പത്ത് വര്‍ഷത്തിനിടയില്‍ ആത്മഹത്യാ നിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കുടുംബ ആത്മഹത്യകള്‍ നടന്നത് 2001 ലും 2007 ലുമായിരുന്നു. 2001 ല്‍ 62 സംഭവങ്ങളിലായി 161പേരും 2007 ല്‍ 39 കേസുകളിലായി 155 പേരും മരിച്ചു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് വീട്ടമ്മമാരാണ്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 78 ശതമാനവും വിവാഹിതരാണ്. അതില്‍ 15 ശതമാനവും വീട്ടമ്മമാരും.
അടുത്ത കാലത്ത് കേരളത്തില്‍ നിന്നും കുഞ്ഞുങ്ങളേയുമെടുത്ത് കൂട്ടമരണത്തിലേക്ക് വഴിതെറ്റിനടന്നവരുടെ വീടുകള്‍ തേടി യാത്രചെയ്യേണ്ടി വന്നു. ഇവരെ മരണത്തിലേക്ക് നയിച്ച കാരണങ്ങളറിയുകയായിരുന്നു ലക്ഷ്യം. അനാഥരായ കുട്ടികളുടെയും കുടുംബങ്ങളുടെ കണക്കെടുക്കുകയും.
34 സംഭവങ്ങളില്‍ 10 പേരുടെയും ബന്ധുക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ചിലര്‍ അറിയില്ലെന്ന് പറഞ്ഞു. പറയില്ലെന്ന് പ്രതികരിച്ചവര്‍ അഞ്ച് കുടുംബങ്ങള്‍. എന്നാല്‍ അവരെക്കുറിച്ച് അയല്‍വാസികളും അടുത്ത സുഹൃത്തുക്കളും ചില കാരണങ്ങള്‍ പറഞ്ഞു തന്നു.
കുടുംബങ്ങള്‍ക്കറിയാവുന്നതിനേക്കാള്‍ വ്യക്തമായ വിവരം ചിലരെക്കുറിച്ച് ലഭിച്ചതും സുഹൃത്തുക്കളില്‍ നിന്നായിരുന്നു.
തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്തവരുടെ
പ്രതികാരം
34 കേസുകളില്‍ പത്തിന്റെയും കാരണം സ്‌ത്രീധനത്തിനായുള്ള ഭര്‍തൃപീഡനവും ഭര്‍തൃവീട്ടുകാരുടെ ക്രൂരതയുമായിരുന്നു. പ്രതിവര്‍ഷം 5000 നവവധുക്കള്‍ സ്‌ത്രീധന പീഡനത്തെ ചൊല്ലി കൊല്ലപ്പെടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യമാസത്തെ സംഭാവനയായിരുന്നു അത്. ഭര്‍ത്താവിന്റെ മദ്യപാനവും പീഡനങ്ങളുടെ വ്യാപ്‌തിയും മരണത്തിലേക്കുള്ള തീരുമാനത്തിന്റെ വേഗം കൂട്ടി.
ഗാര്‍ഹിക പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ തിരിച്ചടിക്കാന്‍ കരുത്തില്ലാത്തവരുടെ പ്രതികാരമായിരുന്നു ഏഴ് സംഭവങ്ങള്‍. സ്വയം ജീവിതത്തെ തോല്‍പ്പിച്ചും സ്വന്തം കുഞ്ഞുങ്ങളെ കുരുതി കൊടുത്തും ഭര്‍ത്താവിനോടോ ബന്ധുക്കളോടോ പ്രതികാരം തീര്‍ക്കുകയായിരുന്നു ചില അമ്മമാര്‍. വിഷാദരോഗവും മനോവൈകല്യങ്ങളും അഞ്ച് കേസില്‍ മാത്രമാണ് വില്ലനായത്. ബാക്കിയത്രയും കുടുംബകലഹങ്ങളുടെ പൊട്ടിത്തകരലായിരുന്നു.
സമൂഹത്തില്‍ വളരെ മാന്യന്‍മാരായി ജീവിക്കുന്നവരും വീട്ടകങ്ങളില്‍ സ്‌ത്രീകളെ ചവിട്ടിത്തേക്കുന്ന അവസ്ഥക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ഇവരുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ചില സ്‌ത്രീകള്‍ പ്രതികരിച്ചുതുടങ്ങിയതായിരുന്നു ഭര്‍ത്താക്കന്‍മാരെ പ്രകോപിപ്പിച്ചത്. നാല് സംഭവങ്ങളില്‍ ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധം വിനയായപ്പോള്‍ അഞ്ചിടത്ത് ഭാര്യയെക്കുറിച്ചുള്ള സംശയരോഗമായിരുന്നു കൂട്ടക്കുരുതിക്കുള്ള പ്രേരണ. അവിഹിത ബന്ധവും സാമ്പത്തിക പ്രശ്‌നങ്ങളും തന്നെയാണ് ഇത്തരം സംഭവങ്ങളുടെ പിന്നിലെന്നാണ് മലപ്പുറം ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗമായ അഡ്വ. ശരീഫ് ഉള്ളത്ത് പറയുന്നത്.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയവരുടെ ജീവിതം മരിച്ചവരേക്കാള്‍ പരിതാപകരമാണെന്നാണ് ഇപ്പോഴത്തെ ജീവിതം പറയുന്നത്.
