10/5/12

വിലക്കു വാങ്ങാം മരണങ്ങള്‍ വിപണനം ചെയ്യാം രോഗങ്ങള്‍ പരമ്പര 1


സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വരുന്ന പരമ്പരയുടെ ആമുഖം




തടിയന്‍ ചേക്കുണ്ണി പത്തുവര്‍ഷത്തിലേറെയായി ഒരാസ്തമ രോഗിയാണ്. പ്രായം തളര്‍ത്തിയ അവശതകള്‍ക്കൊപ്പം എഴുപതുകാരനായ അദ്ദേഹത്തെ അനേകം രോഗങ്ങള്‍ വലക്കുന്നുണ്ട്. കേരളത്തിലെ തന്നെ ആദ്യകാല റബര്‍ എസ്റ്റേറ്റുകളില്‍ ഒന്നായ ഏറനാട്ടിലെ പുല്ലങ്കോട് ആസ്പിന്‍ വാള്‍ റബര്‍ പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു ചേക്കുണ്ണി.
ഇദ്ദേഹത്തിന്റെ പിതാവ് കുഞ്ഞലവിയും മാതാവ് കുഞ്ഞാഇശയും സഹോദരന്‍ മൊയ്തീനും ഭാര്യാ സഹോദരി സൈനബയും ഇതേ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. 1986ല്‍ പിതാവും 87ല്‍ സഹോദരനും 1996ല്‍ മാതാവും രണ്ടായിരത്തില്‍ ഭാര്യാ സഹോദരിയും മരിച്ചു. എല്ലാവര്‍ക്കും അസുഖം ക്യാന്‍സര്‍. അന്ന് അത് അത്രകാര്യമാക്കിയില്ല. എന്നാല്‍ ഇന്ന് ചേക്കുണ്ണി തിരിഞ്ഞുനോക്കുമ്പോള്‍ എസ്‌റ്റേറ്റില്‍ നിന്നും അടുത്തകാലത്തായി മരണത്തിലേക്ക് പടിയിറങ്ങിപ്പോയവരുടേയും ചികിത്സ തുടരുന്നവരുടെയും അസുഖങ്ങളും മറ്റൊന്നല്ല.
പാമ്പുകടിയന്‍ ആലി, നീറംകുയ്യന്‍ കുഞ്ഞാഇശ, കൈപ്പള്ളി ഗംഗാധരന്‍, കോന്തൊടിക മൊയ്തീന്‍, പച്ചാടന്‍ രാമന്‍, മോരംപാടം കണ്ടന്‍, വെട്ടാമ്പുറത്ത് രാമന്‍, പറമ്പത്ത് മൊയ്തീന്‍, അയനിക്കാടന്‍ അബു, സഹോദരങ്ങളായ എന്‍ കെ സൈദാലി, എന്‍ കെ ആലി, കൂരിമണ്ണില്‍ മുഹമ്മദ്, കാപ്പാടത്ത് മൊയ്തീന്‍കുട്ടി, ഭാര്യ ഏനിതൊടിക ആഇശ, ഡ്രൈവര്‍ ചന്ദ്രേട്ടന്റെ ഭാര്യ ഗൗരി, ബര്‍മ കുഞ്ഞിമുഹമ്മദ്, പൊടിയാട്ടുകുണ്ടില്‍ നഫീസ, കുന്നുമ്മല്‍ അബ്ദു, പാറമ്മല്‍ മുഹമ്മദ്, മകന്‍ ജമാല്‍, എസ്റ്റേറ്റിലെ എന്‍ജിന്‍ ഡ്രൈവറായിരുന്ന ജയരാജ്, അമ്പലപ്പറമ്പന്‍ കുഞ്ഞി പാത്തു ഇവരെല്ലാവരും അടുത്തകാലത്ത് മരണപ്പെട്ടവരിലെ ചിലര്‍ മാത്രം. പുല്ലങ്കോട് എന്ന ചെറു ഗ്രാമത്തിലുള്ളവര്‍. ചേക്കുണ്ണിയുടെ മനസ്സില്‍ ഒറ്റചിന്തയില്‍ മാത്രം കടന്നുവന്നവര്‍. ആയിരക്കണക്കിന് ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഇതേ എസ്റ്റേറ്റിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരിലും കിലോ മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് വന്ന് തൊഴിലെടുക്കുന്നവരുടെ കുടുംബങ്ങളിലെ മരണ കണക്കെടുത്താലും ഇതിനേക്കാള്‍ ഭീതിജനകമാവും കാര്യങ്ങള്‍. 
