17/1/14

സീതിക്കോയയുടെ ഉമ്മാ മാപ്പ് memmoreis



ഫറോക്കിനടുത്ത കരുവന്‍തുരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു എന്റെ ദര്‍സ് പഠനകാലം. ഓടിട്ടതെങ്കിലും പുരാതനമായ മന്ന് നിലകെട്ടിടമായിരുന്നു പള്ളി. അതിനു ചുറ്റും നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്നു. അടുത്ത് തന്നെ തലമുറകള്‍ അന്ത്യനിദ്രകൊള്ളുന്ന പള്ളിശ്മശാനം. പകല്‍ സമയങ്ങളില്‍പ്പോലും പള്ളിക്കകത്ത് ഒറ്റക്കിരിക്കാന്‍ ഭയം തോന്നും. ഒരുള്‍ഭയം എപ്പോഴും ചെറിയ കുട്ടികളായ ഞങ്ങളെ ഗ്രസിച്ചു. 
ദര്‍സില്‍ ഇരുപതോളം കുട്ടികള്‍. ഞങ്ങള്‍ നാലുപേര് മാത്രമായിരുന്നു കന്നിക്കാര്‍. ഞാന്‍, പള്ളി മുഅദ്ദിനിന്റെ മകന്‍ ആക്കോട്ടുകാരന്‍ അഹമ്മദ് കുട്ടി, എടക്കര ചെമ്മന്തട്ടയിലെ മൂസാന്‍, വടപുറത്തെ സീതിക്കോയ. ഞാനും അഹമ്മദ് കുട്ടിയുമായിരുന്നു പ്രായത്തില്‍ ചെറുപ്പം. 
ഉച്ചക്ക് കായല്‍ക്കടവത്തെ വീട്ടിലായിരുന്നു എനിക്ക് ഭക്ഷണം. കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരനായിരുന്നു ആ വീട്ടുകാരന്‍. അദ്ദേഹം ആഴ്ചയിലെ വീട്ടില്‍ വരൂ. വീട്ടില്‍ ഭാര്യയും മൂന്ന് മക്കളും. നല്ല സ്‌നേഹമുള്ള മനുഷ്യര്‍. ധാരാളം സംസാരിക്കും. അവരുടെ ഉപ്പ വരുന്ന ദിവസം വീട്ടില്‍ ഒരു പെരുന്നാള്‍ തന്നെയായിരുന്നു. നല്ല തമാശകള്‍ പറയും അദ്ദേഹം. ഭാര്യയും മക്കളും കൂടെക്കൂടും. അന്ന് വളരെ വൈകിയേ പള്ളിയിലെത്തൂ. അത്രയും രുചികരമായ ഭക്ഷണം ഞാന്‍ ആദ്യമായി കഴിക്കുന്നത് അവിടെ നിന്നാണ്. 
പേര് പോലും ഓര്‍മയില്ലാത്ത പല വിഭവങ്ങളും കാണുന്നതും കഴിക്കുന്നതും അവിടെ നിന്ന് തന്നെ. ആ ഉമ്മയുണ്ടാക്കിയ നെയ്‌ച്ചോറിന്റെയും മീന്‍കറികളുടെയും വെളുത്തുള്ള അച്ചാറിന്റേയും രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്. 
രാത്രിയില്‍ പള്ളിക്കടുത്തുള്ള ഒരു വീട്ടിലായിരുന്നു അത്താഴം. അവിടെ ഒരുമ്മയും മരുമകളും മാത്രം. മകന്‍ ഗള്‍ഫില്‍. അവര്‍ കൂടുതല്‍ ചോദിക്കുകയോ വര്‍ത്തമാനം പറയുകയോ ഇല്ല. വല്ലതും പറയുന്നതും ആ ഉമ്മ മാത്രമായിരുന്നു. ഒരു വര്‍ഷം എനിക്കാ വീട്ടിലെ മരുമകള്‍ ഭക്ഷണം വിളമ്പി തന്നിട്ടും ഒരിക്കല്‍പോലും  ഞാന്‍ അവരുടെ മുഖം കണ്ടില്ലെന്നതാണ് രസകരം. ശബ്ദവും കേട്ടില്ല. കേട്ടത് ആ വളകിലുക്കം മാത്രം. പദനിസ്വനം മാത്രം. അറിഞ്ഞത് അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി മാത്രം. അവസാന ദിവസം യാത്ര ചോദിക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വീട്ടിലേക്കും പോയിരുന്നു. വല്ലാത്തൊരു നഷ്ടബോധം തോന്നി. അവര്‍ക്കെന്ത് പ്രായം വരുമെന്ന് കൂടി എനിക്കറിയില്ലായിരുന്നു. 
