29/3/12

കുഞ്ഞിക്കാദര്‍:മലബാര്‍ മഹാ സമരത്തിലെ രക്തനക്ഷത്രംചരിത്രത്തിലൊരിടത്തും കുഞ്ഞിക്കാദര്‍ തിളങ്ങുന്നില്ല. ചരിത്രകാരന്‍മാര്‍ കാര്യമായ റോളുകളൊന്നും അദ്ദേഹത്തിന് നിര്‍ണയിച്ച് നല്‍കിയിട്ടുമില്ല. മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആധികാരിക രേഖയാണെന്നവകാശപ്പെടുന്ന കെ മാധവന്‍ നായരുടെ മലബാര്‍ കലാപമോ മറ്റോ ഈ ദേശാഭിമാനിയുടെ നിറഞ്ഞ് തുളുമ്പിയ രാജ്യസ്‌നേഹത്തെ കണ്ടതായി ഭാവിച്ചില്ല. അത് മനസ്സിലാക്കാന്‍ പട്ടാളക്കോടതിയില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി വായിച്ചാല്‍ മാത്രം മതിയാകും.
ഞാന്‍ താനൂരില്‍ നിന്ന് തിരൂരങ്ങാടിക്ക് പുറപ്പെടുമ്പോള്‍ എന്റെ ഭാര്യ ഗര്‍ഭവതിയാണ്. അടുത്തമാസം അവള്‍ പ്രസവിക്കും. അവള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവനേയും ഞാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായി രംഗത്ത് വരാന്‍ പരിശീലിപ്പിക്കും....എന്നതായിരുന്നു ആ മൊഴി. 
പിറക്കാനിരിക്കുന്ന മക്കളെക്കുറിച്ച് എല്ലാ മാതാപിതാക്കള്‍ക്കും സ്വപ്നങ്ങളുണ്ടാകും. അവര്‍ ജനിക്കുന്നതും കാത്ത് കാത്ത് കണ്ണില്‍ എണ്ണയൊഴിച്ചിരിക്കും. എന്നാല്‍ പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കുഞ്ഞിക്കാദര്‍ പിടിയിലാകുമ്പോള്‍ നിറവയറുമായി ഭാര്യ വീട്ടില്‍ കഴിഞ്ഞിരുന്നത്. 1920 ആഗസ്റ്റ് 20ന്റെ പുലെര്‍ച്ചെയില്‍ വേവലാതിയോടെയാണ് അദ്ദേഹം വീടിന്റെ പടികളിറങ്ങിയത്. ഭര്‍ത്താവിനെ യാത്രയാക്കുമ്പോള്‍ ഭാര്യയുടെ മുഖത്തും ആശങ്കകളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയിരുന്നു.എങ്കിലും അദ്ദേഹം വരുമെന്ന് തന്നെ അവര്‍ വിചാരിച്ചു. വൈകിയാലും വരാതിരിക്കില്ലെന്ന പ്രതീക്ഷയില്‍ ആ ഉമ്മയും മക്കളും കാത്തിരുന്നു.

 
ഉടനെ മടങ്ങിവരാം... പടച്ചോനോട് പ്രാര്‍ഥിക്ക് എന്ന് ഭാര്യയോട് പറഞ്ഞാണദ്ദേഹം തിരൂരങ്ങാടിയിലേക്ക് ആളെക്കൂട്ടാന്‍ ഇറങ്ങിയത്...തലേന്ന് രാത്രിയിലും അതിനുവേണ്ടിയായിരുന്നു ഓടിപ്പാഞ്ഞിരുന്നത്. പക്ഷെ... ആ യാത്രപറച്ചില്‍ അവസാനത്തേതായിരിക്കുമെന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉമ്മയും വിചാരിച്ചിരുന്നില്ല. 
വേര്‍പ്പാടിന്റെ വേദനയുമായി കഴിയുന്ന ഭാര്യ. ഉപ്പയെ കാണാതെ വഴികണ്ണുമായി പടിപ്പുരയില്‍ കാത്തിരിക്കുന്ന മക്കള്‍.മറ്റു ബന്ധുക്കള്‍. അവരെയൊക്കെ കാണാന്‍, അവരോടൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കാത്തിരിപ്പിനൊടുവില്‍ പിറക്കാന്‍പോകുന്ന പൊന്നുമകനെ ഒരിക്കലും കാണാനുള്ള ഭാഗ്യം ഇനിയുണ്ടാകില്ലെന്നും അറിയാമായിരുന്നു. പിന്നീട് ഭാര്യ ഒരാണ്‍കുഞ്ഞിനെ തന്നെ പ്രസവിച്ചുവെന്ന വാര്‍ത്തയും ജയിലില്‍ അദ്ദേഹത്തെതേടിയെത്തി. 
തൊട്ടുമുമ്പില്‍ മരണം കിടന്ന് പിടക്കുന്നുണ്ടെന്നതും തീര്‍ച്ചയായിക്കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നിട്ടും നെഞ്ച് പിടച്ചില്ല. ബ്രിട്ടീഷ് മേധാവികളുടെ യന്ത്രത്തോക്കുകളെ അദ്ദേഹം ഭയപ്പെട്ടില്ല. പ്രകോപനങ്ങള്‍ക്ക് മുമ്പില്‍ പതറാതെയാണ് തൂക്കുകയറിന് മുമ്പിലേക്ക് പുഞ്ചിരിയോടെ നടന്നടുത്തത്. ആ ധീരതയുടെ ആള്‍രൂപത്തെയാണ് ചരിത്രകാരന്‍മാര്‍ വേണ്ടരീതിയില്‍ കാണാതെ പോയത്. കലാപത്തില്‍ പങ്കുകൊണ്ടവരെയെല്ലാം ഏകപക്ഷീയമായാണ് വിചാരണ ചെയ്തത്. അവര്‍ക്ക് പറയാനുള്ളതൊന്നും ബ്രിട്ടീഷ് അധികാരികള്‍ക്ക് കേള്‍ക്കണമായിരുന്നില്ല. ജീവനില്‍കൊതിയുള്ളവരൊക്കെ രക്ഷപ്പെടാന്‍ പഴുതുകള്‍ അന്വേഷിക്കുമ്പോഴും കുഞ്ഞിക്കാദര്‍ കൂസിയില്ല. അതായിരുന്നു ആ പോരാളിയുടെ രാജ്യസ്‌നേഹം.
ഇത്രയധികം ഉശിരും രാജ്യസ്‌നേഹവും നിറഞ്ഞ ഒരാണ്‍കുട്ടിയെ കുഞ്ഞിക്കാദറിന് ശേഷം താനൂരിലെ ഒരുസ്ത്രീയും പ്രസവിച്ചിട്ടില്ല. എന്നാണ് മലബാര്‍ ലഹളയെക്കുറിച്ച് ഒരുപുസ്തകം എഴുതിയ പണ്ഡിതന്‍ കെ കോയട്ടി മൗലവി ഒരിക്കല്‍ പറയുകയുണ്ടായതെന്ന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ ഹസനാര്‍കുട്ടി ഒരു ലേഖനത്തില്‍ സ്മരിക്കുന്നുണ്ട്.
ഉമൈത്താനകത്ത് പുത്തന്‍ വീട്ടില്‍ കുഞ്ഞിക്കാദര്‍ ചെറുപ്പകാലം മുതല്‍ക്കുതന്നെ പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. ഗുരുവര്യനും പണ്ഡിതനുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാരിലൂടെയാണ് കുഞ്ഞാക്കാദര്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. പിറന്നനാടിന്റെ മോചനം മാത്രം സ്വപ്നംകണ്ട് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇച്ഛാശക്തിയോടെ പടനയിച്ച ആ പോരാളിയുടെ ജീവിതം അതുല്യമാണ്. മലബാറിലെ കിലാഫത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധനായിരുന്നു കുഞ്ഞിക്കാദര്‍. 
താനൂരില്‍ അദ്ദേഹത്തിന്റേയും പരീക്കുട്ടി മുസ്ലിയാരുടെയും നേതൃത്വത്തിലായിരുന്നു ഖിലാഫത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. 


