30/1/11

ഒളിവിലെ ഓര്‍മകള്‍..... കുഞ്ഞാലിയുടെ ജീവിതകഥ അഞ്ച്‌


കല്‍ക്കത്താ തീസിസിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിരോധിച്ച കാലം. ബി ടി രണദിവേയുടെ തീവ്രവാദപരമായ സിദ്ധാന്തത്തിന്റെ കരുത്തനായ അനുകൂലിയായിരുന്നു കുഞ്ഞാലിയും. കല്‍ക്കത്താ തീസീസിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ നഷ്‌ടം കനത്തതായിരുന്നു. അതിനുകൊടുക്കേണ്ടിവന്ന വിലയോ ഭയാനകവുമാണ്‌. പോലീസ്‌ വേട്ട തീവ്രമായിരുന്നു. പല നേതാക്കളും ഒളിവില്‍പോയി. ചിലര്‍ പോലീസ്‌ നരനായാട്ടില്‍ പിടിക്കപ്പെട്ട്‌ ജയിലിലുമായി. പാര്‍ട്ടിപത്രം നിരോധിക്കപ്പെട്ടു. മെമ്പര്‍ഷിപ്പിലും കനത്ത ഇടിവുണ്ടായി. കര്‍ഷക സമരങ്ങള്‍ 1948ല്‍ തന്നെ പരാജയപ്പെട്ടതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. 



രണദിവേയുടെ തീസിസും അബദ്ധമാമെന്ന്‌ പിന്നീട്‌ കേന്ദ്രക്കമ്മിറ്റിയും അഭിപ്രായപ്പെട്ടു. ട്രോട്‌സ്‌കി- ടിറ്റോ മാതൃകയില്‍ ഇടതുപക്ഷ വിഭാഗീയതയുടെ രാഷ്രട്രീയ രീതി ആവിഷ്‌ക്കരിച്ചെന്നും പാര്‍ട്ടിയേയും കര്‍ഷക പ്രസ്ഥാനങ്ങളേയും തകര്‍ച്ചയിലേക്ക്‌ നയിച്ചുവെന്നുമുള്ള ഗുരുതരമായ കുറ്റാരോപണങ്ങളെയാണ്‌ രണദിവേക്ക്‌ നേരിടേണ്ടി വന്നത്‌. തെലുങ്കാന കലാപത്തേയും രണദിവേ തീസീസിനേയും കുറിച്ച്‌ സ്‌റ്റാലിനുപോലും മതിപ്പു തോന്നുകയുണ്ടായില്ല. ഒളിവില്‍ കഴിയുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അധികൃതര്‍ ചൂട്ടുകെട്ടി തിരഞ്ഞു.


 എന്തെങ്കിലുമൊരു സൂചന കിട്ടിയാല്‍ പോലീസെത്തുന്നത്‌ പെട്ടെന്നായിരുന്നു. പിടിയിലായാലോ വേട്ട പട്ടികളോടെന്നപ്പോലെയാണ്‌ പെരുമുറുക.
പോലീസിന്റെ ക്രൂരതയും വേട്ടയാടലും ഒരു ഭാഗത്ത്‌ നടന്നു കൊണ്ടിരുന്നു. കുഞ്ഞാലിയും ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞുകൂടി. പല ദിക്കുകളിലായിരുന്നു ഒളിവു കേന്ദ്രങ്ങള്‍. ഏതെങ്കിലും കേന്ദ്രത്തിലെത്തിപ്പെടാനും എത്തിക്കഴിഞ്ഞാല്‍ സഹായത്തിനും പാര്‍ട്ടി അനുഭാവികളുണ്ടാവും. 

അവര്‍ അന്നംതരും. അഭയം തരും. സ്വന്തം ജീവന്‍ പോലും അപകടത്തില്‍ പെടുത്തി സംരക്ഷിക്കും.
കരുവാരക്കുണ്ടിലും മണ്ണാര്‍ക്കാട്ടും കേരളയിലും കുണ്ടോട്ടിയിലും പൂക്കോട്ടൂരും വിളയിലും പറപ്പൂരും വണ്ടൂരും പുല്ലങ്കോടും പുന്നപ്പാലയിലും അങ്ങനെയങ്ങനെ വിവിധ ദേശങ്ങളിലായി കുഞ്ഞാലിക്ക്‌ അഭയമേകിയവര്‍ ആയിരങ്ങളാണ്‌. ഈ അടുക്കളകളില്‍ വേവുന്ന കഞ്ഞി വെള്ളവും പഴങ്കഞ്ഞിയും ഉണക്കമീന്‍ ചുട്ടതും നല്‍കി ഈ വീട്ടകങ്ങളിലെ അമ്മമാരാണ്‌ കുഞ്ഞാലിക്കും കുഞ്ഞാലിയടക്കമുള്ള പല നേതാക്കള്‍ക്കും ജീവജലം നല്‍കിയത്‌. അവരുടെ നെഞ്ചിലെ ഭയത്തിന്റെ ചൂടില്‍ ഉരുകി ഉരുകിയായിരുന്നു ആ പ്രസ്ഥാനവും വളര്‍ന്നത്‌.


കരുവാരക്കുണ്ടിലെ പാറമ്മല്‍ മുഹമ്മദ്‌ ഹാജിയുടെ പൂട്ടിയിട്ട ഔട്ട്‌ ഹൗസിലായിരുന്നു കുറെ നാള്‍ കുഞ്ഞാലിയുടെ ജീവിതം. പകല്‍ മുഴുവന്‍ ഔട്ട്‌ ഹൗസിനുള്ളില്‍ ഒതുങ്ങിയിരിക്കും. രാത്രി ഏറെ ഇരുട്ടിയാല്‍ വീട്ടിലുള്ളവര്‍ പോലുമറിയാതെ ഹാജി കുഞ്ഞാലിയെ തുറന്നു വിടും. പിന്നെ രാത്രി സഞ്ചാരമാണ്‌. കള്ളന്‍മാരെ പോലെ. തിരിച്ചു വരുമ്പോള്‍ കൈ നിറയെ പഴയ പത്രങ്ങളും മറ്റും ഉണ്ടാകും. പകല്‍ മുഴുവന്‍ പുറത്തിറങ്ങാനാവാതെ മുറിക്കുള്ളില്‍ തന്നെ ചടഞ്ഞ്‌ കൂടേണ്ടിവരുമ്പോള്‍ നേരം പോക്കണമല്ലോ. പകലില്‍ റൂമിനകത്തു നിന്നും പുറത്തിറങ്ങാന്‍ പോലുമാവാത്ത സ്ഥിതിയാണെങ്കിലും കുഴപ്പമില്ല.


മൂത്രമൊഴിക്കാതെയും ഭക്ഷണം കഴിക്കാതെയും വെള്ളംകുടിക്കാതെയുമൊക്കെ കഴിഞ്ഞ്‌ കൂടുന്നതിനും കുഞ്ഞാലിക്കാവുമായിരുന്നു. ചില ഒളിവ്‌ കേന്ദ്രങ്ങളിലേക്ക്‌ ഭക്ഷണമെത്തിച്ച്‌ തരാനാവും കുഴപ്പം. അതുകൊണ്ട്‌ ഏറെനേരം വിശന്നിരിക്കേണ്ടിവരും. കിട്ടുമ്പോള്‍ എന്ത്‌ തന്നെയായാലും തിടുക്കപ്പെട്ട്‌ അകത്താക്കും.
ഒളിവിലാണെന്ന്‌ കരുതി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക്‌ യാതൊരു തടസ്സവും നേരിടാന്‍ പാടില്ല. ഇ എം എസും എ കെ ജിയും സി അച്യുതമേനോനും എന്‍ സി ശേഖറും എല്ലാം ഒലിവിലിരുന്ന്‌ തന്നെയാണ്‌ പാര്‍ട്ടിക്ക്‌ ജീവജലം നല്‍കിയത്‌. സഖാവ്‌ പി കൃഷ്‌ണപ്പിള്ള 1948 ആഗസ്റ്റ്‌ 19ന്‌്‌ മരിക്കുന്നതു പോലും ഒളിവില്‍ കഴിയുമ്പോഴായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒളിവു കേന്ദ്രത്തിലിരുന്ന്‌ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനിടയിലാണ്‌ അദ്ദേഹത്തിന്റെ ഇടതുകയ്യില്‍ സര്‍പ്പ ദംശനമേറ്റത്‌. എഴുതിക്കഴിഞ്ഞ റിപ്പോര്‍ട്ടിനു ചുവടെ മരണത്തെ മുഖാമുഖം കണ്ടപ്പോഴും കൃഷ്‌ണപിള്ള എഴുതി ചേര്‍ത്തത്‌ ഇങ്ങനെയാണ്‌. 

``എന്റെ കണ്ണുകളില്‍ ഇരുള്‍ മൂടുന്നു. ശരീരമാകെ തളരുന്നു. എന്തു സംഭവിക്കുമെന്ന്‌ എനിക്കറിയാം, സഖാക്കളെ മുന്നോട്ട്‌... ലാല്‍ സലാം''
വളരെ രഹസ്യമായിട്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം. ലഘുലേഖാ വിതരണവും ആശ്രയ പ്രചാരണവും രഹസ്യയോഗങ്ങളുമെല്ലാം. നേതൃത്വവും നിര്‍ദേശവും നല്‍കാന്‍ നേതാക്കള്‍ എങ്ങനെയെങ്കിലും രാത്രി യോഗങ്ങളില്‍ എത്തിച്ചേരും. കുഞ്ഞാലി അങ്ങനെ നൂറുകണക്കിന്‌ യോഗങ്ങളിലും സമരചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്‌. മണ്ണാര്‍ക്കാട്ടെ ഒളിവ്‌ സങ്കേതത്തില്‍ നിന്നെത്തിയായിരുന്നു കേരള എസ്റ്റേറ്റിലെ തൊഴില്‍ സമരത്തിന്റെ അന്തിമ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ അതിന്‌ പരിഹാരമുണ്ടാക്കിയത്‌. 


പൂക്കോട്ടൂരില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകനോടൊപ്പം അരീക്കോട്‌ വിളയൂരിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്‌. അവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു ഈ യാത്രക്ക്‌ വേണ്ടതെല്ലാം ചെയ്‌തത്‌. എന്ത്‌ വന്നാലും യോഗത്തിന്‌ എത്തണം.
രാത്രി ഇരുട്ടാന്‍ കാത്തുനിന്നു അവര്‍. കുഞ്ഞാലിയും സഹായിയും അതിനു ശേഷമാണ്‌ പൂക്കോട്ടൂരില്‍ നിന്നും കുണ്ടോട്ടിയിലേക്കു നടന്നത്‌. വഴിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ കുണ്ടോട്ടിയിലെ പ്രവര്‍ത്തകര്‍ വിവരം നല്‍കിയിരുന്നു. കടുങ്ങല്ലൂരിലെ പച്ചമരത്തു നിന്നാണ്‌ വഴിപാടത്തേക്ക്‌ തിരിയുന്നത്‌. പിന്നെ കിലോമീറ്ററുകളോളം പടര്‍ന്ന്‌ കിടക്കുന്ന പന്തപാടങ്ങളാണ്‌. പാടത്തിനു മുകളില്‍ ഇരുട്ട്‌ കാടുപിടിച്ച്‌ കിടന്നു. കയ്യിലെ പാട്ടവിളക്കിന്റെ ഇടറിയ വെളിച്ചത്തെ കയ്യെത്തിപ്പിടിക്കാന്‍ ഒരു തണുത്ത കാറ്റ്‌ എപ്പോഴോ ശ്രമം തുടങ്ങിയിരുന്നു.
പാട വരമ്പിലേക്ക്‌ കാലെടുത്ത്‌ വെച്ചതും കുഞ്ഞാലി കാല്‍ തെന്നി പാടത്തേക്ക്‌ വീണു. അവിടെ നിറയെ ചെളിയായിരുന്നു. ഒരു കാല്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്ക്‌ മറ്റേ കാല്‍ ചെളിയുടെ ആഴത്തിലേക്ക്‌ താണു. അപകട മുഖത്തുനിന്നും കരകയറാനാകാതെ ഏറെ നേരം ചെളിയില്‍ ആണ്ടുപോയ കുഞ്ഞാലിയെ കണ്ട്‌ സഹായി ആകെ ഭയന്നു വിറച്ചു. ഒന്ന്‌ വിളിച്ച്‌ കരഞ്ഞാല്‍ പോലും ആരും എത്താത്ത സ്ഥലം. ഒരു കണക്കിന്‌ അയാള്‍ കൈവശമുണ്ടായിരുന്ന തോര്‍ത്ത്‌ നീട്ടിക്കൊടുത്തു. അതില്‍ പിടിച്ചപ്പോള്‍ കുഞ്ഞാലിക്ക്‌ ചെറിയൊരു ബാലന്‍സ്‌ കിട്ടി. ഒരുവിധത്തിലാണ്‌ അയാള്‍ കരക്ക്‌ കയറിയത്‌. അരക്കു മുകളില്‍ ചെളിയില്‍ ആണ്ടുപോയിരുന്നു കുഞ്ഞാലി. പോരാത്തതിന്‌ കട്ട പിടിച്ച ഇരുട്ടും.


