26/6/10

മണല്‍കാട്ടില്‍ മലയാളികള്‍ പുതിയ ചതിക്കുഴികളില്‍

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സഊദി അറേബ്യയിലേക്ക് തൊഴില്‍ തേടിപ്പോയതാണ് സഫിയയുടെ ഭര്‍ത്താവ് ഷാജഹാന്‍. അയാള്‍~  ഒടുവില്‍ വിളിച്ചത് ആറു മാസങ്ങള്‍ക്കു മുമ്പാണ്. എന്നും വിളിക്കുമായിരുന്ന ഭര്‍ത്താവിന് എന്താണ് പറ്റിയത്? ഇതന്വേഷിച്ച് അലയുകയാണ് ഒറ്റപ്പാലത്തെ ഈ ഇരുപത്തിനാലുകാരി.
ഒപ്പം തീ തിന്ന് കഴിയാന്‍ എഴുപത് കടന്ന പിതാവ് അഹമ്മദും ഭാര്യ റുഖിയയും. ഷാജഹാന്റെ മൂന്നു വസ്സുകാരനായ മകന്‍ റുഫൈദും ഉപ്പയെ കാത്തിരിക്കുന്നുണ്ട്. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഉപ്പയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ കുഞ്ഞ്. 
 റുഫൈദിനെപ്പോലെ വീട്ടുകാര്‍ക്കുമറിയില്ല, ഷാജഹാന്റെ ഇപ്പോഴത്തെ അവസ്ഥ. സഊദി അറേബ്യയിലെ ജിദ്ദാ ജയിലില്‍ കിടക്കുന്ന  ഷാജഹാന്‍ എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരില്‍ തടവിലടക്കപ്പെട്ടവനല്ല. പൊറുക്കപ്പെടാനാവാത്ത ഒരു കുറ്റവും ആ യുവാവ് ചെയ്തിട്ടുമില്ല. പക്ഷേ,  എന്നിട്ടും ആറു മാസമായി  ജിദ്ദാ ജയിലില്‍ മൂന്നാം നമ്പര്‍ സെല്ലിന്റെ ഇരുട്ടുമുറിയില്‍ നരകിച്ചു ജീവിക്കുന്നു. ഇത്തരത്തിലെ നൂറുകണക്കിന് മലയാളികളില്‍ ഒരാള്‍ മാത്രമാണ് ഷാജഹാനും.
ഉണ്ടായിരുന്ന കൂര പണയപ്പെടുത്തിയും ഭാര്യയുടെ കെട്ടുതാലിവിറ്റും ഒരുലക്ഷവും രണ്ടു ലക്ഷവും രൂപ മുടക്കി   മണല്‍ക്കാടിന്റെ സമ്പന്നതയിലേക്ക് സ്വപ്നം കൊയ്യാന്‍ പോയ മലയാളികളില്‍ ഭൂരിഭാഗം പേരും ഇങ്ങനെ കൊടുംചതിയുടെ ആഴങ്ങളിലേക്കാണെറിയപ്പെടുന്നത്.}
നേരത്തെ ട്രാവല്‍ ഉടമകളും  ഏജന്റുമാരും ഇടനിലക്കാരുമായിരുന്നു മലയാളികളെ വഞ്ചിച്ചിരുന്നതെങ്കില്‍  ഇന്നു  തട്ടിപ്പിന് വഴിയൊരുക്കുന്നത് സഊദികള്‍ തന്നെയാണ്. ഇരകളെക്കുരുക്കി കൊടുക്കാന്‍ പ്രാഗത്ഭ്യം നേടിയ മലയാളികളും കൂട്ടിനുണ്ട്.  ഇവര്‍ വിരിച്ച വലകളില്‍ മറ്റു രാഷ്ട്രക്കാരും കുരുങ്ങുന്നുമുണ്ട്. 
 അരീക്കോട്ടെ താഴത്തങ്ങാടി കപ്പച്ചാലില്‍ മുനീബ് (36), വയനാട് പടിഞ്ഞാറെത്തറയിലെ പാറക്ക മുഹമ്മദ് ഇബ്‌റാഹീം (42), പനമരം അഞ്ചാം മൈലിലെ  ഇഖ്ബാല്‍ (30), ഒതുക്കുങ്ങലിലെ കുനിയില്‍ അബ്ബാസ് (36), ചേളാരിയിലെ പാലത്ത് മുഹമ്മദുകുട്ടി (40), മലപ്പുറം കുരുവമ്പലത്തെ മുനീര്‍ (26), വളാഞ്ചേരി കൊട്ടാരത്തെ വാലിയില്‍ മുഹമ്മദാലി (40), കാളികാവിലെ കുറുക്കന്‍ ഷാനവാസ് (27), തിരുവനന്തപുരം നേമത്തെ  ഇബ്‌റാഹീം എന്ന സഫീര്‍(30), കായംകുളത്തെ വലിയതുറ ഷാജഹാന്‍ (32), പുതു പൊന്നാനിയിലെ ബാവ എന്ന സുബൈര്‍ (35),  തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ ലിജോ ജോസഫ് (28), കാളികാവ്  കൂരാടിലെ ബൈജു (29), തലശ്ശേരി മാഹിയിലെ ആഇശയില്‍ സുബൈര്‍ (32)ഇവരെല്ലാവരും  ഷാജഹാനെപ്പോലെ ജിദ്ദാ ജയിലില്‍ മോചനം കാത്തു കഴിയുന്ന 180 മലയാളികളില്‍ ചിലര്‍ മാത്രമാണ്.
ഇവരുടെ എല്ലാവരുടെ പേരിലും ആരോപിക്കപ്പെട്ടത് ഒരേകുറ്റം.  ധന സംമ്പാദനത്തിനുള്ള ആര്‍ത്തിയില്‍ ഏതറ്റംവരേയും പോകാന്‍ തയ്യാറായ സ്‌പോണ്‍സര്‍മാരുടെ കൊടും ചതിയുടെ ബലിയാടുകള്‍ മാത്രമാണിവര്‍. തൊഴില്‍ തേടി എത്തുന്ന വിദേശികള്‍ സ്‌പോണ്‍സറുടെ കീഴില്‍ തന്നെ ജോലിചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും അയാളുടെ കീഴില്‍  ജോലിയുണ്ടാവില്ല. അപ്പോള്‍  അനുവാദത്തോടെ തന്നെ മറ്റു തൊഴിലിടങ്ങള്‍ തേടി പോകേണ്ടിവരും. ഇത് പതിവാണ്. പിന്നീട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ “ഇക്കാമ  പുതുക്കാന്‍ മാത്രമേ  സ്‌പോണ്‍സറുടെ സഹായം വേണ്ടതുള്ളൂ. അതിനായി  എത്തുമ്പോഴാണ് പലരും തങ്ങള്‍  അകപ്പെട്ട ചതിക്കുഴിയെക്കുറിച്ച് അറിയുന്നത്. അല്ലെങ്കില്‍ ആറ്റു നോറ്റിരുന്ന് പിറന്ന നാട്ടിലേക്ക് ഓടിയെത്താന്‍ വെമ്പല്‍കൊള്ളുന്നതിനിടെയാവും. അതുമല്ലെങ്കില്‍ നാട്ടില്‍  അവധിക്ക് വന്നു തിരിച്ചു മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാവും കുരുക്ക്മുറുകുന്നത്. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിക്കടുത്ത കണ്ടേങ്ങാടന്‍ യൂസുഫ് (35) അങ്ങനെയാണ് കെണിയില്‍ വീണത്. ലീവില്‍ വന്നു തിരിച്ചുമടങ്ങുകയായിരുന്നു യൂസുഫ്. ജിദ്ദ എയര്‍പോര്‍ട്ടധികൃതരാണ് ഇയാളുടെ വിസ ഉറൂബ് ചെയ്തതാണെന്നു പറഞ്ഞ്  ജയിലിലേക്കയച്ചത്.  പൊട്ടിക്കരഞ്ഞുപോയി അയാള്‍.  2009 ഒക്‌ടോബര്‍ 12നായിരുന്നു സംഭവം. 
പുതിയ വിസയിലെത്തുന്നയാള്‍ക്ക് ഇഖാമ  കൈമാറിയശേഷം ആറു മാസം  തികയാന്‍പോലും ക്ഷമയില്ല ചില സ്‌പോണ്‍സര്‍മാര്‍ക്ക്. അപ്പോഴേക്ക് തൊഴിലാളി ചാടിപ്പോയതായി  അവര്‍  ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) അധികാരികളെ അറിയിച്ചിരിക്കും. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് വേറെ വിസക്ക് അപേക്ഷിക്കാം. 2000 റിയാല്‍ അടച്ചാല്‍ ഉടന്‍ തന്നെ പുതിയ വിസ അനുവദിച്ച് കിട്ടും. ഇതു പതിനായിരം റിയാലിന് വാങ്ങാന്‍ ഏജന്റുമാര്‍ ക്യൂ നില്‍ക്കാനുണ്ടാവുമ്പോള്‍ അവര്‍ക്ക് ആവേശവും ആര്‍ത്തിയും കൂടുന്നത് സ്വാഭാവികം. ഇത് രണ്ടു ലക്ഷത്തിന് (ഇന്ത്യന്‍ രൂപ)ക്ക് വാങ്ങാന്‍ മലയാളികളും വരി നില്‍ക്കുമ്പോള്‍  ഏജന്റുമാര്‍ക്കും ഉത്സാഹം ഏറും.
പുതിയ വിസയിലെത്തിയയാള്‍  ഇതൊന്നുമറിയാതെ  ജോലി തുടരുന്നതിനിടയിലാവും ലേബര്‍ ചെക്കിംഗിലോ മറ്റോ പെടുന്നത്. അപ്പോള്‍ മാത്രമേ   കബളിപ്പിക്കപ്പെട്ട വിവരം  അറിയൂ. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ സഊദികള്‍ പുതുതായി കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നാണിത്. അടുത്ത കാലത്തായി ഇങ്ങനെ കബളിപ്പിക്കപ്പെട്ട വിദേശികള്‍ പതിനായിരങ്ങളാണ്.  മലയാളികളും   ആയിരക്കണക്കിന്. നൂറുകണക്കിനാളുകള്‍ ദിനംപ്രതി  തട്ടിപ്പിനിരയായിക്കൊണ്ടിരിക്കുന്നു. നേരത്തെ കറക്കുകമ്പനിക്കാരില്‍ നിന്നോ ചില പ്രത്യേക ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ ലഭിക്കുന്ന വിസകളിലൂടെയായിരുന്നു വിദേശികള്‍ കബളിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. സഊദിയില്‍ ജോലി ചെയ്തുവരുന്ന ഓരോ വിദേശിയും ഇന്ന് ഈ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലിയെടുക്കേണ്ടിവരുന്നവര്‍ ഏതു സമയവും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാം. അവരും ചാടിപ്പോയവരാണെന്ന് ജവാസാത്തില്‍ വിവരം നല്‍കി സ്‌പോണ്‍സര്‍ പുതിയ വിസക്ക് അപേക്ഷിക്കാന്‍ ഒരുങ്ങിയേക്കാം.  ഭീതിയോടെയാണ് ഓരോ നിമിഷവും ഓരോരുത്തരും കഴിഞ്ഞു പോരുന്നത്. കാരണം ഇവിടെ നൂറ് വിസക്കാരില്‍ 95 പേരും സ്‌പോണ്‍സറുടെ കീഴിലല്ല ജോലിചെയ്യുന്നത്. അടുത്ത കാലത്തായി എത്തിയ വിസക്കാരില്‍ അന്‍പതു ശതമാനവും സ്‌പോണ്‍സര്‍മാര്‍ (ഉറൂബ്) ചെയ്ത വിസയുള്ളവരാണ്. എപ്പോഴും പിടിക്കപ്പെടാവുന്നവര്‍. ഏതു സമയവും കാരാഗൃഹത്തിന്റെ ഇരുട്ടുമുറിയിലേക്കു തള്ളപ്പെടാന്‍ വിധിക്കപ്പെട്ടവര്‍.   
എന്നാല്‍  ഇതൊന്നുമറിയാതെ ആയിരങ്ങള്‍ പുതിയ വിസക്കായി  കാത്തുകെട്ടിക്കിടക്കുകയാണ്. നാളെത്തെ ഇരകളായി മാറാന്‍. ഇങ്ങനെ കബളിപ്പിക്കപ്പെട്ടവരില്‍ മലയാളികള്‍ മാത്രം ഇപ്പോള്‍ 216 പേര്‍ ജയിലിലുണ്ട്. 
മലപ്പുറം അഞ്ചച്ചവടിയിലെ കുന്നത്ത് ശിഹാബുദ്ധീന്‍ (31), അഞ്ചച്ചവടിയിലെ പുലിവെട്ടി കുഞ്ഞിമുഹമ്മദ്(32), മങ്കട ചേരിയത്തെ നല്ലേങ്ങര അബ്ദുല്‍ ഗഫൂര്‍(32), മേലാറ്റൂരിലെ നൗഷാദ് (27), വെള്ളുവമ്പ്രത്തെ ഹസന്‍ (45), കോട്ടക്കല്‍   ഈസ്റ്റ് വില്ലൂരിലെ ചെറുശ്ശോല അബ്ദുല്‍ നാസര്‍ (37), പെരിന്തല്‍മണ്ണ ആലിപ്പറമ്പിലെ യൂസഫ്(30), കരുളായിയിലെ മുഹമ്മദ് ശരീഫ് (26),  വണ്ടൂര്‍ കാരക്കപ്പറമ്പിലെ ഹിദായത്തുല്ല (30), ഇവരെല്ലാവരും  രണ്ടാഴ്ചക്കിടെ  ദുരന്തപൂര്‍ണമായ ജയില്‍ ജീവിതത്തില്‍ നിന്ന് ശാപമോക്ഷം നേടി ജന്മനാട്ടില്‍ തിരിച്ചെത്തിയവരാണ്. മലപ്പുറം ജില്ലയിലുള്ളവര്‍ മാത്രം രണ്ടു മാസത്തിനിടെ ഇത്തരത്തില്‍180 പേര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ജയിലിലും അതിലേറെയുണ്ട്. പുറത്ത് പിടിക്കപ്പെടാന്‍ സാധ്യതയുള്ളവരോ ആയിരങ്ങളാണ്. പുതിയ ആളുകള്‍ മാത്രമല്ല ഇങ്ങനെ കബളിപ്പിക്കപ്പെടുന്നത്. പത്തും ഇരുപതും വര്‍ഷം ഇവിടെ ജോലി ചെയ്തവര്‍പോലും ഇരകളായി തീരുന്നുണ്ട്. 

19/6/10

സഊദി അറേബ്യയില്‍ മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും

വിളംബരം എക്സ്ക്ലൂസീവ്

വീട്ടമ്മയുടെ വെളിപ്പെടുത്തല്‍

 സഊദി അറേബ്യയില്‍ വീട്ടുജോലിക്ക്‌ പോയി കബളിപ്പിക്കപ്പെട്ട മലയാളി സ്‌ത്രീകള്‍ ജയിലുകളിലും വീട്ടുതടങ്കലിലും അടക്കപ്പെട്ടതായി ആരോപണം.
ഒരുമാസം മുമ്പ്‌ മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരില്‍ നിന്നും സഊദി അറേബ്യയിലെ അബഹയിലേക്ക്‌ പോയ തട്ടാരപ്പറമ്പത്ത്‌ റംലയാണ്‌ താനും മലയാളികളായ മറ്റ്‌ സ്‌ത്രീകളും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌. ജോലി ചെയ്‌തിരുന്ന വീട്ടിലുള്ളവരുടെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ റഹീമ സഊദി ജയിലിലാണെന്ന്‌ റംല പറയുന്നു. ഇങ്ങനെ നിരവധി സ്‌ത്രീകള്‍ അബഹയിലും ജിദ്ദയിലുമുള്ള നിരവധി വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
ഗള്‍ഫില്‍ ജോലിതേടിയെത്തുന്ന സ്‌ത്രീകള്‍ കബളിപ്പിക്കപ്പെടുന്നതും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നതും പുതുമയുള്ള വാര്‍ത്തയല്ല. എല്ലാക്കാലവും അതുണ്ടാവുന്നു. സ്വന്തം വീട്ടകങ്ങളില്‍ പോലും സുരക്ഷിതരല്ലാത്ത സ്‌ത്രീകള്‍ ഭാഷയും സംസ്‌ക്കാരവും വിഭിന്നമായൊരു രാജ്യത്ത്‌ എത്രമാത്രം സുരക്ഷിതരാവും...?
കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ വീട്ടുജോലിക്കെത്തിയ വയനാട്ടുകാരായ രണ്ടു യുവതികള്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയിലകപ്പെട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ഇവര്‍ വനിതാ കമ്മീഷന്‍ അംഗം രുഗ്മിണി ഭാസ്‌ക്കറിനുമുമ്പില്‍ വെളിപ്പെടുത്തിയത്‌ നടുക്കുന്ന വിവരങ്ങളായിരുന്നു.
മറ്റുപലരും ഇവരുടെ കെണിയില്‍ കുടുങ്ങിയതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്നും അജ്ഞാതമാണ്‌. പലരും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക്‌ ഇരയാകുന്നുണ്ട്‌.
ഇങ്ങനെ ഇരയായവരെക്കുറിച്ച്‌ പോലും റംല പറഞ്ഞു. എന്നാല്‍ അതാരും പുറത്തുപറയാറില്ല. അതുകൊണ്ടുതന്നെ വിദേശങ്ങളിലേക്ക്‌ ജോലിതേടിയുള്ള മലയാളീ സ്‌ത്രീകളുടെ ഒഴുക്ക്‌ എന്നുമുണ്ടാകുന്നു. നിത്യവൃത്തിക്ക്‌ ഗതിയില്ലാത്തവരും പുരുഷന്‍മാര്‍ കുടുംബനാഥന്‍മാരല്ലാത്ത വീടുകളില്‍ നിന്നുമാണ്‌ സ്‌ത്രീകള്‍ പ്രധാനമായും പോകുന്നത്‌. എന്നാല്‍ പലരും തങ്ങള്‍ അകപ്പെട്ട കെണിയെക്കുറിച്ച്‌ പുറംലോകത്തോട്‌ പറയാനാവാത്ത അവസ്ഥയിലാണ്‌.
റംല ഒരുമാസം മുമ്പാണ്‌ നാട്ടുകാരനായ ഒരാള്‍ നല്‍കിയ വിസയില്‍ അബഹയിലെത്തിയത്‌. ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ വീട്ടിലുണ്ടാകൂ എന്നായിരുന്നു പറഞ്ഞിരുന്നത്‌. മാസം 800 റിയാല്‍ ശമ്പളവും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ 12 പേരിലേറെയുള്ള വീട്ടിലാണ്‌ ജോലി ചെയ്യേണ്ടിവന്നത്‌. ശമ്പളം 500 റിയാല്‍ മാത്രവും. എടുത്താല്‍ പൊങ്ങാത്ത ജോലിയായിരുന്നു അവിടെ കാത്തിരുന്നത്‌. നേരത്തെയുണ്ടാക്കിയ കരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 500 റിയാലേ തരാനാവൂ എന്നാണ്‌ അബ്‌ദുല്‍ റസാഖ്‌ എന്ന സ്‌പോണ്‍സറും റിട്ട പോലീസുകാരനായ ഇയാളുടെ പിതാവും പറഞ്ഞത്‌.
റഹീമക്ക്‌ ഒരു മാസം ജോലി ചെയ്‌തതിന്‌ ശമ്പളമൊന്നും നല്‍കിയില്ല. ജോലി സമയം കഴിഞ്ഞാലും വെറുതെയിരിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുമായിരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ മര്‍ദിക്കാനും മടിക്കില്ല. സഹിക്കവയ്യാതെ ജീവനും കൊണ്ട്‌ ഓടിപ്പോരുകയായിരുന്നു റഹീമയെന്ന്‌ റംല പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ റംല മലയാളികളായ ചിലരുടെ കാരുണ്യത്തിലാണ്‌ നാട്ടിലേക്ക്‌ വണ്ടികയറിയത്‌. മംഗള എക്‌സ്‌പ്രസില്‍ പുറപ്പെട്ട ഇവര്‍ 21 (21 6 2010)നാളെ കോഴിക്കോട്ടെത്തും. വീട്ടുജോലിക്കായും മറ്റും വിദേശങ്ങളിലെത്തുന്ന മലയാളി യുവതികള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിത്യ സംഭവമായിട്ടും ഇത്‌ തടയിടാന്‍ കഴിയാത്തത്‌ ഗള്‍ഫ്‌മേഖലകളില്‍ തൊഴിലെടുക്കുന്ന മലയാളി വീട്ടമ്മമാരെയും അവരുടെ ബന്ധുക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്‌.
ഇനിയുമുണ്ടാകും ഇരകള്‍....കാണാമറയത്ത്‌. നാളെത്തെ റംലയും റഹീമയുമാകാന്‍.....

12/6/10

മലയാള സിനിമയില്‍ കഥാ മോഷണ മാഫിയ


മഴ തോരാതെ എന്ന എന്റെ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചാണ്‌ സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ പുറത്തിറക്കിയതെന്ന വിവാദവുമായി ബന്ധപ്പെട്ട്‌ കെ പി കുഞ്ഞിമ്മൂസ വര്‍ത്തമാനം ദിനപത്രത്തില്‍ എഴുതിയ അന്തിക്കാടും ആലുങ്ങലും എന്ന ലേഖനമാണ്‌ ഈ കുറിപ്പിനാധാരം.

മലയാള സാഹിത്യരംഗത്തോ പത്രപ്രവര്‍ത്തന രംഗത്തോ ഏറ്റവും വലിയ വട്ടപ്പൂജ്യമാണെന്ന്‌ സ്വയം തിരിച്ചറിയുന്ന ഒരാളാണ്‌ ഇതെഴുതുന്നത്‌. അവിടെ ഒരിടമുണ്ടാക്കാന്‍ മത്സരിക്കുന്ന ആളുമല്ല. സാഹിത്യ പ്രസ്ഥാനത്തിനോ ചലച്ചിത്ര ശാഖക്കോ എന്തെങ്കിലും സംഭാവന നല്‍കിയെന്നും അവകാശപ്പെടുന്നില്ല. നിര്‍ഭാഗ്യ വശാല്‍ ഈ പാവവും ചെറിയ ചില സാഹിത്യ രചനകളൊക്കെ നടത്തിപ്പോയിട്ടുണ്ട്‌. അതില്‍പ്പെട്ട ഒന്നാണ്‌ ഈ പറയപ്പെട്ട നോവല്‍.

അത്‌ പത്തു വര്‍ഷം മുമ്പ്‌ എഴുതിപോയതാണ്‌. അതൊരു തെറ്റായിപോയെങ്കില്‍ സാംസ്‌കാരിക കേരളം എന്നോട്‌ ക്ഷമിക്കുക. 2003 ഏപ്രില്‍ 13 മുതല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ അവസാന പേജില്‍ ബഹുവര്‍ണ കളറില്‍ അച്ചടിച്ചു വന്നതാണ്‌ പ്രസ്‌തുത നോവല്‍. 2005 സെപ്‌തംബറില്‍ പൂര്‍ണാ പബ്ലിക്കേഷന്‍സ്‌ പുസ്‌തകവുമാക്കി. 2005 ഡിസംബര്‍ 15ന്‌ അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ കഥാകൃത്ത്‌ പി സുരേന്ദ്രന്‌ നല്‍കി പ്രകാശന കര്‍മവും നിര്‍വഹിക്കപ്പെട്ടു.

ഇതൊക്കെ ജീവിക്കുന്ന തെളിവുകളാണ്‌ സര്‍. അഞ്ചുവര്‍ഷം മുമ്പ്‌ വിപണിയിലെത്തിയ നോവലിന്റെ പ്രമേയം മോഷ്‌ടിച്ചുവെന്നാണ്‌ പറഞ്ഞത്‌. ആ നോവലിന്റെ അച്ചടിച്ച കോപ്പികളാണ്‌ പത്ര സമ്മേളനത്തില്‍ ഹാജരാക്കിയത്‌. പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരുടെ ഫോട്ടോയാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇതിനേക്കാള്‍ വലിയ തെളിവുകള്‍ ഇനി എന്താണ്‌ സര്‍ വേണ്ടത്‌.?

മോഷണക്കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ മഹത്വമാണോ മുഖ്യം...? തെളിവുകള്‍ അതല്ലേ പ്രധാനം.ആരോപണം ഉന്നയിച്ച വ്യക്തി തെളിവുകള്‍ നിരത്തിയല്ലേ സംസാരിച്ചതെന്നും അത്‌ പരിശോധിച്ചിട്ടല്ലേ മറുപടി അര്‍ഹിക്കുമോ ഇല്ലെയോ എന്ന്‌ പ്രതികരിക്കേണ്ടതെന്നും അന്തിക്കാടിന്റെ പ്രസ്‌ ദ മീറ്റില്‍ ചോദിക്കാന്‍ നട്ടെല്ലുള്ള ഒരുപത്രപ്രവര്‍ത്തകനുമില്ലാതെ പോയതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌.

ഇത്‌ സാംസ്‌കാരിക രംഗത്തെ ദളിതനും സവര്‍ണനും തമ്മിലുള്ള പ്രശ്‌നമായി വേണം കാണാന്‍. ഞാന്‍ സാംസ്‌കാരിക രംഗത്തെ അധകൃതനാണ്‌. അത്രപോലും ഇടവും എനിക്കവിടെ കിട്ടുമെന്നും കരുതുന്നില്ല. കിട്ടാത്തതില്‍ പരാതിയുമില്ല. അതുകൊണ്ടാണ്‌ എന്റെ ആരോപണത്തിന്‌ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം കിട്ടാതെ പോയത്‌.

കുഞ്ഞിമ്മൂസ സാഹിബ്‌ പോലും കാളപ്പെറ്റന്ന്‌ കേട്ടപ്പോള്‍ കയറെടുക്കാനാണ്‌ ഓടിയത്‌. നോവല്‍ വായിച്ചിട്ടോ സിനിമകണ്ടിട്ടോ അല്ല ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയിരിക്കുന്നത്‌. ഒരു നാട്ടു നടപ്പ്‌ പറഞ്ഞെന്ന്‌ മാത്രം. സവര്‍ണന്റെ കാലുതിരുമ്മിയാലും പുറംചൊറിഞ്ഞാലും പലര്‍ക്കുമുണ്ട്‌ കാര്യം. അല്ലാതെ ഈ കീഴ്‌ജാതിക്കാരനൊക്കെ ജയ്‌ വിളിച്ചിട്ട്‌ എന്ത്‌കിട്ടാനാണല്ലേ സര്‍....

നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന്‌ പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണ്‌. ഇനി ബഷീറിന്റെ ബാല്യകാല സഖി മോഷണക്കഥയല്ലെന്ന്‌ തെളിയിച്ചവരെപോലെ ആര്‍ക്കും ഒരുപോസ്റ്റുമോര്‍ട്ടത്തിന്‌ സജ്ജരാകാം. അവര്‍ വിധിക്കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാം . എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ എനിക്ക്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്‌.

നാടോടിക്കാറ്റ്‌ സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയാണ്‌. ഇതിന്റെ കഥ പടം പുറത്ത്‌ വരുമ്പോള്‍ അന്തിക്കാടിന്റേത്‌ തന്നെയായിരുന്നു. എന്നാല്‍ പിന്നീട്‌ അവകാശികളെത്തി. അവര്‍ പില്‍ക്കാലത്ത്‌ സിദ്ദീഖ്‌ ലാല്‍ എന്ന പേരില്‍ സിനിമാരംഗത്ത്‌ സജീവമായി. അപ്പോള്‍ പുതിയ പ്രിന്റില്‍ അവരുടെ പേര്‌ എഴുതികാണിക്കാന്‍ അന്തിക്കാട്ടുകാരനും നിര്‍ബന്ധിതനായി.

അമ്മയും വിനോദയാത്രയും ചില സ്‌പാനിഷ്‌ സിനിമകളുടെ ഫോട്ടോ സ്റ്റാറ്റാണെന്നത്‌ സിനിമാ രംഗത്ത്‌ പരസ്യമായ രഹസ്യങ്ങളാണ്‌. ഇംഗ്ലീഷ്‌ സിനിമകളുടെ പ്രേതം ബാധിച്ച ഒട്ടേറെ സിനിമകള്‍ ഇവിടെ പുറത്ത്‌ വരികയും അവര്‍ മലയാളി പ്രേക്ഷകനുമുമ്പില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുകയും ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.

സിനിമാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചില മാഫിയകളെക്കുറിച്ച്‌ പറഞ്ഞത്‌ നടന്‍ തിലകനാണ്‌. എന്നാല്‍ സിനിമാ രംഗത്ത്‌ കഥാ മോഷണ മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ സംസ്ഥാന അവാര്‍ഡ്‌ നേടിയ ഒരു സിനിമയുടെ തിരക്കഥയെഴുതിയത്‌ എന്റെ തന്നെ ഒരു സുഹൃത്താണ്‌. ഒരുലക്ഷം രൂപയാണ്‌ അയാള്‍ക്ക്‌ പ്രതിഫലം നല്‍കിയത്‌. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തിരക്കഥാകാരന്റെ പേര്‌ സംവിധായകന്റേതായിരുന്നു. സഹ സംവിധായകരുടെ കൂട്ടത്തില്‍ സുഹൃത്തിന്റെ പേരും എഴുതിചേര്‍ത്തു. നല്ലകഥയുടെ ത്രെഡ്‌ ഉണ്ടെങ്കില്‍ 10000 രൂപമുതല്‍ 25000 രൂപവരെ കൊടുക്കുന്ന നിര്‍മാതാക്കളും സംവിധായകരുമുണ്ടെത്രെ. കഥയുടെ പിതൃത്വം അവര്‍ക്ക്‌ നല്‍കണമെന്ന്‌ മാത്രം.

മുമ്പൊരിക്കല്‍ ഇപ്പോള്‍ വിവാദമായ മഴതോരാതെ എന്ന നോവല്‍ സിനിമയാക്കാന്‍ ഒരു നിര്‍മാതാവിന്റെ ഇടനിലക്കാരന്‍ എന്നെ സമീപ്പിക്കുകയുണ്ടായി. അന്നത്‌ കാര്യമാക്കിയിരുന്നില്ല. 100000 രൂപവരെ തരാം എന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ എന്റെ കുഞ്ഞിന്റെ പിതൃത്വം മറ്റാര്‍ക്കെങ്കിലും തീറെഴുതികൊടുക്കാന്‍ താത്‌പര്യമില്ലാത്തത്‌കൊണ്ട്‌ ആ കച്ചവടം ഉറപ്പിച്ചില്ല.

ഒരു ചാനല്‍ പൈങ്കിളി എന്നോട്‌ പറഞ്ഞത്‌ അന്തിക്കാടിനെതിരെയൊന്നും വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല ചേട്ടാ എന്നാണ്‌. ഒരേ പത്രത്തില്‍ ജോലിയെടുക്കുകയും വര്‍ഷങ്ങളോളം ഒരേപായയില്‍ ഉറങ്ങുകയും ചെയ്‌ത ആത്മ സുഹൃത്തിന്‌ പോലും എന്റെ വാര്‍ത്താ സമ്മേളനം അവന്റെ ചാനലില്‍ വരുത്താന്‍ കഴിയാതെ പോയത്‌ ആരോപണത്തില്‍ കഴമ്പില്ലാതെ പോയത്‌കൊണ്ടല്ല. അന്തിക്കാടിനെ പിണക്കാന്‍ കഴിയാത്തത്‌ കൊണ്ടായിരുന്നു.

ഇന്ത്യാവിഷന്‍ ചാനലില്‍ വളരെ നല്ലനിലയില്‍ ആ വാര്‍ത്ത നല്‍കിയത്‌ പത്രസമ്മേളനം നടത്തിയത്‌ കൊണ്ടുമാത്രമല്ല സര്‍. അവര്‍ നോവല്‍ വായിക്കുകയും സിനിമകാണുകയും ചെയ്‌ത്‌പോയത്‌ കൊണ്ടാണ്‌. ഇനി ഒരുകാര്യം കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ. എന്റെ നോവലിന്റെ പ്രസാധകാവകാശം പൂര്‍ണാ പബ്ലിക്കേഷന്‍സിന്‌ തീറെഴുതികൊടുത്തതാണ്‌. അന്ന്‌ ഒരു പുസ്‌തകമിറങ്ങികാണാനുള്ള ആഗ്രഹം കൊണ്ട്‌ അങ്ങനെയൊരബദ്ധമൊക്കെ കാണിച്ചുപോയി. അതിന്റെ കോപ്പി വിറ്റുപോയിട്ട്‌ എനിക്ക്‌ ഒരു ലാഭവുമില്ല. ഈ നോവലിന്റെ ഒരു കോപ്പി പോലും എനിക്ക്‌ നാല്‍പത്‌ ശതമാനം വിലക്കുറച്ച്‌ നല്‍കിയെങ്കില്‍ മാത്രമെ ലഭിക്കുകയുമുള്ളൂ. അങ്ങനെയൊരു നോവലിന്റെ കോപ്പി വില്‍ക്കാന്‍ എന്റെ പോക്കറ്റ്‌ കാലിയാക്കികൊണ്ട്‌ ഞാന്‍ ഇറങ്ങിത്തിരിക്കുമോ...?

ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ്‌ പബ്ലിസിറ്റിയുണ്ടാക്കേണ്ടത്‌. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ്‌ ചിലര്‍ ആളാവുന്നതു കണ്ടാണ്‌ പ്രതികരിക്കേണ്ടി വന്നത്‌. അതൊരു ഗതികെട്ടവന്റെ നിലവിളിയായിരുന്നു. അതിനോട്‌ ഐക്യദാര്‍ഢ്യമൊന്നും വേണ്ട. പരിഹസിക്കാതിരിക്കാം സര്‍... പബ്ലിസിറ്റിയാണ്‌ ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല പരിപാടികളില്ലേ സര്‍...ഈ യുദ്ധത്തില്‍ ഞാന്‍ കാലിടറിവീണേക്കാം. നാളെ ഈ കഥയുടെ പിതൃത്വത്തിന്‌ വേണ്ടിയുള്ള ഡി എന്‍ എ ടെസ്റ്റ്‌ നടക്കാതെ വിസ്‌മൃതിയിലേക്കെടുത്തെറിയപ്പെടുകയും ചെയ്യാം. അത്‌ ന്യായവും നീതിയും എന്റെ പക്കലില്ലാത്തതുകൊണ്ടല്ല. ശത്രുവിന്റെ ഉയരത്തില്‍ ഓങ്ങിവെട്ടണമെങ്കില്‍ ആവശ്യമായ മൂലധനമില്ലാത്തത്‌ കൊണ്ടുമാത്രമാണ്‌.

കീഴാള വിഭാഗത്തിന്റെ കീഴടങ്ങലുകളെ അപ്പോഴും വിജയമായി ആഘോഷിക്കാന്‍ ധാരാളം പേര്‍ കണ്ടേക്കാം. പണംകൊണ്ട്‌ പലതും വാങ്ങാം സര്‍.. നീതിന്യായ വ്യവസ്ഥയിലും വിജയക്കൊടി നാട്ടാം... പക്ഷേ പാവപ്പെട്ടവന്റെ ബുദ്ധിശക്തിക്കും ഇച്ഛാശക്തിക്കും മാത്രം വിലപേശരുത്‌

8/6/10

കഥ മോഷണം: അന്തിക്കാടിനെ വെല്ലുവിളിക്കുന്നുകഥ മോഷണം: അന്തിക്കാടിനെ വെല്ലുവിളിക്കുന്നുകഥതുടരുന്നുവെന്ന സിനിമയുടെ കഥ മോഷണമാണെന്ന ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം വീണത്‌ വിദ്യയാക്കാനുള്ള തന്ത്രം മാത്രമാണ്‌.?വസ്‌തുനിഷ്‌ടമായ തെളിവുകള്‍ നിരത്തി നടത്തിയ ആരോപണത്തിന്‌ വാചക കസര്‍ത്തുകൊണ്ടാണോ മറുപടി പറയേണ്ടത്‌. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌. അതിനുതക്ക തെളിവുകള്‍ എന്റെ പക്കലുണ്ട്‌. അതല്ലെന്ന്‌ തെളിയിക്കാനുള്ള ബാധ്യത അന്തിക്കാടിനുണ്ട്‌. തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു.

ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ്‌ പബ്ലിസിറ്റിയുണ്ടാക്കേണ്ടത്‌. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ്‌ ചിലര്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുന്നതു കണ്ടാണ്‌ പ്രതികരിക്കേണ്ടി വന്നത്‌. പബ്ലിസിറ്റിയാണ്‌ ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല പരിപാടികളുണ്ട്‌. അതായിരുന്നു ലക്ഷ്യമെങ്കില്‍ സിനിമക്കും നോവലിനും സാദൃശ്യം തോന്നിയപ്പോള്‍ നിര്‍മാതാവിനെ സമീപ്പിക്കേണ്ടതില്ലായിരുന്നു. അവര്‍ മാന്യമായ രീതിയില്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്റെ വാര്‍ത്താ സമ്മേളനവും ഒഴിവാക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വിവാദങ്ങളിലൂടെ സിനിമക്ക്‌ ആളെകൂട്ടുന്ന ചീപ്പ്‌ പബ്ലിസിറ്റിക്ക്‌ കളമൊരുക്കിയത്‌ സിനിമാ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്‌. ഏഴുവര്‍ഷം മുമ്പ്‌ വിപണിയിലെത്തിയ നോവല്‍ മോഷ്‌ടിച്ചുവെന്നാണ്‌ പറഞ്ഞത്‌. ആ നോവലിന്റെ അച്ചടിച്ച കോപ്പികളാണ്‌ ഹാജരാക്കിയത്‌.

പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരുടെ ഫോട്ടോയാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇതിനേക്കാള്‍ വലിയ തെളിവുകള്‍ ഇനി എന്താണ്‌ വേണ്ടത്‌.? തെളിവുകള്‍ സാക്ഷിപറയുന്ന ഈആരോപണം മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ മറുപടിക്കുള്ള മാനദണ്‌ഡമെന്താണാവോ? വിഖ്യാത ചലച്ചിത്രകാരന്റെ തിരുമൊഴി കേള്‍ക്കാന്‍ ഈ യുള്ളവന്‍ ഇനി ആ കാല്‍ക്കീഴില്‍ എന്താണാവോ കാണിക്കവെക്കേണ്ടത്‌...? സാംസ്‌കാരിക മന്ത്രിപോലും പങ്കെടുത്ത ചടങ്ങിനെ നിസാരവത്‌കരിച്ച്‌ ആ ചടങ്ങില്‍ പങ്കെടുത്തവരെ മുഴുവന്‍ അപമാനിച്ചതിലൂടെ സിനിമാക്കാരുടെ തനി സംസ്‌കാരം പ്രകടിപ്പിച്ച്‌ സ്വയം ചെറുതാവുകയായിരുന്നു അന്തിക്കാട്‌. എന്റെ നോവല്‍ വായിക്കുകയും സിനിമകാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന്‌ പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന്‌ പിന്‍മാറാം. എന്തുശിക്ഷയും ഏറ്റുവാങ്ങാം. എന്റെ പത്ര സമ്മേളനത്തെ തമസ്‌ക്കരിക്കുന്നതില്‍ ഇവിടുത്തെ പ്രമുഖ മാധ്യമങ്ങള്‍ പോലും മത്സരിച്ച്‌ ??യഥാര്‍ഥ പത്രധര്‍മമെന്താണെന്നാണ്‌ കാണിച്ചു തന്നത്‌. അവരെ അഭിനന്ദിക്കാതിരിക്കാന്‍ എങ്ങനെ കഴിയും. അടുത്ത ദിവസം അന്തിക്കാടിന്റെ മറുപടിക്ക്‌ ഇടം കൊടുത്ത്‌ ചിലര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും പ്രകടിപ്പിച്ചു.

കഥ മോഷ്‌ടിച്ചിട്ടില്ലെങ്കില്‍ സത്യന്‍ അന്തിക്കാട്‌ ആരെയാണ്‌ ഭയക്കുന്നത്‌....? അയാളെ സംരക്ഷിക്കേണ്ട എന്ത്‌ ബാധ്യതയാണ്‌ ഈ മാധ്യമങ്ങള്‍ക്കുള്ളത്‌....? എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ തനിക്ക്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്‌. കഥ മോഷണമല്ലെന്ന്‌ ഉത്തമബോധ്യം അന്തിക്കാടിനുണ്ടെങ്കില്‍ അയാളെ അപകീര്‍ത്തിപ്പെടുത്തിയതിന്‌ എന്തുകൊണ്ട്‌ തന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. ?

3/6/10

കഥ മോഷണം:`കഥ തുടരുന്നു'വിന്റെ പ്രദര്‍ശനം തടയണം
ത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയുടെ കഥക്ക്‌ മഴതോരാതെ എന്ന തന്റെ നോവലിന്റെ പ്രമേയവുമായി വളരെ സാമ്യമുണ്ടെന്ന്‌ നോവലിസ്റ്റും പത്ര പ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നോവല്‍ 2003ല്‍ ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വന്നതാണ്‌. 2005 സെപ്‌തംബറില്‍ കോഴിക്കോട്‌ പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള തൃശൂര്‍ നളന്ദ പബ്ലിക്കേഷന്‍സ്‌ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. എ പി അനില്‍കുമാര്‍ എം എല്‍ എ സാംസ്‌കാരിക മന്ത്രിയായിരിക്കേ വണ്ടൂരില്‍ വെച്ച്‌ അദ്ദേഹമായിരുന്നു നോവലിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. പ്രശസ്‌ത കഥാകൃത്ത്‌ പി സുരേന്ദ്രനാണ്‌ നോവല്‍ ഏറ്റുവാങ്ങിയത്‌.


വിഷയം സിനിമാ നിര്‍മാതാവായ തങ്കച്ചന്‍ ഇമ്മാനുവലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം ഡയറക്‌ടറായ സത്യന്‍ അന്തിക്കാടുമായി സംസാരിച്ച ശേഷം എന്നെ വിളിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരുനടപടിയുമുണ്ടായിട്ടില്ല. ഇതോടെ നടന്നത്‌ കഥാമോഷണമാണെന്ന എന്റെ സംശയങ്ങള്‍ സത്യമാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.
ഒരു യാഥാസ്ഥിക മുസ്‌ലിം കുടുംബത്തിലെ നസീമ എന്ന പെണ്‍കുട്ടിയുടേയും അവരുടെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ അധ്യാപകനായെത്തുന്ന പ്രസാദ്‌ മാഷിന്റെയും വിജാതീയ വിവാഹമാണ്‌ നോവലിന്റെ ഇതിവൃത്തത്തെ സംഘര്‍ഷഭരിതമാക്കുന്നത്‌. പ്രസാദ്‌മാഷ്‌ ഒരു അപകടത്തില്‍ മരിക്കുമ്പോള്‍ സിനിമയില്‍ ക്വട്ടേഷന്‍ സംഘം ആളുമാറി കഥാനായകനെ കൊലപ്പെടുത്തുകയാണ.്‌ നോവലില്‍ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെടുന്ന ഗര്‍ഭിണിയായ നസീമയുടെ അലച്ചിലിന്റേയും ഒറ്റപ്പെടലിന്റേയും കഥപറയുന്നു. സിനിമയില്‍ ഒരുകുഞ്ഞിന്റെ അമ്മയായ ശേഷമുള്ള കഥാ നായികയുടെ ദുരിതങ്ങള്‍ പറയുന്നു.


