30/4/12

മമ്പുറം തങ്ങന്‍മാര്‍: സഹനത്തിന്റെ മിനാരങ്ങള്‍ ദേശാഭിമാനത്തിന്റേയും
മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന്റെ ആത്മീയ തേജസായി നിറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും മഹാഗോപുരായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമയായും നിറഞ്ഞ് നിന്ന സയ്യിദ് അലവി തങ്ങള്‍ 1750ല്‍ അറേബ്യയിലാണ് ജനിച്ചത്. ബാല്യവും വിദ്യാഭ്യാസവും അറേബ്യയില്‍ തന്നെയായിരുന്നു. (1767ല്‍) ആണ് അദ്ദേഹം അമ്മാവന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളോടൊപ്പം കേരളത്തിലെത്തുന്നത്. മമ്പുറത്ത് സ്ഥിരവാസവുമുറപ്പിച്ചു. മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ താവഴിയില്‍പ്പെട്ടയാളാണ് അദ്ദേഹം. 
അദ്ദേഹം മലബാറിലെ എല്ലാ ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചു. മുസ്ലിം ജീവിതവും ഇതര വിഭാഗങ്ങളുടെ ജീവിത രീതികളും കണ്ട് മനസ്സിലാക്കി. ക്രിസ്തുമത പരിവര്‍ത്തനത്തിനുള്ള തീവ്രമായശ്രമങ്ങള്‍ നടക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്ന് പലയിടത്തും മതപഠനക്ലാസ്സുകള്‍ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മീയപ്രഭാവം ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചു. അവര്‍ കൂട്ടത്തോടെ ഇസ്‌ലാം മതത്തില്‍ അഭയം തേടി. മുസ്‌ലിം സമുദായത്തിന് തങ്ങളുടെ നേതൃത്വം പുതിയൊരു ഉന്മേഷവും ഉത്തേജനവും നല്‍കി. 
ഇതര സമുദായത്തില്‍പ്പെട്ടവരുമായി നല്ല സൗഹൃദം തങ്ങള്‍ സൂക്ഷിച്ചു. ധാരാളം ഹിന്ദു സുഹൃത്തുക്കളുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ കോന്തു നായരായിരുന്നു. എന്നാല്‍ സയ്യിദ് അലവി തങ്ങളുടെ വ്യക്തി പ്രഭാവം ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ദിവ്യശക്തിയെപ്പററി നാട്ടില്‍ ഒട്ടേറെ കഥകള്‍ പ്രചരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിലെന്ന് മാത്രമല്ല ഇതര മതസ്ഥരും അദ്ദേഹത്തെ ബഹുമാനിച്ചു. മുസ്‌ലിംകളാവട്ടെ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അദ്ദേഹത്തോടാണ് പറഞ്ഞത്. 

വ്യക്തിതര്‍ക്കങ്ങള്‍ക്കും വിശ്വാസ തര്‍ക്കങ്ങള്‍ക്കും അദ്ദേഹത്തിനടുക്കല്‍ നിന്ന് പരിഹാരമുണ്ടായി. അവര്‍ക്ക് വസാനവാക്കും തങ്ങളുടേതായി. ഇതെല്ലാം ബ്രിട്ടീഷ് മേധാവികളെ അസ്വസ്ഥരാക്കി. 
സയ്യിദ് അലവി തങ്ങള്‍ നേരിട്ട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ മുസ്‌ലിംകളെ അതിനായി അണിനിരത്തുകയോ ചെയ്തിട്ടില്ലെന്നാണ് ബ്രിട്ടീഷുകാര്‍ തന്നെ പറയുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം അനിവാര്യമാണെന്ന് ആഹ്വാനം ചെയ്യുന്ന ഫത്ത്‌വകള്‍ അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. ചേറൂര്‍ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തു. കുതിരപ്പുറത്തിരുന്നാണ് തങ്ങള്‍ യുദ്ധം ചെയ്തതെന്നും യുദ്ധത്തില്‍ തങ്ങളുടെ തുടയില്‍ വെടിയേറ്റതായും സി എം മുഹമ്മദ് മൗലവി ബ്രിട്ടന്റെ പരാജയം, അഥവാ ചേറൂര്‍ചിന്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 
1800ല്‍ തിരൂരങ്ങാടിയില്‍ മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ തേര്‍വാഴ്ചയില്‍ പതിനൊന്ന് മാപ്പിളമാര്‍ രക്തസാക്ഷികളായി. ഈ സംഭവം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. പള്ളിക്കു മുമ്പില്‍ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളില്‍ ഒരു വാടകഗുണ്ട വന്ന് തുപ്പി. ജന്മിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെത്രെ ഇത്. ഇയാളെ മാപ്പിളമാര്‍ മര്‍ദിച്ചു. സംയമനം പാലിക്കാനായിരുന്നു തങ്ങളുടെ നിര്‍ദേശം. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു പട്ടാളം വന്ന് വളയുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. പതിനൊന്ന് മനുഷ്യ ജീവനുകള്‍ പിടഞ്ഞ് മരിച്ചു. ഇതോടെയാണ് തങ്ങളും കലാപകാരിയോ കലാപത്തിന് നേതൃത്വം നല്‍കുകയോ ചെയ്തതായി ബ്രിട്ടീഷ് അധികാരികള്‍ അനുമാനിക്കുന്നത്. തങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് അധികാരികള്‍ ആലോചിച്ചു. കലാപത്തില്‍ മരിച്ചവരില്‍ പലര്‍ക്കും തങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നും അവരില്‍ ചിലരെ മമ്പുറം പള്ളിയില്‍ കണ്ടിരുന്നു എന്നുമായിരുന്നു കണ്ടെത്തല്‍. 
ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നതോടെ അനന്തരഫലങ്ങള്‍ ഭീകരമാക്കുമെന്നായിരുന്നുപറഞ്ഞിരുന്നത്. ഇതേതുടര്‍ന്നാണ് അറസ്റ്റ് വേണ്ടെന്ന് വെച്ചത്. പിന്നീട് അദ്ദേഹത്തെ നാട് കടത്തണമെന്ന തീരുമാനത്തിലാണ് കലക്ടര്‍ കൊണോലി എത്തിച്ചേര്‍ന്നത്. ഈ തീരുമാനവും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായിരുന്നു. തൊണ്ണൂറ് വയസ്സുണ്ടായിരുന്നു അന്ന് തങ്ങള്‍ക്ക്. അദ്ദേഹത്തിന്റെ പ്രായാധിക്യവും നാട് കടത്തല്‍ മൂലമുണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുത്തായിരിക്കാം ആ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയുകയുണ്ടായത്. സയ്യിദ് അലവി തങ്ങളുടെ നേതൃത്വവും അദ്ദേഹത്തിന്റെ ആഹ്വാനവും ശിരസ്സാ വഹിച്ചവരായിരുന്നു മലബാറിലെ മുസ്‌ലിംകള്‍. ആ ശക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് ബ്രിട്ടീഷ്‌കാരുടെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. വിശ്വാസി ലക്ഷങ്ങള്‍ ഇന്നും തെക്കന്‍മലബാറിലെ മുഖ്യതീര്‍ഥാടന കേന്ദ്രമായ മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിക്കുന്നുണ്ട്. അവിടെ പ്രാര്‍ഥന നടത്തി സായൂജ്യവുമടയുന്നു. 
സയ്യിദ് അലവി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ആത്മീയ നേതൃത്വം ഏറ്റെടുത്തു. 1823ല്‍ ജനിച്ച സയ്യിദ് ഫസല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് വിദ്യാഭ്യാസം നേടിയത്. ചാലിലകത്ത് ഖുസയ്യ് ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യസം നേടിയത്. വെളിയങ്കോട് ഉമര്‍ഖാസിയും കോഴിക്കോട് മുഹിയദ്ദീന്‍ ഖാസിയും ഗുരുനാഥന്‍മാരില്‍ പ്രധാനികളായിരുന്നു.
സമുദായത്തിന്റെ പുരോഗതി തന്നെയായിരുന്നു ഫസല്‍ തങ്ങളുടെ മുന്നിലെയും വെല്ലുവിളി. ബ്രിട്ടീഷ് അധിനിവേശമായിരുന്നു ഏറ്റവും വലിയ പ്രതിബന്ധവും. മതപ്രഭാഷണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും സമുദായത്തെ ഉദ്ബുദ്ധരാക്കാന്‍ ഫസല്‍തങ്ങള്‍ പരിശ്രമിച്ചു. ഇതര സമുദായങ്ങളില്‍നിന്ന് ഇസ്ലാം മതത്തിന്റെ തണലിലേക്ക് വന്നവര്‍ക്ക് അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു. 


ജന്മിമാര്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കരുത്. അവരെ ദൈവതുല്യരായി കാണരുത്. വെള്ളിയാഴ്ചകളില്‍ പണിക്കിറങ്ങരുത്. അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുത്. തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളാണ് പുതു വിശ്വാസികള്‍ക്ക് അദ്ദേഹം നല്‍കിയത്. അതെല്ലാം അവര്‍ അനുസരിച്ചു. അത് മൂലം അവര്‍ക്കുണ്ടാകുന്ന പീഡനങ്ങളെ പ്രതിരോധിക്കാന്‍ മാപ്പിളമാരും രംഗത്തെത്തി. എന്നാല്‍ ഇത് ജന്മിമാര്‍ക്ക് മാപ്പിളകുടിയാന്‍മാരോടുള്ള വിദ്വേഷം വളര്‍ത്തുന്നതിനും സഹായിച്ചു. 
കര്‍ഷക കലാപങ്ങള്‍ രൂക്ഷമായിരുന്നു അന്ന്. അതിലെല്ലാം ഫസല്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലെത്തിച്ചേരാനാണ് ബ്രിട്ടീഷ് അധികാരികളെ പ്രേരിപ്പിച്ചത്. കലാപകാരികളില്‍ പലരും തങ്ങളുടെ അനുഗ്രഹം തേടി മമ്പുറത്തെത്തിയിരുന്നു. പള്ളിയില്‍ അവര്‍ അഭയം തേടിയിരുന്നു. ഒരു പോരാളിയുടെ വാളില്‍ ഫസല്‍തങ്ങളുടെ പേര് കൊത്തിവെച്ച നിലയിലും അധികൃതര്‍ കണ്ടെത്തി. ഇതെല്ലാം അദ്ദേഹത്തിനു നേരെയുള്ള കുറ്റപത്രങ്ങളില്‍ ചിലത് മാത്രമാണ്. കലാപങ്ങളുടെ കാരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ കമ്മീഷ്ണര്‍ ടി എല്‍ സ്‌ട്രേഞ്ച് കണ്ടെത്തിയത് കലാപങ്ങളുടെ എല്ലാം ഉത്തരവാദി കുപ്രസിദ്ധനായ സയ്യിദ് ഫസലാണെന്നായിരുന്നു.

 തങ്ങള്‍ ദൈവികതയുടെ ഒരു ഭാഗം ആവാഹിച്ച പുണ്യവാളനാണെന്ന് മാപ്പിളമാര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ അമാനുഷികതയെക്കുറിച്ച് അവര്‍ അത്ഭുതകഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് അപാരവില നല്‍കി എന്നെല്ലാമായിരുന്നു ആ കണ്ടെത്തല്‍.
ഫസല്‍ തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ ഗവണ്‍മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാനായിരുന്നു സ്‌ട്രേഞ്ചര്‍ക്കുണ്ടായിരുന്ന നിര്‍ദേശം. 
ചേറൂര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ പേരില്‍ അദ്ദേഹം നേര്‍ച്ച ആരംഭിച്ചതും ബ്രിട്ടീഷ്‌കാരെ പ്രകോപിപ്പിച്ചു. ഫസല്‍ തങ്ങളെ അറസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതാക്കുക തന്നെ വേണമെന്നും ബ്രിട്ടീഷുകാര്‍ തീര്‍ച്ചപ്പെടുത്തി. മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള ശ്രമം വിജയത്തിലെത്തണമെങ്കില്‍ സയ്യിദ് ഫസലിന്റെ നേതൃത്വം ഇല്ലാതാകണം. അദ്ദേഹത്തെ നാടുകടത്താനുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തു. അതിനിടയില്‍ നിശബ്ദനായി സ്ഥലം വിട്ടുപോകുന്നതിന് ഫസല്‍ തങ്ങളെ പ്രേരിപ്പിക്കുന്നതില്‍ കലക്ടര്‍ കെനോലിക്ക് വിജയം വരിക്കാനായിരുന്നു. ഗവണ്‍മെന്റിന്റെ അപ്രീതി ക്ഷണിച്ച് വരുത്താന്‍ താനൊന്നും ചെയ്തിട്ടില്ലെന്ന് ഫസല്‍ തങ്ങള്‍ കലക്ടറോട് ആണയിട്ട് പറഞ്ഞു. കലാപങ്ങളേയും കലാപകാരികളേയും അദ്ദേഹം അപലപിച്ചു.


ഇസ്ലാം മത ആചാരത്തിന്റെ ഭാഗമായുള്ളതാണ് താന്‍ നടത്തുന്ന പ്രാര്‍ഥന. അനുഗ്രവും. അത് മറ്റൊരു തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടത് തന്റെ നിര്‍ഭാഗ്യമാണെന്നേ പറയാനാകൂ. തന്റെ സാന്നിധ്യം നിര്‍ഭാഗ്യവശാല്‍ പല ഭീകര സംഭവങ്ങള്‍ക്കും ഇടവെച്ചു എന്നത് കൊണ്ട് ഗവണ്‍മെന്റിന് അലോസരമില്ലാതാക്കാന്‍ ആവശ്യമെങ്കില്‍ മലബാര്‍ വിട്ട് പോകുന്നതിന് വിരോധമില്ലെന്നും ഫസല്‍ തങ്ങള്‍ കലക്ടര്‍ക്ക് മറുപടി നല്‍കി.(മലബാര്‍ മാന്വല്‍) 
പട്ടാളത്തെ സജ്ജരാക്കി നിര്‍ത്തിയതിന് ശേഷമായിരുന്നു 1852 ഫിബ്രുവരിയില്‍ നാട് കടത്തല്‍ പ്രഖ്യാപനം. ഇതറിഞ്ഞ് മാപ്പിളമാര്‍ ഇളകി. തങ്ങള്‍ അതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചു. താന്‍ ഇവിടെ നില്‍ക്കുന്നത് മൂലം ഒരു വലിയ കെടുതിയുണ്ടാകുന്നതിനെ തങ്ങള്‍ ഭയപ്പെട്ടു.

 
മാര്‍ച്ച് പത്തൊമ്പതിന് ഫസല്‍ തങ്ങളേയും അമ്പത്തിഏഴ് പേരടങ്ങുന്ന സംഘത്തേയും അതുപ്രകാരം അറേബ്യയിലേക്ക് നാടു കടത്തി. 8000 ത്തോളം പേര്‍ പരപ്പനങ്ങാടിവരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ കൊണോലിയുടെ ദാരുണമായ കൊലക്ക് ഉത്തരം തിരഞ്ഞവര്‍ക്ക് കണ്ടെത്താനായത് ഫസല്‍ തങ്ങളുടെ നാടുകടത്തലിനെ തുടര്‍ന്നുണ്ടായ അനന്തരഫലമായിരുന്നു അതെന്നായിരുന്നു. മമ്പുറം തങ്ങന്‍മാരെ കലാപകാരികളാക്കാതെ ബ്രിട്ടീഷുകാര്‍ക്കിവിടെ എന്തെങ്കിലും ചെയ്യാനാകുമായിരുന്നില്ലല്ലോ. എന്നാല്‍ ആ ചങ്ങല പൊട്ടിച്ചെറിയാന്‍ പരിശ്രമിക്കുകയും സമുദായത്തിനും സമൂഹത്തിനും ഉജ്ജ്വല നേതൃത്വം നല്‍കുകയും മാത്രമേ അവര്‍ ചെയ്‌തൊള്ളൂ. 
യമനില്‍ കപ്പലിറങ്ങിയ ഫസല്‍ തങ്ങള്‍ കുറച്ചു കാലം അവിടെ ഹളര്‍മൗതില്‍ താമസിച്ചു. പിന്നീട് മക്കയിലെത്തി. 1876ല്‍ ഫസല്‍ തങ്ങളെ യമന്‍ ഗവര്‍ണറായി നിയമിച്ചു. ബ്രിട്ടീഷ്‌കാര്‍ അവിടെയും അദ്ദേഹത്തിന് സ്വസ്ഥത നല്‍കിയില്ല. അവരുടെ ഉപജാപങ്ങളെ തുടര്‍ന്ന് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് അദ്ദേഹത്തെ ക്ഷണിച്ച് വരുത്തി ഭരണോപദേഷ്ടാവാക്കി. ഫസല്‍പാഷ എന്ന സ്ഥാനപേരും നല്‍കി.


മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അറബിയിലും തുര്‍ക്കിയിലുമായി എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവാണ്. മുസ്‌ലിം വിരുദ്ധര്‍ക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളടങ്ങിയ ലഘുകൃതികളുടെ സമാഹാരം മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. മുസ്‌ലിം കേരളത്തിന്റെ ആത്മീയാചാര്യന് പിന്നീടൊരിക്കലും പിറന്ന നാട്ടിലേക്ക് വരാനായില്ല. 1901ല്‍ അദ്ദേഹം ചരിത്രത്തിലേക്ക് മടങ്ങി.

20/4/12

അറിയുമോ കേരളത്തിന്റെ വക്കം ഭഗത് സിംഗിനെ...?


ടിമത്വത്തിന്റെയും അരാജകത്വത്തിന്റേയും ഒരു കാലഘട്ടത്തിലായിരുന്നു അബ്ദുല്‍ഖാദറിന്റെ ബാല്യകാലം. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ നാളുകള്‍. ദേശീയ പ്രസ്ഥാനം ഇന്ത്യയിലെ ബഹുജനങ്ങളെ ആകര്‍ഷിച്ച് മുന്നേറുകയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയരുന്നപ്രതിഷേധങ്ങളുടെ പ്രതിധ്വനികള്‍ തിരുവനന്തപുരത്തിനടുത്തുള്ള ചിറയിന്‍കീഴിലെ വക്കം എന്ന ഗ്രാമത്തിലും അലയടിച്ചെത്തുന്നുണ്ട്. 
അന്ന് സ്‌കൂളിലെ താഴ്ന്ന ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു അബ്ദുല്‍ ഖാദര്‍. അവന്‍ അതെല്ലാം സശ്രദ്ധം കേട്ടു. പത്രങ്ങളും പാഠപുസ്തകങ്ങളും മനസ്സിരുത്തി വായിച്ചു. പതിയെ പതിയെ തന്റെ നാട് എത്തിപ്പെട്ടിരിക്കുന്ന മഹാദുരന്തത്തെക്കുറിച്ചവന്‍ മനസ്സിലാക്കി. ഓരോ കഥകള്‍ കേള്‍ക്കുമ്പോഴും അവന്റെ ചോരതിളച്ചതേയുള്ളൂ. പിറന്ന മണ്ണിന്റെ മോചനവും വിദേശികളുടെ തകര്‍ച്ചയും കാണണം എന്നത് അവന്റെ സ്വപ്നം മാത്രമായി തീര്‍ന്നതും അതില്‍ പിന്നെയായിരുന്നു. നാള്‍ക്കുനാള്‍ അവനിലെ ദേശാഭിമാനബോധവും സ്വാതന്ത്ര്യ ദാഹവും വളര്‍ന്ന് വികസിച്ചു. ബ്രിട്ടീഷ് അധിനിവേശത്തെ കെട്ടുകെട്ടിക്കുക എന്നത് ഉറക്കിലും ഉണര്‍വിലും അവന്റെ ചിന്തകളിലൊന്നായി വളര്‍ന്നു. ഉദാത്തവും ഉജ്ജ്വലവുമായ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കാലത്തിന്റെ വിളികേട്ടുണര്‍ന്ന് മാതൃരാജ്യത്തിന്റെ മോചനത്തിനായി രക്തസാക്ഷിയാകേണ്ടി വന്ന വക്കം അബ്ദുല്‍ഖാദര്‍ ധീര ദേശാഭിമാനിയായിരുന്നു.


