3/6/10

കഥ മോഷണം:`കഥ തുടരുന്നു'വിന്റെ പ്രദര്‍ശനം തടയണം




ത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയുടെ കഥക്ക്‌ മഴതോരാതെ എന്ന തന്റെ നോവലിന്റെ പ്രമേയവുമായി വളരെ സാമ്യമുണ്ടെന്ന്‌ നോവലിസ്റ്റും പത്ര പ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നോവല്‍ 2003ല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വന്നതാണ്‌. 2005 സെപ്‌തംബറില്‍ കോഴിക്കോട്‌ പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള തൃശൂര്‍ നളന്ദ പബ്ലിക്കേഷന്‍സ്‌ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. എ പി അനില്‍കുമാര്‍ എം എല്‍ എ സാംസ്‌കാരിക മന്ത്രിയായിരിക്കേ വണ്ടൂരില്‍ വെച്ച്‌ അദ്ദേഹമായിരുന്നു നോവലിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. പ്രശസ്‌ത കഥാകൃത്ത്‌ പി സുരേന്ദ്രനാണ്‌ നോവല്‍ ഏറ്റുവാങ്ങിയത്‌.


വിഷയം സിനിമാ നിര്‍മാതാവായ തങ്കച്ചന്‍ ഇമ്മാനുവലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം ഡയറക്‌ടറായ സത്യന്‍ അന്തിക്കാടുമായി സംസാരിച്ച ശേഷം എന്നെ വിളിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരുനടപടിയുമുണ്ടായിട്ടില്ല. ഇതോടെ നടന്നത്‌ കഥാമോഷണമാണെന്ന എന്റെ സംശയങ്ങള്‍ സത്യമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.
ഒരു യാഥാസ്ഥിക മുസ്‌ലിം കുടുംബത്തിലെ നസീമ എന്ന പെണ്‍കുട്ടിയുടേയും അവരുടെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ അധ്യാപകനായെത്തുന്ന പ്രസാദ്‌ മാഷിന്റെയും വിജാതീയ വിവാഹമാണ്‌ നോവലിന്റെ ഇതിവൃത്തത്തെ സംഘര്‍ഷഭരിതമാക്കുന്നത്‌. പ്രസാദ്‌മാഷ്‌ ഒരു അപകടത്തില്‍ മരിക്കുമ്പോള്‍ സിനിമയില്‍ ക്വട്ടേഷന്‍ സംഘം ആളുമാറി കഥാനായകനെ കൊലപ്പെടുത്തുകയാണ.്‌ നോവലില്‍ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെടുന്ന ഗര്‍ഭിണിയായ നസീമയുടെ അലച്ചിലിന്റേയും ഒറ്റപ്പെടലിന്റേയും കഥപറയുന്നു. സിനിമയില്‍ ഒരുകുഞ്ഞിന്റെ അമ്മയായ ശേഷമുള്ള കഥാ നായികയുടെ ദുരിതങ്ങള്‍ പറയുന്നു.


സിനിമയില്‍ ചേരി നിവാസികള്‍ നായികക്ക്‌ തുണയാകുമ്പോള്‍ നോവലിലെ നായികക്ക്‌ ദൂരെയുള്ള ഒരുവീട്ടുകാരും ഊര്‍മ്മിളയെന്ന പെണ്‍കുട്ടിയുമാണ്‌ അഭയമേകുന്നത്‌. സിനിമയില്‍ കോളനി വാസികള്‍ അവളെ ഡോക്‌ടറാക്കാന്‍ വേണ്ടതുചെയ്യുമ്പോള്‍ നോവലില്‍ ഊര്‍മിളയും മറ്റുള്ളവരും ചേര്‍ന്ന്‌ അവളെ ടീച്ചറാക്കുന്നു. പ്രസവംവരെ അവരുടെ ചെലവിലാണ്‌ നടക്കുന്നത്‌. ആ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നസീമയും കുഞ്ഞും ഏറെ പ്രിയപ്പെട്ടവരായി മാറുന്നുണ്ട്‌.
2003ല്‍ പുറത്തുവരികയും 2005ല്‍ പുസ്‌തകമായി വിപണിയിലെത്തുകയും ചെയ്‌ത ഈ നോവല്‍ ഇന്ത്യയിലെ പ്രമുഖ പുസ്‌തകശാലകളിലൂടെ ലഭ്യമായിരുന്നു. ഇപ്പോഴും ലഭ്യവുമാണ്‌. അതുപോലൊരു കഥ 2010ല്‍ സിനിമയായി പുറത്തുവരുമ്പോള്‍ കഥാ ചോരണത്തിനുള്ള സാധ്യതകള്‍ ഊഹിക്കാമല്ലോ... എഴുത്തുകാരന്റെ അനുവാദത്തോടെ നോവല്‍ സിനിമാ രൂപം പ്രാപിക്കുമ്പോള്‍ പോലും നോവലില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥത പുലര്‍ത്താറുണ്ട്‌. എഴുത്തിന്റെ ഭാഷയെ ദൃശ്യവത്‌കരിക്കുമ്പോള്‍ അതങ്ങനെയെ സാധിക്കൂ. എന്നതുപോലെ ഇവിടെയും കഥാ സന്ദര്‍ഭവും പശ്ചാത്തലവും ഒക്കെ മാറുന്നുണ്ട്‌. പുതിയ കഥാപാത്രവും സന്ദര്‍ഭങ്ങളും കടന്നുവരുന്നുമുണ്ട്‌. എങ്കിലും കഥതുടരുന്നു എന്ന സിനിമയുടെ പ്രമേയവും എന്റെ നോവലിന്റെ ജീവനും ഒന്നു തന്നെയാണ്‌.


