1/1/13

മാനസികാരോഗ്യ കേന്ദ്രങ്ങളല്ല; മനോരോഗ കേന്ദ്രങ്ങള്‍ പരമ്പര 1


സിറാജ്‌ പത്രത്തില്‍ ഡിസംബര്‍ 25 മുതല്‍ 

പ്രസിദ്ധീകരിച്ച പരമ്പരയുടെ ആമുഖം
പൂവാട്ടില്‍ മമ്മദ്‌ക്കയുടെ വീട്‌ ആഫ്രിക്കയിലോ അന്റാര്‍ട്ടിക്കയിലോ അല്ല. കോഴിക്കോട്‌ നിന്ന്‌ തൃശൂര്‍ ദേശീയ പാതയില്‍ കേവലം 23രൂപ മാത്രം ബസ്‌ ചാര്‍ജ്‌ നല്‍കിയാല്‍ എപ്പോഴും എത്താവുന്ന അകലത്തിലാണ്‌.
എന്നാല്‍ മമ്മദ്‌ക്കയെ സംബന്ധിച്ചിടത്തോളം ആഫ്രിക്കക്കും അന്റാര്‍ട്ടിക്കക്കും ഒക്കെ എത്രയോ അപ്പുറത്താണ്‌ ഈ വിലാസം. കാരണം മുപ്പത്തിയഞ്ച്‌ വര്‍ഷമായി അദ്ദേഹം മലപ്പുറം ജില്ലയിലെ ചേളാരിക്കടുത്ത ഈ ഗ്രാമത്തെ കണ്ടിട്ട്‌. പ്രിയപ്പെട്ടവരെ കേട്ടിട്ട്‌. അവിടെയൊരു വീടുണ്ട്‌ അദ്ദേഹത്തിന്‌. നാലു മക്കളുണ്ട്‌. പക്ഷേ, അവര്‍ക്കാര്‍ക്കും 66 കാരനായ ഈ മനുഷ്യനെ വേണ്ട. കുടുംബത്തിലുണ്ടാകുന്ന വിവാഹങ്ങളോ മരണങ്ങളോ ഒന്നും അദ്ദേഹം അറിയാറില്ല. അറിയിക്കാറുമില്ല.
മുപ്പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ സംശയ രോഗമെന്ന മനോവിഭ്രാന്തിയെത്തുടര്‍ന്ന്‌ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തിന്‌ ഇരുപത്‌ വര്‍ഷമായി ഒരസുഖവുമില്ല. ബന്ധുക്കളെ കാത്തുകൊണ്ടേയിരിക്കുകയാണ്‌. ഉത്തരവാദപ്പെട്ടവരാരെങ്കിലും ഒരാള്‍ വന്ന്‌ രജിസ്റ്ററില്‍ ഒപ്പ്‌ വെച്ചാല്‍ മതി. അദ്ദേഹത്തിന്‌ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും ഭൂമിയും സ്വന്തമാകും. പക്ഷേ ആര്‌ വരാന്‍...?
അക്കൗണ്ടില്‍ മോശമല്ലാത്തൊരു സമ്പാദ്യം തന്നെയുണ്ട്‌ മമ്മദ്‌ക്കക്ക്‌. ഈ കാലയളവില്‍ പുനരധിവാസ കേന്ദ്രത്തിലെ പ്രസ്സില്‍ ജോലി ചെയ്‌ത്‌ സ്വരുകൂട്ടിവെച്ച നിധിയാണത്‌. എന്നാല്‍ ഇന്നുവരെ ആരും എത്തിയിട്ടില്ല ആ നിധി ഏറ്റുവാങ്ങാന്‍.
സെബാസ്റ്റ്യന്‍ എന്ന എഴുപതുകാരന്റെ വീട്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിക്കടുത്താണ്‌. ഭാര്യ മരിച്ചുപോയി. മക്കളില്ല. സഹോദരങ്ങളുണ്ട്‌. മറ്റു ബന്ധുക്കളുമുണ്ട്‌. സ്വന്തമായി വീടും സ്വത്തുമുണ്ട്‌. എന്നാല്‍ ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ബന്ധുക്കള്‍ തന്നെയാണ്‌ ഇദ്ദേഹത്തെ ഇവിടെ ആശുപത്രിയിലാക്കി മുങ്ങിയത്‌. ഇതുവരെ ആരും പൊങ്ങിയിട്ടില്ല. ഇദ്ദേഹത്തിനും ഇന്ന്‌ യാതൊരു അസുഖവുമില്ലെന്ന്‌ ഡോക്‌ടര്‍മാരുടെ സാക്ഷ്യം. പക്ഷേ, ആരെങ്കിലും വരാതെ എന്ത്‌ ചെയ്യും...? നിരവധി തവണ കത്തുകളയച്ചു. ഫോണ്‍ ചെയ്‌തു. പക്ഷേ ആരും വന്നില്ല. ഇനി പള്ളി ഇടവകയുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ്‌ ആശുപത്രി അധികൃതര്‍.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനപ്പുറത്ത്‌ ഒരു ലോകമുണ്ടെന്ന്‌ ഗോപിയേട്ടന്‍ മറന്നിട്ട്‌ 45 വര്‍ഷമായിരിക്കുന്നു. അതിനപ്പുറത്തും മനുഷ്യരുണ്ടെന്നതും അദ്ദേഹത്തിന്‌ അജ്ഞാതം. നാലരപതിറ്റാണ്ടിന്റെ മഞ്ഞും മഴയും വെയിലുമേറ്റ്‌ ഗോപിയേട്ടനുണ്ട്‌ ഈ ആശുപത്രിയില്‍. രോഗികളില്‍ ഏറ്റവും പ്രായം ചെന്നവരിലൊരാള്‍. ആശുപത്രിയുടെ രൂപവും ഭാവവും എത്രയോ തവണ മാറിയത്‌ ഗോപിയേട്ടന്റെ കണ്‍മുമ്പിലാണ്‌. അന്തേവാസികളുടെ മുഖങ്ങള്‍ മാറിയും മറിഞ്ഞും വന്നുകൊണ്ടേയിരുന്നു. പക്ഷേ എന്നിട്ടും ഗോപിയേട്ടന്‍ മാത്രം മാറിയിട്ടില്ല. പ്രായം മാത്രം മാറിയതോ ഗോപിയേട്ടനറിഞ്ഞതുമില്ല. ഈ കാലത്തിനിടെ വിളിക്കാന്‍ ആരും വന്നില്ല. വാര്‍ധക്യ സഹജമായ രോഗങ്ങളല്ലാതെ. വീട്‌ എവിടെയാണെന്നറിയില്ല. വീട്ടുകാരെയുമറിയില്ല. അത്‌ കൊണ്ട്‌ മരണം വിളിക്കും വരെ ഇവിടെ തന്നെ...
മമ്മദ്‌ക്കയുടെ കാര്യത്തില്‍ വെറുക്കപ്പെടാന്‍ ബന്ധുക്കള്‍ക്ക്‌ ഒരു കാരണമെങ്കിലുമുണ്ട്‌. ഗോപിയേട്ടനെ വന്നുവിളിക്കാന്‍ ബന്ധുക്കളുണ്ടാകില്ലെന്നും സമാധാനിക്കാം. എന്നാല്‍ എഴുപത്‌ കടന്ന സെബാസ്റ്റ്യന്റെ കാര്യമോ...? നാല്‍പത്‌ കാരിയായ ലീലാവതിയുടെ സങ്കടങ്ങളോ...?ഇങ്ങനെ എത്രയോ സെബാസ്റ്റ്യന്‍മാരും മമ്മദുമാരും ലീലാവതിമാരും ഉണ്ട്‌ കേരളത്തിലെ മനോരാഗാതുരാലയങ്ങളില്‍.
എന്താണ്‌ നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അകത്തളങ്ങള്‍ പറയുന്നത്‌...? മാനസികാരോഗ്യ കാര്യത്തില്‍ കേരളമെവിടെ നില്‍ക്കുന്നു..? അന്വേഷണങ്ങള്‍ ചെന്നെത്തുന്നത്‌ ഞെട്ടിക്കുന്ന വസ്‌തുതകളിലാണ്‌. ഈയിടെ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലൂടെ യാത്രചെയ്‌തു. അവിടെകണ്ട കാഴ്‌ചകള്‍ നടുക്കുന്നതാണ്‌. കേട്ട വാര്‍ത്തകള്‍ കരള്‍ പിളര്‍ത്തുന്നതും.