ഉടുത്തമുണ്ടും ശര്‍ട്ടും ശരീരവും ആകെ കറുത്ത ചെളിയില്‍ പുരണ്ട്‌ പോയി. അടുത്തു കണ്ട തോട്ടിലിറങ്ങി മണ്ണും ചെളിയും കഴുകി വൃത്തിയാക്കി. നനഞ്ഞ വസ്‌ത്രങ്ങള്‍ പിഴിഞ്ഞുടുത്ത്‌ അവര്‍ യോഗ സ്ഥലത്തേക്ക്‌ തിരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുഞ്ഞാലിയെ പറഞ്ഞ സമയത്ത്‌ കാണാതായപ്പോള്‍ അവര്‍ ഭയപ്പെട്ടു. കൃത്യനിഷ്‌ടയുടെ കാര്യത്തില്‍ കണിശക്കാരനായിരുന്നു കുഞ്ഞാലി. വൈകിയപ്പോള്‍ എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ എന്നും പരിഭ്രമിച്ചു.
പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കൃഷ്‌ണന്‍ നായരുടെ വീട്ടിലായിരുന്നു യോഗം. അയാളുടെ അമ്മയാണ്‌ ആ രാത്രിയില്‍ കുഞ്ഞാലിക്ക്‌ പകരം മുണ്ടും ശര്‍ട്ടും ഉടുക്കാന്‍ കൊടുത്ത്‌ ചെളി പുരണ്ട വസ്‌ത്രങ്ങള്‍ അലക്കിക്കൊടുത്തത്‌. സായുധരായ സഖാക്കള്‍ ആ യോഗത്തിന്‌ കാവല്‍ നിന്നു. അതിന്‌ തൊട്ടടുത്ത്‌ തന്നെയുള്ള സ്ഥലത്ത്‌ എംഎസ്‌ പി ക്യാമ്പ്‌ നടക്കുന്നുണ്ടായിരുന്നു. ചെറിയൊരു സൂചന മണത്താല്‍ മതി സംഗതി കുഴയും. അത്തരമൊരു സ്ഥലത്ത്‌ വിളിച്ചു കൂട്ടിയ യോഗത്തിലേക്ക്‌ എത്തിച്ചേരാന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന്‌ ധൈര്യം കാണിച്ചയാളായിരുന്നു കുഞ്ഞാലി.


ഒളിവിലിരിക്കെ പകലിലും ഇറങ്ങി നടക്കാനും ചായക്കടകളില്‍ കയറി ലഘുലേഖ വിതരണം ചെയ്യാനും ആവശ്യമെങ്കില്‍ പ്രസംഗിക്കുവാനുമൊന്നും കുഞ്ഞാലി ഭയപ്പെട്ടിരുന്നില്ല.
പെട്ടെന്ന്‌ അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടുകയും തന്നെ ഉറ്റുനോക്കുന്ന ജനതയോട്‌ തനിക്ക്‌ പറയാനുള്ളത്‌ എളുപ്പത്തില്‍ പ്രസംഗിച്ച്‌ തീര്‍ത്ത്‌ അപ്രത്യക്ഷനാവാറുമുണ്ട്‌. ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചത്‌ പ്രകാരമൊന്നുമാവില്ല. കരുവാരക്കുണ്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലായിരുന്നു ഒരു വൈകുന്നേരത്ത്‌ പുന്നക്കാട്ടെ ചന്തയില്‍ ഒരു ദിവസം കുഞ്ഞാലി പ്രത്യക്ഷപ്പെട്ടത്‌.


പോലീസിന്റെ ആക്രമണമോ മറ്റോ ഉണ്ടെങ്കില്‍ അതിനെ നേരിടാനായി കയ്യിലൊരു ആയുധവും സൂക്ഷിച്ചിരുന്നു. ചന്തയില്‍ ഏറ്റവും തിരക്കുള്ള സമയമായിരുന്നുവത്‌. അതിനടുത്ത്‌ തന്നെയായിരുന്നു കരുവാരക്കുണ്ട്‌ പോലീസ്‌ സ്റ്റേഷനും. എപ്പോഴും പോലീസിന്റെ സാന്നിധ്യമുണ്ടാവാം. എന്നിട്ടും കുഞ്ഞാലിയെ ഒരു ഭീതിയും പിടികൂടിയില്ല. 


അയാള്‍ പെട്ടെന്ന്‌ തന്നെ പ്രസംഗം തുടങ്ങി. ആളുകളെല്ലാം അയാളെ കേട്ടുകൊണ്ടിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി നേതാക്കളെ കുറിച്ച്‌ പോലീസിന്‌ വിവരം നല്‍കാന്‍ ചിലരെയൊക്കെ ചട്ടം കെട്ടിയിരുന്നു. അവരും അറിഞ്ഞു കുഞ്ഞാലി ചന്തയില്‍ പ്രത്യക്ഷപ്പെട്ട വിവരം. ഉടനെ തന്നെ അവരില്‍ പ്രധാനിയായ വ്യക്തിയെ ചിലര്‍ വിവരം അറിയിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
കുഞ്ഞാലിയോ... കൂട്ടരെ ഓന്‍ ജീവനെ പേടിയില്ലാത്തോനാ.. ഓന്‍ പ്രസംഗിച്ച്‌ കഴിഞ്ഞങ്ങ്‌ പൊയ്‌ക്കോളും.
കുഞ്ഞാലി പ്രസംഗിച്ച്‌ തീര്‍ന്ന ശേഷമാണ്‌ അന്നും മടങ്ങിയത്‌. 



എന്നാല്‍ കരുവാരക്കുണ്ടിലെ ഒളിവു ജീവിതം സുരക്ഷിതമല്ലാതായിക്കൊണ്ടിരുന്നു. ഒറ്റുകാര്‍ ധാരാളമുണ്ടായിരുന്നു. പലതിനേയും അതിജീവിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അത്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ മണത്തറിയും. ഉടനെ സന്ദേശം കുഞ്ഞാലിക്ക്‌ കൈമാറും. അപ്പോള്‍ തന്നെ രക്ഷപ്പെടും, ഇതായിരുന്നു പതിവ്‌.
കുഞ്ഞാലിയുടെ താവളം കണ്ടെത്തി എന്നറിഞ്ഞാല്‍ പോലീസുകാര്‍ വലിയ സന്നാഹത്തോടെയാണ്‌ വന്ന്‌ വളയുക. ഒരിക്കല്‍ താവളത്തെക്കുറിച്ച്‌ പോലീസിന്‌ വിശ്വാസ്യയോഗ്യമായ കേന്ദ്രത്തില്‍ നിന്നു വിവരം കിട്ടി. പിടികൂടാന്‍ പോലീസ്‌ ഫോഴ്‌സുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ പ്രദേശത്തേക്ക്‌ എത്തിച്ചേരാന്‍ മതിയായ വാഹനങ്ങളുണ്ടായിരുന്നില്ല. അപ്പോള്‍ ഒരു പ്രൈവറ്റ്‌ ബസ്‌ പെട്ടെന്ന്‌ അറേഞ്ച്‌ ചെയ്‌തു.


വിവരമങ്ങനെയോ പാര്‍ട്ടി സഖാക്കള്‍ അറിഞ്ഞു. മണ്ണൂര്‍ക്കര ഹസന്‍ എന്ന യുവാവ്‌ കുഞ്ഞാലിക്കു വിവരം നല്‍കാന്‍ ഒരു സൈക്കിളില്‍ ആഞ്ഞു ചവിട്ടി. പോലീസ്‌ ബസ്‌ അവിടെ എത്തും മുമ്പെ ചെന്നെങ്കിലേ കുഞ്ഞാലിയെ രക്ഷിക്കാനാവൂ. അതിനായി കുറുക്കു വഴികളിലൂടെയായിരുന്നു അയാളുടെ യാത്ര. പോലീസ്‌ ബസ്‌ എത്തും മുമ്പെ ആ ചെറുപ്പക്കാരനവിടെ എത്തിച്ചേര്‍ന്നു. വിവരവും കൈമാറി.


പെട്ടന്ന്‌ തന്നെ അവര്‍ അപ്രത്യക്ഷരായി. അതിന്‌ ശേഷമെ പോലീസ്‌ ബസെത്തിയുള്ളൂ. അവിടെമാകെ അരിച്ചു പൊറുക്കിയതല്ലാതെ അവര്‍ക്ക്‌ നിരാശരായിമടങ്ങേണ്ടി വന്നു.
പോലീസ്‌ വിളിച്ച പ്രൈവറ്റ്‌ ബസിലെ ഡ്രൈവര്‍ കുഞ്ഞാലിയോട്‌ കൂറുള്ളയാളായിരുന്നു. അപരിചിതരായ പോലീസുകാരെ കബളിപ്പിക്കാന്‍ അയാള്‍ മറ്റേതോ റൂട്ടുകളിലൂടെ ബസ്‌ തിരിച്ചു വിട്ടു. സൈക്കിളില്‍ വിവരം നല്‍കാന്‍ പുറപ്പെട്ട വ്യക്തി അവിടെ എത്തിച്ചേരാനുള്ള സമയവും കുഞ്ഞാലിക്കും കൂട്ടര്‍ക്കും രക്ഷപ്പെടാനുള്ള സമയവും ഒരുക്കി കൊടുക്കുകയായിരുന്നു അയാള്‍.
പാറമ്മല്‍ മുഹമ്മദ്‌ ഹാജിയുടെ വീട്ടിലെ താമസം സുരക്ഷിതമല്ലെന്ന്‌ ബോധ്യമായ ഹാജി ഉടനെ മറ്റൊരു കേന്ദ്രം കണ്ടെത്താന്‍ ശ്രം തുടങ്ങി. അങ്ങനെയാണ്‌ കരുവാരക്കുണ്ടിലെ കളരിക്കല്‍ നാരായണന്റെ വീട്ടില്‍ ഹാജി തന്നെ കുഞ്ഞാലിയേയും കൂടെയുണ്ടായിരുന്ന ചെറുണ്ണിയേയും കൊണ്ടാക്കിയത്‌. അവര്‍ക്ക്‌ ഭക്ഷണവും തല്‍ക്കാലത്തേക്കുള്ള പണവും അയാള്‍ നല്‍കി.
തിരിച്ചു മടങ്ങുകയായിരുന്നു ഹാജിയാര്‍. വഴിയോരത്ത്‌ വെച്ച്‌ ഹോട്ടല്‍ വ്യാപാരിയായ മാനു തങ്ങളെ കണ്ടു. പലതും പറയുന്ന കൂട്ടത്തില്‍ അബദ്ധവശാല്‍ ഹാജിയുടെ വായയില്‍ നിന്നും കുഞ്ഞാലിയുടെ പേര്‌ വീണുപോയി. മാനു തങ്ങള്‍ കുത്തികുത്തി ചോദിച്ചപ്പോള്‍ ഹാജിയാര്‍ കാര്യം പറഞ്ഞു.


എന്നാല്‍ അയാളൊരു കമ്മ്യൂണിസ്റ്റ്‌ വിരോധിയായിരുന്നു. ആ വിവരം ഉടന്‍ പോലീസിന്‌ കൈമാറി. അതുപ്രകാരമാണ്‌ ഞൊടിയിടയില്‍ പോലീസ്‌ നാരായണന്റെ വീട്ടില്‍ കുതിച്ചെത്തിയത്‌. കുഞ്ഞാലിക്കോ ചെറുണ്ണിക്കോ ഒന്നും ചെയ്യാനായില്ല. പിടി കൊടുക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. 

25/1/11

ഉല്‍കണ്‌ഠകളെ കുറിച്ചുള്ള ഉല്‍കണ്‌ഠകള്‍


ഏഴാം ക്ലാസില്‍ പഠിക്കുന്ന സഫ്‌വാന്‌ ഒരാഴ്‌ചയായി നീണ്ടു നില്‍ക്കുന്ന അസഹ്യമായ തലവേദന. ഡോക്‌ടര്‍മാര്‍ പരിശോധിച്ച്‌ വേദനാ സംഹാരികളും ഇന്‍ജക്‌ഷനും കൊടുത്തിട്ടും വേദന മാറുന്നില്ല. ഈ അവസ്ഥയിലാണ്‌ സഫ്‌വാനെ മനഃശാസ്‌ത്രജ്ഞന്റെ അടുക്കല്‍ കൊണ്ടുവരുന്നത്‌.
കടുത്ത ഉത്‌കണ്‌ഠയുടെ ഫലമായിരുന്നു സഫ്‌വാന്റെ അസുഖം. ഏറ്റവും ബുദ്ധിമുട്ടുള്ള കണക്കിനു മാര്‍ക്ക്‌ കുറഞ്ഞു പോകുമോ എന്ന ഭയം. റിലാക്‌സേഷന്‍ തെറാപ്പിവഴി പിരിമുറുക്കം മാറ്റിയതോടെ തലവേദന പൂര്‍ണ്ണമായും മാറി.


