26/2/11

മലയാളികള്‍ ലൈംഗികാതുരാലയങ്ങളില്‍...... ഉത്തേജക വിപണിയില്‍ പകല്‍കൊള്ള


എണ്‍പതുകാരനും ഇരുപതുകാരനും ഒരുപോലെ ഫലപ്രദം. ഇരുപതുകാരന്‌ പതിന്മടങ്ങ്‌ ശക്തി വര്‍ധിപ്പിക്കാം.
.. ലൈംഗിക ഉത്തേജക മരുന്നിന്റെ പരസ്യവാചകം കണ്ടാണ്‌ പത്രപ്രവര്‍ത്തകനായ സുഹൃത്ത്‌ രഹസ്യമരുന്ന്‌ പരസ്യം ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പരിലേക്ക്‌ വിളിച്ചത്‌. ഡോക്‌ടറെ തന്നെ ഫോണില്‍ കിട്ടി. പരസ്യത്തിന്റെ കാര്യം ചോദിച്ച്‌ തീരുംമുമ്പ്‌ അദ്ദേഹം ചികിത്സ വിധിച്ചു. കഴിക്കാന്‍ 20 ദിവസത്തേക്കുള്ള പൊടിയും പുറമെ പുരട്ടാന്‍ രണ്ട്‌ മാസത്തേക്ക്‌ എണ്ണയും 300 രൂപ. പോസ്റ്റല്‍ ചാര്‍ജ്‌ വെറെ വരും''.
ലൈംഗിക ശേഷിക്കുറവിന്‌ താളിയോലകളില്‍ നിന്ന്‌ കണ്ടെടുത്ത അപൂര്‍വ ഔഷധക്കൂട്ടാണെത്രെ ഇത്‌. മുഗള്‍ രാജാക്കന്മാര്‍ക്കല്ലാം ഉത്തമഗുണം ചെയ്‌തിരുന്നതാണ്‌ ഈ മരുന്ന്‌. ആയിരം കുതിര ശക്തി കിട്ടുമെന്നും പിന്നാലെ വന്നു മോഹിപ്പിക്കുന്ന വാഗ്‌ദാനം. മരുന്നിന്‌ ആവശ്യത്തിനുള്ള റോ മെറ്റീരിയല്‍സ്‌ ഇപ്പോള്‍ കിട്ടാനില്ലെന്ന പരമാര്‍ഥവും സമ്മതിച്ചു ഡോക്‌ടര്‍. അപ്പോള്‍ പിന്നെ എങ്ങനെ മരുന്നുണ്ടാക്കും?''
ഒന്നോ രണ്ടോ മെറ്റീരിയല്‍സ്‌ കുറവാണെങ്കിലും ഞങ്ങള്‍ ഉണ്ടാക്കും . ചികിത്സിക്കാതിരിക്കാന്‍ പറ്റുമോ... 


ഇങ്ങനെയൊക്കെയാണ്‌ ഇന്ന്‌ വിപണിയിലെത്തുന്ന ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള അധിക സാധനങ്ങളും പടച്ചുണ്ടാക്കുന്നത്‌. ദാമ്പത്യ വിരക്തി, ലൈംഗിക വിരസത, ശാരീരിക വിരസത, ശീഘ്ര സഖ്‌ലനം, ഉദ്ധാരണ കുറവ്‌, ലൈംഗിക സമയം ദീര്‍ഘിപ്പിക്കല്‍, വന്ധ്യത എന്നിവക്കെല്ലാമുള്ള ഉത്തമ ഒറ്റമൂലിയായാണ്‌ ആയൂര്‍വേദ മരുന്നുകള്‍ പലതും പുറത്തിറങ്ങുന്നത്‌.
വിപണിയില്‍ 30 രൂപ മാത്രം വിലയുള്ള മരുന്നുകള്‍, കമ്പനികള്‍ കുപ്പിയില്‍ പൊതിയുമ്പോള്‍ അഞ്ഞൂറും ആയിരവുമായി വളരുന്നു.
മുസ്‌ലി പവര്‍ എക്‌സ്‌ട്രാ, പവര്‍ മാള്‍ട്ട്‌, ധാത്രി വിറ്റ, ആക്ഷന്‍ പ്ലസ്‌, പുനര്‍ജനി, കുമാരികല്‍പ്പം, രാജശ്രീ കദളി ടോണ്‍, മദനകാമേശ്വരി, ആക്ഷന്‍ 100 പ്ലസ്‌, ത്രില്ലര്‍ തുടങ്ങിയവയാണ്‌ ഇവയില്‍ പ്രധാനം. മുസ്‌ലി പവര്‍ എക്‌സ്‌ട്രാ ആണ്‌ വിപണിയില്‍ കൂടുതല്‍ വിറ്റു പോകുന്ന വാജീകരണ ഉത്‌പന്നം. ഇതിനുപുറമെ ലാട??വൈദ്യന്‍മാരുടെ പേരില്ലാ കൂട്ടുകള്‍ നൂറുകണക്കിനുണ്ട്‌. പലതും തൊട്ടൊന്ന്‌ പുരട്ടിയാല്‍ മതിയാകും പെട്ടെന്ന്‌ ഫലം ഉറപ്പ്‌ തരുന്നു ഇവര്‍.

ആയുര്‍വേദത്തിലെ അഷ്‌ടാംഗങ്ങളില്‍ ഒന്നാണ്‌ വൃഷം അഥവാ വാജീകരണം, അവാജിയെ(വന്ധ്യത) വാജിയാക്കുന്ന ചികിത്സയാണ്‌ വാജീകരണം. ഈ ചികിത്സക്ക്‌ വിപണിയിലിറങ്ങുന്ന പല മരുന്നുകളും പ്രയോഗിച്ചതിന്‌ ശേഷമാണ്‌ പലരും ഡോക്‌ര്‍മാരെ സമീപിക്കുന്നത്‌.

ആയൂര്‍വേദ മരുന്നുകള്‍ രസായന വാജീകരണ വിധി പ്രകാരം മാത്രമേ നല്‍കാന്‍ പാടൂള്ളൂ. ജന്മനായുള്ള വന്ധ്യത ആയൂര്‍വേദത്തിലൂടെ ചികിത്സിച്ചു ഭേദമാക്കല്‍ പ്രയാസകരമാണ്‌. ദോഷ ദൂഷ്യ ദേശകാല ബലം അനുസരിച്ചേ ആയൂര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മലപ്പുറത്തെ സൈക്കോളജിസ്റ്റായ ഡോക്‌ടര്‍ ടി എം രഘുറാം പറയുന്നു. ലിംഗോദ്ധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ശുക്ല വിസര്‍ജനം ഉണ്ടാകാതെ തടഞ്ഞു നിര്‍ത്തി ലൈംഗിക ബന്ധത്തിന്റെ സമയം നീട്ടുന്നത്‌ അപകടമാണ്‌. ഇത്‌ ലൈംഗിക ശക്തി വര്‍ധിപ്പിക്കുമെന്നത്‌ തെറ്റായ ധാരണമാത്രമാണ്‌. വിട്ടുമാറാത്ത നടുവേദനയായിരിക്കും ഫലം'' അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
ആയുര്‍വേദ മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമൊന്നും ഇവിടെ ബാധകമല്ലതന്നെ. അതിനെയെല്ലാം കാറ്റില്‍പ്പറത്തി മലയാളി വാങ്ങിക്കൂട്ടുകയാണിന്ന്‌ ലൈംഗിക ഉത്തേജക മരുന്നുകള്‍. അവക്ക്‌ ചെലവഴിക്കുന്ന പണത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ കണ്ണ്‌ തള്ളിപോകുകയെയൊള്ളൂ. പ്രതിവര്‍ഷം 500 കോടിരൂപയാണ്‌ കേരളത്തില്‍ നിന്ന്‌ മാത്രം ഈ ഇനത്തില്‍ മരുന്ന്‌ കമ്പനികള്‍ വാരിക്കൂട്ടുന്നത്‌. ഇത്‌ അംഗീകൃത കമ്പനികള്‍ നല്‍കുന്ന കണക്കുകളെ ആശ്രയിച്ചുള്ളതാണ്‌. ലാട വൈദ്യന്‍മാരുടേയും ഒളിഞ്ഞും തെളിഞ്ഞും വിപണനം നടത്തുന്നവരുടേതിനും വേറെ കണക്കിലാണിടം.
സത്യത്തില്‍ ലൈംഗികശേഷിയെ ഇല്ലാത്തവരുടെ നാടാണോ കേരളം...?കിടപ്പറയില്‍ തളര്‍ന്നുവീഴാന്‍ മാത്രം ലൈംഗികാതുരാലയങ്ങളുടെ അത്യാസന്ന നിലയിലാണോ അവരെല്ലാം?

തെറ്റിദ്ധാരണയില്‍ നിന്നും ഉത്ഭവിക്കുന്ന പലപ്രശ്‌നത്തിനും സ്വയം ചികിത്സ നിര്‍ണയിക്കുകയും രഹസ്യചികിത്സ തുടരുകയും ചെയ്യുമ്പോള്‍ പലപ്പോഴും ഗുരുതരമായ പ്രശ്‌നങ്ങളിലാണത്‌ ഒടുങ്ങുന്നത്‌.
തെറ്റായ ലൈംഗിക വിദ്യാഭ്യാസമാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. മരുന്ന്‌ നിര്‍ദേശിക്കുന്നതും ഉപദേശിക്കുന്നതും സുഹൃത്തുക്കളോ മറ്റോ ആവും. ലൈംഗികതയുടെ അടിസ്ഥാനം പൗരുഷമാണെന്നും പൗരുഷമെന്നാല്‍ അവയവത്തിന്റെ വലുപ്പമാണെന്നുമാണ്‌ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ധരിച്ചുവെച്ചിരിക്കുന്നത്‌. അതുകൊണ്ടാണ്‌ ലിംഗവര്‍ധക യന്ത്രമെന്ന്‌ കേള്‍ക്കുമ്പോഴേക്ക്‌ ആരുമറിയാതെ കത്തെഴുതിയും ഫോണ്‍വിളിച്ചും പണമയച്ചും അവര്‍ കാത്തിരിക്കുന്നത്‌. ബീഹാറിലും യു പിയിലുമിരുന്ന്‌ ഇത്തരം സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നവരും മലയാളികളാകുന്നത്‌. ഒടുവില്‍ വി പി പിയായി യെത്തുന്ന ഒന്നിനും കൊള്ളാത്ത യന്ത്രം അവരെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ വിദൂരത്ത്‌ നിന്ന്‌ മലയാളിയുടെ ലൈംഗിക പ്രബുദ്ധതയെക്കുറിച്ചോര്‍ത്ത്‌ ചിലര്‍ പല്ലിളിക്കുന്നുണ്ടാകും.

ലൈംഗികമായ പ്രശ്‌നങ്ങളുണ്ടാവാം. എന്നാല്‍ ഏറെപേരുടേയും പ്രശ്‌നം മാനസികമാണ്‌. പരസ്യങ്ങളില്‍ കാണുന്ന ഈ പ്രശ്‌നങ്ങള്‍ തനക്കുമില്ലെ എന്ന ചിന്തയാണ്‌ (തേര്‍ഡ്‌ സിന്‍ഡ്രോം )പലരേയും ഉത്തേജകമരുന്നുകാരുടെ അടുക്കല്‍ കഴുത്ത്‌ നീട്ടികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്തരക്കാര്‍ അവിടേക്കോടുന്നതിന്‌ പകരം ഒരു സൈക്കോളജിസ്റ്റിനെ സമീപ്പിച്ചാല്‍മതി. കൂടെ ഭാര്യയേയും കൂട്ടിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരമാകും. എന്നാല്‍ ഇത്തരം ശീലങ്ങള്‍ മലയാളികള്‍ക്കില്ലാത്തതാണ്‌ പ്രശ്‌നമെന്നും കോഴിക്കോട്ടെ ഡോ. പി ബി സുരേഷ്‌കുമാര്‍ ചൂണ്ടികാട്ടുന്നു.
വന്ധ്യതക്ക്‌ പോലും ശാസ്‌ത്രീയമായ ചികിത്സ തേടാതെ മരുന്നു കടകളില്‍ ചെന്ന്‌ സ്വയം ചികിത്സ തേടുന്നവര്‍ കൂടിവരികയാണിന്ന്‌. എല്ലാ പരീക്ഷണങ്ങള്‍ക്കൊടുവിലെ നല്ലൊരു ഡോക്‌ടറുടെ സേവനം തേടുകയുള്ളൂ. അഭ്യസ്‌തവിദ്യര്‍ പോലും വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തവരാണെന്നാണ്‌ പല ഡോക്‌ടര്‍മാരുടെയും അരികിലെത്തുന്നവരുടെ അനുഭവമെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മുപ്പത്‌ ഔണ്‍സിന്‌ 750 രൂപയാണ്‌ മുസ്‌ലി പവര്‍ എക്‌സ്‌ട്രായുടെ വില. തുടര്‍ച്ചയായി നാല്‍പ്പത്തിയഞ്ച്‌ ദിവസം കഴിച്ചാല്‍ വാജീകരണം സാധ്യമാകുമെന്നാണ്‌ അവകാശവാദങ്ങളില്‍ പ്രധാനം. സഫേദ്‌ മുസ്‌ലി, നായിക്കുരുണ പരിപ്പ്‌, നെല്ലിക്ക, മുരിങ്ങാക്കുരു, അമക്കുരം, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളി, ജാതിപത്രി, ശിലാജിത്ത്‌ എന്നീ ഒമ്പത്‌ ചേരുവകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെത്രെ.

009 ല്‍15 കോടി രൂപയായിരുന്നു മുസ്‌ലി പവറിന്റെ വിറ്റുവരവ്‌. പ്രധാന വിപണി കേരളമാണ്‌. ച്യവനം കൊണ്ടാണ്‌ ച്യവനപ്രാശം ഉണ്ടാക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ച്യവനം എന്നാല്‍ നെല്ലിക്ക!.പക്ഷേ ഈ ചേരുവയില്‍ പറഞ്ഞിരിക്കുന്ന സഫേദ്‌ മുസ്‌ലിയും നെല്ലിക്കയും അമുക്കുരവുമൊന്നും ഇത്രയുമധികം ഇന്ത്യയില്‍ തന്നെ കൃഷി ചെയ്യുന്നില്ല. അപ്പോള്‍ പിന്നെ ഇവര്‍ക്ക്‌ മാത്രം എവിടെ നിന്നാണിവ ലഭിക്കുന്നതെന്നൊന്നും ചോദിക്കരുത്‌. ച്യവനപ്രാശങ്ങളിലെ പ്രധാന ചേരുവ നാടന്‍ കുമ്പളങ്ങ മാത്രമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ചൂണ്ടികാണിക്കുന്നു. 