25 വര്‍ഷമായി ഈ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ പറമ്പത്ത് ഹംസയുടെ പിതാവ് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു. അദ്ദേഹവും മരിച്ചത് ക്യാന്‍സര്‍ ബാധിച്ചാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം എസ്റ്റേറ്റിലെ തൊഴിലാളികളിലുണ്ടായ മരണങ്ങളില്‍ 95 ശതമാനവും ക്യാന്‍സര്‍ ബാധിച്ചാണെന്ന് അദ്ദേഹം പറയുന്നു. സര്‍വീസില്‍ നിന്ന് പിരിയുന്നവര്‍ ഭൂരിഭാഗവും മൂന്നോ നാലോ വര്‍ഷം മാത്രമെ ജീവിച്ചിരിക്കൂ. അതിനിടക്ക് അവരെ വിവിധ രോഗങ്ങള്‍ പിടികൂടുന്നു. എസ്റ്റേറ്റിലെ 90 ശതമാനം തൊഴിലാളികള്‍ക്കും ആസ്തമപോലുള്ള അസുഖങ്ങളുണ്ടെന്ന് തടിയന്‍ ചേക്കുണ്ണിയും പറയുന്നു. പക്ഷേ എന്നിട്ടും ഇതേക്കുറിച്ച് പഠനമോ വേണ്ട രീതിയിലൊരു ബോധവത്കരണമോ നടത്തുന്നതിന് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകളും ഇത്തരത്തിലൊരാവശ്യം ഇന്നുവരെ ഉന്നയിച്ചിട്ടുമില്ല. 
ഇത് കിഴക്കന്‍ ഏറനാട്ടിലെ പുല്ലങ്കോട് റബര്‍ പ്ലാന്റേഷനിലെ മാത്രം കഥയല്ല. കേരളത്തിലെ ഓരോ തോട്ടം മേഖലയിലും ഇപ്പോള്‍ മാരകരോഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വയനാട്ടെയും കോട്ടയത്തെയും കാസര്‍കോട്ടെയും ഇടുക്കിയിലെയും മലയോരങ്ങളില്‍ നിന്നും ഉയരുന്നു കാന്‍സര്‍ മരണങ്ങളുടെ നിലവിളികള്‍. പാലക്കാട്ടെയും കുട്ടനാട്ടിലേയും വയലേലകളില്‍ നിന്നും കേള്‍ക്കുന്നു ദാരുണമായ കദനകഥകള്‍. റബര്‍തോട്ടങ്ങള്‍, ഏലക്കാടുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, ദുരന്തഭൂമികള്‍ ഏതായാലും രാസ, വായു മലിനീകരണത്തിന്റെയും കീടനാശിനികളുടെയും ഇരകള്‍ക്ക് എവിടെയും മുഖങ്ങള്‍ ഒന്നുതന്നെ. 



പുല്ലങ്കോട് നിന്നും രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് ചോക്കാട്. ഇവിടെ സര്‍ക്കാറിന്റെ തന്നെ സീഡ് ഫാമിലെ തൊഴിലാളികള്‍ പറയുന്നതും സമാനമായ കഥകള്‍ തന്നെ. എന്നാല്‍ അത്തരം വര്‍ത്തമാനങ്ങള്‍ ഓരോ ഗ്രാമങ്ങളില്‍ നിന്നും കേള്‍ക്കുന്ന ഭീതിതമായ ഒരു കാലത്തേക്കാണ് നമ്മള്‍ എത്തിയിരിക്കുന്നത്. കേരളം ഒരു കാന്‍സര്‍ ഗ്രാമമായും ഹൃദ്രോഗ നഗരമായും ജീവിതശൈലീ രോഗങ്ങളുടെ ശവപ്പറമ്പായും മാറുകയാണ്. 