അമിതമായ ഉത്‌കണ്‌ഠയുടെ ഭയമോ, സങ്കടമോ ഉണ്ടായാല്‍ തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കുകയും അത്‌ ശാരീരിക രോഗമായി മാറുകയും ചെയ്യുന്നു. ഇത്തരം അസുഖങ്ങളെ മനഃശാസ്‌ത്രജ്ഞരുടെ ഭാഷയില്‍ സൈക്കോ സൊമാറ്റിക്‌ ഡിസോര്‍ഡര്‍ എന്നാണ്‌ പറയുന്നത്‌. യഥാര്‍ത്ഥ ശാരീരിക വേദനയും രോഗാനുഭവങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നുണ്ട്‌ എന്നതാണ്‌ വാസ്‌തവം. ഉത്‌കണ്‌ഠ വരുമ്പോള്‍ ഇരുപത്തിയഞ്ച്‌ ശതമാനം കുട്ടികള്‍ക്കും ഈ അസുഖം ഉണ്ടാകാറുണ്ട്‌.


തലവേദന, വയറുവേദന, നെഞ്ചുവേദന, കൈകാല്‍ വേദന തുടങ്ങി ശരീരത്തിന്റെ ഏതു ഭാഗത്തും അസഹ്യമായ വേദനയുണ്ടാകാം. ചിലപ്പോള്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസ്സം, മൂത്രക്കടച്ചില്‍, ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നീ ലക്ഷണങ്ങളും കാണാം.
അമിത ഉത്‌കണ്‌ഠയുള്ള കുട്ടികളില്‍ ഞരമ്പു രോഗത്തിന്റെ ലക്ഷണങ്ങളായ വിറയല്‍, തളര്‍ച്ച, ബോധക്ഷയം, അപസ്‌മാരം എന്നിവയും കണ്ടു വരാറുണ്ട്‌.
പഠനത്തിലെ പിന്നാക്കാവസ്ഥയും പഠന വൈകല്യങ്ങളും കുട്ടികളില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കുന്ന ഘടകങ്ങളാണ്‌. പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടാന്‍ കഴിയാത്ത കുട്ടികളിലാണ്‌ ഉത്‌കണ്‌ഠ ഏറെയും കണ്ടുവരുന്നത്‌. കുടുംബപരമായും സാമൂഹിക പരമായും വിദ്യാലയ സംബന്ധമായും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളില്‍ പിരിമുറുക്കം ഉണ്ടാക്കുന്നു. തല്‍ഫലമായി പഠനത്തില്‍ ഏകാഗ്രതയും താല്‍പര്യവും കുറയുകയും നിഷേധാത്മക ചിന്തകള്‍ രൂപ്പപെടുകയും ചെയ്യും. കൗമാര പ്രായത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനും കാരണമായേക്കും.


കുട്ടികളുടെ ഈ പ്രശ്‌നങ്ങള്‍ വളരെ ഫലപ്രദമായി ചികിത്സിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മനസ്സിനെ അലട്ടുന്ന നിഷേധ വികാരങ്ങളെ പാടേ തുടച്ചു കളയാനും ആത്മവിശ്വാസം നിറക്കുവാനും മനഃശാസ്‌ത്രജ്ഞന്റെ സഹായം തേടുക തന്നെ വേണം.
ഇനി മറ്റൊരു സംഭവം പറയാം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ജുനൈസിന്റെ വിചിത്ര സ്വഭാവം കണ്ട്‌ മിഴിച്ചു നില്‍ക്കുകയാണ്‌ വീട്ടുകാര്‍. അവന്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി ചവറു പെറുക്കി സ്‌കൂള്‍ ബാഗില്‍ നിറക്കുന്നു. വീട്ടിലെത്തിയാല്‍ ചവറുകള്‍ പുറത്തെടുത്ത്‌ കൈയില്‍ വെച്ചും മണത്തും അങ്ങനെ ഇരിക്കും.
മനഃശാസ്‌ത്രജ്ഞന്റെ പരിശോധനയില്‍ വെളിവായ വസ്‌തുത ഇവയാണ്‌. ജുനൈസിന്‌ പനി വന്ന സമയം ചികിത്സിച്ച ഡോക്‌ടര്‍ പറഞ്ഞു അവന്‌ ബിസ്‌ക്കറ്റ്‌, ചോക്ലേറ്റ്‌ തുടങ്ങിയവ മേലില്‍ വാങ്ങി കൊടുക്കരുതെന്ന്‌. അതിനുശേഷം വീട്ടുകാര്‍ ഒരു പലഹാരങ്ങളും നല്‍കാറില്ല. ജുനൈസ്‌ പെറുക്കിയെടുക്കുന്ന കവറുകളാണെങ്കിലോ ബിസ്‌ക്കറ്റ്‌, ചിപ്‌സ്‌, ചോക്ലേറ്റ്‌ തുടങ്ങിയവയുടേതായിരുന്നു.
കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ കരുതലോടെ കാണേണ്ടതുണ്ട്‌. തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങളാവാം ഇതിനു കാരണം. വളരെ പ്രസരിപ്പുണ്ടായിരുന്ന കുട്ടി കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അകന്ന്‌ എപ്പോഴും ഒറ്റക്കിരിക്കുക. സംസാരം കുറയുക. ചോദിച്ചാല്‍ മാത്രം ഒന്നു രണ്ടു വാക്കു മാത്രം പറയുക, ശാന്തമായി അടങ്ങിയിരുന്ന കുട്ടി പെട്ടെന്നൊരു ദിനം അമിതാഹ്ലാദത്തില്‍ തുള്ളിച്ചാടുക, ബഹളം കൂട്ടുക, സ്വയം സംസാരിക്കുക, അശരീരി കേള്‍ക്കുന്നതായി പറയുക തുടങ്ങിയവ മാനസിക വൈകല്യങ്ങളുടെ ലക്ഷണങ്ങളാണ്‌. ഒരു പക്ഷേ ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വഷളാകും മുമ്പേ രോഗാവസ്ഥ മനസ്സിലാക്കി മനഃശാസ്‌ത്രജ്ഞന്റെ അടുത്തെത്തിക്കണം.


``തത്ത പറന്നു പോയി, സങ്കടം സഹിക്ക വയ്യാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു'' അടുത്ത കാലത്തെ പത്രവാര്‍ത്തയാണിത്‌. അനു എന്ന നാലാം ക്ലാസുകാരിയാണ്‌ ജീവന്‍ വെടിഞ്ഞത്‌. അനുവിന്റെ മാതാപിതാക്കള്‍ ഉയര്‍ന്ന ജോലിത്തിരക്കുള്ളവരാണ്‌. അനുവിനെ ശ്രദ്ധിക്കാനോ സംസാരിക്കാനോ സമയമില്ലാത്ത തിരക്ക്‌. അച്ഛന്‍ അനുവിന്‌ സമ്മാനങ്ങള്‍ കൊടുത്തയക്കും. അമ്മ ആവശ്യത്തിലധികം പണം നല്‍കും. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടുജോലിക്കാരിയുണ്ട്‌. പക്ഷേ അവളുടെ കൂട്ട്‌ വീട്ടിലെ പുന്നാര തത്തയുമായിട്ടാണ്‌. ഒഴിവു സമയങ്ങളിലെല്ലാം അവള്‍ തത്തയോട്‌ വര്‍ത്തമാനം പറഞ്ഞിരിക്കും. തത്തക്ക്‌ തീറ്റ കൊടുക്കും. ഒരു ദിനം അനുവിനെ തനിച്ചാക്കി തത്ത പറന്നു പോയി. സങ്കടം താങ്ങാനാവാതെ അനു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്‌ വീട്ടുമുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിയ നിയാസിന്റെ കഥയും ഓണത്തിന്‌ പട്ടുപാവാടക്കു പകരം ചുരിദാറു വാങ്ങിക്കൊടുത്തതിന്‌ ജീവനൊടുക്കിയ ശ്യാമയുടെ കഥയും ഇതിനോട്‌ ചേര്‍ത്തു വായിക്കാം.


കുഞ്ഞുങ്ങളുടെ ലോകം വളരെ വിചിത്രങ്ങളാണ്‌. നിസാര കാര്യത്തിനുപോലും ആത്മഹത്യ പരിഹാരമായി കാണുന്ന കുട്ടികളുടെ എണ്ണം ഏറിവരികയാണ്‌. ഇതവരുടെ കുറ്റമല്ല. സമൂഹത്തില്‍ പൊതുവേ വന്ന മാറ്റങ്ങള്‍ അവരെയും ഇങ്ങനെയൊക്കെ ആക്കുന്നതാണ്‌. അവര്‍ക്ക്‌ ആശയവിനിമയത്തിനു കൂട്ടു ടിവിയും കമ്പ്യൂട്ടറും പിന്നെ വീട്ടിലെ ഓമന മൃഗങ്ങളും മാത്രം. അച്ഛനും അമ്മക്കും ഒന്നിനും സമയമില്ല. ഇങ്ങനെയായാല്‍ എങ്ങനെ കാര്യങ്ങള്‍ എളുപ്പമാകും? അല്ലെങ്കില്‍ എത്ര നാള്‍ ഇനിയും ഇങ്ങനെ തുടരാനാകും നമുക്ക്‌? 

17/1/11

സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ, നാല്‌, കത്തിജ്വലിച്ച സമരങ്ങള്‍


1948 ഫിബ്രുവരി 28മുതല്‍ മാര്‍ച്ചുവരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്‌ കല്‍ക്കത്തയില്‍ നടന്നു.രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം ശരിക്കുള്ളതല്ലെന്നതായിരുന്നു വിലയിരുത്തല്‍. രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിമത്വം തുടര്‍ന്നുപോകാനാണ്‌ സാമ്രാജ്യത്വ ശക്തികള്‍ പരിശ്രമിക്കുന്നത്‌. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നാണയപെരുപ്പവും നാടിന്റെ നട്ടെല്ലൊടിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗം അരക്ഷിതാവസ്ഥയിലാണ്‌. കാര്‍ഷിക വ്യവസ്ഥ പൊട്ടിത്തെറിയുടെ വക്കിലാണ്‌. എന്നും പാര്‍ട്ടി കോണ്‍ഗ്രസ്‌ വിലയിരുത്തി. ഒരു ജനകീയ ജനാധിപത്യ വിപ്‌ളവത്തിന്‌ വേണ്ട പുതിയ സമരങ്ങളും മാര്‍ഗങ്ങളും കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. കര്‍ഷക തൊഴിലാളികളേയും പട്ടിണിപ്പാവങ്ങളേയും ഒരുകുടക്കീഴില്‍ അണി നിരത്തി അഖിലേന്ത്യാ കിസാന്‍ സഭയെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംഘടനയാക്കുവാനും തീരുമാനിക്കപ്പെട്ടു. തെലുങ്കാന മാതൃകയില്‍ ഇന്ത്യയില്‍ എല്ലായിടത്തും അധികാരം പിടിച്ചെടുക്കണം. ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക്‌ സ്ഥാപിക്കണം. ഗറില്ലാ യുദ്ധമുറയില്‍ സായുധ വിപ്‌ളവം നടത്തുവാനും തീരുമാനിക്കപ്പെട്ടു. ബി ടി രണദിവേ അവതരിപ്പിച്ച കല്‍ക്കത്താ തീസീസ്‌ നടപ്പാക്കണം. ഇതിനായി കേരളത്തിലെ നിലവിലുള്ള കമ്മിറ്റി പിരിച്ചു വിടാനും വിപ്‌ളവ ഗ്രൂപ്പുകളെ സജ്ജരാക്കുവാനും തീരുമാനിക്കപ്പെട്ടു. സായുധ സമരത്തിനു സന്നദ്ധരാക്കാന്‍ കേഡര്‍മാരും നിയുക്തരായി. കര്‍ഷക സംഘക്കാര്‍ സംഘടിച്ചു.


ജന്‍മിമാരുടെ വീടുകള്‍ കയ്യേറി അവര്‍ പത്തായങ്ങളില്‍ നിന്ന്‌ നെല്ല്‌ പുറത്തെടുത്ത്‌ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്‌തു. സമരം ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്കു പടര്‍ന്നു കയറി. പോലീസ്‌ വേട്ടപട്ടികളെപോലെ പിന്തുടര്‍ന്ന്‌ സമരക്കാരെ അടിച്ചമര്‍ത്തി. പയ്യന്നൂരിലാണ്‌ കല്‍ക്കത്താ തീസീസിന്‌ ആദ്യ രക്തസാക്ഷി പിറന്നത്‌. പൊക്കന്‍ എന്ന ഹരിജന്‍ കര്‍ഷകത്തൊഴിലാളി പോലീസ്‌ വെടിയേറ്റു പിടഞ്ഞുവീണു. പിന്നീട്‌ മട്ടന്നൂരും കൂത്തുപറമ്പിലും ഒഞ്ചിയത്തും ചിറക്കലിലും കലാപമുണ്ടായി. എല്ലായിടത്തും ജന്‍മിമാരുടെ പത്തായം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്‌ ചോരപ്പുഴകളായി മാറിയത്‌. കണ്ണൂരിലെ തില്ലങ്കേരിയില്‍ ഏഴുപേരും ഒഞ്ചിയത്തു എട്ടുപേരും ചിറക്കലില്‍ ആരുപേരും രക്തസാക്ഷികളായി. 



