22/12/13

എച്ച് ഐ വി കസവിട്ട മംഗല്യപ്പുടവകള്‍




ബദ്‌രിയ്യയില്‍ ഇപ്പോള്‍ 26 ചിത്രശലഭങ്ങള്‍. അവര്‍ ഇനിയും വരും. പൂമ്പാറ്റകളായി പറന്ന് നടന്ന് പുതിയ പൂങ്കാവനം തീര്‍ക്കും. ഈ ശലഭങ്ങളില്‍ നമുക്ക് പ്രതീക്ഷയുണ്ട്. സ്വപ്നങ്ങളുണ്ട്. അത് സാക്ഷാത്കരിക്കപ്പെടണം. ഭാവിയില്‍ അവര്‍ അനേകം ചിത്രശലഭങ്ങള്‍ക്ക് തണലൊരുക്കണം. കാളികാവിലെ ബദ്‌രിയ്യ അറബിക് കോളജില്‍ 26 അനാഥരായ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ആമുഖത്തില്‍ നിന്നാണീ വരികള്‍. പദ്ധതിക്ക് അധികൃതര്‍ നല്‍കിയ പേരാണ് ചിത്രശലഭങ്ങള്‍ എന്നത്. ജീവിതത്തിലൊരിക്കലും പിതാവിനെ കണ്ടിട്ടേയില്ലാത്തവരാണീ കുഞ്ഞുങ്ങളില്‍ ഏറെയും. ഇവര്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ അവര്‍ കടന്നു കളഞ്ഞിരിക്കുന്നു. പിന്നീട് ഇന്നുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല ചിലരെക്കുറിച്ച്. ഒരു മിഠായി പൊതിപോലും ആ കുഞ്ഞുങ്ങള്‍ക്ക് അവരില്‍ നിന്ന് ലഭിച്ചിട്ടുമില്ല. 

കുഞ്ഞു പ്രായത്തില്‍ അനാഥരായ മൂന്നുവയസ്സുകാരി റസിയയും ഫാത്തിമ വാജിദയും ആറു വയസ്സുള്ള ഷംന ഷെറിനും നാലു വയസ്സുകാരികളായ നാജിയ തസ്‌നിയും ആനിയയും നിദയും ഒക്കെയാണ് ഇവിടെയെത്തിയ  ആദ്യ പ്രതിനിധികള്‍. ഒരു വയസ്സു മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ വീടുകളില്‍ ഉമ്മമാര്‍ക്കൊപ്പം  കഴിയുന്നു. ഇവരുടെ സംരക്ഷണത്തിനായി പ്രതിമാസം നിശ്ചിത തുകയാണ് സ്ഥാപനം നല്‍കിവരുന്നത്. അവരുടെ ഉമ്മമാരില്‍ അറുപത് ശതമാനത്തെയും അന്യ നാടുകളില്‍ നിന്ന് വന്നവര്‍ വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടവരോ സംരക്ഷിക്കാന്‍ ആളില്ലാത്തവരോ ആണെന്ന് സ്ഥാപന അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിരാലംബരുടെ 
നിലവിളികള്‍

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറ് ആക്കണമെന്ന വിവാദത്തിന്റെ അലയൊലികള്‍ ഇന്നും ഒടുങ്ങിയിട്ടില്ല. ചര്‍ച്ചകള്‍ വലിയ ബഹളം കൂട്ടിയതല്ലാതെ ഒരു തീരവുമണഞ്ഞിട്ടുമില്ല. പ്രായം നിജപ്പെടുത്തിയാലും ഇല്ലെങ്കിലും ഏറനാട്ടില്‍ പഴയ പല്ലവിക്ക് വലിയ മാറ്റം സംഭവിച്ചുവോ?. ഇല്ലെന്നാണുത്തരം. അതുകൊണ്ട് മാത്രം വിവാഹ കമ്പോളത്തില്‍ വിലയിടഞ്ഞുപോയ ഹതഭാഗ്യരെ ഏറെയും പിന്നെ കൈപ്പിടിക്കാനെത്തിയത് ഊരില്ലാ വരന്‍മാരായിരുന്നു.  പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്ന അവരെ പിന്നെ കണ്ടിട്ടേയില്ല. 
