3/7/10

കേരളത്തിന്റെ പച്ചപ്പില്‍ സെക്‌സ്‌ ടൂറിസത്തിന്‌ വിളവെടുപ്പ്‌

ടൂറിസമാണ്‌ ഇന്ന്‌ ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്‌. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട്‌ അവരില്‍.
കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്‌. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന്‌ മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട്‌ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക്‌ അവിടെ 40,000 ഡോളര്‍ ചെലവ്‌ വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ.

 
ഇതുകൊണ്ടെല്ലാം തന്നെ ആഫ്രിക്ക, യൂറോപ്പ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ പ്രധാനമായും ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിവിധ ആതുരാലയങ്ങളില്‍ ചികിത്സതേടിയെത്തുന്നത്‌. മെഡിക്കല്‍ ടൂറിസമെന്ന ഓമനപ്പേരിലൂടെ ഇവിടെയെത്തുന്നത്‌ കോടികളുടെ വിദേശ്യനാണ്യമാണ്‌. അതുകൊണ്ടുതന്നെ ഈ ടൂറിസവ്യാപനത്തിന്‌ സര്‍വഐശ്വര്യങ്ങളുമുണ്ടാവട്ടേ എന്നാണ്‌ സര്‍ക്കാരും പ്രാര്‍ഥിക്കുന്നത്‌. ഒരുവര്‍ഷം ഒമ്പതുലക്ഷത്തോളം പേരാണ്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തുന്നത്‌. ഇവരില്‍ നാല്‍പതുശതമാനവും വിദേശികളാണ്‌. സത്യത്തില്‍ കണ്ണുമഞ്ഞളിച്ചുപോകുന്ന കാഴ്‌ചകള്‍ ഇത്രമാത്രമെന്താണിവിടെ എന്നു അതിശയിക്കുന്നവരുമുണ്ട്‌. എന്നാല്‍ ആയൂര്‍വേദത്തിന്റെ മറവില്‍ നടക്കുന്ന `സുഖചികിത്സ'യെ ഉന്നംവെച്ചാണ്‌ നാട്ടിലും മറുനാട്ടിലുമുള്ളവരെത്തുന്നതെന്ന വസ്‌തുതയെ അധികൃതര്‍ പോലും തള്ളിക്കളയുന്നില്ല.

 
സുഖചികിത്സയുടെ അനന്ത സാധ്യതകള്‍ തേടുന്നവരെ കുരുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായാണ്‌ നമ്മുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ആയൂര്‍വേദ മസാജ്‌ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജവുമാണ്‌ ഈ സംവിധാനം. ലോകത്തിന്റെ ഏത്‌കോണില്‍ നിന്നും ആര്‍ക്കും എപ്പോഴും ബന്ധപ്പെടാം. തികച്ചും സ്വകാര്യമായ ഈ ഇടപാടുതന്നെയാണ്‌ ഇരുകൂട്ടര്‍ക്കും കൂടുതല്‍ സൗകര്യവും.
ആവശ്യക്കാരന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള മറുപടികള്‍ ഒരുക്ലിക്കില്‍ ലഭ്യമാകുമ്പോള്‍ അതില്‍പരം സംതൃപ്‌തമായ സേവനം മറ്റെന്തുണ്ട്‌?. നേരത്തെയാണെങ്കില്‍ ഇടനിലക്കാരിലൂടെയും പത്രപരസ്യങ്ങളിലൂടെയുമൊക്കെയായിരുന്നു കസ്റ്റമേഴ്‌സിനെ തേടിയിരുന്നത്‌. ഇപ്പോള്‍ അതുവേണ്ട. ആവശ്യക്കാരന്‌ പോക്കറ്റിന്റെ കനത്തിനനുസരിച്ച്‌ ഇഷ്‌ടകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കൈവരുന്നു.

ആയൂര്‍വേദ ചികിത്സാരംഗത്ത്‌ കേരളത്തിന്റെ കീര്‍ത്തിയെ കടല്‍ കടത്തിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌. കോട്ടക്കല്‍ ആര്യവൈദ്യശാലയും തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നവും നാഗാര്‍ജുനയും ശ്രീധരീയവും സര്‍ക്കാര്‍ സംരഭമായ ഔഷധിയുമെല്ലാം അവയില്‍ ചിലതുമാത്രം. 792 ആയൂര്‍വേദ ചികിത്സാ സ്ഥാപനങ്ങളും 679 ഡിസ്‌പെന്‍സറികളും 113 ആയൂര്‍വേദ ആശുപത്രികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ആധികാരിക രേഖ. ഇതിനുപുറമേ കേളികേട്ട നാട്ടുവൈദ്യന്‍മാരുടെ പടയുമുണ്ട്‌. ഇവരുടെയൊക്കെ മറവില്‍ വ്യാജനാണയങ്ങളുമുണ്ട്‌.

അലോപ്പതിയില്‍ പോലും ചികിത്സ ലഭ്യമല്ലാത്ത 95 ശതമാനം അസുഖങ്ങള്‍ക്കും ആയൂര്‍വേദം ചികിത്സ വാഗ്‌ദാനം ചെയ്യുന്നു.പക്ഷാഘാതം, ത്വക്ക്‌ രോഗങ്ങള്‍. അസ്ഥി - സന്ധിരോഗങ്ങള്‍, നട്ടെല്ലിലെ അപാകതകള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവക്കുപുറമേ മറ്റനേകം രോഗങ്ങള്‍ക്കും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സയാണ്‌ ആയൂര്‍വേദത്തിന്റെ കൈമുതല്‍. മറ്റൊരു ചികിത്സക്കും നല്‍കാന്‍ കഴിയാത്ത ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്‍മേഷവും അത്‌ പ്രധാനം ചെയ്യുന്നു. അലോപ്പതി ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ശരീരത്തെ തളര്‍ത്തുമ്പോള്‍ അതില്‍ നിന്നും മോക്ഷം തേടിയെത്തുന്നതും ആയൂര്‍വേദത്തിന്റെ കൈകളിലേക്കാണ്‌.
 
എന്നാല്‍ നൂറ്റാണ്ടുകളുടെ അടിത്തറയേയും പാരമ്പര്യ വൈദ്യന്‍മാരുടെ അറിവിനേയും ചൂഷണം ചെയ്‌തുകൊണ്ടാണ്‌ പല സ്ഥാപനങ്ങളും ഇന്ന്‌ പ്രവര്‍ത്തിക്കുന്നത്‌. അടുത്തകാലത്ത്‌ ഇന്ത്യയിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നടത്തിയ സര്‍വേയില്‍ 25 ശതമാനം ആതുരാലയങ്ങളുടേയും പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ്‌ കണ്ടെത്തിയത്‌. അവര്‍ തങ്ങളുടെ വിജയ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. അവയില്‍ ഒമ്പത്‌ ശതമാനവും ആയൂര്‍വേദത്തിന്റെ പേരില്‍ വലിയ പരസ്യവാചകങ്ങളിലൂടെ മികച്ച ചികിത്സ വാഗ്‌ദാനം ചെയ്യുന്നവയായിരുന്നു. ഇവയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നാണ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ (ഐ സി എം ആര്‍)ന്റെ സര്‍വേ അടിവരയിടുന്നത്‌. ഉപഭോക്താക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട്‌ പ്രതികരിക്കാന്‍ പോലും ചില മാനേജ്‌മെന്റുകള്‍ തയ്യാറായില്ലത്രെ. ആയൂര്‍വേദ മസാജ്‌ സെന്ററുകളില്‍ നിന്ന്‌ നഴ്‌സുമാര്‍ നല്‍കുന്ന പരിചരണം കൊണ്ട്‌ സംതൃപ്‌തി കണ്ടെത്താനുമാണെത്രെ പലരും ഉഴിച്ചില്‍ ചികിത്സക്കെത്തുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ തിരൂരിലെ ഒരു മര്‍മ ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സംഘടിച്ചെത്തിയ നാട്ടുകാര്‍ക്ക്‌ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ കയ്യോടെ പിടികൂടേണ്ടിവന്നത്‌ പ്രദേശത്തെ പോലീസുകാരെ തന്നെയായിരുന്നു.

