23/6/12

മരുന്നില്‍ നിറയുന്ന മായങ്ങള്‍; മരുന്ന് മാഫിയകളുടെ ആക്രാന്തങ്ങള്‍ പരമ്പര നാല്


40,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഇതില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. വ്യാജന്‍മാര്‍ പല രൂപത്തിലാണ് വിപണിയെ കീഴടക്കുന്നത്. 17000ത്തോളം മരുന്നുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇതില്‍ എഴുപത് ശതമാനത്തോളം വ്യാജമാണെന്നും 1997ല്‍ തന്നെ ഹാത്തിക കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വ്യാജ മരുന്നുകളുടെ വിപണനം തടയണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശവും നല്‍കി. ഇന്നും അതിനൊരു മാറ്റമുണ്ടായിട്ടില്ല. പുതിയ സംവിധാനങ്ങളും നിലവില്‍ വന്നിട്ടില്ല. 2006 ജനുവരി മുതല്‍ പക്ഷിപ്പനിക്കെതിരെ വിതരണം ചെയ്ത മരുന്നുകളില്‍ അഞ്ച് ലക്ഷത്തോളം രൂപയുടേതും വ്യാജമായിരുന്നു. മലേറിയ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക ബേങ്ക് തന്നെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതും കാലഹരണപ്പെട്ട മരുന്നുകളായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയിലും ബ്രിട്ടനിലും 40 ശതമാനത്തോളം വ്യാജമരുന്നുകളാണ് വിപണിയിലെത്തുന്നത്. 


കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന 122 മരുന്നുകളില്‍ 29 എണ്ണവും ഗുണനിലവാരമില്ലാത്തതാണെന്ന് രേഖകള്‍ നിരത്തി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ ആരോഗ്യ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു വി ഡി സതീശന്‍ എം എല്‍ എ. ലേബലില്‍ പറയുന്ന അളവില്‍ ചേരുവ ഉണ്ടായിരുന്നില്ല പലതിനും. കൂടിയ അളവില്‍ ചേര്‍ത്തിരുന്നു ചിലതില്‍. എന്നാല്‍ യാതൊരു ചേരുവയുമില്ലാതെ ശര്‍ക്കരവെള്ളവും ആല്‍ക്കഹോളും ചേര്‍ത്താണ് ഇന്ന് ചില ടോണിക്കുകളുടെ വരവ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നിന്റെ വില അംഗീകൃത കമ്പനികള്‍ വല്ലാതെ കൂട്ടുമ്പോഴും സമാന പാക്കേജുകളുമായി വ്യാജന്‍മാര്‍ രംഗത്തെത്തുന്നുണ്ട്. പ്രധാന കമ്പനികളുടെ മരുന്നുകളുടെ പേരിലെ ഏതെങ്കിലും ഒരക്ഷരം മാറ്റി സംശയമില്ലാത്ത വിധം തയ്യാറാക്കുന്നതാണ് വേറൊരു രീതി. കമ്പനിയുടെ അതേ പേരില്‍ തന്നെ വ്യാജനിറക്കുന്നവരുമുണ്ട്. വിറ്റാമിന്‍ ഗുളികകള്‍, ചുമ നിവാരണികള്‍, അയേണ്‍ ടോണിക്കുകള്‍ ഈ വിഭാഗങ്ങളില്‍ നിന്നാണ് വ്യാജന്‍മാരില്‍ ഏറെയും വരുന്നത്. ഇതേ കമ്പനികളുടെ പാക്കിംഗില്‍ തന്നെയാവും ഇതും.
കേരളത്തില്‍ ഒരു വര്‍ഷം 2000 കോടി രൂപയുടെ മരുന്നുകളാണ് വില്‍ക്കപ്പെടുന്നത്. ഇതില്‍ 1800 കോടിയുടേയും മരുന്നുകള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയാണ്. 200 കോടിയുടേത് മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നുള്ളൂ. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള ബാധ്യത പൂര്‍ണമായും മരുന്ന് കമ്പനികള്‍ക്കാണ്. സര്‍ക്കാറിനല്ല. നിയമസഭയില്‍ ഇങ്ങനെ മറുപടി നല്‍കിയത് ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ്. 


