29/10/11

മനോരോഗങ്ങളുടെ തടവറയില്‍ കുഞ്ഞുങ്ങള്‍ കൊലവിളിയുടെ താരാട്ട്‌ പരമ്പര, അവസാനഭാഗം



തിരുവനന്തപുരം കഴക്കൂട്ടത്തെ മുണ്ടന്‍ചിറ മറിയ അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും മരണത്തിലേക്ക്‌ വിളിച്ചതാണ്‌. എന്നാല്‍ അഞ്ച്‌ വയസ്സുള്ള അലന്‌ എന്തോ സംശയം തോന്നി. ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ തഞ്ചത്തില്‍ തീപ്പെട്ടിയുരക്കുകയായിരുന്നു അമ്മ. അതുകണ്ടപ്പോഴാണ്‌ അവന്‍ കുതറി ഓടിയത്‌. അനിയത്തി ശരണ്യയുടെ കൈക്കും ബലമായി പിടിച്ച്‌ വലിച്ചു. ആശുപത്രികിടക്കയില്‍ നിന്ന്‌ ബന്ധു വീട്ടിലെത്തിയ അവന്‌ ഇതുപറയാനും മൂന്ന്‌ വയസ്സുകാരിക്ക്‌ തലകുലുക്കി സമ്മതിക്കാനും അവസരമുണ്ടായത്‌ ദൈവ നിയോഗംകൊണ്ട്‌ മാത്രമാണ്‌.
ഇങ്ങനെ മരണമുഖത്ത്‌ നിന്നും ആയുസിന്റെ നീളം കൊണ്ട്‌ മാത്രം ജീവിതത്തിലേക്ക്‌ തിരികെയെത്തിയ 17 കുഞ്ഞുങ്ങളേയാണ്‌ നേരില്‍ കാണേണ്ടിവന്നത്‌. ഇവരൊന്നും പഴയ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിട്ടില്ല. തൃശൂരിലെ നാലുവയസ്സുകാരന്‍ അതുല്‍ പറഞ്ഞത്‌ എന്നും അമ്മയെ മദ്യപിച്ച്‌ തൊഴിക്കുന്ന അച്ഛനെക്കുറിച്ചായിരുന്നു. ഇപ്പോഴും അവന്‌ അച്ഛന്റെ നിഴലിനെപോലും പേടിയാണ്‌. ഇനി ഒരിക്കലും കാണണമെന്നും ആ ആറ്‌ വയസ്സുകാരന്‌ ആഗ്രഹമില്ല. അച്ഛന്റെ സുഹൃത്തുമായി രാത്രിവീട്ടിലെത്തുകയും അച്ഛന്‍ സുഹൃത്തിനെയും അമ്മയേയും അകത്തിട്ട്‌ പൂട്ടിയിടുകയും ചെയ്‌തതായി കുട്ടി പറയുന്നു. പൂട്ടിയിട്ട മുറിയില്‍ നിന്ന്‌ അമ്മയുടെ കൂട്ടക്കരച്ചിലും കേട്ടു. അന്ന്‌ അച്ഛനും സുഹൃത്തും പോയശേഷമാണ്‌ അമ്മ അതുലിനേയും കൂട്ടി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്‌. അമ്മ രേഷ്‌മ മരിച്ചു. അതുല്‍ മാത്രം ബാക്കിയായി.

