ആറു മാസം മുമ്പായിരുന്നു ആ സംഭവം. കൊണ്ടോട്ടിക്കടുത്തുള്ള യുവതി കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന പോസ്റ്റുപാര്‍ട്ടം ഡിപ്രഷനായിരുന്നു അവര്‍ക്ക്. രണ്ടാഴ്‌ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തിന് വലിയ മാറ്റം കണ്ടുതുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രത്യേകം ശ്രദ്ധിക്കണമെന്ന ഡോക്‌ടറുടെ നിര്‍ദേശം എന്നാല്‍ അവര്‍ പാലിച്ചില്ല. മൂന്നാംനാള്‍ യുവതി രണ്ട് വയസ്സുള്ള കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞു. കൂടെ അമ്മയും ചാടി. അമ്മയെയും കുഞ്ഞിനെയും കൊണ്ട് അതേ ആശുപത്രിയിലേക്ക് ഓടി ബന്ധുക്കള്‍. കുഞ്ഞ് തല്‍ക്ഷണം മരിച്ചിരുന്നു. അമ്മ രക്ഷപ്പെട്ടു.
പക്ഷെ ആ കൊലപാതകം സ്വാഭാവിക മരണമായി വിധിയെഴുതാന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പുറംലോകം അറിയാതെ ആ കുഞ്ഞു ജീവനും യാത്രയായി.
മഞ്ചേരിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. എം ബി ബി എസിന് പഠിക്കുന്നതിനിടയിലായിരുന്നു പ്രണയവിവാഹം. വളരെ പെട്ടെന്ന് അവള്‍ ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് വേണ്ടന്നായി ഭര്‍തൃവീട്ടുകാര്‍. മകളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ അച്ഛനും അമ്മയും ആ തീരുമാനത്തോട് യോജിച്ചു. പക്ഷെ മകള്‍ ഒരുക്കമായില്ല. അതെച്ചൊല്ലിയുള്ള കലഹത്തോടെ അവളില്‍ വിഷാദരോഗത്തിനുള്ള അടിത്തറ പാകുകയായിരുന്നു ബന്ധുക്കള്‍. മൂന്ന് മാസമായ കുഞ്ഞിനെ മാതാവ് തന്നെ കഴുത്ത് ഞെരിച്ചുകൊന്ന ക്രൂരതയിലാണതൊടുങ്ങിയത്.
ഇത്തരം കേസുകളില്‍ അസുഖം മാറിയാല്‍ തന്നെ ആറ് മാസത്തിനിടയില്‍ വീണ്ടും വരാനുള്ള സാധ്യത എണ്‍പത് ശതമാനത്തോളം കൂടുതലാണെന്ന വസ്‌തുത വിസ്‌മരിച്ചതിന് കൊടുക്കേണ്ടിവന്നതായിരുന്നു ആ കുഞ്ഞിന്റെ ജീവന്‍. ആ കഥയും പുറംലോകത്തെത്തിയില്ല. മകളുടെ പഠനവും കുടുംബത്തിന്റെ സ്റ്റാറ്റസുമായിരുന്നു കുടുംബത്തെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ മകള്‍ പിന്നീട് കോളജിന്റെ പടി കണ്ടിട്ടില്ല. ഇന്നും ആ പെണ്‍കുട്ടി പൊന്നുമോളുടെ പേര് പറഞ്ഞുകൊണ്ടാണ് വിലപിക്കുന്നത്.
വടകരയിലെ മുപ്പതുകാരി രണ്ട് വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലിട്ടാണ് കൊലപ്പെടുത്തിയത്. അതും പുറംലോകമറിയാത്ത ഒരുസ്വാഭാവിക മരണമാക്കി മാറ്റി ബന്ധുക്കള്‍. യുവതി സ്വന്തം വീട്ടില്‍ നിന്ന് നടത്തിയ കൊല ഭര്‍തൃവീട്ടുകാര്‍പോലും അറിഞ്ഞില്ലെന്നതാണ് കഥ. കൊലപാതകത്തിന് അമ്മ അറസ്റ്റിലാകുന്നതിനേക്കാളും ഇത്തരം സംഭവങ്ങളണ്ടാകുമ്പോഴുണ്ടാകുന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് പലരും സ്വാഭാവിക മരണമാക്കി മാറ്റുന്നത്. അല്ലെങ്കില്‍ ആ ദാമ്പത്യ ജീവിതം തന്നെ തകരാം. സമൂഹത്തിനുമുന്നില്‍ അവര്‍ ലേബല്‍ ചെയ്യപ്പെടാം. നിരവധി കുടുംബബന്ധങ്ങളും സ്‌നേഹ ബന്ധങ്ങളും അസ്‌തമിച്ചേക്കാം.
57 ശതമാനവും
അസ്വാഭാവിക മരണം
കേരളത്തില്‍ 57 ശതമാനം കുഞ്ഞുങ്ങളുടെ മരണവും അസ്വാഭാവികങ്ങളാണെന്ന് ചൂണ്ടികാണിക്കുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ തൃശൂര്‍ ജില്ലാ ചെയര്‍മാനും എറണാകുളത്തെ ആത്മഹത്യാ പ്രതിരോധ സന്നദ്ധ സംഘടനയായ മൈത്രിയുടെ സെക്രട്ടറിയുമായ പി ഒ ജോര്‍ജ്. ഇത് ഇദ്ദേഹം മുന്‍കൈ എടുത്ത് നടത്തിയ ഒരു പഠനത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള 250 കുട്ടികളുടെ മരണത്തെക്കുറിച്ച് നടത്തിയ ഈ പഠനത്തില്‍ 57ശതമാനവും ദുരൂഹതയുണര്‍ത്തുന്നതായിരുന്നു. 18 ശതമാനം പേരും മുങ്ങിയാണ് മരിച്ചത്. 24 ശതമാനം പേര് ജനനവൈകല്യത്താല്‍ മരണപ്പെട്ടു. എട്ട് ശതമാനത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
ആത്മഹത്യ എന്നു വിളിക്കപ്പെടുന്ന കുട്ടികളുടെ ഭൂരിഭാഗം മരണങ്ങളും കൊലപാതകങ്ങളാണ്. പൊള്ളലേറ്റും കിണറ്റിലും പുഴയിലും വീണും തൂങ്ങിയും മരിക്കുന്ന സംഭവങ്ങളില്‍ പ്രതികള്‍ രക്ഷിതാക്കളോ ബന്ധുക്കളോ ആണെന്നും പി ഒ ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു.
തൃശൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷം മുമ്പ് പൊള്ളലേറ്റ് ചികിത്സത്തേടിയെത്തിയ 54 ശതമാനം കേസുകളും ആത്മഹത്യകളായിരുന്നില്ല. നേരത്തെ പ്ലാന്‍ ചെയ്‌ത് നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണങ്ങളുമുണ്ടായിരുന്നു. ഡോക്‌ടര്‍മാര്‍ക്ക് സ്വാഭാവിക മരണമല്ലെന്ന് ഉറപ്പായാല്‍പോലും അവര്‍ സ്വാധീനിക്കപ്പെടുന്നു. അതിന് മിക്ക ഡോക്‌ടര്‍മാരും വഴങ്ങിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരത്തിലുള്ള നിരവധി കഥകളാണ് ആശുപത്രികളുടെ പിന്നാമ്പുറങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ഒരുകോടി മനുഷ്യരാണ് ആത്മഹത്യചെയ്യുന്നത്. ഓരോ മിനുട്ടിലും രണ്ട് പേര്‍. ഓരോ ആത്മഹത്യ വിജയിക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങളാണ് പരാജയപ്പെടുന്നത്. വിഷം കഴിച്ചുള്ള മരണങ്ങളായിരുന്നു ആദ്യകാലത്ത് ഏറ്റവും കൂടുതല്‍. (35. 5 ശതമാനം) തൂങ്ങിമരണം രണ്ടാമതും. (32.8 ശതമാനം) തീപ്പൊള്ളല്‍ (8.7%) മുങ്ങിമരണം(7.3%) തൊട്ടുതാഴെയും. എന്നാല്‍ 2000 മുതല്‍ 2010 വരെയുള്ള കണക്ക് പരതിയാല്‍ തൂങ്ങിമരണമാണ് ഒന്നാം സ്ഥാനത്ത്.(50 ശതമാനം)വിഷംകഴിച്ചുള്ള മരണം 37.5 ശതമാനമായി രണ്ടാമതായി. തീപ്പൊള്ളല്‍ (6.8 ശതമാനം) മുങ്ങിമരണം (6.7 ശതമാനം) സ്വയം മുറിവേല്‍പ്പിക്കുക, അമിതഡോസില്‍ മരുന്ന് കഴിക്കുക, ഓടുന്ന വാഹനത്തിന്റെ മുമ്പിലേക്ക് ചാടുക. തുടങ്ങിയ മാര്‍ഗങ്ങളാണ് പിന്നീട് അവലംബിച്ച പോംവഴികള്‍. 51 ശതമാനം ആത്മഹത്യകളും കുറഞ്ഞ വിദ്യാഭ്യാസസ്ഥിതിയിലുള്ളവരിലാണെന്നും ഈ കണക്കുകള്‍ നമ്മോട് പറയുന്നു. ഹൈസ്‌കൂള്‍ പഠത്തിന് താഴെയുള്ളവരാണവര്‍. ഹയര്‍സെക്കന്‍ഡറിക്കും ഡിഗ്രിക്കും ഇടയിലുള്ളവര്‍ 39 ശതമാനവും അതിനും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ ആത്മഹത്യാനിരക്ക് അഞ്ച് ശതമാനവും മാത്രമാണ്. 62 ശതമാനവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു ആത്മഹത്യ ചെയ്‌തവര്‍. അതില്‍ 21 ശതമാനവും ആദിവാസി മേഖലയില്‍ നിന്നുള്ളവരും. കൃസ്‌ത്യന്‍ വിഭാഗത്തില്‍ നിന്ന് ആത്മഹത്യചെയ്‌തവര്‍ 30 ശതമാനമാണങ്കില്‍ മുസ്‌ലിംകള്‍ എട്ട് ശതമാനമാണ്.
ഏറ്റവും കുറവ് ആത്മഹത്യരേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്. തൊട്ടുമുകളില്‍ കോഴിക്കോടും. 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 258 കൂട്ട ആത്മഹത്യകളിലായി 768 പേരാണ് മരണപ്പെട്ടത്. ഇവരില്‍ അറുപത് ശതമാനവും പത്ത് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു. അവരെ കുരുതികൊടുത്തശേഷം അച്ഛനോ അമ്മയോ ആത്മഹത്യചെയ്യുകയായിരുന്നു. പത്ത് വര്‍ഷത്തിനിടെയുണ്ടായ ആത്മഹത്യകള്‍ക്ക് 30 ശതമാനവും കുടുംബപരമായ പ്രശ്‌നങ്ങളാണ് കാരണമായത്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ 30ശതമാനവും കാരണമായി. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലമുണ്ടായ ആത്മഹത്യ 10.5 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്‌മ 1. 49 ശതമാനവും പരീക്ഷാത്തോല്‍വി .71 ശതമാനമായും താണു. പ്രണയനൈരാശ്യം 1.12 ശതമാനവും കാരണങ്ങള്‍ വ്യക്തമല്ലാത്തത് 24 ശതമാനവുമാണ്. ഈ കണക്കുകള്‍ പറയുന്നത് കുടുംബപരമായ പ്രശ്‌നങ്ങളാണ് സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതെന്ന് തന്നെയാണ്. മറ്റു പ്രധാന കാരണങ്ങള്‍ മാനസികരോഗങ്ങളും ശാരീരിക അവശതകളുമാണ്. വീട്ടകങ്ങളിലെ പുഴുക്കുത്തുകള്‍ പരിഹാരം കാണാതെ പുകഞ്ഞുനീറിക്കൊണ്ടേയിരിക്കുന്നു. നൂറ് വീടുകളില്‍ 40 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത് ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായി മാറിയിരിക്കുന്നു.
നൂറില്‍ എണ്‍പത് സ്‌ത്രീകളും കുടുംബത്തിനകത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പങ്ക് വെക്കാന്‍ ആഗ്രഹിക്കാത്തവരാണ്. പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടും ദുരഭിമാനവും എല്ലാം അതിന് കാരണമാകുന്നുണ്ടെന്ന് മഞ്ചേരിയിലെ അഭിഭാഷകയായ സുജാത എസ് വര്‍മ പറയുന്നു. ഗാര്‍ഹിക നിയമം, വനിതാകമ്മീഷന്‍, സ്‌ത്രീ വിമോചക സംഘടനകള്‍ ഒക്കെയുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാരിയായ ഒരു വീട്ടമ്മക്ക് തുണയാകാത്തതിന്റെ കാരണവും മറ്റൊന്നല്ല അവര്‍ പറയുന്നു.
ഇനി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒട്ടേറെ ജീവിതങ്ങള്‍ അണിയറയിലുണ്ട്. അവരുടെ ദൈന്യത വറ്റിയ മുഖംകൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അവരെക്കുറിച്ച് ഉടന്‍.....
കുടുംബ ബന്തങ്ങ ല്‍ എല്ലാം ഇന്ന് പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി പര്‍വതങ്ങള്‍ ആണ്
മറുപടിഇല്ലാതാക്കൂ