1918ല്‍ കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന ഖിലാഫത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുഞ്ഞിക്കാദറും പങ്കെടുത്തു. താനൂരില്‍ നിന്നുള്ള പ്രവര്‍ത്തകരേയും ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ചരിത്രപ്രസിദ്ധമായ ആ യോഗത്തില്‍ അദ്ദേഹം പങ്കെടുപ്പിച്ചു. ഗാന്ധിജിയുമായും ഷൗക്കത്തലിയുമായുമെല്ലാം കുഞ്ഞിക്കാദറിന് നേരിട്ടുബന്ധമുണ്ടായിരുന്നു. അറബിയും ഉറുദുവും തമിഴും നന്നായി സംസാരിച്ചിരുന്നു അദ്ദേഹം. മലബാറിലെ സ്ഥിതിഗതികളേയും ഖിലാത്ത്പ്രവര്‍ത്തനങ്ങളെയും കുറിച്ചെല്ലാം അദ്ദേഹം നേതാക്കളുമായി ആശയ വിനിമയം നടത്തി. അങ്ങനെയാണ് 
ഉത്തരേന്ത്യക്കാരനായ അബ്ദുല്‍കരീം എന്ന ഖിലാഫത്ത് പ്രവര്‍ത്തകനെ ഗാന്ധിജി താനൂരിലേക്കയക്കുന്നത്. ഇദ്ദേഹം ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശ ഉപദേശങ്ങള്‍ നല്‍കാന്‍ ഗാന്ധിജിയെ അനുഗമിച്ചിരുന്ന വ്യക്തിയായിരുന്നു. 
ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം താനൂരിലെത്തുന്ന ഖിലാഫത്ത് നേതാവിന്റെ പ്രസംഗംകേള്‍ക്കാന്‍ പരിസരവാസികളെല്ലാം മാടത്തില്‍ മൈതാനിയിലായിരുന്നു ഒത്തുകൂടിയിരുന്നത്. സമ്മേളനത്തിന് ആളെക്കൂട്ടാന്‍ കുഞ്ഞിക്കാദറും പരീക്കുട്ടി മുസ്‌ലിയാരും ഓടി നടന്നു. 
യോഗത്തില്‍ മുഹമ്മദ് അബ്ദുറഹിമാനും സംബന്ധിച്ചു. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ അത് സമാധാനപരമായ മാര്‍ഗത്തിലൂടെയാകണം. സമരത്തിന്റെ പ്രസക്തിയും ആവശ്യഗതയെക്കുറിച്ചുമൊക്കെയായിരുന്നു അവരുടെ പ്രസംഗം. സമ്മേളനത്തിനൊടുവിലായി താനൂരില്‍ ഖിലാഫത്ത് കമ്മിറ്റിക്കും രൂപം നല്‍കി. വാരിയല്‍ മാളിയേക്കല്‍ ചെറുകോയ തങ്ങളായിരുന്നു പ്രസിഡന്റ്. പരീക്കുട്ടി മുസ്ലിയാര്‍ സെക്രട്ടറിയുമായി. കുഞ്ഞിക്കാദറും ടി കെ കുട്ടി ഹസ്സന്‍ എന്ന ബാവയുമായിരുന്നു ജോയന്റ് സെക്രട്ടറിമാര്‍. താനൂര്‍ ടൗണില്‍ ഉയര്‍ന്ന നിലയിലുള്ള അരിക്കച്ചവടം നടത്തുകയായിരുന്നു കുഞ്ഞിക്കാദര്‍. സാമ്പത്തികമായി നല്ലനിലയിലുമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍ കച്ചവടം പൂര്‍ണമായി പാര്‍ട്ണറായിരുന്ന അബ്ദുല്‍ഖാദര്‍കുട്ടിയെ ഏല്‍പ്പിച്ചു. താനൂരിന് പുറത്ത് നടന്നിരുന്ന മുഴുവന്‍ ഖിലാഫത്ത് കമ്മിറ്റിയോഗങ്ങളിലും പ്രതിനിധിയായി പങ്കെടുത്തിരുന്നത് കുഞ്ഞിക്കാദറായിരുന്നു. താനൂരിലെ കമ്മിറ്റിയില്‍ മറ്റുഭാരവാഹികളെക്കാള്‍ കൂടുതല്‍ അധികാരവും കുഞ്ഞിക്കാദറിന് അനുവദിക്കപ്പെട്ടിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളുടേയും നടത്തിപ്പുകാരനും കേസന്വേഷണങ്ങള്‍ക്ക് അധികാരമുള്ളയാളുമായി നിറഞ്ഞ് പ്രവര്‍ത്തിച്ചു. ഒറ്റവാക്കില്‍പറഞ്ഞാല്‍ താനൂരിലെ ഖിലാഫത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിനായിരുന്നു. (മലബാര്‍ കലാപം 1921)


കുഞ്ഞിക്കാദറിന്റെ ധീരതയെ സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങളെ പഴയ തലമുറ പകര്‍ന്ന് നല്‍കിയിട്ടുണ്ട്. അദ്ദേഹം സാധരണക്കാരെ പോലെ പോലീസിനേയോ പട്ടാളത്തേയോ ഭയപ്പെട്ടിരുന്നില്ല. ആരുടെ മുമ്പിലും നെഞ്ചും വിരിച്ച് കാര്യങ്ങള്‍ പറയുമായിരുന്നു. താനൂര്‍ കടപ്പുറത്തെ പുറം പോക്ക് ഭൂമിയില്‍ പരിസരവാസികള്‍ തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചതിനെ ബ്രിട്ടീഷുകാര്‍ ചോദ്യം ചെയ്തു. തൈകള്‍ പറിച്ചൊഴിവാക്കാനും കല്‍പ്പന വന്നു. ഇതിനെതിരെയാണ് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തില്‍ ആദ്യത്തെ നിയമലംഘന സമരം നടന്നത്. 
അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരുന്ന ആമുസാഹിബ് തന്നെ പ്രദേശത്തെത്തി. ഭൂമി പരിശോധിച്ച് അനധികൃതമായാണ് തൈകള്‍വെച്ച് പിടിപ്പിച്ചിരിക്കുന്നതെന്ന് വിധിയെഴുതി. അവ ഒഴിവാക്കിയില്ലെങ്കിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അയാള്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ ആരും തൈകള്‍ ഒഴിവാക്കാന്‍ തയ്യാറായാല്ല. അതായിരുന്നു കുഞ്ഞിക്കാദറിന്റേയും ഖിലാഫത്ത് കമ്മിറ്റിക്കാരുടേയും നിര്‍ദേശം. അത് അവര്‍ അനുസരിച്ചു.അദ്ദേഹത്തിന്റെ പിന്‍ബലവും നേതൃത്വവും ഖിലാഫത്ത് വണ്ടിയര്‍മാരെയും നാട്ടുകാരെയും ആവേശംകൊള്ളിക്കുന്നതരത്തിലായിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥന്‍മാര്‍ തന്നെ നേരിട്ടെത്തി തൈകള്‍ പറിപ്പിക്കാന്‍ ആളെക്കൂട്ടി. എന്നാല്‍ ഒരാളെപോലും കൂലിക്ക് പണിയെടുപ്പിക്കാന്‍ അവര്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു അവര്‍. 
ഒടുവില്‍ റവന്യൂ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു കുഞ്ഞിക്കാദര്‍. പ്രശ്‌നത്തിന് ഒരുപോംവഴിയും അദ്ദേഹം നിര്‍ദേശിച്ചു. കൈയേറിയ സ്ഥലത്തിന് നികുതി നല്‍കാം എന്നതായിരുന്നു ആ നിര്‍ദേശം. അങ്ങനെയൊരു കരാറുണ്ടാക്കിയാണ് പോംവഴി കണ്ടെത്തിയത്.

 
1920 ല്‍ താനൂര്‍ കടപ്പുറത്ത് ഖിലാഫത്ത് കമ്മിറ്റിയോഗം ചേരാന്‍ തീരുമാനിച്ചു. മദിരാശിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന യഅ്ക്കൂബ് ഹസനും കെ പി കേശവമേനോനും അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നു. നേതാക്കളുടെ ഉറപ്പ് കിട്ടിയപ്പോള്‍ കുഞ്ഞിക്കാദര്‍ പ്രചാരണത്തിലേക്കിറങ്ങി. കെ മാധവന്‍ നായരുടേയും യു ഗോപാലമേനോന്റേയും പിന്തുണയും മുന്നോട്ടുനീങ്ങാന്‍ പ്രേരണയായി. സെക്രട്ടറി പരീക്കുട്ടി മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്ക് വേണ്ട ഉപദേശവും നല്‍കി. രാവും പകലും ഭേദമില്ലാതെ അദ്ദേഹം പ്രചാരണത്തില്‍ മുഴകി. എന്നാല്‍ ജനരോഷം ഭയന്ന് ബ്രിട്ടീഷുകാര്‍ ആ യോഗം നിരോധിച്ചു. നിരോധന വിവരം പോലീസ് ഇന്‍സ്‌പെക്ടര്‍ കരുണാകരമേനോന്‍ താനൂരിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് ചെറുകോയ തങ്ങളെയാണ് ആദ്യം അറിയിച്ചത്. എന്നാല്‍ അതൊക്കെ കുഞ്ഞിക്കാദറിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
ഇന്‍സ്‌പെക്ടര്‍ കുഞ്ഞിക്കാദറിനരികിലെത്തി ഇതേ കാര്യം ആവര്‍ത്തിച്ചു.അപ്പോള്‍ നിരോധന ഉത്തരവ് കാണിക്കാനായിരുന്നു കുഞ്ഞിക്കാദര്‍ ആവശ്യപ്പെട്ടത്. അതിന് ഇന്‍സ്‌പെക്ടര്‍ ഒരുക്കമായില്ല. അപ്പോള്‍ പിന്‍മാറുമെന്ന് ഇന്‍സ്‌പെക്ടറും കരുതണ്ട. കുഞ്ഞിക്കാദര്‍ തറപ്പിച്ച് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ഇളിഭ്യനായി മടങ്ങി.
ഇതേതുടര്‍ന്ന് കെ മാധവന്‍ നായരേയും യു ഗോപാലമേനോനേയും കുഞ്ഞിക്കാദറിനേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് വെച്ചായിരുന്നു അറസ്റ്റ്. അവര്‍ സമ്മേളനത്തിന്റെ ആവശ്യാര്‍ഥമെത്തിയതായിരുന്നു കോഴിക്കോട്ട്. 144 പ്രകാരമുള്ള നിരോധനാജ്ഞാ നിയമം ലംഘിച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റം. യോഗം മുടക്കാന്‍ മറ്റുമാര്‍ഗമില്ലാത്തത് കൊണ്ട് ഇങ്ങനെ ചെയ്യുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.
വളര്‍ത്തു മൃഗങ്ങളോട് പോലും കുഞ്ഞിക്കാദറിന് വല്ലാത്ത സ്‌നേഹമായിരുന്നു. അദ്ദേഹം വീട്ടില്‍ വളര്‍ത്തിയിരുന്ന പശുവിനിട്ട പേര് ഇമ്പിച്ചിപശുവെന്നായിരുന്നു. വളരെ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം പശുവിനെ വളര്‍ത്തിയിരുന്നത്. പശുവിന് അദ്ദേഹത്തേയും ജീവനായിരുന്നു. ഖിലാഫത്ത് കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്ന ഒരുപോലീസുകാരനെ ആ പശു ആക്രമിക്കുകയുണ്ടായി. പോലീസുകാരന്‍ തന്റെകൂടി ശത്രുവാണെന്ന് പശുവിനെക്കൂടിപഠിപ്പിച്ച് കൊടുത്തിരുന്നു കുഞ്ഞിക്കാദര്‍. അവസാനം കുഞ്ഞിക്കാദര്‍ അറസ്റ്റിലായി. പശുവിനെ നോക്കാന്‍ ആളില്ലാതായി. തന്റെയജമാനനെ കാണാതായതിലുള്ള വിഷമം മൂലം പശു കാലങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ നിലവിളിച്ച് താനൂര്‍ ടൗണിലൂടെ ചുറ്റിനടക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്ന് ടി ഹസ്സനാര്‍ കുട്ടി തന്റെ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. 

കലാപത്തില്‍ പങ്കുകൊണ്ടവരെയെല്ലാം ഏകപക്ഷീയമായാണ് വിചാരണ ചെയ്തത്. അവര്‍ക്ക് പറയാനുള്ളതൊന്നും ബ്രിട്ടീഷ് അധികാരികള്‍ക്ക് കേള്‍ക്കണമായിരുന്നില്ല. ജീവനില്‍കൊതിയുള്ളവരൊക്കെ രക്ഷപ്പെടാന്‍ പഴുതുകള്‍ അന്വേഷിക്കുമ്പോഴും കുഞ്ഞിക്കാദര്‍ കൂസിയില്ല. അതായിരുന്നു ആ പോരാളിയുടെ രാജ്യസ്‌നേഹം. അപ്പോള്‍ നിരോധന ഉത്തരവ് കാണിക്കാനായിരുന്നു കുഞ്ഞിക്കാദര്‍ ആവശ്യപ്പെട്ടത്. അതിന് ഇന്‍സ്‌പെക്ടര്‍ ഒരുക്കമായില്ല. അപ്പോള്‍ പിന്‍മാറുമെന്ന് ഇന്‍സ്‌പെക്ടറും കരുതണ്ട. കുഞ്ഞിക്കാദര്‍ തറപ്പിച്ച് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ഇളിഭ്യനായി മടങ്ങി. 
ഇതേതുടര്‍ന്ന് കെ മാധവന്‍ നായരേയും യു ഗോപാലമേനോനേയും കുഞ്ഞിക്കാദറിനേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് വെച്ചായിരുന്നു അറസ്റ്റ്. അവര്‍ സമ്മേളനത്തിന്റെ ആവശ്യാര്‍ഥമെത്തിയതായിരുന്നു കോഴിക്കോട്ട്. 144 പ്രകാരമുള്ള നിരോധനാജ്ഞാ നിയമം ലംഘിച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റം. യോഗം മുടക്കാന്‍ മറ്റുമാര്‍ഗമില്ലാത്തത് കൊണ്ട് ഇങ്ങനെ ചെയ്യുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.
വളര്‍ത്തു മൃഗങ്ങളോട് പോലും കുഞ്ഞിക്കാദറിന് വല്ലാത്ത സ്‌നേഹമായിരുന്നു. അദ്ദേഹം വീട്ടില്‍ വളര്‍ത്തിയിരുന്ന പശുവിനിട്ട പേര് ഇമ്പിച്ചിപശുവെന്നായിരുന്നു. വളരെ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം പശുവിനെ വളര്‍ത്തിയിരുന്നത്. പശുവിന് അദ്ദേഹത്തേയും ജീവനായിരുന്നു. ഖിലാഫത്ത് കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്ന ഒരുപോലീസുകാരനെ ആ പശു ആക്രമിക്കുകയുണ്ടായി. പോലീസുകാരന്‍ തന്റെകൂടി ശത്രുവാണെന്ന് പശുവിനെക്കൂടിപഠിപ്പിച്ച് കൊടുത്തിരുന്നു കുഞ്ഞിക്കാദര്‍. അവസാനം കുഞ്ഞിക്കാദര്‍ അറസ്റ്റിലായി. പശുവിനെ നോക്കാന്‍ ആളില്ലാതായി. തന്റെയജമാനനെ കാണാതായതിലുള്ള വിഷമം മൂലം പശു കാലങ്ങളോളം ഭക്ഷണമൊന്നും കഴിക്കാതെ നിലവിളിച്ച് താനൂര്‍ ടൗണിലൂടെ ചുറ്റിനടക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്ന് ടി ഹസ്സനാര്‍ കുട്ടി തന്റെ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. 

26/3/12

അമ്മമാരുറങ്ങാത്ത വീടുകള്‍

കുടക് മലയുടെ താഴ്‌വാരമിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയും ആഹ്ലാദവതിയായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവി സ്വപ്നം കണ്ടല്ലെങ്കിലും മൂന്ന് നേരം വയറ് നിറക്കാനാവുമല്ലോ എന്ന ആശ്വാസമായിരിക്കാം ആ പതിമൂന്ന്കാരിയെ അപ്പോള്‍ നയിച്ചിട്ടുണ്ടാകുക. പട്ടിണിപൂക്കുന്ന ചെറുവീടുകളില്‍ നിന്ന് നാണം മറക്കാനുള്ള തുണിയും മൂന്ന് നേരം വിശപ്പുമാറ്റാനുള്ള വഴിയും പ്രതീക്ഷിച്ച് അവള്‍ക്കു മുമ്പേ ചുരമിറങ്ങിയ പെണ്‍കിടാങ്ങളെല്ലാം സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെന്ന വിവരമായിരുന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടായിരുന്നത്.
അയല്‍വീട്ടിലെ അബ്ദുര്‍റഹ്മാന്റെ മകള്‍ ആരിഫ, കദീശുമ്മയുടെ പേരമകള്‍ നഫീസ, സൈതലവിയുടെ ഇളയ പുത്രി നൂര്‍ജഹാന്‍, കുഞ്ഞാലിയുടെ വിധവ സൈനബയുടെ രണ്ടാമത്തെ മകള്‍ സുലൈഖ തുടങ്ങി കുടുക് ജില്ലയിലെ മെഡിക്കേരി താലൂക്കില്‍ അയ്യഞ്ചേരി വില്ലേജിലെ പുലിക്കോട് തപ്പാലാപ്പീസിന്റെ പരിധിയില്‍ നിന്ന് മാത്രമായി അരപട്ടിണിയില്‍ നിന്ന് സൗഭാഗ്യം തേടി കാസര്‍കോടന്‍ കൊട്ടാരവീടുകളിലെത്തിയ പെണ്‍കുട്ടികള്‍ ഇങ്ങനെ നിരവധിയാണ്.


പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന്റെ പല ദേശങ്ങളില്‍ നിന്നും കുടക് മലയുടെ സമ്പന്നതയിലേക്ക് തൊഴില്‍തേടിപോയ മലയാളികളില്‍ പലരും അവിടെ സ്ഥിരതാമസമാക്കി. ഇവരുടെ പുതുതലമുറയില്‍ പെട്ടവരാണ് ദാരിദ്ര്യം പൈതൃകമായി പതിച്ചു കിട്ടിയ വീടുകളില്‍ നിന്ന് ശാപമോക്ഷം തേടിയെത്തി കാസര്‍കോടന്‍ വീടുകളിലെ ആട്ടും തുപ്പും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരിലേറെയും. ഉപ്പള, ചെര്‍ക്കളം, ബേളം, കുമ്പള, ബേണിക്കാനം, തളങ്കര, കാസര്‍കോട് നഗരം തുടങ്ങി ജില്ലയില്‍ പലയിടങ്ങളിലേയും മണിമാളികകളില്‍ നിന്നും ഇവരുടെ നെടുവീര്‍പ്പുകളുയരുന്നു. പലപൊട്ടിത്തെറികളും കേള്‍ക്കുന്നു. 
വലിയ സ്വപ്നങ്ങളൊന്നുമില്ല ഈ കുട്ടികള്‍ക്ക്. ഉണ്ടാകാന്‍ പാടുമില്ല. സുരക്ഷിതത്വവും സംതൃപ്തവുമായ ഒരു ജീവിതം സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവും സമൂഹമവര്‍ക്ക് അനുവദിച്ച് കൊടുത്തിട്ടില്ല. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം എന്ന കാലഹരണപ്പെട്ട സിദ്ധാന്തം തന്നെയാണ് ഈ വീടുകളിലേയും അലിഖിത നിയമങ്ങള്‍. 


