5/8/10

സഹനത്തിന്റെ തണല്‍മരയായി എന്റെ ഉമ്മ


ഉമ്മ എനിക്കെന്നുമൊരു നോവാണ്‌. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത തനി നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും ക്ഷമയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരം. പ്രയാസങ്ങളുടെ കടത്തുതോണിയില്‍ കയറിയിട്ട്‌ ആറുപതിറ്റാണ്ടു കടന്നുപോയി. പക്ഷേ ഇന്നും ആതോണി സുരക്ഷിതമായ ഒരു തീരമണഞ്ഞുവോ..? ഇല്ലെന്നാവും ഉമ്മയുടെ ഉത്തരം. എങ്കിലും പട്ടിണിയും പരിവട്ടവും മാത്രം വിരുന്നുണ്ടുപോയിരുന്ന ആപേക്കാലത്തില്‍ നിന്ന്‌ ഏറെ ദൂരംതാണ്ടിയതിലുള്ള ആശ്വാസത്തെക്കുറിച്ച്‌ ഉമ്മ ഇടക്കിടെ പറയാറുണ്ട്‌.


അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം കൊയ്‌ത്തുപാടത്തെ ചേറിന്റേയും ചെളിയുടേയും ഗന്ധവുമായാണ്‌ ഉമ്മ ഓര്‍മകളുടെ പടിപ്പുര ഇറങ്ങി വരുന്നത്‌. സമൃദ്ധിയുടെ പൂക്കാലത്തെക്കുറിച്ച്‌ ഒരിക്കലും ഉമ്മ സ്വപ്‌നം കണ്ടിരുന്നില്ല. വലിയ വലിയ മോഹങ്ങളും ഉണ്ടായിരുന്നില്ല അവര്‍ക്ക്‌. ഉപ്പ ഓര്‍മവെക്കുമ്പോഴെ ഒരു നിത്യരോഗിയായിരുന്നു. വല്ലപ്പോഴും ഒരുജോലിക്കുപോയാല്‍ കിട്ടുന്നതിലേറെയും ഡോ.മോയീന്‍കുട്ടിയുടെ ആശുപത്രിയില്‍ കൊണ്ടുകൊടുക്കേണ്ടിവരുമായിരുന്നു. അതുകൊണ്ട്‌ ഹൈദര്‍ ഹാജിയുടെ ഞാറ്റുകണ്ടത്തിലും കൊയ്‌ത്തുപാടത്തും സ്വയം ഉരുകിയാണ്‌ ഉമ്മ ഞങ്ങളെ നെഞ്ചോട്‌ ചേര്‍ത്തത്‌.



 എന്നെ പെറ്റിട്ടതിന്റെ നാല്‍പതാം നാളില്‍ വീണ്ടും കൊയ്‌ത്തരിവാളുമായി അതേ പാടത്തേക്കിറങ്ങേണ്ടിവന്ന ഉമ്മയുടെ ഗതികേടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ കണ്ണുകളില്‍ നനവ്‌ പടരുന്നു. അതിരാവിലെ മുലപ്പാല്‍ നല്‍കിയാണ്‌ ഉമ്മ കൊയ്‌ത്തുപാടത്തേക്ക്‌ പോവുക. പിന്നെ എനിക്ക്‌ കാവലിന്‌ മൂത്ത സഹോദരിമാരുണ്ടാവും. ഉറക്കമുണര്‍ന്ന്‌ കരഞ്ഞാല്‍ എന്നെയും എടുത്തുകൊണ്ട്‌ പാടവരമ്പിലേക്ക്‌ ഓടേണ്ടത്‌ മൂത്തസഹോദരിയായിരുന്നു. കൊയ്‌ത്തു പാടത്തെ ഇടവേളകളില്‍ മാത്രം ചുരത്തുന്ന മധുരമായിരുന്നു എനിക്ക്‌ അമ്മിഞ്ഞ. അതുകൊണ്ടുതന്നെയാണ്‌ അതിനോടൊപ്പം ചേറിന്റേയും ചെളിയുടേയും ഗന്ധവും കൂടി കടന്നുവരുന്നത്‌.

ചെറിയകുട്ടിയായിരുന്നപ്പോള്‍ മാത്രമല്ല, മുതിര്‍ന്നപ്പോഴും എന്നെ നനച്ചുവളര്‍ത്തിയതിലെ പ്രധാനപങ്ക്‌മൂത്ത സഹോദരിക്കുള്ളതാണ്‌. സഹോദരിയാണെങ്കിലും എന്റെ ഉമ്മയല്ലാത്ത ഉമ്മയാണവര്‍. ഉമ്മ കാരുണ്യത്തിന്റെ തേന്‍മരമാണെങ്കില്‍ വല്യാത്ത എന്ന്‌ ഞങ്ങള്‍ വിളിക്കുന്ന മൂത്ത സഹോദരി ആശ്വാസത്തിന്റെ തണല്‍ചില്ലയായിരുന്നു. ഉപ്പയുടേയും ഉമ്മയുടേയും സ്ഥാനമാണവര്‍ ഒരേ സമയം ഏറ്റെടുത്തിരുന്നത്‌.