സംസ്ഥാനത്ത് 35000ത്തോളം മരുന്നുകള്‍ വിപണിയില്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഓരോ ഇനവും ശരാശരി നാല് ബാച്ചുകളെങ്കിലും ഇറക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം മരുന്നുകള്‍ വിപണിയിലെത്തുന്നു. ഇതില്‍ 4000 മരുന്ന് മാത്രം പരിശോധിക്കാന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ലാബില്‍ എങ്ങനെ ഇവയെല്ലാം പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. 
ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമപ്രകാരം നിശ്ചിത ഗുണനിലവാരമുള്ള മരുന്നുകള്‍ മാത്രമേ ഉത്പ്പാദിപ്പിച്ച് വിതരണം നടത്താവൂ. ഇത് ഉറപ്പ് വരുത്താനുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യമുള്ള കമ്പനികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ മരുന്ന് നിര്‍മാണത്തിനുള്ള ലൈസന്‍സും അനുവദിക്കൂ. 
വിവിധ കമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ വളരെകുറച്ച് സാമ്പിളുകള്‍ എടുത്ത് പരിശോധനക്കയക്കുകയും ഗുണനിലവാരം പുലര്‍ത്താത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഒരു മരുന്നിന്റെ ഒരു ബാച്ച് ഗുണനിവാരം പുലര്‍ത്തിയില്ലെന്ന് കണ്ടാല്‍ ആ ബാച്ച് പൂര്‍ണമായും പിന്‍വലിക്കും. അതേ മരുന്നിന്റെ രണ്ട് ബാച്ച് നിലവാരം പുലര്‍ത്തിയില്ലെങ്കിലോ ആ മരുന്ന് പിന്നീട് വാങ്ങില്ല. മരുന്നിനെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും. അതേ സമയം ഇതേ കമ്പനി നിര്‍മിക്കുന്ന മറ്റ് മരുന്നുകള്‍ വാങ്ങുന്നതിന് യാതൊരു തടസ്സവുമില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിക്കുകയുണ്ടായി. ഈ അവസ്ഥക്കൊന്നും സര്‍ക്കാര്‍ മാറിയതുകൊണ്ടോ ആരോഗ്യമന്ത്രി കസേരയില്‍ മുഖങ്ങള്‍ മാറിയത് കൊണ്ടോ മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ അത്തരത്തിലൊരു മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായും വിവരമില്ല. 
സംസ്ഥാനത്ത് എണ്ണായിരത്തോളം അംഗീകൃത ഫാര്‍മസികളുണ്ട്. ഇതില്‍ അഞ്ഞൂറിനും ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ പത്ത് ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണ്. ഈ മരുന്നുകളാകട്ടെ കൂടുതലും വിതരണം ചെയ്യുന്നത് അംഗീകാരമില്ലാത്ത ഫാര്‍മസികള്‍ വഴിയുമാണ്. മരുന്ന് കടകളില്‍ സൂക്ഷിക്കുന്ന 90 ശതമാനം മരുന്നുകളും 25 ഡിഗ്രി സെല്‍ഷ്യസിനു താഴെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ മിക്കയിടത്തും ഇതിനുള്ള സംവിധാനമില്ല. അതിനാല്‍ തന്നെ കൂടിയ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നതു മൂലം യാതൊരു ഗുണവും ഉണ്ടാവുകയില്ലെന്നും ഫാര്‍മസി കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ സി അജിത്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. 


ഇതെല്ലാം വിപണികളില്‍ വിറ്റഴിക്കപ്പെടുന്ന ക്വാളിറ്റിയുള്ള മരുന്നുകളുടെ വിശേഷങ്ങളാണ്. ഇതെല്ലാം പരിശോധിക്കപ്പെടാത്തത് ഗുണമേന്മയുള്ള മരുന്നു കമ്പനികള്‍ക്കു മാത്രമല്ല വ്യാജമരുന്ന് നിര്‍മാതാക്കള്‍ക്കും അനുഗ്രഹമായി മാറുകയാണ്. 
ഇന്ത്യയില്‍ 15,000 മരുന്ന് നിര്‍മാണ കമ്പനികള്‍ രജിസ്‌ററര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം ഫാര്‍മസികളുമുണ്ട്. അനധികൃതമായവ വേറെയും. ഇവയെല്ലാം പരിശോധിക്കാന്‍ നിലവിലുള്ള ഉദ്യോഗസ്ഥരെകൊണ്ട് സാധിക്കില്ല. പരിശോധിക്കുന്നവരെ പാരിതോഷികങ്ങള്‍കൊണ്ട് മൂടാന്‍ കമ്പനികള്‍ മത്സരിക്കുമ്പോള്‍ പ്രലോഭനങ്ങളില്‍ കുരുങ്ങിപോകുന്ന ഉദ്യോഗസ്ഥരെ കുറ്റം പറയാനാകുമോ...?


ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒരു കേശസംരക്ഷണ ഓയിലിന്റെ പരസ്യവാചകം കേള്‍ക്കുക. നൂറ് ശതമാനവും പ്രകൃതിദത്തമായ ചേരുവകളാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആയൂര്‍വേദ ആചാര്യന്‍മാര്‍ നിഷ്‌കര്‍ഷിച്ച ഒരേയൊരു ആയൂര്‍വേദ കേശ തൈലമാണിത്. നരച്ച മുടിയിഴകളുടെ സ്ഥാനത്ത് കറുത്തമുടിയിഴകള്‍ തഴച്ചുവളര്‍ത്തി, താരന്‍, മുടികൊഴിച്ചില്‍ എന്നിവയില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ ഒരേയൊരു ആയൂര്‍വേദ പരിഹാരമാണെന്ന് അവകാശപ്പെടുന്ന ഈ ഉത്പന്നം വിപണിയിലെത്തിയിട്ട് പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ. അതിനേക്കാള്‍ രസകരം ഈ കേശസംരക്ഷണത്തിന്റെ ഉടമസ്ഥന്‍ ചെറുപ്പക്കാരനാണ്. ഇദ്ദേഹത്തിന് കഷണ്ടിയുണ്ട്. ഈ കേശതൈലം ഉത്തമമെങ്കില്‍ ആദ്യം സ്വയം ചികിത്സ നടത്തി നാട്ടുകാരെ ബോധ്യപ്പെടുത്തികൊടുക്കാമല്ലോ...എന്തേ അതുചെയ്യാത്തതെന്ന ചോദ്യമൊക്കെ ആര് ചോദിക്കാന്‍...?
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം പരസ്യം നല്‍കി വന്‍തോതില്‍ വില്‍പ്പന നടത്തുന്ന എട്ട് ആയൂര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണകേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത് കഴിഞ്ഞ ദിവസമാണ്. അതില്‍ മുകളില്‍ പറഞ്ഞ കേശത്തൈലവും ഉള്‍പ്പെടുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളും തലയിലും ശരീരത്തിലും പുരട്ടുന്ന എണ്ണകളും അടക്കം അരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പിടി കൂടിയത്. ഇവര്‍ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതവഗണിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഈ റെയ്ഡുകള്‍. 


ആയിരക്കണക്കിന് ആയൂര്‍വേദ മരുന്നുകളാണ് വിപണിയിലിറങ്ങുന്നത്. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ് തന്നെ പച്ച മരുന്നുകളിലാണ്. മരുന്ന് നിര്‍മാണത്തിനാവശ്യമായ പച്ചമരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍ എന്നിവയെല്ലാം നാട് നീങ്ങിയിരിക്കുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയെ പോലുള്ള ചില സ്ഥാപനങ്ങള്‍ സ്വന്തമായി ഔഷധത്തോട്ടങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട്. മറ്റുപലര്‍ക്കും ഇത്തരം സംവിധാനങ്ങളില്ല. കാട്ടുമരങ്ങളുടെ തോല്‍ ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്ന് വനം വകുപ്പിന്റെ വിലക്കും നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും ഇവരൊക്കെ പ്രകൃതിദത്തമായ ആയൂര്‍വേദത്തെതന്നെയാണ് ആണയിടുന്നത്. ഇതൊന്നും ആളുകള്‍ ശ്രദ്ധിക്കുന്നേയില്ല.
വിവാദങ്ങളുടെ ഘോഷയാത്ര തന്നെ മുസ്‌ലിപവര്‍ എക്‌സട്രയെ പിന്തുടര്‍ന്നു. ഇന്നും സംശയത്തിന്റെ നിഴലില്‍ തന്നെയാണീ ഉത്പന്നം. എങ്കിലും ഇതൊന്നും വില്‍പ്പനയെ തെല്ലും ബാധിച്ചിട്ടില്ലെന്ന് കോഴിക്കോട്ടെ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ പറഞ്ഞു.
