11/1/13

മാനസികാതുരാലയങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ part 3

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം 1872ല്‍ സ്ഥാപിച്ചതായാണ്‌ ചരിത്രരേഖകള്‍. മലബാറില്‍ 1850കള്‍ മുതല്‍ ബ്രിട്ടീഷ്‌ അതിക്രമങ്ങളോടുള്ള ചെറുത്തുനില്‍പ്പുകളില്‍ എല്ലാം തകര്‍ന്ന്‌ മനോനില തെറ്റിയ പൂക്കോട്ടൂരിലെ മാപ്പിളമാരായിരുന്നു ആദ്യത്തെ അന്തേവാസികള്‍. ചരിത്രം വളച്ചൊടിക്കാനും ചിലരെ നിലക്കു നിര്‍ത്താനും അവര്‍ ഈ കേന്ദ്രത്തെ ഉപയോഗിച്ചു പോന്നിരുന്നു. പില്‍ക്കാലത്ത്‌ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മനോരോഗികളുടെ പ്രതീക്ഷയായി കേന്ദ്രം. എന്നാല്‍ എല്ലാവര്‍ക്കും പുച്ഛവും അവജ്ഞയുമാണ്‌. എവിടെയാണ്‌ വീടെന്ന്‌ ചോദിക്കുമ്പോള്‍ കുതിരവട്ടത്തെന്ന്‌ പറയാന്‍ മടിക്കുന്നവരും ഏത്‌ ആശുപത്രിയിലാ ജോലിയെന്ന്‌ അന്വേഷിച്ചാല്‍ പറയാന്‍ അറക്കുന്നവരും ഇന്നുണ്ട്‌. ഇവിടേക്ക്‌ വരാന്‍ മടിക്കുന്ന ഡോക്‌ടര്‍മാര്‍ പോലുമുണ്ട്‌.
ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി താണ്ടുമ്പോഴും പരാധീനതകള്‍ മറുവശത്ത്‌ ഈ കേന്ദ്രത്തെ ശ്വാസം മുട്ടിക്കുന്നുണ്ട്‌. അസൗകര്യങ്ങളുടെ നിറവില്‍ 1500 രോഗികളെ പാര്‍പ്പിച്ച ഭൂതകാലം ഈ ആതുരാലയത്തിന്‌ ഓര്‍ത്തെടുക്കാനുണ്ട്‌. എന്നാല്‍ ഇന്ന്‌ 592 പേരാണിവിടെയുള്ളത്‌. 336 പുരുഷന്‍ മാരും 256 സ്‌ത്രീകളും. ഫാമിലി തെറാപ്പി വാര്‍ഡില്‍ 150 പേരുണ്ട്‌. ഇവരെ പരിചരിക്കാന്‍ ബന്ധുക്കളുണ്ടാകും. പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ഇത്തരത്തിലുള്ള ഓരോ വാര്‍ഡുണ്ട്‌. ക്ലോസ്‌ഡ്‌ വാര്‍ഡില്‍ 350 പേരാണുള്ളത്‌. ഇവരെ പരിചരിക്കാന്‍ ബന്ധുക്കളില്ല. ചിലരുടെ വീടോ നാടോ എവിടെയാണെന്നറിയില്ല. ബന്ധുക്കളെ കണ്ടെത്താത്തവര്‍, സംരക്ഷിക്കാനാളില്ലാത്തവര്‍, ഉണ്ടായിട്ടും കൊണ്ടുപോകാത്തവര്‍...ഫോറന്‍സിക്‌ വാര്‍ഡിലും 150 രോഗികള്‍ ഉണ്ട്‌. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിചാരണയില്‍ കഴിയുന്നവര്‍, റിമാന്‍ഡ്‌ പ്രതികള്‍, കുറ്റവിമുക്തരാക്കപ്പെട്ടിട്ടും മോചനം സാധ്യമാകാത്തവര്‍, അലഞ്ഞു തിരിഞ്ഞ്‌ നടക്കുന്നതിനിടെ കോടതി മുഖാന്തരം അയക്കുന്നവര്‍ ...
മറ്റാരും അഭയമില്ലാത്ത 256 സ്‌ത്രീകളില്‍ 88 പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ 133 പേരും മലയാളികളാണ്‌. സങ്കടകരമായ കാര്യം ഇവരില്‍ 17 പേരുടെ ബന്ധുക്കള്‍ മാത്രമേ എന്നെങ്കിലും വന്ന്‌ നോക്കാറുള്ളൂ എന്നതാണ്‌. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കുറിച്ച്‌ ബന്ധുക്കള്‍ക്കറിയാത്തതുകൊണ്ടാ അവരെ അറിയിക്കാന്‍ സാധിക്കാത്തതു കൊണ്ടോ ആണ്‌. എന്നാല്‍ മലയാളികളില്‍ പലരും എല്ലാം അറിഞ്ഞു തന്നെ മുഖം തിരിക്കുന്നു. 336 പുരുഷന്‍മാരില്‍ 273 പേരാണ്‌ ഉടായോരില്ലാത്തവരുടെ സെല്ലുകളിലുള്ളത്‌. 216 പേരും കേരളീയരാണ്‌. 77 പേര്‍ ഇതര സംസ്ഥാനങ്ങളിലുള്ളവരും. 107 പേരുടെ ബന്ധുക്കള്‍ വല്ലപ്പോഴുമൊന്ന്‌ എത്തി നോക്കാറുണ്ട്‌. ശേഷിക്കുന്ന 166 പേരും അനന്തമായ കാത്തിരിപ്പിലാണ്‌. ഇവരില്‍ 200 പേരെങ്കിലും കാര്യമായ അസുഖമുള്ളവരേയല്ല.


കേരളാ മെന്റല്‍ ഹെല്‍ത്ത്‌ ആക്‌ട്‌ പ്രകാരമുള്ള സ്റ്റാഫ്‌ പാറ്റേണ്‍ ഇവിടെ നടപ്പായിട്ടില്ല. 600 രോഗികളുടെ ആവശ്യത്തിന്‌ ഇന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബില്ല. ഉള്ളതാകട്ടെ ഒരു ലാബ്‌ ടെക്‌നീഷ്യന്‍ മാത്രം. അസമയത്ത്‌ നെഞ്ചു വേദനയുണ്ടായാല്‍ ഇ സി ജി കൊടുക്കാനാളില്ല. മെഡിക്കല്‍ ഫിസിഷ്യനില്ല. നേരത്തെ ഇവിടെ ഉണ്ടായിരുന്ന രണ്ട്‌ യൂനിറ്റിനെ മെഡിക്കല്‍ കോളജിലേക്ക്‌ കരകടത്തിയതോടെ ആറ്‌ ഡോക്‌ടര്‍മാരുടെ കുറവാണ്‌ കേന്ദ്രത്തിനുണ്ടായത്‌. മറ്റു ജീവനക്കാരുടെ കുറവ്‌ വേറെയും. മൂന്ന്‌ ഗവ ഹെല്‍ത്ത്‌ സര്‍വീസ്‌ യൂനിറ്റ്‌, രണ്ട്‌ മെഡിക്കല്‍ കോളജ്‌ യൂനിറ്റ്‌, ഒരു ഇംഹാന്‍സ്‌ യൂനിറ്റ്‌ എന്നിങ്ങനെ ആറ്‌ യൂനിറ്റുകളിലെ ഡോക്‌ടര്‍മാര്‍ ചേര്‍ന്നതായിരുന്നു ഈ കേന്ദ്രം. രണ്ട്‌ വര്‍ഷം മുമ്പാണ്‌ ഈ യൂനിറ്റുകളെ മാറ്റിയത്‌. പകരം സംവിധാനമുണ്ടാക്കിയില്ല. അപ്പോഴും നിരവധി സൗകര്യങ്ങള്‍ നഷ്‌ടപ്പെട്ടു. ഇങ്ങനെ വളരുന്തോറും തളരുന്ന ഒരു പ്രസ്ഥാനമായി ഈ സ്ഥാപനം മാറുമ്പോഴും അധികൃതര്‍ ഉറക്കമുണരുന്നേയില്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന്‌ പടിയിറങ്ങുന്നത്‌ മൂന്ന്‌ പ്രമുഖ ഡോക്‌ടര്‍മാരാണ്‌.
പേരൂര്‍ക്കട ആശുപത്രിയില്‍ 450 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്‌. ഇപ്പോള്‍ അഞ്ഞൂറ്‌ പേരുണ്ട്‌. 36 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു ഈ ക്യാമ്പസ്‌. നാല്‌ ഫോറന്‍സിക്‌ വാര്‍ഡുകളുണ്ട്‌. പരിതാപകരമാണ്‌ ഇവയുടെ അവസ്ഥ. ഒമ്പതാം വാര്‍ഡിനെ നരകമെന്നാണ്‌ ജീവനക്കാര്‍ തന്നെ വിശേഷിപ്പിക്കുന്നത്‌. ഈ വാര്‍ഡുകളില്‍ 21 സിംഗിള്‍ സെല്‍ മുറികളും പത്ത്‌ പേര്‍ക്ക്‌ പാര്‍ക്കാവുന്ന രണ്ട്‌ ഹാളുകളുമാണുള്ളത്‌. 41 പേര്‍ക്കു മാത്രം സൗകര്യമുള്ള സ്ഥലത്ത്‌ ഇപ്പോഴും എഴുപതോ എണ്‍പതോ പേരുണ്ട്‌. അക്രമകാരികളാണെന്നറിഞ്ഞുതന്നെ പത്തോളം പേരെ ഒറ്റക്ക്‌ പാര്‍പ്പിക്കുന്നു. മറ്റെന്ത്‌ ചെയ്യും? 11 സിംഗിള്‍ സെല്‍ മുറികളില്‍ ഓരോന്നിലും ഒന്നിലധികം പേരെ പാര്‍പ്പിക്കേണ്ടി വരുന്നു. ഈ അവസ്ഥയില്‍ എങ്ങനെ സംഘട്ടനങ്ങള്‍ ഉണ്ടാകാതിരിക്കും? ജീവനക്കാര്‍ ചോദിക്കുന്നു. വെളിച്ചമില്ലാത്ത സെല്‍ മുറികളാണ്‌ പലതും. കെട്ടിടത്തിന്റെ ഘടന മൂലം രോഗികളെ നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക്‌ സാധിക്കുന്നില്ല. ഏറെ സുരക്ഷിതവും നിരീക്ഷണ സൗകര്യവുമുള്ളതാകണം ഫോറന്‍സിക്‌ വാര്‍ഡുകള്‍ എന്നിരിക്കേയാണ്‌ പഴഞ്ചന്‍ ജയിലറകള്‍ പോലുള്ള സെല്ലുകള്‍.
ഫോറന്‍സിക്‌ വാര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്ന്‌ മുതല്‍ പത്ത്‌ വരെയുള്ള വാര്‍ഡുകള്‍ക്ക്‌ രാത്രി സമയത്ത്‌ ഒരു സ്റ്റാഫ്‌ നഴ്‌സ്‌ മാത്രമാണുണ്ടാകുന്നത്‌. ആശുപത്രിയില്‍ നൂറ്‌ നഴ്‌സുമാര്‍ വേണം. ഉള്ളത്‌ 50 മാത്രം. നഴ്‌സിംഗ്‌ അസിസ്റ്റന്റ്‌, അറ്റന്‍ഡര്‍ തുടങ്ങിയ തസ്‌തികകളിലായി 44 എണ്ണമാണ്‌ ഒഴിഞ്ഞു കിടക്കുന്നത്‌.
ഒരുപാട്‌ സമയം ചെലവഴിച്ച്‌ ഓരോ രോഗിയുടെയും രോഗാവസ്ഥ വിലയിരുത്തി ചികിത്സ നല്‍കേണ്ട രോഗികളാണിവിടെയുണ്ടാകുക. എന്നാല്‍ കേരളത്തിലെ ഫോറന്‍സിക്‌ വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത്‌ ആശുപത്രിയില്‍ നിന്ന്‌ ഏറെ മാറിയോ വിദൂരമായ കോണുകളിലോ ആണ്‌. അടിയന്തര ചികിത്സ ആവശ്യമുള്ള ഇവര്‍ക്ക്‌ ഏറെ ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്‌. അവരെ ശ്രദ്ധിക്കാന്‍ കഴിയാത്ത രീതിയിലാണ്‌ ആശുപത്രി സംവിധാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജയപ്രകാശ്‌ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ മാനസിക രോഗം ബാധിച്ചവര്‍ മറ്റുള്ളവരുടെ ജീവന്‍ മാത്രമല്ല സ്വന്തം ജീവന്‍ തന്നെ അപായപ്പെടുത്താറുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ സുരക്ഷയും ശുശ്രൂഷിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്‌. എന്നാല്‍ അതിനുള്ള സാഹചര്യം മാനസികാരോഗ്യ കേന്ദ്രങ്ങളിലില്ല. ആവശ്യമായ ജീവനക്കാരുടെ എണ്ണവുമില്ല. അക്രമം തടയുകയും ചികിത്സ നല്‍കുകയും ചെയ്യുന്നത്‌ പോലെ പ്രധാനമാണ്‌ രോഗികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതും. ഈ സാഹചര്യത്തില്‍ അതും പാലിക്കപ്പെടാനാകുന്നില്ല. 


