- യു എ ഖാദര്‍
നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു.
വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്ടബാല്യത്തിന്റെ പൂമുഖവാതില്ക്കല് തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട് ആഹ്ലാദത്തിന്റെ ആപെരുന്നാള്‍ ഓര്‍മകള്‍.
വടക്കേമലബാറിലെ മുസ്ലിം വീടുകളില്‍ നിന്നും സിങ്കപ്പൂരിലേക്കും ബര്‍മയിലേക്കും റങ്കൂണിലേക്കുമൊക്കെ തൊഴില്‍തേടിപോയിരുന്നവര്‍ തിരികെയെത്തിയിരുന്നത് നോമ്പുകാലത്തായിരുന്നു.അതുകൊണ്ടുതന്നെ കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകളായിരുന്നു ചെറിയപെരുന്നാള്‍. റമസാന്‍ ഇരുപത്തിഏഴാം രാവ് ആകുമ്പോഴേക്കും അവരെല്ലാം മടങ്ങിയെത്തിയിട്ടുണ്ടാവും.
വീടുകളില്‍ ഉത്സവ പ്രതീതിപരക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളുകള്‍ ആവേശത്തിമര്‍പ്പാകുന്നതും അതുകൊണ്ടുതന്നെയാണ്. ഉമ്മ എന്നൊരാള്‍ മനസിലേയില്ല. എന്നെ പ്രസവിച്ചതിന്റെ മൂന്നാംനാള്‍ മരണംകൂട്ടികൊണ്ടുപോയ ആ മുഖത്തിന്റെ ഒരുഫോട്ടോപോലും ശേഷിക്കുന്നുമില്ല.
ബര്‍മയാണെന്റെ മാതൃരാജ്യം. ബഗന്‍ എന്ന ജില്ലയിലായിരുന്നു ഉമ്മയുടെ വീട്. രണ്ടാം ലോകമഹായുദ്ധാനന്തരം അഭയാര്‍ഥികളായപ്പോള്‍ ഉപ്പ നാട്ടിലേക്ക് പോരുകയായിരുന്നു. കൂടെ ഏഴുവയസുകാരനായ ഞാനും.
ഉമ്മാമയായിരുന്നു പിന്നെ എല്ലാത്തിനും. കേരളത്തെ ആദ്യമായികാണുന്നത് ഏഴാം വയസ്സിലാണ്. മലയാളം പഠിക്കുന്നത് അതില്പിന്നെയാണ്. ബര്‍മയിലെ ഭാഷമാത്രമെ അറിയുമായിരുന്നുള്ളൂ. ഉമ്മയില്ലാത്തകുട്ടി എന്നനിലയില്‍ മാത്രമല്ല ഏഴാം വയസ്സില്‍ മാത്രം കാണാന്‍ ഭാഗ്യമുണ്ടായ പേരക്കുട്ടികൂടിയായിരുന്നുവല്ലോ ഉമ്മാമക്ക് ഞാന്‍. ഞാന്‍ നോമ്പെടുത്താലും ഉമ്മാമ്മ മുഴുമിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. എന്നാലും ഒരുവാശിയുടെ പുറത്ത് നോമ്പുപിടിക്കുമായിരുന്നു. പൂര്‍ത്തിയാക്കാന്‍ അനുവാദമുണ്ടായിരുന്നത് 27ാം രാവിനുമാത്രമായിരുന്നു.

അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. കൊയിലാണ്ടിയിലെ ജുമുഅത്തുപള്ളി കൂടുതല്‍ സജീവമാകും. രാവ് പുലരുംവരെ പ്രാര്‍ഥനകളില്‍ മുഴകിയും ദിക്റുകള്‍ അധികരിപ്പിച്ചും വിശ്വാസികള്‍ പള്ളിയില്‍ തന്നെ ചെലവഴിക്കും. ഇരുപത്തി ഏഴാം രാവിന് പള്ളിയില്‍ പ്രത്യേക ചടങ്ങുതന്നെയുണ്ടായിരുന്നു. ഓത്തിന് പോവുക എന്നാണ് പറയുക. നാട്ടുകാരണവന്മാരും മുത്തവല്ലിമാരും നാട്ടിലെ പ്രധാനികളുമെല്ലാം ചേര്‍ന്ന് പള്ളിയിലെ മുസ്ലിയാര്‍ക്കും മൊല്ലാക്കക്കും മറ്റും നല്‍കേണ്ട പെരുന്നാള്‍ ഹദിയ പിരിച്ചെടുക്കുന്നത് അന്നാണ്.