കാസര്‍കോട് ജില്ലയിലെ സമ്പന്ന വീടുകളില്‍ പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ജോലിക്ക് നിര്‍ത്തുന്നത് ആഢ്യത്വത്തിന്റെ അടയാളമാണ്. ഇതിനായി കൂടുതലായി പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്യുന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ നിന്നും. ഇവരെ എത്തിച്ചുകൊടുക്കാന്‍ ധാരാളം ഏജന്റുമാരും വലവിരിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ നാല്‍പ്പത്തിരണ്ട് ശതമാനവും ആ വീടുകളില്‍ നല്ല നിലയില്‍ കഴിഞ്ഞ് പോരുന്നുണ്ട്. അവര്‍ ഇവരെ വീട്ടിലെ ഒരംഗത്തെപോലെ കാണുന്നു. നല്ല ഭക്ഷണവും വസ്ത്രവും കൊടുക്കുന്നു. വല്ലപ്പോഴുമൊരിക്കല്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ാതാപിതാക്കള്‍ക്കും ചെറിയ പാരിതോഷികങ്ങള്‍ നല്‍കുന്നു. കഴുത്തിലേക്കോ കാതിലേക്കോ ചെറിയ ആഭരണങ്ങളും വാങ്ങിക്കൊടുക്കുന്നു.ആ വീട്ടിലെ ഭക്ഷണം കഴിച്ച്, ചെറിയ കുഞ്ഞുങ്ങളെ പരിചരിച്ച്, തറ തുടച്ചും പാത്രം കഴുകിയും തുണിയലക്കിയും നടുവൊടിച്ച് അര്‍ധരാത്രിയില്‍ ഏതെങ്കിലുമൊരു മൂലയില്‍ തളര്‍ന്നു മയങ്ങുന്നു. ഇങ്ങനെ ഇവര്‍ തേഞ്ഞ് തീരുന്നതിന് പ്രത്യേക ശമ്പളമൊന്നും നല്‍കാറില്ല. സ്‌കൂളിലോ മറ്റോ വിട്ട് പഠിപ്പിക്കുന്ന പതിവുമില്ല. 
ഇങ്ങനെ ആദ്യമെത്തിയവരുടെ പിന്‍മുറക്കാരിയായിരുന്നുവെങ്കിലും ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ രക്തസാക്ഷിയാവണം അയ്യങ്കേരി സന്നിപ്പടിക്കോട്ടയിലെ മൊയ്തുവിന്റെയും ആയിശയുടെയും മകള്‍ സഫിയ. കാസര്‍കോട് ജില്ലയിലെ രമ്യഹര്‍മങ്ങളിലും മറ്റും കഴിഞ്ഞു വരുന്ന 58 ശതമാനം പെണ്‍കുട്ടികളും സുരക്ഷിതരല്ലെന്നും പല കുട്ടികളേയും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നതായും സഫിയ കേസില്‍ ഇടപെട്ട ജനകീയ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 
എന്നാല്‍ ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടും പോലീസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും ജനകീയ കമ്മീഷന്‍ ഭാരവാഹികള്‍ വെളിപ്പെടുത്തുന്നു. അത്‌കൊണ്ടു തന്നെ പല വീടുകളിലും അരങ്ങേറുന്ന സംഭവങ്ങള്‍ ഇന്നും പുറം ലോകത്തിനജ്ഞാതമാണ്. സഫിയക്ക് ശേഷം ഒട്ടേറെ ഇരകള്‍ രംഗത്ത് വന്നെങ്കിലും ഒരു രക്തസാക്ഷിയില്ലാതെ പോയതിനാല്‍ മാധ്യമങ്ങളോ അധികൃതരോ അവരുടെ ദുരിത ജീവിതങ്ങളെക്കുറിച്ച് മറന്ന മട്ടാണ്. 


അഡ്വ. പി എ പൗരന്‍, ഡോ. പി ഗീത, ഡോ ജി സുരേന്ദ്രനാഥ്, അധ്യാപകനായ എന്‍ സുബ്രഹ്മണിയന്‍ എന്നിവര്‍ നടത്തിയ തെളിവെടുപ്പില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുകയുണ്ടായത്. അതിലൊന്ന് തഴച്ച് വളരുന്ന അധോലോക സംഘങ്ങളെക്കുറിച്ചാണ്. കാസര്‍കോടിന്റെ വളര്‍ച്ച കണ്ണുപൂട്ടിത്തുറക്കുന്നതുപോലെയാണെന്ന് ഇവിടുത്തെ സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെപ്പെട്ടെന്നാണ് നഗരത്തിന്റെ മുഖച്ഛായ മാറുന്നത്. പുതിയ പുതിയ സംരംഭങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാസങ്ങള്‍ക്ക് മുമ്പ് നഗരം സന്ദര്‍ശിച്ച ഒരാള്‍ വീണ്ടുമെത്തുമ്പോള്‍ മാറിയ മുഖം കണ്ട് അമ്പരന്നു പോകുന്നു.
ഈ വളര്‍ച്ചക്ക് ആവശ്യമായ പണമൊഴുകുന്നത് നിയമ വിരുദ്ധമായ ചാനലുകള്‍ വഴിയാണ്. ഇതിന് നേതൃത്വം നല്‍കുന്ന ഒരധോലോകവും ഇവിടെ വളരുന്നു. മുംബൈ, ഗോവ, മംഗലാപുരം എന്നീ നഗരവുമായി കാസര്‍കോടിനുള്ള സാമീപ്യമാണ് ഈ ബന്ധങ്ങള്‍ക്ക് തണല്‍ വിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തെ ആശങ്കയോടെയാണ് സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ കാണുന്നത്. 
ദേശീയ മനുഷ്യാവകാശ സംഘടനയുടെ കണക്ക് പ്രകാരം 45000 കുട്ടികള്‍ പ്രതിവര്‍ഷം അപഹരിക്കപ്പെടുന്നുണ്ട്. ഇവരിലേറെയും പതിനഞ്ച്
വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. സഫിയ എന്ന പതിമൂന്നുകാരിയേയും 2006 ഡിസംബര്‍ 15 മുതല്‍ കാണാതായി എന്നായിരുന്നു ലഭിച്ച വിവരം. ആ പെണ്‍കുട്ടിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ഒരു മനുഷ്യ മൃഗം മൂന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടിരിക്കുന്നു എന്ന തെളിഞ്ഞത്. അതിന് മാത്രം എന്തുക്രൂരതയായിരുന്നു ആ പെണ്‍കുട്ടി ചെയ്തിട്ടുണ്ടാകുക..? മകളെ കാണാതായ വേദനയില്‍ തീ തിന്ന് കഴിയുന്ന ഒരു ഉമ്മയും ഉപ്പയും എങ്ങനെയാകും ആ വാര്‍ത്തയെ ഉള്‍കൊണ്ടിട്ടുണ്ടാകുക...? അമ്മമാരുറങ്ങാത്ത കുടകിലെ വീടുകള്‍ മാത്രമല്ല കേരളീയ വീടുകളിലും നടുക്കവും ഭീതിയും തന്നെയാണ് ഇത്തരം സംഭവങ്ങള്‍ അവശേഷിപ്പിച്ചത്. നേരത്തെ തന്നെ ഒട്ടേറെ നരാധമന്‍മാരുടെ പേക്കൂത്തുകളും കൊലവിളികളും നാം കേട്ടു.. കൃഷ്ണപ്രിയയും ജാസിലയും ബിനിലയും പൂവരണിയിലെ രാജിയും ഷൊര്‍ണൂരില്‍ നിന്ന് സൗമ്യ, ചെരണ്ടത്തൂരിലെ ഷഹാന, വയനാട്ടില്‍ നിന്ന് സൈനബയും... അങ്ങനെ മറക്കാനാവാത്ത എത്രയെത്ര നിഷ്‌ക്കളങ്ക മുഖങ്ങള്‍.

 
സഫിയ കേസില്‍ ഇത്രയെങ്കിലും പുരോഗതിയുണ്ടായി. ജനകീയ ഇടപെടല്‍ കൊണ്ട് മാത്രമായിരുന്നു. അതാകട്ടെ ഒത്തൊരുമയുടെ വിജയവുമായിരുന്നു. അതിക്രൂരനായ ഒരു കരാറുകാരന്റെ മൊഴികളില്‍ സംശയം തോന്നിത്തുടങ്ങിയപ്പോള്‍ അലമുറയിട്ടുകരഞ്ഞ ഒരു പിതാവിന്റേയും മാതാവിന്റേയും രോദനം കേള്‍ക്കാന്‍ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെങ്കിലും കാതുണ്ടായതുകൊണ്ടു മാത്രമായിരുന്നു അത്. 
നിരന്തര സമരങ്ങള്‍, വിശ്രമമില്ലാത്ത മാധ്യമ ഇടപെടല്‍, ദേശീയപാതയുടെ ഓരത്ത് അവളുടെ മാതാപിതാക്കള്‍ സത്യഗ്രഹമിരുന്നു. എന്നിട്ടുപോലും പോലീസ് കുലുങ്ങിയില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പോലീസുകാര്‍ പ്രതിയുടെ ഗുണ്ടകളായി അധ:പ്പതിച്ചു. നീതിതേടിയെത്തിയ മാതാപിതാക്കളെ പീഡിപ്പിക്കുകയും ലോക്കപ്പിലിട്ടുമാണവര്‍ പ്രതിയോട് കൂറ് പുലര്‍ത്തിയത്. എന്നിട്ടും പ്രതിയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുകയുമുണ്ടായില്ല. സഫിയയെ പോലെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ തിരിച്ചുവരാത്ത നൂറുകണക്കിന് കേസുകള്‍ കേരളത്തിലുണ്ട്. കാസര്‍കോടും കുടകിലും വയനാട്ടിലും മലപ്പുറത്തുമുണ്ട്. ഇവരൊക്കെ എവിടെ പോയതാണ്...? ഇനി എത്ര കഷണങ്ങളായിട്ടാകും അവരുടെ ശരീരഭാഗങ്ങള്‍ നമ്മെ തേടിയെത്തുക...? ആരാണ് അവര്‍ക്കായി ശബ്ദമുയര്‍ത്തുക...? ദേശീയ പാതയോരത്ത് സത്യഗ്രഹമിരിക്കുക...? കാസര്‍കോട് ജില്ലയില്‍ മാത്രമല്ല പലയിടത്തേയും വലിയ വീടുകളില്‍ ചെറിയ പെണ്‍കുട്ടികളെ ജോലിക്ക് നിര്‍ത്തുന്ന പ്രവണത കൂടി വരുന്നു. ദരിദ്രരായ മാതാപിതാക്കള്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും കുഞ്ഞുങ്ങളെ അയക്കാനും ഒരുക്കമാകുന്നു. ചില ഭിക്ഷാടന മാഫിയകളും ഇതിനായി രംഗത്തുണ്ട്. 