ഡോക്‌ടര്‍മാരേക്കാള്‍ രോഗികള്‍ക്കൊപ്പം ചെലവഴിക്കുന്നത്‌ മറ്റു ജീവനക്കാരാണ്‌. സൈക്യാട്രിസ്റ്റ്‌ നഴ്‌സ്‌ എന്ന തസ്‌തിക സൃഷ്‌ടിക്കപ്പെട്ടിട്ടേയില്ല. സാധാരണ ആശുപത്രികളിലെ നഴ്‌സിംഗ്‌ അസിസ്റ്റന്റും പാര്‍ട്ട്‌ ടൈം സീപ്പറും ഒക്കെതന്നെയാണിവിടെയും ഉള്ളത്‌. ഇവരൊന്നും മനോരോഗത്തെക്കുറിച്ചോ രോഗികളുടെ മനഃശാസ്‌ത്രത്തെക്കുറിച്ചോ ഒരു പരിശീലനവും ലഭിച്ചവരല്ല. ശിക്ഷണ നടപടി എന്ന നിലയിലാണ്‌ പലരേയും ഇവിടേക്ക്‌ മാറ്റിയിട്ടുള്ളതെന്നും ആേക്ഷപ മുണ്ട്‌. മനോരോഗത്തിന്റെ ബാലപാഠം അവര്‍ കേള്‍ക്കുന്നത്‌ ഇവിടെ എത്തുമ്പോഴാണ്‌. കുറേക്കാലം ആശുപത്രിയുടെയും രോഗികളുടെയും മനസ്സ്‌ ഇവര്‍ പഠിച്ചെടുക്കുമ്പോഴേക്ക്‌ മറ്റൊരിടത്തേക്ക്‌ മാറിപ്പോയിട്ടുണ്ടാകും. ഫലത്തില്‍ രോഗികള്‍ക്കിതിന്റെ ഫലം ലഭിക്കുന്നേയില്ല. കോഴിക്കോട്‌ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന്‍ പറയുന്നു.
തമ്മില്‍ ഭേദമെന്ന്‌ പറയാവുന്നത്‌ തൃശൂരിലെ ആശുപത്രിയാണ്‌. ഇവിടെ 12 വര്‍ഷം മുമ്പാണ്‌ ഒരാള്‍ കൊല്ലപ്പെട്ടത്‌. രോഗികള്‍ അക്രമാസക്തരാകുമ്പോള്‍ ഉണ്ടാകുന്ന പതിവ്‌ പ്രതിസന്ധി പരിഹരിക്കാനുള്ള ജീവനക്കാരുടെ കുറവ്‌ ഇവിടെയുമുണ്ട്‌. എല്ലാ മേഖലയിലും ആള്‍ക്ഷാമവും നേരിടുന്നു. എങ്കിലും വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകുന്നു എന്നാണ്‌ സൈക്കോളജിസ്റ്റ്‌ ഡോ. സുബ്രഹ്‌മണ്യന്‍ പറയുന്നത്‌.
മൂന്ന്‌ ആശുപത്രികളിലേയും ഇരുണ്ട മുറികളില്‍ കഴിയുന്നവരില്‍ ബന്ധുക്കള്‍ തിരസ്‌കരിച്ചവരുടെ നിഷ്‌കളങ്ക മുഖങ്ങള്‍ക്ക്‌ കൃത്യമായ കണക്ക്‌ തന്നെയില്ല. വ്യര്‍ഥമായ ഈ കാത്തിരിപ്പ്‌ തീവ്രവും അസഹ്യവുമാണ്‌. എന്നാല്‍ ഇത്തരക്കാരെ തേടി ചിലപ്പോള്‍ ബന്ധുക്കള്‍ വരും. പക്ഷേ, രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളില്‍ അവരെ തിരിച്ചു കൊണ്ടുവന്നാക്കുകയും ചെയ്യും. അവര്‍ക്ക്‌ വേണ്ടത്‌ ഇവരുടെ സ്വത്തുക്കള്‍ മാത്രമാണ്‌. അവരെക്കുറിച്ച്‌ ............ 

8/1/13

മലയാളികള്‍ മനോരോഗത്തിന്റെ ബാല പാഠമറിയാത്തവര്‍മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും തീരെ കുറവായ രാജ്യമാണ് ഇന്ത്യ. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, ഒകുപേഷനല്‍ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ കടുത്ത ആള്‍ക്ഷാമമാണ് നേരിടുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റായ ഡോ. എം ടി ഹാരിഷ് പറയുന്നു. സൈക്യാട്രിസ്റ്റ് നഴ്‌സുമാരുടെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടേയില്ലെന്ന് നിയമസഭാ സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്.
ശരീരമുള്ളവര്‍ക്ക് ശാരീരിക രോഗം വരുന്നത് പോലെ തന്നെയാണ് മനസ്സുള്ളവര്‍ക്ക് മാനസിക രോഗവും വരുന്നത്. എന്നാല്‍ കേരളീയരിലെ ഭൂരിഭാഗം വരുന്ന ജനവിഭാത്തിന് ഈ രോഗത്തെക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല എന്നതാണ് നേര്.  
ആയുര്‍ദൈര്‍ഘ്യം, പോഷകാഹാര ലഭ്യത, രോഗപ്രതിരോധ കുത്തിവെപ്പുകള്‍, ആരോഗ്യ സാക്ഷരത എന്നിവയിലെല്ലാം കേരളം മികച്ചു നില്‍ക്കുന്നു. ഇതിനെ  കേരളത്തിന്റെ ആരോഗ്യ മോഡല്‍ എന്നു വിളിച്ച് ഊറ്റം കൊള്ളുന്നു. എന്നാല്‍ ശാരീരികാരോഗ്യ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന കേരളം   മാനസികാരോഗ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ വളരെ പിറകില്‍ നില്‍ക്കുന്നു. ആരോഗ്യ സാക്ഷരതയുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നവര്‍ എന്തുകൊണ്ടാണ് മനോരോഗികളുടെ വേദനകളെ തിരിച്ചറിയാത്തത്?

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷയം, കുഷ്ഠം, മനോരോഗങ്ങള്‍ എന്നിവക്ക് കൃത്യമായ ചികിത്സ ലഭ്യമായിരുന്നില്ല. ഇത്തരം രോഗങ്ങള്‍ ബാധിച്ചവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു പതിവ്. പകര്‍ച്ചവ്യാധി  എന്ന ഭീതിയായിരുന്നു കുഷ്ഠ രോഗിയേയും ക്ഷയരോഗിയേയും ആട്ടിയോടിക്കാനുണ്ടായിരുന്ന കാരണമെങ്കില്‍ മനോരോഗികള്‍ അക്രമാസക്തരാകുന്നതിനാലായിരുന്നു ചങ്ങലകളിലും ഇരുട്ടു മുറികളിലും തളച്ചിട്ടിരുന്നത്. എന്നാല്‍ 1966ന് ശേഷം ഫലപ്രദമായ മരുന്നുകള്‍ മനോരോഗങ്ങള്‍ക്കും ലഭ്യമായി. ഈ മരുന്നുകളിലൂടെ ആയിരക്കണക്കിന് രോഗികള്‍  പുതു ജീവിതത്തിലേക്ക് നടന്നു കയറി. എന്നാല്‍ ഇന്ത്യയിലെ പഴഞ്ചന്‍ സംവിധാനങ്ങള്‍ക്ക് മാത്രം ഈ വിജയകഥളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ആയില്ല. വൈദ്യശാസ്ത്രം മറ്റു പല രംഗങ്ങളിലും  പുരോഗതി കൈവരിച്ചപ്പോഴും മാനസികാരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല എന്നത് ശരിയാണ്. മനോരോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ആദ്യ കാലങ്ങളിലുണ്ടായിരുന്ന തെറ്റായ ധാരണകളെ മാറ്റിയെഴുതാന്‍ കൂടുതല്‍ സമയവും വേണ്ടിവന്നു.

ഓരോരുത്തരുടെയും  മനസ്സ് വ്യത്യസ്തമായതിനാല്‍ അവര്‍ക്കുണ്ടാകുന്ന രോഗങ്ങളും വ്യത്യസ്തമായിരിക്കുമെന്നും തെറ്റിദ്ധരിക്കപ്പെട്ടു. എഴുപതുകളുടെ തുടക്കംവരെ ഇതായിരുന്നു അവസ്ഥ. എന്നാല്‍ ഈ കാലത്ത്   യു എസ,് യു കെ പ്രൊജക്ട് പുറത്തു വന്നതോടെയാണ്  അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള മനോവിദഗ്ധര്‍ ഈ രോഗ നിര്‍ണയത്തില്‍ നടത്തുന്ന വന്‍ വ്യത്യാസം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മനോരോഗങ്ങളെ കൃത്യമായി നിര്‍വചിക്കാനായി. രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. രോഗനിര്‍ണയത്തിലും തരം തിരിക്കലിലുമുണ്ടായ വ്യക്തത പുതിയ ഔഷധങ്ങള്‍ കണ്ടെത്താനും പരീക്ഷണങ്ങളിലേര്‍പ്പെടാനും സഹായകവുമായി. മനോരോഗം ബാധിച്ചാല്‍ ആയുഷ്‌കാലം മുഴുവന്‍ ഇരുട്ടു മുറികളില്‍ തളച്ചിടപ്പെട്ട് ചികിത്സ തുടരേണ്ടവരാണെന്ന ധാരണയും തിരുത്തി എഴുതി. ഫലപ്രദമായ മരുന്നുകളുടെ വരവോടെ ദീര്‍ഘകാലമായി ഇരുട്ടു മുറികള്‍ക്കകത്ത് കഴിഞ്ഞിരുന്ന രോഗികള്‍ക്കും പുതുജീവിതം സാധ്യമായി. ദീര്‍ഘകാലം ചികിത്സ വേണ്ടി വരുന്നവര്‍ക്ക് സാമൂഹിക മാനസികാരോഗ്യ പദ്ധതികളും ആരംഭിച്ചു. 
ഇതുമൂലം മനോരോഗികളില്‍  ഭൂരിഭാഗവും കുടുംബത്തോടൊപ്പം എന്തെങ്കിലും തൊഴിലിലേര്‍പ്പെട്ട് സ്വതന്ത്രരായി ജീവിക്കുന്ന അവസ്ഥ മറ്റു രാജ്യങ്ങളിലുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ മനോരോഗചികിത്സാരംഗം അവഗണിക്കപ്പെട്ടു കിടന്നു. സ്ഥിതി മെച്ചപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ 1982ല്‍ ദേശീയ മാനസികാരോഗ്യ പരിപാടി നടപ്പാക്കിയെങ്കിലും മറ്റു കേന്ദ്ര ആരോഗ്യ പദ്ധതിക്കുണ്ടായതു പോലുള്ള ജനപിന്തുണയോ ധനസഹായമോ ഈ പദ്ധതിയെ തുണച്ചില്ല. ഈ അവജ്ഞയുടെ തുടര്‍ച്ച പിന്നെയും നീണ്ടു. അല്‍പ്പമെങ്കിലും മാറ്റമുണ്ടാകാന്‍ ഒമ്പതാം പഞ്ചവത്സര പദ്ധതി വരെ കാത്തിരിക്കേണ്ടിയും വന്നു.
മനോരോഗങ്ങളോടുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്ന് സാമൂഹിക അവജ്ഞയാണ്. പലപ്പോഴും രോഗം കണ്ടുപിടിക്കാന്‍ വൈകുന്നു. കണ്ടെത്തിയാലോ ശരിയായ ചികിത്സ നേരത്തെ ലഭ്യമാക്കാനും കഴിയുന്നില്ല. പലപ്പോഴും വൈകി ചികിത്സ തുടങ്ങുന്നതും ശരിയായ തുടര്‍ചികിത്സ നല്‍കാത്തതുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. 

ഹൃദയത്തിന് അസുഖം വന്നാല്‍ അത് അഭിമാനമായി കരുതുന്നവരും മനോരോഗത്തെ അറപ്പോടെയാണ് സമീപിക്കുന്നത്. സത്യത്തില്‍ മനോരോഗം ഒരിക്കലും മാറില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്നും ഭൂരിഭാഗം ജനങ്ങളും. എന്നാല്‍ സത്യമതല്ല. നൂറിലധികം കാറ്റഗറികളില്‍ പെടുത്താവുന്ന  മാനസിക രോഗങ്ങളുണ്ടെന്നാണ് ലോകാര്യോഗ സംഘടന പറയുന്നത്. ഇവക്കെല്ലാം തന്നെ ചികിത്സയും ഫലപ്രദമാണ്. തുടര്‍ച്ചയായി മരുന്ന് കഴിക്കുകയും രോഗിക്ക് പ്രത്യേക പരിഗണനയും ഉറച്ച പിന്തുണയുമുണ്ടെങ്കില്‍ മാറും. പ്രഷറും പ്രമേഹവും പോലെതന്നെയാണ് മാനസിക രോഗങ്ങളും. എന്നാല്‍ മറവി രോഗത്തിന് പ്രചാരത്തിലുള്ള മരുന്നുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഫലപ്രദമല്ല. എങ്കിലും രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള കഴിവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണെന്ന് ഡോ. പി എന്‍ സുരേഷ് കുമാര്‍. ഈ തിരിച്ചറിവിലേക്ക് കേരളം എന്നെത്തുന്നുവോ അന്നേ ഈ അവസ്ഥക്ക് മാറ്റം വരികയുള്ളൂ. ആ അവസ്ഥക്ക് ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം.

മനോരോഗികളുടെ ദുരവസ്ഥക്ക് കാരണം രോഗമല്ലെന്നും  ദീര്‍ഘമായ ജയില്‍ ജീവിതത്തിനു തുല്യമായ ആശുപത്രിവാസമാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ മനോരോഗ വിദഗ്ധര്‍  അഭിപ്രായപ്പെട്ടിരുന്നു. ഇതുവഴി രോഗിയുടെ വൈകാരിക പ്രതികരണ ശേഷി നശിക്കുന്നു. അവരില്‍ ആശയവിനിമയത്തിനുള്ള കഴിവ് കുറയുന്നു എന്നും അവര്‍ കണ്ടെത്തി. മരുന്നുകള്‍ മൂലം രോഗം മാറിയവരെ ആശുപത്രികളില്‍ തളച്ചിടാതെ സമൂഹത്തിലേക്ക്  അയച്ചാല്‍ അവരുടെ സ്ഥിതി വളരെയേറെ മെച്ചപ്പെടുന്നുണ്ടെന്നുമായിരുന്നു  സാക്ഷ്യങ്ങള്‍. തുടര്‍ന്ന് നടന്ന ദീര്‍ഘകാല പഠനങ്ങളും ഇതു ശരിവെച്ചു.
 ആശുപത്രികളില്‍ നിന്ന് എത്രയും പെട്ടെന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുക, പുതിയ രോഗികളെ പ്രവേശിപ്പിക്കാതിരിക്കുക, ഭ്രാന്താശുപത്രികള്‍ അടച്ചു പൂട്ടുക എന്നും ഇറ്റലിയിലെ ഏതാനും മനോരോഗ വിദഗ്ധര്‍  മുദ്രാവാക്യമുയര്‍ത്തി. 
യൂറോപ്യന്‍ രാജ്യങ്ങളിലും  ക്രമേണ വികസിത രാജ്യങ്ങളിലും എല്ലാം തന്നെ  ഈ പ്രക്രിയ ആരംഭിച്ചു. ദീര്‍ഘകാലം രോഗികളെ അടച്ചിടുന്ന ആശുപത്രികള്‍ക്കുള്ള ധനസഹായങ്ങള്‍ അവര്‍ പരിമിതപ്പെടുത്തി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് കുറച്ചു. ദീര്‍ഘകാല ചികിത്സ വേണ്ടവരെ ശുശ്രൂഷിക്കാന്‍ സാമൂഹിക, മാനസിക ആരോഗ്യ പദ്ധതികളും ആരംഭിച്ചു. ഇതിലൂടെ മനോരോഗം ബാധിച്ചവരില്‍ ഭൂരിഭാഗം മനുഷ്യരും അവര്‍ക്കിടയില്‍ തന്നെ പുതിയ ജീവിതം നയിച്ചു തുടങ്ങി. എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിയോ? ചികിത്സാ രീതികള്‍ ഏറെ മാറി. എന്നിട്ടും ചികിത്സാ കേന്ദ്രങ്ങളെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍.   അവയെക്കുറിച്ച്....

4/1/13

സമനിലതെറ്റുന്നത് സമൂഹത്തിന്... പരമ്പര ഒന്നാം ഭാഗംആന്ധ്രാ പ്രദേശുകാരനായിരുന്ന വെങ്കിടേശ്വപ്പയുടെ ജീവിതം കൊണ്ട് ആര്‍ക്കുമൊരു പ്രയോജനവും ഉണ്ടായിരുന്നില്ല. തെരുവിന് പോലും ഭാരമായിരുന്നു ആ ജീവിതം. 2012 ആഗസ്റ്റ് ആറിന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടും വരെ ബീഹാറുകാരനായിരുന്ന സത്‌നാം സിംഗിന്റെ ജീവിതവും അങ്ങനെ തന്നെയായിരുന്നിരിക്കണം. എന്നാല്‍ മരണാനന്തരം അവരുടെ കഥയാകെ മാറി. പ്രതികരിക്കാനും പ്രതിഷേധിക്കാനും  ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാനും രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പാഞ്ഞെത്തി. 
പേരൂര്‍ക്കട ആശുപത്രിയെ മാനസികരോഗികളുടെ ശവപ്പറമ്പാക്കി മാറ്റുന്നുവെന്ന് നിയമസഭയില്‍ ഭരണകക്ഷിയിലെ എം എല്‍ എ തന്നെ പൊട്ടിത്തെറിച്ചു. രായ്ക്കുരാമാനം ആശുപത്രി സൂപ്രണ്ടിനെ നാടുകടത്തി.  കടുത്ത മാനസിക രോഗമുള്ളവര്‍ക്കായി ഏകാംഗ സെല്‍ പണികഴിപ്പിക്കാന്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് പാഞ്ഞു. സെല്ലില്‍ സി സി ക്യാമറ സ്ഥാപിക്കാന്‍ കരാറിലൊപ്പിട്ടു. 
കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കിടന്ന് പിടഞ്ഞു തീര്‍ന്ന ആദ്യ രക്തസാക്ഷികളായിരുന്നില്ല സത്‌നാംസിംഗും വെങ്കിടേശ്വപ്പയും. മുമ്പും ഇരകളും വേട്ടക്കാരും  ഉണ്ടായിട്ടുണ്ട്. ഉണ്ടായികൊണ്ടുമിരിക്കുന്നു. സത്‌നാം സിംഗിന്റെ കൊലപാതകത്തിന് ശേഷം അതേ മാസം കൃഷ്ണന്‍ എന്നയാളും പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു. അത് അധികമാരും അറിഞ്ഞില്ല. 

രാമനാട്ടുകരയിലെ ചന്ദ്രനും കാഞ്ഞങ്ങാട്ടെ അരവിന്ദും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രക്തസാക്ഷികളായിരുന്നു. അടുത്ത രക്തസാക്ഷികളാകാന്‍ ഒരുങ്ങിയിരിക്കുന്നവരോ നൂറുകണക്കിനുണ്ട്. 30 വര്‍ഷത്തിനിടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് കൊലപാതകങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഇ മുകുന്ദന്‍ പറയുന്നത്. പക്ഷേ, ദുരൂഹ മരണങ്ങളും ആത്മഹത്യകളും ഉണ്ടാകുന്നുണ്ട്. രോഗികള്‍ തമ്മിലും ജീവനക്കാരും രോഗികളും തമ്മിലും സംഘര്‍ഷങ്ങള്‍  പതിവാണ്. തൃശൂരും തിരുവനന്തപുരത്തുമുള്ള മനസികാരോഗ്യ കേന്ദ്രങ്ങളിലെല്ലാം ഇതാവര്‍ത്തിക്കുന്നു. തല തല്ലിയുടച്ചും ചെവി കടിച്ചുപറിച്ചും അക്രമാസക്തരാകുന്നവര്‍ വരുത്തിത്തീര്‍ക്കുന്ന പരുക്കുകള്‍ അനവധി. അങ്ങനെ മരണപ്പെട്ടവരും ഉണ്ട്. ഇതൊന്നുമില്ലാതിരിക്കുകയുമില്ല ഇത്തരം സ്ഥാപനങ്ങളില്‍. പ്രത്യേകിച്ചും ജീവനക്കാരുടെ എണ്ണം മരുന്നിന് മാത്രം ഉള്ളിടത്ത്. 
 രോഗികളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവ്. പേരൂര്‍ക്കടയില്‍ ദിവസവും രണ്ടോ മൂന്നോ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതായി ആശുപത്രി അധികൃതര്‍. രോഗികളുടെ അക്രമത്തില്‍ കൈ ഒടിഞ്ഞവരും കാലൊടിഞ്ഞവരും കണ്ണ് തകര്‍ന്നവരും ഉണ്ടിവിടെ. ഇവരുടെ പരുക്കിനെത്തുടര്‍ന്ന് പലപ്പോഴും ലീവ് നല്‍കേണ്ടി വരുന്നു. അപ്പോഴും ജീവനക്കാരുടെ കുറവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൂപ്രണ്ടിനെ നാട് കടത്തിയും  ഡെപ്യൂട്ടി സൂപ്രണ്ടിന്റെ തസ്തിക പറിച്ച് നട്ടും  അധികൃതര്‍ ഇത്രയൊക്കെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ ഈ സ്ഥാപനത്തില്‍ പുതിയൊരു ജീവനക്കാരനെപോലും നിയമിച്ചിട്ടില്ല.   


കോഴിക്കോട് കേന്ദ്രത്തില്‍ ഇടക്കിടെ രോഗികള്‍ ആത്മഹത്യ ചെയ്യുന്നതായി ഡോ. അബ്ദുല്‍ സാദിഖിന്റെ സാക്ഷ്യം.  പക്ഷേ ജീവനക്കാര്‍ക്ക് നിസ്സഹായരായിരിക്കാനേ സാധിക്കുന്നുള്ളൂ. സംവിധാനങ്ങളുടെ അപര്യാപ്തത അത്രയും സ്‌ഫോടനാത്മകമാണ്. വേറെന്ത് ചെയ്യും? അദ്ദേഹം ചോദിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ എപ്പോഴും എന്തും സംഭവിക്കാം. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ആര്‍ക്കാണ് ആകാംക്ഷയുള്ളത്? ഇനി ഒരു ഭൂകമ്പമുണ്ടാകുമ്പോള്‍ മാത്രം പൊട്ടിത്തെറിച്ചാല്‍ മതിയാകുമല്ലോ രാഷ്ട്രീയക്കാര്‍ക്കും ഭരണക്കാര്‍ക്കും. 
സംസ്ഥാനത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം മൂന്ന് ശതമാനം വരുന്നു. ഏകദേശം ഒമ്പത് ലക്ഷത്തോളം മനുഷ്യര്‍. പ്രത്യക്ഷമായും പരോക്ഷമായും അന്‍പത് ലക്ഷത്തോളം ആളുകള്‍ ഈ പ്രശ്‌നത്തിന്റെ ദുരിതം പേറേണ്ടി വരുന്നുണ്ടെന്നാണ് കേരളത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷന്‍ എം കെ ജയരാജ് പറയുന്നത്. എന്നാല്‍ അദ്ദേഹമിത് സാക്ഷ്യപ്പെടുത്തുന്നത് കേരളത്തില്‍ പ്രായത്തിനൊപ്പം മനസ്സെത്താത്ത കുട്ടികളെ പഠിപ്പിക്കുന്ന നാനൂറോളം സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ്. ഇതിലെവിടെയും മനസ്സിന്റെ സമനിലത്തെറ്റി ചിത്തഭ്രമത്തിന്റെ തടവറകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുടെ നിലവിളികളില്ല.  അവരുടെ കണ്ണീരും കാത്തിരിപ്പും വേദനയും വേവലാതികളും പങ്ക് വെക്കപ്പെടുന്നില്ല. 

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍ നിര്‍ണയിക്കണമെന്നും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്നുമുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കണമെന്ന അത്യാവശ്യത്തിനും അത്ര തന്നെ വയസ്സുണ്ട്. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ഈ ആവശ്യം നിരന്തരം ഉയര്‍ത്തിയിട്ടും അധികൃതര്‍ ചൊവിക്കൊള്ളുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ അസി പ്രൊഫസറുമായ  ഡോ. കെ പി ജയപ്രകാശ് ആരോപിക്കുന്നു.

തിരുവന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഈയിടെ ഉണ്ടായ രണ്ട് മരണങ്ങളും നടന്നത് ഫോറന്‍സിക് വിഭാഗത്തിലാണ്. അസൗകര്യങ്ങളുടെ നടുവിലാണ് ഈ വാര്‍ഡ്. ''രാത്രി സമയങ്ങളില്‍ ഇവിടെ ഡ്യൂട്ടിക്ക് ഒരു സ്റ്റാഫ് നഴ്‌സ് മാത്രമാണുണ്ടാകുക. ഫോറന്‍സിക് വാര്‍ഡിലേതടക്കമുള്ള ഡ്യൂട്ടി ഇവരൊറ്റക്ക് ചെയ്യണം. എങ്ങനെ ഒരാള്‍ക്ക് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും? പത്ത് പേര്‍ ചേര്‍ന്നെടുക്കേണ്ട ഭാരം ഒരാളുടെ ചുമലില്‍ കയറ്റിവെച്ചാല്‍ എന്തു സംഭവിക്കും. അതാണ് ഇവിടെയും സംഭവിച്ചത്.''- അദ്ദേഹം പറയുന്നു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മാത്രം 592 രോഗികളുണ്ട്. 474 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനത്തിലാണ് ഇത്രയും രോഗികള്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നത്. ഇവിടെയും ഏതെങ്കിലുമൊരു രോഗി അക്രമാസക്തനായി അത്യാഹിതം സംഭവിക്കേണ്ടി വരും  ഏര്‍പ്പെടുത്താന്‍ പോകുന്ന സംവിധാനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് ആലോചിക്കാനെങ്കിലും. കേരളത്തിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആതുരാലങ്ങളില്‍ മാത്രം 1450 രോഗികള്‍ ഉണ്ട്.  ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് തന്നെ; 592 പേര്‍.  രണ്ടാമത് തിരവനന്തപുരം പേരൂര്‍ക്കടയിലും. 500നുമുകളില്‍. 450 രോഗികളെ പാര്‍പ്പിക്കാനുള്ള സംവിധാനമുണ്ടെന്നാണ് പറയുന്നത്. തൃശൂരിലെ പടിഞ്ഞാറേക്കോട്ടയില്‍ 350 രോഗികളാണുള്ളത്.
 ദുരിതപൂര്‍ണമാണ് ഇവരുടെ ജീവിതം.  ഒറ്റപ്പെടലിന്റെ അസഹ്യമായ വേദനകളുടെ തുരുത്തുകളിലാണവരുടെ ശിഷ്ട കാലം. എല്ലാ അഭയവും നഷ്ടമായവരുടെ ഒടുവിലത്തെ അത്താണി. പക്ഷേ സുരക്ഷിതമാണോ ഈ ജീവിതം? അല്ല തന്നെ. ''കോഴിക്കോട് കേന്ദ്രത്തിലെ 250 പേരെ എങ്കിലും ഇവിടെ താമസിപ്പിക്കേണ്ടവരല്ല. അവര്‍ക്ക് കാര്യമായ അസുഖങ്ങളില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടത് പുനരധിവാസ കേന്ദ്രങ്ങളാണ്.'' ഡോ എന്‍ കെ അബ്ദുല്‍ സാദിഖ് പറയുന്നു. 

ഏറ്റവും കൂടുതല്‍ രോഗികള്‍ ജീവിത സായാഹ്നത്തിലേക്ക് കടന്നവരാണ്. വാര്‍ധക്യത്തിലെ അനാഥത്വത്തോട് മാത്രമല്ല ഈ മനസ്സുകള്‍ക്ക് പടവെട്ടേണ്ടത്; മറ്റു രോഗങ്ങളോട് കൂടിയാണ്. മനസ്സിന്റെ സമനില തെറ്റിയവര്‍ക്കൊപ്പം ഒരസുഖമില്ലാത്തവരും ജീവിച്ച്,  മരിച്ചേ മതിയാകൂ എന്ന  ക്രൂരതയെ കൂടിയാണവര്‍ അഭിമുഖീകരിക്കുന്നത്.
ആശുപത്രി അധികൃതരുടെ അവഗണനയേക്കാള്‍ അവര്‍ പറയുന്നത് ഉറ്റവരും ഉടയവരും കാണിച്ചുകൂട്ടിയ വെറുപ്പിന്റേയും അറപ്പിന്റേയും അറ്റമില്ലാത്ത പീഡനങ്ങളാണ്. എത്ര വേദനാ ജനകമാണ് അവര്‍ കാണിച്ചു കൂട്ടുന്ന അവഹേളനത്തിന്റെ ക്രൂരതകള്‍. 
25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയിട്ടും ഇന്നും വീടണയാനാകാത്ത 30 പേര്‍  കുതിരവട്ടം ആശുപത്രിയില്‍ കഴിയുന്നുണ്ടെന്ന് പറയുന്നു ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ  സോഷ്യല്‍ വര്‍ക്കറായിരുന്ന അജിത കുമാരി. ഒരു മാസം മുമ്പ് വരെ ഇവര്‍ കോഴിക്കോടായിരുന്നു. ഈ രോഗികളുടെ ബന്ധുക്കളെയെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും ജീവിത കാലം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈ പാവങ്ങള്‍.  കാത്തിരുന്ന് കാത്തിരുന്ന് ആരെയും കാണാതെ മരിച്ചൊടുങ്ങുന്നു. മരണാനന്തരം ആ മൃതദേഹം ഒന്ന് കാണാന്‍ പോലും കൂട്ടാക്കാത്തവരും ഉണ്ട് മലയാളികളില്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇതിലപ്പുറമെങ്ങനെയാണ് മനുഷ്യന് തരം താഴാനാകുക? ഇവരുടെ  മുഖങ്ങള്‍ തുറന്നു കാണിക്കുന്നത് മലയാളികളുടെ കപടസദാചാരത്തെയാണ്. എന്തുകൊണ്ടാണ് മലയാളികള്‍ മാത്രം മാറാത്തത്? എവിടെയാണ് കുഴപ്പം...
 അതെക്കുറിച്ച്....

1/1/13

മാനസികാരോഗ്യ കേന്ദ്രങ്ങളല്ല; മനോരോഗ കേന്ദ്രങ്ങള്‍ പരമ്പര 1


സിറാജ്‌ പത്രത്തില്‍ ഡിസംബര്‍ 25 മുതല്‍ 

പ്രസിദ്ധീകരിച്ച പരമ്പരയുടെ ആമുഖം
പൂവാട്ടില്‍ മമ്മദ്‌ക്കയുടെ വീട്‌ ആഫ്രിക്കയിലോ അന്റാര്‍ട്ടിക്കയിലോ അല്ല. കോഴിക്കോട്‌ നിന്ന്‌ തൃശൂര്‍ ദേശീയ പാതയില്‍ കേവലം 23രൂപ മാത്രം ബസ്‌ ചാര്‍ജ്‌ നല്‍കിയാല്‍ എപ്പോഴും എത്താവുന്ന അകലത്തിലാണ്‌.
എന്നാല്‍ മമ്മദ്‌ക്കയെ സംബന്ധിച്ചിടത്തോളം ആഫ്രിക്കക്കും അന്റാര്‍ട്ടിക്കക്കും ഒക്കെ എത്രയോ അപ്പുറത്താണ്‌ ഈ വിലാസം. കാരണം മുപ്പത്തിയഞ്ച്‌ വര്‍ഷമായി അദ്ദേഹം മലപ്പുറം ജില്ലയിലെ ചേളാരിക്കടുത്ത ഈ ഗ്രാമത്തെ കണ്ടിട്ട്‌. പ്രിയപ്പെട്ടവരെ കേട്ടിട്ട്‌. അവിടെയൊരു വീടുണ്ട്‌ അദ്ദേഹത്തിന്‌. നാലു മക്കളുണ്ട്‌. പക്ഷേ, അവര്‍ക്കാര്‍ക്കും 66 കാരനായ ഈ മനുഷ്യനെ വേണ്ട. കുടുംബത്തിലുണ്ടാകുന്ന വിവാഹങ്ങളോ മരണങ്ങളോ ഒന്നും അദ്ദേഹം അറിയാറില്ല. അറിയിക്കാറുമില്ല.
മുപ്പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ സംശയ രോഗമെന്ന മനോവിഭ്രാന്തിയെത്തുടര്‍ന്ന്‌ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തിന്‌ ഇരുപത്‌ വര്‍ഷമായി ഒരസുഖവുമില്ല. ബന്ധുക്കളെ കാത്തുകൊണ്ടേയിരിക്കുകയാണ്‌. ഉത്തരവാദപ്പെട്ടവരാരെങ്കിലും ഒരാള്‍ വന്ന്‌ രജിസ്റ്ററില്‍ ഒപ്പ്‌ വെച്ചാല്‍ മതി. അദ്ദേഹത്തിന്‌ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും ഭൂമിയും സ്വന്തമാകും. പക്ഷേ ആര്‌ വരാന്‍...?
അക്കൗണ്ടില്‍ മോശമല്ലാത്തൊരു സമ്പാദ്യം തന്നെയുണ്ട്‌ മമ്മദ്‌ക്കക്ക്‌. ഈ കാലയളവില്‍ പുനരധിവാസ കേന്ദ്രത്തിലെ പ്രസ്സില്‍ ജോലി ചെയ്‌ത്‌ സ്വരുകൂട്ടിവെച്ച നിധിയാണത്‌. എന്നാല്‍ ഇന്നുവരെ ആരും എത്തിയിട്ടില്ല ആ നിധി ഏറ്റുവാങ്ങാന്‍.
സെബാസ്റ്റ്യന്‍ എന്ന എഴുപതുകാരന്റെ വീട്‌ കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിക്കടുത്താണ്‌. ഭാര്യ മരിച്ചുപോയി. മക്കളില്ല. സഹോദരങ്ങളുണ്ട്‌. മറ്റു ബന്ധുക്കളുമുണ്ട്‌. സ്വന്തമായി വീടും സ്വത്തുമുണ്ട്‌. എന്നാല്‍ ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ബന്ധുക്കള്‍ തന്നെയാണ്‌ ഇദ്ദേഹത്തെ ഇവിടെ ആശുപത്രിയിലാക്കി മുങ്ങിയത്‌. ഇതുവരെ ആരും പൊങ്ങിയിട്ടില്ല. ഇദ്ദേഹത്തിനും ഇന്ന്‌ യാതൊരു അസുഖവുമില്ലെന്ന്‌ ഡോക്‌ടര്‍മാരുടെ സാക്ഷ്യം. പക്ഷേ, ആരെങ്കിലും വരാതെ എന്ത്‌ ചെയ്യും...? നിരവധി തവണ കത്തുകളയച്ചു. ഫോണ്‍ ചെയ്‌തു. പക്ഷേ ആരും വന്നില്ല. ഇനി പള്ളി ഇടവകയുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ്‌ ആശുപത്രി അധികൃതര്‍.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനപ്പുറത്ത്‌ ഒരു ലോകമുണ്ടെന്ന്‌ ഗോപിയേട്ടന്‍ മറന്നിട്ട്‌ 45 വര്‍ഷമായിരിക്കുന്നു. അതിനപ്പുറത്തും മനുഷ്യരുണ്ടെന്നതും അദ്ദേഹത്തിന്‌ അജ്ഞാതം. നാലരപതിറ്റാണ്ടിന്റെ മഞ്ഞും മഴയും വെയിലുമേറ്റ്‌ ഗോപിയേട്ടനുണ്ട്‌ ഈ ആശുപത്രിയില്‍. രോഗികളില്‍ ഏറ്റവും പ്രായം ചെന്നവരിലൊരാള്‍. ആശുപത്രിയുടെ രൂപവും ഭാവവും എത്രയോ തവണ മാറിയത്‌ ഗോപിയേട്ടന്റെ കണ്‍മുമ്പിലാണ്‌. അന്തേവാസികളുടെ മുഖങ്ങള്‍ മാറിയും മറിഞ്ഞും വന്നുകൊണ്ടേയിരുന്നു. പക്ഷേ എന്നിട്ടും ഗോപിയേട്ടന്‍ മാത്രം മാറിയിട്ടില്ല. പ്രായം മാത്രം മാറിയതോ ഗോപിയേട്ടനറിഞ്ഞതുമില്ല. ഈ കാലത്തിനിടെ വിളിക്കാന്‍ ആരും വന്നില്ല. വാര്‍ധക്യ സഹജമായ രോഗങ്ങളല്ലാതെ. വീട്‌ എവിടെയാണെന്നറിയില്ല. വീട്ടുകാരെയുമറിയില്ല. അത്‌ കൊണ്ട്‌ മരണം വിളിക്കും വരെ ഇവിടെ തന്നെ...
മമ്മദ്‌ക്കയുടെ കാര്യത്തില്‍ വെറുക്കപ്പെടാന്‍ ബന്ധുക്കള്‍ക്ക്‌ ഒരു കാരണമെങ്കിലുമുണ്ട്‌. ഗോപിയേട്ടനെ വന്നുവിളിക്കാന്‍ ബന്ധുക്കളുണ്ടാകില്ലെന്നും സമാധാനിക്കാം. എന്നാല്‍ എഴുപത്‌ കടന്ന സെബാസ്റ്റ്യന്റെ കാര്യമോ...? നാല്‍പത്‌ കാരിയായ ലീലാവതിയുടെ സങ്കടങ്ങളോ...?ഇങ്ങനെ എത്രയോ സെബാസ്റ്റ്യന്‍മാരും മമ്മദുമാരും ലീലാവതിമാരും ഉണ്ട്‌ കേരളത്തിലെ മനോരാഗാതുരാലയങ്ങളില്‍.
എന്താണ്‌ നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അകത്തളങ്ങള്‍ പറയുന്നത്‌...? മാനസികാരോഗ്യ കാര്യത്തില്‍ കേരളമെവിടെ നില്‍ക്കുന്നു..? അന്വേഷണങ്ങള്‍ ചെന്നെത്തുന്നത്‌ ഞെട്ടിക്കുന്ന വസ്‌തുതകളിലാണ്‌. ഈയിടെ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലൂടെ യാത്രചെയ്‌തു. അവിടെകണ്ട കാഴ്‌ചകള്‍ നടുക്കുന്നതാണ്‌. കേട്ട വാര്‍ത്തകള്‍ കരള്‍ പിളര്‍ത്തുന്നതും.

ഒരിക്കല്‍ കൈപിടിച്ച്‌ നടത്തിയ മകനോ മകളോ ജീവിതത്തിന്റെ പാതിയായ പങ്കാളിയോ സ്വയം സംരക്ഷിക്കാന്‍ പോലുമാകാത്ത ഈ പരുവത്തില്‍ എന്തിനിവരെ ഉപേക്ഷിക്കുന്നു...? മരുന്നിനുമപ്പുറം മനോരോഗ ചികിത്സയിലെ ആദ്യത്തെ ഔഷധം സ്‌നേഹമാണെന്നും കാരുണ്യവും കനിവും പരിഗണനയും കാണിക്കേണ്ടത്‌ ആദ്യം ബന്ധുക്കളാണെന്നും അവരുടെ പിന്തുണയും പൂര്‍ണ സഹകരണവും തന്നെയാണ്‌ രോഗികള്‍ക്കുണ്ടാകേണ്ടത്‌ എന്നൊക്കെ ഇനി എന്നാണ്‌ മലയാളികളെ പഠിപ്പിച്ചെടുക്കാനാകുക...? അവര്‍ തിരിഞ്ഞ്‌ പോലും നോക്കാത്ത 600 രോഗികള്‍ മൂന്ന്‌ ആശുപത്രികളില്‍ മാത്രമുണ്ട്‌. യാതൊരു അസുഖമില്ലാതിരുന്നിട്ടും ഇരുട്ടറകളില്‍ ജീവിതം ഹോമിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ 400 പേരെങ്കിലും ഈ ആശുപത്രികളില്‍ നരകിക്കുന്നു. ബന്ധുക്കളാരെങ്കിലും വന്ന്‌ കൂട്ടികൊണ്ടുപോകാന്‍ എത്തിയാല്‍ അവര്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ പ്രഭാതങ്ങളിലേക്ക്‌ യാത്രപോകാം.
കുടുംബങ്ങള്‍ക്കും കൂടെപ്പിറപ്പുകള്‍ക്കുമൊപ്പം ശിഷ്‌ടകാലം സന്തോഷകരമായ ജീവിതം നയിക്കാം. പക്ഷേ ആരു വരുന്നു...?
കോടതി ഉത്തരവ്‌ പ്രകാരം എത്തുന്ന രോഗികള്‍ക്ക്‌ ജയില്‍ സുരക്ഷയും പ്രത്യേക സെല്ലും ഉറപ്പ്‌ വരുത്തണം. എന്നാല്‍ ഇവരെ ഫോറന്‍സിക്‌ സൈക്യാട്രി ബ്ലോക്കിലെ കുടുസുമുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നു. അതും കൂട്ടത്തോടെ. പേരൂര്‍ക്കടയിലെ ദാരുണ സംഭവങ്ങള്‍ക്ക്‌ ശേഷവും. അതല്ലാതെ മറ്റു സൗകര്യങ്ങളില്ല. പിന്നെന്തു ചെയ്യും...? ഒരു ജീവനക്കാരന്‍ ചോദിക്കുന്നു.
അസൗകര്യങ്ങളുടെ നിറവിലാണ്‌ ഫോറന്‍സിക്‌ വാര്‍ഡുകള്‍. വെളിച്ചമില്ലാത്ത സെല്ലുകള്‍ പരാധീനതകളുടെ ചരിത്രം വിളംബരം ചെയ്യുന്നു. അശാസ്‌ത്രീയമായ കെട്ടിടങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയില്‍ നിലവിളിക്കുന്നു. ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും ദാരിദ്ര്യം കൊണ്ട്‌ സമ്പന്നമാണ്‌ എല്ലാ ആശുപത്രികളും. ഇതേക്കുറിച്ചുള്ള പരമ്പര ഉടന്‍...