ഓരോ വീട്ടുകാര്‍ ഇത്രതുക നല്‍കണമെന്ന് എല്ലാവരും കൂടി തീരുമാനിക്കും. അന്ന് പള്ളിയില്‍ ചീരണി വിതരണം ചെയ്യും. മധുരപലഹാരങ്ങളും അരിയുണ്ടയുമുണ്ടാകും. അരിയുണ്ടകൊണ്ട് കുട്ടികള്‍ എറിഞ്ഞ്കളിക്കും. എറിയുന്നത് കൊള്ളുന്നത് പതിവായി ഞാനായിരുന്നു. കാരണം ഞാന്‍ അവര്‍ക്കിടയില്‍ വിഭിന്നനായിരുന്നുവല്ലോ. അവര്‍ക്ക് പരിചിതമല്ലാത്ത ഒരുമുഖവുമായി വന്ന എന്നെ എറിഞ്ഞും പിച്ചിയും മാന്തിയുമൊക്കെ വേദനിപ്പിക്കുന്നതിലും പരിഹസിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു ചിലമുതിര്‍ന്ന കുട്ടികള്‍. എന്നാലും 27ാം രാവിന് പള്ളിയിലെ ഒത്തുചേരലിലും ചീരണിവിതരണത്തിലും ദിക്റിലുമൊക്കെ പങ്കെടുക്കുന്നതില്‍ മുടക്കം വരുത്തിയിരുന്നില്ല.
മാസപ്പിറവി കാണുന്ന ദിവസമാണ് പെരുന്നാള്‍ ഓര്‍മയിലെ മറ്റൊരപൂര്‍വ ദിനം. അമ്പിളിക്കീറ് മാനത്ത് ദൃശ്യമാകണം. അത് വിശ്വാസ യോഗ്യമെന്ന് ബോധ്യമായാല്‍ ഖാസിമാര്‍ പെരുനാളുറപ്പിക്കും. ഉടനെപെരുന്നാള്‍ നിലാവ് തെളിഞ്ഞതിന്റെ വിളംബരം മുഴക്കി പള്ളിയിലെ നകാര മുഴങ്ങും. അതോടെയാണ് ആഹ്ലാദം ആഘോഷത്തോളമുയരുന്നത്.
എന്നാല്‍ കുട്ടിക്കാലത്ത് മാസപ്പിറവി സംബന്ധിച്ച അനിശ്ചിതത്വവും അവ്യക്തതയും മൂലം വേദനിപ്പിക്കുന്ന ചില അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. അന്ന് വൈദ്യുതി വിളക്കുകളില്ല. സാധാരണ നിലയില്‍ കടകള്‍ വൈകുന്നേരം ഏഴുമണിയോടെ അടക്കും. എന്നാല്‍ പെരുന്നാല്‍ തലേന്ന് നേരംപുലരുംവരെ അവ തുറന്നിരിക്കും.
കുട്ടികള്‍ക്ക് പോലും ഉറക്കമില്ലാത്ത രാവാണത്. പലചരക്ക് കടയും തുണിപ്പീടികയും ടൈലര്‍ കടയും ബാര്‍ബര്‍ഷോപ്പും എല്ലാം നിറഞ്ഞ് കവിയും. ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുത്തനുടുപ്പ് ലഭിക്കുന്നത് അന്നാണ്.എണ്ണയും സോപ്പും ഒക്കെചേര്‍ത്ത് ആര്‍ഭാഡമായി പലരുംകുളിക്കുന്നത് അന്നാണ്. ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെ തുള്ളിച്ചാടി കളിക്കുന്നതില്‍ പ്രത്യേക ലഹരിതന്നെയുണ്ടായിരുന്നു.