കേരളത്തിന്റെ ഭഗത് സിംഗ് എന്നാണ് ആ പോരാളിയെ വിശേഷിപ്പിക്കേണ്ടത്. അങ്ങനെ ഒരു വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യനായിരുന്നു അബ്ദുല്‍ഖാദര്‍. കാരാഗൃഹത്തില്‍ കിടക്കുന്ന ഭഗത് സിംഗിനെ മോചിപ്പിക്കാനായി അദ്ദേഹത്തിന്റെ പിതാവ് കിഷന്‍ സിംഗ് ട്രൈബ്യൂണലിന്റെ മുമ്പില്‍ ഒരപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. സാന്‍ഡേഴ്‌സണ്‍ വധത്തില്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതിനാവശ്യമായ വസ്തുതകള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു അദ്ദേഹം അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും അച്ഛനെ പിന്തിരിപ്പിക്കുകയായിരുന്നു ഭഗത് സിംഗ്. ആദര്‍ശത്തെ പണയം വെച്ച് ജീവന്‍ വിലക്ക് വാങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഭഗത് സിംഗിന്റെ ഉറച്ച മറുപടി.

 
ഇതിനു സമാനമായ അനുഭവവും പോരാട്ട വഴികളിലെ യോജിപ്പുകളും അബ്ദുല്‍ഖാദറിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അബ്ദുല്‍ഖാദര്‍ ജയിലില്‍ തൂക്കുമരവും കാത്ത് കിടക്കുമ്പോഴായിരുന്നു സഹോദരന്‍ അബ്ദുല്‍റഹ്മാന് ബ്രിട്ടീഷ് പോലീസില്‍ ജോലി ലഭിച്ചത്. കോണ്‍സ്റ്റബിളായിട്ടായിരുന്നു നിയമനം. എന്നാല്‍ അവസാനമായി കാണാന്‍ ജയിലിലെത്തിയപ്പോഴാണ് പിതാവ് അക്കാര്യം അബ്ദുല്‍ഖാദറിനെ അറിയിച്ചത്. അപ്പോഴും നെഞ്ചുറപ്പോടെയാണ് ആ യോദ്ധാവ് പിതാവിനോട് സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ അടിമപ്പണി നമുക്ക് വേണ്ട ബാപ്പാ. അബ്ദുര്‍റഹ്മാനോടും ബാപ്പയത് പറഞ്ഞ് സമ്മതിപ്പിക്കണം. എന്നായിരുന്നു അബ്ദുല്‍ഖാദറിന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. ആ ആഗ്രഹപ്രകാരം സഹോദരന്‍ ആ ജോലി വേണ്ടെന്ന് വെക്കുകയായിരുന്നു.


നാടിനുവേണ്ടി രക്തസാക്ഷിയാകുന്നതില്‍ അബ്ദുല്‍ഖാദിര്‍ അഭിമാനം കൊണ്ടിട്ടേയുള്ളൂ. 24ാം വയസ്സിലാണ് ഭഗത് സിംഗ് തൂക്കുമരത്തിലേക്ക് നടന്നു കയറിയതെങ്കില്‍ 26ാം വയസ്സിലായിരുന്നു അബ്ദുല്‍ഖാദിറിന്റെ നിയോഗം. രാജ്ഗുരു, സുഖ്‌ദേവ് സിംഗ് എന്നിവരായിരുന്നു ഭഗതിന്റെ കൂട്ടാളികള്‍. അബ്ദുല്‍ഖാദറിന്റെ സംഘത്തില്‍ വേറെ മൂന്ന് പേരുണ്ടായിരുന്നു. ഭഗത് സിംഗിന്റെ സംഘത്തിലുമുണ്ടായിരുന്നു ചില ഒറ്റുകാരും മാപ്പുസാക്ഷികളും. ഇങ്ങനെ ഒട്ടേറെ സമാനതകള്‍ ഇവരുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനുമുണ്ടായിരുന്നു.
ഭഗത് സിംഗ് തന്റെ പോരാട്ടവഴിയില്‍ ഏറെ ദൂരം താണ്ടിയിരുന്നുവെങ്കില്‍ അബ്ദുല്‍ഖാദറിന് സായുധ പോരാട്ട വഴിയില്‍ തന്നെ പോലീസ് വലയില്‍ കുരുങ്ങാനായിരുന്നു യോഗം.


1917 മെയ് 25 നാണ് ചിറയിന്‍കീഴിലെ വാവക്കുഞ്ഞ് സാഹിബിന്റേയും ഉമ്മു സല്‍മയുടേയും മകനായി വക്കം അബ്ദുല്‍ഖാദിര്‍ ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ട് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി മാറി. ഇതോടെ ബ്രിട്ടീഷ് അധികാരികളുടെ ഹിറ്റ് ലിസ്റ്റിലും അബ്ദുല്‍ഖാദര്‍ ഇടം നേടി.
സെക്കന്‍ഡറി പഠനത്തിന് ശേഷം മലയായിലേക്ക് ജോലി തേടി അബ്ദുല്‍ഖാദര്‍ വണ്ടികയറി. എന്നാല്‍ സ്വാതന്ത്ര്യ ചിന്തകളും പിറന്ന നാടിന്റെ മോചന വഴികളും മാത്രമായിരുന്നു അപ്പോഴും അബ്ദുല്‍ ഖാദറിന്റെ മനസ്സില്‍. അദ്ദേഹം അവിടെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് എന്ന സംഘടനയില്‍ ചേര്‍ന്നു. സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയിരുന്ന ഐ എന്‍ എയുടെ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. ഇന്ത്യയില്‍ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാന്‍ 1942 ലാണ് ബാങ്കോക്കില്‍ ചേര്‍ന്ന ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് യോഗം തീരുമാനിച്ചത്. ഈ തീരുമാനം അറിഞ്ഞപ്പോള്‍ മുതല്‍ അതില്‍ ഒരാളാകാന്‍ അബ്ദുല്‍ഖാദര്‍ ആഗ്രഹിച്ചു. ആഗ്രഹംപോലെ തന്നെ അന്‍പതംഗങ്ങളടങ്ങിയ ആസംഘത്തിലൊരാളാകാന്‍ അബ്ദുല്‍ഖാദിറിന് സാധിച്ചു. വ്യത്യസ്ത തുറകളിലുള്ളവരായിരുന്നു അവര്‍. മലയയിലുണ്ടായിരുന്ന ഇന്ത്യക്കാരായിരുന്നു അവരിലേറെ പേരും. പൊനാഗിലുള്ള പ്രീ സ്‌കൂളില്‍ വെച്ചായിരുന്നു പരിശീലനം നല്‍കിയിരുന്നത്. ഖാദിറും അവിടെ നിന്നും യുദ്ധ മുറകളും ചാര പ്രവര്‍ത്തന തന്ത്രങ്ങളും പഠിച്ചെടുത്തു. സ്‌കൂളിന്റെ പേര് ഇന്ത്യന്‍ സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നായിരുന്നുെവങ്കിലും ജപ്പാന്റെ രഹസ്യാന്വേഷണ സംഘടനയായിരുന്നു ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത്.
അതിന് ശേഷം യുദ്ധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യയിലേക്ക് അയച്ച സംഘത്തില്‍ മലബാറിലേക്ക് നിയോഗിക്കപ്പെട്ട ഇരുപതംഗ സംഘത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തെയായിരുന്നു. ഗുജറാത്തിലേക്കും ബംഗാളിലേക്കുമായിരുന്നു മറ്റു രണ്ടു സംഘങ്ങള്‍ നീങ്ങിയിരുന്നത്. അതീവ രഹസ്യമായിരുന്നു അവരുടെ നുഴഞ്ഞു കയറ്റം. 


മലബാറില്‍ താനൂരിലാണ് ഇരുപതംഗ സംഘം ഒരു പെരുന്നാളാഘോഷത്തിന്റെ തിരക്കിലേക്ക് വന്ന് കയറിയത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് സംശയം തോന്നി. അവരെ വിശ്വാസത്തിലെടുക്കാന്‍ അബ്ദുല്‍ ഖാദറും സംഘവും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അവര്‍ ജപ്പാന്‍ കാരാണെന്നും എങ്ങനെയോ മലയാളം പഠിച്ചതാകാമെന്നുമായിരുന്നു പ്രദേശവാസികള്‍ തെറ്റിദ്ധരിച്ചത്. അതുകൊണ്ടാണവര്‍ പോലീസിന് വിവരം നല്‍കിയതും. 
എന്നാല്‍ ദൗത്യത്തിലേക്ക് പ്രവേശിക്കാനോ എന്തെങ്കിലും മുന്നേറ്റം നടത്തുന്നതിനോ സാധിക്കും മുമ്പ് ഇങ്ങനെയൊരപകടം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പിടിയിലാകുമെന്ന് തീര്‍ച്ചയായപ്പോള്‍ അബ്ദുല്‍ഖാദര്‍ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നശിപ്പിച്ചു. കൂട്ടത്തിലൊരുത്തന്‍ തന്നെ തിരിഞ്ഞ് കുത്തുമെന്ന് അവര്‍ നിനച്ചിരുന്നില്ല. അതും മലയാളികൂടിയായ ആനന്ദന്‍. പോലീസ് പിടിയിലായപ്പോള്‍ അയാള്‍ ബ്രിട്ടീഷ് ഏജന്റായി അവകാശപ്പെട്ട് അവരെക്കുറിച്ചും ആ സംഘടന നടത്തുന്ന മറ്റു ചാവേര്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് മറ്റു മൂന്നിടങ്ങളിലേക്കുകൂടി പുറപ്പെട്ട സംഘങ്ങളും പിടിയിലായി.
പോലീസ് പിടികൂടിയ അബ്ദുല്‍ഖാദിറിനേയും സുഹൃത്തുക്കളേയും വിവിധ പട്ടാള സങ്കേതങ്ങളിലേക്കാണ് കൂട്ടികൊണ്ടുപോയത്. ദല്‍ഹി, മദ്രാസ്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു രഹസ്യകേന്ദ്രങ്ങള്‍. എല്ലായിടത്തു നിന്നും അവരുടെ രഹസ്യങ്ങളുടെ ചുരുളഴിക്കനായി ക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്. മര്‍ദനമുറകള്‍ നിരന്തരം തുടര്‍ന്നപ്പോള്‍ മലയാളിയായിരുന്ന തലശ്ശേരിക്കാരന്‍ ബാലകൃഷ്ണന്‍ നായര്‍ മാപ്പു സാക്ഷിയായി. അയാള്‍ രഹസ്യവിവരങ്ങള്‍ എല്ലാം ചോര്‍ത്തികൊടുത്തു. ചാരപ്രവര്‍ത്തനങ്ങള്‍ പുറത്തായതോടെ അബ്ദുല്‍ഖാദറിനെ ഒരു ഭീകരനോടെന്നപോലെയാണ് അധികൃതര്‍ പെരുമാറിയത്. മര്‍ദന മുറകള്‍ തുടര്‍ന്നത്. അപ്പോഴും തന്റെ നിലപാടുകളില്‍ നിന്ന് ഒരിഞ്ച് പോലും പിന്തിരിഞ്ഞില്ല അദ്ദേഹം. അപ്പോള്‍ മദ്രാസിലെ ജയിലിലായിരുന്നു അബ്ദുല്‍ഖാദര്‍. 1943 ലെ എനിമി ഏജന്റ് ഓര്‍ഡിനന്‍സ് പ്രകാരം മറ്റാര്‍ക്കും കടക്കാന്‍ അനുവദമില്ലാത്ത കോടതി മുറിയിലാണ് സ്‌പെഷല്‍ ജഡ്ജിയുടെ മുമ്പാകെ അബ്ദുല്‍ഖാദറിനേയും സുഹൃത്തുക്കളേയും പട്ടാളക്കോടതി വിചാരണ നടത്തിയത്. ഐ പി സി 121 എ വകുപ്പ് പ്രകാരമായിരുന്നു വിചാരണ. തികച്ചും പ്രഹസനമായിരുന്നു ജഡ്ജി ഇ ഇ മാക്കിയുടെ കോടതി നടപടികള്‍. കേസില്‍ അബ്ദുല്‍ഖാദറായിരുന്നു ഒന്നാം പ്രതി. പത്തൊമ്പത് പ്രതികളും ഒരു മാപ്പു സാക്ഷിയും. 1943 ഏപ്രില്‍ ഒന്നിന് നാട് കാതോര്‍ത്തിരുന്ന പട്ടാളക്കോടതിയുടെ വിധിവന്നു. അഞ്ച് പേരെ അഞ്ച് വര്‍ഷത്തെ തടവിന് ശേഷം തൂക്കികൊല്ലാനായിരുന്നു കല്‍പ്പന. ഫൗജാ സിംഗ്, അനന്തന്‍ നായര്‍, സത്യേന്ദ്ര ചന്ദ്രബര്‍ദാന്‍, ബോണിഫെസ് പെരേര എന്നിവരായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റു നാലു പേര്‍.

