24/8/12

രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍........ അഞ്ച്‌


ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും അല്ലാതെയും ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളില്‍ ഏറെയും വയനാട്‌ ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരായിരുന്നു. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല അവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ഇവര്‍ക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗവും ദുരിതവും കുഞ്ഞുങ്ങളില്‍ ഒതുങ്ങിയതുമില്ല. അരിവാള്‍കോശ രോഗവുമായി മല്ലടിച്ച്‌ പിടഞ്ഞ്‌ വീണവരില്‍ മുതിര്‍ന്നവരുമുണ്ടായി ഏറെ. സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന 504 പേര്‍ ഇപ്പോഴുമുണ്ട്‌ വയനാടന്‍ കാടുകളില്‍. ഇവരിലേറെയും കുട്ടികളാണ്‌. മറ്റു രോഗങ്ങളും പെയ്‌ത്‌കൊണ്ടിരിക്കുകയാണ്‌.
മാരകമായ ഒട്ടേറെ രോഗങ്ങളുമായി മല്ലിടുന്നവര്‍ പതിനായിരങ്ങളാണ്‌ സംസ്ഥാനത്ത്‌. ഇതിലും വയനാടും പാലക്കാടും തന്നെയാണ്‌ മുമ്പില്‍. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം 16422 ആണ്‌. ഇത്‌ ജനസംഖ്യയിലെ പത്ത്‌ ശതമാനം വരുന്നു. ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നവര്‍ പോലുമുണ്ട്‌ 3133 പേര്‍. 40323 ആളുകള്‍ സ്ഥിരമായി രോഗികളാണ്‌. വയനാട്ടില്‍ സന്ധിരോഗങ്ങളാണ്‌ കൂടുതല്‍ പേരെ അസ്വസ്ഥരാക്കുന്നത്‌. (2256), രക്തസമ്മര്‍ദവും(1269),ഹൃദയസംബന്ധമായ രോഗവും(882) തൊട്ടുതാഴെയായി അലോസരപ്പെടുത്തുന്നുണ്ട്‌. 198 പേര്‍ ക്യാന്‍സര്‍ രോഗത്തെതുടര്‍ന്ന്‌ വേദന തിന്നുന്നു. ക്ഷയവും കുഷ്‌ഠവും ഒടിവും ചതവും ത്വക്ക്‌ രോഗങ്ങളുമായി ദുരിതമനുഭവിക്കുന്നവരും ഉണ്ട്‌ ആയിരങ്ങള്‍.
നിലമ്പൂര്‍ ചെമ്പ്ര കോളനിയിലെ 22 കാരനായ ചെല്ലന്‍ സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന അവസാനത്തെ ഇരയല്ല. ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണ്‌. കണ്ണുള്ളവരെയൊക്കെ കരയിപ്പിക്കുന്നതാണ്‌ ചെല്ലന്റെ ദയനീയ ചിത്രം. അവനുമില്ല ചികിത്സയും മരുന്നും. തൊട്ടടുത്ത കോളനികളില്‍ ചെല്ലന്റെ അനുഭവദൈന്യം പങ്കുവെക്കുന്ന വേറെ 13 കുട്ടികളേയും കാണാനായി. സംസാരശേഷിയില്ലാതെ, മറ്റാരുമായും ഇടപഴകാന്‍ ഭാഗ്യമില്ലാത്ത ചെല്ലന്‌ 22ാം വയസ്സിലും നാണം മറക്കാന്‍ ഉടുതുണിപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ കണ്ടത്‌. പത്ത്‌ വയസ്സേ മതിക്കൂ. 22 വയസ്സുണ്ട്‌ എന്ന്‌ കേട്ടപ്പോള്‍ അതിശയമായിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള ആറും വിട്ടുമാറാത്ത പനിയും ജലദോഷവുമുള്ള പത്തും നിരവധി അസുഖങ്ങള്‍കൊണ്ട്‌ പൊറുതി മുട്ടുന്ന നാല്‍പത്‌ കുട്ടികളെയാണ്‌ നിലമ്പൂരിലെ ചില കോളനികളില്‍ നിന്ന്‌ മാത്രം കണ്ടെത്തിയത്‌.
മലപ്പുറം ജില്ലയില്‍ മാത്രം ശാരീരിക മാനസിക വെല്ലുവിളികളോ സ്ഥിരമായ രോഗമോ അഭിമുഖീകരിക്കുന്ന 1229 വ്യക്തികള്‍ ഉണ്ട്‌. ഇവര്‍ 1148 കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌. ഇതില്‍ 564 പേര്‍ക്ക്‌ ശാരീരിക പോരായ്‌മകളുണ്ട്‌. സംസാര ശേഷിയും കേള്‍വി ശേഷിയും കാഴ്‌ചശക്തിയുമില്ലാത്തവരാണ്‌ ഇവരിലേറെയും. പലരും ജന്മനാ ഇത്തരം അസുഖങ്ങളുള്ളവരല്ല. ജീവിതശൈലിയുമായി ബന്ധപ്പെട്ടാണ്‌ പലര്‍ക്കും പല കാലങ്ങളില്‍ ഈ അസുഖങ്ങളുണ്ടായിട്ടുള്ളത്‌.