ഒരിക്കല്‍ മാസപ്പിറവി സംബന്ധിച്ച വിവരങ്ങളറിയാനുള്ള കാത്തിരിപ്പുമായി കൊയിലാണ്ടി ജുമുഅത്ത് പള്ളിക്കുമുമ്പില്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു വലിയൊരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ കുട്ടികളായ ഞങ്ങളുമുണ്ട്. അറവുകാര്‍ക്കും പണിതുടങ്ങണമെങ്കില്‍ മാസപ്പിറവി സംബന്ധിച്ച അറിയിപ്പ് കിട്ടണം. അന്ന് വിവരം ലഭിക്കാന്‍ താമസിച്ചുപോയി. സാധാരണ ഫോണ്‍വഴിയാണ് വിദൂരങ്ങളില്‍ കണ്ട ചന്ദ്രക്കലയെക്കുറിച്ചുള്ള വിവരം ലഭിക്കുക.
അന്ന് മൊയ്തീന് പള്ളിയില്‍ നിന്നാണ് മാസപ്പിറവി കണ്ടതിന്റെ വിവരം വന്നത്. അവിടെ പെരുന്നാളാണെന്ന് ഖാസി ഉറപ്പിച്ചു. അതിന്റെ ആഹ്ലാദം നകാരമുട്ടി അവര്‍ നാടിനെ അറിയിച്ചു. തൊട്ടടുത്ത് തന്നെയുള്ള ജുമുഅത്ത് പള്ളിക്കാര്‍ക്ക് അത് സ്വീകാര്യമായില്ല. അവരെ അറിയിക്കുകയും ഏകകണ്ഠമായി ഉറപ്പിക്കുകയും ചെയ്യേണ്ടതിന് പകരം ഏകപക്ഷീയമായി പെരുന്നാള്‍ ഉറപ്പിച്ചപ്പോള്‍ ഇവരതിനെ തിരസ്ക്കരിച്ചു.
പള്ളിയില്‍ ആകാംക്ഷയോടെ കൂടി നില്ക്കുന്നവരോടായി ഖാസി പ്രഖ്യാപിച്ചു. നമുക്ക് നാളെ നോമ്പാണ്. നിങ്ങളെല്ലാവരും വീടുകളില്‍ പോയി ഉറങ്ങിക്കോളീന്‍. അത്താഴവും കഴിച്ച് നോമ്പുമെടുത്തോളീന്‍...
കുട്ടികളായ ഞങ്ങളെ ആ സംഭവം നിരാശരാക്കി. മറ്റൊരുകാരണം കൂടിയുണ്ടതിന്. ഞാന്‍ ബാപ്പ രണ്ടാമത് വിവാഹം കഴിച്ച എളാമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബാപ്പ ജുമുഅത്ത് പള്ളിക്കാരുടെ ഭാഗക്കാരനായിരുന്നു. എന്നാല്‍ എളാമ്മയുടെ വീട്ടുകാരാവട്ടെ മൊയ്തീന്‍പള്ളിക്കാരുടെ പക്ഷവും. ഒരേ വീട്ടില്‍ നോമ്പുകാരും പെരുന്നാള്‍ ആഘോഷിക്കുന്നവരുമുണ്ടായി.
കൊയിലാണ്ടിയിലെ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന പഴയ മുസ്ലിം തറവാടുകളില്‍ ഒന്നായിരുന്നുവത്. നിറയെ ആളുകള്‍, കുട്ടികളുടെ ബഹളങ്ങള്‍. അവര്‍ക്ക് കാരണവന്മാരും മറ്റും പെരുന്നാള്‍പണം കൊടുക്കുന്നു. പടക്കംപൊട്ടിച്ചും പൂത്തിരികത്തിച്ചും നെയ്ച്ചോറ് കഴിച്ചും അവര്‍ ആഹ്ലാദിക്കുന്നത് നോമ്പുകാരനായി വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നു.
