18/11/11

കുറ്റകൃത്യങ്ങളുടെ ലോകത്ത് കുഞ്ഞു മുഖങ്ങള്‍


 ശ്രീജ എന്നായിരുന്നു ആ നാലുവയസ്സുകാരിയുടെ പേര്. ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്. ഇന്നും ആ ഹീനകൃത്യം നിറവേറ്റിയ 13 കാരന്റെ മുഖമോ പേരോ പുറംലോകത്തിനറിയില്ല. അതറിയരുതെന്നത് നിയമം കുട്ടികള്‍ക്ക് അനുവദിക്കുന്ന സൗജന്യമായ സുരക്ഷിതത്വമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ. ടി.പി. ശ്രീ ജിത്ത് വാര്‍ത്താസമ്മേളനത്തിലൂടെ ഒരു കുട്ടി മോഷ്ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത് 2010 ജൂണ്‍ 19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ വാഹന മോഷണങ്ങള്‍, കമ്പ്യൂട്ടര്‍ മോഷണങ്ങള്‍, ഭവനഭേദനങ്ങള്‍. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്ക നുസരിച്ചായിരുന്നു ആ സംഭവങ്ങളത്രയും. ഞെട്ടിത്തരിച്ചുപോയി അവരുടെ സാഹസിക കൃത്യങ്ങള്‍ മുഴുവനും കേട്ടപ്പോള്‍. ഇന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആര്‍ക്കുമറിയില്ല. പലരെയും നല്ലനടപ്പിന് ശിക്ഷിച്ചിരിക്കുകയാണ്.

ഈ സംഭവത്തിനുശേഷവും കോഴിക്കോട് നഗരത്തില്‍ നിന്നും പലതവണ അതിന്റെ തുടര്‍ച്ചകള്‍ കേട്ടു. ഇതിന്റെ പിന്നാലെയാണ് ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായത്. കലാലയങ്ങളിലേക്ക് പടര്‍ന്നു കയറിയ പുതിയ ലഹരി മാഫിയകളെക്കുറിച്ചായിരുന്നു കോഴിക്കോട്ടെ ഷാഡോ പോലീസ് പറഞ്ഞത്. ഇതില്‍ പിടിയിലായത് രണ്ടുപേരായിരുന്നു. സ്‌കൂള്‍ കുട്ടികളാണ് തങ്ങള്‍ക്ക് വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളായിരുന്നു. ഇവിടെ പത്തിരട്ടി വിലക്കാണത് വില്‍ക്കുന്നത്.

മൈസൂരില്‍ നിന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുടെ പക്കല്‍ 500 സ്ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകളിലായിരുന്നു ലഹരിയുടെ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ്‌പോലും ഇത്തരം റാക്കറ്റില്‍പെട്ട ചിലകണ്ണികളാണ് പോലീസ് വലയിലായത്. കോഴിക്കോട്ടെ പല മനോരോഗ വിദഗ്ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ വിദഗ്ധന്റെ അരികില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍പെട്ട 30 കുട്ടികളാണ് ചികിത്സക്കെത്തിയതെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞമാസമാണ് കൊച്ചി നഗരത്തില്‍ നിന്നും മറ്റൊരുവാര്‍ത്ത കേട്ടത്. 36 പവന്‍ സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ സംഘത്തിന്റെ പ്രധാനി ഒരു പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മോഷണക്കഥക്കൊപ്പം തന്നെ അവന്റെ പരീക്ഷാ റിസള്‍ട്ടും പുറത്ത് വന്നു. അപ്പോള്‍ കവര്‍ച്ചയില്‍ മാത്രമല്ല പഠനത്തിലും ഏറെ മുന്നിലാണെന്നുകൂടിയാണവന്‍ തെളിയിച്ചത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പഠനത്തില്‍ അവന്റെ ജൈത്രയാത്ര.

കേരളീയ വീട്ടകങ്ങളില്‍ നിന്ന് കുട്ടികളെക്കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന കഥകളിങ്ങനെയൊക്കെയാണ്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യത്തില്‍ മാത്രമല്ല കുട്ടികള്‍ കുറ്റവാളികളാകുന്ന സംഭവങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പഠനത്തില്‍ മാത്രമല്ല അവര്‍ മികച്ചവരാകുന്നത്. കുറ്റകൃത്യങ്ങളില്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട കേസെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇതിനു മുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ അവ അറസ്റ്റിലോ, പത്രവാര്‍ത്തകളിലോ ഇടം കണ്ടില്ലെന്നേയൊള്ളൂ.
മാറുന്ന സംസ്‌കാരത്തിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമായി വേണം ഈ പ്രവണതയെ കാണാന്‍. ഇതൊരു കള്‍ച്ചറല്‍ ഷോക്കാണെന്നാണ് സൈക്കോളജിസ്റ്റായ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്.

ദൃശ്യ മാധ്യമങ്ങളുടെയും പരസ്യങ്ങളുടേയും പ്രലോഭനങ്ങളില്‍ വേഗം കുരുങ്ങിപ്പോകുന്നു കൗമാര മനസ്സുകള്‍. ഹൈടെക് സംവിധാനങ്ങളോട് അവര്‍ക്ക് എന്തെന്നില്ലാത്ത അഭിനിവേശം തോന്നുന്നു. അവ സ്വന്തമാക്കണമെന്നത് വലിയ സ്വപ്നമാവും. കൗമാര മന:ശാസ്ത്രമാണത്. എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്. പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്പര്‍ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമാണ് കൗമാരം. പാകതയില്ലാത്ത മനസ്സുകള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്. കുറ്റ കൃത്യങ്ങളേയും കവര്‍ച്ചകളേയും ലഘൂകരിക്കപ്പെടുന്ന ഒരുചുറ്റുപാടില്‍ മാതൃകയാവേണ്ടവര്‍ തന്നെ തെറ്റു ചെയ്തതിന്റെ പേരില്‍ പിടിയിലാകു മ്പോള്‍ കുട്ടികളും അവയിലേക്ക് നടന്നടുക്കുന്നതും സ്വാഭാവികം മാത്രമാണ്.

ഇടുക്കിയിലെ ശ്രീജ എന്ന നാലുവയസുകാരിയെ മൃഗീയമായി കൊന്നുതള്ളിയ പതിമൂന്നുകാരനെ അതിനായി പ്രേരിപ്പിച്ചതെന്താണെന്ന് ഓര്‍ക്കുക. യാദൃച്ഛികമായി കാണാനിടയായ ഒരു നീലച്ചിത്രത്തിലെ രംഗമാണവനെ ആ ക്രൂരതയിലേക്ക് വഴിനടത്തിയത്. 2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ശക്കീര്‍ എന്നായിരുന്നു പയ്യന്റെ പേര്. അവന്റെ ജീവിതവും കടന്നുവന്ന വഴികളും തന്നെയായിരുന്നു ആ മൃഗീയതയിലേക്ക് നയിച്ചത്. ഒടുവില്‍ 2009 മാര്‍ച്ച് 27ന് രാത്രി വിഷം കഴിച്ച് ഷക്കീര്‍ ചെറിയജീവിതം കൊണ്ട് വലിയ പാഠങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് മണ്ണോട് ചേര്‍ന്നത്. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന് വരുന്ന കുട്ടിക്ക് എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. അതിനുള്ള ഉത്തരമായിരുന്നു ശക്കീര്‍.

ഇന്ത്യയില്‍16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 35 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്. എന്നാല്‍ അത് പഴങ്കഥ. ഇന്ന് ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ആണ്‍കുട്ടികളെയാണ്. പീഡനത്തിനിരയാകുന്നവരോ അരാജകലോകത്തെ രാജകുമാരന്‍മാരായി വാഴുന്നു. അവര്‍ അടുത്ത മോഷണക്കൂട്ടത്തിന്റെ അധിപരാകുന്നു. പ്രകൃതിവിരുദ്ധ പീഡനസംഘങ്ങളുടെ നടത്തിപ്പുകാരാകുന്നു. ലഹരിമാഫിയയുടെ കരിയറകളായും ക്വട്ടേഷന്‍ -- .......................................

29/10/11

മനോരോഗങ്ങളുടെ തടവറയില്‍ കുഞ്ഞുങ്ങള്‍ കൊലവിളിയുടെ താരാട്ട്‌ പരമ്പര, അവസാനഭാഗംതിരുവനന്തപുരം കഴക്കൂട്ടത്തെ മുണ്ടന്‍ചിറ മറിയ അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും മരണത്തിലേക്ക്‌ വിളിച്ചതാണ്‌. എന്നാല്‍ അഞ്ച്‌ വയസ്സുള്ള അലന്‌ എന്തോ സംശയം തോന്നി. ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ തഞ്ചത്തില്‍ തീപ്പെട്ടിയുരക്കുകയായിരുന്നു അമ്മ. അതുകണ്ടപ്പോഴാണ്‌ അവന്‍ കുതറി ഓടിയത്‌. അനിയത്തി ശരണ്യയുടെ കൈക്കും ബലമായി പിടിച്ച്‌ വലിച്ചു. ആശുപത്രികിടക്കയില്‍ നിന്ന്‌ ബന്ധു വീട്ടിലെത്തിയ അവന്‌ ഇതുപറയാനും മൂന്ന്‌ വയസ്സുകാരിക്ക്‌ തലകുലുക്കി സമ്മതിക്കാനും അവസരമുണ്ടായത്‌ ദൈവ നിയോഗംകൊണ്ട്‌ മാത്രമാണ്‌.
ഇങ്ങനെ മരണമുഖത്ത്‌ നിന്നും ആയുസിന്റെ നീളം കൊണ്ട്‌ മാത്രം ജീവിതത്തിലേക്ക്‌ തിരികെയെത്തിയ 17 കുഞ്ഞുങ്ങളേയാണ്‌ നേരില്‍ കാണേണ്ടിവന്നത്‌. ഇവരൊന്നും പഴയ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിട്ടില്ല. തൃശൂരിലെ നാലുവയസ്സുകാരന്‍ അതുല്‍ പറഞ്ഞത്‌ എന്നും അമ്മയെ മദ്യപിച്ച്‌ തൊഴിക്കുന്ന അച്ഛനെക്കുറിച്ചായിരുന്നു. ഇപ്പോഴും അവന്‌ അച്ഛന്റെ നിഴലിനെപോലും പേടിയാണ്‌. ഇനി ഒരിക്കലും കാണണമെന്നും ആ ആറ്‌ വയസ്സുകാരന്‌ ആഗ്രഹമില്ല. അച്ഛന്റെ സുഹൃത്തുമായി രാത്രിവീട്ടിലെത്തുകയും അച്ഛന്‍ സുഹൃത്തിനെയും അമ്മയേയും അകത്തിട്ട്‌ പൂട്ടിയിടുകയും ചെയ്‌തതായി കുട്ടി പറയുന്നു. പൂട്ടിയിട്ട മുറിയില്‍ നിന്ന്‌ അമ്മയുടെ കൂട്ടക്കരച്ചിലും കേട്ടു. അന്ന്‌ അച്ഛനും സുഹൃത്തും പോയശേഷമാണ്‌ അമ്മ അതുലിനേയും കൂട്ടി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്‌. അമ്മ രേഷ്‌മ മരിച്ചു. അതുല്‍ മാത്രം ബാക്കിയായി.

ഭീതിതകാഴ്‌ചകള്‍;
മനോനിലതെറ്റുന്ന കുരുന്നുകള്‍


മാതാപിതാക്കള്‍ കണ്‍മുമ്പില്‍ കിടന്ന്‌ മരിക്കുന്ന കാഴ്‌ച കാണേണ്ടിവരുന്ന ഒരു കുട്ടിയുടെ മനസില്‍ നിന്ന്‌ എങ്ങനെയാണാകാഴ്‌ചകളെ മായ്‌ക്കാന്‍ കഴിയുക..? ചെറു പ്രായത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെടുകയോ ഭീതിതമായ അനുഭവങ്ങള്‍ക്ക്‌ സാക്ഷിയാകേണ്ടിയോ വന്നാല്‍ അവരില്‍ വിഷാദരോഗത്തിനുള്ള സാധ്യതയുണ്ട്‌. മാനസികരോഗങ്ങള്‍ ഉള്ള കുടുംബത്തിലെ കുട്ടികളില്‍, അച്ഛനമ്മമാര്‍ കലഹിക്കുന്നവീടുകളില്‍, മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ കുടുംബങ്ങളില്‍, എല്ലാം കഴിയുന്ന കുട്ടികളിലും വിഷാദരോഗം വരാന്‍ സാധ്യത കൂടുതലാണെന്ന്‌ കോഴിക്കോട്‌ ഇംഹാന്‍സിലെ ഡോ പി കൃഷ്‌ണകുമാര്‍ പറയുന്നു. മാതാപിതാക്കളുടെ പരിചരണമോ വാത്സല്യമോ വേണ്ടത്ര ലഭിക്കാത്ത കഞ്ഞുങ്ങളില്‍ പോലും വിഷാദരോഗത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ ഇവരുടെ അവസ്ഥ പറയണോ...?
പഠന സമ്മര്‍ദം മുതല്‍ കുടുംബ ബന്ധങ്ങളിലെ അലോസരങ്ങളും പൊട്ടിത്തെറികളുമെല്ലാം മാനസിക സമ്മര്‍ദങ്ങളുടെ തോത്‌ ഇരട്ടിയാക്കുകയാണ്‌. ജീവിതശൈലി മുതല്‍ ഭക്ഷണരീതിപോലും വിഷാദത്തിനുള്ള കാരണമാകുന്നുണ്ട്‌. മസ്‌തിഷ്‌കത്തിലുള്ള ചില ന്യൂറോ ട്രാന്‍സ്‌മിറ്റര്‍ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകൊണ്ടാണ്‌ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. അത്‌ ജനിതകവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മൂലമാകാം.
ഒന്നിനും താത്‌പര്യം തോന്നാതിരിക്കുക, ആരുമായും കൂട്ടുകൂടാതെ ഒറ്റക്കിരിക്കുക, എപ്പോഴും സങ്കടം, കാരണമില്ലാതെ കരയുക. അകാരണമായ ഭയവും കുറ്റബോധവും, മോശക്കാരനാണെന്ന തോന്നല്‍, ആത്മവിശ്വാസം ഇല്ലായ്‌മ, ഭാവി ഇരുളടഞ്ഞു എന്ന്‌ തോന്നുക. ആത്മഹത്യാചിന്ത, ഉറക്കക്കുറവ്‌. ഇതൊക്കെ യാണ്‌ കുട്ടികളില്‍ വിഷാദരോഗത്തിനുള്ള ലക്ഷണങ്ങള്‍ എന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഈ പറയപ്പെട്ട പല ലക്ഷണവും ഞാന്‍ കണ്ടുമുട്ടിയ പലകുട്ടികള്‍ക്കും ഉണ്ടെന്ന്‌ അവരുമായും ബന്ധുക്കളുമായും സംസാരിച്ചതില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. പക്ഷെ പലര്‍ക്കും ചില കൗണ്‍സിലിഗില്‍ ചികിത്സ മതിയാക്കിയിരിക്കുകയാണ്‌.
ഇന്ന്‌ കേരളീയ വീട്ടകങ്ങളില്‍ ഇത്തരം പ്രതിസന്ധി നീന്തികടക്കാതെ ഒരുകുട്ടിക്കും ജീവിക്കാനാവില്ലെന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെ ഇത്തരം ചുറ്റുപാടുകളില്‍ വളരുന്ന കുട്ടികളുടെ ഭാവിയിലും ആശങ്കകളുടെ ഇരുള്‍ മൂടുന്നുണ്ട്‌. 2009 ല്‍ അപ്പോളോ ആശുപത്രിയുടെ ആരോഗ്യക്ഷേമ ഗവേഷണ വികസന കേന്ദ്രം കുട്ടികളില്‍ നടത്തിയ സര്‍വേ പറയുന്നത്‌ 62 ശതമാനം കുട്ടികള്‍ക്കും കൃത്യസമയത്ത്‌ ഭക്ഷണം പോലും കഴിക്കാനാവുന്നില്ല എന്നാണ്‌. 19 ശതമാനം കുട്ടികള്‍ക്ക്‌ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സാധിക്കുന്നില്ല. 36 ശതമാനം കുട്ടികള്‍ക്ക്‌ വീട്ടില്‍ പോലും സ്വസ്ഥതയും 30 ശതമാനം കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സമയവും ലഭിക്കുന്നില്ല. 36 ശതമാനം കുട്ടികള്‍ക്ക്‌ സഹപാഠികള്‍ക്കൊപ്പമെത്താനാകുന്നില്ല. നാല്‍പത്‌ ശതമാനം കുട്ടികള്‍ക്കും രക്ഷിതാക്കളെ വിശ്വാസമില്ല. 16 ശതമാനം കുട്ടികളും രക്ഷിതാക്കളില്‍ നിന്ന്‌ സ്‌നേഹവും പരിചരണവും ലഭിക്കാത്തവരാണ്‌.
65 ശതമാനം കുട്ടികളും അക്കാദമികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്‌. അതിന്‌ പരിഹാരം കണ്ടെത്താന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഇതെല്ലാം മൂലം മാനസിക വൈകല്യങ്ങളുടെ സൂചനകള്‍ ധാരാളം കുട്ടികളില്‍ കാണുന്നു. അവര്‍ നശീകരണശീലക്കാരും കടുംപിടുത്തക്കാരുമായാണ്‌ മാറുന്നതെന്നും പഠനം പറയുന്നു.

ആര്‍ഭാട ജീവിതം;
അണുകുടുംബങ്ങള്‍ അപകടത്തില്‍

അമ്മമാര്‍ കുഞ്ഞുങ്ങളെയും കൂട്ടി മരണവഴി തിരഞ്ഞെടുക്കുന്നതിന്‌ ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്ക്‌ പ്രധാന പങ്കുതന്നെയുണ്ട്‌. അതിവേഗത്തിന്റെയും ആര്‍ഭാടത്തിന്റേയും വഴിയെ പായുന്ന തലമുറയെ കൂടുതല്‍ അപകടത്തിലാക്കുന്നത്‌ അണുകുടുംബ വ്യവസ്ഥയാണ്‌. മുമ്പൊക്കെ കുടുംബത്തിലൊരു പ്രശ്‌നം തലപൊക്കിയാല്‍ ചര്‍ച്ചചെയ്യാനും പരിഹാരമാലോചിക്കാനും ഒരുപാട്‌ പേരുണ്ടാകും. പലവ്യക്തികള്‍ ചര്‍ച്ചക്കെടുക്കുന്ന പ്രതിസന്ധിക്കു മുമ്പില്‍ പല വാതിലുകളും തുറക്കപ്പെടുന്നു. പരിഹാരമില്ലാത്ത പ്രശ്‌നമാണെങ്കില്‍ തന്നെ പലരുടേയും സഹായവും സാന്ത്വനവും വലിയതാങ്ങാവും. എന്നാല്‍ ഇന്നത്തെ യുവതീ യുവാക്കള്‍ക്ക്‌ അതിനുള്ള സാഹചര്യമില്ലെന്ന്‌ അന്വേഷി പ്രസിഡന്റ്‌ കെ അജിത പറയുന്നു. അത്‌ സാക്ഷ്യപ്പെടുത്തുന്നു ഇപ്പോള്‍ ആത്മഹത്യയിലേക്ക്‌ വഴുതിപോയ ദാമ്പത്യ ബന്ധങ്ങള്‍. അവരില്‍ 90 ശതമാനവും അണുകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ചയുടെയും ശത്രുതയുടേയും ആഴം അകലങ്ങളില്‍ കഴിയുന്ന പല കുടുംബങ്ങള്‍ക്കും അറിയുമായിരുന്നില്ല. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇന്നത്തെ തലമുറക്ക്‌ യോജിച്ചുപോകാന്‍ കഴിയുന്നില്ല. പരസ്‌പരം അറിഞ്ഞ്‌ സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കരഞ്ഞും തുഴഞ്ഞ്‌ നീങ്ങുന്ന ദാമ്പത്യ ബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക്‌ ചിന്തിക്കുവാനും കഴിയുന്നില്ല. ആത്മഹത്യകളുടെ കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണെന്ന്‌ പറയുന്നു കോഴിക്കോട്ടെ ഡോ. പി കൃഷ്‌ണകുമാര്‍.

ആത്മഹത്യാ വാര്‍ത്തകള്‍ക്ക്‌
പ്രാധാന്യം നല്‍കരുത്‌


അടുത്തകാലത്തെ ആത്മഹത്യകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു. ഒരാള്‍ അവലംബിച്ച മാര്‍ഗങ്ങള്‍ തന്നെയാണ്‌ കൂടുതല്‍ പേരെയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. മാധ്യമ വാര്‍ത്തകളും മരണത്തിലേക്ക്‌ നയിച്ച കാരണങ്ങളും പലരേയും സ്വാധീനിക്കുന്നുണ്ട്‌. ആത്മഹത്യാ വാര്‍ത്തകള്‍ക്ക്‌ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കരുതെന്നാണ്‌ ഡോ പി എന്‍ സുരേഷ്‌കുമാറിന്റെ നിര്‍ദേശം. വാര്‍ത്തയെ ചെറുതാക്കുകയും അതോടൊപ്പം മരണത്തിലേക്ക്‌ നയിച്ച കാരണങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യണം. മാനസിക ദാമ്പത്യപശ്‌നങ്ങള്‍ക്കും ലഹരി മരുന്ന്‌, മദ്യപാനം ഇവ നേരത്തെ കണ്ടുപിടിച്ച്‌ അനുയോജ്യമായ ചികിത്സ നല്‍കണം. കീടനാശിനികളുടെ ശക്തി കീടങ്ങളെ കൊല്ലാന്‍ മാത്രമാക്കി കുറച്ച്‌ കീടനാശിനികള്‍ അകത്തുചെന്നാല്‍ ഉടനെ ഛര്‍ദിക്കാന്‍ രൂക്ഷഗന്ധവും രുചിയും നല്‍കുന്നതും നന്നായിരിക്കും. അദ്ദേഹം പറയുന്നു. ആത്മഹത്യക്ക്‌ ശ്രമിച്ചവരെ നിയമകുരുക്കില്‍ കുടുക്കാതെ ഒരു സാമൂഹിക മാനസിക പ്രശ്‌നമായി കണ്ടുള്ള സഹായമാണ്‌ സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ടത്‌. എല്ലാ പ്രധാന ആശുപത്രികളിലും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തുന്നതിനും ചികിത്സ നല്‍കുന്നതിനും പ്രത്യേക കൗണ്‍സിലിംഗ്‌ സെന്ററുകള്‍ തുറക്കണം. എല്ലാ പഞ്ചായത്തുകളിലും ഒരെണ്ണമെങ്കിലും ഇത്‌ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.
പ്രശ്‌നങ്ങളില്ലാത്ത ജീവിതമില്ല. പ്രശ്‌നങ്ങളില്ലങ്കിലോ അതു ജീവിതവുമല്ല. ദൗര്‍ഭാഗ്യങ്ങളെ തേടിപ്പിടിച്ച്‌ കരഞ്ഞ്‌ നിലവിളിക്കുകയല്ല വേണ്ടത്‌. തളരുമ്പോള്‍ താങ്ങാവാന്‍ നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം. ഏതു പ്രതിസന്ധിയേയും പുഞ്ചിരിയോടെ നേരിടുകയും പ്രശ്‌നങ്ങള്‍ക്ക്‌ മുമ്പില്‍ പുതിയ വഴികള്‍ കണ്ടെത്താനുള്ള ആത്മവിശ്വാസം സ്വായത്തമാക്കുകയും വേണം. സാമൂഹിക ജീര്‍ണതകളുടെ തുടക്കവും ഒടുക്കവും കുടുംബമെന്ന മഹത്തായ പൈതൃകത്തിന്റെ തകര്‍ച്ചയില്‍ നിന്നുടലെടുക്കുന്നതാണ്‌. വീട്ടകങ്ങളില്‍ ആത്മീയതയുടെ വിത്താണ്‌ വിതക്കേണ്ടത്‌. തീര്‍ച്ചയായും അതില്‍ നിന്നും സ്‌നേഹത്തിന്റെ നാമ്പുകള്‍ മുളച്ചുപൊന്തും. സമാധാനത്തിന്റെ ശിഖരങ്ങളും അനുസരണയുടെ ഫലങ്ങളും അനുരഞ്‌ജനത്തിന്റെയും ആശ്വാസത്തിന്റെയും കുളിര്‍ക്കാറ്റു തന്നെയാവും ഉത്ഭവിക്കുക. അതില്ലാത്തത്‌ തന്നെയാണ്‌ മിക്ക പ്രശ്‌നങ്ങളുടെയും കാതല്‍. (അവസാനിച്ചു.)

ആറ്‌ ദിവസങ്ങളിലായി സിറാജ്‌ ദിനപത്രം പ്രസിദ്ധീകരിച്ച പരമ്പരയുടെ അവസാനഭാഗം. പലതിരക്കുകള്‍ മൂലം അവസാനഭാഗം ബ്ലോഗിലിടാന്‍ വൈകിപ്പോയി.  

24/10/11

എലിയെപ്പേടിച്ച്‌ ഇല്ലം ചുടാന്‍ മുസ്‌ലിം ലീഗിന്റെ തിട്ടൂരം
ഐസ്‌ക്രീം കേസിനെപ്പറ്റി ഇനി മിണ്ടരുത്‌. സ്വകാര്യമായിപ്പോലും വര്‍ത്തമാനം പറയരുത്‌. മിണ്ടിയാല്‍ കൊല്ലും. മിണ്ടിയില്ലെങ്കിലും കൊല്ലും എന്ന്‌ പണ്ടാരോ പറഞ്ഞത്‌ പോലെയാണ്‌ മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയപാപ്പരത്തം ഒരിക്കല്‍കൂടി തുറന്ന്‌ സമ്മതിച്ച്‌ അവര്‍ പുതിയ ഫത്ത്‌വ പുറത്തിറിക്കിയിരിക്കുന്നത്‌.
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യൂതാനന്ദന്‌ പോലും നിയമസഭക്ക്‌ പുറത്ത്‌ ഇതേക്കുറിച്ച്‌ ~ഒരക്ഷരം മിണ്ടാന്‍പാടില്ല പോലും. മിണ്ടിയാല്‍ ഇവര്‍ മൂക്കില്‍ വലിച്ച്‌ കയറ്റുമെത്രെ. മാധ്യമങ്ങള്‍ക്ക്‌ മാത്രമല്ല വ്യക്തികള്‍ക്കും മിണ്ടാനോ എഴുതാനോ പറയാനോ ചിന്തിക്കാനോ പാടില്ലെന്നുമുണ്ട്‌ പുതിയ തിട്ടൂരത്തില്‍.


ചെങ്കോട്ടപോലെ സുഭദ്രവും കുത്തബ്‌ മീനാര്‍പോലെ ഉന്നതവും താജ്‌മഹല്‍പോലെ സുന്ദരവുമായിരുന്ന മുസ്‌ലിം ലീഗിന്റെ ( സി എച്ചിന്റെ വാക്ക്‌)ഏറ്റവും വലിയകരുത്ത്‌ അതിന്റെ നേതാക്കളായിരുന്നു. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി എച്ചും ഖാഇദെമില്ലത്തും സീതിസാഹിബും സേട്ടു സാഹിബും അങ്ങനെയെത്രയെത്ര മഹാരഥന്‍മാര്‍.
അവരൊക്കെയാണ്‌ ആ പ്രസ്ഥാനത്തിന്‌ ജീവജലം നല്‍കിയത്‌. രാഷ്‌ട്രീയ പ്രവര്‍ത്തനം ഇന്നത്തെപോലെ വ്യവസായമായിരുന്നില്ല അവര്‍ക്ക്‌. പാവപ്പെട്ടവന്റെ വേദനകള്‍ കേട്ടും അതിന്‌ പരിഹാരം കണ്ടുമായിരുന്നു അവരുടെ ദിനചര്യകള്‍ തുടങ്ങിയിരുന്നതും ഒടുങ്ങിയിരുന്നതും. അതുകൊണ്ട്‌ തന്നെ അവര്‍ ആ പാര്‍ട്ടിയുടെ അഭിമാനസ്‌തംഭങ്ങളായിരുന്നു. 


എന്നാല്‍ ഇന്ന്‌ നേതാക്കള്‍ ബാധ്യതയായി തീര്‍ന്നിരിക്കുന്നു ആ പാര്‍ട്ടിക്ക്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഈ ഫത്ത്‌വ. ഐസ്‌ക്രീം വാര്‍ത്തകള്‍ വരുമ്പോഴെല്ലാം അവരെയത്‌ അസ്വസ്ഥരാക്കുന്നു. പിന്നീടത്‌ നിഷേധിക്കുന്നു. തങ്ങളെയോ പാര്‍ട്ടിയേയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്‌ തട്ടിവിടുന്നു. എന്നാല്‍ ഓരോ ആരോപണവും ആ പാര്‍ട്ടിയെ പ്രതിസന്ധികളുടെ ആഴക്കടലിലാണ്‌ കൊണ്ടുചെന്ന്‌ തള്ളുന്നതെന്ന്‌ അവര്‍ തന്നെയാണ്‌ പറയാതെ പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നത്‌. നേതാക്കളുടെയും താഴെ തട്ടിലെ അണികളുടേയും നെടുവീര്‍പ്പുകളില്‍ നിന്ന്‌ കേരളജനതയത്‌ വായിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌. 


ഖാഇദെമില്ലത്തിന്റെ കാലത്ത്‌ എട്ടു സംസ്ഥാനങ്ങളിലാണ്‌ ലീഗിന്‌ വേരോട്ടം ഉണ്ടായിരുന്നത്‌. കേരളത്തിന്‌ പുറത്ത്‌ ദല്‍ഹിയിലും മഹാരാഷ്‌ട്രയിലും അസമിലും യു പി യിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളിലും മേയര്‍മാരും മന്ത്രിമാരും എം പിമാരും വരെ ലീഗിനുണ്ടായിരുന്നു. ഖാഇദെ മില്ലത്ത്‌ മുതല്‍ സേട്ടു സാഹിബ്‌ വരെയുള്ള നേതാക്കള്‍ക്ക്‌ ദേശീയ രാഷ്‌ട്രീയത്തിലും തങ്ങളുടേതായ ഇടമുണ്ടായിരുന്നു. സി എച്ചിനും ബാഫഖിതങ്ങള്‍ക്കും സീതിസാഹിബിനുമെല്ലാം കേരളത്തിന്‌ പുറത്തും പ്രശോഭിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അവരുടെ കാപട്യമില്ലാത്ത വ്യക്തിത്വത്തിന്‌ ജനം മനസ്സില്‍തൊട്ട്‌ നല്‍കിയ സ്‌നേഹാദരങ്ങളായിരുന്നു അത്‌. അവര്‍ക്കൊരിക്കലും കുറ്റബോധത്തിന്റെ കുരിശ്‌മല ചുമക്കേണ്ടിയും വന്നിരുന്നില്ല. കാരണം അവരുടെ പ്രവര്‍ത്തനം സുതാര്യമായിരുന്നു. ആ പാര്‍ട്ടിക്ക്‌ ഇതിന്‌ മുമ്പെന്നങ്കിലും ഇതുപോലെ എലിയെപ്പേടിച്ച്‌ ഇല്ലം ചൂടേണ്ട തീരുമാനങ്ങള്‍ എടുക്കേണ്ടിയും വന്നിട്ടുണ്ടാകില്ല. ഇല്ലെങ്കില്‍ അതെന്ത്‌കൊണ്ടാണെന്ന്‌ പുനര്‍വിചിന്തനം നടത്തുകയല്ലേ ലീഗ്‌ ആദ്യമായി ചെയ്യേണ്ടത്‌. അതിന്റെ കാരണക്കാരന്‍ ആരാണെന്നാണ്‌ ആദ്യം കണ്ടെത്തേണ്ടത്‌. അവര്‍ക്ക്‌ എതിരെയാണ്‌ നടപടി എടുക്കേണ്ടത്‌. അപ്പോള്‍ ആദ്യം കാണുന്നപേര്‌ വി എസ്‌ എന്നോ റഊഫെന്നോ ആയിരിക്കില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക്‌ വരെ അത്‌ നീണ്ടേക്കും. കേരളത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു പാര്‍ട്ടിക്ക്‌ നേരെ ഉയരുന്ന ആരോപണങ്ങളുടെപേരില്‍ മാധ്യമങ്ങള്‍ക്ക്‌ നേരെ കേസെടുക്കേണ്ടി വന്നിട്ടുണ്ടാകുക. പക്ഷേ രോഗമറിഞ്ഞുള്ള ചികിത്സയല്ല ഇവിടെ ഡോക്‌ടര്‍മാര്‍ വിധിക്കുന്നത്‌. അതെക്കുറിച്ച്‌ നടപടിയും ചര്‍ച്ചയുമില്ലാതെ മാധ്യമങ്ങളുടെ മെക്കിട്ട്‌ കയറുന്ന ലീഗ്‌ രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു തൂറിതോല്‍പ്പിക്കലാണ്‌.

 എല്ലാ ആയുധവും കൈവിട്ട്‌ പോകുമ്പോള്‍ ഗതികെട്ട പിടിവള്ളിയില്‍ തൂങ്ങാന്‍മാത്രം അധപതിച്ച്‌പോകേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നിസാഹയാവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്‌.
ഇതിവിടംവരെ എത്തിയിട്ടും ആ നേതാവ്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ പടച്ചോന്‍. ആ പടച്ചോനുമുമ്പില്‍ മുട്ട്‌ വിറക്കുന്ന പ്രജകളും നേതാക്കളുമേ ഇന്നും പാര്‍ട്ടിയിലുള്ളൂ. സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും കാണുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ കാല്‍ക്കല്‍ വീഴുന്ന അഖിലേന്ത്യാപ്രസിഡന്റും സെക്രട്ടറിയും ഉള്ള ഏക രാഷ്‌ട്രീയ പ്രസാഥാനവുമാണത്‌. ഇത്രയൊക്കെ ഒരു നേതാവ്‌ ആ പാര്‍ട്ടിക്ക്‌ ചീത്തപ്പേര്‌ സമ്മാനിച്ചിട്ടും നേതാവിന്റെ പേരില്‍ നടപടിയില്ല. പകരം പാറപോലെ ഉറച്ച്‌ നേതാക്കളും അണികളും ആ നേതാവിനെ സംരക്ഷിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഈ പാര്‍ട്ടി എലിയെപ്പേടിച്ച്‌ ഇല്ലം ചുട്ടിട്ടുണ്ട്‌. അത്‌ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷം സേട്ടു സാഹിബെന്ന അതുല്യനായ അഖിലേന്ത്യാ പ്രസിഡന്റിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കാനായിരുന്നു.....അതിന്റെ കഥകള്‍ മുമ്പൊരിക്കല്‍ ജനാബ്‌ ജാഫര്‍ അത്തോളി എഴുതിയിട്ടുണ്ട്‌.

മതേതരത്തിന്റെ പ്രതീകമായിരുന്ന ബാബരിപ്പള്ളി തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ അതിന്‌ കാരണക്കാരയവര്‍ക്കൊപ്പം അധികാരത്തില്‍ തുടരുന്നത്‌ അപമാനമാണെന്ന്‌ പറഞ്ഞതിനായിരുന്നു ആ പാവം മനുഷ്യനെ പാര്‍ട്ടിയില്‍ നിന്ന്‌ ചവിട്ടിപ്പുറത്താക്കിയത്‌...? അതിലപ്പുറമൊരു തെറ്റൊന്നും സേട്ടു സാഹിബ്‌ ചെയ്‌തിട്ടില്ല. എന്നാല്‍ അതൊരു തെറ്റായിരുന്നുവെന്ന്‌ അധികാര രാഷ്‌ട്രീയത്തിന്റെ മത്തുപിടിച്ച ലീഗ്‌കാരല്ലാതെ മറ്റാരും പറയുകയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക്‌ പതിറ്റാണ്ടുകളായി ചീത്തപ്പേര്‌ മാത്രം സമ്മാനിക്കുന്ന നേതാവിന്‌ പാര്‍ട്ടിക്കോടതി വിധിച്ചത്‌ പൂമെത്തയില്‍ക്കിടത്തി താരാട്ടാനാണ്‌. ആണത്വമുള്ള തീരുമാനം പ്രഖ്യാപിക്കുകയും അതിന്റെ പേരില്‍ അധികാരം വലിച്ചെറിയുകയും ചെയ്‌തതിന്‌ സേട്ടു സാഹിബിന്‌ വിധിച്ച ശിക്ഷയെങ്കിലും കുറഞ്ഞപക്ഷം കുഞ്ഞാലിക്കുട്ടിക്കും വിധിക്കേണ്ടതില്ലെ...? അതൊരു കുറഞ്ഞ ശിക്ഷയാണെന്നറിയാഞ്ഞിട്ടല്ല. എങ്കില്‍ ഇത്രയും പഴി പാര്‍ട്ടിക്ക്‌ കേള്‍ക്കേണ്ടി വരുമായിരുന്നില്ല. കേസില്‍ നിരപാധിയാണെന്ന്‌ തെളിയും വരെയെങ്കിലും അദ്ദേഹം മാറി നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്‌. പക്ഷേ. അതൊരിക്കലും ഉണ്ടാകില്ലെന്ന്‌ മാത്രമല്ല, തങ്ങള്‍ക്ക്‌ പള്ളിയും സമുദായവും ഒന്നുമല്ല പ്രശ്‌നം പള്ളയും അധികാരവും തന്നെയാണെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്‌ ലീഗ്‌. അത്‌ ധിക്കാരത്തോടെ പ്രഖ്യാപിക്കുകയാണ്‌ ഈ തിട്ടൂരത്തിലൂടെ അവര്‍.

ഇനി വിഷയത്തിലേക്ക്‌ വരാം. ഐസ്‌ക്രീം കേസിന്റെ രണ്ടാം കാണ്‌ഡം തുടങ്ങുന്നതിന്‌്‌ ആരാണ്‌ കാരണക്കാരന്‍...? വി എസാണോ...? ഇന്ത്യാവിഷന്‍ ചാനലാണോ...? മറ്റു മാധ്യമങ്ങളാണോ....? ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബ്‌ തന്നെയല്ലെ അന്നൊരിക്കല്‍ പത്രക്കാരെയെല്ലാം വിളിച്ച്‌ കൂട്ടി ആ മഹാസംഭവം മാലോകരെ അറിയിച്ചത്‌. അദ്ദേഹത്തിന്റെ ബന്ധു റഊഫും മറ്റും ചേര്‍ന്ന്‌ തന്നെ വധിക്കാന്‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയിരിക്കുന്നുവെന്ന്‌. മംഗലാപുരത്ത്‌ നിന്നാണ്‌ കൊട്ടേഷന്‍ എന്ന്‌. താന്‍ മന്ത്രിയായിരിക്കെ പല അഡ്‌ജസ്റ്റ്‌മെന്റുകളും വഴിവിട്ട സഹായങ്ങളും ചെയ്‌തിരിക്കുന്നു എന്നും ഇനി അതുണ്ടാകില്ലെന്ന്‌. അങ്ങനെ എന്തെല്ലാം പറഞ്ഞു മൂപ്പിലാന്‍. എന്നിട്ട്‌ എവിടം വരെയായി വധശ്രമ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം...? 

കേരളത്തിലെ പട്ടാളവും പോലീസും കേന്ദ്രത്തിലെ സി ബി ഐയും നിങ്ങളുടെ കൈവെള്ളയിലുണ്ടായിട്ടും ഒരാളെപോലും പിടികൂടാനായോ..? അന്വേഷണത്തില്‍ വല്ല പുരോഗതിയുമുണ്ടായോ...? ഇപ്പോള്‍ അത്തരമൊരു സംഭവമേ നടന്നിട്ടില്ലന്നല്ലെ വ്യക്തമാകുന്നത്‌...? അതിന്‌ ശേഷം റഊഫ്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പല വെളിപ്പെടുത്തലുകളും നടത്തി. കേരളം ശ്വാസം അടക്കിപ്പിടിച്ചാണത്‌ കേട്ടത്‌. അതൊന്നും സത്യമായിരിക്കില്ലെന്നായിരുന്നു കരുതിയിരുന്നത്‌. എന്നാല്‍ റഊഫിന്റെ ആരോപണങ്ങള്‍ ഓരോന്നും സത്യമാണെന്ന്‌ പുലരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌.


കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ വാദങ്ങളുടെ മുന ഓരോന്നായി ഒടിയുന്നതും കണ്ടു. എന്നിട്ടും റഊഫിനെ ക്രിമിനലായും കുഞ്ഞാലിക്കുട്ടി പുണ്യവാളനുമായാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. ഇതിന്‌ മാധ്യമങ്ങള്‍ക്കുനേരെ വാളെടുത്തിട്ട്‌്‌ കാര്യമുണ്ടോ? മുഖം വികൃതമായതിന്‌ കണ്ണാടിയുടക്കണോ...? ഈ സത്യങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരാന്‍ റഊഫിന്‌ ഒരു ചാനലിന്റെ സഹായം തേടേണ്ടി വന്നു. ഏതാണാ ചാനല്‍. ലീഗ്‌ നേതാവ്‌ ചെയര്‍മാനായിരിക്കുന്ന ചാനല്‍. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന്‌ പറയുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ്‌ ചെയര്‍മാന്‍ എന്ന രീതിയില്‍ വാര്‍ത്തകളും വരുന്നു. അതിനൊന്നും വിശദീകരണമോ നടപടിയോ ഇല്ല. ചാനല്‍ പ്രവര്‍ത്തകരും ലീഗ്‌ നേതൃത്വത്തെ വെല്ലുവിളിച്ച്‌ നിയമപരമായി മുന്നോട്ട്‌ നീങ്ങാനും തീരുമാനിച്ചിരിക്കുന്നു. ഭീഷണിക്ക്‌ മുമ്പില്‍ മുട്ട്‌ വിറച്ച്‌ ചാനലും മാധ്യമങ്ങളും പിന്തിരിഞ്ഞോടുമെന്നാകും ഇവര്‍ കരുതിയിരിക്കുക.


ലീഗ്‌ ആവര്‍ത്തിച്ച്‌ കൊണ്ടേയിരിക്കുന്ന വിശദീകരണം 15 വര്‍ഷം വേട്ടയാടിയ ഒരാളെ വീണ്ടും ഉപദ്രവിക്കുന്നു എന്നതാണ്‌. എന്നാല്‍ അന്ന്‌ കോടതിയുടെ പരിഗണനയില്ലാത്ത തെളിവുകളുടെ നീണ്ട ലിസ്റ്റ്‌ ഹാജരാക്കുന്നത്‌ കേസില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി തന്നയാണ്‌. അദ്ദേഹമാകട്ടെ കുഞ്ഞാലിയുടെ ഭാര്യാ സഹോദരനും. ഒരു നാട്ടു നടപ്പുണ്ട്‌. കുഞ്ഞാലിക്കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ റഊഫ്‌ വിവാഹം കഴിക്കുന്നത്‌. അപ്പോള്‍ സ്വാഭാവികമായും മുതിര്‍ന്ന മരുമകനെന്ന നിലക്ക്‌ പുതുതായി വരുന്ന ഇളയച്ഛനെക്കുറിച്ച്‌ അന്വേഷിക്കേണ്ട ബാധ്യത മൂത്തയാള്‍ക്കുണ്ട്‌. പ്രത്യോകിച്ചും അദ്ദേഹം ഒരു പാര്‍ട്ടി നേതാവ്‌ കൂടിയാകുമ്പോള്‍. അദ്ദേഹം കൂടി അന്വേഷിച്ച്‌ തൃപ്‌തിപ്പെട്ട ശേഷമായിരിക്കുമല്ലോ റഊഫിന്റെ വിവാഹം നടത്തിയിരിക്കുക. എന്നിട്ടും അയാള്‍ ഒരു ക്രിമിനലാണെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും ആ രക്തത്തില്‍ പങ്കില്ലേ. ഇതൊക്കെ ആര്‍ക്കാണ്‌ മനസ്സിലാവാത്തത്‌. അപ്പോഴാണ്‌ ദുര്‍ബലമായ വിശദീകരണങ്ങളുമായി ഇനിയും അധികകാലം മുന്നോട്ട്‌ പോകാനാവില്ലെന്ന തിരിച്ചറിവില്‍ നിന്ന്‌ മാധ്യമങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനുള്ള ലീഗ്‌ ശ്രമം. ഒടുവില്‍ വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌. കാസര്‍കോട്ടിലെ മുന്‍ ലീഗ്‌ നേതാവിന്റെ വെളിപ്പെടുത്തല്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. പാര്‍ട്ടി ഇടപെട്ട്‌ തന്നെയാണ്‌ അദ്ദേഹത്തെകൊണ്ട്‌ അത്‌ തിരുത്തിച്ചിരിക്കുന്നതും. ഒന്നേ പറയാനൊള്ളൂ. ഈ പരിപ്പ്‌ ഇവിടെ വേവില്ല.


കുഞ്ഞാലിക്കുട്ടിമാരോട്‌ ഓര്‍മിപ്പിക്കാനുള്ളത്‌ ഒരു പഴമൊഴിയുമാണ്‌. അത്‌ ഇനിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ തന്നെ നല്ലത്‌. അത്‌ ഇതാണ്‌.
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനോട്‌ എല്ലാ രഹസ്യവും പറയരുത്‌.
കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ ശത്രുവായി മാറും.
നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അതിരില്ലാതെ ഉപദ്രവിക്കരുത്‌. കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ മിത്രമാകും. 

21/10/11

സഹോദരീ നീ ഇര മാത്രമാകുന്നതെന്തിന്‌...?
കുറ്റകൃത്യങ്ങളുടെ നിരക്കിലും സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങളിലും സംസ്ഥാനം റിക്കാര്‍ഡിലേക്ക്‌ കുതിക്കുന്നു. 2011 ലെ എട്ട്‌ മാസങ്ങള്‍ കടന്നുപോയശേഷമാണ്‌ കേരള പോലീസിന്‌ ആ കാലത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ഒരു കണക്കെടുക്കണമെന്ന്‌ തോന്നിയത്‌. ആറു മാസത്തിനിടയിലെ കണക്ക്‌ ഞെട്ടിക്കുന്നതായിരുന്നു.
2010 ല്‍ നടന്നത്‌ ആകെ 363 കൊലപാതകങ്ങളാണ്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ചെറിയ വര്‍ധനവായിരുന്നു അത്‌.
എന്നാല്‍ 2011 പകുതിയായപ്പോഴേക്കും എണ്ണം മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നു.19 പോലീസ്‌ ജില്ലകളിലെ സ്ഥിതി വിവര കണക്കുകളനുസരിച്ച്‌ 2010ല്‍ ആകെ 634 ബലാല്‍സംഗം,
184 തട്ടികൊണ്ടുപോകല്‍, 363 കൊലപാതകം, 361 കൊലപാതക ശ്രമം,
എന്നാല്‍ 2011 ലെ ആറു മാസത്തിനിടക്ക്‌ മാത്രം ബലാല്‍സംഗങ്ങള്‍ 546ആയി. പെണ്‍കുട്ടികളെയും സ്‌ത്രീകളെയും തട്ടികൊണ്ടുപോയ കേസുകളുടെ എണ്ണം നൂറ്റി ഒന്നുമായി. 201 കൊലപാതകങ്ങള്‍. 271 കൊലപാതകശ്രമങ്ങള്‍. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍ മലപ്പുറം ജില്ലക്കായിരുന്നു ഒന്നാം സ്ഥാനം. 632 കേസുകളാണ്‌ മലപ്പുറത്ത്‌ മാത്രമായി അരങ്ങേറിയത്‌.

രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പത്രമാധ്യമങ്ങളില്‍ വന്ന്‌ പോയ ഈ കണക്കുകള്‍ ഇന്ന്‌ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകുമെന്നറിയില്ല. എത്രപേരാ വാര്‍ത്ത കണ്ടുകാണുമെന്നുമറിയില്ല. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ്‌. ഈ കുറ്റകൃത്യങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനവും ഇരകള്‍ സ്‌ത്രീകളായിരുന്നു. ഇരുപത്തിയഞ്ച്‌ ശതമാനവും പെണ്‍കുട്ടികളായിരുന്നു. 1180 സ്‌ത്രീകള്‍ ബലാല്‍സംഗത്തിന്‌ മാത്രം ഇരയായി. 285 സ്‌ത്രീകളേയും പെണ്‍കുട്ടികളേയും തട്ടികൊണ്ടുപോയി. ദുരൂഹതയുടെ പാളങ്ങളില്‍ കണ്ട മരണങ്ങളില്‍, പാതി ജീവനും കൊണ്ട്‌ ബാക്കിയായ ജീവച്ഛവങ്ങളില്‍, എണ്‍പത്‌ ശതമാനവും സ്‌ത്രീ ജന്മങ്ങളായിരുന്നു എന്ന്‌ പറയുന്നതിന്‌ കൂടുതല്‍ പഠനമൊന്നും നടത്തേണ്ടതില്ല. തളര്‍ന്നും തകര്‍ന്നും വീട്ടകങ്ങളുടെ ഇരുണ്ടമൂലകളില്‍ ഒതുങ്ങിക്കൂടുന്നവരോ ഇതിലുമേറെയാണ്‌. സസ്‌പെന്‍സ്‌ മാറാത്ത ക്രൈം വാര്‍ത്തകളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ കാണുന്നതും അവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ തന്നെ.

മുകളില്‍ പറഞ്ഞ കണക്കുകള്‍ പ്രസിദ്ധീകരിച്ച്‌ വന്ന അതേ ദിവസമാണ്‌ (ആഗസ്റ്റ്‌ 22 ന്‌) മാനന്തവാടി പടിഞ്ഞാറെത്തറയില്‍ നിന്ന്‌ കാണാതായ പാരലല്‍ കോളജ്‌ വിദ്യാര്‍ഥിനിയുടെ മൃതദേഹം വയനാട്ടിലെ അപ്പപ്പാറ വനത്തിനുള്ളില്‍ കണ്ടെത്തിയത്‌.
അനിതാ നിവാസില്‍ വിശ്വനാഥന്റെ ഏക മകള്‍ (അനിത 20) ആണ്‌ അതിദാരുണമായി കൊലചെയ്യപ്പെട്ടത്‌. സംഭവത്തില്‍ പടിഞ്ഞാറേത്തറ മഞ്ഞൂറ കളത്തില്‍ നാസര്‍ (36) തെങ്ങുമുണ്ട ഇരട്ട ഗഫൂര്‍( 32)എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
മൂന്ന്‌ ഭാര്യമാരുള്ള നാസറുമായി 20 വയസ്സുള്ള പെണ്‍കുട്ടി പ്രണയത്തിലാകുന്നു. അയാളെ വിവാഹം കഴിക്കാന്‍ കാമുകന്റെ സുഹൃത്തിനോടൊപ്പം ഒളിച്ചോടുന്നു. വനത്തില്‍ വെച്ച്‌ സുഹൃത്തിന്റെ പ്രേരണയാല്‍ പ്രതി പെണ്‍കുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ട്‌ മദ്യം നല്‍കി ക്രൂരമായി കൊലപ്പെടുത്തുന്നു.
മൂന്ന്‌ ഭാര്യമാരുള്ള ഒരു മനുഷ്യന്‍. നാലാമതായി ഒരു ഇരയെക്കൂടി കുരുക്കുന്നത്‌ വളര്‍ത്താനാവില്ലെന്നും കൊല്ലാന്‍ തന്നെയാകുമെന്നും എന്തേ ആ പെണ്‍കുട്ടി ഓര്‍ക്കാതെ പോയത്‌...? അതിനുള്ള പ്രായമോ പക്വതയോ അവള്‍ക്കില്ലാഞ്ഞിട്ടാണോ... വിവരമുണ്ടായിട്ടും വിവേകമില്ലാത്തതിന്റെ ഏറ്റവും ഒടുവിലെത്തെ ഇരയല്ല അവള്‍. ചെറിയൊരു ഉദാഹരണം മാത്രമാണ്‌. ഇതുപോലെതന്നെയാണ്‌ മുകളില്‍ പറഞ്ഞ പല കേസുകളിലേയും സ്‌ത്രീകളും അപകടത്തെ ഇരന്നുവാങ്ങിയത്‌. സ്‌ത്രീകള്‍ എവിടേയും സുരക്ഷിതരല്ല എന്ന്‌ നമ്മള്‍ പറയുമ്പോഴും പലപ്പോഴും അവര്‍ തന്നെയാണ്‌ ആ വലകളുടെ വാതിലില്‍ ചെന്ന്‌ മുട്ടി വിളിക്കുന്നത്‌. പലര്‍ക്കും കാരണങ്ങള്‍ പലതാവാം. വ്യത്യസ്ഥ സാഹചര്യങ്ങളിലുമാകാം. എന്നാല്‍ ചെന്ന്‌ ചാടുന്നതാകട്ടെ എല്ലാം ഒരേ മുഖങ്ങളുള്ള മടകളിലേക്ക്‌ തന്നെയാണ്‌.

ഇനി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്‌ നിന്ന്‌ ഈയിടെ കേട്ട്‌ കൊണ്ടിരിക്കുന്ന ചില രസകരമായ മിസ്‌ഡ്‌കോള്‍ പ്രണയത്തിന്റെ കഥ കേള്‍ക്കുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയും ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കൈക്കുഞ്ഞുമായി വയനാട്ടുകാരിയും രണ്ട്‌ കുട്ടികളുടെ മാതാവായ തൃത്താലക്കാരിയും അടക്കം ഏഴ്‌ സ്‌ത്രീകളാണ്‌ രണ്ടു മാസത്തിനിടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയത്‌. അതില്‍ മൂന്ന്‌ പേര്‍ പത്തു ദിവസത്തിനുള്ളിലെത്തിയവരായിരുന്നു. എന്തിനാ.. മിസ്‌ഡ്‌ കോളിലൂടെ പരിചയപ്പെട്ട, ശബ്‌ദത്തിലൂടെ മാത്രം അറിയാവുന്ന കാമുകനെ ഒരുനോക്ക്‌ കാണാന്‍. അയാള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന്‌ വിശ്വസിച്ച്‌ അയാളോടൊപ്പം ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍. ഒരു മിസ്‌ഡ്‌ കോള്‍. അതില്‍ തുടങ്ങുന്നു നാടകീയമായ ഒരു പ്രണയം. പിന്നെ നേരില്‍ കാണണമെന്നാകും. പ്രണയം പരിണയത്തിലേ കലാശിക്കാവൂ എന്ന നാട്ടുനടപ്പുള്ളതു പോലെ അതിനാകും അടുത്ത ശ്രമം. ഈ പ്രണയ സാഫല്യത്തിന്റെ വാതില്‍ത്തുറക്കാനും പ്രതിസന്ധികളുടെ പുഴ നീന്തിക്കടക്കാനും അവര്‍ ഒരുക്കമാകുന്നു. പ്രതിബന്ധങ്ങള്‍ തട്ടിത്തകര്‍ത്ത്‌ എത്തിയവരാണ്‌ ചതിക്കുഴിയുടെ ആഴമറിഞ്ഞ്‌ പൊട്ടിക്കരഞ്ഞ്‌പോകുന്നത്‌. ഇങ്ങനെ തന്നെയാണ്‌ കുറ്റിപ്പുറം പ്രണയങ്ങളും തളിര്‍ത്തതും പൂത്തതും കരിഞ്ഞ്‌ വാടിയതും. കാമുകനെ കാണാനും വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനും ഓടിയെത്തിയപ്പോഴതാ പ്രണയത്തിലെ രസച്ചരട്‌ പൊട്ടി കാമുകന്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുന്നു. അത്‌കൊണ്ട്‌ മാത്രം റെയില്‍വേ സ്റ്റേഷനില്‍ ചുറ്റിത്തിരിയുന്ന പെണ്‍കുട്ടികളെകണ്ട്‌ സംശയം തോന്നി ചോദ്യം ചെയ്‌തപ്പോഴാണ്‌ പലപെണ്‍കുട്ടികള്‍ക്കും കൂടുതലൊന്നും സംഭവിക്കാതെ വീടണയാനായത്‌. കാമുകന്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി കബളിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ആളായത്‌ കൊണ്ട്‌ അവിടെ തീരുന്നു. അല്ലെങ്കിലോ...? ജീവിതകാലം മുഴുവന്‍ അവള്‍ പിന്നെ പരിധിക്കുപുറത്തായിരിക്കും. കാണാമറയത്ത്‌ ആയിരക്കണക്കിന്‌ പെണ്‍കുട്ടികളാണിന്നും ജീവിച്ചോ മരിച്ചോ എന്ന്‌പോലും അറിയാത്തവരായുള്ളത്‌. എം ബി ബി എസ്‌ വിദ്യാര്‍ഥിനിയും എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിനിയും ഒന്നും രണ്ടും മക്കളുള്ള വീട്ടമ്മമാരും ഉണ്ട്‌ അവരില്‍ എന്ന്‌ കൂടി കേള്‍ക്കുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വ്യക്തമാണ്‌.

സൈബര്‍ ചതിക്കുഴികളെക്കുറിച്ച്‌ സഹോദരിമാര്‍ക്കുള്ള സാക്ഷരതയെക്കുറിച്ചും കൂടുതല്‍ ഉപന്യസിക്കേണ്ടതുണ്ടാകില്ല. വിദ്യാസമ്പന്നരുടെ അറിവ്‌ ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താകുമെന്നകാര്യത്തിലാണ്‌ ഇനിയുള്ള ആശങ്ക. കുറ്റിപ്പുറത്ത്‌ വന്നിറങ്ങിയ ഒരു വീട്ടമ്മയോട്‌ റെയില്‍വേ സ്റ്റേഷനിലെ ചില പോര്‍ട്ടര്‍മാര്‍ ചോദിച്ചു. നിങ്ങള്‍ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്‌...? ഇവിടെ നടക്കുന്നതൊന്നും നിങ്ങള്‍ കാണുന്നില്ലേ.... കേള്‍ക്കുന്നില്ലെ...? ഈ ചോദ്യത്തോട്‌ ഞാന്‍ പത്രം വായിക്കാറില്ല. വാര്‍ത്തയും കേള്‍ക്കാറില്ല. ഇത്തരം തട്ടിപ്പുകളെക്കുറിച്ച്‌ കൂടുതലൊന്നും എനിക്കറിയില്ല. എന്നായിരുന്നുവെത്രെ അവരുടെ മറുപടി.
നമ്മുടെ സഹോദരിമാരില്‍ വലിയൊരു ശതമാനവും ഇന്നും പത്രം വായിക്കുന്നവരല്ല. ലോകത്ത്‌ എന്ത്‌ നടക്കുന്നു എന്നതിനെക്കുറിച്ചും ഒരു സാദാ വീട്ടമ്മ ആലോചിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. രാഷ്‌ട്രീയ കാര്യങ്ങളിലെ നിസംഗതപോലെ തന്നെയാണ്‌ സാമൂഹിക വിഷയങ്ങളോടും അവര്‍ക്കുള്ള സമീപനം. കുടുംബം, കുട്ടികള്‍, ജോലി. ദൈന്യംദിന ജീവിതം എന്നതിനപ്പുറത്തേക്ക്‌ മറ്റുള്ളവരുടെ വിഷയങ്ങളിലോ പ്രശ്‌നങ്ങളിലോ ഇടപെടാനും ഒരുക്കമാകുന്നില്ല. വിവരസാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റമുണ്ടായ ഒരുകാലത്ത്‌ നിന്ന്‌കൊണ്ടാണിത്‌ പറയുന്നത്‌. സമൂഹത്തിന്റെ നാഡിമിടുപ്പുകള്‍ അറിയുന്നതിന്‌ ഏറ്റവും കുറഞ്ഞത്‌ പത്രമെങ്കിലും മറിച്ച്‌ നോക്കിയാല്‍ മതിയെന്ന പ്രാഥമിക പാഠം അറിയാത്തവരൊന്നുമായിരുന്നില്ല അവര്‍. പക്ഷേ, അവര്‍ക്കിതിലൊന്നും താത്‌പര്യമില്ലെന്ന്‌ മാത്രം. അനുഭവം പുതിയപാഠം പഠിപ്പിച്ചപ്പോള്‍ പുനര്‍ വിചിന്തനത്തിന്‌ അവരും തയ്യാറായിട്ടുണ്ടാകണം. മാധ്യമങ്ങള്‍ ആഘോഷിച്ച ഒരുപെണ്‍വാണിഭക്കഥയിലെ നായികയോട്‌ പത്രക്കാര്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയും സമാനമായിരുന്നു. ഞാന്‍ പത്രമൊന്നും വായിക്കാറില്ല. വാര്‍ത്തയും കേള്‍ക്കാറില്ല. വീട്ടില്‍ ടി വിയുണ്ട്‌. അത്‌ തുറക്കുന്നത്‌ സീരിയലും സിനിമയും കാണാനാണെന്നുമായിരുന്നു.
മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഒരു സര്‍വേയുടെ ഭാഗമായി വീടുകള്‍ കയറി ഇറങ്ങേണ്ടി വന്നിരുന്നു. ചോദ്യാവലികളില്‍ പ്രധാനമായും വായനയെക്കുറിച്ചുള്ളതായിരുന്നു. കൊട്ടാര സാദൃശ്യമായ ഇരുനൂറ്റമ്പതോളം മുസ്‌ലിം വീടുകളില്‍ പത്രം പോലും വരുത്താത്തതായി കണ്ടെത്തി. ഇത്‌ ജില്ല മൊത്തമായുള്ള കണക്കല്ല, ഒരു താലൂക്ക്‌ പോലും ഉള്‍പ്പെടുന്നില്ല എന്നതാണ്‌ ഖേദകരം. എന്ത്‌കൊണ്ട്‌ പത്രം വരുത്തുന്നില്ല എന്ന്‌ ചോദിച്ചപ്പോള്‍ ആണുങ്ങളെല്ലാം അതിരാവിലെ പോകും. കുട്ടികളും. പിന്നെ ആര്‍ക്കാ പത്രം...? എന്നായിരുന്നു മിക്ക സ്‌ത്രീകളുടേയും മറുചോദ്യം. അവരെല്ലാം നാല്‍പത്‌ വയസ്സിന്‌ താഴെ പ്രായമുള്ള വീട്ടമ്മമാരായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക്‌ വായിക്കേണ്ടെ എന്നും പെണ്‍കുട്ടികള്‍ക്ക്‌ വാര്‍ത്തകളറിയേണ്ടെ എന്നും ചോദിച്ചപ്പോള്‍ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്‌ പോലും മറുപടി പറഞ്ഞവരായിരുന്നു ഏറെപേരും. എന്നാല്‍ ഈ വീടുകളിലെല്ലാം ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളും ആഡംബര സംവിധാനങ്ങളുമുണ്ടായിരുന്നു.

പത്രവും വാര്‍ത്തകളും ആണുങ്ങള്‍ക്ക്‌ അറിയാനുള്ളതാണെന്നും പെണ്‍കുട്ടികളും ഉമ്മമാരും ലോകവിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതില്ലെന്നുമുള്ള ഒരു സന്ദേശമാണവര്‍ നല്‍കിയത്‌. നൂറുശതമാനം സാക്ഷരത നേടിയ പ്രബുദ്ധരായ ജനതയാണെന്ന്‌ അഹങ്കരിക്കുന്ന സംസ്ഥാനത്തെ, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ സ്‌ത്രീകളാണ്‌ യാതൊരു മടിയും കൂടാതെ ഇങ്ങനെ പ്രതിവചിച്ചത്‌.
പല വീട്ടിലും പുരുഷന്‍മാര്‍ മാത്രമെ പത്രം തുറന്നെങ്കിലും നോക്കുന്നുള്ളൂ. പിന്നെ ഇവര്‍ക്കെങ്ങനെ ചൂഷണങ്ങളുടെ മുഖങ്ങളും തട്ടിപ്പുകളുടെ പുതുവഴികളുമൊക്കെ മനസ്സിലാക്കാനാകും....?
സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, കൊട്ടിയം, അടിമാലി, കോതമംഗലം, വാരാപ്പുഴ, മൂവാറ്റുപുഴ, പറവൂര്‍... ഇവയെല്ലാം കേരളത്തിന്റെ വ്യത്യസ്‌ത ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണെങ്കിലും നമ്മെ എല്ലായ്‌പ്പോഴും അലോസരപ്പെടുത്തികൊണ്ടേയിരിക്കുന്നു ഈ സ്ഥലനാമങ്ങള്‍. പ്രത്യേകിച്ചും പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക്‌ ഒരു ഭീതിയാണ്‌ ഈ പേരുയര്‍ത്തുന്ന ഓര്‍മകള്‍. എന്നിട്ടും അത്തരം സംഭവങ്ങളുടെ പെരുമഴകള്‍ വന്നുകൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നടന്ന കഥകളുടെ ക്ലൈമാക്‌സുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാഘോഷിച്ച്‌ കൊണ്ടേയിരിക്കുന്നു മാധ്യമങ്ങള്‍.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പത്രം തുറക്കാന്‍ പേടിയാകുന്നുണ്ട്‌. ചാനലുകള്‍ മാറ്റാന്‍ ഭീതി തോന്നുന്നുണ്ട്‌. കുട്ടികളുടെ മുന്നില്‍ വെച്ച്‌ പ്രത്യേകിച്ചും. നേരത്തെ പത്രം വായിക്കാനും വാര്‍ത്തക്കായി ന്യൂസ്‌ ചാനലുകള്‍ തുറക്കാനും പറഞ്ഞിരുന്ന കുട്ടികളോട്‌ അത്‌ തുറന്ന്‌ നോക്കരുതെന്ന്‌ പറയാന്‍ തോന്നിപോകുന്നു. അത്രക്ക്‌ ഭീകരമായിരിക്കുന്നു ഇത്തരം വാര്‍ത്തകളുടെ ആഘോഷങ്ങള്‍. എന്നിട്ടും ഇതൊന്നും നമ്മുടെ മിക്ക സഹോദരിമാരും അറിയുന്നില്ലെന്ന്‌ പറഞ്ഞാല്‍...? പിന്നെയും അത്തരം ചതിക്കുഴികളില്‍ അവര്‍ കഴുത്ത്‌ നീട്ടികൊടുക്കുന്നുവെന്ന്‌ കേട്ടാല്‍....തട്ടിപ്പുകളുടേയും വെട്ടിപ്പുകളുടേയും പീഡനപര്‍വങ്ങളില്‍ നിന്ന്‌ ഇപ്പോഴും പാഠം പഠിക്കാനായിട്ടില്ലെന്നല്ലെ ഇതെല്ലാം നമ്മോട്‌ പറഞ്ഞ്‌ തരുന്നത്‌....?


1996 ഫെബ്രുവരിയിലായിരുന്നു സൂര്യനെല്ലി എന്ന ആ മലയോര ഗ്രാമം (കു)പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയത്‌. അതുവരെ നമുക്കും സുപരിചിതമായിരുന്നില്ല പെണ്‍വാണിഭമെന്ന വാചകം. ഒറ്റപ്പെട്ട സംഭവങ്ങളിലാകട്ടെ ഇത്രയും കലാകാരന്‍മാര്‍ ഒന്നിച്ച്‌ അണിനിരന്നിട്ടുമുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക്‌ ഈ ലോകത്തെക്കുറിച്ച്‌ എന്തറിയാന്‍...? എന്നാല്‍ അതില്‍ പിന്നെ അവള്‍ അറിഞ്ഞു. അനുഭവിച്ചു. ഇപ്പോഴും ഉമിത്തീയില്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. കേസില്‍ 215 സാക്ഷികളായിരുന്നു. അതില്‍ 97 പേരെ വിസ്‌തരിച്ചു. 2004 നവംബര്‍ 15നാണ്‌ വിചാരണ തുടങ്ങിയത്‌. നീതിന്യായ വ്യവസ്ഥയിലെ ചരിത്ര സംഭവമെന്നാണ്‌ സൂര്യനെല്ലി കേസിലെ കോടതി വിധിയെ വിശേഷിപ്പിച്ചത്‌. സംഭവത്തില്‍ 35 പേര്‍ക്ക്‌ കഠിനതടവും പിഴയും ലഭിച്ചു. ഇരയായ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കി. നഷ്‌ടപരിഹാരം അനുവദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളേയും കുറ്റാരോപിതരേയും ജനം മറന്നു. ചിലര്‍ ശിക്ഷിക്കപ്പെട്ടു. ചിലര്‍ ഉന്നത സ്ഥാനങ്ങളിലേക്കുയര്‍ത്തപ്പെട്ടു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ സ്ഥിതിയോ? അവളുടെ കുടുംബത്തിന്റെ മാനസിക നിലയോ?


അഞ്ച്‌ വര്‍ഷം അഞ്ച്‌ പോലീസുകാരുടെ സംരക്ഷണയിലായിരുന്നു പിന്നീടവളുടെ ജീവിതം. കോടതിയിലേക്കല്ലാതെ വീടിനു പുറത്തേക്ക്‌ ആ കുട്ടിയിറങ്ങിയിട്ടില്ല. തുടര്‍ന്ന്‌ പഠിച്ചില്ല. ജീവിതത്തില്‍ അവള്‍ മാത്രമല്ല ഒറ്റപ്പെട്ടത്‌. മാതാപിതാക്കളേയും ബന്ധുക്കള്‍ ബഹിഷ്‌കരിച്ചു. അച്ഛന്റെ അമ്മയുടെ മരണം പോലും അവരെ ആരും അറിയിച്ചില്ല. അവളുടെ സഹോദരി അഞ്ച്‌ വര്‍ഷത്തിനിടെ വീട്ടിലേക്ക്‌ വരികയുണ്ടായില്ല. കേരളത്തിന്‌ പുറത്താണ്‌ നാണക്കേട്‌ മൂലം സഹോദരി കഴിഞ്ഞു കൂടിയിരുന്നത്‌. ഏറ്റവും ഒടുവിലായി അവളെക്കുറിച്ച്‌ കേട്ടത്‌ സര്‍ക്കാര്‍ സഹായം കൊണ്ട്‌ പണിത വീടും മറ്റും ഉപേക്ഷിച്ച്‌ മനസ്സമാധാനം തേടി എങ്ങോ പോയി എന്നാണ്‌. മാധ്യമ ആഘോഷങ്ങളുടെ ആദ്യ ഇരയുടെ അനുഭവമാണിതെങ്കില്‍ വിതുര കേസിലും സമാനമായ വിധിയെ തന്നെയാണ്‌ ഈ പെണ്‍കുട്ടിക്കും ഏറ്റുവാങ്ങേണ്ടി വന്നത്‌. ഇന്നും അവള്‍ അനുഭവിച്ച്‌ കൊണ്ടേയിരിക്കുന്നതും സമാനമായ ദുരിതങ്ങള്‍ തന്നെ. മാധ്യമ വിചാരണയുടെ പാഠങ്ങളാണ്‌ തന്നെ ഇത്രയേറെ തകര്‍ത്തുകളഞ്ഞതെന്ന്‌ അവള്‍ പറഞ്ഞിട്ടുണ്ട്‌. കേസിലെ ഉന്നതനും തലയൂരി. കിളിരൂര്‍ കേസില്‍ ശാരി എസ്‌ നായരുടെ മരണമാണുണ്ടായതെങ്കില്‍ അവളെ ഓര്‍മിപ്പിക്കാന്‍ ഒരു കുഞ്ഞ്‌ മാതാപിതാക്കള്‍ക്കൊപ്പം വളരുന്നുണ്ട്‌. ആ കുഞ്ഞിന്റെ ചിത്രം നിരന്തരം കാണിക്കാന്‍ ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ യാതൊരു മടിയുമില്ല താനും.


കവിയൂര്‍ കേസ്‌ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിലാണൊടുങ്ങിയത്‌. പൂമത്ര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവരാണ്‌ മരിച്ചത്‌. കേസന്വേഷണം എങ്ങും എത്തിയിട്ടില്ല. മാധ്യമങ്ങള്‍ കുറേ ആഘോഷിച്ചു. അത്ര തന്നെ.
2005 ജനുവരി 31നായിരുന്നു കൊട്ടിയം കേസിലെ ഇരയായ പെണ്‍കുട്ടി ഷൈനിയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. പാങ്ങോട്‌ സൈനിക ക്യാമ്പില്‍ വെച്ച്‌ ഷൈനി പീഡിപ്പിക്കപ്പെട്ടു എന്നതാണ്‌ കേസ്‌. ഉന്നതരായ പോലീസുകാരും പ്രമുഖരും പ്രതികളായിരുന്നു. കേസില്‍ 24 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. അവരില്‍ ഇരുപത്‌ പേരെയും അറസ്റ്റ്‌ ചെയ്‌തു. വ്യക്തമായ തെളിവുകള്‍ ഈ കേസിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ല. ഈ സംഭവവും മാധ്യമങ്ങള്‍ കുറേ കൊണ്ടാടി. 


മറ്റൊരു പത്രത്തിന്റെ ഞായറാഴ്‌ച സ്റ്റോറിയായി വന്നതായിരുന്നു കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥയെ ബസ്സിനുള്ളില്‍ നിന്ന്‌ പീഡിപ്പിച്ച കഥ. പി ഇ ഉഷ എന്ന്‌ പിന്നെ അവരെ വിളിച്ചു. വല്ലാതെ ആഘോഷിച്ചു കളഞ്ഞു പത്രം ആ സ്റ്റോറി. എന്നാല്‍ ഇന്ന്‌ എന്താണ്‌ അവരുടെ അവസ്ഥ? സ്വന്തം ഭര്‍ത്താവ്‌ പോലും തള്ളിപ്പറഞ്ഞില്ലേ? നാണക്കേട്‌ മൂലം ആ ബന്ധം പോലും ഉപേക്ഷിച്ചു പോകുകയായിരുന്നു അയാള്‍. ഇന്ന്‌ ഇതേക്കുറിച്ച്‌ സംസാരിക്കാന്‍ പോലും താത്‌പര്യമില്ലാതെയാണ്‌ തകര്‍ന്ന മനസ്സുമായി അവര്‍ കഴിഞ്ഞുകൂടുന്നത്‌.

കേസുകള്‍ കീറിമുറിക്കപ്പെടുന്നതിനിടയില്‍, വിഴുപ്പലക്കലുകളുടെ അതിര്‍ത്തികള്‍ തകര്‍ന്നടിയുമ്പോള്‍ പുതുതലമുറ അതെങ്ങനെ സ്വീകരിക്കുമെന്നും മാധ്യമങ്ങള്‍ ആലോചിക്കുന്നില്ല. അടുത്ത കാലത്ത്‌ കുട്ടികള്‍ കുറ്റവാളികളായ നിരവധി സംഭവങ്ങളില്‍ അവരെ അതിന്‌ പ്രേരിപ്പിച്ചത്‌ പുതിയകാല സിനിമകളും വാര്‍ത്തകളുമായിരുന്നുവെന്ന്‌ അവര്‍ തന്നെ സമ്മതിച്ചതാണ്‌.
മാധ്യമങ്ങള്‍ക്ക്‌ ഇത്തരം കേസുകള്‍ കൈകൈര്യം ചെയ്യുന്നതിന്‌ മാര്‍ഗരേഖ അത്യാവശ്യമായിത്തീര്‍ന്നിട്ടുണ്ടെന്ന്‌ പറയാതിരിക്കാനാകില്ല. അപ്പോഴും നമ്മുടെ സഹോദരിമാര്‍ ഇത്തരം ചര്‍ച്ചകള്‍ക്ക്‌ മുഖം കൊടുക്കാതെ കിണറ്റിലെ തവളയെപോലെ അതാണ്‌ ലോകമെന്ന്‌ കരുതി ഒതുങ്ങിക്കഴിയുന്നു. പുരുഷ പീഡനങ്ങളിലും കുറ്റകൃത്യങ്ങളിലും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുന്നു. ലോകമെത്രയേറെ മാറി....? സ്‌ത്രീകള്‍ വല്ലാതെ മുന്നേറി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്ന്‌ വനിതകള്‍ പങ്കിട്ടെടുത്ത വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെയാണ്‌ ഏറ്റവും വലിയ വിഡ്‌ഢികളുടെ വക്താക്കളാണെന്ന കഥകളും ഇങ്ങ്‌ കേരളീയസ്‌ത്രീകള്‍ കേള്‍പ്പിക്കുന്നത്‌. വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളും തകര്‍ന്നടിയുന്നിടത്ത്‌ നിന്ന്‌ തന്നെയാണ്‌ നിരാശാജനകമായ വാര്‍ത്തകളും പുറപ്പെട്ട്‌ വരുന്നതെന്നതും ശ്രദ്ധേയമാണ്‌. ആത്മവിശ്വാസം നഷ്‌ടപ്പെട്ടവരില്‍ നിന്ന്‌ നിരാശയുടേയും നിഷേധത്തിന്റേയും സ്വരം മാത്രമെ കേള്‍ക്കാനാകുകയുള്ളൂ എന്നകാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ സഹോദരിമാര്‍ കെട്ടകാലത്തിന്റെ പരസ്യമോഡലുകളാകാതെ ചുമരെഴുത്തുകള്‍ വായിക്കണം. കാര്യങ്ങള്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യണം. അതിനനുസൃതമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ഓരോ ഇരകളുടേയും കഥകള്‍ അവര്‍ക്ക്‌ പാഠമാകണം.


കുടുംബബന്ധങ്ങള്‍ കലുഷിതമായി തീര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. പരസ്‌പര സ്‌നേഹവും ബഹുമാനവും ആത്മീയതയും എന്നേ വീട്ടകങ്ങളില്‍ നിന്ന്‌ പടിയിറങ്ങിപോയിരിക്കുന്നു. പൊട്ടിത്തെറികളും സംഘര്‍ഷങ്ങളും അതിന്റെ പിന്നാലെ വന്ന്‌ കയറുന്നതാണ്‌. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അര വയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ടവരായിരുന്നു പണ്ടുകാലത്തെ ഉമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്നും ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ എത്രയെത്ര കഥനങ്ങള്‍. മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത്‌ സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നു കരുതിയായിരുന്നു. പക്ഷേ അവരുടെ പിന്‍മുറക്കാരില്‍ നിന്ന്‌ ഇന്ന്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ ശുഭകരമായ വാര്‍ത്തകളല്ല. ജീവിതത്തില്‍ മരണത്തേക്കാള്‍ വലിയ പ്രതിസന്ധികളുണ്ടെന്നും ജീവിതം വലിയ സമരമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു സഹോദരിമാര്‍. ജീവിത സമരത്തിന്‌ ശേഷം പരലോകത്ത്‌ ഇതിനേക്കാള്‍ വലിയ പരീക്ഷണങ്ങളെയാണ്‌ നമുക്ക്‌ നേരിടാനുള്ളതെന്നും ഓര്‍ക്കുക. അവിടെയും വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴകുക. ആത്മീയതയിലേക്ക്‌ മടങ്ങുക. തെരുവ്‌ തല്ലില്‍ ജയിക്കുന്നവനല്ല ശക്തന്‍. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും പതറാത്ത മനസ്സിലാണ്‌ ശക്തി.

 2011 november poomkavanam magazine cover story

8/10/11

ആജ്ഞകളുടെ വാറോലക്കാരറിയാന്‍.... ബ്ലോഗേഴ്‌സ്‌ മീറ്റുകാരും


പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ...
ബ്ലോഗ്‌ മീറ്റുകളെകുറിച്ച്‌
വിമര്‍ശിക്കാനെ പാടില്ലെന്നും അതേക്കുറിച്ച്‌ എഴുതുന്നത്‌ ഗുണ്ടാ ആക്‌ട്‌ പ്രകാരം തലവെട്ടുന്ന കുറ്റകൃത്യമാണെന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ്‌ കണ്ണൂര്‍ മീറ്റിനെക്കുറിച്ച്‌ ലഘുവായി ഉപന്യസിച്ചത്‌.
പറ്റിപ്പോയി. ക്ഷമിച്ചേക്കുക. മേലില്‍ ആവര്‍ത്തിക്കില്ലെന്നും ആണയിടുന്നു. അല്ല ഇനി ബ്ലോഗ്‌ കോടതിയുടെ വിധി തലവെട്ടാനാണോ.....?

എങ്കില്‍ അത്‌ നടപ്പാക്കണം. അല്ലാതെ ബ്ലോഗ്‌ മീറ്റില്‍ എന്നെ കണ്ടുപോയാല്‍ കാല്‌ തല്ലി ഒടിക്കുമെന്നും കുത്തി കൊടലെടുക്കുമെന്നൊക്കെയുള്ള തന്തയില്ലാത്തവരുടെ ജല്‍പന്നങ്ങളൊക്കെ ഇവിടെ ചെലവാകുമെന്ന്‌ കരുതണ്ട. ഇതെന്താ വെള്ളരിക്കാപട്ടണമോ...? (അയാളെ തന്തയില്ലാത്തവനെന്നേ വിളിക്കാനാവൂ... കാരണം ഉണ്ടായിരുന്നുവെങ്കില്‍ അയാളത്‌ വ്യക്തമാക്കുമായിരുന്നു.)
മീറ്റില്‍ ഞാന്‍ എന്റെ പുസ്‌തകം വിറ്റു എന്നാണെങ്കില്‍. ആ തെറ്റും ചെയ്‌തുപോയിട്ടുണ്ട്‌. നിര്‍ബന്ധിച്ച്‌ ചോദിച്ചവര്‍ക്ക്‌ മാത്രം ഞാനത്‌ കാണിച്ച്‌ കൊടുത്തു. എന്തായാലും വേണമെന്ന്‌ പറഞ്ഞ മൂന്ന്‌പേര്‍ക്ക്‌ വിലക്കും കൊടുത്തു. മൂന്നേ മൂന്ന്‌ കോപ്പിമാത്രം. അത്‌ മാത്രമെ കൈവശമുണ്ടായിരുന്നുള്ളൂ താനും. അതിനു വല്ല പിഴയുമുണ്ടെങ്കില്‍ അതും കൂടി കോടതിക്ക്‌ വിധിക്കാവുന്നതാണ്‌. അവരില്‍ പലരും നേരത്തെ ഈ പുസ്‌തകം ആവശ്യപ്പെട്ടിരുന്നവരാണെന്ന്‌ കൂടി പരിഗണിക്കണം. അതും പുറത്തിറങ്ങി ഒന്നരമാസത്തിനുള്ളില്‍ ഒന്നാം പതിപ്പ്‌ വിറ്റു തീര്‍ന്ന ഒരു പുസ്‌തകം. പരസ്യ വിപണനത്തിന്‌ ഞാനവിടെയും പോകാറില്ല. അവിടെയും ഞാനാര്‍ക്കും കാണിച്ച്‌ കൊടുത്തിരുന്നില്ല. എന്റെ ആറ്‌ പുസ്‌തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്‌ തരക്കേടില്ലാത്ത വിതരണ ശൃംഖലയുള്ള പ്രസാദകരാണ്‌. അതവര്‍ ചെയ്യുന്നുണ്ട്‌.

ഞാന്‍ പുസ്‌തക വില്‍പ്പന നടത്തിയതിനെപറ്റി മീറ്റില്‍ അറിയുന്നവരും നാലോ അഞ്ചോ പേരെ കാണൂ. അത്‌ കൊണ്ട്‌ തന്നെ ഈ പിതൃശൂന്യവാറോലയുടെ ഉപജ്ഞാതാവിനെക്കുറിച്ച്‌ എനിക്ക്‌ മനസിലായിട്ടില്ലെന്നൊന്നും ധരിക്കരുത്‌.
ഇവന്റെയൊക്കെ അപ്പന്‌ സ്‌ത്രീധനം കിട്ടിയതാണോ സോഷ്യല്‍നെറ്റ്‌ വര്‍ക്ക്‌ കൂട്ടായ്‌മകള്‍...? ഇത്തരം കുടുസ്‌ ചിന്താഗതിക്കാര്‍ തന്നെയാണ്‌ പ്രശ്‌നക്കാര്‍. ഇവനെക്കെ തന്നെയാണ്‌ ആദ്യം ചികിത്സ വേണ്ടതും. ഞാന്‍ ഇനിയും വന്നെന്ന്‌ വരും.. പറയാനുള്ളത്‌ പറഞ്ഞെന്നും വരും. അപ്പൊവാ തന്റെ വാറോലയുമായീ നേരിട്ട്‌...ബാക്കി അപ്പോള്‍ പറയാം.

ഇതിനൊന്നും ചവറ്റുകുട്ടയില്‍ പോലും സ്ഥാനമില്ല. നിങ്ങള്‍ എങ്ങനെ എങ്കിലും നടത്തിക്കോളൂ മീറ്റുകള്‍... എനിക്കതില്‍ താത്‌പര്യമില്ല. താത്‌പര്യമില്ലാത്ത ഒരു പരിപാടിക്ക്‌ ഞാനൊട്ട്‌ വരാനും പോകുന്നില്ല. ആദ്യാനുഭവം തന്നെ ഇതാണെങ്കില്‍ പിന്നെന്ത്‌ പറയാനാണ്‌...?

ആരോഗ്യകരമായി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടവരോട്‌ നന്ദി. നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ ബ്ലോഗ്‌ മീറ്റിന്റെ കാര്യപരിപാടിയോ മറ്റോ കണ്ടിരുന്നില്ല. വായിച്ചിട്ടുമില്ല. ഞാന്‍ എപ്പോഴും ബ്ലോഗുകള്‍ വായിക്കുന്ന ആളല്ല. മറ്റൊരു ബ്ലോഗിലും പോയി കമന്റാറുമില്ല. പല പ്രസിദ്ധീകരണങ്ങള്‍ക്ക്‌ വേണ്ടി തയ്യാറാക്കുന്നതും പത്രത്തില്‍ അച്ചടിച്ച്‌ വന്നതുമായ ലേഖനങ്ങളും ഫീച്ചറുകളും മാത്രം (അതുതന്നെ കൂടുതലും ബ്ലോഗില്‍ ഇടാറില്ല. സമയം കിട്ടാറില്ല) ഇപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കല്‍ പോലും ഇത്‌ തുറന്ന്‌ നോക്കാനും കഴിയാറില്ല. ഒരുബ്ലോഗ്‌ തൊഴിലാളിയുമല്ല. ബ്ലോഗിലേക്കായി ഞാനൊരു പോസ്റ്റും അടയിരുന്ന്‌ വിരിയിക്കാറില്ല. അങ്ങനെ വിരിയിച്ചിട്ടുണ്ടെങ്കില്‍ അത്‌ ഈ പോസ്റ്റുകള്‍ മാത്രമാണ്‌. അത്‌ മറ്റൊരിടത്തും ഉപയോഗിക്കാനുമാവില്ലല്ലോ...
അരമണിക്കൂര്‍ പോലും സമയമതിന്‌ വേണ്ടി ഉപയോഗിച്ചിട്ടുമില്ല. എന്നിട്ടും എത്രപേരാണത്‌ വായിക്കാന്‍ പറന്നെത്തിയത്‌. എത്രപേരാണ്‌ കൊലവിളിയുമായി വാളെടുത്തത്‌. അപ്പോള്‍ അതാണ്‌ ബ്ലോഗുകളുടെ ദുരവസ്ഥ. നേരംപോക്കുകളിലും തന്നെപൊക്കികളുമായ പോസ്റ്റുകളിലുമാണവര്‍ക്ക്‌ താത്‌പര്യം. (എന്‍ പൃഷ്‌ടം നീ തലോടണം, നിന്‍ പൃഷ്‌ടം ഞാന്‍ തലോടിടാം... കവി കുഞ്ഞുണ്ണിയോട്‌ കടപ്പാട്‌.)
ഇതാണവിടെ നടക്കുന്നത്‌. സൃഷ്‌ടിയുടെ മഹത്വമോ മേന്മയോ നോക്കിയിട്ടല്ല ചര്‍ച്ച നടക്കുന്നത്‌. നല്ല രചനകള്‍ക്കല്ല മികച്ച അഭിപ്രായം കാണുന്നത്‌...
അത്‌കൊണ്ടൊക്കെ തന്നെ അവിടെ കണാ കുണാ എന്ന്‌ പറഞ്ഞ്‌ ആളാവാനും നോക്കിയിട്ടില്ല. എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌. അത്‌ മീറ്റില്‍ തന്നെ ചിലര്‍ പറയുകയുമുണ്ടായി. ഒരജ്ഞാത സുഹൃത്ത്‌ ഒരിക്കലെഴുതി. നിങ്ങള്‍ മറ്റു ബ്ലോഗുകളില്‍ പോയി കമന്റണം. അവിടെയെല്ലാം നിറസാന്നിധ്യമാകണം. അപ്പോഴേ നിങ്ങളുടെ ബ്ലോഗില്‍ അഭിപ്രായങ്ങളുടെ ആധിക്യം കാണൂ. അപ്പോഴേ നിങ്ങള്‍ക്ക്‌ നിലനില്‍ക്കാനാവൂ... ഞാനിത്‌ പറയുന്നത്‌ നിങ്ങളുടെ രചനകള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നതുകൊണ്ടാണ്‌. ഇതൊക്കെയാണോ ബ്ലോഗ്‌ ലോകത്തെ കുറുക്കുവഴികള്‍...?

ഞാന്‍ ബ്ലോഗിലിടുന്നത്‌ സൂക്ഷിച്ച്‌ വെക്കുന്നതിനാണ്‌. എനിക്ക്‌ തന്നെ പിന്നീട്‌ എളുപ്പത്തില്‍ തുറന്ന്‌ നോക്കാനും ആവശ്യം വരുമ്പോള്‍ എടുത്ത്‌ ഉപയോഗിക്കാനുമാണ്‌. ആരും വന്ന്‌ വായിച്ചില്ലെങ്കിലും ഒരു പരാതിയുമില്ല. കമന്റിയില്ലെങ്കില്‍ പരിഭവവുമില്ല. കമന്റുന്നതിന്‌ പ്രത്യൂപകാരമായി തിരിച്ച്‌ ചെന്ന്‌ സ്‌തുതിഗീതങ്ങള്‍ പാടുന്ന പതിവുമില്ല. അവിടെ സൂപ്പര്‍ സ്റ്റാറായി വാഴാനും ഉദ്ദേശമില്ല. എന്റെ ബ്ലോഗിലേക്ക്‌ ഇന്നുവരെ ഞാനാരേയും അംഗമാകാന്‍ ക്ഷണിക്കാറില്ല. എനിക്കത്‌ അറിയുകയുമില്ല. 81 പേര്‍ വന്ന്‌ അംഗമായത്‌ അവരുടെമാത്രം താത്‌പര്യം കൊണ്ടാണ്‌. ഞാന്‍ മാസങ്ങളും ആഴ്‌ചകളും മെനക്കെട്ട്‌ നടത്തിയ പഠനം എനിക്ക്‌ ചില പുരസ്‌കാരങ്ങള്‍ കിട്ടിയത്‌ ബ്ലോഗിലിട്ടിരുന്നു. ആ വിഷയത്തില്‍ പിന്നെ ചില പ്രമുഖ പത്രങ്ങള്‍ തുടര്‍ പഠനങ്ങള്‍ നടത്തി കവര്‍ സ്റ്റോറി തയ്യാറാക്കിയപ്പോഴും എന്റെ പഠനത്തെക്കുറിച്ച്‌ അവരതില്‍ പരാമര്‍ശിക്കുകയും കടപ്പാട്‌ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ആ പത്രത്തിന്റെ മാനേജ്‌മെന്റിനു കീഴിലുള്ള യുവജന സംഘടന രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ സംബന്ധമായ ഫീച്ചറിനുള്ള അവാര്‍ഡുംഎനിക്ക്‌ തരികയുണ്ടായി.
സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡുകള്‍(25 000 രൂപ) ലഭിച്ച പരമ്പരയും ഞാനെന്റെ ബ്ലോഗിലിട്ടിട്ടുണ്ട്‌. പക്ഷെ അവിടെയൊന്നും വായനക്കാര്‍ തിക്കിതിരക്കുന്നതായി കണ്ടിരുന്നില്ല. 

ഇതൊക്കെ കേള്‍ക്കുമ്പോഴും ചിലരുടെ ഞരമ്പുകളില്‍ ചോരതിളച്ചേക്കാം. ഹമ്പട ഞാനെ എന്ന്‌ പറയിപ്പിക്കാനും ഒട്ടും താത്‌പര്യമില്ല. പക്ഷേ ഇവിടെ ഞാനത്‌ പറഞ്ഞേ മതിയാകൂ. ചൊറിഞ്ഞ്‌ വരുന്നവര്‍ ദയവ്‌ ചെയ്‌ത്‌ ഇത്തവണത്തേക്ക്‌ കൂടി ക്ഷമിച്ചേക്കുക.
പക്ഷേ അതൊന്നും ആരെയും വിശ്വസിപ്പിക്കണമെന്നില്ല. എന്റെ പ്രവര്‍ത്തനപാരമ്പര്യവും മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. എന്നെ അറിയുന്നവര്‍ക്കത്‌ അറിയും. ഇപ്പോള്‍ തല്‍ക്കാലം എവിടേക്കും മത്സരിക്കാന്‍ ഉദ്ദേശവുമില്ല. അതിന്റെ പേരില്‍ ആര്‍ക്കും ചൊറിഞ്ഞ്‌ കയറേണ്ടതുമില്ല. ഇനിയും ഇതുപോലൊരു ആവശ്യത്തിന്റെ പേരില്‍ പോസ്റ്റാനും കൊലവിളി നടത്താനുമൊന്നും താത്‌പര്യമില്ല. സമയവുമില്ല. അത്‌കൊണ്ട്‌ പ്രിയമുള്ളവരെ പൊറുക്കുക.
ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ ഉദ്ദേശിച്ചത്‌. മാറ്റമുണ്ടാകണമെന്നേ കരുതിയുള്ളൂ...ആ മാറ്റത്തിന്‌ മാര്‍ഗനിര്‍ദേശവും വേണമെങ്കില്‍ സമര്‍പ്പിക്കാനാവും. ചില വാക്കുകള്‍ നിങ്ങളെ മുറിവേല്‍പ്പിച്ചുവെങ്കില്‍ വീണ്ടും ക്ഷമിക്കുക. മാറ്റമില്ലായ്‌മയാണ്‌ നിങ്ങളുടെ മാറ്റമെങ്കില്‍ അങ്ങനെതന്നെ തുടര്‍ന്നേക്കുക. നിര്‍ത്തട്ടെ.... 

18/9/11

എന്തിനാണ്‌ ഇത്തരം ബ്ലോഗ്‌ മീറ്റുകള്‍....?


ആറ്റു നോറ്റാണ്‌ കണ്ണൂരില്‍
ഒരുബ്ലോഗ്‌ മീറ്റ്‌ നടക്കുന്നതറിഞ്ഞ്‌ സുഹൃത്ത്‌ മുഖ്‌താറിനോടൊപ്പം ഒരുരാത്രിയിലെ ഉറക്കവും കളഞ്ഞ്‌ പുലെര്‍ച്ചെ കണ്ണൂരില്‍ വണ്ടിയിറങ്ങുന്നത്‌. ആദ്യമായാണ്‌ സൈബര്‍ ലോകത്തെ മഹാരഥന്‍മാരെയൊക്കെ കാണാമല്ലോ എന്ന ആഗ്രഹത്തോടെ ആ യാത്രക്കൊരുങ്ങിയത്‌. എന്നാല്‍ മഹാഥന്‍മാരാരേയും കണ്ടില്ല. ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍ ഓര്‍ക്കൂട്ട്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലെല്ലാം സജീവമായവര്‍ക്കൊക്കെ പ്രവേശമുണ്ടായിരുന്നുവെങ്കിലും ഇവിടെ ബ്ലോഗര്‍മാരെയായിരുന്നു നിറഞ്ഞ്‌ കണ്ടത്‌.
ലൈബ്രറി ഹാളിലെത്തുമ്പോള്‍ സംഘാടകരിലെ ഒന്നോ രണ്ടോ പേര്‍. കുറെ കസേരകളും മൈക്ക്‌ ഓപ്പറേറ്ററും മാത്രം. ഒരു അനുശോചനയോഗത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ പരിപാടി വൈകിയാണ്‌ തുടങ്ങിയത്‌. കാട്ടിക്കൂട്ടല്‍ അസോസിയേഷനാണ്‌ സംഘാടകര്‍ എന്ന്‌ പിന്നെയും പിന്നെയും അവര്‍ പ്രഖ്യാപിച്ച്‌ കൊണ്ടേയിരുന്നു.
ചടങ്ങിന്‌ സ്വാഗതമോതേണ്ട മഹാന്‍ ഊണിനുള്ള ഇലയും ചോറുമായി കയറി വന്നു ഉച്ചക്ക്‌.
രാവിലെ ചായ എന്ന ഒന്ന്‌ കണ്ണൂരുകാര്‍ക്ക്‌ പതിവേയില്ലെന്നും തോന്നിപ്പിച്ചു അതെക്കുറിച്ചുള്ള മൗനത്തെ വായിച്ചപ്പോള്‍.
പാളിച്ചകളെ പറ്റി ഇടക്കിടെ പ്രഖ്യാപിക്കുന്ന ദൗത്യം മാത്രം ഒരുമുതിര്‍ന്ന അംഗം നിര്‍വഹിച്ച്‌ കൊണ്ടേയിരുന്നു.
അതൊക്കെ പോകട്ടെ. തങ്ങള്‍ പരാജയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പ്രതിനിധികളാണെന്നതായിരുന്നു ചിലരുടെ പ്രഖ്യാപനങ്ങള്‍. (അതായത്‌ കഥയും കവിതയും മറ്റും എഴുതി പത്രമാസികകള്‍ക്ക്‌ അയച്ചുകൊടുത്തിരുന്നു. ഒന്നും പ്രസിദ്ധീകരിച്ച്‌ കണ്ടില്ല. അപ്പോഴാണ്‌ ബ്ലോഗര്‍ എന്ന പുതിയ മേല്‍വിലാസം സ്വന്തമാക്കിയത്‌. ഇത്‌ ബ്ലോഗുകളില്‍ വരുന്നതൊക്കെ ചവറുകളാണെന്ന സന്ദേശം നല്‍കുന്ന തരത്തിലായിരുന്നു. പരാജയപ്പെട്ടവരുടെ ഇടത്താവളമാണ്‌ ബ്ലോഗുകളെന്നും അവര്‍ ഇടക്കിടെ ഓര്‍മപ്പെടുത്തികൊണ്ടേയിരുന്നു.
പരിപാടി എന്നൊന്നും പറഞ്ഞ്‌ കൂടാ. വന്നവരുടെ പരിചയപ്പെടല്‍ മാത്രമാണ്‌ കലാപരിപാടിയിലെ മാസ്റ്റര്‍ പീസ്‌. വ്യക്തമായ അജന്‍ഡയോ നിയമാവലികളോ ഇല്ലാത്ത കൂടിച്ചേരല്‍. അതെന്തിന്‌ വേണ്ടിയാണെന്ന്‌ ചോദിച്ചാല്‍ ഉത്തരമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായോ എന്ന്‌ ചോദിച്ചാല്‍ അതിനുമില്ല ഉത്തരം. ഓണസദ്യയുണ്ട്‌ മടുത്തവരെ വീണ്ടും കയ്യിലെ പൈസ മുടക്കി കണ്ണൂരിലേക്ക്‌ ഓണമുണ്ണാന്‍ ക്ഷണിക്കുകയായിരുന്നു. വന്നവരുടെ എണ്ണം കുറഞ്ഞ്‌പോയതിലുള്ള പരിഭവങ്ങളുടെ കെട്ടഴിക്കുന്നവര്‍ ഈ കൂട്ടായ്‌മക്ക്‌ ചര്‍ച്ചചെയ്യാന്‍ പ്രത്യേക വിഷയമോ പ്രമേയമോ നിശ്ചയിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ.
ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ സാധ്യതയെക്കുറിച്ച്‌ ഒരു ചര്‍ച്ച. ഈ മാധ്യമം നേരിടുന്ന വെല്ലുവിളി. അതിജീവനത്തിന്റെ വഴികള്‍. ബ്ലോഗര്‍മാരുടെ പ്രശ്‌നങ്ങള്‍... അങ്ങനെ എന്തെല്ലാം വിഷയങ്ങള്‍... അവസാനം എന്തെങ്കിലുമൊരു പ്രമേയവും പാസാക്കി ഒരു റിലീസിറക്കിയിരുന്നുവെങ്കില്‍ പത്രങ്ങളില്‍ രണ്ടുകോളം വാര്‍ത്തയെങ്കിലും വന്നേനെ.
ലോക്കല്‍ പേജില്‍ നിന്നും മോചനം കിട്ടുമായിരുന്ന ഒരുവാര്‍ത്ത. കാര്യമായി അവിടെ നടന്നത്‌ ചിലരുടെ കവിതാ വില്‍പ്പന എന്ന സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമാണ്‌.
ഇതെഴുതുന്നത്‌ ഞാനൊരു ബ്ലോഗറായതുകൊണ്ടല്ല. ആ നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹവുമില്ല. മറിച്ച്‌ അക്ഷരങ്ങളെ സ്‌നേഹിക്കുകയും അക്ഷരംകൊണ്ട്‌ അന്നമുണ്ണുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇത്തരം കൂട്ടായ്‌മകള്‍ ഇനിയും ഉണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍. ബ്ലോഗറെന്നും എഴുത്തുകാരനെന്നും പത്രപ്രവര്‍ത്തകനെന്നും പറഞ്ഞ്‌ വേര്‍തിരിക്കാതെ അക്ഷര സൗഹൃദങ്ങള്‍ക്ക്‌ പലതും ചെയ്യാനാകുമെന്ന്‌ തിരിച്ചറിയാനായത്‌ കൊണ്ട്‌ കൂടിയാണിത്‌ പറയുന്നത്‌. ടൈംപാസുകളാവരുത്‌ ഇത്തരം മീറ്റുകള്‍. അതോടൊപ്പം പുതിയ ചര്‍ച്ചകളെക്കുറിച്ചും വഴികളെക്കുറിച്ചും ഉറക്കെ ചിന്തിക്കുന്നതിനാകണം. വ്യക്തമായ പ്ലാനും കൃത്യമായ ലക്ഷ്യങ്ങളും ഭേദപ്പെട്ട അജന്‍ഡകളുമില്ലാതെ ആളെക്കൊല്ലാന്‍ ക്ഷണിക്കരുതേ എന്ന്‌ കൂടി ഓര്‍മപ്പെടുത്തുന്നതിനാണ്‌. എല്ലാവര്‍ക്കും നന്മ വരട്ടെ.
ഇത്‌ ദുരുദേശങ്ങളുടെ ഒരു കുറിപ്പല്ലെന്ന്‌ കൂടി അടിവരയിട്ട്‌ പറയട്ടെ.....


23/8/11

ഹസാരെയോ ആരാണ്‌ ഈ പുതിയ പുണ്യവാളന്‍....?


ഇപ്പോള്‍
ടെലിവിഷനില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌ വിപ്ലവമാണെങ്കില്‍, സമീപകാലത്തെ ഏറെ അമ്പരപ്പിക്കുന്നതും ബുദ്ധിശൂന്യവുമായ ഒന്നാകും അത്‌. ജന ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തത്‌കാലം ലഭിക്കാനിടയുള്ള ഉത്തരങ്ങള്‍ ഇവയാണ്‌. അതില്‍ നിന്ന്‌ യോജിച്ചത്‌ തിരഞ്ഞെടുക്കാം.

 1. വന്ദേ മാതരം. 2. ഭാരത്‌ മാതാ കി ജയ്‌. 3. ഇന്ത്യ അന്നയാണ്‌, അന്നയാണ്‌ ഇന്ത്യ. 4. ജയ്‌ ഹിന്ദ്‌.
വ്യത്യസ്‌തമായ കാരണങ്ങളും വ്യത്യസ്‌തമായ വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജന ലോക്‌പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും ഒരു കാര്യം ഇപ്പോള്‍ പൊതുവായുണ്ട്‌ - രണ്ട്‌ കൂട്ടരും ഇന്ത്യന്‍ ഭരണകൂടത്തെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്‌, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്‌, സായുധസമരത്തിലൂടെ താഴെ നിന്ന്‌ മുകളിലേക്ക്‌ വരികയാണ്‌ ഒരു കൂട്ടര്‍. രക്തരഹിതമായ ഗാന്ധിയന്‍ അട്ടിമറിയിലൂടെ മുകളില്‍ നിന്ന്‌ താഴേക്ക്‌ വരാനാണ്‌ രണ്ടാമത്തെ പക്ഷത്തിന്റെ ശ്രമം. മികച്ച നിലയിലുള്ള നഗരവാസികളുടെ ഈ സൈന്യത്തെ നയിക്കുന്നത്‌ പുതുതായി ഉദയം കൊണ്ട പുണ്യവാളനാണ്‌. (ഇവിടെ സര്‍ക്കാറും പങ്ക്‌ ചേരുന്നു, സ്വയം പിഴുതെറിയാന്‍ സാധ്യമായതെല്ലാം ചെയ്‌തുകൊണ്ട്‌)

2011 ഏപ്രിലില്‍ അന്നാ ഹസാരെ ആദ്യം മരണം വരെ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ സ്വന്തം വിശ്വാസ്യതയെ തകര്‍ക്കുന്ന വലിയ അഴിമതി കുംഭകോണങ്ങളാല്‍ വലയുകയായിരുന്നു സര്‍ക്കാര്‍. അതില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പുതിയ അഴിമതിവിരുദ്ധ നിയമം രൂപവത്‌കരിക്കുന്നതിനുള്ള സംയുക്ത സമിതിയില്‍ അംഗമാകാന്‍ ടീം അന്നയെ (`പൊതു സമൂഹ' സംഘം സ്വയം തിരഞ്ഞെടുത്ത ബ്രാന്‍ഡ്‌ നാമമാണിത്‌) സര്‍ക്കാര്‍ ക്ഷണിച്ചു. അന്നാ ഹസാരെയുടെ സമരം ഏതാനും ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ ക്ഷണം. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംയുക്ത സമിതിയുടെ ചര്‍ച്ചകളില്‍ നിന്ന്‌ ബില്ലിന്‌ രൂപം നല്‍കുക എന്ന ദൗത്യം ഉപേക്ഷിച്ച്‌, സര്‍ക്കാര്‍ രൂപം നല്‍കിയ കരട്‌ അവര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ഗൗരവത്തോടെ എടുക്കാന്‍ സാധ്യമല്ലാത്ത വിധത്തിലുള്ളതാണ്‌ ബില്ലെന്ന്‌ ഇതിനകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്‌.


ആഗസ്റ്റ്‌ 16ന്‌ രണ്ടാമത്തെ നിരാഹാര സമരം ആരംഭിക്കാനിരിക്കെ, അന്നാ ഹസാരെയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചു. ഇതോടെ ജന ലോക്‌പാല്‍ ബില്‍ നടപ്പാക്കുന്നതിന്‌ വേണ്ടിയുള്ള സമരം പ്രതിഷേധിക്കാനുള്ള അവകാശത്തിന്‌ വേണ്ടിയുള്ളതോ ജനാധിപത്യത്തിന്‌ വേണ്ടിയുള്ളതോ ആയി മാറി. `രണ്ടാം സ്വാതന്ത്ര്യ സമരം' ആരംഭിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്നാ മോചിപ്പിക്കപ്പെട്ടു. എന്നാല്‍ ജയിലിനു പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം തിഹാര്‍ ജയിലില്‍ ആദരിക്കപ്പെടുന്ന അതിഥിയായി നിരാഹാര സമരം തുടങ്ങി, പൊതു സ്ഥലത്ത്‌ സത്യഗ്രഹം അനുഷ്‌ഠിക്കാനുള്ള അവകാശത്തിന്‌ വേണ്ടി.


മൂന്ന്‌ ദിവസം ഇങ്ങനെ തുടര്‍ന്നു. തിഹാര്‍ ജയിലിന്‌ പുറത്ത്‌ ആള്‍ക്കൂട്ടവും ടെലിവിഷന്‍ വാനുകളും. അതീവ സുരക്ഷയുള്ള ജയിലില്‍ അന്നാ ടീമിലെ അംഗങ്ങള്‍ കയറിയിറങ്ങി. അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തു. ഈ സമയത്ത്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 250 ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്‌തു. സഹായത്തിന്‌ 15 ട്രക്കുകളും ആറ്‌ ബുള്‍ഡോസറുകളും. ആഴ്‌ചാന്ത്യത്തിലെ വലിയ ഘോഷത്തിന്‌ വേണ്ടി രാംലീല മൈതാനം ഒരുക്കുയായിരുന്നു അവര്‍. മന്ത്രിക്കുന്ന ആള്‍ക്കൂട്ടവും ക്രെയിനുകളില്‍ ഘടിപ്പിച്ച ടെലിവിഷന്‍ ക്യാമറകളും കാത്തുനിന്നു. അന്നയുടെ മരണം വരെ നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു -
രാജ്യത്ത്‌ ഏറ്റവുമധികം ചെലവേറിയ ഡോക്‌ടര്‍മാരുടെ ശ്രദ്ധയില്‍. ``കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു'' - ടെലിവിഷന്‍ അവതാരകര്‍ നമ്മളോട്‌ പറഞ്ഞു.
അന്നാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയനായിരിക്കാം, എന്നാല്‍ അദ്ദേഹമുന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍ച്ചയായും അതല്ല. അധികാര വികേന്ദ്രീകരണം സംബന്ധിച്ച ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക്‌ വിരുദ്ധമായ കിരാതമായ അഴിമതിവിരുദ്ധ നിയമമാണ്‌ ജന ലോക്‌ പാല്‍ ബില്‍. ആയിരക്കണക്കിന്‌ ജീവനക്കാരുള്ള വലിയൊരു ഉദ്യോഗസ്ഥ സംവിധാനത്തെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഏതാനും പേര്‍ ഭരിക്കുക എന്നതാണ്‌ ബില്ലിലെ ആശയം. പ്രധാനമന്ത്രി, നീതിന്യായ വ്യവസ്ഥയിലെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍, പാര്‍ലിമെന്റംഗങ്ങള്‍ എന്ന്‌ തുടങ്ങി ഏറ്റവും താഴേത്തട്ടിലുള്ള സര്‍ക്കാറുദ്യോഗസ്ഥര്‍ വരെയുള്ളവരുടെ പോലീസായി ഈ സംവിധാനം മാറും. അന്വേഷണം, മേല്‍നോട്ടം, പ്രോസിക്യൂഷന്‍ തുടങ്ങിയവക്കുള്ള അധികാരവുമുണ്ടാകും. സ്വന്തമായി ജയിലുകളില്ല എന്ന കുറവേയുള്ളൂ, അതൊരു സ്വതന്ത്ര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. അഴിമതിയില്‍ മുങ്ങിയ ഉത്തരവാദിത്വമില്ലാത്ത നിലവിലെ ഭരണ സംവിധാനത്തെ തിരുത്തുന്നതിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ്‌ സങ്കല്‍പ്പം. എന്നാല്‍ ചുരുക്കം ചിലര്‍ക്ക്‌ പങ്കാളിത്തമുള്ള ഭരണ സംവിധാനം ഒന്നിന്‌ പകരം രണ്ടെണ്ണമാകുക മാത്രമേ യഥാര്‍ഥത്തില്‍ സംഭവിക്കൂ.
അത്‌ പ്രവര്‍ത്തനക്ഷമമാകുമോ ഇല്ലയോ എന്നത്‌ അഴിമതിയെ നാമെങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. സാമ്പത്തിക ക്രമക്കേടും കൈക്കൂലിയും മാത്രമുള്‍ക്കൊള്ളുന്ന നിയമപ്രശ്‌നം മാത്രമാണോ ഇത്‌? അതോ അധികാരം തീരെ ചെറിയ ഒരു കൂട്ടത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്ന അതിഭയാനകമാം വിധത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ സാമൂഹിക ഇടപാടുകളുടെ ഏകകമാണോ? ഉദാഹരണത്തിന്‌ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ മാള്‍ സങ്കല്‍പ്പിക്കുക, അതിന്‌ മുന്നില്‍ തെരുവ്‌ കച്ചവടം നിരോധിച്ചിട്ടുണ്ട്‌. ഇവിടേക്ക്‌ നിയോഗിക്കപ്പെടുന്ന പോലീസുകാരനും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനും ചെറിയ തുക കൈക്കൂലി നല്‍കി തെരുവ്‌ കച്ചവടക്കാര്‍ ഇവിടെ സ്ഥാനം പിടിച്ചേക്കാം. മാളുകളില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ ഈ കച്ചവടക്കാരെ ആശ്രയിക്കും. ഇത്‌ ഏറെ ഭീകരമായ ഒരു സംഗതിയാണോ? ഭാവിയില്‍ ഈ തെരുവ്‌ കച്ചവടക്കാരന്‍ ലോക്‌ പാലിന്റെ പ്രതിനിധിക്കും കൈക്കൂലി നല്‍കണമോ? സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണോ വേണ്ടത്‌ അതോ പുതിയ അധികാര ഘടന സൃഷ്‌ടിക്കുകയോ?
അന്നയുടെ വിപ്ലവത്തിന്റെ ആഘോഷം തീവ്ര ദേശീയതയിലും പതാക വീശലിലുമാണ്‌. ഇത്‌ സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നും ലോക കപ്പ്‌ വിജയാഘോഷ വേദിയില്‍ നിന്നും അണ്വായുധ പരീക്ഷണത്തിന്റെ വിജയ പ്രഘോഷണത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഈ നിരാഹാര സമരത്തെ പിന്തുണക്കുന്നില്ലെങ്കില്‍ നമ്മള്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശം ഇത്തരം ആഘോഷങ്ങള്‍ നല്‍കുന്നുണ്ട്‌. രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാന്‍ യോഗ്യതയുള്ള മറ്റൊരു സംഭവവുമില്ലെന്ന്‌ 24 മണിക്കൂര്‍ ചാനലുകള്‍ തീരുമാനിക്കുകയും ചെയ്‌തിരിക്കുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വെടിവെച്ചു കൊല്ലാന്‍ സൈനികര്‍ക്ക്‌ അധികാരം നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്‌ത്‌ പത്ത്‌ വര്‍ഷത്തിലേറെയായി ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരത്തിന്‌ ഇപ്പോള്‍ നടക്കുന്ന നിരാഹാര സമരത്തിന്റെ അര്‍ഥം കല്‍പ്പിക്കപ്പെടുന്നില്ല.

ആണവോര്‍ജ നിലയത്തിനെതിരെ കൂടംകുളത്ത്‌ ആയിരക്കണക്കിന്‌ ഗ്രാമവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരവും ഇതിന്റെ നിര്‍വചനത്തിന്‍ കീഴില്‍ വരില്ല. ജനം എന്നതിന്‌ ഇറോം ശര്‍മിളയെ പിന്തുണക്കുന്ന മണിപ്പൂരുകാര്‍ എന്നും അര്‍ഥം വരില്ല. ജഗത്‌സിംഗ്‌പൂര്‍, കലിംഗനഗര്‍, നിയാംഗിരി, ബസ്‌തര്‍, ജയ്‌താപൂര്‍ എന്നിവിടങ്ങളില്‍ സായുധരായ പോലീസുകാരെയും ഖനന മാഫിയയെയും നേരിടുന്ന ആയിരങ്ങളെന്നും അര്‍ഥമുണ്ടാകില്ല. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകളെന്നോ നര്‍മദ താഴ്‌വരയില്‍ അണക്കെട്ടുകള്‍ക്കായി പറിച്ചെറിയപ്പെട്ടവരെന്നോ അര്‍ഥമില്ല. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രംഗത്തുള്ളവരെന്നും അര്‍ഥമില്ല.

ജനം എന്നാല്‍ താന്‍ മുന്നോട്ടുവെക്കുന്ന ജനലോക്‌ പാല്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കിയില്ലെങ്കില്‍ സ്വയം പട്ടിണികിടന്ന്‌ മരിക്കുമെന്ന്‌ ഭീഷണി മുഴക്കുന്ന 74കാരനെ കാണാനെത്തുന്നവര്‍ എന്ന്‌ മാത്രമാണ്‌ അര്‍ഥം. ടെലിവിഷനുകളുടെ അത്ഭുത ഗുണിതം ഈ പതിനായിരങ്ങളെ ദശലക്ഷങ്ങളാക്കി വളര്‍ത്തുന്നു, അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടിയ ക്രിസ്‌തുവിനെപ്പോലെ. ``അന്ന ഇന്ത്യയാകുന്നു''വെന്ന്‌ ``100 കോടി ശബ്‌ദം പറഞ്ഞുകഴിഞ്ഞു''വെന്ന്‌ ഇവര്‍ നമ്മളോട്‌ പറയുന്നു.
ജനങ്ങളുടെ ശബ്‌ദമായ ഈ പുതിയ പുണ്യവാളന്‍ യഥാര്‍ഥത്തില്‍ ആരാണ്‌? അടിയന്തര ആശങ്കയായ വിഷയങ്ങളില്‍ ഇദ്ദേഹം എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പക്കത്തെ കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചോ അല്‍പ്പം ദൂരെ നടക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഒന്നും. സിംഗൂര്‍, നന്ദിഗ്രാം, ലാല്‍ഗഢ്‌ എന്നിവയെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പോസ്‌കോയെക്കുറിച്ചോ കര്‍ഷകരുടെ സമരങ്ങളെക്കുറിച്ചോ പ്രത്യേക സാമ്പത്തിക മേഖലകള്‍ സമ്മാനിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ പറഞ്ഞിട്ടില്ല. മധ്യേന്ത്യയിലെ കാടുകളില്‍ സൈന്യത്തെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ നിലപാടുള്ളതായി അറിയില്ല.
എന്നാല്‍ രാജ്‌ താക്കറെയുടെ മറാത്ത വാദത്തെയും അന്യദേശക്കാരോടുള്ള വിദ്വേഷത്തെയും അദ്ദേഹം പിന്തുണക്കുന്നുണ്ട്‌. 2002ലെ മുസ്‌ലിം വംശഹത്യക്ക്‌ മേല്‍നോട്ടം വഹിച്ച നരേന്ദ്ര മോഡിയുടെ വികസന മാതൃകയെ പ്രശംസിച്ചിട്ടുമുണ്ട്‌. (വലിയ വിമര്‍ശമുയര്‍ന്നതോടെ മോഡി അനുകൂല പ്രസ്‌താവന അന്ന പിന്‍വലിച്ചു. എന്നാല്‍ ആരാധനയില്‍ നിന്ന്‌ പിന്‍മാറിയിട്ടുണ്ടാകാന്‍ ഇടയില്ല)

ഈ ബഹളത്തിനിടയില്‍ വിവേകമുള്ള പത്രപ്രവര്‍ത്തകര്‍ എന്താണോ പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്‌ ആ ജോലി ചെയ്യാന്‍ തയ്യാറായി. ആര്‍ എസ്‌ എസ്സുമായി അന്നക്ക്‌ മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ കഥ നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്‌. റാളെഗണ്‍ സിദ്ധി ഗ്രാമത്തില്‍ അന്ന തുടങ്ങിയ ഗ്രാമ സമുദായത്തിന്റെ കഥ ഇതേക്കുറിച്ച്‌ പഠിച്ച മുകുള്‍ ശര്‍മ പറഞ്ഞുതന്നു. അവിടെ കഴിഞ്ഞ 25 വര്‍ഷമായി ഗ്രാമ പഞ്ചായത്തിലേക്കോ സഹകരണ സംഘത്തിലേക്കോ തിരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല. 


`ഹരിജന'ങ്ങളെക്കുറിച്ചുള്ള അന്നയുടെ കാഴ്‌ചപ്പാട്‌ നമുക്ക്‌ അറിയാം: ``ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, തട്ടാന്‍, കുശവന്‍ തുടങ്ങിയവര്‍ വേണം. അവര്‍ അവരില്‍ നിക്ഷിപ്‌തമായ ജോലി ചെയ്യണം. അങ്ങനെയാണ്‌ ഒരു ഗ്രാമം സ്വയം പര്യാപ്‌തമാകുന്നത്‌. ഇതാണ്‌ റാളേഗണ്‍ സിദ്ധിയില്‍ ഞങ്ങള്‍ ശീലിക്കുന്നത്‌.''
സംവരണ വിരുദ്ധ പ്രസ്ഥാനമായ യൂത്ത്‌ ഫോര്‍ ഇക്വാളിറ്റിയുമായി അന്നാ ടീമിലെ അംഗങ്ങള്‍ക്ക്‌ ബന്ധമുണ്ടെന്നത്‌ ആശ്ചര്യകരമാണ്‌. ലിമാന്‍ ബ്രദേഴ്‌സും കൊക്ക കൊളയുമൊക്കെ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകളാണ്‌ ഈ പ്രസ്ഥാനത്തിന്‌ പിറകില്‍. ടീം അന്നയിലെ പ്രധാനികളായ അരവിന്ദ്‌ കേജ്‌രിവാളും മനീഷ്‌ സിസോദിയയും നടത്തുന്ന കബീര്‍ എന്ന സ്ഥാപനത്തിന്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ഫോര്‍ഡ്‌ ഫൗണ്ടേഷനില്‍ നിന്ന്‌ ലഭിച്ചത്‌ നാല്‌ ലക്ഷം ഡോളറാണ്‌. അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രചാരണത്തിന്‌ സംഭാവന നല്‍കുന്നവരില്‍ അലൂമിനിയം പ്ലാന്റ്‌ ഉടമകളുണ്ട്‌, തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും നിര്‍മിക്കുന്നവരുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം നടത്തുന്നവരുമുണ്ട്‌. ഇവര്‍ക്കെല്ലാം ആയിരക്കണക്കിന്‌ കോടി രൂപ മൂല്യം വരുന്ന ധനകാര്യ ഇടപാടുകള്‍ നടത്തുന്ന രാഷ്‌ട്രീയ നേതാക്കളുമായി ബന്ധവുമുണ്ട്‌. അഴിമതിയുടെയോ മറ്റ്‌ കുറ്റകൃത്യങ്ങളുടെയോ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്‌ ഇവരില്‍ ചിലര്‍ക്കെതിരെ അന്വേഷണം നടക്കുകയും ചെയ്യുന്നു. ഇവരെല്ലാം ഇത്ര ഉത്സാഹം കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?!
വിക്കിലീക്‌സിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളും ടെലികോം അടക്കമുള്ള കോഴകളും പുറത്തുവന്ന സമയത്ത്‌ തന്നെയാണ്‌ ജന ലോക്‌പാല്‍ ബില്ലിന്‌ വേണ്ടിയുള്ള പ്രചാരണം ഊര്‍ജിതമാകുന്നത്‌ എന്നത്‌ ഓര്‍മിക്കുക. കുത്തക കമ്പനികള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, കോണ്‍ഗ്രസിലും ബി ജെ പിയിലുമുള്ള രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം പൊതു ഖജനാവില്‍ നിന്ന്‌ കോടികള്‍ തട്ടിയെടുത്തുവെന്ന വിവരം പുറത്തുവന്ന സമയത്ത്‌. ചരിത്രത്തിലാദ്യമായി മാധ്യമ പ്രവര്‍ത്തകരുടെയും ലോബീയിസ്റ്റുകളുടെയും മുഖത്ത്‌ കരിപുരണ്ടു. കുത്തക കമ്പനികളില്‍ ചിലതിന്റെയെങ്കിലും ഉന്നതര്‍ അഴിയെണ്ണുമെന്ന അവസ്ഥ. അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്‌ ഏറ്റവും യോജിച്ച സമയം? അല്ലെങ്കില്‍ ഇത്‌ തന്നെയാണോ യോജിച്ച സമയം?

ജല - വൈദ്യുതി വിതരണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കര്‍ത്തവ്യങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങുകയും കുത്തക കമ്പനികളും സര്‍ക്കാറിതര സംഘടനകളും ആ ജോലി ഏറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്‌. കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും ഭീകരമാം വിധത്തില്‍ വര്‍ധിക്കുകയും പൊതു ഭാവനയെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്ന സമയവും. ഈ ഘട്ടത്തില്‍ കുത്തക കമ്പനികള്‍, മാധ്യമങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന്‌ ആരും ചിന്തിക്കും. എന്നാല്‍ നിര്‍ദിഷ്‌ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുന്നു.

നീച രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ അഴിമതിക്കുമെതിരെ മറ്റാരേക്കാളുമുച്ചത്തില്‍ ശബ്‌ദിക്കുമ്പോള്‍ കുരുക്കിന്റെ കീഴില്‍ നിന്ന്‌ തങ്ങളെ സ്വയം മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നു. സര്‍ക്കാറിനെ മാത്രം ചെകുത്താനായി ചിത്രീകരിക്കുമ്പോള്‍ പൊതു മണ്ഡലത്തില്‍ നിന്ന്‌ സര്‍ക്കാര്‍ കൂടുതല്‍ പിന്മാറണമെന്നും പരിഷ്‌കരണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കണമെന്നും ആവശ്യപ്പെടാനുള്ള വേദി സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. കൂടുതല്‍ സ്വകാര്യവത്‌കരണത്തിനും പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയുടെ പ്രകൃതി സ്രോതസ്സിലും കൂടുതല്‍ കൈവെക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍. കുത്തകകളുടെ അഴിമതി നിയമവിധേയമാക്കുകയും ലോബീയിംഗ്‌ ഫീസ്‌ എന്ന്‌ പുനര്‍നാമകരണവും ചെയ്‌തിട്ട്‌ അധികകാലമായിട്ടില്ല. ദിവസം 20 രൂപ മാത്രം വരുമാനമുള്ള 83 കോടി ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങളുടെ ശാക്തീകരണം എന്തെങ്കിലും പ്രയോജനം ചെയ്യുമോ? അതോ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ തള്ളിവിടുമോ?

ഇത്രയും വലിയ പ്രതിസന്ധിക്ക്‌ കാരണം ഇന്ത്യയിലെ പ്രാതിനിധ്യ ജനാധിപത്യം അമ്പേ പരാജയപ്പെട്ടതാണ്‌. ജനങ്ങളുടെ പ്രതിനിധികള്‍ അല്ലാതായി മാറിയ ക്രിമിനലുകളും കോടീശ്വരന്‍മാരായ രാഷ്‌ട്രീയക്കാരും ചേര്‍ന്നാണ്‌ ഇവിടെ നിയമ നിര്‍മാണ സഭകളുണ്ടാകുന്നത്‌. ജനാധിപത്യ സ്ഥാപനങ്ങളിലൊന്ന്‌ പോലും സാധാരണക്കാരന്‌ പ്രാപ്യമല്ലാതായി മാറിയിരിക്കുന്നു. ദേശീയ പതാക പാറിപ്പറപ്പിക്കുന്നവരാല്‍ വഞ്ചിതരാകരുത്‌. സാമന്തനാകാനുള്ള യുദ്ധത്തിന്‌ ഇന്ത്യയെ ഒരുക്കിക്കൊണ്ടുവരുന്നത്‌ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. ആ യുദ്ധം ഒരുപക്ഷേ അഫ്‌ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കള്‍ നടത്തിയതിനേക്കാള്‍ മാരകമായിരിക്കും.

സിറാജ്‌ ദിനപത്രം പുനപ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ ഹിന്ദുവിലെ ലേഖനം. 

13/8/11

കുരുതിക്കൊരുങ്ങുന്നവര്‍ കേള്‍ക്കണം ഈ കഥകള്‍ അഞ്ച്‌

2010 നവംബര്‍ 22 നായിരുന്നു മലപ്പുറം ജില്ലയില്‍ കാളികാവ്‌ പോലീസ്‌ സ്റ്റേഷനിലെ എ എസ്‌ ഐ മോഹനന്‍ ഒരു പ്രതിയുടെ വെടിയേറ്റ്‌ മരിച്ചത്‌. നിരവധി കേസുകളിലെ പ്രതിയായ ആറങ്ങോടന്‍ മുജീബുര്‍റഹ്‌മാനാണ്‌ എ എസ്‌ ഐക്കുനേരെ നിറയൊഴിച്ചത്‌.
സംഭവത്തെ തുടര്‍ന്ന്‌ ഭാര്യയോടും രണ്ട്‌ മക്കളോടുമൊപ്പം
ഒളിവില്‍പോയ മുജീബുര്‍റഹ്‌മാനെയും ഭാര്യ നജ്‌മുന്നീസയേയും വെടിയേറ്റുമരിച്ച നിലയിലാണ്‌ കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്‌. രണ്ട്‌ മക്കളെയും ജീവിക്കാന്‍ വിട്ട്‌കൊണ്ടായിരുന്നു മുജീബുര്‍റഹ്‌മാനും ഭാര്യയും ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുത്തത്‌.
അനാഥരായ രണ്ട്‌ കുഞ്ഞുങ്ങള്‍ പിന്നീട്‌ നാടിന്റെ വേദനയായി. അവരെ ദത്തെടുക്കാനും തുടര്‍ന്ന്‌ പഠിപ്പിക്കാനും മത്സരിക്കുകയായിരുന്നു വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും. പലരും പരാജയപ്പെട്ടിടത്ത്‌ തൊട്ടടുത്തുള്ള എം എല്‍ എയുടെ സഹായത്തോടെയാണ്‌ ഒരനാഥാലയം അവരെ സ്വന്തമാക്കിയത്‌.
ഇന്ന്‌ ഏറനാട്ടിലെ സ്ഥാപനത്തിലാണ്‌ ഈ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്‌. അവരെ സംരക്ഷിക്കുന്നതിനായി ഒരു ബന്ധുവായ സ്‌ത്രീക്ക്‌ സ്ഥാപനത്തില്‍ ജോലിയും നല്‍കി. ഇനി ഇവര്‍ക്ക്‌ ഒരു വീട്‌ വേണം. അതിനായി സ്ഥാപനം തന്നെ മുന്‍കൈ എടുത്ത്‌ സാമ്പത്തിക സഹായങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. കൂടൊരുക്കാന്‍ കൂട്ടുകൂടാം എന്നൊരു ക്യാമ്പയിന്‍ തന്നെയാണ്‌ ഇതിനായി നടത്തുന്നത്‌.

പോറ്റമ്മമാര്‍ക്കിവര്‍
പ്രിയപ്പെട്ട മക്കള്‍


പതിനഞ്ച്‌ വര്‍ഷം മുമ്പായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം. ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഭാര്യയെ വെട്ടിക്കൊന്നാണ്‌ 36 കാരനായ ഭര്‍ത്താവ്‌ വിഷം കഴിച്ച്‌ മരിച്ചത്‌. കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കിയിരുന്നു. മൂന്ന്‌ മക്കളില്‍ ബാക്കിയായത്‌ അഭിനവ്‌ എന്ന ഒന്നര വയസ്സുകാരന്‍ മാത്രം. എന്നാല്‍ ഇന്ന്‌ അഭിനവിന്‌ പുതിയ അച്ഛനുണ്ട്‌. അമ്മയും പുതിയ കൂട്ടുകാരും ബന്ധുക്കുമുണ്ട്‌. കോഴിക്കോട്‌ ഈസ്റ്റ്‌ഹില്ലിലെ വ്യവസായിയാണവന്റെ അച്ഛന്‍. നഗരത്തിലെ പേരെടുത്ത ഒരു ഡോക്‌ടറാണ്‌ അമ്മ.
എന്നാല്‍ ഇത്‌ തന്റെ രണ്ടാം ജന്മമാണെന്നും ഇപ്പോഴത്തെ അച്ഛനും അമ്മയും ദത്തെടുത്തതാണെന്നും അഭിനവിനറിയില്ല. പ്ലസ്‌ ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ്‌ അഭിനവും കുടുംബവും. ഭൂതകാലത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ അഭിനവിന്റെ അച്ഛനോ അമ്മയോ ആഗ്രഹിക്കുന്നില്ല. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ആ പഴങ്കഥ അയവിറക്കാന്‍ അവര്‍ മടിച്ചതുമില്ല. അഭിനവിനെ ഞാന്‍ പ്രസവിച്ചതല്ല. എന്നുകരുതി അവനോട്‌ ഞങ്ങള്‍ക്ക്‌ യാതൊരു സ്‌നേഹക്കുറവുമില്ല. ഒരമ്മയും മകനും തമ്മിലുണ്ടാകുന്ന വൈകാരിക ബന്ധത്തേക്കാള്‍ ദൃഢമാണ്‌ ഞങ്ങളുടെ ബന്ധം. ഇന്ന്‌ അവനുവേണ്ടിയുള്ളതാണ്‌ ഞങ്ങളുടെ ജീവിതം. ഒരു ദിവസംപോലും അവനെ പിരിഞ്ഞ്‌കൊണ്ട്‌ എനിക്കോ ഭര്‍ത്താവിനോ അവനോ നില്‍ക്കാനാകില്ല. അഭിനവിന്റെ അമ്മ ഡോ. സാവിത്രി പറഞ്ഞു. കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക്‌ പോകുന്ന അമ്മമാര്‍ക്ക്‌ അവര്‍ ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നു.

ചവറ്റുകൂനയിലെ കുഞ്ഞുങ്ങള്‍;
കോടീശ്വര പുത്രന്‍മാര്‍


പ്രതിസന്ധികളില്‍ തളര്‍ന്ന്‌ പോയി ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവര്‍ സ്വന്തം കുഞ്ഞുങ്ങളെയും കൂടെ കൂട്ടുമ്പോള്‍ ഓര്‍ക്കുക. കേരളത്തില്‍ ഒരു കുഞ്ഞിക്കാല്‌ കാണാനാവാതെ വേദനിക്കുന്ന ആയിരക്കണക്കിന്‌ അമ്മമാരുണ്ട്‌. ഒരുകുഞ്ഞിനുവേണ്ടി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന പതിനായിരങ്ങള്‍. കുഞ്ഞുങ്ങളെ ഈ കേന്ദ്രങ്ങളിലേല്‍പ്പിച്ചാല്‍ അവര്‍ മറ്റൊരുലോകത്ത്‌ പൊന്നുപോലെ വളരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. അവര്‍ പറയുന്നു. പതിനഞ്ച്‌ വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ എല്ലാ ചികിത്സയും പരീക്ഷിച്ചതിനു ശേഷമാണ്‌ ഡോ. സാവിത്രിയും ഭര്‍ത്താവ്‌ സുബ്രഹ്മണ്യനും ഒരുകുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്‌. ഒരുപാട ്‌അലഞ്ഞതിന്‌ ശേഷമാണ്‌ നിയമപ്രകാരം തന്നെ അഭിനവിനെ ഏറ്റെടുക്കുന്നത്‌. ഇന്ന്‌ ഇവരുടെ കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുക്കളുടെ ഏക അവകാശിയും അഭിനവാണ്‌.
എറണാകുളം ജില്ലയില്‍ നോര്‍ത്ത്‌ പറവൂരിലെ സുധാകരന്‍ മിനി ദമ്പതികളുടെ ഏക മകന്‍ രാഹുല്‍ ഒരു ബൈക്ക്‌ അപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്നാണ്‌ അവര്‍ ഇടുക്കിയിലെ ഒരു ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന്‌ നാലുവയസ്സുള്ള ആണ്‍കുട്ടിയെ ദത്തെടുത്തത്‌. ഇന്ന്‌ ഡിഗ്രിക്ക്‌ പഠിക്കുന്ന രഞ്‌ജിത്തിനറിയാം ഇവര്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളല്ലെന്ന്‌. എന്നാലും മകന്‍ മരിച്ച ദു:ഖം ഈ ദമ്പതികള്‍ മറക്കുന്നു രഞ്‌ജിത്തിലൂടെ. മരണപ്പെട്ട മകന്റെ കുരുത്തക്കേടുകളൊന്നും രഞ്‌ജിത്തിനില്ല. അവനെ നേരത്തെ ദൈവം വിളിച്ചു, പകരം അവനേക്കാള്‍ സത്യസന്ധനും ചുറുചുറുക്കുമുള്ള ഒരുമകനെ ദൈവം തിരിച്ചു തന്നു. എന്നാണ്‌ ഇപ്പോള്‍ ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്‌.
രാജ്യത്ത്‌ അംഗീകൃതവും അനധികൃതവുമായ ഒട്ടേറെ ദത്തെടുക്കല്‍ കേന്ദ്രങ്ങളുണ്ട്‌. അഭിനവിനെപ്പോലെ, രഞ്‌ജിത്തിനെ പോലെ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും ലോകത്തുനിന്ന്‌ കണ്ടെടുക്കപ്പെട്ട പതിനായിരക്കണക്കിന്‌ കുട്ടികള്‍ ഇന്ന്‌ സങ്കല്‍പ്പിക്കാന്‍പോലുമാകാത്ത ചുറ്റുപാടുകളിലാണ്‌ വളരുന്നത്‌. അച്ഛനോ അമ്മയോ കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്ന്‌ ഭാഗ്യം കൊണ്ട്‌മാത്രം ജീവിതത്തിലേക്ക്‌ തിരികെ എത്തിയവര്‍ മുതല്‍ ചവറ്റുകൂനയില്‍ ഉറുമ്പരിച്ചും പട്ടികടിച്ചും കരഞ്ഞ്‌ നിലവിളിച്ച മാംസപിണ്‌ഡങ്ങള്‍വരെയുണ്ട്‌ ആ കൂട്ടത്തില്‍.

ദത്തെടുക്കാന്‍
തികയുന്നില്ല കുട്ടികള്‍


രാജ്യത്ത്‌ 324 അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ 72 എണ്ണം രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ദത്തെടുക്കലിന്‌ അംഗീകാരമുള്ള ഏജന്‍സികളാണ്‌. അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം പ്രതിമാസം 25 കുട്ടികളെ എങ്കിലും ദത്തെടുക്കുന്നുണ്ട്‌. എന്നാല്‍ ഇവിടെ ഓരോ വര്‍ഷവും അഞ്ഞൂറില്‍ പരം കുടുംബങ്ങളാണ്‌ അപേക്ഷ സമര്‍പ്പിച്ച്‌ കാത്തിരിക്കുന്നത്‌. ഇവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളെ തികയാത്ത സാഹചര്യമാണുള്ളത്‌. 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ആയിരത്തി അഞ്ഞൂറ്‌ കുട്ടികളാണ്‌ കേരളത്തില്‍ നിന്നുമാത്രം നിയമാനുസൃതമായി ദത്തെടുക്കപ്പെട്ടത്‌. നിയമാനുസൃതമായല്ലാതെ ഇതിന്റെ മൂന്നിരട്ടിവരുമത്രെ.


ഈ അനാഥര്‍ ഇന്ന്‌ സനാഥര്‍


ദത്തെടുക്കല്‍ കേന്ദ്രങ്ങളിലെത്തുന്ന ഒരു കുഞ്ഞും അനാഥരാകുന്നില്ല. സംരക്ഷിക്കാനാളില്ലാതെ അലയേണ്ടിവരികയുമില്ല. മറിച്ച്‌ അവര്‍ ഉന്നത കുടുംബങ്ങളില്‍ സമര്‍ഥരായി വളരുകയാണ്‌ ചെയ്യുക. ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ പി യു ജോര്‍ജ്‌ പറയുന്നു. പ്രത്യേകസാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കാത്തവര്‍ക്ക്‌ ഇത്തരം ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ കുട്ടികളെ ഏല്‍പ്പിക്കാം. രണ്ട്‌ മാസം കഴിഞ്ഞ്‌ ആവശ്യമെങ്കില്‍ തിരികെ ആവശ്യപ്പെടുകയും ചെയ്യാം എന്നും അദ്ദേഹം.
ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളുമൊക്കെ ഒരുക്കിയിട്ടും ഇതൊന്നുമറിയാതെയാണ്‌ വീട്ടമ്മമാര്‍ കൂട്ട ആത്മഹത്യയില്‍ കുഞ്ഞുങ്ങളെക്കൂടി കുരുതികഴിക്കുന്നത്‌.
ഇന്ന്‌ നിലവിലുള്ള നിയമസംവിധാനങ്ങളെക്കുറിച്ചും മറ്റും സാമാന്യമായ വിവരം ഇവിടുത്തെ അങ്കണ്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകരെയും മറ്റും ബോധവാന്‍മാരാക്കിയാല്‍ തന്നെ ഒരുവിധം സ്‌ത്രീകളിലേക്കെല്ലാം ഇതിന്റെ സന്ദേശമെത്തിക്കനാകുമെന്നാണ്‌ അഡ്വ. ശരീഫ്‌ ഉള്ളത്ത്‌ പറയുന്നത്‌. അതുവഴി എത്രയോ കൂട്ടമരണങ്ങളെ ഇല്ലാതാക്കാനും സാധിക്കും.

ദത്തെടുക്കല്‍:
നിരീക്ഷണത്തിന്‌ അതോറിറ്റി


ദത്തെടുക്കല്‍ നടപടി നിരീക്ഷിക്കാന്‍ പ്രത്യേക അതോറിറ്റി തന്നെ കേന്ദ്ര സര്‍ക്കാര്‍ രൂപവത്‌കരിച്ചിട്ടുണ്ട്‌. രാജ്യത്തിനകത്തും പുറത്തുമുള്ള ദത്തെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതും സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ്‌ അതോറിറ്റി (കാര)എന്ന സ്ഥാപനമാണ്‌. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്‌. ദത്തെടുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സിസ്റ്റവും(കെയറിംഗ്‌) പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. ദത്തെടുക്കല്‍ സംവിധാനത്തിലെ ഇ ഗവേണന്‍സ്‌ പദ്ധതിയാണിത്‌. ഇതുവഴി ദമ്പതികള്‍ക്ക്‌ ഓണ്‍ലൈന്‍ വഴിതന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍, നടപടിക്രമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ വഴി ലഭിക്കും. ഇനി ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ കൈമാറാന്‍ അമ്മത്തൊട്ടിലുകള്‍ക്ക്‌ പുറമെ ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗിക്കാമെന്നും ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹികള്‍  പറഞ്ഞു.

വളര്‍ത്താന്‍ വഴികളുള്ളപ്പോള്‍
കൊല്ലണോ?


ദത്തെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ഇന്ന്‌ കേരളത്തില്‍ സംഘടനയുണ്ട്‌. അഡോപ്‌റ്റഡ്‌ പാരന്റ്‌സ്‌ അസോസിയേഷന്‍. ജില്ലാ തലത്തിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ബോധവത്‌കരണ പരിപാടികളും മറ്റും ഇതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്‌.
ഇതിനും പുറമെ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിനുകീഴില്‍ കേരളത്തില്‍ 1674 അംഗീകൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച്‌ വ്യക്തമായ കണക്കുതന്നെയില്ല. ഇവയില്‍ പലതിനും സര്‍ക്കാറിന്റെ ഗ്രാന്‍ഡ്‌ ലഭിക്കുന്നുണ്ട്‌ താനും. എന്തായാലും അംഗീകൃത അനാഥാലയങ്ങളില്‍ പോലും ആവശ്യത്തിന്‌ കുട്ടികളില്ല. ഇവിടെ എവിടെ എങ്കിലും കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചും രക്ഷിതാക്കള്‍ക്ക്‌ ജീവിക്കുകയോ മറ്റോ ചെയ്യാവുന്നതാണ്‌. അതുമല്ലെങ്കില്‍ സാമൂഹിക ക്ഷേമ വകുപ്പ്‌, ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌, ചൈല്‍ഡ്‌ ലൈന്‍ എന്നിവിടങ്ങളിലും പോലീസ്‌ സ്റ്റേഷനുകളിലും കുട്ടികളെ എത്തിക്കാവുന്നതാണ്‌. എന്നാല്‍ ഇതേക്കുറിച്ചൊന്നും സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക്‌ ഇപ്പോഴും അറിയില്ലെന്നും അഡ്വ ഷിജി എസ്‌ റഹ്‌മാന്‍.
വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍ പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക്‌ നീര്‍ക്കുമിളയുടെ ആയുസ്സ്‌ മാത്രമാകുമ്പോള്‍ ഇരകള്‍ കൂടുതലും കുട്ടികളായിത്തീരുന്നത്‌ സ്വാഭാവികമാണ്‌. അതോടെ അരക്ഷിതാവസ്ഥയിലാകുന്നത്‌ സ്‌ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവിതമാണ്‌. ശിഥിലമാകുന്നത്‌ കുടുംബമെന്ന പാവനമായ സങ്കല്‍പ്പവും. ഇതെല്ലാം കുഞ്ഞുങ്ങള്‍ പോലും വിഷാദരോഗികളും മനോരോഗികളുമായി തീരുന്ന സാഹചര്യമാണ്‌ ഇതുണ്ടാക്കി തീര്‍ക്കുന്നത്‌....

1/8/11

ആത്മഹത്യാ മുനമ്പില്‍ ഈ ജീവിതങ്ങള്‍...... കൊലവിളിയുടെ താരാട്ട്‌ പരമ്പര നാല്‌
കേരളത്തിലെ
പ്രമുഖ യൂനിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥയാണവര്‍. പ്രതിമാസം ലഭിക്കുന്ന 26000 രൂപ ശമ്പളം മുഴുവന്‍ ഭര്‍ത്താവിനെ ഏല്‍പ്പിക്കണം. അടിവസ്‌ത്രം വാങ്ങണമെങ്കില്‍പ്പോലും ഭര്‍ത്താവിന്റെ സമ്മതം വേണം. സ്വന്തം അമ്മക്ക്‌ മുറുക്കാന്‍ വാങ്ങാന്‍ പത്ത്‌ രൂപയോ സര്‍വീസ്‌ സംഘടനക്ക്‌ സംഭാവനയോ നല്‍കണമെങ്കിലും ഭര്‍ത്താവ്‌ കനിയണം. ദിവസവും അന്‍പത്‌ രൂപ കൊടുക്കും ഭര്‍ത്താവ്‌. ഓഫീസിലേക്കും തിരികെ വീട്ടിലേക്കുമുള്ള വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ളതാണത്‌. ആ തുക എങ്ങനെയൊക്കെ ചെലവഴിച്ചു എന്നുകൂടി വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന്‌ വിശദീകരിച്ചുകൊടുക്കണം. ഇതാണ്‌ വിദ്യാസമ്പന്നരാണെന്ന്‌ അഹങ്കരിക്കുന്ന ചില മലയാളി വീട്ടമ്മമാരുടെ പോലും ജീവിതമെന്ന്‌ ചൂണ്ടിക്കാണിക്കുന്നു അഭിഭാഷകയായ അഡ്വ സുജാത എസ്‌ വര്‍മ. തനിക്കറിയാവുന്ന ഈ ഉദ്യോഗസ്ഥ എന്നിട്ടും ഇതുവരെ ആരോടും ഒരു പരാതിയും പറഞ്ഞതായി അറിവില്ലെന്നും അവര്‍ പറഞ്ഞു.

ഏറ്റവും കെട്ടുറപ്പുള്ള സംവിധാനമായി നിലനില്‍ക്കേണ്ടത്‌ കുടുംബമാണ്‌. എന്നാല്‍ അവിടെയാണ്‌ ഏറ്റവും വലിയ മ്യൂല്യച്യുതിയും പൊട്ടിത്തെറികളും ഉണ്ടാകുന്നതെന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത പുതിയ സര്‍വേ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നു.
മുമ്പ്‌ കുടുംബഛിദ്രങ്ങള്‍ പ്രകടമായിരുന്നില്ല. അകത്തെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. എന്തുണ്ടായാലും അതിനെ പുരുഷമേധാവിത്വം അടിച്ചമര്‍ത്തുമായിരുന്നു. എന്നാല്‍ ഇന്ന്‌ സ്‌ത്രീകളും വിദ്യാസമ്പന്നരായി. അവരും പ്രതികരിക്കാന്‍ തുടങ്ങി. ഇതിന്റെ എല്ലാം ഫലമായി കുടുംബകലഹങ്ങളുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നു.

മഞ്ചേരിയിലെ ആ വീട്ടമ്മയുടെ വിവാഹം പത്തൊമ്പത്‌ വര്‍ഷം മുമ്പായിരുന്നു. മൂന്ന്‌ കുട്ടികളുണ്ട്‌. മൂത്ത കുട്ടിക്ക്‌ 17 വയസ്സായി. മദ്യപാനിയായ ഭര്‍ത്താവിന്റെ ശബ്‌ദം കേള്‍ക്കുന്നത്‌ പോലും ഈ വീട്ടമ്മക്ക്‌ ഭയമാണ്‌. വലിയ വീടും കാറും ഒക്കെയുണ്ടെങ്കിലും മനസ്സമാധാനമെന്തെന്നവരറിഞ്ഞിട്ടില്ല. മക്കള്‍ക്കുമതറിയാം. അമ്മക്ക്‌ ഈ നരകത്തില്‍ നിന്ന്‌ എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടുക്കൂടെ എന്നാണ്‌ മക്കള്‍ പോലും അമ്മയോട്‌ ചോദിക്കുന്നത്‌. പക്ഷെ അവര്‍ക്ക്‌ പോകാന്‍ സ്വന്തം വീട്‌ പോലുമില്ല. വീട്ടുകാരോട്‌ പറഞ്ഞാല്‍ താഴെ വിവാഹപ്രായമായ അനിയത്തിമാരെ ചൂണ്ടി ആങ്ങളയും മാതാവും പറയുന്നു. ഇവരുടെ കാര്യംകൂടി കഴിയുംവരെ എങ്ങനെ എങ്കിലും നീ ക്ഷമിക്ക്‌.
പക്ഷെ അതുകഴിയുംവരെ താനും മക്കളും ജീവനോടെ ഉണ്ടാകുമോ എന്നാണ്‌ അവര്‍ക്ക്‌ തന്നെ അറിയാത്തത്‌. പല തവണ അവരെ ഭര്‍ത്താവ്‌ കൊല്ലാകൊല ചെയ്‌തിരിക്കുന്നു. മൂന്ന്‌ തവണ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.
ഭര്‍തൃപീഡനത്തിനെതിരെ കോടതി കയറാന്‍ അവര്‍ക്ക്‌ ഭയമാണ്‌. ഭര്‍ത്താവിനെ മാത്രമല്ല, കുടുംബാംഗങ്ങളെയും നാട്ടുകാരെയും മുഴുവന്‍ അവര്‍ ഭയപ്പെടുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോയിക്കൂടെയെന്നും സ്‌ത്രീ വിമോചക സംഘടനകളുടെ സഹായം തേടിക്കൂടെ എന്നും ഇവരോട്‌ ആരാഞ്ഞ ഡോ. ടി എം രഘുറാമിനോട്‌ എന്തിന്‌ സ്വന്തം കുടുംബത്തിലെ പുഴുക്കുത്തുകള്‍ മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ അപഹാസ്യയാകണമെന്നായിരുന്നു ആ വീട്ടമ്മയുടെ മറുചോദ്യം.
മുപ്പത്‌ വയസ്സുള്ള മറ്റൊരു വീട്ടമ്മയുടെ പരാതിയും ക്രൂരനായ ഭര്‍ത്താവിനെക്കുറിച്ച്‌ തന്നെയാണ്‌. സ്വന്തം മക്കളുടെ മുന്നില്‍വെച്ച്‌ വിവസ്‌ത്രയാക്കുന്നതിലും അതിന്‌ വിസമ്മതിക്കുമ്പോള്‍ ബ്ലേഡ്‌ കൊണ്ടോ കത്രിക കൊണ്ടോ വസ്‌ത്രം കീറുന്നതിലുമെല്ലാം ആനന്ദംകണ്ടെത്തുന്ന ഒരുമനോരോഗിയുടെ കൂടെയാണവരുടെ ജീവിതം. എന്നാല്‍ അവര്‍ക്കും അയാളില്‍ നിന്ന്‌ മോചനം സാധ്യമല്ല. മുകളില്‍ പറഞ്ഞ വീട്ടമ്മയുടെതിന്‌ സമാനമായ കാരണങ്ങള്‍ തന്നെയാണ്‌ അവര്‍ക്കുമുമ്പില്‍ വിഘാതത്തിന്റെ സര്‍വേകല്ലുകളുയര്‍ത്തുന്നത്‌.

ഇങ്ങനെ നരകിച്ച്‌ ജീവിക്കുന്ന എത്രയോ ജന്മങ്ങളുണ്ട്‌ നാളത്തെ പത്രത്താളുകളില്‍ പൊട്ടിച്ചിതറിയ വാര്‍ത്തകളായി അവതരിക്കാന്‍. അവരെ കണ്ടില്ലെന്ന്‌ നടിക്കരുത്‌. അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരുടെ അംഗസംഖ്യ കൂടണം. ആത്മാഭിമാനം വെടിഞ്ഞ്‌ എല്ലാം തുറന്ന്‌ പറയാന്‍ സ്‌ത്രീകള്‍ ഒരുക്കമാകുന്ന ഒരു ദിനം അവര്‍ക്കു മുമ്പില്‍ ഉണ്ടായെ മതിയാവൂ...അതിന്‌ നിയമപരമായ സഹായവും സംരക്ഷണവും എവിടെ കിട്ടുമെന്നതിനെക്കുറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ അറിയില്ലെന്ന അവസ്ഥ മാറേണ്ടതുണ്ട്‌.

കേരളത്തിലെ ഒരു വീട്ടമ്മക്കും സ്വന്തമായി ഒരു തുണ്ട്‌ സ്വത്തുപോലുമില്ലെന്നതാണ്‌ ഇന്ന്‌ സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പലര്‍ക്കും സ്വന്തമായി ഭൂമിയും ജോലിയും ഉണ്ടാകും. എന്നാല്‍ അത്‌ ക്രയവിക്രിയം നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതം കൂടിയെ തീരൂ എന്നതാണ്‌ അവസ്ഥ. വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബ പറയുന്നു. ആത്മാഭിമാനമുള്ള ഒരുസ്‌ത്രീയും ആത്‌മഹത്യചെയ്യില്ല. തന്റെ മക്കളെകൊലക്ക്‌ കൊടുക്കുകയുമില്ല. എന്നാല്‍ ജീവിതാവസ്ഥകളാണ്‌ പലരേയും അതിന്‌ പ്രേരിപ്പിക്കുന്നത്‌. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവര്‍ക്ക്‌ പോകാന്‍ മറ്റൊരിടമില്ല. അപ്പോഴാണ്‌ മരണത്തിന്റെ വഴിതെളിയുന്നത്‌. എന്നാല്‍ തന്റേടികളായ സ്‌ത്രീകള്‍ ഒരിക്കലും ഈ കടുംകൈക്ക്‌ മുതിരുന്നില്ലെന്നും അവര്‍ പറയുന്നു.


ആത്മഹത്യകള്‍:
ജീവിക്കാനുള്ള മുറവിളികള്‍


ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്‌ പലപ്പോഴും ലളിതമായ ഒരുകാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്‌. പലവ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ്‌ ആത്മഹത്യകള്‍ക്ക്‌ കാരണമെന്നാണ്‌ കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്‌. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരുവ്യക്തി തനിച്ചായിപോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ സൂചിപ്പിക്കുന്ന ആശയവിനിമയമാണ്‌. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല. മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേ സമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളികൂടിയാണ്‌. മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ്‌ ആവ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്‌.


എന്നാല്‍ പ്രശ്‌നങ്ങളിലകപ്പെട്ട വ്യക്തിക്ക്‌ മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്ന്‌ ലഭ്യമാണ്‌. തക്കസമയത്ത്‌ ശരിയായ രീതിയില്‍ അവര്‍ക്ക്‌ മാനസിക സാന്ത്വനം കൊടുക്കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഡോ പി എന്‍ സുരേഷ്‌ കുമാര്‍ പറയുന്നു. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിന്‌ കഴിഞ്ഞാല്‍ ആത്മഹത്യകളെ ഏറെക്കുറെ തടയാവുന്നതുമാണ്‌.


അടഞ്ഞ വഴികളിലും
അഭയമുണ്ട്‌


രണ്ട്‌ തരത്തിലാണ്‌ കുഞ്ഞുങ്ങളേയും കൂട്ടിയുള്ള ആത്മഹത്യകള്‍. ആത്മഹത്യാ ചിന്തയുള്ള ഒരു വ്യക്തിയെ ഉണ്ടാകൂ. എല്ലാവരും മരിക്കണമെന്ന തീരുമാനം അയാളുടെത്‌ മാത്രമായിരിക്കും. അത്‌ അച്ഛനോ അമ്മയോ ആകാം. ആ വ്യക്തി കുടുംബത്തിലെ മുതിര്‍ന്നവരെ കൂടി പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണങ്ങള്‍ പലതാകാം . ഭാര്യയും ഭര്‍ത്താവും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചാവും പിന്നെയുള്ള വിചാരം. കുട്ടികളുടെ ഭാവി, അവര്‍ അനാഥരാകുമെന്ന ആശങ്ക. അവര്‍ കൂടിയില്ലെങ്കില്‍ ഈ മരണം പൂര്‍ണമാകില്ലെന്ന ചിന്ത, എല്ലാംകൂടിയാണ്‌ കൂട്ടക്കൊലപാതകത്തിന്‌ വഴിയൊരുക്കുന്നതെന്ന്‌ ഡോ. പി എന്‍ സുരേഷ്‌കുമാര്‍.
സ്‌ത്രീകള്‍മാത്രം കുഞ്ഞുങ്ങളുമൊന്നിച്ച്‌ ആത്മഹത്യ ചെയ്യുന്നത്‌ ജീവിതത്തില്‍ എല്ലാ വഴിയും അടഞ്ഞെന്ന്‌ കരുതുന്നവരാണ്‌.
മക്കള്‍ അനാഥരാകുന്നതിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ചിന്തിക്കാനാകില്ല. അനാഥാലയത്തിലേക്ക്‌ തള്ളപ്പെടുന്നതിനെക്കുറിച്ച്‌ സഹിക്കാനും കഴിയില്ല. ജനനത്തിന്റെയും മരണത്തിന്റെയും ഉത്തരവാദിത്വം തങ്ങള്‍ക്കുതന്നെയാണെന്ന വികലമായ വിശ്വാസത്തില്‍ നിന്നുമാണ്‌ ഈ തീരുമാനങ്ങളുണ്ടാകുന്നതെന്നും ഡോ. ടി എ രഘുറാം പറയുന്നു.

ഈ ധാരണതന്നെയാണ്‌ ഇന്ന്‌ മിക്ക സ്‌ത്രീകളെയും മഥിക്കുന്നത്‌. ആത്മഹത്യയെക്കുറിച്ചുള്ള ആലോചനയില്‍ അവര്‍ മക്കളെക്കൂടി പങ്കാളികളാക്കുന്നു. ഭര്‍ത്താവുമായുണ്ടാകുന്ന കലഹത്തില്‍ മനം നൊന്തുപോകുമ്പോള്‍ പലരോടും പങ്ക്‌ വെക്കുന്ന വിചാരങ്ങളിങ്ങനെയാണ്‌. പ്രതിസന്ധിഘട്ടത്തിലെത്തുന്ന സ്‌ത്രീകളോട്‌ ഇനി എന്താണ്‌ നിങ്ങളുടെ ഭാവി പരിപാടിയെന്ന്‌ ചോദിക്കുമ്പോഴും ഞാനും ചാകും കൂടെ മക്കള്‍ക്കും വിഷംകലക്കി കൊടുക്കുമെന്ന്‌ പറയുന്ന നൂറുകണക്കിന്‌ സ്‌ത്രീകളെ കണ്ടിട്ടുണ്ടെന്ന്‌ പറയുന്നു കോഴിക്കോട്ടെ അഭിഭാഷകയായ അഡ്വ. അനില ജോര്‍ജ്‌. തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടികളുടെ സമയം എനിക്ക്‌ കൃത്യമായി അറിയാം. ഇങ്ങനെ തന്നെപോയാല്‍ അവസാനം കുഞ്ഞുങ്ങളേയും കൂട്ടി ഞാനത്‌ തന്നെ ചെയ്യുമെന്നാണ്‌ ഈയിടെ പുറത്തിറങ്ങിയ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന സിനിമയില്‍ കഥാനായികയായ സുമംഗലയുടെ സംഭാഷണം. മദ്യപാനിയായ ഭര്‍ത്താവിന്റെ പോക്കുകാണുമ്പോള്‍ നെഞ്ച്‌പൊട്ടിപ്പറയുന്ന ഇത്തരം വാക്കുകള്‍ തന്നെയാണ്‌ മിക്ക വീട്ടമ്മമാരുടേയും മനസ്‌. സീരിയലും സിനിമയും ഇത്തരത്തിലുള്ള ആത്മഹത്യകളെ പ്രോത്സാഹിപ്പിക്കുകയോ സമാന മനസ്‌കരായവര്‍ക്ക്‌ പുതിയ വഴികാട്ടി കൊടുക്കുകയോ ചെയ്യുന്നുണ്ടെന്നും സാംസ്‌കാരിക പ്രവര്‍ത്തകനായ അഭിജിത്ത്‌ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന്റെ സംരക്ഷണമില്ലെങ്കില്‍ ജീവിക്കാന്‍ വഴിയില്ലെന്ന്‌ പറഞ്ഞ്‌ ഉടനെ കുഞ്ഞുങ്ങളെയുമെടുത്ത്‌ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്‌. പ്രതികൂല കാലാവസ്ഥകളോട്‌ പൊരുതി മുന്നേറുകയാണ്‌.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി ശ്രീദേവി പറയുന്നു.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായ ഒട്ടേറെ സംവിധാനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌. സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമും പുവര്‍ഹോമും സുഗതകുമാരിയുടെ അഭയയും അടക്കം എത്രയോ സ്ഥാപനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. 235 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 301 അന്തേവാസികളാണ്‌ പുവര്‍ഹോമിലുള്ളത്‌. ഇവരൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഇവിടെ എത്തിപ്പെട്ടവരാണ്‌. അത്തരക്കാരെ ഏറ്റെടുക്കാന്‍ മറ്റുജില്ലകളിലും ഒട്ടേറെ സംഘടനകളുമുണ്ട്‌. വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങളും അവര്‍ക്ക്‌ വഴികാട്ടാനുണ്ട്‌. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളിലേക്കൊന്നും കയറിചെല്ലാന്‍ ദുരഭിമാനികളായ വീട്ടമ്മമാര്‍ മടിക്കുന്നുണ്ടെന്നും ജസ്റ്റിസ്‌ ഡി ശ്രീദേവി.
പല വീട്ടമ്മമാര്‍ക്കുമുമ്പിലും പുതിയ വഴിത്തുറക്കപ്പെടാനില്ലാതാവുമ്പോള്‍ തന്നെയാണ്‌ കുഞ്ഞുങ്ങളേയുമെടുത്ത്‌ ആത്മഹത്യയിലേക്ക്‌ നീങ്ങുന്നത്‌. ജീവിക്കണമെന്ന വലിയ ആഗ്രഹം വെച്ചുപുലര്‍ത്തുമ്പോഴും ഇത്തരമൊരവസ്ഥയില്‍ എന്തുചെയ്യണമെന്നവര്‍ക്കറിയില്ല. അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു. കുടുംബ തര്‍ക്കങ്ങള്‍ പറഞ്ഞ്‌ തീര്‍ക്കാം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തിക്കാം. വീട്ടമ്മയുടെ കഴിവിനനുസരിച്ചുള്ള ജോലിയോ സ്വയം തൊഴിലോ കണ്ടെത്താം. പക്ഷെ അതുവരെ ആ വീട്ടമ്മയേയും കുഞ്ഞുങ്ങളെയും താമസിപ്പിക്കാന്‍ ഒരു സംവിധാനമില്ല. അടുത്തിടെ പയ്യോളിയിലും പേരാമ്പ്രയിലും രണ്ട്‌ സംഭവങ്ങളുണ്ടായി. വീട്ടമ്മയേയും പത്തുവയസുകാരിയായ മകളെയും ഭര്‍ത്താവ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു പയ്യോളിയിലെ കഥ. അവര്‍ പരാതിയുമായി പോലീസ്‌ സ്റ്റേഷനിലെത്തി. തിരികെ വീട്ടിലേക്ക്‌ മടങ്ങാന്‍ അവര്‍ക്ക്‌ ഭയം. പോലീസ്‌ സ്റ്റേഷനില്‍ താമസിപ്പിക്കാനാവുമോ..? സരിത എന്ന ആ സ്‌ത്രീയേയും പത്തുവയസ്സുള്ള മകളേയും സര്‍ക്കാര്‍ സ്റ്റേ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. കോഴിക്കോട്‌ ഇത്തരത്തിലുള്ള ഒരുസ്റ്റേ ഹോം മാത്രമെയൊള്ളൂ. അതുമതിയാവുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍തോറും ഇത്തരത്തിലുള്ള സ്റ്റേ ഹോമുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു.

തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങള്‍ അനാഥരാകുമെന്നും അവര്‍ ആര്‍ക്കുമൊരു ഭാരമാകരുതെന്നുമുള്ള ചിന്തയാണ്‌ ദുരഭിമാനികളായ വീട്ടമ്മമാരെ കുഞ്ഞുങ്ങളെയും കുരുതികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാനാവില്ല. എന്നാല്‍ കുഞ്ഞുങ്ങളേയും കൂട്ടി ആത്‌മഹത്യചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ കുട്ടികളുടെ കഥകള്‍ കൂടി കേള്‍ക്കണം. എന്നിട്ടാവാം തീരുമാനങ്ങള്‍. അതെക്കുറിച്ച്‌ ..... 

24/6/11

കൊലവിളിയുടെ രാരാട്ട്‌...... പരമ്പര മൂന്ന്‌.....കുടുംബത്തകര്‍ച്ചയുടെ ഒടുക്കം കൂട്ടക്കുരുതിആറു മാസം മുമ്പായിരുന്നു
ആ സംഭവം. കൊണ്ടോട്ടിക്കടുത്തുള്ള യുവതി കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന പോസ്റ്റുപാര്‍ട്ടം ഡിപ്രഷനായിരുന്നു അവര്‍ക്ക്‌. രണ്ടാഴ്‌ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തിന്‌ വലിയ മാറ്റം കണ്ടുതുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പ്രത്യേകം ശ്രദ്ധിക്കണമെന്ന ഡോക്‌ടറുടെ നിര്‍ദേശം എന്നാല്‍ അവര്‍ പാലിച്ചില്ല. മൂന്നാംനാള്‍ യുവതി രണ്ട്‌ വയസ്സുള്ള കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞു. കൂടെ അമ്മയും ചാടി. അമ്മയെയും കുഞ്ഞിനെയും കൊണ്ട്‌ അതേ ആശുപത്രിയിലേക്ക്‌ ഓടി ബന്ധുക്കള്‍. കുഞ്ഞ്‌ തല്‍ക്ഷണം മരിച്ചിരുന്നു. അമ്മ രക്ഷപ്പെട്ടു.
പക്ഷെ ആ കൊലപാതകം സ്വാഭാവിക മരണമായി വിധിയെഴുതാന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പുറംലോകം അറിയാതെ ആ കുഞ്ഞു ജീവനും യാത്രയായി.

മഞ്ചേരിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. എം ബി ബി എസിന്‌ പഠിക്കുന്നതിനിടയിലായിരുന്നു പ്രണയവിവാഹം. വളരെ പെട്ടെന്ന്‌ അവള്‍ ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ്‌ വേണ്ടന്നായി ഭര്‍തൃവീട്ടുകാര്‍. മകളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ അച്ഛനും അമ്മയും ആ തീരുമാനത്തോട്‌ യോജിച്ചു. പക്ഷെ മകള്‍ ഒരുക്കമായില്ല. അതെച്ചൊല്ലിയുള്ള കലഹത്തോടെ അവളില്‍ വിഷാദരോഗത്തിനുള്ള അടിത്തറ പാകുകയായിരുന്നു ബന്ധുക്കള്‍. മൂന്ന്‌ മാസമായ കുഞ്ഞിനെ മാതാവ്‌ തന്നെ കഴുത്ത്‌ ഞെരിച്ചുകൊന്ന ക്രൂരതയിലാണതൊടുങ്ങിയത്‌.
ഇത്തരം കേസുകളില്‍ അസുഖം മാറിയാല്‍ തന്നെ ആറ്‌ മാസത്തിനിടയില്‍ വീണ്ടും വരാനുള്ള സാധ്യത എണ്‍പത്‌ ശതമാനത്തോളം കൂടുതലാണെന്ന വസ്‌തുത വിസ്‌മരിച്ചതിന്‌ കൊടുക്കേണ്ടിവന്നതായിരുന്നു ആ കുഞ്ഞിന്റെ ജീവന്‍. ആ കഥയും പുറംലോകത്തെത്തിയില്ല. മകളുടെ പഠനവും കുടുംബത്തിന്റെ സ്റ്റാറ്റസുമായിരുന്നു കുടുംബത്തെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ പ്രേരിപ്പിച്ചത്‌. എന്നാല്‍ മകള്‍ പിന്നീട്‌ കോളജിന്റെ പടി കണ്ടിട്ടില്ല. ഇന്നും ആ പെണ്‍കുട്ടി പൊന്നുമോളുടെ പേര്‌ പറഞ്ഞുകൊണ്ടാണ്‌ വിലപിക്കുന്നത്‌.
വടകരയിലെ മുപ്പതുകാരി രണ്ട്‌ വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലിട്ടാണ്‌ കൊലപ്പെടുത്തിയത്‌. അതും പുറംലോകമറിയാത്ത ഒരുസ്വാഭാവിക മരണമാക്കി മാറ്റി ബന്ധുക്കള്‍. യുവതി സ്വന്തം വീട്ടില്‍ നിന്ന്‌ നടത്തിയ കൊല ഭര്‍തൃവീട്ടുകാര്‍പോലും അറിഞ്ഞില്ലെന്നതാണ്‌ കഥ. കൊലപാതകത്തിന്‌ അമ്മ അറസ്റ്റിലാകുന്നതിനേക്കാളും ഇത്തരം സംഭവങ്ങളണ്ടാകുമ്പോഴുണ്ടാകുന്ന നാണക്കേടില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനാണ്‌ പലരും സ്വാഭാവിക മരണമാക്കി മാറ്റുന്നത്‌. അല്ലെങ്കില്‍ ആ ദാമ്പത്യ ജീവിതം തന്നെ തകരാം. സമൂഹത്തിനുമുന്നില്‍ അവര്‍ ലേബല്‍ ചെയ്യപ്പെടാം. നിരവധി കുടുംബബന്ധങ്ങളും സ്‌നേഹ ബന്ധങ്ങളും അസ്‌തമിച്ചേക്കാം.

57 ശതമാനവും
അസ്വാഭാവിക മരണം


കേരളത്തില്‍ 57 ശതമാനം കുഞ്ഞുങ്ങളുടെ മരണവും അസ്വാഭാവികങ്ങളാണെന്ന്‌ ചൂണ്ടികാണിക്കുന്നു ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടെ തൃശൂര്‍ ജില്ലാ ചെയര്‍മാനും എറണാകുളത്തെ ആത്മഹത്യാ പ്രതിരോധ സന്നദ്ധ സംഘടനയായ മൈത്രിയുടെ സെക്രട്ടറിയുമായ പി ഒ ജോര്‍ജ്‌. ഇത്‌ ഇദ്ദേഹം മുന്‍കൈ എടുത്ത്‌ നടത്തിയ ഒരു പഠനത്തിന്റെ വെളിച്ചത്തിലാണ്‌ പറയുന്നത്‌. പതിനെട്ട്‌ വയസ്സില്‍ താഴെയുള്ള 250 കുട്ടികളുടെ മരണത്തെക്കുറിച്ച്‌ നടത്തിയ ഈ പഠനത്തില്‍ 57ശതമാനവും ദുരൂഹതയുണര്‍ത്തുന്നതായിരുന്നു. 18 ശതമാനം പേരും മുങ്ങിയാണ്‌ മരിച്ചത്‌. 24 ശതമാനം പേര്‌ ജനനവൈകല്യത്താല്‍ മരണപ്പെട്ടു. എട്ട്‌ ശതമാനത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.


ആത്മഹത്യ എന്നു വിളിക്കപ്പെടുന്ന കുട്ടികളുടെ ഭൂരിഭാഗം മരണങ്ങളും കൊലപാതകങ്ങളാണ്‌. പൊള്ളലേറ്റും കിണറ്റിലും പുഴയിലും വീണും തൂങ്ങിയും മരിക്കുന്ന സംഭവങ്ങളില്‍ പ്രതികള്‍ രക്ഷിതാക്കളോ ബന്ധുക്കളോ ആണെന്നും പി ഒ ജോര്‍ജ്‌ ചൂണ്ടിക്കാണിക്കുന്നു.
തൃശൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നാല്‌ വര്‍ഷം മുമ്പ്‌ പൊള്ളലേറ്റ്‌ ചികിത്സത്തേടിയെത്തിയ 54 ശതമാനം കേസുകളും ആത്മഹത്യകളായിരുന്നില്ല. നേരത്തെ പ്ലാന്‍ ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതില്‍ പതിനെട്ട്‌ വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണങ്ങളുമുണ്ടായിരുന്നു. ഡോക്‌ടര്‍മാര്‍ക്ക്‌ സ്വാഭാവിക മരണമല്ലെന്ന്‌ ഉറപ്പായാല്‍പോലും അവര്‍ സ്വാധീനിക്കപ്പെടുന്നു. അതിന്‌ മിക്ക ഡോക്‌ടര്‍മാരും വഴങ്ങിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരത്തിലുള്ള നിരവധി കഥകളാണ്‌ ആശുപത്രികളുടെ പിന്നാമ്പുറങ്ങളില്‍ നിന്നും കേള്‍ക്കുന്നത്‌.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ഒരുകോടി മനുഷ്യരാണ്‌ ആത്മഹത്യചെയ്യുന്നത്‌. ഓരോ മിനുട്ടിലും രണ്ട്‌ പേര്‍. ഓരോ ആത്മഹത്യ വിജയിക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങളാണ്‌ പരാജയപ്പെടുന്നത്‌. വിഷം കഴിച്ചുള്ള മരണങ്ങളായിരുന്നു ആദ്യകാലത്ത്‌ ഏറ്റവും കൂടുതല്‍. (35. 5 ശതമാനം) തൂങ്ങിമരണം രണ്ടാമതും. (32.8 ശതമാനം) തീപ്പൊള്ളല്‍ (8.7%) മുങ്ങിമരണം(7.3%) തൊട്ടുതാഴെയും. എന്നാല്‍ 2000 മുതല്‍ 2010 വരെയുള്ള കണക്ക്‌ പരതിയാല്‍ തൂങ്ങിമരണമാണ്‌ ഒന്നാം സ്ഥാനത്ത്‌.(50 ശതമാനം)വിഷംകഴിച്ചുള്ള മരണം 37.5 ശതമാനമായി രണ്ടാമതായി. തീപ്പൊള്ളല്‍ (6.8 ശതമാനം) മുങ്ങിമരണം (6.7 ശതമാനം) സ്വയം മുറിവേല്‍പ്പിക്കുക, അമിതഡോസില്‍ മരുന്ന്‌ കഴിക്കുക, ഓടുന്ന വാഹനത്തിന്റെ മുമ്പിലേക്ക്‌ ചാടുക. തുടങ്ങിയ മാര്‍ഗങ്ങളാണ്‌ പിന്നീട്‌ അവലംബിച്ച പോംവഴികള്‍. 51 ശതമാനം ആത്മഹത്യകളും കുറഞ്ഞ വിദ്യാഭ്യാസസ്ഥിതിയിലുള്ളവരിലാണെന്നും ഈ കണക്കുകള്‍ നമ്മോട്‌ പറയുന്നു. ഹൈസ്‌കൂള്‍ പഠത്തിന്‌ താഴെയുള്ളവരാണവര്‍. ഹയര്‍സെക്കന്‍ഡറിക്കും ഡിഗ്രിക്കും ഇടയിലുള്ളവര്‍ 39 ശതമാനവും അതിനും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ ആത്മഹത്യാനിരക്ക്‌ അഞ്ച്‌ ശതമാനവും മാത്രമാണ്‌. 62 ശതമാനവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു ആത്മഹത്യ ചെയ്‌തവര്‍. അതില്‍ 21 ശതമാനവും ആദിവാസി മേഖലയില്‍ നിന്നുള്ളവരും. കൃസ്‌ത്യന്‍ വിഭാഗത്തില്‍ നിന്ന്‌ ആത്മഹത്യചെയ്‌തവര്‍ 30 ശതമാനമാണങ്കില്‍ മുസ്‌ലിംകള്‍ എട്ട്‌ ശതമാനമാണ്‌.


ഏറ്റവും കുറവ്‌ ആത്മഹത്യരേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്‌. തൊട്ടുമുകളില്‍ കോഴിക്കോടും. 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 258 കൂട്ട ആത്മഹത്യകളിലായി 768 പേരാണ്‌ മരണപ്പെട്ടത്‌. ഇവരില്‍ അറുപത്‌ ശതമാനവും പത്ത്‌ വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു. അവരെ കുരുതികൊടുത്തശേഷം അച്ഛനോ അമ്മയോ ആത്മഹത്യചെയ്യുകയായിരുന്നു. പത്ത്‌ വര്‍ഷത്തിനിടെയുണ്ടായ ആത്മഹത്യകള്‍ക്ക്‌ 30 ശതമാനവും കുടുംബപരമായ പ്രശ്‌നങ്ങളാണ്‌ കാരണമായത്‌. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ 30ശതമാനവും കാരണമായി. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലമുണ്ടായ ആത്മഹത്യ 10.5 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്‌മ 1. 49 ശതമാനവും പരീക്ഷാത്തോല്‍വി .71 ശതമാനമായും താണു. പ്രണയനൈരാശ്യം 1.12 ശതമാനവും കാരണങ്ങള്‍ വ്യക്തമല്ലാത്തത്‌ 24 ശതമാനവുമാണ്‌. ഈ കണക്കുകള്‍ പറയുന്നത്‌ കുടുംബപരമായ പ്രശ്‌നങ്ങളാണ്‌ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ തന്നെയാണ്‌. മറ്റു പ്രധാന കാരണങ്ങള്‍ മാനസികരോഗങ്ങളും ശാരീരിക അവശതകളുമാണ്‌. വീട്ടകങ്ങളിലെ പുഴുക്കുത്തുകള്‍ പരിഹാരം കാണാതെ പുകഞ്ഞുനീറിക്കൊണ്ടേയിരിക്കുന്നു. നൂറ്‌ വീടുകളില്‍ 40 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത്‌ ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായി മാറിയിരിക്കുന്നു.


നൂറില്‍ എണ്‍പത്‌ സ്‌ത്രീകളും കുടുംബത്തിനകത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പങ്ക്‌ വെക്കാന്‍ ആഗ്രഹിക്കാത്തവരാണ്‌. പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടും ദുരഭിമാനവും എല്ലാം അതിന്‌ കാരണമാകുന്നുണ്ടെന്ന്‌ മഞ്ചേരിയിലെ അഭിഭാഷകയായ സുജാത എസ്‌ വര്‍മ പറയുന്നു. ഗാര്‍ഹിക നിയമം, വനിതാകമ്മീഷന്‍, സ്‌ത്രീ വിമോചക സംഘടനകള്‍ ഒക്കെയുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാരിയായ ഒരു വീട്ടമ്മക്ക്‌ തുണയാകാത്തതിന്റെ കാരണവും മറ്റൊന്നല്ല അവര്‍ പറയുന്നു.
ഇനി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒട്ടേറെ ജീവിതങ്ങള്‍ അണിയറയിലുണ്ട്‌. അവരുടെ ദൈന്യത വറ്റിയ മുഖംകൂടി ഇതോട്‌ ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. അവരെക്കുറിച്ച്‌ ഉടന്‍.....