പോഷകാഹാരക്കുറവിന്റെ
ബലിയാടുകള്‍

പോഷകാഹാരക്കുറവിന്റെ ദുരന്തകഥാപാത്രങ്ങള്‍ 13960 പേരാണ്‌ സംസ്ഥാനത്തുള്ളത്‌. വയനാട്‌ തന്നെ മുമ്പില്‍. 5773 പേരിലെത്തിയിരിക്കുന്നു ആ കണക്ക്‌. 2204 പേരുമായി പാലക്കാടും1919 പേരുള്ള ഇടുക്കിയുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌. താരതമേന്യ ജനസംഖ്യ കുറഞ്ഞ മലപ്പുറം ജില്ലയില്‍ പോലുമുണ്ട്‌ 742 ഹതഭാഗ്യര്‍. ഇവരില്‍ കര്‍ഷക തൊഴിലാളികളാണ്‌ ഒന്നാമത്‌. കാര്‍ഷികേതര തൊഴിലാളികളും വനമേഖലയിലെ കൂലിപ്പണിക്കാരുമാണ്‌ തൊട്ടുതാഴെയുള്ളത്‌. പോഷകാഹാരക്കുറവ്‌ മൂലവും മതിയായ ചികിത്സകിട്ടാതെയും പ്രസവസമയത്തുമെല്ലാമായി ആയിരത്തോളം കുട്ടികളാണ്‌ സംസ്ഥാനത്ത്‌ മരിച്ചത്‌.
പോഷകാഹാരക്കുറവ്‌ മൂലം മാത്രം വയനാട്‌ 5773 പേര്‍ നരകജീവിതം നയിക്കുന്നുണ്ട്‌ എന്ന്‌കൂടി കേള്‍ക്കുമ്പോള്‍ ആദിവാസി ഊരിലെ പഞ്ഞത്തെക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം വേണോ...? ജനസംഖ്യയില്‍ മൂന്ന്‌ ശതമാനമുള്ള മലപ്പുറം ജില്ലയിലും ഇതിന്റെ തോത്‌ ഭീകരമാണ്‌. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരാണ്‌ ഏറെയും. ക്ഷയവും ക്യാന്‍സറും പ്രഷറും പ്രമേഹവും ത്വക്ക്‌ രോഗങ്ങളും അവരെ വരിഞ്ഞ്‌ മുറുക്കുന്നു. നിശബ്‌ദ കൊലയാളിയായ ബ്ലഡ്‌പ്രഷറാണ്‌ ഏറെ പേരെയും ഭീതിപ്പെടുത്തുന്നത്‌. വിട്ടുമാറാത്ത പനിയും ജലദോഷവും സന്ധിരോഗങ്ങളും ആസ്‌തമയും തൊട്ടു താഴെയുണ്ട്‌. അപകടങ്ങളില്‍ പരുക്കേറ്റ്‌ നടുവൊടിഞ്ഞ്‌ കിടക്കുന്നവരുടെ ചിത്രങ്ങളും ദയനീയമാണ്‌. വലിയൊരു വിഭാഗം ജോലിക്കിടെ മരത്തില്‍ നിന്ന്‌ വീണവരാണ്‌. മദ്യപിച്ചത്‌ കൊണ്ടുണ്ടായ ദുരന്തമായിരുന്നു അധികവുമെന്ന്‌ ആദിവാസി പ്രമോട്ടര്‍മാര്‍ പറയുന്നു. ഇത്‌ സമ്മതിക്കാന്‍ ചിലര്‍ മടിച്ചുവെങ്കിലും തുറന്ന്‌ പറയാന്‍ തയ്യാറായ ഇരകള്‍ നാല്‍പത്‌ പേരുണ്ട്‌. മലപ്പുറത്ത്‌ നിലമ്പൂര്‍ മേഖലയിലാണ്‌ അസുഖങ്ങളുടേയും ദുരിതങ്ങളുടെയും സഹയാത്രികരില്‍ ഏറെയും.
മാനസിക വെല്ലുവിളികള്‍ നേരിടുകയോ സ്ഥിരമായി രോഗങ്ങളോ ഉള്ള കുടുംബങ്ങളില്‍ ഒരാളെമാത്രമല്ല ദുരിതം പിടികൂടിയിരിക്കുന്നത്‌. ഒരേ കുടുംബത്തില്‍ രണ്ട്‌ പേര്‍ക്കും തൊഴിലെടുക്കാന്‍ സാധിക്കാത്ത 189 കുടുംബങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്‌. ഇതില്‍ 140 പേരും നിലമ്പൂരിലാണ്‌. കുടുംബനാഥനോ നാഥയോ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 649 കുടുംബങ്ങളുണ്ട്‌. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതേ ദുരിത മനുഭവിക്കുന്ന കുടുംബങ്ങളുടെ കണക്ക്‌ 131 ആണ്‌. കുടുംബനാഥനോ നാഥയോ സ്ഥിരമായി രോഗികളായ 743 കുടുംബങ്ങളുണ്ട്‌. എല്ലാ അംഗങ്ങളും സ്ഥിരം രോഗികളായ 157 കുടുംബങ്ങളുണ്ട്‌.
ജില്ലയില്‍ ശാരീരിക മാനസിക വെല്ലുവിളിയെത്തുടര്‍ന്ന്‌ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വിഷമമുള്ളവരാണ്‌ 629 പേര്‍. പരസഹായത്താല്‍ മാത്രം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിച്ച്‌ പോരുന്നവരാണ്‌ 81 പേര്‍. സ്ഥിരമായി രോഗം ബാധിച്ചതോടെ ദൈനംദിന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വിഷമം അനുഭവിക്കുന്നവര്‍ 726 പേരുണ്ട്‌. പരസഹായത്തോടെ മാത്രം നിത്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവര്‍ 89 പേരാണ്‌. പൂര്‍ണമായി ശേഷിയില്ലാത്തത്‌ കൊണ്ട്‌ ശയ്യാവലംബികളായവര്‍ 93 പേരുമുണ്ട്‌. ഇവരില്‍ ഏറെയും തൊഴിലുമായി ബന്ധപ്പെട്ടാണ്‌ രോഗബാധിതരായത്‌. തൊഴിലെടുക്കാന്‍ പ്രാപ്‌തിയില്ലാത്തവരില്‍ 492 പേര്‍ രോഗികളാണ്‌. തൊഴിലില്ലാത്ത 217 പേരും രോഗവുമായി കഷ്‌ടപ്പെടുന്നുണ്ട്‌. ഇത്തരത്തില്‍ 1388 പേരാണ്‌ മലപ്പുറത്തെ ദുരിതബാധിതര്‍. 


