21/5/12

വേണോ ഈ പഴവും പച്ചക്കറിയും....? പരമ്പര മൂന്ന്


പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. അവിടെ ആയൂര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും എല്ലാവരും ഒന്നിക്കുന്നു. പേരക്ക, മുന്തിരി, ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ ബാധയെ ആറിലൊന്നായി കുറക്കുന്നുണ്ട്. പക്ഷേ അവ പ്രകൃതി ദത്തമാകണമെന്ന് മാത്രം. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകാഹാരങ്ങള്‍ ലഭ്യമാക്കാന്‍ സമീകൃതാഹാരവും അത്യാവശ്യമാണ്. തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. പക്ഷേ, ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ എവിടെ നിന്ന് ലഭിക്കും...? ഈ പ്രതിസന്ധിയെ മറി കടക്കാന്‍ ശാശ്വതമായ പരിഹാരം ഡോക്ടര്‍മാര്‍ക്കുപോലും നിര്‍ദേശിക്കാനാകുന്നില്ല. സ്വയം പര്യാപ്തത മാത്രമേ പോംവഴിയുള്ളൂ. പക്ഷേ, അതിന് ആര് മുന്നിട്ടിറങ്ങുന്നു...? മായങ്ങളുടേയും മറിമായങ്ങളുടേയും ഭീകരതയില്‍ നിന്നാണ് ഇന്നത്തെ വിഭവങ്ങളെല്ലാം തീന്‍മേശകളില്‍ നിറയുന്നത്.

ഭീകരം ആപ്പിളിലെ വിഷം

പഴം പച്ചക്കറി വിപണി അപകട വഴികളിലൂടെയാണ് നടന്ന് നീങ്ങുന്നത്. മാരക വിഷം കുത്തിനിറച്ചും മെഴുക് പുരട്ടി കുട്ടപ്പനാക്കിയും നമ്മെ കൊഞ്ഞനം കുത്തി ചിരിക്കുന്നു അവയില്‍ പലതും. 
നമ്മുടെ നാട്ടില്‍ പഴങ്ങള്‍ക്കും അതാത് കാലമുണ്ട്. മാമ്പഴത്തിനും ആപ്പിളിനും പൈനാപ്പിളിനുമെല്ലാം. പക്ഷേ, വിപണികളില്‍ എല്ലായ്‌പ്പോഴും ആപ്പിളും ഓറഞ്ചും മുന്തിരിയും ലഭിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു...? സിംല, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ ആപ്പിളിന്റെ സീസണ്‍ ജനുവരി മുതല്‍ ജൂലൈ വരെയാണ്. ഹിമാചല്‍ പ്രദേശില്‍ ആപ്പിളുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നാല് വര്‍ഷം ജോലി ചെയ്തയാളാണ് കാളികാവിലെ അന്‍വര്‍. കാളികാവില്‍ ലോഡിംഗ് തൊഴിലാളിയായ അന്‍വര്‍ പറയുന്നു. -ആപ്പിളുകള്‍ അസാകാര്‍ബിക് എന്ന ആസിഡ് ഉപയോഗിച്ച് കഴുകിയാണ് സൂക്ഷിക്കുന്നത്. ഇതോടെ അവ സുന്ദരമാകുന്നു. തുടര്‍ന്ന് മെഴുകുപുരട്ടി മിനുമിനുത്തതാക്കുന്നതോടെ കുട്ടപ്പനാകുന്നു. ഈ രണ്ട് ചികിത്സയും നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് കേടുകൂടാതെയിരിക്കാന്‍ ഈ ആപ്പിളുകള്‍ക്ക് സാധിക്കും. തൊലിയില്‍ നിറവ്യത്യാസം കാണില്ല. വിദേശ ആപ്പിളുകള്‍ വലിയ കോള്‍ഡ് സ്റ്റോറേജിലാണ് സൂക്ഷിക്കുന്നത്. കുറച്ച് നാള്‍ ഇവിടെയും അന്‍വര്‍ ജോലി ചെയ്തിരുന്നു. ഇരു നില കെട്ടിടത്തോളം വലിപ്പമുള്ളതായിരുന്നു ആ സ്റ്റോറേജ്. അതിനകത്ത് ഹിമാലയത്തില്‍ കയറിയാലുള്ള തണുപ്പാണ്. ശരീരവും മനസ്സും മരവിച്ചുപോകും. ഇതിനകത്താണ് ആപ്പിളുകള്‍ മാസങ്ങളോളം സൂക്ഷിക്കുക. ഓര്‍ഡറിനനുസരിച്ചാണ് പിന്നീട് ഇവ കയറ്റി അയക്കുന്നത്. വിദേശ ആപ്പിള്‍ കണ്ടയ്‌നറുകളില്‍ കയറ്റി അയക്കുന്നതിന് കാലതാമസം വരും. അത് കൊണ്ടാണിങ്ങനെ മെഴുക് പുരട്ടുകയും ആസിഡ് ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത്. -അന്‍വര്‍ പറയുന്നു. എന്നാല്‍ വിദേശ ആപ്പിളുകളെ അപേക്ഷിച്ച് ഇന്ത്യന്‍ ആപ്പിളില്‍ ആസിഡുപയോഗവും മെഴുക് പുരട്ടലും കുറവായിരിക്കുമെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് ആവശ്യക്കാര്‍ കുറവാണെന്നാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ ഹമീദ് പറയുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും എല്ലായ്‌പ്പോഴും ആപ്പിള്‍ വരുന്നു. ഇതിനാണ് ആവശ്യക്കാരേറെയെന്നും ഹമീദ്. വിദേശ ആപ്പിളിന് ഭംഗികൂടും. വിലയും കൂട്ടി വില്‍ക്കാം. എന്നാല്‍ ഇതിന്റെ പിന്നിലെ കഥകള്‍ സാധാരണക്കാരന്‍ അറിയുന്നില്ലെന്നും അന്‍വര്‍. 
ഇന്ത്യന്‍ ആപ്പിള്‍ അഞ്ചു മാസംവരെ കേടുകൂടാതെയിരിക്കും. എന്നാല്‍ വിദേശ ആപ്പിള്‍ ഒരു വര്‍ഷം വരെയും. നമ്മുടെ മുമ്പിലെത്തുന്ന വിദേശ ആപ്പിളുകള്‍ക്ക് ഏകദേശം ഒരു വര്‍ഷത്തെ പഴക്കമെങ്കിലും കണക്ക് കൂട്ടണം. തോട്ടങ്ങളില്‍ നിന്നും പറിച്ചെടുത്ത പഴമാണ് ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കളില്‍ കുളിപ്പിക്കുന്നത്. ഈ ആപ്പിളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി വാങ്ങിക്കൊടുക്കുന്നത്. അത്രയും കാലം അതിജീവിക്കാനായി അതില്‍ കുത്തിനിറക്കുന്ന രാസപദാര്‍ഥങ്ങള്‍ എത്രമാത്രം ഹാനികരമായി ബാധിക്കും നമ്മുടെ ആരോഗ്യത്തെ..?
ഇന്ത്യന്‍ ആപ്പിളൊന്നും ആര്‍ക്കും വേണ്ട. മായം ചേര്‍ക്കാത്ത ആപ്പിളിന്റെ തൊലിയില്‍ നിറവ്യത്യാസം കാണും. അവ ഒരേ നിറത്തില്‍ കാണില്ല. എന്നാല്‍ ഇത് കാണുമ്പോള്‍ കേടാണെന്നും പഴയതാണെന്നും പറഞ്ഞ് വേണ്ടെന്ന് വെക്കുകയാണ് ആളുകള്‍. എന്നാല്‍ ഭംഗിയുള്ള തൊലി കാണുമ്പോള്‍ അത് വാങ്ങുന്നു. ഇതാകട്ടെ അപകടമാണ് എന്നാരും ഓര്‍ക്കാറില്ല. അപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും വിദേശി ഇറക്കുമതി ചെയ്യുകയല്ലേ രക്ഷയുള്ളൂ. അല്ലാതെ എന്നെപോലുള്ള കച്ചവടക്കാര്‍ വേറെന്ത് ചെയ്യും..? ഹമീദ് ചോദിക്കുന്നു.

