4/2/10

കൂടുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം


കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ പാലക്കാട്‌ മലമ്പുഴയിലും മിനിഞ്ഞാന്ന്‌ കണ്ണൂരിലെ കാടാച്ചിറയിലും ഉണ്ടായ സംഭവങ്ങളാണ്‌ ഇതില്‍ ഒടുവിലെത്തേത്‌. രണ്ട്‌ കുഞ്ഞുങ്ങളെ ഡാമിലെറിഞ്ഞ്‌ ജീവനൊടുക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു പാലക്കാട്‌ മേപ്പറമ്പ്‌ വാര്യം പറമ്പിലെ ദിലീഷിന്റെ ഭാര്യ നളിനി. ഭര്‍ത്താവിന്റെ മദ്യപാനമാണെത്രെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. നളിനിയും ഇളയകുഞ്ഞും മരിച്ചു. കാടാച്ചിറയിലെ പൊതുവാച്ചേരി സജിനാ നിവാസില്‍ സനല്‍കുമാറിന്റെ ഭാര്യ ബിന്ദു(26)വിനേയും ഏകമകള്‍ ശ്രീനന്ദ(2)യേയുമാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വയറ്റില്‍ മുഴകണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മരണത്തിലാണ്‌ രണ്ടുവയസുകാരിയായ മകളെയും ഇവര്‍ കൂടെക്കൂട്ടിയത്‌. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനവുമായി 2010ലെ ആദ്യമാസം തന്നെ കഴിഞ്ഞ വര്‍ഷങ്ങളെ പിന്നിലാക്കുകയാണ്‌. ഇത്‌ ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്‌. ഒരാഴ്‌ച മുമ്പാണ്‌ കരുവാരകുണ്ടിലെ വീട്ടുകിണറ്റില്‍ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പുതിയ പ്രഭാതങ്ങളിലും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. 2004ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കുടുംബ ആത്മഹത്യകളില്‍ ഉള്‍പ്പെട്ട 46 കുഞ്ഞുങ്ങളേയും അമ്മമാര്‍ കൊലപ്പെടുത്തുകയായിരുന്നു. 2007ലെ 72 കൂട്ട മരണങ്ങളില്‍ 63കുട്ടികളേയും മാതാപിതാക്കളായിരുന്നു കൊലപ്പെടുത്തിയത്‌. ശേഷം അവരും ആത്മഹത്യ ചെയ്‌തു. 2008ല്‍ 92 കേസുകളുടെ സ്ഥിതിയും ഇതുതന്നെ.2008ലെ ആദ്യ നാലുമാസത്തിനിടെ സംസ്ഥാനത്തെ അമ്മമാരും ബന്ധുക്കളും മാത്രം കൊന്നുതള്ളിയത്‌ 45 കുഞ്ഞുങ്ങളെയാണ്‌. അമ്മമാര്‍ തന്നെ വിഷം കൊടുത്തും മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയും 2008ല്‍ ഇരുപത്‌ കുഞ്ഞുങ്ങളുടെ ജീവിതമാണ്‌ കുരുതികഴിച്ചത്‌. ഇവര്‍ക്കെല്ലാം ന്യായത്തിനുവേണ്ടിയെങ്കിലും പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. കുടുംബ കലഹം. എന്നാല്‍ ഈ കാലയളവില്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാത്രം അറസ്റ്റിലായത്‌ ഇരുപത്‌ അമ്മമാരാണ്‌. അവിഹിത ഗര്‍ഭങ്ങളായിരുന്നു ഇവക്കുള്ള കാരണങ്ങള്‍. മാലിന്യകൂമ്പാരങ്ങളില്‍ നിന്നും പൊട്ടകിണറ്റില്‍ നിന്നെല്ലാം ഉറുമ്പരിച്ചും പട്ടിക്കടിച്ചും ലഭിക്കുന്ന കുരുന്നുകളുടെ ചേതനയറ്റ ശരീരങ്ങള്‍ക്കു പിന്നിലും അവിഹിത ഗര്‍ഭങ്ങളുടെ കഥകള്‍ തന്നെയാണ്‌ ഏറെയും. എന്നാല്‍ അണു കുടുംബവുമായി ജീവിക്കുന്നവരിലെ സ്‌ത്രീകളാണ്‌ ഇപ്പോള്‍ ഏറെയും കുഞ്ഞുങ്ങളെകൊല്ലുന്നത്‌. ഇതാണ്‌ സാമൂഹിക പ്രവര്‍ത്തകരെയും മറ്റും ഞെട്ടിച്ചിരിക്കുന്നത്‌.സമാധാനത്തിന്റെ അഭയമായിരുന്ന കേരളീയ കുടുംബങ്ങളിലെ പൊട്ടിത്തെറികളുടെ എണ്ണം ഭീകരാമാംവിധം ഉയര്‍ന്നതിന്റെ സൂചനകളിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.നൂറുവീടുകളില്‍ 32 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത്‌ ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായിമാറുകയാണ്‌. പല പൊട്ടിത്തെറിയുടെയും കാരണം ഭര്‍ത്താക്കന്‍മാരുടെ മദ്യപാനമാണ്‌. സ്‌ത്രീധന പീഡനവും സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം വില്ലനായി കടന്നുവരുന്നുമുണ്ട്‌. ഭര്‍ത്താവിനോടൊ കുടുംബാഗങ്ങളോടൊ ഉള്ള അരിശം തീര്‍ക്കുന്നവര്‍ക്ക്‌ മുമ്പില്‍ അരിഞ്ഞുവീഴ്‌ത്താന്‍ ഇരകളായി തീരുകയാണ്‌ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍. ഭര്‍തൃ പീഡനങ്ങള്‍ ദുസഹമാവുമ്പോഴാണ്‌ പലവീട്ടമ്മമാരും കുഞ്ഞുങ്ങളുമൊരുമിച്ച്‌ കിണറ്റില്‍ ചാടിയോ ട്രെയിനിനു മുന്നില്‍ തലവെച്ചോ ജീവിതത്തെ തോല്‍പ്പിക്കുന്നത്‌. തങ്ങളുടെ കാലശേഷം മക്കള്‍ അനാഥമാകുമെന്ന ഭീതിയും അവര്‍ ആര്‍ക്കും ഭാരമാകരുതെന്ന ചിന്തയുമാണ്‌ അമ്മമാരെ കുഞ്ഞുങ്ങളേയും ആത്മഹത്യയിലേക്ക്‌ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇതേകുറിച്ച്‌ ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്‌കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ല.