ഭീതിതകാഴ്‌ചകള്‍;
മനോനിലതെറ്റുന്ന കുരുന്നുകള്‍


മാതാപിതാക്കള്‍ കണ്‍മുമ്പില്‍ കിടന്ന്‌ മരിക്കുന്ന കാഴ്‌ച കാണേണ്ടിവരുന്ന ഒരു കുട്ടിയുടെ മനസില്‍ നിന്ന്‌ എങ്ങനെയാണാകാഴ്‌ചകളെ മായ്‌ക്കാന്‍ കഴിയുക..? ചെറു പ്രായത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെടുകയോ ഭീതിതമായ അനുഭവങ്ങള്‍ക്ക്‌ സാക്ഷിയാകേണ്ടിയോ വന്നാല്‍ അവരില്‍ വിഷാദരോഗത്തിനുള്ള സാധ്യതയുണ്ട്‌. മാനസികരോഗങ്ങള്‍ ഉള്ള കുടുംബത്തിലെ കുട്ടികളില്‍, അച്ഛനമ്മമാര്‍ കലഹിക്കുന്നവീടുകളില്‍, മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ കുടുംബങ്ങളില്‍, എല്ലാം കഴിയുന്ന കുട്ടികളിലും വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണെന്ന്‌ കോഴിക്കോട്‌ ഇംഹാന്‍സിലെ ഡോ പി കൃഷ്‌ണകുമാര്‍ പറയുന്നു. മാതാപിതാക്കളുടെ പരിചരണമോ വാത്സല്യമോ വേണ്ടത്ര ലഭിക്കാത്ത കഞ്ഞുങ്ങളില്‍ പോലും വിഷാദരോഗത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ ഇവരുടെ അവസ്ഥ പറയണോ...?
പഠന സമ്മര്‍ദം മുതല്‍ കുടുംബ ബന്ധങ്ങളിലെ അലോസരങ്ങളും പൊട്ടിത്തെറികളുമെല്ലാം മാനസിക സമ്മര്‍ദങ്ങളുടെ തോത്‌ ഇരട്ടിയാക്കുകയാണ്‌. ജീവിതശൈലി മുതല്‍ ഭക്ഷണരീതിപോലും വിഷാദത്തിനുള്ള കാരണമാകുന്നുണ്ട്‌. മസ്‌തിഷ്‌കത്തിലുള്ള ചില ന്യൂറോ ട്രാന്‍സ്‌മിറ്റര്‍ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകൊണ്ടാണ്‌ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. അത്‌ ജനിതകവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മൂലമാകാം.
ഒന്നിനും താത്‌പര്യം തോന്നാതിരിക്കുക, ആരുമായും കൂട്ടുകൂടാതെ ഒറ്റക്കിരിക്കുക, എപ്പോഴും സങ്കടം, കാരണമില്ലാതെ കരയുക. അകാരണമായ ഭയവും കുറ്റബോധവും, മോശക്കാരനാണെന്ന തോന്നല്‍, ആത്മവിശ്വാസം ഇല്ലായ്‌മ, ഭാവി ഇരുളടഞ്ഞു എന്ന്‌ തോന്നുക. ആത്മഹത്യാചിന്ത, ഉറക്കക്കുറവ്‌. ഇതൊക്കെ യാണ്‌ കുട്ടികളില്‍ വിഷാദരോഗത്തിനുള്ള ലക്ഷണങ്ങള്‍ എന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഈ പറയപ്പെട്ട പല ലക്ഷണവും ഞാന്‍ കണ്ടുമുട്ടിയ പലകുട്ടികള്‍ക്കും ഉണ്ടെന്ന്‌ അവരുമായും ബന്ധുക്കളുമായും സംസാരിച്ചതില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. പക്ഷെ പലര്‍ക്കും ചില കൗണ്‍സിലിഗില്‍ ചികിത്സ മതിയാക്കിയിരിക്കുകയാണ്‌.
ഇന്ന്‌ കേരളീയ വീട്ടകങ്ങളില്‍ ഇത്തരം പ്രതിസന്ധി നീന്തികടക്കാതെ ഒരുകുട്ടിക്കും ജീവിക്കാനാവില്ലെന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെ ഇത്തരം ചുറ്റുപാടുകളില്‍ വളരുന്ന കുട്ടികളുടെ ഭാവിയിലും ആശങ്കകളുടെ ഇരുള്‍ മൂടുന്നുണ്ട്‌. 2009 ല്‍ അപ്പോളോ ആശുപത്രിയുടെ ആരോഗ്യക്ഷേമ ഗവേഷണ വികസന കേന്ദ്രം കുട്ടികളില്‍ നടത്തിയ സര്‍വേ പറയുന്നത്‌ 62 ശതമാനം കുട്ടികള്‍ക്കും കൃത്യസമയത്ത്‌ ഭക്ഷണം പോലും കഴിക്കാനാവുന്നില്ല എന്നാണ്‌. 19 ശതമാനം കുട്ടികള്‍ക്ക്‌ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സാധിക്കുന്നില്ല. 36 ശതമാനം കുട്ടികള്‍ക്ക്‌ വീട്ടില്‍ പോലും സ്വസ്ഥതയും 30 ശതമാനം കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സമയവും ലഭിക്കുന്നില്ല. 36 ശതമാനം കുട്ടികള്‍ക്ക്‌ സഹപാഠികള്‍ക്കൊപ്പമെത്താനാകുന്നില്ല. നാല്‍പത്‌ ശതമാനം കുട്ടികള്‍ക്കും രക്ഷിതാക്കളെ വിശ്വാസമില്ല. 16 ശതമാനം കുട്ടികളും രക്ഷിതാക്കളില്‍ നിന്ന്‌ സ്‌നേഹവും പരിചരണവും ലഭിക്കാത്തവരാണ്‌.
65 ശതമാനം കുട്ടികളും അക്കാദമികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്‌. അതിന്‌ പരിഹാരം കണ്ടെത്താന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഇതെല്ലാം മൂലം മാനസിക വൈകല്യങ്ങളുടെ സൂചനകള്‍ ധാരാളം കുട്ടികളില്‍ കാണുന്നു. അവര്‍ നശീകരണശീലക്കാരും കടുംപിടുത്തക്കാരുമായാണ്‌ മാറുന്നതെന്നും പഠനം പറയുന്നു.