കായല്‍ക്കടവില്‍ കടത്തുതോണിയുണ്ടായിരുന്നു. അത്രയും വലിയ കായലും പുഴയും (ഫറോക്ക് പുഴ) ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എനിക്കതെല്ലാം അത്ഭുതമായി. കായലിനക്കരെ ചാലിയമാണ്. ബേപ്പൂര്‍ തുറമുഖം കാണാനും കടല്‍ക്കരയില്‍ കാറ്റേറ്റിരിക്കാനും കടത്തുതോണി കടന്ന് ഞങ്ങള്‍ പോകാറുണ്ടായിരുന്നു. ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് യാത്ര. അതും ഹൃദ്യവും ആദ്യാനുഭവവുമായിരുന്നു. കടല്‍കാണുന്നതും കരുവന്‍ തിരുത്തിയില്‍ വന്നശേഷമാണ്. 
രണ്ടാഴ്ചയിലൊരിക്കലായിരുന്നു വീട്ടിലേക്ക് പോയിരുന്നത്.അടിവാരത്തെ അസീസ് മുസ്‌ലിയാര്‍ മാളിയേക്കലിലെ ഷൗക്കത്തും അസ്‌ക്കറും എടക്കരയിലെ ഹമീദുമായിരുന്നു മുതിര്‍ന്ന കുട്ടികള്‍.  
വൃത്തിക്കേടുകളുടെ ആദ്യ പാഠം കേള്‍ക്കുന്നതും  ആ പള്ളിയുടെ അകത്തളങ്ങളില്‍ നിന്ന് തന്നെയായിരുന്നു. മുതിര്‍ന്ന കുട്ടികളായിരുന്നു വഴിപിഴപ്പിക്കാനെത്തിയിരുന്നത്. ഉസ്താദ് വീട്ടിലേക്ക് പോകുന്ന വ്യാഴാഴ്ച രാത്രികളില്‍ അവര്‍ അഴിഞ്ഞാടി. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ഞങ്ങള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ദൗത്യം അടിവാരത്തെ അസീസ് മുസ്‌ലിയാര്‍ ഏറ്റെടുത്തു. പകല്‍ സമയത്ത് ഞങ്ങളെ ഹദീസ് പഠിപ്പിക്കുന്നയാള്‍ പോലും രാത്രിയില്‍ സീതിക്കോയക്കരികിലും അഹമ്മദ് കുട്ടിക്കരികിലും ഊഴം കാത്ത് നിന്നു.  ആദ്യമായി ഞാനൊരു സിനിമ കാണുന്നത് പള്ളി ദര്‍സില്‍ പഠിക്കുമ്പോഴായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങുക. മഞ്ചേരിയില്‍ എത്തിയാല്‍ അന്നത്തെ മാറ്റിനിയും കണ്ടേ വീട്ടിലേക്ക് തിരിക്കൂ. തട്ടാരമുണ്ടയിലെ  ഷംസുദ്ദീനാണ് എന്നെ ആദ്യമായി സിനിമ കാണിക്കാന്‍ കൊണ്ടുപോയത്.  
പിന്നീട് ഈ സിനിമ കാണല്‍ പതിവാക്കി. 

മഞ്ചേരിയില്‍ കളിക്കുന്ന ഏതെങ്കിലുമൊരു സിനിമ കണ്ടേ വീട്ടിലേക്ക് മടങ്ങൂ. തിരികെ മടങ്ങുമ്പോഴും ഒരു സിനിമ പതിവാക്കി.