അന്ന് പെരുന്നാളാഘോഷിച്ച എളാമ്മ തന്നെ എനിക്കും ബാപ്പക്കും നോമ്പുതുറക്കുള്ള വിഭവങ്ങളും ഒരുക്കിതന്നു. അടുത്ത ദിവസമായിരുന്നു ഞങ്ങളുടെ പെരുന്നാള്‍. എന്നാല്‍ അന്ന് എനിക്കൊപ്പം ആഹ്ലാദിക്കാനും ആഘോഷിക്കാനും കൂട്ടകാരെയൊന്നും ലഭിക്കാത്തത് അതിലും വലിയ വേദനയായിരുന്നു.
ഉമ്മാമ്മയുടെ മരണശേഷമാണ് ആ വീട്ടിലേക്ക് താമസം മാറ്റിയത്. അവരുടെ മരണം എന്നെ ശരിക്കും വേദനിപ്പിച്ചു. ഉറ്റപ്പെടലിന്റെ അനാഥത്വം എന്താണെന്ന് ശരിക്കുമറിഞ്ഞു. എളാമ്മയുടെ വീട്ടില്‍ ഒരനാഥനെ പോലെയായിരുന്നു പിന്നെ കഴിഞ്ഞുകൂടിയിരുന്നത്. പെരുനാളിന് പടക്കപൈസ തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എളാമ്മയുടെ വീട്ടിലെ കാരണവര്‍ എന്നെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. എല്ലാകുട്ടികള്‍ക്കും അദ്ദേഹം പെരുന്നാള്‍ പണം കൊടുക്കുമ്പോള്‍ ഞാനും അവിടെയുണ്ടെന്ന ചിന്ത അവര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.വല്ലപ്പോഴും ഉപ്പവരുമ്പോള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസമായിരുന്നത്.
കുട്ടിക്കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് എനിക്ക് സമീപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. വീട്ടുകോലായിയിലെ സൈഡിലെ ഒരുമുറിയിലായിരുന്നു എന്റെ കിടപ്പ്. തികച്ചും അന്യനായി ആ വലിയ വീട്ടില്‍ കഴിഞ്ഞുകൂടിയ ഒറ്റപ്പെടലില്‍ നിന്നാണ് എന്റെ എഴുത്തിന് തുണയായ ഊര്‍ജം സംഭരിക്കാനായത്.
ഒരേ വീട്ടില്‍ നോമ്പും പെരുനാളും കടന്നുവന്ന മറ്റൊരുദിനം കൂടി കുട്ടിക്കാലത്ത് തന്നെയുണ്ടായിട്ടുണ്ട്. സ്വന്തമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതാരോടും പറഞ്ഞിരുന്നില്ല. എല്ലാം ഉള്ളില്‍ ഒതുക്കും. എന്നാല്‍ ഒരുപെരുന്നാള് കാലത്ത് ഞങ്ങള്‍ കൂട്ടുകാരെല്ലാം ഒരു തീരുമാനമെടുത്തു. എല്ലാവര്ക്കും ബുസൂരിസൂട്ട്(സഫാരി സൂട്ട്) അടിക്കണമെന്ന്. അന്ന് റങ്കൂണില്‍ നിന്നുള്ള ബാപ്പയുടെ മണിയോര്‍ഡര്‍ വരാന്‍ വൈകി. രാമുണ്ണികുട്ടിയുടെ ടൈലര്‍കടയില്‍ തുന്നിവെച്ച ഉടുപ്പ് വാങ്ങാന്‍ യാതൊരു നിവൃത്തിയുമില്ല. എന്തുചെയ്യും...?
