26/11/10

ലൈംഗിക ചന്തയില്‍ പരമ്പര ആറ്‌ ചികിത്സയുള്ള വൈകല്യം; ചികിത്സക്കെത്താതെ മനോ രോഗികള്‍






കഴിഞ്ഞ ജൂലൈ 21ന്‌ മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നിന്നാണാ വാര്‍ത്ത വന്നത്‌. എട്ടാംക്ലാസ്‌ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പന്ത്രണ്ടുപേര്‍ അറസ്റ്റിലായ കഥ. ചേറൂര്‍ പി പി ടി എം വൈ എച്ച്‌ എസ്‌ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഇര. പിടികിട്ടേണ്ട രണ്ടുപേര്‍ ഗള്‍ഫിലേക്ക്‌ പറന്നു.


പക്ഷെ പ്രതികളുടെ ഭീഷണിയില്‍ ഭയന്നുവിറച്ച കുട്ടിയുടെ ബന്ധുക്കള്‍ ആയിരം കാതങ്ങള്‍ക്കകലെയുള്ള വിദ്യാലയത്തിലാണവനെ കൊണ്ടുപോയിചേര്‍ത്തത്‌. എന്നിട്ടും അവന്റെ ഭീതിയൊഴിഞ്ഞില്ല. ഒരുനാള്‍ സ്‌കൂളില്‍ നിന്നും തലകറങ്ങി വീണപ്പോഴാണ്‌ മാനസിക വിദഗ്‌ധന്റെ സഹായം തേടിയത്‌.


പ്രശ്‌നത്തെ ചൊല്ലി നെറ്റിചുളിച്ചവരും അസ്വസ്ഥത പൂണ്ടവരും വാര്‍ത്ത വായിച്ച്‌ തള്ളിയവരും എല്ലാം ഓര്‍ക്കാതെപോയി പീഡനത്തിരയായ പയ്യന്റെ മാനസികാവസ്ഥ. പിന്നെയും എത്രയോ മാസങ്ങള്‍ കഴിഞ്ഞാണ്‌ അവന്‌ മനോനില വീണ്ടെടുക്കാനായത്‌. ശരീരത്തിനേല്‍ക്കുന്ന ആഴമേറിയ മുറവുപോലും ആറാഴ്‌ചകൊണ്ട്‌ ഉണങ്ങുന്നു. എന്നാല്‍ മനസിനേല്‍ക്കുന്ന മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ പലതെടുക്കുമെന്ന്‌ ഇവരാരും ഓര്‍ത്തതേയില്ല. ചിലമുറിവുകളാവട്ടെ എത്ര വര്‍ഷം കഴിഞ്ഞാലും ഉണങ്ങിയെന്നും വരില്ല.


ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന അന്‍വറിന്റെ ദുരൂഹമരണം കൂടി ഇതോട്‌ ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. 2010 ഫിബ്രുവരി ആറിനായിരുന്നു കൂളിപ്പിലാക്കല്‍ മൊയ്‌തീന്‍കുട്ടിയുടെ മകന്‍ അന്‍വറിനെ തൊട്ടടുത്ത വീടിന്റെ ബാത്ത്‌ റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.
പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ സഹപാഠിയായിരുന്നു അന്‍വര്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ അന്നേ ബന്ധുക്കള്‍ക്ക്‌ സംശയമുണ്ടായിരുന്നു. അതിന്‌ ശക്തി പകരുന്നു സാഹചര്യത്തെളിവുകള്‍.


സുമാര്‍ 163 സെന്റീമീറ്റര്‍ ഉയരവും ഇരുനിറവുമുള്ള ഇയാളുടെ നെഞ്ചിന്‌ മുകളിലും ഇടത്‌ മുലക്കണ്ണിന്‌ മുകള്‍ വശത്തുമായി ഓരോ മുറിക്കല കാണുന്നതായി എഫ്‌ ഐ ആറില്‍ പറയുന്നുണ്ട്‌. ഇടതുകൈത്തണ്ടയിലും വിരലിലും ഇടതുതുടയിലുമായി രക്തം പറ്റിപ്പിടിച്ചിരുന്നു. ലിംഗം ഉദ്ധരിച്ച്‌ ശുക്ലം ഒലിച്ചിറങ്ങിയ നിലയിലും മലദ്വാരത്തില്‍ നിന്ന്‌ കുറച്ചുമലം വന്ന നിലയിലുമായിരുന്നു. കൂടാതെ കഴുത്തില്‍ കുരുക്കിട്ട്‌ കുരുക്കിയ അടയാളവും കയ്യില്‍ ഇന്‍ജക്ഷന്‍ കുത്തിവെച്ച പാടുമുണ്ടായിരുന്നു. ഇതെല്ലാം ഇതൊരു സ്വാഭാവിക തൂങ്ങിമരണമല്ലെന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്‌.
അന്‍വറിനെ മരണപ്പെട്ട നിലയില്‍കണ്ടത്തിയതും വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ടതും ഏകദേശം അടുത്ത സ്ഥലത്തു നിന്നായിരുന്നു. സംഭവം നടന്ന്‌ എട്ടുമാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും കേസില്‍ ഒരാളെപോലും പിടികൂടാനായിട്ടില്ല. വേങ്ങര എസ്‌ ഐ അനില്‍കുമാര്‍ ടി മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. രണ്ടുസംഭവവും തമ്മില്‍ കൂട്ടിയോജിപ്പിക്കാവുന്ന ഒട്ടേറെ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന്‌ എസ്‌ ഐ അനില്‍കുമാര്‍ സിറാജിനോട്‌ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അന്‍വറിന്റെ കൊലയാളികളെ കണ്ടെത്തി തരണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിരുന്നു. കേസ്‌ ക്രൈംബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ പരാതി നല്‍കിയിട്ടുണ്ടെന്നും അത്‌ ആഭ്യന്തരമന്ത്രിക്ക്‌ കൈമാറിയിട്ടുമുണ്ട്‌. ഫയലിപ്പോള്‍ ഡി ജി പി യുടെ പരിഗണനയിലാണെന്നും അഡ്വ. എം ഉമ്മര്‍ എം എല്‍ എയും അറിയിച്ചു.

2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ഷക്കീര്‍ എന്നായിരുന്നു ആ പയ്യന്റെ പേര്‌. സാംസ്‌കാരിക കേരളം ഇന്നും ആ ക്രൂരത മറന്നിട്ടില്ല. എന്നാല്‍ ആ മൃഗീയതയിലേക്ക്‌ നയിച്ച സംഭവങ്ങളുടെ പിറകെ അന്വേഷിച്ച്‌ പോയപ്പോഴാണ്‌ ഒരുകാര്യം വ്യക്തമായത്‌. അവന്റെ ജീവിതവും കടന്നുവന്ന വഴികളും ഒക്കെതന്നെയാണ്‌ അത്തരമൊരു പൈശാചികതയിലേക്ക്‌ അവനെ നടത്തിച്ചത്‌.
തൃശൂര്‍ ജുവനൈല്‍ ഹോമിലെ ലൈബ്രേറിയനായ സി ആര്‍ രാമകുമാര്‍ അവനോട്‌ അടുത്തിടപഴകിയിരുന്നു. ഒടുവില്‍ 2009 മാര്‍ച്ച്‌ 27ന്‌ രാത്രി വിഷംകഴിച്ച്‌ ഷക്കീര്‍ ചെറിയജീവിതം കൊണ്ട്‌ വലിയ പാഠങ്ങള്‍ സമ്മാനിച്ചാണ്‌ മണ്ണോട്‌ ചേര്‍ന്നത്‌. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന്‌ വരുന്ന കുട്ടിക്ക്‌ എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക്‌ നിരന്തരം ഇരയാകുന്ന ഒരുകുട്ടിയുടെ മനസിനെ അതെത്രത്തോളം സ്വാധീനിക്കുമെന്നതിനുള്ള വലിയ പരീക്ഷണ വസ്‌തു. അതിനെല്ലാമായുള്ള ഉത്തരമായിരുന്നു ഷക്കീര്‍.
മാതാവിന്റെ വഴിവിട്ട ജീവിതത്തിനുള്ള പാരിതോഷികമായിരുന്നു അവന്റെ ജന്മം പോലും.


അവന്‍ ലൈബ്രേറിയനായിരുന്ന സി ആര്‍ രാമകുമാറിനോട്‌ പറഞ്ഞ ചിലവാക്കുകള്‍ തന്നെ ശ്രദ്ധിക്കുക. കടപ്പുറത്ത്‌ ചെന്നിരുന്നാല്‍ ഓരോരോ ചേട്ടന്‍മാര്‍ വന്ന്‌ ബൈക്കില്‍ കേറ്റികൊണ്ടുപോകും. പത്തോ ഇരുപതോ രൂപകിട്ടും. പിന്നെ അല്‍പം കഞ്ചാവും. അതും കൊണ്ടാണ്‌ തിരിച്ചുവരിക. വെറുതെ കിട്ടിയ ലഹരിനുണഞ്ഞ്‌ അതിന്റെ അടിമയായി തീര്‍ന്നു. പണത്തേക്കാളേറെ പലപ്പോഴും ആ ലഹരിക്ക്‌ വേണ്ടിയാണ്‌ പിന്നെ അവരുടെകൂടെ ചെന്നത്‌. വിശപ്പ്‌ സഹിക്കാമായിരുന്നു. പക്ഷേ ലഹരികിട്ടിയില്ലെങ്കില്‍.... 


രണ്ടു വര്‍ഷത്തോളം ഒരുകൂട്ടം കാമവെറിയന്‍മാരുടെ ഇരയായി തീരുകയായിരുന്നു അവന്‍.
ഷക്കീറിനെക്കുറിച്ച്‌ പഠിക്കാന്‍ ഞങ്ങള്‍ നാട്ടില്‍ ചെന്നു. അവന്റെ മരണശേഷമായിരുന്നുവത്‌. രക്ഷിതാക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, താമസിച്ചുപഠിച്ച മദ്രസ, യത്തീംഖാന, സ്‌കൂള്‍, തുടങ്ങി അവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം പതിനഞ്ച്‌ ദിവസമെടുത്ത്‌ വിവരങ്ങള്‍ ശേഖരിച്ചു.


ഇതില്‍ നിന്നും കടപ്പുറത്തെ രണ്ടുവര്‍ഷത്തെ സഹവാസമാണ്‌ അവന്റെ ജീവിതം കലുശിതമാക്കിയതെന്ന്‌ ഞങ്ങള്‍ക്ക്‌ നൂറുശതമാനവും ബോധ്യപ്പെട്ടു. അദ്ദേഹം പറയുന്നു.
ഈ ലേഖന പരമ്പര തുടങ്ങിയത്‌ മനു എന്ന പതിമൂന്നുകാരന്‍ പയ്യന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ സെക്‌സ്‌ റാക്കറ്റുകാരും അവനെ ഉപയോഗിച്ച മനുഷ്യരും പഠിപ്പിച്ചെടുത്ത സംസ്‌കാരം അവന്‍ പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്‌തു. അത്‌ സ്വന്തം അമ്മയെ കയറിപ്പിടിച്ചുകൊണ്ടായിരുന്നുവെന്ന്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ആ അമ്മയത്‌ കരഞ്ഞുകൊണ്ടാണ്‌ വെളിപ്പെടുത്തിയതെന്ന്‌ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ അജീഷ്‌. ഇപ്പോള്‍ ഒരുബോര്‍ഡിംങ്ങ്‌ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുകയാണ്‌ മനുവിനെ.

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ഒരുനായര്‍ തറവാട്ടിലെ 45കാരന്‍ ഇന്ന്‌ ലഹരിക്കടിമയാണ്‌. മരുമക്കത്തായം നിലനിന്നിരുന്ന കുടംബത്തില്‍ നിന്നും ചെറുപ്രായത്തിലെ ഇയാളെ ബന്ധുക്കളായ പലരും ലൈംഗികമായി ഉപയോഗിച്ചിരുന്നു. അടുത്ത ബന്ധത്തിലെ സ്‌ത്രീകള്‍പോലും. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഇയാളും കുട്ടികളെ തേടി ഇറങ്ങി. 


വിവാഹിതനും രണ്ട്‌ കുട്ടികളുടെ പിതാവുമായ ഇദ്ദേഹത്തിന്‌ ഇപ്പോഴും താത്‌പര്യം ഇത്തരം പയ്യന്‍മാരോടാണെന്നും ദാമ്പത്യ ജീവിതത്തില്‍ തികഞ്ഞ പരാജയമാണെന്നും വെളിപ്പെടുത്തിയത്‌ ഭാര്യതന്നെയായിരുന്നുവെന്ന്‌ സുരക്ഷയിലെ പ്രോജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ ചൂണ്ടികാട്ടുന്നു. ഇദ്ദേഹം ഇന്നും ഈ കേന്ദ്രത്തില്‍ ചികിത്സയിലാണ്‌. 

ഇങ്ങനെ ബാല്യകാലത്തുണ്ടായ തെറ്റായ ലൈംഗികാനുഭവങ്ങള്‍ പല ചെറുപ്പക്കാരുടേയും ദാമ്പത്യ ബന്ധത്തെപോലും താറുമാറാക്കുന്നു. അത്‌നിരവധി പെണ്‍കുട്ടികളുടെ ജീവിതത്തിലും ഇരുള്‍ വീഴ്‌ത്തുന്നു. പലതരത്തിലുള്ള പരീക്ഷണങ്ങള്‍ക്കാണ്‌ ഇവര്‍ പയ്യന്‍മാരെ ഇരയാക്കുന്നത്‌. ഇത്തരം പീഡനങ്ങളിലൂടെ കുട്ടികളുടെ ഭാവിയില്‍ ഇരുള്‍ വന്ന്‌ നിറയുന്നതിനെക്കുറിച്ചും അവര്‍ തലതെറിച്ച വ്യക്തിത്വത്തിനുടമകളായി മാറുന്നതിനെക്കുറിച്ചും ഇതിനേക്കാള്‍ വലിയ ഉദാഹരണങ്ങള്‍ വേറെവേണോ...? 


വേട്ടക്കാര്‍ തത്‌ക്കാലത്തേക്കുമാത്രമുള്ള സംതൃപ്‌തിക്കുവേണ്ടി ഇവരില്‍ നടത്തുന്ന പരീക്ഷണം തന്നെയാണ്‌ അവര്‍ മറ്റുള്ളവരിലും പരീക്ഷിക്കുന്നത്‌. വഴിവിട്ട മാര്‍ഗങ്ങള്‍ക്ക്‌ വഴങ്ങാത്തപ്പോള്‍ ബലപ്രയോഗത്തിന്‌ മുതിരുന്നു. ഇതാണ്‌ പലകുട്ടികളുടേയും മരണത്തിന്‌ വരെ കാരണമാകുന്നതും. മുതിര്‍ന്നവരില്‍ നിന്ന്‌ കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന പീഡനം (പീഡോഫീലിയ) കുട്ടികളില്‍ വരുത്തിവെക്കുന്ന ഭീകരതയുടെ ചിത്രങ്ങള്‍ കൂടി പറഞ്ഞ്‌കൊണ്ട്‌ അവസാനിപ്പിക്കാം. അത്‌ വൈകാതെ. 

23/11/10

ലൈംഗിക പിപണി ഭാഗം അഞ്ച്‌ ചുവന്ന തെരുവുകളില്‍ ആണ്‍കുരുന്നുകള്‍



ഇരിങ്ങാവൂരിലെ സമീര്‍ബാബു എന്ന പതിനഞ്ചുകാരനെ കാണാതായതോടെയാണ്‌ തിരൂരിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ക്ക്‌ പ്രചാരം കൈവന്നത്‌.1996 ഫിബ്രുവരിയിലായിരുന്നുവത്‌. പിന്നീട്‌ തിരിച്ചുകിട്ടി കള്ള്‌ ഷാപ്പിനരികിലെ പൊട്ടക്കിണറ്റില്‍ നിന്നും വികൃതമായൊരു മൃത്‌ദേഹം. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌ത കരീം എന്ന പ്രതി പിന്നീട്‌ ആത്മഹത്യചെയ്‌തു.


കല്‍പകഞ്ചേരി എസ്‌ ഐ ആയിരുന്ന ശഫീഖിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കരീമിന്റെ ആത്മഹത്യയോടെ അന്വേഷണം നിലച്ചു. ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനം മരവിപ്പിച്ചു. കേസ്‌ അന്വേഷിച്ചിരുന്ന എസ്‌ ഐ ശഫീഖ്‌ ഒരാക്‌സിഡന്റില്‍പെട്ട്‌ ഇന്നും അബോധാവസ്ഥയിലാണ്‌. അയാള്‍ക്ക്‌ പിന്നീട്‌ ഒരിക്കലും ബോധം തിരിച്ചുകിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ആക്‌സിഡന്റില്‍പോലും ദുരൂഹതയുള്ളതായി കേരള സാംസ്‌കാരിക വേദിയുടെ സംസ്‌ഥാന സെക്രട്ടറി വെട്ടിച്ചിറമൊയ്‌തു ആരോപിക്കുന്നു. അതോടൊപ്പം അന്ന്‌ വിവാദമായ സംഭവങ്ങളെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ തിരൂരില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്നും ചൂണ്ടികാട്ടുന്നു.


അന്നത്തെ മാഫിയ ആശീര്‍വദിച്ചാനയിച്ച പയ്യന്‍മാരെല്ലാം തന്നെയാണിന്ന്‌ തിരൂരിലെ ലഹരിവില്‍പ്പനക്കാരായും കൂട്ടികൊടുപ്പുകാരായും വാഴുന്നതെന്നും തിരൂരിലെ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും പറയുന്നു. അത്‌ശരിവെക്കുന്നു പലരും. ഇവര്‍ രംഗത്ത്‌ അവതരിപ്പിക്കുകയും ഒടുവില്‍ സ്വവര്‍ഗാനുരാഗിയായി തീരുകയും ചെയ്‌ത ഒരാളെ മലപ്പുറത്ത്‌ നിന്നും ഒരാള്‍ പരിചയപ്പെടുത്തി തന്നു. കേരള രാഷ്‌ട്രീയത്തില്‍ ഉന്നതനായ ഒരാളുടെ ഇഷ്‌ടക്കാരനാണ്‌ താനെന്ന്‌ അവന്‍ സമ്മതിക്കുന്നു. അങ്ങനെ പല പ്രമുഖര്‍ക്കും അവനോടുള്ള ഇഷ്‌ടവും വെളിപ്പെടുത്തി.


മലപ്പുറം ജില്ലയുടെ വിവിധ ദിക്കുകളില്‍ നിന്ന്‌ കുട്ടികള്‍ക്കുനേരെ യുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ച്‌ അടുത്തകാലത്ത്‌ കേട്ടുകൊണ്ടിരിക്കുന്നതും ശുഭകരമായ വാര്‍ത്തയല്ല. പലയിടത്തും പലരീതിയില്‍ സംഭവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴും ശിക്ഷിക്കപ്പെട്ടവര്‍ ആരുമില്ല. എല്ലാ കേസുകളും അനുരഞ്‌ജനത്തിലൊടുങ്ങുന്നു. ആയിരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒന്നോ രണ്ടോ കേസ്‌ മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌ തിരൂര്‍ ഡി വൈ എസ്‌ പി മോഹനചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ഇരകള്‍ പരാതിക്കാരാവാത്ത കേസുകളാണിത്‌. പലര്‍ക്കും പരാതിയേയില്ല. പ്രശ്‌നം വിവാദമാകുമ്പോഴും ഗുരുതരവുമാകുമ്പോഴും മാത്രമേ വാര്‍ത്തയും കേസുമാവുന്നുള്ളൂ - അദ്ദേഹം പറയുന്നു.

ചില കേസുകളില്‍ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാര്‍ക്ക്‌ കഴിയുന്നില്ലെന്ന്‌ മഞ്ചേരി ബാറിലെ അഭിഭാഷകനായ പി എ പൗരന്‍ പറയുന്നു. തെളിവുകള്‍ ശക്തമാകുന്ന കേസുകളില്‍ പ്രതികളുടെ ഭീഷണിയും ശക്തമാകുന്നു.
കാളികാവില്‍ ബസ്‌കാത്തു നില്‍ക്കുകയായിരുന്ന പതിനഞ്ച്‌കാരനെ മൂന്നുപേര്‍ ചേര്‍ന്ന്‌ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലുള്ള ലോഡ്‌ജിലെ 302ാം റൂമില്‍ കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചു. മദ്യവും നിര്‍ബന്ധിപ്പിച്ച്‌ കഴിപ്പിച്ചു. രണ്ടുപേര്‍വീതം കൈക്കും കാലിനും പിടിച്ചുവെച്ചായിരുന്നു പീഡനം. എല്ലാം കഴിഞ്ഞ്‌ കരുവാരകുണ്ട്‌ പുന്നക്കാട്‌ കൊണ്ടുപോയി ഇറക്കിവിട്ടു. കാളികാവ്‌ പോലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 2007 ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. ഒത്തു തീര്‍പ്പിന്‌ പ്രതികള്‍ പലതവണ ശ്രമിച്ചു. വഴങ്ങാതായപ്പോള്‍ കുട്ടിയുടെ വീട്ടില്‍ നീലച്ചിത്ര സീഡി കൊണ്ടുപോയിവെച്ച്‌ പോലീസിനെകൊണ്ട്‌ റെയ്‌ഡ്‌ ചെയ്യിപ്പിച്ചാണവര്‍ വൃത്തികേടിന്റെ മറ്റൊരു പതിപ്പിനെ പ്രകാശിപ്പിച്ചത്‌. ഇതിന്റെ പിന്നില്‍ പ്രതികള്‍ തന്നെയായിരുന്നുവെന്ന്‌ അന്നത്തെ എസ്‌ ഐ എം കൃഷ്‌ണന്‍ സമ്മതിച്ചിട്ടുണ്ടെന്ന്‌ ചൂണ്ടികാട്ടി കുട്ടിയുടെ മാതാവ്‌ എസ്‌ പി ക്കു പരാതി നല്‍കി. എന്നിട്ടുപോലും പ്രതികള്‍ സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ അഡ്വ പി എ പൗരന്‍ ചൂണ്ടികാട്ടുന്നു.