ഓരോ ഗ്രാമങ്ങളിലേക്കും പടര്‍ന്നുകയറുകയാണിന്ന് ക്യാന്‍സര്‍. പേരറിയാത്ത മറ്റനവധി രോഗങ്ങളും. ജീവിത ശൈലീ രോഗങ്ങള്‍ മറുവശത്തും. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ് ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത് ചെലവഴിച്ചിട്ടുള്ളത്. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്നമായി ഈ രോഗം തുടരുന്നു. 
ക്യാന്‍സര്‍ മുതിര്‍ന്നവര്‍ക്കുള്ള രോഗമാണെന്ന് കരുതരുത്. കുട്ടികളില്‍ പോലും അര്‍ബുദ രോഗം കൂടി വരികയാണ്. യുവാക്കളേയും കൗമാരക്കാരെയും സ്ത്രീകളേയും ഈ രോഗം കാര്‍ന്നു തിന്നുന്നു. കോഴിക്കോട് കോവൂരിലെ അഞ്ചു വയസ്സുകാരി നയനയും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ പത്തു വയസ്സുകാരന്‍ അക്ഷയും പാണ്ടിക്കാട്ടെ സഹോദരങ്ങളായ പതിനെട്ട് വയസ്സില്‍ താഴെയുള്ള അമീനും മുനീബും സഫര്‍ മുഹമ്മദും അര്‍ബുദ രോഗത്തിന്റെ ഇരകളിലെ പ്രായം കുറഞ്ഞ പ്രതിനിധികളാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമാവശ്യപ്പെട്ട 12,3402 പേര്‍ക്കാണ് സഹായമനുവദിച്ചത്. ഇതില്‍ എഴുപതുശതമാനവും അര്‍ബുദരോഗികളായിരുന്നു. ഹൃദ്രോഗത്തിനും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കും പുറമെ തുടര്‍ ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കായിരുന്നു തുക അനുവദിക്കപ്പെട്ടതെന്നാണ് വിവരാവകാശ നിയമപ്രകാരം സിറാജിന് ലഭിച്ച മറുപടി. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. 21, 576പേര്‍. ആലപ്പുഴ 13, 622, കോട്ടയം 10,984, തൃശൂര്‍ 12, 206, കൊല്ലം 9802 പേരും ഈ സഹായം കൈപ്പറ്റി. അപേക്ഷകളില്‍ 20 ശതമാനം തിരസ്‌ക്കരിക്കേണ്ടി വന്നിട്ടുണ്ട്. അത് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതുമൂലമായിരുന്നു. ഇതിലും അഞ്ചുശതമാനത്തോളം അര്‍ബുദ രോഗികളായിരുന്നു.
ആധുനിക രോഗങ്ങളില്‍ ഏറ്റവും ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത് പ്രമേഹവും ഹൃദ്‌രോഗവുമാണ്. ഓരോ വര്‍ഷവും 32 ലക്ഷത്തോളം ആളുകള്‍ പ്രമേഹം മൂലം മരിക്കുന്നു. ലോകത്താകമാനം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ പത്ത് ശതമാനവും നീക്കിവെക്കുന്നത് പ്രമേഹത്തിന് വേണ്ടിയാണ്. 
1998ല്‍ 463562 പേരാണ് ഹൃദ്‌രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. 2004ല്‍ അത് 554194 ആയി. ഇപ്പോള്‍ ഒരു മിനിട്ടില്‍ നാല് ഇന്ത്യക്കാരാണ് കാലയവനികക്കുള്ളിലേക്ക് മടങ്ങുന്നത്. രക്ത സമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍, പക്ഷാഘാതം എന്നിവയെല്ലാം അപകടകരമായ രീതിയില്‍ വളര്‍ന്ന് ആരോഗ്യത്തെ തിരിഞ്ഞ് കുത്തുന്നു.

 
അഞ്ച് വര്‍ഷം മുമ്പ് വരെ ഒരു പ്രമേഹ രോഗിയുടെ ഏറ്റവും ചുരുങ്ങിയ വാര്‍ഷിക ചികിത്സാ ചെലവ് ഏഴായിരം രൂപയായിരുന്നു. ഇന്ന് ഇത് എത്രയോ ഉയര്‍ന്നിരിക്കുന്നു. അതേ കണക്ക് വെച്ച് കൂട്ടിയാലും 32 ലക്ഷത്തോളം ആളുകള്‍ക്കായി ചെലവഴിക്കേണ്ടി വന്നത് 320000000 കോടി രൂപയാണ്. ഹൃദ്‌രോഗികള്‍ക്കാകട്ടെ ഏഴായിരം മുതല്‍ പതിനായിരം രൂപ വരെയും ചെലവഴിക്കേണ്ടി വന്നു. മൊത്തം 5541940000 കോടി രൂപ. ഏഴായിരം രൂപ മുതല്‍ പതിനായിരം വരെ ചെലവ് വരുന്നു പക്ഷാഘാത ചികിത്സക്ക്. ഏഴായിരം രൂപ ചെലവ് പ്രതീക്ഷിക്കുന്നു അമിത വണ്ണത്തിന്. അയ്യായിരം രൂപയോളം വരുന്നു അമിത കൊളസ്‌ട്രോളുകാര്‍ക്ക്. ഇവര്‍ക്കെല്ലാ മായി പ്രതിവര്‍ഷം എത്ര കോടി രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
എന്നാല്‍ അര്‍ബുദം, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയുടെയൊക്കെ ചികിത്സാ ചെലവ് ലക്ഷങ്ങളില്‍ ഒതുങ്ങുന്നില്ല. സമ്പാദ്യത്തിന്റെ എണ്‍പത് ശതമാനത്തോളം ആതുരാലയങ്ങളില്‍ കൊണ്ടു കൊടുക്കേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ് ആതുരാലയങ്ങള്‍, പാരമ്പര്യവൈദ്യന്‍മാര്‍, എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നിടത്തേക്കെല്ലാം രോഗികളൊഴുന്നു. ജീവിതകാലത്തെ സമ്പാദ്യമെല്ലാം കുത്തിയൊലിച്ച് പോകുന്ന അവസ്ഥയിലേക്ക് കൂട്ടികൊണ്ടു പോയത് എന്താണ്...? ജീവിത ശൈലികളും നമ്മള്‍ കഴിക്കുന്ന ആഹാരവുമല്ലേ.. അതേ എന്ന് തറപ്പിച്ച് പറയാനാകും. നമ്മുടെ വീടുകളില്‍ ഇന്ന് പണിയെടുക്കാനെത്തുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. നമുക്ക് അധ്വാനിച്ചു കൂടാ. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറവ് വരുത്താനും കഴിയുന്നില്ല. കുറഞ്ഞ അധ്വാനവും കൂടുതല്‍ ഭക്ഷണവും വേണം. അതാകട്ടെ കൊഴുപ്പ് കലര്‍ന്നതുമാകണം. ഇതുവഴിയെല്ലാം മരണത്തെ നമ്മള്‍ വില കൊടുത്തു വാങ്ങുന്നു. രോഗങ്ങളെ വിപണനം ചെയ്യുന്നു. കാന്‍സര്‍ മാത്രമല്ല കഴിക്കുന്ന ഓരോ ആഹാരത്തില്‍ നിന്നും നൂറ് കൂട്ടം രോഗങ്ങളേയാണ് സൗജന്യമായി ചെയ്യുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയും ബേബിഫുഡ് മുതല്‍ അന്തപുരങ്ങളിലെ അത്താഴ വിരുന്നില്‍ വരെയും നിറയുന്ന മായം കലര്‍ത്തലിന്റെ അധോലോക കഥകളെക്കുറിച്ച് ഉടന്‍
ഉണ്ണികളെ ഊട്ടുന്നതും കാളക്കൂടം








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