ആര്‍ഭാട ജീവിതം;
അണുകുടുംബങ്ങള്‍ അപകടത്തില്‍

അമ്മമാര്‍ കുഞ്ഞുങ്ങളെയും കൂട്ടി മരണവഴി തിരഞ്ഞെടുക്കുന്നതിന്‌ ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്ക്‌ പ്രധാന പങ്കുതന്നെയുണ്ട്‌. അതിവേഗത്തിന്റെയും ആര്‍ഭാടത്തിന്റേയും വഴിയെ പായുന്ന തലമുറയെ കൂടുതല്‍ അപകടത്തിലാക്കുന്നത്‌ അണുകുടുംബ വ്യവസ്ഥയാണ്‌. മുമ്പൊക്കെ കുടുംബത്തിലൊരു പ്രശ്‌നം തലപൊക്കിയാല്‍ ചര്‍ച്ചചെയ്യാനും പരിഹാരമാലോചിക്കാനും ഒരുപാട്‌ പേരുണ്ടാകും. പലവ്യക്തികള്‍ ചര്‍ച്ചക്കെടുക്കുന്ന പ്രതിസന്ധിക്കു മുമ്പില്‍ പല വാതിലുകളും തുറക്കപ്പെടുന്നു. പരിഹാരമില്ലാത്ത പ്രശ്‌നമാണെങ്കില്‍ തന്നെ പലരുടേയും സഹായവും സാന്ത്വനവും വലിയതാങ്ങാവും. എന്നാല്‍ ഇന്നത്തെ യുവതീ യുവാക്കള്‍ക്ക്‌ അതിനുള്ള സാഹചര്യമില്ലെന്ന്‌ അന്വേഷി പ്രസിഡന്റ്‌ കെ അജിത പറയുന്നു. അത്‌ സാക്ഷ്യപ്പെടുത്തുന്നു ഇപ്പോള്‍ ആത്മഹത്യയിലേക്ക്‌ വഴുതിപോയ ദാമ്പത്യ ബന്ധങ്ങള്‍. അവരില്‍ 90 ശതമാനവും അണുകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ചയുടെയും ശത്രുതയുടേയും ആഴം അകലങ്ങളില്‍ കഴിയുന്ന പല കുടുംബങ്ങള്‍ക്കും അറിയുമായിരുന്നില്ല. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇന്നത്തെ തലമുറക്ക്‌ യോജിച്ചുപോകാന്‍ കഴിയുന്നില്ല. പരസ്‌പരം അറിഞ്ഞ്‌ സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കരഞ്ഞും തുഴഞ്ഞ്‌ നീങ്ങുന്ന ദാമ്പത്യ ബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക്‌ ചിന്തിക്കുവാനും കഴിയുന്നില്ല. ആത്മഹത്യകളുടെ കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണെന്ന്‌ പറയുന്നു കോഴിക്കോട്ടെ ഡോ. പി കൃഷ്‌ണകുമാര്‍.

