മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വന്‍ വീഴ്‌ചകളുടെ തനിയാവര്‍ത്തനങ്ങളില്‍ നിന്നോ കുടുംബ ബന്ധങ്ങളുടെ പൊട്ടിത്തെറികളില്‍ നിന്നോ മറ്റോ മനസ്സിന്റെ സമനില തെറ്റിപ്പോയി ചിത്തഭ്രമത്തിന്റെ തടവിലാക്കപ്പെട്ടവര്‍ സമൂഹത്തില്‍ അനവധിയാണ്. ജനസംഖ്യയിലെ രണ്ടു ശതമാനത്തോളം ആളുകളെങ്കിലും ഈ രോഗത്തിന്റെ വലയത്തില്‍ പെട്ട് ജീവിതം ഹോമിക്കേണ്ടി വരുന്നുണ്ട്.
ബാല്യത്തിലോ കൗമാരത്തിലോ യൗവനാരംഭത്തിലോ ഏതെങ്കിലും തരത്തില്‍ കരള്‍ പിളര്‍ത്തിയ ഒരനുഭവം. ഇതാവാം കാരണം. ജീവ ശാസ്‌ത്ര പരമായ ഘടകങ്ങളും മസ്‌തിഷ്‌കത്തിലെ ജീവ-രാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയുമാണ് അടിസ്ഥാനപരമായ കാരണമെന്നാണ് വൈദ്യശാസ്‌ത്ര മതം. സാധാരണ നിലയില്‍ ഇരുപതിനും മുപ്പതിനുമിടയില്‍ തുടങ്ങുന്നു. ചിലരില്‍ നാല്‍പതാം വയസ്സിലും അറുപതിലും പ്രത്യക്ഷപ്പെടുന്നു. പാരമ്പര്യം അസുഖത്തിന് ഒരു ഘടകം തന്നെയാണ്. സാധാരണ ഒരാളില്‍ രോഗം പിടിപെടാന്‍ സാധ്യത ഒരു ശതമാനം മാത്രമാകുമ്പോള്‍ അസുഖമുണ്ടായിരുന്ന വ്യക്തിയുടെ കുഞ്ഞുങ്ങളില്‍ തോത് പത്തു ശതമാനമാണ്.
ചികിത്സയുടെ പേരില്‍ മറ്റു ചികിത്സയിലെന്നതിനേക്കാള്‍ വ്യാജന്‍മാരാണ് അധികവും. ബന്ധത്തിലാര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ പരമാവധി മൂടിവെക്കാനാവും ശ്രമം. രഹസ്യ ചികിത്‌സകളാവും തുടരുക. അപ്പോഴാണ് വ്യാജന്‍മാരുടെ നീരാളിക്കൈകളില്‍ അകപ്പെടുന്നത്. പാലക്കാട് കൊടുവായൂരിലുള്ള ഗോപാലകൃഷ്‌ണന്റെയും കുടുംബത്തിന്റെയും അനുഭവം ഇതിനുദാഹരണമാണ്.
അന്തരീക്ഷത്തില്‍ നിന്ന് ചില അശരീരികള്‍ കേള്‍ക്കുന്നതായാണ് നാല്‍പതുകാരനായ ഗോപാലകൃഷ്‌ണന് ആദ്യം തോന്നിയിരുന്നത്. നോക്കാത്ത ചികിത്സയില്ല. ആദ്യം പ്രദേശത്തുള്ള ഒരു മന്ത്ര വാദിയെ സമീപിച്ചു. കുറെ വഴിപാടുകളും പൂജകളും നടത്തി. കാരണം ദൈവദോഷമാണെന്ന് അദ്ദേഹം കണ്ടെത്തി. ചികിത്സയും വിധിച്ചു. വീടിന്റെ അടുക്കള പൊളിച്ചു പണിയണം. അതായിരുന്നു പ്രതിവിധികളിലൊന്ന്.
