27/10/13

ആട്ടിയോടിച്ചവന് നിഷേധിച്ച കല്യാണച്ചോറ് memmories




ഉമ്മ എനിക്കെന്നുമൊരു നോവായിരുന്നു. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച് മാത്രം കിനാവ് കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും നന്മയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ച സ്‌നേഹ ഗോപുരം. ഇല്ലായ്മയുടെ അടുപ്പ് പുകക്കാന്‍ കൊയ്ത്തുപാടത്തിന്റെ ഉച്ചച്ചൂടിലേക്ക് ഉമ്മ വീണ്ടും ഇറങ്ങിത്തിരിക്കുമ്പോള്‍ എനിക്ക് നാല്‍പത് ദിവസം. അതെ നാല്‍പ്പത് ദിവസം. നിറവയറുമായി ഉമ്മ അവിടെ നിന്നും കയറി വന്നതും എന്നെ ഒമ്പത് മാസം വയറ്റില്‍ ചുമന്നായിരുന്നു.
പാവം ഉമ്മ. പത്തുമക്കളെ പ്രസവിച്ചു. നാല് പെണ്‍കുട്ടികള്‍. ആറ് ആണ്‍ മക്കളും. ആണ്‍മക്കളില്‍ നാല് പേരും മരിച്ചു. പലഘട്ടങ്ങളിലായി വിധി ബാക്കിവെച്ചത് രണ്ടുപേരെ മാത്രം.  എന്റെ ജനനത്തിന് മുമ്പ് ഉമ്മയുടെ നാല് കുഞ്ഞുങ്ങള്‍ ആ വീട്ടില്‍ നിന്നും പള്ളിപ്പറമ്പിലേക്ക് പടിയിറങ്ങിപ്പോയിരുന്നു. അവരൊക്കെ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍...
വിശപ്പിന്റെ ഭാഷ നന്നായി സംസാരിച്ചിരുന്നു ഞങ്ങളുടെ അടുക്കള. പലപ്പോഴും കഞ്ഞിക്കലത്തിനും കറിക്കലത്തിനും ഒന്ന് നിറഞ്ഞുതൂവാനുള്ള സൗഭാഗ്യം കൂടി ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ പാരമ്പര്യം പൈതൃകമായി കിട്ടിയിരുന്നു ആ വടക്കിണിക്ക്. ഉമ്മയും മൂത്ത സഹോദരി വല്യാത്തയും അതേറെ കുടിച്ച് വറ്റിച്ചിട്ടുണ്ട്. 
അതുകൊണ്ടാണ് മൂന്നാം ക്ലാസ്സില്‍ പഠനത്തിന് അവധി നല്‍കി വല്യാത്ത ഹൈദര്‍ ഹാജിയുടെ കൊയ്ത്തുപാടത്തെ പൊരിവെയിലില്‍ ഉമ്മയോടൊപ്പം വാടിത്തളര്‍ന്നത്. ഇത്തിരി പ്രായത്തിലെ വിശപ്പിന്റെ ഭാരം ചുമക്കാന്‍ ഉമ്മക്കും ഒരു സഹായിയായി വല്യാത്ത. ജീവിത സായാഹ്നത്തിലും ഉമ്മക്ക് കൂട്ടിനുണ്ട് ആ അത്താണി. ഞങ്ങള്‍ ബാക്കി അഞ്ച് പേരെയും സുരക്ഷിതത്വത്തിന്റെ ആ കൈകള്‍ തന്നെയാണ് ഊട്ടിയത്. പ്രതിസന്ധികളുടെ കടുത്ത വേനലില്‍ ആ കനിവില്‍ നിന്നുതന്നെയായിരുന്നു പുതിയ ചില്ലകള്‍ തളിര്‍ത്തതും. 
ഓര്‍മവെക്കുമ്പോഴേ ഒരു നിത്യരോഗിയായിരുന്നു ബാപ്പ. വല്ലപ്പോഴും ഒരു കൂലിപ്പണിക്കുപോയാല്‍ കിട്ടുന്നതിലേറെയും പ്രഭാകരന്‍ ഡോക്ടറുടെയും മോയീന്‍കുട്ടി ഡോക്ടറുടെയും ക്ലിനിക്കുകളില്‍ കൊണ്ടുകൊടുക്കാനെ തികഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്  ഞാറ്റുകണ്ടത്തിലും കൊയ്ത്തുപാടത്തും സ്വയം ഉരുകിയാണ് ഉമ്മ ഞങ്ങളെ നെഞ്ചോട് ചേര്‍ത്തത്. 