നോവലില്‍ നായികയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്‌നേഹത്തോടെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോകാനെത്തുമ്പോള്‍ നസീമ എതിര്‍ക്കുന്നില്ല. ഭര്‍തൃവീട്ടുകാരുടെ ഇഷ്‌ടത്തിനൊത്ത്‌ കുഞ്ഞിനെ വളര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രശ്‌നം സൃഷ്‌ടിക്കാന്‍ ഒടുവില്‍ നസീമയുടെ പിതാവും കഥയിലെത്തുന്നുണ്ട്‌. അയാള്‍ വരുന്നത്‌ കുഞ്ഞിനേയും മകളേയും കൂട്ടികൊണ്ടുപോകാനാണ്‌. അവിടെയാണ്‌ നോവല്‍ വായനക്കാരന്റെ മനസ്സില്‍ ചിലചോദ്യങ്ങള്‍ അവശേഷിപ്പിച്ച്‌ അവസാനിപ്പിക്കുന്നത്‌. അവിടെയാണ്‌ മഴതോരാതെ എന്നപേരും അര്‍ഥവത്താകുന്നത്‌. കഥതുടരുന്നു, മഴതോരാതെ...പേരില്‍പോലും ഒരുസാമ്യം തോന്നുന്നു.


നോവലില്‍ നായികയുടെ പിതാവ്‌ കുഞ്ഞിനെ കണ്ടുമുട്ടുമ്പോള്‍ സിനിമയില്‍ നായകന്റെ ഉമ്മയാണ്‌ കാണുന്നത്‌. നോവലില്‍ നായകന്റെ അമ്മ കുഞ്ഞിനെ സ്വീകരിക്കാനെത്തുമ്പോള്‍ പറയുന്നുണ്ട്‌. ഞങ്ങളിനി ഇവനിലൂടെയാണ്‌ എന്റെ മോനെ കാണുന്നത്‌. സമാനമായ സംഭാഷണം സിനിമയിലും ആ ഉമ്മ നടത്തുന്നുണ്ട്‌.


കഥാനായകന്റെ മരണാനന്തരം മൃതദേഹം അടക്കുന്നതിനെചൊല്ലി നോവലില്‍ സംഘര്‍ഷമുണ്ടാകുന്നുണ്ട്‌. സമാനമായ ഒരുരംഗം സിനിമയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇങ്ങനെ എന്റെ നോവലിന്റെ മര്‍മ പ്രധാനമായ പലഭാഗങ്ങളും സിനിമയില്‍ ചില്ലറ മാറ്റങ്ങളോടെ കടന്ന്‌ വരുന്നുണ്ട്‌. എന്നാല്‍ പെട്ടന്ന്‌ മോഷണമാണെന്ന്‌ തിരിച്ചറിയാതിരിക്കാനുള്ള മായാജാലം നടത്തിയത്‌ ബോധപൂര്‍വമാണെന്നും ഞാന്‍ സംശയിക്കുന്നു. പരിചയ സമ്പന്നനായ ഒരു ചലച്ചിത്രകാരന്‌ അതിന്‌ സാധിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. സത്യന്‍ അന്തിക്കാടിനെപോലുള്ള ഒരാള്‍ ഇങ്ങനെ ചെയ്‌തതില്‍ വിഷമമുണ്ട്‌. എന്റെ അറിവോ സമ്മതമോ ഇല്ലാതെ നോവലിന്റെ ആശയം സിനിമക്ക്‌ ഉപയോഗിച്ചതോടെ എന്റെ നോവല്‍ ഹോം സിനിമയാക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ സിനിമയുടെ പ്രദര്‍ശനം തടയണം. ഇതിനുത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹംസ ആലുങ്ങല്‍ ആവശ്യപ്പെട്ടു.

2 അഭിപ്രായങ്ങൾ: