31/12/10

ഭയപ്പെടുത്തുന്ന കൗമാരക്കാഴ്‌ചകള്‍


ബൈജു സി പി

ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ... കലികാലത്തെ കൗമാരങ്ങള്‍ എന്ന പുസ്‌തകം വായിച്ചു തീരുമ്പോള്‍ ഓരോ വായനക്കാരനും പറഞ്ഞു പോകും. കാരണം ഈ പുസ്‌തകം വിചാരണചെയ്യുന്നത്‌ നമ്മെ തന്നെയാണ്‌. ഈ കുളിമുറിയില്‍ നമ്മളെല്ലാവരും നഗ്നരാണ്‌.
എച്ച്‌ ഐ വി ബാധിതരുടെ അവഗണനകളുടെ നേര്‍ക്കാഴ്‌ചകള്‍ അടയാളപ്പെടുത്തി തയ്യാറാക്കിയ മുറിവേറ്റു വീണവരുടെ സാക്ഷിമൊഴികള്‍ എന്ന പുസ്‌തകത്തിനുശേഷം പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങല്‍ എഴുതിയ കലികാലത്തെ കൗമാരങ്ങള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ പ്രശസ്‌തകവി പികെ ഗോപി പറഞ്ഞ വാക്കുകളാണിത്‌.
അത്‌ വെറുതെ പറഞ്ഞതല്ലെന്നും മനസാക്ഷിയുള്ള ഓരോ മനുഷ്യനും അങ്ങനെ ചിന്തിച്ചുപോകുമെന്നുമുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കാരണം ഈ പുസ്‌തകം മുന്നോട്ടുവെക്കുന്നത്‌ സംതൃപ്‌തിയുടെ ആശയങ്ങളല്ല. ഭീതിയുടേയും ആശങ്കകളുടേയും സംഭവ പരമ്പരകളാണ്‌. അതാവട്ടെ ഭാവനയുടെ താലത്തില്‍ മുക്കി വായനക്കാരനെയങ്ങ്‌ ഞെട്ടിച്ചുകളയാം എന്ന്‌ കരുതി എഴുതപ്പെട്ടതുമല്ല.


ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണത്തില്‍ തെളിഞ്ഞ കാഴ്‌ചകളുടെ പിന്നാലെയുള്ള അന്വേഷണമാണിത്‌. വായിച്ചു തുടങ്ങുമ്പോള്‍ തന്നെ വായനക്കാരന്‍ ഞെട്ടുന്നു. മാറുന്ന കാലത്തിനൊപ്പം സമൂഹവും നമ്മുടെ കുട്ടികളും എങ്ങനെ സഞ്ചരിക്കുന്നുവെന്നത്‌ കൂടിയാണ്‌ ഇവിടെ അനാവരണം ചെയ്യുന്നത്‌. ഏതൊക്കെ അഴുക്കു ചാലുകളിലൂടെയാണ്‌ അവര്‍ നീന്തിക്കയറുന്നതെന്നും അതിലേക്കവരെ ആനയിക്കുന്നതാരെല്ലാമാണെന്നും വസ്‌തുതകള്‍ നിരത്തി പറയുകയാണിവിടെ.


ക്യാന്‍സര്‍ പുറംതൊലിയില്‍ നിന്ന്‌ ഏറെ അകലത്തിലെത്തിയിരിക്കുന്നതിനാല്‍ പിന്തിരിഞ്ഞു നടത്തം എങ്ങനെ സാധ്യമാകുമെന്ന പരിഭ്രാന്തിയും ഉയര്‍ത്തുന്നു.
വിഷയത്തോട്‌ ആത്മാര്‍ഥമായും സൂക്ഷ്‌മമായും സമീപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍. പ്രശസ്‌തരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചേര്‍ത്തുവെച്ചുകൊണ്ട്‌ തയ്യാറാക്കിയതിനാല്‍ സമഗ്രവും ആധികാരികവുമാണ്‌ ഈ പുസ്‌തകമെന്നു ഉറക്കെ പറയാനാകും. അത്‌ സാക്ഷ്യപ്പെടുത്താന്‍ അവതാരികക്കുപകരം മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, എഴുത്തുകാരായ പി സുരേന്ദ്രന്‍, ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌, മണമ്പൂര്‍ രാജന്‍ ബാബു, കാനേഷ്‌ പൂനൂര്‌ തുടങ്ങിയവരുടെ ലഘു കുറിപ്പുകളുമുണ്ട്‌.


നമ്മെ തന്നെ ഞെട്ടിച്ച ചില സംഭവങ്ങളുടെയും പിറകെയുള്ളയാത്ര അതിനേക്കാള്‍ ഭീതിതമായ ലോകത്തേക്കാണ്‌ കൂട്ടികൊണ്ടുപോകുന്നത്‌.


കൗമാരം. }ഞെരുക്കത്തിന്റേയും പിരിമുറുക്കത്തിന്റേയും ക്ഷോഭത്തിന്റെയും കാലമാണത്‌. സര്‍വതോന്‍മുഖമായ വളര്‍ച്ചയുടെ മാറ്റത്തിന്റെ ഘട്ടം. എല്ലാ കെട്ടുപാടുകളില്‍ നിന്നും ചിറകടിച്ച്‌ പറക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രായം. രക്ഷിതാക്കളുടേയും അധ്യാപകരുടേയും ശ്രദ്ധ കൂടുതല്‍ പതിയേണ്ട സമയം. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്‌കരിച്ചു തുടങ്ങുന്നത്‌ ഈ പ്രായത്തിലാണ്‌. അപ്പോഴാണ്‌ അവര്‍ക്ക്‌ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കേണ്ടത്‌. ഉത്തമവഴികാട്ടികളുടെ തുണയുണ്ടാവേണ്ടത്‌.കുട്ടികളിലെ വൈകാരിക വികസനത്തെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അവയിലെല്ലാം മനുഷ്യ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാലഘട്ടമായാണ്‌ മന:ശാസ്‌ത്രജ്ഞര്‍ കൗമാരത്തെ കാണുന്നത്‌.


എന്നാല്‍ നമ്മുടെ സമൂഹത്തിലെ പലകുട്ടികള്‍ക്കും ഈ പ്രായത്തില്‍ വേണ്ടത്ര ശ്രദ്ധയോ പരിചരണമോ ലഭിക്കുന്നില്ല. അതു തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. ഇതുമൂലമാണ്‌ പല കുട്ടികളും അപഥസഞ്ചാരങ്ങളിലേക്ക്‌ വഴിനടക്കുന്നതെന്നും കണക്കുകളുടേയും അനുഭവ സാക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുകയാണ്‌ ഹംസ ആലുങ്ങല്‍.


അഞ്ചു വയസ്സുകാരിയെ പതിമൂന്നുകാരന്‍ ലൈംഗിക പീഡനത്തിരയാക്കി കൊല്ലുന്നു. ഏഴുവയസ്സുകാരി പതിനഞ്ചുകാരന്റെ ഇര. പതിമൂന്നുകാരി പിഴച്ചുപെറ്റെന്ന്‌ മറ്റൊരിടത്ത്‌ വാര്‍ത്ത. ഏഴാം ക്ലാസുകാര്‍ കലാലയ മുറ്റത്ത്‌ നിന്നെ നുണയുന്ന ലഹരിയുടെ പാഠങ്ങള്‍. അവിഹിത അമ്മമാരും അവരുടെകുഞ്ഞുങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഇത്തരത്തില്‍ മലയാളികളുടെ വീട്ടകങ്ങളില്‍ നിന്ന്‌ പുറത്തുവരുന്ന കൗമാരക്കാഴ്‌ചകളെയെല്ലാം ഇവിടെ വിചാരണ ചെയ്യുന്നു. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്‌ത്‌ പ്രതിവിധി നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്‌ ഈ പുസ്‌തകം.


നിയമം എല്ലാ തരത്തിലുമുള്ള പരിരക്ഷയും കുട്ടികള്‍ക്ക്‌ ഉറപ്പ്‌ വരുത്തുന്നുണ്ട്‌. അപ്പോഴും അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഏതുകാലത്തും അത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എവിടെയും ഇളം മനസ്സുകള്‍ അപമാനിക്കപ്പെടുന്നു. ബസ്‌ യാത്രയില്‍, ക്ലാസ്‌ മുറിയില്‍, വീട്ടില്‍, കണ്ണുതെറ്റിയാല്‍ പീഡിപ്പിക്കപ്പെടുന്നു.

 ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമേയില്ല. കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ മാത്രമല്ല കുട്ടികള്‍ പ്രതികളായി തീരുന്ന സംഭവങ്ങളുടെ വര്‍ധനവിനെക്കുറിച്ചും പുസ്‌തകം ആശങ്കയുടെ ചോദ്യങ്ങളെറിയുന്നു. അതിന്റെ പുതിയ കണക്കുകളും എണ്ണിപ്പറയുന്നുണ്ട്‌.

ഈ പുസ്‌തകം പങ്കുവെക്കുന്ന ആശങ്കകള്‍ സത്യമാണെന്ന്‌ വാര്‍ത്താ മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. കാരണം ഇന്ന്‌ പല കുറ്റകൃത്യങ്ങളിലും അവരുടെ മുഖങ്ങള്‍ കാണുന്നു. പഠനത്തിനിടെ കവര്‍ച്ചാ സംഘങ്ങളായി അവര്‍ വളരുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ പഠനത്തിന്‌ പോകുന്നതിനിടെ മയക്കു മരുന്ന്‌ മാഫിയകളുടെ ഇടനിലക്കാരായി മാറുന്നു. ഇങ്ങനെയുള്ള പല അപഥ സഞ്ചാരത്തിലും സമൂഹത്തിനും രക്ഷിതാക്കള്‍ക്കുമുള്ള പങ്ക്‌ എത്രത്തോളമാണെന്നും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു.


ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ പട്ടികടിച്ചും ഉറുമ്പരിച്ചും മരണപ്പെടുകയോ രക്ഷപ്പെട്ടാല്‍ തന്നെ ഗുരുതരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയില്ലാതാക്കാന്‍ നടപ്പാക്കിയ അമ്മത്തൊട്ടിലുകളിലെത്തുന്ന കുഞ്ഞുങ്ങളുടെ ജാതിയും ജാതകവും ഹംസ പരിശോധിക്കുന്നുണ്ട്‌. അത്‌ വ്യക്തമാക്കുന്ന വിവരങ്ങളും നമ്മെ ഞെട്ടിക്കുന്നതാണ്‌. അവിഹിത അമ്മമാര്‍ക്ക്‌ ചില സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ ശരണാലയങ്ങളിലെ കഥകളും നമ്മോട്‌ പറയുന്ന കഥകള്‍ സദാചാര നിരതരായ മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്‌.
ഭയപ്പെടുത്തുന്ന കൗമാരക്കാഴ്‌ചകളില്‍ സര്‍ക്കാറിനേയും നിയമങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്‌ ഹംസ. ആത്മഹത്യ ചെയ്യുന്ന കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളും വീടുവിട്ടോടുന്നവരുടെ പ്രതിസന്ധികളും തൊഴിലിടങ്ങളില്‍ ജീവിതഭാരം ചുമക്കാന്‍ നിര്‍ബന്ധിതരായ കുഞ്ഞുങ്ങളുടെ ദുരവസ്ഥകളും ലഹരി പതയുന്ന ഗ്രാമങ്ങളെക്കുറിച്ചും എല്ലാം ഇവിടെ ചര്‍ച്ചക്കു വരുന്നു.


എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും കുടുംബമെന്ന പവിത്രവും പാവനവുമായ മഹത്തായ പൈതൃകത്തിന്റെ തകര്‍ച്ചയില്‍ നിന്നുടലെടുത്തതാണെന്നും സമര്‍ഥിക്കുന്നുണ്ട്‌. സംസ്ഥാനശിശു ക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്‌കാരങ്ങള്‍ കൂടി ലഭിച്ച ഈ പുസ്‌തകം തീര്‍ച്ചയായും കുട്ടികളെ സ്‌നേഹിക്കുന്ന, കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്‌.

കലികാലത്തെ കൗമാരങ്ങള്‍
ഹംസ ആലുങ്ങല്‍
നളന്ദ പബ്ലിക്കേഷന്‍സ്‌ തൃശൂര്‍
76 പേജ്‌,
വില 50 രൂപ 

27/12/10

ധീരത പെറ്റുപോറ്റിയ മകന്‍ (സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ- രണ്ട്‌ )

സഖാവ് കുഞ്ഞാലിയുടെ ഭാര്യ സൈനബയും മകള്‍ സറീനയും

കുഞ്ഞാലിയെ അധ്യാപകര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമുണ്ടായിരുന്നു ആ മികവ്‌. മറ്റു കുട്ടികളെയൊക്കെ വളരെ പിന്നിലാക്കിയിരുന്ന ബുദ്ധി സാമര്‍ത്ഥ്യം. അവനൊരു ചുണക്കുട്ടിയാണെന്നായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായം. എന്ത്‌ വന്നാലും അവനെ തുടര്‍ന്ന്‌ പഠിപ്പിക്കണമെന്നും ഹെഡ്‌മാസ്റ്റര്‍ ആയിഷുമ്മയെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. 


എല്ലാം കേള്‍ക്കുമ്പോള്‍ അയിഷുമ്മക്ക്‌ അഭിമാനം തോന്നും. ഒന്നും അവര്‍ക്കു അറിഞ്ഞ്‌ കൂടാത്തതല്ല. മകനെ പഠിപ്പിക്കാന്‍ താത്‌പര്യമില്ലാഞ്ഞിട്ടുമല്ല. ആരെക്കാളും ആഗ്രഹിച്ചിരുന്നു ആ ഉമ്മ. മകന്‌്‌ നല്ല ഭാവിയുണ്ടെന്നും പലരും പറയുമായിരുന്നു. സ്വന്തം മകന്‌ വലിയൊരു ഭാവിയുണ്ടായി കാണാന്‍ ആഗ്രഹിക്കാത്തത്‌ ഏത്‌ ഉമ്മയാണ്‌?


പക്ഷെ എന്ത്‌ ചെയ്യും?. എങ്ങനെ പഠിപ്പിക്കും? പഠന ചെലവ്‌, വീട്ടുചെലവ്‌ എല്ലാത്തിനും കൂടി ആരോട്‌ ചോദിക്കും? അത്‌ മാത്രവുമല്ല, ഇനി ഹൈസ്‌കൂളിലാണത്രെ തുടര്‍ന്ന്‌ പഠിപ്പിക്കേണ്ടത്‌. ഹൈസ്‌കൂള്‍ ദൂരെയാണ്‌. മലപ്പുറത്തെത്തണം. കൊണ്ടോട്ടിയില്‍ നിന്നും ദിവസവും മലപ്പുറത്തേക്ക്‌ നടന്നു പോകേണ്ടി വരും. ചെറിയ ദൂരമല്ല അത്‌. അതിനൊക്കെ ആവുമോ കുഞ്ഞാലിക്ക്‌..?


നടന്നു പോകാന്‍ കുഞ്ഞാലി തയ്യാറായിരുന്നു. അവന്‍ മാത്രമല്ല, കൊണ്ടോട്ടിയില്‍ നിന്നും വേറെയും കുറെ കുട്ടികള്‍ മലപ്പുറം ഹൈസ്‌കൂളില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്‌. അവരൊക്കെ നടന്ന്‌ തന്നെയാണ്‌ പോവുക. അവര്‍ക്കൊക്കെ വീട്ടില്‍ ബാപ്പമാരുണ്ട്‌. സാമ്പത്തിക ഭദ്രതയുണ്ട്‌. സഹായിക്കാന്‍ ആളുണ്ട്‌. പക്ഷെ കുഞ്ഞാലിയുടെ കാര്യം അതാണോ? തീരുമാനിക്കാന്‍ വേഗമുണ്ട്‌. പക്ഷെ അത്‌ നടപ്പില്‍ വരുത്തണമെങ്കില്‍.....
ആയിഷുമ്മ തന്റെ ധര്‍മ സങ്കടങ്ങള്‍ പലരോടും പറഞ്ഞു.കുഞ്ഞാലിയുടെ വീട്ടിലെ സ്ഥിതി ബീഡി കമ്പനിയിലെ തൊഴിലാളികള്‍ക്കും അറിയാമായിരുന്നു. അവരത്‌ അവന്റെ അഭാവത്തിലും അല്ലാതെയും ചര്‍ച്ച ചെയ്യാറുണ്ട്‌. അവനോടവര്‍ക്ക്‌ സഹതാപമുണ്ട്‌. സഹായിക്കണമെന്ന അതിയായ ആഗ്രഹവുമുണ്ട്‌. പക്ഷെ അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്‌ടപ്പെടുന്ന തൊഴിലാളികളാണ്‌. അവരങ്ങനെ?


അവസാനം വിഷയം കമ്പനിയിലെ പാണാളി സൈതാലിക്കുട്ടിയുടെ ശ്രദ്ധയിലുമെത്തി. കുഞ്ഞാലിയുടെ ബുദ്ധി വൈഭവത്തില്‍ അഭിമാനം തോന്നിയിട്ടുള്ളയാളാണ്‌ സൈതാലിക്കുട്ടി. പലപ്പോഴും അയാളവനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.


ആത്മാര്‍ഥതയും ആത്മവിശ്വാസവും വേണ്ടുവോളമുള്ള ഒരു പയ്യനാണവന്‍. അവന്റെ ജീവിതം ഈ ബീഡികമ്പനിയില്‍ തളച്ചിടാനുള്ളതല്ല. അങ്ങനെ ആവുകയുമരുത്‌. അയാള്‍ അവനെ സഹായിക്കാമെന്നേറ്റു. അതോടെ മുടങ്ങി എന്ന്‌ കരുതിയിരുന്ന കുഞ്ഞാലിയുടെ ഹൈസ്‌കൂള്‍ പഠനത്തിനു മുമ്പില്‍ പുതിയ വഴി തുറന്നു.


കുഞ്ഞാലി സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഉമ്മ പടച്ച റബ്ബിനെ സ്‌തുതിച്ചു. അങ്ങനെ മലപ്പുറം ഹൈസ്‌കൂളിലേക്ക്‌ നിത്യവും കാല്‍നടയായി കൊണ്ടോട്ടിയില്‍ നിന്നും പുറപ്പെട്ടിരുന്നവരുടെ സംഘത്തില്‍ കുഞ്ഞാലിയും അംഗമായി. സ്‌കൂള്‍ വിട്ടാല്‍ തിരിച്ചും ആ യാത്ര തുടര്‍ന്നു. ധാരാളം പേരുണ്ടായിരുന്നു അവര്‍. ആ കാല്‍നടയാത്രയെ അവരൊരു ആഘോഷമാക്കി മാറ്റി എടുത്തു.
സി ഒ ടി കുഞ്ഞിപക്കി സാഹിബ്‌. അദ്ദേഹമായിരുന്നു അന്ന്‌ ഹൈസ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍. വലിയ കണിശക്കാരന്‍. പല വിദ്യാര്‍ത്ഥികളുടേയും പേടിസ്വപ്‌നം. അങ്ങനെയുള്ള ഹെഡ്‌മാസ്റ്ററെ പോലും കുഞ്ഞാലി കുറഞ്ഞ കാലം കൊണ്ട്‌ കയ്യിലെടുത്തു. മറ്റു അധ്യാപകര്‍ക്കിടയിലും ഒന്നാമനായി. പഠനത്തില്‍ കൊണ്ടോട്ടി സ്‌കൂളിലുണ്ടായിരുന്ന മേധാവിത്വം അവിടെയും തുടര്‍ന്നു. പാഠ്യേതര വിഷയങ്ങളിലും ആ മികവു പുലര്‍ത്തിയപ്പോള്‍ അധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കും പ്രിയങ്കരനായി.


പഠനത്തിലും കളിയിലും മാത്രമായിരുന്നില്ല ആ മേധാവിത്വം. മുന്‍കോപത്തിലും എടുത്തുചാട്ടത്തിലും കുസൃതി തരത്തിലുമുണ്ടായിരുന്നു. ക്ലാസിലും കണ്‍മുമ്പിലും കണ്ടിരുന്ന കൊള്ളരുതായ്‌മകള്‍ക്കെതിരെ പൊരുതാനും പൊട്ടിത്തെറിക്കാനും കുഞ്ഞാലി മുന്‍പന്തിയില്‍ നിന്നു. പ്രശ്‌നം എന്ത്‌ എന്നതായിരുന്നില്ല, അത്‌ പൂര്‍ത്തീകരിക്കുംവരെയുണ്ടാകുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള കരളുറപ്പ്‌, അതായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്നത്‌?
കൂട്ടുകാര്‍ക്കെല്ലാം കുഞ്ഞാലി ഒരാവേശമായി. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കുന്നതിലെ മധ്യസ്ഥനായി. പല കുട്ടികള്‍ക്കും ആ കുട്ടിക്കുറുമ്പന്‍ ആശ്വാസവും ചിലര്‍ക്ക്‌ പേടി സ്വപ്‌നമായി.


പാഠപുസ്‌തകങ്ങള്‍ മാത്രമായിരുന്നില്ല. മറ്റു പുസ്‌തകങ്ങളും കുഞ്ഞാലി വായിച്ചു കൂട്ടി. പത്രവായന മുടങ്ങാതെ തുടര്‍ന്നു. പഠനകാലത്ത്‌ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടായിരുന്നു ആഭിമുഖ്യം. അതു വളര്‍ന്നു വികസിച്ചു. കാലത്തിന്റെ സ്‌പന്ദനമറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള ആര്‍ജവവും കുഞ്ഞാലി നേടിയെടുത്തു. ചരിത്രം വായിച്ചു. കാലത്തിന്റെ ചുവരെഴുത്തുകളും പഠിച്ചു.


1939 സെപ്‌തംമ്പറില്‍ രാജ്യത്തേക്ക്‌ വലിയൊരു പ്രതിസന്ധിയുടെ വാതില്‍ തുറന്നിട്ട്‌ രണ്ടാം ലോക മഹായുദ്ധത്തിന്റെ മണിനാദം മുഴങ്ങി. സാമ്രാജ്യത്വ ശക്തികളുടെ കിടമത്സരങ്ങളായിട്ടായിരുന്നു അതിന്റെ സമാരംഭം. അതിനെ വിമര്‍ശിച്ചും യുദ്ധഫണ്ട്‌ പിരിവിനെതിരേയും വിലക്കയറ്റത്തിനെതിെരയും പ്രക്ഷോഭം സംഘടിപ്പിച്ചു. എന്നാല്‍ ജര്‍മനി സോവിയറ്റ്‌ യൂണിയനെ കൂടി ആക്രമിക്കപ്പെട്ടതോടെ അതൊരു ജനകീയ യുദ്ധമായി മാറി. സഖ്യശക്തികളുടെ വിജയം സുനിശ്ചിതമാക്കുക എന്നത്‌ ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ബാധ്യതയായി.


ഇരകളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരുടെ വിജയം ഉറപ്പു വരുത്തുവാനും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു. തന്നെയുമല്ല. കാര്‍ഷിക മേഖലയുടെ മുതുകൊടിഞ്ഞ്‌ കിടന്നിരുന്ന ഒരു കാലമായിരുന്നുവത്‌. തൊഴിലില്ലായ്‌മയില്‍ കിടന്ന്‌ നരകിക്കുകയായിരുന്നു യുവ തലമുറ. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നു അവര്‍. പക്ഷെ യോഗ്യമായ തൊഴിലെവിടെ..?


അത്തരമൊരു പരിതസ്ഥിതിയില്‍ അല്‍പം സാഹസിക സ്വഭാവമുള്ളവര്‍ക്കു മുമ്പിലെത്തിയ അസുലഭാവസരമായിരുന്നു സൈനിക സേവനത്തിന്‌ ചേരുക എന്നത.്‌ കുഞ്ഞാലി നിലകൊണ്ടിരുന്ന പ്രസ്ഥാനത്തിന്റെ ആഹ്വാനവും അതിനനുകൂലമാകുമ്പോള്‍ എങ്ങനെ തിരസ്‌കരിക്കാനാവും? ആ ആഹ്വാനം ശിരസാവഹിക്കാന്‍ കുഞ്ഞാലിയും ഒരുക്കമായി. ഹൈസ്‌കൂള്‍ പഠനത്തിന്റെ അന്ത്യനാളുകളിലായിരുന്നുവത്‌.


അതോടെ പഠനം മതിയാക്കി. കുഞ്ഞാലി സൈനിക പ്രവര്‍ത്തനത്തിന്‌ തന്നെ തന്നെ അര്‍പ്പിച്ചു. 1942ലായിരുന്നുവത്‌. ആയിഷുമ്മയെ മകന്റെ തീരുമാനം ഞെട്ടിച്ചില്ല. അവനില്‍ നിന്ന്‌ അതേ പ്രതീക്ഷിക്കാവൂ. ആ മാതാവ്‌ മകന്റെ യാത്രക്കുവേണ്ടെതെല്ലാം ഒരുക്കിക്കൊടുത്തു.അതുവരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മേലുണ്ടായിരുന്ന നിരോധനവും 1942 ജൂലൈ 22മുതല്‍ നിയമ വിധേയമായി.


വ്യോമസേനയിലായിരുന്നു കുഞ്ഞാലിക്ക്‌ പ്രവേശനം കിട്ടിയത്‌. സാഹസികരില്‍ ഏറ്റവും മിടുക്കരായവര്‍ക്ക്‌ മാത്രം നിയമനം ലഭിക്കുന്ന ഇടമായിരുന്നു അത്‌. കുഞ്ഞാലിയുടെ സ്വഭാവ ഗുണത്തിന്‌ ഇണങ്ങുന്നതുമായിരുന്നു ആ ജീവിതം. എളുപ്പത്തില്‍ വ്യോമസേനയിലെ ദിനചര്യകളുമായി കുഞ്ഞാലി ഇണങ്ങി ചേര്‍ന്നു. ഏത്‌ കൊടും തണുപ്പിലും മഞ്ഞിലും മഴയിലും രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ കുഞ്ഞാലി പടചട്ടയണിഞ്ഞു. ഏത്‌ പ്രയാസകരമായ അഭ്യാസവും മെയ്‌വഴക്കം കൊണ്ട്‌ എളുപ്പത്തില്‍ ആര്‍ജിച്ചെടുത്തു.

 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സമര്‍ഥനായ ഒരു പോരാളി ജനിക്കുകയായിരുന്നു അവിടെ.
വേറിട്ട ജീവിത രീതി, വ്യത്യസ്‌തങ്ങളായ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, പട്ടാളത്തിലായിരുന്നപ്പോള്‍ ക്യാമ്പിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി സുഹൃത്തുക്കള്‍ക്ക്‌ കുഞ്ഞാലി കത്തെഴുതി. ആഴ്‌ചയിലൊരണ്ണമെന്ന നിലയില്‍ ഉമ്മക്കും കത്തയക്കും. എന്നാല്‍ സുഹൃത്തുക്കള്‍ക്കുള്ള കത്തിലെ വെടിയൊച്ചകളും പോരാട്ട വഴികളുമൊന്നും ഉമ്മക്കുള്ള കത്തിലുണ്ടായിരുന്നില്ല.


വലിയ തന്റേടിയും ധൈര്യശാലിയുമൊക്കെയായിരുന്നുവെങ്കിലും ആയിഷുമ്മയുടെ മനസ്സില്‍ ആധിയായിരുന്നു. മകന്‍ പട്ടാളത്തില്‍ ചേര്‍ന്നതിന്‌ ശേഷം കഷ്‌ടപാടുകളൊക്കെ കുറഞ്ഞു. ദാരിദ്ര്യം പഴയതുപോലെ തലനീട്ടിയില്ല. എങ്കിലും മകനെ കാണാതിരിക്കുന്നതിലെ വിഷമം. അതിനേക്കാളുപരി യുദ്ധത്തിനിടയില്‍ കുഞ്ഞാലിക്കെന്തെങ്കിലും... എടുത്തു ചാട്ടക്കാരനല്ലെ...


ഇത്തരത്തിലുള്ള ചിന്തകള്‍ അവരെ വീര്‍പ്പു മുട്ടിച്ചു. വീട്ടില്‍ നിന്നും തിരിച്ചാല്‍ മാസങ്ങള്‍ പലത്‌ കഴിഞ്ഞാവും ഒരവധി തരപ്പെടുക. വരുന്ന വിവരത്തിന്‌ കുഞ്ഞാലി നേരത്തെ കമ്പിയടിക്കും. അന്ന്‌ ആയിഷുമ്മ രാവിലെത്തന്നെ ബസ്‌സ്റ്റോപ്പിലേക്കാണ്‌ ചെല്ലുക. മകനെ സത്‌ക്കരിക്കാനുള്ള വിഭവങ്ങളെല്ലാം നേരത്തെ ഒരുക്കി വെച്ചിട്ടുണ്ടാവും.


ബസിന്റെ ശബ്‌ദം അകലെ നിന്ന്‌ കേള്‍ക്കുമ്പോഴേ ആ ഉമ്മ വഴികണ്ണുമായി നോക്കി നില്‍ക്കും. ബസ്‌ വന്ന്‌ നിര്‍ത്തിയാല്‍ അരികിലേക്ക്‌ ഓടിച്ചെല്ലും. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പോയ മകനെ കണ്ടു കഴിയുമ്പോള്‍ ആ മാതൃഹൃദയം വിതുമ്പിപോകും. മകനെ കെട്ടിപ്പിടിച്ച്‌ പരിഭവങ്ങളുടെ കെട്ടഴിക്കും. വീട്ടിലെത്തിയാല്‍ മകനെ സത്‌ക്കരിക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
സ്‌നേഹ നിര്‍ഭരമായ അരന്തരീക്ഷവും ഉമ്മയുടെ സത്‌ക്കാരവുമൊക്കെ രണ്ടോ മൂന്നോ ദിവസങ്ങളിലപ്പുറത്തേക്കുണ്ടാവില്ല. അതോടെ ഉമ്മക്കും മകനും മുമ്പില്‍ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടാകും. ഉമ്മക്കിഷ്‌ടമില്ലാത്ത എന്തെങ്കിലും പ്രവര്‍ത്തികള്‍ കുഞ്ഞാലിയില്‍ നിന്നുണ്ടായിട്ടുണ്ടാകും. അത്ര വലിയ പ്രശ്‌നമൊന്നും ആവില്ല. പക്ഷെ അതുമതിയാവും ആയിഷുമ്മയെ ദേഷ്യം പിടിപ്പിക്കാന്‍. അതോടെ അവര്‍ പിണങ്ങും. അത്‌ മാത്രമല്ല. ചിലപ്പോള്‍ ഉമ്മ മകനെ വീട്ടിലേക്കും കയറ്റില്ല.
കുഞ്ഞാലി കിടത്തവും താമസവും പാര്‍ട്ടി ഓഫീസിലേക്ക്‌ മാറ്റും.
എല്ലാവര്‍ക്കു മുമ്പിലും ന്യായങ്ങള്‍ നിരത്തി വിജയം വരിക്കുംവരെ പോരാടി ജയിക്കാന്‍ മിടുക്കനായിരുന്ന കുഞ്ഞാലി ഉമ്മയോട്‌ മാത്രം തര്‍ക്കിക്കാന്‍ നില്‍ക്കില്ല. എത്രയൊക്കെ ചീത്ത പറഞ്ഞാലും തല്ലിയാലും മറുത്തൊന്നും പറയില്ല. എല്ലാം കേള്‍ക്കും. വീട്‌വിട്ട്‌ തത്‌ക്കാലത്തേക്ക്‌ പാര്‍ട്ടി ഓഫീസിലും മറ്റും കഴിഞ്ഞു കൂടുമ്പോഴും ഉമ്മയോട്‌ പിണങ്ങാറുമില്ല.


കാരണം കുഞ്ഞാലിക്കറിയാം ഉമ്മയെ.
അവര്‍ക്ക്‌ വേറെ ആരാണുള്ളത്‌...? തല്ലാനും തലോടാനും കോപിക്കാനും പിണങ്ങാനും.?
ആ മുന്‍കോപം. സ്‌നേഹക്കൂടുതലില്‍ നിന്നും ഉണ്ടാകുന്ന ബഹിഷ്‌കരണം. എല്ലാത്തിനും രണ്ടു ദിവസത്തെ ആയുസേയുണ്ടാവൂ.

സഖാവ് കുഞ്ഞാലിയുടെ ഭാര്യ സൈനബയും മകള്‍ സറീനയും

രണ്ടുനാള്‍ കഴിയുമ്പോള്‍ ഉമ്മ തന്നെ വിതുമ്പിക്കരഞ്ഞ്‌ കൊണ്ടാണ്‌ കുഞ്ഞാലിയുടെ മുമ്പിലെത്താറുള്ളത്‌. പിന്നെ ഒന്നും രണ്ടും പറഞ്ഞ്‌ മകനെ കൂട്ടിക്കൊണ്ടു പോകും. അങ്ങനെയൊരു അത്ഭുത ജന്മമായിരുന്നു ആയിഷുമ്മ.
ഉമ്മയുടെ പിണക്കവും ഇണക്കവും ഒക്കെ കഴിഞ്ഞ്‌ ആ അവധിക്കാലത്തിനൊടുവില്‍ കുഞ്ഞാലി പട്ടാളത്തിലേക്കു മടങ്ങി. ആയിഷുമ്മ മകനെ സങ്കടത്തോടെ യാത്രയാക്കി. പിന്നീടെപ്പോഴോ ആയിഷുമ്മ ആ വിവരമറിഞ്ഞു.
സത്യമായിരുന്നു അത്‌.
കുഞ്ഞാലിയെ പട്ടാളത്തില്‍ നിന്നും പിരിച്ച്‌ വിട്ടിരിക്കുന്നു. 

19/12/10

കൗമാരം; കണ്ണുറങ്ങുമ്പോഴും കരളുറങ്ങരുത്‌

കൗമാരം : ഉണര്‍ന്നിരിക്കേണ്ട കാലം

മനുഷ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടമായിട്ടാണ്‌ ബാല്യത്തെ മനഃശാസ്‌ത്രജ്ഞര്‍ നോക്കിക്കാണുന്നത്‌. കുട്ടിക്കാലത്ത്‌ നേടിയെടുക്കുന്നതെല്ലാം ജീവിതത്തിന്റെ ഒരു ആമുഖമാണ്‌. ബാല്യത്തിന്റെ കരുത്താണ്‌ അന്ത്യശ്വാസം വരെ മനുഷ്യന്‌ തുണയാകുന്നത്‌. സ്വഭാവരീതികളും ശീലങ്ങളും പെരുമാറ്റവുമൊക്കെ രൂപവത്‌കരിക്കപ്പെടുന്ന കാലഘട്ടമാണിത്‌. ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലിലെ പൊരുളിതാണ്‌.

മനഃശാസ്‌ത്രജ്ഞര്‍ വ്യക്തിയുടെ ജീവിതകാലത്തെ ശൈശവം, ആദ്യകാല ബാല്യം, പില്‍ക്കാല ബാല്യം, കൗമാരം, പ്രായപൂര്‍ത്തി എന്നിങ്ങനെ പല ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്‌.
മനുഷ്യജീവിതം ഗര്‍ഭധാരണം മുതല്‍ തന്നെ ആരംഭിക്കുന്നുണ്ട്‌. ഗര്‍ഭപാത്രത്തില്‍വെച്ചുള്ള ശിശുവികാസം സുപ്രധാനഘട്ടമാണ്‌. ദ്രുതഗതിയിലുള്ള വികസനമാണ്‌ ഈ കാലത്ത്‌ സംഭവിക്കുന്നത്‌. ഈ ഘട്ടത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഗര്‍ഭധാരണം തൊട്ട്‌ രണ്ടാഴ്‌ച പൂര്‍ത്തിയാകുംവരെയുള്ള ജീവസ്‌ഫുരണഘട്ടം, രണ്ടാഴ്‌ചതൊട്ട്‌ രണ്ടുമാസം പൂര്‍ത്തിയാകും വരെയുള്ള ഭ്രൂണഘട്ടം, രണ്ടു മാസം തൊട്ട്‌ ജനനം വരെയുള്ള ഗര്‍ഭസ്‌ഥ ശൈശവഘട്ടം. ഈ ഘട്ടത്തില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നതിനും ഭക്ഷണത്തിന്റെ ദഹനത്തിനും ബാഹ്യശ്വസനത്തിനും ആവശ്യമായ ശരീരതാപം നിലനിര്‍ത്തുന്നതിനും ശിശു അമ്മയെ ആശ്രയിക്കുന്നു. മാതാവിന്റെ ആരോഗ്യം, ആഹാരം, വൈകാരികാനുഭവങ്ങള്‍, ആഗ്രഹങ്ങള്‍ തുടങ്ങിയവ ശിശു വികസനത്തെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളാണ്‌.
ഗര്‍ഭപാത്രത്തില്‍നിന്ന്‌ പുറത്തുവരുന്ന ശിശുവിന്റെ പൊക്കിള്‍കൊടി മുറിക്കപ്പെടുമ്പോള്‍ കുഞ്ഞിന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള ആദ്യ വാതിലാണ്‌ തുറക്കുന്നത്‌. കുട്ടി ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നു. എന്നാല്‍ പൊരുത്തപ്പെടല്‍ അസാധ്യമാകുകയാണെങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.

കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്നുവര്‍ഷമാണ്‌ ശൈശവം. വ്യക്തിയുടെ പുരോഗതിയില്‍ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും പ്രധാനമാണ്‌. കുഞ്ഞ്‌ അമ്മയുടെ ശരീരത്തിനു പുറത്തുള്ള പുതിയ പരിസ്ഥിതിയുമായി ഈ കാലത്ത്‌ ഇടപെട്ടുതുടങ്ങുന്നു. അങ്ങനെ സ്വാശ്രയ ജീവിതത്തിനുള്ള ശേഷി കുട്ടിയില്‍ വികസിക്കുന്നു.

ജനന സമയത്ത്‌ ശിശുവിന്‌ സാധാരണ 45 മുതല്‍ 50 വരെ സെ.മി. ഉയരം ഉണ്ടായിരിക്കും. തൂക്കം ഏതാണ്ട്‌ 3 കി.ഗ്രാം ഉണ്ടാകും. പെണ്‍കുട്ടികള്‍ ഈ കാര്യങ്ങളില്‍ അല്‌പം പിറകിലായിട്ടാണ്‌ കണ്ടുവരുന്നത്‌. പുതിയ സാഹചര്യത്തില്‍ പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യത്തെ ഒരാഴ്‌ച ശിശുവിന്റെ ഭാരം കുറയുന്നത്‌ സ്വാഭാവികമാണ്‌. നാലാം മാസത്തിന്റെ അവസാനത്തോടെ ഭാരം രണ്ടു മടങ്ങായും എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ 7 മുതല്‍ 9 കിലോഗ്രാമിനൊപ്പിച്ചും ഭാരം വര്‍ദ്ധിക്കുന്നു.
ജനന സമയത്ത്‌ ശിരസ്സ്‌, കണ്ണ്‌, ചെവി, തലച്ചോറ്‌ എന്നിവയുടെ വലിപ്പം പേശികള്‍, ശ്വാസകോശം, അസ്ഥികള്‍ തുടങ്ങിയവയുടേതിനേക്കാള്‍ കൂടുതലായിരിക്കും. എല്ലാ അവയവങ്ങളും പിന്നീട്‌ ഒരേ നിരയില്‍ വളരാത്തത്‌ ഈ കാരണം കൊണ്ടാണ്‌. മൊത്തം ശരീരത്തിന്റെ നാലിലൊന്നായിരിക്കും ജനന സമയത്ത്‌ കുഞ്ഞിന്റെ തലയുടെ വലിപ്പം. തലച്ചോറിന്‌ പെട്ടെന്നു വികസിച്ച്‌ പക്വത കൈവരിക്കാന്‍ സാധിക്കുന്നതുകൊണ്ടാണിത്‌. കൗമാരത്തിന്റെ അവസാനത്തോടെ ശിരസ്സിന്റെ വലിപ്പം ശരീരത്തിന്റെ എട്ടിലൊന്നായി ചുരുങ്ങുന്നു.

ശിശുവിന്റെ ഇന്ദ്രിയങ്ങളുടെ ഘടനയും ധര്‍മവും വികസിക്കുന്നുണ്ട്‌. ശൈശവത്തിന്റെ അവസാനത്തോടെ മുതിര്‍ന്നവരെപോലെ കാണുക, കേള്‍ക്കുക, സ്‌പര്‍ശിക്കുക, രുചിക്കുക, മണക്കുക എന്നീ ധര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവുകള്‍ ഉണ്ടാകുന്നു.
ജനന സമയത്തെ കരച്ചിലാണ്‌ ഭാഷാവികസനത്തിന്റെ തുടക്കം. കുഞ്ഞ്‌ ഒരു വയസ്സാകുമ്പോഴേക്ക്‌ ഏതാണ്ട്‌ മൂന്നു വാക്കുകളും രണ്ടുവയസ്സില്‍ 300 വാക്കുകളും പദസമ്പത്തായി നേടുന്നു. ഇത്‌ മൂന്നാം വയസ്സില്‍ 1000വും അഞ്ചാം വയസ്സില്‍ 2000 ആയും വളരുന്നു. എട്ട്‌ ഒമ്പത്‌ മാസങ്ങളില്‍ കേട്ട ശബ്‌ദങ്ങള്‍ ആവര്‍ത്തിച്ച്‌ മറ്റുള്ളവരുടെ സംഭാഷണം അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

കുട്ടികളിലെ വൈകാരിക വികസനത്തെപറ്റി പഠനം നടത്തിയ മനഃശ്ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്‌ നവജാത ശിശുക്കളില്‍ ഒരുതരം ഇളക്കം മാത്രമാണുള്ളത്‌ എന്നാണ്‌. പിന്നീട്‌ അസ്വാസ്ഥ്യമോ ഉല്ലാസമോ ആയി വികസിക്കുന്നു. ശൈശവകാലത്തെ വികാരങ്ങള്‍ക്ക്‌ ചില പ്രധാന സവിശേഷതകള്‍ ഉണ്ട്‌. ഒന്നാമതായി വികാരം ഉണര്‍ത്തുന്ന സാഹചര്യം നിസ്സാരമായാല്‍ പോലും ശിശുക്കളുടെ വികാരങ്ങള്‍ തീവ്രമായിരിക്കും. അവരുടെ വികാരങ്ങള്‍ അല്‌പസമയത്തേക്ക്‌ മാത്രമേ നിലനില്‌ക്കുകയുള്ളു. കോപത്തില്‍നിന്ന്‌ പുഞ്ചിരിയിലേക്കും പുഞ്ചിരിയില്‍നിന്ന്‌ കണ്ണീരിലേക്കും മാറാന്‍ കുട്ടികള്‍ക്ക്‌ അധികസമയം ആവശ്യമില്ല. വികാരങ്ങള്‍ മാറിമാറിവരുന്നു. കൂടാതെ വികാരപ്രകടനം പ്രായമായവരുടേതില്‍നിന്നും കൂടുതലായിരിക്കും. ഒളിച്ചുവയ്‌ക്കാനുള്ള കഴിവില്ലാത്തതിനാല്‍ അവരുടെ വികാരങ്ങള്‍ നിരീക്ഷിക്കുവാന്‍ എളുപ്പമാണ്‌.


രണ്ടുമാസം തികയുമ്പോള്‍ തന്നെ കുഞ്ഞ്‌ അമ്മയെ വ്യക്തമായി തിരിച്ചറിയുന്നു. അഞ്ചോ ആറോ മാസമാവുമ്പോള്‍ പുഞ്ചിരിയോടും ശകാരത്തോടും വ്യത്യസ്ഥരീതിയില്‍ പ്രതികരിക്കുന്നു. അപരിചിതരോട്‌ പ്രതികൂലഭാവത്തില്‍ പെരുമാറുന്നു. പന്ത്രണ്ടുമാസമാകുമ്പോഴേക്കും `അരുത്‌' എന്നു പറഞ്ഞാല്‍ പിന്‍മാറാന്‍ കുട്ടി പഠിക്കുന്നു. പതിനെട്ടു മാസമാകുമ്പോഴേക്കും മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി നിക്ഷേധാത്മക വ്യവഹാരം പ്രകടിപ്പിക്കുന്നു.

കുഞ്ഞിന്‌ ശൈശവ ദശയില്‍ അമ്മയുടെ സഹായം അത്യാവശ്യമാണ്‌. അമ്മയാണ്‌ കുഞ്ഞിന്റെ ആദ്യവിദ്യാലയം. പഠനം തുടങ്ങുന്നത്‌ അമ്മയില്‍നിന്നാണ്‌. സഹോദരങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലാണ്‌.

മൂന്ന്‌ മാസത്തിനുശേഷം കുട്ടി ആദ്യകാല ബാല്യത്തിലേക്ക്‌ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തില്‍ ഏറിയ സമയവും കളിപ്പാട്ടങ്ങളോടൊപ്പം ചെലവഴിക്കാനാവും. പിടിവാശിയും ശാഠ്യവും ഈ പ്രായത്തില്‍ കുട്ടികളില്‍ കൂടുതലായിരിക്കും. പദങ്ങള്‍ കൂടിച്ചേര്‍ന്ന്‌ അര്‍ത്ഥമുള്ള വാചകങ്ങള്‍ പറയാന്‍ കുട്ടിക്ക്‌ കഴിയുന്നു. സംഘങ്ങളില്‍ കൂട്ടുചേരുന്നതിന്‌ കുട്ടിയെ സഹായിക്കുന്നത്‌ ഈ കാലഘട്ടത്തില്‍ നേടുന്ന അനുഭവങ്ങളാണ്‌. അതുകൊണ്ട്‌ ഈ ഘട്ടത്തെ സംഘബന്ധപൂര്‍വ്വകാലം എന്നും അറിയപ്പെടുന്നുണ്ട്‌. ശാരീരികമായും മാനസികമായും നൂതന അറിവുകളും കഴിവുകളും ഈ പ്രായത്തില്‍ കുട്ടി നേടിയെടുക്കുന്നു.