ഇതിനിടയിലാണ് മറക്കാനാകാത്ത ആ സംഭവം. അതിന്റെ കുറ്റബോധം ഇന്നും മനസ്സില്‍ക്കിടന്ന് പൊള്ളുന്നുണ്ട്. ഒരു വ്യാഴാഴ്ച ദിവസം ഞാനും സീതിക്കോയയും പള്ളിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. രാത്രി മഞ്ചേരിയില്‍ തങ്ങണം. രണ്ടോ മൂന്നോ സിനിമകള്‍ കാണണം. പാണ്ടിക്കാട് റോഡിലെ വലിയ പള്ളിയില്‍പ്പോയി ഉറങ്ങണം. അതിരാവിലെ വീട്ടിലേക്ക് മടങ്ങണം. അതായിരുന്നു പ്ലാന്‍. 
സീതിക്കോയക്ക് മലയാളം എഴുതാനറിയുമായിരുന്നില്ല. കഷ്ടപ്പെട്ട് വായിക്കുകയേയുള്ളൂ. സ്‌കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠനം നിര്‍ത്തിയതായിരുന്നു അവന്‍. അവന്റെ വീട്ടില്‍ നിന്ന് അനിയത്തിയാണ് കത്തെഴുതുക. അതിന് ആരെക്കൊണ്ടെങ്കിലും മറുപടി എഴുതിക്കും. പലപ്പോഴും ആ ദൗത്യം ഏല്‍പ്പിച്ചിരുന്നത് എന്നെയായിരുന്നു. വിവരങ്ങളും വിശേഷങ്ങളും അവന് വേണ്ടി ഞാനായിരുന്നു എഴുതിയിരുന്നത്. വരുന്ന കത്തുകള്‍ വായിച്ച് കൊടുത്തതും ഞാനായിരുന്നു. എന്റെ ഭാഷക്കും കൈപ്പടക്കും നല്ല ആകര്‍ഷകത്വമുണ്ടെന്നായിരുന്നു അവന്റെ കണ്ടെത്തല്‍.  അവന്റെ സഹോദരി അന്ന് നാലിലോ അഞ്ചിലോ ആകണം പഠിച്ചിരുന്നത്. ഈ കത്തെഴുത്തിലൂടെ അവളും എനിക്ക് പെങ്ങളായി. അവന്റെ ഉമ്മ എന്റെയും ഉമ്മയായി. പരസ്പരം കണ്ടില്ലെങ്കിലും ആ കൈപ്പട എനിക്ക് പരിചിതമായി. അവന്റെ ഉമ്മക്കെന്തോ അസുഖമുണ്ടായിരുന്നു. കത്തില്‍ അധികവും ആശുപത്രി വാസത്തെക്കുറിച്ചും മരുന്ന് മണക്കുന്ന വേദനകളെക്കുറിച്ചായിരുന്നു. 
നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്ന വീട്ടില്‍ നിന്നും  പലപ്പോഴും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള പണം തരാറുണ്ട്. വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഉമ്മയും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വണ്ടിക്കൂലി ഒപ്പിച്ച് തരും. ഈ പണമാണ് ഞങ്ങള്‍ സിനിമ കാണാനും മറ്റും ഉപയോഗിച്ചിരുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നു. അന്ന് ഞാനും സീതിക്കോയയും വലിയ ആഹ്ലാദത്തിലായിരുന്നു. മഞ്ചേരി നഗരവും അന്നെന്തോ സമ്മേളനത്തിന്റെ തിരക്കില്‍ അലിഞ്ഞു. വലിയ പ്രകടനവും ബാന്‍ഡ് വാദ്യങ്ങളും നഗരത്തെ പുളകമണിയിച്ചു.  ഈ ആഹ്ലാദങ്ങള്‍ക്കിയിലെപ്പോഴോ സീതിക്കോയ പറഞ്ഞു. 
ഇതെന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണ്.
അതുപോലെ തന്നെ സംഭവിച്ചു. ആ ദിവസത്തിന്റെ ഓര്‍മകള്‍ പിന്നീടെന്നും അവനെ വേട്ടയാടി. എന്നെയും വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്തു. അന്നത്തെ അവിവേകത്തിന് പ്രത്യുപകാരം ചെയ്യാന്‍ ഇന്നെങ്കിലും സീതിക്കോയക്ക് സാധിച്ചിരിക്കുമോ...? 
