26/3/12

അമ്മമാരുറങ്ങാത്ത വീടുകള്‍

കുടക് മലയുടെ താഴ്‌വാരമിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയും ആഹ്ലാദവതിയായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവി സ്വപ്നം കണ്ടല്ലെങ്കിലും മൂന്ന് നേരം വയറ് നിറക്കാനാവുമല്ലോ എന്ന ആശ്വാസമായിരിക്കാം ആ പതിമൂന്ന്കാരിയെ അപ്പോള്‍ നയിച്ചിട്ടുണ്ടാകുക. പട്ടിണിപൂക്കുന്ന ചെറുവീടുകളില്‍ നിന്ന് നാണം മറക്കാനുള്ള തുണിയും മൂന്ന് നേരം വിശപ്പുമാറ്റാനുള്ള വഴിയും പ്രതീക്ഷിച്ച് അവള്‍ക്കു മുമ്പേ ചുരമിറങ്ങിയ പെണ്‍കിടാങ്ങളെല്ലാം സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെന്ന വിവരമായിരുന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടായിരുന്നത്.
അയല്‍വീട്ടിലെ അബ്ദുര്‍റഹ്മാന്റെ മകള്‍ ആരിഫ, കദീശുമ്മയുടെ പേരമകള്‍ നഫീസ, സൈതലവിയുടെ ഇളയ പുത്രി നൂര്‍ജഹാന്‍, കുഞ്ഞാലിയുടെ വിധവ സൈനബയുടെ രണ്ടാമത്തെ മകള്‍ സുലൈഖ തുടങ്ങി കുടുക് ജില്ലയിലെ മെഡിക്കേരി താലൂക്കില്‍ അയ്യഞ്ചേരി വില്ലേജിലെ പുലിക്കോട് തപ്പാലാപ്പീസിന്റെ പരിധിയില്‍ നിന്ന് മാത്രമായി അരപട്ടിണിയില്‍ നിന്ന് സൗഭാഗ്യം തേടി കാസര്‍കോടന്‍ കൊട്ടാരവീടുകളിലെത്തിയ പെണ്‍കുട്ടികള്‍ ഇങ്ങനെ നിരവധിയാണ്.


പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന്റെ പല ദേശങ്ങളില്‍ നിന്നും കുടക് മലയുടെ സമ്പന്നതയിലേക്ക് തൊഴില്‍തേടിപോയ മലയാളികളില്‍ പലരും അവിടെ സ്ഥിരതാമസമാക്കി. ഇവരുടെ പുതുതലമുറയില്‍ പെട്ടവരാണ് ദാരിദ്ര്യം പൈതൃകമായി പതിച്ചു കിട്ടിയ വീടുകളില്‍ നിന്ന് ശാപമോക്ഷം തേടിയെത്തി കാസര്‍കോടന്‍ വീടുകളിലെ ആട്ടും തുപ്പും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരിലേറെയും. ഉപ്പള, ചെര്‍ക്കളം, ബേളം, കുമ്പള, ബേണിക്കാനം, തളങ്കര, കാസര്‍കോട് നഗരം തുടങ്ങി ജില്ലയില്‍ പലയിടങ്ങളിലേയും മണിമാളികകളില്‍ നിന്നും ഇവരുടെ നെടുവീര്‍പ്പുകളുയരുന്നു. പലപൊട്ടിത്തെറികളും കേള്‍ക്കുന്നു. 
വലിയ സ്വപ്നങ്ങളൊന്നുമില്ല ഈ കുട്ടികള്‍ക്ക്. ഉണ്ടാകാന്‍ പാടുമില്ല. സുരക്ഷിതത്വവും സംതൃപ്തവുമായ ഒരു ജീവിതം സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവും സമൂഹമവര്‍ക്ക് അനുവദിച്ച് കൊടുത്തിട്ടില്ല. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം എന്ന കാലഹരണപ്പെട്ട സിദ്ധാന്തം തന്നെയാണ് ഈ വീടുകളിലേയും അലിഖിത നിയമങ്ങള്‍. 