ആറു ദശാബ്‌ദങ്ങളായി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാറും സര്‍ക്കാര്‍ ഇതര സംഘടനകളും വിയര്‍പ്പൊഴുക്കി പദ്ധതികള്‍ നടപ്പാക്കിയിട്ടും ബാക്കിപത്രം ഇതാണ്‌. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പാര്‍പ്പിട രംഗത്തുമെല്ലാം സമാന അവസ്ഥകാണാം.! കോടികളാണ്‌ ഇതിനായെല്ലാം പല പദ്ധതികളിലായി വകയിരുത്തപ്പെട്ടത്‌. എന്നിട്ടും കോളനികളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്നതാണ്‌ വസ്‌തുത.
ഈ കണക്കുകളെല്ലാം ആദിവാസി ജീവിതാവസ്ഥകളിലേക്കുള്ള ചില ചിത്രങ്ങള്‍ മാത്രമാണ്‌. പക്ഷേ,പരിഹാരത്തിനുള്ള പോംവഴികളെക്കുറിച്ച്‌ അധികൃതര്‍ ചിന്തിച്ച്‌ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ ജില്ലാ ആസ്ഥാനത്തും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും മന്ത്രി മന്ദിരങ്ങളിലും ഇവരെകുറിച്ചുള്ള പുതിയ സ്ഥിതിവിവര കണക്കുകളെത്തിയിരിക്കുന്നു. എന്നാല്‍ പലരും അറിഞ്ഞമട്ടേയില്ല. അറിഞ്ഞവര്‍ തുറന്ന്‌ നോക്കിയിട്ടുമില്ല. രണ്ട്‌ കോടി രൂപ മുടക്കി തയ്യാറാക്കിയ ഒരു സ്‌ഥിതിവിവര കണക്കിന്റെ ദുര്‍ഗതിയാണിത്‌.