 ഇതില്‍ ബോണിഫെസ് പെരേരയുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി ചുരുക്കി. മറ്റു പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ല. അവരെ വെറുതെ വിട്ടു. പട്ടാളക്കോടതി വിധി ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ അബ്ദുല്‍ഖാദറും സുഹൃത്തുക്കളും അപ്പോഴും പതറിയില്ല. അവര്‍ ബ്രിട്ടീഷ് മേലാളന്‍മാരുടെ ഒരു ദയക്കും കാത്തില്ല. ക്രൂരമായ പീഡനമുറകള്‍ക്കൊന്നും ആ ദേശാഭിമാനികളുടെ നെഞ്ചുറപ്പിന് ക്ഷതമേല്‍പ്പിക്കാന്‍ സാധിച്ചില്ല. ഭയപ്പെടുത്തി മുട്ട് വിറപ്പിക്കാനോ മനോവീര്യം തകര്‍ക്കുവാനോ, പ്രലോഭനങ്ങളിലൂടെ ധീരതയെ വിലക്കെടുക്കാനോ ബ്രിട്ടീഷ് അധികാരികള്‍ക്കായതുമില്ല. കോടതി വിധിയേയും വിചാരണാ പ്രഹസനങ്ങളേയും അവര്‍ധീരമായി നേരിട്ടു. 

കേസ് വൈകാതെ ഹൈക്കോടതിയുടെ പരിഗണനക്കെത്തി.എന്നാല്‍ പട്ടാളക്കോടതിയുടെ വിധി നടപ്പിലാക്കാനുള്ള വ്യഗ്രതമാത്രമാണ് ഹൈക്കോടതി കാണിച്ചത്. അഞ്ച് വര്‍ഷത്തെ തടവ് കാലം വേണ്ടെന്ന് വെച്ച് എത്രയും പെട്ടെന്ന് നാലുപേരെയും തൂക്കികൊല്ലണമെന്നായിരുന്നു 1943 ഏപ്രില്‍ 26ന് പ്രഖ്യാപിക്കപ്പെട്ടത്. പിന്നെയും അഞ്ചു മാസം കടന്നുപോയി. 1943 സെപ്തംബര്‍ 10ന്റെ പുലെര്‍ച്ചെയിലാണ് അബ്ദുല്‍ഖാദര്‍ തൂക്കുകയറിന് മുമ്പിലേക്ക് പുഞ്ചിരിയോടെ നടന്നടുത്തത്. 
ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവ് വാവക്കുഞ്ഞ് സാഹിബ് മകനെ കാണാനായി ജയിലിലെത്തി. അപ്പോഴും അബ്ദുല്‍ഖാദറില്‍ യാതൊരു പരിഭ്രവും കാണപ്പെട്ടില്ല. വിതുമ്പിക്കരഞ്ഞ പിതാവിനെ ഖാദര്‍ തിരിച്ചാശ്വസിപ്പിക്കുകയായിരുന്നു. താന്‍ ചെയ്തതൊരു പുണ്യകര്‍മമാണെന്ന സംതൃപ്തിയായിരുന്നു അപ്പോഴും ആ പോരാളിയുടെ മുഖത്ത്. അവസാനകാലത്ത് പിതാവിനെഴുതിയ കത്തിലും ഖാദര്‍ പിതാവിനേയും കുടുംബത്തേയും ആശ്വിപ്പിക്കുന്നുണ്ടായിരുന്നു.
ജീവിതയാത്രയിലനുഭവിക്കുന്ന ആപത്തുകളും ദു:ഖങ്ങളും അല്ലാഹുവിന്റെ പരീക്ഷണമാണ്. അത് സഹിക്കുകയല്ലാതെ അല്ലാഹുവിനോട് അതെക്കുറിച്ച് ആവലാതി ബോധിപ്പിക്കാന്‍ നമുക്ക് അവകാശമില്ല. സഹിച്ചാല്‍ മാത്രമേ നമുക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാവുകയുള്ളൂ. ഖാദര്‍ പിതാവിനുള്ള കത്തില്‍ എഴുതി. 


ഭഗത് സിംഗിനേയും കൂട്ടാളികളേയും പോലെ യാണ് ആ നാല്‍വര്‍ സംഘവും തൂക്കു കയറിന് മുമ്പിലേക്ക് നടന്നടുത്തത്. അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയിട്ടും ഭൗതിക ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള കാരുണ്യം അധികൃതര്‍ കാണിച്ചില്ല. ജന്മദേശമായ വക്കത്ത് അബ്ദുല്‍ഖാദറിന്റെ പേരില്‍ ഒരു രക്തസാക്ഷി മണ്ഡപം പണിതിട്ടുണ്ട്. എന്നാല്‍ ചരിത്രമോ കാലമോ ആ പോരാളിയുടെ ജീവിതത്തിനോ സംഭാവനകള്‍ക്കോ വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നതാണ് സത്യം.

10/4/12

സാമ്രാജ്യത്വത്തെ കിടിലം കൊള്ളിച്ച ആദ്യ ദേശാഭിമാനി

കേരളത്തിലെ ആദ്യകാല മുസ്‌ലിം തറവാടുകളില്‍ ഒന്നായിരുന്നു വെളിയങ്കോട്ടെ കാക്കത്തറയില്‍ കുടുംബം. മഹിതമായ പൈതൃകത്തിന്റെ ധാരാളം ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന ഈ തറവാടിന്റെ മുറ്റത്താണ് ഉമര്‍ കളിച്ചു വളര്‍ന്നത്. പിതാവിന്റെ ശിക്ഷണത്തിലും പ്രോത്സാഹനത്തിലുമായിരുന്നു ബാല്യകാലം. ഉമ്മയുടെ പ്രത്യേകശ്രദ്ധയും അവനുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ പഠനത്തിലും ബുദ്ധിവൈഭവത്തിലും ഉമര്‍ സമര്‍ഥനായിരുന്നു. ഉമറിന് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം കുടുംബത്തെ തളര്‍ത്തിയത്. അതോടെ സഹോദരനും നാലു സഹോദരിമാരും ഉമ്മയും അടങ്ങുന്ന കുടുംബം നിരാശ്രയരായി. ഉമ്മയുടെ സംരക്ഷണയിലാണ് പിന്നെ അവര്‍ കഴിഞ്ഞു പോന്നത്. 