സിനിമയില്‍ ചേരി നിവാസികള്‍ നായികക്ക്‌ തുണയാകുമ്പോള്‍ നോവലിലെ നായികക്ക്‌ ദൂരെയുള്ള ഒരുവീട്ടുകാരും ഊര്‍മ്മിളയെന്ന പെണ്‍കുട്ടിയുമാണ്‌ അഭയമേകുന്നത്‌. സിനിമയില്‍ കോളനി വാസികള്‍ അവളെ ഡോക്‌ടറാക്കാന്‍ വേണ്ടതുചെയ്യുമ്പോള്‍ നോവലില്‍ ഊര്‍മിളയും മറ്റുള്ളവരും ചേര്‍ന്ന്‌ അവളെ ടീച്ചറാക്കുന്നു. പ്രസവംവരെ അവരുടെ ചെലവിലാണ്‌ നടക്കുന്നത്‌. ആ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നസീമയും കുഞ്ഞും ഏറെ പ്രിയപ്പെട്ടവരായി മാറുന്നുണ്ട്‌.
2003ല്‍ പുറത്തുവരികയും 2005ല്‍ പുസ്‌തകമായി വിപണിയിലെത്തുകയും ചെയ്‌ത ഈ നോവല്‍ ഇന്ത്യയിലെ പ്രമുഖ പുസ്‌തകശാലകളിലൂടെ ലഭ്യമായിരുന്നു. ഇപ്പോഴും ലഭ്യവുമാണ്‌. അതുപോലൊരു കഥ 2010ല്‍ സിനിമയായി പുറത്തുവരുമ്പോള്‍ കഥാ ചോരണത്തിനുള്ള സാധ്യതകള്‍ ഊഹിക്കാമല്ലോ... എഴുത്തുകാരന്റെ അനുവാദത്തോടെ നോവല്‍ സിനിമാ രൂപം പ്രാപിക്കുമ്പോള്‍ പോലും നോവലില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥത പുലര്‍ത്താറുണ്ട്‌. എഴുത്തിന്റെ ഭാഷയെ ദൃശ്യവത്‌കരിക്കുമ്പോള്‍ അതങ്ങനെയെ സാധിക്കൂ. എന്നതുപോലെ ഇവിടെയും കഥാ സന്ദര്‍ഭവും പശ്ചാത്തലവും ഒക്കെ മാറുന്നുണ്ട്‌. പുതിയ കഥാപാത്രവും സന്ദര്‍ഭങ്ങളും കടന്നുവരുന്നുമുണ്ട്‌. എങ്കിലും കഥതുടരുന്നു എന്ന സിനിമയുടെ പ്രമേയവും എന്റെ നോവലിന്റെ ജീവനും ഒന്നു തന്നെയാണ്‌.


നോവലില്‍ നായികയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്‌നേഹത്തോടെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോകാനെത്തുമ്പോള്‍ നസീമ എതിര്‍ക്കുന്നില്ല. ഭര്‍തൃവീട്ടുകാരുടെ ഇഷ്‌ടത്തിനൊത്ത്‌ കുഞ്ഞിനെ വളര്‍ത്താന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രശ്‌നം സൃഷ്‌ടിക്കാന്‍ ഒടുവില്‍ നസീമയുടെ പിതാവും കഥയിലെത്തുന്നുണ്ട്‌. അയാള്‍ വരുന്നത്‌ കുഞ്ഞിനേയും മകളേയും കൂട്ടികൊണ്ടുപോകാനാണ്‌. അവിടെയാണ്‌ നോവല്‍ വായനക്കാരന്റെ മനസ്സില്‍ ചിലചോദ്യങ്ങള്‍ അവശേഷിപ്പിച്ച്‌ അവസാനിപ്പിക്കുന്നത്‌. അവിടെയാണ്‌ മഴതോരാതെ എന്നപേരും അര്‍ഥവത്താകുന്നത്‌. കഥതുടരുന്നു, മഴതോരാതെ...പേരില്‍പോലും ഒരുസാമ്യം തോന്നുന്നു.


നോവലില്‍ നായികയുടെ പിതാവ്‌ കുഞ്ഞിനെ കണ്ടുമുട്ടുമ്പോള്‍ സിനിമയില്‍ നായകന്റെ ഉമ്മയാണ്‌ കാണുന്നത്‌. നോവലില്‍ നായകന്റെ അമ്മ കുഞ്ഞിനെ സ്വീകരിക്കാനെത്തുമ്പോള്‍ പറയുന്നുണ്ട്‌. ഞങ്ങളിനി ഇവനിലൂടെയാണ്‌ എന്റെ മോനെ കാണുന്നത്‌. സമാനമായ സംഭാഷണം സിനിമയിലും ആ ഉമ്മ നടത്തുന്നുണ്ട്‌.


കഥാനായകന്റെ മരണാനന്തരം മൃതദേഹം അടക്കുന്നതിനെചൊല്ലി നോവലില്‍ സംഘര്‍ഷമുണ്ടാകുന്നുണ്ട്‌. സമാനമായ ഒരുരംഗം സിനിമയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇങ്ങനെ എന്റെ നോവലിന്റെ മര്‍മ പ്രധാനമായ പലഭാഗങ്ങളും സിനിമയില്‍ ചില്ലറ മാറ്റങ്ങളോടെ കടന്ന്‌ വരുന്നുണ്ട്‌. എന്നാല്‍ പെട്ടന്ന്‌ മോഷണമാണെന്ന്‌ തിരിച്ചറിയാതിരിക്കാനുള്ള മായാജാലം നടത്തിയത്‌ ബോധപൂര്‍വമാണെന്നും ഞാന്‍ സംശയിക്കുന്നു. പരിചയ സമ്പന്നനായ ഒരു ചലച്ചിത്രകാരന്‌ അതിന്‌ സാധിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. സത്യന്‍ അന്തിക്കാടിനെപോലുള്ള ഒരാള്‍ ഇങ്ങനെ ചെയ്‌തതില്‍ വിഷമമുണ്ട്‌. എന്റെ അറിവോ സമ്മതമോ ഇല്ലാതെ നോവലിന്റെ ആശയം സിനിമക്ക്‌ ഉപയോഗിച്ചതോടെ എന്റെ നോവല്‍ ഹോം സിനിമയാക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ സിനിമയുടെ പ്രദര്‍ശനം തടയണം. ഇതിനുത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹംസ ആലുങ്ങല്‍ ആവശ്യപ്പെട്ടു.