2/9/10

രക്തജന്യരോഗം: ചികിത്സയില്ലാതെ കേരളം; മഴയെത്തുംമുമ്പേ കൊഴിഞ്ഞുവീഴുന്നത്‌ ആയിരങ്ങള്‍


കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത്‌ മലബാറിലാണ്‌. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ രംഗത്തെ അഭയ കേന്ദ്രമായ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും ലുക്കീമിയ ഒഴികെ മറ്റു അസുഖങ്ങള്‍ക്ക്‌ ചികിത്സയില്ല. വിദഗ്‌ധ ഡോക്‌ടര്‍മാരില്ല, ആവശ്യത്തിന്‌ മരുന്നില്ല. ലുക്കീമിയക്കോ ഫലപ്രദമായ തരത്തില്‍ പരിചരണം ലഭിക്കുന്നുമില്ല. 


ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌. 


തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചറിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌. എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം.

ഇതെല്ലാം ചികിത്സ പിഴക്കാനിടയാക്കുന്നു. അശാസ്‌ത്രീയമായ സംവിധാനം മൂലം അണു ബാധയേല്‍ക്കുന്നു. എയ്‌ഡ്‌സ്‌ ബാധിതരേക്കാള്‍ 200 ശതമാനത്തോളം പ്രതിരോധ ശേഷി കുറവായ ഇവരുടെ മരണം നേരത്തെയാവാന്‍ ഇതെല്ലാം കാരണമാകുന്നതായും ബന്ധുക്കള്‍ചൂണ്ടിക്കാണിക്കുന്നു. ഇത്‌ ശരിവെക്കുകയാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ 1997 മുതല്‍ 2006 വരെ ഓങ്കോളജി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ: നാരായണന്‍ കുട്ടി വാര്യര്‍. ??


ലുക്കീമിയ ബാധിതരായ കുഞ്ഞുങ്ങളുടെയും രക്തജന്യ രോഗികളുടേയും ചികിത്സ തുടക്കം പിഴച്ചാല്‍ പിന്നെ പ്രയോജനമില്ല. പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരുടെ പരിചരണവും ആധുനിക ചികിത്സാസൗകര്യവും നിര്‍ബന്ധമാണ്‌. ചികിത്സ തുടക്കം പിഴച്ച കുഞ്ഞുങ്ങള്‍ അധികകാലം ജീവിച്ചിരിക്കാനോ സാധ്യത കുറവുമാണ്‌. ഇതില്ലാതാക്കാന്‍ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ മാത്രം പോര.എല്ലാ സൗകര്യങ്ങളോടും കൂടിയ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റുമാത്രമെ പരിഹാരമുള്ളൂ. അദ്ദേഹം പറയുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ലുക്കീമിയ മരണങ്ങളും ഇന്‍ഫെക്‌ഷന്‍ മൂലമാണെന്നാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതരുടെ വിശദീകരണം. അതുപോലെയേ ഇവിടെയും നടക്കുന്നുള്ളുവെന്നാണ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്‌ ഡോ: അഷ്‌റഫ്‌ പറയുന്നത്‌. 

അണുബാധാ ചികിത്സയില്‍ പ്രാവീണ്യം നേടിയ ഡോക്‌ടര്‍മാരുടെ അഭാവം തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്‌. അണുബാധ ഏറ്റാല്‍ തിരിച്ചറിയാനോ ഇവര്‍ക്ക്‌ എന്തു ചികിത്സ നല്‍കണമെന്ന്‌ നിശ്ചയിക്കാനോ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ക്കറിയില്ല. സാധാരണ മരുന്നുകളല്ല ഇവര്‍ക്ക്‌ നല്‍കേണ്ടത്‌. അണുബാധയേല്‍ക്കുന്നവരിലുണ്ടാകുന്ന ആദ്യപനിയുടെ ഒരുമണിക്കൂറിനുള്ളില്‍ ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിയാല്‍ രോഗി രക്ഷപ്പെടും. എന്നാല്‍ ഇതു തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സ വൈകുന്നതുമാണ്‌ പ്രശ്‌നങ്ങള്‍ക്കുകാരണമെന്നും ഡോ: നാരായണന്‍കുട്ടി വാര്യര്‍ വ്യക്തമാക്കുന്നു.


 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ അണുബാധയെ കുറിച്ച്‌ കുസുമകുമാരി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒറ്റ നിര്‍ദേശങ്ങളും ഇതുവരെ നടപ്പാക്കുകയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2003 ജൂണിലായിരുന്നു ഇവിടെ 25 കുട്ടികള്‍ക്ക്‌ അണുബാധയേറ്റത്‌. അഞ്ചു കുട്ടികള്‍ മരിച്ചു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തിരുവനന്തപുരം ആര്‍ സി സിയിലെ ഡോ: കുസുമ കുമാരിയെ കമ്മീഷനായി നിയമിച്ചത്‌. അവര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും ഫലം ഉണ്ടായില്ലന്ന്‌ മാത്രം.


കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌1989ല്‍ ഐക്യരാഷ്‌ട്ര സഭ അവതരിപ്പിച്ച പ്രമേയത്തെ ആഗോള തലത്തിലെ ആധികാരിക രേഖയായാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യയും 1992ല്‍ ഈപ്രമേയത്തെ അംഗീകരിച്ചിട്ടുണ്ട്‌. കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള അവകാശം എന്നാല്‍ കേവലം ഭക്ഷണത്തിനും മരുന്നിനുമുള്ള അവകാശമല്ല. ഉന്നത നിലവാരമുള്ള ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ കുട്ടിയുടെ അവകാശമാണ്‌. ഭരണകൂടം ഇവിടെ രക്ഷകരാകണം. അപൂര്‍ണതകളെ അങ്ങനെ നാം പൂരിപ്പിക്കാന്‍ ശ്രമിക്കണം, എന്നൊക്കെയാണ്‌ ഈ പ്രമേയത്തില്‍ അടിവരയിട്ട്‌ പറയുന്നത്‌. എന്നാല്‍ ഇവിടെ ഭരണകൂടം പലപ്പോഴും ശിക്ഷകരായി തീരുന്നില്ലേ..? 

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ അണുബാധാ മരണങ്ങളുണ്ടായത്‌. അന്താരാഷ്‌ട്ര പ്രഖ്യാപനങ്ങളേയും നിയമങ്ങളേയും കാറ്റില്‍പ്പറത്തിയപ്പോഴുണ്ടായ ശിശുഹത്യകളായിരുന്നു അത്‌. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കണമെന്നും പ്രമേയം ഊന്നിപ്പറയുന്നു. 
സംരക്ഷണത്തിനും ചികിത്സക്കുമായി ഏല്‍പ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ കാലാകാലങ്ങളില്‍ പരിശോധിക്കപ്പെടണമെന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു.

ചികിത്സയിലെ പിഴവ്‌മൂലം രോഗിമരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്നാണ്‌ സുപ്രീം കോടതി വിധി. ശാരീരിക വൈകല്യം സംഭവിച്ചാല്‍ 30,000 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കണം. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ സമര്‍ഥമായി കൈകഴുകുന്നു. കുഞ്ഞുങ്ങളുടെ അസുഖത്തിന്റെ ഭീകരാവസ്ഥയെ ചൂണ്ടി അവര്‍ രക്ഷപ്പെടുന്നു. പ്രബലമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ബന്ധുക്കള്‍ വിജയിക്കാറുമില്ല. അതുകൊണ്ടു തന്നെ ഈകുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക്‌ നഷ്‌ടപരിഹാരവും ലഭിക്കുന്നില്ല. 

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ പത്തു ശതമാനവും ഹെമറ്റോളജി, ഓങ്കോളജി കേസുകളാണ്‌. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇവിടെ ഈ വിഭാഗങ്ങളിലായി 59,74,24 കുട്ടികളാണ്‌ ചികിത്സ തേടിയെത്തിയത്‌.

