30/5/11

കലാലയ മുറ്റത്തേക്ക്‌ ചാഞ്ഞുപെയ്യുന്ന ചാറ്റല്‍മഴ


ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും നിറഞ്ഞ ബഹളങ്ങളില്‍ നിന്ന്‌ വേനലവധിയുടെ ഓര്‍മകളിലേക്ക്‌ വേര്‍പ്പെട്ടുപോയവരുടെ പുനഃസമാഗമത്തിനായി വിദ്യാലയമുറ്റങ്ങള്‍ വീണ്ടും തളിര്‍ക്കുന്നു.
ഇനി കളിചിരികള്‍ക്ക്‌ തത്‌ക്കാലം ഇടവേള, പാഠ പുസ്‌തകങ്ങള്‍ക്കും പഠനവഴികളിലെ പുത്തന്‍ പ്രവണതകള്‍ക്കും സുസ്വാഗതം. ചര്‍ച്ചകളും സംവാദങ്ങളും ഓര്‍മപരിശോധനകളും ക്ലാസ്‌ മുറികളില്‍ ഇനി സജീവമാകുകയാണ്‌. പഠനത്തിന്റെ സ്വീകാര്യതക്കുവേണ്ടി പങ്കിട്ടെടുത്ത സൗഹൃദങ്ങളും കൂട്ടായ്‌മകളും സായാഹ്നങ്ങളും തിരിച്ചുവരികയാണ്‌.


ജൂണ്‍ ഒരോര്‍മപ്പെടുത്തലാണ്‌. അധ്യയനത്തിന്റെ കല്‍വിളക്കുമാത്രമല്ല അത്‌ തെളിയിക്കുന്നത്‌. പുതുവര്‍ഷത്തിന്റെ ആഹ്ലാദങ്ങളെയും ആശങ്കകളെയുമല്ല മടക്കിക്കൊണ്ടുവരുന്നത്‌. പുതുമഴയുടെ സീല്‍ക്കാരവും വിറപ്പിക്കുന്ന ഇടിയുടെ രൗദ്രഭാവത്തെയുമല്ല ഓര്‍മപ്പെടുത്തുന്നത്‌. നഷ്‌ടപ്പെടലുകളുടെ കനത്തഭാരം തൂങ്ങുന്ന നമ്മുടെ ബാല്യകാലത്തിലേക്ക്‌ കൂടി മാടി വിളിക്കുന്നു ഈ പള്ളിക്കൂടയാത്രകള്‍.
കാത്തിരുന്ന്‌ കാത്തിരുന്ന്‌ വന്നണഞ്ഞിരുന്ന ആ വേനലവധി. ആഹ്ലാദ തിമര്‍പ്പിന്റെ ആരവങ്ങള്‍ക്കൊത്ത്‌ അടിച്ചുപൊളിക്കുമ്പോള്‍ ഒരു മാസം കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷാ ഫലം നമ്മെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന വിധിയായിരുന്നിട്ടും ജയ പരാജയങ്ങളില്‍ ആശങ്കപ്പെട്ടിരുന്നില്ല. നമ്മുടെ പഠനം ക്ലാസ്‌ മുറികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നു. ഫസ്റ്റ്‌ ക്ലാസും റാങ്കും എ പ്ലസും വാങ്ങാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ട്യൂഷനും വെക്കേഷനും അതു കഴിഞ്ഞും അവസാനിക്കാത്ത പഠനയാത്രയിലേക്കു പോകാതിരുന്നിട്ടും നമ്മളെ നമ്മളാക്കിമാറ്റിയ ആ ഓര്‍മ പാടത്തേക്കല്ലേ ഈ ജൂണ്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌?


ആദ്യത്തെ പള്ളിക്കൂട യാത്രയെ ഓര്‍ത്തെടുക്കുമ്പോള്‍ നൂറുനാക്കായിരിക്കും എല്ലാവര്‍ക്കും. അന്ന്‌ കാണിച്ച കുസൃതിയും കുശുമ്പും കാലമെത്രയേറെ കഴിഞ്ഞാലും മറന്നുപോകില്ല. എഴുപതാം വയസ്സിലും അതേപറ്റി ഓര്‍ക്കുന്നവരുടെ മനസ്സില്‍ ഒരു ജാള്യത വന്നുമൂടാതിരിക്കില്ല. അമ്മയുടെ മടിക്കുത്തിലും അച്ഛന്റെ വിരല്‍ തുമ്പിലും പിടിച്ചുള്ള ആദ്യ യാത്ര. ഇപ്പോഴും അതേപറ്റി ഓമനിക്കുന്നതും ഓര്‍മകളില്‍ താലോലിക്കുന്നതും നിറഞ്ഞ സ്‌നേഹത്തോടെയാണ്‌. ആകാശം മഴമേഘത്തുണ്ടുകളൊരുക്കിവെച്ച്‌ കാത്തിരിക്കുന്ന ഈ ജൂണ്‍ ചിലര്‍ക്കെങ്കിലും ചിന്നിച്ചിതറി തുടങ്ങുന്ന മഴയുടെ ലാസ്യ നൃത്തം ആസ്വദിക്കാനുള്ളതല്ല. പഠനത്തിന്റെ വഴിയില്‍ വിലങ്ങുതടികളുടെ സര്‍വേകല്ലുകളുയരുമ്പോള്‍ യാത്രാമൊഴി പറയാനുള്ളതാണ്‌.

ഇനി? ചിലര്‍ക്ക്‌ പുതിയ കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം. ഉന്നത പഠനത്തിനായി മറ്റൊരു കലാലയത്തിന്റെ വാതില്‍ക്കല്‍ ചെന്നുകയറണം. പഴയ സ്‌കൂളിലെ പുതിയൊരു ക്ലാസ്‌ മുറിയില്‍ തിരിച്ചെത്തുന്നവരും ധാരാളം. പിന്നീടൊരിക്കലും തിരിച്ചെത്താത്തവരെക്കുറിച്ച്‌ ആരാലോചിക്കുന്നു? മറ്റൊരു ജന്മത്തില്‍വെച്ച്‌ കണ്ടുമുട്ടുമ്പോള്‍ അവരെ ആരോര്‍മിക്കുന്നു?
ഓരോ അധ്യയന വര്‍ഷത്തിലും പുതിയ ലോകം കാണുന്ന അമ്പരപ്പോടെ തന്നെയാണ്‌ നമ്മള്‍ ഓരോ ക്ലാസിലേക്കും കയറി ചെന്നത്‌. പുതിയ കലാലയമുറ്റത്ത്‌ ശങ്കിച്ചുനിന്നത്‌. പുതുതായി കിട്ടിയ സൗഹൃദങ്ങളുമായി ഇണങ്ങിചേര്‍ന്നത്‌. ഓരോ പുതുമഴക്കുമൊപ്പം അമ്മമാര്‍ ഇടവഴി തിരിയുന്നതുവരെ നിറഞ്ഞ കണ്ണുകളോടെ തന്നെയാണ്‌ നമ്മെ നോക്കിനിന്നത്‌. രണ്ടു നാഴിക അപ്പുറത്തുള്ള സ്‌കൂളിലേക്ക്‌ യാത്രയാക്കുമ്പോഴും രണ്ടു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന മകന്റെ വേര്‍പാടിനെ ധ്വനിപ്പിക്കുന്ന ദുഃഖമാണ്‌ ആ മുഖത്ത്‌ ഘനീഭവിച്ചുനിന്നത്‌. 


ആ അമ്മ ഇന്ന്‌ വൃദ്ധ സദനത്തിലെ പുരാവസ്‌തുവായി തീര്‍ന്നിരിക്കുന്നു. ആ മക്കളിന്ന്‌ പുതിയ അച്ഛനും അമ്മയുമായി വളര്‍ന്നിരിക്കുന്നു. അവര്‍ വീട്ടിലെ കുട്ടികളെ ഊട്ടിയിലും ഊട്ടിയിലെ പട്ടികളെ വീട്ടിലും ഓമനിച്ചുവളര്‍ത്തുന്നു. കേരളത്തിലെ രക്ഷിതാക്കള്‍ക്ക്‌ കുട്ടികളുടെ പഠനത്തിലെ അമിതമായ ഉത്‌കണ്‌ഠയുള്ളു. ഓരോ കുടുംബവും തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലഴിക്കുന്നതും മക്കളുടെ വിദ്യാഭ്യാസത്തിനാണ്‌. എല്‍ കെ ജി മുതല്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിലൂടെ പഴുപ്പിച്ചെടുക്കുന്ന ഈ മക്കള്‍ക്ക്‌ നല്‍കിയ സ്‌നേഹവും ചെലവഴിച്ച പണവും തൂക്കി നോക്കിയാല്‍ വിദ്യാഭ്യാസ ചെലവിന്റെ തട്ടു തന്നെയാകും നിറഞ്ഞു തൂവുന്നത്‌.


സ്‌നേഹം എന്നത്‌ ഒരു കെട്ട്‌ നോട്ടും ഒരു പാട്‌ ശാസനകളും ഓര്‍മപ്പെടുത്തലുകളുമാണവര്‍ക്ക്‌. അമ്മയും അച്ഛനും സഹോദരങ്ങളും അവധിക്കാലങ്ങളിലെ വിരുന്നുകാരാണ്‌. ബാല്യവും കൗമാരവും യൗവനവും എല്ലാം പഠനമുറിയില്‍ തളച്ചിടുമ്പോള്‍ അനുഭവങ്ങള്‍ എന്താണെന്ന്‌ അവര്‍ അറിയുന്നില്ല. വിശപ്പും കഷ്‌ടപ്പാടും നിഘണ്ടുവില്‍ കണ്ട രണ്ടു പദാവലികളാകുമ്പോള്‍ യഥാര്‍ത്ഥ സ്വപ്‌നവും ജീവിത ലക്ഷ്യവും സ്വന്തമായുണ്ടാക്കിയെടുക്കുന്നതാകില്ല. രക്ഷിതാക്കളുടെ ഇച്ഛക്കൊത്തുണ്ടാകുന്ന യാന്ത്രിക സ്വപ്‌നമായും ലക്ഷ്യമായും അവ മാറുമ്പോള്‍ നമുക്ക്‌ നഷ്‌ടമാകുന്നത്‌ ദിശാബോധമില്ലാത്ത ഒരു തലമുറയെ തന്നെയല്ലേ.
ഭീം സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുടയെടുത്തിരുന്നില്ല. അവിചാരിതമായി മഴ തുടങ്ങി. പുസ്‌തകങ്ങള്‍ നനയരുതല്ലോ. എന്തു ചെയ്യും? ഷര്‍ട്ടിനുള്ളില്‍ ഭദ്രമായി തിരുകിവെച്ചു. പക്ഷെ, മഴ കനക്കുക തന്നെയാണ്‌. അവന്‍ തൊട്ടടുത്തുള്ള ഒരു പഴയ വീടിന്റെ ചുമരിനോട്‌ ചേര്‍ന്ന്‌ മഴ നനയാതിരിക്കാന്‍ ഒതുങ്ങി നിന്നു. പെട്ടെന്ന്‌ വൃദ്ധയായ ഒരു സ്‌ത്രീ വാതില്‍തുറന്നു. അവരുടെ മുഖം അവനെ കണ്ട്‌ ദേഷ്യം കൊണ്ട്‌ ചുവന്നു. 

ഒരു മഹ്‌ര്‍ എന്റെ വീട്‌ തൊട്ട്‌ അശുദ്ധമാക്കി. തെമ്മാടി നിന്നെഞാന്‍...... അവര്‍ അവനെ പുറത്തേക്ക്‌ പിടിച്ചുതള്ളി. ഭീം കാല്‍വഴുതി ചെളി വെള്ളത്തില്‍ വീണു. പുസ്‌തകങ്ങള്‍ നാലുപാടും ചിതറി. മുണ്ടും ശര്‍ട്ടും ചെളിയില്‍ കുതിര്‍ന്നു. കരഞ്ഞുകൊണ്ട്‌ നടന്നകലുമ്പോള്‍ അവന്‍ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഞാനും ഒരു മനുഷ്യനല്ലേ.....? (ഡോ. ബി ആര്‍ അംബേദ്‌കറുടെ ആത്മകഥ)

അധ്വാനത്തിന്റെ ഫലം മധുരിക്കണമെങ്കില്‍ വിത്തും വേരും കയ്‌ക്കുന്നതു തന്നെയാകണം എന്ന വലിയ പാഠം ഒരുപാട്‌ അവസരങ്ങളില്‍ സ്വന്തം ജീവിതം അംബേദ്‌കര്‍ക്ക്‌ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. സ്‌കൂളില്‍ പോകുമ്പോള്‍ ഇരിക്കാന്‍ ഒരു ചാക്ക്‌ കഷ്‌ണം കൂടി കൊണ്ടുപോയി ആ കുട്ടി. ക്ലാസ്‌ മുറിയുടെ ഒരറ്റത്ത്‌ ആ ചാക്ക്‌ വിരിച്ച്‌ അതിലിരുന്നാണവന്‍ പഠിച്ചത്‌. നീണ്ട യാതനകള്‍ക്കൊടുവിലാണെങ്കിലും അംബേദ്‌കര്‍ക്ക്‌ ചരിത്രത്തിലിടം നേടിക്കൊടുത്തത്‌ ആ ക്ലാസ്‌ മുറിയിലെ അവഹേളനങ്ങളുടെ പാഠങ്ങളോട്‌ പൊരുതാനുറച്ച ഇച്ഛാശക്തി തന്നെയായിരുന്നു. അരത്തിനോടുരുമ്മുമ്പോള്‍ ഇരുമ്പിനും തേയ്‌മാനം സംഭവിക്കുമെന്ന്‌ അവന്‍ കുഞ്ഞുനാളിലെ പഠിച്ചെടുത്തിരുന്നു.
ഇപ്പോള്‍ വിദ്യാഭ്യാസ ശതമാനകണക്ക്‌ വാണം പോലെ ഉയര്‍ന്നപ്പോള്‍ തന്നെ നിലവാരം കുത്തനെ താഴ്‌ന്നിരിക്കുന്നു. തൊഴിലില്ലാ പടയുടെ ശതമാനവും ഉയര്‍ന്നില്ലേ? സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന്‌ മാത്രം ഓരോ വര്‍ഷവും 800 ഡോക്‌ടര്‍മാര്‍ ബിരുദവുമായി പുറത്തിറങ്ങുന്നു. 2000ത്തിലെ കണക്കുപ്രകാരം മാത്രം കേരളത്തില്‍ ഉന്നത പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവരുടെ കണക്ക്‌ 14585 ആണ്‌. കൃഷി അന്യമായ നാട്ടിലേക്ക്‌ കൃഷി എന്‍ജിനീയറിംഗ്‌ പൂര്‍ത്തിയാക്കിയും വലിയൊരു വിഭാഗം പ്രതീക്ഷകളോടെ കടന്നുവരുന്നു. പതിനായിരത്തോളം ബി എഡുകാര്‍ ഓരോ വര്‍ഷവും സനദുമായി പുറത്തിറങ്ങി വരുന്നത്‌ വര്‍ഷത്തില്‍ 100 നിയമനങ്ങള്‍ പോലും നടക്കാത്ത ഒരിടത്തേക്കാണ്‌. വക്കീലന്‍മാരുടെ അംഗസംഖ്യയില്‍ സര്‍വകാല റിക്കാര്‍ഡാണ്‌ കേരളത്തിനുള്ളത്‌. ഇവരില്‍ വലിയൊരു വിഭാഗം ഉപജീവനം തേടുന്നത്‌ എല്‍ ഐ സി ഏജന്റുമാരായിട്ടാണ്‌.


തൊഴിലില്ലാപ്പടയുടെ അംഗസംഖ്യ വര്‍ധിപ്പിച്ച്‌ ബഹുമതി നേടാന്‍ വേണ്ടിയാണോ നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി മക്കളെ പഠിപ്പിക്കുന്നത്‌? സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും നഷ്‌ടപ്പെടുത്തുന്നത്‌? നേടിയ വിദ്യാഭ്യാസം കൊണ്ട്‌ ഇവരില്‍ എത്രപേര്‍ക്ക്‌ ജീവിക്കാനാകുമെന്ന വലിയ ചോദ്യത്തിനുമുന്നില്‍ പ്രതികരണശേഷി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഇത്രകാലമായിട്ടും ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ അധ്യയന വര്‍ഷവും അതേ ചോദ്യം നമ്മളെ അലോസരപ്പെടുത്തുന്നുണ്ട്‌. ഉത്തരം കണ്ടെത്തി ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഈ കഠിനധ്വാനത്തിന്റെ ഫലം എന്നാണ്‌ മധുരിക്കുക.....? 

7 അഭിപ്രായങ്ങൾ:

  1. ജൂണ്‍ മാസം നല്‍കുന്നത് പുതുമ മാത്രം ആണ്. പുതുമഴ, സൌരഭ്യം നിറയുന്ന അക്ഷരങ്ങള്‍ ഉള്ള പുതിയ പുസ്തകങ്ങള്‍, പുതിയ സ്വപ്‌നങ്ങള്‍, പുതിയ കൂട്ടുകാര്‍, പുതിയ ക്ലാസ്‌ റൂം.. എല്ലാം പുതുമ നിറഞ്ഞത് മാത്രം.. പഴമയിലെ ആ നന്മ നിറഞ്ഞ ജൂണ്‍ മാസം... അക്ഷര മധുരം നുകരാന്‍നാളെ വിദ്യാലയങ്ങളിലെക്ക് പ്രവേശിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും നന്മകള്‍ നേരുന്നു..!!

    മറുപടിഇല്ലാതാക്കൂ
  2. ഉത്തരം കണ്ടെത്തി ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ഈ കഠിനധ്വാനത്തിന്റെ ഫലം എന്നാണ്‌ മധുരിക്കുക.....!

    മറുപടിഇല്ലാതാക്കൂ
  3. പണ്ടൊരു ജൂണ്‍‌മാസത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഒരു കുടക്കീഴില്‍ എന്‍റു.മ്മച്ചിയുടെ കയ്യും പിടിച്ച് വീടിനടുത്തുള്ള എല്‍.പി സ്കൂളിലേക്ക് ഒന്നാംക്ലാസുകാരനായി ആദ്യമായി ഞാന്‍ പോകുമ്പോള്‍ ഉള്ളിലെ തേങ്ങല്‍ പുറത്തേക്കു വരാതെ അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. പിന്നീടെപ്പോഴൊ എനിക്ക് വിട്ടുപിരിയാന്‍ പറ്റാത്ത ഒന്നായി എല്‍.പി.സ്കൂള്‍ ജീവിതം.ഒരുപാട് കൂട്ടുകാര്‍,സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ടീച്ചര്‍മാര്‍,ഓടിക്കളിച്ചു നടക്കാന്‍ വിശാലമായ മൈതാനം അങ്ങനെ ഒരുപാട് കാര്യങ്ങള്‍,,,, പിന്നീട് പല സ്കൂളുകളില്‍ പഠിച്ചെങ്കിലും ഇന്നുമെനിക്കേറെയിഷ്ടം നിഷ്കളങ്ക ബാല്യം തുടിച്ചിരുന്ന എന്‍റെ ആ പഴയ എല്‍.പി സ്കൂള്‍ ജീവിതമാണ്,,, എന്‍റെ നാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികളെ രാവിലെ പറഞ്ഞയക്കാന്‍ കുട്ടികളേക്കാള്‍ വലിപ്പമുള്ള ബാഗും തൂക്കി ബസ്സു കാത്തുനില്‍ക്കുന്ന രക്ഷിതാക്കളെ കാണുമ്പോള്‍ ഞാന്‍ സങ്കടത്തോടെ എന്‍റെ മനസ്സിലോര്‍ക്കും,,, ഇവര്‍ക്കെങ്ങനെ തൊട്ടടുത്തുള്ള ഇവര്‍ പഠിച്ചു വളര്‍ന്ന ആ എല്‍.പി സ്കൂളിനെ മറക്കാന്‍ കഴിയുന്നു,.. ചിലപ്പോള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മക്കളെ പഠിപ്പിച്ചാല്‍ കുറച്ചുകൂടി നല്ല വിദ്യഭ്യാസം കിട്ടുമെന്ന മിഥ്യയായ ചിന്തയായിരിക്കാം അവരെ അതിനു പ്രേരിപ്പിക്കുന്നത്,,,, നാളെ മറ്റുള്ളവരുടെ സമ്മര്‍ദത്തിനു വഴങ്ങി ഞാനും അവരെപ്പോലെയാകുമോ,,,? എന്തോ,,,എനിക്കറിയില്ല,,,, അങ്ങനെ ആവാതിരിക്കട്ടെ,,,,
    പുതുതായി സ്കൂളിലേക്കു പോകുന്ന എന്‍റെ കുഞ്ഞനുജന്‍മാര്‍ക്കും അനുജത്തിമാര്‍ക്കും ഒരായിരം ആശംസകള്‍,,,,

    മറുപടിഇല്ലാതാക്കൂ
  4. തൊഴിലില്ലാപ്പടയുടെ അംഗസംഖ്യ വര്‍ധിപ്പിച്ച്‌ ബഹുമതി നേടാന്‍ വേണ്ടിയാണോ നമ്മള്‍ ലക്ഷങ്ങള്‍ മുടക്കി മക്കളെ പഠിപ്പിക്കുന്നത്‌?

    യൂറോപ്യൻ രാജ്യ്യങ്ങളിൽ ലാസ്റ്റ്ഗ്രേഡ് തൊഴിലതിഷ്ഠിതകോഴുസുകൾക്ക് കുട്ടികൾ വർദ്ധിക്കുന്നത് തൊഴിൽനേടാൻ പ്രയാസമില്ല എന്നത് കൊണ്ടാണ് .അവിടെ ഇപ്പോൾ ഐറ്റി മേഖലയിലും ,ഡോക്ട്ടർ ,എഞ്ചിനിയർ ,വക്കീൽ തുടങ്ങി വൈറ്റ്കോളർ കോഴ്സുകൾക്കും കുട്ടികൾ കൂറയുന്നു .അവിടെ നിർമ്മാണ ജോലികൾക്ക് തൊഴിലാളികൾ ഗണ്യമായി കുറഞ്ഞതും സമയം പറഞ്ഞു തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ കിട്ടാൻ മാസങ്ങൾക്ക് മുൻപു അഡ്വാൻസ് നല്കി കാത്തിരിക്കുന്ന അവസ്ഥ വന്നതുമാണ് ഈ മാറ്റത്തിനു കാരണം .നമ്മുടെ നാട്ടിലും ഇന്നു ഈ അവസ്ഥയുണ്ട് .അതുകൊണ്ടാണ് അന്യസംസ്ഥാനത്ത് നിന്നു തൊഴിലാളീകൾ കേരളത്തിലേക്ക് കെട്ട്കെട്ടുന്നത്.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. നിർമ്മാണജോലികൾ പഠിക്കുന്ന കുട്ടികൾ എത്രവരും നമ്മുടെ സമൂഹത്തിൽ .എല്ലാവരും ഉയർന്നവിദ്യഭ്യാസം തേടിപോകുമ്പോൾ അവർക്ക് വേണ്ടി വീടുകൾ പണിയാനും ,റോഡുകൾ നിർമ്മിക്കാനും, ആഹരത്തിനുള്ള വകകൾ കൃഷിചെയ്യാനും ഇവിടെ ആളില്ലാത്താവുന്നു .ഇതൊരു വലിയ ആപത്തായി കാണണം . നമ്മുടെ സമൂഹത്തിൽ വൈറ്റ്കോളർ തൊഴിലിനു മാത്രമേ കുട്ടികൾ പഠിക്കുന്നുള്ള് .നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് അതിനായാണന്നു അവരെ നമ്മൾ ധരിപ്പിക്കുന്നു .അതുകൊണ്ട് അവർ വീടിനും നാടിനും പുതിയ അടയാളങ്ങൾ ശൃഷ്ടിക്കില്ല..

    മറുപടിഇല്ലാതാക്കൂ