സമ്പൂര്‍ണ ആയൂര്‍വേദ സ്‌നാനത്തിനായി ഒരുക്കുന്ന മരുന്നുകളും വയര്‍കുറക്കുന്നതുള്‍പ്പെടെ നിരവധി ഓഫറുകള്‍ നല്‍കുന്ന ലവണത്തൈലങ്ങളും പെണ്‍കുട്ടികളുടെ സൗന്ദര്യവും ബ്രസ്റ്റിന്റെ വലിപ്പവും വര്‍ധിപ്പിക്കുന്നതിനായി ഇറക്കുന്ന പഞ്ചജീരകവും ഒന്നും യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് തങ്ങളുടെ അരികിലെത്താറുള്ളതെന്ന് മഞ്ചേരിയിലെ പ്രശാന്തി ആയൂര്‍വേദിക് മെഡിക്കല്‍സ് ഉടമ പറയുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ ഞങ്ങളല്ലാത്തതിനാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലല്ലോ. ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ കണ്ടുപിടിക്കാന്‍ ഇന്ന് വേണ്ടത്ര സംവിധാനങ്ങളില്ല. ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാവുമ്പോള്‍ എന്തും ചെയ്യാമല്ലോ. ആട്ടിന്‍ കാട്ടമോ പച്ച ചാണകമോ കുത്തി കലക്കുകയുമാവാം.



ദശമൂലാരിഷ്ടത്തിലും കൊലച്ചതി
ദശമൂലാരിഷ്ടത്തെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. അത്ഭുതാവഹമായ ഫലം തരുന്ന ദശമൂലാരിഷ്ടവും ഇന്ന് ലഭിക്കുന്നത് മായം ചേര്‍ത്തും ചേര്‍ക്കേണ്ട ചേരുവകളില്‍ കാല്‍ഭാഗം പോലും ചേര്‍ക്കാതെയുമാണെന്ന് പറയുന്നു ചേര്‍ത്തലയിലെ മോഹനന്‍ വൈദ്യര്‍. യഥാര്‍ഥ ദശമൂലാരിഷ്ടം തയ്യാറാക്കുന്നതിന് മാസങ്ങളുടെ അധ്വാനവും കഷ്ടപ്പാടുമുണ്ട്. അതില്‍ ചേര്‍ക്കുന്ന ചേരുവകളാകട്ടെ എണ്ണമറ്റതാണ്. ഇത്തരത്തില്‍ തപസ്യയായി തയ്യാറാക്കുന്ന ദശമൂലാരിഷ്ടത്തിന്റെ 450 മില്ലി ഗ്രാം ഉണ്ടാക്കുവാന്‍ മാത്രം 2000 രൂപയെങ്കിലും വേണ്ടിവരും. ലാഭം വേറെയും വേണ്ടെ...? അങ്ങനെ വരുമ്പോള്‍ 2500 രൂപയെങ്കിലും വിപണിയില്‍ കൊടുത്താലെ യഥാര്‍ഥ ദശമൂലാരിഷ്ടം 450 മില്ലി ഗ്രാം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇന്ന് വിപണിയില്‍ 100 രൂപയില്‍ താഴെ വിലയേവരുന്നുള്ളൂ 450 മില്ലി ഗ്രാം ദശമൂലാരിഷ്ടത്തിന്. കേരളത്തിലെ പ്രശസ്തമായ ആയൂര്‍വേദ കമ്പനിയില്‍ നിന്ന് പോലും ഇത്തരത്തിലുള്ള ദശമൂലാരിഷ്ടമാണ് ലഭിക്കുന്നത്. കേരളത്തിലെ പ്രമുഖ ആയൂര്‍വേദ കമ്പനി നല്‍കുന്ന ദശമൂലാരിഷ്ടത്തിന്റെ വില ഉള്‍പ്പെടെ ചേര്‍ത്തലയിലെ മോഹനന്‍ വൈദ്യര്‍ തന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ 62 രൂപക്കാണിത് വിതരണം ചെയ്യുന്നത്. എന്നാല്‍ ഏതാണ് കമ്പനി എന്ന് മാത്രം അദ്ദേഹം പറയുന്നില്ല. അറിയണമെന്നുള്ളവര്‍ നേരിട്ട് വിളിച്ചാല്‍ മതി. ഇത് പ്രകാരം വിളിച്ചപ്പോള്‍ ഈ ലേഖകനോടും അദ്ദേഹം ആ കമ്പനിയുടെ പേര് വെളിപ്പെടുത്തി. എന്നാല്‍ ആയൂര്‍വേദ വിധി പ്രകാരമുള്ള ദശമൂലാരിഷ്ടത്തിന്റെ നിര്‍മാണത്തെക്കുറിച്ച് കേള്‍ക്കുമ്പോഴെ ആയൂര്‍വേദത്തിന്റെ പേരില്‍ കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന്റെ ആഴത്തെക്കുറിച്ച് ഊഹിക്കാന്‍പോലുമാകുകയുള്ളൂ. അത് കേള്‍ക്കുക.