നീണ്ടു നില്‍ക്കുന്ന കളിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഇഴയുക, നടക്കുക, ചാടുക, കയറുക, ചവിട്ടുക, പിടിക്കുക, എറിയുക തുടങ്ങിയ കായിക നൈപുണികള്‍ കുട്ടി ആര്‍ജ്ജിക്കുന്നു. ഒട്ടേറെ അറിവുകള്‍ നേടുന്ന ഒരു സമയമാണിത്‌. കളികളിലൂടെ കുട്ടികള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കുന്നുണ്ട്‌. എഴുത്തിന്റെയും വായനയുടെയും ബാലപാഠങ്ങള്‍ ഈ പ്രായത്തില്‍ കുട്ടി അഭ്യസിക്കുന്നു. ലജ്ജ, ഉത്‌കണ്‌ഠ, ഈര്‍ഷ്യ, പ്രതീക്ഷ, നിരാശ, പ്രിയം എന്നീ വൈകാരിക ഭാവങ്ങള്‍ വേറിട്ട്‌ വികസിക്കുന്നു. മാതാപിതാക്കളുടെ ആശ്രയത്വം കുറച്ചൊക്കെ ഈ പ്രായത്തില്‍ കുറവായിരിക്കും. കുടുംബം, അയല്‍വാസികള്‍, ടി.വി, ബന്ധുക്കള്‍ തുടങ്ങിയവ വ്യക്തിത്വത്തില്‍ നിര്‍ണായക സ്വാധീനം ഈ കാലത്തില്‍ നടത്തുന്നുണ്ട്‌.

പില്‍ക്കാല ബാല്യത്തെ സംഘബന്ധങ്ങളുടെ കാലം എന്നാണ്‌ വിളിക്കുന്നത്‌. മറ്റു കുട്ടികളുമായി സമ്പര്‍ക്കത്തിലാകുന്നതും വിദ്യാലയ ജീവിതം അനുഭവിക്കുന്നതും ഈ ഘട്ടത്തോടെയാണ്‌. സംഘം ചേര്‍ന്നുള്ള കളികളാണ്‌ ഈ പ്രായത്തില്‍ കുട്ടികള്‍ക്ക്‌ ഇഷ്‌ടം. സാമൂഹിക നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരണമായി പ്രവര്‍ത്തിക്കാനും കുട്ടി ശ്രമിക്കുന്നു. സമപ്രായക്കാരുടെ സംഘത്തില്‍ ചേരുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്വന്തം ലിംഗത്തില്‍പെട്ടവരുമായി മാത്രം സൗഹൃദം കൂടുന്ന സ്വഭാവക്കാരാണ്‌ ഈ പ്രായത്തിലധികവും. ഈ സമയങ്ങളില്‍ കുട്ടിയില്‍ സ്ഥിരദന്തങ്ങള്‍ ഉണ്ടാകുന്നു. അസ്ഥികള്‍ ശക്തമാകുന്നു. തൂക്കവും പൊക്കവും വര്‍ദ്ധിക്കുന്നു.

 നെഞ്ചുവിരിയുകയും, മൂക്ക്‌ നീണ്ടുകൂര്‍ത്ത്‌ വളരുകയും ചെയ്യുന്നു. നിരീക്ഷണം, ശ്രദ്ധ, യുക്തിചിന്തനം, ആത്മവിശ്വാസം, സംഘബോധം, അച്ചടക്കബോധം, ലക്ഷ്യബോധം കൂട്ടുത്തരവാദിത്വബോധം, സഹാനുഭൂതി തുടങ്ങിയവ കൂടുതല്‍ വളരുന്നത്‌ ഈ പ്രായത്തിലാണ്‌. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഷ, വേഷം പെരുമാറ്റങ്ങള്‍ വൈകല്യങ്ങള്‍ തുടങ്ങിയവ കുട്ടിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ കുട്ടി പഠിക്കുന്നുണ്ട്‌. ഈ കാലഘട്ടത്തില്‍ സാങ്കല്‌പിക കാര്യങ്ങളെ പറ്റിയുള്ള ഭയം ഇവരില്‍ കൂടുതലായിരിക്കും.

ജീവിതത്തിന്റെ വസന്തമായി കാണപ്പെടുന്ന കൗമാരം വ്യക്തിയില്‍ കായികവും, ജൈവശാസ്‌ത്രപരവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും അരക്ഷിതത്വബോധത്തിന്റെയും കാലഘട്ടമാണിത്‌. 12 വയസ്സു മുതല്‍ 14 വയസ്സു വരെ ആദ്യകാല കൗമാരഘട്ടമെന്നും 15 മുതല്‍ 19 വയസ്സു വരെ പില്‍ക്കാല കൗമാരഘട്ടം എന്നും അറിയപ്പെടുന്നു.

കൗമാരം ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്‌പര്‍ദ്ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമെന്നും താല്‌ക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമെന്നും നിരവധി പേരുകളില്‍ അറിയപ്പെടുന്നു.
കൗമാരപ്രായക്കാരുടെ ശാരീരക വികസനം അതിവേഗത്തിലാണ്‌. തൂക്കത്തിലും പൊക്കത്തിലും ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നു. കൈകാലുകള്‍ക്ക്‌ അന്തിമദൈര്‍ഘ്യം കൈവരുന്നു. അസ്ഥികളുടെയും പേശികളുടെയും വിലിപ്പം പരമാവധി വികസനം നേടുന്നതും മിക്ക ഗ്രന്ഥികളും പരമാവധി സജീവമാകുന്നതും ഈ ഘട്ടത്തിലാണ്‌. മുഖത്ത്‌ രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതും, ശബ്‌ദത്തില്‍ മാറ്റമുണ്ടാകുന്നതും ഈ കാലത്താണ്‌. ആണ്‍കുട്ടികളുടെ ശബ്‌ദം മുഴക്കമുള്ളതും പരുക്കനുമാവുന്നു പെണ്‍കുട്ടികളുടേത്‌ സൗമ്യവും മധുരമുള്ളതുമായിമാറുന്നു. ആണ്‍കുട്ടികള്‍ക്ക്‌ മീശയും താടിയും നെഞ്ചിലും കൈകാലുകളിലും രോവും വന്നു തുടങ്ങുന്നു. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കക്ഷങ്ങളിലും ജനനേന്ദ്രിയഭാഗങ്ങളിലും രോമം പ്രത്യക്ഷമാകുന്നു. പെണ്‍കുട്ടികളുടെ നിതംബങ്ങള്‍ തടിക്കുകയും മാറിടങ്ങള്‍ വളരുകയും ചെയ്യുന്നു. ഇടുപ്പെല്ലുകള്‍ പരക്കുന്നു. ആണ്‍കുട്ടികളില്‍ ജനനേന്ദ്രിയങ്ങള്‍ വലുതാകുന്നു. പ്രജനനശേഷി കൈവരിക്കുന്ന കാലമാവുമാണിത്‌. പെണ്‍കുട്ടികളില്‍ ആര്‍ത്തവവും, ആണ്‍കുട്ടികളില്‍ ശുക്ലവിസര്‍ജ്ജനവും ഉണ്ടാകുന്നത്‌ ഈ കാലഘട്ടത്തിലാണ്‌.

മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ തോന്നുന്നത്‌ കൗമാരസ്വഭാവമാണ്‌. തീക്‌ഷണമായ വൈകാരിക ജീവിതം പുലര്‍ത്തുന്നവര്‍ക്ക്‌ എതിര്‍ലിംഗത്തിലെ അംഗങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസം ഉണ്ടാകുന്നു. വൈകാരിക വികസനം അതിന്റെ അന്തിമ രൂപം കൈവരിക്കുന്നതും കൗമാരകാലത്താണ്‌. ഉത്‌കണ്‌ഠ, സ്‌നേഹം, ഭയം, കോപം തുടങ്ങിയ വികാരങ്ങളുടെ തീവ്രതമൂലം ഈ ഘട്ടം വേറിട്ടുനില്‌ക്കുന്നു. വികാരപ്രകടനത്തില്‍ ഇവര്‍ സ്ഥിരസ്വഭാവം പുലര്‍ത്താറില്ല. ആവേശഭരിതരായും അല്ലാതായും ഇവരെ കാണാം. വിനയം, മര്യാദ, നിഷേധപ്രവണത അനുസരണക്കേട്‌ എന്നിവ ഇവര്‍ കാണിക്കുന്നു. ലൈംഗിക വികാരങ്ങളുടെ പിടിയില്‍ അകപ്പെട്ടുപോകുന്ന പ്രായമാണ്‌ കൗമാരം. എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്‌. ആത്മാഭിമാനം മാനത്തോളം കൊണ്ടുനടക്കുന്നവരാണ്‌ ഇവര്‍. മുതിര്‍ന്നവരേക്കാള്‍ അറിവും കഴിവുകളും ഉണ്ടെന്ന്‌ അഹങ്കരിക്കുന്നു. ദിവാസ്വപ്‌നം അനാവശ്യമായി കാണുന്നു.

ഉയര്‍ന്ന സാമൂഹികബോധം വികസിപ്പിച്ചെടുക്കാന്‍ കൗമാര പ്രായക്കാര്‍ക്കു കഴിയുന്നു. സമപ്രായക്കാരോടൊപ്പം ഇടപഴകാനാണ്‌ അവര്‍ കൂടുതല്‍ താല്‌പര്യം കാണിക്കാറുള്ളത്‌. സമൂഹത്തില്‍ തങ്ങളുടെ സ്ഥാനത്തെപ്പറ്റിയുള്ള അറിവുണ്ടാക്കാന്‍ സാധിക്കുന്നത്‌ സമപ്രായക്കാരോടൊത്തുള്ള ജീവിതമാണ്‌. സാമൂഹികമായ അന്തസ്സ്‌ ആഗ്രഹിക്കുകയും സമൂഹത്തിന്റെ അംഗീകാരം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇവര്‍ സഹകരണം, സാമൂഹിക സേവനം എന്നിവയോട്‌ അനിഷ്‌ടം കാണിക്കുന്നു. ചുറ്റുമുള്ള കാര്യങ്ങളെപറ്റി അറിയാന്‍ താല്‌പര്യം കാണിക്കുന്നവരാണ്‌ ഇവര്‍. നന്മതിന്മകളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ശേഷി കൈവരിക്കുന്ന ഘട്ടമാണിത്‌. നിരൂപണാത്മക ചിന്തനം, യുക്തിചിന്തനം ഓര്‍മ, ഗ്രഹണം, ശ്രദ്ധ തുടങ്ങിയ മാനസിക കഴിവുകളുടെ ആഴം ഈ കാലത്ത്‌ വര്‍ധിക്കുന്നു.

ജനിച്ചുവീഴുന്ന ഓരോ കുഞ്ഞുങ്ങളും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്‌. വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളുണ്ട്‌. അതില്‍ സംഭവിക്കുന്ന ഗുണദോഷങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുന്നു. ഉയര്‍ന്ന ബുദ്ധിശക്തിയുള്ള കുട്ടികള്‍ പല കാര്യങ്ങളിലും വേഗം വികസിക്കുന്നു. പെട്ടെന്ന്‌ പഠിക്കാനും പക്വത വ്യാപിക്കാനും ഇവര്‍ക്കാവുന്നു. അതുപോലെ വികസനത്തിന്റെ കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസവും ഉണ്ട്‌. പെണ്‍കുട്ടികളിലും, ആണ്‍കുട്ടികളിലും ഒരുപോലെ കഴിവുകള്‍ വികസിച്ചുവരണമെന്നില്ല.

 മനുഷ്യശരീരത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മുഖ്യമാണ്‌. തൈറോയ്‌ഡ്‌ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാന്ദ്യം വളര്‍ച്ചയെ മുരടിപ്പിക്കുന്നു. ലൈംഗിക ഗ്രന്ഥികളുടെ തകരാറുകള്‍ കൗമാര ഘട്ടത്തിന്റെ ആരംഭത്തെ മന്ദീഭവിപ്പിക്കുന്നു. ശുദ്ധമായ വായു, ഭക്ഷണം, വെള്ളം, വിശ്രമം, സൂര്യപ്രകാശം തുടങ്ങിയവ വികസനങ്ങള്‍ക്ക്‌ അത്യാവശ്യമാണ്‌. വാര്‍ത്താമാധ്യമങ്ങള്‍, കുടുംബം, സമപ്രായക്കാര്‍, വിദ്യാലയം, അദ്ധ്യാപകര്‍ തുടങ്ങിയ സാമൂഹിക ഘടകങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകള്‍ വ്യക്തിയുടെ വികസനത്തെ സാരമായി സ്വാധീനിക്കുന്നു. വംശവും പലരോഗങ്ങളും പരിക്കുകളും വികസനത്തെ പ്രതികൂലമായും ബാധിക്കുന്നു. ചില വംശത്തിലെ കുട്ടികളില്‍ ശാരീരികാരോഗ്യം കുടുതലായി കാണാം. കുട്ടിക്കാലത്തോ മറ്റോ സംഭവിക്കുന്ന പരിക്കുകളും രോഗങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ആരോഗ്യമുള്ള ജീവിതത്തിന്‌ വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ നിറവേറ്റപ്പെടുകതന്നെ വേണം.  

2/12/10

ലൈംഗിക വിപണി; പരമ്പര അവസാനഭാഗം ഒരുങ്ങിയിരിക്കുക തിരിച്ചടി ഏറ്റുവാങ്ങാന്‍


മുതിര്‍ന്ന ആളുകളില്‍ നിന്നും കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണം (പീഡോ ഫീലിയ) വലിയ സാമൂഹിക വിപത്തുതന്നെയാണെന്നാണ്‌ മനോരോഗ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്‌. ഇതൊരു മനോ വൈകല്യംതന്നെയാണ്‌. ഓരോരുത്തരില്‍ വ്യത്യസ്ഥ നിലയിലാണതിന്റെ തോത്‌. കുട്ടിക്കാലത്ത്‌ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ കുട്ടികളെ വേട്ടയാടുകതന്നെ ചെയ്യും. ഇവരുടെ മനോനില വഷളായേക്കാം. ഇതുമൂലം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അനവധിയാണ്‌. വിഷാദരോഗം, ഹിസ്റ്റീരിയ, പഠനത്തില്‍ ശ്രദ്ധ കുറയുക. തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍. അതില്‍നിന്നും അവരെ മുക്തരാക്കിയെടുക്കാന്‍ ശ്രദ്ധാപൂര്‍ണമായ പരിചരണവും ശാസ്‌ത്രീയമായ ഇടപെടലുകളും അത്യാവശ്യമാണ്‌. ഇരകളായ കുട്ടികള്‍ മുതിര്‍ന്നവരെ വല്ലാതെ ഭയക്കും. പ്രത്യേകിച്ചും പീഡനത്തിനിരയാക്കിയ ആളിന്റെ സമപ്രായക്കാരെ കാണുമ്പോള്‍. ഒരുകാരണവും കൂടാതെ ഇവര്‍ മറ്റുള്ളവരെ അവിശ്വസിക്കും. ഉറക്കത്തില്‍ അറിയാതെ മൂത്രം ഒഴിക്കും. കൗണ്‍സിലിങും കൃത്യമായ ചികിത്സയും കിട്ടിയില്ലങ്കിലോ ജീവിതകാലം മുഴുവന്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടിയും വരും. കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നു. 

പീഡോ ഫീലിയമൂലം വിഷാദരോഗിയായി തീരുന്ന കുട്ടിയുടെ മനസ്‌ കതകിനിടയില്‍ കിടന്ന്‌ ചതഞ്ഞ വിരല്‍ പോലെയാണ്‌. പഴുത്ത്‌ വീങ്ങിയ കൈവിരലിനെ എങ്ങനെയാണോ നമ്മള്‍ തട്ടാതെയും മുട്ടാതെയും സൂക്ഷിച്ച്‌ പരിപാലിക്കുന്നത്‌ അതുപോലെയാവണം അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതെന്നാണ്‌ പെരുമ്പിലാവ്‌ അന്‍സാര്‍ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റായ ഡോ കെ അനിലിന്റെ അഭിപ്രായം. തീയില്‍ കുരുത്തവര്‍പോലും വിഷാദരോഗം വന്നാല്‍ വാടിപോകുമെന്നും അദ്ദേഹം പറയുന്നു.


എന്നാല്‍ ഇതേക്കുറിച്ചൊന്നും സമൂഹം ചിന്തിക്കുന്നില്ല.
പ്രകൃതി നിയമത്തിനു വിരുദ്ധമായ ലൈംഗിക ജീവിതം മനുഷ്യന്‍ മാത്രമാണ്‌ നയിക്കുന്നതെന്നും മറ്റു ജീവജാലങ്ങളിലൊന്നും ഈ പ്രവണതയില്ലെന്നും സൈക്കോളജിസ്റ്റായ പ്രൊഫ മുഹമ്മദ്‌ ഹസന്‍ പറയുന്നു. വിചിത്രമാണ്‌ സ്വവര്‍ഗാനുരാഗികളുടെ മനസ്‌. ലൈംഗികത എല്ലാവരിലും ഒരുപോലെയല്ല. ലൈംഗികതയെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങുന്ന ഇക്കിളിപ്പെടുത്തുന്ന കൗമാരത്തില്‍ കുട്ടികള്‍ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ആസ്വദിച്ചതെങ്കില്‍ അവര്‍ അത്തരക്കാരായി മാറാന്‍ സാധ്യതയേറെയാണ്‌. അവരില്‍ പലര്‍ക്കും ദാമ്പത്യജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കാറുമില്ല. അദ്ദേഹം പറയുന്നു.


മലബാറില്‍ സ്വവര്‍ഗ രതിക്കാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച്‌ ഇദ്ദേഹത്തിന്റെ നിരീക്ഷണമിങ്ങനെയാണ്‌. ജനസംഖ്യയില്‍ കൂടുതലുള്ള മുസ്‌ലിംകള്‍ മാംസ ബുക്കുകളാണ്‌. മാംസാഹാരം കഴിക്കുന്നവര്‍ക്ക്‌ ലൈംഗിക വികാരം കൂടുതലുണ്ടാവാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ ബ്രാഹ്മണരിലും സസ്യബുക്കുകളായവരിലും അത്രതന്നെ കാണുന്നില്ല. ഭാര്യയുമായി ആഴ്‌ചയിലൊരിക്കല്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ പോരെ എന്നുപോലും ചോദിക്കുന്ന ബ്രാഹ്മണര്‍ തന്റെയടുക്കല്‍ ചികിത്സതേടിയെത്താറുണ്ട്‌. എന്നാല്‍ മുസ്‌ലിംകളുടെകാര്യം അതല്ലെന്നും അദ്ദേഹം പറയുന്നു.