ആയിരക്കണക്കിന്‌ ആയൂര്‍വേദ മരുന്നുകളാണ്‌ വിപണിയിലിറങ്ങുന്നത്‌. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ്‌ തന്നെ പച്ച മരുന്നുകളിലാണ്‌. എന്നാല്‍ മരുന്ന്‌ നിര്‍മാണത്തിനാവശ്യമായ പച്ചമരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍ എന്നിവയെല്ലാം നാട്‌ നീങ്ങിയിരിക്കുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയെ പോലുള്ള ചില സ്ഥാപനങ്ങള്‍ സ്വന്തമായി ഔഷധത്തോട്ടങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട്‌. മറ്റുപലര്‍ക്കും ഇത്തരം സംവിധാനങ്ങളില്ല. കാട്ടുമരങ്ങളുടെ തോല്‍ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്ന്‌ വനം വകുപ്പിന്റെ വിലക്കും നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും ഇവരൊക്കെ പ്രകൃതിദത്തമായ ആയൂര്‍വേദത്തെതന്നെയാണ്‌ വിഭാവനം ചെയ്യുന്നത്‌. എന്നാല്‍ ഇതൊന്നും ആളുകള്‍ ശ്രദ്ധിക്കുന്നേയില്ല. വിവാദങ്ങളുടെ ഘോഷയാത്രതന്നെ മുസ്‌ലിപവറിനെ പിന്തുടര്‍ന്നു. ഇന്നും സംശയത്തിന്റെ നിഴലില്‍ തന്നെയാണീ ഉത്‌പന്നം. എങ്കിലും ഇതൊന്നും വില്‍പ്പനയെ തെല്ലും ബാധിച്ചിട്ടില്ലെന്ന്‌ കോഴിക്കോട്ടെ ഒരു മെഡിക്കല്‍ ഷോപ്പ്‌ ഉടമ പറഞ്ഞു.

ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒരു കേശസംരക്ഷണിയുടെ പരസ്യവാചകം കേള്‍ക്കുക. നൂറുശതമാനവും പ്രകൃതിദത്തമായ ചേരുവകളാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആയൂര്‍വേദ ആചാര്യന്‍മാര്‍ നിഷ്‌കര്‍ശിച്ച ഒരേയൊരു ആയൂര്‍വേദ കേശത്തൈലമാണിത്‌. നരച്ച മുടിയിഴകളുടെ സ്ഥാനത്ത്‌ കറുത്തമുടിയിഴകള്‍ തഴച്ചുവളര്‍ത്തി, താരന്‍, മുടികൊഴിച്ചില്‍ എന്നിവയില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ ഒരേയൊരു ആയൂര്‍വേദ പരിഹാരമാണെന്ന്‌ അവകാശപ്പെടുന്ന ഈ ഉത്‌പന്നം വിപണിയിലെത്തിയിട്ട്‌ പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ. പിന്നെങ്ങനെ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ആയൂര്‍വേദ ആചാര്യന്‍മാര്‍ ഈ കേശതൈലത്തിന്റെ പേര്‌ നിര്‍ദേശിച്ചുവെന്നത്‌ നിര്‍മാതാക്കള്‍ക്ക്‌ മാത്രം അറിയാവുന്ന രഹസ്യമാണ്‌. കഷണ്ടിക്കുള്ള മരുന്നെന്ന പരസ്യവുമായി പുറത്തിറങ്ങിയ ഹെര്‍ബല്‍ ഓയിലാണ്‌ കേരളത്തില്‍ ആദ്യമായി പരസ്യവുമായി രംഗത്തെത്തിയത്‌. പിന്നാലെ ഡോ. വാസന്‍ പുറത്തിറക്കിയ ജീവന്‍ടോണ്‍ അവതരിച്ചു.റാണികല്‍പം, കുമാരികല്‍പ്പം എന്നിവയുടെ പിന്നാലെയായി അലയടിച്ചെത്തിയ പരസ്യങ്ങളില്‍ സ്ഥാനം പിടിച്ച ഒരു കേശീതൈലത്തിന്റെ അവകാശവാദമാണ്‌ മുകളില്‍ പറഞ്ഞത്‌. ഇങ്ങനെയൊക്കെതന്നെയാണ്‌ മിക്ക മരുന്നുകളുടേയും ഭാവിയും ഭൂതവും വര്‍ത്തമാനവും.

ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പറഞ്ഞിട്ടുള്ള മരുന്നുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ കണ്ടുപിടിക്കാന്‍ ഇന്ന്‌ വേണ്ടത്ര സംവിധാനങ്ങളില്ല. ആയുര്‍വേദ ഔഷധ ചേരുവകള്‍ മിശ്രിതമായാല്‍ പിന്നെ അതിലെ ചേരുവകളെ കൃത്യമായി തിരിച്ചെടുക്കുക പ്രയാസമാവുമ്പോള്‍ എന്തും ചെയ്യാമല്ലോ. ആട്ടിന്‍ കാട്ടമോ പച്ച ചാണകമോ കുത്തി കലക്കുകയുമാവാം.
മറ്റൊരാളോട്‌ പറയാന്‍ കൊള്ളില്ല മലയാളിയുടെ ലൈംഗിക രോഗങ്ങളും അവക്കുള്ള സംശയങ്ങളും. അധികവും നിസാര പ്രശ്‌നമാകും. നല്ലൊരു സൈക്കോളജിസ്റ്റിന്റെ ഉപദേശമോ കൗണ്‍സിലിങ്ങോ മതിയാകും. എന്നാല്‍ അതിനൊന്നും മെനക്കടില്ല. പകരം സ്വയം ചികിത്സവിധിക്കും. അതെചൊല്ലി മനസ്‌പുണ്ണാക്കാനും ആത്മഹത്യചെയ്യാനും വരെ തയ്യാറാകുന്നവര്‍ എത്രയോ ഉണ്ട്‌. വളാഞ്ചരിക്കടുത്ത ഒരു മുപ്പതുകാരന്‍ രണ്ടുമാസം മുമ്പാണ്‌ ആത്മഹത്യ ചെയ്‌തത്‌. വലിയ വീടും കാറും ഒക്കെയുണ്ട്‌. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ആ ചെറുപ്പക്കാരനെ ആത്മഹത്യയിലേക്ക്‌ നടത്തിക്കാന്‍ മറ്റൊരു കാരണവുമില്ലെന്നാണ്‌ സുഹൃത്തുക്കള്‍ അടക്കം പറയുന്നത്‌. പക്ഷേ ആരോടും പറയാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.
കേള്‍ക്കുന്നവര്‍ ചിരിച്ച്‌ തള്ളുമെന്നത്‌ കൊണ്ടുതന്നെയാണ്‌ അധികം പേരും ചികിത്സ അതീവ രഹസ്യമായി തുടരുന്നത്‌. അതിന്‌ ഏറ്റവും സ്വീകാര്യമായ മാര്‍ഗം പരസ്യത്തില്‍ വായിച്ചറിഞ്ഞ്‌ രഹസ്യമായി മരുന്ന്‌ വാങ്ങി സേവിക്കുകതന്നെ. ലജ്ജയില്‍ പൊതിഞ്ഞ മലയാളീ ശീലം തന്നെയാണ്‌ ഇത്തരം കച്ചവടക്കാരുടെ ഖജനാവ്‌ നിറക്കുന്നതും. അതാണ്‌ അത്ഭുത മരുന്നുകളുടെ അതിശയ ഫലസിദ്ധിയുടെ രഹസ്യവും. പിന്നാലെവരുന്ന അബദ്ധങ്ങളും സാമ്പത്തിക നഷ്‌ടവുമെല്ലാം മറ്റാരും അറിയരുതെന്നതും ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്‌. ആരെങ്കിലും അറിഞ്ഞാലോ പിന്നെ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ...?

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥത്തില്‍ നിന്നും തയ്യാറാക്കുന്ന ഏലസ്‌ മാത്രം ധരിക്കുക. അല്ലെങ്കില്‍ അത്ഭുത സിദ്ധിയുള്ള മോതിരം കയ്യില്‍ അണിയുകയോ വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുക. എങ്കില്‍ മിനുട്ടുകള്‍ക്കകം ഉദ്ദിഷ്‌ടകാര്യങ്ങള്‍ക്കെല്ലാം ഫലം കൈവരുന്നു. ഇതില്‍ ദാമ്പത്യ വിജയത്തിനുള്ള കൂട്ടുമന്ത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്‌ എല്ലാ ദിവസവും നമ്മള്‍ പണം കൊടുത്ത്‌ വാങ്ങുന്ന പത്രത്തിലെ ക്ലാസിഫൈഡ്‌ പരസ്യങ്ങളില്‍ നിറയുന്ന മാറ്ററുകളില്‍ ചിലതാണ്‌. ഈ പരസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടം പിടിക്കുന്നത്‌ ലൈംഗികരോഗങ്ങളുടേയും മാന്ത്രിക സിദ്ധിയുള്ള ഏലസുകളുടേയും പരസ്യങ്ങളാണ്‌. രണ്ടിലും ലൈംഗികതക്ക്‌ പ്രാമുഖ്യമുണ്ട്‌. ദിവസവും കാണുന്നു ഈ പരസ്യങ്ങള്‍. പരസ്യത്തിനുള്ള പണം കൃത്യമായി എത്തിച്ചു തരുന്നതിനാല്‍ പത്രസ്ഥാപനങ്ങള്‍ക്കും പ്രശ്‌നമില്ല. ഇതെല്ലാം വായിച്ച്‌ അത്ഭുതസിദ്ധി തേടിപോകുന്നവര്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച്‌ ആരും അന്വേഷിക്കാറില്ല. ഇത്‌ വന്‍ പ്രചാരമുള്ള പത്രങ്ങളുടെ പരസ്യവരുമാനമാണെങ്കില്‍ ചില ഇടത്തരം പത്രങ്ങളെ നിലനിര്‍ത്തുന്ന നീല മാസികകള്‍ മുന്നോട്ടുവെക്കുന്നത്‌ ലിംഗവര്‍ധക യന്ത്രത്തെ പടച്ചവരുടെ പരസ്യങ്ങളാണ്‌. ഒരു വര്‍ഷം മുമ്പ്‌ ലിംഗവര്‍ധക യന്ത്രം വാങ്ങി കബളിപ്പിക്കപ്പെട്ട ആറുചെറുപ്പക്കാരാണ്‌ ഒരു സുഹൃത്ത്‌ വഴി പത്രക്കാരെ കാണാന്‍ മലപ്പുറത്തെത്തിയത്‌. എന്നാല്‍ വാര്‍ത്ത തയ്യാറാക്കും മുമ്പേ പിന്നാലെ വേറെ ചിലരുടെ ഫോണ്‍വിളിയെത്തി. ദയവ്‌ ചെയ്‌ത്‌ ആ വാര്‍ത്തകൊടുത്ത്‌ മാനം കെടുത്തരുതെന്ന്‌.
വിപണിയിലിറങ്ങുന്ന ചില വനിതാ മാസികകളുടെ ഉള്ളടക്കങ്ങള്‍ ശ്രദ്ധിക്കുക. കിടപ്പറയില്‍ വിജയിക്കാന്‍ 10 കുറുക്ക്‌ വഴികള്‍. ശരീര വടിവ്‌ വീണ്ടെടുക്കൂ ഈസിയായി. ഭയപ്പെടേണ്ട ഗര്‍ഭാശയ മുഴ, അര്‍ബുദമല്ല, അതൊന്നുമല്ല കിടപ്പറയില്‍ കാര്യം... ഇത്‌ ജനുവരി ലക്കത്തിലിറങ്ങിയ ഒരു വനിതാമാസികയുടെ പ്രധാനവിഭവങ്ങളാണ്‌. ഒപ്പം മുഖചിത്രം മുതല്‍ ഇക്കിളിപ്പെടുത്തുന്ന ഒട്ടേറെ കളര്‍ഫുള്‍ ചിത്രങ്ങളും.

ഇനി ഇതേ മാസിക ഒന്നരവര്‍ഷം മുമ്പ്‌ പുറത്തിറക്കിയ ലക്കത്തിന്റെ ഉള്ളടക്കം ശ്രദ്ധിക്കുക. മന:ശാസ്‌ത്രജ്ഞന്റെ കേസ്‌ ഡയറിയില്‍ വിവരിക്കുന്നത്‌ കിടപ്പറയില്‍ ശോഭിക്കാന്‍ പ്രാവര്‍ത്തികമാക്കേണ്ട നിയമാവലികളെക്കുറിച്ചാണ്‌. സ്‌തനാര്‍ബുദത്തിന്റെ ഭീതിപ്പെടുത്തുന്ന സചിത്രഫീച്ചറും ഉണ്ട്‌. ആയൂര്‍വേദ മസാജ്‌ കേന്ദ്രങ്ങളില്‍ ജീവിതം കുരുങ്ങിപോകുന്ന സ്‌ത്രീകളുടെ ജീവിതങ്ങളെക്കുറിച്ചാണ്‌ മറ്റൊരു ഫീച്ചര്‍. എല്ലാത്തിലും ഉപയോഗിച്ചിരിക്കുന്നു അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ചിത്രങ്ങള്‍. കൂടാതെ സുന്ദരിയാകാനുള്ള സൂത്രവാക്യങ്ങളും നാലുകമ്പനികളുടെ ബ്രായെക്കുറിച്ചുള്ള കളര്‍ഫുള്‍ പരസ്യങ്ങളും. മിസ്‌ ഇന്ത്യയുടെ വിവാഹ വിശേഷങ്ങളും എല്ലാം കൂടിയാവുമ്പോള്‍ ഒരുമാസത്തെ വായന ധന്യമാകും. കോഴിക്കോട്‌ പാളയം ബസ്‌ സ്റ്റാന്‍ഡിലെ പത്രവില്‍പ്പനക്കാരനായ മൊയ്‌തീന്‍ പറയുന്നത്‌ കേള്‍ക്കുക. പേര്‌ മാത്രമെ വനിതാ മാസികയെന്നൊള്ളൂ. വാങ്ങുന്നത്‌ മുഴുവന്‍ പുരുഷന്‍മാരാണ്‌. സ്‌ത്രീകള്‍ സാധാരണ വാങ്ങുന്നത്‌ മനോരമയും മംഗളവുമാണ്‌. പിന്നെ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളും. എന്നാല്‍ വനിതാ പ്രസിദ്ധീകരണമെന്ന്‌ പേരില്‍ ഇറങ്ങുന്നവയുടെ വായനക്കാര്‍ യുവാക്കളും നാല്‍പതുകഴിഞ്ഞ പുരുഷന്‍മാരുമാണ്‌.