അയല്‍പക്കത്ത് എട്ടു വീടുകള്‍. മെയിന്‍ റോഡിനു ഇരുവശങ്ങളിലായിട്ടായിരുന്നു ഞങ്ങളുടെയും മുഹമ്മദ് ഹാജിയുടെയും വീട്. ആ വീടെപ്പോഴും ശബ്ദമുഖരിതം. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി  വലിയ ആള്‍ക്കൂട്ടവും കാണും. ഹാജിയാര്‍ കാക്കയുടെ ഭാര്യ ഞങ്ങള്‍ക്ക് മമ്മീരി താത്തയായിരുന്നു. അവരുടെ കൈകളിലായിരുന്നു ആ വീടിന്റെ ഭരണം. ആ അടുക്കളയില്‍ എപ്പോഴും തീ പുകയുന്നു. രുചികരമായ വിഭവങ്ങളുടെ ഗന്ധം അന്തരീക്ഷത്തില്‍ നിറയുന്നു. പലപ്പോഴും അവരുടെ കനിവില്‍ ഞങ്ങളും വിശപ്പിന്റെ കാളലടക്കിയിട്ടുണ്ട്. 
തൊട്ടടുത്തുള്ള വീട് മൂത്താപ്പയുടേതായിരുന്നു. ആലുങ്ങല്‍ അലവിക്കുട്ടി. ബാപ്പയുടെ അര്‍ധ സഹോദരന്‍. ഈ രണ്ടു വീടുകളിലുമുള്ള കുട്ടികള്‍ എന്നേക്കാള്‍ മുതിര്‍ന്നവരായിരുന്നു. മൂത്താപ്പയുടെ ഇളയ മകന്‍ മുജീബ് എന്റെ മൂത്തതും ഒരു മകള്‍ എന്നേക്കള്‍ ഇളയതുമാണ്. എന്തുകൊണ്ടോ അവരുമായൊന്നും കൂട്ടുകൂടാന്‍ എനിക്കായിരുന്നില്ല. സത്യത്തില്‍ ആ വീട്ടിലെ കുട്ടികളെല്ലാം എന്റെ സഹോദരിമാരോ സഹോദരന്‍മാരോ ആണ്. അടുത്ത് ഇടപഴകേണ്ടവര്‍. ഒരുമിച്ച് കഴിഞ്ഞുകൂടേണ്ടവര്‍. എന്നാല്‍ അലവിക്കുട്ടി മൂത്താപ്പയുമായോ മക്കളുമായോ ഞങ്ങള്‍ക്ക് ആഴത്തിലുള്ള അടുപ്പം ഉണ്ടായിരുന്നില്ല. ഒരാത്മബന്ധവും രൂപപ്പെട്ടിരുന്നില്ല. 
 സാമ്പത്തിക അസമത്വത്തിന്റെയും മാനസികപൊരുത്തക്കേടിന്റെയും വലിയ മതില്‍ക്കെട്ടുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു...? 
അടിയാളരും കീഴാളരുമെന്ന നീതി ശാസ്ത്രത്തില്‍ ഞങ്ങളെന്നും കീഴാളരായിരുന്നു. അതുകൊണ്ട് തന്നെ അലവിക്കുട്ടി മൂത്താപ്പ ഞങ്ങള്‍ക്കെന്നും പേടിസ്വപ്‌നമായി. ബാപ്പയും മൂത്താപ്പയും തമ്മില്‍ ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ആ വഴക്ക് തീര്‍ക്കാന്‍ ആരെങ്കിലും ഇടയില്‍ നിന്നിരുന്നോ...? അറിയില്ല. അവര്‍ തമ്മിലുണ്ടായ ഒരു അടിപിടിക്ക് കാഴ്ചക്കാരനാകേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇന്നും മറന്നിട്ടില്ല. എന്തായിരുന്നു മൂത്താപ്പയെ പ്രകോപിപ്പിച്ചതെന്നറിയില്ല. ഒരു വൈകുന്നേരത്ത് മൂത്താപ്പ അങ്ങാടിയിലിട്ട് ബാപ്പയെ തല്ലി. എനിക്ക്  കയ്യും കാലും വിറച്ചു. കളിയാരവങ്ങള്‍ക്കിടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ വന്നതായിരുന്നു ഞങ്ങള്‍ കുട്ടികള്‍. അതോടെ കളിയുടെ ആവേശം കെട്ടുപോയി. ആരൊക്കെയോ രണ്ടുപേരെയും പിടിച്ചു മാറ്റി. 
രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല. അന്ന് ഞാന്‍ കരഞ്ഞതുപോലെ ബാപ്പ മരണപ്പെട്ടിട്ടുപോലും കരഞ്ഞിട്ടില്ല. അന്ന് മൂത്താപ്പയെ വെറുത്തത് പോലെ ജീവിതത്തിലൊരിക്കലും മറ്റാരെയും വെറുത്തിരിക്കില്ല. ഇത്രക്ക് നിസ്സാഹയനും ദുര്‍ബലനുമായിരുന്നു ബാപ്പ എന്നും അന്നാണ് മനസ്സിലായത്. 
മൂത്താപ്പക്ക് ബാപ്പയോട് മാത്രമായിരുന്നോ വിരോധം...? അത് ഞങ്ങളോട് കൂടി ഉണ്ടായിരുന്നുവോ...? ആ വെറുപ്പിന്റെ കനലൂതിയൂതി നിലനിര്‍ത്തിയിരുന്ന് എന്തിനുവേണ്ടിയായിരുന്നു...? ഇന്നും മനസ്സിലായിട്ടില്ല. ഇന്ന് മൂത്താപ്പയില്ല. അതിനും മുമ്പേ ബാപ്പയാണ് മടങ്ങിയത്. എങ്കിലും പറയാതിരിക്കാനാകുന്നില്ല. ഒരു പുരുഷായുസ്സിനിടക്ക് മൂത്താപ്പ ഞങ്ങളോടാരോടെങ്കിലും ഒരു വാക്കു മിണ്ടിയിട്ടില്ല. ഒന്നു ചിരിക്കുകകൂടി ചെയ്തിട്ടില്ല.  
പിന്നീട് മൂത്താപ്പ ആ വീടും പറമ്പും വിറ്റു. അവര്‍ മുത്തന്‍ തണ്ട് പുഴയോരത്തുള്ള വീട്ടിലേക്ക് താമസം മാറി. ഞങ്ങളുടെ വീട്ടില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അപ്പുറത്തായിരുന്നു ആ വീട്. ആ തീരുമാനം ഞങ്ങള്‍ക്ക് വല്ലാത്ത ആശ്വാസമാണ് തന്നത്. 
മൂത്താപ്പയും കുടുംബവും താമസം മാറിയ ശേഷം ആ വീട്ടിലായിരുന്നു മൂത്തമകന്റെ വിവാഹം. ഈ കല്യാണം പറയാന്‍  മൂത്തമ്മ വീട്ടില്‍ വന്നു. ബാപ്പയോട് കല്യാണം പറഞ്ഞിരുന്നോ എന്നറിയില്ല. അയല്‍ വാസികളും അമ്മായിമാരുമൊക്കെ കല്യാണത്തിന് പോകുന്നുണ്ട്.
കുഞ്ഞാപ്പുവും ചെറിയാപ്പയും രണ്ട് അമ്മായിമാരുടെ പേരക്കുട്ടികളാണ്. അയല്‍ക്കാരായ അവരായിരുന്നു എന്റെ കളിക്കൂട്ടുകാര്‍. 


മൂത്താപ്പയുടെ വീട്ടിലെ ആദ്യ കല്യാണമായിരുന്നു അതെന്നാണ് ഓര്‍മ. കുഞ്ഞാപ്പുവും ചെറിയാപ്പയുമൊക്കെ ആ കല്യാണത്തിന് പോകുന്നതുകൊണ്ട് എനിക്കും പോകണമായിരുന്നു. സഹോദരിമാരായ ആമിനയും സുലൈഖയും പോകാന്‍ ഒരുങ്ങിയിട്ടുണ്ട്. 
ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു ബാപ്പ പടി കടന്നു വന്നത്. മുന്‍കോപത്താല്‍ ബാപ്പയുടെ മുമ്പില്‍ മൂത്താപ്പപോലും തോല്‍ക്കും. ബാപ്പയുടെ നിയന്ത്രണം വിട്ടു. ആദ്യം വഴക്ക് കേട്ടത് ഉമ്മക്കാണ്. ആരും പോകണ്ടെന്ന അന്ത്യശാസനവും നല്‍കി. 
 ചെറിയാപ്പക്കും കുഞ്ഞാപ്പുവിനുമൊപ്പം എന്നിട്ടും ഞാന്‍ ഓടിക്കൂടി. ബാപ്പയുടെ വാക്കുകളെ ധിക്കരിച്ചതിനുള്ള ശിക്ഷ എന്നേ പറയേണ്ടൂ. ഞാനനുഭവിക്കുക തന്നെ ചെയ്തു. 