 ഉഴിച്ചിലുകാരിയും വേറെ ചിലമാന്യന്‍മാരും പിറകുവഴിയിലൂടെ ഓടി മറഞ്ഞു. കൊടുവള്ളിയില്‍ കഴിഞ്ഞ ദിവസമാണ്‌ വീട്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന മര്‍മ ചികിത്സാ കേന്ദ്രത്തില്‍ നിന്ന്‌ മൂന്നുപേരെയും ഒരു സ്‌ത്രീയേയും അറസ്റ്റ്‌ ചെയ്‌തത്‌. നാട്ടുകാര്‍ക്ക്‌ നേരത്തെ സംശയം തോന്നിയിരുന്നുവെങ്കിലും ഈയിടെയാണ്‌ അവര്‍ നിരീക്ഷണം ശക്തമാക്കിയത്‌. എന്നാല്‍ ഇതെല്ലാം പരല്‍മീനുകള്‍ മാത്രമാണ്‌. തിമിംഗലങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ലെന്ന്‌ മാത്രമല്ല അവര്‍ക്ക്‌ എത്രകാലംവേണമെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാണ്‌ കേരളം.
 
ഗൂഡല്ലൂരിലെ മര്‍മ ചികിത്സാകേന്ദ്രത്തിലേക്ക്‌ ഇരുപത്തിയഞ്ച്‌ വയസ്സില്‍ താഴെ പ്രായമുള്ള നഴ്‌സുമാരെ ആവശ്യമുണ്ട്‌. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകളും മറ്റാനുകൂല്യങ്ങളും. മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം.

ഒന്നരവര്‍ഷംമുമ്പ്‌ പ്രമുഖ പത്രത്തിലെ ക്ലാസിഫൈഡ്‌പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ശ്രദ്ധയില്‍പ്പെട്ടാണ്‌ വിവാഹമോചിതയും ഒരുകുഞ്ഞിന്റെ മാതാവുമായ നിലമ്പൂരിലെ സുനന്ദയും (യഥാര്‍ഥപേരല്ല) കൂട്ടുകാരിയും വിളിക്കുന്നത്‌. നഴ്‌സിംഗിന്‌ പഠിച്ചുകൊണ്ടിരിക്കേയായിരുന്നു സുനന്ദയുടെ വിവാഹം. മൂന്നുവര്‍ഷത്തിനിടെ വിവാഹവും പ്രസവവും വിവാഹമോചനവും എല്ലാം കഴിഞ്ഞു. പിന്നെ അവള്‍ക്കാവശ്യം ഒരു ജോലിയായിരുന്നു. അതിനുള്ള അന്വേഷണത്തിനിടെയായിരുന്നു ആ പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്‌.

ഇന്റര്‍വ്യൂ സമയത്ത്‌ മാനേജിംഗ്‌ ഡയറക്‌ടറായ ഡോക്‌ടര്‍ തന്നെ ഇവരോട്‌ പറഞ്ഞു. ഇവിടെ വരുന്ന കസ്റ്റമേഴ്‌സിനെ പൂര്‍ണമായി തൃപ്‌തിപ്പെടുത്തുക എന്നതാണ്‌ നിങ്ങളുടെ ഡ്യൂട്ടി. അതിനു ചില വിട്ടുവീഴ്‌ച്ചക്കൊക്കെ തയ്യാറാവേണ്ടി വരും. അതിനു സമ്മതമാണോ...? സുനന്ദ വിട്ടുവീഴ്‌ചക്ക്‌ തയ്യാറായി. കൂട്ടുകാരി ഇന്റര്‍വ്യൂ പൂര്‍ത്തിയാകുംമുമ്പേ മുറിവിട്ടോടേണ്ടി വന്നു. എന്നാല്‍ വിട്ടുവീഴ്‌ചയുടെ വ്യാപ്‌തിയെക്കുറിച്ച്‌ കൂട്ടുകാരി അറിയുന്നത്‌ സ്ഥാപനയുടമയടക്കം പത്തോളം പേര്‍ അനാശാസ്യപ്രവര്‍ത്തനത്തിന്‌ പോലീസ്‌ പിടിയിലായപ്പോഴായിരുന്നു. അവരിലൊരാളായിരുന്നു സുനന്ദയും
.
സുനന്ദയെപോലെ ഇരകളായിതീര്‍ന്നവരും അടുത്തകെണിയില്‍ കുരുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നവരുമുണ്ട്‌ ഒരുപാട്‌. ആയൂര്‍വേദ ചികിത്സാവികസനത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെടുന്നത്‌ പലപ്പോഴും തൊഴില്‍തേടിയെത്തുന്ന സ്‌ത്രീകളാണ്‌. ചിലര്‍ക്ക്‌ രോഗികളില്‍ നിന്നുണ്ടാകുന്ന ദുരനുഭവമാണെങ്കില്‍ പെരിന്തല്‍മണ്ണക്കടുത്തുള്ള സ്ഥാപനത്തില്‍ നഴ്‌സായിരുന്ന 23കാരിക്ക്‌ സ്ഥാപനത്തിലെ ഡോക്‌ടര്‍ തന്നെയായിരുന്നു വില്ലന്‍. വിവാഹ വാഗ്‌ദാനത്തില്‍ മോഹാലസ്യപ്പെട്ട്‌ അവള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടിവന്നത്‌ പലവൃത്തികേടുകള്‍ക്കുമായിരുന്നുവെത്രെ. ഇവിടെനിന്നും രക്ഷപ്പെട്ട്‌ ഗൂഡല്ലൂരിലെ സ്ഥാപനത്തിലാണവള്‍ എത്തിപ്പെട്ടത്‌. പോലീസ്‌ റെയ്‌ഡുണ്ടായ ദിവസം ഡ്യൂട്ടിയില്ലാത്തത്‌കൊണ്ട്‌ മാത്രമാണ്‌ രക്ഷപ്പെട്ടതും.