ഒരേ സമയം ഔഷധഗുണവും വിഷ വീര്യവും പ്രകടിപ്പിക്കുന്ന ഔഷധങ്ങളുണ്ട്‌. ഉമ്മം, നീലക്കൊടുവേലി, നീര്‍വാളം, ചേര്‍ക്കുരു തുടങ്ങിയവ അത്തരത്തിലുള്ളവയാണ്‌. ഇവ അധിവിഷാംശങ്ങളുള്ള സസ്യങ്ങളാണ്‌. വേണ്ട രീതിയില്‍ ഇവ ശുദ്ധീകരിച്ചില്ലെങ്കില്‍ ജീവന്‍വരെ അപകടത്തിലാകുമെന്നാണ്‌ ആയൂര്‍വേദ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. ഇത്തരം ചേരുവകള്‍ അടങ്ങിയിരിക്കുന്നതാണ്‌ വിപണിയിലിറങ്ങുന്ന മിക്ക വാജീകരണ ആയൂര്‍വേദ മരുന്നുകളുമെന്നും അവര്‍ ചൂണ്ടികാട്ടുന്നു.
പുറത്തിറങ്ങുന്ന മിക്ക വാജീകരണ മരുന്നുകളിലും ഓപ്പിയം (കറുപ്പ്‌ എന്ന മയക്ക്‌ മരുന്ന്‌) ചേര്‍ക്കുന്നുണ്ടെത്രെ. ഓപ്പിയം താത്‌കാലികമായ, അല്ലെങ്കില്‍ വ്യാജമായ ഉണര്‍ച്ചയുണ്ടാക്കുന്നു. ഇവയുടെ അമിതമായ ഉപയോഗം പിന്നീട്‌ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്കാണ്‌ നയിക്കുന്നത്‌. ആയൂര്‍വേദത്തിന്റെ ലേബലൊട്ടിച്ച്‌ പുറത്തിറങ്ങുന്നവയുടെ കഥ ഇതെങ്കില്‍ പല അലോപ്പതി മരുന്നുകളിലും ആല്‍ക്കഹോളിന്റെയും കൊഡീലിന്റെയും കഞ്ചാവിന്റെയും അംശം ഉണ്ടെന്ന്‌ പല പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടതാണ്‌. ഇവയുടെ അമിതമായ ഉപയോഗം ഇത്തരം മയക്കുമരുന്നുകളുടെ അടിമയാക്കി മാറ്റുകയും കാലക്രമേണ ലൈംഗിക ബന്ധത്തില്‍ പൂര്‍ണ പരാജിതരാക്കുകയും ചെയ്യുമെന്ന്‌ കോഴിക്കോട്ടെ റിട്ടയേര്‍ഡ്‌ സിവില്‍ സര്‍ജനായ ഡോ. കെ ഹരിദാസ്‌ പറയുന്നു.

ഡോക്‌ടറുടെ നിര്‍ദേശം കൂടാതെ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന്‌ വയാഗ്ര വാങ്ങി കഴിക്കാന്‍ തുടങ്ങിയ ഒരു യുവാവിന്റെ കഥ ഇങ്ങനെ. നീലച്ചിത്രങ്ങളിലും മറ്റും കണ്ട്‌ പരിചയിച്ചത്ര വലുപ്പം തന്റെ അവയവങ്ങള്‍ക്കില്ലെന്ന ആശങ്കയാണ്‌ യുവാവിനെ ആ കൃത്യത്തിലേക്ക്‌ നടത്തിച്ചത്‌. എന്നിട്ടും ഫലമുണ്ടായില്ല. ആശങ്ക വളര്‍ന്ന്‌ കടുത്ത സമ്മര്‍ദ രോഗിയായി മാറിയ അയാളെ ഭാര്യ തന്നെയാണ്‌ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ എത്തിച്ചത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നമോ അയാളിലെ മദ്യപാനവും പുകവലിയും മൂലമുണ്ടായ ലൈംഗിക പ്രശ്‌നങ്ങളായിരുന്നു. രോഗമറിഞ്ഞ്‌ ചികിത്സ വിധിച്ചപ്പോള്‍ പ്രശ്‌നത്തിന്‌ പരിഹാര മായതായി ചികിത്സ നടത്തിയ ഡോക്‌ടര്‍ രഘുറാം.2
രോഗം കൃത്യമായി മനസ്സിലാക്കാതെ ഇത്തരത്തിലുള്ള മരുന്നുകളെ ഉപയോഗിക്കുന്നത്‌ പ്രതികൂല ഫലമാണ്‌ നല്‍കുക. വയാഗ്ര ഹൃദ്രോഗികള്‍ ഉപയോഗിക്കാന്‍ പാടില്ല. യൂറോളജിസ്റ്റ്‌, കാര്‍ഡിയോളജിസ്റ്റ്‌, സൈക്യാട്രിസ്റ്റ്‌, ഡര്‍മറ്റോളജിസ്റ്റ്‌,എന്‍ഡോക്രിനോളജിസ്റ്റ്‌ എന്നിവരുടെ നിര്‍ദേശ പ്രകാരം മാത്രമേ വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാവൂ എന്നാണ്‌ കോഴിക്കോട്‌ മലബാര്‍ ഹോസ്‌പിറ്റലിന്റെ എം ഡി ഡോക്‌ടര്‍ പി എ ലളിത പറയുന്നത്‌.
 വന്ധ്യത എന്തെന്ന്‌ പോലുമറിയാത്തവരാണ്‌ വ്യാജ മരുന്നുകളുടെ പിന്നാലെ പോകുന്നതെന്ന്‌ ഡോ. ലളിത പറയുന്നു. രണ്ടു തരത്തില്‍ വന്ധ്യത കാണപ്പെടുന്നുണ്ട്‌. പ്രമേഹം, വൃക്കരോഗങ്ങള്‍, രക്തസമര്‍ദം, ഹൃദ്രോഗം മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌, അഥേറോസക്ലീറോസിസ്‌ എന്നിവയും മാനസിക സമ്മര്‍ദവും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌.

അധിക സമര്‍ദത്തിന്റെ ഫലമായി ശരീരത്തില്‍ അഡ്രിനാലിന്‍, നൊറാഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ശരീരത്തെ തളര്‍ത്തുന്നു. ഇത്‌ രക്തചംക്രമണത്തെ ബാധിക്കുകയും വന്ധ്യതക്ക്‌ കാരണമാകുകയും ചെയ്യുന്നു. പ്രമേഹം, വൃക്കരോഗങ്ങള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവക്കെല്ലാം മരുന്ന്‌ കഴിക്കുന്നവരില്‍ ലൈംഗികമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്‌. പുകവലിക്കാരിലും മദ്യപാനികളിലും കാണാം പ്രശ്‌നങ്ങള്‍. ഹാനികരമായ മരുന്നുകള്‍ ഇവര്‍ നിര്‍ത്തുന്നതോടെ സൈക്കോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി എന്നീ ചികിത്സകളിലൂടെ ഭൂരിഭാഗം പേരൂടെയും ഫ്രശ്‌നങ്ങളും മാറ്റാനാവുമെന്നും ഡോ. പി എ ലളിത ഉറപ്പിച്ച്‌ പറയുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളുള്ളവരൊക്കെ രഹസ്യ ചികിത്സ തുടരുന്നത്‌ അപകടകരമാണെന്നും അവര്‍ മുന്നറിയിപ്പ്‌ തരുന്നു.

വിപണിയില്‍ ഇറങ്ങുന്ന ഏത്‌ ആയൂര്‍വേദ, യുനാനി, അലോപ്പതി മരുന്ന്‌ കഴിച്ചാലും ഡോക്‌ടര്‍മാര്‍ പരിശോധിച്ച്‌ നിര്‍ദേശിക്കുന്ന മരുന്ന്‌ കഴിക്കാതെ ഇത്തരം അസുഖങ്ങള്‍ മാറില്ലെന്ന്‌ ഇത്തരം മരുന്നുകളുടെ പരസ്യങ്ങളില്‍ വീണ്‌ പോകുന്നവര്‍ തിരിച്ചറിയുകയാണ്‌ വേണ്ടത്‌. ഒരു സൈക്യാട്രിസ്റ്റിനെ കാണുകയെന്നതാണ്‌ ഇതിനുള്ള ഏക പരിഹാരം.
ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കാനും പാടില്ലെന്നാണ്‌ നിയമം. എന്നാല്‍ ഇത്‌ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള വില്‍പ്പന പലപ്പോഴും അമിതമായി വില ഈടാക്കിയാണ്‌. ഇരുപത്‌ രൂപവരുന്ന ക്യാപ്‌സ്യൂളിന്‌ എണ്‍പതും നൂറും രൂപയാണ്‌ ഈടാക്കുന്നത്‌. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാര്‍ സ്വന്തമായി സൂക്ഷിക്കുന്ന ഇത്തരം മരുന്നുകള്‍ ആവശ്യക്കാര്‍ക്ക്‌ രഹസ്യമായി കീശയില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കുകയാണ്‌ പതിവ്‌.


പല പ്രശ്‌നങ്ങളുടെയും യഥാര്‍ഥ പ്രശ്‌നം മനസാണ്‌. ലൈംഗികതയിലും മനസ്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അജ്ഞത, സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അടങ്ങാത്ത ആകാംക്ഷ. സാഹചര്യങ്ങള്‍, വിഷാദം, അപകര്‍ഷതാബോധം, മാനസിക സംഘര്‍ഷം, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ എന്നിവയൊക്കെ ലൈംഗിക വിരക്തിക്കും മറ്റും പ്രശ്‌നങ്ങളാവാറുണ്ട്‌. അതിനാണ്‌ പരിഹാരം തേടേണ്ടത്‌. ഇവക്കാവട്ടെ ശാസ്‌ത്രീയമായ ചികിത്സയുണ്ട്‌ താനും. പക്ഷെ മലയാളികള്‍ അത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ചികിത്സ തേടാത്തതാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഫാമിലി കൗണ്‍സിലിങ്ങും വിവാഹപൂര്‍വ കൗണ്‍സിലിങ്ങും വ്യക്തി കൗണ്‍സിലിങ്ങും നടത്തിയാല്‍ തീരാവുന്ന പ്രശ്‌നമെ കേരളത്തിലെ ഭൂരിഭാഗം പേരിലുമുള്ളൂവെന്നാണ്‌ പല സൈക്കാട്രിസ്റ്റുകളും സമ്മതിക്കുന്നത്‌. അതാണ്‌ സത്യവും. രോഗമറിഞ്ഞ്‌ ചികിത്സിക്കാത്തത്‌ തന്നെയാണ്‌ മലയാളിയുടെ പോക്കറ്റ്‌ ചോരുന്നതിന്റെ പ്രധാനകാരണവും. അത്‌ തിരിച്ചറിയാത്തിടത്തോളം കാലം ഈ ചൂഷണം ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.
കടപ്പാട്‌ മിഥുന്‍കൃഷ്‌ണ 

24/2/11

പ്രവാസി മാധ്യമ അവാര്‍ഡ്‌ ഹംസ ആലുങ്ങലിന്‌
 
തിരുവനന്തപുരം:
നോര്‍ക്കാ റൂട്ട്‌സ്‌ ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന്‌ ഹംസ ആലുങ്ങല്‍ അര്‍ഹനായി. 2010 ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ്‌ അവാര്‍ഡ്‌.പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്‌ക്ക്‌ രോഗങ്ങളുമായി ഇക്കരയ്‌ക്ക്‌` എന്ന ലേഖന പരമ്പരയും എന്ന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ്‌ ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.

2009 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെ മലയാള പത്ര/ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോ സംപ്രേഷണം ചെയ്‌തതോ ആയ പ്രവാസി മലയാളികളെ സംബന്ധിച്ച ന്യൂസ്‌ ഫീച്ചറുകളാണ്‌ മാധ്യമ പുരസ്‌കാരത്തിന്‌ പരിഗണിച്ചത്‌.
ചെറുകഥാ സമാഹാരത്തിനുള്ള 2010 ലെ പ്രവാസി സാഹിത്യ അവാര്‍ഡിന്‌ കനേഡിയന്‍ പ്രവാസിയായ നിര്‍മല എഴുതിയ `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി` എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള അവാര്‍ഡിനായി ബെന്യാമിന്റെ `ആടു ജീവിതം` തിരഞ്ഞെടുക്കപ്പെട്ടു. 2005വ ജനുവരി ഒന്നു മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള അഞ്ച്‌ വര്‍ഷത്തിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ രചനകളാണ്‌ സാഹിത്യ അവാര്‍ഡിനായി പരിഗണിച്ചത്‌


എസ്‌ ആര്‍ ശക്തിധരന്‍, സി ഗൗരീദാസന്‍ നായര്‍, സരിതാ വര്‍മ്മ, കെ രാജഗോപാല്‍, കെ ടി ബാലഭാസ്‌കരന്‍ എന്നിവരടങ്ങിയ സമിതിയായണ്‌ മാധ്യമ അവാര്‍ഡ്‌ നിശ്ചയിച്ചത്‌. ഈ മാസം 28ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

22/2/11

കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത: എല്ലാം അറിവോടെയെന്ന്‌ മുനീര്‍ സമ്മതിക്കുന്നു
ഇന്ത്യാവിഷന്‍
ചാനലിന്റെ ചീഫ്‌ എഡിറ്ററായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ എം പിയും ഇടതു സഹയാത്രികനുമായ ഡോ സെബാസ്റ്റ്യന്‍പോള്‍ അവരോധിതനായിരിക്കുന്നു. പുതിയ തീരുമാനം ഇന്ത്യാവിഷന്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റേതാണ്‌. ഒപ്പം എം കെ മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍ കസേരയില്‍ തന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. വലിയ വെല്ലുവിളികള്‍ കൂടിയാണ്‌ അദ്ദേഹം അതോടൊപ്പം നടത്തിയിരിക്കുന്നത്‌. അതിന്റെ ഭാവി അറിയാനും മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.


മുസ്ലിം ലീഗിനേയോ ചാനലിനോയോ ഏതിനെ എങ്കിലും ഒന്നിനെ തള്ളിപ്പറയേണ്ടിവരുമ്പോള്‍ ആദ്യം തള്ളുക മുസ്‌ലിം ലീഗിനേയാണെന്നും ചാനലിനോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നുകൂടി അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.
ഇതോടെ മലയാളികള്‍ ഒന്നുറപ്പിക്കുന്നു. കുറച്ച്‌ നാളുകളായി അവര്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുകാര്യം സത്യം തന്നെയായിരുന്നു. ചാനലില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന വാര്‍ത്തകള്‍ മുനീര്‍ അറിഞ്ഞില്ലെന്ന വാദമുഖം ശുദ്ധ നുണയായിരുന്നു. എല്ലാം മുനീറിനറിയാമായിരുന്നു. എന്ന്‌ പറയാതെ പറയുക മാത്രമല്ല മുമ്പ്‌ നില്‍ക്കകള്ളിയില്ലാതെ പരസ്യമായി തള്ളിപ്പറഞ്ഞ വസ്‌തുതക്ക്‌ കൂടുതല്‍ വിശ്വാസ്യത വരുത്തി അതായിരുന്നു സത്യമെന്ന്‌ കൂടുതല്‍ സമ്മതിച്ച്‌ തരികകൂടിയാണ്‌.


മുസ്ലിം ലീഗിന്റെ പഴയകാല നേതാവ്‌ നീലാമ്പ്രമരക്കാര്‍ ഹാജി മുസ്‌ലിം യൂത്ത്‌ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി മുനീറിനെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയച്ച ഒരു കത്തുണ്ട്‌. ആ കത്ത്‌ മരക്കാര്‍ ഹാജിയുടെ സ്‌മരണികയില്‍ പ്രസിദ്ധീകരിക്കാന്‍ സ്‌മരണിക കമ്മിറ്റിക്ക്‌ നല്‍കിയത്‌ മുനീര്‍ തന്നെയായിരുന്നു. ആ കത്തില്‍ മരക്കാര്‍ ഹാജി ഓര്‍മിപ്പിച്ചത്‌ പ്രിയപ്പെട്ട മുനീര്‍ താങ്കള്‍ മഹാനായ ബാപ്പയുടെ മകനായി മാത്രം ജീവിക്കുക എന്നായിരുന്നു.
സത്യസന്ധതയും സല്‍സ്വഭാവവും ഒരു പൊതുപ്രവര്‍ത്തകന്റെ മുഖമുദ്രയാണെന്നും മരക്കാര്‍ ഹാജി ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആ സത്യസന്ധതയും മഹാനായ നേതാവിന്റെ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ പലപ്പോഴും മുനീറിനും കാലിടറുന്നുണ്ട്‌. എന്തൊക്കെയോ താത്‌പര്യങ്ങളുടെ പേരില്‍ കള്ളം പറയുവാനും കബളിപ്പിക്കുവാനും മുനീറും തയ്യാറാകുന്നുണ്ട്‌. ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ മുസ്ലിം ലീഗിനെയോ യു ഡി എഫിനെയോ പരുങ്ങലിലാക്കിയിട്ടുണ്ടെങ്കില്‍ അത്‌ വാര്‍ത്തകള്‍ക്ക്‌ ലഭിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയുമാണെന്നും മുനീര്‍ യോഗത്തില്‍ എടുത്തുപറയുകയുണ്ടായി.


അതോടൊപ്പം യു ഡി എഫിനെ ശക്തമാക്കാനുള്ള നടപടികള്‍ ഞങ്ങള്‍ കൈകൊണ്ടുകൊള്ളുമെന്നും മുനീര്‍ പറയുന്നു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. എങ്ങനെയാണ്‌ മുനീര്‍ സാഹിബ്‌ ഒരേ സമയം രണ്ടുതോണിയിലും കാലിട്ടു നീങ്ങുക..? ഒരിടത്ത്‌ പാര്‍ട്ടി രക്ഷകന്റെ (ഉപജാപകന്റെ) റോള്‍... മറ്റൊരിടത്ത്‌ ആലങ്കാരികമല്ലാത്ത ചാനലിന്റെ ചെയര്‍മാന്‍വേശം. ഇത്‌ രണ്ടും കൂടി എങ്ങനെയാണ്‌ ആ മഹാനായ നേതാവിന്റെ മകന്‌ അണിയാനാവുക....


മുസ്‌ലിം ലീഗ്‌ എന്ന്‌ പറയുന്നത്‌ ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണെന്ന്‌ വിശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ അതിലെ നിയമങ്ങളുണ്ടാക്കുന്നതും അത്‌ അടിച്ചേല്‍പ്പിക്കുന്നതും കേവലം ചില വ്യക്തികള്‍ മാത്രമാണെന്നത്‌ പരസ്യമാക്കപ്പെട്ട രഹസ്യങ്ങളാണ്‌. അവര്‍ ജീര്‍ണതകളുടെ രാജ്യത്തെ രാജാക്കന്‍മാരാണെന്ന്‌ നാള്‍ക്കുനാള്‍ തെളിയിച്ച്‌ കൊണ്ടേയിരിക്കുന്നു. എന്നിട്ടും അതൊന്നും സമ്മതിച്ച്‌ തരാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ക്ക്‌ സമുദായത്തിന്റെയും സയ്യിദന്‍മാരുടെയും ആശീര്‍വാദവും അനുഗ്രഹവും വേണം. അവരത്‌ വിലക്ക്‌ വാങ്ങിയിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആ കൂടാരമുപേക്ഷിച്ച്‌ മാന്യമായി പുറത്തുവരുക മുനീര്‍. മനസാക്ഷിക്കു നിരക്കാത്തതും മാനവരാശിയെ തന്നെ ഒറ്റിക്കൊടുക്കുന്നവരുമായവരുടെ താവളത്തില്‍ നിന്ന്‌ രക്ഷപ്പെടുക. ഒറ്റ തന്തക്ക്‌ പിറന്നവനാണെന്ന്‌ സമൂഹത്തിനും സമുദായത്തിനും ഇനിയെങ്കിലും കാണിച്ച്‌ കൊടുക്കുക.  

19/2/11

ഡയറിക്കേസിലൂടെ വിഖ്യാതയായ കുഞ്ഞാലിയുടെ ഉമ്മ കുഞ്ഞാലിയുടെ ജീവിതകഥ ആറ്‌കുഞ്ഞാലിയുടെ ആദ്യത്തെ ഒളിവ്‌ ജീവിതം അവസാനിച്ചു. അതോടെ ആദ്യത്തെ ജയില്‍ ജീവിതം ആരംഭിച്ചു. ഒളിവില്‍ അന്നവും അഭയവും നല്‍കിയവരോടുള്ള നന്ദിയും കടപ്പാടും എങ്ങനെയാണ്‌ പ്രകടിപ്പിക്കാനാവുക..? ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം സുരക്ഷിതത്വം പോലും അപകടത്തിലാവുമെന്ന്‌ തിരിച്ചറിഞ്ഞിട്ടും ഒരുപോറലുമേല്‍പ്പിക്കാതെ സംരക്ഷിച്ചവരെയൊക്കെ എങ്ങനെയാണ്‌ മറക്കാനാവുക...?
ഊഹിക്കാന്‍ പോലുമാകാത്ത പ്രതികൂല സാഹചര്യത്തില്‍ നിന്നായിരുന്നു അവരതിനെല്ലാം തയ്യാറായത്‌. തുറന്ന്‌ സമ്മതിക്കാന്‍ പോലുമാകാത്ത വിഷമഘട്ടങ്ങളും ഭീതിയും അവരെ വേട്ടയാടിയിരുന്നു. ഒരു പക്ഷെ, കുടുംബത്തിന്റെ ഭാവിയെ കുറിച്ചോര്‍ത്തുകൊണ്ടുള്ള ആശങ്കയാകാം, എന്നിട്ടും അവരാരും ഒരസൗകര്യവും പ്രകടിപ്പിച്ചില്ല. മറുത്തൊരു വാക്കും പറഞ്ഞില്ല.
പുന്നപ്പാലയിലെ ഹരിജന്‍ കുഞ്ഞന്‌ 75 വയസ്സെങ്കിലും പ്രായമുണ്ടാകും. ആ വൃദ്ധനും കുടുംബവും പോലും തങ്ങളുടെ അന്നത്തില്‍ നിന്നും ഒരു വിഹിതം തന്നു. അവര്‍ പട്ടിണിയിലായിരുന്നിരിക്കാം. എന്നിട്ടും കുഞ്ഞാലിയെ അവര്‍ പട്ടിണിക്കിട്ടില്ല. പുന്നപ്പാലയിലെ കുണ്ടണ്ണിനായര്‍, അയാളുടെ വീട്ടുകാര്‍, സി.ടി. മാധവന്‍ നമ്പൂതിരി, കെ.പി.കെ നമ്പൂതിരി, വണ്ടൂരിലെ തലാപ്പില്‍ മുഹമ്മദും കുടുംബവും, പുല്ലങ്കോട്ടുകാരന്‍ പെരുമ്പാറയില്‍ ശിവരാമന്‍ നായരും വീട്ടുകാരും, ഇതിനും പുറമെ പേരും മേല്‍വിലാസവും ഒന്നും അറിഞ്ഞു കൂടാത്ത ഒരുപാട്‌ ഉമ്മമാര്‍, സഹോദരങ്ങള്‍. 


അവരെയൊക്കെ ഓര്‍ക്കാതിരിക്കാനും മറന്ന്‌ കളയാനുമൊന്നും കുഞ്ഞാലിക്കാവുമായിരുന്നില്ല. കൃത്യമായി ഡയറിഎഴുതുന്ന ശീലമുണ്ടായിരുന്ന കുഞ്ഞാലി അതാത്‌ ദിവസങ്ങളില്‍ അവരെ കുറിച്ചെല്ലാം ഡയറിയില്‍ കുറിച്ചിട്ടു. അവിടെ വന്നുപെട്ട സാഹചര്യങ്ങളും അവരുമായുണ്ടായ സംഭാഷണങ്ങളും പുതിയ അനുഭവങ്ങളുമെല്ലാം വ്യക്തമായി ആ ഡയറിക്കുറിപ്പുകളില്‍ സ്ഥാനം പിടിച്ചു. ഡയറി എഴുത്ത്‌ പണ്ടു മുതല്‍ക്കേയുണ്ടായിരുന്ന ശീലമായിരുന്നു. അന്നത്തെ ദിവസങ്ങളില്‍ ഇവരെ കുറിച്ചല്ലാതെ മറ്റാരെ പറ്റിയാണ്‌ എഴുതുക....?


എന്നാല്‍ ആ കുറിപ്പുകള്‍ പിന്നീട്‌ വരുത്തി തീര്‍ത്തേക്കാവുന്ന ഭവിക്ഷത്തുകളെ കുറിച്ചൊന്നും കുഞ്ഞാലി അപ്പോള്‍ ഓര്‍ത്തു പോയിരുന്നില്ല. മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍, സഹായിച്ചവരെ സ്‌മരിക്കുന്നത്‌ അവര്‍ക്ക്‌ തന്നെ അപകടമായി തീരുമെങ്കില്‍.... ആ കുറിപ്പുകളില്‍ നിന്ന്‌ അവരുടെ പേരുകളെങ്കിലും ഒഴിവാക്കുമായിരുന്നു.


ഒഴിവു ദിനങ്ങളുടെ വ്യര്‍ഥമായ പകലുകളിലും ഉറക്കം വരാത്ത രാത്രികളിലും ഉണര്‍ന്നും ഉറങ്ങിയും പ്രവൃത്തികളില്‍ മുഴകിയും പിന്നെയും ശേഷിച്ചു പോകുന്ന സമയങ്ങളിലായിരുന്നു ഒളിവിലെ ഓര്‍മക്കുറിപ്പെഴുത്തുകള്‍ . 


ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി സഖാക്കളെ മാത്രമായിരുന്നില്ല വേട്ടക്കിറങ്ങിയിരുന്ന പോലീസുകാര്‍ക്കു വേണ്ടിയിരുന്നത്‌. അവരുടെ കൈവശമുണ്ടായിരുന്ന ലഘുലേഖകളും പുസ്‌തകങ്ങളും ഡയറിക്കുറിപ്പുകളും കമ്മ്യൂണിസം എഴുതാനുപയോഗിച്ചിരുന്ന പേനപോലും വിലപ്പെട്ട രേഖകളും തൊണ്ടി മുതലുകളുമാണ്‌. അത്‌ ചികഞ്ഞ്‌ പരിശോധിക്കും. ആവശ്യമായവ ഭദ്രമായി സൂക്ഷിക്കും. ശേഷിക്കുന്നവ കത്തിച്ചു കളയുകയുമാണ്‌ പതിവ്‌.
കുഞ്ഞാലിയുടെ പക്കല്‍ നിന്നും അങ്ങനെ ചില ലഘുലേഖകള്‍ പിടിച്ചെടുത്തു. പുസ്‌തകങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. നിയമപാലകര്‍ അവയുടെ വരികള്‍ക്കുള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങി നിരൂപണം തുടങ്ങി. വാക്കുകളിലെ ഘടനയും വാചകങ്ങളുടെ അന്തസത്തയും ചികഞ്ഞ്‌ പോസ്റ്റുമോര്‍ട്ടം നടത്തി. അക്കൂട്ടത്തില്‍ നിന്നാണ്‌ അഭയമേകിയവരുടെ സ്‌മരണകള്‍ നിറഞ്ഞ ഡയറിക്കുറിപ്പിലെ പേരുകളേയും വിചാരണക്കെടുത്തത്‌.
അത്‌ പലര്‍ക്കു നേരെയുള്ള സാക്ഷിമൊഴികളായിരുന്നു. അവര്‍ നിയമ ലംഘനം നടത്തി എന്നതിലേക്കുള്ള കുറ്റപത്രമായിരുന്നു. ഡയറിയില്‍ എഴുതപ്പെട്ട സംഭവങ്ങളുടേയും പേരുകളുടേയും അടിസ്ഥാനത്തില്‍ പോലീസ്‌ പിന്നീട്‌ ഒരു പ്രത്യക്ഷ കേസ്‌ തന്നെ ചാര്‍ജ്‌ ചെയ്‌തു. അതായിരുന്നു കുഞ്ഞാലിയുടെ ഡയറികേസ്‌. ഡയറിയിലെ സംഭവങ്ങളെല്ലാം കുഞ്ഞാലി പോലീസിന്‌ നല്‍കിയ മൊഴയായി കണക്കാക്കിയായിരുന്നു ഈ കേസ്‌ ഫയല്‍ ചെയ്‌തത്‌. 83 പേരെയായിരുന്നു പ്രതി ചേര്‍ത്തിരുന്നത്‌. 


ഏകദേശം 83 പേര്‍. അത്രയും ആളുകളുടെ പേരും വിലാസവുമേ ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്‌ കണ്ടെത്താനായുള്ളൂ. മറ്റു പലരേയും കുറിച്ചുള്ള വിവരങ്ങള്‍ അതിലടങ്ങിയിരുന്നുവെങ്കിലും അവരെയൊന്നും കണ്ടെത്താനായില്ല. വിവരങ്ങള്‍ക്കായി പോലീസ്‌ കുഞ്ഞാലിയെ കുറെ വിരട്ടുകയും മര്‍ദിക്കുകയും ചെയ്‌തുവെങ്കിലും ഫലമുണ്ടായില്ല. പീഡനം ശക്തമാക്കിയിട്ടും കുഞ്ഞാലിയുടെ നാവിന്‍തുമ്പില്‍ നിന്ന്‌ ഒരൊറ്റ പേര്‌പോലും പുറത്തു വന്നില്ല. ഈ കേസില്‍ കുഞ്ഞാലിയുടെ ഉമ്മ ആയുഷുമ്മയും പ്രതിയായിരുന്നു. കുണ്ടോട്ടിയിലേയും പരിസരങ്ങളിലേയും കുഞ്ഞാലിയുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു.


കേസിന്റെ വിചാരണ കോടതിയിലാരംഭിച്ചു. കുഞ്ഞാലിക്കും സംഘത്തിനും വേണ്ടി അഡ്വ. രാമസ്വാമി അയ്യരായിരുന്നു ഹാജരായിരുന്നത്‌. രാമസ്വാമി അയ്യരുടെ കുടില തന്ത്രങ്ങള്‍, കുഞ്ഞാലിയുടെ ബുദ്ധിപൂര്‍വ്വമായ മൊഴികള്‍, എല്ലാം കേസിന്‌ അനുകൂലമായി തീര്‍ന്നു. പോലീസിന്റെ പക്കലായിരുന്ന ഡയറി വിചാരണ തുടങ്ങുംമുമ്പ്‌ രാമസ്വാമി അയ്യര്‍ക്ക്‌ തിരിച്ചു വാങ്ങാനായതും ഏറെ ഗുണമായി.


പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കു നേരെ ഉന്നയിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കുവാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഹാജരാക്കിയ തെളിവുകളോ എല്ലാം ദുര്‍ബലങ്ങളായിരുന്നു. അതുകൊണ്ട്‌ മിക്ക പ്രതികളേയും കോടതി വെറുതെ വിട്ടു. കുഞ്ഞാലിയുടെ ഉമ്മ ആയിഷുമ്മക്കു മാത്രം ചെറിയ ശിക്ഷ ലഭിച്ചു. എന്നാല്‍ അവര്‍ കോടതിയില്‍ നല്‍കിയ മൊഴികളും കോടതിയോട്‌ ചോദിച്ച ചോദ്യങ്ങളും കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ കോടതി നടുങ്ങിപ്പോയി.
കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും അവര്‍ അല്‍പം പോലും പതറിയില്ല. വാക്കുകളില്‍ മയവും കലര്‍ത്തിയില്ല. പോലീസിന്‌ പിടികിട്ടാപ്പുള്ളിയായിരുന്നു കുഞ്ഞാലി. അങ്ങനെയുള്ള കുഞ്ഞാലിയെ നിങ്ങള്‍ ഒളിവില്‍ പാര്‍പ്പിക്കുകയും അയാള്‍ക്ക്‌ ചോറ്‌ കൊടുക്കുകയും ചെയ്‌തില്ലേ...? എന്നായിരുന്നു ജഡ്‌ജിയുടെ ചോദ്യം.
തന്റെമേല്‍ ആരോപിച്ച കുറ്റമൊന്നും അവര്‍ നിഷേധിക്കാന്‍ പോയില്ല. അത്‌ നിഷേധിക്കുവാനും ആയിശുമ്മയെ കിട്ടില്ല. ആരുടെ മുമ്പിലും പതറാതെ, ചെയ്‌ത കാര്യം എവിടെയും തുറന്ന്‌ സമ്മതിക്കുന്നവര്‍. അവര്‍ ജഡ്‌ജിയുടെ മുമ്പില്‍ കുറ്റം ഏറ്റു പറഞ്ഞു.
അവിടെ തീര്‍ന്നില്ല.


കോടതിയാണല്ലോ എന്നൊന്നും അവര്‍ നോക്കിയില്ല. ചില കാര്യം ചോദിക്കാനുണ്ടായിരുന്നു. ചിലത്‌ കൂടി പറയാനും. അവരത്‌ ചോദിച്ചു. പറയാനുള്ളത്‌ പറയുകയും ചെയ്‌തു.
അതേ ഏമാനേ... ഞാനെന്റെ മോന്‌ ചോറും ചായയും കൊടുത്തിട്ടുണ്ട്‌. ഇനിയും കൊടുക്കും. എന്റെ മോന്‌ ഞാനല്ലാതെ പിന്നെ ആരാ ചോറ്‌ കൊടുക്ക്വാ...? പിന്നെ ഒളിവില്‍ പാര്‍പ്പിച്ചു എന്നാണ്‌ കുറ്റമെങ്കില്‍, ആ കുറ്റവും ആയിഷുമ്മ ചെയ്‌തിട്ടുണ്ട്‌. ഇപ്പൊ മാത്രമല്ല. പത്തുമാസം ഞാനെന്റെ വയറ്റിലും ഓനെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുണ്ട്‌ . അതിനിനി എന്ത്‌ ശിക്ഷയാണാവോ വിധിക്കാന്‍ പോകുന്നത്‌.?


ആ വാക്കുകള്‍ കേട്ട്‌ ജഡ്‌ജി മാത്രമല്ല ഞെട്ടിത്തെറിച്ചത്‌. കോടതിക്കകത്തുണ്ടായിരുന്നവര്‍ അന്തംവിട്ടു പോയി. അഭിഭാഷകരും മറ്റും പൊട്ടിച്ചിരിച്ചു. വിധി കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്ന ജനസഞ്ചയം ആ മാതാവിന്റെ ധീരശബ്‌ദം കേട്ട്‌ കോരിത്തരിച്ചുനിന്നു.


അതൊരു ചരിത്ര സംഭവമായിരുന്നു. കുഞ്ഞാലിയുടെ ജീവിതത്തിലേയും ഏറനാടന്‍ മണ്ണില്‍ കുഞ്ഞാലിയുടെ പ്രസ്ഥാനം വേരുറച്ചു പോയതിന്റേയും പിന്നിലെ സുപ്രധാനമായ ഒരു സംഭവം കൂടിയായിരുന്നു പ്രതിക്കൂട്ടില്‍ നിന്ന്‌ ആയിഷുമ്മ കോടതിയെ വെല്ലുവിളിച്ച സംഭവം.
അടുത്ത ദിവസത്തെ പത്രങ്ങളില്‍ അതൊരു വാര്‍ത്തയായി. അങ്ങനെ കുഞ്ഞാലിയുടെ മാതാവിന്റെ ശബ്‌ദം ലോകം മുഴക്കെ കേട്ടു. അവര്‍ കോടതിയേയും പോലീസുകാരെയും വെള്ളം കുടിപ്പിച്ച സംഭവത്തെ മാക്‌സിം ഗോര്‍ക്കിയുടെ `അമ്മ' എന്ന നോവലിലെ കഥാപാത്രമായ പാവേലിന്റെ വിഖ്യാതമായ അമ്മയോട്‌ പോലും ഉപമിച്ചു പത്രങ്ങള്‍. 

13/2/11

സൗമ്യ...... ആ കുപ്പിവളയോടൊപ്പം വീണുടഞ്ഞത്‌

ശരീരത്തില്‍ ചെറുതും വലുതുമായ നൂറോളം മുറിവുകള്‍. കൊഴിഞ്ഞുവീണത്‌ ഏഴ്‌ പല്ലുകള്‍. തലയോട്ടിയും താടിയെല്ലുകളും പൊട്ടിയിരുന്നു. മരണവെപ്രാളത്തില്‍ പിടയുമ്പോഴും അബോധാവസ്ഥയിലുമായി പ്രതി രണ്ടുതവണയാണ്‌ സൗമ്യയെ പീഡിപ്പിച്ചത്‌.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്കായി കൂടുതല്‍ സംസ്ഥാന പോലീസിനെ നിയോഗിക്കും. വൈകീട്ട്‌ ഏഴിന്‌ ശേഷം എല്ലാ പാസഞ്ചര്‍ ട്രെയിനിലും സംസ്ഥാന പോലീസിന്റെ സാന്നിധ്യം. എല്ലാ യാത്രാ വണ്ടികളിലും വൈകീട്ട്‌ ആറിനുശേഷം ആര്‍ പി എഫിന്റെ സേവനം. വൈകീട്ട്‌ ആറിനുശേഷം സ്‌ത്രീകളെ ആരെയും ഒറ്റക്ക്‌ യാത്രചെയ്യാന്‍ അനുവദിക്കില്ല. വനിതാ കമ്പാര്‍ട്ടുമെന്റ്‌ മധ്യഭാഗത്തേക്കുമാറ്റും.
റെയില്‍വേ ഉന്നതയോഗ തീരുമാനം


ഇങ്ങനെ എന്തെല്ലാം തീരുമാനങ്ങള്‍. പ്രഖ്യാപനങ്ങള്‍. നാടുമുഴുവന്‍ ഉയരുന്നു പ്രതിഷേധത്തിന്റെ അലമുറകള്‍. സൗമ്യ.
ഇതെല്ലാം നിന്റെ ജീവന്റെ വിലയാണ്‌. നിന്റെ മാനത്തിന്‌ അധികൃതര്‍ ഇടുന്ന വിലയാണ്‌. ഒരുകുടുംബത്തിന്റെ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ആകെത്തുകയാണ്‌. ശരീരത്തിലെ ഓരോ മുറിവുകളില്‍ നിന്നും ചോരകിനിയുമ്പോഴും നീ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ സങ്കല്‍പ്പിക്കുവാന്‍ പോലുമാകുന്നില്ല. പ്രാണനുവേണ്ടി നിലവിളിക്കുമ്പോഴും നിന്നെ പ്രാപിച്ചുകൊണ്ടേയിരുന്ന ആ മനുഷ്യമൃഗവും പിറന്നത്‌ ഒരുമനുഷ്യനായിട്ടാണല്ലോ.. അതുകൊണ്ട്‌, പ്രിയപ്പെട്ട സഹോദരീ മാപ്പ്‌...

ചരക്ക്‌ കൂലിയും യാത്രാക്കൂലിയും വര്‍ധിപ്പിക്കാതെ ലാലു പ്രസാദ്‌ യാദവ്‌ റെയില്‍വേ മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതികളെന്തൊക്കെയായിരുന്നു. ലാലുമാജിക്കെന്ന്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പദ്ധതികള്‍ക്ക്‌ ശേഷവും പ്രഖ്യാപനങ്ങളും പദ്ധതികളും മലവെള്ളംപോലെ വന്നു. എന്നാല്‍ അവയില്‍ ഏതെല്ലാം യാഥാര്‍ഥ്യമായി...? ഒരുകാര്യം വ്യക്തമായി തിരിച്ചറിയുന്നു. ട്രെയിനുകളില്‍ യാത്രചെയ്യുന്ന മനുഷ്യ ജീവന്റെ സുരക്ഷിതത്വത്തിന്‌ ഇന്ത്യന്‍ റെയില്‍വേ പുല്ലുവില പോലും കല്‍പ്പിച്ചിരുന്നില്ലെന്ന്‌. അതിന്‌ വേണ്ടി ഒരുപദ്ധതിയും നടപ്പാക്കിയിട്ടുമുണ്ടായിരുന്നില്ല.

അതെല്ലാവരെയും ഓര്‍മിപ്പിക്കാന്‍ മഹാകവി വള്ളത്തോളിന്റെ സമാധി സ്ഥലത്തു നിന്നുതന്നെ ഒരു രക്തസാക്ഷി പിറക്കേണ്ടിവന്നു. മറക്കാതിരിക്കാം നമുക്ക്‌ ആ പെണ്‍കുട്ടിയുടെ ദുര്യോഗം. നാണക്കേടോര്‍ത്ത്‌ ശിരസ്‌ കുനിക്കാം മലയാളികള്‍ക്കൊന്നടങ്കം. ജീവിതംകൊണ്ട്‌ കുടുംബത്തിനും മരണം കൊണ്ട്‌ സമൂഹത്തിനും വെളിച്ചം വിതറി അകാലത്തില്‍ അണഞ്ഞ ആ പെണ്‍കുട്ടി ഒരു പ്രതീകം മാത്രമാണ്‌. നിഷ്‌ഠൂര കരങ്ങള്‍ കശക്കിയെറിഞ്ഞ നിര്‍മലപുഷ്‌പത്തിനാണ്‌ കേരളം മുഴുവന്‍ ഹൃദയാഞ്‌ജലി അര്‍പ്പിച്ചത്‌. അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം സ്വപ്‌നംകണ്ട്‌ കുടുംബത്തിന്‌ താങ്ങാകാന്‍ തൊഴില്‍തേടിപോയവളുടെ ദുരന്തമുഖവുമായി ഇനിയെങ്കിലും മറ്റൊരു സൗമ്യ ഉണ്ടാവാതിരിക്കുമോ...? 


പുതിയൊരു ജീവിതത്തിലേക്ക്‌ തിരികെയെത്തുന്നതും കാത്തിരുന്നവരുടെ മുന്നിലേക്ക്‌ മരണത്തിന്റെ കോടിപുതച്ച്‌ അവള്‍ കടന്നുവന്നത്‌ നമ്മെ പലതും ഓര്‍മിപ്പിക്കാനായിരുന്നു. അവഗണനയുടെ പാളങ്ങളില്‍ പൊലിയാന്‍ ഇനിയും ഒരുപാട്‌ സൗമ്യമാരുണ്ടെന്ന പാഠം ഉണര്‍ത്താനായിരുന്നു.
ട്രെയിന്‍ യാത്ര ഭീതിതമായ സമീപകാലത്തിന്റെ ആകുലതകള്‍ ചാലിച്ചെടുത്ത്‌ ഒരു മാസിക പുറത്തിറക്കാന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള തീവണ്ടിയാത്രക്കാരുടെ കൂട്ടായ്‌മ ഒരുങ്ങുകയാണ്‌.അതിന്‌ അവരെ പ്രേരിപ്പിച്ചതും സൗമ്യമാരുടെ ദാരുണാനുഭവങ്ങള്‍ തന്നെയാണ്‌.
ഓഫീസ്‌-വീട്‌ എന്ന രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ സഹയാത്രികന്റെ വേദനകളും ദുഖങ്ങളും ശ്രദ്ധിക്കാതെ പോകുന്നു ട്രെയിന്‍ യാത്രക്കാര്‍ പലപ്പോഴും. മനസ്സിലെ ആര്‍ദ്രത വരണ്ടുപോകാതെകാക്കാന്‍ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്താനാണ്‌ ഈ കൂട്ടായ്‌മയുടെ ശ്രമം. എന്‍ കെ മുരളി, ജി ശ്രീകാന്ത്‌, വിജീഷ്‌ കക്കാട്ട്‌, തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ഈ കൂട്ടായ്‌മക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ഇന്ത്യയിലോടുന്ന പതിനൊന്നായിരത്തി നാനൂറ്‌ ട്രെയിനുകളില്‍ 180 ലക്ഷം മനുഷ്യരാണ്‌ പ്രതിദിനം യാത്രചെയ്യുന്നത്‌. അവരില്‍ പകുതിയും സ്‌ത്രീകളാണ്‌. ആണുങ്ങളില്ലാത്ത വീടുകള്‍, ആണുങ്ങളുണ്ടായിട്ടും സ്‌ത്രീകള്‍ക്ക്‌ കുടുംബം പുലര്‍ത്തേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നവര്‍, ഉദ്യോഗസ്ഥകള്‍, നിത്യവൃത്തിക്കു ഗതിയില്ലാത്തവര്‍, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിദ്യാര്‍ഥിനികള്‍ ഇങ്ങനെ ജീവിതം കരുപ്പിടിപ്പിക്കുവാനായി കൂടുവിട്ടു പോകേണ്ടിവരുന്ന പെണ്‍ജന്മങ്ങള്‍ക്കുകൂടിയുള്ള യാത്രാവാഹനമാണല്ലോ ട്രെയിന്‍.