ദശമൂലം പ്രത്യേകം 300ഗ്രാം വീതം. കൊടുവേലിക്കിഴങ്ങ് ആരും മൊരിയും നീക്കി നിഴലില്‍ ഉണക്കിയത്. 1500 കിലോ ഗ്രാം പാച്ചോറ്റിത്തൊലി ചിമൃത് മൊരി നീക്കി 1200 കിലോ ഗ്രാം വീതം. നെല്ലിക്കാത്തോട് 960 ഗ്രാം, കൊടിത്തൂവവേര് 720 ഗ്രാം, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, കടുക്കത്തോട്, ഇവ 480ഗ്രാം വീതം, ശീമക്കൊട്ടം, കോല്‍മഞ്ചട്ടി, ദേവതാരം, വീഴാലരിക്കാമ്പ്, ഇരട്ടി മധുരം, ചെറുതേക്കിന്‍വേര്, വിളങ്കായമജ്ജ, താന്നിക്കാത്തോട്, തമിഴാമവേര്, കാട്ടുമുളകിന്‍വേര്, ജടമാഞ്ചി, ഞാവല്‍പ്പൂവ്, നന്നാറിക്കിഴങ്ങ് ആരും മൊരിയും നീക്കിയത്, കരിം ജീരകം, കൊഴല്‍ക്കൊന്ന, അരേണുകം(ധാന്യം) കച്ചൂരിക്കിഴങ്ങ്, ചുകന്നരത്ത, ചീനത്തിപ്പലി, മൊരികളഞ്ഞ പഴുക്കടക്ക, വരട്ടു മഞ്ഞള്‍, ചതകുപ്പ, പതിമുകം, ശീമനാഗപ്പൂവ്, മൊരിനീക്കിയ മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, കര്‍ക്കിടകശൃംഘി, ജീവകം(പാല്‍മുതുക്കിന്‍ കിഴങ്ങ്), ഇടവകം(പാല്‍മുതുക്കിന്‍ കിഴങ്ങ്) മേദാ(ശതാവരിക്കിഴങ്ങ്)മഹാമേദാ(ശതാവരിക്കിഴങ്ങ്) കാകോളി(അമുക്കുരം), ക്ഷീരകാകോളി(അമുക്കുരം), ഋദ്ധി (നിലപ്പനക്കിഴങ്ങ്), വൃദ്ധി (നിലപ്പനക്കിഴങ്ങ്) ഇവ 120 ഗ്രാം വീതം കൊത്തിനുറുക്കി കഴുകിചതച്ച് 125. 760 ലിറ്റര്‍ തിളച്ചവെള്ളത്തില്‍ കഷായം വെക്കുക. ശേഷം 31.440 ലിറ്ററാക്കി ഊറ്റി അരിച്ച് 3.600 കിലോഗ്രാം കറുത്ത മുന്തിരിങ്ങാപ്പഴം(കുരുകളഞ്ഞത്)14.400 ലിറ്റര്‍ തിളച്ചവെള്ളത്തില്‍ കഷായം വെക്കണം. തുടര്‍ന്ന് 10.800 ആക്കിപ്പിഴിഞ്ഞ് അരിച്ച് രണ്ട് കഷായങ്ങളും ഒന്നിച്ചു ചേര്‍ത്ത് ആറിയതിനുശേഷം 24 കിലോ ഗ്രാം പഴയ ശര്‍ക്കരയും 1.920 കിലോഗ്രാം പഴയതേനും ചേര്‍ത്ത് അരിച്ച് 1.800 കിലോഗ്രാം താതിരിപ്പൂവ്, താക്കോലപ്പൂട്ടില്‍, ശീമഇരുവേലി, മൈസൂര്‍ ചന്ദനം, ജാതിക്കാ, കരയാമ്പൂവ്, ഏലക്കായത്തിരി, ശീമ ഇലവംഗത്തൊലി, ശീമപച്ചില, ശീമനാഗപ്പൂവ്, ചീനത്തിപ്പലി ഇവപൊടിച്ചപൊടി, 120 ഗ്രാം വീതവും ചേര്‍ത്ത് നെയ്പുരട്ടി മയങ്ങിയ ഭരണിയില്‍ ആക്കി അടച്ചുകെട്ടി ശീലമണ്‍ ചെയ്ത് ഒരു