മന്ത്രവാദിക്കുള്ള ഭീമമായ `വഴിപാടും' അടുക്കള മാറ്റിപ്പണിയലും കഴിഞ്ഞപ്പോള്‍ കുടുംബം തളര്‍ന്നു. അസുഖം മാറിയില്ല. മറ്റൊരു പണിക്കരുടെ അരികിലെത്തി. അവിടെ വീടിന്റെ പൂമുഖമായിരുന്നു പ്രശ്‌നക്കാരന്‍. പൂമുഖം പൊളിച്ചു. രക്ഷയില്ല, മൂന്നാമനരികിലേക്ക് ഓടി. അദ്ദേഹം കല്‍പ്പിച്ചത് കിണര്‍ മൂടാനാണ്. ചില വഴിപാടുകളും. കുടുംബത്തിന്റെ കുടിവെള്ളം പോലും മുട്ടി. ചികിത്സക്കായി പുതിയ മേച്ചില്‍പുറങ്ങളും തേടി. അടുത്ത ചികിത്സകന്‍ വീടിന് സമീപത്ത് ഒരമ്പലം പണിയാന്‍ കല്‍പിച്ചു. അതും ചെയ്‌തു. പിന്നീടാണവര്‍ ഒരു മാനസികരോഗ വിദഗ്‌ധനെ സമീപിക്കുന്നത്. ഇന്ന് ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി ഡോ. പി എന്‍ സുരേഷ്‌കുമാറിന്റെ സാക്ഷ്യം.
വിവരമില്ലായ്‌മയെ വ്യാജന്‍മാര്‍ ചൂഷണം ചെയ്യുന്നു. അതില്‍ വിശ്വാസമില്ലാത്തവര്‍ക്കുപോലും പലപ്പോഴും തലവെച്ചു കൊടുക്കേണ്ടി വരുന്നു. ജനങ്ങള്‍ക്കു ബോധവത്‌കരണമാണ് വേണ്ടത്. മാനസിക രോഗങ്ങളും പ്രഷറും പ്രമേഹവുംപോലെ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന് ഇനിയും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിദഗ്‌ധന്‍ ഡോ. പി.എന്‍. സുരേഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്നിനുമപ്പുറം മനോരോഗ ചികിത്സയിലെ ആദ്യത്തെ ഔഷധം സ്‌നേഹമാണ്. കാരുണ്യവും കനിവും പരിഗണനയും കാണിക്കേണ്ടത് ആദ്യം ബന്ധുക്കളാണ്. അവരുടെ പിന്തുണയും പൂര്‍ണ സഹകരണവും തന്നെയാണ് രോഗിക്കുണ്ടാവേണ്ടത്. എന്നാല്‍, ഇന്നും ഇത്തരം പിന്തുണ ലഭിക്കുന്നവര്‍ കുറവാണ്. അസുഖം മാറിയിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വരാതെ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ ഏറെ. അസുഖം മാറിയിട്ടും തിരിച്ചു പോകാന്‍ താത്‌പര്യമില്ലാത്തവര്‍ അതിലേറെ.
വീണ്ടും ചവിട്ടിപ്പുറത്താക്കിയ ശേഷം പുനരധിവാസ കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തിയവരുമുണ്ട്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിനു കീഴിലെ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ അസുഖം മാറിയിട്ടും വീട്ടുകാര്‍ ഇറക്കിവിട്ട ഒരു നാല്‍പതുകാരന്‍ ഇന്നും കഴിയുന്നു.
മെഡിക്കല്‍ കോളജില്‍ നിന്നു ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി വിരമിച്ച വൃദ്ധയുടെ അറുപതാമത്തെ വയസ്സില്‍ മനസ്സിന്റെ താളം തെറ്റി. സ്വന്തം മകന്‍ വഴിതെറ്റി പോകുന്നത് കണ്ട് കരള്‍ നൊന്തുപോയ ഒരമ്മയുടെ മനസ്സിന്റെ പ്രതിപ്രവര്‍ത്തനമായിരുന്നു അത്. ഒരു ദിവസം മകന്റെ നിഷ്‌ഠൂരമായ പീഡനങ്ങളില്‍ പരിക്കേറ്റ് അവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മകന്‍ തിരിഞ്ഞു നോക്കിയില്ല. ഇവരും പുനരധിവാസ കേന്ദ്രത്തിലെ സ്ഥിരാംഗമാണ്. ഒരിക്കലും വീട്ടില്‍ പോകണമെന്നില്ല. ഏക മകനേയും കാണണമെന്നില്ല. വീടിന്റെ കാര്യമോ മകന്റെ പേരോ കേള്‍ക്കുമ്പോഴേക്ക് അവരുടെ സമനില തെറ്റിപ്പോകും.
ലോകം അത്രയേറെ മാറിക്കഴിഞ്ഞിരിക്കുന്നു. മനസ്സിന്റെ താളം കൈവിട്ടുപോയത് മകനാണെന്നോ മകള്‍ക്കാണെന്നോ പെറ്റ തള്ളയ്‌ക്കാണെന്നോ ഓര്‍ക്കാന്‍ അവര്‍ക്ക് സമയമില്ല. അവര്‍ ബുദ്ധിയില്ലാതെ കാണിക്കുന്ന അരുതായ്‌മകളോട് പൊറുക്കാനും സഹിക്കാനും രാജിയാകാനും മനസ്സുമില്ല. നാളെ തന്നെപോലും ഈ അവസ്ഥ കയ്യെത്തിപ്പിടിച്ചേക്കാം എന്ന വിചാരവും അലട്ടുന്നില്ല. എന്നാണിവര്‍ പാഠം പഠിക്കുക.? ആരാണിവരെ ബോധവാന്മാരാക്കുക...?
