28/4/14

വിഷാദക്കാറ്റില്‍ വളര്‍ന്ന ചിത്രശലഭങ്ങള്‍
മണ്ണാര്‍ക്കാട്ടെ ആശയുടെ ജീവിതത്തില്‍ നിന്ന് നിരാശയുടെ കാര്‍മേഘങ്ങള്‍ ഇപ്പോള്‍ പെയ്‌തൊഴിഞ്ഞിരിക്കുന്നു. കരയാനും ചിരിക്കാനും മറന്നു തുടങ്ങിയ അവര്‍ക്കിപ്പോള്‍ പുതിയ പ്രതീക്ഷകള്‍ തുന്നാനും പലരെയും ജീവിതത്തിലേക്ക് കൈപ്പിടിച്ച് നടത്താനും സാധിച്ചിരിക്കുന്നു.
വണ്ടൂരിലെ ദേവി നാട്ടുകാര്‍ക്കെല്ലാം ഒരു നോവിന്റെ ചിത്രമായിരുന്നു. എന്നാലിപ്പോള്‍ അവളുടെ മുഖത്തും പ്രതിസന്ധികളുടെ വന്‍ മതില്‍ ചാടിക്കടന്നതിന്റെ ആഹ്ലാദം. അത് കാണുമ്പോള്‍ രോഗിയായ അമ്മയുടെയും സഹോദരിയുടെയും മുഖത്തും സമൃദ്ധിയുടെ നിറപുഞ്ചിരി.
തന്റെ ജീവിതത്തിലിനി കളി ചിരികള്‍ക്ക് സ്ഥാനമുണ്ടാകുമെന്ന് കരുതിയിട്ടേ ഉണ്ടായിരുന്നില്ല നെടുമങ്ങാട്ടെ 19കാരി ജാനകി. എന്നാലിപ്പോള്‍ അവളിലൂടെ 15 കുടുംബങ്ങള്‍ക്കെങ്കിലും ആശ്വാസത്തിന്റെ പുതിയ ചില്ലയില്‍ കൂടുകൂട്ടാനായിരിക്കുന്നു. 
വിഷാദക്കാറ്റേറ്റ് വാടിയ ആശയുടെയും ദേവിയുടെയും നിഷയുടെയും നിരോഷയുടെയും സ്‌നേഹയുടെയും ആരിഫയുടെയും ആസിഫയുടെയും ജാനകിയുടെയുമെല്ലാം മുഖത്ത് ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ നിലാവ് ചിരിക്കുന്നു. പുതിയ ദൗത്യവുമായി പ്രസന്നതയോടെ അവര്‍ ജീവിച്ചു മുന്നേറുന്നു. 
ജീവിതത്തിന്റെ അടഞ്ഞ വഴികളിലേക്ക് നോക്കി വിതുമ്പുകയും പുതിയ യാഥാര്‍ഥ്യങ്ങളുടെ മരവിപ്പില്‍ നിന്നും മോചനം നേടാനാകാതെ കണ്ണീര്‍വാര്‍ക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലമായിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. 
കാരണം ജനിച്ചു വീണപ്പോള്‍ മുതല്‍ സമൂഹം അവര്‍ക്കൊരു ഓമനപ്പേരിട്ട് പച്ചകുത്തിയിരുന്നു. എച്ച് ഐ വി ബാധിതര്‍. രോഗം ശിക്ഷ മാത്രമല്ല, പരീക്ഷണം കൂടിയാണ്. രോഗിക്കുമാത്രമല്ല സമൂഹത്തിനു കൂടിയുള്ള പാഠവുമാണത്. എന്നിട്ടും ഈ കുട്ടികളോട് കരുണ കാണിക്കാന്‍ പലപ്പോഴും സമൂഹത്തിനായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ അവരുടെ മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ശമ്പളം പറ്റേണ്ടി വന്നതും അവര്‍ കൂടിയായിരുന്നു. 

അതേ. ഇവരെല്ലാം കേരളത്തില്‍ എച്ച് ഐ വി ബാധിതരായി ജനിച്ചു വീണവരാണ്. അതും പെണ്‍കുട്ടികള്‍. വിദ്വേഷത്തിന്റെ ചുടുകാറ്റേറ്റ് തളര്‍ന്നും അമര്‍ഷത്തിന്റെ കൂരമ്പേറ്റ് പുളഞ്ഞും അവഗണനയുടെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. വീട്ടിലും നാട്ടിലും കലാലയത്തിലും വിവേചനത്തിന്റെ പാഠങ്ങള്‍ പഠിച്ച ആ കുട്ടികളില്‍ പലരും ഇന്ന് വളര്‍ന്നിരിക്കുന്നു. അവര്‍ വിവാഹിതരായി പല നാടുകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നു. സഹ ജീവികള്‍ക്ക് ജീവജലവും പകര്‍ന്ന് നല്‍കുന്നു.
എയ്ഡ്‌സെന്നാല്‍ മഹാമാരിയാണെന്നും മരണത്തിലേ അതൊടുങ്ങൂ എന്നും ധരിച്ചുവെച്ചവര്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ എച്ച് ഐ വി ബാധിതരായി പിറന്നവര്‍ ഇന്ന് കുടുംബമായി  ജീവിതം നയിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് അത്ഭുതമാകുക മാത്രമല്ല അവര്‍. ഏതു വലിയ പ്രതിസന്ധിയിലും തളരാതെയും ആത്മവിശ്വാസത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭങ്ങളോട് പടപൊരുതിയും കരുത്തരാകുക കൂടിയാണ്. 
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹിതരായി കുടുംബവുമായി ജീവിക്കുന്നത്. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട പല പദ്ധതികളും ആവിഷ്‌കരിച്ചതും സാക്ഷാത്കരിച്ചതും അവരാണ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടക്കുന്ന ടൈലറിംഗ് യൂനിറ്റിന്റെ ചുമതലക്കാരിയാണ് നിരോഷ.
22 സ്ത്രീകളാണ് ഈ യൂനിറ്റിലുള്ളത്. പലരും എച്ച് ഐ വി ബാധിതര്‍. പക്ഷേ പുറം ലോകത്തിനതറിയില്ല. പ്രതിമാസം പതിനായിരം രൂപയില്‍ കുറയാത്ത വരുമാനം ഈ യൂനിറ്റില്‍ നിന്ന് ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് നിരോഷ പറയുന്നു. പാലക്കാട് ചിറ്റൂരില്‍ ടൈലറാണ് സ്‌നേഹ. എച്ച് ഐ വി പോസറ്റീവ് സ്പീക്കര്‍ കൂടിയായ സ്‌നേഹയും ഇവിടെ സ്‌നേഹത്തിന്റെയും ഒരുമയുടെയും കൂടാരമൊരുക്കിയിരിക്കുന്നു. അതുവഴി അശരണരായ നിരവധി കുടുംബങ്ങള്‍ക്ക് ജീവിതോപാധിയും കണ്ടെത്താനായിരിക്കുന്നു. 
ഭര്‍ത്താവ് രമണനും അവരെ സഹായിക്കാനും അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ഓടി നടക്കുന്നതിനാല്‍ ഈ കൂട്ടായ്മയിലെ 18 വീടുകളിലും ആഹ്ലാദവും സന്തോഷവും നിറയുന്നുണ്ട്. 
കൊല്ലം ജില്ലയിലുമുണ്ട് ഇത്തരത്തിലുള്ള മൂന്ന് പെണ്‍കുട്ടികള്‍. പാലക്കാടും മലപ്പുറത്തും കാസര്‍കോടുമെല്ലാമായി ഒമ്പത് പെണ്‍കുട്ടികള്‍. കാസര്‍കോട് മൂന്ന് പെണ്‍കുട്ടികളെങ്കിലും വിവാഹപ്രായം തെറ്റി നില്‍ക്കുന്നു. എച്ച് ഐ വി ബാധിതരുടെ കൂട്ടായ്മയായ പ്രത്യാശാ കേന്ദ്രങ്ങളിലും അവരുടെ നെറ്റ്‌വര്‍ക്കായ സി പി കെ പ്ലസിലും (കൗണ്‍സില്‍ ഓഫ് പീപ്പിള്‍ ലിവിംങ് വിത്ത് എച്ച് ഐ വി) രജിസ്റ്റര്‍ ചെയ്തവരാണിവര്‍. കാണാമറയത്ത് വേറെയും ഉണ്ടാകാം. എന്നാല്‍ ഇവര്‍ ദുരന്തപൂര്‍ണമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് ബാധ്യതയാകുകയല്ല. കണ്ണീരിലും പുഞ്ചിരിക്കാന്‍ പാടുപെടുന്നവര്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ വിളക്കില്‍ എണ്ണപകര്‍ന്ന് നല്‍കുകയാണ്. കരയാനും കണ്ണീര്‍ വാര്‍ക്കാനുമുള്ളതല്ല ജീവിതമെന്ന് കാലത്തിനും സഹജീവികള്‍ക്കും  കാണിച്ചുകൊടുക്കുകയാണ്. 

കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ നിന്ന ജാനകിയെയും അമ്മയെയും ഇറക്കിവിട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. എച്ച് ഐ വി ബാധിതരെ ചികിത്സിക്കാനാകില്ലെന്നായിരുന്നു ഡോക്ടറുടെ പ്രഖ്യാപനം. നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ബഹിഷ്‌കരണത്തിന്റെ കാഹളം മുഴക്കി. രോഗികളും കൂട്ടിരുപ്പുകാരും അതുറക്കെ വിളിച്ചുകൂവി. പട്ടിയെപ്പോലെ ആട്ടിപ്പായിച്ചവരിലൊരാള്‍ പിന്നീട് എച്ച് ഐ വി ബാധിതനായി. അപ്പോള്‍ ആദ്യം കരഞ്ഞുകൊണ്ട് ഓടി എത്തിയത് ജാനകിയുടെ അമ്മക്കരികിലായിരുന്നു. 
ഇനി എന്തുചെയ്യണമെന്നറിയാന്‍. അയാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിലേക്കുള്ള യാത്രയില്‍ അയാള്‍ക്ക് താങ്ങായതും ജാനകിയുടെ അമ്മയായിരുന്നു. ഇന്ന് എച്ച് ഐ വി ബാധിതരായ അയാളുടെ ഭാര്യയും മകളും ജാനകിയുടെ നേതൃത്വത്തില്‍ നടത്തുന്ന കറി പൗഡര്‍ യൂനിറ്റിലെ ജീവനക്കാരാണ്. മകള്‍ക്ക് കല്യാണപ്രായമായതിനാല്‍ പറ്റിയൊരാളെ കണ്ടെത്താനുള്ള ചുമതലഏറ്റെടുത്തിരിക്കുന്നതും ജാനകിയാണ്.
ഈ പെണ്‍കുട്ടിയെപ്പോലെ കല്യാണപ്രായമായ ഒട്ടേറെ കുട്ടികളാണ് കേരളത്തിന്റെ വിവിധ ദിക്കുകളില്‍ ഉള്ളത്. എച്ച് ഐ വി ബാധിതരായവരുടെ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനുള്ള കേരളീയം പദ്ധതിയില്‍ 350 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 100 പേരെങ്കിലും വിവാഹപ്രായമെത്തിയവരാണ്. ഈ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്.
എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയോ എം എല്‍ എയുടെയോ ശിപാര്‍ശക്കത്ത് വേണം. സ്റ്റാറ്റസ് വെളിപ്പെടുത്താത്ത ഭൂരിഭാഗം കുട്ടികള്‍ക്കും ഇതുമൂലം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ മാത്രം എഴുപതോളം കുട്ടികള്‍ എച്ച് ഐ വി ബാധിതരായുണ്ട്. എന്നാല്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തത് 28 കുട്ടികള്‍ മാത്രം. ഇതുപോലെ തന്നെയാണ് മറ്റു ജില്ലകളിലേയും അവസ്ഥ.
എയ്ഡ്‌സ് രോഗത്തിന്റെ ബോധവത്കരണത്തിനാണ് ലോകം ഏറ്റവും കൂടുതല്‍ പണമൊഴുക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 800 കോടി രൂപ ഇതിനായി വിനിയോഗിക്കുന്നു. എന്നാല്‍ കേരളത്തിലെ എ ആര്‍ ടി സെന്ററുകളില്‍ കുട്ടികളെ ചികിത്സിക്കാന്‍ ഇന്നും ഒരു ഡോക്ടറുടെ സേവനം ലഭ്യമല്ലെന്നതാണ് അവസ്ഥ.  ബോധവത്കരണത്തിന്റെ പേരില്‍ കോടികള്‍ ഒഴുകുമ്പോഴും ജനങ്ങളിലെ തെറ്റിധാരണകളെ വേണ്ട വിധം തിരുത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ല. എച്ച് ഐ വി ബാധിതര്‍ മരണത്തിന്റെ കൈപിടിച്ചാണ് നടക്കുന്നതെന്ന മിഥ്യാബോധം കൊണ്ടു നടക്കുന്നവരാണ് വലിയൊരു ജനവിഭാഗം. 

എന്നാല്‍ അര്‍ബുദരോഗവും ഹൃദ്രോഗവും ക്ഷയ രോഗികളും വൃക്ക രോഗികളുമൊക്കെ ജീവിച്ചിരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വര്‍ഷം ഇവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. വിവിധ തൊഴിലുകള്‍ ചെയ്യുന്നു. ഇരുപത്തിയെട്ട് വര്‍ഷത്തിലധികമായി ഈ അസുഖം ബാധിച്ചിട്ടും ഇന്നും കാര്യമായ കുഴപ്പങ്ങളില്ലാതെ ജീവിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് സി പി കെ പ്ലസിന്റെ സംസ്ഥാന പ്രസിഡന്റ് അനില്‍ ജോസഫ് പറയുന്നു. 25 വര്‍ഷം മുമ്പ് രോഗം തിരിച്ചറിഞ്ഞിട്ടും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നവരും ഒട്ടേറെയുണ്ടെന്നും അദ്ദേഹം.
എന്നിട്ടും കാരുണ്യമോ സഹാനുഭൂതിയോ അവര്‍ക്ക് സമൂഹത്തില്‍ നിന്ന് വേണ്ടത്ര ലഭിക്കുന്നില്ല. എയ്ഡ്‌സ് ഏതു മാര്‍ഗത്തിലൂടെ കിട്ടിയവനായാലും അയാള്‍ സമൂഹത്തിനു മുമ്പില്‍ ശപിക്കപ്പെട്ടവരാണ്. ക്യാന്‍സറോ ടി ബിയോ മറ്റോ ആണ് അസുഖമെന്നു കേള്‍ക്കുമ്പോള്‍ സഹതപിക്കാനും സഹായിക്കാനും ഏറെപ്പേര്‍ തയ്യാറാകും. സഹായ കമ്മിറ്റികള്‍ രൂപവത്കരിക്കും. എന്നാല്‍ എച്ച് ഐ വി ബാധിതരാണെന്നറിഞ്ഞാല്‍ ഇതൊന്നും പ്രതീക്ഷിക്കരുതെന്ന് മാത്രമല്ല ഊരുവിലക്കെപ്പോള്‍  വന്നു എന്ന് ചോദിച്ചാല്‍ മതി. 
20 വര്‍ഷമായി എച്ച് ഐ വി ബാധിതനായ നല്ലളത്തെ നടരാജന്‍ പറയുന്നു.

എയ്ഡ്‌സ് ഒരു രോഗമല്ല. ഒരുപാട് രോഗ ലക്ഷണങ്ങളുടെ സാഗരമാണത്. ശരീരത്തിന്റെ പ്രതിരോധശേഷി ക്ഷയിക്കുമ്പോള്‍ സാധാരണ നിലയില്‍ ആരോഗ്യമുള്ളവര്‍ക്ക് ചെറുക്കാന്‍ കഴിയുന്ന ഇടവിട്ടുള്ള രോഗങ്ങള്‍ക്കു രോഗി വിധേയനാകുന്നു.  29 ഓളം രോഗാക്രമണങ്ങളാണ് രോഗിയെ തളര്‍ത്തുന്നത്.
എന്നാല്‍ കൃത്യമായ ചിട്ടകളും കരുതലുമുണ്ടെങ്കില്‍ അവയെയൊക്കെ അതിജീവിക്കാന്‍ ഇന്നാകും. അതുകൊണ്ടാണ് രോഗം തിരിച്ചറിഞ്ഞവര്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തും ആരോഗ്യത്തോടെ ജീവിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ രോഗവുമായി പിറന്നുവീണിട്ടും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പുതിയ മാതൃകകളായി മാറുന്നത്.
അവരുടെ കൈപിടിക്കാനെത്തിയവരും ഒരേ തൂവല്‍പക്ഷികളായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനായി  ഇവരുടെ കൈപിടിക്കാനെത്തുകയായിരുന്നു ഒരു നിയോഗം പോലെ അവര്‍.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേരില്‍ ഒരുപെണ്‍കുട്ടി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. 23 വയസ്സേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അവള്‍ പ്രസവിച്ച കുഞ്ഞിനിന്ന് മൂന്ന് വയസ്സ്. എച്ച് ഐ വി ബാധിതയായ അമ്മയ്ക്കും അച്ഛനുമുണ്ടായ കുഞ്ഞ് എച്ച് ഐ വി ബാധിതനല്ല എന്നതും ആഹ്ലാദകരമായ വാര്‍ത്ത. എന്നാല്‍ ശഫീഖിന് ഉമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ അവനും ഒറ്റപ്പെട്ടു. എങ്കിലും ഇന്ന് വലിയുമ്മയുടെയും അമ്മാവന്റെയും തണലിലുറങ്ങുന്നു.
മലപ്പുറത്തെ ദേവിയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഈ കുട്ടികളോട് പ്രദേശവാസികള്‍ കാണിച്ചത് കടുത്ത അവഗണനയായിരുന്നു. വീട്ടിലെ കോഴികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ചെല്ലുന്നതുപോലും വിലക്കിയിരുന്നു ചിലര്‍. ദേവിയുടെ സഹോദരി എച്ച് ഐ വി പോസിറ്റീവായിരുന്നില്ല. എന്നിട്ടുപോലും ഇവരെ നാടുകടത്തണമെന്ന പക്ഷക്കാരായിരുന്നു പഞ്ചായത്ത് ഭരണ സമിതി. 
കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന വാദക്കാരനായിരുന്നു സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പോലും. ഈ വിലക്കുകളെ അതിജീവിച്ചും  ബഹിഷ്‌കരണത്തെ ചെറുത്തുതോല്‍പ്പിച്ചും ദേവി പ്ലസ്ടുവരെ പഠിച്ചു. ചേച്ചിയുടെ വിവാഹം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് നടന്നു. പത്തൊമ്പതാം വയസ്സില്‍ അവള്‍ക്കും ഒരു ജീവിത പങ്കാളിയെത്തി. കുറ്റിയാടിയില്‍ നിന്നായിരുന്നു വരന്‍. ഒരു വര്‍ഷം മുമ്പായിരുന്നു തന്റെ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ ഒരേ മനസ്സുള്ള ഒരാള്‍ അവളുടെ കൈപ്പിടിക്കാനെത്തിയത്. ഇന്ന് ദേവിയും ഭര്‍ത്താവും കുറ്റിയാടിയില്‍ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവര്‍ പറയുന്നു.
