1/8/11

ആത്മഹത്യാ മുനമ്പില്‍ ഈ ജീവിതങ്ങള്‍...... കൊലവിളിയുടെ താരാട്ട്‌ പരമ്പര നാല്‌




കേരളത്തിലെ
പ്രമുഖ യൂനിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥയാണവര്‍. പ്രതിമാസം ലഭിക്കുന്ന 26000 രൂപ ശമ്പളം മുഴുവന്‍ ഭര്‍ത്താവിനെ ഏല്‍പ്പിക്കണം. അടിവസ്‌ത്രം വാങ്ങണമെങ്കില്‍പ്പോലും ഭര്‍ത്താവിന്റെ സമ്മതം വേണം. സ്വന്തം അമ്മക്ക്‌ മുറുക്കാന്‍ വാങ്ങാന്‍ പത്ത്‌ രൂപയോ സര്‍വീസ്‌ സംഘടനക്ക്‌ സംഭാവനയോ നല്‍കണമെങ്കിലും ഭര്‍ത്താവ്‌ കനിയണം. ദിവസവും അന്‍പത്‌ രൂപ കൊടുക്കും ഭര്‍ത്താവ്‌. ഓഫീസിലേക്കും തിരികെ വീട്ടിലേക്കുമുള്ള വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ളതാണത്‌. ആ തുക എങ്ങനെയൊക്കെ ചെലവഴിച്ചു എന്നുകൂടി വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന്‌ വിശദീകരിച്ചുകൊടുക്കണം. ഇതാണ്‌ വിദ്യാസമ്പന്നരാണെന്ന്‌ അഹങ്കരിക്കുന്ന ചില മലയാളി വീട്ടമ്മമാരുടെ പോലും ജീവിതമെന്ന്‌ ചൂണ്ടിക്കാണിക്കുന്നു അഭിഭാഷകയായ അഡ്വ സുജാത എസ്‌ വര്‍മ. തനിക്കറിയാവുന്ന ഈ ഉദ്യോഗസ്ഥ എന്നിട്ടും ഇതുവരെ ആരോടും ഒരു പരാതിയും പറഞ്ഞതായി അറിവില്ലെന്നും അവര്‍ പറഞ്ഞു.

ഏറ്റവും കെട്ടുറപ്പുള്ള സംവിധാനമായി നിലനില്‍ക്കേണ്ടത്‌ കുടുംബമാണ്‌. എന്നാല്‍ അവിടെയാണ്‌ ഏറ്റവും വലിയ മ്യൂല്യച്യുതിയും പൊട്ടിത്തെറികളും ഉണ്ടാകുന്നതെന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത പുതിയ സര്‍വേ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നു.
മുമ്പ്‌ കുടുംബഛിദ്രങ്ങള്‍ പ്രകടമായിരുന്നില്ല. അകത്തെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. എന്തുണ്ടായാലും അതിനെ പുരുഷമേധാവിത്വം അടിച്ചമര്‍ത്തുമായിരുന്നു. എന്നാല്‍ ഇന്ന്‌ സ്‌ത്രീകളും വിദ്യാസമ്പന്നരായി. അവരും പ്രതികരിക്കാന്‍ തുടങ്ങി. ഇതിന്റെ എല്ലാം ഫലമായി കുടുംബകലഹങ്ങളുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നു.

മഞ്ചേരിയിലെ ആ വീട്ടമ്മയുടെ വിവാഹം പത്തൊമ്പത്‌ വര്‍ഷം മുമ്പായിരുന്നു. മൂന്ന്‌ കുട്ടികളുണ്ട്‌. മൂത്ത കുട്ടിക്ക്‌ 17 വയസ്സായി. മദ്യപാനിയായ ഭര്‍ത്താവിന്റെ ശബ്‌ദം കേള്‍ക്കുന്നത്‌ പോലും ഈ വീട്ടമ്മക്ക്‌ ഭയമാണ്‌. വലിയ വീടും കാറും ഒക്കെയുണ്ടെങ്കിലും മനസ്സമാധാനമെന്തെന്നവരറിഞ്ഞിട്ടില്ല. മക്കള്‍ക്കുമതറിയാം. അമ്മക്ക്‌ ഈ നരകത്തില്‍ നിന്ന്‌ എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടുക്കൂടെ എന്നാണ്‌ മക്കള്‍ പോലും അമ്മയോട്‌ ചോദിക്കുന്നത്‌. പക്ഷെ അവര്‍ക്ക്‌ പോകാന്‍ സ്വന്തം വീട്‌ പോലുമില്ല. വീട്ടുകാരോട്‌ പറഞ്ഞാല്‍ താഴെ വിവാഹപ്രായമായ അനിയത്തിമാരെ ചൂണ്ടി ആങ്ങളയും മാതാവും പറയുന്നു. ഇവരുടെ കാര്യംകൂടി കഴിയുംവരെ എങ്ങനെ എങ്കിലും നീ ക്ഷമിക്ക്‌.
പക്ഷെ അതുകഴിയുംവരെ താനും മക്കളും ജീവനോടെ ഉണ്ടാകുമോ എന്നാണ്‌ അവര്‍ക്ക്‌ തന്നെ അറിയാത്തത്‌. പല തവണ അവരെ ഭര്‍ത്താവ്‌ കൊല്ലാകൊല ചെയ്‌തിരിക്കുന്നു. മൂന്ന്‌ തവണ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.
ഭര്‍തൃപീഡനത്തിനെതിരെ കോടതി കയറാന്‍ അവര്‍ക്ക്‌ ഭയമാണ്‌. ഭര്‍ത്താവിനെ മാത്രമല്ല, കുടുംബാംഗങ്ങളെയും നാട്ടുകാരെയും മുഴുവന്‍ അവര്‍ ഭയപ്പെടുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോയിക്കൂടെയെന്നും സ്‌ത്രീ വിമോചക സംഘടനകളുടെ സഹായം തേടിക്കൂടെ എന്നും ഇവരോട്‌ ആരാഞ്ഞ ഡോ. ടി എം രഘുറാമിനോട്‌ എന്തിന്‌ സ്വന്തം കുടുംബത്തിലെ പുഴുക്കുത്തുകള്‍ മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ അപഹാസ്യയാകണമെന്നായിരുന്നു ആ വീട്ടമ്മയുടെ മറുചോദ്യം.
മുപ്പത്‌ വയസ്സുള്ള മറ്റൊരു വീട്ടമ്മയുടെ പരാതിയും ക്രൂരനായ ഭര്‍ത്താവിനെക്കുറിച്ച്‌ തന്നെയാണ്‌. സ്വന്തം മക്കളുടെ മുന്നില്‍വെച്ച്‌ വിവസ്‌ത്രയാക്കുന്നതിലും അതിന്‌ വിസമ്മതിക്കുമ്പോള്‍ ബ്ലേഡ്‌ കൊണ്ടോ കത്രിക കൊണ്ടോ വസ്‌ത്രം കീറുന്നതിലുമെല്ലാം ആനന്ദംകണ്ടെത്തുന്ന ഒരുമനോരോഗിയുടെ കൂടെയാണവരുടെ ജീവിതം. എന്നാല്‍ അവര്‍ക്കും അയാളില്‍ നിന്ന്‌ മോചനം സാധ്യമല്ല. മുകളില്‍ പറഞ്ഞ വീട്ടമ്മയുടെതിന്‌ സമാനമായ കാരണങ്ങള്‍ തന്നെയാണ്‌ അവര്‍ക്കുമുമ്പില്‍ വിഘാതത്തിന്റെ സര്‍വേകല്ലുകളുയര്‍ത്തുന്നത്‌.

ഇങ്ങനെ നരകിച്ച്‌ ജീവിക്കുന്ന എത്രയോ ജന്മങ്ങളുണ്ട്‌ നാളത്തെ പത്രത്താളുകളില്‍ പൊട്ടിച്ചിതറിയ വാര്‍ത്തകളായി അവതരിക്കാന്‍. അവരെ കണ്ടില്ലെന്ന്‌ നടിക്കരുത്‌. അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരുടെ അംഗസംഖ്യ കൂടണം. ആത്മാഭിമാനം വെടിഞ്ഞ്‌ എല്ലാം തുറന്ന്‌ പറയാന്‍ സ്‌ത്രീകള്‍ ഒരുക്കമാകുന്ന ഒരു ദിനം അവര്‍ക്കു മുമ്പില്‍ ഉണ്ടായെ മതിയാവൂ...അതിന്‌ നിയമപരമായ സഹായവും സംരക്ഷണവും എവിടെ കിട്ടുമെന്നതിനെക്കുറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ അറിയില്ലെന്ന അവസ്ഥ മാറേണ്ടതുണ്ട്‌.

കേരളത്തിലെ ഒരു വീട്ടമ്മക്കും സ്വന്തമായി ഒരു തുണ്ട്‌ സ്വത്തുപോലുമില്ലെന്നതാണ്‌ ഇന്ന്‌ സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പലര്‍ക്കും സ്വന്തമായി ഭൂമിയും ജോലിയും ഉണ്ടാകും. എന്നാല്‍ അത്‌ ക്രയവിക്രിയം നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതം കൂടിയെ തീരൂ എന്നതാണ്‌ അവസ്ഥ. വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബ പറയുന്നു. ആത്മാഭിമാനമുള്ള ഒരുസ്‌ത്രീയും ആത്‌മഹത്യചെയ്യില്ല. തന്റെ മക്കളെകൊലക്ക്‌ കൊടുക്കുകയുമില്ല. എന്നാല്‍ ജീവിതാവസ്ഥകളാണ്‌ പലരേയും അതിന്‌ പ്രേരിപ്പിക്കുന്നത്‌. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവര്‍ക്ക്‌ പോകാന്‍ മറ്റൊരിടമില്ല. അപ്പോഴാണ്‌ മരണത്തിന്റെ വഴിതെളിയുന്നത്‌. എന്നാല്‍ തന്റേടികളായ സ്‌ത്രീകള്‍ ഒരിക്കലും ഈ കടുംകൈക്ക്‌ മുതിരുന്നില്ലെന്നും അവര്‍ പറയുന്നു.


ആത്മഹത്യകള്‍:
ജീവിക്കാനുള്ള മുറവിളികള്‍


ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്‌ പലപ്പോഴും ലളിതമായ ഒരുകാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്‌. പലവ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ്‌ ആത്മഹത്യകള്‍ക്ക്‌ കാരണമെന്നാണ്‌ കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്‌. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരുവ്യക്തി തനിച്ചായിപോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ സൂചിപ്പിക്കുന്ന ആശയവിനിമയമാണ്‌. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല. മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേ സമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളികൂടിയാണ്‌. മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ്‌ ആവ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്‌.


എന്നാല്‍ പ്രശ്‌നങ്ങളിലകപ്പെട്ട വ്യക്തിക്ക്‌ മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്ന്‌ ലഭ്യമാണ്‌. തക്കസമയത്ത്‌ ശരിയായ രീതിയില്‍ അവര്‍ക്ക്‌ മാനസിക സാന്ത്വനം കൊടുക്കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഡോ പി എന്‍ സുരേഷ്‌ കുമാര്‍ പറയുന്നു. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിന്‌ കഴിഞ്ഞാല്‍ ആത്മഹത്യകളെ ഏറെക്കുറെ തടയാവുന്നതുമാണ്‌.


അടഞ്ഞ വഴികളിലും
അഭയമുണ്ട്‌


രണ്ട്‌ തരത്തിലാണ്‌ കുഞ്ഞുങ്ങളേയും കൂട്ടിയുള്ള ആത്മഹത്യകള്‍. ആത്മഹത്യാ ചിന്തയുള്ള ഒരു വ്യക്തിയെ ഉണ്ടാകൂ. എല്ലാവരും മരിക്കണമെന്ന തീരുമാനം അയാളുടെത്‌ മാത്രമായിരിക്കും. അത്‌ അച്ഛനോ അമ്മയോ ആകാം. ആ വ്യക്തി കുടുംബത്തിലെ മുതിര്‍ന്നവരെ കൂടി പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണങ്ങള്‍ പലതാകാം . ഭാര്യയും ഭര്‍ത്താവും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചാവും പിന്നെയുള്ള വിചാരം. കുട്ടികളുടെ ഭാവി, അവര്‍ അനാഥരാകുമെന്ന ആശങ്ക. അവര്‍ കൂടിയില്ലെങ്കില്‍ ഈ മരണം പൂര്‍ണമാകില്ലെന്ന ചിന്ത, എല്ലാംകൂടിയാണ്‌ കൂട്ടക്കൊലപാതകത്തിന്‌ വഴിയൊരുക്കുന്നതെന്ന്‌ ഡോ. പി എന്‍ സുരേഷ്‌കുമാര്‍.
സ്‌ത്രീകള്‍മാത്രം കുഞ്ഞുങ്ങളുമൊന്നിച്ച്‌ ആത്മഹത്യ ചെയ്യുന്നത്‌ ജീവിതത്തില്‍ എല്ലാ വഴിയും അടഞ്ഞെന്ന്‌ കരുതുന്നവരാണ്‌.
മക്കള്‍ അനാഥരാകുന്നതിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ചിന്തിക്കാനാകില്ല. അനാഥാലയത്തിലേക്ക്‌ തള്ളപ്പെടുന്നതിനെക്കുറിച്ച്‌ സഹിക്കാനും കഴിയില്ല. ജനനത്തിന്റെയും മരണത്തിന്റെയും ഉത്തരവാദിത്വം തങ്ങള്‍ക്കുതന്നെയാണെന്ന വികലമായ വിശ്വാസത്തില്‍ നിന്നുമാണ്‌ ഈ തീരുമാനങ്ങളുണ്ടാകുന്നതെന്നും ഡോ. ടി എ രഘുറാം പറയുന്നു.