ബാഗും സാധനങ്ങളും ഒരു ഭാരമായതുകൊണ്ട് അതാദ്യം ക്ലോക്ക് റൂമില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു ഞങ്ങള്‍. പിന്നെ മൂന്ന് സിനിമ കണ്ടു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. രാത്രി ഏറെ വൈകി പള്ളിയില്‍ കിടന്നുറങ്ങി. സുബഹിക്ക് ഞങ്ങളെത്തേടി ഒരാള്‍ പള്ളിയില്‍ വന്നു. ഷൗക്കത്ത്. കൂടെ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥി. പ്രായത്തില്‍ മുതിര്‍ന്നവനെങ്കിലും ഞങ്ങളുമായി നല്ല അടുപ്പമായിരുന്നു. ഞങ്ങളുടെ പ്ലാനുകളൊക്കെ അറിയാവുന്നവന്‍. എനിക്കെന്തോ പരിഭ്രമം തോന്നി. സീതിക്കോയ ബാത്ത് റൂമിലേക്ക് പോയ സമയം ഷൗക്കത്ത് എന്നെ മാറ്റി നിര്‍ത്തി  കാര്യം പറഞ്ഞു. 
നിങ്ങള്‍ പള്ളിയില്‍ നിന്ന് പോന്ന ഉടനെ സീതിക്കോയയുടെ വീട്ടില്‍ നിന്ന് ആള് വന്നിരുന്നു. വീട്ടില്‍ നിങ്ങള്‍ എത്തിയിട്ടില്ലെന്നറിഞ്ഞാണ് ഞാന്‍ വന്നത്. ഇനിക്കറിയായിരുന്നു നിങ്ങളിവിടെ കാണുംന്ന്... ഓന്റെ ഉമ്മ...
ഞാന്‍ തരിച്ചു നിന്നുപോയി. എന്തുപറയണമെന്നറിയാതെ. സീതിക്കോയ അപ്പോഴും കാര്യമറിഞ്ഞിട്ടില്ല. അവനോട് പറയേണ്ടന്നും ഷൗക്കത്ത് പറഞ്ഞു. അവന്‍ അപ്പോഴും ആഹ്ലാദചിത്തനാണ്. 
ക്ലോക്ക് റൂമില്‍ നിന്ന് അവന്റെ സാധനമെടുത്ത് നീ വീട്ടിലേക്ക് പെയ്‌ക്കോ... അവനെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് ചെല്ലട്ടെ. 
എന്നാല്‍ സീതിക്കോയയും ഷൗക്കത്തും വീട്ടിലെത്തുംവരെ ബന്ധുക്കള്‍ കാത്തില്ല. അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒന്ന് കാണാന്‍ കൂടി സീതിക്കോയക്ക് ഭാഗ്യമുണ്ടായില്ല. അപ്പോഴേക്കും രണ്ടട്ടിമണ്ണ് പുതച്ചു കിടപ്പൂ വീടാക്കടമേ മമ ജന്മം  എന്ന ഇടശ്ശേരിക്കവിതപോലെ പള്ളിപ്പറമ്പിലെ ആറടി മണ്ണില്‍ രണ്ടട്ടി മണ്ണ് പുതച്ച് കിടന്നിരുന്നു അവന്റെ ഉമ്മ. വീട്ടില്‍ ഒരു കള്ളവും സീതിക്കോയക്ക് പറയേണ്ടി വന്നു. അവന്‍ എന്റെ വീട്ടില്‍ അതിഥിയായിരുന്നു ഇന്നലെ. അതുകൊണ്ടാണ്...........
ആ നുണ. ഇന്നും അങ്ങനെയാണിരിക്കുന്നത്.
ആ വര്‍ഷം സീതിക്കോയയും അടുത്ത വര്‍ഷം ഞാനും പള്ളി ദര്‍സിനോട് വിട പറഞ്ഞു. പിന്നീട് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം  എന്തോ ആവശ്യത്തിന് വടപുറത്ത് വന്ന് മടങ്ങുമ്പോള്‍ സീതിക്കോയയെക്കുറിച്ചോര്‍ത്തു. ഒന്ന് കാണണമെന്നാഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ ഒരാള്‍ കാണിച്ചു തന്നത് അവനെ തന്നെയായിരുന്നു. രണ്ടു പേര്‍ക്കും ആ കാഴ്ച സര്‍പ്രൈസായിരുന്നു. അവന്റെ മാറിയ മുഖം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വലിയ സന്തോഷമായി ഇരുവര്‍ക്കും. അവനൊരേ നിര്‍ബന്ധം. വീട്ടിലേക്ക് ചെല്ലണമെന്ന്. ഉപ്പയെയും പെങ്ങളെയും കാണണമെന്ന്.