പാലക്കാട് ചിറ്റൂരിലെ സ്‌നേഹയുടെ അച്ഛനും അമ്മയും എയ്ഡ്‌സ് രോഗത്തിന്റെ ഇരകളായാണ് ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയതെന്ന് ആര്‍ക്കുമറിയുമായിരുന്നില്ല. അച്ഛന് ഹോട്ടല്‍ ജോലിയായിരുന്നു. ഇടക്ക് ഡ്രൈവറായും പോകും. അച്ഛന്‍ മരിച്ച ശേഷം ഒമ്പത് വര്‍ഷം കഴിഞ്ഞാണ് അമ്മയ്ക്കും അച്ഛനുണ്ടായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. സംശയം തോന്നി നടത്തിയ ടെസ്റ്റുകളില്‍ നിന്നാണ് അമ്മയും എച്ച് ഐ വി ബാധിതയാണെന്നറിയുന്നത്. അന്ന് സ്‌നേഹ ഒമ്പതാം ക്ലാസില്‍ അവസാന പരീക്ഷ എഴുതിയിരുന്നു. പിന്നീടാണ് അവളുടെ രക്തവും പരിശോധിക്കുന്നത്. അന്നു മുതല്‍ അവള്‍ക്കും സ്വന്തമായി പുതിയ മേല്‍വിലാസം. അതില്‍ പിന്നെ അവള്‍ ഏകയായിരുന്നു. 
ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് പ്രത്യാശയുടെ വിളക്കുതെളിച്ച് ഒരു കൂട്ടമാളുകള്‍ വീടിന്റെ പടകടന്നുവന്നത്. 
അവരില്‍ തന്റെ ദൈന്യത കണ്ടപ്പോള്‍, ആ മുഖങ്ങളില്‍ കണ്ണീരിന്റെ നനവിനിടയിലും സഹാനുഭൂതിയുടെ പുഴ തെളിഞ്ഞപ്പോള്‍ ആ കൂട്ടായ്മയില്‍ അവളും പങ്കാളിയാകുകയായിരുന്നു.
അവിടെ നിന്നാണ് സങ്കടങ്ങളുടെ മഹാകടല്‍ നീന്തിക്കടന്ന രമണന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എട്ട് വര്‍ഷം മുമ്പൊരു ഏപ്രില്‍ 19ന്റെ പ്രഭാതത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു രമണന്‍ സ്‌നേഹയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. അയാളും അവളെപ്പോലെ ചിറകറ്റ മറ്റൊരു പക്ഷി. എട്ട് വര്‍ഷമായി ഈ ദാമ്പത്യം അല്ലലില്ലാതെ മുന്നേറുന്നു. അവരുടെ വീട്ടില്‍ പോലും പലര്‍ക്കുമറിയില്ല തങ്ങള്‍ക്കീ അസുഖമുണ്ടെന്ന്. ഏട്ടന്റെ അമ്മയ്ക്കും അച്ഛനുമൊന്നുമറിയല്ല, അവരൊക്കെ പ്രായമായവരല്ലേ. പഴയ ആള്‍ക്കാര്‍. എങ്ങനെയാകും ഇതിനെ ഉള്‍ക്കൊള്ളുക എന്നറിയില്ലല്ലോ. സ്‌നേഹ പറയുന്നു.
തങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതം പുഷ്പിക്കുന്നതുകാണുമ്പോഴുള്ള സന്തോഷത്തിലൂടെ സ്വയം ആഹ്ലാദിക്കുകയാണ് ഈ ദമ്പതികളെല്ലാം. സമൂഹത്തോട് ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. എയ്ഡ്‌സ് വരാതിരിക്കാന്‍ കരുതിയിരിക്കുക. വന്നവരെ ഒറ്റപ്പെടുത്താതിരിക്കുക. കാരണം എച്ച് ഐ വി ബാധിതരും മനുഷ്യരാണ്. രോഗം രോഗിക്കു മാത്രല്ല, സമൂഹത്തിനുകൂടിയുള്ള മുന്നറിയിപ്പാണ്. ശിക്ഷ വിധിക്കാനോ ശാപം ചൊരിയാനോ നമുക്കാകില്ല. പരിഹാരവും അതല്ലല്ലോ.