1996 ഡിസംബര്‍ പത്തുമുതല്‍ സുപ്രീംകോടതി കുട്ടികളെകൊണ്ട് പണിയെടുപ്പിക്കുന്നത് വിലക്കി ഉത്തരവിറക്കിയിട്ടുണ്ട്. വിധിപ്രകാരം നിയമം ലംഘിക്കുന്നവര്‍ 20000 രൂപ നഷ്ടപരിഹാരം നല്‍കുകയും കുട്ടികളുടെ ക്ഷേമനിധിയിലേക്ക് 25000 രൂപ സംഭാവന നല്‍കുകയും വേണം. ഇതിന് പുറമെ, പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ മറ്റോ ജോലിക്ക് നിര്‍ത്തുന്നത് 2006 ഒക്‌ടോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാരും നിരോധിച്ചിട്ടുണ്ട്. തൊഴിലെടുപ്പിക്കുന്നവര്‍ക്ക് ഉറപ്പായും ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ നിയമമാണിത്. എന്നിട്ടും എന്തെങ്കിലും മാറ്റങ്ങളുണ്ടായോ...? സഫിയമാര്‍ക്കും നഫീസമാര്‍ക്കും സൈനബനാര്‍ക്കും മോചനമുണ്ടോ...?കുറ്റകൃത്യങ്ങളും പീഡനങ്ങളും ആര്‍ക്കെതിരെയായാലും അവ തടയാനുള്ള നിയമ വകുപ്പ് മതിയാവാഞ്ഞിട്ടല്ല. മറിച്ച് അത് വേണ്ട രീതിയില്‍ നടപ്പാക്കാത്തതു കൊണ്ടാണ്. അല്ലെങ്കില്‍ കുട്ടികള്‍ക്കെതിരെ ക്രൂരത ചെയ്യുന്നവരെ തുറങ്കലിലടക്കാന്‍ പ്രത്യേക ജയിലുകള്‍ തന്നെ തുറക്കപ്പെടേണ്ടി വരുമായിരുന്നില്ലേ..? 

9/3/12

പീഡിപ്പിക്കപ്പെടാന്‍ പിഞ്ചു കുഞ്ഞുങ്ങള്‍

രക്ഷിതാക്കള്‍ക്കൊപ്പം രാത്രിയില്‍ ബസ് സ്റ്റോപ്പില്‍ ഉറങ്ങാന്‍ കിടന്ന രണ്ടര വയസ്സുകാരിയുടെ ബോധം നശിച്ച ശരീരം ചവറ്റു കൂനില്‍ നിന്നായിരുന്നു മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടിയത്. അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ചിലനരാധമന്‍മാര്‍ വലിച്ചെറിഞ്ഞ ശരീരത്തില്‍ ജീവന്‍ ശേഷിച്ചത് ആയു സ്സിന്റെ നീളം കൊണ്ട് മാത്രമായിരുന്നു. 
കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനു തൊട്ടു മുമ്പിലുള്ള ബസ്‌സ്റ്റോപ്പില്‍ നിന്നുമാണ് അര്‍ധരാത്രിയില്‍ പൈശാചികമായ ഹീനകൃത്യം നടത്തിയത്. എല്ലാം നിയമപാലകരുടെ മൂക്കിനു താഴെ.
പേരക്ക കാണിച്ച് കൊതിപ്പിച്ചായാരുന്നു നാലാം ക്ലാസ്‌കാരിയായ വടകര ചെരണ്ടത്തൂരിലെ ഷഹാനയെ അയാള്‍ സ്‌കൂള്‍ ഇടവേള സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചത്. അല്‍പം വെള്ളം കുടിക്കാനെത്തിയതായിരുന്നു ആ കുരുന്ന്. പേരക്ക നല്‍കുന്നതിനിടയിലാണ് കുറുനരി ചാടി വീണത്. കയറിപ്പിടിച്ചപ്പോള്‍ അവള്‍ കരഞ്ഞു നിലവിളിച്ചു. വീട്ടിലും സ്‌കൂളിലും പറയുമെന്ന് പറഞ്ഞപ്പോള്‍ കഴുത്തിന് പിടിച്ച് തള്ളിയിട്ടു. പിന്നെ...
ഒടുവില്‍ ഒരു ചാക്കുകെട്ടില്‍ നിന്നും പ്രിയപ്പെട്ട ഉമ്മക്കും ഉപ്പക്കും തിരിച്ച് കിട്ടിയ ശരീരത്തില്‍ ജീവന്‍ പോലും ബാക്കിയുണ്ടായിരുന്നില്ല. 2008 ജൂണിലായിരുന്നു സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിക്കടുത്ത ജാസില, കൊല്ലം ഓയൂരിലെ ബിനില, കൊടുകിലെ സഫിയ, ഇടുക്കിയിലെ മരപ്പൊത്തില്‍ നിന്നും കണ്ടെടുക്കപ്പട്ട നാലു വയസ്സുകാരി ശ്രീജ. ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്. കൊലപ്പെടുത്തി ചവറ്റുകൂനയിലെറിയുന്നതിന്, അല്‍പജീവനും കൊണ്ട് ബാക്കിയാക്കുന്നതിന് ഇനിയും എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.
2005 ല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന മറ്റൊരു നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു തള്ളിയത് സെബാസ്റ്റ്യന്‍ എന്ന മനുഷ്യമൃഗമായിരുന്നു. അടൂരില്‍ മൂന്നര വയസ്സുകാരിയായ ബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്നത് നാല്‍പതുകാരനായ കൃഷ്ണപിള്ളയായിരുന്നു.

 
പോലീസ് പിടിയിലായപ്പോഴും യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല അയാള്‍ക്ക്. കുറ്റം സമ്മതിക്കാനും മടിച്ചില്ല. മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയാണ് അയാള്‍ പോലീസിനെ ഞെട്ടിച്ചത്. ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ നിന്നും 2005 മെയ് മാസത്തില്‍ കാണാതായ രാഹുല്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന് കുളത്തില്‍ ചവിട്ടിത്താഴ്ത്തിയത് താനാണെന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇരകളുടെ പ്രായം പലപ്പോഴും പത്തില്‍ താഴെയാകുന്നു. വേട്ടക്കാരാകട്ടെ 13 മുതല്‍ എഴുപത് വരെ എത്തുന്നു.
സംസ്ഥാനത്ത് നടക്കുന്ന ബലാല്‍സംഗങ്ങളിളെ ഇരകളില്‍ 15 ശതമാനവും പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളാണ്. ആക്രമണങ്ങളിലും ഭവനഭേദനങ്ങളിലും മറ്റും ആക്രമിക്കപ്പെടുന്നവരിലെ 20 ശതമാനവും കുഞ്ഞുങ്ങളാണ്. ബലാല്‍സംഗത്തിലെ ഒരു വയസ്സുവരെയുള്ളവര്‍ പോലും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം ലൈംഗിക പീഡനത്തിനിരയായ 14 കുട്ടികളുടെ പ്രായം 2 വയസ്സിനും എട്ടു വയസ്സിനും ഇടയിലായിരുന്നു. എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനാകുന്ന കുഞ്ഞുങ്ങളെ വേഗത്തില്‍ പ്രലോഭിപ്പിക്കാനും സാധിക്കുന്നു. ഒരു മിഠായിപ്പൊതി കാണിക്കുമ്പോഴേക്കും അവര്‍ അടുത്ത് കൂടുന്നു. അതപരിചിതരാണെങ്കില്‍ പോലും കുട്ടികള്‍ക്ക് മടിയില്ല. പിന്നെ ആളൊഴിഞ്ഞ ഒരവസരം മതിയല്ലോ എന്തും സംഭവിക്കാന്‍. ഇനി അഥവാ അല്‍പം ബലം പ്രയോഗിക്കേണ്ടി വന്നാലും കുഴപ്പമില്ല.
കണ്ണുരുട്ടി ഭയപ്പെടുത്തിയോ ഒരു ഐസ്‌ക്രീം വാങ്ങിക്കൊടുത്തോ ഇവരെ വശത്താക്കാം. അതിനും വഴങ്ങാത്തവര്‍ക്ക് മുമ്പിലാണ് മൂന്നാമുറ പരിഹാരമായി വരുന്നത്. സമീപകാലത്തുണ്ടായ ഇരുപതില്‍പരം കേസുകളില്‍ സംഭവിച്ചതും അത്തരത്തിലാണ്. എത്രയെത്ര അനുഭവങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. എന്നിട്ടും പുതിയ പുലരിയില്‍ കുറെ കഥകളുമായി വാര്‍ത്താമാധ്യമങ്ങള്‍ നമ്മെത്തേടിയെത്തുന്നു. എന്തുകൊണ്ടാണിത്...?