എന്റെ മനസ്സിലുമുണ്ടായിരുന്നുവല്ലോ കുറ്റബോധത്തിന്റെ വലിയ കുരിശുമല. ഞാനന്ന്  വണ്ടൂരിലെ പാരലല്‍ കോളജില്‍ പഠിക്കുന്നുണ്ട്.  
വീട്ടില്‍ അവന്റെ ഉപ്പയുണ്ടായിരുന്നു. സഹോദരിയും. അവര്‍ക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തു സീതിക്കോയ.
ഉമ്മ മരിക്കുമ്പോള്‍ ഞാന്‍ ഇവന്റെ വീട്ടിലായിരുന്നു. 
അപ്പോഴും ആ കള്ളം തന്നെ സീതിക്കോയ ആവര്‍ത്തിച്ചു. എനിക്കാ തെറ്റ് തിരുത്താനുള്ള അവസരം കൂടി അവന്‍ നിഷേധിച്ചു. അവന്റെ സഹോദരി. എന്റെയും കൂടി പെങ്ങളാണെന്ന് കത്തുകളില്‍ അവള്‍ തന്നെ അംഗീകരിച്ചിരുന്നവള്‍. സുന്ദരിയായിരുന്നു. എന്നാല്‍ അവള്‍ മറ്റൊരു ഞെട്ടലാണ് എനിക്ക് സമ്മാനിച്ചത്. ഞാന്‍ മാത്രമല്ല അവളും ഞെട്ടിയിരിക്കുന്നു എന്നെ കണ്ടപ്പോള്‍. അന്നെനിക്ക് ഇരുപത് വയസ്സ്. അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു അവള്‍. എനിക്കവളെ അറിയാമായിരുന്നു. അത് സീതിക്കോയയുടെ അനിയത്തിയായിട്ടല്ല. ബസ് സ്റ്റാന്‍ഡില്‍ നിന്നും എന്നും കാണുന്ന സുന്ദരിക്കുട്ടിയോട് അറിയാതെ മനസ്സില്‍ തോന്നിയ ഒരിഷ്ടം. 
പ്രിയ സുഹൃത്തിന്റെ സഹോദരിയോടാണല്ലോ ആദ്യാനുരാഗം തോന്നിപ്പോയത് എന്നോര്‍ത്താണ് ഞാന്‍ ഞെട്ടിയതും ലജ്ജിച്ചതും. അവളും. 
അന്നു തന്നെ ആ പ്രണയത്തിന് ചരമ ഗീതമെഴുതിയാണ് ഞാന്‍ അവിടെ നിന്നും യാത്ര പറഞ്ഞത്. പിന്നീട് ഞാനൊരിക്കലും സീതിക്കോയയെ കണ്ടിട്ടില്ല. അവന്റെ പെങ്ങളെയും. എങ്കിലും അവന്റെ ഉമ്മ... ഇന്നും ആ കുടുംബത്തോട് അതെക്കുറിച്ച് തുറന്ന് പറയാനാകാത്തതിലെ പ്രയാസം, ഇടക്കിടെ എന്നെ കുത്തി നോവിക്കാറുണ്ട്.

3 അഭിപ്രായങ്ങൾ:

  1. ഉള്ളിലെ നൊമ്പരം നന്നായി അവതരിപ്പിച്ചു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. തുറന്നു പറച്ചിലിൽ തുറന്നു കാണിക്കുന്ന ഒരു മനസ്സ് .... ഇഷ്ടം തുറന്നു പറഞ്ഞു ഒരു ജീവിതം കൊദുക്കാതി രുന്നത് ..? ഒരു പക്ഷെ ..അതാകും ആ തെറ്റിനുള്ള .... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. നിർമ്മലമായ ഒരു ഹ്യദയത്തെ മനൊഹരമായി പകർത്തിയിരിക്കുന്നൂ.

    മറുപടിഇല്ലാതാക്കൂ