കാസര്‍കോട് ജില്ലയിലെ സമ്പന്ന വീടുകളില്‍ പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ജോലിക്ക് നിര്‍ത്തുന്നത് ആഢ്യത്വത്തിന്റെ അടയാളമാണ്. ഇതിനായി കൂടുതലായി പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യുന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ നിന്നും. ഇവരെ എത്തിച്ചുകൊടുക്കാന്‍ ധാരാളം ഏജന്റുമാരും വലവിരിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ നാല്‍പ്പത്തിരണ്ട് ശതമാനവും ആ വീടുകളില്‍ നല്ല നിലയില്‍ കഴിഞ്ഞ് പോരുന്നുണ്ട്. അവര്‍ ഇവരെ വീട്ടിലെ ഒരംഗത്തെപോലെ കാണുന്നു. നല്ല ഭക്ഷണവും വസ്ത്രവും കൊടുക്കുന്നു. വല്ലപ്പോഴുമൊരിക്കല്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ാതാപിതാക്കള്‍ക്കും ചെറിയ പാരിതോഷികങ്ങള്‍ നല്‍കുന്നു. കഴുത്തിലേക്കോ കാതിലേക്കോ ചെറിയ ആഭരണങ്ങളും വാങ്ങിക്കൊടുക്കുന്നു.ആ വീട്ടിലെ ഭക്ഷണം കഴിച്ച്, ചെറിയ കുഞ്ഞുങ്ങളെ പരിചരിച്ച്, തറ തുടച്ചും പാത്രം കഴുകിയും തുണിയലക്കിയും നടുവൊടിച്ച് അര്‍ധരാത്രിയില്‍ ഏതെങ്കിലുമൊരു മൂലയില്‍ തളര്‍ന്നു മയങ്ങുന്നു. ഇങ്ങനെ ഇവര്‍ തേഞ്ഞ് തീരുന്നതിന് പ്രത്യേക ശമ്പളമൊന്നും നല്‍കാറില്ല. സ്‌കൂളിലോ മറ്റോ വിട്ട് പഠിപ്പിക്കുന്ന പതിവുമില്ല. 
ഇങ്ങനെ ആദ്യമെത്തിയവരുടെ പിന്‍മുറക്കാരിയായിരുന്നുവെങ്കിലും ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ രക്തസാക്ഷിയാവണം അയ്യങ്കേരി സന്നിപ്പടിക്കോട്ടയിലെ മൊയ്തുവിന്റെയും ആയിശയുടെയും മകള്‍ സഫിയ. കാസര്‍കോട് ജില്ലയിലെ രമ്യഹര്‍മങ്ങളിലും മറ്റും കഴിഞ്ഞു വരുന്ന 58 ശതമാനം പെണ്‍കുട്ടികളും സുരക്ഷിതരല്ലെന്നും പല കുട്ടികളേയും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നതായും സഫിയ കേസില്‍ ഇടപെട്ട ജനകീയ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 
എന്നാല്‍ ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടും പോലീസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും ജനകീയ കമ്മീഷന്‍ ഭാരവാഹികള്‍ വെളിപ്പെടുത്തുന്നു. അത്‌കൊണ്ടു തന്നെ പല വീടുകളിലും അരങ്ങേറുന്ന സംഭവങ്ങള്‍ ഇന്നും പുറം ലോകത്തിനജ്ഞാതമാണ്. സഫിയക്ക് ശേഷം ഒട്ടേറെ ഇരകള്‍ രംഗത്ത് വന്നെങ്കിലും ഒരു രക്തസാക്ഷിയില്ലാതെ പോയതിനാല്‍ മാധ്യമങ്ങളോ അധികൃതരോ അവരുടെ ദുരിത ജീവിതങ്ങളെക്കുറിച്ച് മറന്ന മട്ടാണ്. 


അഡ്വ. പി എ പൗരന്‍, ഡോ. പി ഗീത, ഡോ ജി സുരേന്ദ്രനാഥ്, അധ്യാപകനായ എന്‍ സുബ്രഹ്മണിയന്‍ എന്നിവര്‍ നടത്തിയ തെളിവെടുപ്പില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുകയുണ്ടായത്. അതിലൊന്ന് തഴച്ച് വളരുന്ന അധോലോക സംഘങ്ങളെക്കുറിച്ചാണ്. കാസര്‍കോടിന്റെ വളര്‍ച്ച കണ്ണുപൂട്ടിത്തുറക്കുന്നതുപോലെയാണെന്ന് ഇവിടുത്തെ സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെപ്പെട്ടെന്നാണ് നഗരത്തിന്റെ മുഖച്ഛായ മാറുന്നത്. പുതിയ പുതിയ സംരംഭങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാസങ്ങള്‍ക്ക് മുമ്പ് നഗരം സന്ദര്‍ശിച്ച ഒരാള്‍ വീണ്ടുമെത്തുമ്പോള്‍ മാറിയ മുഖം കണ്ട് അമ്പരന്നു പോകുന്നു.
ഈ വളര്‍ച്ചക്ക് ആവശ്യമായ പണമൊഴുകുന്നത് നിയമ വിരുദ്ധമായ ചാനലുകള്‍ വഴിയാണ്. ഇതിന് നേതൃത്വം നല്‍കുന്ന ഒരധോലോകവും ഇവിടെ വളരുന്നു. മുംബൈ, ഗോവ, മംഗലാപുരം എന്നീ നഗരവുമായി കാസര്‍കോടിനുള്ള സാമീപ്യമാണ് ഈ ബന്ധങ്ങള്‍ക്ക് തണല്‍ വിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തെ ആശങ്കയോടെയാണ് സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ കാണുന്നത്. 
ദേശീയ മനുഷ്യാവകാശ സംഘടനയുടെ കണക്ക് പ്രകാരം 45000 കുട്ടികള്‍ പ്രതിവര്‍ഷം അപഹരിക്കപ്പെടുന്നുണ്ട്. ഇവരിലേറെയും പതിനഞ്ച്
വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. സഫിയ എന്ന പതിമൂന്നുകാരിയേയും 2006 ഡിസംബര്‍ 15 മുതല്‍ കാണാതായി എന്നായിരുന്നു ലഭിച്ച വിവരം. ആ പെണ്‍കുട്ടിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ഒരു മനുഷ്യ മൃഗം മൂന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടിരിക്കുന്നു എന്ന തെളിഞ്ഞത്. അതിന് മാത്രം എന്തുക്രൂരതയായിരുന്നു ആ പെണ്‍കുട്ടി ചെയ്തിട്ടുണ്ടാകുക..? മകളെ കാണാതായ വേദനയില്‍ തീ തിന്ന് കഴിയുന്ന ഒരു ഉമ്മയും ഉപ്പയും എങ്ങനെയാകും ആ വാര്‍ത്തയെ ഉള്‍കൊണ്ടിട്ടുണ്ടാകുക...? അമ്മമാരുറങ്ങാത്ത കുടകിലെ വീടുകള്‍ മാത്രമല്ല കേരളീയ വീടുകളിലും നടുക്കവും ഭീതിയും തന്നെയാണ് ഇത്തരം സംഭവങ്ങള്‍ അവശേഷിപ്പിച്ചത്. നേരത്തെ തന്നെ ഒട്ടേറെ നരാധമന്‍മാരുടെ പേക്കൂത്തുകളും കൊലവിളികളും നാം കേട്ടു.. കൃഷ്ണപ്രിയയും ജാസിലയും ബിനിലയും പൂവരണിയിലെ രാജിയും ഷൊര്‍ണൂരില്‍ നിന്ന് സൗമ്യ, ചെരണ്ടത്തൂരിലെ ഷഹാന, വയനാട്ടില്‍ നിന്ന് സൈനബയും... അങ്ങനെ മറക്കാനാവാത്ത എത്രയെത്ര നിഷ്‌ക്കളങ്ക മുഖങ്ങള്‍.

 
സഫിയ കേസില്‍ ഇത്രയെങ്കിലും പുരോഗതിയുണ്ടായി. ജനകീയ ഇടപെടല്‍ കൊണ്ട് മാത്രമായിരുന്നു. അതാകട്ടെ ഒത്തൊരുമയുടെ വിജയവുമായിരുന്നു. അതിക്രൂരനായ ഒരു കരാറുകാരന്റെ മൊഴികളില്‍ സംശയം തോന്നിത്തുടങ്ങിയപ്പോള്‍ അലമുറയിട്ടുകരഞ്ഞ ഒരു പിതാവിന്റേയും മാതാവിന്റേയും രോദനം കേള്‍ക്കാന്‍ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെങ്കിലും കാതുണ്ടായതുകൊണ്ടു മാത്രമായിരുന്നു അത്. 
നിരന്തര സമരങ്ങള്‍, വിശ്രമമില്ലാത്ത മാധ്യമ ഇടപെടല്‍, ദേശീയപാതയുടെ ഓരത്ത് അവളുടെ മാതാപിതാക്കള്‍ സത്യഗ്രഹമിരുന്നു. എന്നിട്ടുപോലും പോലീസ് കുലുങ്ങിയില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പോലീസുകാര്‍ പ്രതിയുടെ ഗുണ്ടകളായി അധ:പ്പതിച്ചു. നീതിതേടിയെത്തിയ മാതാപിതാക്കളെ പീഡിപ്പിക്കുകയും ലോക്കപ്പിലിട്ടുമാണവര്‍ പ്രതിയോട് കൂറ് പുലര്‍ത്തിയത്. എന്നിട്ടും പ്രതിയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുകയുമുണ്ടായില്ല. സഫിയയെ പോലെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ തിരിച്ചുവരാത്ത നൂറുകണക്കിന് കേസുകള്‍ കേരളത്തിലുണ്ട്. കാസര്‍കോടും കുടകിലും വയനാട്ടിലും മലപ്പുറത്തുമുണ്ട്. ഇവരൊക്കെ എവിടെ പോയതാണ്...? ഇനി എത്ര കഷണങ്ങളായിട്ടാകും അവരുടെ ശരീരഭാഗങ്ങള്‍ നമ്മെ തേടിയെത്തുക...? ആരാണ് അവര്‍ക്കായി ശബ്ദമുയര്‍ത്തുക...? ദേശീയ പാതയോരത്ത് സത്യഗ്രഹമിരിക്കുക...? കാസര്‍കോട് ജില്ലയില്‍ മാത്രമല്ല പലയിടത്തേയും വലിയ വീടുകളില്‍ ചെറിയ പെണ്‍കുട്ടികളെ ജോലിക്ക് നിര്‍ത്തുന്ന പ്രവണത കൂടി വരുന്നു. ദരിദ്രരായ മാതാപിതാക്കള്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും കുഞ്ഞുങ്ങളെ അയക്കാനും ഒരുക്കമാകുന്നു. ചില ഭിക്ഷാടന മാഫിയകളും ഇതിനായി രംഗത്തുണ്ട്. 