കോഴിക്കോട്‌ ഒരു മസാജ്‌ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന രാജിയുടെ വിലാസവും ഫോണ്‍ നമ്പറും തന്നത്‌ ശാഹിദ എന്ന നഴ്‌സായിരുന്നു. അവള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ തുറന്നുപറയാന്‍ രാജി തയ്യാറായില്ല. ഈ മേഖലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട്‌ സ്ഥാപനങ്ങളുണ്ട്‌. അവിടെ മാന്യമായ രീതിയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്‌. അവരെല്ലാം മോശപ്പെട്ടവരാണെന്ന സന്ദേശമാവും ഇതിലൂടെ ഉണ്ടാവുക. ചിലകള്ള നാണയങ്ങളുണ്ട്‌. അവര്‍ക്ക്‌ വഴങ്ങി പ്രവര്‍ത്തിക്കുന്നവരുമുണ്ടാവും. പക്ഷേ എന്നുകരുതി എല്ലാവരേയും ഒരേ അളവുകോല്‍കൊണ്ട്‌ അളക്കുന്നത്‌ ശരിയല്ലല്ലോ. എന്നാണ്‌രാജിയുടെ പക്ഷം. ഈ രംഗത്ത്‌ സേവനം ചെയ്യുന്ന പലരും പ്രതികരിക്കാനും തയ്യാറായില്ല.

ആയൂര്‍വേദ മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളെ സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന്‌ ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. അംഗീകൃത യോഗ്യതയില്ലാതെ പ്രകൃതിചികിത്സ നടത്തുന്നവര്‍ക്ക്‌ ബി ക്ലാസ്‌ രജിസ്‌ട്രേഷന്‍ നല്‍കാനുള്ള സംസ്ഥാന നിലപാട്‌ കേന്ദ്ര നിര്‍ദേശത്തിന്‌ വിരുദ്ധമാണെന്നാണ്‌ അവര്‍ പറയുന്നത്‌. അംഗീകൃത യോഗ്യതയുള്ളവരുടെ തന്നെ വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടുവാണ്‌. പതിനഞ്ച്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും മുപ്പത്തിയഞ്ച്‌ വയസ്സും ഉള്ളവര്‍ക്ക്‌ പ്രത്യേകയോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ബി ക്ലാസ്‌ രജിസ്‌ട്രേഷന്‍ നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശം.