ജീവിക്കുന്ന ജഡങ്ങള്‍
ഒരു വര്‍ഷം മുമ്പായിരുന്നു ജിഷയുടെ ഭര്‍ത്താവിന്റെ വിവാഹം. അവളുമായുള്ള ബന്ധം നിലനില്‍ക്കേ തന്നെയായിരുന്നു ഭര്‍തൃവീട്ടില്‍ രണ്ടാമത്തെ കതിര്‍മണ്‌ഡപമൊരുങ്ങിയത്. സഹായിക്കാന്‍ ആരുമെത്തിയില്ല. പക്ഷം പിടിക്കാനും.
2009 ജനുവരി അവസാനത്തിലായിരുന്നു തൃശൂര്‍ പാലപ്പിള്ളിയിലെ കൂലിപ്പണിക്കാരനായ ഹരിദാസന്റെ മകള്‍ ജിഷ (26) ആശുപത്രിക്കിടക്കയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. മരണത്തിന്റെ കയ്യൊതുക്കത്തില്‍ നിന്ന് നടന്ന് കയറാനായെങ്കിലും പത്ത് മാസം പ്രായമായ മകള്‍ നയനയെ ഭൂമുഖത്തു നിന്നേ പറഞ്ഞയച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. മൂത്ത മകന്‍ ആകാശിനും വിഷം നല്‍കിയിരുന്നുവെങ്കിലും ആകാശ് മരിച്ചില്ല.
മകളെ കൊലപ്പെടുത്തി കൈ ഞരമ്പ് മുറിച്ചെങ്കിലും ജിഷ ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോള്‍ സന്തോഷിക്കാന്‍ അധികമാരുമുണ്ടായില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. പിന്നീടൊരിക്കലും ജിഷ മകനെ കണ്ടിട്ടില്ല. ഭര്‍തൃമാതാവും സഹോദരിയും ഒരു ഉപാധിവെച്ചു. അത് പാലിക്കാനാകുമെങ്കില്‍ മാത്രം ആ ബന്ധം തുടര്‍ന്നാല്‍ മതി എന്നായിരുന്നു പ്രഖ്യാപനം. ഞങ്ങളുടെ നയന മോളില്ലാതെ ഈ വീടിന്റെ പടികയറരുതെന്നായിരുന്നു ആക്രോശം.
ഇന്നും ഒരു വിഷാദരോഗിയായി വീടിന്റെ ഇരുട്ടുമുറിയില്‍ കഴിയുകയാണ് ജിഷ. തുടക്കത്തില്‍ ചികിത്സയും കൗണ്‍സിലിംഗും മറ്റും ഉണ്ടായിരുന്നുവെങ്കിലും മകനെ പോലും കാണിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ഒരുക്കമാവാതായതോടെ മനസ്സിന്റെ സമനില തന്നെ തെറ്റിപ്പോയിരിക്കുകയാണെന്ന് തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ ജിഷയുടെ സഹപാഠികൂടിയായ നഴ്‌സ് പ്രിയ പറയുന്നു.
തൃശൂര്‍ കൈപ്പമംഗലത്തിനടുത്ത 25കാരി ജീവിക്കുന്ന മറ്റൊരു രക്തസാക്ഷിയാണ്. 2011 ജനുവരി പത്തിനായിരുന്നു അവര്‍ പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. അവരും മരിച്ചില്ല. ഇന്നും ജീവനോടെയിരിക്കുന്നു ലോകത്തിന്റെ മുഴുവന്‍ കുത്തുവാക്കുകള്‍ ഏറ്റുവാങ്ങാന്‍. മകള്‍ ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് ഈ കടുംകൈ ചെയ്‌തതെന്ന് യുവതിയുടെ മാതാവ് സാവിത്രി പറഞ്ഞു. എന്നാല്‍ പിന്നീട് ആരും ഭര്‍തൃവീട്ടില്‍ നിന്നും അന്വേഷിച്ചുവന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയകേസിന്റെ നൂലാമാലകളില്‍ കുരുങ്ങി യുവതിയും പിതാവും സഹോദരനും കോടതികയറി ഇറങ്ങുകയാണിന്ന്. ഈ ബന്ധം ഇനി തുടരാന്‍ താത്‌പര്യമില്ലെന്ന വിവരവുമായി സന്ദേശവാഹകര്‍ മകളുടെ ഭര്‍തൃവീട്ടില്‍ നിന്നെത്തിയതായും അവര്‍ പുതിയ ആലോചന തുടങ്ങിയതായും സാവത്രി കരച്ചിലടക്കി പറയുന്നു.
പട്ടാമ്പിക്കടുത്ത വീട്ടമ്മ രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നരവയസ്സുള്ള ഇളയ കുഞ്ഞ് മരിച്ചു. അമ്മയും മൂത്തമകനും രക്ഷപ്പെട്ടു. എന്നാല്‍ ഇതോടെ ദുരിതങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നു. അതില്‍ പിന്നെ മൂത്തമകനെയോ ഭര്‍ത്താവിനെയോ അവര്‍ കണ്ടിട്ടില്ല. രണ്ട് കുടുംബങ്ങളിലും ഇരുണ്ട് കൂടിയ കാര്‍മേഘം പെയ്‌ത് തോര്‍ന്നിട്ടുമില്ല. സ്വന്തം വീട്ടില്‍ അന്യയെപോലെ അവര്‍ക്ക് എത്രനാള്‍ കഴിഞ്ഞു കൂടാനാകുമെന്നാണ് അയല്‍പക്കകാര്‍ പോലും ചോദിക്കുന്നത്. അവരുടെ വിവാഹം വരുത്തിവെച്ച 5 ലക്ഷം രൂപയുടെ ബാധ്യതയില്‍ നിന്ന് കരകയറും മുമ്പാണ് ഇങ്ങനെയൊരു കടുംകൈ കൂടി. അതേചൊല്ലിയുള്ള കലഹമാണ് പിതാവിനും മകള്‍ക്കും സഹോദരനും സഹോദരിക്കും അനിയത്തിമാര്‍ക്കുമിടയില്‍ എപ്പോഴും പൊട്ടിത്തെറിക്കുന്നത്.
ഫറോക്കിനടുത്ത മൂന്ന് മക്കളുടെ മാതാവ് നിത്യവും മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവിന്റെ ശല്യം സഹിക്കവയ്യാതെയാണ് ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയാള്‍ മരിച്ചു. കുഞ്ഞുങ്ങളേയും തീകൊളുത്തി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ അത് വിജയിച്ചില്ല. യുവതി ജയിലിലാണിന്ന്. കുടുംബങ്ങളുടെ പക മുറുകിയതോടെ ഷാലു, റനീഷ്, ലിന എന്നീ കുഞ്ഞുങ്ങളാണ് അനാഥരായത്. ഉപ്പയുടെ വീട്ടുകാര്‍ക്കും വേണ്ട. ഉമ്മയോ ജയിലിലും. എന്റെ മോനെ ചുട്ടുകൊന്നവളുടെ മക്കളല്ലേ...നിക്ക് കാണണ്ടെന്നായിരുന്നു ഭര്‍തൃപിതാവിന്റെ മറുപടി. ഇന്ന് അമ്മാവന്റെ വീട്ടിലെ അഭയാര്‍ഥികളാണ് ഈ കുഞ്ഞുങ്ങള്‍.
ജീവിതത്തില്‍ മരണത്തേക്കാള്‍ വലിയ പ്രതിസന്ധികളുണ്ടെന്നും ജീവിതം തന്നെയാണ് ഏറ്റവും വലിയ സമരമെന്നും അറിഞ്ഞുതുടങ്ങിയ ഒട്ടേറെപേരെയാണ് ഈ യാത്രയില്‍ കണ്ടുമുട്ടാനായത്. അവരൊക്കെ പൈശാചികമായ നിമിഷത്തില്‍ എടുത്തുപോയ തീരുമാനത്തെക്കുറിച്ചോര്‍ത്ത് കുറ്റബോധംകൊണ്ട് തലതാഴ്‌ത്തുകയാണിന്ന്. ഇനി ഒരാത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍പോലും അവര്‍ക്ക് കരുത്തില്ലാതായിരിക്കുന്നു. തനിച്ചിരിക്കുമ്പോള്‍ മരണത്തിലേക്ക് പറഞ്ഞയച്ച കുരുന്നു ജീവനുകളെക്കുറിച്ചോര്‍ത്ത് നെഞ്ച് പൊട്ടിക്കരയുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞ സംഭവങ്ങളുടെ പിന്നാലെ പോയപ്പോള്‍ കണ്ടെത്തിയ കഥകളും കണക്കുകളുമാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ ഭീകരമാണ് യഥാര്‍ഥ്യങ്ങളുടെ മുഖം. പുറത്ത് വരുന്നതിനേക്കാള്‍ ഇരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോയത്. അവ നമ്മള്‍ അറിയാതെ പോയത് എന്തുകൊണ്ടാണ്..? അതെക്കുറിച്ച് ...............
curent affairs
മറുപടിഇല്ലാതാക്കൂകഷ്ടമാണ്.
മറുപടിഇല്ലാതാക്കൂഗാര്ഹിക പീഡനത്തിനും സ്ത്രീധനത്തിനും എല്ലാം എതിരായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.എന്നിട്ടും സ്ത്രീധനമില്ലാതെ എത്ര വിവാഹങ്ങള്‍ നമ്മുടെ നാട്ടില് നടക്കുന്നുണ്ട്?
!
മറുപടിഇല്ലാതാക്കൂ