ജനസംഖ്യയില്‍ പത്തു ശതമാനം ആളുകള്‍ കുറ്റവാസനയുള്ളവരാണ്. ഇവരെ തിരിച്ചറിയാനോ മൃഗീയവാസനകളെ കണ്ടെത്താനോ ആധുനിക ശാസ്ത്രത്തിനോ മനുഷ്യനോ കഴിഞ്ഞിട്ടില്ല. ഏതുതരം മാനസിക രോഗമായാലും അത് തിരിച്ചറിയപ്പെടുന്നു. അവയ്ക്ക് ചികിത്സാ രീതികളും നിലവിലുണ്ട്. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ഒരിക്കലും സാധിക്കുന്നില്ല. ഈ സൈക്കോപതിക് പേഴ്‌സണാലിറ്റിയുള്ള പത്തുശതമാനം എപ്പോഴും കയറൂരിവിട്ടിരിക്കുകയാണ്. ഇവരാണിവിടെ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ കണ്‍മുമ്പിലേക്ക് അറിയാതെ ഇരകള്‍ എത്തിപ്പെടുമ്പോള്‍ ലൈംഗിക പീഡനങ്ങളും കുറ്റകൃത്യങ്ങളും ഉണ്ടാകുന്നു. ഇവര്‍ക്കാവട്ടെ കുറ്റബോധമില്ല. അവരെ തിരുത്താനും ആവില്ല. കടുത്തശിക്ഷാ രീതികൊണ്ടുപോലും ഇത്തരം ക്രിമിനലുകളുടെ പെരുമാറ്റ രീതികള്‍ മാറ്റി എടുക്കാനും സാധിക്കില്ല.
ഇവരുടെ പെരുമാറ്റ രീതികളോ വിചിത്രമാണ്. ചിലര്‍ പോലീസ് പിടിയിലാകുന്നതോടെ ആത്മഹത്യക്കുവരെ ശ്രമിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്ന തോന്നലേയില്ല. മനസാക്ഷിയുമില്ല ഇവര്‍ക്ക്. ഇത്തരം ആളുകള്‍ ലോകത്ത് നിലനില്‍ക്കുവോളം കാലം പീഡനങ്ങള്‍ ഉണ്ടായികൊണ്ടേയിരിക്കും. കുഞ്ഞുമക്കളെപോലും മൃഗീയമായി കൊന്നുതള്ളും. സ്വയം ഓരോരുത്തരും ജാഗ്രത പാലിക്കുകയേ മാര്‍ഗമുള്ളൂ. അവനവന്റെ കുഞ്ഞുങ്ങളെ കാത്തു സൂക്ഷിക്കുകയേ പരിഹാരവുമുള്ളൂ. 


സൈക്കോപതിക് പെഴ്‌സണാലിറ്റിയുള്ള വ്യക്തികളിലെ വികൃതമായ സ്വഭാവദൂശ്യങ്ങള്‍ പുറത്ത് ചാടുന്നത് പലപ്പോഴും അവരറിയാതെയായിരിക്കും. ഇവര്‍ പുറമേക്ക് യാതൊരു ലക്ഷണവും പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഒരവസരം ലഭിക്കുമ്പോഴാകട്ടെ വൈകൃതം പുറത്ത് ചാടുന്നതും പെട്ടെന്നായിരിക്കും. ഇത്തരം അവസരങ്ങള്‍ക്കായി പാത്തും പതുങ്ങിയും നടക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു. സമൂഹത്തിലെ എല്ലാതട്ടിലുമുള്ളവരിലുമുണ്ട് ഇത്തരം മാനസിക രോഗികള്‍.


പുറമേക്ക് വളരെ മാന്യന്മാരായി നടക്കുന്നവരിലും ഇത്തരം മാനസിക വൈകല്യങ്ങള്‍ കണ്ടേക്കാം. പതിനഞ്ചു വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ളവരിലാണ് ഈ മാനസിക വൈകല്യം കണ്ടുവരുന്നതെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു. ഇരയെ അന്വേഷിച്ചുകൊണ്ടുള്ള യാത്രകള്‍ തന്നെയാകും മിക്കപ്പോഴും ഇവരുടെ ജീവിതം. അതുകൊണ്ട് തന്നെ കുടുംബജീവിതത്തില്‍ തികഞ്ഞ പരാജിതരുമാകും ഇവര്‍. എന്നാല്‍ ഇത്തരക്കാര്‍ ചികിത്സതേടി എത്താത്തത് തന്നെയാണ് പ്രശ്‌നം വഷളാക്കുന്നതും. ഈ മാനസിക വൈകല്യം തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ന് ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. 
കുട്ടിക്കാലത്ത് ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ ആ ജീവാനന്തകാലം കുട്ടികളെ വേട്ടയാടുകതന്നെ ചെയ്‌തേക്കാം. ഒരിക്കല്‍ അതുപോലൊരു ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ പിന്നീട് വഷളാവുകയും ചെയ്‌തേക്കാം. ഇവരില്‍ വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 
ഇരകളായ കുട്ടികള്‍ മുതിര്‍ന്നവരെ വല്ലാതെ ഭയക്കും. ഒരുകാരണവും കൂടാതെ ഇവര്‍ മറ്റുള്ളവരെ അവിശ്വസിക്കും. ജീവിതകാലം മുഴുവന്‍ കുട്ടികള്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് അത്തരമൊരു സംഭവമുണ്ടായാല്‍ കുട്ടികളെ വൈദ്യപരിശോധനക്കും കൗണ്‍സലിംഗിനും വിധേയമാക്കുകയാണ്. 
ആറാഴ്ചകൊണ്ട് ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ ഉണങ്ങുന്നു. എന്നാല്‍ മനസിനേല്‍ക്കുന്ന മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ പലതെടുക്കും. ചിലതാകട്ടെ എത്രകഴിഞ്ഞാലും ഉണങ്ങിയെന്നും വരില്ല. അതുകൊണ്ട് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് നിരന്തരമായ പരിചരണം ആവശ്യമാണ്.


ബാല പീഡനങ്ങള്‍ക്കിരയാകുന്നവര്‍ പിന്നീട് ദാമ്പത്യ ജീവിതത്തിലും പരാജയപ്പെടുന്നതായി കാണാം. ലൈംഗിക ജീവിത്തോടുള്ള ഭയമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് വളരെ നേരത്തെ തന്നെ കൗണ്‍സിലിംഗിന്‌വിധേയമാക്കണം. ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ നല്ലത് അസുഖം വരാതെ നോക്കുന്നതാണല്ലോ. അതുകൊണ്ട് എപ്പോഴും തുറന്ന് വെച്ചൊരു കണ്ണുമായി രക്ഷിതാക്കള്‍ തന്നെ മക്കളെ ശ്രദ്ധിക്കുക തന്നെ വേണം. 

1/3/12

തടവറക്കുള്ളില്‍ നിന്നും പെണ്‍ വിതുമ്പലുകള്‍

 
ആയിശ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ത്രീ തടവുകാരിലൊരുവള്‍. 12 ജീവ പര്യന്തം തടവുകാരിലെ ഏറ്റവും പ്രായം കുറഞ്ഞവള്‍. മലപ്പുറത്തെ നിലമ്പൂരിനടുത്താണ് വീട്. മൂന്ന് വയസ്സുണ്ടായിരുന്ന ഏക മകന്‍ റിസ്‌വാനെ നെഞ്ചില്‍ നിന്നും പറിച്ചെറിഞ്ഞ് ജയിലിലെത്തിയിട്ട് ആറു വര്‍ഷം. ഇന്നവന് ഒമ്പത് വയസ്സ്. അവള്‍ക്ക് മുപ്പത്തിരണ്ട്. ചെയ്യാത്ത ഒരു കുറ്റം തലയില്‍ വന്ന് പതിച്ചപ്പോള്‍ ഇരു കൈകളും നീട്ടിയാണ് അറസ്റ്റ് വരിച്ചത്. നിത്യവും കുടിച്ച് കൂത്താടി വരികയും ഉമ്മയേയും ഭാര്യയേയും സഹോദരിമാരേയുമൊക്കെ തൊഴിക്കുകയും ചെയ്തിരുന്ന ഒരു സഹോദരനുണ്ടായിരുന്നു അവര്‍ക്ക്. നിരവധി മോഷണക്കേസുകളിലെ പ്രതി. അയാളുടെ താന്തോന്നിത്തം കൊണ്ട് അനിയത്തിമാരുടെ വിവാഹങ്ങള്‍ കൂടി മുടങ്ങി. അന്വേഷണങ്ങള്‍ പോലും വരാതെയായി.
വീട്ടുകാരും നാട്ടുകാരും സഹികെട്ടു. ഒരു നാള്‍ ലക്ക്‌കെട്ട് വന്ന അയാള്‍ ഭാര്യയേയും ഉമ്മയേയും ചവിട്ടിമെതിക്കുകയായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ടെത്തിയ ഒരാളുടെ കോടാലി വാതില്‍ മറവില്‍ക്കൂടിയാണ് പുളഞ്ഞുവന്ന് അയാളുടെ കഴുത്തില്‍ തറഞ്ഞത്. വെട്ടിയത് വേണ്ടപ്പെട്ടയാള്‍ തന്നെയായിരുന്നു. എല്ലാവരും ചേര്‍ന്ന് ആയിശയോട് കുറ്റമേല്‍ക്കാന്‍ പറഞ്ഞു. അശാന്തിയുടെ ഒരു യുഗമൊഴിഞ്ഞതിന്റെ ആശ്വാസത്തില്‍ അവരങ്ങനെ സമ്മതം മൂളി. സ്ത്രീയാണെന്ന പരിഗണന. ചെറിയ കുഞ്ഞുണ്ടെന്നതും തുണയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, ജീവപര്യന്തമാണ് വിധിച്ചത്. 
പതിനാറാം വയസ്സില്‍ വിവാഹിതയായതാണ് സീത. ഇരുപത് വയസ്സിനിടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. ആദ്യമൊക്കെ ഭര്‍ത്താവിനവരെ ജീവനായിരുന്നു. പിന്നെ പിന്നെ മട്ടുമാറി. മദ്യപാനം തുടങ്ങി. പരസ്ത്രീ ബന്ധങ്ങളും. അതിലൊരുവളെ കൂടെപൊറുപ്പിക്കാന്‍ സീതയേയും മക്കളേയും പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നു ഉദ്ദേശ്യം. അതിനായി പീഡനം. പലതവണ കൊല്ലാന്‍ ശ്രമിച്ചു. ഒരിക്കല്‍ തീകൊളുത്തി കൊല്ലാനും. ബലപ്രയോഗത്തിനിടെ അയാളും മണ്ണെണ്ണയില്‍ കുതിര്‍ന്നു. തീപ്പെട്ടി ആദ്യമായി കയ്യില്‍ തടഞ്ഞത് സീതയുടെ കയ്യിലാണ്. മറ്റൊന്നും ആലോചിച്ചില്ല. അയാള്‍ ഒരഗ്നിഗോളമായി... അങ്ങനെയാണ് പൊന്നാനിക്കാരി സീതയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായത്. 