1996 ഡിസംബര്‍ പത്തുമുതല്‍ സുപ്രീംകോടതി കുട്ടികളെകൊണ്ട് പണിയെടുപ്പിക്കുന്നത് വിലക്കി ഉത്തരവിറക്കിയിട്ടുണ്ട്. വിധിപ്രകാരം നിയമം ലംഘിക്കുന്നവര്‍ 20000 രൂപ നഷ്ടപരിഹാരം നല്‍കുകയും കുട്ടികളുടെ ക്ഷേമനിധിയിലേക്ക് 25000 രൂപ സംഭാവന നല്‍കുകയും വേണം. ഇതിന് പുറമെ, പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ മറ്റോ ജോലിക്ക് നിര്‍ത്തുന്നത് 2006 ഒക്‌ടോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാരും നിരോധിച്ചിട്ടുണ്ട്. തൊഴിലെടുപ്പിക്കുന്നവര്‍ക്ക് ഉറപ്പായും ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ നിയമമാണിത്. എന്നിട്ടും എന്തെങ്കിലും മാറ്റങ്ങളുണ്ടായോ...? സഫിയമാര്‍ക്കും നഫീസമാര്‍ക്കും സൈനബനാര്‍ക്കും മോചനമുണ്ടോ...?കുറ്റകൃത്യങ്ങളും പീഡനങ്ങളും ആര്‍ക്കെതിരെയായാലും അവ തടയാനുള്ള നിയമ വകുപ്പ് മതിയാവാഞ്ഞിട്ടല്ല. മറിച്ച് അത് വേണ്ട രീതിയില്‍ നടപ്പാക്കാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ കുട്ടികള്‍ക്കെതിരെ ക്രൂരത ചെയ്യുന്നവരെ തുറങ്കലിലടക്കാന്‍ പ്രത്യേക ജയിലുകള്‍ തന്നെ തുറക്കപ്പെടേണ്ടി വരുമായിരുന്നില്ലേ..? 

5 അഭിപ്രായങ്ങൾ:

  1. ലേഖനം നന്നായി.
    പേപ്പറിലൊന്നും കണ്ടതായ് ഓര്‍ക്കുന്നില്ല ഈ കാര്യങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. തെറ്റുകൾക്കും അനീതികൾക്കുമെതിരെ വ്യക്തിപർമായും, സാമുഹ്യമായു ശബദമുയർത്താനുള്ള ഒരു സംസ്കാരം നമുക്കുണ്ടാകേണ്ടതുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഇതില്‍ ഒന്ന് മാത്രമേ ചെയ്യാനാകു.ഇത് പോലെ പെണ്‍കുട്ടികളെ വീട്ടു ജോലിക്ക് വിടുന്ന പാവങ്ങളുടെ ഇടയില്‍ ബോധ വല്‍ക്കരണം നടത്തുക. സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഇല്ലാത്ത ഇക്കാലത്ത് വേലക്കാരി പെണ്‍ കുട്ടികളുടെ സുരക്ഷക്ക്‌ എന്താണ് ഉറപ്പ്..?

    മറുപടിഇല്ലാതാക്കൂ
  4. റോസാപ്പൂക്കള്‍ ആണ് ലിങ്ക് തന്നത്....വീട്ടുജോലിക്ക് നിര്‍ത്തുന്ന കുട്ടികളോട് അപമര്യദയായി പെരുമാറുന്നത് തോഴില്‍ പീഡനം ആണ്.നിയമം എന്താണെന്നു എല്ലാവര്ക്കും അറിയാം..സ്ത്രീ എപ്പോഴാണ് സ്വതന്ത്ര ആവുന്നത് ഒരു പ്രായത്തിലും ആവില്ല ...നന്നായി ട്ടോ പോസ്റ്റ്‌ ...

    മറുപടിഇല്ലാതാക്കൂ