വത്തക്കചുവപ്പും കൃത്രിമം

മൂന്നുനേരം ഭക്ഷണം കഴിക്കുന്നു വെങ്കില്‍ ഒരു നേരം പഴം കഴിക്കണമെന്നാണ് പറയുക. ഇത് രോഗ പ്രതിരോധത്തിനുതകും. രോഗികളെയും മറ്റും കാണാന്‍ പോകുമ്പോള്‍ നമ്മള്‍ പഴങ്ങള്‍ കൊണ്ടു പോകുന്നത് അത് കൊണ്ടാണ്. ഭക്ഷണ പദാര്‍ഥങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്നതാണ് പഴങ്ങള്‍. ഇന്ന് വിപണിയില്‍ ലഭിക്കുന്ന പഴങ്ങളത്രയും അയല്‍ സംസ്ഥാനത്തിന്റെ സംഭാവനയാണ്. അവയുടെ നിര്‍മാണഘട്ടങ്ങള്‍ നമുക്ക് കാണാനാകില്ല. അവയില്‍ എന്‍ഡോസള്‍ഫാന്‍ മുതലുള്ള മാരക കീടനാശിനികള്‍ തെളിച്ചിട്ടുണ്ടെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. മാരക വിഷങ്ങളില്‍ കുളിച്ചാണ് ഇവയോരോന്നും വളരുന്നത്. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലും കീടനാശിനി പ്രയോഗം ആവര്‍ത്തിക്കുന്നു. മുന്തിരിയും മാമ്പഴവും പൈനാപ്പിളും എന്‍ഡോസള്‍ഫാന്‍ ലായനിയില്‍ മുക്കി എടുക്കുന്നുണ്ട്. 
തണ്ണി മത്തനില്‍ ആദ്യമൊക്കെ ചുവപ്പ് നിറം കുറവായിരുന്നു. ഒരു ഇടത്തരം ചുവപ്പ്. അപ്പോള്‍ ആര്‍ക്കും അത് വേണ്ടായിരുന്നു. കര്‍ഷകരും കച്ചവടക്കാരും ഇടനിലക്കാരും നഷ്ടക്കണക്കുകള്‍ പറഞ്ഞു. അതിനെ അതിജീവിച്ചു വ്യാപാരികള്‍. ഇന്ന് വരുന്ന തണ്ണിമത്തന്റെ ഉള്‍വശം നല്ല ചുവപ്പായിരിക്കും. ഇത് കൃത്രിമമായി ഇന്‍ജക്ട് ചെയ്യുന്നതാണ്. ഇതിനായി ചുവപ്പ് കളറിലുള്ള ഡൈ സാക്കിറിന്‍ ചേര്‍ത്ത് സിറഞ്ചിലൂടെയാണ് കുത്തിക്കയറ്റുന്നത്. വിളവെടുപ്പിന് ശേഷമാണ് ഈ രാസവസ്തു കുത്തിക്കയറ്റുന്നതെങ്കില്‍ വളര്‍ച്ചാകാലത്ത് നിരവധി കീടനാശിനികള്‍ തെളിക്കുന്നുമുണ്ട്. 