2003ല്‍ 155903 കേസുകളും 2004ല്‍ 1556292 ഉം 2005ല്‍ 125024ഉം 2006ല്‍ 160868 കേസുകളും ഇവിടെ എത്തി. ലുക്കീമിയ വാര്‍ഡില്‍ മാത്രം പ്രതിദിനം 40 കേസുകളെങ്കിലും എത്തുന്നുണ്ട്‌. ഓരോ വര്‍ഷവും പത്തു ശതമാനം മുതല്‍ ഇരുപത്‌ ശതമാനം വരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇവരില്‍ സംതൃപ്‌തമായ ചികിത്സ ലഭിച്ചവര്‍ വിരളം. ജീവിതത്തിലേക്ക്‌ തിരിച്ചുനടന്നവരും കുറവ്‌. ഇതിന്‌ ആശുപത്രി ജീവനക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. സൗകര്യങ്ങളുടെ അപര്യാപ്‌തത തന്നെയാണ്‌ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌. സര്‍ക്കാറിന്റെ അനാസ്ഥക്കുമുണ്ട്‌ രണ്ടാം സ്ഥാനം.
 
അസുഖം നേരത്തെ നിര്‍ണയിക്കപ്പെടുകയും വിദഗ്‌ധ ചികിത്സ ലഭ്യമാക്കുകയും ചെയ്‌താല്‍ പല രക്തവൈകല്യ രോഗങ്ങള്‍ക്കും ഇന്ന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. എണ്‍പത്‌ ശതമാനം അര്‍ബുദരോഗങ്ങള്‍ക്കുമുണ്ട്‌ ചികിത്സ. തലാസീമിയ രോഗികള്‍ക്ക്‌ 40 വയസ്സുവരെ ഗുരുതര പ്രശ്‌നങ്ങളില്ലാതെ ജീവിക്കാനാകുമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഹീമോഫീലിയ ബാധിതര്‍ക്ക്‌ ഇതിനേക്കാള്‍ ആയുസുണ്ട്‌.
 
എന്നാല്‍ കേരളത്തില്‍ പലപ്പോഴും ഇവരുടെയെല്ലാം ആയുസ്‌ 15ല്‍ കുറുകുന്നു. ചികിത്സയുടെ അഭാവത്തിലേക്കും അധികൃതരുടെ അനാസ്ഥയിലേക്കുമാണിത്‌ വിരല്‍ചൂണ്ടുന്നത്‌. എന്നാല്‍ ഇതില്‍ അധികൃതര്‍ക്കു പരിഭ്രമം പോലുമില്ല. കാന്‍സര്‍ പോലുള്ള മാരകരോഗം ഇങ്ങനെയൊക്കെയേ കലാശിക്കൂ എന്ന നിലപാടാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌. പൊതുജനവും ചികിത്സകൊണ്ട്‌ ഫലമില്ലെന്ന മുന്‍വിധിയോടെ മാത്രമാണ്‌ കാര്യങ്ങളെ കാണുന്നത്‌.


 എന്നാല്‍ രക്തജന്യരോഗികളുടെ ചികിത്സക്കായി പ്രത്യേക യൂണിറ്റും വാര്‍ഡും അനുവദിക്കാമെന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ അധികൃതര്‍ ഉറപ്പു നല്‍കിയതാണ്‌. അതിനുള്ള പ്ലാനും എസ്റ്റിമേറ്റും ഒരുങ്ങി. എന്നിട്ടും യൂണിറ്റും വാര്‍ഡും മാത്രമുണ്ടായില്ല. ഹൈക്കോടതി പോലും അധികൃത നിലപാടിനെ വിമര്‍ശിച്ചു. മൂന്നുമാസത്തിനുള്ളില്‍ യൂണിറ്റും വാര്‍ഡും നിര്‍മിക്കണമെന്നും വിധിച്ചു. ആ ഉത്തരവിനെപോലും കാറ്റില്‍ പറത്തുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