കാര്യം രാമുണ്ണികുട്ടിക്കുമറിയാം. അത്കൊണ്ട് അയാള്‍ ഉദാരനായി. പൈസ പിന്നീട് തന്നാല്‍മതിയെന്ന ഉപാധിയോടെ ബുസൂരിസൂട്ട് തന്നു. എന്നാല്‍ പറഞ്ഞ അവധിതെറ്റിയിട്ടും രാമുണ്ണിക്കുട്ടിയുടെ കടം വീട്ടാനെനിക്കായില്ല. അയാളെ ഒളിച്ചും പതുങ്ങിയും നടക്കേണ്ടിവന്നു കുറെനാള്‍. ഇന്നും ആ കടം വീട്ടിയിട്ടില്ല. എങ്കിലും ആ പണം വേണ്ടെന്ന് വെച്ച് കൂടുതല്‍ ഉദാരനാവാനും വീണ്ടും തുണിതൈക്കാന്‍ തന്റെയടുക്കല്‍ തന്നെ കൊണ്ടുതരണമെന്നും ആവശ്യപ്പെടുകയായിരുന്നു രാമുണ്ണികുട്ടി.
പെരുന്നാളിന്റെ കുട്ടിക്കാല സ്മൃതികളില്‍ പൂത്തു തളിര്‍ത്ത വര്‍ണശബളിമയുള്ള ചിത്രം പള്ളിയില്‍ നിന്ന് ഖുതുബക്കുശേഷമുള്ള തക്ബീര്‍ ചുറ്റലാണ്. ഖാസി ഖുതുബ വേഷത്തില്‍ തന്നെ മുമ്പേയുണ്ടാകും. കാരണവന്മാരും മുതവല്ലിമാരും നാട്ടുകാരും കുട്ടികളും അവരെ അനുഗമിക്കും. ഉറക്കെ തക്ബീര്‍ മുഴക്കി തുടങ്ങുന്നു ആയാത്ര. താഴങ്ങാടി മഖാം, വലിയ സീതിതങ്ങള്‍ മഖാം, തുടങ്ങി പ്രദേശത്തെ പ്രധാന മഖാമുകളില്‍ സിയാറത്ത് നടത്തിയ ശേഷമാണ് ആളുകള്‍ വീടുകളിലേക്ക് മടങ്ങുക. അവിടെയും മൊയ്തീന്‍പള്ളിക്കാരും ജുമുഅത്ത് പള്ളിക്കാരും അഭിപ്രായ ഭിന്നതയുള്ളത് കൊണ്ട് ഇരുകൂട്ടര്‍ക്കും രണ്ടുവഴിയിലൂടെയായിരുന്നു യാത്ര. ഒരുവിഭാഗം പോകുന്ന മഖാമുകള്‍ മറ്റുള്ളവര്‍ക്ക് നിഷിദ്ധമായിരുന്നു.
ഈ സിയാറത്തും തഖ്ബീര് ചൊല്ലിയുള്ള യാത്രയും ഇന്നില്ല. അന്ന് ഒരുവിഭാഗത്തിന് തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായിരുന്നു ഇത്. വലിയ പെരുന്നാളിന് കയ്യെഴുത്ത് ആഘോഷമുണ്ടാകും. പള്ളിയുടേയും മഹല്ലിന്റെയും പ്രതാപം കാണിക്കുന്ന തരത്തിലായിരുന്നു ഈ ആഘോഷങ്ങള്‍. ഇന്നത്തെ വിദ്യാരംഭത്തിനു തുല്യമായിരുന്ന അതൊരു വാര്‍ഷിക ദിനമായിരുന്നു. പിറ്റേന്ന് കുട്ടികള്‍ക്ക് ഗുരുവിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കൊടുക്കും. ഇതും മഹല്ലുകളില്‍ സംഘടിപ്പിച്ചിരുന്നതായിരുന്നു. എന്നാല്‍ നന്മയിലധിഷ്ടിതമായ പഴമയുടെ ഈ ആചാരങ്ങളെല്ലാം ഇന്ന് തിരസ്ക്കരിക്കപ്പെട്ടിരിക്കുന്നു. അവയൊക്കെ പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന് വെറുതെ മോഹിച്ചുപോകുന്നു.
.
(സിറാജ് പത്രത്തിനു വേണ്ടി അഭിമുഖത്തിലൂടെ തയ്യാറാക്കിയത്.)
പെരുന്നാള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