പഴങ്ങളില്‍ നിന്ന് 
ശ്വാസകോശ രോഗങ്ങള്‍


പഴങ്ങളുടെ തൊലിപ്പുറത്ത് ഈച്ച, ഉറുമ്പ് തുടങ്ങിയ പ്രാണികളിരിക്കാതിരിക്കാന്‍ തയാബന്തെസോള്‍ എന്ന ലായനിയില്‍ പഴങ്ങള്‍ 20 മിനുട്ട് മുക്കിവെച്ചാല്‍ മതി. പക്ഷേ, ഈ പ്രക്രിയ മാരകമാണെന്ന് മാത്രം. ഈ ലായനിയില്‍ മുക്കിയ പഴങ്ങള്‍ ഗര്‍ഭിണികള്‍ കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവില്‍ അംഗവൈകല്യമുണ്ടാക്കാന്‍ വരെ ഇടയാക്കും. മുന്തിരി ക്ലോറിന്‍ ലായനിയില്‍ മുക്കിയെടുക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇത്തരം മുന്തിരി കഴിക്കുന്നവരിലുണ്ടാകും. വായു കടക്കാത്ത മുറിയില്‍ മാമ്പഴവും മറ്റു പഴങ്ങളും വെച്ച് ക്ലോറിന്‍ ഉപയോഗിച്ച് പുകയാക്കി സ്‌പ്രേ ചെയ്യുന്നതാണ് മറ്റൊരു രീതി. ഇതും ശ്വാസകോശ രോഗങ്ങള്‍ വിളിച്ചു വരുത്താനുള്ള മുന്നൊരുക്കമാണ്. ടിന്നുകളില്‍ പായ്ക്ക് ചെയ്ത് വരുന്ന പഴങ്ങളില്‍ വെളുത്ത നിറത്തിലുള്ള പൊടി കാണാം. ഈ വസ്തു കീടനാശിനിയുടെ അവശിഷ്ടമായിരിക്കും. മീതെയില്‍ ബ്രോമൈഡ് എന്ന കീടനാശിനിയും പഴങ്ങള്‍ കേടുവരാതിരിക്കാനായി പുകക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് ശേഷം പഴങ്ങളുടെ തോല്‍ തിളങ്ങുന്നത് കാണാം. ഇതിന് വിധേയമായ പഴങ്ങള്‍ കഴിക്കുന്നവരുടെ ശ്വാസകോശവും വൃക്കയും തകരാറിലാകും. പഴങ്ങളുടെ പേരിലുള്ള സ്‌ക്വാഷുകളും ജാമുകളും ധാരാളം വിപണിയിലെത്തുന്നുണ്ട്. പഴുത്ത് കഴിഞ്ഞാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് പഴങ്ങളുടെ ആയുസ്. പെട്ടെന്ന് തന്നെ നശിക്കുന്ന പഴങ്ങളുടെ ചാറുകളെന്ന് പറഞ്ഞ് വില്‍ക്കുന്നവയാകട്ടെ വര്‍ഷങ്ങളോളം നിലനില്‍ക്കും. ഇതിനായി കൃത്രിമ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ കൃത്രിമ വസ്തുക്കള്‍ കരളിനും കുടലിനും ഒട്ടേറെ കുഴപ്പങ്ങള്‍ ഉണ്ടാകുന്നവയാണ്. വാഴ കൃഷിചെയ്യുമ്പോള്‍ ഫ്യൂരിഡാന്‍ ഉപയോഗിക്കുന്നത് നാട്ടിന്‍പുറത്ത് പോലും പതിവ് കാഴ്ചയാണ്. കുല വളര്‍ന്നാല്‍ മാണിത്തട്ടവെട്ടി വീണ്ടും ഫ്യൂരിഡാന്‍ വെക്കുന്നതും കുലയുടെ വണ്ണം കൂട്ടാനാണ്. 
അബൂദബിയില്‍ മാമ്പഴത്തില്‍ നിന്നും ശീതളപാനീയമുണ്ടാക്കുന്ന കമ്പനിയിലായിരുന്നു കരുവാരകുണ്ടിലെ കുഞ്ഞിമുഹമ്മദിന് ജോലി. എന്നാല്‍ അവിടെ മാമ്പഴമേ അതിനായി ഉപയോഗിച്ചിരുന്നില്ലെന്ന് പറയുന്നു കുഞ്ഞിമുഹമ്മദ്. പകരം ഉരുളക്കിഴങ്ങും ചില എസെന്‍സുകളുമായിരുന്നു ചേര്‍ത്തിരുന്നത്. അതില്‍ നിന്നും ക്രിത്രിമമായ മാങ്ങാച്ചാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തൊട്ടപ്പുറത്ത് ഇദ്ദേഹത്തിന്റെ സഹോദരന്‍ അസൈനാര്‍ക്ക് അണ്ടിപ്പരിപ്പ് പാക്ക് ചെയ്യലായിരുന്നു തൊഴില്‍. എന്നാല്‍ ഇവിടെ ഇതിനായി ഉപയോഗിച്ചിരുന്നത് മൈദയും നിലക്കടല പൊടിച്ചതും ചില എസെന്‍സും മാത്രമായിരുന്നു. എന്നാല്‍ ഇത് കഴിച്ചാല്‍ സംശയമേ തോന്നില്ലെന്നാണ് അസൈനാര്‍ പറയുന്നത്. സൗദി അറേബ്യയിലെ അബഹയില്‍ നാല് വര്‍ഷമാണ് പട്ടിക്കാട് മണ്ണാര്‍മലയിലെ ഹമീദ് പാക്കിസ്ഥാനികള്‍ നടത്തിയിരുന്ന കമ്പനിയില്‍ ജോലി ചെയ്തത്. ഇവിടെ ഈത്തപ്പഴം വിവിധ രീതിയില്‍ സംസ്‌ക്കരിച്ചെടുത്ത് മറ്റു പഴങ്ങളും പലഹാരങ്ങളും ഉണ്ടാക്കലായിരുന്നു ജോലി. പകുതി പഴുത്ത ഈത്തപ്പഴം ഒന്നായി പറിച്ചെടുത്ത് ഗോഡൗണില്‍ സൂക്ഷിക്കും. ഇവ ചില മിശ്രിതങ്ങള്‍ ചേര്‍ത്ത് ചക്കിലിട്ടാട്ടിയാല്‍ നല്ല കറുത്ത നിറമായി മാറും. ഇതിനകത്ത് വീണ്ടും ഈത്തപ്പഴത്തിന്റെ കുരുവും കടലപ്പരിപ്പും ചേര്‍ത്ത് പാക്ക് ചെയ്യുമ്പോള്‍ ഏറ്റവും ക്വാളിറ്റിയുള്ള ഈത്തപ്പഴമായി മാറുന്നു. ഇതിന് വന്‍ ഡിമാന്‍ഡുമുണ്ടാകുന്നു. കുറഞ്ഞ വിലക്ക് വാങ്ങുന്ന പകുതി കേടായ ഈത്തപ്പഴമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത് എന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു. അതില്‍ പിന്നെ ഈത്തപ്പഴം കഴിക്കുകയോ വീട്ടിലാരെയും കഴിക്കാനവദിക്കാറോ ഇല്ലെന്നും ഹമീദ് പറഞ്ഞു.