കല്യാണ വീട്ടില്‍ തിരക്കു തുടങ്ങിയിരുന്നു. വീട്ടില്‍ നിന്നും പതിവുള്ള പത്തുമണി കഞ്ഞിപോലും കുടിച്ചിരുന്നില്ല. പന്തലില്‍ വിളമ്പുകാരുടെ ബഹളം. തേങ്ങാച്ചോറിന്റേയും ഇറച്ചിക്കറിയുടെയും കൊതിപ്പിക്കുന്ന ഗന്ധം. വിശന്നിട്ട് കണ്ണുകാണാന്‍ വയ്യാത്ത അവസ്ഥ. 
ചോറിന് തിക്കിതിരക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ ആരൊക്കെയോ നിലയുറപ്പിച്ചിരിക്കുന്നു. കുട്ടികള്‍ അവര്‍ക്കൊരു അധികപറ്റാണ്. വലിയവര്‍ ഇരുന്നിട്ട് സ്ഥലവും സൗകര്യവുമുണ്ടെങ്കില്‍ മാത്രം പരിഗണിക്കാനുള്ളവരാണ് കുട്ടികള്‍. അവരുടേത് വിശപ്പൊന്നുമല്ലല്ലോ. മൂത്താപ്പയും അടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്നു. എന്റെ കൂടെ ചെറിയാപ്പയും കുഞ്ഞാപ്പുവും ഉണ്ടായിരുന്നു. ചെറിയാപ്പ സമര്‍ഥനാണ്. എവിടെയും നുഴഞ്ഞ് കയറും. ഇവിടെയും അവന്‍ നുഴഞ്ഞ് കയറി. വായയില്‍ നാവുള്ളവന് വയനാട്ടിലും ചോറ് എന്നാണല്ലോ. കുഞ്ഞാപ്പു പിന്നീട് വന്ന അവന്റെ ബാപ്പയോടൊപ്പവും ഇരിപ്പുറപ്പിച്ചു. കൂടെ മുതിര്‍ന്ന ആണുങ്ങളുണ്ടെങ്കില്‍ അവര്‍ക്കും പരിഗണനയുണ്ട്. പക്ഷേ, ഞാന്‍ മാത്രം തനിച്ചായി. എന്നെ അകത്തേക്ക് കയറ്റിവിട്ടില്ലെന്ന് മാത്രമല്ല അടുത്ത ട്രിപ്പില്‍ അകത്തേക്ക് കടക്കാന്‍ ഉത്സാഹം കാട്ടിയ എന്നെ മൂത്താപ്പ പുറത്തേക്കൊരു തള്ള്. ഞാന്‍ വീടിന്റെ ചുമരില്‍ ചെന്ന് വീണു.  
വലിയവര്‍ ഇരുന്നിട്ട് ഇരുന്നാലൊന്നും പോരെ അനക്കൊന്നും. 
അങ്ങനെയൊരു ആട്ടും പിന്നാലെ വന്നു. എത്രപേരത് കണ്ടു എന്നറിയില്ല. ആരൊക്കെയോ എന്നെ തുറിച്ചുനോക്കി. എന്തൊക്കെയോ പിറുപിറുത്തു. ഞാനാരാണെന്ന് തിരിച്ചറിഞ്ഞിരുന്നുവോ അവര്‍...? മൂത്താപ്പയുടെ കലിയും തീര്‍ന്നില്ലെന്ന് തോന്നുന്നു. പിന്നെയും എന്തൊക്കെയോ അയാള്‍ പുലമ്പികൊണ്ടിരുന്നു. 
അപമാനഭാരത്താല്‍ വിശപ്പ് കെട്ടുപോയി. എനിക്ക് കരച്ചില്‍ വന്നു. സങ്കടം നിറഞ്ഞു വിതുമ്പി. പിന്നെ അവിടെ നിന്നില്ല. ചോറ് കഴിക്കാനും തോന്നിയില്ല. ആര്‍ക്കുവേണം പട്ടിയെപ്പോലെ ആട്ടിയിറക്കിയവരുടെ കല്യാണച്ചോറ്...? ആണുങ്ങള്‍ക്ക് പിറന്നവര്‍ക്ക് പ്രാണനേക്കാള്‍ വലുത് അഭിമാനമല്ലേ. പുഴയോരത്തേക്ക് നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു. വീട്ടിലെത്തുംവരെ ആ ഓട്ടം തുടര്‍ന്നു. നിശബ്ദമായി കരഞ്ഞു. ഇന്നും ഞാന്‍ മറന്നിട്ടില്ല ആ സംഭവം. 