ഈ ധാരണതന്നെയാണ്‌ ഇന്ന്‌ മിക്ക സ്‌ത്രീകളെയും മഥിക്കുന്നത്‌. ആത്മഹത്യയെക്കുറിച്ചുള്ള ആലോചനയില്‍ അവര്‍ മക്കളെക്കൂടി പങ്കാളികളാക്കുന്നു. ഭര്‍ത്താവുമായുണ്ടാകുന്ന കലഹത്തില്‍ മനം നൊന്തുപോകുമ്പോള്‍ പലരോടും പങ്ക്‌ വെക്കുന്ന വിചാരങ്ങളിങ്ങനെയാണ്‌. പ്രതിസന്ധിഘട്ടത്തിലെത്തുന്ന സ്‌ത്രീകളോട്‌ ഇനി എന്താണ്‌ നിങ്ങളുടെ ഭാവി പരിപാടിയെന്ന്‌ ചോദിക്കുമ്പോഴും ഞാനും ചാകും കൂടെ മക്കള്‍ക്കും വിഷംകലക്കി കൊടുക്കുമെന്ന്‌ പറയുന്ന നൂറുകണക്കിന്‌ സ്‌ത്രീകളെ കണ്ടിട്ടുണ്ടെന്ന്‌ പറയുന്നു കോഴിക്കോട്ടെ അഭിഭാഷകയായ അഡ്വ. അനില ജോര്‍ജ്‌. തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടികളുടെ സമയം എനിക്ക്‌ കൃത്യമായി അറിയാം. ഇങ്ങനെ തന്നെപോയാല്‍ അവസാനം കുഞ്ഞുങ്ങളേയും കൂട്ടി ഞാനത്‌ തന്നെ ചെയ്യുമെന്നാണ്‌ ഈയിടെ പുറത്തിറങ്ങിയ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന സിനിമയില്‍ കഥാനായികയായ സുമംഗലയുടെ സംഭാഷണം. മദ്യപാനിയായ ഭര്‍ത്താവിന്റെ പോക്കുകാണുമ്പോള്‍ നെഞ്ച്‌പൊട്ടിപ്പറയുന്ന ഇത്തരം വാക്കുകള്‍ തന്നെയാണ്‌ മിക്ക വീട്ടമ്മമാരുടേയും മനസ്‌. സീരിയലും സിനിമയും ഇത്തരത്തിലുള്ള ആത്മഹത്യകളെ പ്രോത്സാഹിപ്പിക്കുകയോ സമാന മനസ്‌കരായവര്‍ക്ക്‌ പുതിയ വഴികാട്ടി കൊടുക്കുകയോ ചെയ്യുന്നുണ്ടെന്നും സാംസ്‌കാരിക പ്രവര്‍ത്തകനായ അഭിജിത്ത്‌ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന്റെ സംരക്ഷണമില്ലെങ്കില്‍ ജീവിക്കാന്‍ വഴിയില്ലെന്ന്‌ പറഞ്ഞ്‌ ഉടനെ കുഞ്ഞുങ്ങളെയുമെടുത്ത്‌ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്‌. പ്രതികൂല കാലാവസ്ഥകളോട്‌ പൊരുതി മുന്നേറുകയാണ്‌.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി ശ്രീദേവി പറയുന്നു.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായ ഒട്ടേറെ സംവിധാനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌. സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമും പുവര്‍ഹോമും സുഗതകുമാരിയുടെ അഭയയും അടക്കം എത്രയോ സ്ഥാപനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. 235 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 301 അന്തേവാസികളാണ്‌ പുവര്‍ഹോമിലുള്ളത്‌. ഇവരൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഇവിടെ എത്തിപ്പെട്ടവരാണ്‌. അത്തരക്കാരെ ഏറ്റെടുക്കാന്‍ മറ്റുജില്ലകളിലും ഒട്ടേറെ സംഘടനകളുമുണ്ട്‌. വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങളും അവര്‍ക്ക്‌ വഴികാട്ടാനുണ്ട്‌. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളിലേക്കൊന്നും കയറിചെല്ലാന്‍ ദുരഭിമാനികളായ വീട്ടമ്മമാര്‍ മടിക്കുന്നുണ്ടെന്നും ജസ്റ്റിസ്‌ ഡി ശ്രീദേവി.
പല വീട്ടമ്മമാര്‍ക്കുമുമ്പിലും പുതിയ വഴിത്തുറക്കപ്പെടാനില്ലാതാവുമ്പോള്‍ തന്നെയാണ്‌ കുഞ്ഞുങ്ങളേയുമെടുത്ത്‌ ആത്മഹത്യയിലേക്ക്‌ നീങ്ങുന്നത്‌. ജീവിക്കണമെന്ന വലിയ ആഗ്രഹം വെച്ചുപുലര്‍ത്തുമ്പോഴും ഇത്തരമൊരവസ്ഥയില്‍ എന്തുചെയ്യണമെന്നവര്‍ക്കറിയില്ല. അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു. കുടുംബ തര്‍ക്കങ്ങള്‍ പറഞ്ഞ്‌ തീര്‍ക്കാം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തിക്കാം. വീട്ടമ്മയുടെ കഴിവിനനുസരിച്ചുള്ള ജോലിയോ സ്വയം തൊഴിലോ കണ്ടെത്താം. പക്ഷെ അതുവരെ ആ വീട്ടമ്മയേയും കുഞ്ഞുങ്ങളെയും താമസിപ്പിക്കാന്‍ ഒരു സംവിധാനമില്ല. അടുത്തിടെ പയ്യോളിയിലും പേരാമ്പ്രയിലും രണ്ട്‌ സംഭവങ്ങളുണ്ടായി. വീട്ടമ്മയേയും പത്തുവയസുകാരിയായ മകളെയും ഭര്‍ത്താവ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു പയ്യോളിയിലെ കഥ. അവര്‍ പരാതിയുമായി പോലീസ്‌ സ്റ്റേഷനിലെത്തി. തിരികെ വീട്ടിലേക്ക്‌ മടങ്ങാന്‍ അവര്‍ക്ക്‌ ഭയം. പോലീസ്‌ സ്റ്റേഷനില്‍ താമസിപ്പിക്കാനാവുമോ..? സരിത എന്ന ആ സ്‌ത്രീയേയും പത്തുവയസ്സുള്ള മകളേയും സര്‍ക്കാര്‍ സ്റ്റേ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. കോഴിക്കോട്‌ ഇത്തരത്തിലുള്ള ഒരുസ്റ്റേ ഹോം മാത്രമെയൊള്ളൂ. അതുമതിയാവുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍തോറും ഇത്തരത്തിലുള്ള സ്റ്റേ ഹോമുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു.

തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങള്‍ അനാഥരാകുമെന്നും അവര്‍ ആര്‍ക്കുമൊരു ഭാരമാകരുതെന്നുമുള്ള ചിന്തയാണ്‌ ദുരഭിമാനികളായ വീട്ടമ്മമാരെ കുഞ്ഞുങ്ങളെയും കുരുതികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാനാവില്ല. എന്നാല്‍ കുഞ്ഞുങ്ങളേയും കൂട്ടി ആത്‌മഹത്യചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ കുട്ടികളുടെ കഥകള്‍ കൂടി കേള്‍ക്കണം. എന്നിട്ടാവാം തീരുമാനങ്ങള്‍. അതെക്കുറിച്ച്‌ ..... 

3 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    ഇടക്ക്‌ മടി കുടുങ്ങിപ്പോയി. പലതിരക്കുകള്‍. എഴുത്ത്‌ ഉണ്ടായിരുന്നുവെങ്കിലും പോസ്റ്റിംഗ്‌ നടന്നില്ല. എങ്കിലും ഈ കാലയളവില്‍ വലിയ സ്വപ്‌നമായ ഒരു പുസ്‌തകം പുറത്തിറങ്ങി.
    സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ. ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ കൈകള്‍കൊണ്ട്‌ പ്രകാശനം ചെയ്യുന്നതിനും ഭാഗ്യമുണ്ടായി.
    അതിനേക്കാള്‍ വലിയ അത്‌ഭുതമായിരുന്നു പ്രകാശനദിവസം തന്നെ ഏറനാടിന്റെ രക്ത നക്ഷത്രം എന്ന പുസ്‌തകത്തിന്റെ 500 പ്രതികള്‍ വിറ്റഴിക്കാനായി എന്നത്‌. എല്ലാം ചരിത്രമാണ്‌.
    എല്ലാത്തിനും നന്ദി. എല്ലാവരോടും. .....

    മറുപടിഇല്ലാതാക്കൂ
  2. അഭിനന്ദനങ്ങള്‍ ....... പത്രത്തിലൂടെ അറിഞ്ഞിരുന്നു ... പുസ്തകതക പ്രകാശനത്തെ പറ്റി... ഇനിയും ഒത്തിരി എഴുത്തുകളില്‍ അച്ചടിമഷി പുരളട്ടെ .........ദൈവം അനുഗ്രഹിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു ....
    ഇത്തരം രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...
    എല്ലാ നന്മകളും ...

    മറുപടിഇല്ലാതാക്കൂ