4 അഭിപ്രായങ്ങൾ:

  1. ഇതേകുറിച്ച്‌ ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്‌കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ല.

    മറുപടിഇല്ലാതാക്കൂ
  2. അതെ,
    ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്..

    ആവര്‍ത്തിക്കാതിരിക്കട്ടെ..
    ആവര്‍ത്തിക്കാന്‍ പാടില്ലാത്തതൊന്നും..

    ഹംസ,
    തുടരുക..
    ഭാവുകങ്ങള്‍..

    താങ്ങളുടെ കഥകളും പ്രതീക്ഷിച്ചോട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കില്‍ വായിക്കാന്‍ സുഖമായിരുന്നു.!!

    മറുപടിഇല്ലാതാക്കൂ
  4. എനിക്ക് തോന്നുന്നത് എല്ലാത്തിന്റെയും മൂല കാരണം മദ്യം ആണെന്നാണ്. തിന്മയുടെ മാതാവായ മദ്യം കേരളീയ സമൂഹത്തെ എത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു എന്നത് ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. ഒരു ദിവസം ചിലവഴിക്കപ്പെടുന്ന മദ്യം , ഒരു ദിവസത്തെ കേരളത്തിലെ കുടിനീരായി മാറിയിരുന്നെങ്കില്‍ ശുദ്ധജല ക്ഷാമം പരിഹരിക്കപ്പെട്ടെനെ എന്ന് ഞാന്‍ അല്പം അതിശയോക്തിയോടെ പറയുന്നു.
    ഇതിനു എന്റെ വക ഒരു അടിക്കുറിപ്പ്

    ഇവിടെ വായിക്കാം..

    മറുപടിഇല്ലാതാക്കൂ