പിതാവിന്റെ മരണശേഷം താനൂരിലെ ഖാസി അഹ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വത്തിലായിരുന്നു ഉമറിന്റെ പഠനം. തുടര്‍ന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദര്‍സില്‍ പതിമൂന്നാം വയസ്സില്‍ ചേര്‍ന്ന് വിവിധ വിജ്ഞാന ശാഖകളിലും അവഗാഹം നേടി.
മമ്മിക്കുട്ടി ഖാസിയായിരുന്നു ഉസ്താദ്. അദ്ദേഹത്തിനറിയാമായിരുന്നു ഉമറിന് നല്ലൊരു ഭാവിയുണ്ടെന്ന്. അദ്ദേഹം അവനെ പ്രത്യേകം ശ്രദ്ധിച്ചു. വേണ്ട ഉപദേശ നിര്‍ദേശങ്ങളും നല്‍കി. 
സര്‍വകലകളിലും പ്രാവീണ്യം നേടിയ ശിഷ്യന്റെ കഴിവ് തിരിച്ചറിഞ്ഞ് ഉമറിനു ദര്‍സ് നടത്താനുള്ള അനുമതി നല്‍കി തന്റെ സഹമുദര്‍രിസായി മമ്മിക്കുട്ടി ഖാസി നിയമിക്കുകയും ചെയ്തു 
ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് സന്ധിയില്ലാസമരം നയിച്ച് മലബാറില്‍ നിന്നും ആദ്യമായി വെള്ളക്കാരനെ കെട്ടുകെട്ടിക്കണമെന്ന ധീരശബ്ദമുയര്‍ത്തിയ ഉമര്‍ഖാസി ചെറുപ്പത്തില്‍ തന്നെ പ്രതിഭയാണെന്ന് തെളിയിച്ചിരുന്നു. പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ കുടുംബത്തിലെ ഖാസിയാരകം വീട്ടില്‍ (1757)നാണ് ഉമര്‍ ഖാസി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആന്‍ പഠനവും വെളിയങ്കോട് നിന്നു തന്നെ നേടി. 

ഇന്ത്യന്‍ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുകീഴില്‍ പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമാകാതെ നരകിച്ചു ജീവിക്കുമ്പോള്‍ അവരെ ആവേശഭരിതരാക്കി പടപൊരുതാന്‍ സജ്ജരാക്കിയത് ഉമര്‍ ഖാസിയായിരുന്നു. നാടുനീളെ അദ്ദേഹം പ്രസംഗിച്ചു നടന്നു. വൈദേശിക ആധിപത്യം തകരണം. അവര്‍ വിനാശകാരികളാണ്. അവരെ തുരത്തണം, നികുതി കൊടുക്കരുത്, അവരെ ബഹിഷ്‌കരിക്കുക. തുടങ്ങിയവയായിരുന്നു ഉമര്‍ഖാസിയുടെ ആഹ്വാനം. 
ദേശാഭിമാനബോധവും സ്വാതന്ത്ര്യ ദാഹവും ഇത്രയേറെ രക്തത്തിലലിഞ്ഞ ആ വിപ്ലവജ്വാലയെ എത്ര ഊതിക്കെടുത്തിയാലും അണഞ്ഞുപോകുന്നതല്ല. എന്നിട്ടും ഉമര്‍ ഖാസിയെ ചരിത്രം വേണ്ടരീതിയില്‍ അടയാളപ്പെടുത്താതെ പോയി എന്നതാണ് ചരിത്രം.
നാടിനും സമുദായത്തിനുമായി പ്രയത്‌നിക്കുന്നതിനിടയില്‍ സംതൃപ്തമായ കുടുംബ ജീവിതത്തെക്കുറിച്ചോ മറ്റോ ചിന്തിക്കാന്‍ ഉമര്‍ഖാസിക്കു സമയമുണ്ടായിരുന്നില്ല. ഒരു വിവാഹം കഴിച്ചിരുന്നു അദ്ദേഹം. എന്നാല്‍ കുറച്ചു നാളുകളാണ് ആ ദാമ്പത്യബന്ധം തുടര്‍ന്നത്. അദ്ദേഹത്തിന് മക്കളോ പിന്‍മുറക്കാരോ ഇല്ലാതെ പോയി.

വെറുമൊരു പണ്ഡിതനായിരുന്നില്ല അദ്ദേഹം. സാമൂഹിക വിപ്ലവകാരി കൂടിയായിരുന്നു. കണ്ടകാര്യം തുറന്ന് പറയും. ഇക്കാര്യത്തില്‍ ആരുടെയും മുഖം നോക്കാറില്ല. 
ഗാന്ധിജിയും മറ്റുമൊക്കെ ജനിക്കുന്നതിനും എത്രയോ മുമ്പായിരുന്നു വൈദേശികാധിപത്യത്തിനെതിരെ ആദ്യമായുയര്‍ന്ന ഈ സമരാഹ്വാനം. അക്കാലത്ത് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്നും അവര്‍ക്ക് നികുതി കൊടുക്കരുതെന്നും ആഹ്വാനം ചെയ്യുക മാത്രമല്ല അതിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചു ഉമര്‍ഖാസി. നികുതിനിഷേധ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായി.
സമൂഹത്തില്‍ ഉമര്‍ഖാസിക്കുള്ള അംഗീകാരവും അധ്യാത്മിക വ്യക്തിത്വവും കാരണം പോലീസുദ്യോഗസ്ഥര്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ നികുതി നിഷേധപ്രസ്ഥാനം ശക്തിപ്പെട്ടു. ജനങ്ങള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭമാരംഭിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ഉമര്‍ഖാസിയാണെന്ന തിരിച്ചറിവ് ബ്രിട്ടീഷ് അധികാരികളെ വിറളിപിടിപ്പിച്ചു. പുതുതായി വന്ന പോലീസ് മേധാവി ഖാസിയെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മേധാവിയെ ഖാസി ആക്ഷേപിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെയും പോലീസ് ആക്രമണത്തിനെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു. പോലീസ് മേധാവിയുടെ മുഖത്ത് തുപ്പിയാണ് ഇറങ്ങിപ്പോയത്. പോലീസ് സ്റ്റേഷനാകെ അമ്പരന്നു. ഖാസിയെ പിടികൂടാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ അദ്ദേഹം ചവിട്ടിത്തെറിപ്പിച്ചു. എന്നാല്‍ ബലം പ്രയോഗിച്ച് പോലീസുകാര്‍ ഖാസിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. പക്ഷേ രാത്രിയില്‍ ഖാസി പുറത്ത് കടന്ന് നേരെ വെളിയങ്കോട്ടെത്തി. 