ഒരിക്കല്‍ കൈപിടിച്ച്‌ നടത്തിയ മകനോ മകളോ ജീവിതത്തിന്റെ പാതിയായ പങ്കാളിയോ സ്വയം സംരക്ഷിക്കാന്‍ പോലുമാകാത്ത ഈ പരുവത്തില്‍ എന്തിനിവരെ ഉപേക്ഷിക്കുന്നു...? മരുന്നിനുമപ്പുറം മനോരോഗ ചികിത്സയിലെ ആദ്യത്തെ ഔഷധം സ്‌നേഹമാണെന്നും കാരുണ്യവും കനിവും പരിഗണനയും കാണിക്കേണ്ടത്‌ ആദ്യം ബന്ധുക്കളാണെന്നും അവരുടെ പിന്തുണയും പൂര്‍ണ സഹകരണവും തന്നെയാണ്‌ രോഗികള്‍ക്കുണ്ടാകേണ്ടത്‌ എന്നൊക്കെ ഇനി എന്നാണ്‌ മലയാളികളെ പഠിപ്പിച്ചെടുക്കാനാകുക...? അവര്‍ തിരിഞ്ഞ്‌ പോലും നോക്കാത്ത 600 രോഗികള്‍ മൂന്ന്‌ ആശുപത്രികളില്‍ മാത്രമുണ്ട്‌. യാതൊരു അസുഖമില്ലാതിരുന്നിട്ടും ഇരുട്ടറകളില്‍ ജീവിതം ഹോമിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ 400 പേരെങ്കിലും ഈ ആശുപത്രികളില്‍ നരകിക്കുന്നു. ബന്ധുക്കളാരെങ്കിലും വന്ന്‌ കൂട്ടികൊണ്ടുപോകാന്‍ എത്തിയാല്‍ അവര്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ പ്രഭാതങ്ങളിലേക്ക്‌ യാത്രപോകാം.
കുടുംബങ്ങള്‍ക്കും കൂടെപ്പിറപ്പുകള്‍ക്കുമൊപ്പം ശിഷ്‌ടകാലം സന്തോഷകരമായ ജീവിതം നയിക്കാം. പക്ഷേ ആരു വരുന്നു...?
കോടതി ഉത്തരവ്‌ പ്രകാരം എത്തുന്ന രോഗികള്‍ക്ക്‌ ജയില്‍ സുരക്ഷയും പ്രത്യേക സെല്ലും ഉറപ്പ്‌ വരുത്തണം. എന്നാല്‍ ഇവരെ ഫോറന്‍സിക്‌ സൈക്യാട്രി ബ്ലോക്കിലെ കുടുസുമുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നു. അതും കൂട്ടത്തോടെ. പേരൂര്‍ക്കടയിലെ ദാരുണ സംഭവങ്ങള്‍ക്ക്‌ ശേഷവും. അതല്ലാതെ മറ്റു സൗകര്യങ്ങളില്ല. പിന്നെന്തു ചെയ്യും...? ഒരു ജീവനക്കാരന്‍ ചോദിക്കുന്നു.
അസൗകര്യങ്ങളുടെ നിറവിലാണ്‌ ഫോറന്‍സിക്‌ വാര്‍ഡുകള്‍. വെളിച്ചമില്ലാത്ത സെല്ലുകള്‍ പരാധീനതകളുടെ ചരിത്രം വിളംബരം ചെയ്യുന്നു. അശാസ്‌ത്രീയമായ കെട്ടിടങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയില്‍ നിലവിളിക്കുന്നു. ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും ദാരിദ്ര്യം കൊണ്ട്‌ സമ്പന്നമാണ്‌ എല്ലാ ആശുപത്രികളും. ഇതേക്കുറിച്ചുള്ള പരമ്പര ഉടന്‍... 

