7/6/11

കൊലവിളിയുടെ താരാട്ട്‌ പരമ്പര.

കൊലവിളിയുടെ താരാട്ട്‌
ഒന്ന്‌


2011 ജനുവരി ഒന്‍പതിനായിരുന്നു കോഴിക്കോട്‌ നഗരത്തിലെ ഒളവണ്ണയില്‍ നിന്ന്‌ ആ ദുരന്തം വായനക്കായി നമ്മുടെ മുമ്പിലെത്തിയത്‌. അഞ്ച്‌ മാസവും നാല്‌ വയസ്സും പ്രായമുള്ള രണ്ട്‌ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം മാതാവ്‌ ജീവനൊടുക്കിയ വാര്‍ത്ത. ഒളവണ്ണ തൊണ്ടിലക്കടവ്‌ മാട്ടുംപുറത്ത്‌ വീട്ടില്‍ ഗിരീഷിന്റെ ഭാര്യ സൗമ്യയാ(28)ണ്‌ ദിയ (4) ദില്‍ഷ (അഞ്ച്‌ മാസം) എന്നീ കുഞ്ഞുമക്കളെ കൊന്നു കെട്ടിത്തൂക്കി ജീവിതത്തെ തോല്‍പ്പിച്ചത്‌.......



വില്യാപ്പള്ളിയിലെ കെറ്റിയാംവെള്ളി പാറക്കു സമീപം ഒന്നരവയസ്സുകാരിയായ മകളെ ശരീരത്തോട്‌ ചേര്‍ത്തുകെട്ടിയ നിലയിലാണ്‌ ആ അമ്മയുടെയും മകളുടേയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നും കരക്കെടുത്തത്‌. ജനുവരി നാലിനായിരുന്നു താമരന്റവിട നാണുവിന്റെ മകള്‍ ബിന്ദുവിനെയും മകള്‍ അന്വയയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌..........

എട്ട്‌ മാസം പ്രായമായ കുഞ്ഞിനെ അലക്കു യന്ത്രത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ മാതാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരി ആറിന്‌. ആലപ്പുഴ ആര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ മാര്‍കോസിന്റെ ഭാര്യ സുമ (40)യാണ്‌ മകന്‍ ഷാരോണിനെ അലക്കു യന്ത്രത്തില്‍ മുക്കിക്കൊന്ന്‌..........

കൊയിലാണ്ടിയിലെ കീഴരിയൂരില്‍ അമ്മയെയും രണ്ട്‌ മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരി 13നാണ്‌. നടുവത്തൂര്‍ പറയരുകണ്ടി മീത്തല്‍ ബിജില(34) മക്കളായ അക്ഷയ്‌ (8)അഞ്‌ജലി (6) എന്നിവരെയാണ്‌ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍....

എത്ര വേണമെങ്കിലുമുണ്ട്‌ പെറ്റമ്മമാര്‍ തന്നെ കൊന്നുതള്ളിയ പൊന്നോമനകളുടെ കണക്ക്‌ നിരത്താന്‍. നൊന്തുപെറ്റ കുഞ്ഞുങ്ങളെ കൊന്ന്‌ കൊലവിളിക്കുന്ന അമ്മമാരുടെ എണ്ണം എന്തുകൊണ്ടിങ്ങനെ ഉയരുന്നു...?
ആറ്റുനോറ്റുണ്ടായ ഉണ്ണികളെ തലയില്‍ വെക്കാതെയും താഴത്ത്‌ വെക്കാെതയും താരാട്ട്‌ പാടിയുറക്കുന്ന മാതൃത്വത്തെക്കുറിച്ച്‌ പഴകിത്തേഞ്ഞ പല്ലവിയിനി പാടുന്നതില്‍ അര്‍ഥമില്ലാതായോ...? സഹനങ്ങളുടെ തണല്‍മരമായും കാരുണ്യത്തിന്റെ നിറകുടമായും പൊന്നുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരങ്ങളെ വിളിക്കാന്‍ പുതിയ പേര്‌ കണ്ടെത്തേണ്ടി വരികയാണോ...? 


ഈ കണക്കുകള്‍ കേട്ട്‌ ഞെട്ടരുത്‌. നമ്മള്‍ വായിച്ച്‌ നിസ്സാരമായി തള്ളിക്കളഞ്ഞ പത്രവാര്‍ത്തകള്‍ കണക്കുകളിലായി പുനര്‍ജനിക്കുമ്പോള്‍ മൂക്കത്ത്‌ വിരല്‍വെക്കരുത്‌. 2011 ജനുവരിയില്‍ മാത്രം 17 സംഭവങ്ങളിലായി 22 കുഞ്ഞുങ്ങളെയാണ്‌ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്‌. ഒമ്പത്‌ അമ്മമാരാണ്‌ ജീവിതത്തെ എറിഞ്ഞുടച്ചത്‌. ഒളവണ്ണയിലും തൃശൂര്‍ എടത്തുരുത്തിയിലും വടകര വില്യാപ്പള്ളിയിലും കൊയിലാണ്ടിയിലും പാലക്കാട്‌ കോങ്ങാട്ടും ആലപ്പുഴ എടത്വയിലും വാളയാറിലുമായിരുന്നു ആദ്യ ആഴ്‌ചയിലെ സംഭവങ്ങള്‍. വടക്കാഞ്ചേരിയിലും ചെന്ത്രാപ്പിന്നിയിലും കോയമ്പത്തൂരും പിന്നാലെവന്നു ദുരന്തങ്ങള്‍ . കല്‍പ്പറ്റയിലും കല്ലുവാതില്‍ക്കലും ഏറാമലയിലും കോയമ്പത്തൂരും പാലക്കാടും ഇടുക്കിയിലുമായിരുന്നു ഒടുവിലത്തേത്‌. കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം പത്തിനും ആറുമാസത്തിനുമിടയില്‍. 17 കുട്ടികളെ കൊലപ്പെടുത്തിയത്‌ അമ്മമാര്‍ തനിച്ച്‌. അഞ്ച്‌ പേരെ പിതാവും. എന്നാല്‍ ഫെബ്രുവരിയിലെത്തുമ്പോഴും ആ സംഭവങ്ങള്‍ക്കറുതിയായില്ല. ആദ്യത്തെ മൂന്നാഴ്‌ചക്കിടയില്‍ അഞ്ച്‌ സംഭവങ്ങളിലായി ഏഴ്‌ കുഞ്ഞുങ്ങളെയാണ്‌ ചവിട്ടിയരച്ചത്‌. എല്ലാം മാതാപിതാക്കള്‍ തന്നെ. ഫെബ്രുവരി രണ്ടാം വാരത്തില്‍ തുടങ്ങി മാര്‍ച്ച്‌ 31ല്‍ അവസാനിക്കുമ്പോള്‍ പിന്നെയും പതിനൊന്ന്‌ കുഞ്ഞുങ്ങളുടെ കൂടി കഥകഴിച്ചു. ആറ്‌ പേരുടെ വധശിക്ഷ നടപ്പിലാക്കിയത്‌ പിതാക്കളും നാലുപേരുടെത്‌ അമ്മമാരുമായിരുന്നു. അഞ്ച്‌ കുഞ്ഞുങ്ങള്‍ മരണമുഖത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ തന്നെ തിരികെയെത്തി. ഏപ്രില്‍ മെയ്‌ മാസങ്ങളുടെ കണക്കിലും പന്ത്രണ്ട്‌ കുഞ്ഞുങ്ങള്‍ സ്ഥാനം പിടിച്ചു. 


ജനുവരിയില്‍ 37 വ്യത്യസ്‌ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്‌ 47 കുഞ്ഞുങ്ങള്‍. വാഹനാപകടത്തില്‍ ഒമ്പതും 13പേര്‍ മുങ്ങിയുമാണ്‌ മരിച്ചത്‌. ഇവരില്‍ പതിനഞ്ച്‌ കുട്ടികളുടെ മരണത്തിലൊഴികെ ബാക്കിയെല്ലാത്തിലും തിരക്കഥയൊരുക്കിയത്‌ അമ്മമാരാണ്‌.

ആറ്‌ കുട്ടികള്‍ക്ക്‌ വിഷം നല്‍കിയാണ്‌ കൊലപ്പെടുത്തിയതെങ്കില്‍ തീകൊളുത്തി അഞ്ച്‌ പേരെയും കൊന്ന്‌കെട്ടിത്തൂക്കിയും വിഷം കഴിപ്പിച്ചും 12 പേരെയും ഈ ഭൂമുഖത്തുനിന്നെ ചവിട്ടിത്തേച്ച കേസിലും പ്രതിക്കൂട്ടില്‍ നിരന്നതും അമ്മമാര്‍ തന്നെ. കഴിഞ്ഞ നാല്‌ മാസത്തിനിടെ കേരളത്തില്‍ നിന്ന്‌ അച്ഛനമ്മമാര്‍ മാത്രം കൊന്ന്‌ കൊലവിളിച്ചത്‌ 54 കുഞ്ഞുങ്ങളെയാണ്‌. ഇരുപത്‌ അമ്മമാരും പന്ത്രണ്ട്‌ പിതാക്കളും കൂട്ടത്തില്‍ ജീവിതത്തെ തോല്‍പ്പിച്ചു. എണ്‍പത്തിഒമ്പത്‌ കുഞ്ഞുങ്ങള്‍ അനാഥരായി. 97 കുടുംബ ബന്ധങ്ങളാണ്‌ ഒരിക്കലും തുന്നിച്ചേര്‍ക്കാനാകാത്ത വിധം ഈ കാലയളവില്‍ ഇഴപിരിഞ്ഞത്‌.

കൊല്ലുന്നത്‌ സ്‌നേഹക്കൂടുതല്‍ കൊണ്ട്‌

സ്‌നേഹക്കുറവ്‌ കൊണ്ടല്ല അമ്മമാര്‍ മക്കളെ കൊല്ലുന്നത്‌. സ്‌നേഹം കൂടിയതുകൊണ്ടാണെന്നാണ്‌ അന്വേഷി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ കെ അജിതയുടെ അഭിപ്രായം. എന്നാല്‍ ഇതിനുകാരണം വര്‍ധിച്ചുവരുന്ന മദ്യാസക്തിയും സ്‌ത്രീധന സമ്പ്രദായവുമാണ്‌. ഏതു സമൂഹത്തിലുമുണ്ട്‌ ക്യാന്‍സര്‍ പോലെ വ്യാപിച്ച സ്‌ത്രീധന വ്യവസ്ഥകള്‍. കേരളത്തിലെ മദ്യനയം മാറ്റണം. മദ്യ ലൈസന്‍സ്‌ നല്‍കുന്നതിന്‌ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം തിരിച്ച്‌ നല്‍കണമെന്നും അവര്‍ പറയുന്നു.
ഇത്‌ ആത്മഹത്യയല്ല കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളാണെന്നാണ്‌ വനിതാകമ്മീഷന്‍ അംഗം പികെ സൈനബയുടെ അഭിപ്രായം. പുതിയ തലമുറക്ക്‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പ്രതിസന്ധികളെ പ്രതിരോധിക്കാനോ കഴിയുന്നില്ല. പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രാപ്‌തിയും തന്റേടവും ഇല്ലാത്തതാണ്‌ മിക്ക സ്‌ത്രീകളേയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നതെന്നും അവര്‍ പറയുന്നു.


സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അര വയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ടവരായിരുന്നു പണ്ടുകാലത്തെ അമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്നും ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ എത്രയെത്ര കഥനങ്ങള്‍. മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത്‌ സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നു കരുതിയായിരുന്നു. ആ അമ്മമാരുടെ പിന്‍മുറക്കാരാണിന്ന്‌ അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം പൊന്നോമനകള്‍ക്ക്‌ കാളകൂടവിഷം പകര്‍ന്ന്‌ നല്‍കുന്നത്‌.
2004ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത 17 കൂട്ട ആത്മഹത്യകളില്‍ കൊല്ലപ്പെട്ടത്‌ 46 പേര്‍. ഇവരില്‍ കുഞ്ഞുങ്ങളുടെ എണ്ണം 36. ഇവരെയും അമ്മമാരാണ്‌ കൊലപ്പെടുത്തിയത്‌. 2007ലെ 39 കൂട്ട മരണങ്ങളില്‍ 155 ആളുകളാണ്‌ മരണപ്പെട്ടത്‌. ഇതില്‍ 72 കുട്ടികളെ കൊലപ്പെടുത്തിയതും മാതാപിതാക്കള്‍ തന്നെ. ശേഷം അവരും കൊന്നോ ചത്തോ തീര്‍ന്നു. 2008 ല്‍ 71 കേസുകളുടെ ചരിത്രവും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

അമ്മമാരുടെ തിരക്കഥ:
പൊലിഞ്ഞത്‌ 40കുരുന്നുകള്‍


ഈ വര്‍ഷം രക്ഷിതാക്കള്‍ പരലോകത്തേക്കയച്ച 54 കുഞ്ഞുങ്ങളില്‍ രണ്ടാമതൊന്ന്‌ മാധ്യമങ്ങളില്‍ തെളിഞ്ഞുകണ്ട മുഖങ്ങള്‍ പാലക്കാട്‌ മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മക്കളെക്കുറിച്ച്‌ മാത്രമാണ്‌. അതും ദുരൂഹതകളുടെയും രാഷ്‌ട്രീയ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രം.
ജീവിതം വഴിമുട്ടുമ്പോള്‍ ആത്മഹത്യ മാത്രമെ പോംവഴിയുള്ളൂ എന്ന്‌ കരുതുന്നവരാണ്‌ കുഞ്ഞുങ്ങളേയുമെടുത്ത്‌ ജീവിതം അവസാനിപ്പിക്കാന്‍ തുനിയുന്നവരില്‍ ഏറെ പേരുമെന്നാണ്‌ പെരിന്തല്‍മണ്ണ എം ഇ എസ്‌ മെഡിക്കല്‍ കോളജിലെ സൈക്കോളജിസ്റ്റായ ഡോ ടി എം രഘുറാം പറയുന്നത്‌. പോസ്റ്റുപാര്‍ട്ടം ഡിപ്രഷനും ഡിപ്രഷന്‍ ബ്ലൂവുമൊക്കെ കാരണമാകുന്ന കേസുകളുമുണ്ട്‌. കാരണങ്ങള്‍ പലതാകാം. എന്നാല്‍ കുഞ്ഞുങ്ങളുടെ നന്‍മക്ക്‌ കൂടി വേണ്ടിയാണ്‌ ഈവഴി തിരഞ്ഞെടുക്കുന്നതെന്ന വികലമായ ധാരണ മാറാത്തിടത്തോളം കാലം ഇനിയും പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കുഞ്ഞുങ്ങളേയും കൂട്ടിയുള്ള അമ്മമാരുടെ ആത്മഹത്യകളുടെ കണക്ക്‌ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന്‌ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ ഡി ശ്രീദേവി പറഞ്ഞു. വനിതാകമ്മീഷന്‍ നടത്തുന്ന എല്ലാ പരിപാടികളിലും സത്രീകളെ കൂടുതല്‍ ഓര്‍മപ്പെടുത്താറുണ്ട്‌. എന്നിട്ടും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ വേദനാജനകമാണ്‌. ഒരു പ്രശ്‌നമുണ്ടാകുമ്പോഴേക്കും എന്ത്‌ചെയ്യണമെന്നോ എങ്ങോട്ട്‌ പോകണമെന്നോ അറിവില്ലാത്തവരാണ്‌ ഇത്തരം വഴികള്‍ തിരഞ്ഞെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഒഴിവാക്കാവുന്ന
കൂട്ടക്കുരുതികള്‍


ഇത്തരം ആത്മഹത്യകളില്‍ ഏറെയും ഒഴിവാക്കാന്‍ കഴിയുന്നവയായിരുന്നുവെന്ന്‌ സമ്മതിക്കുന്നു ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി കോഴിക്കോട്‌ ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ ഷിജി എം റഹ്‌മാന്‍. മറ്റൊരുവഴിയുമില്ലെന്ന്‌ സ്വയം തോന്നിത്തുടങ്ങുന്ന അമ്മമാരെ സംരക്ഷിക്കാനും അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ തത്‌ക്കാലത്തേക്കെങ്കിലും സംരക്ഷണം നല്‍കുന്നതിനുമുള്ള സ്റ്റേ ഹോമുകള്‍ ഇവിടെ വേണ്ടത്രയില്ലെന്നത്‌ വലിയപ്രതിസന്ധിയാണ്‌. സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട നടപടിയാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ജനുവരിയില്‍ മാത്രം കുഞ്ഞുങ്ങളോടൊപ്പം മരണത്തിലേക്ക്‌ നടന്നടുത്ത എട്ട്‌ അമ്മമാര്‍ ജീവിതത്തിലേക്കുതന്നെ തിരികെയെത്തി. പക്ഷെ അപ്പോഴേക്കും അവര്‍ക്ക്‌ കൈവിട്ടുപോയത്‌ സ്വന്തം ജീവിതവും പൊന്നു മക്കളേയുമാണ്‌. കുടുംബാഗങ്ങളും ഭര്‍തൃവീട്ടുകാരുമെല്ലാം ശത്രുപക്ഷത്താണിന്ന്‌. 2011 ന്റെ ആദ്യ മാസങ്ങളില്‍ തന്നെ നാല്‍പതിലേറെ കുഞ്ഞുങ്ങളുടെ ഘാതകര്‍ അമ്മമാര്‍ തന്നെയായിട്ടും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മലയാളികള്‍ ഒരുക്കമായിട്ടില്ല. ജനിക്കാന്‍ മാത്രം വിധിയുണ്ടായ ആ കുഞ്ഞുങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ടത്‌ ജീവിക്കാനുള്ള അവകാശം കൂടിയല്ലേ...? ആരാണത്‌ ഇല്ലാതാക്കിയത്‌... ഇത്‌ ഒരു മനുഷ്യാവകാശ ലംഘനം കൂടിയാണ്‌. നമ്മള്‍ മുഖംതിരിച്ച്‌ കളയുന്നത്‌ ഭീകരമായൊരു സാമൂഹിക വിപത്തിനുനേരെയുമാണ്‌. അമ്മമാരില്‍ ചിലര്‍ക്കെങ്കിലും ഉന്മാദത്തില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന വിഷാദരോഗമാകാം. എങ്കില്‍ എല്ലാവരുടെയും കഥ അങ്ങനെയാണോ...?അല്ല തന്നെ. എന്തുകൊണ്ടാണ്‌ കേരളത്തില്‍ ഇങ്ങനെയൊരു സ്ഥിതിയുണ്ടായത്‌...? അതേക്കുറിച്ച്‌ ഉടന്‍. 

3 അഭിപ്രായങ്ങൾ: