17/3/14

ആ പന്തലില്‍ വിളമ്പിയ തേങ്ങാച്ചോറ്

നാലാം ക്ലാസ് വരെ അന്ന് സ്‌കൂളില്‍ ഉപ്പ് മാവ് ലഭിക്കും. അത് ലഭിക്കാന്‍ വേണ്ടി കൂടിയായിരുന്നു അന്നൊക്കെ സ്‌കൂളിലെത്തിയിരുന്നത്. ഉപ്പ് മാവ് എന്ന് പേരേയുള്ളൂ. വലിയ രുചിയൊന്നും കാണില്ല. എന്നാലും ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദമല്ലേ. അന്ന് കുട്ടികള്‍ക്ക് ഇരട്ടപ്പേര് വീഴുന്നതുപോലും ദാരിദ്ര്യത്തെ കൊഞ്ഞനം കുത്തിയായിരുന്നു. കോറ കരീം, പഴങ്കഞ്ഞി അഷ്‌റഫ്, മോറീസ് സൈതലവി, കോഴിപാത്തു, മന്തന്‍ കുഞ്ഞാണി, കോറ ഉമ്മര്‍ക്കയുടെ മകന് എന്നും കോറ കുപ്പായമേ കാണൂ. കോറത്തുണി ദാരിദ്ര്യത്തിന്റെ അടയാളവും പോളിസ്റ്റര്‍ സമ്പന്നതയുടെ ഗമയുമാണെത്രെ. അഷ്‌റഫിനെന്നും പഴങ്കഞ്ഞി കിട്ടാനെ ഗതിയുള്ളൂ. സൈതലവിയുടെ ബാപ്പക്ക് പാത്രം കഴുകലായിരുന്നു ഉപജീവനം. അതൊക്കെ തന്നെയായിരുന്നു വീട്ടിലെയും അവസ്ഥ. പഴങ്കഞ്ഞി തന്നെ പതിവ്. ചിലപ്പോള്‍ കഞ്ഞിയുണ്ടാക്കിയിട്ടുണ്ടാകും. ചമ്മന്തിയോ ഉണക്കമീന്‍ ചുട്ടതോ ആകും കൂട്ടാന്‍. വെളിച്ചണ്ണയില്‍ ഉണക്കമീന്‍ മുളകിട്ട് പൊരിച്ച് തരും ഇത്താത്ത . അതായിരുന്നു അന്നത്തെ മഹാരുചിയുടെ സൗഭാഗ്യം.
അവള്‍ അന്ന് പഠനം മതിയാക്കിയിട്ടുണ്ട്. നാലാം ക്ലാസ്സില്‍ വെച്ചായിരുന്നു അത്. രണ്ടര രൂപ പരീക്ഷാ ഫീസടക്കണം. അതടക്കുന്നവര്‍ക്കേ കൊല്ലപരീക്ഷ എഴുതാനാകൂ. ഫീസ് കൊടുക്കാന്‍ ഉമ്മയുടെ കൈവശമില്ല. എന്നാലിനി സ്‌കൂളില്‍ പോകണ്ടെന്നായി ബാപ്പ. അതോടെ അവളുടെ പഠനത്തിന്റെ അധ്യായം അടച്ചു. 
രണ്ടര രൂപ അന്ന് വലിയ തുകയാണ്. കാരണം ഹൈദര്‍ ഹാജിയുടെ കന്നുകാലികള്‍ക്ക് ഇരുപത് കെട്ട് പുല്ലരിഞ്ഞ് കൊടുത്താല്‍ ഉമ്മക്ക് കിട്ടിയിരുന്നത് 50 പൈസയായിരുന്നു. രണ്ട് നാഴി നെല്ലും. അപ്പോള്‍ രണ്ടര രൂപ വലിയ തുക തന്നെ. ഈ അന്‍പത് പൈസക്കായിരുന്നു ഉമ്മ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. പത്ത് പൈസക്ക് ശര്‍ക്കര, പത്ത് പൈസക്ക് മല്ലി, പത്ത് പൈസയുടെ മുളക് അങ്ങനെ. അപ്പോള്‍ രണ്ടര രൂപ ഉമ്മക്ക് സ്വപ്‌നം കാണാന്‍ പോലും ആകില്ലല്ലോ. 
75 പറ വിത്ത് വിതച്ച് കൊയ്യാനുള്ളത്രയും പാടമുണ്ടായിരുന്നുവെത്രെ ഹൈദര്‍ ഹാജിക്ക്. ഒരു കൊയ്ത്തുകാലം കഴിയുമ്പോള്‍ അയാളുടെ വീട്ടിലെ പത്തായങ്ങള്‍ നിറഞ്ഞ് തൂവും. മൂന്ന് അറ നിറയെ നെല്ലുണ്ടാകും. പത്ത് പറ നെല്ല് കൊയ്ത് മെതിച്ച് അളന്ന് കൊടുത്താല്‍ ഒരു പറ നെല്ലാണ് കൂലി. നൂറ് മുടി ഞാറ് പറിച്ച് നട്ടാല്‍ ഒന്നര ഇടങ്ങഴി നെല്ലും കിട്ടുമായിരുന്നുവെത്രെ. ഈ പണികള്‍ക്കെല്ലാം ഉമ്മയെ സഹായിക്കാനാണ് മൂന്നാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി മൂത്ത പെങ്ങള്‍ വല്യാത്ത നേരത്തെ ഉമ്മയുടെ സഹായിയായത്. 
ഇക്കാക്കയെ മദ്‌റസാ പഠനം കഴിഞ്ഞതോടെ ബാപ്പ പള്ളി ദര്‍സിലേക്ക് പറഞ്ഞുവിട്ടു. ദാരിദ്ര്യം തന്നെ. അന്ന് പലരെയും മക്കളെ പള്ളിദര്‍സില്‍ പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ചത് ചെലവ് കഴിഞ്ഞ് കിട്ടുമല്ലോ എന്നതുകൊണ്ട് കൂടിയാണ്. ആഴ്ചയില്‍ മാത്രം അവന്‍ വീട്ടില്‍ വന്നുപോയി. അതുകൊണ്ട് വെയിലേറ്റ് വാടാതെ രക്ഷപ്പെട്ടു. 

 വീട്ടിലെ പട്ടിണിയുടെ മുഖം കൂടുതല്‍ അനുഭവിക്കേണ്ടിയും വന്നില്ല.  
നാട്ടിലെത്രയോ അഗതി മന്ദിരങ്ങളുണ്ട്. എന്റെ ഇത്തമാരെ അത്തരം സഥാപനങ്ങളില്‍ കൊണ്ടുചേര്‍ക്കാന്‍ പോലും ബാപ്പക്ക് തോന്നാത്തതിലാണ് സങ്കടം. എങ്കില്‍ അവരൊന്നും ഇന്നിങ്ങനെയാകുമായിരുന്നില്ലല്ലോ.
ഹൈദര്‍ ഹാജിയുടെ പാടത്തെ പണികള്‍ ഉമ്മക്ക് വല്ലപ്പോഴുമായി. പത്ത് പറ നെല്ല് കൊയ്ത് അളന്ന് കൊടുത്താല്‍ ഒരു പറ കൂലി എന്ന നാട്ടുനടപ്പ് തെറ്റിക്കുകയായിരുന്നു ആദ്യം. പന്ത്രണ്ട് പറക്കേ ഒരു പറ നല്‍കൂ എന്നായി ഹാജിയാര്‍. അതോടെ പലരും മറ്റു പല തൊഴിലും തേടിയിറങ്ങി. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ തന്നെ കൊയ്ത്തിനിറങ്ങി. പിന്നെ പിന്നെ ആ തറവാടിന്റെ സമൃദ്ധി ക്ഷയിച്ചു.  ഹാജ്യാരുടെ മരണത്തോടെ ആ വെളിച്ചം കെട്ടു. ഭാഗം വെപ്പ് നടന്നു. പാടവും പറമ്പും പലരുടെയും കൈകളിലായി. ഉരല്‍പ്പുരയും നെല്ല് കുത്ത് പുരയും അപ്രത്യക്ഷമായി. കാലികള്‍ നിറഞ്ഞിരുന്ന തൊഴുത്തിന്റെ പ്രതാപം കുറഞ്ഞു. അതോടെ പുതിയ തൊഴിലും ലാവണങ്ങളും തേടാന്‍ ഉമ്മയും വല്യാത്തയും നിര്‍ബന്ധിതരായി. 
കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നാട്ടില്‍ വ്യാപകമാകുന്നത് അതില്‍ പിന്നെയാണ്. മൈലാടിയിലും കളപ്പാട്ടുമുണ്ടയിലും പൂങ്ങോടും എല്ലാം ക്വാറികള്‍ സജീവമായി. പൊരിവെയിലിലും പെരുമഴയിലും അവിടെ മെറ്റലുടക്കുന്ന പണിയായിരുന്നു പിന്നെ ഉമ്മക്ക്. കൂലിപ്പണിയല്ല. ഒരു പെട്ടി മെറ്റലുടച്ചാല്‍ ഒരു രൂപ കൂലി. കൈകളുടെ വേഗതക്കും കഠിനാധ്വാനത്തിന്റെ വ്യാപ്തിക്കുമനുസരിച്ച് പണി എടുക്കാം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രി ഇരുട്ടുമ്പോഴേ ഉമ്മയും വല്യാത്തയും തിരിച്ചെത്തിയിരുന്നുള്ളൂ. ഇടക്കിടെ അവര്‍ക്കുള്ള കഞ്ഞിയുമായി ഇത്താത്തമാര്‍ പോകും. ചിലപ്പോള്‍ ഞാനും പോയിരുന്നു.
വലിയ ബോളറുകളുടെ ഇടയില്‍ നിന്ന് കിട്ടുന്ന ചീളുകള്‍ ഇരുമ്പ് കൈമുട്ടി ഉപയോഗിച്ച് ഇടിച്ച് മെറ്റല്‍ പരുവത്തിലാക്കണം. എളുപ്പത്തില്‍ കല്ലുടക്കുമ്പോള്‍ അറിയാതെ വിരലിലാകും ചിലപ്പോള്‍ മുട്ടി തറക്കുക. പടച്ചോനെ... അന്നു പിന്നെ  ഒന്നും വേണ്ട. അത്രക്ക് കഠിനമാണ് വേദന. എത്രയോ തവണ ഉമ്മയും വല്യാത്തയും കയ്യില്‍ ഇടിച്ച് വേദനയില്‍ പുളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 
എന്നാലും അവര്‍ പ്രശ്‌നമാക്കില്ല. വിരലില്‍ ഒരു തുണികഷ്ണം ചുറ്റും. വേദന കടിച്ച് വീണ്ടും പണി തുടുരം. അതില്‍ നിന്ന് രക്തം കിനിയുന്നുണ്ടാകും. പലപ്പോഴും രണ്ടോ മൂന്നോ വിരലിലെങ്കിലും തുണികഷ്ണം ചുറ്റിയാകും വീട്ടിലേക്ക് വരിക. 
പണി കഴിഞ്ഞെത്തുന്ന ഉമ്മയുടെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി പൊതിഞ്ഞുസൂക്ഷിച്ച പലഹാരമുണ്ടാകും. നാലു മണിചായക്കൊപ്പം നല്‍കുന്ന പലഹാരമാകും അത്. പൊറോട്ടയോ കായപ്പമോ നെയ്യപ്പമോ. ഒരിക്കലും അതിന്റെ രുചിപോലും ഉമ്മ നോക്കാറില്ല. അതെല്ലാം വാത്സല്യത്തിന്റെ മടിശ്ശീലയില്‍ ഞങ്ങള്‍ക്കായി കരുതിവെക്കും. രാത്രി വീടണയുമ്പോള്‍ എല്ലാം ഓരോരുത്തര്‍ക്കായി വീതിച്ചു തരും. 
രുചി കൂടിയതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മ കഴിക്കില്ല. ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഉമ്മക്ക് വേണ്ടെന്നുപറയും. അല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറയും. അതെല്ലാം ഞങ്ങള്‍ക്ക്. രുചിയുള്ളതോ വിലകൂടിയതോ ആയ യാതൊന്നും ഉമ്മക്ക് വേണ്ട.  ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആദ്യമൊക്കെ കിട്ടാന്‍ മാര്‍ഗമില്ലാഞ്ഞിട്ടായിരുന്നു.  പിന്നെ കിട്ടിയാലും വേണ്ടന്നായി. ആ മാതൃത്വത്തിന്റെ സംതൃപ്തി ഞങ്ങള്‍ക്കായി തേഞ്ഞുരുകുന്നതിലായിരുന്നു. 
മൈലാടിയിയിലെ  ക്വാറി മുഴുവന്‍ തുരന്ന് തീര്‍ന്നപ്പോള്‍ ക്വാറി ഉടമകള്‍ ചൂഷണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് പറന്നു. താളിയം കുണ്ടില്‍ അതിലൊന്നിന്റെ നടത്തിപ്പുകാരന്‍ അമ്മായിയുടെ മകനായിരുന്നു. തൊട്ടടുത്ത് തന്നെ ചെറിയമ്മാവനും. അവര്‍ക്കൊപ്പം ചെറിയ ഇത്തമാരും മെറ്റലുടക്കുന്ന പണിക്ക് പോയി തുടങ്ങി. പിന്നീട് ഒരിക്കലും ആ വെയില്‍ ചൂടില്‍ നിന്ന് അവര്‍ക്കൊരു മോചനമുണ്ടായിട്ടില്ല. പ്രായം തികഞ്ഞ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുകയാണ് നാട്ടു നടപ്പ്. അതിന് കൈനിറയെ പൊന്ന് വേണം. എന്റെ വീട്ടില്‍ നാല് സഹോദരിമാര്‍. അവരുടെ കൂടെ പഠിച്ചവരും താഴെ പഠിച്ചവരുമെല്ലാം സുമംഗലികളായി നാടിന്റെ അനുഗ്രഹത്തോടെ പടിയിറങ്ങിപ്പോയി. അപ്പോഴും എന്റെ വീട്ടില്‍ മാത്രം ഒരു കല്യാണപന്തലുയര്‍ന്നില്ല. ഒരു സത്കാരത്തിന്റെ ബിരിയാണി ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞില്ല. 
എന്റെ സഹോദരിമാര്‍ പാടത്തും പറമ്പിലും പെയ്ത വെയിലേറ്റ് തളര്‍ന്നതേയുള്ളൂ. അടുത്ത വീടുകളിലും അകന്ന ബന്ധങ്ങളിലുമെല്ലാം വിവാഹങ്ങള്‍ നടന്നു. ഇത്താത്തമാരുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് തന്നെ ഞാനും അതിലെല്ലാം പങ്കെടുത്തു. അന്നൊക്കെ ഞാനും ആശ്വസിച്ചു. വൈകാതെ എന്റെ വീട്ടുമുറ്റത്തും കല്യാണ പന്തലുകള്‍ ഉയരും. ആ അന്തരീക്ഷത്തിലും നെയ്‌ച്ചോറിന്റെ ഗന്ധം പരക്കും. പ്രതീക്ഷിച്ചു. കാത്തിരുന്നു. പ്രാര്‍ഥിച്ചു. തപസ്സിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ പലതു കഴഞ്ഞിട്ടും ആ പന്തലുകള്‍ മാത്രം ഉയര്‍ന്നില്ല. നാട്ടുനടപ്പുകള്‍ക്കൊത്തുയരാന്‍ എന്റെ വീട്ടുകാര്‍ക്കായില്ല. 
ഉമ്മയുടെ നെടുവീര്‍പ്പുകളും ഇത്താത്തമാരുടെ നിശ്വാസങ്ങളും മാത്രം വീട്ടില്‍ ഉയര്‍ന്ന് പൊങ്ങി. അവരുടെ സ്വപ്‌നങ്ങളില്‍ കരുവാളിച്ച നിഴല്‍വീണ് പൊള്ളി. നിസ്സാഹയന്റെ നിലവിളിയോടെ ബാപ്പയും നെടുവീര്‍പ്പിട്ടു. നിത്യരോഗിയായ ബാപ്പയുടെ കയ്യില്‍ എവിടെ നിന്നാണ് പണം...? സഹായിക്കാന്‍ ബന്ധു ബലവുമില്ല. 

ഒടുവില്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും ആദ്യത്തെ പന്തലുയര്‍ന്നു. അടുത്ത ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരുമൊക്കെ പങ്കെടുക്കാനുമെത്തി. തേങ്ങാച്ചോറും ഇറച്ചിക്കറിയും അതിഥികള്‍ക്കു മുമ്പില്‍ വിളമ്പി.
പക്ഷേ, അതെന്റെ സഹോദരിമാരുടെ കല്യാണപന്തലായിരുന്നില്ലെന്ന് മാത്രം. ബാപ്പയുടെ ചാവടിയന്തരമുണ്ണാനെത്തിയവരെ സ്വീകരിക്കാനുയര്‍ന്ന പന്തലായിരുന്നു. നാല് പെണ്‍മക്കളില്‍ ഒരുത്തിപോലും വീടിന്റെ പടികളിറങ്ങിപോകുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ കണ്ണടച്ച ബാപ്പയുടെ ചാവടിയന്തരത്തിന്റെ പന്തലായിരുന്നു അത്.