അടുത്ത ദേശത്തേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌, അന്നവും അറിവുംതേടിയുള്ള സ്‌ത്രീകളുടെ ഒഴുക്ക്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. യാത്രയില്‍ അവര്‍ എത്രമാത്രം സുരക്ഷിതരാണ്‌ എന്നതിനുള്ള ഉത്തരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതോ ഇത്തരത്തിലാണ്‌. സൗമ്യക്ക്‌ അന്ത്യയാത്ര നല്‍കിയ പത്രവാര്‍ത്തകള്‍ക്കിടയില്‍ നിന്നും പിന്നെയും കണ്ടു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാട്ടാളന്റെ ചിത്രം. തമിഴ്‌നാട്‌ സ്വദേശി തന്നെയായിരുന്നു പ്രതിപ്പട്ടികയില്‍. ഇവരെല്ലാം ആയിരത്തിലൊരുവളുടെ പ്രതിനിധികളാണ്‌. നിത്യവും ട്രെയിന്‍യാത്രക്കിടയിലെ പീഡനങ്ങളും അവഗണനകളും നിശബ്‌ദം ഏറ്റുവാങ്ങേണ്ടിവരുന്നവരുടെ സഹയാത്രികര്‍.
തീവണ്ടിയാത്ര മലയാളിക്കിന്ന്‌ പേടി സ്വപ്‌നമായി മാറിയിരിക്കുന്നു. ഓരോ ചൂളം വിളിക്കൊപ്പവും അപായത്തിന്റെ സിഗ്നല്‍ മുഴങ്ങുന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലേയും ലേഡീസ്‌ കമ്പാര്‍ട്ടുമെന്റുകളിലേയും ദുരന്ത നിലവിളികളാണ്‌ കൂടുതലായി ഉയര്‍ന്ന്‌ കേള്‍ക്കുന്നത്‌. മലയാളികളുടേതടക്കമുള്ള യാത്രക്കാരുടെ സ്വാര്‍ഥതയും ക്രൂരതയും കാണണമെങ്കിലും തീവണ്ടികളിലെത്തിയാല്‍മതി. സീറ്റിനുവേണ്ടിയുള്ള തര്‍ക്കങ്ങള്‍ മുതല്‍ തുടങ്ങുന്നു സംഘര്‍ഷങ്ങളിലേക്കുള്ള വഴികള്‍. തരംകിട്ടിയാല്‍ സ്‌ത്രീകളെ ഉപദ്രവിക്കാനും ദേഹത്ത്‌ മുട്ടാനും തുനിയുന്ന ഞരമ്പുരോഗികളുടെ ഇഷ്‌ടതാവളം കൂടിയാണിവിടം. എപ്പോഴും കാണുന്ന കാഴ്‌ചകള്‍. 
ഓരോ തീവണ്ടിയാത്രയിലും ശ്രദ്ധിക്കുക. യാത്ര അവസാനിക്കുന്നതിനിടയില്‍ എത്രയോ ഗോവിന്ദ സ്വാമിമാരെ കണ്ടുമുട്ടുന്നു. ദൈന്യത നിറഞ്ഞ നോട്ടവുമായിയെത്തുന്നവര്‍ക്ക്‌ പകല്‍ സമയത്ത്‌ യാചകരുടെ മുഖമാണെങ്കില്‍ രാത്രിയില്‍ കവര്‍ച്ചക്കാരന്റേതാകുന്നു. പിടിച്ചുപറിയും മാനഭംഗവും സ്ഥിരമാക്കിയ വേറൊരുവിഭാഗം. ടിക്കറ്റില്ലായാത്രയുടെ സുഖം അനുഭവിക്കുന്ന മറ്റൊരുകൂട്ടര്‍. വ്യത്യസ്‌തമുഖങ്ങളാണവര്‍ക്ക്‌. തരംകിട്ടിയാല്‍ അവര്‍വേട്ടക്കാരാവും. തക്കംപാര്‍ത്തിരിക്കുന്നവര്‍ക്ക്‌ മുമ്പിലേക്ക്‌ അറിയാതെ ഇരകള്‍ എത്തിപ്പെടുന്നു. ട്രെയിനുകള്‍ ക്രിമിനലുകളുടെ അധോലോകങ്ങളാവുന്നതിനുള്ള പശ്ചാത്തല സൗകര്യം എല്ലായിടത്തുമുണ്ട്‌.


ഇന്ത്യയിലോടുന്ന പതിനൊന്നായിരത്തി നാനൂറ്‌ ട്രെയിനുകളില്‍ 2200 വണ്ടികളില്‍ മാത്രമെ പേരിനെങ്കിലും സുരക്ഷാ ജീവനക്കാരുള്ളൂ എന്നതുതന്നെയാണിവരെ സന്തുഷ്‌ടരാക്കുന്നത്‌. മോഷണത്തിന്‌ സുരക്ഷിതമായ ട്രെയിനുകളെക്കുറിച്ചും ഇവര്‍ക്കറിയാം. കഴിഞ്ഞവര്‍ഷം മാത്രം 28 കൊലപാതകങ്ങളാണ്‌ ട്രെയിന്‍യാത്രക്കിടെ ഉണ്ടായത്‌. 2009ല്‍ 280 കൊള്ളകള്‍ക്കും തീവണ്ടികളുടെ അകത്തളങ്ങള്‍ സാക്ഷിയായി. 2010ല്‍ ആ കണക്കും പഴങ്കഥയായി. 350ലാണത്‌ നിന്നത്‌. ഈ ക്രിമിനലുകളൊക്കെ എന്തുകൊണ്ട്‌ ട്രെയിനുകളെ അവരുടെ വിളനിലമാക്കി മാറ്റുന്നു എന്നതിന്‌ കാരണം തിരയേണ്ടതുണ്ടോ...?
മരണമുഖത്തേക്ക്‌ രണ്ടുപേര്‍ ചാടിയെന്ന്‌ തീര്‍ച്ചയായിട്ടും ചെയിന്‍ വലിക്കാന്‍ ഒരുങ്ങാതെ ഷൊര്‍ണൂര്‍ പാസഞ്ചറിലെ ആ യാത്രക്കാരന്‍ സ്വാര്‍ഥതയുടെ വൈകൃതമുഖമാണ്‌ വ്യക്തമാക്കി തന്നത്‌. എന്തിന്‌ വെറുതെ വയ്യാവേലിയെന്നാണ്‌ അയാള്‍ചിന്തിച്ചത്‌. ചങ്ങലവലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയാല്‍ പിന്നെ ഇന്ന്‌ വീട്ടിലെത്തുകയുണ്ടാകില്ലെന്ന്‌ മറ്റൊരാളും ഓര്‍മിപ്പിച്ചതോടെയാണ്‌ മനുഷ്യപ്പറ്റില്ലാത്ത മലയാളി മനസിന്റെ ഭീഭത്സമുഖം അനാവൃതമായത്‌. പ്രതികരണശേഷി ഏറെയുണ്ടെന്നഹങ്കരിക്കുന്ന മലയാളികള്‍ തന്നെയാണ്‌ പലപ്പോഴും അനാസ്ഥയുടെ ദുര്‍മുഖങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. ~~ഒരു സംഭവമുണ്ടാകുമ്പോഴും അത്‌ വാര്‍ത്താപ്രാധാന്യം നേടുമ്പോഴും മാത്രം ഉണരുകയും വാചാലരാകുകയും ചാനല്‍ ചര്‍ച്ചകളില്‍ പടരുകയും ചെയ്യുന്ന മലയാളികള്‍ രണ്ടുദിവസത്തിനപ്പുറത്തേക്ക്‌ ആയുസില്ലാത്ത ആ സംഭവത്തെ വിസ്‌മരിക്കുന്നതും എത്രപ്പെട്ടന്നാണ്‌.
~~
~2008ല്‍ 20000 കോടി രൂപയായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ ലാഭം. റെയില്‍വേ ലൈനുകളുടെ നീളത്തില്‍ ലോകരാഷ്‌ട്രങ്ങളില്‍ നാലാംസ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. യു എസ്‌ എ, യു എസ്‌ എസ്‌ ആര്‍, കാനഡ എന്നീ രാഷ്‌ട്രങ്ങള്‍ക്കു താഴെയാണ്‌ ഇന്ത്യ നിലകൊള്ളുന്നത്‌. ചെലവ്‌ കുറഞ്ഞ വിമാനകമ്പനികളോട്‌ മത്സരിക്കേണ്ടിവന്നിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അന്‍പത്‌ ശതമാനത്തിന്റെ വര്‍ധന. ചരക്കു കടത്തിലും ഗണ്യമായ മാറ്റം. ഇതെല്ലാം യാത്രക്കാരെ പിഴിഞ്ഞോ അമിതചാര്‍ജ്‌ ഈടാക്കിയോ ആയിരുന്നില്ല. അവരുടെ കൈയടി നേടുന്നനിലയിലും റെയില്‍വേയുടെ തന്നെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമായിരുന്നു. അവഗണനയുടെ കൈപ്പുനീര്‌ മാത്രം പങ്കുപറ്റാറുള്ള കേരളത്തിനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചും നടപ്പാക്കിയും റെയില്‍വേ മുഖം മിനുക്കികൊണ്ടേയിരിക്കുന്നുണ്ട്‌. 


എന്നാല്‍ അവയില്‍ യാത്രചെയ്യുന്നവരുടെ ജീവന്‌ യാതൊരുസുരക്ഷിതവും ഇല്ലെന്ന്‌ വന്നാല്‍....?രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയെ യാത്രാ ഉപാധിയാക്കുന്നവരുടെ ജീവന്‍ എല്ലായ്‌പ്പോഴും ദുരന്തമുഖത്താണെന്ന്‌ വന്നാല്‍... അതെത്രത്തോളം ഭീതിജനകമാണ്‌..?

നമ്മുടെ വിമാനത്താവളങ്ങളിലൂടെ എന്തുകൊണ്ടാണ്‌ ക്രിമിനലുകള്‍ക്ക്‌ കയറിപറ്റാന്‍ സാധിക്കാത്തത്‌...? അവിടെ ഏര്‍പ്പെടുത്തുന്ന സുരക്ഷിതത്വം പോലെ എന്തുകൊണ്ട്‌ റെയില്‍വേ സ്‌റ്റേഷനുകളിലും കര്‍ശനമാക്കികൂടാ. അപകടവും ദുരന്തങ്ങളും എപ്പോഴും പടികടന്നുവരാം. രാജ്യത്തിന്റെ ക്രമസമാധാനനില മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ മാത്രമെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചിന്തയും ജാഗ്രതയും ചര്‍ച്ചയും ഉണ്ടാകാന്‍ പാടൊള്ളൂ എന്നുണ്ടോ...? 


മുമ്പ്‌ തീവ്രവാദികളുടെ ഭീഷണി നിലനിന്ന സമയത്ത്‌ ഓരോ റെയില്‍വേ സ്റ്റേഷനുകളും സുശക്തമായിരുന്നു. ഓരോയാത്രക്കാരനേയും ദേഹപരിശോധന നടത്തിയായിരുന്നു അകത്തേക്ക്‌ കടത്തിവിട്ടിരുന്നത്‌. ഈ സംവിധാനം എപ്പോഴും തുടരേണ്ടതില്ലെ.... ടിക്കറ്റില്ലായാത്രികരെ കണ്ടെത്തുന്നതിനും രാജ്യദ്രോഹികളെയും തസ്‌ക്കരരേയും പിടികൂടുന്നതിനും യാത്രക്കാര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്‌.


ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളോ നിര്‍ബന്ധമാക്കുന്നതും നല്ലതായിരിക്കും. വിമാന സര്‍വീസ്‌ പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ തീവണ്ടിയാത്രയും. യാത്രക്കാരുടെ ബാഹുല്യം ചൂണ്ടിക്കാണിച്ചും ടിക്കറ്റ്‌ നിരക്കിന്റെ വലിപ്പചെറുപ്പത്തെ താരതമ്യം ചെയ്‌തും യാത്രക്കാരുടെ ജീവന്‍കൊണ്ട്‌ പന്താടാന്‍ ഇനിയും അനുവദിക്കാനാവില്ല. കാരണം ഇന്ത്യന്‍ റെയില്‍വേ എന്നത്‌ വിമാനക്കമ്പനികളെ പോലെ യാത്രക്കാരെ പിഴിയാനുള്ളതല്ലല്ലോ...
ഷൊര്‍ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പിടിയിലായ പ്രതി ഒരു തനി ക്രിമിനലാണ്‌. അയാളുടെ പ്രവൃത്തികള്‍ അത്‌ സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെയൊരു കുറ്റകൃത്യം നടത്തിയിട്ടും ഒരുകുറ്റബോധം പോലും അയാള്‍ക്കില്ലെന്നതാണ്‌ പത്രവാര്‍ത്തകള്‍. ജനസംഖ്യയിലെ പത്തുശമാനം ആളുകള്‍ കുറ്റവാസനയുള്ളവരാണ്‌. ഇവരെ തിരിച്ചറിയാനോ ഇവരിലെ മനുഷ്യമൃഗത്തെ കണ്ടെത്താനോ ശാസ്‌ത്ര സംവിധാനങ്ങള്‍ക്കോ മനുഷ്യര്‍ക്കോ കഴിയുന്നില്ല. ഏതുതരം മാനസിക രോഗമായാലും അത്‌ തിരിച്ചറിയപ്പെടുന്നു. അവയ്‌ക്ക്‌ ചികിത്സയും നിലവിലുണ്ട്‌. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയില്ല. ഈ സൈക്കോപതിക്ക്‌ പെഴ്‌സണാലിറ്റിയുള്ളവരെ കയറൂരി വിട്ടിരിക്കുന്നതിനാല്‍ ഇവരിവിടെ കുറ്റകൃത്യങ്ങള്‍ ചെയ്‌തുകൊണ്ടേയിരിക്കുന്നു. ഇവരുടെ പെരുമാറ്റ രീതികള്‍ തന്നെ വിചിത്രമാണ്‌. ചിലര്‍ പോലീസ്‌ പിടിയിലാകുന്നതോടെ ആത്മഹത്യക്കുവരെ ശ്രമിക്കുന്നു. ചെയ്യുന്നത്‌ തെറ്റാണെന്ന തോന്നലെ ഇവര്‍ക്കില്ല. അവര്‍ക്കിടയിലേക്ക്‌ അറിയാതെ ഇരകളുമെത്തിപ്പെടുമ്പോള്‍ ലൈംഗിക പീഡനങ്ങളും പിടിച്ചുപറിയും ഉണ്ടാകുന്നു. ഇവര്‍ക്ക്‌ കുറ്റബോധമില്ല. കടുത്ത ശിക്ഷാവിധികള്‍ കൊണ്ട്‌ ഇത്തരം ക്രിമിനലുകളെ തിരുത്താനുമാവില്ല.സ്വയം ഓരോരുത്തരും ജാഗ്രത പാലിക്കുകയേ മാര്‍ഗമുള്ളൂ. അവനവന്‌ വരാതെ നോക്കുകയേ പരിഹാരവുമുള്ളൂ.
ട്രെയിനുകളില്‍ നിന്ന്‌ യാചകരേയും പിടിച്ചുപറിക്കാരെയും മറ്റും ഉന്മൂലനം ചെയ്യുകയാണ്‌ പ്രധാനമായും ചെയ്യേണ്ടത്‌. അതില്ലാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. തീവണ്ടിക്കുള്ളിലും പാളങ്ങളിലും പൊലിയുന്നവരുടെ അംഗസംഖ്യ കൂടും. തീവണ്ടികളിലെ യാത്ര ഒഴിവാക്കാനാവില്ല. എങ്കിലും സ്‌ത്രീകള്‍ ഒഴിവാക്കാനാവാത്തപ്പോള്‍ മാത്രം നടത്തുന്ന ആ യാത്രയില്‍ വേണ്ടപ്പെട്ടവരെ കൂടെ കൂട്ടുക. ഒറ്റക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക തന്നെവേണം. ചികിത്സിച്ച്‌ ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്‌ അസുഖം തന്നെ വരാതെ നോക്കുന്നതല്ലെ.....?

7/2/11

പ്രണയവിവാഹങ്ങള്‍ നിലവിളിക്കുന്നു


വിദ്യാര്‍ഥിനിയെ പ്രണയിച്ച്‌ രജിസ്‌ട്രര്‍ വിവാഹം ചെയ്‌ത ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ പ്രതിയെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ കേളകത്തെ അമ്പാട്ടുപുറം ജസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങിയത്‌. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസമാണ്‌ പോലീസ്‌ കാവലില്‍ ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പ്പടി പുള്ളിയില്‍ മാടച്ചേരി ജസീലയും വിവാഹിതരായത്‌. ജസീലയുടെ സഹോദരന്റെ പരാതിപ്ര കാര മാണ്‌ ജസ്റ്റിനെ മോഷണക്കേസില്‍ അറസ്റ്റ്‌ ചെയ്‌തത്‌. രജിസ്‌റ്റര്‍ വിവാഹത്തിന്റെ രണ്ടാം ദിവസമാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തത്‌. പരാതിയെത്തുടര്‍ന്ന്‌ ജസ്റ്റിന്റെ കൊട്ടിയൂരിലുള്ള വീട്ടില്‍ റെയ്‌ഡ്‌ നടത്തിയാണ്‌ ഇരുവരെയും കസ്റ്റഡിയിലെടുത്തത്‌. 
ജസീലക്ക്‌ കോടതി ജാമ്യം നല്‍കിയിരുന്നു.


അതേസമയം പ്രതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കൊട്ടിയൂരില്‍ ഒരു അബ്‌കാരിക്കേസിലും ഹരിജന്‍ പീഡനക്കേസിലും ജസ്റ്റിന്‍ പ്രതിയാണ്‌. മറ്റു പല കേസുകളിലും ജസ്റ്റിന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
ഇത്‌ അടുത്തകാലത്ത്‌ പത്രവാര്‍ത്തകളില്‍ നിറഞ്ഞ ഒരുപ്രണയ സാഫല്യത്തിന്റെ പരിസമാപ്‌തിയെക്കുറിച്ച്‌ വന്ന വാര്‍ത്തയിലെ ഏതാനും വരികളാണ്‌. കഥാനായകന്‍ ഇപ്പോള്‍ ജാമ്യത്തിനാണ്‌. കഥാനായിക ഹൈക്കോടതിക്കു മുമ്പില്‍ പോലും നെഞ്ചും വിരിച്ചു നിന്നു പറഞ്ഞത്‌ തനിക്ക്‌ കാമുകനോടൊപ്പം പോകാനാണ്‌ ഇഷ്‌ടമെന്നായിരുന്നു. അതേ തുടര്‍ന്നാണവര്‍ കോടതി നിര്‍ദേശപ്രകാരം വിവാഹിതരായത്‌. അതും പോലീസ്‌ കാവലില്‍. ഒരു നാടും വീടും മുഴുവന്‍ എതിര്‍ത്തപ്പോഴും അതെ നിലപാടില്‍ ഉറച്ചു നിന്നവള്‍ക്കും ഒടുവില്‍ കാമുകന്റെ പുതിയ മുഖംകണ്ട്‌ തരിച്ചുനില്‍ക്കേണ്ടി വന്നിരിക്കുന്നു.
മലപ്പുറത്തു തന്നെയുള്ള പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയും യുവാവും ഒരുനാള്‍ അപ്രത്യക്ഷരായപ്പോഴാണ്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്‌. മലപ്പുറത്ത്‌ നിന്ന്‌ അടുത്തകാലത്ത്‌ കാണാതായ ചില പെണ്‍കുട്ടികളെ തേടിയുള്ള അന്വേഷണത്തിനിടയിലാണ്‌ പോലീസിന്‌ ഞെട്ടിക്കുന്ന ആ വിവരം ലഭിക്കുന്നത്‌. ഒളിച്ചോടിപ്പോയ യുവാവിന്റെ പിതാവിന്‌ മറ്റൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ അവരെ പിടികൂടാന്‍ പോലീസിനായില്ല. ഇപ്പോഴും പ്രണയസാഫല്യത്തിന്റെ സായൂജ്യവുമായി എവിടെയെങ്കിലും കഴിഞ്ഞു കൂടുന്നുണ്ടാകണം ആ ആങ്ങളയും പെങ്ങളും.


സ്വപ്‌നം കണ്ട ജീവിതം തന്നെ കയ്യെത്തിപ്പിടിക്കാന്‍ വാശിപിടിക്കുന്നവര്‍ അപ്പോള്‍ ഓര്‍ത്തുപോകുന്നില്ല. ഒരുനിമിഷത്തിന്റെ തീരുമാനങ്ങള്‍ പില്‍ക്കാലത്ത്‌ ഉണ്ടാക്കിതീര്‍ത്തേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച്‌, ഇരുള്‍ വന്ന്‌ മൂടിയേക്കാവുന്ന ഭാവിയെക്കുറിച്ചും ഓര്‍ത്തെന്നുവരില്ല. അതുണ്ടാക്കിവെക്കുന്ന മാനസികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകളെക്കുറിച്ച്‌ ആലോചിക്കാനും മെനക്കിടില്ല.

ഈ ലേഖകന്റെ പരിചയത്തിലുള്ള അധ്യാപകന്റെ മകളുടെ അനുഭവം മറ്റൊന്നാണ്‌. അവിഹിത ഗര്‍ഭിണികള്‍ക്ക്‌ പുതിയ ശരണാലയങ്ങള്‍ എന്നപേരില്‍ തയ്യാറാക്കിയ ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടാണ്‌ അയാള്‍ ഒരിക്കല്‍ വിളിച്ചത്‌. ആവശ്യം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അയാള്‍ക്കുവേണ്ടത്‌ അത്തരം സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറായിരുന്നു.
അയാളുടെ സ്‌കൂളിലെ അധ്യാപകന്റെ മകള്‍ക്കാണ്‌. ഒരു പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും ത്രസിപ്പിക്കുന്ന കഥയും ഒടുവില്‍ വയറുനിറയെ സ്‌നേഹവുമായി കയറിവന്നവളുടെ ദാരുണാവസ്ഥയെക്കുറിച്ചും അയാള്‍ പറഞ്ഞു. പതിനാറാം വയസ്സില്‍ അവളും അമ്മയായി. ആരോരുമറിയാതെ പ്രസവിച്ചു. ഇടുക്കി ജില്ലയിലെ പൈങ്കുളത്തുള്ള ആ രഹസ്യകേന്ദ്രത്തില്‍ ഇന്നുമുണ്ടാവണം അവള്‍ പ്രസവിച്ച ആ കുഞ്ഞ്‌. ആരുമറിയാതെ പ്രസവിക്കാനും ആരോരുമറിയാതെ കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള ഇത്തരം കേന്ദ്രങ്ങളിലെ തൊട്ടിലുകളില്‍ കൈകാലിട്ടടിക്കുന്ന ഓരോ കുഞ്ഞുമുഖവും തകര്‍ന്ന പ്രണയങ്ങളുടെയും കൗമാരചാപല്യങ്ങളുടേയും രക്തസാക്ഷികളാണ്‌.


എത്രവേണമെങ്കിലുമുണ്ട്‌ നൊന്ത്‌പെറ്റ അമ്മയേയും സ്‌നേഹവും അന്നവും അഭയവും നല്‍കി സംരക്ഷിച്ച്‌ പോന്ന പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച്‌ പുതുതായി കണ്ടെത്തിയ കാമുകന്റെകൂടെ ഇറങ്ങിത്തിരിച്ചവരിലെ ദുരന്ത കഥാപാത്രങ്ങള്‍. എല്ലാവര്‍ക്കും പറയാനുള്ളത്‌ സമാന അനുഭവങ്ങള്‍. എന്നിട്ടും ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇതൊന്നും ഒരു പാഠമേയാകുന്നില്ല.
മൂന്നുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്‌ നിന്ന്‌ കാണാതായത്‌ 49000 സ്‌ത്രീകളേയും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളേയുമാണ്‌. ഇത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയ കണക്കാണ്‌. എവിടേക്കാണിവര്‍ വീടകങ്ങളില്‍ നിന്നും ഓടിപ്പോയത്‌. ആരെല്ലാമാണവരെ കൂട്ടിക്കൊണ്ടുപോയത്‌. അവര്‍ക്ക്‌ പിന്നീട്‌ എന്തുസംഭവിച്ചു...? ഇതെല്ലാം ഇന്നും അജ്ഞാതമാണ്‌. അവര്‍ ഇരുളിന്റെ മറവിലൂടെ ഓടി അകന്നപ്പോള്‍ തകര്‍ന്ന്‌പോയത്‌ എത്രഎത്ര രക്ഷിതാക്കളുടെ ഇടനെഞ്ചാണ്‌....?

നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാതെ പോയതുകൊണ്ടോ ഇഷ്‌ടപ്പെട്ട പുരുഷനെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വൈമനസ്യം കാണിച്ചത്‌കൊണ്ടോ സ്വര്‍ഗരാജ്യം തേടി പുറപ്പെട്ടുപോയവരിലെത്ര പേര്‍ക്ക്‌ സ്വര്‍ഗീയജീവിതം തിരിച്ചുകിട്ടിയിട്ടുണ്ട്‌ എന്നതിന്റെ കണക്കെടുപ്പ്‌ അനിവാര്യമായിതീര്‍ന്നിരിക്കുന്നു. അത്‌ സിനിമയിലും നോവലിലും സീരിയലിലും മാത്രമെ കാണാനാവൂ എന്ന വസ്‌തുതയും ഇവാരാരും ഓര്‍ക്കാന്‍ തയ്യാറാവുന്നില്ല. അതോടൊപ്പം മറ്റൊരു കണക്കുകൂടി വ്യക്തമാക്കുകയുണ്ടായി ആഭ്യന്തരമന്ത്രി. കാണാതായവരില്‍ മുന്നൂറോളം പേരെ തിരികെ കിട്ടിയത്‌ അജ്ഞാത മൃതദേഹങ്ങളായിട്ടായിരുന്നു. ഈ കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്ന ഞെട്ടിക്കുന്ന സത്യമുണ്ട്‌.

വീട്‌ വിട്ടിറങ്ങുന്ന പെണ്‍കുട്ടികളിലെ വലിയൊരുവിഭാഗവും എത്തിപ്പെടുന്നത്‌ ചതിക്കുഴികളിലാണ്‌. സൂര്യനെല്ലിയും കിളിരൂരും കവിയൂരും അടിമാലിയും കൊട്ടിയവും വിതുരയും വൈലത്തൂരും എല്ലാം ചില നാടുകളുടെ പേര്‌ മാത്രമായല്ലല്ലോ നമ്മുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌. അതിനുശേഷം ഇത്തരം സംഭവങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. 2005ല്‍മാത്രം സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 7000ത്തോളം സ്‌ത്രീ പീഡനങ്ങളാണ്‌. 2007ല്‍ പതിനായിരം കടന്നു. കൃത്യമായി പറഞ്ഞാല്‍ പതിനായിരത്തി ഒരുനൂറ്റി പതിനഞ്ച്‌. 449 ബലാല്‍സംഗവും 91 തട്ടികൊണ്ടുപോകലുകളുമുണ്ടായി. കുട്ടികള്‍ പോലും ഇതില്‍ നിന്ന്‌ മുക്തരാവുന്നില്ല. പെണ്‍വാണിഭ സംഘങ്ങളുടേയും മാഫിയ സംഘങ്ങളുടേയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ വലയില്‍ക്കുരുങ്ങി ജീവിതം തകര്‍ന്നപെണ്‍കുട്ടികളുടെ കണക്ക്‌ ഭീതിപ്പെടുത്തുന്നതാണെന്നാണ്‌ പോലീസ്‌ തന്നെ നല്‍കുന്ന സൂചന.

2005മാര്‍ച്ച്‌ മുതല്‍ മെയ്‌വരെ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ നേരെയുണ്ടായ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ പോലീസിനു ലഭിച്ച പരാതികള്‍ ജില്ല തിരിച്ച്‌ ശ്രദ്ധിക്കുക. തിരുവനന്തപുരം198, ഇടുക്കി97, എറണാകുളം146, മലപ്പുറം192, കണ്ണൂര്‍104, കൊല്ലം116, കോട്ടയം162, തൃശൂര്‍138, കോഴിക്കോട്‌ 149, കാസര്‍കോട്‌127, ആലപ്പുഴ 67, പത്തനംതിട്ട 169, പാലക്കാട്‌115, വയനാട്‌ 72 എന്നിങ്ങനെയാണ്‌. ഇതില്‍ ഒളിച്ചോട്ടക്കാരെ സംബന്ധിക്കുന്ന പരാതികളായിരുന്നു 25 ശതമാനവുമെങ്കില്‍ ഇപ്പോഴതിന്റെ തോത്‌ ഇരട്ടിയായിരിക്കുന്നുവെന്നാണ്‌ പോലീസ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ തരുന്നത്‌. 1999 മുതല്‍ 2005വരെ വനിതാകമ്മീഷനില്‍ ലഭിച്ച 26687 പരാതികളില്‍ 22 ശതമാനവും ഒളിച്ചോട്ടക്കാരികളെ സംബന്ധിക്കുന്നതായിരുന്നുവെത്രെ. എന്നാല്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളില്‍ വലിയൊരു ശതമാനത്തെക്കുറിച്ച്‌ ഇപ്പോഴും പോലീസിനോ ബന്ധുക്കള്‍ക്കോ ഒരു വിവരവുമില്ലെന്നതാണ്‌ സത്യം.

ആത്മാഭിമാനത്തിന്‌ മുറിവേറ്റപ്പോള്‍ ഇനി ഇങ്ങനെയൊരു മകളേയില്ലെന്ന്‌ നെഞ്ച്‌പൊട്ടിക്കരഞ്ഞ്‌ പടിയടച്ച്‌ പിണ്‌ഡം വെച്ചുപോയവള്‍ ഏതെങ്കിലുമൊരു ലോകത്ത്‌ ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന്‌ മാതാപിതാക്കള്‍ സമാധാനിക്കുമ്പോഴാണ്‌ ഒരുനാള്‍ ചേതനയറ്റ ശരീരം പടിപ്പുരകയറി വരുന്നത്‌. ജീവച്ഛവങ്ങളായും കാമഭ്രാന്തന്‍മാരാല്‍ ചവിട്ടിയരക്കപ്പെട്ടും കഴിഞ്ഞു കൂടുന്ന ഒരു വിഭാഗം വേറെയുമുണ്ട്‌. അവരുടെ ജീവിതമൊക്കെ എന്നാണ്‌ ഒളിച്ചോട്ടക്കാര്‍ക്ക്‌ പാഠമാകുക...?