ആദിവാസി ഭൂമിയില്‍ ഭൂമാഫിയ


ഭൂ രഹിതരായ ആദിവാസികളുടെ കണക്ക്‌ ഇന്നും നടുക്കുന്നതാണ്‌. പലപ്പോഴായി ആദിവാസികള്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മണ്ണിനുവേണ്ടി സമരങ്ങള്‍ നടത്തിയിരുന്നു. ചെങ്ങറയും മുത്തങ്ങയും ആറളവും ഇതില്‍ ചിലത്‌ മാത്രം. എന്നിട്ടും എഴുപതിനായിരത്തില്‍പരം ആദിവാസി കുടുംബങ്ങളാണ്‌ ഭൂ രഹിതരായിട്ടുള്ളത്‌. അഞ്ച്‌ സെന്റില്‍ താഴെ ഭൂമിയുള്ള 20,027 കുടുംബങ്ങളാണ്‌ ഇന്നും സംസ്ഥാനത്തുള്ളത്‌. ഒന്‍പത്‌ സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ 14,9777 കുടുംബങ്ങളും. കൈവശരേഖ ഉണ്ട്‌ പല കുടുംബങ്ങള്‍ക്കും. പക്ഷേ അതിന്റെ കൈകാര്യക്കാരെല്ലാം മറ്റു പലരുമാണ്‌.
1053 കുടുംബങ്ങളുടെ കൈവശമുണ്ടായിരുന്ന 3,961 ഏക്കര്‍ ഭൂമിയാണ്‌ അന്യാധീനപ്പെട്ടുപോയത്‌. 16,053 കുടുംബങ്ങള്‍ കൈവശം വെച്ചിരിക്കുന്നത്‌ രേഖയില്ലാത്ത ഭൂമിയാണ്‌. ഇവിടം ഭരിക്കുന്നത്‌ കയ്യേറ്റ മാഫിയകളാണ്‌. സ്വന്തമായുള്ള മണ്ണില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ രോദനങ്ങള്‍ അട്ടപ്പാടിയില്‍ നിന്നാണ്‌ കൂടുതലായി കേള്‍ക്കുന്നത്‌. പാലക്കാട്‌ ജില്ലയിലെ 640 കുടുംബങ്ങള്‍ക്കാണ്‌ അവരുടെ 946 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കാന്‍ കയ്യേറ്റക്കാരുടെ കനിവിന്‌ കാത്ത്‌ നില്‍ക്കേണ്ടി വരുന്നത്‌. അപ്പോള്‍തന്നെ ഊഹിക്കാമല്ലോ ചൂഷകരുടെ കടന്നാക്രമണത്തിന്റെ ആഴവും പരപ്പും. ഇന്നും വയനാടന്‍ കാടുകളില്‍ നിന്ന്‌ ഭൂമിക്കായുള്ള സമരജ്വാലകള്‍ ഉയര്‍ന്ന്‌ പൊങ്ങുന്നതും അതുകൊണ്ടൊക്കെ തന്നെ. വാസയോഗ്യമായ വീടുകളുടെ സ്ഥിതി ദയനീയമാണ്‌. നിര്‍മാണത്തിലിരിക്കുന്ന വീടുകളും ഇടക്ക്‌ തകര്‍ന്നടിഞ്ഞ ഭവനങ്ങളും പറയുന്നത്‌ അഴിമതിയുടെ വീരകഥകളാണ്‌. അതെക്കുറിച്ച്‌ .....

1 അഭിപ്രായം:

  1. രോഗങ്ങള്‍ക്കും,സമര്‍ത്ഥരായവരുടെ ചൂഷണങ്ങള്‍ക്കും വിധേയരായി
    കൊണ്ടിരിക്കുന്ന ഒരു പാവം ജനതയുടെ ദയനീയ ചിത്രം ഹൃദയസ്പര്‍ശിയായി
    അവതരിപ്പിച്ചിരിക്കുന്നു.
    ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