ഒരുപക്ഷേ, എന്നെ തിരിച്ചറിഞ്ഞ് കൊണ്ടാകില്ല മൂത്താപ്പയങ്ങനെ ചെയ്തത്. എന്നാലും ആ മുറിവില്‍ നിന്ന് പിന്നെയും ചോര കിനിഞ്ഞിരുന്നു. ശരീരത്തിനേല്‍ക്കുന്ന എത്ര ആഴത്തിലുള്ള മുറിവും ആറാഴ്ചകൊണ്ട് ഉണങ്ങുന്നു. പക്ഷേ, മനസ്സിനേറ്റ മുറിവുണങ്ങാന്‍ സംവത്സരങ്ങള്‍ കഴിഞ്ഞാലും സാധിച്ചെന്ന് വരില്ലല്ലോ. അതുകൊണ്ടാകും ആ പോറല്‍ ഇന്നും അവിടെയുള്ളത്. 
വീട്ടിലെത്തുമ്പോള്‍ കഞ്ഞിക്കലം കഴുകി വൃത്തിയാക്കിവെച്ചിരുന്നു ഉമ്മ. കല്യാണത്തിന് പോയവന് പിന്നെന്തിന് കഞ്ഞി...പട്ടിണിയുടെ ആദ്യത്തെ പാഠമൊന്നുമായിരുന്നില്ല. തീണ്ടിക്കൂടായ്മയുടെ ആദ്യത്തെ ആട്ടുമായിരുന്നില്ല അത്. പിന്നെയും എത്രയോ തവണ. പക്ഷേ, ആ ആട്ട.്  ഇന്നും അപകര്‍ഷതാ ബോധത്തിന്റെ പടുകുഴിയില്‍ എന്നെ തളച്ചിടുന്നു. പലയിടത്തും ഒരധികപ്പറ്റാകുമോ എന്ന ഭയംകൊണ്ട്  ഒരിടത്തും വലിഞ്ഞ് കയറാന്‍ ശ്രമിക്കാറുമില്ല. അതൊരു ഓര്‍മപ്പെടുത്തലും മുന്നറിയിപ്പുമായി ഇന്നും എന്നോടൊപ്പമുണ്ട്. 
സാമ്പത്തിക പിന്നാക്കാവസ്ഥയുടെ ഏറ്റവും അടിതട്ടിലായിരുന്നു ഞങ്ങളുടെ വീട്. കുടുംബത്തില്‍ ഇത്രയധികം ദാരിദ്ര്യം പൂത്ത വീട് വേറെയില്ല. അതുകൊണ്ട് പലര്‍ക്കും അവഗണിക്കാന്‍, ആട്ടിയോടിക്കാന്‍ പലപ്പോഴും കണ്ടെത്തിയ മുഖങ്ങള്‍ ഞങ്ങളുടെതായിരുന്നു. 
മൂത്താപ്പയും മരിച്ചു. മൂത്തമ്മയും മക്കളും ഇന്നുമുണ്ട്. ആണ്‍മക്കളോടെല്ലാം ഇന്നും നല്ല സൗഹൃദമാണ്. പക്ഷേ, അവരുടെ പെണ്‍മക്കള്‍. എന്റെയും സഹോദരിമാര്‍. അവരുടെ മുഖംപോലും എനിക്കോര്‍മയില്ല. വഴിയോരത്തു നിന്നും കണ്ടുമുട്ടിയാല്‍ പൂര്‍വജന്മത്തില്‍ പോലും  തിരിച്ചറിയാന്‍ കഴിയാത്ത അപരിചിതര്‍ മാത്രമാകുമവര്‍. 
തീര്‍ച്ച. എന്റെ ബന്ധങ്ങളും ബന്ധുക്കളും പലരും ഇങ്ങനെ തന്നെയാണല്ലോ. 
ചന്ദ്രിക വാരാന്തപ്പതിപ്പ്‌

2 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ കേട്ടാല്‍ അതിശയമായിരിക്കും.നമ്മളൊക്കെ അന്നനുഭവിച്ചപോലെ..................
    അന്നൊക്കെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കേ ഭാഗ്യമുള്ളൂ.അന്നത്തിനായാലും
    എന്തിനായാലും.പണമില്ലെങ്കില്‍ സ്വന്തക്കാരായാലും ബന്ധം മറക്കും.അകറ്റിനിര്‍ത്തും.....
    ഹൃദയസ്പര്‍ശിയായിരിക്കുന്നു രചന.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. കാലം മായ്ക്കാത്ത മുറിവുകള്‍ ഉണ്ടോ..?
    പൊരുത്തപ്പെട്ടു പോകുന്നതിനു കിട്ടുന്നതിനേക്കാള്‍ വലിയൊരു സമ്മാനമുണ്ടോ..?

    മറുപടിഇല്ലാതാക്കൂ