4 അഭിപ്രായങ്ങൾ:

  1. അക്ഷരങ്ങളുടെ സൈസ് കുറയ്ക്കു മാഷേ .........
    സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ലോകം കേള്‍ക്കട്ടെ എല്ലാം
    സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    മറുപടിഇല്ലാതാക്കൂ
  2. അണുകുടുംബം....
    ബന്ധങ്ങളില്‍ വന്ന അകല്‍ച്ച
    എത്രയോ കരളലിയിക്കുന്ന കഥകള്‍@
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മാത്രം 592 രോഗികളുണ്ട്. 474 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനത്തിലാണ് ഇത്രയും രോഗികള്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ഇവിടെയും ഏതെങ്കിലുമൊരു രോഗി അക്രമാസക്തനായി അത്യാഹിതം സംഭവിക്കേണ്ടി വരും ഏര്‍പ്പെടുത്താന്‍ പോകുന്ന സംവിധാനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് ആലോചിക്കാനെങ്കിലും. കേരളത്തിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആതുരാലങ്ങളില്‍ മാത്രം 1450 രോഗികള്‍ ഉണ്ട്. ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് തന്നെ; 592 പേര്‍. രണ്ടാമത് തിരവനന്തപുരം പേരൂര്‍ക്കടയിലും. 500നുമുകളില്‍. 450 രോഗികളെ പാര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്നാണ് പറയുന്നത്. തൃശൂരിലെ പടിഞ്ഞാറേക്കോട്ടയില്‍ 350 രോഗികളാണുള്ളത്.
    ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം. ഒറ്റപ്പെടലിന്റെ അസഹ്യമായ വേദനകളുടെ തുരുത്തുകളിലാണവരുടെ ശിഷ്ട കാലം. എല്ലാ അഭയവും നഷ്ടമായവരുടെ ഒടുവിലത്തെ അത്താണി. പക്ഷേ സുരക്ഷിതമാണോ ഈ ജീവിതം? അല്ല തന്നെ. ''കോഴിക്കോട് കേന്ദ്രത്തിലെ 250 പേരെ എങ്കിലും ഇവിടെ താമസിപ്പിക്കേണ്ടവരല്ല.

    മറുപടിഇല്ലാതാക്കൂ