നാലുമാസം മുമ്പ്‌ അരീക്കോടില്‍ നിന്നും ഒരു സംഭവമുണ്ടായി. രണ്ടുപേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഒരുലോട്ടറിക്കടയും വളം ഡിപ്പോയും പൂട്ടി പോലീസ്‌ സീല്‍ചെയ്‌തു. ഒരു വസ്‌ത്രവ്യാപാരം പോലീസ്‌ അടച്ചിട്ടു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ പയ്യനെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. സംഭവം നാട്ടില്‍ പാട്ടായതോടെ പയ്യന്‍ നാണക്കേട്‌ ഓര്‍ത്ത്‌ നാടുവിടുകയായിരുന്നു.


മഞ്ചേരി ചെറുകുളത്തും പുല്‍പ്പറ്റയിലും സമാനമായ സംഭവമുണ്ടായി. പെരിന്തല്‍മണ്ണയില്‍ നിന്ന്‌ ഏഴുപേരും കൊണ്ടോട്ടിയില്‍ നിന്ന്‌ മൂന്നുപേരും മേലാറ്റൂരില്‍ നിന്ന്‌ രണ്ടുപേരും തിരൂരങ്ങാടിയില്‍ നിന്ന്‌ രണ്ടുപേരും അറസ്റ്റിലായി. എല്ലായിടത്തും ഇരകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു വിദ്യാര്‍ഥിയുടെ ദുരൂഹ മരണത്തിലും ഇത്തരം സംഘങ്ങള്‍ക്ക്‌ പങ്കുള്ളതായി സംശയമുയര്‍ന്നിരുന്നു. അന്ന്‌ പെരിന്തല്‍മണ്ണയിലേയും പരിസരത്തേയും ലോഡ്‌ജുകള്‍ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഒരു റെയ്‌ഡോ അറസ്റ്റോ ഒന്നും പിന്നെയുണ്ടായില്ലെന്ന്‌ ഇവര്‍ക്കെതിരെ പരാതി നല്‍കിയ പാതായ്‌ക്കരയിലെ ഒരുവിദ്യാര്‍ഥിയുടെ ബന്ധുപറഞ്ഞു. കേസില്‍ ഒന്നാംപ്രതിയായിരുന്ന മുഹമ്മദ്‌ ഹനീഫയായിരുന്നു കുട്ടികളെ വലയിലാക്കിയിരുന്നത്‌. എന്തിനും ഒരുക്കമായ പതിനഞ്ചോളം കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പീഡനത്തിനിരയായ ഒരു വിദ്യാര്‍ഥി പറഞ്ഞു. ഇവരുടെ ആവശ്യം കഴിഞ്ഞാല്‍ അങ്ങാടിപ്പുറത്തുള്ള പ്രതിയുടെ കോര്‍ട്ടേഴ്‌സിലോ മറ്റുലോഡ്‌ജുകളിലോ എത്തിച്ച്‌ മറ്റുള്ളവര്‍ക്ക്‌ കാഴ്‌ചവെക്കുകയായിരുന്നു പതിവ്‌.


ഒരേസമയം മൂന്ന്‌ കുട്ടികളുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നവര്‍വരെ ഇവരുടെ കസ്റ്റമര്‍മാരിലുണ്ടായിരുന്നു. ഇത്രയും വലിയൊരു റാക്കറ്റിനെക്കുറിച്ച്‌ തുടരന്വേഷണമുണ്ടായില്ല എന്നത്‌ ഗുരുതരമായ വീഴ്‌ചയായാണ്‌ ചൂണ്ടികാണിക്കുന്നത്‌. എന്നാല്‍ പെരിന്തല്‍മണ്ണ പോലീസ്‌ ഈകേസ്‌ തന്നെ മറന്നിരിക്കുന്നു. അതോര്‍മിപ്പിക്കാന്‍ ആരും മുന്നോട്ട്‌ വന്നതുമില്ല.


ഇത്തരത്തില്‍ ഒടുവിലെത്തേതാണ്‌ വേങ്ങരയില്‍ നിന്നും എടപ്പാളില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നും കേട്ടത്‌. വേങ്ങരയില്‍ എട്ട്‌ മാസങ്ങള്‍ക്കുമുമ്പുണ്ടായ അന്‍വര്‍ എന്നവിദ്യാര്‍ഥിയുടെ മരണവും പ്രകൃതിവിരുദ്ധ പീഡനം മൂലമായിരുന്നു. ആക്കഥ ഉടന്‍ 

18/11/10

ലൈംഗിക വിപണി ഭാഗം നാല്‌ അബ്ബാസ്‌, അജ്‌മല്‍, ജുനൈസ്‌ കുട്ടിപ്രഭുക്കള്‍ക്ക്‌ പകര്‍ത്താനുള്ള പാഠം


വിവിധ ജില്ലകളില്‍ നിന്നായി 1996കളുടെ ആദ്യത്തില്‍ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ധാരാളമായി കാണാതായിരുന്നു. അവരില്‍ പലരും തൊഴില്‍തേടി വന്നടിഞ്ഞിരുന്നത്‌ തിരൂരിലായിരുന്നു. 
തിരൂര്‍ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേസ്റ്റേഷന്‍ പരിസരവും അന്ന്‌ അടക്കിവാണിരുന്നത്‌ ചില മാഫിയകളായിരുന്നു.

പിതാവിന്റെ കൂടെ മുസ്‌ഹഫുകളും പുസ്‌തകങ്ങളുമൊക്കെ വില്‍ക്കുന്ന ജോലിയായിരുന്നു കാളികാവിലെ അബ്ബാസിന്‌. ഒരിക്കല്‍ അടുത്ത്‌ പറ്റിക്കൂടിയ ഒരാള്‍ കയ്യിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെട്ടു. പണമില്ലാതെ വീട്ടില്‍ച്ചെന്ന്‌ കയറാന്‍ ഭയം. അങ്ങനെയാണ്‌ പതിമൂന്നുകാരന്‍ അബ്ബാസ്‌ തിരൂരിലെത്തിപ്പെടുന്നത്‌. സെക്‌സ്‌ മാഫിയകളുടെ അടുക്കലേക്കായിരുന്നു അവനും എത്തിപ്പെട്ടത്‌. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു. അന്ന്‌ പ്രകൃതിവിരുദ്ധ പീഡകരുടെ കളിപ്പാവകളായ 16ലേറെ കുട്ടികളെയാണ്‌ മൊയ്‌തു വെട്ടിച്ചിറ, ഷമീജ്‌ കാളികാവ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള സാംസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയത്‌. അവരുടെ വീട്ടുവിലാസം ചോദിച്ചറിഞ്ഞു. ഈ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ട്‌പേരുടേത്‌ മാത്രമെ ശരിയായിരുന്നുള്ളൂ. ബാക്കിയെല്ലാം വ്യാജമായിരുന്നു. അവരിലൊരാളായിരുന്നു അബ്ബാസ്‌.

ഇന്നും ഓര്‍ക്കുമ്പോള്‍ അബ്ബാസിന്‌ അത്ഭുതം. തനിക്കെങ്ങനെ ലഹരിപതയുന്ന ജീവിതത്തില്‍ നിന്ന്‌ മോക്ഷം സാധ്യമായി...എല്ലാത്തിനും അബ്ബാസും കുടുംബവും ദൈവത്തെ സ്‌തുതിക്കുന്നു. അബ്ബാസിന്റെ ജീവിതം വലിയ പാഠപുസ്‌തകമാണ്‌. ഏതുവിധേനയും പണം സമ്പാദിക്കാമെന്ന്‌ കരുതി ഇറങ്ങിപ്പുറപ്പെടുന്ന പയ്യന്‍മാര്‍ക്കുള്ള പാഠം. ആ മാലിന്യങ്ങളില്‍ ചെന്നടിഞ്ഞാല്‍ തിരിച്ച്‌കയറുക ഏറെ പ്രയാസമാണെന്ന്‌ കൂടെയുണ്ടായിരുന്ന പലരുടേയും ജീവിതംചൂണ്ടി അയാള്‍പറയുന്നു.
കൊടുവള്ളിയിലേയും താമരശ്ശേരിയിലേയും ചിലരെ പിന്നീട്‌ കണ്ടെത്തിയതോ ദുരൂഹസാഹചര്യത്തില്‍ അനാഥ ശവങ്ങളായിട്ടായിരുന്നു.


ഇന്ന്‌ അബ്ബാസ്‌ പാലക്കാട്‌ ഒലവക്കോട്ടുള്ള മത്സ്യ മാര്‍ക്കറ്റിലെ മീന്‍ വില്‍പ്പനക്കാരനാണ്‌. ഭാര്യയും മൂന്ന്‌ കുട്ടികളുമുണ്ട്‌. ഇന്ന്‌ പ്രകൃതിവിരുദ്ധപീഡനമെന്ന്‌ കേള്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ കലികയറും. ആരെങ്കിലും അത്തരത്തില്‍ ചെയ്യുന്നത്‌കാണുമ്പോള്‍ ക്ഷമ നശിക്കും. അത്തരം കുട്ടികളെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ അറപ്പോടെ മുഖം തിരിക്കും. അതിന്‌ വേണ്ടിമാത്രമായി ജീവിക്കുന്ന ചില മനുഷ്യരെ കാണുമ്പോള്‍ വെറുപ്പോടെ കാറിതുപ്പും.
അന്ന്‌ മുപ്പതു രൂപയായിരുന്നു ഒരാളില്‍നിന്ന്‌ ലഭിച്ചിരുന്നത്‌. മുപ്പത്‌ രൂപകൊടുത്താല്‍ ലോഡ്‌ജുകളില്‍ ഒരുമണിക്കൂറ്‌ നേരത്തേക്ക്‌ റൂം കിട്ടും. കോഴിക്കോട്ടെ ചില ലോഡ്‌ജുകളില്‍ ഇന്നും ആ സേവനം തുടരുന്നു. വാടക മുന്നൂറുരൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന്‌ മാത്രം. ഒരു ദിവസത്തേക്കുള്ള റൂം വാടക 150 ആകുമ്പോഴാണ്‌ ഒരുമണിക്കൂറിന്‌ മുന്നൂറ്‌ മുതല്‍ മുകളിലേക്ക്‌ ഈടാക്കുന്നത്‌. ഒരുദിവസംതന്നെ ഒരേ റൂം ഇത്തരത്തില്‍ പലതവണ ഉപയോഗപ്പെടുത്താമെന്നത്‌കൊണ്ട്‌ ലോഡ്‌ജുകാര്‍ക്കും ഇത്‌ അനുഗ്രഹമാകുന്നു.
13 വര്‍ഷം മുമ്പ്‌ കോഴിക്കോട്‌ നഗരത്തിലെ ചില ലോഡ്‌ജുകള്‍ ഒരുക്കികൊടുത്തിരുന്ന സൗകര്യങ്ങളെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ആ സംവിധാനം ഇന്നും കൂടുതലാണെന്നാണ്‌ ബോധ്യമായത്‌. ചിലര്‍ക്ക്‌ ഇതുതന്നെയാണ്‌ പ്രധാന വരുമാനമാര്‍ഗമെന്നും ഡേവിസണ്‍ തിയേറ്ററിനരികിലുള്ള ഒരു കച്ചവടക്കാരന്‍ പറഞ്ഞു.


കൊണ്ടോട്ടിക്കടുത്തുള്ള പയ്യന്‍. കോഴിക്കോട്ടും കണ്ണൂരും കോവളത്തും വര്‍ഷങ്ങളായി സേവനം ചെയ്‌തുവരവെ ചില രോഗങ്ങള്‍ പിടിപ്പെട്ടതോടെയാണ്‌ പരിപാടി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത്‌. പക്ഷേ അപ്പോഴേക്കും അവന്റെ ജീവിതത്തെ ലഹരി വിഴുങ്ങിക്കഴിഞ്ഞിരുന്നു. ബന്ധുക്കളാണവനെ കോഴിക്കോട്ട്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കപ്പെട്ടവരെ ചികിത്സിക്കുന്ന സുരക്ഷയിലെത്തിച്ചത്‌. കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണിത്‌. ഇവിടുത്തെ ഡോക്‌ടര്‍ സത്യനാഥന്‍ പറയുന്നു. അവനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയാസപ്പെട്ടു. രണ്ടുവര്‍ഷത്തെ ചികിത്സക്കൊടുവിലാണ്‌ അവനില്‍ കാര്യമായ മാറ്റം കണ്ടു തുടങ്ങിയത്‌. ബന്ധുക്കള്‍ക്ക്‌ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. സാധാരണ രീതിയില്‍ കൃത്യമായ ചികിത്സ നല്‍കുകയും നിബന്ധനകള്‍ പാലിക്കുകയും ചെയ്‌താല്‍ ഇത്രയൊന്നും സമയമെടുക്കേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ അയാള്‍ക്ക്‌ കുഴപ്പമൊന്നുമില്ല. അദ്ദേഹം പറഞ്ഞു.


മലപ്പുറം കാരത്തോടുകാരനായ യുവാവിനേയും എത്തിച്ചത്‌ ഇവിടെതന്നെ. അവനും രണ്ടുവര്‍ഷത്തോളം ചികിത്സ തുടര്‍ന്നു. ഇടക്കിടെ മുടങ്ങാതെ ആശുപത്രിയില്‍ വന്നു. കൗണ്‍സിലുകള്‍ ഏറെ ഗുണം ചെയ്‌തു. പിന്നീട്‌ ഗള്‍ഫിലേക്ക്‌ പോയന്നാണറിവ്‌.
പരപ്പനങ്ങാടിയിലേയും വളാഞ്ചേരിയിലേയും തിരൂരിലേയും എടപ്പാളിലേയും ചില യുവാക്കളുടെകാര്യവും കേന്ദ്രത്തില്‍ നിന്നും അറിവായി. അവിടെ നിന്നും ലഭിച്ച വീട്ടുവിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഇവരെല്ലാം തിരൂരില്‍ നിന്ന്‌ ലഹരിനുണഞ്ഞും പ്രകൃതി വിരുദ്ധക്കാരുടെ ഇഷ്‌ടക്കാരായും നടന്നിരുന്നവരായിരുന്നു എന്നും മനസിലായി. 



പിന്നീട്‌ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കോവളത്തേക്കും പടര്‍ന്ന ചില പ്രതിഭാസങ്ങളെക്കുറിച്ച്‌ കോഴിക്കോട്ടെ ശാന്തി, മറ്റുചില സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചു. എന്നാല്‍ ഇന്നും ലഹരിയുടെ മായികലോകത്ത്‌ തന്നെ ജീവിതത്തെ തളച്ചിട്ടവര്‍ നൂറുകണക്കിന്‌. ഒരിക്കലും സാധാരണനിലയിലേക്ക്‌ തിരികെയെത്താന്‍ കഴിയാത്തവര്‍ അതിലേറെ. അവരിലൊരാളാണ്‌ പരപ്പനങ്ങാടിക്കടുത്ത വ്യാപാരിയുടെ മകന്‍. പരപ്പനങ്ങാടിയിലെതന്നെ ഇരുപത്തിയൊന്നുകാരനായ ജുനൈസ്‌. കോഴിക്കോട്‌ മേരിക്കുന്നിലെ അജ്‌മല്‍(22), വടകരയിലെ റാഷിദ്‌(23), എടപ്പാള്‍ തവനൂരിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി റോഷനെ ഉമ്മയും ഉപ്പയുമാണ്‌ സുരക്ഷയിലെത്തിച്ചത്‌. ഒരു ദിവസം 16 പാക്കറ്റ്‌ ഹാന്‍സ്‌ ഉപയോഗിക്കുമായിരുന്നു റോഷന്‍. പിന്നീടാണതില്‍ ലഹരികുറവായി തുടങ്ങിയത്‌. അപ്പോള്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നീണ്ടു. പണം തികയാതെ വന്നപ്പോള്‍ പ്രകൃതിവിരുദ്ധപീഡകരുടെ ഇഷ്‌ടക്കാരനായിമാറി. അവര്‍ പണവും ലഹരിയും കാട്ടി മോഹിപ്പിച്ചു.

തിരൂരിലെ മംഗലത്തിനടുത്ത ഒരു ഹാജിയാര്‍ ഇന്നും പേരെടുത്ത വ്യാപാരിയാണ്‌. പയ്യന്‍മാരെ മാത്രമല്ലെത്രെ അദ്ദേഹത്തിന്‌ താത്‌പര്യം, ഹിജഡകളെക്കൂടിയാണ്‌. കാരന്തൂര്‍ക്കാരനായ വ്യാപാരിയുടെ ഇഷ്‌ട കസ്റ്റമേഴ്‌സുമാണെത്രെ ഇദ്ദേഹം. ചില ജനപ്രതിനിധികള്‍ ഇന്നും ഇവിടുത്തെ ലോഡ്‌ജ്‌ കേന്ദ്രീകരിച്ച്‌ വ്യാപാരം നടത്തുന്നു. ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ ബന്ധു ലോഡ്‌ജില്‍ സ്ഥിരമായിമുറിയെടുത്ത്‌ കുട്ടികളെ ഉപയോഗിക്കുന്നു. സ്വന്തം ആവശ്യത്തിനും ഇഷ്‌ടക്കാരെ തൃപ്‌തിപ്പെടുത്തുകയുമാണെത്രെ ലക്ഷ്യം. ആലത്തിയൂര്‍ സ്വദേശിയായ ഒരാള്‍ ഒരുവര്‍ഷം മുമ്പ്‌ രണ്ടുകുട്ടികളുമായി മുറിയെടുത്തു. പയ്യന്‍മാരെ പറഞ്ഞയച്ചപ്പോഴാണ്‌ ബോധ്യമായത്‌ അവര്‍കടന്ന്‌ കളഞ്ഞത്‌ ഇദ്ദേഹത്തിന്റെ പേഴ്‌സുമായിട്ടാണെന്ന്‌. ഉടന്‍ ശിങ്കിടികളുമായി ഇറങ്ങി സിനിമാസ്റ്റൈലില്‍ പയ്യന്‍മാരെ പൊക്കി. മോഷണത്തിന്‌ മാത്രം പോലീസ്‌ കേസെടുത്തു. എന്നാല്‍ മറ്റുകാര്യങ്ങളൊന്നും ചര്‍ച്ചക്കുവന്നതേയില്ല. 


തിരൂര്‍ റെയില്‍വേ സ്റ്റേഷനടുത്തേയും മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡിലേയും ചില ലോഡ്‌ജ്‌ മുറികളും ഇതിന്‌ ഇന്നും വേദിയാകുന്നു. മലയാളത്തിന്റെ ഭാഷാ പിതാവിനെ ബലാല്‍സംഗം ചെയ്‌തവര്‍ എന്നൊരു പേര്‌ ദോഷവും ചാര്‍ത്തികിട്ടിയിട്ടുണ്ട്‌ തിരൂരിന്‌.
കഥ ഇങ്ങനെ. 



 നാലുവര്‍ഷം മുമ്പാണ്‌. സൂര്യ ടിവിയില്‍ എഴുത്തച്ഛന്റെ ജീവിത കഥയെ ആസ്‌പദമാക്കി പ്രക്ഷേപണം ചെയ്‌ത കിളിപ്പാട്ട്‌ എന്ന പരമ്പരയില്‍ എഴുത്തച്ഛന്റെ കുട്ടിക്കാലം അഭിനയിക്കാനെത്തിയ തൃശൂര്‍ സ്വദേശിയായ പയ്യനെയും വെറുതെ വിട്ടില്ല ചിലര്‍. പയ്യന്‍ പ്രശ്‌നമാക്കുകയും രക്ഷിതാക്കള്‍ ബഹളംകൂട്ടുകയും ചെയ്‌തു. ഒടുവില്‍ പുലര്‍ച്ചേ തന്നെ സ്ഥലം വിടുകയുമായിരുന്നു അവര്‍. കുട്ടിക്കാലം അഭിനയിക്കാന്‍ വേറെ ആളെനോക്കേണ്ടിയും വന്നു. ഇവിടെ ഒടുങ്ങുന്നില്ല തിരൂരിന്റെ വര്‍ത്തമാനകാലാവസ്ഥ...? അതേക്കുറിച്ച്‌ ഉടന്‍.... 

13/11/10

ലൈംഗിക വിപണി പരമ്പര ഭാഗംമൂന്ന്‌ പാപം ചെയ്യാത്തവരില്‍ ആരുണ്ട്‌ കല്ലെറിയാന്‍?


ബംഗ്ലൂരുവില്‍ നിന്ന്‌ പിടിയിലായി പോലീസിന്‌ കൈമാറിയ അജ്‌നാസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ്‌ വേറെയും ചിലകുട്ടികളെക്കൂടി നഗരത്തില്‍ നിന്നും പിടികൂടിയിരുന്നു. അവരില്‍ നിന്നാണ്‌ നടത്തിപ്പുകാരിയായ ആ സ്‌ത്രീയെക്കുറിച്ചറിഞ്ഞത്‌. ഈ കുട്ടികള്‍ പോലീസിന്‌ അവരെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയിരുന്നുവെങ്കിലും ഇന്നും അജ്ഞാത ലോകത്താണ്‌ അവര്‍. കേസ്‌ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന്‌ ചേവായൂര്‍ പോലീസ്‌ പറയുന്നു.


 വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം 2005 മുതല്‍ 2009 നവംബര്‍ വരെയുള്ള കാലയളവില്‍ പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട്‌ 366 കേസുകള്‍ മാത്രമെ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളു. എന്നാല്‍ ഇതിന്റെ നൂറുമടങ്ങെങ്കിലും സംഭവങ്ങള്‍ മൂടിവെക്കപ്പെട്ടിരിക്കുന്നു. അത്രതന്നെ ഒതുക്കി തീര്‍ത്തിരിക്കുന്നു. ലഭ്യമായ കണക്ക്‌ പ്രകാരം ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ മലപ്പുറത്തിനാണ്‌ റിക്കാര്‍ഡ്‌. കോഴിക്കോടും തൃശൂരുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌.


എന്നാല്‍16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ സ്‌ത്രീകള്‍ തന്നെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ജില്ലക്കാണ്‌ ഒന്നാംസ്ഥാനം. വയനാട്‌ രണ്ടാമതാണെങ്കല്‍ മൂന്നാം സ്ഥാനത്തിന്‌ രണ്ട്‌ അവകാശികളുണ്ട്‌. മലപ്പുറവും കോഴിക്കോടും.
ഇന്ത്യയില്‍ 16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 25 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്‌. എന്നാല്‍ അത്‌ പഴങ്കഥയായിരിക്കുന്നു. പതിനഞ്ചു വയസ്സിനുള്ളില്‍ എഴുപത്‌ ശതമാനം ആണ്‍കുട്ടികളും മാസത്തില്‍ ഒരുതവണയെങ്കിലും ലൈംഗിക പീഡനങ്ങള്‍ക്കോ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഇരയാകുന്നു എന്നതാണ്‌ പുതിയ കഥ. ഇത്‌ ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, ഓര്‍ഫനേജുകള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങി കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എല്ലായിടത്തും നടക്കുന്നു.

മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും അധ്യാപകന്റെ മര്‍ദനത്തെതുടര്‍ന്ന്‌ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ നാല്‌മാസങ്ങള്‍ക്കു മുമ്പാണ്‌. എന്നാല്‍ മലപ്പുറത്തെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരോടാണ്‌ കുട്ടി തന്നെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്‌ത കഥ പറഞ്ഞത്‌. ഇതിന്‌ സമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു അധ്യാപകന്റെ മര്‍ദനമെന്ന്‌ കുട്ടിയും മാതാവും പറയുന്നു. നാലുവര്‍ഷത്തിലധികമായി ഈ അധ്യാപകന്‍ മറ്റുപല കുട്ടികളേയും ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നുവെന്നും അവന്‍വെളിപ്പെടുത്തി. അധ്യാപകന്‌ ഇഷ്‌ടമുള്ള കുട്ടികളെ കൂടെകിടത്താന്‍ കുട്ടികള്‍ക്കിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും പിന്നീട്‌ അയാള്‍ നോട്ടമിട്ട കുട്ടിയെ തന്റെ മുറിയില്‍ എത്തിക്കുകയുമായിരുന്നുവെത്രെ രീതി. ഈ അധ്യാപകനെ ഒടുവില്‍ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കുകയായിരുന്നു.


കൊടുവള്ളിയിലെയും നിലമ്പൂരിലേയും വയനാട്ടെയും കാസര്‍കോട്ടയും അനാഥാലയങ്ങളില്‍ നിന്നെത്തിയ ചിലകുട്ടികള്‍ വെളിപ്പെടുത്തിയതും സമാനമായ കഥകള്‍ തന്നെയായിരുന്നുവെന്ന്‌ മലപ്പുറത്തേയും വയനാട്ടെയും കോഴിക്കോട്ടെയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.


മലപ്പുറം മങ്കടയിലെ ഒരധ്യാപകന്‍ പഠിപ്പിക്കുന്ന കുട്ടികളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഒടുവില്‍ സ്വന്തം ആണ്‍മക്കളിലേക്കുമെത്തി.അപ്പോള്‍ പരാതിയുമായി രംഗത്ത്‌ വന്നത്‌ ആദ്യഭാര്യതന്നെയാണ്‌. പോലീസിന്റെ അറസ്റ്റ്‌ ഭയന്ന്‌ മുങ്ങിയ ഇദ്ദേഹം ഇന്നും ഒളിവിലാണ്‌. കൊണ്ടോട്ടിക്കടുത്തുള്ള മറ്റൊരധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്കുമുമ്പില്‍ വെച്ച്‌ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടായിരുന്നു മക്കള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കിയിരുന്നത്‌. തുടര്‍ന്ന്‌ മക്കളിലും പരീക്ഷണത്തിന്‌ മുതിര്‍ന്നു. സംഭവം പുറത്തറിഞ്ഞു. ഇദ്ദേഹം അറസ്റ്റിലുമായി.
എന്നാല്‍ ഇതൊരുമാനസിക രോഗമാണെന്ന പരിഗണനയിലാണ്‌ മഞ്ചേരി ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി ഇദ്ദേഹത്തിന്‌ ജാമ്യം അനുവദിക്കുകയുണ്ടായതെന്ന്‌ അഡീഷനല്‍ ഗവ പ്ലീഡറായ ഒ കുഞ്ഞിക്കോയ തങ്ങള്‍ ചൂണ്ടികാട്ടുന്നു.


കൊച്ചി കുമ്പളങ്ങി അസീസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൃപാലയം ഓര്‍ഫനേജിലെ അന്തേവാസികളെ 2005 മുതല്‍ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കിയെന്ന കുറ്റത്തിന്‌ അറസ്റ്റിലായ മാനേജിംഗ്‌ ഡയറക്‌ടര്‍ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌ അഗസ്റ്റ്‌ നാലിനാണ്‌. ഇടക്കൊച്ചി പാലമുറ്റം റോഡില്‍ തറേപ്പറമ്പില്‍ ആന്റണി എന്ന ബ്രദര്‍ ആന്റണിക്കാണ്‌ (38) ജാമ്യം അനുവദിച്ചത്‌.


കന്യാസ്‌ത്രീ മഠങ്ങളുടെ അകത്തളങ്ങള്‍ പറയുന്നതും വിഭിന്ന കഥകളല്ല. 2008 ഓഗസ്റ്റില്‍ കൊട്ടിയം പോര്‍ട്ട്‌ കോണ്‍വെന്റില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്‌ത സിസ്റ്റര്‍ അനൂപയെ സ്വയംഹത്യക്ക്‌ പ്രേരിപ്പിച്ചത്‌ കോണ്‍വെന്റിലെ മദറില്‍ നിന്നുണ്ടായ പീഡനമായിരുന്നുവെന്നാണ്‌ ആരോപണം. മദര്‍ ചെയ്യിക്കാന്‍ പാടില്ലാത്തത്‌ ചെയ്യിച്ചത്‌ കൊണ്ടാണ്‌ മകള്‍ ആത്മഹത്യചെയ്‌തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. 1992 നുശേഷം കേരളത്തിലെ കന്യാസ്‌ത്രീ മഠങ്ങളില്‍ നിന്നായി 32 ആത്മഹത്യകള്‍ നടന്നതായാണ്‌ കണക്കുകള്‍.

മലപ്പുറം, കോഴിക്കോട്‌ ജില്ലകളുടെ വിവിധഭാഗങ്ങളില്‍ നിന്നായി 1997ല്‍ കാണാതായത്‌ അറുപതിലേറെ കുട്ടികളായിരുന്നു. അവരെത്തിപ്പെട്ടതും സെക്‌സ്‌ മാഫിയകളുടെ കരവലയത്തിലേക്കാണ്‌. അവരില്‍ പലരേയും തിരിച്ചുകിട്ടി. തലയും ഉടലും കൈകാലുകളും വേര്‍പ്പെട്ട ശവങ്ങളായി. ചിലര്‍ ജീവച്ഛവങ്ങളാണിന്നും. 



പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്ന സലീം, തിരൂര്‍ ഇരിങ്ങാവൂരിലെ വെള്ളിയേങ്ങല്‍ ആലിക്കുട്ടിഹാജിയുടെ മകന്‍ സമീര്‍ബാബു, പേരാമ്പ്ര കൂരാച്ചുണ്ടിലെ കുരുടിയത്ത്‌ അസൈനാരുടെ മകന്‍ റഫീഖ്‌, കോഴിക്കോട്‌ വെള്ളയില്‍ സ്വദേശിയായിരുന്ന ആഷിഖ്‌ എന്നിവരുടെ ശരീരങ്ങളാണ്‌ മൃത്‌ദേഹങ്ങളായി മടങ്ങിയെത്തിയത്‌. ഇത്‌ ഏതാനും ചിലര്‍ മാത്രം.
അന്ന്‌ കാണാതായവരിലെ 90 ശതമാനം കുട്ടികളെക്കുറിച്ചും ഇന്നും ഒരുവിവരവുമില്ലെന്ന്‌ പറയുന്നു ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന കേരള സാംസ്‌കാരിക സമിതിയുടെ സംസ്ഥാന സെക്രട്ടറി വെട്ടിച്ചിറ മൊയ്‌തു.



 ഈ കഥകളുടെ ഭീകരത അറിയണമെങ്കില്‍ പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ മലപ്പുറം ജില്ലയിലുണ്ടായ ചില കഥകളില്‍ നിന്നും തുടങ്ങണം. അന്ന്‌ തിരൂരിലും കോഴിക്കോട്ടും സജീവമായിരുന്ന സെക്‌സ്‌ മാഫിയകളുടെ നീരാളിക്കൈകളില്‍ കുരുങ്ങിപ്പോയവരുടെ ഇന്നത്തെ കഥകൂടി കേള്‍ക്കണം. ആ കഥകള്‍ വൈകാതെ 

8/11/10

ലൈംഗിക വിപണി ഭാഗം രണ്ട്‌ ഒരേ പങ്കാളികള്‍;ഭാര്യക്കും ഭര്‍ത്താവിനും





മാവൂരിനടുത്താണ്‌ റഹീമിന്റെ വീട്‌. റിയാസിന്റെ സ്വദേശം കല്‍പ്പറ്റയിലും. ഇതവരുടെ യഥാര്‍ഥപേരല്ല, ശരിക്കുള്ളപേരെന്നനിലയില്‍ അവര്‍ പറഞ്ഞതും ഒറിജനലാണോ എന്ന്‌ അവര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ. എന്നാല്‍ പറഞ്ഞകഥ സത്യമാണെന്ന്‌ കരുതാം. റിയാസ്‌ ചെയ്‌ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌ റഹീമും റഹീമിന്റെ ലീലാവിലാസങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്‌ റിയാസുമായിരുന്നു.


ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റേയാളോട്‌ ചോദിച്ചപ്പോള്‍ ജാള്യതയോടെ സമ്മതിക്കുകയുമുണ്ടായി. ഇവരെ പരിചയപ്പെടുത്തി തന്നതും അവരിലൊരാള്‍ തന്നെ. ഇപ്പോള്‍ 19 വയസുണ്ട്‌ റഹീമിന്‌. കാണാന്‍ സുന്ദരന്‍. വെള്ളാരം കണ്ണുകള്‍. മുപ്പതുവയസ്സിനുമുകളിലുള്ള ആളുകളാണവന്റെ ആവശ്യക്കാര്‍. അതില്‍ അറുപതുകാര്‍ വരെയുണ്ട്‌. അവര്‍ക്കൊക്കെ ഒരു പ്രത്യേകതയുണ്ടാവും. ദാമ്പത്യജീവിതത്തില്‍ പരാജിതരാണ്‌. ചിലര്‍ക്ക്‌ രണ്ട്‌ ആവശ്യങ്ങളാണുള്ളത്‌. ഒന്ന്‌ അവരുടെ കാര്യം. മറ്റൊന്ന്‌ ഭാര്യമാരുടേതും. എല്ലാം നടത്തികൊടുക്കുന്നു റഹീം. അത്തരക്കാരോടെ റഹീമിന്‌ താത്‌പര്യമൊള്ളൂ. അവനെ ഉപയോഗിച്ചവരുടെ കണക്കെടുക്കുക പ്രയാസം. പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണ്‌. ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ തുടരുന്നു.


വയനാട്ടിലെ അന്‍പത്തഞ്ചുകാരന്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല. റഹീമിന്റെ സ്ഥിരം കസ്റ്റമറായിരുന്ന അയാള്‍ വണ്ടിബ്രോക്കറായിരുന്നു. മിക്ക ദിവസങ്ങളിലും കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡില്‍ രാത്രി സവാരിക്കിറങ്ങും. പലകുട്ടികളെയും തേടിപ്പിടിക്കും. പുതിയ പയ്യന്‍മാരെ രംഗത്തെത്തിക്കുന്നതിലും വിദഗ്‌ധന്‍. പല നാടുകളില്‍ നിന്നും തൊഴില്‍തേടിയെത്തുന്നവരുടേയും വഴിത്തെറ്റിയെത്തുന്നവരുടേയും രക്ഷകനാകും.
ചെറുപ്പക്കാരിയായ ഇദ്ദേഹത്തിന്റെ ഭാര്യക്കുകൂടിവേണ്ടിയിട്ടായിരുന്നു ഇരകളെതേടിയിരുന്നത്‌. 



മടങ്ങുമ്പോള്‍ ഇദ്ദേഹത്തോടൊപ്പം ചില കുട്ടികളും കാണും. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മകനാണെന്നെ പറയൂ. കയ്യില്‍ മരുന്നുകളോ എക്‌സറേയോ കരുതും. അദ്ദേഹത്തിന്റെ വീട്ടില്‍ ആഴ്‌ചകളോളം തങ്ങിയിരുന്നു പയ്യന്‍മാര്‍. രണ്ടുവര്‍ഷം മുമ്പ്‌ ഇദ്ദേഹം കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡിന്റെ മുമ്പിലെ ബെഞ്ചില്‍ കിടന്നാണ്‌ മരിച്ചത്‌. ഹൃദയ സ്‌തംഭനമായിരുന്നു.

പ്രിയപ്പെട്ട കസ്റ്റമറുടെ മരണം വല്ലാതെ വേദനിപ്പിച്ചുവെന്ന്‌ റഹീം പറഞ്ഞു. റിയാസിനും താത്‌പര്യം കസ്റ്റമേഴ്‌സിന്റെ ഭാര്യമാരോടാണ്‌. അല്ലെങ്കില്‍ പകരം മറ്റൊരു സ്‌ത്രീയെ ഏര്‍പ്പാടാക്കി കൊടുക്കണം. ഈ കൈമാറ്റക്കരാറിന്‌ ഒരുക്കമാവുന്നവരെ ഏതുരീതിയിലും അവന്‍ സന്തോഷിപ്പിക്കുന്നു. കോഴിക്കോട്ട്‌ സമൂഹത്തില്‍ വളരെ മാന്യനായ ഒരാളുടെയും ഭാര്യയുടേയും ആവശ്യങ്ങള്‍ താന്‍ നിറവേറ്റികൊടുത്തിരുന്നതായി റഹീം വെളിപ്പെടുത്തി.
റഹീമിന്റെ സംഘത്തിലുണ്ടായിരുന്ന മറ്റൊരു പയ്യന്റെ കഥ പറഞ്ഞു ഇവരെ പരിചയപ്പെടുത്തി തന്ന ഇടനിലക്കാരന്‍. വ്യാപാരിയായ ഒരാള്‍ പയ്യനെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോകുമായിരുന്നു. 



നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അങ്ങനെയാണവനെ പരിചയം. അയാളുടെ ഭാര്യക്കും അവനെ ഇഷ്‌ടമായിരുന്നു. അയാള്‍ക്കതില്‍ വിരോധവുമുണ്ടായിരുന്നില്ല. ഒടുവില്‍ അയാളുടെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. പ്രസവിക്കുകയും ചെയ്‌തു. കുട്ടിക്ക്‌ പയ്യന്റെമുഖവും കണ്ണുകളും ചെവിയുമായിരുന്നു. അതോടെ ആളുകള്‍ അടക്കിപ്പറയുവാന്‍ തുടങ്ങി. അതില്‍ പിന്നെയാണ്‌ അയാളുടെ മനോനില തെറ്റിയത്‌. രണ്ടു തവണ ആത്മഹത്യക്കും ശ്രമിച്ചു. ആറുവയസുള്ള ഈ കുഞ്ഞ്‌ ഇന്നും അവരുടെവീട്ടില്‍ വളരുന്നുണ്ടെന്നും അയാള്‍ പറയുന്നു.


ഇരകള്‍ക്കും വേട്ടക്കാര്‍ക്കും വ്യത്യസ്‌ത മുഖങ്ങളാണ്‌ എവിടേയും. സ്വവര്‍ഗ പ്രണയം മൂത്ത്‌ ഒളിച്ചോടി പോകുന്നു ചിലര്‍. സാധാരണക്കാരനും സമ്പന്നനും രാഷ്‌ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും എല്ലാവരുമുണ്ടവരില്‍.
എറണാകുളത്തെ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഭരണകക്ഷിയിലെ പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വ്യക്തിയെ ഈയിടെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്‌ത്തി. അയാള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ മുന്നിട്ടു നിന്നിരുന്നത്‌ പ്രകൃതി വിരുദ്ധ പീഡനമായിരുന്നു.


മലബാറിലെ ചില ജനപ്രതിനിധികള്‍ അത്‌ രഹസ്യമാക്കി വെക്കുന്നു. ഒരു വിഭാഗം പയ്യന്‍മാരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുന്നു. വിവാഹ ബന്ധം പോലും ഉപേക്ഷിക്കുന്നു മറ്റുചിലര്‍.അടുത്ത കാലത്ത്‌ ആരോഗ്യ വകുപ്പില്‍ നിന്ന്‌ വിരമിച്ച ഫറോക്കിനടുത്തുള്ള ഒരാളെ അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ വിവാഹക്കാര്യംപോലും അറിയിക്കുകയുണ്ടായില്ല ബന്ധുക്കള്‍. കൊച്ചുപയ്യന്‍മാരോടുള്ള പ്രണയം നാട്ടില്‍ പാട്ടായതാണ്‌ കാരണം. പിതാവ്‌ ജീവിച്ചിരിപ്പുണ്ടായിട്ടും മൂത്തമകനാണ്‌ സഹോദരിയുടെ വിവാഹകര്‍മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതെന്ന്‌ ഈ വിവാഹത്തില്‍ പങ്കെടുത്ത അയല്‍ക്കാരന്‍ പറഞ്ഞു. ഇതൊരു മനോ വൈകല്യമാണെന്നും ചികിത്സയുണ്ടെന്നും പലര്‍ക്കും അറിയില്ല. തലവേദനക്കും ജലദോഷത്തിനും എല്ലാം ആശുപത്രിയിലേക്ക്‌ ഓടുന്ന മലയാളി ഇതിന്റെ പേരില്‍ ചികിത്സതേടുന്ന പ്രവണതയില്ലെന്ന്‌ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.


എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടാക്കിയെടുക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവതരമാണ്‌. സാമൂഹികവും ആരോഗ്യപരവുമായി വന്നുഭവിക്കുന്ന പ്രതിസന്ധികള്‍ ഭീതിതവുമാണ്‌. എന്നിട്ടും ഒരിടത്തും ചര്‍ച്ചക്കുപോലും വരുന്നില്ല.

സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക്‌ കൈമാറുന്നവര്‍ ഇന്ന്‌ പുതുമയുള്ള വാര്‍ത്തയെയല്ല. ഗതിമുട്ടുമ്പോള്‍ അതിനോട്‌ താദാത്മ്യം പ്രാപിക്കുന്നു കുടുംബിനികളായ സ്‌ത്രീകള്‍ പോലും. ദാമ്പത്യജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്കാണ്‌ ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്‌.


അത്തരം ബന്ധങ്ങളില്‍ പിറക്കുന്ന ജാരസന്തതികള്‍ കേരളത്തിലും പുതിയ കഥയല്ലാതായിരിക്കുന്നു. തങ്ങളെ മനസിലാക്കാന്‍ കഴിയുന്ന ഒരുപാര്‍ട്‌ണര്‍ക്ക്‌ വേണ്ടി ഭാര്യമാരെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ക്കിടയിലുണ്ടെന്ന്‌ സമ്മതിക്കുന്നു കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ സെക്രട്ടറി നാസര്‍ അടിവാരം.

ഇന്ത്യാടുഡേ 2008 ഡിസംബറില്‍ നടത്തിയ സെക്‌സ്‌ സര്‍വേയില്‍ ഇരുപത്തി ഏഴ്‌ ശതമാനം സ്‌ത്രീകളും തങ്ങള്‍ പങ്കാളികളെ പരസ്‌പരം കൈമാറിയിട്ടുണ്ടെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പത്തൊമ്പത്‌ ശതമാനം പുരുഷന്‍മാരെ ഇതിനോട്‌ യോജിച്ചുള്ളൂ. എന്നാല്‍ ഈ സര്‍വേയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല, ഇപ്പോഴിതാ അതിന്റെ ജീവിക്കുന്ന തെളിവുകള്‍ നമ്മുടെ മുമ്പിലുമെത്തിയിരിക്കുന്നു.


ഇതിന്‌ എങ്ങനെയാണ്‌ ഒരുസ്‌ത്രീ ഒരുക്കമാവുന്നതെന്ന സംശയം പ്രകടിപ്പിച്ചപ്പോള്‍ റഹീമിന്റെ മറുപടി ഇങ്ങനെയായിരുന്നു. അവരുടെ ഭര്‍ത്താക്കന്‍മാരെകൊണ്ട്‌ സാധിക്കുന്നില്ല, അപ്പോള്‍ അവര്‍ തന്നെ പുതിയ ആളെ ഏല്‍പ്പിക്കുന്നു. അപ്പോള്‍പിന്നെ ഇതിനേക്കാള്‍ സുരക്ഷിതമായ മാര്‍ഗമുണ്ടോ...?

കോഴിക്കോട്‌ നഗരത്തിലെ ഓരോ മുക്കിലും മൂലയിലുമുണ്ട്‌ എന്തിനും പോന്ന പയ്യന്‍മാര്‍. റഹീമിന്റേയും റിയാസിന്റേയും അറിവില്‍മാത്രം നാല്‍പതുപേരുണ്ട്‌. എണ്‍പതുശതമാനവും ഇവിടുത്തുകാരല്ല. മലപ്പുറം, കണ്ണൂര്‍, വയനാട്‌ ജില്ലകളില്‍ നിന്നുമുള്ളവര്‍. ആഴ്‌ചകളും മാസങ്ങളും നഗരത്തില്‍ തങ്ങി വീട്ടിലേക്ക്‌ മടങ്ങുന്നു. വീട്ടില്‍ പലര്‍ക്കും അറിയില്ല മക്കളുടെ യഥാര്‍ഥ ജോലി. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സൗഭാഗ്യങ്ങള്‍ കൈപ്പിടിയിലെത്തുമ്പോള്‍ അവര്‍ മറ്റൊന്നും ആലോചിക്കുന്നില്ല. 



കൗമാരം പുതിയ വഴിത്തിരിവുകളിലാണിപ്പോള്‍. കൈനിറയെ പണം, മുന്നില്‍ ധാരാളം അവസരങ്ങള്‍. മക്കളെ കയറൂരിവിട്ടിരിക്കുന്ന ചില രക്ഷിതാക്കളും. അത്തരം സമൂഹത്തില്‍ ഇതൊന്നും സംഭവിച്ചില്ലങ്കിലല്ലെ അത്ഭുതം. അപ്പോള്‍ നിയമപാലകരും നിയമവ്യവസ്ഥയും ഈ അപഥസഞ്ചാരത്തിനെതിരെ എന്ത്‌ ചെയ്യുന്നുവെന്ന ചോദ്യം സ്വാഭാവികമായുമുയരാം. അതിനെക്കുറിച്ച്‌ വൈകാതെ.... 

5/11/10

മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌

2007ഏപ്രില്‍അഞ്ചിന്‌ കോഴിക്കോട്‌ മിഠായിത്തെരുവ്‌ സ്‌ഫോടനത്തില്‍ പരുക്കേറ്റ്‌ ബീച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിമൂന്നുകാരന്‍ പയ്യന്‍. മനു എന്ന്‌ വിളിക്കാം. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ കഥ പുറത്ത്‌ വന്നത്‌.
നഗരത്തിലെ പകല്‍ മാന്യന്‍മാരെ സത്‌കരിക്കുന്ന എണ്ണം പറഞ്ഞ പയ്യന്‍മാരിലൊരാളായിരുന്നു മനു. തിരുവനന്തപുരം ജില്ലയിലാണ്‌ വീട്‌. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ വോളിബോള്‍ താരമായിരുന്നു അച്ഛന്‍. അമ്മക്കും ഉയര്‍ന്ന ഉദ്യോഗം. സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛന്റെയും അമ്മയുടെയും ജീവിതം മടുത്ത്‌ വീട്‌ വിട്ടിറങ്ങി. എത്തിപ്പെട്ടത്‌ കോഴിക്കോട്ടെ സെക്‌സ്‌ റാക്കറ്റിന്റെ കൈക്കുമ്പിളില്‍.
അവര്‍ അവനെ ദത്തെടുത്തു. 150 രൂപ ദിവസ വാടകയുള്ള ലോഡ്‌ജില്‍ താമസം. ആവശ്യപ്പെടുന്ന ഭക്ഷണം. വില കൂടിയ മദ്യം. വീര്യം കൂടിയ ലഹരിവസ്‌തുക്കള്‍. എല്ലാം എത്തിച്ചുകൊടുത്തു. ദിവസം അഞ്ച്‌ മാന്യന്‍മാരെ തൃപ്‌തിപ്പെടുത്തണം. അത്രമാത്രം.
കുട്ടിയെത്തേടി ബന്ധുക്കളെത്താതായതോടെ ആശുപത്രി അധികൃതര്‍ കസബ പോലീസിലറിയിച്ചു. അവരാണ്‌ കോഴിക്കോട്ടെ ചൈല്‍ഡ്‌ ലൈന്‍ കേന്ദ്രത്തിലെത്തിച്ചത്‌. മനുവിനെ നഷ്‌ടമായതോടെ അവന്റെ `രക്ഷകര്‍' അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അവര്‍ ചൈല്‍ഡ്‌ ലൈനിലുമെത്തി. തങ്ങളുടെ കൂടെ അയക്കണമെന്നായിരുന്നു ഏഴംഗ സംഘത്തിന്റെ ആവശ്യം. മനുവിനെപ്പോലെ 20 കുട്ടികള്‍ ഉണ്ടായിരുന്നുവത്രെ ആ സംഘത്തില്‍.
അവരെ കണ്ടെത്താനായില്ല. ഒടുവില്‍ തിരുവനന്തപുരത്തുള്ള അമ്മയെ വിവരമറിയിക്കുകയും അവര്‍ മകനെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന്‌ ചൈല്‍ഡ്‌ ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ബി അജീഷ്‌ പറഞ്ഞു.
കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ വിഷമ ഘട്ടങ്ങളില്‍ അവരെ സഹായിക്കാനായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ ലൈനുകളിലെത്തുന്ന കേസുകളില്‍ 12 ശതമാനവും പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ടതാണ്‌. ഇന്ത്യയിലെ 83 നഗരങ്ങളിലും കേരളത്തില്‍ 9 ഇടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലെത്തിയ കേസുകളെക്കുറിച്ചുള്ള കണക്കാണിത്‌. എന്നാല്‍ മലപ്പുറത്തും കോഴിക്കോട്ടുമെത്തുമ്പോള്‍ ഇതിന്റെ തോത്‌ ഗണ്യമായി കൂടുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്‌ കേന്ദ്രത്തില്‍ ആകെയെത്തിയ ഫോണ്‍കോളുകളില്‍ 500ല്‍ 250 എണ്ണവും പ്രകൃതിവിരുദ്ധപീഡനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന്‌ ചൂണ്ടിക്കാട്ടുന്നു അജീഷ്‌.
രണ്ട ്‌വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുണ്ടായ ഒരു ഡസനിലേറെ കൊലപാതകങ്ങളെങ്കിലും പ്രകൃതി വിരുദ്ധ പീഡനവുമായി ബന്ധപ്പെട്ടുള്ളതാണ്‌. എന്നാല്‍ പോലീസ്‌ അന്വേഷണങ്ങള്‍ ഒരിക്കലും ആ ദിശയിലേക്ക്‌ നീങ്ങിയിട്ടേയില്ലെന്ന്‌ പറയുന്നു കണ്ണൂരിലെ ജീവനസംസ്‌കൃതിയിലെ ഫാദര്‍ ജെ ജെ പള്ളത്ത്‌. പത്ത്‌ വര്‍ഷത്തിലധികമായി സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ്‌ അദ്ദേഹമിത്‌ സാക്ഷ്യപ്പെടുത്തുന്നത്‌. ചെറിയ കുട്ടികളെ വില്‍ക്കുന്ന ചില റാക്കറ്റുകളെക്കുറിച്ച്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്‌ കുന്ദമംഗലത്തിനടുത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസില്‍ സജീവമായ അന്‍പത്തഞ്ചുകാരന്‍ വര്‍ഷങ്ങളായി ഇത്തരമൊരു റാക്കറ്റിന്റെ അധിപനാണ്‌. ഇന്നും വിപുലമാണ്‌ വ്യാപാരം. ഇരുപതോളം കുട്ടികള്‍ ഏത്‌ സമയവും ഇയാള്‍ക്കരികില്‍ റെഡി. നഗരത്തിലേയും പരിസരങ്ങളിലേയും ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിക്കുന്നവരാണ്‌ കുട്ടികള്‍. വയനാട്ടിലേയും മലപ്പുറത്തേയും കണ്ണൂരിലേയും കുട്ടികളുമുണ്ട്‌. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട്‌ വരെ നീളുന്നു ഇയാളുടെ ഉപഭോക്താക്കള്‍. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ മലപ്പുറം ,കാസര്‍ക്കോട്ട്‌ ജില്ലകളിലാണ്‌. വിദേശികള്‍ക്കും കുട്ടികളെ എത്തിച്ചുകൊടുക്കുന്നു. പതിനായിരം മുതല്‍ മേലോട്ടാണ്‌ ഇവരില്‍ നിന്നും ഈടാക്കുക. ആയിരം രൂപ കുട്ടികള്‍ക്ക്‌. ഹോട്ടലുകള്‍ക്കും ചില ശിങ്കിടികള്‍ക്കും നക്കാപ്പിച്ചയും കൊടുക്കും.
ചില ട്രാവല്‍ ഏജന്‍സികള്‍ വഴി വിദേശ കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നു. വിദേശത്തേക്ക്‌ വീട്ടുജോലിക്കായി സ്‌ത്രീകളെ റിക്രൂട്ട്‌ ചെയ്യുന്ന പരിപാടിയും ഇയാള്‍ക്കുണ്ട്‌. അതും ട്രാവല്‍ ഏജന്‍സികളുമായുള്ള ബന്ധം സുദൃഢമാക്കുന്നു. കുട്ടികളില്‍ പലരും ലഹരിക്കടിമകളാണ്‌. അപ്പോള്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്കവരെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
അവര്‍ക്ക്‌ സ്വപ്‌നം കാണാന്‍പോലും സാധിക്കാത്ത ഓഫറുകളാണ്‌ നല്‍കുന്നത്‌. വമ്പന്‍മാര്‍ക്ക്‌ ഹൈടെക്‌ രീതി, സാധാരണക്കാര്‍ക്ക്‌ മീഡിയം. ലോക്കല്‍ കസ്റ്റമേഴ്‌സിന്‌ ആ നിരക്കിലും. ഒരു നേരത്തേക്കും ഒരു ദിവസത്തേക്കും ആഴ്‌ചത്തേക്കുമെല്ലാം ഇവരുടെ സേവനം ലഭ്യമാക്കുന്നു. പോലീസിന്‌ അതീവ രഹസ്യമായി നടത്തുന്ന ഈ റാക്കറ്റിനെക്കുറിച്ച്‌ സൂചനപോലും ലഭിച്ചിട്ടില്ല. വന്‍ നഗരങ്ങള്‍ക്കൊപ്പം ചെറുകിട നഗരങ്ങളിലും ഇത്തരം സംഘങ്ങള്‍ ചുവടുറപ്പിക്കുന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്‌.
ഇത്രയും വിവരങ്ങള്‍ ഇയാളുടെ വിശ്വസ്‌തനില്‍ നിന്ന്‌ ചോര്‍ത്താന്‍ രണ്ടാഴ്‌ചയോളമാണ്‌ പിറകെ നടന്നത്‌. പലതവണ ടെലഫോണില്‍ വിളിച്ചും നേരില്‍ സമീപ്പിച്ചും സൗഹൃദം സ്ഥാപിച്ചപ്പോഴാണ്‌ സുഹൃത്ത്‌ വിവരം തരാന്‍ തയ്യാറായത്‌. കോഴിക്കോട്ടെ ഒരു പ്രമുഖ റിസോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ വിദേശ ടൂറിസ്റ്റുകള്‍ക്ക്‌ കുട്ടികളെയും മദാമ്മമാര്‍ക്ക്‌ സുമുഖന്‍മാരായ ചെറുപ്പക്കാരെയും സപ്ലൈ ചെയ്യുന്ന ചിലരെക്കുറിച്ചും ഇയാള്‍ വെളിപ്പെടുത്തുന്നു.
പെരിന്തല്‍മണ്ണയിലെയും പരിസരങ്ങളിലേയും ചില ലോഡ്‌ജ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന റാക്കറ്റിലെ അഞ്ചുപേര്‍ അറസ്റ്റിലായത്‌ 2009 ഡിസംബര്‍ 16നായിരുന്നു. അങ്ങാടിപ്പുറം, തിരൂര്‍ക്കാട്‌, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു ഇരകള്‍. നല്ല ഭക്ഷണം വാങ്ങിക്കൊടുത്തും പുതിയ സിനിമകള്‍ കാണിച്ച്‌കൊടുത്തുമായിരുന്നു പയ്യന്‍മാരെ വീഴ്‌ത്തിയിരുന്നത്‌. സംഘത്തിന്റെ പ്രധാനി വിവിധ കവര്‍ച്ചകേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച മഞ്ചേരി സ്വദേശി ഷാജി എന്ന ബാബുവായിരുന്നു. ഒന്നാം പ്രതി മണ്ണാര്‍ക്കാട്ടുകാരനായ മുഹമ്മദ്‌ ഹനീഫയും മറ്റൊരാള്‍ കണ്ണൂര്‍ തളിപ്പറമ്പിലെ പൂവത്തൂര്‍ വീട്ടില്‍ വിഷ്‌ണുവും. പെരിന്തല്‍മണ്ണ പരിയാപുരത്തെ ഇര്‍ഷാദ്‌, നിയാസ്‌, ആശിഖ്‌ എന്നീ വിദ്യാര്‍ഥികളായിരുന്നു പരാതിക്കാര്‍. ഏഴുപേരെയും പെരിന്തല്‍മണ്ണ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വൈകാതെ എല്ലാവരും ജാമ്യത്തിലിറങ്ങിയതായും ഇവരെ പിടികൂടിയ എ എസ്‌ ഐ നരേന്ദ്രന്‍ പറഞ്ഞു. ഇപ്പോഴും സംഘം വ്യാപാരം കൊഴിപ്പിക്കുന്നു എന്നാണ്‌ പുതിയ വാര്‍ത്തകള്‍.
പറയുന്ന സ്ഥലത്തും സമയത്തും ആണ്‍കുട്ടികളെ എത്തിച്ച്‌ കൊടുക്കുന്ന സംഘത്തിന്‌ സ്‌ത്രീകള്‍ പോലും നേതൃത്വം നല്‍കുന്നുണ്ട്‌. ആറ്‌ മാസങ്ങള്‍ക്കു മുമ്പാണ്‌ കോഴിക്കോട്‌ ജില്ലയുടെ അതിര്‍ത്തി പ്രദേശത്തു നിന്നുമെത്തിയ അജ്‌നാസ്‌ എന്ന 13കാരനെ ബംഗ്ലൂരുവില്‍ നിന്നും പിടികൂടുന്നത്‌. അവിടെ സെക്‌സ്‌ മാഫിയയിലെ ഒരംഗമായിരുന്നു. ഈ സംഘത്തില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നുവത്രെ. ബംഗ്ലൂരു പോലീസ്‌ അവനെ കോഴിക്കോട്ടെ ജുവനൈല്‍ ഹോമിന്‌ കൈമാറി. ഒരുമാസത്തിന്‌ ശേഷം വയനാട്ടിലുള്ള ഡോണ്‍ബോസ്‌കോയിലേക്ക്‌ പഠിക്കാനായി വിട്ടു. അതിനിടയില്‍ മുങ്ങി. മുങ്ങിയതോ പൊക്കിയതോ എന്നത്‌ അജ്ഞാതം. പൊങ്ങിയത്‌ ബംഗ്ലൂരുവില്‍ തന്നെ. എന്നാല്‍ അധികൃതരുടെ കണക്കില്‍ അവന്‍ ഇപ്പോഴും എവിടെയുണ്ടെന്നറിയില്ല. ബംഗ്ലൂരുവിലെ മെജസ്റ്റിക്കില്‍ വെച്ച്‌ ചില മലയാളികള്‍ കണ്ടതായി പറയുന്നു. അവന്‍ തന്നെ ഉപയോഗിച്ചിരുന്ന പഴയ സംഘത്തിന്റെ അരികില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന്‌ കോഴിക്കോട്‌ ജുവനൈല്‍ഹോമിലെ ഉദ്യോഗസ്ഥന്‍ പേര്‌ വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ പറഞ്ഞു.
ഇതൊന്നും ഒറ്റപ്പെട്ടകഥകളല്ല, മനുവിനെയും അജ്‌നാസിനെയും ഇര്‍ഷാദിനെയും നിയാസിനെയും ആശിഖിനെയും പോലെ, കോഴിക്കോട്ടും തിരൂരും തൃശൂരും പെരിന്തല്‍മണ്ണയിലും ബംഗ്‌ളൂരുവിലും കോവളത്തും ഊട്ടിയിലും മൈസൂരിലും ചെന്നൈയിലും മുംബൈയിലും എല്ലാം ഉണ്ട്‌ ഇത്തിരിപ്പോന്ന പയ്യന്‍മാര്‍. നഗരത്തിലെ തെരുവില്‍ ഇരുപത്തിയഞ്ച്‌ രൂപക്കും ഹോട്ടല്‍ മുറികളില്‍ ആയിരം രൂപക്കും ഒരുനേരത്തേക്ക്‌ വിലപറയുന്നവര്‍ മാത്രമല്ല. ഉപഭോക്താവ്‌ ആഗ്രഹിക്കുന്ന സേവനം ചെയ്യാന്‍ ഒരുക്കമുള്ള കുട്ടികളെ എത്രവേണമെങ്കിലും എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുമുണ്ട്‌. അതീവ രഹസ്യമായാണ്‌ പ്രവര്‍ത്തനം. കൃത്യമാണ്‌ ലക്ഷ്യങ്ങള്‍. നഗരരാത്രികളിലെ പകല്‍ മാന്യന്‍മാര്‍ക്ക്‌ കിടക്ക വിരിക്കാന്‍ ഇന്ന്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ ആണ്‍കുട്ടികളെയാണ്‌. അതാവുമ്പോള്‍ എവിടേയും എളുപ്പത്തില്‍ സാധ്യമാകുന്നു. പോലീസ്‌ റെയ്‌ഡോ കേസോ ഒന്നുമുണ്ടാവില്ല.
കോഴിക്കോട്‌ നഗരത്തില്‍ തന്നെ വേറെയും നാല്‌ സംഘങ്ങള്‍ പയ്യന്‍മാരെ സപ്ലൈ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കുന്ദമംഗലത്തുകാരന്റെ വിശ്വസ്‌തന്‍ പറഞ്ഞു. അവര്‍ പരസ്‌പരം സഹകരിക്കുന്നു. പുതിയാപ്പയിലും കുറ്റിച്ചിറയിലും ജാഫര്‍ഖാന്‍ കോളനിയിലുമുള്ള ചിലരാണ്‌ നേതാക്കള്‍. അവര്‍ കോഴിക്കോട്‌ നിന്നുതന്നെയാണ്‌ വൃത്തികേടിന്റെ ആദ്യാക്ഷരങ്ങള്‍ സ്വായത്തമാക്കിയത്‌. ഇവരുടെ കീഴിലും ഇരുപതോളം പയ്യന്‍മാര്‍ സേവനം ചെയ്യുന്നുണ്ട്‌. ലഹരിവില്‍പ്പനയും തകൃതിയായി നടത്തുന്നുണ്ട്‌. അതിന്‌ ഉപയോഗിക്കുന്നതും ഈ കുട്ടികളെയാണ്‌. അവരാകുമ്പോള്‍ സംശയിക്കില്ലല്ലോ.. സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നതിനപ്പുറത്താണ്‌ കാര്യങ്ങളുടെ കിടപ്പ്‌. ഇതിന്റെ ആദ്യ സസ്‌പെന്‍സ്‌ തകര്‍ന്ന്‌ വീണത്‌ കഴിഞ്ഞ ജൂണ്‍ 19നായിരുന്നു. കോഴിക്കോട്ട്‌ പിടിയിലായ 23ലേറെ കുട്ടിമോഷ്‌ടാക്കളുടെ വിചിത്രമായ സാഹസിക കൃത്യങ്ങളാണ്‌ നമ്മള്‍കേട്ടത്‌. നൂറോളം കുട്ടികള്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ തിരക്കഥയിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും പോലീസ്‌ പിടിയിലായികൊണ്ടിരിക്കുന്നു. മറ്റൊരധ്യായമായിരുന്നു ലഹരിഗുളികാ റാക്കറ്റിലെ രണ്ടുപേര്‍ പിടിയിലായതോടെ അഴിഞ്ഞു വീണത്‌. സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ തങ്ങള്‍ക്കുവേണ്ടി മൈസൂരില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നും ഗുളിക എത്തിച്ച്‌ തരുന്നതെന്നാണ്‌ പിടിയിലായവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയത്‌. ഇതെല്ലാം പരസ്‌പരപൂരകങ്ങളായ കഥകളാണ്‌. ഒറ്റക്കും ചെറുകൂട്ടവുമായുള്ള സംഘങ്ങള്‍ വേറെയുമുണ്ട്‌. പാളയത്തും കെ എസ്‌ ആര്‍ ടി സിക്കടുത്തും രണ്ടാം ഗേറ്റിങ്കലുമുള്ള ചില ലോഡ്‌ജുകളും ഇവരുടെ വിഹാര കേന്ദ്രമാണ്‌. ലോഡ്‌ജുകാരും അറിഞ്ഞുകൊണ്ടുള്ള കൂട്ടുകച്ചവടമാണിതെന്നും കുന്ദമംഗലത്തുകാരന്റെ വിശ്വസ്‌തന്‍ പറയുന്നു. ചില ഇരകളായ പയ്യന്‍മാരെയും അദ്ദേഹം പരിചയപ്പെടുത്തിതന്നു. ആ കഥ ഉടന്‍....