ആത്മരക്ഷാര്‍ഥം ഭര്‍ത്താവിന്റേയോ സഹോരന്റേയോ രക്തത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിതരായവര്‍. ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത കണ്ടു നില്‍ക്കാനുള്ള കരുത്തില്ലാതെ കത്തിയും കോടാലിയും എടുത്തവര്‍, ഭര്‍ത്താവോ അച്ഛനോ ചെയ്ത കുറ്റങ്ങള്‍ ശിരസാവഹിച്ച് തടവറകളിലെത്തിപ്പെട്ടവര്‍. കണ്ണൂരിലേയും വിയ്യൂരിലേയും പൂജപ്പുരയിലേയും സെന്‍ട്രല്‍ ജയിലുകളിലും വിവിധ ജില്ലാ ജയിലുകളിലും സബ് ജയിലുകളിലുമായി കഴിയുന്ന സ്ത്രീ തടവുകാര്‍ക്ക് പറയാനുള്ളത് ഇത്തരത്തില്‍ അകംപൊള്ളുന്ന നൂറ് നൂറ് കഥകളാണ്.


സഹിച്ചും ക്ഷമിച്ചും ഹൃദയം കല്ലായിപ്പോയവര്‍, കരയാന്‍ കണ്ണുനീര്‍ പോലും വറ്റിപ്പോയവര്‍, ഒറ്റക്കിരുന്ന് സങ്കടപ്പെടുകയും കൂട്ടത്തിലിരുന്ന് ചിരിക്കുകയും ചെയ്യാറുണ്ടിവര്‍. പക്ഷേ, എന്നെങ്കിലുമൊരിക്കല്‍ പുറം ലോകത്തിന്റെ ആകാശം സ്വപ്‌നം കാണുമ്പോഴും തിരികെ ചെല്ലുമ്പോഴുണ്ടാകുന്ന ഭൂകമ്പങ്ങളാണവരെ അസ്വസ്ഥരാക്കുന്നത്. 
ആയിശയെ കാത്തിരിക്കാന്‍ വീട്ടുകാരെല്ലാമുണ്ട്. പ്രിയപ്പെട്ട മകനുണ്ട്. കൊല്ലപ്പെട്ട സഹോദരന്റെ ഭാര്യപോലും അവര്‍ക്ക് ആശ്വാസത്തിന്റെ തണലാകുന്നു. എനിക്കങ്ങനെ ചെയ്യാന്‍ ധൈര്യമില്ലാതെ പോയല്ലോ അനിയത്തീ ...എന്നാണവര്‍ ഒരിക്കല്‍ ആയിശയോട് പറയുകയുണ്ടായത്. എന്നാല്‍ സീതയെ കാത്തിരിക്കാന്‍ ആരുമില്ല. ഏക മകന്‍ പോലും അസുഖം ബാധിച്ച് മരിച്ചു. ചികിത്സിക്കാന്‍ പണമോ ആളോ ഉണ്ടായില്ല. 


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1261 തടവുകാരുണ്ട്. അതില്‍ 42 സ്ത്രീ തടവുകാരെയൊള്ളൂ. ഇതില്‍ 16 പേര്‍ വിചാരണ തടവുകാരാണ്. വിയ്യൂരില്‍ 702 കുറ്റവാളികളുണ്ട്. ഇവരില്‍ സ്ത്രീകള്‍ 38 പേരാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അംഗസംഖ്യ കുറവായിരിക്കാം. എന്നാല്‍ സ്ത്രീ കുറ്റവാളികളുടെ എണ്ണവും അവര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നതിന്റെ വണ്ണവും കൂടികൊണ്ടേയിരിക്കുകയാണ്. അടുത്ത കാലത്ത് ഭര്‍ത്താവിനെയോ സ്വന്തം കുഞ്ഞുങ്ങളെ തന്നെയോ കൊലപ്പെടുത്തിയോ, ചവറ്റു കൂനയിലെറിഞ്ഞോ വിചാരണ തടവുകാരായി മുപ്പതോളം സ്ത്രീകളാണ് ജയിലുകളിലെത്തിയത്. റിമാന്‍ഡില്‍ കഴിയുന്നവര്‍ അന്‍പതിനു മുകളിലുണ്ട്. അനാശാസ്യങ്ങള്‍ക്കും മറ്റുമായി പിടിയിലായവര്‍ വേറെയുമുണ്ട്.

 
പുരുഷ പീഡനം ദുസ്സഹമാകുന്നതില്‍ നിന്നാണ് ഇവരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സ്ത്രീകള്‍ അധികവും കൊലപ്പെടുത്തുന്നത് അടുത്ത ബന്ധുക്കളായ പുരുഷന്‍മാരെയാണ്. ബലാല്‍സംഗത്തിന് ശ്രമിച്ച അച്ഛനേയും മകളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനേയും അതിക്രൂരനായ ജീവിത പങ്കാളിയേയും കൊലപ്പെടുത്തിയ കേസിലാണ് പലരും ഇന്ന് ജയിലഴിക്കുള്ളില്‍ കഴിയുന്നത്. ലിംഗ അസമത്വം, വിവേചനം, തകര്‍ന്ന കുടുംബ ബന്ധങ്ങള്‍, രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ്, ആഗോളവത്കരണം മുതല്‍ ഉദാരവത്കരണം വരെ ഈ കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുന്നെവെന്നാണ് കോഴിക്കോട് സംഘടിപ്പിച്ച ഒരു സെമിനാറില്‍ റിട്ട. ഡി ഐ ജി ഡോ. എന്‍ എസ് ബാലകൃഷ്ണന്‍ നായര്‍ കണക്കുകളുദ്ധരിച്ച് ചൂണ്ടിക്കാണിച്ചത്. മുമ്പ് പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന പല കുറ്റകൃത്യങ്ങളിലും ഇന്ന് സ്ത്രീകള്‍ പ്രതിസ്ഥാനത്തെത്തുന്നുണ്ട്. നേരത്തെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രൂണഹത്യകളുടെ പേരിലുമായിരുന്നു സ്ത്രീകള്‍ കൂടുതലായി ശിക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല അവസ്ഥ.
രാവിലെ ആറു മണിക്കുണരന്നു ജയിലുകള്‍. രണ്ടേക്കറോളം വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്നതാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. സ്ത്രീ വാര്‍ഡുകളില്‍ മൂന്ന് വനിതാ വാര്‍ഡന്‍ മാരാണുള്ളത്. പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ ഒരു വനിതാ കൗണ്‍സിലറുമുണ്ട്. ചികിത്സിക്കാന്‍ ഒരു ഡോക്ടറും. വിചാരണാ തടവുകാര്‍ക്കും ജീവപരന്ത്യം തടവുകാര്‍ക്കും കിടക്കാന്‍ പ്രത്യേകം സെല്ലുകളാണ്. ചെറിയ ഹാളാണ് ഓരോ സെല്ലും. സിമന്റുകൊണ്ട് നിര്‍മിച്ച ഇരുപത് കട്ടിലുകളാണ് ഓരോ സെല്ലിലുമുണ്ടാകുക. 


മൂന്നു മാസത്തിലൊരിക്കല്‍ വസ്ത്രം മാറ്റി നല്‍കും. എണ്ണയും സോപ്പും ബ്രഷുമെല്ലാം നല്‍കും. മെനു പ്രകാരമുള്ള ഭക്ഷണം പാകം ചെയ്ത് കൊണ്ടു വരുന്നത് തൊട്ടടുത്ത് തന്നെയുള്ള പുരുഷന്‍മാരുടെ സെല്ലില്‍ നിന്നാണ്. രാവിലെ ദോശയോ ചപ്പാത്തിയോ ആണ് പതിവ്. ഉച്ചക്കെന്നും ചോറ്. മൂന്നു ദിവസം സാമ്പാറ്. ബുധനും തിങ്കളും മീനുണ്ടാകും. ശനിയാഴ്ച മട്ടനും. വര്‍ഷത്തില്‍ ഒമ്പത് ദിവസം പായസവും ചിക്കനും. എല്ലാമുണ്ട് ജയിലില്‍. പക്ഷേ എന്നും ഒരേ ദിനങ്ങള്‍. ആവര്‍ത്തനത്തിന്റെ പുലരികള്‍. നിറങ്ങളില്ലാത്ത പകലുകള്‍. മാറ്റമില്ലാത്ത രാത്രികള്‍. അടക്കിപ്പിടിച്ച തേങ്ങലുകളോടേയും അകം വേവുന്ന വേദനകളോടെയും കഴിഞ്ഞു കൂടുന്നതിനിടയില്‍ കുത്തിയൊലിച്ചു പോകുന്നത് എന്താണ്...? 
ഒരിക്കലും തിരികെയെത്താത്ത ജീവിതത്തിന്റെ വസന്തങ്ങള്‍. കുഞ്ഞു മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ചെലവഴിക്കപ്പെടേണ്ട ദിനരാത്രങ്ങള്‍. സുരക്ഷിതത്വത്തിന്റെ പച്ചതുരുത്തുകളായ വീടുകളില്‍ ആഘോഷവും ആഹ്ലാദവും പൂത്തിറങ്ങിയ എത്രയെത്ര അസുലഭ മുഹൂര്‍ത്തങ്ങളാണ് ഈ ബന്ധനം ഇവര്‍ക്കന്യമാക്കിയത്. ഭര്‍ത്താവിന്റെ ചവിട്ടും കുത്തും കൊള്ളണ്ടല്ലോ എന്ന് ആശ്വസിക്കുന്നവരും കുറവല്ല. സ്വന്തം വീടിനേക്കാള്‍ സുരക്ഷിതത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എങ്കിലും ജയിലെന്നും ജയില്‍ തന്നെയല്ലേ. ആ ചിന്ത അവരേ സദാ വേദനിപ്പിച്ച് കൊണ്ടേയിരിക്കുന്നു. 
കാസര്‍കോട്ടെ വാസന്തിയുടെ ഭര്‍ത്താവിന്റേയും സുഹൃത്തിന്റേയും കൂട്ടു കച്ചവടം പാര്‍ട്ണറുടെ കൊലയിലാണ് കലാശിച്ചത്. ഭര്‍ത്താവിന്റെ കുറ്റമേറ്റ് വാങ്ങിയ വാസന്തിക്ക് നഷ്ടമായത് കുടുംബം തന്നെയാണ്. ഇന്ന് തിരിച്ച് മടങ്ങാന്‍ ഒരിടവുമില്ലാതായിരിക്കുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ സ്വയം രക്തസാക്ഷിയാവുകയായിരുന്നു അവര്‍. അയാള്‍ കയറി പിടിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം കൊലപ്പെടുത്തി എന്നാണ് പോലീസില്‍ മൊഴി നല്‍കിയത്. ശിക്ഷ ഇളവ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ലഭിച്ചത് ജീവപര്യന്തമാണ്. എല്ലാത്തിലും കൂടെ നിന്ന ഭര്‍ത്താവ് അവര്‍ ജയിലിലായതോടെ മറ്റൊരു സ്ത്രീക്കൊപ്പം പൊറുതി തുടങ്ങിയെന്നാണറിഞ്ഞത്. പിന്നീടയാള്‍ കാണാന്‍ വന്നെങ്കിലും ഇനി ഒരിക്കലും വരരുതെന്ന് പറഞ്ഞ് തിരിച്ചയച്ചത് അവര്‍ തന്നെയായിരുന്നു.
ലോക ജാലകങ്ങള്‍ തുറക്കപ്പെടുന്നത് എവിടേക്കാണെന്നറിയാതെയാണ് ഇവരുടെ ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നത്. എന്നെങ്കിലുമൊരിക്കല്‍ പുറത്തിറങ്ങുമ്പോള്‍ തണലൊരുക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവരാണേറെയും. പലരും എന്തെങ്കിലുമൊരു തൊഴിലറിയാത്തവരാണ്. കൂടുതല്‍ വിദ്യാഭ്യാസം നേടാത്തവരും. മോശമായ ചുറ്റുപാടില്‍ ജീവിതം കഴിച്ചു കൂട്ടിയതിന്റെ പേരില്‍ തടവറക്കുള്ളിലെത്തിയവരുമുണ്ട്. അവരൊക്കെ ഒരു പുതിയ ജീവിതത്തേയാണ് സ്വപ്‌നം കാണുന്നത്. സമാധാനപൂര്‍ണമായ ശിഷ്ടജീവിതമാണ് ആഗ്രഹിക്കുന്നത്. 


വാര്‍ധക്യത്തിന്റെ അവശതകള്‍ തളര്‍ത്തുന്നതിനിടയില്‍ ഇനിയൊരു മടക്കം മരണത്തിലേക്ക് മാത്രമാകുമെന്ന് കരുതുന്ന എഴുപത് കാരിയായ ദാക്ഷാ യണിയമ്മ സ്ത്രീ തടവുകാരുടെ മുത്തശ്ശിയും മുഖ്യ ഉപദേഷ്ടാവുമാണ്. പ്രാരാബ്ധങ്ങള്‍ക്കിടെ വഴി പിഴച്ചുപോയതിന്റെ പേരില്‍ എത്തിപ്പെട്ട ശാന്തിയും ഫൗസിയയുമൊക്കെ പുതിയൊരു ജീവിതവും ഭേദപ്പെട്ടൊരു ജോലിയുമാണ് തേടുന്നത്. 
ജയില്‍ മോചിതരായാല്‍ തന്നെ സമൂഹമവരെ ഏതു കണ്ണുകൊണ്ടാകും കാണുക...? തടവറകളില്‍ നിന്നും പുറത്തിറങ്ങുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങുമെന്നൊക്കെ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഇന്നും ജലരേഖമാത്രമാണ്. ചെയ്തുപോയ പാപങ്ങളെല്ലാം തടവറക്കുള്ളില്‍ കണ്ണീരുകൊണ്ട് കഴുകിക്കളഞ്ഞ് പുതിയൊരു ജന്മവുമായി പുറത്തിറങ്ങുന്നവര്‍ക്കു മുമ്പില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ പിന്നെയും ഒറ്റപ്പെടുകയേയുള്ളൂ. 


ഒരിക്കല്‍ കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ടവരെ മറ്റൊരു കണ്ണ്‌കൊണ്ട് കാണാനുള്ള വിശാല മനസ്സും സമൂഹം ആര്‍ജിച്ചെടുത്തിട്ടില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഓരോ തവണ പരോളിലിറങ്ങി വീടണയുമ്പോഴും വിശേഷങ്ങളില്‍ പങ്കെടുക്കുമ്പോഴും പരിചയപ്പെടുത്താന്‍ തങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന അതേ മേല്‍വിലാസം തന്നെയാണ് ബന്ധുക്കള്‍ പോലും ഉപയോഗിക്കുന്നതെന്നാണ് ആയിശയുടെ പരാതി. ചിലരുടെ പിറുപിറുക്കലുകള്‍, തുറിച്ചുനോട്ടം, എല്ലാം അസഹത്യയുണ്ടാക്കുന്നു. 


പൂന്തോട്ട നിര്‍മാണം, ടൈലറിംഗ്, എംബ്രോയ്ഡറി, പച്ചക്കറി തോട്ട നിര്‍മാണം ഇവയൊക്കെയാണ് വനിതാ തടവുകാരെക്കൊണ്ട് ചെയ്യിക്കുന്ന തൊഴിലുകള്‍. 29 രൂപ മുതല്‍ 69 രൂപവരെയാണ് ഇവര്‍ക്ക് ലഭിക്കുന്ന വേതനം. കാലഹരണപ്പെട്ട തൊഴിലുകള്‍ ഉപേക്ഷിച്ച് ഭാവിയിലും പ്രയോജനം ലഭിക്കുന്ന തൊഴിലുകള്‍ പഠിപ്പിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. എന്നാല്‍ തടവുകാലം തൊഴില്‍ പഠനകാലം കൂടിയായാല്‍ പിന്നെ പുറത്തിറങ്ങുന്നവരെ പുനരധിവസിക്കേണ്ടി വരില്ലല്ലോ. സ്വയം തൊഴിലിലൂടെ പര്യാപ്തമായവരെ സമൂഹം പച്ചകുത്തി മാറ്റി നിര്‍ത്തുകയുമില്ല. അവരുടെ ഭാവിയിലും ഇരുള്‍ മൂടില്ല. പുറത്തിറങ്ങുന്നവര്‍ക്ക് ആശങ്കയും കാണില്ല. സര്‍ക്കാരും ജയില്‍ വകുപ്പും കാര്യമായി ശ്രമിക്കേണ്ടതും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും ശാസ്ത്രീയമായ പദ്ധതികള്‍ നടപ്പാക്കാനാണ്.
~