മാസം മണ്ണില്‍ കുഴിച്ചിടണം. അതിനുശേഷമെടുത്ത് അരിച്ച് ഇതില്‍ 60 ഗ്രാം തോറ്റാമ്പരലിട്ട് വെച്ച് തെളിഞ്ഞാല്‍ അരിച്ച് എടുത്ത് 3.70 ഗ്രാം കസ്തൂരി അരച്ച് ചേര്‍ത്ത് കുപ്പികളില്‍ ആക്കി സൂക്ഷിക്കുക. (അഷ്ട വര്‍ഗത്തിന് പകരം പറയുന്ന ശതാവരി, പാല്‍മുതുക്കിന്‍ കിഴങ്ങ്, അമുക്കുരം, നിലപ്പനക്കിഴങ്ങ് എന്നിവ ഇരട്ടിവീതം ചേര്‍ക്കേണ്ടതാണ്.
ഇത്രയും വിഭവങ്ങള്‍ പറഞ്ഞ പ്രകാരം ചേര്‍ക്കുകയും കരുതലോടെ കാത്തിരുന്നും മാസങ്ങള്‍ തപസിരുന്നും ഉണ്ടാക്കി എടുക്കേണ്ട ദിവ്യ ഔഷധമാണ് ദശമൂലാരിഷ്ടം. ഇത്തരത്തില്‍ പാകം ചെയ്‌തെടുത്താല്‍ അതിന്റെ ഔഷധഗുണം അത്ഭുതാവഹമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്പോള്‍ പിന്നെ എങ്ങനെ നമ്മുടെ ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്ക് ഇത്രയും വിലകുറച്ച് ഇത് കൊടുക്കാന്‍ കഴിയുന്നു...? പാവം ജനങ്ങള്‍ നന്നാകട്ടെ കമ്പനികള്‍ മുടിഞ്ഞാലും വേണ്ടില്ല എന്നതാകണം കമ്പനികളുടെ മുഖമുദ്ര. പക്ഷേ, എന്നിട്ടും മരുന്ന് കമ്പനികള്‍ ലാഭത്തില്‍ റെക്കോര്‍ഡിടുന്നു. അപ്പോള്‍ മനസ്സിലായില്ലെ അവയുടെ ഗുണമേന്മ... -മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു. 
ആയൂര്‍വേദ മരുന്നുകളില്‍ പലതിന്റേയും അവസ്ഥയും ഇത് തന്നെയാണ്. പച്ച മരുന്ന് പച്ചയായി തന്നെ ഉപയോഗിക്കണം. അങ്ങനെ ഉപയോഗിച്ചെങ്കിലേ ഫലമുണ്ടാകൂ. എന്നാല്‍ പല ആയൂര്‍വേദ മരുന്നുകളും ഗോഡൗണില്‍ കൊണ്ടുവന്ന് ദീര്‍ഘകാലം കെട്ടി കിടക്കുകയാണ്. സ്റ്റോക്ക് തീരുന്ന മുറക്ക് മാത്രമേ കടകളിലേക്കെടുക്കുന്നുള്ളൂ. പിന്നെ അതുകൊണ്ട് എത്രമാത്രം പ്രയോജനം ഉണ്ടാകും...? 


ഫാനും എ സി യും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഈ കൊടും വേനലിലൊന്ന് ഓര്‍ത്തു നോക്കൂ. എന്നാല്‍ അതും അപകടവും രോഗങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളായാലോ.... കുടിവെള്ളം ലഭ്യമാക്കുന്ന പി വി സി പൈപ്പും അപകടകാരിയായ പ്ലാസ്റ്റിക്കും വിതക്കുന്ന ദുരന്തങ്ങളുടെ ഭീകരതയും ഭയാനകമാണ്. ആ കഥ... 

3 അഭിപ്രായങ്ങൾ: