ഒരു അധ്യാപക സംഘടനയിലെ നേതാവിന്റെ മകനാണ് രോഹിത്. (യഥാര്‍ഥ പേരല്ല) ഇന്ന് ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. ദിവസവും മദ്യപിക്കുന്നു അവന്‍. മദ്യം കിട്ടിയില്ലെങ്കില്‍ കൈവിറക്കും. കാലുകള്‍ നിലത്തുറക്കില്ല. ക്ലാസിലും വീട്ടിലും പൊതുചടങ്ങുകളിലുമെല്ലാം ഉന്മേഷം ഉണ്ടാവണമെങ്കില്‍ മദ്യം കിട്ടിയേ തീരൂ. രോഹിത് മാത്രമല്ല അവന്റെ ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരില്‍ മദ്യപിക്കാത്തവര്‍ കുറവാണ്. പെണ്‍കുട്ടികള്‍പോലും അതില്‍ നിന്നും ഒട്ടും പിന്നിലല്ലെന്നതാണ് വസ്‌തുത.
19ാം വയസ്സില്‍ മുഴുകുടിയനായി തീര്‍ന്ന രോഹിത് ഈ ശീലം എന്നുതുടങ്ങിയെന്ന് ചോദിക്കുക. അത്‌കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടും. എട്ടാം ക്ലാസില്‍ നിന്നെന്നാണ് ഉത്തരം. ആരാണ് ആദ്യമായി മദ്യം പകര്‍ന്ന് തന്നതെന്ന് കൂടി ചോദിക്കുക. അതിനുള്ള ഉത്തരം സ്വന്തം പിതാവ് തന്നെയാണെന്നാണ്. അത്‌കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നവര്‍ യത്രപേരുണ്ടാകുമെന്നറിയില്ല. കാരണം ഇന്ന് അത്തരം കഥകളും കാഴ്‌ചകളും സര്‍വസാധാരണമായി തീര്‍ന്നിരിക്കുന്നു. മലയാളീ വീട്ടകങ്ങളിലും ആഘോഷവേളയിലെ മദ്യസേവ പതിവുകാഴ്‌ചയായി തീര്‍ന്നിരിക്കുന്നു.
അധ്യാപക സംഘടനയിലെ ആ നേതാവ് അയാള്‍ക്ക് ലഭിച്ച ചില പുരസ്‌കാരങ്ങളുടെ പേരില്‍ വീട്ടില്‍ ഒരുക്കിയ മദ്യസത്‌കാരത്തിലായിരുന്നു രോഹിതിന്റെ അരങ്ങേറ്റം. അന്നവന്റേയും കൂട്ടുകാരുടേയും പെര്‍ഫോമന്‍സ് കണ്ട് ചിരിച്ച പിതാവും മാതാവും ബന്ധുക്കളുമെല്ലാം ഇന്നത്തെ അവസ്ഥകണ്ട് കരയുകയാണ്.
മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ പത്രവാര്‍ത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് ഞെട്ടുകയും ചിലപ്പോള്‍ ഷാപ്പുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. എന്നാല്‍ മയക്കുമരുന്ന് ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നേയില്ല. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ് മയക്കുമരുന്ന് മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ . അവരുടെ പ്രായമോ മുപ്പത് വയസ്സില്‍ താഴെയുമാണ്. എന്നാല്‍ ലഹരിമരുന്നുകളുടെ കൂട്ട ദുരന്തങ്ങളുണ്ടാകില്ലെന്നറിയാം. അതാവും മലയാളികള്‍ പൊട്ടിത്തെറിക്കാനും മരുന്ന് വിപണനകേന്ദ്രങ്ങള്‍ അടിച്ചുതകര്‍ക്കാനും ഒരുമ്പെടാത്തത്....?
പുകവലി ശീലം കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന് ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന് അഭയമായി മാറുന്നുണ്ട്. നേരത്തെ അന്‍പത് വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാലാണ്. പതിനാലാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം...? കോഴിക്കോട്ടെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ ചികിത്സാകേന്ദ്രമായ സുരക്ഷയിലെ പ്രൊജക്‌ട് ഡയറക്‌ടര്‍ നാസര്‍ ചോദിക്കുന്നു.
പതിനാറിനും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 689 പേരാണ് സുരക്ഷയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ ചികിത്സതേടിയെത്തിയത്. ഇവരില്‍ തൊണ്ണൂറ് ശതമാനത്തിന്റേയും പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്. കോഴിക്കോട്ടെ ലഹരി ഉപയോക്താക്കള്‍ക്കിടയിലും ലൈംഗിക തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന സംഘടനയായ സി എസ് ആര്‍ ഡി നടത്തിയ പഠനത്തില്‍ കോഴിക്കോട്ടെ ലഹരി ഉപയോക്താക്കളില്‍ എഴുപത്തിമൂന്ന് ശതമാനവും മുസ്‌ലിം ചെറുപ്പക്കാരാണെന്നാണ് കണ്ടെത്തിയത്. കൊച്ചിയില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് മുസ്‌ലിംകള്‍. എന്നാല്‍ ലഹരി ഉപയോഗത്തില്‍ അവരായിരുന്നു ഒന്നാമത്. തിരുവനന്തപുരത്ത് മാത്രമെ അവര്‍ രണ്ടാമതെത്തിയൊള്ളൂ. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ യഥാര്‍ഥ ചിത്രത്തിന്റെ ഭീകരാവസ്ഥ വ്യക്തമാവുന്നു.
ഇനി ഈ കണക്ക് ശ്രദ്ധിക്കൂ. ഇത് 2010ലെ സര്‍വേഫലമാണ്. പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ ഈ സര്‍വേയില്‍ തെളിഞ്ഞത് പത്തുവര്‍ഷത്തിനിടെ കൗമാരക്കാരുടെ മദ്യപാനത്തിന്റെ തോത് 100 ശതമാനം കണ്ട് വര്‍ധിച്ചിരിക്കുന്നു എന്നാണ്. 15നും 19നും ഇടയില്‍ പ്രായമുള്ള 2000പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അഞ്ചില്‍ ഒരാള്‍ മദ്യം കഴിക്കുന്നു. (65 ശതമാനം). പത്തില്‍ മൂന്നുപേര്‍ പഴവര്‍ഗങ്ങളുടെ രുചിയുള്ള മദ്യം ഉപയോഗിക്കുന്നു. 32 ശതമാനം പേര്‍ അസ്വസ്ഥതയില്‍ നിന്ന് മുക്തിനേടാനായി മദ്യത്തില്‍ അഭയം തേടുമ്പോള്‍ 46 ശതമാനം ലക്ഷ്യം വെക്കുന്നത് അടിച്ച് പൂസാകുക എന്നതാണ്.
ബോറഡിമാറ്റാനാണ് 15 ശതമാനം മദ്യപിക്കുന്നത്. 45 ശതമാനം കുട്ടികളും പ്ലസ്‌ടുതലത്തിലെത്തുമ്പോള്‍ തന്നെ മാസത്തില്‍ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. മെട്രോ നഗരങ്ങളിലെ കുട്ടികള്‍ പ്രതിവര്‍ഷം 3500നും 4500നും ഇടയില്‍ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു. 40ശതമാനം പെണ്‍കുട്ടികള്‍ക്കും 15നും 17നും ഇടയിലുള്ള പ്രായത്തില്‍ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു.
പ്രണയദിനം, ജന്മദിനം, സെന്റോഫ് മറ്റു ആഘോഷവേളകളിലൂടെയാണ് 70 ശതമാനമാളുകളും അരങ്ങേറ്റം കുറിക്കുന്നത്. ഇങ്ങനെ പോകുന്നു ദ അസോസിയേറ്റഡ് ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഇന്ത്യയുടെ സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലെ വിവരങ്ങള്‍. പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍ നിന്ന് കൊച്ചിയെയാണ് അവര്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കേരളത്തിലെ മറ്റുനഗരങ്ങളുടെ കഥകളും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ലെന്ന് സമീപകാലാനുഭവങ്ങള്‍ പറയുന്നു.
ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നതാണ് മദ്യത്തിന്റെ രാസനാമം. കള്ള്, വൈന്‍, ബിയര്‍, ബ്രാണ്ടി, റം, വിസ്‌കി, തുടങ്ങി അനവധിപേരുകളിലായി അവ വിപണിയില്‍ നിറയുന്നു. ഇവയിലെല്ലാം തന്നെ ആല്‍ക്കഹോളിന്റെ അളവ് വ്യത്യസ്ഥ രീതിയിലാണ്. മദ്യത്തിന്റെ ഉപയോഗം തന്നെയാണ് ഒരാളെ അതിന്റെ അടിമയാക്കിതീര്‍ക്കുന്നത്. കള്ളില്‍ അഞ്ചുമുതല്‍ പത്തു ശതമാനം വരെയാണ് ആല്‍ക്കഹോളിന്റെ അളവെങ്കില്‍ ബിയറില്‍ ആറു ശതമാനം മുതല്‍ എട്ടുവരെയാണ്‌്. വൈനില്‍ പത്തുശതമാനം മുതല്‍ ഇരുപത്തിരണ്ടുവരെ എത്തുമ്പോള്‍ ബ്രാണ്ടിയില്‍ 40 മുതല്‍ 55 ശതമാനംവരെയാണ്. വിസ്‌കിയിലും റമ്മിലും ഇതേ തോതാണ്. എന്നാല്‍ ചാരായത്തില്‍ 50 മുതല്‍ അറുപത് ശതമാനമെത്തുന്നു.
മദ്യപാനം മാത്രമല്ല അതിനേക്കാള്‍ ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതില്‍ തന്നെ പുതിയപരീക്ഷണങ്ങള്‍ നടത്താന്‍ കൗ മാരക്കാര്‍ ഒരുക്കമാകുന്നു. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങള്‍ അവര്‍ക്കുമുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയുമാണ്.
കഴിഞ്ഞവര്‍ഷം ജൂലൈയുടെ ആദ്യപുലരിയിലായിരുന്നു ആ വാര്‍ത്ത നമ്മെ തേടിയെത്തിയത്. ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായതോടെയാണ് കലാലയങ്ങളിലേക്ക് പടര്‍ന്നുകയറിയ പുതിയ ലഹരിമാഫിയകളെക്കുറിച്ച് കേട്ടത്. കോഴിക്കോട്ടെ ഷാഡോ പോലീസിന്റെ വലയിലാണിവര്‍ കുരുങ്ങിയത്. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളായിരുന്നു. സ്‌കൂള്‍ കുട്ടികളാണ് തങ്ങള്‍ക്ക് വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
ഇവിടെ പത്തിരട്ടി വിലക്കാണത് വില്‍ക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോതവണ നാട്ടിലെത്തുമ്പോഴെല്ലാം ഇവരുടെ പക്കല്‍ 500 സ്‌ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോ ദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്‌ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകളിലാണ് ലഹരിയുടെ പുതിയ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട്ടെ പല മനോരോഗ വിദഗ്‌ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍.
ഒറ്റ എസ് എം എസ് മതി. ലഹരി വസ്‌തുക്കള്‍ എവിടേക്കും എത്തുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ് വ്യാപാരം. വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍. ചരട് വലിക്കാന്‍മാത്രം അന്തര്‍ സംസ്ഥാന റാക്കറ്റുകള്‍. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട് മനസിലാക്കിയിട്ടുണ്ട്...?
ശസ്‌ത്രക്രിയക്കുമുമ്പ് ബോധം കൊടുത്താന്‍ ഉപയോഗിക്കുന്ന ഇന്‍ജക്ഷനിലും വേദന സംഹാരികളായ ചില ഗുളികകളിലും കുട്ടികളെ പുതിയ ലഹരികണ്ടെത്താന്‍ പഠിപ്പിച്ചത് ആരാണ്...?
അംഗീകൃത ഡോക്‌ടറുടെ കുറിപ്പില്ലാതെ മുതിര്‍ന്നവര്‍ക്ക് പോലും മെഡിക്കല്‍ ഷാപ്പുകളില്‍ നിന്ന് ലഭ്യമല്ലാത്ത ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക് കോഴിക്കോട്ടെ മെഡിക്കല്‍ ഷാപ്പുകളില്‍ നിന്നും ലഭ്യമാവുന്നു. അതിനവര്‍ക്ക് ഒരുഡോക്‌ടറുടെയും വക്കാലത്ത് വേണ്ട. ഇത്തരം മെഡിക്കല്‍ ഷോപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എത്രമാത്രം സുരക്ഷിതരാവും അവര്‍....?
കോഴിക്കോട്ടെ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിനരികില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 30 കുട്ടികളാണ് ചികിത്സക്കെത്തിയത്. തെറ്റുകാര്‍ ആരാണ്... ?കുട്ടികള്‍ മാത്രമാണോ....?
45ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകള്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കള്‍ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയില്‍ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍പെട്ട് മരിക്കുന്നവാര്‍ത്ത പത്രങ്ങളില്‍ വല്ലാതെ നിറയുന്നു. പക്ഷെ മരണത്തിനിരയാകുന്നവരില്‍ മിക്കവരും മദ്യലഹരിയിലാണ് മരണപ്പെട്ടതെന്നകാര്യം മൂടിവെക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് പ്രശസ്‌ത മനശാസ്‌ത്രജ്ഞനായ സി ജെ ജോണിന്റെ അഭിപ്രായം.
മദ്യപാനപ്രായം നേരത്തെ 18 വയസായിരുന്നു. അടുത്തകാലംവരെ 14ല്‍ നിന്നു. അത് പിന്നെയും താഴോട്ട് സഞ്ചരിക്കുന്നുവെന്നുകൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട് അദ്ദേഹം. ഒരുവര്‍ഷത്തില്‍ സ്വാഭാവ ദൂഷ്യത്തിന് ചികിത്സതേടിയെത്തുന്ന അഞ്ഞൂറില്‍പരം കുട്ടികളില്‍ ഇപ്പോള്‍ ഏഴാംക്ലാസുകാര്‍വരെ മദ്യപിച്ച് തുടങ്ങിയതായും അദ്ദേഹം പറയുന്നു.
കോഴിക്കോട് നഗരത്തിലെ ഒരു ഗവ ഹൈസ്‌കൂളില്‍ 90 ശതമാനവും അധ്യാപകര്‍ സ്‌ത്രീകളാണ്‌്. ഇവിടെ പത്തിലും ഒന്‍പതിലും വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു ചില വിദ്യാര്‍ഥികള്‍. പ്രായം പതിനേഴോ പതിനെട്ടോ ആയി. മീശകുരുത്ത കുട്ടികളെ കണ്ടാല്‍ അധ്യാപകരാണെന്ന് പുറമെനിന്നുള്ളവര്‍ സംശയിച്ചുപോകും.
ഇവര്‍ പിറകിലെ സീറ്റിലെ ഇരിക്കൂ. ക്ലാസ് നടക്കുന്നതിനിടയില്‍ അന്തരീക്ഷത്തില്‍ പുക ഉയരുന്നത് കാണാം. ആരാണ് പുകവലിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ടീച്ചര്‍മാര്‍ക്ക് ഇവരെ പേടിയാണ്. അടുത്തേക്ക് ചെല്ലാന്‍പോലും. അവരോട് ചോദ്യങ്ങളില്ല. ഒന്ന് വിരട്ടാമെന്ന് വെച്ചാലോ അതിനേക്കാള്‍ വലിയ രീതിയില്‍ അവര്‍ പേടിപ്പിക്കും. ചെറിയ ശിക്ഷയാവാമെന്ന് കരുതിയാലോ ?ടീച്ചര്‍മാരുടെ കയ്യിലെവടി ചേട്ടന്‍മാര്‍ പിടിച്ച് വാങ്ങും. സിഗരറ്റും ഹാന്‍സും പാന്‍പരാഗും കഞ്ചാവുമെല്ലാം ഉപയോഗിക്കുന്നവരുണ്ടവരില്‍. മദ്യപാനം പതിവാക്കിയവരും.
ഇത് കോഴിക്കോട് നഗരത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മാത്രം കഥയല്ല. കേരളത്തിലെ കലാലയങ്ങളില്‍ നിന്നെല്ലാം ഉയരുന്നു ലഹരിയുടെ പുകപടലങ്ങള്‍. അരാജകത്വത്തിന്റേയും അനുസരണക്കേടിന്റേയും സര്‍വകലാശാലകളായി മാറുകയാണോ നമ്മുടെ കലാലയങ്ങള്‍...?
കുടുംബകലഹങ്ങളുടെ ചരിത്രം പരിശോധിക്കുക. കൂട്ട ആത്മഹത്യകളുടെ ജാതകവും ഇരുത്തിവായിക്കുക. എല്ലാം ചെന്നെത്തി നില്‍ക്കുന്നത് ലഹരിയുടെ വക്കിലാണ്. ഇതറിയാത്തവരല്ല മലയാളികള്‍. പക്ഷെ എന്നിട്ടും അത്തരം ദുരന്തങ്ങളുടെ റിഹേഴ്‌സലുകളിലേക്ക് സജ്ജരാക്കിവിടുകയാണ് നമ്മുടെ കുട്ടികളെ.
കോഴിക്കോട് മെഡിക്കല്‍ കോളജ് സി ഐ ടി പി ശ്രീജിത്ത് വാര്‍ത്താ സമ്മേളനത്തിലൂടെ കുട്ടിമോഷ്‌ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ വീരശൂര പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത് 2010 ജൂണ്‍19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ ബൈക്ക് കവര്‍ച്ചകള്‍..കമ്പ്യൂട്ടര്‍ മോഷണങ്ങള്‍...എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നുവെത്രെ ആ സംഭവങ്ങളത്രയും നിറഞ്ഞാടിയത്. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം. ഇവരും മദ്യത്തിന്റെ പിന്‍ബലത്തോടെയായിരുന്നു ഓരോകുറ്റകൃത്യത്തിലേക്കും നടന്നടുത്തത്.
ഇതും കോഴിക്കോട് നഗരത്തില്‍ തുടങ്ങി ഇവിടെതന്നെ ഒടുങ്ങിയ ഒരു പ്രതിഭാസങ്ങളായിരുന്നില്ല. പുതിയ കാലത്തിന്റെ സന്തതികള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പ്രതിരൂപത്തെ മറ്റൊരു കോലത്തില്‍ അവര്‍വരച്ചിടുകയായിരുന്നു.
പുതിയ തലമുറയുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് ആകാശത്തെപോലും അതിര്‍ത്തിയായി കണക്കാക്കാനാവില്ല. ഏത് വിലക്കുകള്‍ ഭേദിക്കാനും അവര്‍ക്ക് മടിയുമില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ കാര്യക്ഷമമാണിപ്പോള്‍. മാനേജ്‌മെന്റുകളുടെ പട്ടാളച്ചിട്ടയും വിദ്യാലയങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്നു. പി ടി എ കമ്മിറ്റികളും അമ്മമാരുടെ കൂട്ടായ്‌മകളും അധ്യാപക സംഘടനകളും എല്ലാം വിദ്യാലയങ്ങളുമായി അടുത്തിടപഴകുന്നു. അങ്ങനെയൊരുകാലത്തുകൂടിയാണിതെല്ലാം നടക്കുന്നത്. ഈ പ്രവണത സാംസ്‌കാരിക ജീര്‍ണതകളുടെ ഷോക്കാണെന്നാണ് മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിന്റെ വിലയിരുത്തല്‍.
മന:ശാസ്‌ത്രഞ്‌ജരുടെ അരികില്‍ മനോനില തെറ്റി ചികിത്സതേടിയെത്തിയ ഒട്ടേറെ കുട്ടികളെക്കുറിച്ച് അവര്‍ പറഞ്ഞ് തരുന്നു. ഏറെ വിചിത്രമാണ് അവരുടെലോകം. വിഭിന്നമാണ് മനസ്, ഞെട്ടിപ്പിക്കുന്നതാണ് പ്രവര്‍ത്തികള്‍. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്. വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളുണ്ട്. അതില്‍ സംഭവിക്കുന്ന ഗുണദോഷങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. രക്ഷിതാക്കളുടേയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഭാഷയും വേഷവും പെരുമാറ്റങ്ങളും വൈകല്യങ്ങളും എല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.
ആണ്‍കുട്ടിയല്ലേ എവിടെ പോയാലും പ്രശ്‌നമില്ല. എന്ന് കരുതിയിരുന്നവര്‍ക്കൊക്കെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു. കാരണം ഇന്ന് ഏറ്റവും കൂടുതല്‍ വഴിതെറ്റിപോകുന്നത് ആണ്‍കുട്ടികളാണ്. മദ്യമയക്കുമരുന്ന് മാഫിയകളുടെ കരിയറുകളായി മാറുന്നതും അവര്‍ തന്നെ. വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു അവരുടെ മനസ്സുകളെ.
തെറ്റുകാര്‍ കുട്ടികള്‍ മാത്രമല്ല. സമൂഹംകൂടിയാണ്. ആത്മീയത അന്യമാകുന്ന ഭവനങ്ങളില്‍ മദ്യസത്‌കാരങ്ങള്‍ മാന്യതയുടെ അടയാളങ്ങാകുമ്പോള്‍ കുട്ടികളെ എങ്ങനെ കുറ്റവാളികളാക്കിതീര്‍ക്കാനാവും...? രോഗമറിഞ്ഞുള്ള ചികിത്സവിധിക്കാതെ വാവിട്ടുകരഞ്ഞിട്ടും ഫലമുണ്ടോ...?
ലഹരിയെന്ന സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയാണ് ഹാന്‍സും പാന്‍പരാഗുമെന്നും ഇപ്പോഴും നമ്മുടെ രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല. വിലക്കപ്പെട്ടപലകാര്യങ്ങളും അനുവദിക്കപ്പെടുന്ന ഒരു കാലത്ത് ലഹരിയുടെ പ്രൈമറിതല വികസനത്തെക്കുറിച്ച് രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തത് തന്നെയാണ് പ്രശ്‌നങ്ങളുടെ കാതല്‍. പിന്നീട് പഴുത്ത് വൃണമായി മാറുന്നു. അപ്പോള്‍മാത്രം നിലവിളിക്കാനും പരിഹാരമാര്‍ഗം തേടി ഓടാനുമെ രക്ഷിതാക്കള്‍ക്ക് നേരവുമൊള്ളൂ.
മയക്കുമരുന്നിന് അടിമയായിമാറുന്ന വ്യക്തിക്ക് വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്‌ടപെടുന്നതോടെ അത്യാഹിതങ്ങളില്‍ എളുപ്പത്തില്‍ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്. സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിര്‍ബന്ധിതനാകുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്‌ത്രപരമായി ചികിത്സിച്ചുമാറ്റാന്‍ ഇന്ന് സംവിധാനങ്ങളുണ്ട്. വൈദ്യശാസ്‌ത്ര മനശാസ്‌ത്ര സംയുക്ത ചികിത്സകൊണ്ട് മാത്രമെ ഒരാള്‍ക്ക് ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. സുരക്ഷയിലെ ഡോ. സത്യനാഥന്‍ പറയുന്നു.
മയക്കുമരുന്നിനടിമയാവുകയെന്നത് ഒരുരോഗമാണ്. രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക് നഷ്‌ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ് സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ പര്‍വതീകരിക്കരുത്. എന്നാല്‍ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കുകയും ചെയ്യുക. അതിന് ശേഷം പരിഹാരമാലോചിക്കുക. ലഹരിക്കടിമകളായവരെ യാഥാര്‍ഥ്യത്തിന്റെ മുമ്പിലേക്കെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളെത്തെ തലമുറയുടെ നല്ല ഭാവിക്കുവേണ്ടി നമുക്ക് അതേ ചെയ്യാനുള്ളൂ.
പൂങ്കാവനം മാസികയുടെ കവര്‍ സ്റ്റോറി
2010മെയ് ലക്കം