എല്ലായിടത്തുംപോലീസ്‌ ഭീകരത താണ്‌ഡവമാടി.
കര്‍ഷകക്കുടിലുകള്‍ ചുട്ടെരിച്ചും പോലീസ്‌ കലിതീര്‍ത്തു.1948ഏപ്രില്‍13ന്‌ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസും പ്രസും സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു.കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മൃഗീയമായി സമരത്തെ നേരിട്ടു. ദേശരക്ഷാ നിയമപ്രകാരം മെയ്‌ 22ന്‌സര്‍ക്കാര്‍ ഓഡിനന്‍സ്‌ പുറത്തിറക്കി.നേതാക്കളെല്ലാം കരുതല്‍ തടങ്കലിലായി. ആഗസ്റ്റ്‌ ഏഴുമുതല്‍ നിയമം കര്‍ക്കശമാക്കി ഭേദഗതി ചെയ്‌ത്‌ തടങ്കല്‍ കാലയളവ്‌ ഒരു വര്‍ഷമെന്നത്‌ മൂന്നു വര്‍ഷമാക്കി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി.


1949 സെപ്‌തംബര്‍ 27ന്‌ മദ്രാസ്‌ സര്‍ക്കാര്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിരോധിച്ചു.മുതിര്‍ന്ന നേതാക്കള്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും തേടി പോലീസ്‌ നരനായാട്ടിനിറങ്ങി. നേതാക്കള്‍ പലരും അറസ്റ്റിലായി. കുഞ്ഞാലിയടക്കം പല നേതാക്കളും ഒളിവില്‍ കഴിച്ചു കൂട്ടി. പലയിടത്തായിരുന്നു ഒളിവു കേന്ദ്രങ്ങള്‍. കിഴക്കന്‍ ഏറനാട്ടിലെ പല കേന്ദ്രങ്ങളിലും കുറെ നാള്‍ കഴിഞ്ഞ്‌ കൂടി. അന്ന്‌ ആ മണ്ണ്‌ കുഞ്ഞാലിയുടെ തട്ടകമായി തീര്‍ന്നിരുന്നില്ല.


1949ല്‍ ഒരിക്കല്‍ കുഞ്ഞാലി കേരള എസ്റ്റേറ്റില്‍ എത്തുകയുണ്ടായി. അവിടെ നടന്ന്‌ വന്നിരുന്ന ഒരു സമരത്തിന്റെ ചര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നുവത്‌. അന്ന്‌ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ക്കാരന്‍ ഈശ്വരന്‍ നമ്പൂതിരിയായിരുന്നു ഏറനാട്ടിലെ തോട്ടം തൊഴിലാളികള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. പല സമരങ്ങള്‍ക്കു മുമ്പിലും തൊഴിലാളികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശ്വരന്‍ നമ്പൂതിരിക്ക്‌ കഴിഞ്ഞിരുന്നു.


എന്നാല്‍ കേരളാ എസ്റ്റേറ്റില്‍ നടന്നു വന്നിരുന്ന സമരത്തെ ഉജ്ജ്വല സമാപ്‌തിയിലെത്തിക്കാന്‍ അയാള്‍ക്ക്‌ കഴിയാതെ വന്നു. ഇതിനുള്ള പ്രധാന കാരണം എസ്റ്റേറ്റിലെ വിസിറ്റ്‌ ജനറല്‍ മാനേജരായിരുന്ന സായിപ്പിന്‌ ഇംഗ്ലീഷ്‌ മാത്രമെ അറിയുമായിരുന്നുള്ളൂ എന്നതായിരുന്നു. അദ്ദേഹത്തോട്‌ സംസാരിക്കാനാവട്ടെ ഈശ്വരന്‍ നമ്പൂതിരിക്കും വേണ്ടത്ര ഇംഗ്ലീഷ്‌ പരിജ്ഞാനം ഉണ്ടായിരുന്നില്ല.


സമരകാലത്തായാലും അല്ലെങ്കിലും തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മാനേജരെ അറിയിച്ചിരുന്നത്‌ റൈറ്റര്‍ ആയിരുന്നു. ഓഫീസ്‌ റൈറ്ററാവട്ടെ മാനേജരുടെ വിശ്വസ്ഥനായിരുന്നു. അതോടൊപ്പം വൃത്തികെട്ടവനും. സ്വന്തം താത്‌പര്യങ്ങള്‍ക്കുവേണ്ടി പ്രശ്‌നങ്ങളെ വളച്ചൊടിക്കും അയാള്‍, യാഥാര്‍ത്ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കും. അങ്ങനെ മാത്രമെ മാനേജര്‍ക്കു മുമ്പില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ അവതരിപ്പിച്ചിരുന്നൊള്ളൂ.


ഇതുമൂലം തൊഴിലാളികളുടെ വളരെ നാളുകളായുള്ള പ്രശ്‌നങ്ങള്‍പോലും പരിഹരിക്കപ്പെടാതെ കിടന്നു.അതെത്ര നിസാരകാര്യങ്ങളായാല്‍ പോലും. ഇതുമൂലം തൊഴിലാളികള്‍ അസംതൃപ്‌തരായിരുന്നു. നാട്ടില്‍ നിലനിന്നിരുന്ന പട്ടിണിയും കഷ്‌ടപ്പാടുകളും ജനജീവിതത്തെ ദുരിതമയമാക്കിയിരുന്ന കാലം. നിസഹായരും നിരാലംബരുമായിരുന്നു തൊഴിലാളികള്‍. വിദേശ കമ്പനികളായാലും സ്വദേശ മുതലാളിമാരായാലും തരുന്നത്‌ ഒന്നിനും തികയാത്ത കൂലിയാണ്‌. ഇതുകൊണ്ട്‌ ഒരു കുടുംബം ജീവിച്ചുപോകില്ല. പൊട്ടിത്തെറിയുടെ വക്കുകളിലായിരുന്നു പല കുടുംബങ്ങളും.
അവരില്‍ അസംതൃപ്‌തി നീറി പുകഞ്ഞു. കേരളാ എസ്റ്റേറ്റ്‌ കവാടം സമരോത്സുകമായി.

എ ഐ ടി യുസിയുടെ നേതൃത്വത്തിലായിരുന്നു സമരകാഹളം മുഴങ്ങിയത്‌. ആകെയുണ്ടായിരുന്നത്‌ 885 തൊഴിലാളികളായിരുന്നു. ഇവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരും പണിമുടക്കില്‍ പങ്കെടുത്തു. പന്ത്രണ്ട്‌ ആവശ്യങ്ങളായിരുന്നു തൊഴിലാളികള്‍ക്കുണ്ടായിരുന്നത്‌. അതാവട്ടെ കാലങ്ങളായി അവര്‍ ഉന്നയിച്ചു പോരുന്നതാണ്‌. അവയില്‍ പലതും സമീപ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കെല്ലാം അനുവദിക്കപ്പെട്ടതുമാണ്‌.
എന്നിട്ടും അവര്‍ക്ക്‌ മാത്രം അവ പ്രാപ്യമായി.


ഈ സമരത്തിന്റെ ചര്‍ച്ചക്ക്‌ ഇംഗ്ലീഷ്‌ അറിയാവുന്ന ഒരാളെ തന്നെ മേല്‍ കമ്മിറ്റിയില്‍ നിന്നും പങ്കെടുപ്പിക്കണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ്‌ കേരളാ എസ്റ്റേറ്റില്‍ നിന്നും രണ്ടു സംഘടനാ പ്രവര്‍ത്തകര്‍ കുഞ്ഞാലിയുടെ ഒളിവ്‌ കേന്ദ്രത്തിലെത്തുന്നത്‌. മണ്ണാര്‍ക്കാട്ടായിരുന്നു പാര്‍ട്ടിയിലെ പല നേതാക്കളും ഒളിവില്‍ കഴിഞ്ഞിരുന്ന ആ രഹസ്യകേന്ദ്രം.
അവര്‍ കുഞ്ഞാലിയെ കണ്ട്‌ കാര്യങ്ങള്‍ വിശദമാക്കി. കുഞ്ഞാലി ജാഗ്രതയോടെ അതെല്ലാം കേട്ടു. ചില സംശയങ്ങള്‍ തിരിച്ചുചോദിച്ചു. പ്രശ്‌നങ്ങളെ നന്നായി പഠിച്ചു. ഒളിവ്‌ ജീവിതം നയിക്കുന്നതിനാല്‍ ചര്‍ച്ചക്ക്‌ വരുന്നത്‌ കുഞ്ഞാലിയാണെന്ന്‌ ആരും അറിയരുത്‌. എന്നൊരു നിര്‍ദേശം വെച്ച്‌ കുഞ്ഞാലി അവരെ തിരിച്ചയച്ചു. പറഞ്ഞ സമയത്ത്‌ കൃത്യമായി ഞാനവിടെ എത്തിയിരിക്കും എന്നവര്‍ക്ക്‌ ഉറപ്പും നല്‍കി.


സമരത്തിലുള്ള തൊഴിലാളികള്‍ അന്ന്‌ അവിടെ അയാളെ കാത്തിരുന്നു. കൃത്യം അഞ്ചു മണിക്ക്‌ തന്നെ കുഞ്ഞാലി എസ്റ്റേറ്റ്‌ പടിക്കല്‍ എത്തിച്ചേര്‍ന്നു. മണ്ണാര്‍ക്കാട്ടു നിന്നും എടത്തനാട്ടുകര വഴിയുള്ള വനപാതയിലൂടെയായിരുന്നു അയാള്‍ അത്രയും ദൂരം നടന്ന്‌ ആ ചര്‍ച്ചക്കെത്തിയിരുന്നത്‌.


തൊഴിലാളികള്‍ മുദ്രാവാക്യം വിളി തുടങ്ങി. ആ ജനകൂട്ടം പ്രകടനമായി എസ്റ്റേറ്റുനടയിലേക്കു നീങ്ങി. കുഞ്ഞാലിയും ഒപ്പം ചേര്‍ന്നു. ഓഫീസിനകത്ത്‌ ജനറല്‍ മാനേജര്‍ സായിപ്പുണ്ടായിരുന്നു. അയാള്‍ക്ക്‌ നിവേദനം തൊഴിലാളികള്‍ സമര്‍പ്പിക്കുംവരെ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രകടനം കണ്ട്‌ മാനേജരും റൈറ്ററും പുറത്തേക്കിറങ്ങി വന്നു. ആ സമയമാണ്‌ തൊഴിലാളികള്‍ നിവേദനം സമര്‍പ്പിച്ചത്‌.
മാനേജരത്‌ വാങ്ങി റൈറ്ററെക്കൊണ്ട്‌ വായിപ്പിച്ചു. അയാളത്‌ മനസ്സില്‍ വായിച്ച ശേഷം മാനേജര്‍ക്ക്‌ കാര്യങ്ങള്‍ തെറ്റായാണ്‌ വിശദീകരിച്ച്‌ കൊടുത്തത്‌. ശുദ്ധ അസംബന്ധങ്ങളായിരുന്നു അയാളുടെ വാക്കുകളില്‍ നിന്നും പുറപ്പെട്ടു വന്നത്‌. അതു കേട്ടപ്പോള്‍ ആള്‍ കൂട്ടത്തിനു മുമ്പിലുണ്ടായിരുന്ന കുഞ്ഞാലിയുടെ മുഖം ചുവന്നു. അയാള്‍ മുന്‍പോട്ടാഞ്ഞ്‌ റൈറ്ററോട്‌ കയര്‍ത്തു.
ഹേ മനുഷ്യാ.... നിങ്ങളൊരു നല്‍ക്കാലിയാണോ? എല്ലാവരും ഈ പാവങ്ങളെ പോലെ ഇംഗ്ലീഷ്‌ അറിയാത്തവരാണെന്ന്‌ കരുതിയോ?
കുഞ്ഞാലിയുടെ കനത്ത ശബ്‌ദവും തുറിച്ചു നോട്ടവും കണ്ടപ്പോള്‍ റൈറ്റര്‍ വിരണ്ടുപോയി. എന്താണ്‌ പ്രശ്‌നമെന്ന്‌ മാനേജര്‍ ചോദിച്ചു. അപ്പോള്‍ കുഞ്ഞാലി മാനേജരോട്‌ ഇംഗ്ലീഷില്‍ തന്നെ സംസാരിച്ചു. നിവേദനത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി. ഈ ആവശ്യങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും ഇതിനായി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനുകാരണം അങ്ങയുടെ ഈ റൈറ്ററാണെന്നും കുഞ്ഞാലി വെട്ടിത്തുറന്ന്‌ പറഞ്ഞു.


എല്ലാം കേട്ട്‌ ബോധ്യമായപ്പോള്‍ മാനേജര്‍ക്ക്‌ അത്ഭുതം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റിന്‌ യാതൊരു പ്രയാസവുമില്ല. എന്നാല്‍ തൊഴിലാളികളില്‍ നിന്ന്‌ അങ്ങനെ ഒരാവശ്യം ഉയര്‍ന്നു വന്നതായി മാനേജ്‌മെന്റിന്‌ അറിവില്ലാത്തതിനാല്‍ അംഗീകരിക്കപ്പെട്ടില്ലെന്നേയുള്ളൂ. എന്തായാലും നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ മാനേജ്‌മെന്റ്‌ തയ്യാറാണ്‌.
അയാള്‍ പറഞ്ഞു.