എന്നാല്‍ ഇതിന്റെ മറവില്‍ യോഗ്യത എസ്‌ എസ്‌ എല്‍ സിയും ചികിത്സാ പരിചയം പത്തുവര്‍ഷമാക്കി ഇളവുചെയ്യുകയാണ്‌ സര്‍ക്കാറെന്നും ഇവര്‍ പറയുന്നു. നിലവിലുള്ള സ്ഥാപനത്തെക്കുറിച്ചു തന്നെ വ്യാപകമായ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ പുതിയ നിയമംകൂടി പ്രാബല്യത്തിലായാല്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളും അതുവഴി ചൂഷണങ്ങളും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മറ്റൊരു തമാശകേള്‍ക്കണോ..? വിപണിയില്‍ ഇന്ന്‌ പുറത്തിറങ്ങുന്നത്‌ ആയിരക്കണക്കിന്‌ ആയൂര്‍വേദ മരുന്നുകളാണ്‌. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ്‌ തന്നെ പച്ചമരുന്നിലാണ്‌. എന്നാല്‍ ചികിത്സക്കും മരുന്ന്‌ നിര്‍മാണത്തിനും ആവശ്യമായ പച്ച മരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. തമിഴ്‌നാടിനെ ആശ്രയിച്ചായിരുന്നു സംസ്ഥാനത്ത്‌ അടുത്തകാലംവരെ പച്ചമരുന്നുകളുടെ നിര്‍മാണം. എന്നാല്‍ സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍, തുടങ്ങിയ ഔഷധ സസ്യങ്ങളെല്ലാം നാടുനീങ്ങിയിരിക്കുന്നു. കാട്ടുമരങ്ങളുടെ തോല്‍ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്നാണ്‌ വനം വകുപ്പിന്റെ നിര്‍ദേശം. ഇതുമൂലം മരുന്ന്‌ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ആവശ്യത്തിന്‌ ലഭിക്കുന്നില്ല. വേണ്ടത്ര ഔഷധക്കൂട്ടുകളില്ലാതെയാണ്‌ പല മരുന്നുകളും വിപണിയിലെത്തുന്നതും. പക്ഷേ അതൊന്നും വിദഗ്‌ധ ചികിത്സ വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളോ മരുന്ന്‌ കമ്പനികളോ അംഗീകരിച്ചു തരില്ല. എന്നാല്‍ ലോകത്തിലെ സകലമാന അസുഖങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ വാഗ്‌ദാനം ചെയ്യുന്ന മരുന്നുകളിലെല്ലാം ഈ ഔഷധക്കൂട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന പരസ്യവാചകമാവും കാണുക. ദഹന വ്യവസ്ഥയുടെ താളംതെറ്റല്‍ കാരണമായി ഉണ്ടാകുന്ന പൈല്‍സിന്‌ ഫലപ്രദമായ ഔഷധമായ ഹരിദ്രയില്‍ ഈ കൂട്ടുകളെല്ലാം പ്രത്യേക ആനുപാതത്തില്‍ ചേര്‍ക്കുന്നുവെന്നാണ്‌ പരസ്യവാചകം. പൈല്‍സിനുമാത്രമല്ല മറ്റനവധി രോഗങ്ങള്‍ക്കും അത്യുത്തമമാണെന്ന അവകാശവാദത്തിലാണ്‌ വിപണനം നടത്തുന്നത്‌.

 ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നെന്ന പേരില്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്ന മുസ്ലി പവര്‍ എക്‌സട്രയുടെ മൂവാറ്റുപുഴയിലെ ഫാക്‌ടറിയില്‍ 2009 ഒക്‌ടോബര്‍ 15ന്‌ ട്രഗ്‌സ്‌ കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം റെയ്‌ഡ്‌ നടത്തുകയുണ്ടായി. വ്യാജമരുന്നുകളും ഔഷധക്കൂട്ടുകളുമാണ്‌ പിടിച്ചെടുത്തത്‌. പക്ഷേ സംഭവം വാര്‍ത്തയെയായില്ല. ഇന്നും മലയാളിയെ ലോകവിവരങ്ങള്‍ അറിയിക്കുന്ന ദൃശ്യമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ കുടംബത്തിന്‌ അധികക്കരുത്ത്‌ വാഗ്‌ദാനം ചെയ്യുന്ന ഈ ഔഷധമാണ്‌. ലോകത്തു തന്നെ ആദ്യമായി എയ്‌ഡ്‌സിന്‌ മരുന്നെന്ന അവകാശ വാദത്തിന്റെ ശബ്‌ദമുയര്‍ന്നത്‌ ആയൂര്‍വേദത്തിന്റെ മറവില്‍ കൊച്ചുകേരളത്തില്‍ നിന്നാണ്‌. അതേ വ്യക്തി ഇതാ വീണ്ടും കാന്‍സര്‍, ഹൃദ്രോഗം, കരള്‍രോഗം, ലൈംഗിക രോഗങ്ങള്‍, തൈറോയ്‌ഡ്‌, അസ്ഥിക്ഷയം, അള്‍ഷിമേഴ്‌സ്‌, തുടങ്ങിയ ഒട്ടനവധി അസുഖങ്ങള്‍ക്ക്‌ മരുന്ന്‌ കണ്ടെത്തിയതായി അവകാശപ്പെടുന്നു. സി എഫ്‌ എസ്‌ ക്യൂര്‍ എന്ന ക്യാപ്‌സ്‌ൂളും സിറപ്പും ഉത്തമമാണെന്നാണ്‌ ഇദ്ദേഹം തന്റെ വെബ്‌സൈറ്റിലും പ്രമുഖ മലയാള പത്രത്തിലും പരസ്യം ചെയ്യുന്നത്‌. ഇതെല്ലാം ആയൂര്‍വേദത്തിന്റെ പേരിലാണ്‌.


