സാധാരണ ഗതിയില്‍ സമൂഹത്തില്‍ രണ്ട് ശതമാനം ആളുകള്‍ കാര്യമായ മാനസിക രോഗമുള്ളവരും അഞ്ച് ശതമാനത്തോളം ആളുകള്‍ ചികിത്സ ആവശ്യമുള്ള ലഘു മാനസിക രോഗമുള്ളവരുമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ചികിത്സക്കെത്തുന്നവരില്‍ 25 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാ മാനസികാരോഗ്യ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് ജില്ലകളില്‍ മാനസികാരോഗ്യ ചികിത്സ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ അടക്കം പൂര്‍ണമായ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്.
2007 ജൂണിലാണ് വയനാട് ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ പതിനായിരം രോഗികള്‍ ചികിത്സ തേടി എത്തിയതായാണ് കണക്ക്. 2008ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും 2009ല്‍ കാസര്‍കോടും പദ്ധതി തുടങ്ങി. കോഴിക്കോട് 16,247 രോഗികള്‍ക്കും മലപ്പുറത്ത് 9539 പേര്‍ക്കും കാസര്‍കോട് 4575 പേര്‍ക്കും പ്രയോജനം ലഭിച്ചതായും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ ജില്ലകളില്‍ ആയിരക്കണക്കിന് ബോധവത്കരണ പരിപാടികളും ചികിത്സാ ക്യാമ്പുകളും ഡോക്യുമെന്ററി നിര്‍മാണവും എല്ലാം ഈ പദ്ധതിയുടെ ഭാഗമായി നടന്നിട്ടും മാനസിക രോഗത്തിന്റെ ദുരിതം പേറുന്നവരുടെ ബന്ധുക്കളെ പോലും ബോധവത്കരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വേദനാജനകമായ കാര്യം. കുറഞ്ഞ പക്ഷം അവരെയെങ്കിലും ഉത്ബുദ്ധരാക്കിയിരുന്നുവെങ്കില്‍ കുതിരവട്ടത്തും പേരൂര്‍ക്കടയിലും റെസ്‌ക്യൂ ഹോമിലും ആശാഭവനുകളിലും ഇത്രയേറെ അനാഥ പ്രേതങ്ങള്‍ തിങ്ങി നിറയില്ലായിരുന്നു. മനോരോഗങ്ങളുടെ കാരണങ്ങളേയും ചികിത്സയേയും കുറിച്ച് കൂടുതല്‍ ബോധവത്കരിച്ച് തെറ്റിദ്ധാരണകള്‍ തിരുത്തുക എന്നതും മര്‍മപ്രധാനമായ കാര്യമാണ്. എന്നാലാകട്ടെ ഒട്ടും നടക്കാത്തതും നടത്തിയിട്ടും ഫലപ്രദമാകാത്തതുമായ പ്രവൃത്തിയും ഇതു തന്നെയാണ്.
അതുകൊണ്ടല്ലേ ദുര്‍മന്ത്രവാദ കേന്ദ്രങ്ങളില്‍ നിന്നും തട്ടിപ്പ് ചികിത്സാലയങ്ങളില്‍ നിന്നും ഇവര്‍ക്ക് മോചനം സാധ്യമാകാത്തത്? ''എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതില്‍ വിദഗ്ധരാണ് മലയാളികള്‍. എന്നാല്‍ മനോരോഗത്തെക്കുറിച്ചുള്ള അവരുടെ അറിവ് വട്ടപ്പൂജ്യമാണ്'' കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ ഇ മുകുന്ദന്‍ പറയുന്നു. ദുര്‍മന്ത്രവാദവും മറ്റും കഴിഞ്ഞ് ഒന്നും ഫലിക്കാതെ വരുമ്പോഴാണ് പലരും ഇവിടെ കൊണ്ടുവന്ന് തള്ളുന്നതെന്നും അദ്ദേഹം. ചില ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ പോകുന്നു. പക്ഷേ, നിരന്തരമായ ചികിത്സ മൂലമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയാണ് പലരെയും തളര്‍ത്തുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ട് വന്നിടുന്നത്. എന്തെല്ലാം ചികിത്സകള്‍ കഴിഞ്ഞാലും പ്രിയപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിനായി എല്ലാം ക്ഷമിച്ചും കൂടെ കഴിയുന്നു ചില മാതാപിതാക്കള്‍. അവരെ നമിക്കുകയാണ് വേണ്ടതെന്നും ഡോ മുകുന്ദന്‍.മനോരോഗാശുപത്രികളില്‍ രോഗശമനത്തിന് ലഭ്യമായ ചികിത്സാ സൗകര്യങ്ങളല്ല ഉള്ളതെന്നും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നവര്‍ മനോരോഗ വിദഗ്ധര്‍ക്കിടയില്‍ തന്നെയുണ്ട്. ഇതിനുള്ള കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്.