ആ പ്രഖ്യാപനം കേട്ട്‌ തൊഴിലാളികള്‍ തുള്ളിച്ചാടി. അവരുടെ ആഹ്ലാദം ആകാശത്തോളം ഉയര്‍ന്നു. മാനേജ്‌മെന്റിനേയും തൊഴിലാളികളേയും കബളിപ്പിക്കുകയായിരുന്ന ഓഫീസ്‌ റൈറ്ററെ അവിടെ വെച്ച്‌ താക്കീത്‌ ചെയ്യുവാനും മാനേജര്‍ മറന്നില്ല.
അന്നത്തെ ഒരു തൊഴിലാളിയുടെ ഉയര്‍ന്ന കൂലി ആറ്‌ അണയായിരുന്നു. താഴ്‌ന്നത്‌ രണ്ടണയും. ഇതില്‍ രണ്ടണയുടെ വര്‍ധനവ്‌ അടക്കം തൊഴിലാളികളുടെ 12 ഡിമാന്റുകളും അംഗീകരിക്കപ്പെട്ടു. മുദ്രാവാക്യ വിളികളോടെ തന്നെ പ്രകടനം എസ്റ്റേറ്റ്‌ പടിക്കലേക്ക്‌ നീങ്ങി. ഉടനെ അവിടെ ഒരു ആഹ്ലാദയോഗം ചേര്‍ന്നു. യോഗത്തില്‍ അല്‍പ സമയം മാത്രം കുഞ്ഞാലി പ്രസംഗിച്ചു. കരഘോഷങ്ങള്‍ക്കിടയില്‍ തന്നെ ആ തീപ്പൊരി പ്രസംഗം അവസാനിപ്പിച്ച്‌ ആ മനുഷ്യന്‍ വന്ന വഴികളിലേക്ക്‌ തന്നെ അപ്രത്യക്ഷനായി.


കണ്ടു നിന്നവര്‍ക്കും കേട്ടു നിന്നവര്‍ക്കും ഒരത്ഭുതമായിരുന്നു ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ തന്റേടം, വാക്കുകളിലെ നിശ്ചയ ദാര്‍ഢ്യം, കനത്ത വാക്കുകളില്‍ അടങ്ങിയിരുന്ന പ്രതിഷേധത്തിന്റെ ആഹ്വാനം. എല്ലാം അവരെ അമ്പരപ്പിച്ചു.
എന്നാല്‍ അയാളെ കേട്ടവരിലേറെ പേര്‍ക്കും അപ്പോഴും അറിയുമായിരുന്നില്ല. അത്‌ അവര്‍ ആവേശത്തോടെ കേട്ടിട്ടുള്ള, ആരാധനയോടെ മാത്രം ഓര്‍ത്തിരുന്ന സഖാവ്‌ കുഞ്ഞാലിയായിരുന്നുവെന്ന്‌.
  

8/1/11

മോഷ്‌ടിക്കുന്ന കുട്ടികള്‍ മനോരോഗത്തിന്റെ പിടിയില്‍


മാധവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുകയാണ്‌. `ഞാനിത്രനാളും സമ്പാദിച്ചതു മുഴുവന്‍ എന്റെ മകള്‍ക്കുവേണ്ടിയാണ്‌ സാര്‍. ആണായിട്ടും പെണ്ണായിട്ടും ഞങ്ങള്‍ക്ക്‌ അവള്‍ മാത്രമേയുള്ളൂ. അവള്‍ക്കൊരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല. അവളുടെ ഏതൊരാവശ്യവും നിറവേറ്റുന്നുണ്ട്‌. എന്നിട്ടും അവളെന്തിനുവേണ്ടി മോഷ്‌ടിക്കുന്നു. ആവശ്യത്തിന്‌ പേനയും നോട്ടുബുക്കുകളുമൊക്കെ അവള്‍ക്കുണ്ട്‌. പക്ഷേ, മറ്റുകുട്ടികളുടെ പെന്‍സിലും പേനയും പുസ്‌തകങ്ങളുമൊക്കെ അവള്‍ മോഷ്‌ടിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടിയുടെ കളര്‍പേനകള്‍ മോഷ്‌ടിച്ചു. മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങള്‍ നാണംകെട്ടു. ആവശ്യത്തിലധികം കളര്‍പേനകള്‍ വീട്ടിലുണ്ട്‌. എന്നിട്ടും അവള്‍ എന്തിനുവേണ്ടി, ഇങ്ങനെ ചെയ്യുന്നുവെന്നാണ്‌ എനിക്ക്‌ മനസ്സിലാകാത്തത്‌. സുഹൃത്തായ ഒരു അധ്യാപകന്‍ പറഞ്ഞു ഇതൊരുതരം മനോരോഗമാണെന്ന്‌. ഇത്‌ ശരിയാണോ ഡോക്‌ടര്‍. ഇതിനു പരിഹാരമില്ലേ.'


അധ്യാപകന്റെ നിഗമനം ശരിയായിരുന്നു. ശാരീരികമായി പൂര്‍ണ ആരോഗ്യവതിയായിരുന്ന ഈ പെണ്‍കുട്ടി ക്ലപ്‌റ്റോമാനിയ എന്ന അസാധാരണ മനോരോഗത്തിന്റെ പിടിയിലായിരുന്നു. സാധാരണ കൗമാര പ്രായത്തിലാണ്‌ ഈ രോഗം പ്രകടമാകുന്നത്‌. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്‌. ഇവര്‍ മോഷ്‌ടിക്കുന്ന പലതും നിസ്സാര വസ്‌തുക്കളാകാം. ചിലപ്പോള്‍ വില കൂടിയവയും. വ്യക്തി വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ മോഷ്‌ടിക്കുന്ന രീതിയിലും വ്യത്യസ്‌തതയുണ്ട്‌. ചിലര്‍ മോഷ്‌ടിച്ച്‌ തിരിച്ചേല്‍പ്പിക്കുന്നു. ചിലര്‍ ഉപേക്ഷിക്കുന്നു. മറ്റു ചിലര്‍ വെറുതെ വിതരണം ചെയ്യുകയോ രഹസ്യമായി സൂക്ഷിച്ചുവയ്‌ക്കുകയോ ചെയ്യുന്നു. ഒരു പ്രത്യേക വസ്‌തുമാത്രം മോഷ്‌ടിക്കുന്ന രോഗികളുണ്ട്‌. ആ വസ്‌തു കണ്ടുകഴിഞ്ഞാല്‍ എത്ര ശ്രമിച്ചാലും അവര്‍ക്ക്‌ മോഷ്‌ടിക്കാതിരിക്കാന്‍ കഴിയില്ല.


ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളുടെ ഏതെങ്കിലും വസ്‌തു എടുക്കുന്നതിനെയാണ്‌ മോഷണം എന്നു പറയുന്നത്‌. മോഷണം ഒരു ദുര്‍ഗുണവും നിയമ വിരുദ്ധവുമാണ്‌. മോഷ്‌ടിച്ച വസ്‌തുവിന്റെ വലിപ്പമോ നിസ്സാരതയോ ഇതില്‍ പരിഗണിക്കാറില്ല. കുട്ടികള്‍ മറ്റൊരാളുടെ എന്തെങ്കിലും വസ്‌തുക്കള്‍ അനധികൃതമായി എടുത്താല്‍ അതിനെ മോഷണം എന്നു പറയാറില്ല.
സാഹചര്യങ്ങളാല്‍ മോഷണം ഒരു ജീവിതമാര്‍ഗമായി സ്വീകരിക്കുന്നവരുണ്ട്‌. എന്നാല്‍ സമ്പന്ന കുടുംബത്തില്‍പെട്ടവര്‍ മോഷ്‌ടിക്കാനിറങ്ങിയാലോ? അത്ഭുതം തന്നെ. ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെ പെട്ടെന്നുള്ള പ്രേരണയ്‌ക്ക്‌ വശംവദരായി ആവര്‍ത്തന സ്വഭാവത്തോടെ നടത്തുന്ന മോഷണത്തെയാണ്‌ ക്ലപ്‌റ്റോമാനിയ എന്നുപറയുന്നത്‌. 



ഇവര്‍ക്ക്‌ അനിയന്ത്രിതവും ആവര്‍ത്തന സ്വഭാവത്തോടുകൂടിയതുമായ പ്രേരണ ആദ്യം അനുഭവപ്പെടും. ഒപ്പം മോഷണം നടത്തുന്നതിനുമുമ്പ്‌ അമിതമായ ഉത്‌കണ്‌ഠയും ആകാംക്ഷയും ഉണ്ടാകും. മോഷണത്തിനു ശേഷം ശക്തമായ ആത്മബന്ധവും തൃപ്‌തിയും വൈകാരിക മൂര്‍ച്ചയും ഇവര്‍ക്കനുഭവപ്പെടുന്നു. അതായത്‌ മോഷണത്തിനുമുമ്പ്‌ അനുഭവപ്പെടുന്ന ആകാംക്ഷയും ടെന്‍ഷനും മോഷണാന്ത്യത്തില്‍ ആനന്ദമൂര്‍ച്ചയായിമാറുന്നു. ഇങ്ങനെ ആത്മസംതൃപ്‌തി കൈവരിക്കുന്ന ചില രോഗികളില്‍ രതിമൂര്‍ച്ചവരെ ഉണ്ടാകുന്നുണ്ട്‌.
പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള പ്രേരണയെ മനഃശാസ്‌ത്രത്തിന്റെ ഭാഷയില്‍ ഇംപള്‍സ്‌ എന്നാണ്‌ പറയുന്നത്‌. ആരോഗ്യമുള്ള മനസ്സ്‌ ഇത്തരം ഇംപള്‍സുകളെ നല്ല രീതിയില്‍ നിയന്ത്രിക്കുന്നു. എന്നാല്‍ അനാരോഗ്യമനസ്സിന്‌ ഈ നിയന്ത്രണം അസാധ്യമായിത്തീരുന്നു. ഇംപള്‍സുകളെ നിയന്ത്രിക്കുന്നതില്‍ ദുര്‍ബലമായ മനസ്സിന്റെ കഴിവുകേടാണ്‌ ക്ലപ്‌റ്റോമാനിയ പോലുള്ള മനോരോഗങ്ങള്‍ക്ക്‌ കാരണമെന്നും കരുതപ്പെടുന്നു.
ആത്മനിന്ദയുടെ ഫലമായും ക്ലപ്‌റ്റോമാനിയ കാണപ്പെടുന്നു. മോഷണത്തിലൂടെ സ്വയം ശിക്ഷിക്കുന്ന ഇവരുടെ മനസ്സ്‌ തീക്ഷ്‌ണമായ രോഗാവസ്ഥയിലായിരിക്കും.


അംഗീകാരവും ശ്രദ്ധയും നേടിയെടുക്കാനുള്ള ശ്രമങ്ങളിലൊന്നായി മനഃശാസ്‌ത്രജ്ഞര്‍ മോഷണവും വീക്ഷിക്കപ്പെടുന്നു. ടീച്ചറുടെ പ്രശംസ പിടിച്ചുപറ്റാനായി സഹപാഠിയുടെ പേന മോഷ്‌ടിച്ചുകളഞ്ഞുകിട്ടിയതാണെന്നു പറഞ്ഞ്‌ ടീച്ചറെ ഏല്‍പ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഇതിനുദാഹരണമാണ്‌.
ആക്രമണ സ്വഭാവത്തിന്റെ ഒരു മുഖമായിട്ടും മോഷണം നടത്താറുണ്ട്‌. ഉന്മാദം, ചില അപസ്‌മാര രോഗങ്ങള്‍, ഹിസ്റ്റീരിയ, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങള്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവ പിടിക്കപ്പെട്ടവര്‍ പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെ ചിലപ്പോള്‍ മോഷണം നടത്തുന്നു.


മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും ചിലപ്പോള്‍ ഈ സ്വഭാവ വൈകല്യം പ്രകടിപ്പിക്കാറുണ്ട്‌.
ക്ലപ്‌റ്റോമാനിയയെ സാരമായ ഒരു പ്രശ്‌നമായി തന്നെ കാണണം. ഈ വ്യവഹാരപ്രശ്‌നം കുട്ടികള്‍ക്കിടയില്‍ ഉണ്ടോ എന്ന്‌ രക്ഷിതാക്കളും അധ്യാപകരും ഗൗരവപൂര്‍വം നിരീക്ഷിക്കേണ്ടതുണ്ട്‌. ക്ലപ്‌റ്റോമാനിയ ബാധിച്ച ചില കുട്ടികളെ `കള്ളന്‍' എന്നു പറഞ്ഞ്‌ അടിച്ചും കളിയാക്കിയും കൊണ്ടുനടന്നാല്‍ മനോരോഗത്തിന്റെ കുഴികളിലേക്കായിരിക്കും അവര്‍ ചെന്നുചാടുന്നത്‌.


വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, അരക്ഷിതത്വബോധം, സാഹസബോധം, ലൈംഗിക തകരാറുകള്‍, അസന്തുഷ്‌ടി, കര്‍ശനമായ വിനയം തുടങ്ങിയവയാണ്‌ മോഷണത്തിനുള്ള ചില പ്രധാന ഹേതുക്കളായി മനഃശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്‌.
കുഞ്ഞുങ്ങള്‍ക്ക്‌ അനുകൂലമായ അന്തരീക്ഷം നല്‍കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. വിദ്യാലത്തിലായാലും ഇതുതന്നെ വേണം. എങ്കിലേ കുട്ടിയില്‍ സുരക്ഷിതത്വബോധം ഉണ്ടാകൂ.
സുരക്ഷ ഉണ്ടായാല്‍ പോരാ. അതുണ്ടെന്ന ബോധം കുട്ടിയില്‍ ഉണ്ടാകണം. അതുപോലെ സ്‌നേഹബോധവും വളര്‍ത്തണം. മാതാപിതാക്കള്‍ തന്നെ സ്‌നേഹിക്കുന്നു എന്ന തോന്നല്‍ അവരിലുണ്ടാവണം.


കുഞ്ഞുങ്ങളില്‍ അവരുടെ വസ്‌തുക്കളും മറ്റുള്ളവരുടെ വസ്‌തുക്കളും എന്ന സങ്കല്‌പം പഠിപ്പിക്കണം. `എന്റേതെന്നും' `അവന്റേതെന്നു'മുള്ള സങ്കല്‌പം മനസ്സിലാക്കാന്‍ ചില കുട്ടികളില്‍ കാലതാമസം കണ്ടുവരാറുണ്ട്‌.
മറ്റൊരാളുടെ വസ്‌തുക്കള്‍ കുട്ടി മോഷ്‌ടിച്ചുകൊണ്ടുവന്നാല്‍ കുട്ടിയല്ലേ സാരമില്ല എന്ന നയം ശരിയല്ല. അതുപോലെ കുട്ടിയെ തല്ലിച്ചതയ്‌ക്കുന്ന രീതിയും തെറ്റാണ്‌. കുഞ്ഞുങ്ങളുടെ മനസ്സില്‍ ഒരിക്കലും മുറിവുകള്‍ വീഴാത്ത തരത്തില്‍ കൈകാര്യം ചെയ്യണം. സ്വാഭിമാനം കുട്ടികള്‍ക്കും ഉണ്ട്‌. മോഷ്‌ടിച്ച വസ്‌തുക്കള്‍ തിരിച്ചുനല്‍കാന്‍ പ്രേരിപ്പിക്കണം. മോഷണം തെറ്റാണെന്നും അതിന്റെ ദോഷങ്ങളെ പറ്റിയും സാവധാനത്തോടെ ഉപദേശിക്കണം. തെറ്റുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്‌.
സാഹസികത അനുഭവിക്കുന്നതരത്തിലുള്ള മത്സരങ്ങളിലും മറ്റു കളികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത്‌ അവരിലെ സാഹസിക പ്രേരണയെ സംതൃപ്‌തിപ്പെടുത്താന്‍ സഹായിക്കും. അമിത വിനയം പുലര്‍ത്തുന്ന കുട്ടികളെ മനഃശാസ്‌ത്രപരമായ സമീപനത്തിലൂടെ നേരിടണം. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം നല്‍കണം. സൈക്കോ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ നൂതന മനഃശാസ്‌ത്ര ചികിത്സകള്‍ ക്ലപ്‌റ്റോമാനിയക്ക്‌ ഫലപ്രദമായി നല്‍കി വരുന്നുണ്ട്‌. 

3/1/11

സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ, ഭാഗം മൂന്ന്‌ പട്ടാളവേശത്തില്‍ നിന്ന്‌ വിപ്ലവ വഴിയിലേക്ക്‌

കേട്ട വിവരങ്ങള്‍ സത്യമായിരുന്നു.
അത്‌ സ്ഥിരീകരിക്കുന്നതിന്‌ വേണ്ട തെളിവുകള്‍ വിശ്വസ്‌തരില്‍ നിന്ന്‌ തന്നെ ലഭിച്ചു. അപ്പോള്‍ സന്തോഷവും സങ്കടവും ഒരു പോലെയുണ്ടായി ആയിഷുമ്മക്ക്‌. പട്ടാളത്തിലുള്ള ജോലിയല്ലെ. വീട്ടിലിരിക്കുന്നവര്‍ക്ക്‌ ഒരു സമാധാനവും തരാത്തതാണത്‌. ഇനി എന്തായാലും കുഞ്ഞാലി നാട്ടില്‍ തന്നെയുണ്ടാകുമല്ലോ. എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ. അതിലായിരുന്നു അവര്‍ക്ക്‌ ആശ്വാസം. എന്നാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനുണ്ടായ കാരണങ്ങളറിഞ്ഞപ്പോഴാണ്‌ ആയിഷുമ്മയില്‍ രോഷം തിളച്ചത്‌. 
കുഞ്ഞാലിയോട്‌ വിരോധമുണ്ടായിരുന്ന ചിലര്‍ ഊമക്കത്ത്‌ അയച്ചതിന്റെ പുറത്താണെത്രെ നടപടി. 


രണ്ടാം ലോക മഹായുദ്ധത്തിന്‌ തിരശ്ശീല വീണു.
1945ലായിരുന്നുവത്‌. സ്വാതന്ത്ര്യ സമരത്തില്‍ സഖ്യകക്ഷികളായിരുന്നു കോണ്‍ഗ്രസും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും. അവര്‍ക്കിടയില്‍ യുദ്ധകാലത്തേ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ പേരിലായിരുന്നുവത്‌.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്നത്‌. അവര്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്തും ഭൂവുടമകളിലും വരുത്തിയ `മാറ്റങ്ങളില്‍' അങ്ങേയറ്റത്തെ അസംതൃപ്‌തിയും ഉണ്ടായിരുന്നു. അവരുടെ കൊള്ളരുതായ്‌മകള്‍ അസന്തുഷ്‌ടിയിലുമാക്കി. അതെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പട്ടാളത്തിലിരിക്കുമ്പോള്‍ തുറന്ന്‌ പറയുന്നതിനും കുഞ്ഞാലി ആരെയും ഭയപ്പെട്ടിരുന്നില്ല.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ആധിപത്യം നിലനില്‍ക്കുന്നതിന്‌ സഹായകമായിരുന്നത്‌ നിരവധി കാരണങ്ങളായിരുന്നു. 

നാട്ടു രാജാക്കന്‍മാര്‍ തമ്മിലുണ്ടായിരുന്ന അനൈക്യം. വാണിജ്യ വ്യവസായ പ്രമുഖര്‍ തമ്മിലുണ്ടായിരുന്ന ഐക്യം. ഭരണാധികാരികളെ പ്രീതിപ്പെടുത്താനായി മത്സരിച്ചിരുന്ന ഉദ്യോഗസ്ഥരുടെ വിനീത സേവനം. ഇതിനെല്ലാം പുറമേ ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ കരുത്തുറ്റ അടിത്തറ ഇന്ത്യക്കാരായിരുന്ന പട്ടാളത്തിന്റെ പിന്‍ബലവും ആത്മാര്‍ഥതയുമായിരുന്നുവെന്ന്‌ കണ്ടെത്തിയത്‌ നേതാജി സുഭാഷ്‌ ചന്ദ്രബോസാണ്‌. ആ ഘടകത്തെ ഇല്ലായ്‌മ ചെയ്യുന്നതിലും നേതാജിക്ക്‌ വിജയിക്കാനായി. മുന്‍ ബ്രിട്ടീഷ്‌ സൈനികര്‍ ഉള്‍കൊള്ളുന്ന ഇന്ത്യന്‍ ദേശീയ സൈന്യത്തെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധമുഖത്തേക്ക്‌ ഇറക്കികൊണ്ടാണ്‌ നേതാജി മിടുക്ക്‌ തെളിയിച്ചത്‌. പഴയ കൂലി പട്ടാളക്കാരെ അര്‍പ്പണ ബോധമുള്ള രാജ്യസ്‌നേഹികളാക്കി പടനയിക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. കുഞ്ഞാലിയും സുഭാഷ്‌ ചന്ദ്രബോസിന്റെ ആരാധകനായിരുന്നു.
ബ്രിട്ടീഷ്‌ ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍മാര്‍ക്ക്‌ ഐ എന്‍ എയെപ്പറ്റി വലിയ മതിപ്പായിരുന്നു. രാജ്യ സ്‌നേഹികളായ ഐ എന്‍ എ ഭടന്‍മാരെ ബഹുമാനിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു രഹസ്യ ബാലറ്റ്‌ വഴി വോട്ടെടുപ്പില്‍ അവര്‍ അഭിപ്രായപ്പെട്ടത്‌. അതുമൂലമായിരുന്നു ജീവപര്യന്തത്തിനും നാടുകടത്തലിനും വിധിക്കപ്പെട്ട ഐ എന്‍ എ ഓഫീസര്‍മാരെ നിരുപാധികം മോചിപ്പിച്ചത്‌.


ഇന്ത്യന്‍ സൈന്യത്തെ ഇനി വിശ്വസിക്കാനാവില്ലെന്നായിരുന്നു വൈസ്രോയി വേവലിന്റെ അഭിപ്രായം. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യം നിലനിര്‍ത്തണമെങ്കില്‍ അടിയന്തരമായി പത്തുലക്ഷത്തോളം വെള്ളപട്ടാളത്തെകൂടി എത്തിക്കണമെന്ന്‌ വൈസ്രോയി രഹസ്യമായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക്‌ റിപ്പോര്‍ട്ടയച്ചു. എന്നാല്‍ തന്ത്രശാലിയായ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആറ്റ്‌ലി അതിന്‌ സമ്മതം മൂളിയില്ല. ബ്രിട്ടീഷ്‌ വ്യാപാര വ്യവസായങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കണെമെങ്കില്‍ ഉടന്‍ തന്നെ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നല്‍കി ഭാരതീയരുടെ ഇഷ്‌ടം സമ്പാദിക്കുകയാണ്‌ വേണ്ടതെന്നാണ്‌ നയ തന്ത്രജ്ഞനായ ആറ്റ്‌ലി തീരുമാനിച്ചത്‌.


1946ല്‍ നാവിക കലാപം പൊട്ടി പുറപ്പെട്ടു. അത്‌ പടര്‍ന്ന്‌ വ്യാപിച്ചു. അപ്പോള്‍ വ്യോമസേനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അതിശക്തനായ പ്രചാരകനായി തീര്‍ന്നിരുന്നു കുഞ്ഞാലി. അക്കാലത്തെ കലാപകാരികളെ എല്ലാം ബ്രിട്ടീഷ്‌ അധികൃതര്‍ കമ്യൂണിസ്റ്റായി മുദ്ര കുത്തപ്പെട്ടു. ഇത്‌ കുഞ്ഞാലിക്കും വിനയായി.
കുഞ്ഞാലിയുടെ പേരില്‍ ചില പരാതികളും ലഭിക്കുകയുണ്ടായി അധികൃതര്‍ക്ക്‌. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്ന ചില കോണ്‍ഗ്രസുകാരായിരുന്നുവത്രെ ഈ പരാതികള്‍ക്കും ഒറ്റിക്കൊടുക്കലുകള്‍ക്കും പിന്നില്‍. ഇതിന്റെ ഫലമായിട്ടായിരുന്നു കുഞ്ഞാലിയെ നാവികസേനയില്‍ നിന്നും പിരിച്ചുവിട്ടത്‌.
മൂന്നു വര്‍ഷത്തെ സൈനിക ജീവിതം മതിയാക്കി കുഞ്ഞാലി നാട്ടില്‍ തിരിച്ചെത്തി.
ഒരിക്കലും നിരാശനായിരുന്നില്ല കുഞ്ഞാലി. ഇനി എന്ത്‌ എന്ന ചോദ്യവും അയാള്‍ക്കു മുന്നില്‍ അപ്രസക്തമായിരുന്നു. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. അതുകൊണ്ട്‌ തന്നെ ഭാവിജീവിതവും ഭാരിച്ച ഉത്തരവാദിത്വങ്ങളും നീണ്ടുകിടക്കുന്നു.
അതു മാത്രവുമല്ല, കുഞ്ഞാലി സൈന്യത്തില്‍ ചേരാന്‍ പോകുമ്പോഴുണ്ടായിരുന്ന കാരണങ്ങള്‍ക്ക്‌ അന്ന്‌ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ അല്ലെങ്കിലും സാമ്രാജ്യത്വ ശക്തിക്കു വേണ്ടി എത്രനാള്‍ ദാസ്യവേല ചെയ്യാന്‍ കഴിയും കുഞ്ഞാലിയെപ്പോലെരാള്‍ക്ക്‌....?


അപ്പോഴേക്കും കുഞ്ഞാലി ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവായി മാറിയിരുന്നു. യൗവനത്തിന്റെ ചോരതിളപ്പ്‌ മാത്രമായിരുന്നില്ല, ദേശീയബോധവും വര്‍ഗ സ്‌നേഹവും സ്വാതന്ത്ര്യദാഹവും എല്ലാം ഒത്തിണങ്ങിയ സാഹസികനായ ഒരു പോരാളിയായും മാറിക്കഴിഞ്ഞിരുന്നു.
പിന്നെ പൊതു പ്രവര്‍ത്തനത്തിലേക്കാണിറങ്ങിയത്‌.
അതിന്റെ തുടക്കം സൈനിക ജീവിതത്തില്‍ നിന്നും വിരമിച്ചവരുടെ ഒരു കൂട്ടായ്‌മ ഒരുക്കിക്കൊണ്ടായിരുന്നു. അവശതയും കഷ്‌ടതയും അനുഭവിച്ച്‌ കഴിഞ്ഞ്‌ കൂടിയിരുന്ന ഒരു ജനവിഭാഗം. അവര്‍ നാടിന്റെ ഏതൊക്കെയോ മുക്കുമൂലകളില്‍ ചിതറിക്കിടക്കുന്നു. സംഘടിതരല്ല. അവകാശങ്ങള്‍ നേടി എടുക്കുന്നില്ല. അവരെ എല്ലാം ഒരുമിച്ച്‌ കൂട്ടണം.
തങ്ങളെല്ലാവരും ഒരേ തൂവല്‍ പക്ഷികളാണെന്ന ബോധവും ബോധ്യവും അവരില്‍ ഉണ്ടാക്കി എടുക്കണം. ആവശ്യങ്ങളും നിലവിളികളും നിശബ്‌ദമായി ഒടുങ്ങുകയായിരുന്നു ഇതുവരെ. അവയ്‌ക്ക്‌ പരിഹാരമില്ല. പരാതിക്കാരില്ല. പിന്നെ എങ്ങനെ പരിഹാരം ഉണ്ടാക്കാനാവും? വിമുക്തഭടന്‍മാര്‍ക്കായി ഒരു സംഘടനയുണ്ടാക്കണം. അവര്‍ പരസ്‌പരം ഒത്തുകൂടണം. ഒരുമിച്ച്‌ കൂട്ടണം. 


മഞ്ചേരിയില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നവരെയെല്ലാം പങ്കെടുപ്പിച്ച്‌ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രചാരണവുമായി കുഞ്ഞാലിയുടെയും ഡോ. സുന്ദരത്തിന്റെയും നേതൃത്വത്തില്‍ ഒരു കാല്‍നട പ്രചാരണ ജാഥ നടത്തി. ജാഥ ഏറനാട്‌ താലൂക്കിന്റെ മുക്കു മൂലകളില്‍ ചുറ്റി നാടിനെ ഉണര്‍ത്തി. വേറെ പലരും ഉണ്ടായിരുന്നു നേതൃനിരയില്‍. ഓരോ സ്വീകരണ കേന്ദ്രങ്ങളിലെത്തുമ്പോഴും കുഞ്ഞാലിയും ഡോ. സുന്ദരവും പ്രസംഗിച്ചു. അവര്‍ വിമുക്ത ഭടന്മാര്‍ അനുഭവിക്കുന്ന വിഷമങ്ങളും ജീവിത ദുരിതങ്ങളും വരച്ചുകാട്ടി. പ്രാദേശിക വാസികളായ ഭടന്മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്നവര്‍ പുസ്‌തകങ്ങളും ലഘുലേഖകളുമായി കേള്‍വിക്കാരെ സമീപിച്ചു. കടകള്‍ കയറി ഇറങ്ങിയും അവ വിറ്റും സമ്മേളനത്തിനുള്ള ഫണ്ട്‌ ശേഖരിച്ചു.
ഈ സമ്മേളനം വന്‍ വിജയമായി.
മഞ്ചേരിയുടെ തെരുവ്‌ വീഥികളിലൂടെ പട്ടാള യൂനിഫോം ധരിച്ചെത്തിയ ജാഥാ അംഗങ്ങളുടെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ മഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു. സമ്മേളനത്തിലൂടെ പൊതുജനത്തിന്‌ മുമ്പില്‍ വിമുക്തഭടന്മാരുടെ ജീവിതം അനാവൃതമായി. അതുവഴി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവര്‍ക്ക്‌ സഹായങ്ങള്‍ പരമാവധി നേടി എടുക്കുക എന്നതായിരുന്നു ഉദ്ദേശം.


വിമുക്ത ഭടന്മാരില്‍ വര്‍ഗബോധമുണ്ടാക്കാന്‍ കുഞ്ഞാലിക്ക്‌ ഇതിലൂടെ സാധിച്ചു. പൂര്‍ണമായും പട്ടാള ചിട്ടയിലായിരുന്നു സംഘാടനം. അത്‌ കുഞ്ഞാലിയുടെ സംഘാടന പാടവത്തിനുള്ള മികച്ച തെളിവായിരുന്നു. മഞ്ചേരിക്കതൊരു വിസ്‌മയ കാഴ്‌ചയായി.
ഇതിനിടെ കുഞ്ഞാലി സജീവ പാര്‍ട്ടി പ്രവര്‍ത്തകനായി മാറി. 1944 ജനുവരി മുതല്‍ പാര്‍ട്ടിയുടെ ജിഹ്വയായി ദേശാഭിമാനി പത്രംകോഴിക്കോട്ടു നിന്നു പ്രസിദ്ധീകരണം തുടങ്ങി. അതിലൂടെ പുതിയ വെളിച്ചവും മാര്‍ഗ നിര്‍ദേശവും ലഭിച്ചു കൊണ്ടിരുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി കുഞ്ഞാലിയെ പാര്‍ട്ടി ഏല്‍പ്പിച്ചു. നാട്ടില്‍ അരങ്ങേറിയിരുന്ന പല ഭൂസമരങ്ങള്‍ക്കും കുഞ്ഞാലി നേതൃത്വം നല്‍കി.


കൊണ്ടോട്ടിയില്‍ മുസ്‌ലിം ലീഗിന്റെ വളണ്ടിയറായിരുന്നു പറമ്പാടന്‍ മുഹമ്മദ്‌. കാഞ്ഞിരപ്പറമ്പ്‌ കുടിയിറക്കലില്‍ അയാളും കുടുംബവും ഭീഷണിയിലായി. മുഹമ്മദ്‌ മുസ്‌ലിം ലീഗുകാരനായിരുന്നിട്ടും അയാളുടെ രക്ഷക്കെത്താന്‍ പാര്‍ട്ടിയുണ്ടായിരുന്നില്ല. കാരണം കൊണ്ടോട്ടി തങ്ങളുടെ കാര്യസ്ഥനായിരുന്ന എറത്താലി ബീരാന്‍കുട്ടി ഹാജിയായിരുന്നു ഭൂവുടമ. അയാള്‍ക്കെതിരെ ചെറുവിരലനക്കാന്‍ മുസ്‌ലിംലീഗിന്‌ കഴിയുമായിരുന്നില്ല.
പക്ഷെ, ആ മനുഷ്യന്റേയും കുടുംബത്തിന്റേയും വേദനകളെ ഏറ്റു വാങ്ങാന്‍ കുഞ്ഞാലിക്കായി. സംഭവത്തില്‍ രാഷ്‌ട്രീയമുണ്ടായിരുന്നുവെങ്കിലും അവിടെ മാനുഷിക പരിഗണനക്കായിരുന്നു കുഞ്ഞാലി മുന്‍തൂക്കം കൊടുത്തത്‌. ഒപ്പം ജന്മിത്വത്തോടുണ്ടായിരുന്ന അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും. പ്രതിരോധ സമരത്തിലൂടെ പാര്‍ട്ടിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

 സമരം ശക്തമായി.
ഭൂവുടമ ബീരാന്‍കുട്ടി ഹാജി കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചു. മുഹമ്മദിനേയും കുടുംബത്തേയും എന്ത്‌ വിലകൊടുത്തും കുടിയിറക്കുമെന്ന വാശിയിലായിരുന്നു ഹാജി. എന്തൊക്കെ ഭൂകമ്പങ്ങള്‍ ഉണ്ടായാലും അവരെ അവിടെ തന്നെ കുടിയിരുത്തുമെന്ന ഉറച്ച തീരുമാനത്തില്‍ കുഞ്ഞാലിയും സംഘവും നിലയുറപ്പിച്ചു. കൊണ്ടോട്ടിയിലെ ഒരു ജനതയുടെ മുഴുവന്‍ പിന്തുണയും മുഹമ്മദിനും കുടുംബത്തിനുമുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ അയാളും കുടുംബവും കുടിയിറങ്ങാതെ അവിടത്തന്നെ കഴിഞ്ഞു.
ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിനും കുടിയിറക്കിനെതിരെ പ്രകടനം നടത്തി മുഹമ്മദിനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നു. ഇതോടെ ഹാജി വിളറിപ്പോയി. മുസ്‌ലിം ലീഗ്‌ എം എല്‍ എയായിരുന്ന കൊയപ്പത്തൊടി മുഹമ്മദ്‌ കുട്ടി ഹാജിയെ സ്വാധീനിച്ചു ഹാജിയാര്‍. കുടിയിറക്ക്‌ വിരുദ്ധ സമരം ഇസ്‌ലാമിക വിരുദ്ധമാണെന്ന്‌ പോലും അയാളെക്കൊണ്ട്‌ പ്രസംഗിപ്പിച്ചു. മുസ്‌ലിം ലീഗിനെ എങ്ങനെയെങ്കിലും സമരത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുക എന്നത്‌ മാത്രമായിരുന്നു അയാളുടെ ഉദ്ദേശം.
സംഭവ ദിവസം കൊണ്ടോട്ടിയിലാകെ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. 


മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ സഹായത്തോടെ സര്‍വ വിധ സന്നാഹങ്ങളുമായി ഉത്തരവ്‌ നടപ്പാക്കാന്‍ അധികൃതരെത്തി. ഈ നടപടിക്കെതിരെ കുഞ്ഞാലി ജനങ്ങളെ സംഘടിപ്പിച്ചു. അവര്‍ പ്രതിഷേധ പ്രകടനം നടത്തി. കുടിയിറക്കാനെത്തിയ പോലീസിനെ തടഞ്ഞു. പോലീസ്‌ ലാത്തി വീശി. കുഞ്ഞാലിയും കൂട്ടരും കൂടുതല്‍ കരുത്തോടെ മുന്നേറി. സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുമെന്ന്‌ കണ്ടപ്പോള്‍ പോലീസ്‌ പിന്‍വാങ്ങി.
അവര്‍ ആ കുടിയിറക്കിനെ അതിജീവിക്കുക തന്നെ ചെയ്‌തു.
പ്രക്ഷോഭത്തിന്‌ നേതൃത്വം വഹിച്ച കുഞ്ഞാലിയുടേയും സുഹൃത്തുക്കളുടേയും പേരില്‍ നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ടു. മഞ്ചേരി കോടതിലായിരുന്നു കേസിന്റെ വിചാരണ. കോടതിയിലേക്കും അവിടെ നിന്ന്‌ തിരിച്ചും കുഞ്ഞാലിയും സുഹൃത്തുക്കളും പ്രകടനമായാണ്‌ പുറപ്പെട്ടിരുന്നത്‌. ഒരു കാല്‍നട ജാഥ. ജാഥയിലുടനീളം വിദേശാദിപത്യത്തിനെതിരേയും ജന്മിത്വത്തിനെതിരെയും അവര്‍ ഉറക്കെയുറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ജന്മിത്വത്തിനെതിരെയുള്ള ഒരു കാമ്പയിന്‍ തന്നെയാക്കി മാറ്റി അതിനെ കുഞ്ഞാലി.
ഈ പ്രക്ഷോഭത്തിന്റെ വിജയത്തോടെ കുടിയിറക്കു ഭീഷണിയെ അഭിമുഖീകരിച്ചിരുന്ന ഇനാംദാര്‍ മുസ്‌ത്യാര്‍ഷായുടെ കുടിയാന്‍മാര്‍ക്കെല്ലാം ശാപമോക്ഷം ലഭിച്ചു. അവരും കുഞ്ഞാലിയോട്‌ നന്ദി പറഞ്ഞു.


ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ഇല്ലായ്‌മകള്‍ക്കു നടുവില്‍ നിന്നും ആത്മവിശ്വാസവും നെഞ്ചൂക്കും മാത്രമുണ്ടെങ്കില്‍ ഏത്‌ വമ്പന്‍മാര്‍ക്കെതിരെയും പോരാടാം എന്ന്‌ കുഞ്ഞാലി കാണിച്ച്‌ കൊടുത്തു. ഒരുമയുണ്ടെങ്കില്‍ എല്ലാശ്രമങ്ങളും വിജയത്തിലെത്തിച്ചേരുമെന്നും.
ഈ പ്രക്ഷോഭമെല്ലാം കുഞ്ഞാലിയെ കൂടുതല്‍ ജനസമ്മതനാക്കി. സഹപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടി പ്രിയപ്പെട്ടവനാകാനും കുഞ്ഞാലിക്കായി. മികച്ച സംഘാടകന്‍, ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ യുവനേതാവ്‌, എന്നീ നിലകളിലേക്കെല്ലാം കുഞ്ഞാലി ഉയര്‍ന്ന്‌ കഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നു. സമരങ്ങളുടെ നായകന്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്രകളുടെ തുടക്കമായിരുന്നു അവയെല്ലാം. 