അസുഖങ്ങള്‍ വരുമ്പോള്‍ മാത്രമല്ല അസുഖമില്ലാത്തപ്പോഴും ശരീരത്തിനും മനസ്സിനും ഉണര്‍വും ഉന്‍മേഷവും പകരുന്ന മികച്ച ട്രീറ്റുമെന്റുകളാണ്‌ മസാജ്‌ പാര്‍ലറുകളുടേയും വാഗ്‌ദാനം. പുരുഷന്‍മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ ആവശ്യമെങ്കില്‍ പുരുഷന്‍മാരെയും വെച്ചാണ്‌ മികച്ച ചികിത്സാ പരിചരണമൊരുക്കുന്നതും. എല്ലാത്തിനും ആയൂര്‍വേദത്തിന്റെ തലയില്‍തൊട്ടാണ്‌ ആധികാരികത നല്‍കുന്നതും.
ഇതിന്റെയെല്ലാം പേരില്‍ കൊഴുക്കുന്നത്‌ ലൈംഗിക വ്യാപാരമാണ്‌. ഇരകളാക്കപ്പെടുന്നതോ പാവപ്പെട്ട ജീവനക്കാരും. കുറുക്കുവഴികളിലൂടെ കുതിച്ചുയരാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്‌ ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്‌. ഇവരോടൊപ്പം എന്തിനും തയ്യാറുള്ള ചില സ്‌ത്രീകളും ഉണ്ടാവും. ഇവരെവെച്ചാണ്‌ സ്ഥാപനം മുന്നോട്ടു പോകുന്നതും. ഇതിനിടയിലേക്കാണ്‌ പലരും വന്ന്‌ വീഴുന്നതും. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ആയൂര്‍വേദത്തിന്റെ മഹത്വത്തെ കടല്‍ കടത്തുകയും ചെയ്‌ത സ്ഥാപനങ്ങള്‍ക്കെല്ലാം ചീത്തപ്പേരുണ്ടാക്കുകയാണിത്തരം സ്ഥാപനങ്ങള്‍.

ജരാനരകളെ പഴങ്കഥയാക്കാനും നിത്യയൗവനം മോഹിച്ചും ആയൂര്‍വേദത്തിലൂടെ ആരോഗ്യകരമായ ജീവിതം സ്വപ്‌നം കാണുന്നവരില്‍ എത്രപേര്‍ക്കാണ്‌ സന്തോഷകരമായ ജീവിതം തിരികെ ലഭിക്കുന്നത്‌....? ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ എത്രപേരാണ്‌ ചൂഷണത്തിനിരയാകാതിരിക്കുന്നത്‌...? സംശയങ്ങളുടെ നിഴലില്‍ നിന്ന്‌ എന്നാണിവര്‍ സംശുദ്ധിയുടെ പാതയിലേക്ക്‌ ഇറങ്ങിവരിക ...? അതുവരെ മലയാളിയുടെ സംശയങ്ങള്‍ അവശേഷിക്കുക തന്നെചെയ്യും.