ആത്മഹത്യാ വാര്‍ത്തകള്‍ക്ക്‌
പ്രാധാന്യം നല്‍കരുത്‌


അടുത്തകാലത്തെ ആത്മഹത്യകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു. ഒരാള്‍ അവലംബിച്ച മാര്‍ഗങ്ങള്‍ തന്നെയാണ്‌ കൂടുതല്‍ പേരെയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. മാധ്യമ വാര്‍ത്തകളും മരണത്തിലേക്ക്‌ നയിച്ച കാരണങ്ങളും പലരേയും സ്വാധീനിക്കുന്നുണ്ട്‌. ആത്മഹത്യാ വാര്‍ത്തകള്‍ക്ക്‌ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കരുതെന്നാണ്‌ ഡോ പി എന്‍ സുരേഷ്‌കുമാറിന്റെ നിര്‍ദേശം. വാര്‍ത്തയെ ചെറുതാക്കുകയും അതോടൊപ്പം മരണത്തിലേക്ക്‌ നയിച്ച കാരണങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യണം. മാനസിക ദാമ്പത്യപശ്‌നങ്ങള്‍ക്കും ലഹരി മരുന്ന്‌, മദ്യപാനം ഇവ നേരത്തെ കണ്ടുപിടിച്ച്‌ അനുയോജ്യമായ ചികിത്സ നല്‍കണം. കീടനാശിനികളുടെ ശക്തി കീടങ്ങളെ കൊല്ലാന്‍ മാത്രമാക്കി കുറച്ച്‌ കീടനാശിനികള്‍ അകത്തുചെന്നാല്‍ ഉടനെ ഛര്‍ദിക്കാന്‍ രൂക്ഷഗന്ധവും രുചിയും നല്‍കുന്നതും നന്നായിരിക്കും. അദ്ദേഹം പറയുന്നു. ആത്മഹത്യക്ക്‌ ശ്രമിച്ചവരെ നിയമകുരുക്കില്‍ കുടുക്കാതെ ഒരു സാമൂഹിക മാനസിക പ്രശ്‌നമായി കണ്ടുള്ള സഹായമാണ്‌ സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ടത്‌. എല്ലാ പ്രധാന ആശുപത്രികളിലും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തുന്നതിനും ചികിത്സ നല്‍കുന്നതിനും പ്രത്യേക കൗണ്‍സിലിംഗ്‌ സെന്ററുകള്‍ തുറക്കണം. എല്ലാ പഞ്ചായത്തുകളിലും ഒരെണ്ണമെങ്കിലും ഇത്‌ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.
പ്രശ്‌നങ്ങളില്ലാത്ത ജീവിതമില്ല. പ്രശ്‌നങ്ങളില്ലങ്കിലോ അതു ജീവിതവുമല്ല. ദൗര്‍ഭാഗ്യങ്ങളെ തേടിപ്പിടിച്ച്‌ കരഞ്ഞ്‌ നിലവിളിക്കുകയല്ല വേണ്ടത്‌. തളരുമ്പോള്‍ താങ്ങാവാന്‍ നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം. ഏതു പ്രതിസന്ധിയേയും പുഞ്ചിരിയോടെ നേരിടുകയും പ്രശ്‌നങ്ങള്‍ക്ക്‌ മുമ്പില്‍ പുതിയ വഴികള്‍ കണ്ടെത്താനുള്ള ആത്മവിശ്വാസം സ്വായത്തമാക്കുകയും വേണം. സാമൂഹിക ജീര്‍ണതകളുടെ തുടക്കവും ഒടുക്കവും കുടുംബമെന്ന മഹത്തായ പൈതൃകത്തിന്റെ തകര്‍ച്ചയില്‍ നിന്നുടലെടുക്കുന്നതാണ്‌. വീട്ടകങ്ങളില്‍ ആത്മീയതയുടെ വിത്താണ്‌ വിതക്കേണ്ടത്‌. തീര്‍ച്ചയായും അതില്‍ നിന്നും സ്‌നേഹത്തിന്റെ നാമ്പുകള്‍ മുളച്ചുപൊന്തും. സമാധാനത്തിന്റെ ശിഖരങ്ങളും അനുസരണയുടെ ഫലങ്ങളും അനുരഞ്‌ജനത്തിന്റെയും ആശ്വാസത്തിന്റെയും കുളിര്‍ക്കാറ്റു തന്നെയാവും ഉത്ഭവിക്കുക. അതില്ലാത്തത്‌ തന്നെയാണ്‌ മിക്ക പ്രശ്‌നങ്ങളുടെയും കാതല്‍. (അവസാനിച്ചു.)

ആറ്‌ ദിവസങ്ങളിലായി സിറാജ്‌ ദിനപത്രം പ്രസിദ്ധീകരിച്ച പരമ്പരയുടെ അവസാനഭാഗം. പലതിരക്കുകള്‍ മൂലം അവസാനഭാഗം ബ്ലോഗിലിടാന്‍ വൈകിപ്പോയി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