കാഴ്ചയിലെ സുന്ദരന്‍മാര്‍
അനുഭവത്തില്‍ വില്ലന്‍മാര്‍


പച്ചക്കറികളുടെ കഥയും ഇത് തന്നെ. ക്വാളിഫ്‌ളവര്‍, കാബേജ്, എന്നിവയില്‍ അഞ്ചു ദിവസങ്ങളില്‍ ഒരു തവണ കീടനാശിനി തളിക്കുന്നുണ്ട്. വിളവെടുക്കാന്‍ 150 ദിവസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്ന് തളിക്കുന്നത്. കമ്പോളത്തിലെത്തുന്ന ചീരയിലയിലോ മറ്റോ ചെറിയൊരു പുഴുക്കുത്ത് കണ്ടാല്‍ അത് വാങ്ങാന്‍ മടിക്കുന്നു നമ്മള്‍. ഭംഗിയുള്ള ഇലകളാണ് ആളുകള്‍ക്ക് വേണ്ടത്. പുഴുവരിച്ച പാട് കണ്ടാല്‍ അതാണ് നല്ലതെന്നും അടയാളമില്ലാത്തതാകട്ടെ കീടനാശിനി പ്രസവിച്ചതാണെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികള്‍ക്കില്ലാതെ പോയിരിക്കുന്നു. തക്കാളി, വെണ്ട, പയര്‍ ,കറിവേപ്പില, വഴുതന, അമര എന്നിവയിലെല്ലാം മരുന്നുതളി വ്യാപകമാണ്. തൃശ്‌നാപ്പള്ളിയിലെ വെറ്റില തോട്ടത്തില്‍ അമരയും ഇതോടൊപ്പമാണ് കൃഷി ചെയ്യുന്നത്. അപ്പോള്‍ രണ്ടിനും ഒരുമിച്ച് മരുന്ന് തെളിച്ചാല്‍ മതിയല്ലോ എന്നാണവര്‍ കാണുന്ന ലാഭം. 
വിദേശ രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനികളാണിവയെല്ലാം. പക്ഷേ ഇന്ത്യയില്‍ ഇവയ്ക്ക് യാതൊരു നിരോധനവുമില്ല. ഒരു വര്‍ഷം ഇന്ത്യയില്‍ 50,000 ടണ്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശം കൂടി ഇല്ലാതാക്കുന്നുണ്ട്. കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ പോലും കീടനാശിനിയുടെ അംശം കണ്ടെത്തുന്നു. പ്രസവത്തിന് ശേഷം കുറഞ്ഞനാളുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചാല്‍ വിഷം കലര്‍ന്ന മുപ്പാല് കൊണ്ടാകാന്‍ സാധ്യതയുണ്ട്. കീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യ ജീവനുകള്‍ക്കു മുമ്പില്‍ പോലും ഭീകരതാണ്ഡവ മാടുന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണങ്ങളാണിത്. പുതിയ കാലത്തെ മലയാളിയുടെ പ്രധാന ഭക്ഷ്യ വിഭവങ്ങളായ പാലും പഴവും മുട്ടയും എങ്ങനെയാണ് അണിഞ്ഞൊരുങ്ങുന്നത്. ആ കഥ ഉടനെ.

1 അഭിപ്രായം:

  1. തീര്‍ച്ചയായും കടകളില്‍ നിന്ന് വാങ്ങികൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും
    ഉപയോഗിക്കാന്‍ ശങ്കയാണ്.മൂന്നു മാസം മുമ്പ് ഫ്രൂട്ട്സ്കടയില്‍ നിന്ന് വാങ്ങിയ മാമ്പഴം കഴിച്ച് സൂക്കേട് ബാധിച്ച കൊച്ചുമോനെ ആശുപത്രിയില്‍ ആക്കേണ്ടി വന്നു അസുഖം മാറ്റാന്‍.
    അറിവുപകരുന്ന ലേഖനം.നന്ദി.തുടര്‍ന്നും...............
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