ബാല്യത്തിനും യൗവനത്തിനുമിടയിലെ പൂര്‍വ കൗമാരത്തിലാണ്‌ മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസം സംഭവിക്കുന്നത്‌. ശാരീരികമായ മാറ്റങ്ങളോടൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ക്ക്‌ ഉത്തരം തേടി നടക്കുന്നരിനിടയിലാവും പുതിയ സൗഹൃദങ്ങളുടെ വരവ്‌. വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്‌. വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തേടുന്നതും ഇത്തരക്കാരെ തന്നെ. ആ ചൂഷണത്തെയാണ്‌ പലരും പ്രണയമായും ആത്മാര്‍ഥ സ്‌നേഹമായും തെറ്റിദ്ധരിക്കുന്നത്‌.അവര്‍ക്ക്‌ വേണ്ടിയാണ്‌ ഉറ്റവരെ പിണക്കേണ്ടിവരുന്നത്‌. ഇനി അയാളുടെ സ്‌നേഹം ആത്മാര്‍ഥമാണെന്ന്‌ തന്നെ വെക്കുക. നിങ്ങളുടെ സ്വാര്‍ഥതക്ക്‌ വേണ്ടി എത്രപേരെയാണ്‌ പിണക്കേണ്ടി വരുന്നത്‌. എത്ര കുടുംബ ബന്ധങ്ങളാണ്‌ തകര്‍ക്കുന്നത്‌..?

വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍- പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പം ഒരുതാല്‍ക്കാലിക സംവിധാനമല്ല. മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍... ഇവരെല്ലാവരും ജീവിതത്തില്‍ നിര്‍ണായക സ്വാധീനങ്ങളാണ്‌ ചെലുത്തുന്നത്‌.

ആയുസ്സുള്ളിടത്തോളം കാലം മനുഷ്യന്‌ ആശയുമുണ്ട്‌. സ്വാര്‍ഥതയും. ഈ സ്വാര്‍ഥത തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. സംസ്ഥാനത്തെ 16 കുടുംബ കോടതികളുടെ അകത്തളങ്ങള്‍ ഇപ്പോള്‍ വേര്‍പിരിയാനെത്തുന്ന ദമ്പതികളെ കൊണ്ട്‌ നിറഞ്ഞു കവിയുകയാണ്‌. അവരോടൊപ്പം നിഷ്‌ക്കളങ്കരായ കുഞ്ഞു മുഖങ്ങളുണ്ട്‌. കരയാന്‍ പോലും കരുത്തില്ലാതായ അമ്മമാരുണ്ട്‌. പരസ്‌പര വിശ്വാസവും സ്‌നേഹവും തകര്‍ന്നുപോയ ഭര്‍ത്താക്കന്‍മാരുണ്ട്‌.

ഇത്‌ അറേഞ്ചഡ്‌ വിവാഹിതരുടെ കഥയാണെങ്കില്‍ പ്രണയ പരിണയങ്ങളുടെ കഥ പറയാതിരിക്കുന്നതാണ്‌ ഭേധം. വലിയപങ്കും വിവാഹമോചനത്തിലാണ്‌ ഒടുങ്ങുന്നത്‌. അല്ലെങ്കില്‍ കൂട്ട ആത്മഹത്യയല്‍. 2006 ജനുവരിക്കും 2008 ജനുവരിക്കുമിടയില്‍ ആയിരത്തോളം കമിതാക്കളാണ്‌ സംസ്ഥാനത്ത്‌ ആത്മഹത്യയിലഭയം തേടിയത്‌. 413 കേസുകള്‍ പോലീസ്‌ തന്നെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആത്മഹത്യ ചെയ്‌തവരില്‍ തെക്കന്‍കേരളമാണ്‌ മുന്നില്‍. തിരുവനന്തപുരം പോലീസ്‌ സര്‍ക്കിളിന്‌ കീഴില്‍ 193, തൃശൂര്‍ 111, കണ്ണൂര്‍ 109 എന്നിങ്ങനെയാണ്‌ കമിതാക്കളുടെ ആത്മഹത്യാ നിരക്ക്‌. ഈ കാലയളവില്‍ ജീവനൊടുക്കിയ കാമുകിമാരുടെ എണ്ണം277 ആണെങ്കില്‍ കാമുകന്‍മാര്‍ അന്‍പത്തിയെട്ടേ വരുന്നുള്ളൂ. സഹ പാഠികളുമായുള്ള പ്രണയങ്ങളില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കുന്നവര്‍ക്കാണ്‌ ഈ കണക്കു ബുക്കില്‍ പ്രാമുഖ്യം. പ്രണയ കാലത്ത്‌ ഏറെസ്വപ്‌നങ്ങള്‍കണ്ട്‌ നടക്കുകയും എതിര്‍പ്പുകളെ തൃണവത്‌ഗണിക്കുകയും ചെയ്‌ത്‌ വിവാഹിതരായവര്‍ പോലും വഴിപിരിയാന്‍ കോടതി വരാന്തകളില്‍ കയറി ഇറങ്ങുകയോ ജീവിതത്തെ സ്വയം എറിഞ്ഞുടക്കുകയോ ചെയ്‌തുകൊണ്ടിരിക്കുകകയാണ്‌. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ കഴിയുന്നില്ല. പരസ്‌പരം അറിഞ്ഞും അറിയിച്ചും സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കൂടെക്കരഞ്ഞും തുഴഞ്ഞ്‌ നീങ്ങുന്ന ഒരു ദാമ്പത്യ ബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക്‌ ചിന്തിക്കുവാനെ കഴിയുന്നില്ല. പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതിലും വേണ്ടെന്ന്‌വെക്കുന്നതിലും ഇവരെ ഭരിക്കുന്നത്‌എടുത്തു ചാട്ടമോ നൈമിഷിക ചിന്തകളോ ആണ്‌.

വളരെ സ്‌നേഹത്തില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക്‌ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസത്തിന്റെ തണല്‍ച്ചില്ലയില്ലാതെ വരുന്നതാണ്‌ പലപ്രശ്‌നങ്ങളുടെയും കാതല്‍. കുടുംബാംഗങ്ങളെ പിണക്കിയും സ്വന്തം താത്‌പര്യത്തിനനുസൃതമായ ജീവിതം നിര്‍മിക്കാന്‍ വ്യാമോഹിച്ചും ചാടിപ്പുറപ്പെട്ടവരും ഇവിടെ തളര്‍ന്ന്‌ പോകുന്നു. അപ്പോള്‍ പ്രതീക്ഷക്കൊത്തുയരാത്ത പങ്കാളിയുടെ നിസ്സഹായതയും കുടുംബാംഗങ്ങളുടെ സഹകരണമില്ലായ്‌മയും ചര്‍ച്ചക്കുവരാം. അതൊരു വാക്കു തര്‍ക്കത്തിന്‌ വഴിമരുന്നിടാം. കലഹം തുടങ്ങാം. പരസ്‌പര വിശ്വാസത്തില്‍ വിള്ളല്‍ വീഴാം. പ്രണയ ദാമ്പത്യങ്ങളുടെ ആയുസ്‌ കുറുകാന്‍ ഇതെല്ലാം കാരണമാകുന്നു.
 കുടുംബാഗംങ്ങളോ ബന്ധുക്കളോ രക്ഷക്കെത്തിയില്ലെന്നും വരാം. ബന്ധുക്കളുടെ അനുഗ്രാഹാശിസുകളോടെ നടന്ന വിവാഹ ബന്ധത്തില്‍ പ്രതിസന്ധിയുണ്ടായാല്‍ അത്‌ ചര്‍ച്ചചെയ്യാനും പരിഹാരമാലോചിക്കാനും ഒരുപാട്‌ പേരെത്താനുണ്ടാകും. പലവ്യക്തികള്‍ ചര്‍ച്ചക്കെടുക്കുന്ന പ്രതിസന്ധിക്കു മുമ്പില്‍ സ്ഥായിയായ പല വാതിലുകളും തുറക്കപ്പെടുന്നു. ഇനി പരിഹാരമില്ലാത്ത പ്രശ്‌നമാണെങ്കില്‍ തന്നെ പലരുടേയും സഹായവും സാന്ത്വനവും സഹകരണവും വലിയതാങ്ങായുമുണ്ടാകും. അതുതന്നെ ഒരാശ്വാസമല്ലേ. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെല്ലാം ഒളിച്ചോട്ടക്കാര്‍ക്ക്‌ കൈവരുന്നില്ല. ഇതെല്ലാം ഇവരുടെ ബന്ധങ്ങളുടെ തകര്‍ച്ച പൂര്‍ണതയിലെത്തിക്കുന്നു. ഒളിച്ചോട്ടക്കാര്‍ക്കിടയില്‍ കൗമാരക്കാര്‍ മാത്രമല്ല എന്നതാണ്‌ വസ്‌തുത. അടുത്തകാലത്തായി വിവാഹിതരും മക്കളുമുള്ള യുവതികളും ചെറുപ്പക്കാരുംവരെ ഈ കൃത്യത്തിന്‌ മുതിരുന്നു. അവര്‍ക്കും സുഗമമായ ഒരു ഭാവിജീവിതത്തിലേക്ക്‌ തിരിച്ചുവരാനാകുന്നില്ലെന്നാണ്‌ സമകാലിക യാഥാര്‍ഥ്യം.

മാവൂരിലെ രണ്ടു ആണ്‍കുട്ടികളുടെ മാതാവായ 35കാരി 35 കാരനോടൊപ്പം വീടുവിട്ടിറങ്ങിയത്‌ 2008ലായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോകാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. കോടതിയുടെ അനുവാദപ്രകാരം അയാളോടൊപ്പം പോകുകയും ചെയ്‌തു. പിന്നെ യുവതിയേയും കാമുകനേയും സമീപത്തെ വാഴത്തോട്ടത്തില്‍ വിഷം കഴിച്ച്‌ മരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. ഇതിനോട്‌ സമാനമായ മറ്റൊരനുഭവവും ഇവിടെ അടുത്ത്‌ തന്നെ അരങ്ങേറി. വിവാഹപൂര്‍വ പ്രണയമായിരുന്നു വില്ലന്‍. ഭര്‍തൃമതിയായ യുവതിയുടേയും യുവാവിന്റേയും ദാരുണമായ അന്ത്യത്തിലാണതൊടുങ്ങിയത്‌. ഇങ്ങനെ എത്രയോ സംഭവങ്ങള്‍...

മക്കളുടെ പ്രണയ ബന്ധങ്ങള്‍ക്ക്‌ ഇനി ആരാണ്‌ ഉത്തരവാദി...വഴിത്തെറ്റിപോകാന്‍ കാരണം... അവര്‍ മാത്രമാണോ...? ആത്മീയത അന്യമായ വീടിന്‌ ഇതില്‍ ഒരു റോളുമില്ലേ... ഉണ്ട്‌. ജീവിത സൗഭാഗ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനിടയില്‍ ആര്‍ക്കാണ്‌ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേരമുള്ളത്‌. അവരുടെ കൂട്ടുകെട്ടുകള്‍ പരിശോധിക്കാന്‍ സമയമുള്ളത്‌. കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കുമുമ്പിലും സാങ്കേതിക വിദ്യയുടെ സൈബര്‍ ലോകങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. അതിനിടയില്‍ നിന്ന്‌ ആത്മീയതയും ധാര്‍മികതയും പടിയിറങ്ങിപ്പോയി. മുമ്പ്‌ നിഷിദ്ധമാക്കപ്പെട്ട പലകാര്യങ്ങളും ഇന്ന്‌ അനുവദനീയമായി തീര്‍ന്നിരിക്കുന്നു. ഇതിനൊക്കെ ഇടയില്‍ മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധകുറഞ്ഞു. തമ്മില്‍ കാണുന്നതിന്റേയും ആശയങ്ങള്‍ പങ്കുവെക്കുന്നതിന്റേയും എണ്ണം കുറഞ്ഞു. 


2008 ഏപ്രില്‍ മാസത്തില്‍ മാത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ കൗമാരക്കാരികളായ മുപ്പതു പെണ്‍കുട്ടികളെയാണ്‌ പ്രവേശിപ്പിച്ചത്‌. ഇവരില്‍ അഞ്ചുപേര്‍ മരിച്ചു. സംസ്ഥാന മാനസികാരോഗ്യ കേന്ദ്രം നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടികളെ കൂടുതലായും ബാധിച്ചത്‌ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നു എന്ന ഭീതിയായിരുന്നുവെത്രെ. പ്രശ്‌നങ്ങള്‍ പങ്കുവെക്കുവാനും പരിഹാരം നിര്‍ദേശിക്കാനും ഒരത്താണിയില്ലാതെ പോയതുകൊണ്ടുമായിരുന്നു വിവേകം നഷ്‌ടപ്പെട്ട്‌ വിഷാദ രോഗികളായ ഇവര്‍ ആത്മഹത്യയിലഭയം പ്രാപ്പിച്ചത്‌. സ്വന്തം മാതാവിനോട്‌ പോലും തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന്‌പറയാന്‍പോലും ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ഇത്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമുണ്ടായി ഒടുങ്ങിയ പ്രതിഭാസമല്ല. കേരളീയ ഭവനങ്ങളിലെ അറുപത്‌ ശതമാനങ്ങളില്‍ നിന്നും ഇത്തരം നിലവിളികളും ആത്മരോധനങ്ങളും മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ട്‌. ഇനിയും നമുക്കതിനെ കണ്ടില്ലെന്ന്‌ നടിക്കാനാവുമോ...?


വീട്ടകങ്ങളില്‍ നിന്ന്‌ സ്‌നേഹം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ എളുപ്പത്തില്‍ ചതിക്കുഴികളില്‍ കുരുങ്ങി പോകാം. ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന്‌ വരുന്നവര്‍ക്കിടയിലേക്ക്‌ വേഗത്തില്‍ കയറിച്ചെല്ലാനും അവരുടെ മനസ്സില്‍ ഇടം നേടാനും വേട്ടക്കാര്‍ക്ക്‌ സാധിക്കും. മക്കള്‍ക്ക്‌ സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും ലഭിക്കേണ്ട പ്രായത്തില്‍ നല്‍കാത്തതിനെ തുടര്‍ന്ന്‌ അവര്‍ വഴിത്തെറ്റി പോയിട്ടുണ്ടെങ്കില്‍ ഒരു പരിധിവരെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. അവരെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാകാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്‌.

ഫിബ്രുവരി 6 ഞായര്‍
വര്‍ത്തമാനം ആഴ്‌ചപ്പതിപ്പിന്റെ
കവര്‍ സ്‌റ്റോറി