ്ങുന്നുവെന്ന വര്‍ത്തമാനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സ്വദേശിവത്കരണത്തിന്റെ പേരില്‍, പൊതുമാപ്പുകളില്‍, പലകാലങ്ങളില്‍ കൊണ്ടുവന്ന നിയമങ്ങളും നിബന്ധനകളും മലയാളികളെ വലിഞ്ഞുമുറുക്കിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. എന്നിട്ടും ഭാഗ്യവാന്‍മാര്‍ മുത്തും പവിഴവുമായി തിരിച്ചെത്തുന്നുമുണ്ട്. എന്നാല്‍ മരുഭൂമിയില്‍ അന്നം തിരഞ്ഞുപോയ ഭൂരിപക്ഷം മലയാളികളും ചെന്നെത്തുന്നത് മികച്ചൊരു തൊഴില്‍മേഖലയിലേക്കല്ല തന്നെ. എക്കാലവും അതാണ് സ്ഥിതി. രൂപയുമായി തട്ടിച്ചുനോക്കുമ്പോഴുള്ള വിപണിമൂല്യം കൊണ്ട് അവരവിടെ ചെയ്യുന്ന തൊഴിലുകൊണ്ട് നാട്ടില്‍ ജീവിക്കാനുമാകില്ല. കാറും കക്കൂസും വൃത്തിയാക്കി കുടുംബഭദ്രത സുരക്ഷിതമാക്കാന്‍ പാടുപെടുന്നവര്‍ക്കെങ്ങനെ അതെ ജോലി നാട്ടില്‍ ചെയ്യാനാകും? ബൂഫിയകളില്‍ സാന്റൂസ് മുറിച്ചും ചായകൂട്ടിയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളെടുത്തുകൊടുത്തും കാലം കഴിക്കുന്നതിനിടയില്‍ സുരക്ഷിതമായൊരു തൊഴില്‍ പഠിച്ചെടുക്കാത്തതിന്റെ ദുരന്തമാണിവരെയെല്ലാം അലട്ടുന്നത്. വരും നാളുകളിലും ഇത്തരം പ്രതിസന്ധികളിലേക്ക് ധാരാളമാളുകള്‍ വന്നണയുമെന്നു തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവരെ പുനരധിവസിക്കാനുള്ള പോംവഴികളൊന്നും തുറക്കപ്പെട്ടിട്ടേയില്ല. പതിനാറ് വര്‍ഷമായി പ്രവാസിയായിരുന്ന നിലമ്പൂരിലെ ഹൈദ്രോസ് ഇമ്പിച്ചികോയ പറയുന്നു. പ്രവാസികള്‍ മടക്കയാത്രക്ക് കിടക്കകെട്ടുമ്പോള്‍ മലയാളികളെ ആശങ്കയിലാക്കുന്നതും ഇതേ ചോദ്യം തന്നെയാണ്. പരിഹാരം കാണേണ്ടതും അതേ പ്രതിസന്ധിക്കു തന്നെയാണ്. പ്രവാസിക്ഷേമത്തിനുവേണ്ടി രൂപീകരിച്ച നോര്‍ക്ക വകുപ്പിന്റെ പദ്ധതികളെല്ലാം പ്രവാസികളെ കരകയറ്റാന്‍ മതിയായവയല്ല. വിദേശ മലയാളികള്‍ക്ക് നിയമസഹായവും നിയമപ്രശ്‌നങ്ങളില്‍ വലഞ്ഞവര്‍ക്ക് വിമാനടിക്കറ്റുമൊക്കെ എത്തിക്കുന്നുണ്ട്. വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാനുമൊക്കെ പരിപാടികളുമുണ്ട്. എന്നാല്‍ പ്രവാസജീവിതം തുടരുന്നവര്‍ക്കും ഉപേക്ഷിച്ചുവരുന്നവര്‍ക്കും താങ്ങാവുന്ന പദ്ധതികളില്ല. സാന്ത്വന പദ്ധതിയും കാരുണ്യ പദ്ധതിയും പുനരധിവാസ പദ്ധതിയുമെല്ലാം തുടങ്ങിയിടത്തുതന്നെ. സാന്ത്വനവും കാരുണ്യവും പദ്ധതികളുടെ പേരില്‍മാത്രമേയുള്ളൂവെന്നും അവയെല്ലാം നൂലാമാലകളില്‍ ചുറ്റപ്പെട്ടു കിടക്കുകയാണെന്നുമാണ് അനുഭവസ്ഥര്‍ പറയുന്നത്. . കേരള പ്രവാസി ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവാസം മതിയാക്കി വന്നവര്‍ക്ക് നല്‍കുന്നത് 500 രൂപയാണ്. തുടരുന്നവര്‍ക്ക് 1000 രൂപയും. പ്രവാസികളില്‍ നിന്ന് അംശാദായം വാങ്ങുന്ന പദ്ധതിയോടാണിങ്ങനെ ചെയ്യുന്നത്. തരക്കേടില്ലാത്ത ഉദ്യോഗങ്ങളില്‍ നിന്ന് വിദേശികളെ പറഞ്ഞുവിട്ടായിരുന്നു സഊദിയില്‍ സ്വദേശിവത്കരണം തുടങ്ങിയത്. ബാങ്കുകള്‍, എന്‍ജിനീയറിംഗ് മേഖല, വിമാന സര്‍വീസ് രംഗങ്ങളിലെല്ലാം സഊദി അറേബ്യയില്‍ പൂര്‍ണമായും സ്വദേശിവത്കരണം നടപ്പാക്കി. ഭേദപ്പെട്ട തസ്തികകളിലെല്ലാം അവര്‍ കയറിക്കൂടി. സ്ത്രീകളുമുണ്ട് പ്രമുഖ സ്ഥാനങ്ങളില്‍. ഓഫീസുകളിലും അവര്‍ ഒഴിച്ചുകൂടാനാകാത്തവരായി. പുരുഷന്‍മാര്‍ തീരെ വേതനം കുറഞ്ഞ തസ്തികകളില്‍പ്പോലും ഇപ്പോള്‍ തൊഴിലെടുക്കുന്നുണ്ട്. പല തൊഴിലുകളും പഠിച്ചെടുത്തു. പല തസ്തികകളിലും കയറിക്കൂടി. വിദേശികളില്‍ നിന്നും ഇഖാമ പുതുക്കുമ്പോള്‍ ഈടാക്കുന്ന തുകപോലും സഊദിയില്‍ പൗരന്‍മാരുടെ സാങ്കേതിക പഠനത്തിനും മറ്റുമായി അധികൃതര്‍ നീക്കിവെക്കുന്നു. മലയാളികള്‍ കൂടുതലായി അന്നം തിരയുന്ന ബഗാല, കഫ്ത്തീരിയ, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മൊബൈല്‍ ഷോപ്പുകളിലേക്കും അവര്‍ വന്നെത്തി. 55, 119 പരാതികളാണ് ഗള്‍ഫ് പ്രതിസന്ധിയുടെ ഫലമായി മൂന്നു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ പകുതിയും സഊദിയില്‍ നിന്നും ഖത്തറില്‍ നിന്നുമാണ്. രാജ്യങ്ങള്‍ മാറുന്നുവെന്നേയുള്ളൂ. മറ്റിടങ്ങളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. ചെറിയ ഭേദഗതികളുണ്ടാകാം. എങ്കിലും പ്രവാസത്തിന്റെ സാധ്യതാ വാതിലുകള്‍ അവിടെയും അടയുകയാണ്. നിര്‍മാണക്കമ്പനികളില്‍ മാത്രമെ പ്രതിസന്ധിയുള്ളൂവെന്നാണ് വെപ്പ്. ശമ്പളം മുടങ്ങിയതും ജോലിയില്‍ നിന്ന് തിരിച്ചയക്കപ്പെടുന്നതും ഇവിടെ മാത്രമല്ല. അതിപ്പോള്‍ തുടങ്ങിയതുമല്ല. ചില കഥകള്‍ കേട്ടോളൂ.

2 അഭിപ്രായങ്ങൾ:

  1. ഓണം വന്നാലും
    ഉണ്ണി പിറന്നാലും
    കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പ്രവാസികളുടെ പുനരധിവാസം എത്രയും വേഗം പരിഹരിക്കട്ടെ എന്ന ആശംസകളോടെ...

    മറുപടിഇല്ലാതാക്കൂ