അന്നുമാത്രമല്ല ഇന്നും വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലം ഉമ്മക്കില്ല. ആഘോഷവേളകളില്‍പോലും വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കുമ്പോഴും അല്‍പ്പം കഞ്ഞിവെള്ളത്തില്‍ ഇത്തിരിവറ്റിട്ടേ കുടിക്കൂ. ഞങ്ങളെത്ര പറഞ്ഞാലും ഉമ്മക്ക്‌ തൃപ്‌തിവരണമെങ്കില്‍ ആ കഞ്ഞിതന്നെ കുടിക്കണം. അതായിരുന്നു എന്റെ ഉമ്മ. ആ മാതൃത്വത്തിന്റെ സംതൃപ്‌തി ഞങ്ങള്‍ക്കായി പട്ടിണികിടക്കുന്നതിലായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പണികഴിഞ്ഞെത്തുന്ന ഉമ്മയുടെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി പൊതിഞ്ഞു സൂക്ഷിച്ച പലഹാരങ്ങളുണ്ടാവും. ജോലിയുള്ള വീടുകളിലെ പണികാര്‍ക്കെല്ലാം നാലുമണിചായയോടൊപ്പം നല്‍കാറുള്ള മധുര പലഹാരങ്ങള്‍.



 ഒരിക്കലും അതിന്റെ രുചിപോലും ഉമ്മ നോക്കാറില്ല. അതെല്ലാം മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി കരുതിവെക്കും. പിന്നെ രാത്രിവീടണയുമ്പോള്‍ എല്ലാം ഞങ്ങള്‍ക്കായി വീതിച്ചു നല്‍കും. രുചിയുള്ളതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മ കഴിക്കില്ല. ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. അതെല്ലാം ഞങ്ങള്‍ക്ക്‌. അത്‌ ഗള്‍ഫുകാരാരെങ്കിലും സമ്മാനമായി നല്‍കുന്ന വില കുറഞ്ഞ തുണിത്തരങ്ങളോ മറ്റോ ആയാലും ശരി. ഇപ്പോഴും പുതിയ വസ്‌ത്രങ്ങള്‍ ധരിക്കുന്നതും ഉമ്മക്കിഷ്‌ടമല്ല. ആദ്യമൊക്കെ കിട്ടാന്‍ മാര്‍ഗമില്ലാഞ്ഞിട്ടായിരുന്നുവെങ്കില്‍ പിന്നെ കിട്ടിയാലും വേണ്ടന്നായി. 


ചമഞ്ഞൊരുങ്ങി എങ്ങോട്ടെങ്കിലും പോകുന്ന ശീലവുമില്ല ഉമ്മക്ക്‌. പോക്കും വരവും എല്ലാം അത്യാവശ്യത്തിന്‌. അതുപോലെ തന്നെ രോഗങ്ങളെന്തങ്കിലും ഉണ്ടങ്കില്‍ ആശുപത്രിയിലേക്ക്‌ ഓടുന്ന പതിവില്ല. തന്റേടിയായ ഒരു സ്‌ത്രീയായിരുന്നില്ല ഉമ്മ. എങ്കിലും പ്രയാസങ്ങളെ ഉള്ളിലൊതുക്കി കണ്ണീരിനിടയിലും തളരാതിരിക്കാനുള്ള ഒരു കരുത്ത്‌ അവര്‍ക്കുണ്ടായിരുന്നു. എഴുത്തും വായനയും ഒന്നുമറിയില്ലെങ്കിലും പ്രാദേശികവാര്‍ത്തകളുടെ കലവറയായിരുന്നു ഉമ്മ. ചിലപ്പോള്‍ അവയില്‍ അന്താരാഷ്‌ട്ര വാര്‍ത്തകള്‍ വരെയുണ്ടാകും. കാര്യപ്രാപ്‌തിയില്‍ വലിയ മാര്‍ക്കൊന്നും നേടാനായിട്ടില്ലെങ്കിലും അനുഭവ പാഠങ്ങളായിരുന്നു ഉമ്മയുടെ കരുത്ത്‌.



