1/9/12

കയ്യിട്ട്‌ വാരാന്‍ ഇതാ 148 കോടികൂടി ആറ്‌

വികസനഫണ്ടുകളും പദ്ധതികളും വഴിമാറി ഒഴുകുന്നതിന്‌ ഉദാഹരണങ്ങള്‍ തേടുന്നവര്‍ക്ക്‌ ആദിവാസി ക്ഷേമ പദ്ധതികളുടെ ജാതകം മാത്രം പരിശോധിച്ചാല്‍ മതി. വീടു നിര്‍മാണത്തിലെ അപാകതകളും അഴിമതികളും തന്നെ ഏറ്റവും മികച്ച ഉദാഹരണം. ദശാബ്‌ദങ്ങളായി നടപ്പാക്കിയ പദ്ധതികളില്‍ വേറെയും നിരവധി. ചരിത്രത്തിലാധ്യമായി സംസ്‌ഥനത്തിന്‌ ഒരു ആദിവാസി മന്ത്രി ഉണ്ടായത്‌ ഈ സര്‍ക്കാര്‍ വന്നപ്പോഴാണ്‌. ഒരു വനിതാ മന്ത്രി. എന്നാല്‍ അവര്‍ വന്ന വര്‍ഷം തന്നെ ആദിവാസികളുടെ വികസനത്തിനായി വകയിരുത്തിയ 15 കോടി രൂപ ലാപ്‌സായിപ്പോയ കഥയാണ്‌ ആദിവാസി ഗോത്രമഹാ സഭാ നേതാവ്‌ സി കെ ജാനുവിന്‌ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു ജനകീയാസൂത്രണ പദ്ധതികളുടെ വരവ്‌. പ്രത്യേക ഘടക പദ്ധതികള്‍ക്കും ആദിവാസി ഉപ പദ്ധതികള്‍ക്കും വേണ്ടിയായിരുന്നു ആ ഫണ്ടുകള്‍ നീക്കിവെച്ചിരുന്നത്‌. എന്നാല്‍ ആ പണമാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറ്റി ചെലവഴിച്ച്‌ റിക്കാര്‍ഡിട്ടത്‌. ആദിവാസികള്‍ക്കായുള്ള ഫണ്ടിന്റെ ഒരു വിഹിതം മറ്റു വകുപ്പുകള്‍ക്ക്‌ നാഷണല്‍ ഫ്‌ളോ ആയും നീക്കിവെച്ചിരുന്നു. ഇതും കടലില്‍ കായംകലക്കാന്‍ ഉപയോഗിച്ചു പ്രാദേശിക ഭരണകൂടങ്ങള്‍.