സ്‌കിസോഫ്രീനിയ, കടുത്ത ഉന്മാദം എന്നീ രോഗങ്ങള്‍ ബാധിച്ചവരാണ് ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവര്‍. ഇവരില്‍ ഉന്മാദ രോഗികളുടെ അസുഖം മൂന്നോ നാലോ ആഴ്ചകൊണ്ട് ഒ പി ചികിത്സ മാത്രം വേണ്ടി വരുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു. സ്‌കിസോഫ്രീനിയ ബാധിച്ചവര്‍ക്ക് കുറച്ചുകൂടി ദീര്‍ഘകാലമെടുത്താലും ഈ അവസ്ഥയിലെത്തിച്ചേരാനും ഇന്ന് ചികിത്സ ലഭ്യമാണ്. എന്നാല്‍ ദീര്‍ഘകാലം ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുന്നവരില്‍ പലപ്പോഴും കാണപ്പെടുന്നത് അക്രമവാസനയല്ല, മറിച്ച് ഉള്‍വലിയല്‍, ആശയവിനിമയത്തിനും ആളുകളുമായി ഇടപഴകാനുമുള്ള വിമുഖത, അലസത എന്നീ നെഗറ്റീവ് രോഗലക്ഷണങ്ങളാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. എം ടി ഹാരിഷ് ചൂണ്ടിക്കാട്ടുന്നു.
ഏകാന്തവും ആവര്‍ത്തനവിരസവുമായ ആശുപത്രി തടവറ രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം. ഏറെക്കാലം ഇത്തരത്തില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന രോഗികളില്‍ ഉള്ളകഴിവുകള്‍ കൂടി നഷ്ടപ്പെട്ട് ജഡാവസ്ഥയില്‍ ആകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ മാനസിക രോഗ കേന്ദ്രങ്ങളാകുന്നു എന്ന് പറയുന്നത്. മിക്ക ആതുരാലയങ്ങളും പ്രവര്‍ത്തിക്കുന്നതോ സങ്കീര്‍ണമായ ഘടനാ സംവിധാനത്തിലാണ്. ഡോക്ടര്‍മാര്‍ ഉയര്‍ന്ന തട്ടില്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സുമാരും അവര്‍ക്ക് താഴെ മറ്റു ജീവനക്കാരുമെന്ന അധികാര ശ്രേണി നിലനില്‍ക്കുന്നു. ഭരണപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഓഫീസ് ജീവനക്കാരുടെത് മറ്റൊരു തട്ടുമായതിനാല്‍ അധികാര പരിധികളില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോകാനും രോഗികള്‍ക്ക് പ്രയാസങ്ങള്‍ നേരിടാനുമുള്ള സാധ്യതയും ഏറെയാണ്. തകരാറ് വ്യക്തികള്‍ക്കല്ല, സംവിധാനത്തിന് തന്നെയാണ്. തെരുവില്‍ അലഞ്ഞു തിരിയുന്നവരെ നിരീക്ഷിക്കാന്‍ കോടതി മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അയച്ചവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നത് ഇതൊക്കെ കൊണ്ടാണ്.
കോടതിയുടെ ഉത്തരവാദിത്വത്തില്‍ ഇവിടെ എത്തുന്നവരുടെ പോലും സ്ഥിതി ഇതാണെങ്കില്‍ പിന്നെന്തു ചെയ്യും?
നമുക്കാവശ്യം ഇത്തരം ആശുപത്രികളേയല്ല. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര വിദഗ്ധരും മനോരോഗാശുപത്രികള്‍ കാലഹരണപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നത് അതിനാലാണ്. പകരം എല്ലാ ജില്ലകളിലും സാമൂഹിക മാനസികാരോഗ്യ പരിപാടി നടപ്പാക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മനോരോഗ ചികിത്സ ലഭ്യമാക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഭൂരിഭാഗം രോഗികള്‍ക്കും ഇതുവഴി തന്നെ സുഖപ്പെടും.
കിടത്തി ചികിത്സ വേണ്ടവര്‍ക്ക് ജില്ലാ താലൂക്ക് ആശുപത്രികളില്‍ തന്നെ സൗകര്യം ഒരുക്കണമെന്നും ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ട ചെറിയ ശതമാനം രോഗികള്‍ക്കുവേണ്ടി കേന്ദ്രങ്ങള്‍ തുറക്കണമെന്നും അവര്‍ നിര്‍ദേശം ഉന്നയിക്കുന്നു. ധാരാളം പുനരധിവാസ കേന്ദ്രങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുന്നതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഇവര്‍ക്കുണ്ടാകുന്നു. അതോടെ തന്നെ വലിയൊരു പ്രതിസന്ധി ലഘൂകരിക്കപ്പെടുന്നു.
ആവശ്യമായ മരുന്നുകള്‍ തുടര്‍ച്ചയായി സൗജന്യമായി നല്‍കാന്‍ സാധിച്ചാല്‍ തന്നെ ഈ മേഖലയിലെ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഡോ. കമാല്‍ ഹുസൈന്‍. മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില തന്നെയേ ഇവക്കും വരുന്നുള്ളൂ. എന്നാല്‍ ഇടത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് പോലും തുടര്‍ച്ചയായ ചികിത്സ കനത്ത ഭാരമാകുന്നു. ഈ അവസ്ഥക്ക് മാറ്റം വരിക തന്നെ വേണം. അദ്ദേഹം പറയുന്നു. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒന്ന് വീതം ഉണ്ടായാല്‍ അതിനും പരിഹാരമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സര്‍ക്കാര്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കുന്ന കാര്യങ്ങളാണിവയെല്ലാമെന്ന് ഡോ എന്‍ കെ സാദിഖ്. മാനസികാതുരാലയങ്ങളുടെ മുഖച്ഛായ മാറണമെങ്കില്‍ നിര്‍മാണ മേഖലയുടെ അടിസ്ഥാന തത്വം തന്നെ മാറണം. ഗവ ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് കൃത്യമായ പ്ലാനുകളില്ല. സൂപ്പര്‍വൈസ് ചെയ്യുന്നതിന് ആളില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ കെട്ടിടങ്ങള്‍ ഒന്നിനും കൊള്ളാത്ത രീതിയിലാണ് പണികഴിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എന്തായാലും രോഗം ചങ്ങലക്ക് തന്നെയാണ്. അത് ഇനിയെങ്കിലും തിരിച്ചറിയാന്‍ തയ്യാറാകുകയാണ് അധികൃതര്‍ ആദ്യം ചെയ്യേണ്ടത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനും നിയമസഭാ സമിതി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ എങ്കിലും നടപ്പാക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍? (അവസാനിച്ചു.)
മദ്യാസക്തിയും മനോരോഗം
വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള രോഗമാണ് മദ്യാസക്തി. മദ്യപാനം അതിന് അടിമപ്പെട്ടവരില്‍ ഗുരുതരമായ ശാരീരിക രോഗങ്ങളും മാനസിക രോഗങ്ങളും ഉണ്ടാക്കുന്നു. സാമൂഹികമായ പ്രശ്‌നങ്ങള്‍ വേറെയും സൃഷ്ടിക്കുന്നു. പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കാണുന്നു.
വിഷാദ രോഗം മദ്യപന്‍മാരില്‍ സാധാരണമാണ്. മദ്യം നിര്‍ത്തുമ്പോഴും താത്കാലികമായി വിഷാദ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇവരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. ഇത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെക്കൂടുതലാണ്. മദ്യപിക്കുന്നവര്‍ കൂടുതല്‍ പുകവലിക്കുന്നു. മയക്കുമരുന്നും ഉപയോഗിക്കുന്നു. പങ്കാളിയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയ രോഗവും ഇവരില്‍ കൂടുതലാണ്. മദ്യപരില്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാല്‍ ലൈംഗിക ശേഷി കുറക്കുന്നു എന്നതാണ് സത്യം.
പ്രാചീന കാലങ്ങളില്‍ കഞ്ചാവിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് കഠിനമായ ചര്‍ദ്ദിക്കും വേദനക്കും അപസ്മാരത്തിനും മരുന്നായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവിന്റെ ദൂശ്യവശങ്ങളില്‍ ഏറ്റവും മാരകം അതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ തന്നെയാണ്. ആദ്യമായി ഉപയോഗിക്കുന്നവരില്‍ തീവ്രമായ ഉത്കണ്‍ഠ, പേടി, സ്ഥലകാലവിഭ്രാന്തി, സ്വബോധം നഷ്ടപ്പെടുന്ന അവസ്ഥ , ആത്മഹത്യാ ചിന്ത, അക്രമവാസന എന്നിവ ഉണ്ടാക്കുന്നു. ശരീരത്തേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കത്തിന്റെ ശക്തികേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന മയക്കുമരുന്നുകളും മാദക ദ്രവ്യങ്ങളും മനുഷ്യമനസ്സിന്റെ സ്വാഭാവികമായ താളത്തെയാണ് തെറ്റിക്കുന്നത്. ഈ താളഭ്രംശനം ഭ്രാന്ത് എന്ന അവസ്ഥയിലേക്ക് പിച്ചവെക്കുന്നു.
ലേഖനം കൊള്ളാം ഇക്കാ...
മറുപടിഇല്ലാതാക്കൂഈയിടെയായി ഗൌരവമുള്ള വിഷയങ്ങള്‍ മാത്രമേ എഴുതുന്നുള്ളൂ എന്ന് തോന്നുന്നല്ലോ
കൊള്ളാം ....
മറുപടിഇല്ലാതാക്കൂനല്ല ലേഖനം
മറുപടിഇല്ലാതാക്കൂആശംസകള്