പത്തുമക്കളെ പെറ്റിട്ടും അതില്‍ ബാക്കിയായത്‌ ആറുപേര്‍ മാത്രം. അതില്‍ രണ്ടുആണ്‍തരികളില്‍ ഇളയവനാണ്‌ ഞാന്‍. മുമ്പേ പോയവരിലൊരാളുടെ സ്‌മാരകമാണ്‌ എന്റെ പേര്‌ പോലും. എപ്പോഴും എനിക്കൊരു വേദനയാണ്‌ ഉമ്മ. ഞങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നുകരുതി സ്വന്തം ജീവിതം ഉരുക്കി തൂക്കിയ ആ ഉമ്മക്ക്‌ ജീവിതം കൊണ്ട്‌ ഇവിടെ ഉയര്‍ച്ച ഉണ്ടായി എന്ന്‌ പറയാനാവില്ല. അവര്‍ നട്ട മരങ്ങളിലെത്ര കാമ്പും കായും വിരിഞ്ഞെന്ന കണക്കെടുക്കുമ്പോള്‍ പൂര്‍ണ തൃപ്‌തി തന്നിട്ടുമില്ല. എങ്കിലും ആ ഉമ്മയുടെ മകനായി പോയതില്‍ എനിക്കെന്നും അഭിമാനമേ തോന്നിയിട്ടുള്ളൂ. നാളെ അല്ലാഹുവിന്റെ സന്നിധിയില്‍ നിന്നെങ്കിലും ഉമ്മക്ക്‌ അര്‍ഹമായ പ്രതിഫലം ലഭിക്കാതിരിക്കില്ല. ആ പ്രാര്‍ഥനയെയൊള്ളൂ എന്നും.... 

6 അഭിപ്രായങ്ങൾ:

  1. ഉമ്മയെ ഓര്ത്തു. പ്രാര്ഥനകള്,

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ഓഗസ്റ്റ് 7 3:27 AM

    മാഷെ ഉമ്മ ഒരു നോവാണ്‌,
    ഞങ്ങള്‍തളിര്‍ത്തുപൂക്കട്ടെ
    എന്ന്‌കരുതി സ്വന്തംജീവിതം ഉരുക്കിതൂക്കിയ ആ ഉമ്മക്ക്‌
    ഇവിടെ ഉയര്‍ച്ച ഉണ്ടായോ....?
    അവര്‍ നട്ടമരങ്ങളിലെത്ര കാമ്പും കായും വിരിഞ്ഞെന്ന
    കണക്കെടുക്കുമ്പോള്‍ പൂര്‍ണതൃപ്‌തി തന്നിട്ടുമില്ല. വാക്കുകള്‍
    ഉള്ളില്‍ തട്ടിപോയി....
    ഇത്രയും പ്രതിസന്ധികളുടേയും പ്രയാസങ്ങളുടേയും ഇടയില്‍ നിന്നായിരുന്നു
    വരവെന്നും അറിയില്ലായിരുന്നു. അനുഭവങ്ങളുടെ അഗ്നിയില്‍ നിന്നുതന്നെയാവുമല്ലേ
    ഈ രചനകളുടെ വരവും... നന്നായി...
    ഓരോ പോസ്റ്റും നിങ്ങളെ അടയാളപ്പെടുത്തികൊണ്ടേയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ഓഗസ്റ്റ് 7 3:33 AM

    ആ ഉമ്മ സുകൃതം ചെയ്‌തവരാണ്‌.
    ഇങ്ങനെയൊരുമ്മയെ കിട്ടിയ താങ്കളും ഭാഗ്യവാന്‍തന്നെ.
    എന്തിനോ ഏതിനോ അവരെ കാണണമെന്ന്‌
    തോന്നിപ്പോയി.
    ലളിതമായവാക്കുകളാണെങ്കിലും
    വൈകാരികമാണ്‌ ഓരോ പ്രയോഗങ്ങളും
    അഹമ്മദ്‌കുട്ടി

    മറുപടിഇല്ലാതാക്കൂ
  4. vayichu thudangiyappol athil layichupoyi, vayana theerumbol kannukalil nanavu, inganeyoru ummayekittiya thankalethra bhagyavan

    മറുപടിഇല്ലാതാക്കൂ
  5. ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളുടെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ ഞങ്ങളെ കാത്തു സംരക്ഷിച്ചത് പോലെ അവരെയും നീ കാത്തു കൊള്ളേണമേ .....

    മറുപടിഇല്ലാതാക്കൂ
  6. ഒരു ചിത്രം പരതി അറിയാതെ കയറി പോയതാണ് ... പേരും ...ഉമ്മയും ഒരു പോലെയായതും യാദൃച്ഛികം ...

    മറുപടിഇല്ലാതാക്കൂ