പിന്നീടാണ്‌ മൈസൂരില്‍ ബീഡിതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി കുഞ്ഞാലിയെ പാര്‍ട്ടി നിയോഗിക്കുന്നത്‌. മൈസൂരില്‍ അന്ന്‌ 62 ബീഡി കമ്പനികളുണ്ടായിരുന്നു. ബീഡി വ്യവസായത്തിന്റെ കേന്ദ്രമായും വളര്‍ന്ന്‌ കഴിഞ്ഞിരുന്നു മൈസൂര്‍. ഈ കമ്പനികളിലെല്ലാമായി പതിനായിരത്തില്‍പരം തൊഴിലാളികളുണ്ടായിരുന്നു.
ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുസ്‌ലിം ലേബര്‍ യൂണിയന്‍, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ എ ഐ ടി യു സി കോണ്‍ഗ്രസ്‌ നേതൃത്വത്തിലെ ഐ എന്‍ ടി യു സി എന്നീ സംഘടനകളായിരുന്നു തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാന യൂണിയനുകള്‍. സുലൈമാന്‍ സേട്ടിന്റെ മുസ്‌ലിം ലേബര്‍ യൂണിയനോടും ഐ എന്‍ ടി യു സിയോടും ഒപ്പമെത്താന്‍ എ ഐ ടിയു സിയെ നയിച്ചിരുന്നത്‌ കൊണ്ടോട്ടിക്കാരന്‍ കൊളക്കാടന്‍ ഹുസൈനായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ എ ഐ ടി യുസിയില്‍ പ്രവര്‍ത്തിച്ചിരുന്നു.


നിരന്തരമായി ആവശ്യപ്പെട്ടു. ഇടക്കിടെ സൂചനാ സമരങ്ങള്‍. പണി മുടക്ക.്‌ എന്നിട്ടും തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തോട്‌ കമ്പനി ഉടമകള്‍ പുറം തിരിഞ്ഞ്‌ നിന്നു. പിടിച്ചു നില്‍ക്കാനാവില്ലായിരുന്നു തൊഴിലാളികള്‍ക്ക്‌. അത്രയേറെ കഷ്‌ടമായിരുന്നു വീട്ടകങ്ങളിലെ തൊഴിലാളി ജീവിതങ്ങള്‍. സഹികെട്ടപ്പോള്‍ എ ഐ ടി യുസി യൂണിയന്‍ അനിശ്ചിതകാല സമരത്തിനാഹ്വാനം ചെയ്‌തു.

1946ലായിരുന്നുവത്‌.
കമ്പനികളില്‍ ആദ്യമായി നോട്ടീസ്‌ നല്‍കി. തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രചാരണങ്ങള്‍ നടത്തി. സമരത്തിലേക്കു നയിച്ച കാരണങ്ങളും തൊഴിലാളികളുടെ ആവശ്യങ്ങളും അക്കമിട്ട്‌ നിരത്തിയ പോസ്റ്ററുകള്‍ നിരന്നു. എല്ലാത്തിനും കൊളക്കാടന്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
ടി ബി രോഗിയായിരുന്നു ഹുസൈന്‍. ഈ സമരം പ്രഖ്യാപിക്കപ്പെട്ട സമയത്തായിരുന്നു അയാളുടെ അസുഖം കൂടിയത്‌. ഡോക്‌ടറെ ചെന്ന്‌ കണ്ടു. അദ്ദേഹം കൈമലര്‍ത്തിയതേയുള്ളൂ. അവിടെ ചികിത്സയില്ല. വിദഗ്‌ധ ചികിത്സ ലഭ്യമാകണമെങ്കില്‍ മദ്രാസിലേക്ക്‌ പോകാനും ഡോക്‌ടര്‍ നിര്‍ദേശിച്ചു.
വല്ലാത്തൊരവസ്ഥയിലായി അയാള്‍.
എന്തു സംഭവിച്ചാലും സമരം പൊളിയരുത്‌. പ്രഖ്യാപിത സമരത്തില്‍ നിന്നും പിന്തിരിഞ്ഞോടരുത്‌. നേതൃത്വം വഹിക്കാന്‍ കരുത്തനായ ഒരു നേതാവിനെത്തന്നെ ലഭിച്ചെങ്കിലേ മതിയാവൂ. ഹുസൈന്‍ വിവരങ്ങള്‍ വെച്ച്‌ പാര്‍ട്ടി നേതൃത്വത്തിന്‌ കമ്പിയടിച്ചു. വൈകാതെ പകരക്കാരനെ പാര്‍ട്ടി നിയോഗിച്ചു. ഒരു യുവനേതാവിനെ.
അത്‌ കുഞ്ഞാലിയായിരുന്നു.
വലിയൊരു വെല്ലുവിളിക്കു മുമ്പിലേക്കായിരുന്നു കുഞ്ഞാലിയുടെ വരവ്‌. സൂക്ഷിക്കണം, കരുതലോടെ നീങ്ങിയില്ലെങ്കില്‍ പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ്‌ തകരുക. അതിനനുവദിച്ചു കൂടാ.


ഡ്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ അക്ഷരമാലകള്‍ കുഞ്ഞാലി അവിടെ നിന്ന്‌ പഠിച്ചു തുടങ്ങി. കൊളക്കാടന്‍ ഹുസൈന്‍ എന്ന മുതിര്‍ന്ന നേതാവിന്റെ ഉപദേശങ്ങളേയും നിര്‍ദേശങ്ങളേയും കുഞ്ഞാലി ശരിക്കും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചു തുടങ്ങി. അതൊന്നും വെറുതെയായില്ല.
കുഞ്ഞാലി തന്റെ സംഘടനാപാടവം തെളിയിക്കുക തന്നെ ചെയ്‌തു.
ദിവസങ്ങളോളം ബീഡി കമ്പനികള്‍ അടഞ്ഞു കിടന്നു. തൊഴിലാളികള്‍ സമരത്തില്‍ ഉറച്ചു നിന്നു. ഒരിഞ്ച്‌ വിട്ടുവീഴ്‌ചക്കുമവര്‍ ഒരുക്കമായില്ല. കമ്പനികളില്‍ ഒന്നും നടക്കാത്ത അവസ്ഥ വന്നു. മറ്റു സംഘടനകളിലെ തൊഴിലാളികളും രഹസ്യമായി സമരത്തെ പിന്തുണച്ചു. ഒടുവില്‍ കമ്പനി ഉടമകള്‍ ചര്‍ച്ചക്ക്‌ തയ്യാറായി. ചര്‍ച്ചകളില്‍ പുതുതായി വന്ന സമര നായകന്റെ ശൗര്യം കണ്ട്‌ അവര്‍ അന്തിച്ചുനിന്നു. ഒടുവില്‍ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമരം വിജയിച്ചു. തൊഴിലാളികള്‍ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി. അധികൃതര്‍ പുതുക്കിയ കൂലി നിശ്ചയിച്ച്‌ പുതിയ ഉത്തരവിറക്കി. കുഞ്ഞാലിയുടെ അവസരോചിതമായ ഇടപെടലുകൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മാത്രമായിരുന്നു ആ വിജയം.
അറുപത്തി രണ്ട്‌ ബീഡിക്കമ്പനികള്‍. അവയില്‍ വ്യത്യസ്‌ത സ്വഭാവക്കാര്‍, വിഭിന്ന മതക്കാര്‍, പല ഭാഷക്കാര്‍ ഒക്കെയായിരുന്നു തൊഴിലാളികള്‍. പ്രധാനമായും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതായിരുന്നു കുഞ്ഞാലിക്കുണ്ടായിരുന്ന നിര്‍ദേശം. പിന്നെ പിന്നെ ഇതര ഭാഷക്കാരുമായും സൗഹൃദം സ്ഥാപിച്ചെടുക്കണം. അവരിലും സ്വാധീനം ചെലുത്തണം. ഒട്ടും വിദ്യാഭ്യാസമില്ലാത്തവരായിരുന്നു കര്‍ണാടക്കാരായ തൊഴിലാളികള്‍. അവരെയും മലയാളികളേയും ഒരുമിപ്പിച്ച്‌ കൊണ്ടുപോവുക എന്നത്‌ ഏറെ പ്രയാസകരമായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും തക്കം പാര്‍ത്തിരിക്കുന്ന മുതലാളിമാരുടേയും ഏജന്റുമാരുടെയും ഇടയില്‍ എന്നിട്ടും അതിനെ അതിജീവിക്കാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. 


ഏതെങ്കിലും കമ്പനിയില്‍ സമരം പ്രഖ്യാപിച്ചാല്‍ തൊഴിലാളികള്‍ പട്ടിണിയിലാകും. സമരം വിജയിക്കുംവരെ അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കണം. ആ ബാധ്യതയും യൂണിയനുള്ളതാണ്‌. അതിന്‌ കനത്ത ഒരുതുക തന്നെ കണ്ടെത്തേണ്ടിവരും. ഈ കുടുംബങ്ങളിലെല്ലാം റിലീഫ്‌ എത്തിച്ചുകൊടുക്കണം. യൂനിയന്റെ നേതൃത്വത്തിലും മറ്റു തൊഴിലാളികളുടെ സഹായത്തോടെയുമായിരുന്നു ഇത്‌ ചെയ്‌ത്‌ പോന്നിരുന്നത്‌.
ഇവിടെയെല്ലാം പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും നടപ്പിലാക്കിയപ്പോള്‍ എതിരാളികളെ വല്ലാതെ ഭീതിയിലാഴ്‌ത്തി. ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരന്റെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ദിശാബോധമുള്ള കര്‍മപദ്ധതികളും കണ്ട്‌ വിളറി പൂണ്ട ചിലര്‍ കുഞ്ഞാലിക്കെതിരെ കരുക്കള്‍ നീക്കി. അവരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ കുഞ്ഞാലിയെ ഇകഴ്‌ത്തി കാണിക്കേണ്ടതും ജനസമ്മതിയെ ഇല്ലാതാക്കേണ്ടതും ആവശ്യമായിരുന്നു. 


ഇതിനുവേണ്ടി റിലീഫ്‌ വിതരണത്തിനിടയില്‍ കുഞ്ഞാലി മലയാളികളല്ലാത്ത തൊഴിലാളികളോട്‌ വിവേചനം കാണിച്ചു എന്നൊരു പ്രചാരണം നടത്തി. യൂനിയന്‍ഫണ്ട്‌ ധൂര്‍ത്തടിക്കുന്നു എന്നതായിരുന്നു മറ്റൊരാരോപണം. കുഞ്ഞാലിയും സുഹൃത്തുക്കളും അന്ന്‌ ഇടക്കിടെ മൈസൂരിലെ ബേധപ്പെട്ട ഹോട്ടലായിരുന്ന ബോംബെ ആനന്ദഭവനില്‍ പോകുന്ന പതിവുണ്ടായിരുന്നു.


ഒരു കാലിചായ മാത്രം കുടിക്കും. വളരെനേരം സംഘടനാ പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ നിലപാടുകളും വിശദീകരിച്ച്‌ സമയംപോക്കും. ഇതായിരുന്നു പതിവ്‌. ആ കാലിച്ചായയുടെ കാശ്‌ പോലും പലപ്പോഴും കൊടുത്തിരുന്നതും കുഞ്ഞാലിയുടെ സുഹൃത്തുക്കളായിരുന്നു. ഇതിനെയാണ്‌ ഡ്രേഡ്‌ യൂണിയന്‍ രംഗത്തെ എതിരാളികള്‍ ചൂഷണം ചെയ്‌തത്‌.
ആ വിലകുറഞ്ഞ പ്രചാരണങ്ങളെ കുഞ്ഞാലിയും പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും പുച്ഛിച്ചു തള്ളിയതേയൊള്ളൂ. കാരണം അവര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അപ്പോഴേക്കും കുഞ്ഞാലി എന്ന നേതാവിനെ, സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യ സ്‌നേഹിയെ.


കുറഞ്ഞ മാസങ്ങള്‍ മാത്രമേ കുഞ്ഞാലി മൈസൂരില്‍ ചെലവഴിക്കുകയുണ്ടായൊള്ളൂ. വീണ്ടും നാട്ടില്‍ തിരിച്ചെത്തി.
കിഴക്കന്‍ ഏറനാടിന്റെ മണ്ണിലേക്ക്‌ കുഞ്ഞാലിക്ക്‌ ക്ഷണമുണ്ടാകുന്നത്‌ പിന്നീടായിരുന്നു. യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിയുടെ കര്‍മ ഭൂമിയും കിഴക്കന്‍ ഏറനാട്ടിലെ മലയോര മേഖലയായിരുന്നുവല്ലോ.
അവിടുത്തെ ഓരോ പുല്‍കൊടിക്കും പരിചിതമായ, ഓരോ മണല്‍ തരിയേയും രോമാഞ്ചമണിയിച്ച എത്ര എത്ര പ്രക്ഷോഭങ്ങള്‍ക്കാണ്‌ പിന്നീട്‌ കുഞ്ഞാലി നേതൃത്വം നല്‍കിയത്‌. ഇന്നും മൂളുന്നുണ്ട്‌ ഏറനാടന്‍ കാറ്റ്‌ ഇതിഹാസ തുല്യമായ ആ വീരകഥകള്‍.