9 അഭിപ്രായങ്ങൾ:

  1. വളരെ നല്ല ലേഖനം, പക്ഷെ ഇതൊന്നും കേൾകുവാൻ ഭരിക്കുന്നവർക്കു സമയമില്ല, കാലികപ്രസക്തമയ ഇതരം പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഒറ്റപ്പെട്ട സംഭവങ്ങളാരും അറിയുന്നില്ല.
    നാടതിവേഗം ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
    ടൂറിസം വകുപ്പിനെയും കുറ്റംപറയാനാവില്ല, നമ്മുടെ നാട് വികസിക്കേണ്ടേ,
    മാനം പോയാലും വേണ്ടില്ല, പണം കിട്ടിയാല് മതിയല്ലോ,
    കഷ്ടം.
    നാട്ടിലെ പെണ്ണുങ്ങള്ക്കു വേണ്ടി സംസാരിക്കുന്നവരൊക്കെ എവിടെപ്പോയി. ഷാനിമോള് ഉസ്മാനും ഗീതട്ടീച്ചറുമൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ

    മറുപടിഇല്ലാതാക്കൂ
  3. നന്നായി. എല്ലാവരും വായിക്കട്ടെ. ഒരു ലിങ്ക്‌ കൊടുക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നല്ല പോസ്റ്റ്.

    ജാഗ്രത പുലര്‍ത്തേണ്ടത് ആരാണ്?

    മറുപടിഇല്ലാതാക്കൂ
  5. കാലിക പ്രസക്തിയുള്ള ലേഖനം.
    ഈ മേഖലയിൽനടക്കുന്ന ചൂഷണങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ആർക്കും സമയമില്ല. സ്ത്രീകളെ ചൂഷണം ചെയ്യാനായി ഒരു വിഭാഗവും അതിനു സർവ്വസമ്മതരായി ചില സ്ത്രീകളും ഉണ്ടല്ലോ. അവസാനം പിടിക്കപ്പെടുമ്പോൾ ഇരയായി അഭിനയവും..

    മറുപടിഇല്ലാതാക്കൂ
  6. നമ്മളൊക്കെത്തന്നെ , അല്ലാതാര് മുഖ്താര്‍?

    നല്ല പോസ്റ്റ് ഹംസാ...

    മറുപടിഇല്ലാതാക്കൂ
  7. ടൂറിസത്തിന്റെ മറവില്‍ സെക്‌സ്‌ ടൂറിസം വളരെ സജീവമാണെങ്കിലും ഇതിനെതിരെ പ്രവര്‍ത്തിക്കാത്ത സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇവിടെ കിളിരൂര്‍, ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങി നിരവധി കേസുകളുടെ പരമ്പരകളുടെ ചരിത്രം കേരള രാഷ്ട്രീയത്തിനുണ്ട്‌. കൂടാതെ കൊല്ലത്തുനിന്ന്‌ ബാഗ്ലൂരിലേക്ക്‌ പോകാന്‍ തൃശൂര്‍ വഴി വന്ന്‌ മഞ്ചേരിയിലൂടെ യാത്രനടത്തുന്നതിനിടെ താത്‌ക്കാലിക വിശ്രമത്തിനെത്തുന്ന ഉണ്ണിത്താന്മാന്‍മാരും അടക്കിവാഴുമ്പോള്‍ രാഷ്ട്രീയക്കാര്‍ നടപടിയെടുക്കുന്നില്ല...നടപടിയെടുക്കുന്നില്ല....എന്ന്‌ വാതോരാതെ വിളിച്ചുപറയുന്നതിലെ ഔചിത്യമാണ്‌ മനസ്സിലാകാതെ പോകുന്നത്‌. ഹംസ ആലുങ്ങലിന്‌ ഭാവുകങ്ങള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, ജൂലൈ 8 1:32 PM

    നല്ല പോസ്റ്റെന്ന്‌ ഒരുഭംഗി വാക്കിനായി പറയുകയല്ല. വിഷയത്തിന്റെ എല്ലാവഷങ്ങളും ചര്‍ച്ച ചെയ്യുന്നു. പരിഹാരങ്ങളും. വിവരങ്ങളോ ആധികാരികവും വസ്‌തുനിഷ്‌ടവും. താങ്കളുടെ ഓരോ പോസ്റ്റും ഒന്നിനൊന്ന്‌ മെച്ചം....
    അജ്‌ഞാതന്റെ മംഗളാശംസകള്‍

    മറുപടിഇല്ലാതാക്കൂ