ഭ്രാന്ത് മാത്രമല്ല, ഒരാളുടെ മനസ്സിന്റെ സമനില തകര്‍ത്ത് അവിടെ അധികാരം നടത്തുന്നത്. വിഷാദ രോഗവും ഉന്‍മാദവും ഭ്രാന്തിലേക്കുള്ള കൈവഴികളാണ്. സമൂഹത്തില്‍ നൂറില്‍ ഒരാളെയെങ്കിലും വിഷാദ രോഗവും ഉന്മാദവും പിടികൂടുന്നുണ്ട്. കേരളത്തില്‍ മൂന്നു ലക്ഷം ആളുകളിലെങ്കിലും ഈ അസുഖമുണ്ട്. 20-30 പ്രായപരിധിക്കിടയിലുള്ളവരിലാണ് അസുഖം ആരംഭിക്കുന്നത്. മറ്റു പ്രായക്കാരിലും കാണുന്ന അസുഖത്തിന്റെ മൂല കാരണം ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല. മദ്യാസക്തി ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്. മദ്യപാനം ശാരീരികവും മാനസികവുമായ ഒട്ടേറെ രോഗങ്ങളെയും സംഭാവന ചെയ്യുന്ന. അല്‍ഷിമേഴ്‌സ്(മറവിരോഗം) മൂലം നിരവധി മാനസിക രോഗ ലക്ഷണങ്ങളാണ് ഒരാളില്‍ പ്രകടമാകുന്നത്. 65 വയസ്സിനു മുകളിലുള്ള 4.4 ശതമാനം ആളുകളിലാണ് അല്‍ഷിമേഴ്‌സ് പിടിപെടുന്നത്.
അമിതവൃത്തിയും അധിക ശ്രദ്ധയും (വസ്‌വാസ്) മറ്റൊരു മാനസിക രോ ഗമാണെന്നാണ് ശാസ് ത്ര മതം. ചികിത്സ ല ഭ്യ മായതും പരിഹാരം നിര്‍ദേശിക്കപ്പെടുന്നതുമാണിത്. എന്നാല്‍, പലര്‍ക്കുമറിഞ്ഞു കൂടാ. വിവിധ മാനസി ക രോഗങ്ങള്‍ തളര്‍ ത്തുന്നതും ആ രോഗി യെ മാത്രമല്ല അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ കൂടിയാണ്. സാമൂഹികവും സാമ്പത്തികവുമായി മാത്രമല്ല, ക്ഷയിപ്പിക്കുന്നത്. അത്രയും ജീവിതങ്ങളെ കൂടി തകര്‍ക്കുമെന്നതിനാല്‍ തുടക്കത്തിലേ ചികിത്സ ലഭ്യമാക്കുകയാണാവശ്യം. അതിന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കൂടിയേ മതിയാകൂ.
തീര്‍ച്ചയായും ചങ്ങലകളില്‍ തളക്കേണ്ടത്
മറുപടിഇല്ലാതാക്കൂസമൂഹത്തെയാണ്. ഇന്നും ആളുകളോ
സമൂഹമോ വേണ്ടത്ര ബോധവാന്‍മാരല്ല. ക്യാന്‍സര്‍പോലുള്ള
മാരകരോഗത്തിന്റെ ചികിത്സക്കായി നമ്മള്‍ എത്രപണവും ചെലവഴിക്കുന്നു.
പ്രയോജനമില്ലെന്നറിഞ്ഞും.
പക്ഷേ മാനസികനില താളെതെറ്റിയയാളിന്റെ ചികിത്സക്കായി
എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് പലര്‍ക്കും ആലോചിച്ചുകൂടാ.
അവരൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന വിശ്വാസം രൂഢമൂലമായി തീര്‍ന്നിരിക്കുന്നു. ആര്‍ക്കാണിവരുടെ കണ്ണുതുറപ്പിക്കാനാവുക...?
ആലുങ്ങല്‍ സര്‍ ഉഗ്രന്‍ പോസ്റ്റ്
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
ആശംസകള്‍ ....
മറുപടിഇല്ലാതാക്കൂ