അടുത്ത ദിവസം പോലീസുകാര്‍ അമ്പരന്നു. പൂട്ടിയിട്ട മുറി കുത്തിത്തുറന്ന ലക്ഷണമില്ല. പക്ഷേ, ഖാസിയെ കാണാനില്ല. നാടുനീളെ അവര്‍ തിരച്ചിലും ആരംഭിച്ചു. 
പള്ളിയില്‍ ദിക്‌റുമായി കഴിയുന്ന ഖാസി പോലീസുകാര്‍ എത്തിയ വിവരം അറിഞ്ഞു. 
ദൂതന്‍ അവിടെയുമെത്തി. 
'ഞങ്ങളുടെ കൂടെ കോഴിക്കോട്ടേക്കു വരണം, അവര്‍ പറഞ്ഞു. വരാം, ഖാസി സമ്മതിച്ചു. 
കോഴിക്കോട്ടെ കോടതിയില്‍ ഖാസിയെ ഹാജരാക്കി. ഖാസിയുടെ വ്യക്തിത്വവും മഹത്വവും കണക്കിലെടുത്ത കോടതി അദ്ദേഹത്തെ ആദരിച്ചു. പ്രത്യേകം കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചു. എങ്ങനെയെങ്കിലും ശിക്ഷ ഇളവു ചെയ്യണമെന്ന് ഉദ്ദേശിച്ച് കോടതിയധികൃതര്‍ പറഞ്ഞു: 'നിങ്ങള്‍ പോലീസുകാരെ അടിച്ചിട്ടില്ലെന്നു പറയൂ; ഇതു പലതവണ ഉപദേശിച്ചു നോക്കി. ഖാസി സമ്മതിച്ചില്ല. അദ്ദേഹം കുറ്റം സമ്മതിച്ചു. ശിക്ഷ സ്വീകരിക്കാനും തയ്യാറായി. കോടതിയില്‍ ഉറക്കെ പ്രഖ്യാപനവും നടത്തി. ' ഞാന്‍ അടിച്ചിട്ടുണ്ട്. ബോധപൂര്‍വമാണ് അടിച്ചത്'
ഇതോടെ ജഡ്ജി അസ്വസ്ഥനായി. ''ഇനി എനിക്ക് താങ്കളെ ശിക്ഷിക്കാതിരുന്നുകൂടാ. നിങ്ങളെ ശിക്ഷിക്കാതിരുന്നാല്‍ ഞാന്‍ കുറ്റക്കാരനാകും. അതുകൊണ്ട് ജയിലില്‍ ഏതാനും ദിവസം സന്തോഷപൂര്‍വം കഴിയുക'' ജഡ്ജി വിധി പ്രസ്താവിച്ചു.
ഉമര്‍ഖാസി ജയിലിലായി. ജയിലിലടക്കപ്പെടാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥന്‍ അധികം താമസിയാതെ കൊല്ലപ്പെട്ടു. 

ജയിലറകളില്‍ കഴിഞ്ഞുകൂടേണ്ടിവന്നതില്‍ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നില്ല. പക്ഷേ പള്ളിയും ദീനീപ്രവര്‍ത്തവുമൊക്കെയോര്‍ത്തപ്പോള്‍ പ്രയാസവും തോന്നി. 
ജയിലഴിക്കുള്ളില്‍ താനനുഭവിക്കുന്ന പ്രയാസങ്ങള്‍ ആത്മീയ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്കെഴുതിയ കവിതയില്‍ അദ്ദേഹം വിസ്തരിച്ചിട്ടുണ്ട്.
സര്‍വവിജ്ഞാന ശാഖകളിലും അവഗാഹം നേടിയിരുന്ന ഉമര്‍ഖാസി സമകാലിക മുസ്‌ലിം സമൂഹത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു. നിരവധി പ്രശ്‌നങ്ങളുമായി മുമ്പിലെത്തുന്ന ആയിരങ്ങള്‍ക്കാണ് അദ്ദേഹം ആശ്വാസമായത്. ആരുടെ മുന്നിലും തന്റെ ആദര്‍ശം തുറന്നു പറയാനും വാദം സമര്‍ഥിക്കാനും ധൈര്യവും ത്രാണിയുമുണ്ടായിരുന്നു ഉമര്‍ഖാസിക്ക്. 
മികച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഉദാത്തമായ രചനാ വൈഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ഗ്രന്ഥങ്ങള്‍ ഗദ്യവും പദ്യവുമായും രചിച്ചിട്ടുണ്ട്.
വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച കവിതകള്‍ അറബി സാഹിത്യത്തില്‍ മികച്ച സ്ഥാനം നേടിയവയാണ്. അസാധാരണ രചനാ വൈഭവമാണ് പലപ്പോഴും ഉമര്‍ഖാസിയുടെ കവിതകളില്‍ സാഹിത്യ നിരൂപകന്മാര്‍ക്ക് കാണാന്‍ സാധിക്കുക.
കവിതകളധികവും പ്രവാചകസ്തുതിഗീതങ്ങളാണ്. ഇത്രയധികം മദ്ഹ് കവിതകള്‍ രചിച്ച കേരളീയ പണ്ഡിതര്‍ വേറെയില്ല. അറബി മലയാളത്തിലും മറ്റും ധാരാളം കവിതകള്‍ ഉമര്‍ഖാസിയുടെതായി പ്രചാരത്തിലുണ്ട്. സാമൂഹിക ദുരാചാരങ്ങള്‍ക്കും സമൂഹത്തിന്റെ ശോച്യാവസ്ഥക്കുമെതിരായി ഇത്തരം അനേകം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ദാര്‍ശികനായ പണ്ഡിതനായിരിക്കുമ്പോഴും ഫലിതത്തിലും വിനയത്തിലും അദ്ദേഹം ഒട്ടും കുറവ് വരുത്തിയിരുന്നില്ല. ഫലിത രസം കലര്‍ന്ന അനേകം കവിതകളിലൂടെ വലിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിച്ചു. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെയും ബന്ധുമിത്രാതികള്‍ക്കിടയില്‍ വര്‍ധിക്കുന്ന ശത്രുതയെയും കുറിച്ചും എഴുതി. 

പൂര്‍വിക പണ്ഡിതരോട് അളവറ്റ സ്‌നേഹബഹുമാനങ്ങളുണ്ടായിരുന്ന അദ്ദേഹം അവരുടെ ഗ്രന്ഥങ്ങള്‍ പലതും സ്വന്തം കൈപ്പടയില്‍ പകര്‍ത്തി എഴുതിയിട്ടുണ്ട്. അമൂല്യങ്ങളായ ഈ കയ്യെഴുത്തു പ്രതികളും ഖാസിയുടെ പല രചനകളും ഇന്നു ലഭ്യമല്ല.
1852 ലാണ് ആ വീര പുരുഷന്‍ ചരിത്രത്തിലേക്ക് മടങ്ങിയത്. വെളിയങ്കോട് പള്ളിയോട് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിന്ന് വെളിയങ്കോട്. ഉമര്‍ഖാസിയെക്കുറിച്ച് പലരും വിലാപ കാവ്യങ്ങളും രചിച്ചിട്ടുണ്ട്.