കാലം മാറുന്നതിനനുസരിച്ച് ഇവിടെ കഥകളും മാറുന്നുണ്ട്. പക്ഷേ, ചില  കുടുംബങ്ങളുടെ വിവാഹ ചിത്രങ്ങള്‍ മാത്രം മാറുന്നില്ല. കൊണ്ടാലും കൊണ്ടാലും അവര്‍ പഠിക്കുന്നില്ല. ഇത്തരക്കാരിലൂടെ മുറിവേറ്റ ജീവിതങ്ങള്‍ കാണാന്‍ ഏറനാട്ടിലൂടെ യാത്ര ചെയ്തു. ഓരോ കവലകളിലും നിര്‍ത്തി ഇരകളുടെ കണക്കെടുത്തു. നാട്ടുകാരോടും മഹല്ല് ഭാരവാഹികളോടും സംവദിച്ചു. പലരുടെയും ജീവിതം കണ്ടു അന്ധാളിച്ചു നിന്നു. അവരുടെ പ്രായം ഇരുപതില്‍ തുടങ്ങുന്നു. നാല്‍പതില്‍ ഒടുങ്ങുന്നു. ഓരോ ഇരുനൂറ് മീറ്ററിനുള്ളിലും രണ്ടോ മൂന്നോ ഇരകള്‍ ഉണ്ടിവിടെ. അവരനുഭവിക്കുന്ന സാമൂഹികദുരന്തങ്ങങ്ങളെക്കുറിച്ച് ഇന്നും സമൂഹത്തിന് ബോധ്യം വന്നിട്ടില്ല. അവരെക്കുറിച്ചൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. അവര്‍ക്കൊരു സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്കായി ശബ്ദിക്കാന്‍ ഒരു സംഘടനയും രംഗത്ത് വരുന്നതും കാണുന്നില്ല. അവരെന്താ രണ്ടാം തരം പൗരകളാണോ..?
പലരേയും നിരാശ്രയരാക്കിയതിന് പ്രതിസ്ഥാനത്ത് സമുദായത്തിന്റെയോ ബന്ധുക്കളുടെയോ ജാഗ്രതക്കുറവ് മാത്രമാണ്. പൊന്നിന് വില കൂടുകയും പെണ്ണിന് വില കുറയുകയും ചെയ്യുന്ന പുതു കാലത്തും അവസാനിക്കുന്നില്ല ഇത്തരം മണവാളന്‍മാരുടെ ഒഴുക്ക്.  അവസാനിക്കുന്നുമില്ല അവര്‍ വഴിയാധാരമാക്കിയ ജീവിതങ്ങളുടെ നിലവിളികള്‍. ഇത്തരം വിവാഹങ്ങളില്‍ പത്ത് ശതമാനം പോലും വിജയിക്കാറില്ല. അനാഥത്വം പേറുന്ന തലമുറയും അരക്ഷിതത്വത്തിലേക്ക് കൂപ്പുകുത്തുന്ന സ്ത്രീ സമൂഹവും മാത്രം ബാക്കിയാകുന്ന ഈ പ്രക്രിയ എന്നിട്ടും  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  
ഏറനാട്ടിലെ അനാഥശാലകളുടെ അകത്തളങ്ങളില്‍ എത്തിപ്പെട്ടവരില്‍ ഒരുപാടുണ്ട് ഇത്തരത്തിലുള്ളവരുടെ മക്കള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എടക്കര മുസ്ലിം ഓര്‍ഫനേജിലും കരുവാരകുണ്ട് ദാറുന്നജാത്തിലും മൈലാടിയിലെ മുസ്‌ലിം ഓര്‍ഫനേജിലെയും കഥകളും സമാനം. ഇവിടുത്തെ 14 അനാഥശാലകളില്‍ രണ്ടായിരത്തി ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നു. മലയോര മേഖലയിലെ അഞ്ച് അനാഥശാലകളില്‍ മാത്രമായി 941 കുട്ടികളുണ്ട്. ഇവരില്‍ യഥാര്‍ഥ അനാഥര്‍ അന്‍പതില്‍ താഴെയാണ്. എന്നാല്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുടെയും വിവാഹ മോചിതരുടെയും മക്കളാണ് 90 ശതമാനവും. ഇവരില്‍ അന്യ സംസ്ഥാനക്കാരും അയല്‍ ജില്ലക്കാരും ഉപേക്ഷിക്കപ്പെട്ടതിലൂടെ നിരാശ്രരായി മാറിയവരാണ് 70 ശതമാനവുമെന്ന് മൈലാടി ഓര്‍ഫനേജിലെ മാനേജര്‍ പി അബ്ദുല്ല പറയുന്നു


ഞെട്ടിപ്പിക്കുന്ന 
കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയിലെ പത്രത്താളുകള്‍ പരതിയപ്പോള്‍ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വാര്‍ത്തകളുടെ എണ്ണം അറുപത്. തട്ടിപ്പ് വീരന്‍മാര്‍ അപഹരിച്ചെടുത്ത പൊന്നിന്റേയും പണത്തിന്റെയും ഏകദേശ കണക്ക് പത്ത് കോടിക്കടുത്ത്. വഴിയാധാരമാക്കിയ പെണ്‍കുട്ടികളുടെ എണ്ണം 190. അനാഥമായ കുഞ്ഞുങ്ങള്‍ 180. 
തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നത് കാഞ്ഞങ്ങാട്ടു നിന്നോ കായംകുളത്തു നിന്നോ ആകട്ടെ. കേരളത്തില്‍ എവിടെ ഒരു വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട കേസ് കേട്ടുവോ ഇരകളിലേറെയും ഏറനാട്ടില്‍ നിന്നായിരുന്നു. എവിടെ ഒരു വിവാഹ തട്ടിപ്പു വീരന്‍ പിടിയിലായോ അയാള്‍ ഏറനാട്ടിലെ അഞ്ചോ ആറോ ഇരകളെയെങ്കിലും കുരുക്കി തടിതപ്പിയവനായിരുന്നു. കരുതലില്ലായ്മകൊണ്ട് മാത്രം കബളിപ്പിക്കപ്പെടുകയായിരുന്നു അവരിലേറെപ്പേരും.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ് തയ്യാറാക്കിയ  പഠനം പങ്കുവെക്കുന്നത് കേരളത്തില്‍ വിധവകള്‍ അധികരിക്കുന്നുവെന്നാണ്. അറുപത് വയസ്സിലേറെ പ്രായമുള്ള സ്ത്രീകളില്‍ 59 ശതമാനം പേര്‍ വിധവകളാണെന്ന് ഈ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഏറനാട്ടില്‍ വിധവകളേക്കാള്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരാണുള്ളത്. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. ഇപ്പോള്‍ മുന്നിലുള്ള ഇരകള്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങളുടെ ശിഷ്ട ജീവിതങ്ങളാണ്. മതം നിഷിദ്ധമാക്കിയതും നിയമം വിലക്കിയതുമായ സ്ത്രീധന വേട്ടക്കാരിലൂടെ ഇരകളായി മാറാന്‍ വിധിക്കപ്പെടുകയായിരുന്നു ഇവര്‍. കാലമെത്രയോ കഴിഞ്ഞിട്ടും പുതിയ ഇരകള്‍ ഉണ്ടായി കൊണ്ടേയിരിക്കുന്നു. ഒരേ കൂരക്കുകീഴില്‍ നിന്നുപോലും അവര്‍ പുനര്‍ജനിക്കുന്നു. 
വേട്ടക്കാര്‍ക്കിത് ചൂഷണങ്ങള്‍ക്കുള്ള വലിയ അവസരം. ചിലര്‍ക്കിത് തന്നെയാണ് ജീവിതോപാധിയും. പല നാടുകളില്‍ പല പേരുകളിലായി അവര്‍ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ക്കും രണ്ടാള്‍ക്കുമല്ല അവര്‍ ഇണകളാകുന്നത്. ഒരാളെയും നാലാളുകളേയുമല്ല കബളിപ്പിക്കുന്നത്. പൊന്നും പണവും മാത്രവുമല്ല അപഹരിക്കുന്നത്. രണ്ട് ഭാര്യമാരുടെ വൃക്കയും ഒരു ഭാര്യയിലെ കുഞ്ഞിനെയും വിറ്റ് പണവുമായി കടന്നു കളഞ്ഞ ഏറ്റുമാനൂരിലെ ഇബ്‌നു എന്ന തട്ടിപ്പ് വീരനെ കഴിഞ്ഞവര്‍ഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.  36 വയസ്സിനിടെ 24 വിവാഹത്തിലൂടെ 36 മക്കളുടെ പിതാവായ മജീദും നൂറ് വിവാഹങ്ങളില്‍ പുതുമണവാളനായി പ്രത്യക്ഷപ്പെട്ട മൈസൂരിലെ സാദിഖലിയും എല്ലാം ഈ വ്യവസായത്തില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡിനുടമകളാണ്. 
ഏറനാട്ടിലെ 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രം 2012ലെ ആറ് മാസത്തിനിടെ വിവാഹ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ അറുപത് പേരും മലയാളികളായിരുന്നു.  പിടിയിലായതോ എട്ട് പേര്‍ മാത്രവും. നീതി കാത്തു കഴിയുന്ന ഇരകള്‍ക്ക്  കണക്കേയില്ല. 
അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 300 പത്ര വാര്‍ത്തകളിലായി 370 ഇരകളെ കണ്ടെത്തിയതായി കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എടുത്ത ശശികല പറയുന്നു. അവര്‍ പി എച്ച് ഡിക്കായി തിരഞ്ഞെടുത്ത വിഷയമായിരുന്നു ഇത്. 
വനിതാ കമ്മീഷന്‍ 2008ല്‍ നടത്തിയ പഠനത്തില്‍  ഇത്തരം 9721 വിവാഹങ്ങള്‍ നടന്നതായാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്ന്. 6121 വിവാഹങ്ങള്‍, അതില്‍ 90 ശതമാനവും ഏറനാട്ടില്‍ നിന്നായിരുന്നു. നിര്‍ധന കുടുംബത്തിലെ പാവപ്പെട്ട രക്ഷിതാവിന് തല്‍ക്കാലത്തെ ആശ്വാസമാകുന്ന ഈ മരുമക്കള്‍  അങ്കലാപ്പും അത്യാഹിതവുമായി മാറുന്നതിന് അധികകാലം വേണ്ടി വന്നിട്ടില്ല. അതാണ് ഇതുവരെയുള്ള പാഠങ്ങള്‍. 


ഒരു കാര്യം ഓര്‍ത്താല്‍ മതി. വിവാഹ തട്ടിപ്പുകാരെല്ലാം സമ്മേളിക്കുന്നത് മുസ്‌ലിം സമുദായക്കാര്‍ക്കിടയിലാണ്. ജാതിയും മതവും ഇല്ലാത്തവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനും ഇവിടെയെത്തുന്നു. പിടിയിലായ എട്ടില്‍ ഏഴുപേരും പത്തിലധികം ക്രിമിനല്‍ കേസുകളിലെ പ്രതികളായിരുന്നു. മോഷണവും പിടിച്ചുപറിയും കൊലപാതകവും വരെ ഉള്‍പ്പെടുന്നു അതില്‍. ഇവരാണ് വേറൊരു നാട്ടില്‍ പോയി പുതിയ ഇരയെ കുരുക്കുന്നത്. കാര്യങ്ങള്‍ നടന്ന് കാണുംവരെ അയാള്‍ സത്യസന്ധനാകുന്നു. പള്ളിയില്‍ നിസ്‌കാരത്തിന് ആദ്യമെത്തുന്നു. മഹല്ലു കമ്മിറ്റികള്‍ എത്ര ഉണര്‍ന്ന് പ്രവര്‍ത്തിച്ചാലും അവരെ കബളിപ്പിക്കുന്നു. ഇവരെ സംരക്ഷിച്ചും ഒത്താശചെയ്തും ഇടനിലക്കാരുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ വിവാഹ വീരന്‍മാര്‍ ചെയ്തുപോയ മഹാപാപത്തിന്റെ ശമ്പളം പറ്റാന്‍ വിധിക്കപ്പെട്ടത് നിരാലംബരായ പെണ്‍കുട്ടികളാണ്. എയ്ഡ്‌സ് അടക്കമുള്ള മഹാമാരിയുടെ രൂപത്തില്‍ പോലും അവരുടെ ജീവിതം തകര്‍ത്തു തുടങ്ങിയിരിക്കുന്നു. എന്നിട്ടും നാട്ടുകാര്‍ ഉണര്‍ന്നിട്ടേയില്ല.  നേരത്തെ മൈസൂര്‍ വിവാഹങ്ങളുടെയും അന്യ ജില്ലകളില്‍ നിന്നെത്തുന്ന തട്ടിപ്പ് സംഘങ്ങളുടെയും മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ നിര്‍ബന്ധിതരായവര്‍ ഇന്ന് ബീഹാറികള്‍ക്കും ഝാര്‍ഖണ്ട് കാര്‍ക്കും ആന്ദ്ര പ്രദേശുകാര്‍ക്കുമെല്ലാം മണവാട്ടികളാകുന്ന കാഴ്ചയുമുണ്ട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍. ഇതെല്ലാം അപകടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നതിന്റെ ചെറിയൊരു ചിത്രം കിട്ടാന്‍ ഈ കണക്കുകള്‍  കേള്‍ക്കുക. 

മലപ്പുറം ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 475 എച്ച് ഐ വി ബാധിതരില്‍ നാല്‍പത് പേരും തമിഴ്‌നാട്ടില്‍ നിന്ന് വന്ന് വിവാഹം കഴിച്ചവരിലൂടെ ഇരകളായവരാണ്. ഇതര ജില്ലകളില്‍ നിന്നുള്ള വിവാഹത്തിന് കഴുത്ത് നീട്ടിയതിലൂടെ 39പേര്‍ എച്ച് ഐ വി ബാധിതരായി. ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ സ്ത്രീകളില്‍ 20പേര്‍, മൈസൂര്‍ വിവാഹത്തിലൂടെ എട്ട് പേര്‍, ഗോവയില്‍ നിന്നുള്ള പുതിയാപ്ല വഴി രണ്ട് പേര്‍, കാസര്‍കോടന്‍ കല്യാണത്തിലൂടെ നാലുപേര്‍, രാജസ്ഥാന്‍ വിവാഹം വഴി മൂന്ന് പേരും ഇതേ ദുരന്തത്തിനിരയായി. 
ഇത് മലപ്പുറത്തെ പ്രത്യാശാ കേന്ദ്രത്തില്‍ മാത്രം എത്തിപ്പെട്ട കേസുകള്‍.  കോഴിക്കോട് കേന്ദ്രത്തില്‍ ആകെയുള്ള എച്ച് ഐ വി ബാധിതര്‍ 324. ഇവരില്‍ 176 പുരുഷന്‍മാരും 133 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്. ഏഴ് സ്ത്രീകള്‍ തമിഴ്‌നാട് വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതരായവരാണ്. മഹാരാഷ്ട്രക്കാരായ ഇണകളിലൂടെ നാല് പേര്‍, കര്‍ണാടകക്കാരിലൂടെ ആറ് പേരും ആന്ദ്ര വിവാഹത്തിലൂടെ നാല് പേരും ഇതര ജില്ലക്കാരായ ജീവിത പങ്കാളിയില്‍ നിന്ന് 13പേരും ഈ മഹാമാരിയുടെ ദുരന്തമുഖത്തേക്ക് നടന്നടുത്തു. ഇരകള്‍ ഇനിയുമുണ്ടാകും കാണാമറയത്ത്. 
കോഴിക്കോട് ജില്ലയില്‍ വിവാഹവീരന്‍മാരിലൂടെ ചതിയിലകപ്പെട്ടത് വഴി എച്ച് ഐ വി ബാധിതരായി തീര്‍ന്ന ഒട്ടേറെപ്പേരുണ്ടെന്ന് പറയുന്നു കോഴിക്കോട് പ്രത്യാശാ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ പുരുഷോത്തമന്‍. 
അറിഞ്ഞതിനും കേട്ടതിനും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. വിവാഹ സമയത്ത് പൊന്നിന്റെയും പണത്തിന്റെയും മാറ്റു നോക്കുകയല്ല വേണ്ടത്. തറവാടിത്വവും ജാതകവുമല്ല പരിശോധിക്കേണ്ടത്. വധൂവരന്‍മാരുടെ സ്വഭാവ ശുദ്ധിയും മുന്‍കാല ചരിത്രവുമാണ്. മൈസൂര്‍ വിവാഹത്തിലൂടെ എച്ച് ഐ വി ബാധിതയായി തീര്‍ന്ന നിലമ്പൂരിലെ യുവതിയുടെതാണ് ഈ വാക്കുകള്‍. 
മഹല്ല് കമ്മിറ്റികള്‍ നിക്കാഹ് സമയത്ത് മഹല്ലുകളില്‍ നിന്നുള്ള കത്തല്ല ആവശ്യപ്പെടേണ്ടത്. വരന്റെയും വധുവിന്റെയും എച്ച് ഐ വി ടെസ്റ്റിന്റെ റിസള്‍ട്ടാണെന്ന് മലപ്പുറത്തെ എയ്ഡ്‌സ് വിരുദ്ധ പ്രവര്‍ത്തകനായ മുഹമ്മദ് ശരീഫ് ചൂണ്ടിക്കാട്ടുന്നു. 

വിവാഹതട്ടിപ്പിനിരയാകുമ്പോള്‍ നീതിതേടി പോകുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. എന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ മാത്രം അയല്‍ സംസ്ഥാന വിവാഹവുമായി ബന്ധപ്പെട്ട് 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറയുന്നു. എടക്കര, പോത്തുകല്ല്, നിലമ്പൂര്‍, കാളികാവ് പോലീസ് സ്റ്റേഷനുകളിലും ഇതിന്റെ തോത് ഉയരുന്നു. എന്നാല്‍ വരന്‍മാര്‍ നല്‍കുന്ന വിലാസങ്ങളില്‍ ചെന്ന് അന്വേഷിക്കുമ്പോഴാണ് അങ്ങനെയൊരു വിലാസമേയില്ലെന്നറിയുക. ഇത്തരക്കാരെ കണ്ടെത്താന്‍ വനിതാ കമ്മീഷന്‍ പോലും പല തവണ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നതാണ് വനിതാകമ്മീഷന്‍ മുന്‍ അഗം പി കെ സൈനബയുടെ സാക്ഷ്യം.

നിലമ്പൂരുപോലുള്ള പ്രദേശങ്ങളില്‍ ആയിരം വീട് പദ്ധതികള്‍ ഒരുങ്ങിയത് പെണ്‍മക്കളെ നാട്ടുനടപ്പുകള്‍ക്കൊത്ത് പറഞ്ഞയക്കാന്‍ ഒരുങ്ങിയതിലൂടെ വീടും പറമ്പുംവരെ അന്യാധീനപ്പെട്ടവരെ പുനരധിവസിക്കാനായിരുന്നു. പദ്ധതി പാതിവഴിയില്‍ തകര്‍ന്നുടഞ്ഞെങ്കിലും അത്തരം ഹതഭാഗ്യരുടെ അംഗസംഖ്യ എവിടെയും കൂടുകയാണ്.  എടക്കരയും നിലമ്പൂരും ഗൂഡല്ലൂരും കേന്ദ്രീകരിച്ച് ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്ന റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. എവിടെയുമുണ്ട്  വേട്ടക്കാര്‍. എടക്കരയിലെ ഒരു സംഘം ഏര്‍പ്പാടാക്കിയ വിവാഹം മഹിളാ സമഖ്യയിലെ പ്രവര്‍ത്തകരാണ് മുടക്കിയത്. 
വരന്റേത് നാലാം വിവാഹമായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍. ഒരു ഭാര്യയെ ഉപേക്ഷിച്ചു. മൂന്നാം ഭാര്യക്ക് ഒരുകുട്ടിയും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തിലുമുള്ള അവസരത്തിലാണ്  പുതിയ കല്യാണത്തിനെത്തിയത്. എന്നാല്‍ കല്യാണം മുടങ്ങിയപ്പോള്‍ അഭിനന്ദിക്കാനല്ല നിങ്ങളൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തില്ലേ എന്ന് പറഞ്ഞാണ് ചിലരെത്തിയതെന്ന് കോ ഓര്‍ഡിനേറ്റര്‍ സലീന വിശദീകരിക്കുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പിന്നെങ്ങനെ ബോധവത്കരണവുമായി ഇറങ്ങുമെന്നുമാണവര്‍ ചോദിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ടവരുടെ 
തലസ്ഥാനം

നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിലെ എഴുപത് ശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുടെ  അംഗസംഖ്യ ക്രമാതീതമായി ഉയരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് മഹിളാ സമഖ്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം. 
നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രം 120 സ്ത്രീകള്‍ അന്യ സംസ്ഥാനക്കാരായ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടവരുണ്ട്. ചാലിയാര്‍, വഴിക്കടവ്, എടക്കര, ചുങ്കത്തറ, കാളികാവ് ചോക്കാട് പഞ്ചായത്തുകളിലാണ് ഇത്തരക്കാരെ കൂടുതലായി കണ്ടെത്തിയത്. ഇവരെല്ലാം അന്യ ജില്ലക്കാരിലെ ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്ക് മുമ്പില്‍ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഒന്നോ രണ്ടോ കുട്ടികളും ഉണ്ട് അവര്‍ക്കെല്ലാം. കൂടുതല്‍ പേരും ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെയാണ് ഭര്‍ത്താക്കന്‍മാര്‍ കടന്നുകളഞ്ഞത്. സര്‍വേക്ക് നേതൃത്വം നല്‍കിയ  സി സലീന പറയുന്നു. 
നിലമ്പൂര്‍ മൈലാടി മുസ്‌ലിം ഓര്‍ഫനേജിലെ കുട്ടികള്‍ ഏഴ് വര്‍ഷം മുമ്പ് ചാലിയാര്‍ പഞ്ചായത്തില്‍ നടത്തിയ സര്‍വേയിലും കണ്ടെത്തിയത് വിവാഹ മോചിതരുടെയും വിധവകളുടേയും ഏറനാടന്‍ തലസ്ഥാനമാകുന്നു ചാലിയാര്‍ എന്നായിരുന്നു. സ്ഥാപനത്തിലെ അന്നത്തെ വിദ്യാര്‍ഥിനിയും ഇന്നത്തെ അധ്യാപികയുമായ മിന്‍സിയ സര്‍വേയിലെ ഒരംഗമായിരുന്നു. തൊണ്ണൂറ് ശതമാനം വീടുകളിലും ഒന്നോ രണ്ടോ പെണ്‍കുട്ടികളെ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കപ്പെട്ടതായാണവിടെ കണ്ടെത്തിയത്. എരഞ്ഞിമങ്ങാട്, നമ്പൂരിപ്പൊട്ടി, എളമ്പിലാക്കോട്, മണ്ണട്ടുപാടം എന്നിവിടങ്ങളിലായിരുന്നു അവരെ കൂടുതലായും കണ്ടെത്തിയിരുന്നത്. അധ്യാപിക മിന്‍സിയയും മാനേജര്‍ പി അബ്ദുല്ലയും പറയുന്നു. 
ഈ പാഠങ്ങളെല്ലാം കണ്‍മുമ്പിലിരിക്കേയാണ് ഇതൊന്നുമറിയാതെ ഇന്നും ഇവിടെങ്ങളില്‍ അന്യ സംസ്ഥാന, അന്തര്‍ജില്ലാ വിവാഹങ്ങള്‍ കൊഴുക്കുന്നത്. അടുത്ത തലമുറയെകൂടി അരക്ഷിത ജീവിതങ്ങളിലേക്ക് ആട്ടിയോടിക്കുന്നത്. അവരുടെ മക്കളെ അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്.

1 അഭിപ്രായം:

  1. അറിഞ്ഞിരിക്കേണ്ടതും,ശ്രദ്ധപുലര്‍ത്തേണ്ടതുമായ വിവരങ്ങള്‍....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