സ്വവര്‍ഗാനുരാഗിയാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഹാതോവര്‍ രാഷ്‌ട്രത്തിലെ ഔദ്യോഗിക നിയമോപദേഷ്‌ടാവിന്റെ പദവിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട കാള്‍ ഉള്‍ച്ചിറസ്‌ ആയിരുന്നു ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗി. ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദിച്ച അദ്ദേഹം ഇങ്ങനെയായിത്തീരാന്‍ കാരണം ചെറുപ്പത്തില്‍ കുതിരസവാരി പഠിപ്പിക്കാനെത്തിയ ആളില്‍ നിന്നുണ്ടായ അനുഭവമായിരുന്നുവെന്ന്‌ അദ്ദേഹം തുറന്ന്‌ എഴുതിയിട്ടുണ്ട്‌.
ബ്രിട്ടനിലെ വിഖ്യാത എഴുത്തുകാരിയായിരുന്ന വെര്‍ജീനിയ വൂള്‍ഫിന്റെ ജീവിതത്തില്‍ മനോരോഗത്തിന്റെ നീണ്ട ചരിത്രം തന്നെയുണ്ടായിരുന്നു. അവര്‍ വിവാഹിതയായെങ്കിലും തികഞ്ഞ പരാജയമായിരുന്നുവത്‌. സ്വവര്‍ഗരതിയിലേക്കും അവര്‍ നടന്നടുത്തു. വിഷാദത്തിന്റേയും മനോരോഗത്തിന്റേയും പിടിയിലേക്കവരെ നയിച്ചതും ഒടുവില്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതും ബാല്യത്തിലുണ്ടായ പീഡനങ്ങളായിരുന്നു. ആറുവയസുമുതല്‍ അര്‍ധ സഹോദരന്‍മൂലം നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു അവര്‍. ആ അനുഭവത്തിന്റെ തിക്ത സ്‌മരണകളായിരുന്നു ജീവിതത്തിലുടനീളം അവരെവേട്ടയാടിയത്‌. തന്റെ ബന്ധുക്കളായ മൂന്ന്‌ പെണ്‍കുട്ടികളും ഇതുപോല പീഡനങ്ങള്‍ക്കിരയായിരുന്നതായും അവര്‍ക്കൊരിക്കലും ആ ദുരന്തത്തില്‍ നിന്നും കരകയറാനായിരുന്നില്ലെന്നും അവരുടെ ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്‌.
കോഴിക്കോട്ടെ സുരക്ഷയില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചികിത്സതേടിയെത്തുന്നവരില്‍ വലിയൊരു ശതമാനത്തിനും പറയാനുള്ളത്‌ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ കഥകളാണെന്ന്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ ചൂണ്ടികാട്ടുന്നു. മയക്കുമരുന്നുമായി വലിയ ബന്ധമാണ്‌ സ്വവര്‍ഗരതിക്കുള്ളത്‌. ഹോമോസെക്‌സുകാര്‍ക്കിടയിലാണ്‌ ഏറ്റവും കൂടുതല്‍ ലഹരി ഉപയോക്താക്കളുമുള്ളത്‌.

കുട്ടികളെ എല്ലാവരെയും ഇവര്‍ മദ്യം കടിപ്പിക്കുന്നു. മയക്കുമരുന്ന്‌ കഴിപ്പിക്കുന്നു. വിചിത്രമായ സെക്‌സ്‌ ആസ്വദിക്കുന്നതിനും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണെത്രെ ഇത്‌. എന്നാല്‍ ലഹരി ഉപയോഗത്തിലൂടെ ലൈംഗിക ശേഷി വര്‍ധിപ്പിക്കാനാവില്ലെന്ന്‌ മാത്രമല്ല ആത്യന്തികമായി നശിക്കുകയാണ്‌ ചെയ്യുകയെന്ന്‌ കേരളത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും ലഹരി കുത്തിവെക്കുന്നവര്‍ക്കിടയിലും പ്രവര്‍ത്തനം തുടങ്ങിയ സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്‌ ആന്റ്‌ ഡവലെപ്പ്‌മെന്റിന്റെ പ്രൊജക്‌ട്‌ ഓഫീസര്‍ അഡ്വ. ഇറ്റോ തോമസ്‌ പറയുന്നു.

വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്നാണ്‌ അദ്ദേഹമിത്‌ പറയുന്നത്‌. അതുമാത്രമല്ല, മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

പത്തു വര്‍ഷത്തോളമായി ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സാ രംഗത്തു തുടരുന്ന കോഴിക്കോട്ടെ ഡോക്‌ടര്‍ ഗോപാലകൃഷ്‌ണന്റെ അഭിപ്രായത്തില്‍ മുന്‍ കാലത്തെ അപേക്ഷിച്ച്‌ ഫീഡോഫീലിയ ഭീകരമായി വര്‍ധിച്ചിട്ടുണ്ട്‌. ഇവരേയും സ്വവര്‍ഗാനുരാഗികളെയും സമീപ്പിക്കുന്നവര്‍ സുരക്ഷിതമായ മാര്‍ഗത്തിലൂടെയല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌. ഇത്‌ എച്ച്‌ ഐ വി അടക്കമുള്ള നിരവധി ലൈംഗികരോഗങ്ങള്‍ക്ക്‌ ഇടയാക്കുന്നുണ്ട്‌. അത്തരത്തിലുള്ള നിരവധിപ്പേര്‍ ചികിത്സതേടിയിയെത്തുന്നു. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാളുകള്‍ ഇത്തരം രോഗങ്ങളുമായി നരകിച്ച്‌ ജീവിക്കുന്നവരുണ്ട്‌. അവരൊന്നും പുറത്തേക്ക്‌ വരുന്നേയില്ല. ആ അവസ്ഥ ഭീകരമാണ്‌. ഇത്‌ മറ്റുള്ളവരില്‍കൂടി രോഗം പകര്‍ത്താനെ ഉപകരിക്കൂ...അദ്ദേഹം ചൂണ്ടികാട്ടുന്നു.


ഗുദഭാഗത്തെ ചര്‍മം വളരെ ലോലമായതാണ്‌. ഇതുമൂലം എളുപ്പത്തില്‍ മുറിവുണ്ടാകാനുള്ള സാധ്യതയുണ്ട്‌. മാത്രവുമല്ല ഇവിടുത്തെ ചര്‍മത്തിനും മലസഞ്ചിയിലെ ശ്ലേഷ്‌മസ്‌തരത്തിനും വൈറസ്‌ ബാധയെ പ്രതിരോധിക്കാനുള്ള ശേഷിയും കുറവാണ്‌. സ്വവര്‍ഗ ഭോഗികളില്‍ എച്ച്‌ ഐ വി വേഗത്തില്‍ പകരാനുള്ള അപകട സാധ്യതയാണിതെല്ലാം. ഇവരില്‍ രതിജന്യരോഗങ്ങളായ പാപ്പിലോമ, അണുബാധ, ഗൊണേറിയ, സിഫിലീസ്‌, ഹെര്‍പ്പിസ്‌, തുടങ്ങിയ വ്രണങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വൈകും. ഇതും അപകടമാണ്‌. ഇതുകൊണ്ടെല്ലാം സ്വവര്‍ഗാനുരാഗികളില്‍ ലൈംഗിക രോഗങ്ങളും എച്ച്‌ ഐ വിക്കുമുള്ള സാധ്യതയും ഇരട്ടിയാക്കുന്നുണ്ട്‌. 


ഈ സാധ്യതകളെ സ്വര്‍വഗാനുരാഗികളോ അവര്‍ക്കായി നിലകൊള്ളുന്ന സംഘടനകളോ തള്ളിക്കളയുന്നില്ല. സ്വവര്‍ഗരതി നിയമം കൊണ്ട്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും കേരളീയ സമൂഹമതിനെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ഒരിക്കലും ലൈംഗിക രോഗങ്ങള്‍ക്കായി ചികിത്സ തേടിവരില്ല. ഇനി തയ്യാറാവുന്നവര്‍ക്ക്‌ തന്നെ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളും കുറവാണ്‌. ഇതെല്ലാം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണ്‌.
സദാചാര പ്രാസംഗികരായ മലയാളികള്‍ക്കെല്ലാം ഇത്‌ വെറുമൊരു തമാശ. ഇന്ന്‌ ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്‌ ആണ്‍കുട്ടികളെയാണ്‌. ഈ ഞരമ്പുരോഗം മലയാളിയുടെ കുടുംബജീവിതത്തെ തന്നെ മാറ്റിപ്പണിയുകയാണിപ്പോള്‍. പീഡനത്തിനിരയാകുന്നവരോ ആസുരകാലത്തെ രാജകുമാരന്‍മാരായി വാഴുന്നു. എത്രവേണമെങ്കിലുമുണ്ട്‌ ഉദാഹരണങ്ങള്‍.ഇപ്പോഴും ഉറക്കം നടിച്ചിരിക്കുന്നവര്‍ക്കുള്ള പാഠങ്ങളാണ്‌ ഇതെല്ലാം. ഇനിയെങ്കിലും ഉണര്‍ന്നിരിക്കുക. കുഞ്ഞുങ്ങളെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാവാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്‌. മക്കളുടെ മനസ്‌ കാണുക. അവര്‍ക്ക്‌ ഒരുപാട്‌ സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത്‌ വിഷയത്തിനും കാത്‌കൊടുക്കുക. മനസ്‌ തുറന്ന്‌ ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്‌ജനത്തിന്റെ വാതില്‍ത്തുറക്കപ്പെടും. 

അവര്‍ ഒരുകെണിയിലും അകപ്പെടാതിരിക്കാന്‍ കണ്ണും കാതും തുറന്നിരിക്കുക. രക്ഷിതാക്കളെയും സമൂഹത്തെയും ഒരുപോലെ ബോധവത്‌കരിക്കുക. അതെ ചെയ്യാനുള്ളൂ...